കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി പ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. റുവാണ്ടന്‍ റേഡിയോ ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കെണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍ , വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു.
കലാപം കഴിഞ്ഞു പതിയെ പുന:സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റുവാണ്ടയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി' എന്ന നോവലില്‍ ദുരന്തകാരിയായ കൊളോണിയല്‍ നിര്‍മ്മിതികളെ കുറിച്ച് വംശഹത്യാ വിചാരണക്കോടതിയിലെ നിയമജ്ഞനായ ഇജിപ്തുകാരന്‍ മി. ഒമര്‍ നിരീക്ഷിക്കുന്നുണ്ട്: ഏതോ തലക്കുസ്ഥിരതയില്ലാത്ത കൊളോണിയല്‍ പര്യവേഷകന്‍ പറഞ്ഞ അബദ്ധം- ടുട്സികള്‍ കൂടുതല്‍ അറബ് വംശജരെപ്പോലെയുണ്ട്. വംശഹത്യക്കാര്‍ അതാണ് പറഞ്ഞു വന്നത്:
“അവര്‍ ഇവിടത്തുകാരല്ല, അതുകൊണ്ട് അവര്‍ നൈലിലൂടെ അവര്‍ വന്നയിടത്തേക്ക് പോകട്ടെ... അവര്‍ എല്ലാ ജഡങ്ങളും കഗേരാ നദിയിലൊഴുക്കി, നദി അവയെ വിക്ടോറിയാ തടാകത്തിലെത്തിച്ചു.”
“നൈലിന്റെ ഉത്ഭവം.”
“ഏതു പാതി അന്ധനായ കൊളോണിയലിസ്റ്റാണ് ആ നിരീക്ഷണം നടത്തിയതെങ്കിലും അയാളെ വംശഹത്യക്ക് വിചാരണ ചെയ്യണം, അയാള്‍ എന്നേ മരിച്ചു പോയെങ്കിലും . അയാളുടെ വാക്കുകളാണ് വംശഹത്യ വേവിച്ചെടുക്കാനുള്ള തീ കത്തിച്ചത്- ബെല്‍ജിയന്‍ ഭരണമാവട്ടെ, വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ചു എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു.”
ആഘോഷവേളകള്‍ - ഓര്‍മ്മകളുടെതും
നോവലിന്റെ കേന്ദ്രത്തില്‍ ഏഞ്ചല്‍ തുംഗരാസയാണ് - ആര്‍ത്തവ വിരാമത്തിന്റെ അവസ്ഥയില്‍ തടികൂടി വരുന്നതുപോലുള്ള മാറ്റങ്ങള്‍ തന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ബോധവതിയായ മധ്യ വയസ്ക. ഭര്‍ത്താവ് പയസ് തുംഗരാസക്ക് കിഗാലി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി -KIST- അധ്യാപക ജോലിയുള്ളത് കാരണം തന്റെ സംരക്ഷണയിലുള്ള അഞ്ചു പേരമക്കള്‍ക്ക് മമ്മയും പപ്പയും തന്നെയായി കിഗാലിയില്‍ കഴിയുന്ന മുതിര്‍ന്ന ദമ്പതികള്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന, വംശഹത്യയുടെ കരാളസ്മൃതികള്‍ പിന്നിലാക്കി സമന്വയത്തിന്റെ ദിനങ്ങളിലേക്ക് ഉറ്റുനോക്കുന്ന കിഗാലിയിലെ, നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും യു. എന്‍. ഉള്‍പ്പടെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഉദ്യോഗസ്ഥരും ദേശീയരും വിദേശികളുമടങ്ങുന്ന പുതിയ സാഹചര്യത്തിലെ സങ്കര സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ട്. ടാന്‍സാനിയന്‍ സ്വദേശികളായ തുംഗരാസ കുടുംബം ഇപ്പോള്‍ ഏറെ പ്രശസ്തമായ ഒരു ബേക്കറി നടത്തുന്നു. ഏഞ്ചലിന്റെ കേക്കുകള്‍ എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും അവിഭാജ്യ ഘടകമാണ്. എന്നാല്‍ 'ബേകിംഗ് കേയ്ക്സ് ഇന്‍ കിഗാലി' വെറുമൊരു 'ഫീല്‍ ഗുഡ്' കുടുംബ കഥയോ സാമൂഹിക സ്വഭാവ വിശേഷങ്ങളെ പ്രസന്നമായി കളിയാക്കുന്ന നാടകീയാവിഷ്ക്കാരമോ (Comedy of manners) ആയി ചുരുങ്ങുന്നില്ല. റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു ആറു വര്‍ഷമേ ആയിട്ടുള്ളൂ രണ്ടായിരാമാണ്ട് കഥാകാലമായി വരുന്ന നോവലിന്റെ ഇതിവൃത്തത്തിന് എന്നത് തന്നെ കാരണം- “ആ നൂറു ദിനങ്ങളില്‍ തളികയില്‍ വെച്ച കോഴിയിറച്ചി പോലെ ഹിംസാത്മകത ഈ നാടിനെ കീറിമുറിക്കുകയായിരുന്നു.” തുല്യ പ്രാധാന്യത്തോടെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന മറ്റൊരു സന്നിഗ്ധതയായി 'വൈറസ്', 'രോഗം' എന്നൊക്കെ മൃദുവാക്കായി (euphemism) വിവരിക്കുന്ന എയിഡ്സിന്റെ സാന്നിധ്യവും നോവലിലുണ്ട്.
