വടക്കന്‍ പലസ്തീനിലെ തീരദേശ നഗരമായ ഹൈഫയില്‍ ക്രിസ്ത്യന്‍ കുടംബത്തില്‍ 1921 ജനിച്ച ഇമില്‍ ഹബിബി, ഗസ്സാന്‍ കനഫാനി, ജബ്ര ഇബ്രാഹിം ജബ്ര എന്നിവരോടൊപ്പം പലസ്തീനിയന്‍ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 ജൂലൈ 22നു തീവ്രസയണിസ്റ്റ് ഗ്രൂപ്പുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 91 ബ്രിട്ടീഷ്, അറബ്, ജൂത ഇരകളില്‍ ജീവിതപങ്കാളിയാക്കാന്‍ ഹബിബി ആഗ്രഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്ത നാദാ അബ്ദുല്ല ജൂബ്രാന്‍ അദ്ദേഹത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് അതിന്റെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. അവസാന നാളുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നു ഹബിബി. ഇസ്രയേല്‍ ഭരണം സ്ഥാപിതമായ ശേഷം അറബ് – ജൂത പൌരന്മാര്‍ക്ക് ഒരുമിച്ചു അംഗത്വം നല്‍കുന്ന ഒരേയൊരു പ്രസ്ഥാനം അക്കാലത്ത് അതായിരുന്നു. 1952 മുതല്‍ ഇരുപതു വര്‍ഷക്കാലം ഹബിബി ഇസ്രായേലി നെസ്സെറ്റില്‍ അറബ് പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഇസ്രായേലി സ്ഥാപനത്തിന് ശേഷവും തങ്ങളുടെ നാട്ടില്‍ തന്നെ തുടര്‍ന്ന പലസ്തീനികളുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപഥം. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സെക്കുലര്‍, ഡെമോക്രാറ്റിക്, ബഹുവംശീയ (multi-ethnic) പലസ്തീനിയന്‍ ദേശം എന്ന ലക്ഷ്യത്തിനു വേണ്ടിയാണു അദ്ദേഹം നിരന്തരം യത്നിച്ചത്.
1967-ലെ അറബ് പരാജയത്തിന് ശേഷമാണ് നാല്‍പ്പതു പിന്നിട്ട ഹബീബി എഴുത്തിലേക്ക് കടക്കുന്നത്. പലസ്തീനികൾ എന്നൊരു ജനത ഇനി നിലവിലില്ലെന്നും, അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ അവർ സ്വന്തമായി സാഹിത്യം സൃഷ്ടിക്കുമായിരുന്നു എന്നുമുള്ള പ്രമുഖ ഇസ്രായേലി രാഷ്ട്രീയനേതാവ് യിഗാൽ അലോന്റെ (Yigal Allon) പ്രകോപനപരമായ പ്രസ്താവനയാണ് ഇതിന് കാരണമായത്. സാഹിത്യം എന്നത് ഒരു ജനതയുടെ അസ്തിത്വത്തിന്റെ തെളിവായും ദേശീയ സ്വത്വത്തിന്റെ രേഖയായും കണക്കാക്കപ്പെട്ടിരുന്ന ആ കാലത്ത്, സയണിസ്റ്റ് വൃത്തങ്ങളിൽ പൊതുവെയുണ്ടായിരുന്ന ഈ നിഷേധത്തോട് പ്രതികരിക്കാനും പലസ്തീനികളുടെ അതിജീവനം രേഖപ്പെടുത്താനുമാണ് ഹബീബി എഴുതി തുടങ്ങിയത്. അക്കാലത്തെ ഭൂരിഭാഗം പലസ്തീനിയൻ എഴുത്തുകാരും അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് വന്നവരും ഇസ്രായേൽ രൂപീകരണത്തിന് മുൻപുള്ള പലസ്തീനെക്കുറിച്ച് നേരിട്ട് അറിവില്ലാത്തവരുമായിരുന്നു. എന്നാൽ ഹബീബി തന്റെ കുട്ടിക്കാലം ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീനിൽ ചിലവഴിച്ചയാളും, ഇസ്രായേൽ രൂപീകരണശേഷവും സ്വന്തം നാട്ടിൽ തന്നെ തുടർന്ന് പലസ്തീൻ ജീവിതത്തിന്റെ നൈരന്തര്യത്തെ (continuity) തൊട്ടറിഞ്ഞയാളുമായിരുന്നു. ആധുനിക അറബ് സാഹിത്യത്തിൽ പലസ്തീൻ അനുഭവങ്ങളുടെ ഈ തുടർച്ചയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന് സവിശേഷമായ ഒരു സ്ഥാനം നേടിക്കൊടുത്തു.
