1948-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ബര്‍മ്മ, വിവിധ ഗോത്ര/ വംശീയവിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ കൊണ്ട് നിറഞ്ഞതെങ്കിലും 1962ലെ പട്ടാള അട്ടിമറി വരെയും ഒരു കേന്ദ്രീകൃതഭരണത്തിന്‍ കീഴിലായിരുന്നു. എല്ലാ തരം പൗര- മാധ്യമ സ്വാതന്ത്ര്യങ്ങളെയും അട്ടിമറിച്ച പട്ടാള ഭരണം അതിന്റെ കിരാത നടപടികള്‍ക്ക് ഏറ്റവും വലിയ മാതൃക ചമച്ചത് 1988 ആഗസ്റ്റ് 8 (8/8/88)നു സമാധാന പരമായി നടന്ന അഹിംസാത്മക ബഹുജന മാര്‍ച്ചിലേക്ക് ഇരമ്പിയെത്തിയ സൈന്യം നടത്തിയ കൂട്ടക്കുരുതിയിലൂടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരകണക്കിനു ആളുകള്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ തടവിലാക്കി കൊടിയ പീഠനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്തു. ആങ് സുന്‍ സ്യുകിയുടെ ജനാധിപത്യ മുന്നേറ്റവും വീട്ടുതടങ്കലും എല്ലാം ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇന്നും തുടരുന്ന ഗോത്ര ജനതയുടെ ചെറുത്തു നില്‍പ്പും പാലായന ദുരന്തങ്ങളും ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാലയോദ്ധാക്കളെ (child soldiers) സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും ഒരു കാലത്ത് 'ഏഷ്യയുടെ നെല്‍പാത്രം'(rice bowl of Asia) ആയിരുന്ന, പ്രകൃതി, ജൈവ സമ്പന്നതയുടെ പ്രതീകമായിരുന്ന, ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ ഏറ്റവും സാക്ഷരതയുണ്ടായിരുന്ന ഈ കൊച്ചു ഭൂപ്രദേശത്തെ ഇന്ന് അതിന്റെയൊക്കെ നേരെതിരറ്റത്തു ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും വികലാംഗരുടെയും പരസ്പരം ഇണങ്ങാത്ത തുരുത്ത് സമൂഹങ്ങള്‍ ആക്കി മാറ്റിയിരിക്കുന്നു.
പരിഷ്കൃതരുടെ മുന്‍ വിധികള്‍:
സമകാലിക ബര്‍മ്മയുടെ വംശീയ സംഘര്‍ഷ പശ്ചാത്തലത്തില്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ട രണ്ടു കൗമാരക്കാരുടെ ജീവിതത്തിലൂടെ, സംഘര്‍ഷഭൂമിയിലെ 'മുതിര്‍ന്നു വരവിന്റെ' (coming-of-the-age) കഥ പറയുകയാണ് കൊല്കത്തയില്‍ ജനിച്ചു ഘാന, കാമറൂണ്‍, മെക്സിക്കോ, ബംഗ്ലാദേശ്, തായ് ലാന്‍ഡ് കാലിഫോര്‍ണിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി പാര്‍ക്കുകയും ഇപ്പോള്‍ മസ്സാച്ചുസെറ്റ്സില്‍ സ്ഥിര താമസമാക്കുകയും ചെയ്തിട്ടുള്ള മിതാലി പെര്‍കിന്‍സ്. ഹൃസ്വ ദ്രിഷ്ടിയായ ചികോ എന്ന ബര്‍മീസ് പതിനഞ്ചുകാരന്‍ ഗോത്ര വിഭാഗങ്ങളെ ശത്രുക്കളായി കാണുന്നതിന്റെ പൊള്ളത്തരത്തെ കുറിച്ച് മനുഷ്യ സ്നേഹിയായ ഡോക്ടര്‍ ആയിരുന്ന അച്ഛന്‍ നല്‍കിയ പാഠങ്ങളില്‍ വിശ്വസിക്കുന്ന, കായിക ബലം കുറഞ്ഞ പുസ്തകപ്രേമിയാണ്. 