നാഗിബ് മഹ്ഫൂസിന്റെ 'ഇജിപ്ത്യന്‍ ത്രയം' പോലെ പുരാതന ഇജിപ്തിന്റെ ചരിത്രം വിഷയമാക്കിയുള്ള രചനകള്‍ അറബ് സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും എ. ഡി. 639-ല്‍ ഇസ്ലാമിക അധികാരം സ്ഥാപിതമാകുന്നതുവരെ ഏതാനും നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ക്രിസ്തീയ അധികാരത്തിന്റെ കാലഘട്ടം ഏറെ കൃതികള്‍ക്ക് വിഷയമായിട്ടില്ല. കോപ്റ്റിക് ഓര്‍ത്തോഡോക്സ് ക്രിസ്തുമതത്തോടുള്ള ബഹുമാനമോ, ആ കാലഘട്ടവുമായി പുതുകാലത്തിന് ഒന്നും പൊതുവായില്ലെന്ന തോന്നലോ അതിനു കാരണമായിട്ടുണ്ടാവാമെങ്കിലും, പ്രൊഫ. സെയ്ദാന്‍ ആ പശ്ചാത്തലത്തില്‍ 'അസാസീല്‍ ' രചിക്കുമ്പോള്‍ വന്‍വിവാദങ്ങളിലാണ് ചെന്നുപതിച്ചത്. ക്രിസ്തീയപൂര്‍വ്വ വിശ്വാസക്രമങ്ങള്‍ (പാഗന്‍) നിലനിര്‍ത്തിപ്പോന്നവരെ 'ശുദ്ധീകരിക്കുന്നതില്‍' കോപ്റ്റിക് സഭയും അതിനു നേതൃത്വംനല്‍കിയ ബിഷപ്പ് സിറില്‍ ഉള്‍പ്പടെയുള്ളവരും നോവലില്‍ അവതരിപ്പിക്കപ്പെട്ടത്, ഫിക് ഷന്റെഅതിരുകള്‍ക്കപ്പുറം വായിക്കപ്പെടുകയും പലകോണുകളില്‍നിന്നും ആക്രമിക്കപ്പെടുകയും ചെയ്യുകയായിരുന്നു. പ്രൊഫ. സെയ്ദാന്‍, ആര്‍ച്ച് ബിഷപ്പ് നെസ്റ്റോറിയസിന്റെ കഥാപാത്രത്തോട് കാണിക്കുന്ന അനുതാപത്തിനു പിന്നില്‍ നെസ്റ്റോറിയന്‍ ദര്‍ശനം ('Nestorian heresy') 'ദൈവം ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല' എന്ന ഇസ്ലാമികകാഴ്ചപ്പാടിന് അനുരോധമായതാണ് എന്നും നിരീക്ഷിക്കപ്പെട്ടു.
ഹൈപ എന്ന പേര് സ്വയം വിളിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ ഇജിപ്ത്യന്‍ സന്യാസിയുടെ അരമായിക് ആത്മകഥ,1994ല്‍ സിറിയന്‍മരുഭൂമിയിലെ പര്യവേഷണങ്ങള്‍ക്കിടെ കണ്ടെടുക്കപ്പെടുന്നതായും അതില്‍ പത്താം നൂറ്റാണ്ടില്‍ അത് കണ്ടെത്തിയ ആരോ മാര്‍ജ്ജിന്‍ നോട്ടുകള്‍ കുറിച്ചതായും സമകാലികനായ ഒരു സാങ്കല്‍പ്പിക വിവര്‍ത്തകന്‍ (നോവലിസ്റ്റ് അല്ല) അത് ‘വിവര്‍ത്തകക്കുറി’പ്പോടെ ഇപ്പോഴത്തെ പുസ്തകരൂപത്തില്‍ എത്തിയതായും ‘ഈ നിധി വെളിപ്പെടാന്‍ സമയമായിട്ടില്ലാത്തതുകൊണ്ട് ഞാനിതു വീണ്ടും മറവുചെയ്യുന്നു’ എന്നു രേഖപ്പെടുത്തിയതായും ഒരു ‘ഫ്രെയ്മിംഗ്’ ചട്ടക്കൂട്ടിലാണ് നോവല്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ കല്‍പ്പിത ഇതിവൃത്ത ചരിത്രം, ഉള്ളടക്കത്തെ പിന്തുടരുന്നതിന് വലിയ ബാധ്യതയൊന്നുമാകുന്നില്ല എന്നത്, നോവലിസ്റ്റിന്റെ കയ്യടക്കമായിക്കാണാം. വടക്കു പടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അലെപ്പോയിലെ സുലഭമായ പുരാവസ്തു ശേഖരങ്ങള്‍ക്കിടയില്‍ ഭദ്രമായി ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തപ്പെട്ടതായി അവതരിപ്പിക്കുന്ന പുരാതന സിറിയക് അല്ലെങ്കില്‍ അരമായിക് ഭാഷയിലുള്ള ലിഖിതത്തിന് കൃത്യമായും 1555 വര്‍ഷം പഴക്കമുണ്ടെന്ന്, തന്റെ മരണശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന നിഷ്കര്‍ഷയോടെ അവ അറബ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന അജ്ഞാതനായ പരിഭാഷകന്‍ 2004 ഏപ്രില്‍ നാലിന് എഴുതുന്ന വിവര്‍ത്തകക്കുറിപ്പില്‍ സാക്ഷ്യപ്പെടുത്തുന്നു. ആ ഫിക് ഷനല്‍ പരിഭാഷകന്‍ നെസ്റ്റോറിയന്‍ നിലപാടുകള്‍ പിന്തുടരുന്ന ചര്‍ച്ച് ഓഫ് എദേസ്സായില്‍ ഉള്‍പെട്ട ഒരു അറബ് സന്യാസിയുടെ ഇടപെടല്‍ മാര്‍ജ്ജിന്‍ നോട്ടുകള്‍ ആയി ലിഖിതങ്ങളില്‍ തിരിച്ചറിയുന്നു.
ചരിത്രവും ദൈവശാസ്ത്രവും അധികാരവും മാത്രമല്ല കാമനകളുടെ മാംസബദ്ധവും സംന്യാസ സംയമനത്തിന്റെ വിലക്കുകള്‍ക്കപ്പുറം പ്രലോഭിപ്പിക്കുന്ന ജൈവ ചോദനകള്‍ക്കിടയില്‍ ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്ന ബൗദ്ധികതയുടെ പ്രയോഗങ്ങളും നോവലിനെ സങ്കീര്‍ണ്ണവും സംഘര്‍ഷ ഭരിതവുമാക്കുന്നു. ഒപ്പം, അത്മാന്വേഷണത്തിന്റെ എക്കാലത്തെയും സമസ്യകളിക്ക് കടക്കുന്നതിലൂടെ ചരിത്ര പരതക്കപ്പുറം വായനക്കാരനില്‍ അവശ്യം സൃഷ്ടിക്കേണ്ട ‘തങ്ങളിലും ഇതുണ്ടല്ലോ’ എന്ന അനുരണനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് നോവല്‍ .
