"അക്കാലത്ത് തലസ്ഥാനം നിറഞ്ഞു കവിഞ്ഞിരുന്നു- ആളുകള്‍, പണം, പുത്തന്‍ കാറുകള്‍, പുതിയ കെട്ടിടങ്ങള്‍. അവയില്‍ പലതും സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുണ്ടായ ഉന്മാദകരമായ പാന്‍ ആഫ്രിക്കന്‍, സോഷ്യലിസ്റ്റ് വാഗ്ദാനങ്ങളുടെ ഊര്‍ജ്ജത്തില്‍ പിറന്നവയായിരുന്നു, പത്തുവര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാഗ്ദാനങ്ങള്‍ തൊട്ടരികിലെ ആ വളവില്‍ത്തന്നെ അവശേഷിച്ചു, പ്രസിഡന്റിന്റെയും റേഡിയോയുടെയും വാക്കുകളില്‍ ഏതു ദിനവും വന്നു ചേരാവുന്ന ഒന്നായി.”
(All Our Names – പേജ്- 1)
1962-ല്‍ കൊളോണിയല്‍ ഭരണം ഔപചാരികമായി അവസാനിക്കുമ്പോള്‍, ഉഗാണ്ടയില്‍ നേരത്തേ ശക്തമായിരുന്ന സ്വരാജ്യ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നു പ്രധാന കക്ഷികള്‍ അധികാര രാഷ്ട്രീയത്തില്‍ മേധാവിത്തം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കത്തോലിക്കാ ഭൂരിപക്ഷത്തിനിടയില്‍ ശക്തമായ അടിത്തറയുണ്ടായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി (ഡി. പി) കൂടുതല്‍ സീറ്റു നേടിയെങ്കിലും ഭരണത്തിലെത്താന്‍ വേണ്ട ഭൂരിപക്ഷം നേടാത്ത സാഹചര്യത്തില്‍ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായിരുന്ന ഉഗാണ്ട പീപ്പിള്‍സ് കോണ്‍ഗ്രസ്സ് (യു.പി.സി), ബുഗാണ്ടന്‍ ദേശീയതയുടെ പാര്‍ട്ടിയായിരുന്ന കബാക്ക യക്ക (കെ. വൈ) എന്നീ പാര്‍ട്ടികള്‍ കൈകോര്‍ത്തു സ്വദേശി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിയോടെ യു. പി. സി. നേതാവ് മില്‍ട്ടന്‍ ഒബോട്ടെ ഉഗാണ്ടയുടെ ആദ്യ പ്രധാനമന്ത്രി ആയിത്തീര്‍ന്നു. സ്വതേ പ്രാദേശിക- വംശീയ ഉള്‍പ്പിരിവുകള്‍ രൂക്ഷമായിരുന്ന യു.പി.സി.യുടെ നേതൃത്വത്തിന് 1964-ല്‍ പൊട്ടിപ്പുറപ്പെട്ട പട്ടാള കലാപത്തെ നേരിടാന്‍ പ്രഖ്യാപിത ശത്രുവായിരുന്ന കൊളോണിയല്‍ സൈന്യത്തിന്റെ സഹായം തേടുകയെന്ന നാണക്കേടിനു വഴങ്ങേണ്ടിവന്നു. തങ്ങളോടൊപ്പം സ്വാതന്ത്ര്യം നേടിയ കെനിയയും ടാങ്കനിക്കയും കടുത്ത നിലപാടുകളിലൂടെ പട്ടാളത്തെ വരുതിയിലാക്കിയപ്പോള്‍, അക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു ഒബോട്ടെ സര്‍ക്കാരിന്. ഈ സാഹചര്യത്തില്‍ പട്ടാളം കൂടുതല്‍ പ്രശ്നമായിത്തീരും മുമ്പ് അതിനെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒബോട്ടെ വേണ്ടത്ര വിദ്യാഭ്യാസം പോലുമില്ലാത്ത ഈദി അമീന്‍ എന്ന ജൂനിയര്‍ ഓഫീസറെ ബോധപൂര്‍വ്വം വളര്‍ത്തിയെടുത്തത്. തുടര്‍ന്നുണ്ടായ ഒബോട്ടെ ഭരണത്തിന്റെ പതനവും ലോകം കണ്ട ഏറ്റവും കിരാതനായ ഒരു ഭരണാധികാരിയുടെ ഉയര്‍ച്ചയും (തകര്‍ച്ചയും) ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിന്റെ ചരിത്ര ശേഷിപ്പാണ്. ഉഗാണ്ടയുടെ സ്വയം പ്രഖ്യാപിത 'പ്രസിഡന്റ്' ഈദി അമീന്റെ കിരാത ഭരണം അരങ്ങു തകര്‍ത്ത എഴുപതുകള്‍ (1971- '79) ലോകത്തിന്റെ ഇതര ഭാഗങ്ങളിലും മാനവികതയും അധികാര സ്വരൂപങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും തിരിച്ചറിവുകള്‍ക്കും സന്ദര്‍ഭമാവുകയും ഉണ്ടായി. വിയറ്റ് നാം അനന്തര യുദ്ധവിരുദ്ധ വികാരം ഒരു വശത്ത്, പ്രകടമായ വര്‍ണ്ണവെറി നിയമവിരുദ്ധമായിരിക്കെ, കൂടുതല്‍ സൂക്ഷ്മമായ തലങ്ങളിലേക്ക് വ്യാപിച്ച കറുത്തവനോടുള്ള അസഹിഷ്ണുത മറുവശത്ത് - അമേരിക്കന്‍ സമൂഹത്തില്‍ മറ്റെവിടെയുമെന്ന പോലെ വൈരുധ്യങ്ങളുടെ വേലിയേറ്റങ്ങള്‍ തുടര്‍ന്നുവന്ന കാലം.