പി.എൽ.ഒ-യിൽ (PLO) നിന്നും ഇസ്രായേലിൽ നിന്നും ഒരുപോലെ പരമോന്നത സാഹിത്യ പുരസ്കാരങ്ങൾ നേടിയ ഏക പലസ്തീനിയൻ അറബ് എഴുത്തുകാരനായിരുന്നു ഹബീബി. പലസ്തീനിയൻ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി യാസർ അറഫാത്ത് അദ്ദേഹത്തിന് പ്രശസ്തമായ 'അൽ-ഖുദ്സ്' (Al-Quds) പുരസ്കാരം സമ്മാനിച്ചു. തുടർന്ന് 1992-ൽ, തന്റെ എഴുത്തിലൂടെ പരസ്പര ധാരണയും സഹിഷ്ണുതയും വളർത്തിയതിന് അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഇത്ഷാക് ഷമീർ അദ്ദേഹത്തിന് 'ഇസ്രായേൽ പ്രൈസ്' നൽകി ആദരിച്ചു. ഹബീബി ഈ രണ്ട് പുരസ്കാരങ്ങൾക്കും അർഹനായിരുന്നുവെങ്കിലും, രണ്ടാമത്തെ അവാർഡ് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. അറബ് ലോകത്ത് നിന്നും, ഒപ്പം ഒരു അറബ് എഴുത്തുകാരന് ഇസ്രായേലിന്റെ ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരം നൽകുന്നതിനെ എതിർത്ത വലതുപക്ഷ ഇസ്രായേലികളിൽ നിന്നും കടുത്ത വിമർശനങ്ങളുണ്ടായി. എന്നിരുന്നാലും, ഹബീബി ആ പുരസ്കാരം സ്വീകരിക്കുകയും, അതിലൂടെ ലഭിച്ച 8000 യു.എസ് ഡോളർ ഇന്‍ തിഫാദയിൽ (പലസ്തീൻ ജനകീയ പ്രക്ഷോഭം) പരിക്കേറ്റ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയ്ക്ക് സംഭാവന ചെയ്യുകയുമാണ് ഉണ്ടായത്. 1996 മേയ് രണ്ടിന് ജീവിതകാലം ചെലവഴിച്ച നസറേത്തില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെങ്കിലും, ഹൈഫയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. “ഹൈഫയില്‍ത്തന്നെ നിന്നവന്‍” എന്ന് അദ്ദേഹത്തിന്‍റെ അഭീഷ്ടപ്രകാരം കല്ലറയില്‍ രേഖപ്പെടുത്തപ്പെട്ടത് അവിടം വിട്ടുപോകുകയും ‘ഹൈഫയിലേക്ക് തിരികെ വരുന്ന’തിനെ കുറിച്ച് നോവലെഴുതുകയും ചെയ്ത കനഫാനിക്കുള്ള മറുപടി കൂടിയായിരുന്നു എന്ന് കരുതപ്പെടുന്നു.