വിഖ്യാദ അലക്സാണ്ടറിയന്‍ വിദുഷിയായിരുന്ന ഹൈപേഷ്യയുടെ പേരിനോട് ചേര്‍ത്ത് ഹൈപ്പ എന്ന പേര് സ്വയം സ്വീകരിച്ച കോപ്റ്റിക് സന്യാസിയുടെ പ്രഥമവ്യക്തിക (first person) ആഖ്യാനത്തിലൂടെ ഒരു ആത്മാന്വേഷണത്തിന്റെയും കാലചരിത്രത്തിന്റെയും അവതരണമായാണ് ഇതിവൃത്തം വികസിക്കുന്നത്. ഈജിപ്തില്‍ നിന്ന് അലക്സാണ്ടറിയയിലെക്കും പിന്നീട് സിറിയയിലേക്കും ഇരുപതു വര്‍ഷക്കാലം കൊണ്ട് നടത്തുന്ന ജീവിത യാത്രയിലെ പ്രലോഭനങ്ങളുടെയും ചാപല്യങ്ങളുടെയും പരാജയങ്ങളുടെയും തിരിച്ചറിവുകളുടെയും നേരിട്ടോ അല്ലാതെയോ സാക്ഷ്യം വഹിക്കുന്ന ചരിത്ര സംഘര്‍ഷങ്ങളുടെയും ആഖ്യാനമാണത്. എല്ലാം കണ്ടു കഴിഞ്ഞ ഒരു ഘട്ടത്തില്‍ ഇനിയെങ്ങനെ ജീവിതം തുടരും എന്ന് അന്തിച്ചു നില്‍ക്കുന്ന ഹൈപ്പക്ക് അസാസീല്‍ നല്‍കുന്ന ഉപദേശമാണ്: “എഴുതാന്‍ വേണ്ടി ജീവിച്ചിരിക്കുക, ഹൈപ്പ. അങ്ങനെ മരണസമയംകഴിഞ്ഞും നീ ജീവിച്ചിരിക്കും, ഞാന്‍ നിന്റെ എഴുത്തിലൂടെ ജീവിച്ചിരിക്കും. എഴുതൂ, ഹൈപ്പ, കാരണം എഴുതുന്നവന് മരണമില്ല.” അങ്ങനെയാണ് അയാള്‍ കഥ പറഞ്ഞു തുടങ്ങുക. "എഴുത്ത് നമുക്കുള്ളിലുള്ള അമര്‍ത്തിവെച്ച കൊടുങ്കാറ്റുകളെ ഉണര്‍ത്തുന്നു, ഓര്‍മ്മകളെ അവയുടെ ഒളിവിടങ്ങളില്‍നിന്നു പുറത്തെടുക്കുന്നു, ഏറ്റവും മോശമായ സംഭവങ്ങളെ മനസ്സിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.” മുപ്പതു ചുരുളുകളിലായി എഴുതപ്പെട്ടതായാണ് അത് സങ്കല്‍പ്പിക്കപ്പെടുന്നത്. "എന്റെ കഥ പറയുന്നതിനിടയില്‍ ദക്ഷിണ ഈജിപ്തില്‍ നൈലിന്റെ തീരത്തുള്ള അസ്വാന്‍ പട്ടണത്തിന്റെ അടുത്തുള്ള എന്റെ സ്വദേശത്തുനിന്ന് പുറപ്പെട്ടശേഷം ഞാന്‍ കടന്നുപോന്ന ജീവിതത്തെകുറിച്ച് ഞാന്‍ പറയാം. ഗ്രാമവാസികള്‍ വിശ്വസിച്ചത് ആകാശത്തുനിന്നും ജലം വീഴുന്നപോലെ അവരുടെ ദൈവത്തിന്റെ കൈവിരലുകള്‍ക്കിടയില്‍ നിന്ന് നൈല്‍ ഒഴുകിവന്നു എന്നായിരുന്നു. കുട്ടിക്കാലത്ത് ഞാനും ആ പുരാണത്തില്‍ വിശ്വസിച്ചു, നാഗ ഹമ്മാദിയിലും ആഖ്മീമിലും അലക്സാണ്ടറിയായിലുംവെച്ച് എന്ത് പഠിച്ചോ അതെല്ലാം പഠിക്കുകയും നൈല്‍ മറ്റേതൊരു നദിയെയും പോലെയുള്ള ഒരു നദിയാണെന്നും ഒരോ കാര്യവും മറ്റെല്ലാതും പോലെ വ്യത്യസ്തമാവുന്നത് നാം അവയെ നമ്മുടെ മിമിഥ്യാധാരണകള്‍കൊണ്ടും കണക്കുകൂട്ടലുകള്‍കൊണ്ടും പ്രമാണങ്ങള്‍കൊണ്ടും എത്രമാത്രം പൊതിയുന്നുവോ അത്രയും വരെയാണെന്നും മനസ്സിലാക്കുംവരെ." ഹൈപ്പ ആത്മാന്വേഷിയായ ക്രിസ്ത്യന്‍ സന്യാസിയാണ്, ഒപ്പം വിദഗ്ദനായ വൈദ്യനും, വൈദ്യവിദ്യാര്‍ഥിയും. പ്രണയത്തിന്റെ ആഴമളക്കുന്ന അനുരാഗിയായിരിക്കുമ്പോഴും സന്യാസത്തിന്റെ സംയമനഭാഷ്യത്തെയും കാമനകളുടെ സമര്‍പ്പണത്തെയും ഒരുമിപ്പിക്കാനാവാതെ ജീവിതത്തില്‍ സ്വന്തമാക്കാമായിരുന്ന രണ്ടു സ്ത്രീകളെയും നഷ്ടപ്പെടുന്നവന്‍. ഒരു ഘട്ടത്തിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോകുന്ന സന്ദേഹി. സ്വന്തം മാമോദീസയുടെ കാര്യത്തില്‍പോലും, അത് നടന്നിട്ടുണ്ടോ എന്നുതന്നെ തീര്‍ച്ചയില്ലാത്തവന്‍. "ഞാനെപ്പോഴും കാര്യങ്ങളുടെ ഉപരിതലത്തില്‍ തത്തിക്കളിക്കുന്നതല്ലാതെ ആഴത്തില്‍ നോക്കുന്നില്ല. കാര്യങ്ങളെ ആഴത്തില്‍ നോക്കാന്‍ എനിക്ക് ഭയമാണ്, അതേസമയം എന്റെതന്നെ സന്ദേഹിയായ സ്വത്വത്തെകുറിച്ചുള്ള സത്യം എനിക്കറിയാം. എന്നെ സംബന്ധിക്കുന്ന എല്ലാം സന്ദേഹമാണ് - എന്റെ മാമോദീസ, എന്റെ സന്യാസാവസ്ഥ, വിശ്വാസം, കവിതകള്‍, വൈദ്യ ജ്ഞാനം, മാര്‍ത്തയോടുള്ള പ്രണയം. ഞാന്‍ ഒന്നിന് പുറകെ ഒന്നായുള്ള സന്ദേഹങ്ങളാണ്, സന്ദേഹമാവട്ടെ, വിശ്വാസത്തിന്റെ വിപരീതവുമാണ്, സാത്താന്‍ ദൈവത്തിന്റെ എതിരായ പോലെ.” മൂന്നു കാര്യങ്ങളാണ് തന്റെ "പീഡനങ്ങളുടെ ത്രിത്വം" മുഴുവനാക്കുന്നത് എന്ന് ഹൈപ്പ നിരീക്ഷിക്കുന്നു, “നെസ്റ്റോറിയസിന്റെ വിധിയെ കുറിച്ചുള്ള എന്റെ വിഷമം, മാര്‍ത്തയുടെ വിധിയെ കുറിച്ചുള്ള എന്റെ ജിജ്ഞാസ, അസാസീലിന്റെ പെട്ടെന്നുള്ള വരവും.” അസാസീല്‍ അത് മനസ്സിലാക്കുന്നു: "നീ അന്തരാ വിഷമിക്കുന്നത് എഫേസസില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നിനക്കറിയാം, വൈദ്യജ്ഞാനത്തില്‍ മികച്ചവനാകുക, മതത്തിന്റെ നിഗൂഡസത്യം മനസ്സിലാക്കുക, ഒക്റ്റെവിയയോടുള്ള സ്നേഹം, ഹൈപേഷ്യയോടു തോന്നിയ അഭിനിവേശം, അജ്ഞാനത്തിലൂടെയുള്ള മനശാന്തി, അന്ധവിശ്വാസങ്ങളിലെ വിശ്വാസം എന്നിങ്ങനെ മുമ്പ് നിന്റെതായിരുന്നതെല്ലാം നിനക്ക് നഷ്ടപ്പെട്ട അതേപോലെ നീ മാര്‍ത്തയെ നഷ്ടപ്പെടാന്‍ പോവുകയാണെന്നും .”
