എറ്റാഫ് റൂം: ശാക്തീകരണം കൊണ്ട് മറികടക്കുന്ന കരിങ്കണ്ണ്
എറ്റാഫ് റൂമിന്റെ രണ്ടാമത് പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്ത നോവലാണ് 2023-ൽ പുറത്തിറങ്ങിയ 'ഈവില്‍ ഐ' (Evil Eye). ആദ്യ നോവല്‍ അറബ്-അമേരിക്കൻ സമൂഹങ്ങൾക്കുള്ളിലെ ലിംഗവിവേചനങ്ങളെയും പുരുഷാധിപത്യത്തെയും തുറന്നുകാട്ടിയപ്പോള്‍ തന്റെ രണ്ടാമത്തെ കൃതി കൂടുതൽ ആഴത്തിലുള്ള മാനസിക വിശകലനങ്ങളിലേക്കും (Psychological Realism) ആന്തരിക വിമുക്തിയിലേക്കുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടിയേറ്റക്കാരുടെ രണ്ടാം തലമുറ അനുഭവിക്കുന്ന സാംസ്കാരിക വൈരുദ്ധ്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, പെൺസ്വത്വത്തിന്റെ വീണ്ടെടുപ്പ് എന്നിവയെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വിചാരണ ചെയ്യുന്ന സാഹിത്യ ശൈലി നോവലിസ്റ്റ് ഇവിടെയും തുടരുന്നു.
നോവലിലെ കേന്ദ്രകഥാപാത്രമായ യാര, ഭാര്യയും രണ്ടു മക്കളുടെ മാതാവും ഒപ്പം പ്രദേശിക കോളേജിൽ ഗ്രാഫിക് ഡിസൈനറായും പാർട്ട് ടൈം ആർട്ട് പ്രൊഫസറുമാണ്. അറബ്-അമേരിക്കൻ സമൂഹത്തിന്റെ പരമ്പരാഗതമായ ഒരന്തരീക്ഷത്തിലാണ് യാര വളർന്നുവന്നത്. യാരയുടെയും ഫാദിയുടെയും കുടുംബങ്ങളിലെ പ്രായമായവർ ഫലസ്തീനിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും, തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും അഭയാർത്ഥി ക്യാമ്പുകളിൽ കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്തവരാണ്. ഗാർഹികമായ ഉത്തരവാദിത്തങ്ങളെല്ലാം മനോഹരമായി നിറവേറ്റുമെങ്കിലും സ്വന്തം വീട്ടകത്ത് വലിയൊരസ്വസ്ഥത യാര അനുഭവിക്കുന്നുണ്ട്. കുടുംബം, കരിയർ, ഇസ്ലാം എന്നിവയോടുള്ള യാരയുടെ കാഴ്ചപ്പാടുകളോട് അമ്മായിഅമ്മയായ നാദിയക്ക് ഒട്ടും യോജിപ്പില്ലായിരുന്നു; സ്ത്രീകൾ സ്വന്തമായി ജോലി ചെയ്തുജീവിക്കുന്നതിനെ അവർ ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
വംശീയ അധിക്ഷേപം ചൊരിയുന്ന സഹപ്രവർത്തകയോട് ഒരിക്കല്‍ പൊട്ടിത്തെറിക്കുന്നത് യാരയുടെ ജോലി നഷ്ടപ്പെടുത്തുന്നു; യഥാർത്ഥത്തിൽ ആ ജോലി ഒരിക്കലും സ്ഥിരപ്പെടുത്തിയിരുന്നതുമില്ല. ഒരു കൗൺസിലിംഗ് സെന്ററിൽ വെച്ച് സൈലസ് എന്ന ഗേ ആയ പാചകകലാ പ്രൊഫസറുമായി അവൾ അപ്രതീക്ഷിതമായ ഒരു സൗഹൃദത്തിലാകുന്നു. തന്റെ പ്രതിസന്ധികളെയും മാനസിക അസ്വസ്ഥതകളെയും മറികടക്കാൻ അവൾ ഭർത്താവായ ഫാദിയുടെ സഹായം തേടുന്നുണ്ടെങ്കിലും, അയാളെ സംബന്ധിച്ചിടത്തോളം യാര വെറുമൊരു കരച്ചിൽക്കാരി മാത്രമായിരുന്നു; അവളുടെ തലതിരിഞ്ഞ അമ്മയുടെ അതേ സ്വഭാവമാണ് അവൾക്കുമെന്ന് അയാള്‍ പരിഹസിക്കുന്നു. യാരയുടെ കുട്ടിക്കാലത്തെ വീടാകട്ടെ, കടുത്ത അശാന്തിയും അരാജകത്വവും നിറഞ്ഞതായിരുന്നു. ഗാര്‍ഹിക പീഡകാനായ പിതാവും മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന ഉമ്മയുമായിരുന്നു അവളുടേത്. ഇതിനിടയിൽ ഉമ്മയ്ക്കുണ്ടായ ഒരു ബന്ധവും കുടുംബത്തെ സമുദായം ഒറ്റപ്പെടുത്തുന്നതിലെത്തിച്ചു.