ചിതറിപ്പോയ കുടുംബങ്ങളുടെ ഒത്തുചേരല്‍ , വിവാഹം, വിവാഹ വാര്‍ഷികം, വിവാഹ നിശ്ചയം, ജന്മദിനം, മാമോദീസ- സന്തോഷിക്കാനുള്ള അവസരങ്ങള്‍ എന്തുമാവട്ടെ, അത് ഏഞ്ചലിന്റെ വിശിഷ്ടമായ കെയ്ക്ക് കൊണ്ട് തന്നെയാണ്. അത്തരം പതിനാലു കേക്ക് നിര്‍മ്മാണങ്ങളും അവയുടെ പശ്ചാത്തലമായി പതിനാലു അധ്യായങ്ങളിലൂടെ ഇതള്‍ വിരിയുന്ന പുരാവൃത്തങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വാഹിലി, കിന്യാറുവാണ്ട എന്നിങ്ങനെ നാല് ഭാഷകളില്‍ അച്ചടിച്ചിട്ടുള്ള ഓര്‍ഡര്‍ ഫോം പൂരിപ്പിക്കുന്നതിനൊപ്പം ഏഞ്ചല്‍ നല്ലൊരു ചായ സല്‍ക്കാരവും നടത്തിയാണ് എപ്പോഴും ഓര്‍ഡര്‍ സീകരിക്കുക. അതില്‍ ഇംഗ്ലീഷും ഫ്രഞ്ചും മാത്രമേ തനിക്കറിയൂ എന്നത് ഒരു കുറവായി ഏഞ്ചല്‍ എപ്പോഴും കരുതുന്നുണ്ട്. ആഫ്രിക്കക്കാര്‍ തങ്ങളുടെ കൊളോണിയല്‍ ഭാരം കയ്യൊഴിഞ്ഞു ഭാഷാഭിമാനം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അവള്‍ എപ്പോഴും എല്ലാവരെയും, പ്രത്യേകിച്ചും യുവതലമുറയെ, ഓര്‍മ്മപ്പെടുത്തും. തങ്ങള്‍ക്കു ഇംഗ്ലീഷും ഫ്രഞ്ചുമായി രണ്ടു ഭാഷയേ അറിയൂ എന്ന് പറയുന്നവരെ അവള്‍ ഓര്‍മ്മിപ്പിക്കും, കിന്യാറുവാണ്ടയും സ്വാഹിലിയും കൂടി അറിയുന്ന നിങ്ങള്‍ ബഹുഭാഷാ പ്രാവീണ്യമുള്ളവരാണ്. കേക്ക് നിര്‍മ്മാണം ഓരോരുത്തരുടെയും അനുഭവങ്ങളുടെയും അഭിരുചികളുടെയും മുന്‍ ഗണനകളുടെയും കൃത്യമായ പശ്ചാത്തലത്തില്‍ വേണമെന്ന ഏഞ്ചലിന്റെ സുനിശ്ചിതമായ രീതിയാണ് നോവലിനെ അനുഭവാഖ്യാനങ്ങളുടെയും പങ്ക് വെക്കലിന്റെയും ഏറ്റു പറച്ചിലുകളുടെയും ഏറെ വ്യത്യസ്തവും പരസ്പരം ഇഴ കോര്‍ക്കുന്നതും കൃത്യമായും ആഫ്രിക്കയുടെതും അതില്‍ത്തന്നെ റുവാണ്ടയുടെതുമായ ഒരു ഡെക്കാമറോണ്‍ ഇടമാക്കി മാറ്റുന്നത്. എന്നാല്‍ ഇവിടെ പറയപ്പെടുക കല്‍പ്പിത കഥകളോ പ്രത്യേക 'രസ'പ്രധാനമായ തെരഞ്ഞെടുത്ത കഥകളോ അല്ല, മറിച്ച്, നേരനുഭവ സാക്ഷ്യങ്ങളും അതിജീവിച്ച ചരിത്രവുമാണ്. പ്രസന്നമായ ഭാവിയിലേക്കുറ്റു നോക്കി കൊണ്ടാടപ്പെടുന്ന ഓരോ സന്ദര്‍ഭത്തിനു മുകളിലും ഒട്ടും പഴയതല്ലാത്ത ആ ഭീകര കാലത്തിന്റെ നിഴല്‍ വീണു കിടപ്പുണ്ട്- കഥകള്‍ക്ക് മേല്‍ മാത്രമല്ല, അത് പറയുന്നവരും, കേള്‍ക്കുന്നവരും, അതില്‍ പങ്കാളികള്‍ / ഇരകള്‍ ആയവരും ആരും ഇതില്‍ നിന്ന് തീര്‍ത്തും മുക്തരല്ലതാനും. ഏഞ്ചല്‍ തന്നെയും മോഷ്ടാക്കള്‍ കൊന്നു കളഞ്ഞ, ഇല്ലായിരുന്നെങ്കില്‍ വൈകാതെ 'രോഗ'ത്തിനു കീഴടങ്ങുമായിരുന്ന മകന്റെയും 'വൈറസ്' കാരണം ആത്മഹത്യ ചെയ്ത മകളുടെയും മക്കളെയാണ് പുലര്‍ത്തുന്നത്. എയിഡ്സ് രോഗം വംശഹത്യക്ക് ശേഷം നാടിനെ വേട്ടയാടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി നില നില്‍ക്കുന്നു. 