'നെസ്റ്റോറിയന്‍ ഹെറസി'യുടെ പിന്നാമ്പുറം
ശിഥലമാകുന്ന റോമാസാമ്രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉദിച്ചുയരുന്ന കൃസ്തീയാധികാരത്തിന്റെ നാളുകളിലാണ് ഇരുപതുകാരനായ വൈദിക സന്യാസിയെ ഫാദര്‍ നെസ്റ്റോറിയസിന്റെ അടുക്കലേക്കു അയക്കപ്പെടുന്നത്. ബഹുമാന്യനും ആത്മീയശക്തിയുള്ള പുരോഹിതനുമായിരുന്നു നെസ്റ്റോറിയാസ് എന്ന് ഹൈപ്പ കണ്ടെത്തുന്നുണ്ട്. "അദ്ദേഹത്തില്‍ ഞാന്‍ എന്നില്‍ നിന്നും അടര്‍ത്തിമാറ്റിയ എന്റെ പിതാവിനെ കണ്ടു, എന്നോ നഷ്ടപ്പെട്ടു പോയ പിതാവിനെ. കാഴ്ചയില്‍ നെസ്റ്റോറിയസ് അദ്ദേഹത്തെ പോലെ ആയിരുന്നില്ലെങ്കിലും ആത്മീയമായ അര്‍ത്ഥത്തിലല്ലാതെ എന്റെ പ്രായമുള്ള ഒരാളുടെ പിതാവാകാന്‍ വേണ്ടപ്രായം അദ്ദേഹത്തിനു ഉണ്ടായിരുന്നില്ലെങ്കിലും.” കൃസ്തീയപൂര്‍വ്വ പാഗന്‍ വിശ്വാസികളോട് കോപ്റ്റിക് ചര്‍ച്ച് കൈക്കൊണ്ട കിരാതരീതികളെ കുറിച്ച് ഹൈപ്പ സന്ദേഹിയാണ്. പൈതഗോറസ് പാഗന്‍ ആയിരിക്കാം, എന്നാല്‍ അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നില്ലേ എന്ന് അയാള്‍ നെസ്റ്റോറിയസിനോട് ചോദിക്കുന്നുണ്ട്. അദ്ദേഹം നല്‍കുന്ന മറുപടി ഉത്കൃഷ്ടമായ സഹിഷ്ണുതയുടെ തെളിവാണ്, "അതങ്ങനെയാവാം. കൃസ്തുവിന്റെ നല്ല വൃത്താന്തം വരുന്നതിനെ മുമ്പത്തെ കാലവും ദൈവത്തിന്റെതായിരുന്നു, … ആര്‍ക്കറിയാം, ദൈവം തന്റെ സര്‍വ്വശക്തിയില്‍ രക്ഷകന്റെ സുവിശേഷത്തിന്റെ വരവിനു ക്രിസ്തുവിനു വഴിയൊരുക്കിയ ജ്ഞാനോദയത്തിന്റെ ചില വെള്ളിടികളിലൂടെ മനുഷ്യകുലത്തെ തയ്യാറെടുപ്പിക്കുകയായിരുന്നിരിക്കാം, സമയം അടുത്തു വരുന്തോറും അവന്റെ വരവിന്റെ അടയാളങ്ങളുടെ ആവൃത്തി വര്‍ദ്ധിച്ചു, അങ്ങനെ ഒടുവില്‍ ഏറ്റവുംവലിയ അടയാളമായി സ്നാപകയോഹന്നാന്‍, വനാന്തരത്തിലെ രോദനമായി വന്നു.” യേശുവിന്റെ പിറവിയിലെ നിഗൂഡതയെ കുറിച്ചുള്ള ചോദ്യത്തിനും നെസ്റ്റോറിയസ് നല്‍കുന്ന മറുപടി നിര്‍ണ്ണായകമാണ്. “ഹൈപ്പ, മിശിഹ മനുഷ്യനില്‍ പിറന്നു, മനുഷ്യരാവട്ടെ ദൈവത്തിനു ജന്മം നല്‍കുന്നുമില്ല. നമുക്കെങ്ങനെയാണ് പറയാനാവുക, കന്യക ഒരുദൈവത്തെ പ്രസവിച്ചെന്ന്, എങ്ങനെയാണ് ഏതാനും ദിവസംമാത്രം പ്രായമുള്ള ഒരുകുഞ്ഞിനെ നമുക്ക് ആരാധിക്കാനാവുക, ജ്ഞാനികള്‍ അവനു മുമ്പില്‍ നമിച്ചുവെന്നും അവനെ ആരാധിച്ചു എന്നുമുള്ള ഒറ്റക്കാരണത്താല്‍? മിശീഹ ഒരു ദൈവികഅത്ഭുതമാണ്, നമുക്കായി ദൈവം തന്നിലൂടെ പ്രത്യക്ഷനായ ഒരു മനുഷ്യന്‍. അവനെ മോക്ഷം കൊണ്ടുവരുന്നവനും മനുഷ്യകുലത്തിന് ഒരടയാളവും ആക്കാനായി ദൈവം അവനില്‍ അവതരിച്ചു..” ഈ നിലപാടുകള്‍ ബിഷപ്പ് സിറില്‍ പ്രതിനിധാനം ചെയ്യുന്ന യാഥാസ്ഥിതിക കോപ്റ്റിക് നിലപാടുകളുമായി ഉടക്കുന്നതാണ് ബിഷപ്പ് നെസ്റ്റൊറിയസിന്റെ ദുരന്തത്തില്‍ കലാശിക്കുക. 'പുത്രന്‍' എന്ന സങ്കല്‍പ്പത്തിനുമേല്‍ 'പിതാവ്' എന്ന സങ്കല്‍പ്പത്തിലെ ദൈവികാംശം ഊന്നിപ്പറയുന്ന പ്രസ്ബിറ്റെറിയന്‍ പുരോഹിതന്‍ ഏരിയസിന്റെയും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ അംഗീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ബിഷപ്പ് ഗ്രിഗോറിയസിന്റെയും ദുരന്തം നെസ്റ്റോറിയസ് ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അലക്സാണ്ടറിയയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനു മതവുമായി ഒരു ബന്ധവും ഇല്ലെന്ന് നെസ്റ്റോറിയസ് പറയുന്നു. “പാഗനുകള്‍ കൃസ്തുമതവിശ്വാസികളെ പീഡിപിച്ച കാലത്തിനുശേഷം നഗരത്തില്‍ ചിന്തിയ ആദ്യരക്തം ക്രിസ്ത്യാനികള്‍തന്നെ ചന്തിയ കൃസ്തീയ രക്തമായിരുന്നു...മതത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് അതിനെ മതപരമാക്കുന്നില്ല"
