(ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോ’, മലയാളിയുടെ ലോകയാത്രകള്‍ക്ക് തുടക്കം കുറിച്ച ഒരു സംഭവത്തിന്റെ ആഖ്യാനത്തിലൂടെ പോര്‍ച്ചുഗീസ് കൊളോണിയല്‍ അടിനിവേശ ചരിത്രത്തെ ദേശീയതാനന്തര സാഹിത്യത്തിന്റെ പരിഗണനകളുമായി ചേര്‍ത്തുവെക്കുന്നു.)
അജ്ഞാതമായ രൂപങ്ങള്‍ ഭാവനയുടെ സര്‍ഗ്ഗപ്രക്രിയയില്‍ ഉരുവമെടുക്കുമ്പോള്‍ കവിയുടെ തൂലിക അവയ്ക്ക് ആകൃതി നല്‍കുകയും വായുപ്രകൃതിയായ ശൂന്യതക്ക് ഒരു ഗോചരമായ വാസസ്ഥലവും പേരും നല്‍കുകയും ചെയ്യുമെന്ന് കാവ്യ സപര്യയെ കുറിച്ച് ഷേക്സ്പിയര്‍. ചരിത്രം തമസ്ക്കരിച്ചവരെ പില്‍ക്കാലം അടയാളപ്പെടുത്തുന്ന സര്‍ഗ്ഗപ്രക്രിയയിലും ഏതാണ്ട് അതുതന്നെയാണ് സംഭവിക്കുന്നത്, രേഖകളുടെയും ഗ്രന്ഥങ്ങളുടെയും ജീര്‍ണ്ണവും പൊടിമൂടിയതുമായ മൂലകളില്‍ ഒറ്റവാക്കിലോ പ്രയോഗത്തിലോ ഒരു ചിത്രത്തിലോ കുഴിച്ചുമൂടപ്പെട്ട ഒരസ്ഥിപജ്ഞരത്തെ/ അസ്ഥിഖണ്ഡത്തെ എഴുത്തുകാരന്‍ കണ്ടെടുക്കുന്നു. പിന്നെയുണ്ടാവുന്നത് ഏതാണ്ട് ദൈവ സമാനമായ സൃഷ്ടിയുടെ ദുര്‍ജ്ഞേയമായ നിയോഗമാണ്, അസ്ഥിപജ്ഞരത്തിനു അഥവാ ഒരു ശിലാഖണ്ഡത്തിനു ഉടലും ഉയിരും വ്യക്തിത്വവും നല്‍കപ്പെടുന്നു, അതുവഴി തമസ്ക്കരിക്കപ്പെട്ട ഒരു ചരിത്രം ലോകശ്രദ്ധയിലേക്ക് ആനയിക്കപ്പെടുന്നു. ബൃഹദ് ആഖ്യാനങ്ങളോടുള്ള വിമുഖതയും തമസ്കരിക്കപ്പെട്ട/ അരികുവല്‍ക്കരിക്കപ്പെട്ട നിസ്സാര ജീവിതങ്ങളുടെ ഇതിഹാസ സമാനമായ സഹനങ്ങളോടും പോരാട്ടങ്ങളോടുമുള്ള അനുഭാവവും മുഖമുദ്രയയായ പോസ്റ്റ്‌കൊളോണിയല്‍/ സമകാലിക സാഹിത്യത്തില്‍ ഇത്തരം കണ്ടെടുപ്പുകള്‍ ഏതാണ്ട് നിയാമാകമായിത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. 'നാര്‍വെയ്സ് പര്യവേക്ഷണം' (1528) എന്നറിയപ്പെട്ട പാന്‍ഫിലിയോ ദേനാര്‍വെയ്സിന്റെ കീഴില്‍ നടന്ന 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ്' ഫ്ലോറിഡ പര്യവേക്ഷണത്തിന്റെ തകര്‍ച്ചയുടെയും അതിനു നല്‍കപ്പെട്ട മാനവിക വിലയുടെയും കഥ, അതിജീവിച്ച വെറും നാലുപേരില്‍ തീര്‍ത്തും അവഗണിക്കപ്പെട്ട അടിമ എസ്റ്റെബാന്റെ വീക്ഷണത്തില്‍ പുനരെഴുത്തു നടത്തുന്ന മൊറോക്കന്‍ നോവലിസ്റ്റ് ലൈല ലലാമിയുടെ പുലിറ്റ്സര്‍ ഫൈനലിസ്റ്റ് നോവല്‍ The Moor’s Account, അത്തരം ഒരൊറ്റ വാക്യത്തില്‍ നിന്നാണ് പ്രചോദിപ്പിക്കപ്പെട്ടത്. "നാലാമന്‍ എസ്റ്റവാനിക്കോ, അസമ്മൂറില്‍ നിന്നുള്ള ഒരു മൂറിഷ് അടിമ” എന്ന ഏകവാക്യത്തില്‍ ഔദ്യോഗിക