'കുട്ടിപ്പട്ടാള'ത്തിലേക്ക് അവനെ റിക്രൂട്ട് ചെയ്യാന്‍ ഏതു നിമിഷവും എത്തിയേക്കാവുന്ന സൈനികരെ ഭയന്ന് ഏതാണ്ട് വീട്ടുതടങ്കലിലാണ് അമ്മ അവനെ വളര്‍ത്തുന്നത്. 'ദേശദ്രോഹി' എന്ന കുറ്റം ചാര്‍ത്തി മാസങ്ങള്‍ക്ക് മുമ്പ് അവരുടെ കണ്മുന്നില്‍ വെച്ചാണ് അച്ഛനെ പട്ടാളം അറസ്റ്റ് ചെയ്തു കൊണ്ട് പോയത്. ഇപ്പോള്‍ അദ്ദേഹത്തിനെന്തു സംഭവിച്ചു എന്നത് അവരുടെയും, ഡോ വിഡോ എന്ന അയല്‍ക്കാരി മുത്തശ്ശിയുടെയും മറ്റെല്ലാവരുടെയും നെഞ്ചിലെ തീയാണ്. ജയിലില്‍ അച്ഛന്റെ ചിലവിലേക്കായി പണം അയക്കേണ്ട ഗതികേടും സ്വതേ ദരിദ്രരായ അവര്‍ക്കുണ്ട്. അത് കൊണ്ടാണ്, അപകട സാധ്യതയുള്ളതെങ്കിലും പത്രപ്പരസ്യം കണ്ടു ചികോ അധ്യാപകജോലിക്ക് ശ്രമിക്കുന്നത്. ഭയപ്പെട്ടപോലെ അതൊരു ചതിയായിരുന്നുവെന്നു തിരിച്ചറിയുക സൈനിക ക്യാമ്പിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോഴാണ്. കൂടെ തടവിലാക്കപ്പെടുന്ന കുട്ടികളില്‍ തെരുവിന്റെ പുത്രനായ തായ്, അവനു ജീവിത പാഠങ്ങളില്‍ ഇനി വഴികാട്ടിയാവും. സഹോദരി സവാതി തെരുവില്‍ അതിജീവിക്കുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളില്‍ എങ്ങനെയും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ തായ് അപകടങ്ങളിലും കൊടിയ പീഠനങ്ങളിലും പെട്ടുപോവുന്നുണ്ട്. ക്യാമ്പിലെ ശിക്ഷാമുറകളുടെ കാഠിന്യത്തെ കുറിച്ച് പരാതിപ്പെടുന്ന ചികോയോടു അവന്‍ പറയുന്നുണ്ട്: “ഇതാണോ കടുപ്പം? ഒരാഴ്ച തെരുവില്‍ കഴിയാന്‍ ശ്രമിക്കൂ" പോരാന്‍ നേരം ഡോ വിഡോ അവന്റെ ഉള്‍പോക്കറ്റില്‍ വെച്ചിരുന്ന അച്ഛന്റെയും കളിക്കൂട്ടുകാരി ലെയുടെയും ചിത്രങ്ങള്‍ അവനു ആശ്വാസവും ജീവിത പ്രതീക്ഷയുമാവും. അവനു താങ്ങാനാവാത്ത ശിക്ഷാമുറകള്‍ അവനു പകരം ഏറ്റുവാങ്ങുന്ന തായ്, പിന്നീട് അവനു ശിഷ്യപ്പെടുകയും, എഴുതാനും വായിക്കാനും പഠിക്കുകയും ചെയ്യും. ആദ്യം കളിയാക്കലിന്റെ ഭാഗമായി 'ടീച്ചര്‍' എന്ന് വിളിക്കപ്പെടുന്നുവെങ്കിലും പിന്നീട് ക്യാമ്പിലെ മേധാവി ഉതാ ദിന്‍ തനിക്ക് ആവശ്യമായ എഴുത്തുകുത്തുകള്‍ നടത്താന്‍ നിയോഗിക്കുമ്പോള്‍ അമ്മക്ക് രഹസ്യമായി ഒരു സന്ദേശം അയക്കാനും തായ് എപ്പോഴും വിഷമിക്കുന്ന സവാതിന്റെ സംരക്ഷണ ചുമതല അമ്മയെ ഏല്‍പ്പിക്കാനും അവനു അവസരം കിട്ടുന്നു. തന്റെ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അവന്‍ അറിയുന്നതും അങ്ങനെയാണ്. ഒടുവില്‍, ഇരുസുഹൃത്തുക്ക ളെയും അകാരണമായി വെറുക്കുന്ന മേലുദ്യോഗസ്ഥന്‍ ('Captain Evil' എന്ന് തായ്) കാരണം അതീവ അപകടകരമായ ഒരു ദൗത്യത്തിന് തായ് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവനെ കത്തിടപാടുകള്‍ നടത്താന്‍ ക്യാമ്പില്‍ ആവശ്യമുണ്ടെന്നും അത് കൊണ്ട് താന്‍ പകരം വരാമെന്നും ചികോ സ്വയം സന്നദ്ധനാവുന്നത് തന്റെ സഹോദര തുല്യനായ സുഹൃത്തിനോടുള്ള പ്രത്യുപകാരമാണ്.
