A Long Walk from Gaza by Asma al-Atawna / Caline Nasrallah

കവർന്നെടുക്കപ്പെട്ട കൗമാരങ്ങൾ: അസ്മാ അൽഅത്തൗനയുടെ അങ്കലാപ്പുകളും അതിജീവനവും

കവർന്നെടുക്കപ്പെട്ട കൗമാരങ്ങൾ: അസ്മാ അൽഅത്തൗനയുടെ അങ്കലാപ്പുകളും അതിജീവനവും

അക്രമാസ്കതമായ സമകാലിക ഗസ്സയുടെയും യൂറോപ്പിന്റെയുംപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അസ്മാ അൽഅത്തൗനയുടെ 'എ ലോംഗ് വാക്ക് ഫ്രം ഗസ്സ' (A Long Walk from Gaza) എന്ന കൃതി, കൗമാരക്കാരിയായ നായികയുടെ ജീവിതത്തെ ആവിഷ്കരിക്കുന്ന ഒരു കമിംഗ്-ഓഫ്-ഏജ് (coming-of-age) നോവലാണ്. ക്രൂരനും അടിച്ചമർത്തൽ സ്വഭാവമുള്ളവനുമായ സ്വന്തം പിതാവിനോടുള്ള പോരാട്ടങ്ങൾ, ആദ്യ പ്രണയത്തിന്റെ ആവേശം, അധിനിവേശ സൈനികരുമായുള്ള മുഖാമുഖങ്ങൾ, പുതിയൊരു ജീവിതത്തിനായി സ്വന്തം മാതൃദേശമായ ഗസ്സ ഉപേക്ഷിച്ചു പോകേണ്ടി വരുമ്പോൾ അനുഭവപ്പെടുന്ന ഹൃദയഭേദകമായ വേദനകൾ എന്നിവയിലൂടെയാണ് ഈ നോവൽ കടന്നുപോകുന്നത്. യൂറോപ്പിൽ നിന്നാരംഭിച്ച്, സ്വന്തം ജനനത്തിലേക്കും ബാല്യത്തിലേക്കും പിന്നിലേക്ക് സഞ്ചരിക്കുന്ന നോവലിന്റെ ഘടന (Reverse chronological structure), ഒരു പെണ്‍കുട്ടിയുടെ എന്നതിനൊപ്പം ഒരു ജനതയുടെ മൊത്തം നഷ്ടപ്പെട്ട ബാല്യകാലത്തിന്റെ ദുരന്തചിത്രമായി മാറുന്നു.

'പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും മാനുഷിക കഥ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോവലില്‍ വ്യക്തിപരവും രാഷ്ട്രീയവും കൂടിക്കലരുകയും (both personal and political); അധിനിവേശത്തിന്റെ രൂപത്തിലും പിതൃമേധാവിത്വത്തിന്റെ രൂപത്തിലും സ്ത്രീകളെ അടിച്ചമർത്തുന്ന ഇരട്ടശക്തികള്‍ക്കെതിരെ ഇരട്ട പ്രതിരോധഭാവം കൈവരിക്കുകയും ചെയ്യുന്നു. ഒപ്പം, യൂറോപ്പിലെ അപരിചിത ജീവിതത്തിലേക്ക് പലായനം ചെയ്യുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെയും നോവല്‍ രേഖപ്പെടുത്തുന്നു.

പേരുപരയുന്നില്ലാത്ത മുഖ്യകഥാപാത്രം, ഫ്രാൻസിൽ സ്ഥിരതാമസമാക്കുന്നതിനുള്ള റസിഡൻസ് കാർഡിനായി രണ്ടു വർഷമായി കഠിനശ്രമങ്ങള്‍ നടത്തുന്നു. മാനുഷിക പരിഗണനകൾ തീരെയില്ലാത്ത ഒന്നാണ് ഈ പ്രക്രിയയെങ്കിലും, 'തുറന്ന തടവറ'യായ ഗസ്സയെക്കുറിച്ചുള്ള ഓർമ്മകളാണ് ഏത് കഷ്ടപ്പാടുകളും സഹിക്കാൻ അവളെ പ്രാപ്തയാക്കുക. ഒരു അറബ് ഇതര മുസ്ലീം സുഹൃത്തിനെ കണ്ടെത്താൻ സാധിച്ചത് അവളുടെ ഭാഗ്യമായിരുന്നു; ആ സുഹൃത്ത് നൽകുന്ന രക്ഷാമാർഗ്ഗത്തിലൂടെ അവൾ ആദ്യം മാഡ്രിഡിലേക്കും പിന്നീട് ഫ്രാൻസിലേക്കും, ഒടുവിൽ കടുത്ത ആഘാതത്താൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തുലൂസിലെ ഒരു അഭയകേന്ദ്രത്തിലേക്കും എത്തിച്ചേരുന്നു. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കും, ഒരു വൈകാരികാവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്കും, ആഘാതങ്ങളുടെ ഒരു കൂട്ടത്തിൽ നിന്ന് മറ്റൊന്നിലേക്കുമുള്ള യാത്രയാണത്: അധിനിവേശകരുടെ കയ്യിൽ നിന്നുള്ള അപമാനങ്ങൾ, ആഫ്രോ-ഫലസ്തീനിയൻ സമൂഹത്തിനുള്ളിലെ വംശീയതയും ആഭ്യന്തര തർക്കങ്ങളും, നഷ്ടങ്ങളും വഞ്ചനകളും, ഒടുങ്ങാത്ത അക്രമങ്ങളും ഇതിൽ നിരന്തരം തുടരുന്നു.

