A General Theory of Oblivion by José Eduardo Agualusa / Daniel Hahn

സ്വയം അടക്കത്തിന്റെ ഗാഥ - വിസ്മൃതിയുടെയും

അംഗോള, മൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa) 1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം പോര്‍ച്ചുഗീസ് റിപ്പബ്ലിക്, 1974 ഏപ്രില്‍ 25-ന് സായുധ സൈനിക കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. കൊളോണിയല്‍ ചൂഷണം ചവച്ചുതുപ്പിയ ആഫ്രിക്കന്‍ - ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരിടത്തും സമാധാനപൂര്‍ണ്ണമായ അധിക്കരക്കൈമാറ്റം സാധ്യമേയല്ലായിരുന്നു. ഹോസെ എദുവാര്‍ദോ അഗുവാലൂസായുടെ ഏറ്റവും പുതിയ നോവലായ ‘വിസ്മൃതിയുടെ ഓര്‍ സാമാന്യ തത്വം’ (A General Theory of Oblivion) പരിത്യക്തയും സ്വയം ബഹിഷ്കൃതയുമായ പോര്‍ച്ചുഗീസ് വനിതാ ലുഡോവികാ ഫെര്‍നാന്‍ഡസ് മാനോ എന്ന ലുഡോയുടെ വിചിത്ര ജീവിതത്തിന്റെയും ഏറെയൊന്നും ആകാശങ്ങളില്ലാത്ത അവരുടെ ജീവിതത്തിന്‍റെ ഏതാണ്ട് അടഞ്ഞ കണ്ണാടിച്ചീള്‍ കാഴ്ചയിലൂടെ സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ട് മുമ്പുതൊട്ട് വര്‍ത്തമാന കാലം വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന അംഗോളയുടെ, വിശേഷിച്ചും ലുവാന്‍ഡയുടെ, സന്നിഗ്ദ്ധതകളും ആവിഷ്കരിക്കുന്നു.

സ്വാതന്ത്ര്യപ്രാപ്തി തൊട്ടുമുന്നില്‍ നില്‍ക്കെ, കണ്മുന്നില്‍ അരങ്ങേറിക്കൊണ്ടിരുന്ന ബീഭത്സതകളുടെ പ്രതിഫലനമെന്നോണം തന്റെ അപ്പാര്‍ട്ട്മെന്‍റ് ഇഷ്ടികകള്‍ കൊണ്ട് ചുവരിട്ടു മറച്ചു അതിനുള്ളില്‍ തുടര്‍ന്നു ഇരുപത്തിയെട്ടു കൊല്ലക്കാലം സ്വയം മറവു ചെയ്ത ഒരു സ്ത്രീയുടെ യഥാര്‍ത്ഥ അനുഭവമാണ് നോവലിന് പ്രചോദനമായതെന്ന് അഗുവാലൂസ എറ്റുപറഞ്ഞിട്ടുണ്ട്. ലുഡോയുടെ പാത്ര സൃഷ്ടിയില്‍ അവരുടെ വിചിത്രമായ പെരുമാറ്റത്തിന് കൃത്യമായ സൂചകങ്ങള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്. തുറസ്സുകളോട് അകാരണ ഭീതി (agarophobia )യുള്ള ലുഡോ ഉള്‍വലിയാനും ടെറസ്സിലേക്ക് കടക്കുമ്പോള്‍ പോലും വിശാലമായ കാഴ്ച മറക്കുന്ന ചട്ടക്കൂട് കൊണ്ട് ആകാശത്തെ അകറ്റി നിര്‍ത്താനുമുള്ള കലശലായ പ്രവണത കാണിക്കുന്നതിന് പിന്നില്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വൈയക്തിക ഭീകരാനുഭവവും ഉണ്ടെന്നു പിന്നീടാണ് വ്യക്തമാകുക. സഹോദരി ഓഡറ്റിന് മൈനിംഗ് എഞ്ചിനീയറും വിഭാര്യനുമായ ഒര്‍ലാന്‍ഡോയുമായുണ്ടാവുന്ന പ്രണയവിവാഹത്തെ തുടര്‍ന്ന് ലുവാന്‍ഡയിലേക്ക് താമസം മാറുമ്പോഴാണ് അവരോടൊപ്പം ഒരംബരചുംബിയിലേക്ക് ലുഡോ എത്തുന്നത്. എന്നാല്‍, ദുരൂഹമായ രീതിയില്‍ സഹോദരിയും ഭര്‍ത്താവും അപ്രത്യക്ഷരാവുന്നതോടെ അവള്‍ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റപ്പെട്ടു പോകുന്നു. കാര്‍നേഷന്‍ റവലൂഷന്റെ കലാപം പോര്‍ച്ചുഗീസ് വംശജര്‍ക്ക് ഉണ്ടാക്കാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് നാടുവിടാന്‍ ഓഡറ്റ് നിര്‍ബന്ധിക്കുമ്പോഴും പരമാവധി പിടിച്ചുനില്‍ക്കാന്‍ ഒര്‍ലാന്‍ഡോ വാശിപിടിക്കുന്നതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്.

" ഭീകരര്‍ എന്നു പറയുന്നവര്‍ എന്റെ നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയാണ്. ഞാന്‍ അംഗോളക്കാരനാണ്. ഞാന്‍ പോവില്ല.”

നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അംഗോളയില്‍ സ്ഥിര താമസമാക്കിയ മാതാപിതാക്കള്‍ക്ക് ജനിച്ച ഒര്‍ലാന്‍ഡോ അങ്ങനെയാണ് ആദ്യം പ്രതികരിക്കുക. എന്നാല്‍, വംശവെറി തുടല്‍ പൊട്ടിച്ചു തുടങ്ങുകയും നിവൃത്തിയില്ലാതാവുകയും ചെയ്യുകയും പോര്‍ച്ചുഗീസ് വംശജരെല്ലാം കയ്യില്‍ കിട്ടിയതുമായി ഒഴിച്ച് പോവാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അയാള്‍ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങുന്നുണ്ട്.

"ഞാനൊരിക്കലും ഒരു ഭാഗ്യവാന്‍ ആയിരുന്നില്ല." ഒര്‍ലാന്‍ഡോ രണ്ടു സഹോദരിമാരോടും പരാതിപ്പെട്ടു, അയാള്‍ വിരുദ്ധോക്തി ഉപയോഗിക്കുകയാണോ ഗൗരവമായി പറയുകയാണോ എന്ന് വ്യക്തമായിരുന്നില്ല. “ഞാന്‍ അപ്പാര്‍ട്ട്മെന്റുകളും കാറുകളും ശേഖരിക്കാന്‍ തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും എന്നില്‍ നിന്ന് എല്ലാം പിടിച്ചെടുക്കാനായി കമ്മ്യൂണിസ്റ്റുകള്‍ എത്തുന്നു.”

ഒരു നാള്‍ ഒരു വിടപറയല്‍ പാര്‍ട്ടിയിലേക്ക് പോയതിനു ശേഷം അവര്‍ തിരിച്ചെത്തുന്നില്ല. സ്വയം ചുമര്‍ കെട്ടി ഉള്‍വലിഞ്ഞു കഴിയുമ്പോള്‍ ഫ്ലാറ്റില്‍ നീക്കിയിരുപ്പുള്ള ഭക്ഷ്യവിഭവങ്ങളും നീന്തല്‍ക്കുളത്തിലെ വെള്ളവും വിറകിന് ഒര്‍ലാന്‍ഡോയുടെ അതിസമ്പന്നമായ പുസ്തക ശേഖരവും അവള്‍ക്ക് തുണയാവും, കൂട്ടായി ഒരു അല്‍ബിനോ ആയതു കൊണ്ട് പതിവില്ലാത്ത വിധം തൂവെള്ളയായ, ലുഡോയേ പോലെത്തന്നെ സൂര്യപ്രകാശത്തെ അകറ്റിനിര്‍ത്തേണ്ട ഫാന്‍റം എന്ന് അവള്‍ പേരിട്ട ജെര്‍മ്മന്‍ ഷെപ്പേഡും. തൊട്ടപ്പുറത്തെ അപ്പാര്‍ട്ട്മെന്റിലെ റീറ്റ, നൂറുകണക്കിന് സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിടപറയല്‍ പാര്‍ട്ടിയിലെ ബാക്കിയാവുന്ന കാര്‍ട്ടന്‍ കണക്കിന് ബിയറും വൈനും ഉള്‍പ്പടെ വന്‍ഭക്ഷ്യ ശേഖരവും കമ്മ്യൂണിസ്റ്റുകള്‍ക്കായി ഒന്നും ബാക്കിവെക്കരുത് എന്ന നിര്‍ദ്ദേശത്തോടെ അവള്‍ക്ക് നല്‍കുന്നു. അവ കഴിയുമ്പോഴേക്കും പതിയെ ടെറസിലേക്ക് വളരുന്ന പഴങ്ങളും കെണിവെച്ചു പിടിക്കുന്ന പ്രാവുകളും ലുഡോയേ ഏതാണ്ടൊരു ആദിമജീവിത പരിസരങ്ങളിലേക്ക് ഒതുക്കിത്തുടങ്ങും. അംഗോള തിളച്ചുമറിയുന്നതും ക്യൂബന്‍ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണം മുതലാളിത്ത രീതികളിലേക്ക് മാറുന്നതും മുകള്‍ തട്ടിലെ കാഴ്ചയില്‍ ചെറുവിടവുകളിലൂടെ ലുഡോ അറിയുന്നുണ്ട്. നോട്ട് ബുക്കുകളില്‍ തന്റെ കഥ എഴുതിത്തുടങ്ങുന്ന ലുഡോ, അത് തീരുമ്പോള്‍ കരി ഉപയോഗിച്ച് ചുവരുകളില്‍ രചന തുടരുന്നു. ഈ നോട്ട് ബുക്കുകളും അപ്പാര്‍ട്ട്മെന്റില്‍ ലഭ്യമായ ഡയറികള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയവയും ഉപയോഗിച്ചാണ്‌ 2010-ല്‍ തന്റെ എണ്‍പത്തിയഞ്ചാം വയസ്സില്‍ ലുവാന്‍ഡയിലെ സഗ്രാദാ എസ്പരാന്‍സാ ക്ലിനിക്കില്‍ വെച്ച് മരിക്കുന്ന ലുഡോയുടെ കഥ രചിക്കുന്നത്‌ എന്ന് നോവലിന്റെ ഹ്രസ്വമായ 'ആമുഖം' എന്ന അധ്യായത്തില്‍ നോവലിസ്റ്റ് പറയുന്നു, ഒപ്പം അതൊക്കെയാണെങ്കിലും കൃതി ഒരു ഫിക് ഷനല്‍ രചനതന്നെ എന്ന സര്‍ഗ്ഗ ജാമ്യത്തോടെത്തന്നെ. മുമ്പ് താനായിരുന്ന വ്യക്തിക്ക് എന്ന അഭിസംബോധനയോടെ ലുഡോ കുറിപ്പുകള്‍ അവസാനിപ്പിക്കുക ഇങ്ങനെയാണ്:

ലുഡോ, എന്റെ പ്രിയപ്പെട്ടവളെ: ഞാനിപ്പോള്‍ സന്തുഷ്ടയാണ്.

