The End of Spring by Sahar Khalifeh

പോരാട്ട സമവാക്യങ്ങളില്‍ ഇരുള്‍ പടരുന്നു

2002-ലെ വസന്തകാലത്ത് ഇസ്രായേലി സൈന്യത്തിന്റെ Operation Defensive Shield നീക്കത്തിന്റെ ഭാഗമായി പ്രസിഡന്റ് അറഫാത്തിന്റെ ആസ്ഥാന കാര്യാലയത്തിന്മേലുള്ള ഉപരോധത്തിലേക്കും അതിന്റെ തുടര്‍ച്ചയില്‍ വെസ്റ്റ്‌ ബാങ്ക് - നബ്ലാസിനു മേലുണ്ടായ ഉപരോധത്തിലെക്കും നയിച്ച വർഷങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കപ്പെട്ട, മുതിര്ന്നുവരവിന്റെ കഥ (Coming-of-age novel) പറയുന്ന നോവലാണ് 'ദി എൻഡ് ഓഫ് സ്പ്രിംഗ്'. നഖ്ബയുടെ പരിണതിയായ പലസ്തീനിയന്‍ അതിജീവന പോരാട്ടങ്ങൾ ധാരാളമായി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ആറുദിന യുദ്ധത്തിനു ശേഷം വെസ്റ്റ്‌ ബാങ്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായ ഈ സംഭവത്തെ കുറിച്ച് അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. ആ നിലക്ക്, ഇന്നത്തെ ഫലസ്തീന്റെ അരാജകത്വത്തിലേക്കും അക്രമങ്ങളിലേക്കും പിറന്നുവീണ പുതിയ തലമുറയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അപൂര്‍വ്വ രചന എന്നതാണ് നോവലിന്റെ പ്രസക്തി.

നാബ്ലുസ്-റാമല്ല മേഖലയിൽ ജീവിക്കുന്ന, തങ്ങള്‍ ആഗ്രഹിച്ചതല്ലെങ്കിലും അനിവാര്യമായും പ്രതിരോധ പ്രസ്ഥാനത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന മൂന്ന് ഫലസ്തീനിയൻ യുവാക്കളെയാണ് നോവല്‍ പിന്തുടരുന്നത്. മൂത്തവനായ മജീദ്, അവന്റെ അനിയൻ അഹമ്മദ്, മജീദിനെ പ്രണയിക്കുന്ന സുആദ് എന്ന യുവതി. മജീദാണ് കഥയിലെ പ്രധാന താരമെങ്കിലും, കഥയുടെ ഭൂരിഭാഗവും നിവർന്നു നിവരുന്നത് അഹമ്മദിന്റെ കണ്ണുകളിലൂടെയാണ്; അങ്ങനെ അവൻ 'ദി എൻഡ് ഓഫ് സ്പ്രിംഗ്' എന്ന നോവലിന്റെ കേന്ദ്രബിന്ദുവായി മാറുന്നു.