'ഇപ്പോള്‍ അവരും ഇവരുമില്ല. നമ്മളെല്ലാം ബന്യാറുവാണ്ടയാണ്. റുവാണ്ടക്കാര്‍ " എന്ന് ഒരു കഥാപാത്രം പറയുന്ന ആ സമന്വയ ചിന്ത വളര്‍ന്നു വരുന്നുണ്ടെങ്കിലും, അതിനു വലിയ വില നല്‍കേണ്ടിവന്നവരാണ് മിക്ക കഥാപാത്രങ്ങളും. ആരുടേയും വിധി അനന്യമല്ല. “നമ്മുടെ കുട്ടികള്‍ നഷ്ടമായി, നമ്മളിപ്പോള്‍ നമ്മുടെ പേരമക്കള്‍ക്കായി വീണ്ടും രക്ഷിതാക്കള്‍ ആയിരിക്കുന്നു. അത് ബുള്ളറ്റ് ആവാം, രക്ത സമ്മര്‍ദ്ദമാവാം. എന്നാല്‍ മിക്കപ്പോഴും അത് വൈറസ് ആണ്.” മൊഗാദിഷുവില്‍ നിന്നുള്ള ആമിന തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിവതും രഹസ്യമാക്കി വെക്കുന്നു. അമേരിക്കക്കാര്‍ തങ്ങളെ സഹായിക്കാതിരുന്നതിനു കാരണം സോമാലിയയാണെന്നു റുവാണ്ടയിലുള്ളവര്‍ വിശ്വസിക്കുമ്പോള്‍ , മൊഗാദിഷുവില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരില്‍ അമേരിക്കക്കാര്‍ സോമാലികളെ കുറ്റപ്പെടുത്തുന്നു. സോമാലികളും അമേരിക്കന്‍ സൈനികരും തമ്മിലുള്ള മരണത്തിന്റെ അനുപാതം ആയിരത്തിനു പതിനെട്ട് എന്നതായിരുന്നു എന്നതൊന്നും പ്രസക്തമല്ലെന്നു നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
'ഐക്യവും സമന്വയവും'
സമന്വയത്തെ കുറിച്ചുള്ള പുത്തന്‍ ഔദ്യോഗിക-ഭരണകൂട നിലപാടുകള്‍ സമൂഹത്തിലും ഉണ്ടാക്കിത്തുടങ്ങുന്ന ശുഭോദര്‍ക്കമായ മാറ്റത്തിന്റെ മികച്ച മാതൃകയാണ് വംശഹത്യാ കോടതിയില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന അമ്മയുടെ മകളായ ലൊക്കേഡിയെ കലാപത്തിനിരയായി കുടുംബം മുഴുവന്‍ കശാപ്പു ചെയ്യപ്പെട്ട മോഡസ്റ്റെ വിവാഹം ചെയ്യുന്നത്. വേദനിപ്പിക്കുന്നതെങ്കിലും വസ്തുതകളെ അംഗീകരിച്ചു തുടങ്ങുമ്പോള്‍ സമന്വയം സാധ്യമാവും എന്നത് നോവലിസ്റ്റിന്റെ അടിസ്ഥാനനിലപാട് തന്നെയാണ്. തങ്ങളുടെ മകള്‍ വിനാസ് ആത്മഹത്യ ചെയ്തത് എച്ച്. ഐ. വി. ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് എന്നതു ആദ്യം ഏഞ്ചലിനെയും പയസിനെയും തളര്‍ത്തിക്കളയുന്നുണ്ട്. എന്നാല്‍ പിന്നീട് അവര്‍ അത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യം കൂടിയായി അംഗീകരിക്കുകയും പേരമക്കളുടെ ജീവിതത്തിലേക്ക് അവര്‍ക്കാവശ്യമുള്ള മമ്മയും പപ്പയും തന്നെയായി മാറുകയും ചെയ്യുന്നു. നാട്ടുനടപ്പ് രീതിയില്‍ , ഏറ്റവും മുതിര്‍ന്ന കുട്ടിയുടെ പേരിനോട് ചേര്‍ത്ത് 'മമ്മ ഗ്രേസ്' , 'പപ്പാ ഗ്രേസ്' എന്ന് അവര്‍ വിളിക്കപ്പെടുന്നു. തന്നെയല്ല, മക്കളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുകൂടാ എന്ന 'പഴയ തലമുറ മൂല്യം' മുറുകെ പിടിച്ച് തന്റെ മക്കളുടെ കാര്യത്തില്‍ തോറ്റു പോയത് ഇനി ആവര്‍ത്തിക്കരുതെന്നും അത് മറികടന്ന് വളര്‍ന്നു വരുന്ന മക്കളെ ലൈംഗിക വിദ്യാഭ്യാസം നല്‍കി സജ്ജരാക്കണമെന്നും ഏഞ്ചല്‍ തീരുമാനിക്കുന്നുണ്ട്; അക്കാര്യത്തില്‍ സന്നദ്ധപ്രവര്‍ത്ത കൂടിയായ നേഴ്സ് ഒദീലെ അവരെ സഹായിക്കും. വാസ്തവത്തില്‍ , ഇത്തരം തിരിച്ചറിവുകള്‍ കൂടിയാണ് ഏഞ്ചലിനെ നോവലിലെ ജീവിതോന്മുഖതയുടെ ഊര്‍ജ്ജകേന്ദ്രം ആക്കിമാറ്റുന്നത് - കേക്ക് വാങ്ങാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ അവളെ സമീപിക്കുന്നത്. അഥവാ അങ്ങനെയാണെങ്കില്‍തന്നെ ഏഞ്ചലുമായുള്ള അവരുടെ വിനിമയം അതിനപ്പുറത്തേക്ക് പോവുകയും തകര്‍ച്ചകളില്‍ ഓരോരുത്തരും സ്വയം കണ്ടെത്തി കൂട്ടിത്തുന്നിയെടുക്കാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ അതിന്റെയെല്ലാം അത്താണിയായും ദിശാസൂചികയും വഴികാട്ടിയും കൈപിടിച്ച് നടത്തുന്നവളും ആയി അവള്‍ മാറുകയും ചെയ്യുന്നു.
