2020-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകങ്ങളില്‍ ഏറ്റവും മുന്നിലെത്തിയ പുസ്തകങ്ങളില്‍ ഒന്നായി പല തെരഞ്ഞെടുപ്പുകളിലും ഇടം പിടിച്ച നോവലാണ് കൊല്‍കത്തയില്‍ ജനിച്ച യുവ നോവലിസ്റ്റ് മേഘാ മജുംദാറുടെ പ്രഥമ കൃതിയായ ‘A Burning.’ തൊട്ടറിയാവുന്ന വിധം ഇന്ത്യന്‍ തന്നെയാണ് പുസ്തകം; അതും ഏവര്‍ക്കും അറിയാവുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ കലര്‍പ്പില്ലാത്ത പരിചേഛെദം. ജുംബാ ലാഹിരിയെയും യാ ജ്യാസി (Yaa Gyasi - Homegoing) യെയും ടോമി ഓറഞ്ച് (Tommy Orange – There There) എന്നിവരെ പോലുള്ള ലബ്ദപ്രതിഷ്ടരായ എഴുത്തുകാരുമായി പ്രഥമ കൃതിയിലൂടെ നോവലിസ്റ്റ് താരതമ്യം ചെയ്യപ്പെടുകയും ചെയ്തു.
“പോലീസുകാര്‍ എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരെ സഹായിച്ചില്ലെങ്കില്‍, അവര്‍ മരിക്കുന്നത് പോലീസുകാര്‍ നോക്കിനിന്നുവെങ്കില്‍, എങ്കില്‍പിന്നെ സര്‍ക്കാരും ഒരു ഭീകരനാണ് എന്നല്ലേ അര്‍ത്ഥം?”
കൊല്‍ക്കത്തയിലെ ഒരു ചേരി നിവാസിയായ ജീവന്‍ എന്ന മുസ്ലിം യുവതിയുടെ ഈയൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മേഘാ മജുംദാര്‍ രചിച്ച A Burning എന്ന നോവലില്‍ എല്ലാം ആരംഭിക്കുന്നത്. അവളൊരു നടുക്കുന്ന കാഴ്ച്ച കണ്ടതേയുള്ളൂ: ഒരു ട്രെയിന്‍ സ്റ്റേഷനിലടുക്കുന്നു; ആള്‍ക്കൂട്ടം കത്തിച്ചു പിടിച്ച തീപ്പന്തങ്ങള്‍ അതിന്റെ ജനാലകളിലൂടെ ഉള്ളിലേക്ക് എറിയുന്നു. പുറത്തുകടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം കുടുങ്ങിപ്പോവുന്ന ഒട്ടേറെ മനുഷ്യര്‍ അകത്തു കത്തിയെരിയുന്നു. ആരാണ് ഈ ഭീകര പ്രവര്‍ത്തി നടത്തിയതെന്നു മിക്കവാറും ദൃക്സാക്ഷിയെങ്കിലും ജീവന് കാണാനാവുന്നില്ല. തൊട്ടപ്പുറത്തെ ചേരിയില്‍ കഴിയുന്നവളും അപ്പോള്‍ സ്ഥലത്തുണ്ടാവാന്‍ ഇടയായാവള്‍ എന്നിരിക്കിലും “ഞാനാകെ കണ്ടത്.. ബോഗികള്‍, തീപ്പിടിത്തം, വാതിലുകള്‍ പുറത്തു നിന്ന് പൂട്ടിയിരുന്നു, അപായകരമാം വിധം ചുട്ടുപഴുത്തിരുന്നു.” എന്നാണു അവള്‍ക്കു വിവരിക്കാനാകുക. നിയമപാലകര്‍ നോക്കി നില്‍ക്കെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞിട്ട തീവണ്ടിക്കു തീവെക്കുന്നതും നൂറിലേറെ ആളുകള്‍ വെന്തു മരിക്കുന്നതും ഉള്ളില്‍ നിറക്കുന്ന രോഷമാണ് പിറ്റേ ദിവസം ഫേസ് ബുക്കില്‍ കുറിക്കുമ്പോള്‍ അവളുടെ മനസ്സില്‍. ഭര്‍ത്താവും മകളും പ്രസ്തുത സംഭവത്തില്‍ വെന്തുമരിച്ചതിനെ തുടര്‍ന്ന് ദുഃഖം കൊണ്ട് ഭ്രാന്തു പിടിച്ച ഒരു സ്ത്രീയുടെ വീഡിയോ കാണുമ്പോള്‍ അവളതു ഷെയര്‍ ചെയ്യുന്നു. ആദ്യം ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ് പോലീസിന്റെ ധാര്‍മ്മിക പങ്കാളിത്തത്തെ കുറിച്ചുള്ള കമെന്റോടെ വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ കടുത്ത അമര്‍ഷവും ദുഃഖവും ഉണ്ടായിരുന്നു ജീവന്; എന്നാല്‍ ഒപ്പം കുറച്ചേറെ ലൈക്കുകള്‍ കിട്ടാനുള്ള മോഹവും. പക്ഷെ അവള്‍ക്കറിയില്ലായിരുന്നു അതവളുടെ അറസ്റ്റിലേക്കും രാജ്യദ്രോഹ/ ഭീകര പ്രവര്‍ത്തന ആരോപണത്തിലേക്കും നിമിത്തവും തെളിവും ആയിത്തീരുമെന്ന്.