സുന്ദരനും കായികക്ഷമതയുള്ളവനുമായ കൗമാരക്കാരൻ മജീദ്, തന്റെ പാട്ടും ഗിറ്റാർ വായനയും കൊണ്ട് സഹപാഠികൾക്കിടയിൽ ഏറെ പ്രിയങ്കരനാണ്. അവന്റെ ഉമ്മയുടെ മരണശേഷം പിതാവിന്റെ രണ്ടാം വിവാഹത്തിലുണ്ടായ അനിയനാണ് അഹമ്മദ്. പ്രശസ്തനായ ഒരു ഗായകനാവുക, വിദേശത്തേക്ക് യാത്ര ചെയ്യുക എന്നീ സ്വപ്നങ്ങൾ മജീദ് നെഞ്ചിലേറ്റുന്നു. പാശ്ചാത്യ പോപ്പ് സംസ്കാരത്തിനായി കൊതിക്കുന്ന യുവതലമുറയെ അവന്റെ ദേശഭക്തിഗാനങ്ങൾ വല്ലാതെ ആകർഷിക്കുന്നു. അതിനെ എതിർക്കുന്ന പിതാവ് പോലും ചിലപ്പോഴൊക്കെ ആ ഗാനങ്ങളുടെ വശ്യതയില്‍ കുരുങ്ങിപ്പോവുന്നു. അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്റെ വധത്തിൽ ആകസ്മികമായി ഉൾപ്പെട്ടുപോകുന്ന മജീദ്, പ്രതിരോധ പ്രസ്ഥാനത്തിന്റെ കണ്ണിൽ അറിയാതെ തന്നെ ഒരു നായകനായി മാറുന്നു; എങ്കിലും, "വിപ്ലവത്തെക്കുറിച്ച് അവനാകെ അറിയാമായിരുന്നത് പാർട്ടികളിലും സംഗീതപരിപാടികളിലും അവൻ പാടിനടന്ന വരികൾ മാത്രമായിരുന്നു." കലാകാരനാകാൻ ആഗ്രഹിക്കുന്ന, അപൂർവ്വമായി മാത്രം സംസാരിക്കുന്ന സ്വപ്നജീവിയായ അനിയൻ അഹമ്മദ് ജ്യേഷ്ഠനെ ആരാധിക്കുന്നു. മീറ എന്ന ജൂത കുടിയേറ്റക്കാരിയായ പെൺകുട്ടിയോട് അവനുണ്ടാകുന്ന പ്രണയാതുരമായ ആകർഷണം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുന്നത്; ഒടുവിൽ അത് അവന്റെ തടവറവാസത്തിലും പീഡനത്തിലും കലാശിക്കുന്നു. ജയിൽമോചിതനാകുമ്പോഴേക്കും, പ്രായത്തിനു നിരക്കാത്ത കടുപ്പക്കാരനും കയ്പേറിയ അനുഭവങ്ങളാൽ പാകപ്പെട്ടവനുമായി മാറുയ അവന്‍ സ്വന്തം ശബ്ദം കണ്ടെത്തുന്നു. മജീദിന്റെ സംഗീതബാൻഡിലെ അംഗമായ സുആദ്, ഇരുപതു വർഷമായി ഇസ്രായേൽ തടവറയിൽ കഴിയുന്ന ഒരു രാഷ്ട്രീയ തടവുകാരന്റെ മകളാണ്. ഇസ്രായേലി കുടിയേറ്റങ്ങളാലും അറഫാത്തിന്റെ അഴിമതി നിറഞ്ഞ ഭരണകൂടത്താലും തകര്‍ന്നുപോയ വെസ്റ്റ് ബാങ്കിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അവൾക്ക് വ്യാമോഹങ്ങളോന്നുമില്ല. പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും മജീദിനെ സംരക്ഷിക്കാനും, അഹമ്മദിന് അവൻ ജീവിക്കേണ്ടിയിരുന്ന ആ പഴയ ജീവിതം വീണ്ടെടുക്കാനും അവൾ ധീരമായി പോരാടുന്നു.

രണ്ടാം ഭാഗത്തിലെ സംഭവവികാസങ്ങൾ ഒന്നാം ഭാഗത്തിലെ സാഹചര്യങ്ങളുടെ അനിവാര്യമായ പരിണതികളാണ്. പരിക്കേൽക്കുന്ന മജീദിനെ സുആദ് രക്ഷപ്പെടുത്തുന്നു. തുടർന്ന് അറഫാത്തിന്റെ ആസ്ഥാന കാര്യാലയത്തിൽ അഭയം പ്രാപിക്കുന്ന അവൻ, അവിടെ സ്വയം വലിയ പ്രധാനിയാണെന്ന ഭാവത്തോടെ ഒരു ടിവി റിപ്പോർട്ടറായി മാറുന്നു. എല്ലാത്തിലും നിരാശയായ സുആദ്, നബ്ലസിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു; ഒടുവിൽ അവളുടെ പിതാവും അങ്ങോട്ട് തിരിച്ചെത്തിയിട്ടുണ്ട്. അവിടെ അവളെ കാത്തിരിക്കുന്നത് വീട്ടുകാർ ഉറപ്പിക്കുന്ന ഒരു വിവാഹത്തിനായുള്ള സമ്മർദ്ദങ്ങളാണ്. നിശബ്ദനായി റെഡ് ക്രോസില്‍ പ്രവര്‍ത്തിക്കുന്ന അഹമ്മദ്, എല്ലാവരില്‍നിന്നും സ്വയം അന്യവല്‍ക്കരിക്കുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരിയായി മാറിയിട്ടുള്ള മീറയെ വീണ്ടും കണ്ടുമുട്ടുന്നത് പോലും അവനെ രക്ഷിക്കാൻ പര്യാപ്തമല്ല. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത വീട്ടിൽ നിന്ന് ഇസ്രായേലി സൈന്യത്താൽ ആട്ടിപ്പായിക്കപ്പെടുന്ന പാവം പിതാവ്, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബുൾഡോസറുകൾ ചതച്ചരയ്ക്കുന്ന റേച്ചല്‍ കൊറിയെ അനുസ്മരിപ്പിക്കുന്ന റേച്ചല്‍ എന്ന പെണ്‍കുട്ടി തുടങ്ങിയ കാഴ്ചകള്‍ ഉയര്‍ത്തുന്ന കടുത്ത രോഷത്തില്‍, ചിതറിത്തെറിക്കുന്ന വെടിയുണ്ടകൾക്കിടയിലൂടെ, സൈന്യത്തിന് നേരെ അവന്‍ ആംബുലന്‍സ് ഓടിച്ചു കയറ്റുന്നു. ആ നിമിഷം അവന്റെ മനസ്സ് ഒന്നൊന്നായി ചിത്രങ്ങൾ എടുത്തുകൊണ്ടേയിരിക്കുകയായിരുന്നു എന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.