യാരയുടെ ഉമ്മയുടെ കാഴ്ച്ചപ്പാടില്‍, എല്ലാ ദുരന്തങ്ങള്‍ക്കും കാരണം നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന കുടുംബശാപമാണ്. എന്നാല്‍, സുഹൃത്തായ സൈലസ് നിർദ്ദേശിച്ച എസ്തർ എന്ന പുതിയ തെറാപ്പിസ്റ്റ്, 'തലമുറകൾ കൈമാറിവരുന്ന ആഘാതം' (Ancestral trauma) എന്ന ആശയത്തെക്കുറിച്ച് യാരയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നു. തന്റെ മാനസിക പ്രയാസങ്ങളുടെ വേരുകൾ ഉമ്മ അനുഭവിച്ച വേദനകളിലാണെന്നും, ഉമ്മയുടെ ആ വേദനയാകട്ടെ 1948-ലെ നക്ബയിലൂടെ സ്വന്തം കുടുംബത്തെ വേരോടെ പിഴുതെറിഞ്ഞ ഫലസ്തീനിയൻ ജനതയുടെ ദുരന്തത്തിൽ നിന്നാണ് ഉടലെടുത്തതെന്നും യാര തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് നൽകിയ ആത്മബലത്തിൽ, ഫാദിയുമായുള്ള ബന്ധം വേർപെടുത്താൻ അവൾ ഉറപ്പിക്കുന്നു. എന്നാൽ വിവാഹമോചന കാര്യം അറിയിക്കാൻ ഒരുങ്ങുമ്പോൾത്തന്നെ, ഫാദി തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം അവളോട് വെളിപ്പെടുത്തുന്നു; ജോലിസ്ഥലത്ത് കളവ് പറയുകയും കമ്പനി പണം ദുരുപയോഗം ചെയ്യുകയും ചെയ്തതിനാണ് അയാളെ പുറത്താക്കിയത്. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി യാര മുന്നോട്ടുപോകുകയും തന്റെ പെൺമക്കളോടൊപ്പം അടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറിത്താമസിക്കുകയും ചെയ്യുന്നു. വംശീയ ന്യൂനപക്ഷങ്ങൾക്കായി (people of color) ഒരു ആർട്ട് സെന്റർ തുടങ്ങാൻ അവൾ പദ്ധതിയിടുന്നു. കാലങ്ങളായി അടിച്ചമർത്തപ്പെട്ട യാര ഒടുവിൽ സ്വതന്ത്രയാകുകയാണ്. ആദ്യം, ഒരു കലാകാരിയാവുക എന്ന തന്റെ സ്വപ്നത്തിന്റെയും തന്റെ ചിത്രങ്ങൾ വിറ്റഴിക്കുന്ന സാധ്യതയും അവള്‍ പഠിക്കുന്നു. തനിക്കും മക്കൾക്കും ജീവിക്കാനുള്ള വരുമാനം സ്വന്തമായി ഉണ്ടാക്കാൻ കഴിയുമെന്ന് ഉറപ്പായതോടെയാണ് അവൾ വീടുവിട്ടിറങ്ങുന്നതും വിവാഹമോചനം നേടുന്നതും. ഒടുവില്‍ ഒരു ഘട്ടത്തില്‍, അപൂർവ്വമായി മാത്രം പ്രകടിപ്പിക്കുന്ന സ്നേഹത്തോടെ, "മുന്നിൽ ഒട്ടനവധി നല്ല കാര്യങ്ങൾ കാത്തിരിക്കുന്നുണ്ട്" എന്ന് ഉമ്മ അവളോട് പറയുന്നു. ഉമ്മയുടെ ആ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട്, സ്വന്തം മാതാപിതാക്കളേക്കാൾ മനോഹരമായി കാര്യങ്ങളെ നയിക്കാനും, സ്വതന്ത്രയായ ഒരു സ്ത്രീയായി സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും, തന്റെ പെൺമക്കൾക്കായി മഹത്തായ ഒരു പാരമ്പര്യം കരുതിവെക്കാനുമുള്ള യാരയുടെ പ്രത്യാശക്ക് മുന്നിലാണ് നോവല്‍ അവസാനിക്കുന്നത്.
എറ്റാഫ് റൂമിന്റെ തന്നെ ആദ്യ നോവലായ A Woman Is No Man-ഉം ഹാലാ അല്യാന്റെ Salt Houses-ഉം ആയി ഈ നോവലിനെ നേരിട്ട് താരതമ്യം ചെയ്യാം. Salt Houses-ൽ കാപ്പികോപ്പയിലെ അവശിഷ്ടങ്ങളിൽ പ്രവാസ വിധി വായിക്കുന്നതുപോലെ, ഇവിടെ കണ്ണേറ് എന്ന അന്ധവിശ്വാസത്തിലൂടെ തലമുറകളുടെ ആഘാതം പ്രതിഫലിക്കുന്നു. ആദ്യ നോവലിൽ സാമൂഹിക വ്യവസ്ഥിതിയോടും പാരമ്പര്യത്തോടുമുള്ള തുറന്ന കലാപമാണ് കണ്ടതെങ്കിൽ, Evil Eye-ൽ എത്തുമ്പോൾ തെറാപ്പിയിലൂടെയും വ്യക്തിഗത ആത്മപരിശോധനയിലൂടെയും (Self-actualization) ശാപമുക്തി നേടുന്ന കൂടുതൽ പക്വതയുള്ള ഒരു നായികയെയാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.