നോവലിസ്റ്റ് മൂന്നു കഥാപാത്രങ്ങളിലൂടെയാണ് മുഖ്യമായും കഥ പറയുന്നത്. ജീവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തടവില്‍ കഴിയുന്നു. പി ടി സാര്‍ എന്ന് വിളിക്കപ്പെടുന്ന അവളുടെ മുന്‍ അധ്യാപകനെ അവള്‍ക്കെതിരെ ഉപയോഗിക്കാനായി വലതുപക്ഷ രാഷ്ട്രീയം പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്നു. അവളുടെ പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥിനിയും താരപദവി സ്വപ്നം കാണുന്നവളുമായ ലൗലി എന്ന ഹിജഡ അഭിനയക്കളരിയില്‍ പരിശീലിക്കുന്നു. ഈ മൂന്നു കഥാപാത്രങ്ങളുടെ മാറിമാറി വരുന്ന വീക്ഷണങ്ങളിലൂടെ ഇതിവൃത്തത്തിന്റെ ഉള്ളുകള്ളികളിലേക്ക് നോവലിസ്റ്റ് കടക്കുന്നു. എന്താണ് ആ ശപിക്കപ്പെട്ട ദിനത്തില്‍ സംഭവിച്ചത് എന്നത് ജീവന് മാത്രമാണ് അറിയാവുന്നത്. എന്നാല്‍ ജീവന്റെ വിധി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും മറ്റു പശ്ചാത്തലങ്ങളും കൂടുതലും പി. ടി. സാറിലൂടെയാണ് വ്യക്തമാകുന്നത്. ലൗലിയാകട്ടെ, സമൂഹത്തില്‍ നിന്ന് പ്രായോഗികമായി ബഹിഷ്കൃത എന്ന നിലയില്‍ വല്ലപ്പോഴും നടക്കുന്ന അഭിനയ പഠനം ഒഴികെ സാമ്പ്രദായിക വിദ്യാഭ്യാസം പോലുള്ള സാമൂഹിക ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലാത്ത, സ്വയം ശിക്ഷണം നേടിയ തെരുവിന്റെ സന്തതിയാണ്. സ്പോക്കണ്‍ ഇംഗ്ലീഷ് പഠനം അഭിനേത്രിയെന്ന നിലയില്‍ മുന്നോട്ടു പോകാന്‍ അനിവാര്യമാണ് എന്നിടത്താണ് ജീവന്‍ അവള്‍ക്ക് തുണയാകുന്നത്. അതേ ആവശ്യത്തിനു വേണ്ടി ലൗലിക്ക് നല്‍കാനുള്ള പുസ്തകങ്ങള്‍ അടങ്ങിയ പാക്കേജ് ആണ് ജീവനെ സംശയ മുനയില്‍ നിര്‍ത്തുന്ന തൊണ്ടിയായിത്തീരുക എന്നത് ദയനീയമായ വിരോധാഭാസമാണ്. ലൗലി പഠിച്ചതും അറിഞ്ഞതും മറ്റുള്ളവരെ നിരീക്ഷിച്ചു നേടിയെടുത്തതുമായ ധാരണകളാണ് അവളുടെ സപര്യയില്‍ അവള്‍ക്ക് സഹായമാവുന്നത്. ലൗലിയുടെ സംസാര രീതിയില്‍ ഇങ്ങനെ പഠിച്ചെടുക്കുന്ന ‘ഇന്ത്യന്‍ ഇംഗ്ലീഷി’ന്റെ വികലതകള്‍ പ്രകടമാണ്. പി. ടി. സാറിനെ സംബന്ധിച്ചേടത്തോളം ജീവന്റെ കാര്യത്തില്‍, മികച്ച കായിക ഭാവിയുള്ള വിദ്യാര്‍ത്ഥിനിക്ക് അവളുടെ ദാരിദ്ര്യത്തില്‍ തുണയാവുകയും വഴികാട്ടിയാവുകയും ചെയ്യുന്നുവെങ്കിലും അയാളുടെ പട്ടാളച്ചിട്ടയും വരണ്ട ദേശീയ ബോധവും ചേര്‍ന്ന് തന്റെ ശിഷ്യയെ സഹായിക്കാനുള്ള മനസ്ഥിതി ഇല്ലാതാക്കുന്നു.