അന്ധയാണെങ്കിലും എനിക്കിപ്പോള്‍ കൂടുതല്‍ വ്യക്തമായിക്കാണാം. ഞാന്‍ നിന്റെ അന്ധതയോര്‍ത്തു വിലപിക്കുന്നു, നിന്‍റെ അനന്തമായ വിഡ്ഢിത്തം ഓര്‍ത്ത്‌. നിനക്കാ വാതില്‍ തുറക്കുക വളരെ എളുപ്പമാകുമായിരുന്നു, പുറത്തു തെരുവിലേക്ക് പോയി ജീവിതത്തെ ആലിംഗനംചെയ്യുക ഏറെ എളുപ്പമാകുമായിരുന്നു. നീ ജനാലക്കു വെളിയിലേക്ക് എത്തിനോക്കുന്നത് ഞാന്‍ കാണുന്നു, ഭയ ചകിതയായി, ഭീകര സ്വത്വങ്ങളെ കാണുമെന്നോര്‍ത്ത് കട്ടിലിനടിയില്‍ നിന്ന് എത്തിനോക്കുന്ന കുട്ടിയെ പോലെ.

ഭീകരസ്വത്വങ്ങള്‍ , എനിക്ക് സ്വത്വങ്ങളെ കാട്ടിത്തരൂ: തെരുവിലുള്ള ജനത,

എന്റെ ജനത,

നിനക്ക് നഷ്ടപ്പെട്ടതിലൊക്കെ എനിക്കതിയായ ദുഃഖമുണ്ട്.

അതിയായ ദുഃഖം.

പക്ഷെ അസന്തുഷ്ട മനുഷ്യകുലം തന്നെയും നിന്നെപ്പോലെത്തന്നെയല്ലേ?”

സ്വപ്നത്തില്‍ ഒരു കൊച്ചു പെണ്ണായി സബാലുവിന്റെ കൈപിടിച്ച് അവള്‍ പ്രഭാതത്തിലേക്ക്‌ നടക്കുന്നു.

റേഡിയോ വാര്‍ത്തകള്‍ ലുഡോക്ക് പുറം ലോകത്തെന്തു നടക്കുന്നു എന്നറിയാനുള്ള മാര്‍ഗ്ഗം ആവുന്നുണ്ട്‌ ആദ്യ ഘട്ടത്തില്‍, അഥവാ ബാറ്ററികള്‍ തീര്‍ന്നുപോവും വരെ. അഞ്ഞൂറ് കൊല്ലത്തെ കൊളോണിയല്‍ ഭരണവും വര്‍ണ്ണവെറിയും അവസാനിക്കാന്‍ പോകുന്നതും അംഗോളന്‍ ദേശീയസ്വത്വം സ്വതന്ത്രമാവുന്നതും പ്രോപ്പഗാണ്ട രൂപത്തില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഈ ആവേശത്തള്ളിച്ചയുടെ മറുവശം “അഞ്ഞൂറു കൊല്ലം ഞങ്ങളില്‍ നിന്ന് കൊള്ളയടിച്ചത് തിരിച്ചു തരികയെ വേണ്ടൂ!” എന്ന ആവശ്യത്തോടെ പോര്‍ച്ചുഗീസ് വംശജരെ ലക്ഷ്യം വെക്കുന്ന കവര്‍ച്ചയും ഭവനഭേദനവുമായാണ് ലുഡോ നേരിട്ട് അനുഭവിക്കുക. അങ്കലാപ്പിന്റെ പാരമ്യത്തില്‍ പ്രതിരോധമെന്നോണം താനുതിര്‍ക്കുന്ന വെടി അടുത്ത മുപ്പത്തിയഞ്ചു കൊല്ലം അവളെ വേട്ടയാടും. 'എന്തൊരു ദൗര്‍ഭാഗ്യം, ഞാനൊരിക്കലും സ്വാതന്ത്ര്യം കാണില്ലല്ലോ' എന്ന മാരകമായി മുറിവേറ്റ യുവാവിന്റെ വിലാപം അവളെ ഏറെ വേദനിപ്പിക്കും.

"അവരെന്തായാലും എന്നെ കൊല്ലും. എനിക്കൊരു പാട്ട് പാടിത്തരൂ, മുത്തശ്ശീ?.. പരുത്തിയുണ്ട പോലെ മസൃണമായ എന്തെങ്കിലും."

