പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ ദക്ഷിണ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന കറുത്തവര്‍ക്ക് നേരെയുള്ള വര്‍ണ്ണ വിവേചനത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് രക്ഷ തേടി ഓഹായോയിലേക്ക് കുടിയേറിയ തൊഴിലാളി വര്‍ഗ്ഗ കുടുംബമായിരുന്ന അച്ഛനമ്മമാരുടെ നാല് മക്കളില്‍ രണ്ടാമത്തവളായി ജനിച്ച ടോണി മോറിസന് ആഫ്രിക്കന്‍ - അമേരിക്കന്‍ സാഹിതീയ – സാംസ്കാരിക പൈതൃകം പകര്‍ന്നു കിട്ടിയത് സ്വാഭാവികമായിരുന്നു. സാഹിത്യ ലോകത്ത് നോബല്‍ സമ്മാനം വരെയുള്ള പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന അവരുടെ പ്രമേയപരമായ ഉത്കണ്ഠകളില്‍ കറുത്തവന്റെ അനുഭവങ്ങള്‍ അതിന്റെ സാകല്യത്തില്‍ കടന്നു വരുന്നുണ്ട്. ഒപ്പം പുരുഷ മേധാവിത്തത്തിന്റെ ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്ര സ്ഥാനീയര്‍ ആയിരിക്കുമ്പോഴും പറഞ്ഞു പതിഞ്ഞ 'ഫെമിനിസ്റ്റ്' കള്ളികളില്‍ അവര്‍ താല്പര്യം കാണിച്ചിട്ടില്ല. അടഞ്ഞ സമീപനങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്ന് അവര്‍ ഏറ്റുപറഞ്ഞിട്ടുള്ളത്, മറ്റൊരര്‍ത്ഥത്തിലും പ്രസക്തമാണ് - ഏകപക്ഷീയമായ വംശീയ വിചാരണകളുടെ കനം കുറഞ്ഞ വിധിയെഴുത്തും അവര്‍ക്ക് പഥ്യമല്ല. കുടുംബം, പാരമ്പര്യത്തിന്റെ ഭാരം, വര്‍ത്തമാനവും ചരിത്രവും തമ്മിലുള്ള കെട്ടുപിണച്ചിലുകള്‍ തുടങ്ങിയ മോറിസന്‍ പ്രമേയങ്ങളില്‍ ഇരകളുടെ സ്ഥാനത്ത് എല്ലായിപ്പോഴും കറുത്തവനും അല്ല.
കരിനീലക്കണ്ണുകള്‍ പറഞ്ഞത്:
കുട്ടിക്കാലത്തെ പീഡാനുഭവങ്ങള്‍ അതേറ്റുവാങ്ങുന്നവരില്‍ സൃഷ്ടിക്കുന്ന വിട്ടുപോകാത്ത മുറിവുകള്‍ ടോണി മോറിസന്റെ പ്രഥമ കൃതികയായ 'The Bluest Eye' എന്ന നോവലില്‍ മുഖ്യ വിഷയമാണ്. 1970-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയില്‍ മുപ്പതുകളിലെ വന്‍ സാമ്പത്തിക മാന്ദ്യ(The Great Depression)ത്തിന്റെ ഒടുവില്‍, രണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെയും വര്‍ണ്ണ വിവേചനത്തിന്റെയും ബലിക്കല്ലില്‍ തകര്‍ന്നു പോവുന്ന പിക്കൊളോ ബ്രീഡ് ലൌ എന്ന പതിനൊന്നുകാരിയുടെയും അതിനു സാക്ഷികളും പങ്കാളികളുമായ ഏതാനും കഥാപാത്രങ്ങളിലൂടെയും കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ചു വന്ന ആത്മ പുച്ഛത്തോളം എത്തുന്ന ആത്മ സംഘര്‍ഷങ്ങളുടെയും സന്ദേഹങ്ങളുടെയും കഥ പറയുന്നു. എല്ലാവരാലും സ്നേഹിക്കപ്പെടണമെന്നും അച്ഛനും അമ്മയും തമ്മില്‍ പതിവായ ഹിംസാത്മക സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടണമെന്നും