അഹ്‌ലാം ബഷാറാത്തിന്റെ 'കോഡ് നെയിം: ബട്ടർഫ്ലൈ' എന്ന നോവൽ, യങ് അഡല്റ്റ് ഫിക് ഷന്‍ (YA Literature) പൊതുവെ പിന്തുടരുന്ന ജീവിതസന്ധികളുടെ ആഖ്യാനവഴി തന്നെയാണ് സഞ്ചരിക്കുന്നത്—ആർത്തവാനുഭവങ്ങൾ, ആദ്യ പ്രണയങ്ങൾ, സൗഹൃദങ്ങൾ, സ്വത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തിരിച്ചറിവുകൾ തുടങ്ങിയ കൗമാര സഹജമായ വിചാരങ്ങളിലൂടെ. നോവലിലെ പതിനാലുകാരിയായ പ്രധാന കഥാപാത്രം വളരുന്നത് അധിനിവിഷ്ട പലസ്തീന്‍ ഗ്രാമത്തില്‍ 2005-ൽ അവസാനിച്ച രണ്ടാം ഇന്തിഫാദയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലാണ്. മരണവും അറസ്റ്റുകളും തകർത്തെറിയപ്പെടലുകളും ദിനചര്യകളായി മാറിയ ഇടത്തില്‍നിന്നാണ് ഈ പുസ്തകം സംസാരിക്കുന്നത് എന്നതുകൊണ്ടുതന്നെ, YA ഫിക് ഷനില്‍ പൊതുവെ കാണാറുള്ള സാത്വിക സമീപനം എന്ന ലളിതവൽക്കൃത വാർപ്പ് സങ്കൽപ്പങ്ങളെ അത് തള്ളിക്കളയുന്നു. ഗ്രാഫിക് വിവരണത്തില്‍ തെളിയുന്ന, "വീണ്ടും വീണ്ടും" വെടിയേറ്റ് കൊല്ലപ്പെട്ട സ്വാലിഹ് അമ്മാവന്റെ മരണം ഉള്‍പ്പെടുന്ന ഒരു കൂട്ടക്കുരുതിയുടെ ചിത്രവും, ബാക്കറിന്റെ രണ്ടു കാലുകളും കവർന്നെടുത്ത ലാൻഡ്‌മൈൻ സ്ഫോടനവുമെല്ലാം ഫലസ്തീനിലെ കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർത്ഥ്യങ്ങൾ മാത്രമാണ്. വടക്കന്‍ പലസ്തീനിലെ ജനീനില്‍, തമ്മൂന്‍ ഗ്രാമത്തില്‍ 1975- ല്‍ ജനിച്ച എഴുത്തുകാരിയുടെ സ്വന്തം ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത ആഖ്യാനത്തിലുടനീളം ഇഴചേർന്നുനിൽക്കുന്നത് ഇതിൽ വ്യക്തമായി കാണാം.
എങ്കിലും, ഇസ്രായേൽ-ഫലസ്തീൻ സംഘർഷം മാത്രമല്ല ഈ നോവലിന്റെ കേന്ദ്രബിന്ദു. മറിച്ച്, 'ബട്ടർഫ്ലൈ' എന്നു മാത്രം വിളിക്കപ്പെടുന്ന പെൺകുട്ടിയുടെ ചോദ്യങ്ങൾ ചോദിക്കുന്ന മനസ്സാണ്. ചിലപ്പോഴൊക്കെ അത് വേദനാജനകമായ നിഷ്കളങ്കത വെളിപ്പെടുത്തുന്നു: ഉദാഹരണത്തിന്, കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന്റെ കൃത്യമായ ശരീരശാസ്ത്രപരമായ വഴികളെക്കുറിച്ച് അവൾക്ക് നിശ്ചയമില്ല; അത് ലൈംഗികതയെക്കുറിച്ച് കൂടുതൽ അറിവുള്ള ഹയാ എന്ന കൂട്ടുകാരിയുടെ പരിഹാസത്തിന് കാരണമാകുന്നുമുണ്ട്. എന്നാൽ, അവളുടെ ആന്തരിക സംഭാഷണങ്ങൾ സ്വന്തം അസ്തിത്വത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, താൻ ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചുമുള്ള ആഴത്തിലുള്ള ചോദ്യങ്ങളിലേക്ക് പടരുന്നു. അവളുടെ അച്ഛൻ അധിനിവേശ രാഷ്ട്രീയത്തില്‍ ഏത് പക്ഷത്താണ് നിലകൊള്ളുന്നത്? ഫലസ്തീൻ വിട്ടുപോകണമെന്ന സ്വന്തം സ്വപ്നത്തെ പിന്തുടരാൻ അവൾക്ക് സാധിക്കുമോ? മരണപ്പെട്ട അമ്മാവന്റെ ഭാര്യ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സഹോദരനെത്തന്നെ വീണ്ടും വിവാഹം കഴിച്ചത്? അതിലടങ്ങിയ കുടുംബത്തിന്റെ മാനം എന്നത് എന്താണ്? ഇസ്രായേലി കുടിയേറ്റക്കാരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് അവളുടെ പിതാവ് ആസ്വദിക്കുന്നുണ്ടോ? അദ്ദേഹത്തിന്‍റെ ബോസ് നല്‍കുന്ന ചോക്ലേറ്റുകൾ അവൾ കഴിക്കുന്നത് തെറ്റാണോ? അവൾ ഏറെ ആരാധിച്ചിരുന്ന മൂത്ത സഹോദരി സൈനബ്, ജയിലില്‍ കഴിയുന്ന ധീരപോരാളിയായ കാമുകനെ ഉപേക്ഷിച്ച് ഒരു സൗദി പൗരനെ വിവാഹം കഴിക്കാൻ തുനിഞ്ഞത് എന്തുകൊണ്ടാണ്? "എന്തുകൊണ്ടാണ് എന്റെ നാട്ടിൽ വിവാഹം ഇത്ര സങ്കടകരമായ ഒരു അനുഭവമായി മാറുന്നത്?"