പിറ്റേന്ന് കാലത്ത് ടെറസ്സില്‍ പൂത്തടത്തില്‍ മഞ്ഞറോസുകള്‍ക്കിടയില്‍ അവള്‍ അയാളെ അടക്കുന്നു. ഫോണിലൂടെ ഭീഷണി മുഴക്കുന്ന കവര്‍ച്ചക്കാരുടെ രീതിയില്‍ ക്രുദ്ധനായ ഫാന്‍റം ഫോണ്‍ തകര്‍ക്കുന്നതോടെ പുറം ലോകവുമായുള്ളഒരു കണ്ണികൂടി അറ്റുപോകുന്നതില്‍ ലുഡോ സംതൃപ്തയാണ്. മഡാലെനായുടെ സഹായത്തോടെ ഒളിവില്‍ കഴിയുന്ന ജറെമിയാസ് ക്യൂബന്‍ സൈനികരോടൊപ്പം ഏറെ പ്രയാസത്തോടെയെങ്കിലും മുന്നേറുന്ന ഔദ്യോഗിക സൈന്യത്തെ കുറിച്ചും യൂനിറ്റ പാര്‍ട്ടിയും നാഷണല്‍ ഫ്രന്റ്‌, സൌത്ത് ആഫ്രിക്കന്‍ സൈന്യം, പോര്‍ച്ചുഗലല്‍, ഇംഗ്ലണ്ട്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കൂലിപ്പട്ടാളം എന്നിവയും ചേര്‍ന്നുള്ള ക്ഷയിച്ചു കൊണ്ടിരിക്കുന്ന സഖ്യത്തിന്റെ പിന്‍ വാങ്ങലിനെ കുറിച്ചും നിരീക്ഷിക്കുന്നതും റേഡിയോ മാര്‍ഗ്ഗമാണ്.

ലുഡോയുടെ കഥയില്‍ ദുരന്തപൂര്‍ണ്ണവും മാജിക്കല്‍ റിയലിസ്റ്റ് സ്വഭാവമുള്ളതുമായ സന്ദര്‍ഭങ്ങളും പാത്രങ്ങളും യഥേഷ്ടം കടന്നു വരുന്നു. സൈനികര്‍, തെരുവ് പിള്ളേര്‍, റിപ്പോര്‍ട്ടര്‍മാര്‍, വിനോദ കലാകാരന്മാര്‍, കൊലയാളികള്‍, മൃഗങ്ങള്‍ പോലും - അതൊരു വൈചിത്ര്യ വിശേഷങ്ങളുടെ ലോകമാണ്. ഈ രചനാ തന്ത്രത്തിലൂടെ പുറത്തു നടക്കുന്ന വലിയ കാര്യങ്ങളെയും ശൈഥില്യങ്ങളെയും വേറിട്ട, പക്ഷമേതുമില്ലാത്ത ഒരു 'നിരുന്മേഷ' കാഴ്ചപ്പാടിലൂടെ, ഒരു പുറംനാട്ടുകാരി സ്ത്രീയുടെ ദൃഷ്ടിയിലൂടെ, തെരുവിലുള്ളവര്‍ ജീവന്മരണപ്രശ്നവും ആദര്‍ശപ്രശ്നവും ഒക്കെയായിക്കാണുന്ന കാര്യത്തെ ഒട്ടൊരു ഐറണിയോടെ അവതരിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിയുന്നു. ഹ്രസ്വവും മുറിഞ്ഞു മുറിഞ്ഞുപോകുന്നതുമായ ചെറുഅധ്യായങ്ങളിലൂടെ വിചിത്ര സ്വഭാവികളായ ഒട്ടേറെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഇഴകോര്‍ത്തും കുറുകെ ചാടിയും ഇതിവൃത്തത്തില്‍ മുന്നോട്ടു പോകുന്നു. പലപ്പോഴും ഒരു പേജില്‍ താഴെ മാത്രമുള്ള ചിന്താ ശകലങ്ങളായും ഓര്‍മ്മകള്‍, കവിതകള്‍, ആഖ്യാനശകലങ്ങളായും അവ ഇടംപിടിക്കുന്നു. ജെറെമിയാസിനെ പോലുള്ള നാട് കടത്തപ്പെട്ട കൂലിപ്പട്ടാളക്കാര്‍, ബിയാക്കുവിനെ പോലുള്ള തെരുവ് വാസികള്‍, 'അപ്രത്യക്ഷമായവയെ അന്വേഷിക്കുന്ന ഡാനിയേല്‍ ബെഞ്ചിമോള്‍, ആദര്‍ശ പ്രചോദിതനായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ മറന്നു പോവുകയും സ്വാതന്ത്ര്യാനന്തരവും ജയിലിലടക്കപ്പെടുകയും വേഷപ്രച്ഛന്നനാവാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്ന 'ലിറ്റില്‍ ചീഫ്' എന്ന ആര്‍നാള്‍ഡോ ക്രൂസ്, ജോസഫ് മൊബുട്ടുവിന്റെ ഏകാധിപത്യനാളുകളില്‍ കോംഗോയില്‍ നിന്ന് പാരീസിലേക്ക്‌ പാലായനം ചെയ്യുകയും അംഗോള സ്വതന്ത്രമായപ്പോള്‍ അവിടേക്ക് കൂടു മാറുകയും ചെയ്ത ഗായകന്‍ 'പാപ്പി ബോലിംഗോ' എന്ന ഗായകന്‍ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് നോവലില്‍ .