മാത്രം ആഗ്രഹിക്കുന്ന പിക്കൊളോയുടെ മോഹം നടക്കാന്‍ പോവുന്നില്ലെന്നു മാത്രമല്ല, ആ ഊരാക്കുടുക്കില്‍ ആഴ്ന്നു പോവുകയുമാണവള്‍. കറുത്ത നിറം വൈരൂപ്യമാണെന്ന ചിന്തയിലാണ് അവള്‍ മുത്തശ്ശിക്കഥയിലെ രാജകുമാരിയെ പോലെ തന്റെ ദുഃഖങ്ങള്‍ക്കെല്ലാം പരിഹാരമായി സ്വന്തം ഫാന്റസിയില്‍ നീലക്കണ്ണുകള്‍ക്കായി മോഹിക്കുന്നത്. നോവലിന്റെ കാലമായ നാല്‍പ്പതുകളുടെ തുടക്കത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അപകര്‍ഷ ബോധത്തിന്റെ ഭാരമായിരുന്നു സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും വെളുത്ത നിറവുമാണ് സൗന്ദര്യ ത്തിന്റെ ലക്ഷണം എന്ന ചിന്ത. അറുപതുകളില്‍ 'കറുപ്പുനിറം സുന്ദരമാണ്' (Black is Beautiful) എന്നത് ഒരു പ്രസ്ഥാനമായിത്തന്നെ വളര്‍ന്നു വന്നത് ഈ പശ്ചാത്തലത്തിലാണ്. ആ അര്‍ഥത്തില്‍ പിക്കോളോയുടെ പീഡാനുഭവം കറുത്ത വര്‍ഗ്ഗക്കാരന്റെ സഞ്ചിത ചരിത്രത്തിന്റെ ദുര്‍വ്വിധിയാണ്. അച്ഛന്‍ ചോളി ബ്രീഡ്ലൌ രണ്ടു തവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭം ധരിക്കേണ്ടി വരികയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ട വഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം തനിക്ക് നീലക്കണ്ണുകളുടെ വരം ലഭിച്ചതായി വിശ്വസിക്കുന്ന പിക്കോളോ ഉള്ളുലയ്ക്കുന്ന അനുഭവമാണ്.
വെളുത്തവന്റെ സൗന്ദര്യബോധം അബോധത്തില്‍ പോലും സ്വാധീനിക്കുകയും അപകര്‍ഷ ചിന്തയായി വംശീയമായിത്തന്നെ വേരൂന്നുകയും ചെയ്ത അനുഭവത്തിനു പിക്കോളോ മാത്രമല്ല ഇരയാവുന്നത്. നോവലില്‍ കൂടിയോ കുറഞ്ഞോ അളവില്‍ എല്ലാ കഥാപാത്രങ്ങളും ഈ ദൂഷിത വലയത്തില്‍ പെട്ട് പോവുന്നുണ്ട്. മാക് ടിയര്‍ കുടുംബത്തിലെ സ്നേഹ പൂര്‍ണ്ണവും സംരക്ഷണ സ്വഭാവത്തിലുള്ളതുമായ ജീവിതം ആസ്വദിക്കുമ്പോഴും ക്ലോഡിയയും ഫ്രീഡയും സ്കൂളിലും പുറത്തും ഈ അപകര്‍ഷവുമായി ഏറ്റുമുട്ടുന്നുണ്ട്. പിക്കോളോയുടെ ദുര്‍വ്വിധിയുടെ അന്തിമ കാരണമായിത്തീരുന്ന ചോളി തന്നെയും അത്രയേറെ കെട്ടുപോയ ഒരു മാനസികാവസ്ഥയില്‍ പെട്ടുപോവുന്നത് വംശീയമായ കുടിലതകള്‍ നേരിടേണ്ടിവന്ന ബാല്യ കൌമാരങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍, എല്ലാവര്‍ക്കും അവരനുഭവിക്കുന്ന/ നേരിടുന്ന അവമതികള്‍ പ്രക്ഷേപിക്കാനും അതുവഴി താരതമ്യ സുരക്ഷിതത്വത്തിന്റെ പുകമറയില്‍ സ്വയം രക്ഷപ്പെടാനുമുള്ള ബലിയാടായി മാറുന്നു എന്നിടത്താണ് പിക്കോളോയുടെ ദുരന്തം വ്യത്യസ്തവും ഒരു ജനതയുടെ വംശീയാനുഭവത്തിന്‍റെ പ്രതിനിധാനവും ആവുന്നത്.
പീഡന ഗാഥ വീണ്ടും : രചനയുടെ ശിശിരം?
തന്റെ പ്രഥമ കൃതിയില്‍ രചനയുടെ മാന്ത്രികതയിലൂടെ കൈകാര്യം ചെയ്തു ലോകമെമ്പാടു മുള്ള വായനക്കാരുടെ ഉള്ളുലച്ച പ്രമേയം നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കൃത ഹസ്തയായ നോവലിസ്റ്റ് വീണ്ടും അവതരിപ്പിക്കുമ്പോള്‍ വര്‍ദ്ധിത മാനങ്ങളിലേക്ക് അത് വികസിക്കുന്നുവോ എന്ന അനുവാചക ഉത്കണ്ഠ സ്വാഭാവികമാണ്. 'കുഞ്ഞുങ്ങള്‍ എന്റെ അടുക്കല്‍ വരട്ടെ, അവരെ തടയരുത്" എന്ന ക്രിസ്തു വചനത്തിന്റെ പ്രവേശന വാക്യത്തിലൂടെ ആരംഭിക്കുന്ന ഈ വര്‍ഷം പുറത്തിറങ്ങിയ അവരുടെ പുസ്തകം 'കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ ' (God Help the Child) ഒരു ഓര്‍മ്മപ്പെടുത്തലാണ് : 'നിങ്ങള്‍ കുട്ടികളോട് എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണ്. അവരത് ഒരിക്കലും മറന്നേക്കില്ല.'
'പാതിരാക്കറുപ്പ് അല്ലെങ്കില്‍ സുഡാനീസ് കറുപ്പുമായി പിറന്നു വീഴുകയാല്‍ ആദ്യ നോട്ടത്തിലേ ഇളം കറുപ്പ് നിറക്കാരിയായ അമ്മക്ക് ചതുര്‍ത്ഥിയാവുകയും അഗമ്യഗമനം ആരോപിച്ചു അച്ഛന്‍ അമ്മയെ ഉപേക്ഷിക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നതിന്റെ അപകര്‍ഷ ബോധമാണ് പിറവിയിലേ ലുലാ ആനിന് പൈതൃകമായിക്കിട്ടുന്നത് . മകളെ തൊടാന്‍ അറപ്പായിരുന്ന അമ്മ, അവള്‍ തന്നെ അമ്മയെന്ന് വിളിക്കുന്നത് പോലും ഇഷ്ടപ്പെടാത്തത് കൊണ്ടാണ് 'സ്വീറ്റ്‌നസ്സ് 'എന്ന്‍ തികഞ്ഞ വിരോധാഭാസമായ ഒരു പേര് സ്വയം അണിയുന്നത്. കുഞ്ഞായിരുന്ന ലുലാ ആന്‍ അമ്മ തന്നെയൊന്നു തല്ലിയിരുന്നെങ്കില്‍ അങ്ങനെയെങ്കിലും ആ സ്പര്‍ശം അനുഭവിക്കാമായിരുന്നു എന്ന് ആഗ്രഹിക്കുന്നുണ്ട് . പട്ടിണിക്കിടുകയും മുറിയില്‍ പൂട്ടിയിടുകയും ഒക്കെയായിരുന്നു പകരം അമ്മ കണ്ടെത്തിയ ശിക്ഷാ മുറകള്‍ . അമ്മയുടെ പരിഗണനയെങ്കിലും പിടിച്ചു പറ്റാനുള്ള കടും കയ്യിന്റെ ഭാഗമായാണ് അവളൊരു മഹാപാപം ചെയ്യുന്നത്: സോഫിയ ഹക്സലിയെന്ന വെളുത്ത വര്‍ഗ്ഗക്കാരി കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികക്കെതിരെ കെട്ടിച്ചമച്ച ബാലപീഡനത്തിനു സാക്ഷി പറഞ്ഞു അവരെ ജയിലിലടക്കാന്‍ കാരണക്കാരിയാവുന്നുണ്ട് അവള്‍. അമ്മയുടെ കണക്ക് കൂട്ടലില്‍ നിന്ന് വ്യത്യസ്തമായി എണ്ണക്കറുപ്പിന്റെ വശ്യ സൗന്ദര്യമായിത്തീരുന്ന ലുല, തന്റെ കഴിഞ്ഞകാലം പിന്നില്‍ കളയാനും കൂടിയാണ് തന്റെ പേര് ബ്രൈഡ് എന്ന്‍ ചുരുക്കുന്നത്. ഒരു സൗന്ദര്യ സംവര്‍ദ്ധക ഉല്പന്നക്കമ്പനിയുടെ ഉന്നത സ്ഥാനീയയായ ഉദ്യോഗസ്ഥയായി ഉല്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുമ്പോള്‍ മുമ്പ് തൊലിയുടെ നിറത്തിന്റെ പേരില്‍ തന്നെ അവമതിച്ചിരുന്നവരുടെ സൗന്ദര്യ സങ്കല്‍പ്പത്തെ അമ്മാനമാടുന്നതിന്റെ സുഖം അവള്‍ അനുഭവിക്കുന്നുണ്ട്. പോയ കാലത്തോട് കണക്ക് തീര്‍ക്കുന്നതിന്റെ ഇതേ മാനസികാവസ്ഥയുടെ മറുവശമാണ് ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കാനും സാമ്പത്തിക സഹായത്തിലൂടെ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിച്ചു പ്രായശ്ചിത്തം ചെയ്യാനുമായി അവള്‍ പരോളില്‍ ഇറങ്ങുന്ന സോഫിയയെ കാണാന്‍ ചെല്ലുന്നത്. എന്നാല്‍ സ്വയം നിയന്ത്രിക്കാനാവാതെ സോഫിയ അവള്‍ക്കു നല്‍കുന്ന അപ്രതീക്ഷിത മര്‍ദ്ദനം അവള്‍ക്ക് കടുത്ത മുഖ വൈകല്യത്തിനും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായിത്തീരുന്ന ചികിത്സക്കും ഇടയാക്കുന്നു. സോഫിയയുടെ സ്വന്തം ആഖ്യാനത്തില്‍ നിന്ന് ഈ സംഭവം അവളെത്തന്നെയും ഒരര്‍ഥത്തില്‍ വിമോചിതയാക്കുന്നുവെന്നു പിന്നീട് വ്യക്തമാകും. വെറുപ്പിന്റെ കാഠിന്യത്തില്‍ അടഞ്ഞു കല്ലിച്ചു പോയിരുന്ന അവളുടെ മനസ്സ് കണ്ണീരിന്റെയും ദുഃഖത്തിന്റെയും രൂപത്തില്‍ വിമലീകരിക്കപ്പെടുന്നതും ജീവിതം തീര്‍ന്നു പോയിട്ടില്ല എന്ന് ഒരിക്കല്‍ കൂടി അവളെ ചിന്തിപ്പിക്കുന്നതും ഈ സംഭവമാണല്ലോ.