1967-ലെ യുദ്ധം ഏൽപ്പിച്ച ആഘാതം ഹബീബിയുടെ അതുവരെയുണ്ടായിരുന്ന ഇടതുപക്ഷ ശുഭാപ്തിവിശ്വാസത്തെ കയ്പേറിയ പരിഹാസവും (bitter sarcasm) മൂർച്ചയേറിയ ഹാസ്യവുമായി (biting humour) മാറ്റിമറിച്ചു. ഈ ഭാവമാറ്റമാണ് അദ്ദേഹത്തിന്റെ ആദ്യ കൃതിയായ 'സുദാസിയ്യത്ത് അൽ-അയ്യാം അൽ-സിത്തഹ്' (Sudasiyyat al-Ayyam al-Sittah - "ആറു ദിവസത്തെ യുദ്ധത്തിന്റെ ആറുകഥകൾ", 1968) അടയാളപ്പെടുത്തുന്നത്. യുദ്ധത്തിന്റെ ഫലങ്ങളെ പൂർണ്ണമായും നിരാകരിക്കുകയും ഔദ്യോഗിക ഭാഷ്യത്തിന്റെ ബദല്‍ ചിത്രം ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കാനും യാഥാർത്ഥ്യത്തിന്റെ ഭീതിദമായ അവസ്ഥയെ പ്രതിരോധിക്കാനുമുള്ള ഒരു മാർഗ്ഗമായി (resistance literature) ഹബീബി ആഖ്യാനത്തെ ഉപയോഗിക്കുന്നു. യുദ്ധത്തിന്റെ വൈരുദ്ധ്യങ്ങളെയും പലസ്തീനികളിൽ അതുണ്ടാക്കിയ വിരുദ്ധ പ്രതികരണങ്ങളെയും (ironic impact) ഒരു പനോരമിക് ദൃശ്യം പോലെ അവതരിപ്പിക്കാൻ 'ഷോർട്ട് സ്റ്റോറി സൈക്കിൾ' (പരസ്പരം ബന്ധമുള്ള ചെറുകഥകളുടെ സമാഹാരം) എന്ന സവിശേഷമായ ആഖ്യാനശൈലി അദ്ദേഹം സ്വീകരിക്കുന്നു. ഓരോ കഥയും ഘടനാപരമായി സ്വതന്ത്രമാണെങ്കിലും, ഐഡന്റിറ്റി, ആഘാതം, ഐറണി എന്നിവയുടെ ആവർത്തനങ്ങളിലൂടെ അവക്കിടയില്‍ നിലനില്‍ക്കുന്ന സൂക്ഷ്മമായ ആന്തരിക ബന്ധം കൃതിക്ക് മൊത്തത്തിൽ ഒരുമയും ആന്തരികമായ ഒഴുക്കും നൽകുന്നുണ്ട്. 'തിരിച്ചുവരവ്' (return) എന്ന പലസ്തീനിയന്‍ സ്വപ്നം ഈ നോവലിൽ യാഥാർത്ഥ്യമാകുന്നുണ്ട്; എന്നാൽ ബാക്കിയുള്ള പലസ്തീൻ മണ്ണുകൂടി ഇസ്രായേൽ അധിനിവേശത്തിന് കീഴിലാകുന്നതോടെ തികച്ചും വിചിത്രമായ ഒരു രീതിയിലാണ് അത് സംഭവിക്കുന്നത്.
ഹബിബിയുടെ രചനാലോകത്തില്‍ ഏറ്റവും പ്രധാനകൃതിയാണ് ‘ഭാഗ്യഹീനനായ സഈദ് എന്ന ശുഭാശുഭ വിശ്വാസിയുടെ രഹസ്യജീവിതം (The Secret Life of Saeed the Ill-fated Pessoptimist)’ എന്ന വേറിട്ട നോവല്‍. പ്രതീക്ഷയുടെയും നൈരാശ്യത്തിന്റെയും അവിഭാജ്യത സൂചിപ്പിക്കുന്ന (Pessoptimist) ഇരട്ടപ്പേരുള്ള സയീദ് എന്ന കഥാപാത്രത്തിലൂടെ 1948-ലെ നക്ബയ്ക്കും (Nakba) 1967-ലെ നക്സയ്ക്കും (തിരിച്ചടി) ശേഷം സ്വന്തം മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത പലസ്തീൻ ജനതയുടെ ദുരന്തപൂർണ്ണമായ ചരിത്രമാണ് നോവൽ പങ്കുവെക്കുന്നത്. നക്ബയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പലസ്തീനികള്‍ കുടിയിറക്കപ്പെടുകയും അഭയാർത്ഥികളും പ്രവാസി സമൂഹങ്ങളുമായി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചിതറപ്പെടുകയും ചെയ്തപ്പോഴും, ജന്മനാടായ ഹൈഫ സയണിസ്റ്റ് 'ഭരണകൂടത്തിന്റെ' കീഴിലായ ശേഷവും അവിടെ തന്നെ തുടരാൻ തീരുമാനിച്ച ഒരു പലസ്തീനിയാണ് സയീദ്.