മോഡസ്റ്റെയും ലൊക്കേഡിയുമായുള്ള വിവാഹത്തിനു കേക്ക് തയ്യാറാക്കുകയും കലാപത്തില്‍ ഉറ്റവരെ നഷ്ടമായ ലൊക്കേഡിക്ക് അമ്മയായി ചടങ്ങില്‍ നില്‍ക്കുകയും നോവലിന്റെ പരിസമാപ്തിയായ വിവാഹാഘോഷത്തില്‍ സര്‍വ്വാത്മനാ പങ്കാളിയാവുകയും ചെയ്യുമ്പോഴും അതിലൊരു 'യിന്‍ ആന്റ് യാങേ' സാഹചര്യം ഏഞ്ചലിന് അനുഭവപ്പെടുന്നുണ്ട്. മോഡസ്റ്റെയുടെ കൂട്ടുകാരിയായിരുന്ന മറ്റൊരു യുവതി പ്രസവിച്ചത് പെണ്‍കുഞ്ഞായിരുന്നത് കൊണ്ട് അവളെ കയ്യൊഴിഞ്ഞു ലൊക്കേഡിയെ വിവാഹം ചെയ്യുകയായിരുന്നുവല്ലോ അയാള്‍ . ധാര്‍മ്മികമായി അങ്കലാപ്പുണ്ടാക്കുന്ന വേറെയും നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഏഞ്ചലിന് നേരിടേണ്ടി വരുന്നുണ്ട്. ഡോക്റ്റര്‍ റിജോയ്സിന്റെ കൂടി സഹായത്തോടെ ആമിനയുടെ കുഞ്ഞു മകള്‍ സഫിയയെ പെണ്‍ചേലാകര്‍മ്മത്തിനു വിധേയയാക്കിയതായി അവളുടെ ബാബയുടെ മുന്നില്‍ അഭിനയിക്കുന്ന സന്ദര്‍ഭം അതിലൊന്നാണ്. എന്നാല്‍ , നിലവിലുള്ള പരമ്പരാഗത പ്രാകൃതത്വത്തെ നിരുപദ്രവകരമായ ഒരു നുണ കൊണ്ട് നേരിടുന്നതില്‍ തെറ്റില്ലെന്ന് ഡോക്റ്റര്‍ റിജോയ്സ് അവളെ ബോധ്യപ്പെടുത്തുന്നു. ആര്‍ക്കറിയാം, ആ പെണ്‍കുട്ടി വളര്‍ന്നു വരുന്ന കാലമാവുമ്പോഴേക്കും അത്തരം കാര്യങ്ങളില്‍മനുഷ്യത്വ പൂര്‍ണ്ണമായി ചിന്തിക്കുന്ന തലമുറ കാര്യങ്ങള്‍ ഏറ്റെടുത്തേക്കും!
