സാല്‍വദോര്‍ അയന്റെയുടെ സോഷിലിസ്റ്റ് ഭരണത്തെ അമേരിക്കന്‍ പിന്തുണയുള്ള അട്ടിമറിയിലൂടെ തകര്‍ക്കുകയും അയന്റെയെ വധിക്കുകയും ചെയ്തതിനു ശേഷം (11 September 1973) ചിലിയില്‍ അധികാരം പിടിച്ചെടുത്ത പട്ടാള ഏകാധിപതി അഗസ്റ്റോ പിനോഷെ, 1973- നും 1990-നുമിടയില്‍ ഇടതുപക്ഷക്കാര്‍, സോഷ്യലിസ്റ്റുകള്‍, രാഷ്ട്രീയ വിരോധികള്‍, ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെ ഉന്മൂലനം ചെയ്തുകൊണ്ട് നടപ്പിലാക്കിയ ഭീകരവാഴ്ചയില്‍ പതിനായിരങ്ങളാണ് ഇരയായത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും കിരാതവും നിന്ദ്യവുമായ കൂട്ടക്കുരുതികളില്‍ ഒന്നായിരുന്ന ഈ ചരിത്രഘട്ടം പക്ഷെ, ഇസബെല്‍ അയന്‍ന്റെയെ മാറ്റി നിര്‍ത്തിയാല്‍ ചിലിയന്‍ സാഹിത്യത്തില്‍ അത്രയധികം അടയാളപ്പെടുത്തിയിട്ടില്ല എന്നു നിരീക്ഷിക്കപ്പെടുന്നു (1. Mina Holland: theguardian.com). എന്നാല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഈ വസ്തുതയെ അഭിമുഖീകരിച്ചു തുടങ്ങിയതിന്റെ ഉദാഹരണമാണ് “അടുത്ത റോബര്‍ട്ടോ ബോലാനോ” എന്നുപോലും വിളിക്കപ്പെട്ടിട്ടുള്ള ചിലിയന്‍ നോവലിസ്റ്റ് അലെയാന്ദ്രോ സാംബ്രയുടെ Ways of Going Home എന്ന നോവെല്ല. ‘Bonsai’, ‘The Private Lives of Trees’ എന്നിവ പോലുള്ള സാംബ്രയുടെ കൃതികള്‍ക്ക് പുതു തലമുറ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ ഉള്ള പ്രസക്തി അവയുടെ ഹ്രസ്വതയുമായി തീര്‍ത്തും എതിരനുപാതത്തിലാണെന്നു നിരീക്ഷിക്കുന്ന നിരൂപകര്‍, അദ്ദേഹത്തെ “ചിലിയന്‍ ഫിക് ഷനില്‍ നവതരംഗത്തിന്റെ പ്രഘോഷകന്‍” എന്ന് വിവരിക്കുന്നു (2).
സാന്റിയാഗോയില്‍ 1975-ല്‍ ജനിച്ച സാംബ്ര പിനോഷെയുടെ ഏകാധിപത്യ കാലത്ത് കുട്ടിക്കാലം ചെലവഴിച്ച നിശ്ശബ്ദ തലമുറയുടെ ഭാഗമാണ്. ഏകാധിപത്യം കുട്ടികളെ എങ്ങനെയാണ് ബാധിക്കുക, അങ്ങനെ വളര്‍ന്നു വരുന്ന കുട്ടി ഒരു നോവലിസ്റ്റ് ആയിത്തീരുമ്പോള്‍ അയാള്‍ എങ്ങനെയാവും തന്റെ തന്നെ അനുഭവങ്ങളുടെ ഫിക് ഷനില്‍ പകര്‍ത്തുന്നതിലൂടെ എഴുത്തും എഴുത്തുകാരനും എന്ന പ്രമേയത്തെ സമീപിക്കുക എന്നീ രണ്ടു ചോദ്യങ്ങളെയാണ് നാലു അദ്ധ്യായങ്ങള്‍ മാത്രമുള്ള പുസ്തകം നേരിടുന്നത്. ആദ്യ അധ്യായത്തില്‍, 1985 കാലത്ത്, സാന്റിയാഗോയുടെ പ്രാന്തത്തിലുള്ള മായിപുവിലെ പേര് പറയുന്നില്ലാത്ത ഒരൊമ്പതു വയസ്സുകാരനാണ് കഥ പറയുന്നത്. ’85-മാര്‍ച്ച് മൂന്നിന്റെ ഭൂകമ്പത്തിന്റെ രാത്രിയില്‍ കണ്ടുമുട്ടുന്ന തന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുള്ള ക്ലോഡിയാ, അവളുടെ അമ്മാവനും അയല്‍വാസിയുമായ റാവുല്‍ എന്നയാളെ നിരീക്ഷിക്കുകയെന്ന ജോലി തന്നില്‍ ആകൃഷ്ടനായ പയ്യനെ ഏല്‍പ്പിക്കുന്നു. റാവുല്‍ ഒരു നിഗൂഡതയായി പയ്യന് അനുഭവപ്പെടുന്നുണ്ട്. അയാള്‍ “ഒരുപക്ഷെ എന്തോ ഭീകര രോഗത്തിനടിമയായിരുന്നു.. ഏകാന്തതയിലും ഭീകരമായ ഒന്ന്.” അക്കാലത്ത് വേണ്ടപോലെ തനിക്കു മനസ്സിലായിരുന്നില്ലാത്ത എകാധിപതിയോടുള്ള വെറുപ്പിന്റെ ഭാവം കാലാന്തരത്തില്‍ മാറിവന്നതിനെ കുറിച്ചും അവന്‍ നിരീക്ഷിക്കുന്നുണ്ട്. “പില്‍ക്കാലം ഞാനയാളെ വെറുത്തത് ഒരു കൂത്തിച്ചി മോന്‍ ആയതിനായിരുന്നു, ഒരു കൊലയാളി, എന്നാല്‍ അക്കാലത്ത് ഞാന്‍ അയാളെ വെറുത്തത് ഒരു വാക്കും ഉരിയാടാതെ അച്ഛന്‍ കണ്ടുകൊണ്ടിരുന്ന ആ ബോറന്‍ ഷോകളുടെ പേരിലായിരുന്നു.” രണ്ടാം അധ്യായത്തില്‍ ആഖ്യാതാവ് ആദ്യഭാഗത്തെ കഥ എഴുതുന്ന നോവലിസ്റ്റാണ്. ഒപ്പം കഴിഞ്ഞിരുന്ന, തന്റെ നോവലിന്റെ ആദ്യവായനക്കാരിയും വിമര്‍ശകയും ആയിരുന്ന, എമിയുമായി വീണ്ടും ബന്ധപ്പെടാനുള്ള ശ്രമത്തിലാണയാള്‍. എമിയുടെ കഥ ക്ലോഡിയയുടെ കഥയുമായും പയ്യന്റെത് നോവലിസ്റ്റിന്റെ പുരവൃത്തവുമായും കണ്ണിചേരുന്നത് വായനക്കാര്‍ക്ക് ബോധ്യമാവും. മൂന്നാം അധ്യായത്തിലെത്തുമ്പോള്‍ പിനോഷെ കാലഘട്ടം കഴിഞ്ഞ് നോവലിന്റെ വര്‍ത്തമാന കാലമാണ്. മുഖ്യ കഥാപാത്രം ക്ലോഡിയയെ കണ്ടുമുട്ടുകയും ഒരു ഹ്രസ്വ ബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ചാരപ്പണി നടത്താന്‍ അയാളെ നിയോഗിച്ചതിനു