ഒരു അജ്ഞാതനായ ആഖ്യാതാവിന് സയീദ് അയക്കുന്ന, ക്രമരഹിതമായ (non-linear) കത്തുകളിലൂടെയാണ് നോവൽ അവന്റെ ജീവിതം വിവരിക്കുന്നത്. സയണിസസ്റ്റ് ആധിപത്യം സൃഷ്ടിച്ച ഏകപക്ഷീയ ആഖ്യാനങ്ങളെ അട്ടിമറിക്കുകയും ‘ആറുദിന കഥകളില്‍’ കണ്ട ഘടനാപരമായ ഐറണി കൂടുതല്‍ ശക്തമായി തുടരുകയും ചെയ്യുന്ന ഈ കൃതിയിലും പലസ്തീൻ ജനതയുടെ കൂട്ടായ പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നത് ഹബിബി തുടരുന്നു. സയീദ്, യഥാർത്ഥത്തിൽ ഒരു കോമാളി നായകനും (comic hero) ഒരു വിഡ്ഢിയുമാണ്. ഇസ്രായേൽ ഭരണകൂടത്തിന് കീഴിലുള്ള തന്റെ ജീവിതരഹസ്യങ്ങൾ പേരിടാത്ത ഒരു സുഹൃത്തിന് അയക്കുന്ന കത്തിന്റെ രൂപത്തിലാണ് അവൻ വിവരിക്കുന്നത്. ഏതെങ്കിലും ഒരു വശത്തേക്ക് മാറാൻ കഴിയാത്തവിധം അപകടം നിറഞ്ഞ ഒരു കുറ്റിക്ക് മുകളിൽ ഇരിക്കുകയായിരുന്ന സയീദിനെ രക്ഷിക്കാൻ ഒരു അന്യഗ്രഹജീവി എത്തുന്നു, അവനോടൊപ്പം അങ്ങ് അന്യഗ്രഹത്തിൽ സുരക്ഷിതമായി ഇരുന്നുകൊണ്ട് അവൻ ഈ കഥ പറയുന്നു എന്നതാണ് നോവലിന്റെ ചട്ടക്കൂട്. ഇപ്പോൾ, തന്റെ പുതിയ വാസസ്ഥലത്തെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് സയീദിന് ആദ്യമായി തുറന്നുസംസാരിക്കാൻ കഴിയുന്നു. അവൻ വിവരിക്കുന്ന കഥ ഹൃദയഭേദകമായ ഒന്നാണ്: തോൽവിയുടെയും കലാപത്തിന്റെയും, മരണത്തിന്റെയും പുനർജന്മത്തിന്റെയും, ഭീതിയുടെയും ധീരതയുടെയും, അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും, വ്യക്തിപരമായ വഞ്ചനയുടെയും കൂട്ടായ വിശ്വസ്തതയുടെയും. യഥാര്‍ഥത്തില്‍ നിരന്തരമായ പ്രതിസന്ധികൾക്കിടയിൽ ജീവിച്ചുതീർത്ത ഒരു ജീവിതത്തിന്റെ വിവിധ വശങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
നോവലിലെ രാഷ്ട്രീയവും സാമൂഹികവുമായ സങ്കീർണ്ണതകൾക്കിടയിൽ സയീദിന്റെ വ്യക്തിപരമായ അനുഭവങ്ങളും ഇഴചേർന്നുകിടക്കുന്നു. അവൻ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒരു ഒറ്റുകാരനാണെങ്കിലും (informer), അവന്റെ വിഡ്ഢിത്തവും അസാധാരണമായ നിഷ്കളങ്കതയും ഭീരുത്വവുമെല്ലാം അവനെ ഒരു വില്ലൻ എന്നതിനേക്കാൾ വ്യവസ്ഥിതിയുടെ ഇരയാക്കി മാറ്റുന്നു. ഭരണകൂടത്തെ പ്രീണിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും സയണിസ്റ്റ് രഹസ്യപ്പൊലീസിലെ ഒരു പ്രധാന കണ്ണിയാവുന്നതില്‍ അവൻ ഒരിയ്ക്കലും വിജയിക്കുന്നില്ല. ചെയ്ത സേവനങ്ങൾക്കൊന്നും തന്നെ അവന് കാര്യമായ പ്രതിഫലവും ലഭിക്കുന്നില്ല. ജീവിതത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട, ഭയന്നുവിറച്ച, ഒറ്റപ്പെട്ട ഒരു നിസ്സാര മനുഷ്യനായി (little man) അവൻ അവശേഷിക്കുന്നു. അവന്റെ തൊട്ടടുത്ത ബോസായ ജേക്കബ്, ജൂത ഹയറാര്‍ക്കിയില്‍ താഴ്ന്നവനായ ഒരു സെഫാർദിക് ജൂതനാണ്, അവനുമായി സയീദ് ആജീവനാന്ത സൗഹൃദം സ്ഥാപിക്കുന്നുണ്ട്. എന്നാൽ ജേക്കബ് പോലും സ്വന്തം ബോസായ, പുസ്തകത്തിൽ "വലിയ മനുഷ്യൻ" (Big Man) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹങ്കാരിയായ ഒരു അഷ്കെനാസി ജൂതനാൽ പീഡിപ്പിക്കപ്പെടുന്നവനാണ്.