ഒരു ഫിക് ഷന്‍ കൃതിയെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ഒരു ചരിത്രബദ്ധമായ തയാറെടുപ്പ് ആവശ്യമില്ല എന്നത് സത്യം. ദീനോ മെന്‍ഗേസ്തുവിന്റെ 'All Our Names ' എന്ന നോവല്‍ അത്തരം മുന്നൊരുക്കങ്ങളൊന്നും കൂടാതെയും സാന്ദ്രവും ശക്തവുമായ വായനാനുഭവം പകരുന്നത് തന്നെയാണ്. തന്നെയുമല്ല, ചരിത്ര കഥാപാത്രങ്ങളോ സന്ദര്‍ഭങ്ങളോ ഫിക് ഷന്റെ ഭാവമണ്ഡലത്തിനപ്പുറത്തേക്ക് നിഴല്‍വിരിക്കുന്ന പ്രതീക സാന്നിധ്യങ്ങളായി നോവലില്‍ നിലയുറപ്പിക്കുന്നുമില്ല. എന്നാല്‍, പ്രഥമ വായനയില്‍ ഇത്തിരി അങ്കലാപ്പുണ്ടാക്കാനിടയുള്ള ചില സമസ്യകള്‍ തുറന്നുകിട്ടുന്നു എന്നത് മാത്രമല്ല, വലിപ്പം കൊണ്ട് അത്ര ബൃഹത്തല്ലാത്ത നോവല്‍ ഏറെ ആഴമുള്ളതാണെന്ന് ബോധ്യപ്പെടാനും ഈ മുന്നൊരുക്കം സഹായിക്കും.
പേരുകള്‍ - സ്വത്വവും, തടവറയും.
രണ്ടു ആഖ്യാതാക്കളിലൂടെയാണ് നോവല്‍ ഇതള്‍ വിടര്‍ത്തുക – യഥാര്‍ത്ഥ പേര് എന്തെന്ന് ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ലാത്ത ആദ്യ ആഖ്യാതാവിനെ ആദ്യം അയാളുടെ സംരക്ഷകയും പിന്നീട് കാമിനിയുമായി മാറുന്ന രണ്ടാം ആഖ്യാതാവ് ഹെലന്‍, ഐസക് എന്ന് വിളിക്കും. അയാളുടെ സ്വന്തം ആഖ്യാനത്തിലാവട്ടെ, ഐസക് എന്ന് പേരായ അയാളുടെ സുഹൃത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ഹെലനെ സംബന്ധിച്ചിടത്തോളം അയാള്‍ ഒരു നിഗൂഡതയായിത്തുടരും, നോവലിന്റെ ഹൃദയത്തില്‍ നിലകൊള്ളുന്ന അനേകം നിഗൂഡതകളുടെ കണ്ണാടിയായി.പേരുകളോടുള്ള നിരുന്മേഷ നിലപാട് അയാളുടെ പുരാവൃത്തത്തില്‍ത്തന്നെ അടങ്ങിയിട്ടുണ്ടെന്നു കാണാം:
“ഞാന്‍ ജനിച്ചപ്പോള്‍ എനിക്ക് പതിമൂന്നു പേരുകള്‍ ഉണ്ടായിരുന്നു; എന്റെ പിതാവില്‍ തുടങ്ങി ഓരോ തലമുറ പിന്നോട്ടു ഓരോ പേരെന്ന ക്രമത്തില്‍ വ്യത്യസ്ത തലമുറകളുടെ. ഞങ്ങളുടെ ഗ്രാമത്തില്‍ പതിമൂന്നു പേരുകള്‍ സ്വന്തമായുള്ള ആദ്യത്തെയാള്‍ ഞാനായിരുന്നു. അത്തരം ഒരു ചരിത്രമുണ്ടായതില്‍ ഞങ്ങളുടെ കുടുംബം അനുഗ്രഹീതരായി കണക്കാക്കപ്പെട്ടു.”