ഓര്‍ വെല്ലിന്റെ ഓഷ്യാനിയായിലേത് (1984) പോലെ 'തോട്ട് പോലീസ്' എന്നറിയപ്പെടുന്ന രഹസ്യപ്പോലീസ് ലിറ്റില്‍ ചീഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നിടത്ത് വെച്ച് വാഹനത്തിന് അപകടം സംഭവിക്കുമ്പോള്‍ അയാളെ രക്ഷപ്പെടുത്തുന്നതും ഒളിച്ചു കഴിയാന്‍ സഹായിക്കുന്നതും 'പാപ്പി ബോലിംഗോ'യാണ്. ആദ്യ പ്രസിഡണ്ടിന്റെ മരണശേഷം ഒരു പുതിയ തുടക്കം അവകാശപ്പെട്ട ഭരണകൂടം സായുധ ആക്രമണക്കുറ്റം ഒഴിച്ചുള്ള കേസുകളില്‍ ജയില്‍ മോചനം പ്രഖ്യാപിക്കുന്നത് അയാള്‍ക്ക് പുറത്തു വരാന്‍ ധൈര്യം നല്‍കുന്നു. മുമ്പ്, ജറെമിയാസിനെയെന്ന പോലെ 'ലിറ്റില്‍ ചീഫി'നെയും രക്ഷപ്പെടുത്തി ഒളിവില്‍ കഴിയാന്‍ സൌകര്യമൊരുക്കിയ മഡാലേന സന്തോഷപൂര്‍വ്വം അയാളെ ഇത്തവണയും സ്വീകരിക്കുന്നു. സ്റ്റോണ്‍ സൂപ്പ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് ലുവാണ്ടന്‍ ചേരികളിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ പോഷകക്കുറവിനെതിരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അവരപ്പോള്‍ . അവര്‍ ലിറ്റില്‍ ചീഫിനോട് പറയുന്നുണ്ട്:

നീയും നിന്‍റെ കൂട്ടുകാരും വലിയ വാക്കുകള്‍ കൊണ്ട് വായ നിറക്കുന്നു - സാമൂഹിക നീതി, സ്വാതന്ത്ര്യം, വിപ്ലവം - അതേ സമയം ആളുകള്‍ നശിച്ചുകൊണ്ടിരിക്കുന്നു, രോഗ ബാധിതരാവുന്നു, പലരും മരിക്കുന്നു. പ്രഭാഷണങ്ങള്‍ ആളുകളുടെ വിശപ്പ്‌ മാറ്റില്ല. ആളുകള്‍ക്കാവശ്യം നല്ല പച്ചക്കറിയും ആഴ്ചയിലൊരിക്കലെങ്കിലും നല്ലൊരു മീന്‍ സൂപ്പുമാണ്. ആളുകളെ ഭക്ഷണ മേശകളിലേക്ക് എത്തിക്കുന്നതില്‍ തുടങ്ങുന്ന വിപ്ലവങ്ങളിലേ എനിക്ക് താല്‍പര്യമുള്ളൂ.”

മഡാലേനയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അവരോടൊപ്പം കൂടുന്ന യുവാവ് പുറത്തു വിപ്ലവം മുതലാളിത്തത്തിന് വഴിമാറുന്നതും അതിനു വേണ്ടി വാദിച്ചിരുന്നവര്‍ ബൂര്‍ഷ്വാ ആഡംബരങ്ങളില്‍ മുഴുകുന്നതും കാണുന്നുണ്ട്. മഡാലേനയെപ്പോലെ ഒട്ടും പ്രകടനപരമല്ലാത്ത സാമൂഹ്യ ബോധം ഉള്‍കൊള്ളുന്ന സബാലുവിന്റെ അമ്മ ഫിലോമേനക്ക് അതിനു വിലയായി നല്‍കേണ്ടി വരുന്നത് സ്വന്തം ജീവനാണ്. മനുഷ്യ ജഡങ്ങള്‍ വില്‍ക്കുന്നതിനെതിരില്‍ പ്രതികരിച്ചതിനെ തുടര്‍ന്നു വക വരുത്തപ്പെട്ട ഒരു നേഴ്സ് ആയിരുന്നു അവര്‍. പേരുമാത്രം അറിയാവുന്ന തന്റെ അച്ഛനെ തേടിയാണ് പയ്യന്‍ ലുവാണ്ടയില്‍ എത്തുന്നത്.

അങ്കോളന്‍ വ്യോമാതിര്‍ത്തിയില്‍ ദുരൂഹമായി അപ്രത്യക്ഷമായ വിമാനങ്ങളെ കുറിച്ച് ഡാനിയേല്‍ ബെഞ്ചിമോള്‍ അന്വേഷിക്കുന്നു. “ക്രിസ്തുവിനെ, അല്ലെങ്കില്‍ മാതാവിനെയെന്നോണം ആകാശത്തു വെച്ച് പിടിച്ചെടുക്കപ്പെടുക കൂടുതല്‍ രസകരമാണ്" എന്ന് മറ്റു അപ്രത്യക്ഷമാവലുകളുമായി അയാളതിനെ തുലനം ചെയ്യും.

ഇവിടെ നാട്ടില്‍ എല്ലാം എപ്പോഴും അപ്രത്യക്ഷമാവുകയാണ്! ഒരു പക്ഷെ മുഴുവന്‍ ദേശം തന്നെയും അപ്രത്യക്ഷമാവുക എന്ന പ്രക്രിയയിലാണ്, ഇവിടെ ഒരു ഗ്രാമം, അവിടെ ഒരു ഗ്രാമം, നമ്മള്‍ ശ്രദ്ധിച്ചു തുടങ്ങുമ്പോഴേക്ക് ഒന്നും ബാക്കിയുണ്ടാവില്ല"