സ്വന്തം മാതാപിതാക്കളോടോ സഹോദരങ്ങളോടോ കൂട്ടുകാരോടോ മനസ്സ് തുറക്കാൻ കഴിയാതെ, തന്റെ ഉള്ളിൽ വിരിയുന്ന അസംഖ്യം ചോദ്യങ്ങൾ സൂക്ഷിച്ചു വെക്കാൻ അവൾ കണ്ടെത്തുന്ന മാജിക്കല്‍ റിയലിസ്റ്റ് ഫോര്‍മുലയാണ് നോവലിന്റെ ഒരു പ്രധാന ഇതിവൃത്ത കൌതുകം. അവള്‍ ഒരു സാങ്കല്‍പ്പിക നിധിപേടകം നിർമ്മിക്കുന്നു; ഇപ്പോൾ അത് നിറഞ്ഞു കവിയാറായെന്ന് അവൾ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ സങ്കടകരമെന്നു പറയാം, ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എവിടെ നിന്നും ലഭിക്കുന്നില്ല. ഒടുവിൽ, മുതിർന്നവരുടെ പക്കലും എല്ലാ ഉത്തരങ്ങളുമില്ലെന്നും, അവർക്കും സ്വന്തമായി ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ടെന്നും നോവലിന്റെ അവസാനത്തോടെ അവൾ തിരിച്ചറിയുന്നു. എം. ലിങ്ക്സ് ക്വാലി (M Lynx Qualey) നിരീക്ഷിക്കുന്നത് പോലെ വായനക്കാരനും ആ തിരിച്ചറിവിലേക്ക് തന്നെയാണ് എത്തുന്നത്—"ദ്വിരാഷ്ട്ര പരിഹാരത്തെ (Two-State Solution) കുറിച്ച് പോയിട്ട് തന്റെ പുരികക്കൊടികളെ എങ്ങനെ കകാര്യം ചെയ്യണം എന്നു പോലുമറിയാത്ത ഒരു പതിനാലോ പതിനഞ്ചോ വയസ്സുകാരിയായ പെൺകുട്ടിയുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണുന്ന ഒരു അനുഭവമാണത്."
ജീവിതത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ സ്വായത്തമാക്കുക എന്നതാണ് കൗമാരത്തിൽ നിന്നുള്ള വളർച്ചയുടെ (Coming of age) കാതൽ. ഫലസ്തീനിലെ കുട്ടിക്കാലവും പുറംലോകത്തെ കുട്ടിക്കാലവും തമ്മിലുള്ള കൃത്യമായ വ്യത്യാസങ്ങൾ വെളിപ്പെടുന്നതും ഇവിടെയാണ്. വിവാഹശേഷം ജോർദാനിൽ നിന്ന് പുതിയ ഭർത്താവിനൊപ്പം വിമാനത്തിൽ പറന്നുയരുന്ന സഹോദരിയെ യാത്രയാക്കി മടങ്ങിയെത്തിയ ശേഷം ബട്ടർഫ്ലൈ വിവരിക്കുന്നു: ജോർദാനിലെ കുട്ടികൾക്ക് "തങ്ങളുടെ കുടുംബത്തോടൊപ്പം ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യാൻ കഴിയും... കാരണം അവിടെ ചെക്ക്‌പോസ്റ്റുകൾ ഒന്നുമില്ല. എല്ലാ സ്ഥലത്തും തങ്ങളുടെ ജനന സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ട ഭാരം പോലും അവർക്കില്ല". ഈ തിരിച്ചറിവ് ഒടുവിൽ വേദനാജനകമായ ഒരു തിരിച്ചറിവിലേക്ക് അവളെ എത്തിക്കുന്നു: "ഫലസ്തീനിൽ, തങ്ങൾ കുട്ടികളാണെന്ന് തെളിയിക്കാൻ പോലും കുട്ടികൾ നിർബന്ധിതരാകുന്നു."