കൂട്ടുകാരന്‍ ബുക്കര്‍ 'നീയല്ല ഞാന്‍ തേടുന്ന സ്ത്രീ!'യെന്ന് അവളെ ഉപേക്ഷിക്കുന്നത് ബ്രൈഡിനു മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറത്തായത് കൊണ്ടാണ് അവള്‍ അയാളെ തിരഞ്ഞു പോവുന്നത്. ബുക്കറിന്റെ സ്വന്തം ആഖ്യാനത്തില്‍ വ്യക്തമാകുന്ന, അതീവ തീക്ഷ്ണമായ ഒരു കുട്ടിക്കാല അനുഭവത്തിന്റെ പുരാവൃത്തത്തില്‍ നിന്നാണ് നമുക്ക് അതിന്റെ വിശദീകരണം കിട്ടുക. അസാമാന്യ സുന്ദരനായിരുന്ന പത്തുവയസ്സുകാരന്‍ ജ്യേഷ്ടന്‍ ആഡം ബാലപീഡകന്റെ കയ്യില്‍ ഒടുങ്ങിയതിന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ടതാണ് അത്. അയാള്‍ 'മറ്റെല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും നല്ലവനായ മാന്യന്‍ ' ആയിരുന്നെന്നു എല്ലാവരും ആവര്‍ത്തിക്കുമായിരുന്നു. ഇപ്പോള്‍, അതേ കുറ്റം ചെയ്ത ഒരുത്തിയെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ കാരണത്താല്‍ മുറിവേറ്റ ബ്രൈഡിനു മാപ്പ് കൊടുക്കാന്‍ അയാള്‍ക്ക് കഴിയില്ല. അവര്‍ വീണ്ടും ഒന്നിക്കുക, സോഫിയ ഹക്സലിയുടേത് തന്റെ സഹോദരന്റെ ഘാതകന്റെതില്‍ നിന്ന് ഭിന്നമായ കഥയായിരുന്നു എന്നറിയുമ്പോഴാണ്. എന്നാല്‍ അതിനു മുമ്പേ, കൊന്നവന്‍ മരിച്ചവന്റെ ഉടലിനെ അഴുകിത്തീരും വരെയും ചുമക്കുകയെന്ന ശിക്ഷയുടെ ഗോത്ര മുറ പോലെ, പഴമയുടെ ഭാരം ചുമക്കേണ്ടി വരുന്നതിന്റെ ബീഭത്സത കിറുക്കിയായ ക്വീന്‍ അമ്മായി അയാളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് : 'നിനക്ക് തോന്നുന്നില്ലേ അവന്‍ തളര്‍ന്നു കാണുമെന്ന്?... മരിക്കേണ്ടി വന്നിട്ടും മറ്റൊരാളുടെ ജീവിതം ഓടിക്കൊണ്ടേയിരിക്കേണ്ടി വരുന്നതിനാല്‍ ഒരു വിശ്രമവും ലഭിക്കായ്കയാല്‍... നീ എപ്പോഴെങ്കിലും അവനില്‍ നിന്ന് സ്വതന്ത്രനാണ് എന്ന്‍ നിനക്ക് തോന്നിയിട്ടുണ്ടോ?”
