പിതൃസ്വരൂപത്തെ തേടുന്ന അന്വേഷണം ലോകജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങളിലേക്കുള്ള യാനമായി മാറുക എന്നത് ഇതിഹാസകാലം മുതലുള്ള സാഹിതീയ മാര്‍ഗ്ഗമാണ്. പ്രായേണ വമ്പന്‍ ആഖ്യാനങ്ങളുടെ ഭൂമികയാകുന്ന ഈ രൂപത്തെ ഒരു നോവെല്ലയിലേക്ക് പരുവപ്പെടുത്തുമ്പോള്‍, ആഖ്യാന ധാരകളെ ഒന്നിനെയും വേണ്ടുംവിധം പിന്തുടരാന്‍ കഴിയാത്ത, ധ്വനിസാന്ദ്രതയുടെ അമിത പ്രയോഗത്തില്‍ ഊന്നേണ്ടുന്ന വിപര്യയം വന്നുപെട്ടേക്കാം. വൈയക്തികവും ചരിത്രപരവുമായ ട്രോമകളുടെ അതീവ ന്യൂനോക്തിയിലുള്ള സാന്ദ്രീകരണത്തില്‍ വ്യാഖ്യാന സാധ്യത വര്‍ദ്ധിച്ചേക്കാമെങ്കിലും പാത്രസൃഷ്ടിയുടെയും ഇതര ഫിക് ഷനല്‍ ആനന്ദങ്ങളുടെയും ഇടം ബലികഴിക്കപ്പെടാം. ഇതൊരു അപകട മേഖലയാണ് – സര്‍ഗ്ഗസിദ്ധിയുടെ ധാരാളിത്തം കൊണ്ടുമാത്രം തെന്നിവീഴാതെ രക്ഷപെടാനാകുന്ന ഇടം. അരനൂറ്റാണ്ടു നീളുന്ന കഥാകാലത്തിന്റെയും അതിനപ്പുറവും നീളുന്ന സ്മൃതികാലത്തിന്റെയും അനുഭവലോകം ഒന്നെത്തിനോക്കാന്‍ പോലും വേണ്ടത്ര വ്യാപ്തിയല്ല എസ്. സജിനി എഴുതിയ തൊണ്ണൂറു പേജില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ‘രഹസ്യ ഭൂഖണ്ഡങ്ങള്‍’ എന്ന നോവെല്ലയില്‍ ഉള്ളത്. എങ്കിലും ഭാവതീവ്രമായ ഭാഷയുടെ കരുത്തില്‍ എഴുത്തുകാരി വലിയൊരളവ് ഈ പരിമിതി മറികടക്കുന്നുണ്ട്.
ജാതിയും മതവും നിറവും ചുറ്റിവരിയുന്ന മനുഷ്യജീവിതത്തിന്റെ കുരുക്കുകളെ കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആമുഖത്തില്‍ത്തന്നെ എഴുത്തുകാരി വായനക്കാരെ നേരിടുന്നത്. ഈ അരികുവല്‍ക്കരണ ശക്തികളുടെ വിളയാട്ടം പിതൃദായമായിത്തന്നെ കിട്ടിയവളാണ് ആഖ്യാതാവ്. കവിയും കമ്യൂണിസ്റ്റും ചിലരുടെയൊക്കെ ഭാഷ്യങ്ങളില്‍ നക്സലൈറ്റും ആയിരുന്ന പിതാവിനെ കുറിച്ചുള്ള അന്വേഷണം, നോവലിന്റെ ഉള്ളടക്കത്തില്‍ നിറയുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും അവര്‍ കടന്നുപോകുന്ന വൈയക്തികവും ചരിത്രപരവുമായ ട്രോമകളിലേക്കും ഒന്നിന് പിറകെ ഒന്നായി നീങ്ങുന്നു. കവികള്‍, ശില്‍പ്പികള്‍, ശില്‍പ്പിയുടെ മോഡല്‍, ചിത്രകാരന്മാര്‍, ചിത്രവേല ചെയ്യുന്നവര്‍, ഒറ്റപ്പെട്ടവര്‍, തെറ്റിദ്ധരിക്കപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, മനസ്സിന്റെ പിടി വിട്ടുപോയവര്‍, അഗമ്യഗമനത്തിന്റെ നാനാമുഖങ്ങള്‍, പിതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവന്‍, പെടുപിറവിയുടെ പരാജയ ബോധം വേട്ടയാടുന്നവന്‍, ചരിത്രം കൊണ്ട് മുറിവേറ്റവര്‍, സ്വയം പ്രഖ്യാപിത അഭയാര്‍ഥികള്‍, ലിംഗസ്വത്വത്തിന്റെ തടവില്‍ പെട്ടുപോയ പെണ്‍ജന്മങ്ങള്‍, മത- ജാതി വിഭാഗീയതകള്‍ കൊണ്ട് ഭ്രാന്തെടുത്തവര്‍, അതേ ഭ്രാന്തിന്റെ ഇരകളായി ഒടുങ്ങുകയോ തകര്‍ന്നുപോകുകയോ ചെയ്യുന്നവര്‍ ... അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന/ അറിയാനിടവരുന്ന മുഖങ്ങള്‍ ഒട്ടേറെയാണ്. ഒരു ചെറുനോവലിനു താങ്ങാനാവുന്നതില്‍ കൂടുതലുള്ള ഈ പാത്രവ്യാപ്തിക്കിടയിലും ചില മുഖങ്ങള്‍ വായനക്കാരെ പിടികൂടുക തന്നെ ചെയ്യും. പാപ പുണ്യങ്ങളില്‍ വിശ്വസിക്കായ്ക കൊണ്ട് മുന്‍ജന്മത്തിലെ പാപഫലം എന്ന വിവേചന ന്യായീകരണത്തെ അക്ഷരങ്ങള്‍ കൊണ്ട് എതിര്‍ക്കാന്‍ മുതിരുന്ന, കാലത്തിനു മുമ്പേ നടന്ന അച്ഛന്‍ കഥാപാത്രം, ‘കവി സഖാവ്’, യുദ്ധവാര്‍ത്തകള്‍ നാട്ടിലെത്തിച്ച പഴയ റേഡിയോയിലൂടെ ‘യോദ്ധാവായി തിളങ്ങി’. അച്ഛന്റെ ഡയറിയാണ് ആഖ്യാതാവിന്റെ അന്വേഷണങ്ങളുടെ തൊടുത്തുവിടല്‍ ആവുന്നതും. കലയുടെ ഉന്മാദത്തിനും ബുദ്ധിഭ്രമത്തിന്റെ നിലയില്ലായ്മക്കും ഇടയില്‍ നഷ്ടപ്പെടുന്ന ജോസ്, അയാള്‍ക്ക് മോഡല്‍ ആയും അന്യമതക്കാരന്‍ തങ്ങളുടെ ദൈവങ്ങളുടെ രൂപം കൊത്തുന്നതില്‍ വിറളി പൂണ്ട വേട്ടക്കാര്‍ക്ക് അവരുടെ ഉന്മാദം തീര്‍ക്കാനുള്ള പെണ്ണുടല്‍ ആയും ഒടുങ്ങുന്ന ആനി, വല്യപ്പന്റെ മകനും അപ്പന്റെ സഹോദരനുമെന്ന വിചിത്ര വിധിയില്‍ വീര്‍പ്പുമുട്ടുന്ന സെബാന്‍ തുടങ്ങിയര്‍ അക്കൂട്ടത്തില്‍ പെടും.