രേഖകള്‍ കുഴിച്ചുമൂടിയ കഥാപാത്രം. തന്റെ കാഴ്ച്ചക്കും സൂര്യനും ഇടയില്‍ വന്നുപോയി എന്നതിനപ്പുറം പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ കാമുവിന്‍റെ മെര്‍സോള്‍ (The Outsider) കൊന്നുകളയാന്‍ ഇടയാകുന്ന ഊരും പേരുമില്ലാത്ത അറബിക്ക് ഒരു പുരാവൃത്തവും അസ്തിത്വവും നല്‍കുകയും കാമുവിന്‍റെ അസ്തിത്വ സമസ്യാന്വേഷനത്തിനപ്പുറം മെര്‍സോളിന്റെ ചെയ്തിയെ കൊളോണിയല്‍ ആന്ധ്യത്തിന്റെയും ഔദ്ധത്യത്തിന്റെയും പ്രകടനമായി വിചാരണ ചെയ്യുകയും ചെയ്യുന്ന അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ പ്രി ഗോണ്‍കോര്‍ പുരസ്‌കാരം നേടിയ The Meursault Investigation ഒരൊറ്റ ചോദ്യത്തില്‍നിന്നാണ് പിറവിയെടുത്തത്: ‘ആ അറബിക്ക് ഒരു ചരിത്രമുണ്ടെങ്കിലോ..?!’ 1948ലെ നക്ബയുടെ പലസ്തീനിയന്‍ വംശഹത്യാഘട്ടത്തില്‍ നടന്ന ഒരു ഇസ്രായേലി മഹാപാതകത്തെ കുറിച്ച് അക്കാലത്തുതന്നെ ഹാരെറ്റ്സ് പത്രം നടത്തിയ റിപ്പോര്‍ട്ടാണ് പലസ്തീനിയന്‍ നോവലിസ്റ്റ് അദാനിയ ശിബിലിയുടെ ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച Minor Detail എന്ന നോവലിനു നിദാനം. ഇവിടെയെല്ലാം ചരിത്രം പുനര്‍വിചാരണ ചെയ്യപ്പെടുകയോ പുതിയ വെളിച്ചത്തില്‍ കൂടുതല്‍ തെളിഞ്ഞു വരികയോ ചെയ്യുന്നു എന്നതാണ് സംഭവിക്കുന്നത്. ജി. ആര്‍. ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോ’യുടെ വായനക്ക് തികഞ്ഞൊരു മുന്നൊരുക്കമാകും ഈ ധാരണകള്‍.
ഗതിവിഗതികള്‍
“1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ.”
നോവലിന്റെ ബ്ലര്‍ബില്‍നിന്ന് പകര്‍ത്തിയ ഈ ചുരുക്കെഴുത്ത് ഇതിവൃത്തചര്‍ച്ചയുടെയും പശ്ചാത്തല വിവരണത്തിന്റെയും ഭാരമൊഴിവാക്കുക മാത്രമല്ല, നേരത്തെ സൂചിപ്പിച്ച സമൃദ്ധമായ സാഹിത്യപാരമ്പര്യത്തോട് നോവല്‍ കണ്ണിചേരുന്നതെങ്ങനെ എന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ആനക്കുട്ടിയുടെ സാന്നിധ്യം ഉറപ്പു വരുത്തിയ കുഴിച്ചെടുക്കല്‍ പോലെ, ആനയോടൊപ്പം നില്‍ക്കുന്ന നവയുവാവിന്റെ ചിത്രം റാഫേല്‍ വരച്ചതും ഒരു അടിസ്ഥാന പ്രഭവമായി നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്: ഒരുവേള ആ ചിത്രത്തില്‍ നിന്നാണ് ചീരന്റെ ജന്മം തന്നെയും. അവനു പുരാവൃത്തം നല്‍കുന്നതിന്റെ ഭാഗമായാണ് പോര്‍ച്ചുഗീസ് അധിനിവിഷ്ട മലബാറിന്റെയും കൊച്ചിയുടെയും ചരിത്രം ഫിക് ഷനിലേക്ക് ആവാഹിക്കപ്പെടുന്നത്.