മൂന്നു ഭാഗങ്ങളുള്ള നോവലിൽ, ഇംഗ്ലീഷ് പതിപ്പിൽ സയീദിന്റെ പേരിട്ട ആദ്യഭാഗം, യഥാർത്ഥത്തിൽ അവന്റെ ആദ്യ പ്രണയിനിയായ വൈദയെയും (അറബ് ചരിത്രത്തിലെ 'യാഫ' അഥവാ ജാഫ നഗരത്തിന്റെ പ്രതീകം) അവളുടെ നഷ്ടം അയാളില്‍ സൃഷ്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയുമാണ് അടയാളപ്പെടുത്തുന്നത്. 1948-ലെ നക്ബയ്ക്ക് ശേഷം ഇസ്രായേൽ ഭരണകൂടത്തിന് കീഴിലായ ഹൈഫയിൽ തുടരാൻ സയീദ് തീരുമാനിക്കുന്നു. സ്വന്തം നിലനിൽപ്പിനായുള്ള സയീദിന്റെ കോമാളിത്തങ്ങളും ആദ്യകാല പരീക്ഷണങ്ങളുമാണ് ഈ ഭാഗത്തിന്റെ കാതൽ. ഭയം കാരണവും അതിജീവനത്തിനുവേണ്ടിയും അയാള്‍ പുതിയ ഭരണകൂടത്തിന്റെ ഒരു സാധാരണ ഇൻഫോർമർ (ഒറ്റുകാരൻ) ആയി മാറുകയാണ്. അവിടെ വെച്ച് അവൻ 'വൈദ' എന്ന സുന്ദരിയായ പലസ്തീനിയൻ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. ഭയവും അവസരവാദവും നിറഞ്ഞ സയീദിന്റെ ജീവിതത്തിലേക്ക് പലസ്തീനിയൻ പ്രതിരോധത്തിന്റെ ആദ്യത്തെ രാഷ്ട്രീയ ഉൾക്കാഴ്ചകൾ കടന്നുവരുന്നത് വൈദയിലൂടെയാണ്. പദമൂലത്തിൽ 'വാഗ്ദാനം' എന്ന് അർത്ഥമുള്ള 'വൈദ' എന്ന പേര്, പലസ്തീന്റെ വിധി മാറ്റിമറിച്ച ബാൽഫോർ 'വാഗ്ദാനത്തെ'യും (Balfour Promise) പരോക്ഷമായി പ്രതീകവൽക്കരിക്കുന്നുണ്ട്. നോവലിലുടനീളം കാണാവുന്ന ദുരന്തപൂർണ്ണമായ കറുത്ത ഹാസ്യത്തിന്റെ (Dark Humour) ആദ്യ മാതൃക കൂടിയാണിത്. പലസ്തീൻ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോൾ, സയീദിന് ഹൈഫയോടുള്ള സമർപ്പണത്തെ, അധിനിവേശത്തിലൂടെ തങ്ങൾക്ക് ആദ്യം നഷ്ടപ്പെട്ട 'യാഫ' (Jaffa) എന്ന നഗരത്തിന്റെ ദുരന്തത്തിൽ നിന്ന് വേറിട്ട് കാണാനാകില്ല. വൈദ സയീദിനെ മോഹിപ്പിച്ചേക്കാം, പക്ഷേ ചരിത്രപരമായ ആ കറുത്ത വാഗ്ദാനത്തിന്റെ പരിണതി എന്നോണം അവൾ അയാൾക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും. നക്ബയെ തുടര്‍ന്നുണ്ടാകുന്ന ആ നഷ്ടം, സ്വന്തം മണ്ണിൽ ഒരു അന്യനെപ്പോലെ ജീവിക്കേണ്ടി വരുന്ന പലസ്തീനിയുടെ സ്വത്വപ്രതിസന്ധിയിലേക്ക് അയാളെ എടുത്തെറിയുന്നു. അതിര്‍ത്തിക്കപ്പുറത്തെക്ക് തള്ളപ്പെട്ട വൈദയാകട്ടെ, പ്രവാസിയായി ആയുഷ്കാലം കഴിച്ചു കൂട്ടുന്നു. മൂന്നാം ഭാഗത്തെയും സഈദിന്റെ ജീവിതത്തെയും ഭൂതകാലവുമായി കണ്ണിചേര്‍ക്കുന്ന യുവാദിന്റെയും സഈദ് എന്ന് തന്നെ പേരിടുന്ന, പില്‍ക്കാല പോരാളിയുടെയും മാതാവായി മരിക്കുകയും ചെയ്യും. ആറുദിന യുദ്ധത്തിനു ശേഷം ആ ചെറുപ്പക്കാരനെ സഈദ്, ഇസ്രായേലി തടവറയില്‍ കണ്ടുമുട്ടും. അയാള്‍ പ്രതിനിധാനം ചെയ്യുന്ന