ഇതിനു വിപരീതമായി അലക്സാണ്ടറിയയിലെ ബിഷപ്പ് സിറില്‍ ഹൈപ്പയോടു പറയുക കാര്‍ക്കശ്യമുള്ള നിലപാടുകളായിരിക്കും. മെഡിസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇംഹോടെപ്, ഹിപോക്രാറ്റസ്, ഹെരോഫിലോസ്, ഗാലെന്‍ എന്നിവരെയൊന്നും അയാള്‍ക്ക് അംഗീകരിക്കാനാവില്ല, കാരണം അവരൊക്കെ പാഗനുകളാണ്. കുഷ്ഠരോഗികളെ സുഖപ്പെടുത്തുകയും മരിച്ചവനെ ഉയിര്‍പ്പിക്കുകയുംചെയ്ത ക്രിസ്തുവാണ് അയാള്‍ക്ക് അംഗീകരിക്കാനാവുന്ന വൈദ്യന്‍. ഗോളശാസ്ത്രവും ഗണിതവും അസംബന്ധമാണ്, ചരിത്രം പഠിക്കുന്നെങ്കില്‍ തോറായും രാജാക്കന്മാരും, പ്രഭാഷണവിദ്യ പഠിക്കാന്‍ പ്രവാചകന്മാര്‍, കവിത പഠിക്കാന്‍ സങ്കീര്‍ത്തനങ്ങള്‍, ഇതൊക്കെയാണ് അയാളുടെ അടഞ്ഞ ഒറ്റമൂലികള്‍. നെസ്റ്റോറിയസിനും ബിഷപ്പ് സിറിളിനും ഇടയിലുള്ള തര്‍ക്കം ഒരുഘട്ടത്തില്‍ ഇരുവരെയും ചക്രവര്‍ത്തി തിയോഡോഷ്യസ് രണ്ടാമന്‍ പുറത്താക്കുന്നതിലെത്തുന്നുണ്ടെങ്കിലും, ബിഷപ്പ് സിറില്‍ ജഡീഷ്യല്‍ കമ്മിറ്റിക്ക് കൈക്കൂലി കൊടുത്തും സ്വാധീനിച്ചും അന്വേഷണം അട്ടിമറിക്കുകയും തനിക്കനുകൂലമായി വിധി നേടിയെടുക്കുകയും ചെയ്യുന്നതാണ് ബിഷപ്പ് നെസ്റ്റോറിയസിന്റെ ഭ്രഷ്ടിലും കലാശിക്കുന്നത്.
കാമനയുടെ പ്രലോഭനങ്ങള്‍ ; പാഗന്‍ പെണ്‍സാന്നിധ്യങ്ങള്‍
“നിങ്ങള്‍ക്കിപ്പോള്‍ ലോകത്തിന്റെ പാതിയും സ്വന്തം, സംസാരചതുരനായ കര്‍ഷകനായ എനിക്കാവട്ടെ ഒന്നുമില്ല, എന്റെ പഴയ ദൈവങ്ങളൊക്കെ വൃദ്ധരായി, ...വല്ലാത്തൊരു ലോകം!” എന്ന് അതിവേഗത്തിലും അധികാരികളുടെ ഒത്താശയോടെയും സാധ്യമാകുന്ന ക്രിസ്തുമത വ്യാപനത്തെ തുടര്‍ന്ന് അന്യം നിന്നുപോകുന്ന തങ്ങളുടെ ജീവിതപരിസരങ്ങളെ നോക്കി വേദനപ്പെടുന്നുണ്ട് നോവലില്‍ ഒരു കൃഷീവലന്‍. അയാള്‍ പ്രതിനിധാനം ചെയ്യുന്ന, കാണെക്കാണെ നശീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കൃസ്തീയപൂര്‍വ്വമായ ആരാധനനാക്രമങ്ങളുടെ /പാഗന്‍ ജീവിതക്രമങ്ങളുടെ ചിത്രീകരണം ഏറ്റവും തീവ്രമായി വരുന്നത് ഹൈപ്പയുടെ ജീവിതത്തില്‍ ശക്തമായ സ്വാധീനങ്ങളാവുന്ന മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ്. രതിബദ്ധമായ സ്ത്രീസാന്നിധ്യങ്ങള്‍ മൂന്നും പാഗന്‍ ജീവിതരീതിയില്‍ നിന്നുള്ളവരാണ് എന്നത് പാപചിന്തയെ കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ ഒരര്‍ഥത്തില്‍ പിന്‍പറ്റുമ്പോഴും സൂക്ഷ്മാര്‍ത്ഥത്തില്‍ അതിനെ നിഷേധിക്കുകയാണ് എന്നുകാണാം: മൂന്നുസ്ത്രീകളുടെയും ആത്മീയവ്യക്തിത്വം അവരെ നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ കയ്യൊഴിയുന്ന ഹൈപ്പയെക്കാളും അവരില്‍ രണ്ടു പേരുടെയെങ്കിലും വേട്ടക്കാരായിവരുന്ന വിശ്വാസത്തിന്റെ കാവല്‍ ഭടന്മാരുടെതിനെക്കാളും ദീപ്തമാണെന്നു നോവല്‍ അടിവരയിടുന്നുണ്ട്.