ചികോയുടെ കഥയ്ക്ക് സമാന്തരമായി കാരെന്നി ഗോത്ര ബാലന്‍ റ്റൂറേയുടെ ആഖ്യാനത്തിലേക്ക് നമ്മള്‍ നോവലിന്റെ രണ്ടാം പകുതിയില്‍ എത്തിച്ചേരുന്നു. സൈനികര്‍ പിടിച്ചു കൊണ്ടുപോയാണ് ഉള്‍വനങ്ങളിലേക്ക് നഗരബാലനായ ചികോ എത്തിച്ചേരുന്നതെങ്കില്‍, ഇവിടെ റ്റൂറേ തന്റെ പിതാവിനോടും രണ്ടുമൂന്നു ഗോത്ര യോദ്ധാക്കളോടും ഒപ്പം ഉള്‍വനങ്ങളിലുള്ള ക്യാമ്പിലേക്ക് മരുന്നും മറ്റും എത്തിക്കുക എന്ന ദൗത്യത്തിലാണ്. യാത്രക്കിടെ, തങ്ങളെ പിന്‍തുടരുന്ന ശത്രുസംഘം മൈന്‍ പാടത്ത് അപകടത്തില്‍ പെടുന്നതും ഒരാളൊഴിച്ച് ബാക്കിയെല്ലാവരും മരിക്കുന്നതും, തുടര്‍ന്ന് അതീവ ഗുരുതരമായി പരിക്കേറ്റ ശത്രുയോദ്ധാവിന്റെ ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യം അച്ഛന്‍ റ്റൂറേയെ എല്‍പ്പിക്കുന്നതുമാണ് അവന്റെയും ചികൊയുടെയും ജീവിതങ്ങളെ ഇഴ കോര്‍ക്കുന്നത്. ചികൊയുടെ അച്ഛന്‍ നല്‍കിയിരുന്ന മാനവിതയുടെ പാഠങ്ങള്‍ തന്നെയാണ് കരേന്നി ഗോത്ര സംസ്കൃതിയുടെ ഭാഷ്യത്തില്‍ റ്റൂറേയുടെ അച്ഛനും തന്റെ മകന് പകര്‍ന്നു നല്‍കുന്നത്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന സൈനികരുടെ പ്രതിനിധി എന്ന നിലയില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണോ അതോ മുറിവേറ്റ മനുഷ്യനോട് ദയ കാണിക്കുകയെന്ന ഗോത്ര നൈതികത പുലര്‍ത്തണമോ എന്ന അവന്റെ സംത്രാസത്തിനു മുമ്പില്‍ , ഒരു കാരെന്നി സ്വയം തീരുമാനം കൈക്കൊള്ളണമെന്ന് പ്രചോദിപ്പിക്കുന്ന അച്ഛന്‍, മകന്റെ നീതിബോധത്തില്‍ വിശ്വസിക്കുന്നുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കുന്ന റ്റൂറേയെക്കാത്ത് പഴയ സുഹൃത്തിന്റെതുള്‍പ്പടെ കടുത്ത വിമര്‍ശനങ്ങളും ഒറ്റുകാരന്‍ എന്ന ആരോപണവും കാത്തിരിപ്പുമുണ്ട്. അവയെ ഒക്കെയും സ്വന്തം ധാര്‍മ്മിക ബോധ്യം കൊണ്ടും അതേ ബോധ്യങ്ങള്‍ പങ്കു വെക്കുന്ന അമ്മയും സഹോദരിയും കൂട്ടുകാരും നല്‍കുന്ന പിന്തുണ കൊണ്ടും അവനു അതിജീവിക്കാനാവുന്നത് കൊണ്ടുമാണ്, തായ്- ചികോ സാഹോദര്യം പോലെ ചികോ- റ്റൂറേ സാഹോദര്യവും വംശീയതകള്‍ക്ക് കുറുകെ ഉണരുന്ന മാനുഷിക നന്മയുടെ കണ്ണാടിയാവുന്നതും, ചികോക്ക് തന്റെ കുടുംബത്തിലേക്കും പ്രണയത്തിലേക്കും , കൃതൃമ കാലിലെങ്കിലും, ജീവിതം തിരിച്ചു പിടിക്കാനാവുന്നതും. മുമ്പ് തന്റെ അച്ഛന്റെ തന്നെ ശിഷ്യയായിരുന്ന ഡോക്ടര്‍ ആന്റിയുടെ കൂടെ, റ്റൂറേയുടെ ഏക സമ്പാദ്യമായ കോവര്‍ കഴുതപ്പുറത്തേറി നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവന്‍ നല്‍കുന്ന വാക്കും അതാണ്: തിരിച്ചെത്തിയാല്‍ ഗോത്ര വിഭാഗങ്ങള്‍ക്കെതിരിലുള്ള നാട്ടുകാരുടെ മുന്‍ വിധികളെ മറികടക്കാന്‍ അവനെപ്പോഴും അവരെ പ്രേരിപ്പിക്കും.