എന്നാല്‍ "ഞാന്‍ ഒരു തടവറയിലേക്ക് പിറന്നു വീണപോലെയാണ് എനിക്ക് തോന്നിയത്" എന്ന് അയാള്‍ പറയുന്നു. "ഉഗാണ്ടയിലേക്കുള്ള ബസ്സ് അതിര്‍ത്തികടന്നയുടനെ ഞാന്‍ ആ പേരുകള്‍ കുടഞ്ഞു കളഞ്ഞു" എന്നും "കംപാലയില്‍ ഞാന്‍ ആരുമായിരുന്നില്ല, അത് തന്നെയായിരുന്നു എനിക്ക് വേണ്ടതും" എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. കംപാലയില്‍ അയാള്‍ അവകാശപ്പെടുംപോലെ സാഹിത്യത്തിലുള്ള അഭിരുചി സൂചിപ്പിക്കാന്‍ ഐസക് അയാള്‍ക്ക് പേരിടുക 'പ്രൊഫസര്‍ എന്നും കവി ലാംഗ്സ്റ്റന്‍ ഹ്യൂസിനെ അനുകരിച്ച് ലാംഗ്സ്റ്റന്‍ എന്നുമൊക്കെയാണ്. ഒരു വിപ്ലവകാരിയായി സ്വയം ഉയര്‍ന്നു വരുന്ന ഐസക് അയാളുടെ ആത്മ മിത്രവും ആരാധനാ പാത്രവും ആയിത്തീരുന്നത് അയാളുടെ ജീവിതത്തിലും - അതിജീവനത്തില്‍ തന്നെയും- വഴിത്തിരിവാകും. ഐസക് എല്ലാവര്‍ക്കും പേരിടുന്നുണ്ട്. ക്യാമ്പസിലെ സമ്പന്ന വിദ്യാര്‍ഥികള്‍ മുഴുവന്‍ അയാള്‍ക്ക് അലെക്സ് ആണ്. അമേരിക്കയിലെത്തുമ്പോള്‍ ആഖ്യാതാവിന്റെ വിക്റ്റോറിയന്‍ ഇംഗ്ലീഷ് പ്രയോഗങ്ങളും ശൈലിയും അയാള്‍ക്ക് മറ്റൊരു വിളിപ്പേര് നല്‍കും, അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ അനുകരിച്ച് : ഡിക്കന്‍സ്. എന്നാല്‍ പേരുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണ്ണായകമായ വൈരുധ്യം സ്വന്തം പേര് ഐസക് സുഹൃത്തിന് പാസ്പോര്‍ട്ടിന്റെ രൂപത്തില്‍ പകരം വെക്കുന്നതാണ്: സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടുമുമ്പുള്ള കലാപങ്ങളില്‍ കൊല്ലപ്പെട്ട അച്ഛനമ്മമാര്‍ ഐസക്കിന് നല്‍കിയ പേര്, “'ഐസക്' എന്നത് അവര്‍ അയാള്‍ക്ക് നല്‍കിയ പൈതൃകം ആയിരുന്നു, വിപ്ലവ സ്വപ്‌നങ്ങള്‍ തകര്‍ന്നപ്പോള്‍, നില്‍ക്കണോ, സ്ഥലം വിടണോ എന്ന തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍, ആ പേര് അയാള്‍ എനിക്ക് തരുന്ന ഏറ്റവും ഒടുവിലത്തെയും ഏറ്റവും വിലപിടിച്ചതുമായ സമ്മാനം ആയിത്തീര്‍ന്നു".
ഹെലന്റെ ആഖ്യാനത്തില്‍ എന്തുകൊണ്ടാണ് അയാള്‍ ഐസക് എന്ന് വിളിക്കപ്പെടുന്നത് എന്നതിന്റെ ദുരൂഹത ഇവിടെയാണ് വ്യക്തമാവുക.