പിന്നിലെ കഥയൊക്കെ ഇപ്പോഴാണ് ക്ലോഡിയ വ്യക്തമാക്കുക. നാലാം ഭാഗത്തില്‍, നോവലിസ്റ്റിന്റെ കഥയിലേക്കും എമിയുമായുള്ള ബന്ധത്തില്‍ അനിവാര്യമായ അന്തിമ വഴിപിരിയലിലേക്കും ആഖ്യാനം കടക്കുന്നു. നോവലന്ത്യത്തില്‍ കൃതിയുടെ ആദ്യപ്രതിയുമായി ഇരുട്ടിലേക്ക് നോക്കി നില്‍ക്കുന്ന നോവലിസ്റ്റിനെ നാം കാണുന്നു. തന്റെ മുന്‍ കൃതികളെ പോലെ, നോവല്‍ രചനയെ കുറിച്ചുള്ള നോവല്‍ എന്ന മെറ്റാഫിക് ഷന്‍ ഘടന കൂടി ഉള്‍ച്ചേര്‍ക്കുന്നതിലൂടെ ഒരു ഹ്രസ്വ രചനയില്‍ പ്രതീക്ഷിക്കാനാവാത്ത ആഴവും പരപ്പും പുസ്തകത്തിനു നല്‍കുന്നതില്‍ അദ്ദേഹം വിജയിക്കുന്നുണ്ട്. പയ്യന്റെ കഥയും മുതിര്‍ന്ന നോവലിസ്റ്റിന്റെ കഥയും പരസ്പരം ബന്ധിതമാകുന്ന സങ്കീര്‍ണ്ണ ഘടനയില്‍ മിക്കവാറും ഒരോ സംഭവങ്ങളും ഭാഷണങ്ങളും ആവര്‍ത്തിച്ചു നിരീക്ഷണ വിധേയമാകുന്നു. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ കഥ എന്നതിനോടൊപ്പം കഥ പറയാന്‍ ആവശ്യമായ സാഹചര്യങ്ങളുടെ അവലോകനം കൂടിയായി അത് മാറുന്നു. എഴുതപ്പെടുന്ന നോവലിലെ രംഗങ്ങള്‍ പലതും നോവലിസ്റ്റിന്റെ തന്നെ ഭൂതകാലത്തില്‍ നിന്നുള്ളവയാണെന്ന് വ്യക്തമാകുന്നുണ്ട്. അപഗ്രഥനം എന്നത് അതിന്റെ ഏറ്റവും ആഴത്തില്‍ ഒരാളുടെ സ്വന്തം ഭൂതകാലത്തിന്റെ ആവിഷ്കാരം തന്നെയാണെന്ന് സാംബ്രയുടെ നോവലിസ്റ്റ് പറയുന്നുണ്ട്: “ചിലപ്പോള്‍, നാം എഴുതുമ്പോള്‍, നാം എല്ലാം അലക്കി വെടിപ്പാക്കുന്നു, അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് മുന്നോട്ടു കൊണ്ടുപോകാനാവും എന്ന മട്ടില്‍. നാം ആ ശബ്ദങ്ങളെയും ഓര്‍മ്മകളുടെ പാടുകളെയും വെറുതെ വിവരിക്കുകയേ വേണ്ടൂ, കൂടുതല്‍ ഒന്നും ചെയ്യേണ്ടതില്ല. അതുകൊണ്ടാണ്, ഒടുവില്‍, നാം ഇത്രയേറെ നുണ പറയുന്നത്.” അതൊരു വാറ്റിയെടുക്കലാണ്: “പ്രതിബിംബങ്ങളെ മുഴുവനായി ഓര്‍ത്തെടുക്കുക, സ്ഥലനിര്‍മ്മിതി ആവശ്യമില്ല, അനാവശ്യ രംഗങ്ങള്‍ വേണ്ട. ഒരു അസ്സല്‍ സംഗീതം കണ്ടെത്തുക. കൂടുതല്‍ നോവലുകള്‍ വേണ്ട, ഒഴികഴിവുകളും.”