സൗന്ദര്യത്തിന്റെ പെണ്ണുടല്‍ പ്രലോഭനങ്ങള്‍ക്ക് ഹൈപ്പ ആദ്യം അടിപ്പെട്ടു പോകുന്നത് ഒക്റ്റെവിയയെ കണ്ടുമുട്ടുമ്പോഴാണ്. തിരനുരകളില്‍നിന്ന് വീനസ് എന്നപോലെ ഇരുപത്തിമൂന്നുകാരന് തന്നെക്കാള്‍ നാലോ അഞ്ചോ വയസ്സ് കൂടുതലുള്ള ആ പാഗന്‍ ഉടല്‍ പൂര്‍ണ്ണിമ പ്രണയത്തിനും പാപചിന്തക്കുമിടയിലെ കീഴടങ്ങലാണ്. ഒക്റ്റെവിയയാകട്ടെ ഒരു പ്രവചിത പ്രണയസര്‍വസ്വമായി അയാള്‍ക്ക് സ്വയം സമര്‍പ്പിക്കുന്നു. ആനന്ദത്തിന്റെയും രതിയുടെയും നാലുപകലും മൂന്നു രാത്രിയും അവര്‍ പലതും തീരുമാനിക്കുന്നു. "എന്റെ പ്രിയങ്കരീ, ഞാന്‍ അറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ അന്ധവിശ്വാസമാണ് നീ, ഞാന്‍ ഇനിയുള്ള എന്റെ ജീവിതകാലം മുഴുവന്‍ അതില്‍ വിശ്വസിക്കുന്നത് തുടരും" എന്ന് ചപലനാവുന്ന ഹൈപ്പ "ഞാനെന്റെ മതം ഉപേക്ഷിക്കില്ല, പക്ഷെ മഠത്തിലെ ജീവിതം ഉപേക്ഷിക്കും. വിദൂരസ്ഥമായ എന്റെ നാട് എന്നെ ആകര്‍ഷിക്കുന്നതേയില്ല. ഒക്റ്റെവിയ എന്റെ വീടും ആത്മാവിന്റെ അഭയവുമാകും" എന്നൊക്കെ തരളിതനാവുന്നു. എന്നാല്‍ സഹജമായ ധാര്‍മ്മികഭയവും അങ്കലാപ്പും ഉടനടി അയാളെ പിടികൂടുകയും ചെയ്യും. 'അവള്‍ തന്നെ ചതിച്ചാലോ? കാരണം സ്ത്രീകള്‍ പ്രകൃത്യാ കാപട്യമുള്ളവരാണ് ' എന്ന് അയാള്‍ സന്ദേഹിക്കുന്നു. ഒക്റ്റെവിയയാകട്ടെ, പാഗനുകളെ കൃസ്തുമതാധികാരികള്‍ നേരിട്ടതിന്റെ കരാളത കണ്‍മുന്നില്‍ കൊല്ലപ്പെട്ട പിതാവിന്റെയും മറ്റനേകരുടെയും ജീവിതാനുഭവങ്ങളില്‍ നേരില്‍ കണ്ടതാണ്. ഹൈപ്പ ഒരു കൃസ്തീയ സന്യാസിയാണെന്നറിയാതെ സംസാരമധ്യേ അവള്‍ അക്കഥകള്‍ വെളിപ്പെടുത്തുന്നു. "നീയെന്താണ് പറയുന്നത്? സന്യാസിമാര്‍ ആളുകളെ കൊല്ലില്ല” എന്ന് പ്രതിരോധിക്കുന്ന ഹൈപ്പയോടു അവള്‍ പ്രതിവചിക്കുന്നു, “അലക്സാണ്ടറിയയിലെ സന്യാസിമാര്‍ അത് ചെയ്യും. അവരുടെ വിശേഷപ്പെട്ട ദൈവത്തിന്റെ പേരില്‍, മതഭ്രാന്തനായ ബിഷപ്പ് തിയഡോഫിലസിന്റെ അനുഗ്രഹങ്ങളോടെ, അയാളെക്കാള്‍ മതഭ്രാന്തനായ പിന്‍ഗാമി സിറിലിന്റെയും... അവര്‍ എല്ലായിടത്തും ഞങ്ങളെ പിന്തുടരും, അവരുടെ സഹോദരങ്ങളായ ജൂതരെ ആട്ടിയോടിക്കും, പള്ളികള്‍ അതിനകത്തുള്ള ആളുകളുടെമേല്‍ തകര്‍ത്തിടും, ഞങ്ങളെ വൃത്തികെട്ട പാഗനുകള്‍ എന്ന് വിളിക്കും. അവര്‍ വെട്ടുകിളികളെപ്പോലെ ഞങ്ങള്‍ക്കുചുറ്റും വ്യാപിക്കുകയാണ്, ലോകത്തിനുമേല്‍ വീഴ്ത്തപ്പെട്ട ശാപമെന്നപോലെ നാടിനെ നിറയ്ക്കുകയാണ്.” ഹൈപ്പ താനൊരു കൃസ്ത്യന്‍ സന്യാസിയാണെന്നു വെളിപ്പെടുത്തുന്ന നിമിഷം ഒക്റ്റെവിയ അയാളുടെ ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു. "ഇരുപതു കൊല്ലം മുമ്പ് ഒക്റ്റെവിയയുമായുണ്ടായത് പ്രണയമായിരുന്നില്ല, പാപമായിരുന്നു. അല്ല, അത് അവളുടെഭാഗത്ത് പരിശുദ്ധപ്രണയവും തന്റെഭാഗത്ത് പാപവും ആയിരുന്നു. .. അത് ഞാനവളെ നഷ്ടപ്പെട്ടപ്പോള്‍ അവസാനിച്ചു, അങ്ങനെ ഭീകരമായ രീതിയില്‍ ഞാന്‍ എന്നെത്തന്നെ നഷ്ടപ്പെടുത്തി, കാരണം എനിക്കവളുടെ പ്രണയത്തെ ഭയമായിരുന്നു, ഞാന്‍ അവളില്‍നിന്ന് ഓടിയൊളിച്ചു. എന്നിട്ട്, അവള്‍ എന്റെ മുന്നില്‍വെച്ചു കൊല്ലപ്പെട്ടപ്പോള്‍, പിന്നീടൊരിക്കലും ഉണങ്ങിയിട്ടില്ലാത്ത ഒരു മുറിവ് എനിക്ക് കിട്ടി."