നോവലിന്റെ ലോകം ബാലപീഡനകഥകളുടെ ഒരു അറ്റമില്ലാച്ചുഴിയാണെന്നു പറയാം . ബ്രൈഡ് , ആഡമിന്റെ വിധിയുടെ സാക്ഷിയും വൈകാരിക തലത്തില്‍ അതിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവനുമായ ബുക്കര്‍ എന്നിവരെ പോലെത്തന്നെ അപ്പാര്‍ട്ട്മെന്റിന്റെ പിരിയന്‍ ഗോവണിയില്‍ വെച്ച് ബ്രൈഡ് സാക്ഷിയാവുന്ന പീഡനത്തിലെ ബാലനും ആഡമിന്റെ കൊലയാളിയായ മനോരോഗിയുടെ മറ്റിരകളും അവിടെയുണ്ട്. എന്നാല്‍, അതില്‍ ഏറ്റവും തെളിച്ചമുള്ള പാത്രാവിഷ്ക്കാരം റെയ്ന്‍ എന്ന നിഗൂഡ ഭാവക്കാരിയായ പെണ്‍കുട്ടിയുടേതാണ്. ബുക്കറിനെ തേടിയുള്ള ഏതാണ്ട് യക്ഷിക്കഥാന്തരീക്ഷം പകരുന്ന യാത്രാ മദ്ധ്യേ ഗുരുതരമായ കാറപകടത്തില്‍ പെടുന്ന ബ്രൈഡിനു അഭയവും പരിചരണവും നല്‍കുന്ന വെളുത്ത വര്‍ഗ്ഗക്കാരായ ഈവലിന്‍; - സ്റ്റീവ് എന്നീ മധ്യ വയസ്കരായ ദമ്പതിളുടെ കൂട്ടത്തിലാണ് അവള്‍ റെയ്നിനെ കണ്ടുമുട്ടുന്നത്. വെളുത്ത വര്‍ഗ്ഗക്കാരി തന്നെയായ റെയ്ന്‍, ലൈംഗികത്തൊഴിലാളിയായിരുന്ന അമ്മയുടെ പതിവുകാരുടെ കൊടിയ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഈവലിന്‍ - സ്റ്റീവ് കുടുംബത്തില്‍ എത്തുന്നത്. ഹിപ്പി സംസ്കാരത്തിന്റെ ബാക്കി പത്രമായ ഈ ദമ്പതികള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യ സന്ധതയും സമ്പത്തിനോടുള്ള അവരുടെ നിരുന്മേഷനിലപാടുകളും റെയ്നിനോട് അവര്‍ക്കുള്ളവാത്സല്യവും നോവലില്‍ അപൂര്‍ണ്ണമായി കിടക്കുന്ന സൂചകങ്ങളില്‍ ചിലത് മാത്രം. ഒരു ഘട്ടത്തില്‍ തന്നെ ആപത്തില്‍ നിന്ന് രക്ഷിക്കാനായി സ്വയം മുറിവേറ്റു വാങ്ങുന്ന ബ്രൈഡിനെ ഇനിയെന്നും പെണ്‍കുട്ടി ഓര്‍ത്തിരിക്കും -സ്നേഹത്തോടെ, വേദനയോടെ.
അപൂര്‍ണ്ണമോ രചയിതാവിന്റെ പിടിയില്‍ ഒതുങ്ങാതെ പോയതോ ആയ ആഖ്യാന ഘടകങ്ങള്‍ നോവലില്‍ വേറെയും ഉണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ബുക്കര്‍ വിട്ടേച്ചു പോവുന്നതിനു പിറകെ തന്നില്‍ സംഭവിക്കുന്ന മാറ്റത്തെ കുറിച്ചു ബ്രൈഡ് നല്‍കുന്ന സൂചനകള്‍ അതില്‍ പ്രധാനമാണ്. മാജിക്കല്‍ റിയലിസത്തിന്റെ മാനങ്ങളുള്ള ഈ മാറ്റങ്ങള്‍ വേണ്ടത്ര കലാചാരുതയോടെ പുസ്തകത്തില്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല എന്നും നിരീക്ഷി ക്കപ്പെട്ടിട്ടുണ്ട് . തന്റെ രഹസ്യ ഭാഗത്തെ രോമങ്ങള്‍ കൊഴിഞ്ഞു പോവുന്നതായി ബ്രൈഡ് ആദ്യം കണ്ടെത്തുന്നു. പിന്നീട് അവളുടെ ശരീരം അകാരണമായി ശോഷിക്കുന്നതും പ്രകോപനപരമാം വിധം നിറഞ്ഞു മുറ്റിയിരുന്ന മാറിടങ്ങള്‍ മുലക്കണ്ണുകള്‍ മാത്രം അവശേഷി പ്പിച്ചു അപ്രത്യക്ഷമാവുന്നതും അവളറിയുന്നു. എന്നാല്‍ മറ്റേതെങ്കിലും കഥാപാത്രങ്ങള്‍ അത് ശ്രദ്ധിക്കുന്നതായിപ്പോലും എങ്ങും സൂചനയില്ല . ബുക്കറുമായുള്ള പുനസമാഗമാനത്തിനു ശേഷം അവ പൂര്‍വ്വ സ്ഥിതി പ്രാപിക്കുന്നതായും സൂചനയുണ്ട്. പ്രണയ നിരാസത്തിന്റെ നാളുകളില്‍ ബ്രൈഡ് ആ പഴയ വെറുക്കപ്പെട്ട ലുലാ ആന്‍ ബ്രൈഡ് വെല്ലിലേക്ക് തിരിച്ചു പോവുകയാണോ?