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ മരിയ ദ പിയെദാദ് ലോറെന്‍സോ തന്‍റെ മാതാവിനെ കുറിച്ചുള്ള അന്വേഷണച്ചുമതല ഡാനിയേലിനെ ഏല്‍പ്പിക്കുന്നതാണ് ലുഡോയേ അയാളുടെ പരിക്രമണ മണ്ഡലത്തിലേക്ക് കൊണ്ട് വരികയും ലുഡോയുടെ നിഗൂഡ പ്രകൃതത്തിന്റെ ഉള്ളറകളിലേക്കുള്ള താക്കോല്‍ ആയിത്തീരുകയുംചെയ്യുക. കലാപ കലുഷമായ നാളുകളില്‍ ഇരുട്ടില്‍ ഒരു ഇളംയുവതി നേരിടേണ്ടി വന്ന ബലാല്‍ക്കാരം, കുടുംബത്തില്‍ അതുണ്ടാക്കുന്ന നാണക്കേടും പീഡനവും, ഒരേകാന്തവാസം, പ്രസവം, ഒരു ശിശു മോഷണം, ഒരു ദത്തെടുക്കല്‍ .. മരിയ തേടുന്ന മാതാവ് ഇപ്പോള്‍ ആരെയും വിശ്വസിക്കാനാവാതെ സ്വയം അടക്കം ചെയ്തു കഴിയുന്നു. ഏക തുണയായിരുന്ന ഫാന്റമിന്റെ മരണശേഷം തീര്‍ത്തും തനിച്ചാവുന്ന ലുഡോയില്‍ ആദിമ പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്ക് കൂടുതല്‍ ശക്തമാവുന്നുണ്ട്.

ഞാന്‍ ദൈവത്തിലോ, മനുഷ്യരിലോ വിശ്വസിക്കാതിരിക്കുന്നത് തുടരുന്നു, ഫാന്‍റം മരിച്ചത് മുതല്‍ ഞാന്‍ അവന്റെ ആത്മാവിനെ ഭജിക്കുന്നു. ഞാന്‍ അവനോട് സംസാരിക്കുന്നു. അവന്‍ എന്നെ കേള്‍ക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

അവരതിനെ 'ഒരു നായയുടെ സ്നേഹപൂര്‍ണ്ണമായ ആത്മാവ് ' എന്ന് വിളിക്കുന്നു. 'ബുക്ക് ഓഫ് കമേലിയന്‍സി'ല്‍ ആഖ്യാതാവായ ഉലെലിയോ എന്ന പല്ലിയെ ഫെലിക്സ് വെഞ്ച്യൂറാ ആരാധിക്കുന്ന പോലെ ഈ അനിമിസ്റ്റിക് തലം അഗുവാലൂസയുടെ അടിസ്ഥാന രീതിയാണ്. മരിച്ചവരെ സന്തോഷത്തോടെ ഓര്‍ക്കണമെന്ന് സബാലുവിന്റെ അമ്മ ഓര്‍മ്മിപ്പിച്ചിരുന്നത് ടെറസ്സില്‍ അടക്കം ചെയ്തയാളെ കുറിച്ച് വിഷമിക്കുന്ന ലുഡോയോടു അവന്‍ പറയുന്നുണ്ട്:

എന്‍റെ അമ്മ പറയുമായിരുന്നു, മരിച്ചവര്‍ മറവിരോഗം അനുഭവിക്കുന്നുണ്ടെന്ന്. ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മക്കുറവ് അവരെ കൂടുതല്‍ വിഷമിപ്പിക്കും. നിങ്ങളയാളെ എല്ലാ ദിവസവും ഓര്‍ക്കുന്നു, അത് നല്ലതാണ്. നിങ്ങള്‍ അയാളെ ഓര്‍ക്കുമ്പോള്‍ ചിരിക്കണം, നൃത്തം ചെയ്യണം. ഫാന്റമിനോട് സംസാരിക്കുന്ന അതേ പോലെ നിങ്ങള്‍ ട്രിനിറ്റയോടും സംസാരിക്കണം. സംസാരം മരിച്ചവരെ ശാന്തരാക്കും.”

ഈ ഘട്ടത്തില്‍ മാനവികതയുമായുള്ള അവരുടെ ഏക സഹവാസം ഒരു ഘട്ടത്തില്‍ മോഷ്ടാവായി വന്ന് അപ്പാര്‍ട്ട്മെന്റിലെ സമ്പാദ്യമായ പണം കട്ടെടുക്കുകയും പിന്നീട് , സാന്റിയാഗോക്ക് മാനോലിന്‍ (ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ് ദി സീ- ഹെമിംഗ് വെ) എന്ന പോലെ വയോധികക്ക് കൂട്ടും ഏതാണ്ടൊരു ചെറുമകനും ആവുകയും ചെയ്യുന്ന സബാലുവാണ്. മനോലിന്‍, വയോധികനില്‍ നിന്ന് മീന്‍ പിടുത്തത്തിന്റെ പാഠങ്ങള്‍ പഠിക്കുമ്പോള്‍, സബാലു വായനയും ചെസ്സും പഠിക്കുന്നു. മുപ്പതു കൊല്ലം മുമ്പ് ലുഡോ കെട്ടിയ മതില്‍ പൊളിക്കുന്നതും അപ്പുറത്തു 'പാപ്പി ബോലിംഗോ'യോട് വിലക്ക് വാങ്ങിയ അപ്പാര്‍ട്ട്മെന്റില്‍ കഴിയുന്ന ലിറ്റില്‍ ചീഫിനോട് സൗഹൃദം സ്ഥാപിക്കുന്നതും അവനാണ്.