സ്ത്രൈണമായ ആകര്‍ഷണത്തിന്റെ തിരയിളക്കമായി അയാളെ പിന്നീട് ചൂഴുക ഒരു ദുരന്തക്കാഴ്ചയായി മുന്നിലെത്തുന്ന ഹൈപേഷ്യയാണ്. നിയോ പ്ലാറ്റൊണിക് വിജ്ഞാനീയത്തിലെ വിദുഷിയും തത്വചിന്തകയും ഗണിത, ജ്യോതിശാസ്ത്ര പാരംഗതയുമായിരുന്ന ഹൈപേഷ്യ, പാഗന്‍ എന്നപേരില്‍ വേട്ടയാടപ്പെടുന്നതിനു ഹൈപ്പ സാക്ഷിയാവുന്നുണ്ട്. അവരുടെ മദിപ്പിക്കുന്ന സൗന്ദര്യം ഒരഭിനിവേശമായി അയാളില്‍ നിറയുന്നുണ്ടെങ്കിലും അത്യന്തം ഭീകരമായ ആ നരവേട്ടയുടെ ഘട്ടത്തില്‍ സഹായത്തിനായി നീട്ടുന്ന കൈയ്യില്‍ ഒന്നുപിടിക്കാന്‍, സഹായിക്കാനായി ഒരു ചെറുവിരലുയര്‍ത്താന്‍ അയാളുടെ ധാര്‍മ്മികഭീരുത്വം അയാളെ അനുവദിക്കുന്നില്ല. എന്നാല്‍ അതേസമയം സ്വന്തം സുരക്ഷിതത്വം മറന്നു മറ്റൊരുസ്ത്രീ അവരെ സഹായിക്കാന്‍ മുതിരുന്നതും ഇരുവരും ഭ്രാന്തെടുത്ത വേട്ടക്കാരുടെ കൈകളില്‍ ഒടുങ്ങുന്നതും അയാള്‍ കാണുന്നു. സഹായത്തിനെത്തിയത് ഒക്റ്റെവിയയായിരുന്നു എന്നത് ഇനിയെന്നും അയാളെ ചൂഴ്ന്നുനില്‍ക്കുന്ന ഒരോര്‍മ്മപ്പെടുത്തലാവും. "എന്റെ പിതാവ് കൊല്ലപ്പെട്ടദിവസം ഞാന്‍ ഭീരുവായിരുന്നു. കാരണം ഞാന്‍ ചെറുപ്പവും അശക്തനും ആയിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഹൈപേഷ്യ സഹായത്തിനായി എന്റെനേരെ കൈനീട്ടിയപ്പോള്‍ ഞാന്‍ മടിച്ചകന്നത്? ഒക്റ്റെവിയ അവളെ സഹായിക്കാന്‍ ശ്രമിച്ചു, അലക്സാണ്ടറിയയുടെ ദൈവമായ സെറാപ്പിസിന്റെ സഹായത്തിനായി അര്‍ഥിച്ചു, അവളങ്ങനെ തെരുവോരത്ത് എറിയപ്പെട്ട ഒരു ജീവനറ്റ ജടമായിത്തീര്‍ന്നു, അവളുടെ പാപംചെയ്യാത്ത രക്തം അവള്‍ക്കൊരു ശവക്കച്ചയായി. എന്റെ പിതാവ് എന്നെ സഹായത്തിനായി വിളിച്ചില്ല, പക്ഷെ ഹൈപേഷ്യ അത് ചെയ്തു... വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട സ്ത്രീ യേശുവിനോട് സഹായം തേടിയില്ല, എന്നാല്‍ അവളെ കല്ലെറിയാന്‍ വന്ന കഠിനഹൃദയരില്‍നിന്ന് അവന്‍ അവളെ രക്ഷിച്ചു. ഞാനോ, എന്റെ കൃസ്ത്യന്‍ സഹോദരങ്ങില്‍നിന്ന് യേശുവിന്റെ സഹോദരിയെ രക്ഷിച്ചില്ല, പക്ഷെ അവരെന്റെ സഹോദരങ്ങളല്ല, ഞാന്‍ അവരില്‍പ്പെട്ടവനുമല്ല, ഞാന്‍ എന്റെതന്നെ പഴയ സ്വത്വവുമല്ല.” എന്നാല്‍ ഹൈപേഷ്യയുടെ "വിലാപം അസന്തുഷ്ട നഗരത്തിന്റെ ചക്രവാളങ്ങളില്‍ മുഴങ്ങി, സര്‍വ്വശക്തനായ ദൈവത്തിന്റെ നഗരം, ഉപ്പിന്റെയും ക്രൂരതയുടെയും നഗരം. ..അവളുടെ വേദനയുടെ കരച്ചില്‍ സ്വര്‍ഗ്ഗത്തിന്റെ ഗോപുരങ്ങളിലെത്തിയിരുന്നു, അവിടെ ദൈവവും അവന്റെ മാലാഖമാരും സാത്താനും എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയിരുന്നു, അവരൊന്നും ചെയ്തില്ല" എന്ന് അയാള്‍ കണ്ടെത്തുന്നു. ഹൈപേഷ്യ വെട്ടയാടപ്പെട്ടതെങ്ങനെ എന്ന് പിന്നീട് നെസ്റ്റോറിയസിനോട് പറയുമ്പോഴും തന്റെ നിഷ്ക്രിയത്വം അയാള്‍ മറച്ചു വെക്കും. "കൊലയാളികള്‍ക്ക് മുന്നില്‍ ഞാന്‍ ഹൈപേഷ്യയെ നിഷേധിച്ചു, മൂന്നു നാള്‍ ഒക്റ്റെവിയയോടൊപ്പം ഞാന്‍ എന്നെത്തന്നെ നിഷേധിച്ചു. കാരണം ഞാന്‍ ഭയപ്പെട്ടു.”
പിന്നീടാണ് അലെപ്പോയിലെ വൈദ്യശാസ്ത്രാന്വേഷണങ്ങളുടെയും പുസ്തകങ്ങളുടെയും നാളുകളില്‍ മാര്‍ത്തയുമായുള്ള വഴക്കം അയാളെ പിടിച്ചുലക്കുന്നത്. "മാര്‍ത്ത അലൗകിക സൗന്ദര്യത്തിന്റെ അത്ഭുതമായിരുന്നു, അവളുടെ മുഖം കുഞ്ഞുങ്ങളെപ്പോലെ, കരുതലേതുമില്ലാത്തതും. കന്യാമറിയത്തിന്റെ രൂപംപോലെ സുന്ദരം, എന്നാല്‍ എന്നെപ്പോലൊരാളെ അങ്ങേയറ്റം അങ്കലാപ്പിലാക്കാന്‍പോന്ന ഒരു തന്റേടഭാവവും അവള്‍ക്കുണ്ടായിരുന്നു.” അവളെ കുറിച്ചുള്ള വിവരണത്തില്‍ വല്ലാതെ വാചാലനാവുമ്പോള്‍ അസാസീല്‍ ഇടപെടുന്നുണ്ട്: “നിനക്ക് വിവരണം വല്ലാതെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ അത്ര മതി. .. മാര്‍ത്തയെ കുറിച്ചുള്ള നിന്റെ വിവരണം എന്നെ ഉന്മത്തനാക്കുന്നു.” അവള്‍ ഇരുപതു വയസ്സ് മാത്രമുള്ള ഒരു പെണ്‍കുട്ടിയാണെന്നും പ്രണയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും ഒരുവേള അയാള്‍ ചിന്തിക്കുന്നു. ഒപ്പം അയാളുടെ സന്ദേഹസ്വഭാവം അവിടെയും അയാളെ തോല്‍പ്പിക്കുന്നു. "നീയൊരു ബഹുമാന്യസന്യാസിയും വിദഗ്ദ വൈദ്യനുമാണ്. അതുകൊണ്ട് പ്രണയം നിന്നെ വാരിക്കളയാന്‍ ഇടവരുത്തരുത്, ഇല്ലെങ്കില്‍ അത് നിന്നെ ഒരു ഭ്രഷ്ടനാക്കി മരുഭൂവിലേക്കെറിയും. എന്നാല്‍ അതേസമയം, നീയൊരു കവിയുമാണ്, നിനക്ക് നിന്റെ മുന്നിലിരിക്കുന്ന, നിന്നെ കൊതിപ്പിക്കുന്നതിലും വിഷമത്തിലാക്കുന്നതിലും സന്തോഷിക്കുന്ന ഈ സുന്ദരിപ്പെണ്ണിനോട് ഈ കാമനയും ഉണ്ട്. നിനക്ക് നാല്‍പ്പതായി, അവള്‍ നിനക്കൊരു മോളെപ്പോലെ, നാളെ അവള്‍ മറ്റൊരാളുടെ കൈകളിലേക്ക് പോകുന്നത് നീ കണ്ടേക്കും, നിനക്ക് നിന്റെ പഴയ ഇരുട്ടിലേക്കും മടുപ്പിലേക്കും തിരിച്ചുപോകേണ്ടിയും വരും.” ഒരു ഗായികയായി ചുറ്റിത്തിരിഞ്ഞയിടങ്ങളില്‍ അവള്‍ എങ്ങനെയാവും ജീവിച്ചിരിക്കുക എന്നും ഒട്ടൊരു ലൈംഗികാസൂയയോടെ അയാള്‍ ഒരു ഞൊടി ചിന്തിക്കുന്നുണ്ട്. ഒക്റ്റെവിയയെ നഷ്ടപ്പെടുത്തിയപോലെ മാര്‍ത്തയെ നഷ്ടപ്പെടുത്തരുത് എന്ന് അസാസീല്‍ അയാളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രതിയുടെ ഇടവേളകള്‍ കഴിയുമ്പോള്‍ വിവാഹ മോചിതയെ വിവാഹം ചെയ്യുന്നതിനെതിരെയുള്ള ബിബ്ലിക്കല്‍ വിലക്ക് അയാളെ മഥിക്കുന്നു.