ഫോറിന്‍ എക്സ്ചേഞ്ച് വിദ്യാര്‍ഥിയായി അമേരിക്കന്‍ മിഡ് വെസ്റ്റേണ്‍ യൂണിവേര്‍സിറ്റിയിലെത്തുന്ന യുവാവിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകയായാണ് ഹെലന്‍ 'ഐസക്കി'നെ പരിചയപ്പെടുക. അയാളെ സംബന്ധിക്കുന്ന ഒന്നും വ്യക്തമല്ല അവള്‍ക്ക് എന്നതിന്റെ പശ്ചാത്തലം, ഒരു വെളുത്ത വര്‍ഗ്ഗക്കാരി അമേരിക്കന്‍ യുവതിക്ക് അവളുടെ പ്രതിബദ്ധസാമൂഹ്യ ബോധ്യങ്ങള്‍ ഇരിക്കിലും ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ കടുപ്പം അത്ര വേഗം പിടികിട്ടില്ല എന്നത് കൂടിയാണ്. എന്തുകൊണ്ടാണ് 'ഐസക് ' എന്ന പേരിനപ്പുറം അയാളുടെ വൈയക്തികമായ പ്രാഥമിക വസ്തുതകള്‍ പോലും അപൂര്‍ണ്ണമായിരിക്കുന്നത്?. “ഒരൊറ്റ കടലാസു മാത്രം.. ജനനത്തീയതിയോ മാസമോ ഇല്ല, ഒരു കൊല്ലം മാത്രം. ജനന സ്ഥലം ആഫ്രിക്ക എന്ന് മാത്രം, സ്ഥലപ്പേരോ നഗരമോ ഇല്ല. കൃത്യമായുള്ളത് അയാളുടെ പേര് മാത്രം, ഐസാക് മബീര, പക്ഷെ അതുപോലും ഇനിയങ്ങോട്ട് കാര്യമല്ലതാനും. അതിനു പകരം വേറെ ഏതു പേരുമാകാം, ഒരു മാറ്റവും ഉണ്ടാവില്ല." അത് അയാളുടെ പേരല്ല എന്ന് ഹെലന്‍ തിരിച്ചറിയുന്നുമില്ല. തനിക്ക് അയാളെ ഒരര്‍ഥത്തില്‍ പുനസൃഷ്ടിക്കേണ്ടതുണ്ടെന്നു ഹെലന്‍ കണ്ടെത്തുന്നു. അയാള്‍ "ഒരു പ്രേതാത്മാവ് (ghost) ആയിരുന്നില്ല, മറിച്ച് ഞാന്‍ പണിപ്പെട്ടു പൂര്‍ത്തീകരിക്കേണ്ടിയിരുന്ന ഒരു മനുഷ്യന്റെ ഒരു നഖചിത്രം (sketch) ആയിരുന്നു.” എന്നാല്‍ അവള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണല്ലോ അയാള്‍ കടന്നുവന്ന ഭൗതിക സാഹചര്യങ്ങള്‍. ദരിദ്രമായ ആഫ്രിക്കന്‍ ചുറ്റുപാടുകളില്‍ പ്രായത്തിനൊത്ത വളര്‍ച്ച പ്രകടമാക്കാത്ത അവസ്ഥ, രേഖകളുടെ ആവശ്യാര്‍ത്ഥം ജനനത്തീയതിയും വര്‍ഷവും പ്രായവുമൊക്കെ ഗണിച്ചുണ്ടാക്കേണ്ടി വരുന്ന സാഹചര്യം തുടങ്ങിയതൊക്കെ പല ആഫ്രിക്കന്‍ എഴുത്തുകാരുടെ രചനകളിലും കടന്നുവരുന്ന പ്രമേയങ്ങളാണ്; മരിയാത്തു കമാറായുടെ ആത്മകഥയായ A Bite of the Mango ഉദാഹരണം.
ക്യാമ്പസ്, വിപ്ലവത്തിന്റെ ഭിന്ന മുഖങ്ങള്‍
ഹെലന്റെ ആഖ്യാനം 'ഐസക്' അവളുടെ പട്ടണത്തില്‍ എത്തുന്നതോടെയാണ് ആരംഭിക്കുന്നതെങ്കില്‍, അയാളുടെ ആഖ്യാനം ഏതാനും വര്‍ഷങ്ങള്‍ മുമ്പില്‍ അയാള്‍ ഐസക്കിനോടൊപ്പം കമ്പാല യൂണിവേര്‍സിറ്റി ക്യാമ്പസില്‍ എത്തുന്നതോടെയാണ് തുടങ്ങുന്നത്. കാലത്തില്‍ മുന്നോട്ടും പിന്നോട്ടുമുള്ള ഈ ചലനം ഒന്നിടവിട്ട ഐസക്/ ഹെലന്‍ എന്നിങ്ങനെ പേരിട്ട അധ്യായങ്ങളില്‍ സൂക്ഷ്മവായനയാണ് ആവശ്യപ്പെടുക. ഒപ്പം ഒരു മിസ്റ്ററി ആയി തനിക്കനുഭവപ്പെടുന്ന 'ഐസക്കി'നെ ഹെലന്‍ പിന്തുടരുന്നതായും തോന്നാം. ഉഗാണ്ടന്‍ അനുഭവത്തിന്റെ കാലുഷ്യങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. "മുഴുവന്‍ കൊളോണിയല്‍ പരീക്ഷണവും സുദീര്‍ഘവും രക്തപങ്കിലവുമായ ഒരൊറ്റ അപരാഹനം പോലെ തോന്നിച്ച ഒന്നായി അവസാനിച്ചു, ഐസക്കിനെ പോലുള്ള ആണ്‍കുട്ടികള്‍ക്കെല്ലാം അത് അനാഥത്വത്തിന്റെ രണ്ടാമൂഴം ആയിരുന്നു" കൊളോണിയല്‍ അനന്തര പ്രസിഡന്റ് ഭരണം അതിന്റെ വലിയ വാക്കുകള്‍ വെറുംവാക്കുകളായിരുന്നെന്ന ഇച്ഛാഭംഗം യുവതലമുറയിലെങ്ങും പടര്‍ത്തുന്ന കാലം. ദേശീയ ബോധത്തിന്റെയും അതിനുമപ്പുറം പാന്‍ ആഫ്രിക്കന്‍ സ്വാതന്ത്ര്യ ദാഹത്തിന്റെയും വിപ്ലവചിന്തകളുടെ ഉണര്‍വ്വുകള്‍ ക്യാമ്പസിലെങ്ങും അലയടിക്കുന്നു.