സഹർ ഖലീഫയുടെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ് 'ദി എൻഡ് ഓഫ് സ്പ്രിംഗ്' എന്ന നോവലിലെ സുആദ്. ആദ്യ തലമുറയിലെ ഫലസ്തീനിയൻ സ്ത്രീകൾ അധിനിവേശത്തിനെതിരെ സുമൂദിന്റെ (Steadfastness) മാതൃകകളായി വീട്ടിനുള്ളിൽ ത്യാഗം സഹിച്ചവരാണെങ്കിൽ, സുആദ് ഇസ്രായേലി അധിനിവേശത്തോടും സ്വന്തം സമൂഹത്തിലെ ആൺകോയ്മയോടും ഒരേസമയം പോരാടുന്ന ഇരട്ടപ്പോരാളിയാണ് (Dual Struggle). രാഷ്ട്രീയ ബോധത്തിലും പ്രായോഗികതയിലും ആൺ കഥാപാത്രങ്ങളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന അവൾ, പ്രണയിച്ച മജീദിന്റെ ജീവൻ രക്ഷിക്കുന്നതിലും അഹമ്മദിനെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിലും സജീവമായ ഒരു രക്ഷകയുടെ പങ്ക് ഏറ്റെടുക്കുന്നു. വിപ്ലവത്തിന്റെ പേരിലുള്ള വ്യാജ ആവേശങ്ങളോ രാഷ്ട്രീയ കപടതകളോ ഇല്ലാതെ, വെസ്റ്റ് ബാങ്കിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ ദീർഘവീക്ഷണത്തോടെ കാണാൻ അവൾക്ക് സാധിക്കുന്നുണ്ട്.

എങ്കിലും, ധീരതയും ത്യാഗമനസ്ഥിതിയും ഉണ്ടായിട്ടും ആത്യന്തികമായി സുആദിന് കുടുംബത്തിന്റെ നിർബന്ധിത വിവാഹത്തിന് അടിയറവ് പറയേണ്ടി വരുന്നു. ഈ പരാജയം അവളുടെ വ്യക്തിപരമായ ബലഹീനത കൊണ്ടല്ല; മറിച്ച്, അധിനിവേശവും ആൺകോയ്മയും ചേർന്നൊരുക്കിയ ഇരട്ട തടവറയിൽ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജയിക്കുക അസാധ്യമാണ് എന്ന കയ്പേറിയ യാഥാർത്ഥ്യത്തെയാണ് ഖലീഫ ഇതിലൂടെ തുറന്നുകാട്ടുന്നത്. പഴയ തലമുറയുടെ 'സുമൂദ്' എന്ന സങ്കൽപ്പം തന്നെ വെസ്റ്റ് ബാങ്കിന്റെ പുതിയ രാഷ്ട്രീയ ചുറ്റുപാടിൽ നിർവീര്യമായിപ്പോയി എന്ന് സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം, സ്ത്രീത്വത്തെ വെറും നിഷ്ക്രിയ ഇരകളായല്ല, മറിച്ച് സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക വൈരുദ്ധ്യങ്ങൾ പേറുന്ന കേന്ദ്ര കഥാപാത്രങ്ങളായാണ് ഖലീഫ സുആദിലൂടെ അടയാളപ്പെടുത്തുന്നത്.