മാര്‍ത്ത ഉപേക്ഷിച്ചു പോയശേഷം നീണ്ട ഇരുപതുനാളത്തെ ജ്വരബാധിതമായ ബോധാബോധ ദിനങ്ങളിലാണ് അസാസീലുമായുള്ള അയാളുടെ വിനിമയങ്ങളുടെ ഇടവേളകള്‍ കുറയുന്നത്. "ഞാന്‍ നിറയെ സ്വപ്നദര്‍ശനങ്ങളുള്ള ചെറുമയക്കങ്ങളിലേക്ക് പോയി. ഉണര്‍ച്ചയുടെ ജാഗ്രത്തിനും മയക്കത്തിന്റെ നിമിഷങ്ങള്‍ക്കും ഇടയില്‍പ്പെടുന്ന ഈ നിമിഷങ്ങള്‍ എനിക്കിഷ്ടമാണ്. ദൈവം ഭൂമിയെ സൃഷ്ടിക്കാന്‍ തീരുമാനിച്ചത് അത്തരം ഒരു നിമിഷത്തിലാണെന്നു ഞാന്‍ സങ്കല്‍പ്പിക്കുന്നു. ദൈവം ഉറങ്ങുന്നില്ല, അവന്‍ ക്ഷീണിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതേയുള്ളൂ. അവന്റെ വിശ്രമം നമ്മളില്‍ മനുഷ്യക്കുഞ്ഞുങ്ങളുടെ ഉറക്കം പോലെയാണ്. ഉറക്കമെന്നാല്‍ നിറയെ സ്വപ്നങ്ങളും ദര്‍ശനങ്ങളും ഉള്ള വിശ്രമമാണ്. ദൈവം സ്വപ്നം കാണാറുണ്ടാവുമോ എന്ന് ഞാന്‍ വിസ്മയിക്കുന്നു. ആര്‍ക്കറിയാം? ഒരു പക്ഷെ ഈ പ്രപഞ്ചം തന്നെയും, അതിലുള്ള എല്ലാത്തിനും ഒപ്പം, അവന്റെ സ്വപ്നങ്ങളില്‍ ഒന്ന് മാത്രമായിരിക്കാം.” ദര്‍ശനങ്ങളുടെ ഈ ബോധാബോധഘട്ടങ്ങളില്‍ തന്റെ പിന്നിട്ട ജീവിതവും അയാളില്‍ മിന്നായങ്ങളാവുന്നുണ്ട്. "ഞാനെന്റെ കണ്ണുകള്‍ അടച്ചു, അപ്പോള്‍ മാര്‍ത്തയെ കണ്ടു. അവള്‍ ചിരിക്കുന്നുണ്ടായിരുന്നില്ല. ഞാനെന്റെ മുഖം കൈകള്‍ കൊണ്ട് മറച്ചു, അപ്പോള്‍ ഒക്റ്റെവിയ മരിക്കുന്നത് ഞാന്‍ കണ്ടു. പിന്നീട് നെസ്റ്റോറിയസ് തനിയെ നടക്കുന്നത് ഞാന്‍ കണ്ടു, തലതാഴ്ത്തി, വിഷണ്ണരായ സൈനികരാല്‍ അനുഗതനായി. പിന്നീട് ഞാനദ്ദേഹത്തെ ഏകാന്തനായി കണ്ടു, ഖസ് ഖം മലക്ക് മുകളില്‍ .”
അസാസീല്‍ - ഉള്ളിലെ സാന്നിധ്യം.