ആര്‍ജ്ജവവും തന്റെ നിന്ദ്യ വ്യക്തിത്വവും തമ്മിലുള്ള മുഖാമുഖത്തില്‍, രക്തസാക്ഷികള്‍ക്കും പോരാളികള്‍ക്കും നല്‍കപ്പെടുന്ന ബഹുമാനം ഒട്ടൊക്കെ ആത്മ നിന്ദയോടെയും ഒപ്പം അതെ ബഹുമാനം അര്‍ഹിക്കുംവിധം കീഴടങ്ങാതെ മരിച്ച മകനെ ഓര്‍ത്തുള്ള അഭിമാന ബോധമായും ഉള്ളില്‍ നിറയുന്നത് സഈദില്‍ വലിയ ആത്മീയ പരിണാമാങ്ങള്‍ക്ക് നിമിത്തമാകും.
'ബാഖിയ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം സയീദിന്റെ നഷ്ടബോധത്തെയും അവനെ വേട്ടയാടുന്ന രഹസ്യങ്ങളുടെ ഭാരത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ഇവിടെ നോവലിന്റെ ഇതിവൃത്തം കൂടുതൽ സങ്കീർണ്ണവും വൈകാരികവുമായി മാറുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സഈദ്, 'ബാഖിയ' എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നു. അറബിയിൽ 'ബാഖിയ' എന്നാൽ 'ശേഷിക്കുന്നത്' എന്നാണ് അർത്ഥം—അധിനിവേശത്തിന് ശേഷവും സ്വന്തം മണ്ണിൽ തന്നെ ബാക്കിയായ പലസ്തീനികളുടെ ശക്തമായ പ്രതീകമാണവൾ. ഭരണകൂടത്തെ പ്രീതിപ്പെടുത്താൻ സഈദ് ഇപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും, ബാഖിയക്ക് അവളുടെ പുരാതനമായ പലസ്തീൻ വേരുകളോടും മണ്ണിലെ രഹസ്യങ്ങളോടും കടുത്ത ആഭിമുഖ്യമുണ്ട്. അവർക്ക് 'വലദ്' (അർത്ഥം: മകൻ) എന്നൊരു മകൻ ജനിക്കുന്നു. മാതാപിതാക്കളുടെ ഭീരുത്വത്തിനും നിലവിലുള്ള വ്യവസ്ഥിതിക്കും വഴങ്ങാൻ തയ്യാറാകാത്ത വലദിലൂടെ വ്യക്തമായൊരു തലമുറമാറ്റം ഹബീബി ദൃശ്യവൽക്കരിക്കുന്നുണ്ട്. ഈ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു വലിയ രഹസ്യ നിധിയും, അത് സയീദിൽ ഉണ്ടാക്കുന്ന കടുത്ത ആന്തരിക സംഘർഷങ്ങളുമാണ് ഈ ഭാഗത്തിന്റെ കേന്ദ്രം. വലദാണ് ആ നിധി കണ്ടെത്തുന്നത്; ആറുദിന യുദ്ധത്തിന് മുൻപ് തന്നെ ഒരു 'ഫിദായി' (പ്രതിരോധ പോരാളി) ആയി മാറുന്ന അവൻ ആ സമ്പത്ത് പലസ്തീൻ പോരാട്ടത്തിനായി ഉപയോഗിക്കുന്നു. ഒടുവിൽ ഇസ്രായേലി സൈന്യം വളയുന്ന ഘട്ടത്തിൽ, ശത്രുവിന് കീഴടങ്ങാൻ കൂട്ടാക്കാതെ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് കടൽത്തിരകളിലേക്ക് മറയുന്ന അമ്മയുടെയും മകന്റെയും ദൃശ്യം കീഴടങ്ങാത്ത പലസ്തീനിയൻ വീര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉജ്ജ്വലമായ പ്രതീകമാണ്. എന്നാൽ ഇസ്രായേലി സൈനികരുടെ നിർബന്ധത്തിന് വഴങ്ങി, അത് നോക്കി അസ്തപ്രജ്ഞനായി കുന്തിച്ചിരിക്കുന്ന സയീദിന്റെ ദൈന്യം അതിന്റെ നേർവിപരീതമായ എതിരറ്റത്തെയും അടയാളപ്പെടുത്തുന്നു.