“അവളെ കുറിച്ച് ചിന്തിക്കുമ്പോള്‍, അയാളുടെ ഉള്ളില്‍ ഒരു പഴയ ദേഷ്യം ഉണര്‍ന്നു വരുന്നു. അവളെ ഒരു ശിഷ്യയായി അയാള്‍ കണ്ടു തുടങ്ങിയിരുന്നു, എന്നാല്‍ അവള്‍ അയാളെ ഒരു മാര്‍ഗ്ഗദര്‍ശിയായി കണക്കാക്കിയിരുന്നില്ല. അവള്‍, ഒരു പക്ഷെ, വല്ലപ്പോഴും കിട്ടുന്ന ഒരു സൌജന്യ ഊണ് എന്നതിനപ്പുറം അയാളെ കണക്കാക്കിയിരുന്നില്ല. അവള്‍ അയാളെ വിഡ്ഢിയാക്കി.. ഇപ്പോള്‍ അയാള്‍ക്കറിയാമായിരുന്നു, ജീവന്റെ കാര്യത്തില്‍ അന്ന് മുതലേ എല്ലായിപ്പോഴും എന്തോ കുഴപ്പമുണ്ടായിരുന്നു. അവളുടെ ചിന്താരീതിയില്‍ എന്തോ കുഴപ്പമുണ്ടായിരുന്നു.”
നഗരത്തിന്റെ പേര് ഒരിടത്തും പറയുന്നില്ലെങ്കിലും വിക്റ്റോറിയ മെമ്മോറിയല്‍, ബോളിഗഞ്ച് തുടങ്ങിയ സൂചകങ്ങളിലൂടെ കൊല്‍ക്കത്തയെ തിരിച്ചറിയാം. പി.ടി. സാറിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ വിവരിക്കപ്പെടുന്ന ജന കല്യാണ്‍ പാര്‍ട്ടി, നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ 2014ല്‍ രൂപീകൃതമായ ജന സേനാ പാര്‍ട്ടിയാണെന്ന് മനസ്സിലാക്കുന്നത് നോവലിന്റെ കാലവും വ്യക്തമാക്കുന്നു. ഇത് ജീവന്‍ അതിവേഗം തിരിച്ചറിയാന്‍ തുടങ്ങുന്ന പുതിയ ഇന്ത്യയിലെ സമവാക്യങ്ങളെ പശ്ചാത്തലത്തില്‍ എത്തിക്കുന്നു. സര്‍ക്കാറിനെയോ പ്രധാന മന്ത്രിയെയോ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാരണമോ അല്ലെങ്കില്‍ അത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലോ ഒട്ടേറെ പേര്‍ തടവിലാക്കപ്പെട്ട നാട്; ആള്‍ക്കൂട്ട കൊലകളുടെയും മുസ്ലിം വിരുദ്ധത മുഖമുദ്രയായ പൗരത്വ നിയമത്തിന്റെ കാലം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളില്‍ ഇരയാക്കപ്പെട്ട അമ്പതിലേറെ മുസ്ലിംകളുടെ ജീവനും പള്ളികള്‍ ഉള്‍പ്പടെ സ്വത്തുക്കളും വാര്‍ത്തയില്‍ പോലും വേണ്ടത്ര സ്ഥാനം പിടിക്കാതെ പോയ കാലം. എമ്പത്തിയഞ്ചു കഴിഞ്ഞ വയോധിക അക്ബരി സല്‍മാനിയെ ഹിന്ദുത്വ ഭീകരര്‍ ചുട്ടെരിക്കുമ്പോള്‍ പോലീസ് നോക്കിനിന്ന ഇടം. കുരുക്കു തയ്യാറെങ്കില്‍ ജീവന്‍ തികച്ചും അനുയോജ്യയാണ്: അവള്‍ സംഭവസമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നു; അവളുടെ കയ്യില്‍ ഒരു പാക്കേജ് ഉണ്ടായിരുന്നു; അവളുടെ കുടിലിന്റെ പരിസരത്തു മണ്ണെണ്ണയില്‍ മുങ്ങിയ ഒരു തുണിക്കഷണം ഉണ്ടായിരുന്നു; ഒരു ‘ടെററിസ്റ്റ് റിക്രൂട്ട’റുമായി അവള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതിനു രേഖകള്‍ ഉണ്ടായിരുന്നു; എല്ലാത്തിനുമുപരി, സൌകര്യപൂര്‍വ്വം, അവളൊരു ദരിദ്ര മുസ്ലിം യുവതിയായിരുന്നു. വിചാരണ കാത്തു ഒരു വര്‍ഷക്കാലം ജയിലിലേക്കും തുടര്‍ന്ന് അനിവാര്യമായ വിധിയിലേക്കും അവള്‍ വലിച്ചിഴക്കപ്പെടാന്‍ മറ്റൊന്നും ആവശ്യമില്ലായിരുന്നു.
എന്നാല്‍ നോവലിസ്റ്റ് സ്തോഭജനകമായ ഇത്തരം പശ്ചാത്തലങ്ങള്‍ അതിനാടകീയ വല്‍ക്കരിക്കുകയോ അവയില്‍ ഏതെങ്കിലും വശങ്ങളില്‍ കൂടുതല്‍ ഊന്നുകയോ ചെയ്യുന്നില്ല. ജീവന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന നിമിഷം മുതല്‍ ഒട്ടും അപ്രതീക്ഷിതമല്ലാത്ത ചാലുകളിലൂടെയാണ് ഇതിവൃത്ത വികാസമെങ്കിലും അത്തരം സാധാരണത്വം മടുപ്പിക്കാതെ ആഖ്യാനം മുന്നോട്ടു പോകുന്നത് മുഖ്യമായും നോവലിസ്റ്റിന്റെ വിവരണ മിതത്വവും ചടുലതയും കൊണ്ടാണ്. ഒരു ബാലിയാടിനെ വേണ്ടിയിരുന്ന പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു പുതിയ ഇന്ത്യ ഉറ്റുനോക്കും വിധം ന്യൂന പക്ഷ വിഭാഗത്തില്‍ നിന്നു തന്നെ അത്തരം ഒരാളെ കിട്ടുന്നു എന്ന നിമിഷം അവളുടെ വിധി നിര്‍ണ്ണയിക്കപ്പെടുമെന്നതില്‍ ഒട്ടും ഫിക് ഷനല്‍ എടുത്തുകെട്ടില്ല. പി. ടി. സാര്‍, ലൗലി എന്നിവര്‍ക്ക് അവളുടെ നിരപരാധിത്തം തെളിയിക്കാന്‍ വേണ്ട മൊഴികള്‍ നല്‍കാനാവും എന്നത് ഒരു ആദര്‍ശ ലോക പ്രതീക്ഷയാണ് എന്നിടത്താണ് ഇപ്പറഞ്ഞ ഇന്ത്യന്‍ അവസ്ഥയുടെ യഥാര്‍ത്ഥമുഖം വ്യക്തമാകുന്നത്. ഉദിച്ചുയരുന്ന രാഷ്ട്രീയ ഭാവി മുന്നിലുള്ള ഒരാള്‍ക്ക് അരുമ ശിഷ്യയെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഒരാളുമായി ഒരിടപാടും ഗുണം ചെയ്യില്ല; ആദ്യമായി മികച്ച വേഷം തേടിയെത്തുന്ന അഭിനയമോഹിക്കും ഇമേജ് നിര്‍മ്മിതിയും സംരക്ഷണവും പ്രധാനമാണ്. ഇരുവര്‍ക്കും സ്വയം കണ്ണടക്കാന്‍ വേണ്ടത്ര ഒഴികഴിവുകള്‍ ലഭ്യമാണ്: ഇത് തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന കാര്യമല്ല തന്നെ. ഉയര്‍ന്നുയര്‍ന്നു പോകാനുള്ള വിലയാണ് അത്തരം മനസ്സാക്ഷി പ്രശ്നങ്ങള്‍ എന്നത് ഒട്ടും പുതുമയുള്ള പ്രമേയമല്ലല്ലോ.
