1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി ഘട്ടത്തില്‍ വിഭജനത്തിലൂടെ രണ്ടു രാഷ്ട്രങ്ങള്‍ പിറവിയെടുത്തപ്പോള്‍ അതിലൊന്നായ പാക്കിസ്താന്‍ അപ്പോഴേ സ്വതേ വിഭജിതമായിരുന്നു. രാഷ്ട്രീയവും സൈനികവുമായി വ്യക്തമായ മേല്‍കയ്യുള്ള പശ്ചിമ പാകിസ്ഥാനും ഭാഷകൊണ്ടും പാരമ്പര്യങ്ങളും മതാനുഷ്ടാനങ്ങളും കൊണ്ടും തികച്ചും മറ്റൊരസ്തിത്വം ഉണ്ടായിരുന്ന പൂര്‍വ്വ പാകിസ്താനും അവക്കു മധ്യേ ഭൂമിശാസ്ത്രപരമായി രണ്ടിനെയും ഉപഭൂഖണ്ഡത്തിന്റെ കൊമ്പുകള്‍ പോലെ വേര്‍പെടുത്തി ഉത്തരപൂര്‍വ്വ ഇന്ത്യന്‍ പ്രദേശങ്ങളും നിലക്കൊണ്ടപ്പോള്‍ അതൊരു അയഥാര്‍ത്ഥവും നിലനില്‍ക്കാനാവാത്തതുമായ ഏകത്വ നാട്യമായിത്തീരുക സ്വാഭാവികമായിരുന്നു. ജനസംഖ്യയെപ്പോലെത്തന്നെ വെള്ളപ്പൊക്കവും സൈക്ലോണുകളും സമൃദ്ധമായി ആവേശിച്ച അസമനായ കൂടെപ്പിറപ്പിന് അര്‍ഹിച്ച വിഹിതമൊന്നും രാഷ്ട്രീയ വല്യേട്ടന്‍ ഒരു ഘട്ടത്തിലും നല്‍കിയതുമില്ല. വ്യക്തമായ മുസ്ലിം മേധാവിത്തമുണ്ടായിരുന്ന പശ്ചിമ പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി കല്കത്തയുടെ സാമീപ്യമുണ്ടായിരുന്ന ധാക്ക മുസ്ലിം - ഹിന്ദു സാംസ്കാരിക വിനിമയങ്ങളില്‍ നിന്നാണ് സാമൂഹിക നിലപാടുകള്‍ രൂപപ്പെടുത്തിയത്. 1971-ല്‍ ഷെയ്ഖ് മുജീബുറഹ്മാന്റെ അവാമി ലീഗ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും ഇസ്ലാമാബാദ് ആ വിജയം ഫലത്തില്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. പകരം, സ്വന്തം നാട്ടിലേക്ക് പട്ടാള അധിനിവേശം നടത്തിയാണ് ഇസ്ലാമാബാദ് അതിനോട് പ്രതികരിച്ചത്. 1971 മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗത്തിലൂടെ 'ബംഗ ബന്ധു' മുജീബുറഹ്മാന്‍, ബംഗ്ലാ ദേശിന്റെ സ്വാതന്ത്ര്യസമരം ആരംഭിച്ചതായി പ്രഖ്യാപിച്ചു. അതേ മാസം 26- നു 'ഓപ്പറേഷന്‍ സേര്‍ച്ച് ലൈറ്റ്' എന്ന കിരാത പട്ടാള നടപടി ആരംഭിക്കുകയും ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്‍, മുജീബിനെ അറസ്റ്റ് ചെയ്തു പാകിസ്താനിലെ എകാന്തതടവിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് അരങ്ങേറിയ 'ബംഗ്ലാ ദേശ് വംശഹത്യ'യുടെ നാളുകളില്‍ 'ബംഗാളിന്റെ കശാപ്പുകാരന്‍' (The Butcher of Bengal) എന്നറിയപ്പെട്ട ജനറല്‍ ടികാ ഖാന്റെ കീഴില്‍ ധാക്കാ തെരുവുകള്‍ വിദ്യാര്‍ഥികള്‍, ബുദ്ധി ജീവികള്‍, സിവിലിയന്മാര്‍, വിമതസൈനികര്‍ തുടങ്ങിയവരുടെ ജടങ്ങള്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍, ഡിസംബര്‍ മൂന്നിന് പുതുരാഷ്ട്രത്തോട് ഐക്യപ്പെട്ട് ഇന്ത്യ കൂടി യുദ്ധത്തില്‍ നേരിട്ടിടപെട്ട് തുടങ്ങിയതോടെ പാകിസ്താന്‍ അനിവാര്യമായ പരാജയത്തിലേക്ക് കൂപ്പുകുത്തി തുടങ്ങി. ഒടുവില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 1971 ഡിസംബര്‍ പതിനാറിന് പാകിസ്താന്‍ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. ഒരു ദേശത്തിന്റെ പിറവിയുടെ ഈ നാഴികക്കല്ലുകള്‍ ഏതാണ്ട് കൃത്യമായിത്തന്നെ അടയാളപ്പെടുത്തി രചിക്കപ്പെട്ട നോവല്‍ എന്ന നിലയില്‍ ഒരു ചരിത്ര നോവലിന്റെ മുഴുവന്‍ ഗരിമയും അവകാശപ്പെടാവുന്ന കൃതിയാണ് യുവ ബ്രിട്ടീഷ് ബംഗ്ലാ ദേശി എഴുത്തുകാരി തഹ് മിമ അനമിന്റെ പ്രഥമ കൃതിയായ 'എ ഗോള്‍ഡന്‍ എയ്ജ് '. 1975-ല്‍ ധാക്കയില്‍ ജനിച്ച തഹ് മിമ അനം വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും പാരീസ്, ന്യൂ യോര്‍ക്ക് , ബാങ്കോക്ക് , ലണ്ടന്‍ എന്നിവിടങ്ങളിലാണ്. താന്‍ ജനിക്കും മുമ്പേ നടന്ന കാര്യങ്ങളായത് കൊണ്ട് സ്വാഭാവികമായും കുടുംബത്തില്‍ മുതിര്‍ന്നവരുടെ ആഖ്യാനങ്ങളിലൂടെയാണ് ജന്മ നാടിന്റെ തീക്കാലത്തിന്റെ അനുഭവങ്ങളൊക്കെ അവരുടെ സര്‍ഗ്ഗ സൃഷ്ടിയുടെ പ്രഭവമായത്. നോവലിലെ കേന്ദ്ര കഥാപാത്രത്തിന് തന്റെ മുത്തശ്ശിയുടെതന്നെ അനുഭവങ്ങളും വ്യക്തിത്വ സവിശേഷതകളും പകര്‍ന്നു കൊടുത്തിട്ടുണ്ടെന്ന് നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. ഇതര കഥാപാത്രങ്ങളിലും അത്തരം സമാനതകള്‍ പ്രകടമാണ്.
Collective of Works
A curated body of writing across literature, cinema, poetry, and cultural reflection, with a focus on global and subaltern narratives.
Book Reviews
Thoughtful engagements with novels across African, Arab, Latin American, and South Asian traditions.
View All Book Reviews →Film & Cinema
Critical readings of cinema, film movements, and visual storytelling.
View All Movie Reviews →Poems & Creative Writing
Poetry and creative pieces shaped by memory, silence, and experience.
View All Poems →Articles & Essays
Extended essays on culture, identity, literature, and society.
View All Essays →Published Books
Details of my books on world fiction, cinema, and poetry.
View Book Details →Events
Public talks, readings, podcasts, and literary engagements.
View Multimedia →