പിക്കോളോ ബ്രീഡ്ലൌവില്‍ നിന്ന് ലുലാ ആന്‍ ബ്രൈഡ് വെല്ലിലേക്ക് എത്തുമ്പോള്‍ ആഴത്തിലേല്‍ക്കുന്ന മുറിവുകള്‍ എന്ന സമാനത നില നില്‍ക്കുമ്പോഴും അതിന്റെ സാമൂഹിക മാനങ്ങള്‍ ദുര്‍ബ്ബലമായിപ്പോവുന്നതായിക്കാണാം .പിക്കോളോ ഏറ്റുവാങ്ങുന്ന മുറിവുകള്‍ ഒരു വംശത്തിന്റെ വേദനയുടെതും അത് കൊണ്ട് തന്നെ ഒരു കുരിശേറ്റത്തിന്റെ മാനമുള്ളതും ആണെങ്കില്‍ ബ്രൈഡിന്റെ അനുഭവങ്ങള്‍ തന്റെ കുടുംബ പശ്ചാത്തലത്തിന്റെ മാനങ്ങള്‍ക്കപ്പുറത്തേക്ക് അത്രയൊന്നും മുന്നോട്ടു പോകുന്നില്ല. നാല്‍പ്പതുകളുടെ പശ്ചാത്തലത്തില്‍ തീക്ഷ്ണമായിരുന്ന അനുഭവങ്ങള്‍ അത്രയൊന്നും പൊള്ളിക്കുന്നതായി പില്‍ക്കാലം അനുഭവപ്പെടാത്തത് സാമൂഹിക മാറ്റങ്ങള്‍ പ്രമേയത്തിന്റെ സന്ദിഗ്ദതയെ ദുര്‍ബ്ബലപ്പെടുത്തിയത് കൊണ്ടോ രചനയുടെ തന്നെ കൈക്കുറ്റപ്പാടുകള്‍ കൊണ്ടോ എന്ന വിധിപ്രസ്താവ വിമര്‍ശനം മാറ്റിവെച്ചാലും രണ്ടുകൃതികളും പകരുന്ന അനുഭൂതിവിശേഷങ്ങളിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. . അധിക ഭാഗങ്ങളും കഥാപാത്രങ്ങളുടെ സ്വഗതാഖ്യാന രീതിയിലുള്ള ഏറ്റുപറച്ചിലുകളുടെ (confessional) രൂപത്തിലുള്ള പില്‍ക്കാല കൃതിയില്‍ പാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും അധിക പേരും അനുവാചകനില്‍ പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കുന്നില്ല എന്നതും ഇതോടു ചേര്‍ത്തു കാണണം . കൃത ഹസ്തയായ ഒരെഴുത്തുകാരി തന്റെ എണ്‍പത്തിനാലാം വയസ്സില്‍ രചിച്ച കൃതി അതിന്റെ പ്രക്ഷേപിത ലക്‌ഷ്യം നേടുന്നതില്‍ മുമ്പേ പോലെ വിജയിക്കാതെ പോവുകയാണ് എന്നും വരാം.
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍: Logos Books, പേജ് 24-29)
To purchase, contact ph.no: 8086126024