"അക്കാലത്ത് ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം വിപ്ലവകാരികള്‍ ആവാന്‍ ആഗ്രഹിച്ചു. ക്യാംപസിലും ഞാനും ഐസക്കും താമസിച്ചിരുന്ന ദരിദ്രപ്രദേശങ്ങളിലും ഡസന്‍ കണക്കിന് ലുമുംബമാരും മാര്‍ലിമാരും മാല്‍ക്കംമാരും, സീസായെര്‍മാരും, കെനിയാറ്റമാരും, സെന്‍ഘോര്‍മാരും, സെലാസിമാരും ഉണ്ടായിരുന്നു. കാലത്തുണരുമ്പോള്‍ തങ്ങളുടെ വീരനായകരുടെ കറുത്ത തൊപ്പികളും ഒലീവ് ഗ്രീന്‍ വസ്ത്രങ്ങളും ധരിച്ചവര്‍. എനിക്കവരോടൊപ്പം എത്താനാവില്ലായിരുന്നു, അതുകൊണ്ട് ഞാന്‍ എന്റെ താടിയിലുള്ള ഏതാനും രോമങ്ങളെ നീട്ടിവളര്‍ത്തി. ഞാന്‍ സ്വയം വളര്‍ന്നു വരുന്ന ഒരു വിപ്ലവകാരിയായിക്കണ്ടു, വേറെ ആഗ്രഹങ്ങളോടെയാണ് ഞാന്‍ തലസ്ഥാനത്ത് എത്തിയതെങ്കിലും.”
( പേജ്: 2)
പ്രചോദകമായ സംസാര രീതിയും ശൈലിയും സ്വാഭാവിക ഗുണമായിരുന്ന ഐസക് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക കടുത്ത പരിഹാസത്തോടെ റേഡിയോയും ദേശീയ മാധ്യമങ്ങളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രസിഡന്റിന്റെ പ്രസംഗങ്ങളെയും ആഹ്വാനങ്ങളെയും അനുകരിച്ചു കൊണ്ടാണ്. “വിഡ്ഢിത്തം വിളമ്പാനുള്ള അവകാശം എന്തിനു അവര്‍ക്ക് മാത്രമാവണം?” എന്ന ചോദ്യത്തോടെ അയാള്‍ തായ്യാറാക്കുന്ന 'കടലാസു വിപ്ലവ' ബാനറുകള്‍ ഇങ്ങനെയാവും:
“രാജ്യത്തിനെതിരെ നടക്കുന്ന ഏതു കുറ്റവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്.
രാജ്യത്തിനെതിരായ കുറ്റം എന്താണ് എന്നറിയാതിരിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്.
രാജ്യത്തിനെതിരായ കുറ്റം എന്താണ് എന്ന് ചോദിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്
രാജ്യത്തിനെതിരായ കുറ്റങ്ങള്‍ ഏറെയാണ് എന്ന് ചിന്തിക്കുന്നതും പറയുന്നതും രാജ്യത്തിനെതിരായ കുറ്റമാണ്.”
സുഹൃത്തിന്റെ സഹായത്തോടെ അയാള്‍ അത് അഞ്ചു തികക്കുന്നു:
“ഇത് വായിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്"
നിത്യേന തന്റെ അനുയായികളായെത്തുന്ന വിദ്യാര്‍ഥി സഖാക്കള്‍ക്കിടയില്‍ അയാള്‍ നടത്തുന്ന 'കുമ്പസാര വിചാരണ' (mock- confession) 'ഇന്ന് നിങ്ങള്‍ സ്റ്റേറ്റിനെതിരില്‍ എന്ത് കുറ്റം ചെയ്തു?” എന്നതായിരിക്കും. “ഇന്ന് ഞാനൊരു മോഷണം നടത്തി" എന്ന് കുമ്പസാരിക്കുന്ന കുട്ടിയോട് അയാള്‍ ഉടനടി പ്രതികരിക്കുന്നുണ്ട്: “മോഷണം ഈ നാട്ടില്‍ കുറ്റകരമല്ല!”