മുളന്തണ്ട് പോലെ, കാട്ടുപച്ച പോലെ:
ഇളം പ്രായക്കാര്‍ക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ കനം കുറഞ്ഞ ഫാന്റസി ലോകമോ ശുഭാന്ത്യങ്ങള്‍ ഉറപ്പു നല്‍കുന്ന അതിവൈകാരിക നാടകീയത മുറ്റിയ രചനകളോ ആയിരിക്കണം എന്ന അലിഖിത നിയമങ്ങള്‍ക്ക് ആഹ്ലാദകരമാം വിധം അപ്പുറത്താണ് മിതാലി പെര്‍കിന്‍സിന്റെ 'മുള മനുഷ്യര്‍'. ഗോത്ര വിഭാഗങ്ങളെ അടിച്ചമര്‍ത്തി അവരുടെ ഭൂമിയും ജീവിതവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും തലമുറകളായി ഇവിടെ ജീവിച്ച അവര്‍ക്ക് ഈ നാട്ടില്‍ അവകാശമുണ്ടെന്നും മകനെ പഠിപ്പിക്കുന്ന ചികൊയുടെ അച്ഛനും, 'അവര്‍എല്ലാവരും, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ , മനസ്സാക്ഷിയില്ലാത്ത കൊലപാതകികളാണ് . അവര്‍ ബര്‍മീസ് ഭാഷയേയും നമ്മുടെ ബുദ്ധ മതത്തെയും വെറുക്കുന്നു' എന്ന് പുതിയ റിക്രൂട്ടുകളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്ന ക്യാപ്റ്റനും ഗോത്ര ജനതയെ കുറിച്ചുള്ള പരിഷ്കൃത ബര്‍മ്മീസ് സമൂഹത്തിന്റെ വീക്ഷണങ്ങളിലെ എതിരറ്റങ്ങളാണ്. ഹിംസയുടെ പ്രവണത ആസ്വാദ്യമാവുന്നതിന്റെ അപകടത്തെ കുറിച്ച് ചികോ ബോധാവനാവുന്ന ഒരു നിമിഷം നോവലില്‍ കടന്നു വരുന്നുണ്ട്. ക്യാമ്പില്‍ വെച്ച് കിക്ക് ബോക്സിംഗ് പരിശീലന ഘട്ടത്തില്‍ എതിരാളിയുടെ മേല്‍ നന്നായി തിളങ്ങാന്‍ കഴിയുന്ന സമയം അനുഭവപ്പെട്ട സന്തോഷമാണത്. അവന്‍ സ്വയം ഓര്‍മ്മിപ്പിക്കുന്നു: 'ചികോ, ശ്രദ്ധിക്കണം. നീ ഇത് ഇഷ്ടപ്പെട്ടുതുടങ്ങിയേക്കാം.' യുവ മനസ്സുകളെ കുടുസ്സു ദേശീയതയും ഹിംസാത്മകതയും കീഴ്പ്പെടുത്തുന്ന സൈനിക പരിശീലന തന്ത്രങ്ങളാണ് ഇവ. അക്ഷരജ്ഞാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്ന ചികൊയോടു ഒരു ഘട്ടത്തില്‍ തായ് ഓര്‍മ്മിപ്പിക്കുന്നുണ്ട്: 'എല്ലാം ചെയ്യാനൊന്നും വായന സഹായിച്ചേക്കില്ല, ഏട്ടാ.'