ഴോനറുകളെ ഭേദിക്കുകയും കൂട്ടിക്കലര്‍ത്തുകയും ചെയ്യുന്ന സമകാലിക ആഖ്യാനതന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് നോവലിസ്റ്റ്. ചരിത്ര നോവലിന്റെ ഗരിമയിലേക്ക് സ്പൈ ത്രില്ലറിന്റെ ചടുലത ചേര്‍ത്തുവെക്കുന്നതില്‍ ഇത് പ്രകടമാണ്. ചീരനെയും ആനക്കുട്ടിയെയും തൊട്ടുപിറകെയെന്നോണം പിന്തുടരുന്ന കോയപ്പക്കിയുടെ യാത്രയും, ചീരന്റെ ഗൂഡദൌത്യത്തെ കുറിച്ച് മാനുവല്‍ രാജാവിനെ അറിയിക്കാനും രക്ഷകനുള്ള പുരസ്കാരവും പ്രതിഫലവും നേടാനുമുള്ള ശ്രമം അവസാന നിമിഷം നിഷ്ഫലമാകുന്നതും ഒരു ഫ്രെഡറിക്ക് ഫോര്‍സിത് സമവാക്യം പോലെ തോന്നാം. എന്നാല്‍, നോവലിസ്റ്റിന്റെ ഊന്നല്‍ കേവല ഉദ്യോഗത്തിന്റെ ആവിഷ്കാരത്തിലല്ല എന്നതാണ് പ്രധാനം. കോയപ്പക്കിയുടെ ജീവിതത്തിലും തന്റെ ദേശം കടന്നുപോന്ന പ്രക്ഷുബ്ധ രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റു പിടിച്ചിട്ടുണ്ട്. ആ അനിവാര്യതയില്‍ അയാളും മാറിമാറി ഒറ്റുകാരനും സ്വാര്‍ത്ഥനും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും നില്‍ക്കക്കള്ളി ഇല്ലാതാവുന്നവനും ഭാഗ്യാന്വേഷിയും ഇടം നഷ്ടമായ രാഷ്ട്രീയ അഭയാര്‍ഥിയും നിസ്വനും മറ്റും മറ്റുമായി വേഷം മാറുന്നുമുണ്ട്; നാടിനെയും നാട്ടാരെയും ഒറ്റിക്കൊടുത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചക്രവര്‍ത്തിയുടെയും ഗവര്‍ണ്ണറുടെയും പ്രീതി നഷ്ടപ്പെട്ട് ദരിദ്രനും അപമാനിതനുമായി അന്യദേശത്തെ അജ്ഞാതവാസത്തിലേക്ക് വെറുംകയ്യോടെ കപ്പലോടിക്കേണ്ടിവരുന്നു അയാള്‍ക്ക്. മഹാരഹസ്യമായി അയാള്‍ കൊണ്ടുവരുന്ന വാര്‍ത്ത നിര്‍ണ്ണായക ഘട്ടമാകുമ്പോഴേക്കും ഒരു രഹസ്യമേയല്ല. പലപ്പോഴും മസൃണമായ സ്നേഹപാശത്തിന്റെതായ ചിലതൊക്കെ അയാളില്‍ പ്രകടവുമാണ്. ഐറിസ് കൊറിയോയുടെ മക്കള്‍ അഗസ്റ്റിനോയെയും അന്തോണിയോയേയും തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന പോലെ തദ്ദേശീയരുടെ ഭീഷണിയില്‍നിന്നും അയാള്‍ സംരക്ഷിക്കുന്നത്, ലോലഭാവങ്ങള്‍ അധികമൊന്നുമില്ലാത്ത ആഖ്യാനത്തിലെ ഒരു പച്ചത്തുരുത്താണ്. താന്‍ മക്കളെപ്പോലെ വളര്‍ത്തിയവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ തന്റെ ജനതയെ കൊന്നുതള്ളാന്‍ ആഗ്രഹിക്കുന്ന അതേ പറങ്കി മനസ്സുതന്നെയാണ് പ്രകടിപ്പിക്കുന്നത് എന്നത് അയാളെ വേദനിപ്പിക്കുന്നു. എന്നാല്‍, വിധിവൈപരീത്യങ്ങളുടെ വിളയാട്ടമായി ഗവര്‍ണ്ണര്‍ ആല്‍ബുക്കര്‍ക്ക് അയാളുടെ സ്വന്തം ജീവിതത്തില്‍ കണ്ടെത്തുന്ന കാര്യം ഈ വംശീയ വൈരത്തിന്റെ തുടര്‍ക്കണ്ണി പൊട്ടിക്കാന്‍ പ്രാപ്തമാണ്. മകനെ പോര്‍ത്തുഗല്‍ രാജാവിന്റെ പക്കല്‍ സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ ദൌത്യം കൊയപ്പക്കിയെ ഏല്‍പ്പിക്കുമ്പോള്‍ വിധിവൈപരീത്യങ്ങളുടെ വലക്കണ്ണികളില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യ വിധിയെ കുറിച്ച് ആല്‍ബുക്കര്‍ക്ക്, ഷേക്സ്പിയറുടെ ഗ്ലസ്റ്ററിനെ (King Lear, Act 4 Scene 1) പോലെ വാചാലനാകുന്നു:
“ആര്‍ക്കൊക്കെ വേണ്ടി എന്തെല്ലാം ക്രൂരതകള്‍ ഞാന്‍ ഏറ്റെടുത്തു നടപ്പിലാക്കി. എന്നിട്ടിപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ദൌത്യം ഏല്‍പ്പിക്കുന്നത്, ഏതു വംശത്തെ തുടച്ചുനീക്കാന്‍ ഞാന്‍ ഏറ്റവുമധികം തവണ ആയുധമെടുത്തോ അതേ വംശത്തില്‍പെട്ട ഒരാളിനെ. ഏല്‍പ്പിച്ചു കൊടുക്കുന്നതോ സ്വന്തം ചോരയില്‍ പിറന്ന മകനെ. അവനോ അടിമസ്തീയില്‍ ജനിച്ച മകന്‍! നമ്മളൊക്കെ വെറും കരുക്കള്‍...”