നടക്കാതെ പോയ ഒരു സിനിമാ സ്ക്രിപ്റ്റില്‍ നിന്നാണ് നോവല്‍ പിറവിയെടുത്തതെന്ന് നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. പിരിമുറുക്കമുള്ള ത്രില്ലറിന്റെ സ്വഭാവമുള്ള ഭാഗങ്ങള്‍ തികച്ചും സിനിമാറ്റിക് ആയി അനുഭവപ്പെടുകയും ചെയ്യും. നാസര്‍ ഇവാഞ്ചലിസ്റ്റയുടെ സഹായത്തോടെ ഒരു 'മരണ'നാട്യം നടത്തി മോണ്ടെയുടെ തടവറയില്‍ നിന്ന് ലിറ്റില്‍ ചീഫ് രക്ഷപ്പെടുന്നതും മോണ്ടെ, ബെഞ്ചിമോളിനെ കൊല്ലാന്‍ ശ്രമിക്കുന്ന ഭാഗവും -'ഒരു തിരോധാനം (മിക്കവാറും രണ്ട്) വിശദീകരിക്കപ്പെടുന്നു, അഥവാ, എങ്ങനെയാണ് , മാര്‍ക്സിനെ ഉദ്ധരിച്ചാല്‍, ഖരമായതെല്ലാം അന്തരീക്ഷത്തില്‍ ലയിക്കുന്നത് ' എന്ന അദ്ധ്യയം- അതിനു നല്ല ഉദാഹരണങ്ങളാണ്. ഭരണകൂടത്തിന് അസുഖകരങ്ങളായ പുരാവൃത്തങ്ങള്‍ ചികഞ്ഞെടുക്കുന്ന അന്വേഷകനെ ഇല്ലാതാക്കാന്‍ 'മുകളില്‍' നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശം വേറെ ഉപായങ്ങളില്ലാതെ മോണ്ടെക്ക് അനുസരിക്കേണ്ടി വരുന്നതാണ്, പാളിപ്പോവുന്ന ആ രാഷ്ട്രീയക്കൊലയുടെ ശ്രമമായിത്തീരുകയും ഒന്നുമറിയാത്ത ഒരു ഫ്രഞ്ച് എഴുത്തുകാരന്റെ അന്ത്യം കുറിക്കുകയും ചെയ്യുക. എങ്ങനെയാണ് പലപ്പോഴും നിക്ഷിപ്ത താല്‍പര്യങ്ങളോടെ 'തിരോധാന കഥകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നുകൂടി ഈ സംഭവം സൂചിപ്പിക്കുന്നു. താന്‍ അടക്കിയ ഫ്രഞ്ച് എഴുത്തുകാരന്റെ തിരോധാനത്തെ കുറിച്ച് കഥ മെനയാന്‍ അയാള്‍ ഉറങ്ങിക്കിടന്ന തെരുവ് കുട്ടികളെ കൂട്ടു പിടിക്കുന്നു:

കണ്ടോ, അവിടെ തൊപ്പി കിടക്കുന്നിടത്ത്! അവിടെ നല്ല ഉയരമുള്ള ഒരു മുലാറ്റോ നിന്നിരുന്നു, മൂത്രമൊഴിച്ചുകൊണ്ട്. എന്നിട്ട് പൊടുന്നനെ ഭൂമി അയാളെ വിഴുങ്ങി. തൊപ്പി മാത്രം ബാക്കിയായി.”

നോവലില്‍ പലയിടത്തും ഇത്തരം കറുത്ത ഹാസ്യത്തിന്റെ ഒലികളുണ്ട്. ലുഡോ, ടെറസ്സിലേക്ക് ചാഞ്ഞുവളരുന്ന മുലെംബാ മരത്തിലേക്ക് തേടിയെത്തുന്ന കുരങ്ങിന്റെ കണ്ണുകളിലെ മെരുങ്ങാ പ്രകൃതം കണ്ടു അവനു ചെഗുവേര എന്ന് പേരിടുന്നുണ്ട്,

"ചെഗുവേര, കാരണം അവനൊരു വല്ലാത്ത മെരുങ്ങാ പ്രകൃതമുണ്ടെന്നു തോന്നുന്നു, കുറച്ചൊരു കോമാളി, സാമ്രാജ്യവും കിരീടവും പോയ രാജാവിനെപ്പോലെ തലക്കനമുള്ളവന്‍ ."

എന്നാല്‍, കിട്ടുന്ന ആദ്യ അവസരത്തില്‍ അവളതിനെ തല്ലിക്കൊന്ന് ഭക്ഷണമാക്കുന്നുമുണ്ട്. 'ജെറെമിയാസ് കരാസോയുടെ രണ്ടാം ജീവിതം' എന്ന അധ്യായത്തില്‍ ഫയറിംഗ് സ്ക്വാഡിനെ നേരിടുന്ന സ്വപ്നത്തില്‍ നിന്നുണരുന്ന ജെറെമിയാസ് ചുവരില്‍ കാണുന്ന പല്ലിയെ ദൈവമെന്നു നിനക്കുന്നു: “ഞാന്‍ മരിച്ചിരിക്കുന്നു, ആ പല്ലി ദൈവമാണ്.” താന്‍ നരകത്തിലേക്കാണ് പോവുക എന്ന് പണ്ടേ അറിയാമെങ്കിലും ഉരഗമായ ദൈവം എന്താവും തനിക്കു വിധിക്കുക എന്ന് അയാള്‍ അത്ഭുതപ്പെടുന്നു. മോണ്ടെയുടെ മരണവും ഏതാണ്ടൊരു ഹാസ്യാത്മക രീതിയിലാണ് നോവലില്‍ വിവരിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റുകള്‍ 'വൈദേശിക സാംസ്കാരിക കടന്നുകയറ്റ'മായി ചിത്രീകരിക്കുന്ന ഡിഷ്‌ ആന്റിനയുടെ ഏരിയല്‍ സെറ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അത് സംഭവിക്കുന്നത്‌:

സാധനം അയാളുടെ തലയില്‍ വീണു. ചിലയാളുകള്‍ അത് പുതിയ കാലത്തിന്റെ ഒരു വൈരുധ്യപൂര്‍ണ്ണമായ ആലിഗറി ആയിക്കണ്ടു. മുന്‍ സ്റ്റേറ്റ് സുരക്ഷാ എജന്റ്, അങ്കോളയില്‍ അധികമാരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലത്തിന്റെ അവസാന പ്രതിനിധിയെ ഭാവി വീഴ്ത്തിക്കളഞ്ഞു. വിജ്ഞാന വിരോധവാദത്തിന്, നിശ്ശബ്ദതക്ക്, സെന്‍സര്‍ഷിപ്പിന് എല്ലാമെതിരില്‍ സ്വതന്ത്ര ജ്ഞാന വിനിമയത്തിന്റെ വിജയം; പ്രാദേശികതക്ക് മേല്‍ വിശ്വപൗരത്വത്തിന്‍റെ വിജയം.”

എന്നാല്‍, ടി. വി. ഇല്ലായ്മയില്‍ ദുഃഖിക്കുന്ന ഭാര്യയെ സമാധാനിപ്പിക്കാന്‍ വേണ്ടി ആന്റിന സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയതു കൊണ്ട് അത് പ്രണയത്തിനു വേണ്ടിയുള്ള മരണമായിരുന്നു എന്ന് ആഖ്യാതാവ് പരിഹസിക്കുന്നു.

ഒരു കഥയില്‍ തുടങ്ങുക. പിന്നീട് ഒരു ചുഴിയിലെന്നോണം അതിന്റെ കാര്യ കാരണ ആഴങ്ങളിലേക്ക് പോയി എല്ലാം അനാവരണം ചെയ്യുക, പിന്നീട് വേറെയും ഇതിവൃത്ത ധാരയില്‍ ഇതേ രീതി ആവര്‍ത്തിക്കുക, ഒരു ജലരാശിയില്‍ വ്യത്യസ്ത കേന്ദ്രങ്ങളുള്ള ജലവലയങ്ങളും ചുഴികളുമെന്ന പോലെ, ഒപ്പം ഇവയ ബന്ധിപ്പിക്കുന്ന കണ്ണിയുടെ/ കണ്ണികളുടെ കേന്ദ്രം മാറ്റി വെക്കുകയും ചെയ്യുക - അഗുവാലൂസ പൊതുവേ സ്വീകരിക്കുന്ന ഒരു രീതിയാണ് ഇത്. ഒപ്പം ഇതിവൃത്തത്തില്‍ എപ്പോഴും കണ്ണി ചേരാന്‍ കാത്തിരിക്കുന്ന വിട്ടുപോയ ഭാഗങ്ങള്‍ ആഖ്യാനത്തിന്റെ അന്ത്യം വരെയും കാത്തുവെക്കുകയും അവസാന അദ്ധ്യായങ്ങള്‍ വല്ലാത്തൊരു ചടുലതയോടെ ആ കണ്ണികള്‍ ചേര്‍ത്തുവെക്കുകയും ചെയ്യുക- വായനയെ ഏതാണ്ടൊരു കുറ്റാന്വേഷണ/ മിസ്റ്ററി കഥാസ്വഭാവമുള്ള പിന്തുടരല്‍ ആയി അവസാനം വരെയും കൊണ്ടുപോകാന്‍ ഈ രീതി ഏറെ സഹായകവുമാണ്. കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും വര്‍ത്തമാന പരിസരത്തില്‍ വല്ലാത്തൊരു പിരിമുറുക്ക നിമിഷത്തില്‍ പരിചയപ്പെടുത്തുകയും പിന്നീട് സാവധാനം, "ഒരു നല്ല കഥയുള്ളയാള്‍ ഫലത്തില്‍ ഒരു രാജാവാണ്" എന്നു പറയാന്‍ കഴിയും വിധം ഓരോരുത്തരും ഭൂതകാലത്തെ കുറിച്ച് കഥകള്‍ മെനയുന്ന ദേശത്ത്‌ സ്വയം തീരുമാനിക്കുന്ന ആവേഗത്തില്‍ അഥവാ അവധാനതയില്‍ പുരാവൃത്തങ്ങളിലേക്കും പൂര്‍വ്വാശ്രമങ്ങളിലേക്കും കടക്കുക എന്നതാണ് അഗുവാലൂസാ രീതി. കൃതിയുടെ അവസാന വരിവരെയും നിര്‍ണ്ണായകമായ ചില അനാവരണങ്ങള്‍ കാത്തുവെക്കുകയും ചെയ്യും. ചരിത്രവും വൈയക്തിക അനുഭവങ്ങളും രണ്ടല്ലാത്ത ദേശത്തിരുന്ന് രചനയില്‍ മുഴുകുമ്പോള്‍ ഫിക് ഷന്‍ രണ്ടിനുമിടയിലെ പേലവമായ അതിരുകളില്‍ വ്യാപരിക്കുന്ന സൂക്ഷ്മ രേഖയായി മാറുകയാണ്.

(മലയാളം വാരിക 30 ജനുവരി 2017)