അധികാരവുമായുള്ള മുഖാമുഖത്തില്‍ തോറ്റുപോകുന്ന ചെറിയ മനുഷ്യരുടെ കണ്ണാടിയായാണ് ജീവനെയും അവളുടെ കുടുംബ, സമൂഹ പശ്ചാത്തലത്തെയും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്. കല്‍ക്കരി ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമത്തിലേക്ക് ഇരമ്പിയെത്തുന്ന പോലീസും അധികൃതരും കുടുംബത്തിന്റെ ഏക ഉപജീവന ഉപാധിയായിരുന്നു പിതാവിന്റെ സൈക്കിള്‍ റിക്ഷ നശിപ്പിക്കുന്നത് മുതല്‍ അവളതു നേരിട്ടിട്ടുണ്ട്. തുടര്‍ന്നു തകര്‍ക്കപ്പെടുന്ന കുടിലിന്റെ ചിത്രവും വീണുപോയ പിതാവിന്റെ ഓര്‍മ്മയുമായി അത് തുടരുന്നു. ലൗലിയുടെ കാര്യത്തില്‍ തന്റെ ഇളയ സഹോദരി രാഗിണിയെ ഹിജഡയാക്കാനുള്ള സര്‍ജ്ജറി അനസ്തേഷ്യ നല്‍കാതെ നിര്‍വ്വഹിക്കുന്ന മുറി വൈദ്യന്‍ കാരണം പഴുപ്പു ബാധിച്ചു അവള്‍ മരിച്ചു പോകുന്നത് കാണേണ്ടി വന്ന ഗതികേടുണ്ട്; തന്റെ ലിംഗ സ്വത്വം മൂലം സമൂഹത്തില്‍ നിന്നു നിരന്തരം നേരിടേണ്ടി വന്ന അവമതിയുണ്ട്. എന്നിരിക്കിലും, പ്രഥമ കൃതിയെങ്കിലും നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും പ്രകടമാകുന്നത് ലൗലിയുടെ പാത്രസൃഷ്ടിയിലാണ്. നോവലിന്റെ അപൂര്‍വ്വമായ മൃദുഭാവങ്ങള്‍ കടന്നുവരുന്നത് അവളിലൂടെയാണ്: “നിലാവിന് മുഖക്കുരുവുമുണ്ട്” എന്ന് ചന്ദ്രനെ നോക്കി നിരീക്ഷിക്കുന്ന ലൗലി അവളുടെ ദുരിത ജീവിതത്തിലും പ്രകൃതിയുടെ സൗന്ദര്യം കണ്ടെത്തുന്നുണ്ട്. വ്യാകരണ രഹിതവും പതറിയ ഇന്ത്യന്‍ ഇംഗ്ലീഷ് ശൈലീ പ്രയോഗം നിറഞ്ഞതുമായ ലൗലിയുടെ സംസാര രീതിക്ക് അതിന്റേതായ ഒരു സ്വതസിദ്ധ നിഷ്കളങ്ക ഭാവമുണ്ട്.