ഭയവും അനിശ്ചിതത്വവുമാണ് കലാപകാരികളെ അപകടകാരികള്‍ ആക്കുന്നതെന്ന് ഐസക് സുഹൃത്തിനോട് പറയുന്നുണ്ട്. "അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെക്കാള്‍ അസ്വസ്ഥരായി ഒന്നുമില്ല".ക്യാമ്പസില്‍ സംഘര്‍ഷങ്ങള്‍ പുകയാന്‍ തുടങ്ങുമ്പോഴും അക്ഷോഭ്യനായി പോലീസ് നായാട്ടിനെ ഉള്‍പ്പടെ നേരിടുക ഐസക് മാത്രമാവും. ആക്രമിക്കപ്പെടുന്ന ഘട്ടങ്ങളില്‍ മറ്റുള്ളവരെ പോലെ തിരിഞ്ഞോടാതെ, യോഗീതുല്യമായ ശാന്തതയോടെ അയാള്‍ പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. തന്നെ പിന്തുടരുന്നത് രഹസ്യപ്പോലീസ് ആണെന്ന ധാരണയില്‍ അവരെ പ്രീണിപ്പിക്കാനായി അവര്‍ കാണെ സര്‍ക്കാര്‍ അനുകൂല പത്രം വാങ്ങിക്കുന്ന ആഖ്യാതാവ് കലാപകാരികളുടെ കയ്യില്‍ പെട്ടുപോകുന്നത് ഈ ആര്‍ജ്ജവത്തിന്റെ അഭാവത്തിലാണ്. അത്തരം ഉള്‍ക്കരുത്തുള്ള വിപ്ലവകാരിക്ക് സഹജമായ വിധത്തില്‍ ഐസക് ഒരു പ്രത്യയ ശാസ്ത്രത്തിലും ഭ്രമിക്കുന്നുമില്ല. പ്രസിഡന്റിനെതിരായ നിര്‍ണ്ണായകമായ കലാപങ്ങങ്ങളില്‍ കേന്ദ്ര സ്ഥാനീയനായി അപ്രത്യക്ഷനാവും മുമ്പ് അയാള്‍ അതിജീവനത്തിന്റെ ജീനുകളുള്ള സുഹൃത്തിന് അമേരിക്കയിലേക്ക് ചേക്കേറാനുള്ള അവസരമൊരുക്കിയാണ് അയാളെ യാത്രയാക്കുക. എന്നാല്‍ എല്ലാ പ്രസ്ഥാനങ്ങളും ഒരിക്കല്‍ മാനവികതയുടെ പാഠങ്ങള്‍ മറന്നു പോവുമെന്നും "ഒന്നും സുരക്ഷിതമല്ലാത്ത ഘട്ടം വരിക എന്നത് സമയത്തിന്റെ മാത്രം പ്രശ്നമായിരുന്നു" എന്നുമുള്ള തിരിച്ചറിവ് നോവലിന്റെ അടിസ്ഥാന ദര്‍ശനം തന്നെയാണ്; സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പൊതുവായ യാഥാര്‍ത്ഥ്യബോധവും. 'നോവലിന്റെ അവസാന ഭാഗങ്ങളില്‍ ലക്‌ഷ്യം തെറ്റിയ കലാപങ്ങള്‍ ഹിംസയുടെ പേയ് ദിനങ്ങള്‍ക്ക് വഴിമാറുന്നത് ഐസക് നിസ്സഹായാതയോടെയും ചിലപ്പോഴൊക്കെ നിസ്സംഗതയോടെയും കണ്ടുനില്‍ക്കേണ്ടി വരുന്നുണ്ട്. ആഖ്യാതാവ് 'ഐസക് ' ആവട്ടെ, അമേരിക്കയില്‍ ജീവിതം താളം കണ്ടെത്തുന്നതോടെ സ്വയം തിരിച്ചറിയുന്നുമുണ്ട്:
“ജീവിതത്തിലാദ്യമായി, എല്ലാ ദിനവും ഉണരുമ്പോള്‍ എനിക്ക് ഉടുക്കാന്‍ പുതു വസ്ത്രങ്ങളുണ്ടായി, രണ്ടു മൂന്നു നേരം വേണ്ടത്ര കഴിക്കാനുള്ള ഭക്ഷണം ഉണ്ടായി. അത്രയും ഉണ്ടായപ്പോള്‍ ഞാന്‍ മനസ്സിലാക്കി എന്റെ വിപ്ലവം കഴിഞ്ഞുവെന്ന്.”