ചികോ - തായ് ഹൃദയ ബന്ധത്തിന്റെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷികതയുടെയും കൂടുതല്‍ ജൈവമായ പ്രസരണം റ്റൂറേയുടെയും അച്ഛന്റെയും വിനിമയങ്ങളിലാണ് നാം കാണുന്നത്. മുറിവേറ്റ ശത്രുവിനെ വെറുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, 'അവര്‍ നമ്മുടെ സമൂഹത്തോട് ചെയ്തത്' എന്ന പതിവ് മറുപടി നല്‍കുന്നതിന് പകരം 'പേഹ്' (അച്ഛന്‍) അവനോടു പറയുന്നുണ്ട്: 'വെറുപ്പ് നിറഞ്ഞ മനുഷ്യന്‍ ഒരു തോക്ക് പോലെയാണ്, മകനേ.. അയാളെ ഒരൊറ്റ കാര്യത്തിനെ കൊള്ളൂ - കൊല്ലാന്‍.' മുള എന്ന പ്രകൃതി വിഭവം ഗോത്ര ജീവിതത്തെ സമഗ്രമായി എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്ന്കൂടി വ്യക്തമാക്കുന്ന ഈ ഭാഗമാണ് നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ ഉത്തുംഗം. 'നിനക്ക് ഒരു വന്യ മൃഗത്തെ മുള കൊണ്ട് കൊല്ലാം.' 'മുവ (അമ്മ) അത് കൊണ്ട് പാചകം ചെയ്യും... നമ്മള്‍ അതില്‍ നിന്ന് മരുന്നുണ്ടാക്കും. കുട്ടകള്‍. വീടുകള്‍. ചങ്ങാടങ്ങള്‍. പലതും' 'ശരിയാണ്. അത് കൊണ്ടാണ് ഞാന്‍ മുളയെ പോലെ കഴിയാന്‍ പോവുന്നത്, റ്റൂറേ. എന്നെ ഒരു പാട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം, ഒരൊറ്റ കാര്യത്തിനാവരുത്.' ഇതൊക്കെയും പറഞ്ഞ ശേഷവും 'ഒരു കാരെന്നി കാര്യങ്ങള്‍ സ്വയം തീരുമാനിക്കണം' എന്ന് ഉത്തരവാദിത്തം മകന് തന്നെ നല്‍കുന്ന അച്ഛന്‍, മാനുഷികതയുടെ ബോധ്യങ്ങള്‍ സ്വയം ഊട്ടിയുറപ്പിക്കേണ്ടതാണ് എന്നുകൂടിയാണ് കൌമാരക്കാരനോട് പറഞ്ഞു വെക്കുന്നത്. 'ഒരു തീരുമാനം മറ്റൊന്നിലേക്ക് നയിക്കും.' എന്നെങ്കിലും തായ് ലാന്റിലേക്ക് രക്ഷപ്പെടണം എന്ന മോഹം നടക്കില്ലെന്നും ബര്‍മീസ് പട്ടാളത്തിന്റെ കയ്യില്‍ ഓടുങ്ങാനേ അതിടയാക്കൂ എന്നും റ്റൂറേക്കറിയാം. അതുകൊണ്ടാണ് തന്റെ മോഹങ്ങളെ അവന്‍ ഇങ്ങനെ ചുരുക്കുന്നത്: 'ഇത്തിരി ഭൂമി, കുറച്ചു നെല്ല്, ഒരു കുടുംബം, ഒരു വീട്. അത്ര മതി.' പക്ഷെ സംഘര്‍ഷ ഭൂമിയില്‍ അതെത്ര വലിയ സ്വപ്നമാണെന്ന് അവനറിയാം.
ബര്‍മ്മയുടെ ചരിത്രത്തിന്റെയും വര്‍ത്തമാന കാല സംഘര്‍ഷങ്ങളുടെയും അവസ്ഥകള്‍ വ്യക്തമാക്കുന്ന ഒരധ്യായത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. സമകാലിക ബര്‍മ്മയുടെ (മ്യാന്മാര്‍ എന്ന് ഔദ്യോഗിക ഭാഷ്യം) പശ്ചാത്തലത്തില്‍ സ്നേഹം, സാഹോദര്യം,. മാനുഷികത തുടങ്ങിയ സംഘര്‍ഷ വിരുദ്ധ മൂല്യങ്ങളുടെ പ്രസക്തി 'ഫിക് ഷന്റെ കലാചാരുതയോടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. ഇളം പ്രായക്കാരെ വായനാസമൂഹമായി മുന്നില്‍ കാണുന്ന ഏതു രചനയും പാലിക്കേണ്ട മിതത്വം സൂക്ഷിക്കുന്നത് കൊണ്ട് ബര്‍മ്മീസ് സംഘര്‍ഷങ്ങളുടെ രക്ത പങ്കില ഭീകരത നേരിട്ട് അധികമൊന്നും നോവലില്‍ ചിത്രീകരിക്കപ്പെടുന്നില്ല.
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 139-143)
To purchase, contact ph.no: 8086126024