നോവലില്‍ അന്തര്‍ലീനമായ വൈരുധ്യം മുഖ്യ കഥാപാത്രങ്ങള്‍ എന്ന് സ്വയം കരുതുന്നവര്‍ യഥാര്‍ഥത്തില്‍, ആദ്യ അധ്യായത്തിന്റെ തലക്കെട്ട് നിര്‍ണ്ണയിക്കുന്ന പോലെ, ‘രണ്ടാം നിര കഥാപാത്രങ്ങള്‍’ മാത്രമാണ് എന്നതില്‍ തുടങ്ങുന്നു. ക്ലോഡിയയുമായുള്ള പ്രണയകഥയും സാന്റിയാഗോയിലെ മുതിര്‍ന്നുവരവും ആണ് പ്രധാന ഇതിവൃത്തമെന്നും താനാണ് നായകനെന്നും പയ്യന്‍/ നോവലിസ്റ്റ് കരുതുമ്പോള്‍ യഥാര്‍ഥത്തില്‍ അത് കൂടുതല്‍ പ്രധാനമായ കഥയുടെ, ചിലിയുടെ സമീപഭൂതകാലത്തിന്റെ കഥയില്‍ ഒരു ഭാഗം മാത്രമാണ്. പയ്യന്റെ/ നോവലിസ്റ്റിന്റെ ഏകാധിപത്യ കാല അനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേരിട്ടനുഭവിക്കാത്ത പരോക്ഷ രീതിയിലുള്ളതാണ് എന്നതിന് രണ്ടര്‍ത്ഥമുണ്ട്: ഒന്ന്, അത് നടക്കുമ്പോള്‍ ആദ്യ കാലത്തെങ്കിലും, എല്ലാത്തിന്റെയും പൊരുള്‍ അറിയാന്‍ കഴിയാത്ത കുഞ്ഞായിരുന്നു അയാള്‍. മറ്റൊന്ന് അയാളുടെ മാതാപിതാക്കളുടെ രാഷ്ട്രീയവുമായും ബന്ധപ്പെട്ടതാണ്: സുരക്ഷിത അകലം പാലിക്കാന്‍ വഴിതേടിയവര്‍ ആയിരുന്നു അവര്‍. നോവലിന്റെ യഥാര്‍ത്ഥ കഥാ കേന്ദ്രം ‘ രക്ഷിതാക്കളുടെ സാഹിത്യം’, ‘കുട്ടികളുടെ സാഹിത്യം’ എന്നീ രണ്ടാധ്യായങ്ങളിലായി വിവരിക്കപ്പെടുന്ന, വ്യക്തിജീവിത, പ്രണയ കഥാ നാടകങ്ങള്‍ക്കപ്പുറം പോകുന്ന ദേശാനുഭവത്തിന്റെയും അതില്‍ കൂടി പ്രതിഫലിക്കുന്ന രക്ഷിതാക്കള്‍, മക്കള്‍ ബന്ധങ്ങളുടെതുമാണ്. അജ്ഞാത ഭൂതകാലമുള്ള കുടുംബങ്ങളില്‍ കഴിയുകയെന്നത്, അഥവാ കുടുംബ വഴിയിലെ കഥകളെ കുറിച്ച് അജ്ഞരായിരിക്കുകയെന്നത്, ഒരു സാമാന്യ പ്രതിഭാസമാണ്. “രക്ഷിതാക്കള്‍ കുട്ടികളെ കയ്യൊഴിയും. കുട്ടികള്‍ രക്ഷിതാക്കളെ കയ്യൊഴിയും. രക്ഷിതാക്കള്‍ സംരക്ഷിക്കുകയോ കയ്യൊഴികയോ ചെയ്യും, എന്നാല്‍ അവര്‍ എല്ലായിപ്പോഴും കയ്യൊഴിയും. കുട്ടികള്‍ നില്‍ക്കുകയോ പോകുകയോ ചെയ്യും, എന്നാല്‍ അവര്‍ എല്ലായിപ്പോഴും പോകും”: നോവല്‍ ഈ അനുഭവത്തെ ചുരുക്കിപ്പറയുന്നു. “നാം മറ്റുള്ളവരുടെ കഥ പറയാന്‍ ആഗ്രഹിക്കുമ്പോഴും സ്വന്തം കഥപറയുന്നതില്‍ എത്തിച്ചേരും” എന്ന് കഥയുടെ ആത്മാംശത്തെ നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ട്. ഗൃഹാതുരമാകുക എന്നതിനപ്പുറമാണ് ഭൂതകാലവുമായുള്ള സര്‍ഗ്ഗവിനിമയം എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നുണ്ട്: “പക്ഷെ ഞാന്‍ ഗൃഹാതുരതക്ക് എതിരാണ്. അല്ല, അത് സത്യമല്ല. ഞാന്‍ ഗൃഹാതുരതക്ക് എതിരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. എവിടെ നോക്കിയാലും, ആരെങ്കിലുമൊക്കെ ഭൂതകാലവുമായുള്ള ഉടമ്പടി പുതുക്കുന്നത് കാണാം.”