എങ്കിലും, ഈ പുസ്തകത്തിന്റെ ശീർഷകം നെൽസൺ മണ്ടേലയുടെ ഐതിഹാസികമായ 'ലോംഗ് വാക്ക് ടു ഫ്രീഡം' എന്ന കൃതിയെ ഓർമ്മിപ്പിക്കുന്നത് യാദൃച്ഛികമല്ല. ആമി വിൽസൺ നിരീക്ഷിക്കുന്നത് പോലെ, "അതിന്റെ ഹൃദയത്തില്‍ 'എ ലോംഗ് വാക്ക് ഫ്രം ഗസ്സ' എന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു കഥയാണ്." രാഷ്ട്രീയവും പിതൃമേധാവിത്വപരവുമായ അധിനിവേശങ്ങൾക്ക് കീഴിൽ വളർന്നുവരുന്നതിൻ്റെ വെല്ലുവിളികളോട് പൊരുതുന്ന ഒരു കൗമാരക്കാരിയിലൂടെ അവതരിപ്പിക്കപ്പെടുന്ന ഫെമിനിസ്റ്റ് വീക്ഷണം തികച്ചും പുതുമയുള്ളതും ആത്മാർത്ഥത നിറഞ്ഞതുമാണ്; അത് അവളുടെ ജീവിതത്തിലെ നെഞ്ചകം തകരുന്ന യാഥാർത്ഥ്യങ്ങളെ അതിശക്തമായി പ്രകടിപ്പിക്കുന്നു. എന്നാൽ, ഈ ദുരന്തപൂർണ്ണമായ അന്തരീക്ഷത്തിലും തമാശയുടെയും സന്തോഷത്തിന്റെയും മുഹൂർത്തങ്ങളെയും, ഏത് പ്രതിസന്ധിയിലും അതിജീവിക്കാനും മുന്നേറാനുമുള്ള മാനുഷിക ശേഷിയെയും എഴുത്തുകാരി കണ്ടെടുക്കുന്നുണ്ട്. നോവലിലെ ദുരിതം എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണ്. ഓരോ കഥാപാത്രവും തങ്ങളുടെ സാഹചര്യങ്ങളാൽ മാനസികമായി മുറിവേറ്റവരാണെങ്കിലും, അവരെല്ലാം അവരുടേതായ രീതികളിൽ അതിനെ പ്രതിരോധിക്കുന്നുമുണ്ട്. നോവലിൽ ഗസ്സ അതിന്റെ വൈവിധ്യങ്ങളോടെ, വൈകല്യങ്ങളോടെ, വശ്യതയോടെ, അതിജീവനക്കരുത്തോടെ ഉയർന്നുവരുന്നു.

1978-ൽ ഗസ്സയില്‍ ജനിച്ച അസ്മാ അൽഅത്തൗന, അൽ നാഖ്ബ് (Al Naqb) മരുഭൂമിയിൽ നിന്നുള്ള ഒരു ഫലസ്തീനിയൻ ബദവി വംശജയാണ്; 2001 മുതൽ ഫ്രഞ്ച് പൗരത്വത്തോടെ തുലൂസിൽ താമസിച്ചുവരുന്നു. കലാരംഗത്തെയും ജെൻഡർ വിഷയങ്ങളിലെയും ഇടപെടലുകളിലൂടെ ശ്രദ്ധേയയായ വ്യക്തിയാണവർ. മിഷേൽ ഹാർട്ട്മാന്‍ എഡിറ്റ്‌ ചെയ്ത് കാലിൻ നസ്രല്ലയാണ് നോവൽ മനോഹരമായ വിവർത്തനത്തിലൂടെ ഇംഗ്ലീഷില്‍ എത്തിച്ചിരിക്കുന്നത്. നോവലിസ്റ്റ് നൽകിയ മൂല അറബിക് ശീർഷകം (‘സ്വൂറത് മഫ്ഖൂദ’ (Missing Picture / കാണാതായ ചിത്രം) എന്നത്, ഇംഗ്ലീഷ് വിവർത്തനത്തിൽ നെൽസൺ മണ്ടേലയുടെ ഐതിഹാസികമായ ആത്മകഥയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ 'A Long Walk from Gaza' എന്ന് മാറ്റിയെഴുതിയത് ഏറെ പ്രസക്തമാണ്. മൂലശീർഷകം നായികയുടെ അകാലത്തിൽ മാഞ്ഞുപോയ ബാല്യത്തെയും തകർന്നടിയുന്ന കുടുംബബന്ധങ്ങളെയും വ്യക്തിപരമായ ആഘാതങ്ങളെയുമാണ് അടയാളപ്പെടുത്തിയതെങ്കിൽ, ഇംഗ്ലീഷ് ശീർഷകം അധിനിവേശത്തിന്റെ തുറന്ന തടവറയിൽ നിന്നുള്ള അവളുടെ രാഷ്ട്രീയ അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും നീണ്ട സഞ്ചാരത്തെയാണ് വെളിപ്പെടുത്തുന്നത്. ആഗോള വായനാലോകത്തോട് സംവദിക്കാൻ ഉദ്ദേശിച്ചുള്ള ഈ ശീർഷകമാറ്റം, വ്യക്തിപരമായ അനുഭവങ്ങൾക്കപ്പുറം ഗസ്സ എന്ന ദേശത്തിന്റെ ദുരന്തപൂർണ്ണമായ വിധിയെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.