പാത്ര വൈവിധ്യത്തിന്റെ ലോകം
കഥകളും അനുഭവസ്ഥരും ഒരുമിച്ചു ചേരുന്ന ഏഞ്ചലിന്റെ കോമ്പൌണ്ട് ഒരര്‍ഥത്തില്‍ കിഗാലി സമൂഹത്തിന്റെ - അവിടെ അപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ലോകത്തെങ്ങുനിന്നും ഉള്ള ആളുകളുണ്ട് എന്നത് കൊണ്ട് ലോകത്തിന്റെ തന്നെ - പരിഛെദം തന്നെയാണ്. അവിടെ എല്ലാമുണ്ട്- കുടുംബ ജീവിതം, പ്രണയം, അഗമ്യഗമനം, കുശുമ്പും കുന്നായ്മയും നേരമ്പോക്കുകളും, രോഗങ്ങളും ആസക്തികളും അസന്തുഷ്ടികളും, ചതിയും വഞ്ചനയും, എല്ലാറ്റിനുമുപരി ഇവക്കെല്ലാറ്റിനുമിടയില്‍ ത്രസിക്കുന്ന ജീവിതാഭിവാഞ്ചയും. "കിഗാലിയില്‍ നിങ്ങള്‍ക്കൊരു രഹസ്യം സാധ്യമല്ല, ആന്റി. കണ്ണുകള്‍ക്ക് ഇവിടെ മറയില്ല" എന്ന് ബോസ്കോ എന്ന കഥാപാത്രം പറയുന്നുണ്ട്. ഭര്‍ത്താവിനു ഇഷ്ടമാവാത്തത് കാരണം ഒഴിവുസമയത്ത് എന്തെങ്കിലും തൊഴില്‍ ചെയ്യാനുള്ള ആഗ്രഹം പോലും മൂടി വെക്കുന്ന ജെന്ന, അവളുടെ കണ്ണുവെട്ടിച്ചു അഗമ്യഗമന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന, അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍ എന്ന ലേബലിനുള്ളില്‍ യഥാര്‍ഥത്തില്‍ പരസ്യമായ രഹസ്യമായ അയാളുടെ ദൌത്യത്തെ സൂചിപ്പിച്ചു കൊണ്ട് CIA എന്ന് വിളിക്കപ്പെടുന്ന ഭര്‍ത്താവ് റോബ്, റോബിനെ പോലെ ഏറെപേരെ മോഹിപ്പിക്കുന്ന അവ്യക്തധാര്‍മ്മികതയുടെ ഉടമയും മദാലസയുമായ ലിന്‍ഡാ, കലാപകാലത്തെ മൃഗീയാനുഭവം കാരണം വന്ധ്യയായിപ്പോയ, 'അതിരുകളില്ലാത്ത ഡോക്റ്റര്‍മാര്‍ ' (Doctors without Borders)പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സ് ഒദീലെ, യജമാനന്‍ സ്വല്‍പ്പം 'കാര്‍ഡമം' വായ്പ്പ വാങ്ങാനയക്കുമ്പോള്‍ യുവതിയായ അയല്‍ക്കാരിയോടു യജമാനന് വേണ്ടി കുറച്ചു 'കോണ്ടം' വായ്പ്പ ചോദിക്കുന്ന മുറി ഇംഗ്ലീഷ് വൈദഗ്ദ്യമുള്ള യൂജീനിയ, 'വൈറസി'നെ പേടിച്ചു ആളുകള്‍ക്ക് കൈ കൊടുക്കാന്‍ ഭയപ്പെടുകയും ഇബോള ഭീഷണി റുവാണ്ടയില്‍ എത്തുന്ന പക്ഷം ഡല്‍ഹിയിലേക്കു തിരിച്ചു പോവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന മിസ്സിസ് മുഖര്‍ജി തുടങ്ങിയ വൈവിധ്യവും വൈചിത്ര്യവുമുള്ള കഥാപാത്ര വിസ്തൃതിയുണ്ട് നോവലില്‍ - ഏറിയും സ്ത്രീകഥാപാത്രങ്ങള്‍ . ഒരു വേള, കൊള്ളാവുന്ന പുരുഷന്മാരെ പ്രായം പോലും കണക്കാക്കാതെ ('ഷുഗര്‍ ഡാഡീസ്”) വളക്കാന്‍ നടക്കുന്ന പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഉണ്ട് എന്നത് ഏഞ്ചലിനെ അസ്വസ്ഥയാക്കുന്നുണ്ട് - പയസിന്റെ കാര്യത്തില്‍ അങ്ങനെയൊരു സാധ്യത അസ്ഥാനത്താണെന്ന് അവള്‍ക്കറിയാമെങ്കിലും. ഇത്തരം കാരികേച്ചര്‍വല്‍ക്കരണത്തിന്റെ മറ്റൊരു രൂപമാണ് മിസ്സിസ് വാന്‍യിക. അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ അസുഖകരങ്ങളായ വസ്തുതകളെ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് തങ്ങളുടെ വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ കേക്കിനു വേണ്ടി ഏഞ്ചലിനെ സമീപിക്കുന്ന ടാന്‍സാനിയന്‍ അംബാസഡറുടെ ഭാര്യ മിസ്സിസ് വാന്‍യികാ ടാന്‍സാനിയയില്‍ വൈറസ് പ്രശ്നം ഇല്ല എന്ന് ശഠിക്കുന്നത്. അത് ഉഗാണ്ടയില്‍ ഉണ്ട്, കെനിയയില്‍ ഉണ്ട്, സാംബിയായിലും മലാവിയിലും മോസാംബിക്കിലും കോംഗോയിലും ബുറുണ്ടിയിലും റുവാണ്ടയിലും ഉണ്ട്. എന്നാല്‍ തൊട്ടയല്‍പക്കത്തുള്ള ടാന്‍സാനിയയില്‍ ഇല്ല. കാരണം? അതവരുടെ ഭര്‍ത്താവ് അംഗീകരിക്കില്ല. ഫെമിനിസ്റ്റ് ആവുക എന്നാല്‍ ലെസ്ബിയന്‍ ആവുക എന്നാണെന്ന് മനസ്സിലാക്കി വെച്ചിട്ടുള്ള മിസ്സിസ് വാന്‍യികാ ഉന്നതങ്ങളിലെ വിവരക്കേടിന്റെയും പ്രതീകം തന്നെ. ആഫ്രിക്കയെ സംബന്ധിച്ച് രണ്ടു ആശയവും പുത്തനായത് കൊണ്ട് അത് സ്വാഭാവികമാണെന്ന് ഏഞ്ചല്‍ വിശദീകരിക്കുന്നു. എന്നാല്‍ , പരിഹാസത്തിന്റെയും ഐറണിയുടെയും തലത്തിനപ്പുറം തമസ്ക്കരണത്തിന്റെയും ചരിത്രത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നതില്‍ മനുഷ്യകുലത്തിന് പൊതുവേയുള്ള വിമുഖതയുടെയും നേര്‍ക്കുള്ള കൂടുതല്‍ നിശിതമായ നിരീക്ഷണങ്ങള്‍ നോവലില്‍ സൂചിതമാവുന്നുണ്ട്. റുവാണ്ടന്‍ വംശഹത്യയെ നാസി ഹോളോകാസ്റ്റുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ അതിലൊന്നാണ്. കൂട്ടക്കൊലയുടെ സ്മാരകത്തില്‍ ആവര്‍ത്തിച്ചു എഴുതിവെച്ചതായിക്കാണുന്ന "ഇനിയൊരിക്കലും അരുത്" ('Never again') എന്ന വാക്കുകള്‍ യൂറോപ്പിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ അടച്ചു പൂട്ടിയപ്പോഴും ആവര്‍ത്തിച്ചവയായിരുന്നു എന്ന് ഏഞ്ചല്‍ ഓര്‍ക്കുന്നു.