ആറാം വയസ്സില്‍ ഒരിക്കല്‍ മാതാപിതാക്കളോടൊപ്പം പുറത്തു പോകുമ്പോള്‍ കൂട്ടം തെറ്റിപ്പോകുകയും വളരെ വേഗം വഴി കണ്ടുപിടിച്ചു തിരികെയെത്തുകയും ചെയ്ത കഥ പറഞ്ഞുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “...അവര്‍ വീട്ടിലെത്തും മുമ്പ് ഞാന്‍ വീട്ടിലെത്തി. അവര്‍ ആകെ അന്ധാളിച്ച് എന്നെ തേടിക്കൊണ്ടിരുന്നു, പക്ഷെ ഞാന്‍ കരുതി അവര്‍ക്ക് വഴിതെറ്റിപ്പോയി. എങ്ങിനെ വീട്ടിലെത്താമെന്നു എനിക്കറിയാമായിരുന്നെന്നും അവര്‍ക്ക് അറിയില്ലായിരുന്നു എന്നും. “നീ മറ്റൊരു വഴിക്ക് പോയി,” അമ്മ കോപത്തോടെ പറഞ്ഞു. അവരുടെ കണ്ണുകള്‍ അപ്പോഴും ചീര്‍ത്തിരുന്നു. നിങ്ങളാണ് വേറെ വഴിക്ക് പോയത്, ഞാന്‍ ചിന്തിച്ചു, പക്ഷെ അത് പറഞ്ഞില്ല.” ഈ അനുഭവത്തില്‍ നിന്നാണ് നോവലിന്റെ ‘വീട്ടില്‍ പോകാനുള്ള വഴികള്‍’ എന്ന തലക്കെട്ട് രൂപമെടുക്കുന്നത്. പ്രതീകാത്മക തലത്തില്‍ തലക്കെട്ട് ക്രമരഹിതമായ ചരിത്രത്തെ ഓര്‍മ്മിച്ചെടുക്കലിന്റെ, മനസ്സിലാക്കലിന്റെ, അതുമായി സമരസപ്പെടലിന്റെ ആഖ്യാനവഴികളെ കൂടി സൂചിപ്പിക്കുന്നു. ഏതുവഴിക്കു പോയാലും വീട്ടിലെത്തുന്ന ഘടന നോവലിന്റെതും കൂടിയാണെന്ന് വായനയില്‍ തെളിഞ്ഞുകിട്ടുന്നു എന്ന അര്‍ത്ഥത്തില്‍ അത് നോവലിന്റെ ഘടനയെ കൂടി സൂചിപ്പിക്കുന്നുണ്ട്. താന്‍ തിരിച്ചെത്തുന്ന വീട്ടില്‍ ‘മരിച്ചവര്‍ ആരുമില്ല’ എന്ന നോവലിസ്റ്റിന്റെ നിരീക്ഷണം, ദുരന്താനുഭവങ്ങള്‍ എങ്ങുമുള്ള നാട്ടില്‍ അതെങ്ങനെയാണ് തന്റെ മാതാപിതാക്കള്‍ സാധിച്ചത് എന്ന അന്വേഷണത്തിലാണ് ചെന്നു മുട്ടുന്നത്. പിനോഷെ കാലത്ത് റാവുല്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ എന്ന ചോദ്യത്തിന് ക്ലോഡിയ നല്‍കുന്ന മറുപടി “എനിക്ക് കൂടുതല്‍ പറയാനാവില്ല.” എന്നാണ്. കമ്യൂണിസ്റ്റ് എന്നാല്‍ “പത്രം വായിക്കുകയും മറ്റുള്ളവരുടെ പരിഹാസം നിശബ്ദം സഹിക്കുകയും ചെയ്യുന്നയാള്‍” എന്ന് താന്‍ കരുതിയിരുന്നത് പയ്യന്‍ ഓര്‍ക്കുന്നുണ്ട്. റാവുലിന്റെ മകള്‍ മഗാലിയുടെയും അയന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായി തികഞ്ഞ ഫാഷിസ്റ്റ് വിരുദ്ധ ആക്റ്റിവിസ്റ്റ് ആയിരുന്ന റോബര്‍ട്ടിന്റെയും മകളായ സീനിയ അക്കാലം വിവരിക്കുന്നു: “ഞങ്ങളുടേതു പോലുള്ളവരുടെ കഥ നിനക്ക് മനസ്സിലാകും എന്ന് ഞാന്‍ കരുതുന്നില്ല. അക്കാലത്ത് ആളുകള്‍ കാണാതായവരെ തിരയുകയായിരുന്നു, അപ്രത്യക്ഷരായവരുടെ ജടങ്ങള്‍ക്കു വേണ്ടി അവര്‍ തിരഞ്ഞുകൊണ്ടിരുന്നു. എനിക്കുറപ്പാണ് അന്ന് നീ ഇന്നത്തെ പോലെത്തന്നെ പൂച്ചക്കുട്ടികളെയും നായക്കുട്ടികളെയും തിരയുകയായിരുന്നു.” തന്റെ അച്ഛനമ്മമാര്‍ പിനോഷേയെ പിന്താങ്ങി ജീവിതം സുരക്ഷിതമാക്കിയവര്‍ ആയിരുന്നു എന്ന കുറ്റബോധം ആഖ്യാതാവിനെ മഥിക്കുന്നത് ഇതോടു ചേര്‍ത്തുവെക്കാം. നാഷണല്‍ സ്റ്റേഡിയത്തെ കുറിച്ചുള്ള പയ്യന്റെ ഓര്‍മ്മ തുടങ്ങുന്നത് ആദ്യം നുണഞ്ഞ ഐസ്ക്രീമിന്റെയും മെക്സിക്കന്‍ കൊമേഡിയന്‍ ചെസ്പിരിറ്റോയുടെ പ്രകടനത്തിന്റെയും അനുഭവത്തിലാണെങ്കില്‍, ക്ലോഡിയയുടെ മാതാപിതാക്കളെ മരണങ്ങളെ കുറിച്ചാണ് അത് ഓര്‍മ്മിപ്പിക്കുന്നത്. കാരണം അതായിരുന്നു പിനോഷെയുടെ ഏറ്റവും വലിയ കരുതല്‍ തടവറ. തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിച്ചില്ല എന്ന അമ്മയുടെ ഒഴികഴിവിന് അയാള്‍ നല്‍കുന്ന മറുപടി ഒരുവേള ഇത്തിരി ക്ലീഷേ ആയി അയാള്‍ക്കു തന്നെ അനുഭവപ്പെടുമെങ്കിലും ആത്മാര്‍ത്ഥം തന്നെയാണ്: “എല്ലാവരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്, മമ്മ. പങ്കെടുക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ ഏകാധിപത്യത്തെ പിന്തുണച്ചു.” നോവലിന്റെ സമര്‍പ്പണവാക്യങ്ങള്‍ അതീവപ്രാധാന്യം ഉള്ളവയാണ്: “ഇപ്പോള്‍ എനിക്ക് നടക്കേണ്ടതെങ്ങിനെ എന്നറിയാവുന്ന നിലക്ക്, ഇനിയെനിക്ക് നടക്കാന്‍ പഠിക്കാനാവില്ല.” (W Benjamin); “ഓരിയിടുന്നതിനു പകരം ഞാനെഴുതുന്നു” (R. Gray). നോവലില്‍ ഒരിടത്ത് നമുക്ക് ഇങ്ങനെ വായിക്കാം: “വായിക്കുകയെന്നാല്‍ ഒരാളുടെ മുഖം മറച്ചുപിടിക്കലാണ്. എഴുതുകയെന്നാല്‍ അത് തുറന്നു കാട്ടലും.”
References:
1. Mina Holland. ‘Alejandro Zambra's third novel examines life in Chile under General Pinochet’, https://www.theguardian.com/books/2013/jan/13/ways-going-home-zambra-review, 13 Jan 2013
2. Marcela Valdes. ‘Archivo sobre la obra del escritor chileno Alejandro Zambra’, The Nation, June 17, 2009, (English Translation available at: https://archivoazambra.wordpress.com/2011/09/21/the-fiction-of-alejandro-zambra-marcela-valdes-the-nation/