ലൗലി തന്റെ മുന്നില്‍ തുറന്നു കിട്ടുന്ന അവസരം സമയോചിതം ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍, ജീവന്‍ അടിഞ്ഞു പോകുന്നു: സഹോദര ഭാവേന സഹായ വാഗ്ദാനവുമായി എത്തുന്ന യുവ ജേണലിസ്റ്റിനു മുന്നില്‍ അവള്‍ തന്റെ കഥകള്‍ തുറന്നു പറയുന്നത് തന്റെ നിരപരാധിത്തം തെളിയിക്കുമെന്നും ജയില്‍ വിമോചിതയായി നല്ല ഭാവിയിലേക്ക് കുതിക്കാം എന്നുമുള്ള വിശ്വാസത്തിലാണ്. വാസ്തവത്തില്‍, നോവലിന്റെ ചടുലമായ മുന്നോട്ടുപോക്കില്‍ ഒരിക്കലും ഇടം പിടിക്കാത്ത കുടുംബ പുരാണം പോലുള്ള പശ്ചാത്തല ധാരണകള്‍ വായനക്കാര്‍ക്ക് പകര്‍ന്നു കിട്ടുന്നതു തന്നെ ഈ ഭാഗത്താണ്. എന്നാല്‍ ‘കീഴടങ്ങിയ ഭീകരവാദിയുടെ കുമ്പസാരങ്ങള്‍’ എന്ന തട്ടുപൊളിപ്പന്‍ കഥയായി മാറ്റിയെഴുതി അയാളത് വിറ്റുകളയുമെന്ന് അവള്‍ക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നില്ല. നിസ്സഹായതകള്‍ക്കിടയിലും ജീവന്‍ നിരന്തരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അതിജീവന ത്വരയും സ്വാതന്ത്ര്യ ബോധവും യഥാര്‍ഥത്തില്‍ ജേണലിസ്റ്റ് ‘ഗുണകാംക്ഷി’ സമര്‍ത്ഥമായി പ്രയോഗിക്കുന്ന കാപട്യത്തില്‍ ദയനീയമായി മുങ്ങിപ്പോവുന്നുവെങ്കിലും അവള്‍ക്കത് തീര്‍ത്തും മനസ്സിലകാതെ പോകുന്നില്ല. തന്റെ എഡിറ്റര്‍ അവളുടെ കഥയെ കൂടുതല്‍ മികച്ചതാക്കും എന്ന് അയാള്‍ അവകാശപ്പെടുന്നത് അവള്‍ക്ക് വിരോധാഭാസമായിത്തോന്നുന്നുണ്ട്: അവളുടെ കഥ കൂടുതല്‍ നന്നായേനെ, അവളുടെ അച്ഛന്റെ മുതുക് തകര്‍ന്നു പോയിരുന്നില്ലെങ്കില്‍, അമ്മ ആക്രമിക്കപ്പെട്ടിരുന്നില്ലെങ്കില്‍, അവള്‍ സ്കൂള്‍ പഠനം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍. ഇതൊന്നും സാധിക്കാതെ പോയത് തന്റെ വിധി നിര്‍ണ്ണയിച്ചുവെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വധശിക്ഷ നടപ്പിലാക്കാന്‍ പരമോന്നത നീതിപീഠം പോലും നിര്‍ബന്ധിതമാകുന്ന നാട്ടില്‍ അവള്‍ക്കു വേറൊരു വിധിയും സാധ്യവുമല്ല എന്നും ഉള്ളിന്റെയുള്ളില്‍ അവള്‍ അറിഞ്ഞിരുന്നുവോ? നോവലിസ്റ്റ് ആ ചോദ്യം വായനക്കാര്‍ക്കു വിടുന്നതേയുള്ളൂ. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും നിരീക്ഷണങ്ങളും ആവിഷ്കരിക്കുന്നതിനു പകരം സംഭവങ്ങളും അവരുടെ പ്രവര്‍ത്തികളുടെ അനന്തര ഫലങ്ങളും ഏറ്റവും കുറഞ്ഞ വാക്കുകളില്‍ രേഖപ്പെടുത്തുന്ന രീതിയാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നതും.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 382- 388)