'അസാസീല്‍ ' എന്ന സങ്കല്പം പുരാണങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ 'ദൈവ വിരുദ്ധമായ ആ ശക്തസാന്നിധ്യം' ആണോ എന്നതും അതിനപ്പുറം ആരിലും ആന്തരാ സ്ഥിതിചെയ്യുന്ന ചോദനകള്‍ തന്നെയോ എന്നതും നോവലിന്റെ പ്രഥമപരിഗണനകളില്‍ ഒന്നാണ് - അസാസീല്‍ എന്ന പദം അരാമായിക് ഭാഷയില്‍ അങ്ങനെയാണ് അര്‍ത്ഥമാക്കുന്നത്. ഇബ് ലീസ്, സാത്താന്‍, അഹ്രിമാന്‍, ബീല്‍സ് ബബ്, ബീല്‍സാബൂല്‍ എന്നൊക്കെ പര്യായങ്ങളുണ്ട് ഈ സാന്നിധ്യത്തിനെന്നു നോവലില്‍ സൂചിപ്പിക്കുന്നുണ്ട്. എഴുത്തിന്റെ പ്രലോഭനം തന്നില്‍ നിറക്കുന്നത് അസാസീല്‍ ആണെന്ന് ഹൈപ്പ കരുതുന്നു. അസാസീല്‍ പ്രതിവചിക്കുന്നത് ഇങ്ങനെയാണ്, “എഴുതാന്‍ തുടങ്ങും മുമ്പ് നിന്റെ ആത്മാവ് കുറ്റമറ്റതായിരുന്നോ, ഹൈപ്പ?.. ഞാന്‍ വരികയോ പോവുകയോ ചെയ്യുന്നില്ല. നീയാണെന്നെ നിനക്കാവശ്യമുള്ളപ്പോള്‍ ജപിച്ചുണര്‍ത്തുന്നത്, കാരണം ഞാന്‍ നിന്റെ ഉള്ളില്‍ നിന്ന് നിന്നിലൂടെ വരുന്നു; നിന്റെ സ്വപ്നങ്ങള്‍ക്ക് ആകൃതി പകരാന്‍ എന്നെ ആവശ്യമുള്ളപ്പോള്‍ ഞാന്‍ ഉയിര്‍ക്കുന്നു, അല്ലെങ്കില്‍ നിന്റെ ഭാവനക്ക് ഒരു പരവതാനി വിരിക്കാന്‍, അതുമല്ലെങ്കില്‍ നിനക്കായി നീ മറവു ചെയ്ത ഓര്‍മ്മകളെ ഉദ്ധീപിപ്പിക്കാന്‍. ഞാന്‍ നിന്റെ ഭാരങ്ങള്‍ ചുമക്കുന്നവനാണ്, നിന്റെ മിഥ്യാ സങ്കല്പങ്ങള്‍, നിന്റെ ദുര്യോഗങ്ങള്‍. നിനക്ക് ഒഴിവാക്കാനാവാത്ത ആ ഒരാള്‍ ഞാനാണ്, അതുപോലെ മറ്റാര്‍ക്കും...” ആവശ്യമുള്ളപ്പോഴൊക്കെ എല്ലാവരും തന്നെ കണ്ടെത്തുമെന്ന് പല ഘട്ടങ്ങളിലും അസാസീല്‍ പറയുന്നുണ്ട്, “ഭാരങ്ങള്‍ ഏറ്റെടുക്കാനും, കുറ്റങ്ങള്‍ തട്ടി മാറ്റാനും, എല്ലാ പാപികളെയും പാപമുക്തനാക്കാനും ഞാനെപ്പോഴും ഉണ്ടാവും.” ദൈവസങ്കല്‍പ്പത്തെ കുറിച്ചുള്ള സന്ദേഹങ്ങളും അസാസീലിലൂടെയാണ് ഹൈപ്പ തുറന്നുപറയുക. "ഹൈപ്പ, എല്ലാ കാലത്തും മനുഷ്യന്‍ തനിക്കിഷ്ടപ്പെട്ട ഒരു ദൈവത്തെ സൃഷ്ടിക്കും, അവന്റെ ദൈവമെപ്പോഴും അവന്റെ ദര്‍ശനങ്ങളും അസാധ്യസ്വപ്നങ്ങളും ആഗ്രഹങ്ങളും ആയിരിക്കും.”
ദൈവസാന്നിധ്യത്തിന്റെ എതിര്‍പക്ഷമായ ഒരു ശക്തിയോട് ഉടമ്പടി നടത്തുകയും അതുവഴി ലൗകികനേട്ടങ്ങള്‍ കയ്യടക്കുകയും ചെയ്യുകയും ഒടുവില്‍ അനിവാര്യമായ ദൈവ കോപത്തിന്റെ ശാപം അറിഞ്ഞുകൊണ്ട് ഏറ്റുവാങ്ങുകയും ചെയ്യുന്ന ഫോസ്റ്റിനെ പോലുള്ള പുരാണ കഥാപാത്രങ്ങളില്‍ നിന്ന് ഹൈപ്പ വ്യത്യസ്തനാവുന്നതു ഇവിടെ അസാസീല്‍ അത്തരം ഇരുണ്ട ശക്തിസ്വരൂപിയല്ലാത്തത് കൊണ്ടുകൂടിയാണ്. കഥപറയാനുള്ള, ആഖ്യാനം സാധ്യമാക്കാനുള്ള ഒരു പ്രചോദനം എന്നതിനപ്പുറം എന്തെങ്കിലും ആത്മീയ വിനിമയം ഇരുവര്‍ക്കും ഇടയില്‍ നടക്കുന്നില്ല. തന്റെ തന്നെ കേള്‍വിക്കാരനായ ഒരപരസ്വത്വം/ അഥവാ സന്ദേഹങ്ങള്‍ ഉറക്കെപ്പറയാനുള്ള ഒരുപാധി എന്നേയുള്ളൂ ആ പുരാണാധിഷ്ടിത പേരുകാരന്‍ ഇവിടെ. അറബ്, ഇജിപ്ഷ്യന്‍ പരമ്പരാഗത രീതിയില്‍ കഥാഖ്യാനം നടത്തുന്നതിനു ആവശ്യമായ കേള്‍വിക്കാരന്‍, ഏറ്റവും കുറഞ്ഞ ഇടപെടലുകള്‍ നടത്തുന്ന പങ്കാളി, പഴയ കോറസിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്ന പൂരകന്‍ എന്നൊക്കെയേ അസാസീല്‍ ഇവിടെ പ്രസക്തമാവുന്നുള്ളൂ.
note:
(നെസ്റ്റോറിയന്‍ മതവിരുദ്ധവാദം (Nestorian heresy) അഞ്ചാം നൂറ്റാണ്ടിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആര്‍ച്ച്‌ബിഷപ്പ് തുടങ്ങിവെച്ച വിവാദത്തെ സൂചിപ്പിക്കുന്നു. അദ്ദേഹം ക്രിസ്തുവിന്റെ ദൈവിക സ്വത്വവും മനുഷ്യ സ്വത്വവും രണ്ടാണെന്ന് വാദിച്ചു. മേരി, ‘ദൈവ വാഹക’ (Theotokos - God-bearer) അല്ലെന്നും ക്രിസ്തുവാഹക (Christotokos - Christ-bearer) ആണെന്നും സിദ്ധാന്തിച്ചു. വിവാദം, നെസ്റ്റോറിയന്‍ (Church of the East) സഭയും ഇതര ഓര്‍ത്തോഡോക്സ് ക്രിസ്തീയ സമൂഹങ്ങളും തമ്മിലുള്ള ഭിന്നിപ്പില്‍ കലാശിച്ചു. ക്രിസ്തുവര്‍ഷം 431 ല്‍ , എഫേസസ് സമ്മേളനം (Council of Ephesu), മതനിന്ദ കുറ്റം ചുമത്തി നെസ്റ്റൊറിയസിനെ സ്ഥാനഭ്രഷ്ടനാക്കുകയും ആദ്യം ആന്റിയോക്കിലെ മഠത്തിലേക്കും പിന്നീട് ഇജിപ്ഷ്യന്‍ മരുപ്പച്ചയിലെക്കും നാടു കടത്തുകയും ചെയ്തു. പിന്നീട് അവിടെ താരതമ്യേന അജ്ഞാതവാസത്തില്‍ കഴിഞ്ഞ അദ്ദേഹം, എ.ഡി. 450ല്‍ അന്തരിച്ചു. എങ്കിലും, പേര്‍ഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ പൗരസ്ത്യ ദേശങ്ങളില്‍ നെസ്റ്റോറിയന്‍ ദര്‍ശനങ്ങള്‍ക്ക് ഇന്നും സ്വാധീനമുണ്ട്