‘യുആദ്’ എന്ന് പേരിട്ട മൂന്നാം ഭാഗം സഈദിന്റെ തിരിച്ചറിവുകളും അന്യഗ്രഹ പലായനവും വിവരിക്കുന്നു. നോവലിന്റെ ദാർശനികവും രാഷ്ട്രീയവുമായ പൂർണ്ണത ഇവിടെയാണ് കാണാനാകുക. ഹബീബിയുടെ മുൻ കൃതിയിലൂടെ വായനക്കാർക്ക് പരിചിതമായ ആറുദിന യുദ്ധത്തെ (1967 War) തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലാണ് മൂന്നാം ഭാഗം വികസിക്കുന്നത്. യുദ്ധാനന്തരമുള്ള ഈ സങ്കീർണ്ണാവസ്ഥയിലാണ് സയീദിന്റെ ജീവിതത്തിലേക്ക് 'യുആദ്' (മടങ്ങിവരവ്) എന്ന കഥാപാത്രം കടന്നുവരുന്നത്. അവൾ സയീദിന്റെ ആദ്യ പ്രണയമായിരുന്ന വൈദയുടെ മകളാണ്. 1967-ലെ യുദ്ധത്തിനുശേഷം ഇസ്രായേൽ നടപ്പിലാക്കിയ 'ഓപ്പൺ ബ്രിഡ്ജസ്' (തുറന്ന പാലങ്ങൾ) നയത്തിന്റെ ബലത്തിലാണ് 'യുആദ്' തന്റെ സഹോദരനെ തിരഞ്ഞ് അതിർത്തി കടന്ന് വരുന്നത്. പലസ്തീനികളുടെ വിഘടനത്തെയും അവരുടെ 'തിരിച്ചുവരവ്' (Right of Return) എന്ന സ്വപ്നത്തെയും ഇസ്രായേൽ എത്രത്തോളം നിയന്ത്രിച്ചിരുന്നു എന്ന് കാണിക്കാൻ നോവലിസ്റ്റ് ഈ ചരിത്രപശ്ചാത്തലത്തെ ശക്തമായി ഉപയോഗിക്കുന്നു. സ്വന്തം മണ്ണിലേക്ക് തിരികെ വരാൻ ശത്രുവിന്റെ പെർമിറ്റും കാവലും വേണമെന്ന വിരോധാഭാസത്തെയും, വിട്ടുപിരിഞ്ഞുപോയ പലസ്തീൻ ജനതയുടെ രണ്ട് തലമുറകൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളെയും മുഖാമുഖം നിർത്താൻ ഈ 'തുറന്ന പാലങ്ങൾ' വഴി ഹബീബിക്ക് കഴിയുന്നു. ഒടുവിൽ, യുആദിന്റെ സാന്നിധ്യം സയീദിനെ തന്റെ ഭൂതകാലത്തെക്കുറിച്ചും, ഭരണകൂടത്തോട് ഒത്തുതീർപ്പ് നടത്തി ജീവിച്ച തന്റെ മുൻകാല തെറ്റുകളെക്കുറിച്ചും കടുത്ത തിരിച്ചറിവുകളിൽ എത്തിക്കുന്നു. ഒരേസമയം ഭരണകൂടത്തിന്റെ ഏജന്റായും എന്നാൽ പരോക്ഷമായി സ്വന്തം ജനതയോട് കൂറുപുലർത്തേണ്ടിയും വരുന്ന സയീദിന്റെ ജീവിതം തികച്ചും അസാധ്യമായ ഒരു പ്രതിസന്ധിയിൽ (Deadlock) ചെന്ന് മുട്ടുന്നു. ഒടുവിൽ, ഈ ഭൂമിയിലെ കയ്പേറിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ അവൻ ഒരു അന്യഗ്രഹജീവിയുടെ സഹായത്തോടെ പ്രപഞ്ചത്തിന്റെ സുരക്ഷിതത്വത്തിലേക്ക് പലായനം ചെയ്യുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.