സമര്‍പ്പണത്തിന്റെ സ്ത്രീസാക്ഷ്യങ്ങള്‍
ഘടനാപരമായോ ആഖ്യാന തന്ത്രങ്ങളിലോ അധികം പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാത്ത സാമാന്യേന സാമ്പ്രദായിക രീതിയിലുള്ള നോവലിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകം അതിജീവിച്ച സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരത്തിലാണ് കാണാനാവുക. ഈ പാത്ര വൈചിത്ര്യത്തില്‍ ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുന്ന കഥാപാത്രങ്ങളാണ് ബാര്‍ ഉടമ ഫ്രാന്‍സ്വാ, ലൈംഗികത്തൊഴിലാളിയായ ജോണ്‍ ഡി ആര്‍ക്ക് എന്നിവര്‍ . കലാപകാലത്ത് ഏറെ അപകടകരമായ രീതിയില്‍ വീടിന്റെ സീലിങ്ങിനും റൂഫിനുമിടയില്‍ ഒളിപ്പിച്ചു തങ്ങള്‍ക്കു ഒരു പരിചയവുമില്ലാത്ത ആളുകളെ ഉള്‍പ്പടെ പലരെയും രക്ഷിക്കുകയും തങ്ങളുടെ ബാറില്‍ നിന്ന് സൗജന്യമായി മദ്യം നല്‍കി തെരച്ചില്‍ നടത്താന്‍ സാധ്യതയുള്ള സൈനികരെ പിന്‍ മടക്കുകയും ചെയ്തുവന്ന ഫ്രാന്‍സ്വാ അവര്‍ ചെയ്തു വന്നതിന്റെ പൊരുള്‍ വിവരിക്കുന്നുണ്ട്: “ഏഞ്ചല്‍ , എന്താണ് നടന്നുകൊണ്ടിരുന്നത് എന്ന് നീ മനസ്സിലാക്കണം. ഓരോ ദിനവും റേഡിയോ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു ഈ ആളുകളെ കൊല്ലാന്‍; അവര്‍ പറഞ്ഞു ഈ ആളുകള്‍ ഇന്യെന്‍സി ആണ്, അഥവാ കൂറകള്‍ , അവര്‍ മനുഷ്യരല്ല. പക്ഷെ ഞങ്ങള്‍ അവരെ കൊന്നിരുന്നെങ്കില്‍ , ഞങ്ങള്‍ക്ക് സ്വയം മനുഷ്യരെന്നു തോന്നില്ലായിരുന്നു. കൈകളില്‍ സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും രക്തം പുരണ്ടുകൊണ്ട് ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ കഴിയുമായിരുന്നു? മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാനായി നോക്കും പോലെ ആളുകളുടെ കണ്ണുകളിലേക്കു നോക്കുകയും എന്നിട്ട് അവരെ കൊന്നുകളയുകയും ചെയ്യാന്‍ എങ്ങനെ കഴിയുമായിരുന്നു. ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ചെയ്തുകൊണ്ടിരുന്ന ആയിരങ്ങള്‍ ഉണ്ടായിരുന്നു, കൊല്ലുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നതല്ലാതെ മാര്‍ഗ്ഗമില്ലാതിരുന്ന ആയിരങ്ങള്‍ പക്ഷെ ഞങ്ങള്‍ക്ക് തോന്നി ഞങ്ങള്‍ക്ക് വേറൊരു മാര്‍ഗ്ഗമുണ്ടെന്നു, കാരണം ഞങ്ങള്‍ക്ക് ഈ ബാര്‍ ഉണ്ടായിരുന്നു.”