ബ്രാസ് ഡാ ആല്‍ബുക്കര്‍ക്ക്, തനിക്ക് അച്ഛന്‍ പിന്തുടര്‍ന്ന അധിനിവേശ യുക്തിയുടെ ചോരച്ചാല്‍ ചരിത്രത്തിലോ അതിന്റെ അനുസ്യൂതിയിലോ താല്‍പര്യമില്ലെന്നും സൈനികനാകാനല്ല, പഠിക്കാനാണ് ആഗ്രഹമെന്നും പറയുന്നത് പിതാവിനെയും കോയപ്പക്കിയെയും സന്തോഷിപ്പിക്കുന്നു. ഐറിസ് കോറിയോയുടെ മക്കള്‍ വംശീയവൈരത്തിന്റെ തുടര്‍ക്കണ്ണികളാകുന്നത് ചോദ്യംചെയ്യാനുള്ള ധാര്‍മ്മിക അവകാശം പോലും പോര്‍ച്ചുഗീസുകാര്‍ക്ക് വേണ്ടി സ്വന്തം നാടിനെ ഒറ്റിയ പാരമ്പര്യമുള്ള തനിക്കില്ലല്ലോ എന്നു വേദനിച്ച കോയപ്പക്കിക്ക് അതൊരു ആശ്വാസമാണ്. ആ അര്‍ത്ഥത്തില്‍, നോവലിലെ ഏറ്റവും സങ്കീര്‍ണ്ണവ്യക്തിത്വമുള്ള കഥാപാത്രവും അയാളാണ്.
നിഹിലിസ്റ്റ് പാഠം?
കോയപ്പക്കിയുടെ അന്തിമ നൈരാശ്യം നോവലിലെ വലിയൊരു പ്രമേയവുമായി കണ്ണി ചേരുന്നുണ്ട്: ആത്യന്തികമായി മാനുഷിക മാത്സര്യങ്ങളുടെ നിഷ്ഫലത സംബന്ധിച്ച ഒരു നിഹിലിസ്റ്റ് പാഠം നോവലില്‍ തെളിഞ്ഞുനില്‍പ്പുണ്ട് എന്ന് ഈ ലേഖകന്‍ കരുതുന്നു. സാമ്രാജ്യങ്ങളെ ചെറുവിരലില്‍ നിയന്ത്രിക്കാനാകുമായിരുന്ന വിശുദ്ധ പോപ്പിന്റെ അരുമയായിട്ടും ചതിപ്രയോഗങ്ങളുടെ ഇരയായി ഏഴാം വയസ്സില്‍ സംഭവിക്കുന്ന കേശവന്റെ ദയനീയ അന്ത്യത്തിലും പോപ്പ് ലിയോയുടെയും സര്‍വ്വ സംഹാരകശേഷിയുണ്ടായിരുന്ന മെഡിചി കുടുംബത്തിന്റെ നാശത്തിലും സാമ്രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചുള്ള നോവലിലെ ലീനപാഠങ്ങളിലും അതുണ്ട്. പോപ്പിന്റെ മേല്‍ക്കുപ്പായം അണിയുമ്പോഴും മെഡിച്ചികളുടെ ദുരയും അധികാരപ്രമത്തതയും കൈവിടാനാകാത്ത പോപ്പ് ലിയോ, ഒന്നും നേടാനാകാതെ മറ്റേതോ കൊട്ടാരത്തിലെ വാഴ്ത്തപ്പെട്ട അടിമത്തത്തിലേക്ക് (glorified slavery) പിന്‍വാങ്ങുന്ന മൈക്കേല്‍ ആഞ്ചെലോ, പരാജിതനും ദുഃഖിതനുമായി ഒടുങ്ങുന്ന റാഫേല്‍, രണ്ടു പ്രബലന്മാരുടെ പ്രണയഭാജനമായിട്ടും ജീവിതസംതൃപ്തി വെറും മരീചികയായി രോഗത്തിനു കീഴടങ്ങുന്ന മാര്‍ഗരീറ്റ തുടങ്ങിയവരൊക്കെ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. നായക കഥാപാത്രമെന്ന നിലയില്‍ ചീരന്റെ ജീവിതഫലശ്രുതി കൂടുതല്‍ പ്രസക്തമാണ്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമകനെയും കുടുംബത്തെയും പിറകില്‍ വിട്ട് തിരിച്ചുവരവില്ലാത്ത ചാവേര്‍ ദൌത്യവുമായുള്ള യാത്ര, യുവവധുവിനെ മാത്രമല്ല, അതുകൂടാതെ ആഴത്തില്‍ അനുഭവിച്ച വേറെ ഒരേയൊരു പ്രണയമായ മാര്‍ഗരീറ്റയേയും അയാള്‍ക്ക് സ്വന്തമാക്കാനാകില്ല. ഏറ്റെടുത്ത ദൌത്യവും അയാള്‍ക്ക് പൂര്‍ത്തിയാക്കാനാകില്ല; കേശവന്റെ സംരക്ഷണയിലും അയാള്‍ തോറ്റുപോകും. ഒടുവില്‍, ജയപരാജയങ്ങളുടെ ചിന്തപോലും സാധ്യമല്ലാത്ത, വായനക്കാരിലേക്കുകൂടി ശ്വാസം മുട്ടലിന്റെ വെപ്രാളം പടര്‍ത്തുന്ന ശൂന്യമായ അന്ത്യമാണ് അയാളുടെ വിധിവിഹിതം.
കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ ആദ്യകാല മാതൃകകളായ അടിമ ആഖ്യാനങ്ങളില്‍ (slave narratives) സാധാരണമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലില്‍ കാണാനാകും. പോര്‍ച്ചുഗീസ് ആഗമനത്തിനും മുമ്പേ മലബാര്‍, കൊച്ചി മേഖലകളുമായി വാണിജ്യബന്ധമുണ്ടായിരുന്ന അറബികളുടെ കാലം മുതലേ അടിമത്തം ദേശത്തു വ്യാപകമായിരുന്നു എന്ന നിരീക്ഷണവും ചീരനും കേശവനും യാത്ര ചെയ്യുന്ന കപ്പലിനകത്തെ അടിമവേലയുടെ ചിത്രങ്ങളും അവരുടെ ദുസ്സഹ ജീവിതാവസ്ഥകളും അതിനുദാഹരണങ്ങളാണ്. കടുത്ത ചോരപോക്കിന്റെ ഫലമായി നാളുകള്‍ എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയാകുമ്പോള്‍ നിഷ്ഫലമായ സ്വന്തം ജീവിതത്തിന്റെ കണക്കെടുക്കുന്ന ആല്‍ബുക്കര്‍ക്ക്, ‘വംശശുദ്ധി അത്ര വലിയ സംഭവമൊന്നും ആകണമെന്നില്ല’ എന്ന പാഠത്തിലേക്ക് എത്തിപ്പെടുന്നത് കറുത്ത തൊലിയുള്ള മകനെ കണ്ടുകൊണ്ടാണ്. ജീവിതഫലശ്രുതിയില്‍ അയാള്‍ക്ക് ബാക്കിയാകുന്നതും അടിമവേട്ടയുടെ ഓര്‍മ്മ പതിഞ്ഞ ആ പിന്‍ഗാമി മാത്രമാണല്ലോ. ഇന്ത്യയിലേക്കുള്ള കൊളോണിയല്‍ അധിനിവേശത്തിന്റെ ആദ്യപാദമായ പോര്‍ച്ചുഗീസ് അധിനിവിഷ്ട മലബാര്‍, കൊച്ചി ദേശങ്ങളില്‍ നിന്നാരംഭിച്ചു ഇന്ത്യാ മഹാസമുദ്രത്തിലൂടെ ഈസ്റ്റ് ആഫ്രിക്കന്‍ തുറമുഖ പട്ടണങ്ങള്‍ താണ്ടി ദക്ഷിണ, ഉത്തര അറ്റ്‌ലാന്റിക് തുറമുഖങ്ങളിലൂടെ ലിസ്ബനിലെക്കും തുടര്‍ന്ന് റോമിലേക്കുമുള്ള മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സാമുദ്രിക യാനം, സാമുദ്രിക സാഹിത്യത്തിന്റെ (littoral literature) സ്വഭാവം ആര്‍ജ്ജിക്കുന്നുണ്ട്. ചിതറിക്കിടക്കുന്ന കരകളിലെ മനുഷ്യവാസത്തിന്റെ ഗതിവിഗതികള്‍ കപ്പല്‍ചാലുകളിലൂടെ നിരീക്ഷിക്കപ്പെടുന്നതിന്റെയും സമന്വയിക്കപ്പെടുന്നതിന്റെയും ചിത്രങ്ങള്‍ അത്തരം കൃതികളുടെ സവിശേഷതയാണ്. അബ്ദുല്‍ റസാഖ് ഗുര്‍ന, മിയാ കൂട്ടോ തുടങ്ങിയ എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ ഈ പ്രകൃതങ്ങള്‍ ചേര്‍ത്തുവെക്കുന്നുണ്ട്. അടിമകളും അടിമതുല്യരുമായ മനുഷ്യരും അധിനിവിഷ്ട ദേശങ്ങളില്‍ നിന്ന് പിടികൂടിയ പക്ഷി മൃഗാദികളും വിശേഷപ്പെട്ട ആനക്കുട്ടിയുമെല്ലാം കൊളോണിയല്‍ പദ്ധതിയുടെ ചതുരംഗക്കള്ളികളില്‍ കരുക്കള്‍ തന്നെയാണ്. ആ നിലക്ക് പാരിസ്ഥിതിക ദുരന്തങ്ങളുടെ മുന്നോടിയായിക്കൂടി നോവലിസ്റ്റ് അധിനിവേശങ്ങളെ വിലയിരുത്തുന്നു എന്നുപറയാം. ഒരര്‍ത്ഥത്തില്‍ കാലത്തിനു മുമ്പേ പങ്കുവെക്കപ്പെടുന്ന (anachronism) ഈ ഉത്കണ്ഠകള്‍ നോവല്‍ എഴുതപ്പെടുന്ന ഗ്രെറ്റ ത്യുന്‍ബെര്‍ഗ് കാലത്തിന്റെതാണ്: ആഫ്രിക്കന്‍ ആനകള്‍ വംശനാശ ഭീഷണി നേരിടുന്നത് അന്ന് തുടങ്ങിവെച്ച പ്രക്രിയയുടെ ഫലമാണെങ്കിലും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടു വരെ അതൊരു യാഥാര്‍ത്ഥ്യമായിരുന്നില്ല. കോണ്‍റാഡിന്റെ വിഖ്യാത കൃതി (Heart of Darkness) പോലുള്ള മാസ്റ്റര്‍പീസുകള്‍ ഇത് തെളിയിക്കുന്നുണ്ട്. എഴുത്തുകാര്‍ തങ്ങളുടെ പ്രമേയങ്ങളെ ഇതിവൃത്ത കാലത്തിനപ്പുറം സമകാലികതയോട് ചേര്‍ത്തുവെക്കുന്നത് ഇങ്ങനെയാണ്. നോവലില്‍ പ്രകടമായി ആവിഷ്കരിക്കപ്പെടുന്ന സ്ത്രീപക്ഷ നിലപാടുകളെയും ഈ വെളിച്ചത്തില്‍ കാണാം. ദുര്‍മ്മന്ത്രവാദിനീ വേട്ട (witch-hunt trials) പോലുള്ള മധ്യകാല അത്യാചാരങ്ങള്‍, സ്വതന്ത്രബുദ്ധിയുള്ള സ്ത്രീയെ അവരുടെ മഹത്തായ കഴിവുകള്‍പോലും പരിഗണിക്കാതെ അടിച്ചമര്‍ത്താനുള്ള മതരാഷ്ട്രീയ പുരുഷാധികാര പുകമറകള്‍ മാത്രമായിരുന്നു എന്ന നോവലിലെ നിരീക്ഷണം അത്തരത്തിലുള്ളതാണ്. റിപ്പാബിയാങ്കയിലെ മാത്ത്യൂച്ചിയ ഡാ ഫ്രാന്‍സിസ്കോയുടെ കഥ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈദ്യവിദുഷിയും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്ക് തണലുമായിരുന്ന അവര്‍ ചുട്ടുകൊല്ലപ്പെട്ടു.
നവോഥാനകാല ചിത്രങ്ങളിലേക്ക് ശ്രദ്ധയൂന്നുന്ന ഭാഗങ്ങള്‍, നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോസ്റ്റീന്‍ ഗാര്‍ഡറുടെ Sophie's World എന്ന വിഖ്യാത കൃതിയെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ഗാര്‍ഡറുടെ കൃതിയില്‍ നിന്ന് വ്യത്യസ്തമായി, ഡാവിഞ്ചി, മൈക്കേല്‍ ആഞ്ചെലോ, റാഫേല്‍ തുടങ്ങിയ മഹാപ്രതിഭകളുടെ ലോകത്തെ അവയുടെ ശബള കാല്‍പ്പനികതയില്‍ (exotic) അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല. അഭ്യസൂയ, ആസക്തികള്‍, ദുശ്ശീല അടിമത്തങ്ങള്‍ (addiction), മത്സരബുദ്ധി, പ്രണയഭംഗ വ്യഥകള്‍ തുടങ്ങിയ ശരാരശരി മാനുഷിക ദൗര്‍ബല്യങ്ങളെല്ലാം നേരിടുന്ന സാധാരണ മനുഷ്യരാണ് ഈ മഹാപ്രതിഭകളും. പ്രത്യേകിച്ചും, ചീരനും റാഫേലും തമ്മില്‍ മാര്‍ഗരീറ്റക്കു വേണ്ടി നടത്തുന്ന മത്സരം എല്ലാ മര്യാദകളുടെയും സീമകള്‍ ലംഘിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ചെറുപ്പത്തില്‍ സ്വവര്‍ഗ്ഗാനുരാഗ താല്‍പര്യത്തിനു ഭേദ്യം ചെയ്യപ്പെട്ട ഡാവിഞ്ചി, ഒരു ഫക്കീറിനെപ്പോലെ ജീവിക്കുകയും തന്റെ പ്രതിഭയെ വിവിധ മേഖലകളിലേക്ക് വ്യാപരിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ച്, ആരാധനയോടെ മൈക്കെലാഞ്ചലോ ചീരനോട് പറയുന്നു. റാഫേല്‍ ആകട്ടെ, ദൈവം ‘ഭാഗ്യവും പ്രണയവും’ കൊണ്ട് അനുഗ്രഹിച്ച അത്ഭുതപ്രതിഭയാണ് അദ്ദേഹത്തിന്. എന്നാല്‍ ‘വേദന’ എന്ന ‘വലിയ കല’ അയാളുടെ സൃഷികളില്‍ കുറവാണ് എന്ന മൈക്കെലാഞ്ചലോയുടെ നിരീക്ഷണം, കലയും ദുരന്തബോധവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ക്ലാസിക്കല്‍ സങ്കല്‍പ്പങ്ങളില്‍ ചെന്നുതൊടുന്നു.