‘വിഭജനം’ എന്ന പ്രമേയം ഇന്ത്യാ-പാക് വിഭജനത്തിന്റെയും ബംഗ്ലാദേശ് വിമോചനത്തിന്റെയും ഇന്ത്യ-പാക് യുദ്ധത്തിന്റെയും ചരിത്ര ഭാരങ്ങളിലൂടെ മാത്രമല്ല, പാക്കിസ്ഥാനി അമ്മയുടെയും ഇന്ത്യന്‍ അച്ഛന്റെയും ഉപേക്ഷിക്കപ്പെട്ട മകളായ, ‘രണ്ടു രാജ്യങ്ങളിലും എകയാക്കപ്പെട്ട’ കൃതികയുടെ വേരന്വേഷണത്തിലൂടെയും നോവലില്‍ ഇടം പിടിക്കുന്നു. ഇതേ ചരിത്ര ബദ്ധത, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പായി കവി സഖാവിനെ വേട്ടയാടുന്നു. ‘ദളിതനും ക്രിസ്ത്യാനിയും ഈഴവനും മാറുമറയ്ക്കാത്ത സ്ത്രീകളും ചെളിപുരണ്ട പൂണൂല്‍ധാരികളും’ കാവല്‍ നില്‍ക്കുന്ന ചരിത്രത്തിന്റെ താണ്ഡവം, വിവേചനങ്ങളായും സ്ത്രീവിരുദ്ധതയായും തുടരുന്നത് നോവല്‍ നിരീക്ഷിക്കുന്നു. ‘അറിയപ്പെടാത്ത ചിത്രകാരി’ ആയിരുന്ന റാഹേലമ്മായി, രക്ഷകരാരും വരാനില്ലാതെ ‘കുത്തിയിരിക്കുന്ന അര ഡസന്‍ പെണ്ണുങ്ങള്‍’ മാത്രമുള്ള ഒറ്റപ്പെട്ട വീട്, എല്ലാ വിഭാഗീയ ഉന്മാദങ്ങളുടെയും ഒടുവിലത്തെ യുദ്ധഭൂമി പെണ്ണുടലാണ് എന്ന ന്യായേണ ‘ദൈവം നട്ട പെരുവിരലില്‍ നിന്ന് മുലഞെട്ടുകള്‍ വരെ രൂപം പ്രാപിച്ച നഗ്നശരീരം മാത്രമായിരുന്ന ആനി’ തുടങ്ങി ചുരുങ്ങിയ സൂചനകളിലൂടെ നോവലില്‍ കോറിയിടുന്ന ലോകം ഫലത്തില്‍ ഏറെ വിശാലമാണ്.
ഭഷാപ്രയോഗത്തിലെ ഭാവഗീതസാന്ദ്രത ഏറെ പ്രകടമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. സൂചികളും ട്യൂബുകളും ഉടലില്‍ കൊരുക്കപ്പെടുന്ന രോഗിയുടെ അബോധത്തില്‍ ‘പച്ചപ്പുല്‍ച്ചാടിയുടെ കൂത്താടലിന്റെ ആഹ്ളാദപ്പെരുമ’യും ‘നറുനീണ്ടിക്കിഴങ്ങിന്റെ കിണറാഴത്തണു’പ്പും മേളിക്കുന്നു. കുടുംബത്തകര്‍ച്ച ‘പലപല ഏടുകളിലായി ഒരേ വീട്ടില്‍ ചിതറിക്കിടന്ന’ കഥാപാത്രങ്ങളാകുന്നു. നോവെല്ല രൂപത്തിന്റെ ശില്‍പ്പ ഭാവമായ ജമ്പ്-കട്ട് രീതിയിലുള്ള ചെറു ഖണ്ഡങ്ങള്‍ക്ക് നല്‍കിയ ഉപശീര്‍ഷകങ്ങള്‍ മറ്റൊരു ഉദാഹരണമാണ്: ‘ഓര്‍മ്മകളുടെ വിഭജനം’, ‘തലച്ചോറിനുള്ളിലെ റൂട്ട്മാപ്പ്’, ‘ഏകാകിയായ ഒരാളുടെ മീന്‍പിടിത്തം’, ‘കുത്തിയിരിക്കുന്ന പെണ്ണുങ്ങളും മധുരക്കള്ളും’, ‘ദൈവപ്പുരയിലെ നഗ്നശില്‍പ്പം’ തുടങ്ങിയ ദീപ്തവും ശക്തവുമായ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉടനീളം നാം വായിക്കുന്നു.