ജോണ്‍ ഡി ആര്‍ക്ക് എന്ന പതിനേഴുകാരി ലൈംഗികത്തൊഴിലാളി യുവതി ഉള്ളിലൊരു നീറ്റലായി വായനക്കാരെ പിന്തുടരുക തന്നെ ചെയ്യും. കലാപത്തിനിടെ പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകവേ രണ്ടു കുഞ്ഞു സഹോദരിമാരോടൊപ്പം ആരോരുമില്ലാത്ത മറ്റൊരു ആണ്‍കുട്ടിയെ കൂടി തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചവള്‍ . തനിക്കു സംഭവിച്ചത് അനിയത്തിമാര്‍ക്കു സംഭവിക്കാതിരിക്കാനായി എരിഞ്ഞു തീരുന്നവള്‍ . എപ്പോഴും പ്രസന്ന വദനയായിരിക്കാന്‍ മറക്കാത്തവള്‍ . ഏഞ്ചല്‍ തന്റെ ചിറകിനടിയിലേക്ക് ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന പലരില്‍ ഏറ്റവും അര്‍ഹതയുള്ളവള്‍ . അവളെ പോലുള്ളവരിലാണ് 'ഇനിയൊരിക്കലും അരുത്' എന്ന മുന്‍കരുതല്‍ യാഥാര്‍ത്ഥ്യമാവുക എന്ന് നോവല്‍ ഉറ്റുനോക്കുന്നുണ്ട്.
'കണ്ണീര്‍ ലജ്ജാകരമല്ല'
പുരുഷ കഥാപാത്രങ്ങള്‍ കേന്ദ്ര സ്ഥാനീയരായി വരുന്ന ഖണ്ഡങ്ങള്‍ നോവലില്‍ താരതമ്യേന കുറവാണ്. എപ്പോഴും തോക്കുധാരിയായി സൈനിക വേഷത്തിലെത്തുന്ന, ഏഞ്ചലിന്റെ സൈനികനായ ആദ്യ ഉപഭോക്താവ് ക്യാപ്റ്റന്‍ കലിസ്റ്റെ ആണ് ഒരാള്‍ . കലാപകാലത്ത് ഉറ്റവര്‍ മുഴുവന്‍ കൊല്ലപ്പെടുന്നതിനു സാക്ഷിയാവുകയും ബാല്യത്തിലേ തട്ടിയെടുക്കപ്പെട്ടു നിര്‍ബന്ധിത സൈനികനായിത്തീരുകയും ചെയ്യുന്ന ക്യാപ്റ്റന്‍ കലിസ്റ്റെ , നാടുവിടാനുള്ള മാര്‍ഗ്ഗമായിഒരു വെള്ളക്കാരിയെ ('wazungu') ഭാര്യയാക്കാന്‍ ശ്രമിക്കുന്നു. അയാള്‍ 'നെഗറ്റീവ്' ആണെന്ന് തെളിയിക്കുന്ന രണ്ടു വര്‍ഷം മുമ്പ് കിട്ടിയ 'സര്‍ടിഫിക്കെറ്റ്' ആണ് അയാളുടെ തുരുപ്പുശീട്ട്. ആദ്യം സോഫിയെയും ഏഞ്ചല്‍ മുന്നറിയിപ്പ് നല്‍കുന്നത് കാരണം അവള്‍ വിസമ്മതിക്കുമ്പോള്‍ പുതുതായി വിവാഹമോചിതയായ ലിന്‍ഡായെയും അയാള്‍ നോട്ടമിടുന്നു. അയാളുടെ ഉദ്ദേശത്തിലെ കാപട്യം തിരിച്ചറിഞ്ഞത് കൊണ്ട് അയാള്‍ക്ക് വേണ്ടി കേക്ക് ഉണ്ടാക്കാന്‍ ഏഞ്ചല്‍ വിസമ്മതിക്കുന്നത് ഒരു കാര്യം വ്യക്തമാക്കുന്നു: കേക്കു നിര്‍മ്മാണം അവര്‍ക്ക് വെറുമൊരു തൊഴിലല്ല, തന്റെ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ കര്‍മ്മം കൂടിയാണ്. എന്നാല്‍ , കലിസ്റ്റെ തന്റെ മുറിവുകളെ കൊടിയ വഞ്ചനകള്‍ കൊണ്ട് മായ്ച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ , 'എട്ടു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒരു ചെറു രാജ്യത്തിന് താങ്ങാനാവാത്ത' വലിയ ആംഗ്യ വിക്ഷേപങ്ങളോടെ സംസാരിക്കുന്ന ഡ്യൂഡോനെ കയിബാന്റ കലാപത്തില്‍ കാണാതായ മകനെയും കുടുംബത്തെയും ആര്‍ദ്രമായ വേദനയായി കൊണ്ട് നടക്കുന്നു. സംസാരത്തിനിടെ കരഞ്ഞു പോകുന്നതിനു മാപ്പ് ചോദിക്കുന്ന കയിബാന്റയെ ഏഞ്ചല്‍ ആശ്വസിപ്പിക്കുന്നുണ്ട്:
“ഒരു പുരുഷന്‍ കണ്ണീര്‍ തൂവുന്നതില്‍ ലജ്ജിക്കേണ്ടതായി ഒന്നുമില്ല. ആവശ്യമുള്ളപ്പോള്‍ അയാള്‍ കരയാതിരുന്നാല്‍ കരഞ്ഞു തീരാത്ത ആ കണ്ണീരൊക്കെ അയാളുടെ ഉടലില്‍ തിളച്ചു മറിഞ്ഞേക്കാം, ഒടുവിലത് വീരുംഗാ മലനിരകളിലെ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നിനെപ്പോലെ പൊട്ടിത്തെറിച്ചേക്കാം.”