നോവലിന്റെ രണ്ടാം പകുതിയിൽ, ബട്ടർഫ്ലൈയെ അവളുടെ വെറും സ്വപ്നവിചാരങ്ങളിൽ നിന്ന് മുതിർന്നവരുടെ ലോകത്തിലേക്ക് തള്ളിവിടുന്ന ചില സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. മുകളില്‍ സൂചിപ്പിച്ചപോലെ, അവളുടെ മൂത്ത സഹോദരി, തടവറയിലുള്ള 'ഫിദായി'യോടുള്ള (പോരാളി) സ്നേഹം കുടുംബത്തിന്റെ സമ്മർദ്ദം മൂലം ഉപേക്ഷിച്ച്, വിവാഹിതയായി നാടുവിട്ടുപോകുന്നു. പതിറ്റാണ്ടുകളോളം ജോലി ചെയ്ത മുന്തിരിത്തോട്ടത്തിലെ ജോലി അവളുടെ അച്ഛന് നഷ്ടപ്പെടുന്നു; അവളുടെ ആദ്യപ്രണയാനുഭവത്തിലെ നായകന്‍ അധിനിവേശവിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഒരു പ്രഭാതത്തിൽ രക്തസാക്ഷിത്വം വരിക്കുന്നു. അവളെപ്പോലെത്തന്നെ മുബാറക് മുത്തശ്ശനെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു തിരിച്ചറിവിലാണ് നോവൽ പ്രതീകാത്മകമായ ഒരു അവസാനത്തിലേക്ക് എത്തുന്നത്—തങ്ങളുടെ ജനത യഥാർത്ഥ ശത്രുവിനുപകരം തമ്മില്‍ത്തമ്മില്‍ തന്നെയാണ് പോരാടുന്നത് എന്ന തിരിച്ചറിവ്.
ഒടുവിൽ, ഈ ചോദ്യം ശേഷിക്കുന്നു: അധിനിവിഷ്ട ലോകത്തിന്റെ ഈ ദയയില്ലായ്മകളെ അതിജീവിക്കാൻ അവൾക്ക് സാധിക്കുമോ? അവൾ ഫലസ്തീനിൽ തന്നെ തുടരുകയാണെങ്കിൽ, ദാരുണമായ കാര്യങ്ങൾ അവൾക്കും സംഭവിക്കും. അവളുടെ മുത്തശ്ശിയെപ്പോലെ, ദൃഢനിശ്ചയത്തോടെ നിൽക്കാൻ അവൾ പഠിക്കുമോ? തന്റെ ഉള്ളിലെ കൊക്കൂണിൽ നിന്ന് ചിറകടിച്ചുയരുന്ന, അവിടെ സൂക്ഷിച്ചുവെച്ച സകലതും എറിഞ്ഞുകളഞ്ഞ് ദൂരേക്ക് പറന്നുയരുന്ന ചിത്രശലഭച്ചിറകുകളുടെ സ്വപ്നത്തിലേക്ക് അവൾ ആഴ്ന്നിറങ്ങുന്നു. എല്ലാ സങ്കടങ്ങളും അനിശ്ചിതത്വങ്ങളും ഒരു പുതിയ അറിവിലൂടെ അവൾക്ക് മുന്നിൽ അലിയുന്നു: "മുത്തശ്ശീയുടെയും മുത്തശ്ശന്റെയും തമ്പിനു പുറത്തിരിക്കുമ്പോൾ, ഞാൻ എന്റെ നെഞ്ചിൽ കൈവെച്ചു—ആ ചിത്രശലഭം കൂടുതൽ വലുതാകുന്നതും കരുത്താർജ്ജിക്കുന്നതും ഞാൻ അനുഭവിച്ചറിഞ്ഞ ഇടത്ത്... ജീവിതത്തിന്റെ ദൂരങ്ങൾ മുഴുവൻ താണ്ടാനുള്ള കരുത്ത് എനിക്കുള്ളിലുണ്ടെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു."
ചോദ്യങ്ങൾ ചുറ്റും കണ്ണോടിച്ചു സ്വയം മനനം ചെയ്യാന്‍ പാകത്തില്‍ വായനക്കാര്‍ക്കു മുന്നിൽ തുറന്നുവെക്കുകയാണ് നോവലിസ്റ്റ്; ഉത്തരം നൽകുന്നുവെന്ന് പുസ്തകം ഭാവിക്കുന്നുമില്ല.