നോവലിന്റെ കരുത്ത് പലതലങ്ങളിൽ പ്രകടമാണ്. ഒന്നാമതായി, സംഭാഷണ ഭാഷയും (colloquial) ക്ലാസിക് അറബിക് ഭാഷയും (classical Arabic) തമ്മിൽ സമർത്ഥമായി സമന്വയിപ്പിച്ചുകൊണ്ട് 'ഹൈബ്രിഡ് അറബിക്' എന്ന തികച്ചും സവിശേഷമായ ഒരു ഭാഷാശൈലി ഇതിൽ സൃഷ്ടിച്ചിരിക്കുന്നു. രണ്ടാമത്തേത്, ഇത്തരം റിയലിസ്റ്റിക് ആയ ദുരന്തപശ്ചാത്തലങ്ങളിൽ സാധാരണയായി കാണാത്ത തരത്തിലുള്ള കറുത്ത ഹാസ്യത്തിന്റെ (dark humour) അതിശക്തമായ ഉപയോഗമാണ്. ആധുനിക അറബി സാഹിത്യത്തിൽ ദുരന്തങ്ങൾക്കിടയിലും 'ചിരിക്കാൻ ഇഷ്ടപ്പെട്ട' ആദ്യ നോവലിസ്റ്റുകളിൽ ഒരാളാണ് ഇമിൽ ഹബീബി. മൂന്നാമതായി, പുതിയ ഭരണകൂടത്തിന്റെ ഒരു 'ഏജന്റായി' (collaborator) പ്രവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ സയീദ് തന്റെതായ രീതിയില്‍ സ്വീകരിക്കുന്ന രഹസ്യവും പരോക്ഷവുമായ പ്രതിരോധത്തിന്റെ സങ്കീർണ്ണാവസ്ഥയാണ്. പരമ്പരാഗത രീതിയിലുള്ള 'സ്വാതന്ത്ര്യസമര സേനാനി / ഭീകരവാദി' വേർതിരിവുകളെ അപ്രസക്തമാക്കുന്ന ഈ പ്രതിരോധ ശൈലി, പലസ്തീനിയൻ കവിതകളിലും സാഹിത്യത്തിലും കാണുന്ന മിത്തിക്കല്‍ മാനങ്ങളുള്ള ദർശനങ്ങളുമായി അയാളെ കൂട്ടിച്ചേർക്കുന്നു.
സയീദിന്റെ അന്യഗ്രഹവാസം യഥാർത്ഥത്തിൽ പ്രവാസസാഹിത്യത്തെ (Exile Literature) കുറിച്ചുള്ള ശക്തമായ പരിഹാസവും ഒപ്പം നോവലിസ്റ്റിന്റെ സ്വയം പരിഹാസവുമാണ് (Self-mockery). ജൂതരാഷ്ട്രത്തിന്റെ കൺവെട്ടത്തുനിന്ന് അസാധ്യമായ പലസ്തീനിയൻ ആഖ്യാനം പ്രവാസത്തിന്റെ അകലത്തിലിരുന്ന് നിർവ്വഹിക്കേണ്ടി വരുന്നതിന്റെ വിരോധാഭാസമാണിത്. എഡ്വേർഡ് സൈദിന്റെയും സൽമ ജയൂസിയുടെയും വിമർശന പഠനങ്ങൾ സൂചിപ്പിക്കുന്നത് പോലെ, അധിനിവേശത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടാൻ പരമ്പരാഗത റിയലിസ്റ്റിക് ആഖ്യാനങ്ങൾ അപര്യാപ്തമാണെന്ന തിരിച്ചറിവിലാണ് ഹബീബി ഈ 'അന്യഗ്രഹ ഫാന്റസി' ഉപയോഗിക്കുന്നത്. താൻ ജീവിതാവസാനം വരെ രാഷ്ട്രീയമായി എതിർത്ത 'പ്രവാസത്തിന്റെ അനിവാര്യതയെ' തന്റെ നായകന്റെ അന്യഗ്രഹ പലായനത്തിലൂടെ ഹബീബിക്ക് പരോക്ഷമായി സമ്മതിക്കേണ്ടി വരുന്നു. അങ്ങനെ, പ്രതിരോധ സാഹിത്യത്തിന്റെ പതിവ് ശൈലികൾക്ക് മേലുള്ള ഒരു സാഹിത്യപരമായ പാരഡി ('Meta-fictional Parody') ആയിത്തീരുകയാണ് സഈദിന്റെ കത്തെഴുത്ത് (epistolary fictionalisation).