ഉച്ചനീചത്വങ്ങള്‍, സൂക്ഷ്മ ചിഹ്നങ്ങള്‍
എന്തുകൊണ്ടാണ് 'ഐസക് ' തന്നെ കുറിച്ച് ഒന്നും വ്യക്തമാക്കാത്തതെന്നും പ്രണയത്തിലും വിനോദങ്ങളിലും എപ്പോഴും താന്‍ സ്വയം മുന്‍കൈ എടുക്കേണ്ടിവരുന്നതെന്നും ഹെലന്‍ ആലോചിക്കുന്നുണ്ട്. വിവരിക്കാനും ഓര്‍മ്മിക്കാനും ഒന്നും ബാക്കിവെച്ചിട്ടില്ലാത്ത ഒരു ഭൂതകാലമാണ് അയാള്‍ക്കുള്ളത് എന്ന് അവള്‍ക്കു അനുമാനിക്കാനാവില്ല. തങ്ങളുടെ പ്രണയം ഒരുമിച്ചുള്ള ജീവിതമാക്കി മാറ്റുന്നതിനെ കുറിച്ച് അവള്‍ ആലോചിക്കുന്നുണ്ട്. തികച്ചും അയഥാര്‍ത്ഥമായ ചില മുറിച്ചു കടക്കലുകള്‍ സാധ്യമാണെന്ന് അവള്‍ക്കു തോന്നുന്നത് കൊണ്ടാണ് സൂക്ഷ്മ നിരീക്ഷകയായ അമ്മയുടെ കണ്ണുകള്‍ കണ്ടില്ലെന്നു നടിച്ചു അവള്‍ ഐസക്കുമായി ബന്ധം തുടരുന്നത്. ഹെലനില്‍ ഉള്ള ഐസക്കിന്റെ സമ്പൂര്‍ണ്ണ ആശ്രിതത്വം എല്ലായിടത്തും അയാള്‍ ഏറ്റുമുട്ടുന്ന കൂര്‍ത്ത നോട്ടങ്ങളുടെ മറുപുറമാണെങ്കില്‍, അവള്‍ക്കു അയാളോടുള്ള ബന്ധം സ്നേഹ പൂര്‍ണ്ണമായ ബാല്യ കൗമാരങ്ങള്‍ നിഷേധിച്ച രക്ഷിതാക്കളോടുള്ള ഒരു കാല്‍പ്പനിക നിഷേധത്തിന്റെ ത്രില്‍ നല്‍കുന്നുണ്ട്. ആ ആവേശത്തിന്റെ പുറത്താണ് ഒരു പരീക്ഷണത്തിന് അവള്‍ മുതിരുന്നത്. കൂട്ടുകാരനെയും കൂട്ടി അവള്‍ പതിവായി പോകുമായിരുന്ന ഭക്ഷണ ശാലയില്‍ എത്തുന്നത് തങ്ങള്‍ക്ക് മുറിച്ചു കടക്കാനാവുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്ന് അയാളെയും ബോധ്യപ്പെടുത്താനാണ്. ഔദ്യോഗികമായി വര്‍ണ്ണ വിവേചനം നിലവിലില്ലെങ്കിലും നിയമങ്ങളുടെ നിര്‍ജ്ജീവമായ താളുകള്‍ അല്ല, മുന്‍ വിധികളുടെ ആഴങ്ങളാണ് സാമൂഹിക മനസ്സ് രൂപപ്പെടുത്തുന്നത് എന്ന് ഏറെ വില നല്‍കിയാണ് അവള്‍ പഠിക്കുക. എന്തൊക്കെ സ്വപ്നം കണ്ടാലും "ഒരു ദശകം മുമ്പ് വരെ പൊതു കുളിപ്പുരകളിലും ബസ്സുകളിലും സ്കൂളുകളിലും റസ്റ്റോറന്റകളിലും വര്‍ണ്ണ വിവേചനം നടപ്പിലാക്കിയിരുന്ന, ഇപ്പോഴും വര്‍ണ്ണ സങ്കലനം അത്രയൊന്നും ഇഷ്ടപ്പെടാത്ത" പട്ടണമാണ് ഇല്ലിനോയ്സ്.