ചുവന്ന കടലും ആനോയും
കാലഗണന, പശ്ചാത്തലം, രാഷ്ട്രീയ അടിയൊഴുക്കുകള്‍ തുടങ്ങിയവയില്‍ തിക്കോടിയന്റെ ‘ചുവന്ന കടല്‍’ എന്ന നോവലുമായുള്ള സാമ്യം പ്രകടമാണ് ‘ആനോ’യില്‍. പോര്‍ച്ചുഗീസ് അധിനിവേശം കോഴിക്കോട്, കൊച്ചി മേഖലകളില്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ തന്നെയാണ് ഇരുനോവലുകളുടെയും തൊടുത്തുവിടല്‍ ആകുന്നത്. എന്നാല്‍, സാജാത്യങ്ങളെക്കാള്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ ഇരുനോവലുകളെയും വേര്‍പ്പെടുത്തുന്നുണ്ട്. മാതൃസ്നേഹം, സാഹോദര്യം, സൗഹൃദം, പ്രണയം, ദേശസ്നേഹം തുടങ്ങിയ മൂല്യങ്ങളുടെ സംസ്ഥാപനം ഏതാണ്ട് സോദ്ദേശസാഹിത്യത്തിന്റെ കടുംപിടുത്തങ്ങളോടെ, ഗ്രന്ഥകാരന്റെ ഇടപെടല്‍ എന്ന മട്ടില്‍ത്തന്നെ നിരീക്ഷിക്കാവുന്ന കൃതിയാണ് ‘ചുവന്ന കടല്‍.’ ദുസ്സാധ്യമായ അതിജീവനങ്ങള്‍ക്കൊടുവിലും ഉറ്റചങ്ങാതിമാര്‍ സന്ധിക്കുന്നതും പാഞ്ചാലിയെ സംബന്ധിച്ച് അവളുടെ അന്ത്യ നിമിഷത്തിലെങ്കിലും പൊക്കന്‍ എത്തുന്നതുവരെ അതിജീവിക്കുന്നതും അത്ര ജൈവികമായ കഥാവികാസമല്ല. ചരിത്രം നായകസങ്കല്‍പ്പത്തിനു വഴിമാറിയപോലെ ഇതനുഭവപ്പെടും. ഇവിടെ ചരിത്രനോവല്‍ അനിവാര്യമായി പിന്തുടരേണ്ട യാഥാര്‍ത്ഥ്യബോധം വിട്ടുവീഴ്ച്ച ചെയ്യപ്പെടുകയാണ്. ഒരുവേള ദേശീയതാ കാലഘട്ടത്തിന്റെ നിലപാടുകള്‍ ഏകപക്ഷീയമായി ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പരിണതിയാകാം ഇത്. തിക്കോടിയന്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ള പോലെ, കേട്ടറിവുകളെയും കഥകളെയും ആസ്പദമാക്കി രചിക്കപ്പെട്ട നോവലില്‍, ഇന്ദുഗോപന്റെ കൃതിയില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള നിരന്ത ഗവേഷണങ്ങളുടെ സദ്ഫലങ്ങള്‍ ഇടംപിടിക്കുന്നുമില്ല.