രണ്ടാം ഇൻതിഫാദയുടെ (2000-2005) പശ്ചാത്തലത്തിൽ, സാധാരണക്കാരായ ജനങ്ങളുടെ അസ്തിത്വപരമായ പോരാട്ടങ്ങളെയാണ് ഈ നോവലിലൂടെ എഴുത്തുകാരി ആവിഷ്കരിക്കുന്നത്. ഖലീഫയുടെ കഥാപാത്രങ്ങളായ ഈ യുവാക്കളും, ഇന്ന് ഫലസ്തീനിലുള്ള യുവതലമുറയും, അരാജകത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും അക്രമങ്ങളിലേക്കും പിറന്നുവീണ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയാണ്. സ്വന്തം നാടുവിട്ടു പോകാൻ കഴിയാതെ അവിടുത്തെ തടവറകളിൽ അകപ്പെട്ടവരാണവർ; കുടുംബാംഗങ്ങളിൽ നിന്നും തൊഴിലവസരങ്ങളിൽ നിന്നും എന്തിനേറെ വൈദ്യസഹായത്തിൽ നിന്നുപോലും തങ്ങളെ വേർപെടുത്തുന്ന ക്രൂരമായ ഒരു മതിലിന്റെ തണലിൽ ജീവിക്കേണ്ടിവരുന്നവര്‍.1948-ലെ നഖ്ബ കണ്ട ആദ്യ തലമുറയ്ക്ക് ഒരുപക്ഷേ എപ്പോഴെങ്കിലും സ്വന്തം മണ്ണിലേക്ക് തിരികെ പോകാം എന്നൊരു പ്രതീക്ഷയോ സ്വപ്നമോ ഉണ്ടായിരുന്നു. എന്നാൽ 2002-ലെ രണ്ടാം തലമുറയ്ക്ക് ആ പ്രതീക്ഷപോലുമില്ല. ചുറ്റും കൂറ്റൻ മതിലുകൾ, അഴിമതി നിറഞ്ഞ സ്വന്തം ഭരണകൂടം, ക്രൂരമായ ഇസ്രായേൽ അധിനിവേശം. ഈ വന്യമായ യാഥാർത്ഥ്യത്തിന് മുന്നിൽ അവർക്ക് മുന്നിൽ രണ്ടു വഴികൾ മാത്രമേയുള്ളൂ: ഒന്നുകിൽ അഹമ്മദിനെപ്പോലെ അക്രമത്തിൽ ഒടുങ്ങുക, അല്ലെങ്കിൽ മജീദിനെയും സുആദിനെയും പോലെ ആത്മാവു നഷ്ടപ്പെട്ട് ജീവിക്കുക. ഗിറ്റാറിനെ പ്രണയിച്ചവന്റെ കയ്യില്‍ മെഷിന്‍ ഗണ്‍ പിടിപ്പിക്കുന്നത് റെസിസ്റ്റന്‍സ് സംഘമാണെങ്കില്‍, ചിത്രകാരനാകാന്‍ മോഹിച്ചവനെ ടെററിസ്റ്റ് എന്ന് മുദ്ര കുത്താന്‍ ഇടവരുത്തുന്നത് പ്രണയമാണ്. അങ്ങേയറ്റം ധീരയും ത്യഗമാനസ്കയും ആയിരുന്നിട്ടും ഒരു പെൺകുട്ടി എന്ന നിലയിലുള്ള സുവാദിന്റെ എല്ലാ ആഗ്രഹങ്ങളും ആൺകോയ്മയ്ക്കും അധിനിവേശത്തിന്റെ യാഥാർത്ഥ്യങ്ങൾക്കും മുന്നിൽ ഒടുവില്‍ അടിയറവ് പറയേണ്ടി വരുന്നു.