എല്ലാം മുന്‍ കൂട്ടി അറിയുന്ന 'ഐസക് ' അവളോട് ആദ്യമേ ചോദിക്കുന്നുണ്ട് എന്തിനാണ് ഇവിടെ വന്നതെന്ന്. 'ഭക്ഷണം കൊണ്ടുപോകാനാണോ?' എന്ന പരിചാരികയുടെ ചോദ്യം അപകട സൂചന നല്‍കുന്നതോടെ അവള്‍ക്കു മതിയാവുന്നുണ്ട്. എന്നാല്‍ അതിനോടകം സ്വയം പീഡനാത്മകമായി എല്ലാം നേരിടാനുറച്ച ഐസക് രംഗം കയ്യടക്കുന്നു. വെളുത്തവര്‍ മാത്രം നിരന്നിരുന്നു ഭക്ഷണം കഴിക്കുന്ന ഇടത്തില്‍ നാടകീയമെങ്കിലും ശാന്തതയോടെ ഉറച്ച ശബ്ദത്തില്‍ അയാള്‍ പറയുന്നു: അല്ല, ഇവിടെ വെച്ച് തന്നെ കഴിക്കാനാണ്. കടലാസ് പ്ലേറ്റില്‍ കൊണ്ടുവരുന്ന ഭക്ഷണം കൂര്‍ത്ത നോട്ടങ്ങള്‍ക്കിടയിലിരുന്നു കൃത്രിമമായ സൂക്ഷ്മതയോടെ അയാള്‍ കഴിച്ചു കഴിയാറാവുമ്പോഴാണ് എല്ലാവര്‍ക്കും നല്‍കുന്ന മികച്ച പാത്രങ്ങളില്‍ ഹെലന് ഭക്ഷണം എത്തുന്നത്. അത് കഴിക്കാതെ എണീക്കാന്‍ തുടങ്ങുന്ന ഹെലനെ അയാള്‍ തടയുന്നു, “നീ ഇതല്ലേ ആഗ്രഹിച്ചത്, അത് നടക്കട്ടെ!” ഈ സംഭവം കറുപ്പിനും വെളുപ്പിനുമപ്പുറം തങ്ങളുടെ സാഹചര്യത്തിന്റെ അസാധ്യത അവളെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും.
നന്നേ ചെറുപ്പത്തില്‍ തന്റെ ജന്മസ്ഥലമായ എത്യോപ്യയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തിലെ അംഗം എന്ന നിലയില്‍ ഇരു ദേശങ്ങള്‍ക്കിടയില്‍ പെട്ടുപോയ അനുഭവങ്ങള്‍ തന്നെയാണ് വലിയൊരളവു വരെ മെന്‍ഗേസ്തുവിന്റെയും സര്‍ഗ്ഗ പ്രഭവം. ചിക്കാഗോയുടെ പ്രാന്തങ്ങളില്‍ വളര്‍ന്ന അദ്ദേഹം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഉച്ചനീചത്വങ്ങളില്‍ വംശീയതയുടെയും വര്‍ണ്ണ മേല്‍ക്കോയ്മയുടെയും അനുഭവങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. പറിച്ചെറിയപ്പെടുന്നതിന്റെയും കുടിയേറ്റത്തിന്റെയും അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികളുടെ വേലിയേറ്റം തന്നെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍ ലോകമെമ്പാടും ഉണ്ടായിട്ടുമുണ്ട്. നോ വിയലറ്റ് ബുലാവായോ, തായെ സലാസി, ചിമന്‍ഡാ എന്‍ഗോസി അദീചി, തുടങ്ങി ആഫ്രിക്കന്‍ പുതു തലമുറ എഴുത്തുകാര്‍ സമാനമായതെങ്കിലും വ്യത്യസ്തവും വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തിലുള്ളതുമായ രചനകളിലൂടെ അത്തരം ഉത്കണ്ഠകള്‍ പങ്കുവെക്കുന്നു. മെന്‍ഗേസ്തുവിന്റെ നോവലിലും, മുന്‍ രചനകളായ The Beautiful Things That Heaven Bears, How to Read the Air എന്നീ നോവലുകളെ പോലെത്തന്നെ, ഈ പ്രമേയങ്ങള്‍ സജീവമാണെങ്കിലും 'പ്രവാസാനുഭവത്തിന്റെ എഴുത്തുകാരന്‍' എന്ന് അദ്ദേഹത്തെ ചുരുക്കിക്കാണുക വലിയ തെറ്റായിരിക്കുമെന്നു മാല്‍ക്കം ജോണ്‍സ് മാര്‍ച്ച് നിരീക്ഷിക്കുന്നു. (Cultural Exchange- 'All Aour Names', NYTimes, 19, 2014). “കാരണം, വര്‍ഗ്ഗം, വംശീയത, പ്രഭവസ്ഥാനം എന്നീ പ്രശ്നങ്ങള്‍ മെന്‍ഗേസ്തുവിന്റെ രചനകളില്‍ ഇടയ്ക്കിടെ പൊങ്ങിവരുന്നുണ്ടെങ്കിലും, അവയൊക്കെയും അദ്ദേഹത്തിന്റെ അസംസ്കൃത വസ്തുക്കള്‍ മാത്രമാണ്; വളരെ വൈദഗ്ധ്യത്തോടെ - എന്നാല്‍ ഒരിക്കലും ബോധന പരമാവാതെത്തന്നെ - സ്വത്വം, ഇടം, മാനുഷിക ബന്ധങ്ങള്‍ എന്നിവയിലെ സമസ്യകളെ ആവിഷ്കരിക്കുന്ന ശ്ലഥവും ഉള്ളുലക്കുന്നതുമായ കഥകളെ ഉദ്ദീപിപ്പിക്കുന്ന ഇന്ധനം.”
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 144-150)
To purchase, contact ph.no: 8086126024