രചനയുടെ മിഴിവും നിഴലും
ഏറ്റവും തീക്ഷ്ണവും ദുരന്തപൂര്‍ണ്ണവുമായ ദേശീയ മാനങ്ങളുള്ള വംശഹത്യകള്‍ പോലുള്ള അനുഭവങ്ങള്‍ക്കിടയിലും സ്വപ്നങ്ങളും പ്രതീക്ഷകളും സാധ്യമാണ് എന്ന ജീവിതോന്മുഖതയാണ് 'ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി'യേ സമാന പശ്ചാത്തലങ്ങളിലുള്ള കൃതികളില്‍ വ്യത്യസ്തമാക്കുന്നത്. ആഫ്രിക്കന്‍ നോവലുകളില്‍ സംഘര്‍ഷങ്ങളുടെയും കൂട്ടക്കുരുതികളുടെയും ആവിഷ്കാരങ്ങള്‍ പല രൂപങ്ങളില്‍ കടന്നു വരുന്നുണ്ട്. സാംബിയായില്‍ ജനിച്ചു സൌത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം ചെയ്ത ശേഷം റുവാണ്ട ഉള്‍പ്പടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും VSO (Voluntary Service Overseas) ആയി സേവനം ചെയ്തിട്ടുള്ള ഗെയ്ലി പാര്‍കിന്‍ തന്റെ പ്രഥമ നോവലിന്റെ പ്രമേയം കണ്ടെത്തിയതും ഈ അനുഭവങ്ങളില്‍ നിന്നാണ്. HIV/AIDS ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണം, കലാപ ബാധിതരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള കൌണ്‍സിലിംഗ് എന്നീ മേഖലകളിലൊക്കെ ഗെയ്ലി പാര്‍കിന്‍ സേവനം ചെയ്തിട്ടുണ്ട്. ബെയ്കിംഗ് കേയ്ക്സ് ഇന്‍ കിഗാലിയിലെ പല കഥകളും തന്‍ കണ്ടുമുട്ടിയ വ്യക്തികളില്‍ നിന്ന് ലഭിച്ചവയാണെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സ്വതേ വെളുത്ത വര്‍ഗ്ഗക്കാരിയായ നോവലിസ്റ്റിനു റുവാണ്ടന്‍ അനുഭവത്തെ സത്യസന്ധമായും പ്രസന്നതയുടെ പ്രതീക്ഷകള്‍ വറ്റിപ്പോവാത്ത രീതിയിലും അവതരിപ്പിക്കാനാവുന്നത്. ഇപ്പോഴും അതേ മേഖലകില്‍ സജീവമാണ് ഗെയ്ലി പാര്‍കിന്‍.
നിശിത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് നോവലിസ്റ്റിന്റെ പാത്രചിത്രീകരണം. ഇതിവൃത്തം ഏറെ ഉദ്ബോധനപരമാണെന്നും പ്രധാന കഥാപാത്രത്തിന്റെ സൃഷ്ടി കൃത്രിമത്വമുള്ളതാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ അത്ര അനായാസമായി ഏഞ്ചല്‍ പരിഹരിക്കുന്നതിലും കടുത്ത മുന്‍ വിധികളുള്ളവരില്‍ പോലും പെട്ടെന്ന് മനംമാറ്റം ഉണ്ടാക്കുന്നതിലും ഒരു മദര്‍ തെരേസാ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വ്യഗ്രത ആരോപിക്കപ്പെട്ടിട്ടുണ്ട്. വംശഹത്യയുടെ യാഥാര്‍ത്ഥ്യവും എത്ര ഉദ്ദേശ്യശുദ്ധി അവകാശപ്പെട്ടാലും ഒറ്റയാള്‍പട്ടാളമായി ഒരാള്‍ നടത്തുന്ന ശ്രമങ്ങള്‍ ആ ഇരുള്‍ച്ചയെ പ്രസന്നമാക്കുന്നു എന്ന സങ്കല്‍പ്പവും ഒത്തുപോവില്ലെന്നും അത്രയേറെ 'ആവലാതിക്കാരെ' ഇത്ര കുറഞ്ഞ ഇടത്തിലേക്ക് എല്ലാം പരിഹരിക്കുന്ന ആളുടെ മുന്നിലേക്ക് എത്തിക്കുന്നത് സ്വാഭാവികതയില്ലാത്തതാണെന്നും വിമര്‍ശിക്കപ്പെടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന ഇടങ്ങളെക്കാളെറെ എല്ലാ സഹനകാലങ്ങളുടെയും ബാക്കിപത്രങ്ങളില്‍ ഉണ്ടാവുക അപരിഹാര്യമായ നഷ്ടങ്ങളുടെയും വേദനകളുടെയും ഇടങ്ങളാവും എന്നതും സാമാന്യ സത്യം തന്നെ. അലക്സാണ്ടര്‍ മെക് കാള്‍ സ്മിത്തിന്റെ No.1 Ladies Detective Agency എന്ന കൃതിയുമായി സ്വാഭാവികമായും നോവല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആ താരതമ്യത്തില്‍ ഗെയ്ലി പാര്‍കിന്‍ പരാജയപ്പെടുന്നു എന്ന് ഇത്തരം വിമര്‍ശകര്‍ കരുതുന്നു.