സമകാലിക സാഹിത്യം ദേശീയതാനന്തര സാഹിത്യമാണ് (post-nationalist literature) എന്നതുകൊണ്ട് ചരിത്രത്തെ വിചാരണ ചെയ്യുമ്പോള്‍ ദേശത്തെ മഹത്വപ്പെടുത്തേണ്ട ബാധ്യത എഴുത്തുകാര്‍ ഏറ്റെടുക്കുന്നില്ല. ദൌത്യം പരാജയപ്പെടുകയും കൊലചെയ്യപ്പെടും എന്നുറപ്പാകുകയും ചെയ്യുന്ന ഘട്ടത്തിലും നാട്ടിലേക്കു തിരികെപ്പോയി രക്ഷപ്പെടാനുള്ള സാധ്യത ചീരന്‍ വേണ്ടെന്നുവെക്കുന്നത്, അയാളുടെ മൃത്യുന്മുഖത (death-wish) കൊണ്ടായിരിക്കാം. തന്റെ ജീവന് അയാള്‍ ഒരു ഘട്ടത്തിലും വലിയ വിലയൊന്നും കല്‍പ്പിച്ചിട്ടില്ല. കേശവന്റെ സുരക്ഷയും മാര്‍ഗരീറ്റയോടുള്ള പ്രണയവും താല്‍ക്കാലികമായി ജീവിതാശയുടെ ചില തുടിപ്പുകള്‍ അയാളില്‍ ഉണര്‍ത്തുന്നു എന്നേയുള്ളൂ. ഇരുവരുടെയും അന്ത്യം അയാളെ വീണ്ടും ശൂന്യതയുമായി മുഖാമുഖം നിര്‍ത്തുന്നു. കൊലയും ആത്മഹത്യയും ഒന്നായിത്തീരുന്ന ഒരു അസ്തിത്വ ശൂന്യതയുടെ മുനമ്പില്‍ സുപ്രധാനമായ ഒരു സാമൂഹികകാരണം കൂടി അയാളെ മഥിക്കുന്നതുകൊണ്ടാവാം അയാള്‍ മരണത്തെ സ്വാഗതം ചെയ്യുന്നത്. വൈദേശിക അധിനിവേശങ്ങള്‍പോലും അനായാസമാക്കുന്ന മട്ടില്‍ അന്തച്ഛിദ്രങ്ങള്‍ക്കു നിമിത്തമായി നോവല്‍ പേര്‍ത്തും പേര്‍ത്തും നിരീക്ഷിക്കുന്ന, നാട്ടില്‍ നിലനിന്ന ജാതിശ്രേണിയില്‍, തൊട്ടുകൂടാത്തവന്റെ അടിമസമാന ജീവിതത്തിലേക്ക് തിരികെ പോകുന്നതിലെ വിമുഖതയാണ് അത്.
പാത്രസൃഷ്ടിയില്‍ മാത്രമല്ല, നോവലില്‍ ഉടനീളം മഹദ്മൂല്യങ്ങളുടെ വ്യര്‍ത്ഥതയെന്ന പ്രമേയം ശക്തമാണ്. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആര്‍ജ്ജവത്തില്‍ ഊന്നുന്ന ‘ചുവന്ന കടലി’ലെ മൂല്യങ്ങളല്ല ഇവിടെ ചരിത്രത്തിന്റെ ചാലകങ്ങള്‍. ഉപചാപങ്ങളും കുതികാല്‍വെട്ടും കീഴടക്കലും രക്തദാഹവും ആസക്തിയും എല്ലാം തന്നെയാണ്. ആരും ആരെയും വിശ്വസിക്കുന്നില്ല; അതെല്ലായിടത്തും ബാധകവുമാണ്. സാമൂതിരിയുടെ മലബാറിലോ മഹാരാജാവിന്റെ കൊച്ചിയിലോ സഖ്യശക്തികള്‍ എന്ന് കരുതുന്നവരിലോ സൈന്യത്തിനകത്തു പോലുമോ അതില്ല. കപ്പലടുക്കുന്ന ആഫ്രിക്കന്‍ ദേശങ്ങളില്‍ അടിമക്കച്ചവടം പൊടിപൊടിക്കുന്നത് അടിമകളില്‍ത്തന്നെ അടിമയുടമകള്‍ ഉള്ളതുകൊണ്ടാണ്. പോര്‍ച്ചുഗലിലോ റോമിലോ സ്ഥിതി മറ്റൊന്നല്ല. കര്‍ദ്ദിനാള്‍മാര്‍, മഹാപ്രതിഭകളായ നവോഥാന കലാകാരന്മാര്‍ - എല്ലാവരിലും നിര്‍ണ്ണായകം ഈ ഋണമൂല്യങ്ങള്‍ തന്നെ. ഈ ഇരുള്‍ച്ചകള്‍ക്ക് എതിരെയാണ് ചീരന് കേശവനോടും മാര്‍ഗരീറ്റയോടുമുള്ള സമര്‍പ്പണം പോലെ, പോപ്പിന് ആനോയോടുള്ള വാത്സല്യംപോലെ, മാത്സര്യങ്ങള്‍ക്കിടയിലും മഹാചിത്രകാരന്മാര്‍ പരസ്പരം പുലര്‍ത്തുന്ന ബഹുമാനം പോലെ, കോയപ്പക്കിക്കും ഐറിസ് കോറിയോയുടെ മക്കള്‍ക്കുമിടയിലുള്ള പിതൃ-പുത്ര ബന്ധം പോലെ സ്നേഹപാരസ്പര്യങ്ങളുടെ ചെറുതുരുത്തുകള്‍ തിളങ്ങിനില്‍ക്കുന്നത്. എന്നാല്‍ ലോകനിര്‍മ്മിതിയില്‍ ചാലകങ്ങളാകുക ഈ മസൃണഭാവങ്ങളല്ല, ഹിംസാത്മകതയുടെ ആസുരതയാണ് എന്ന ചരിത്രത്തിന്റെ ഐറണിയാണ് നോവല്‍ അടിവരയിടുന്നത്.
