1975-ല്‍ ലബനോനില്‍ ആഭ്യന്തര കലാപം കൊടുമ്പിരിക്കൊണ്ടതിനെ തുടര്‍ന്ന് പാരീസിലേക്ക് കുടിയേറിയ അമീന്‍ മാലൂഫ്, തന്റെ യൗവ്വന കാലത്ത് ലബനോണ്‍ വിട്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലായിരുന്നു എന്ന് പില്‍ക്കാലം ഓര്‍ത്തെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നോവലുകള്‍ ഈ രണ്ടനുഭവങ്ങളുടെയും - ആഭ്യന്തര യുദ്ധം, പ്രവാസം - തീക്ഷ്ണത പങ്കുവെക്കുന്നു. “രണ്ടു നാടുകള്‍ രണ്ടോ മൂന്നോ ഭാഷകള്‍ പല സാംസ്കാരിക പാരമ്പര്യങ്ങള്‍ " എന്നിങ്ങനെ കരയിലും കടലിലുമായി നങ്കൂരമറ്റവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ . “ലോകത്തിലെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും മറ്റിടങ്ങളില്‍ നിന്നുള്ള ആളുകളെ കൊണ്ടാണ് സ്ഥാപിക്കപ്പെട്ടതും ജനവാസനിബിഡമായതും. പ്രവാസത്തിനു പിറകെ പ്രവാസമെന്ന രീതിയിലാണ് ഭൂമി മുഴുവന്‍ നിറക്കപ്പെട്ടത്” എന്ന് 'ബാല്‍ത്തസാറിന്റെ യാന'ത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മെഡിറ്ററെനിയന്‍ പ്രദേശത്ത് നിന്നും ഒന്നാംലോകയുദ്ധകാലപൂര്‍വ്വ ലവന്റൈന്‍ ലോകത്ത് നിന്നും കണ്ടെടുക്കപ്പെടുന്നവരാണ് അവര്‍ . ഒന്നാംലോകയുദ്ധത്തെ തുടര്‍ന്ന് സംഭവിച്ച ഗ്രീക്ക് ഇറ്റാലിയന്‍ അറബ് , തുര്‍ക്കി, ദുറൂസി സൈനികര്‍ ക്രിസ്ത്യന്‍ , ജൂത, സുന്നി മുസ്ലിം സൈനികര്‍ എന്നിവരുമായി കൂടിക്കലര്‍ന്നതോടെ ആ പഴയ രീതിയിലുള്ള ലവന്റൈന്‍ സംസ്കൃതി തിരോഭവിക്കുകയായിരുന്നു. മധ്യ പൂര്‍വ്വദേശത്തിനും പാശ്ചാത്യ ലോകത്തിനും ഒരുപോലെ പരിചിതമായ ചരിത്രങ്ങള്‍ ഫിക് ഷനില്‍ അവതരിപ്പിക്കുമ്പോഴും ഒരു ക്രിസ്ത്യാനിയായിരിക്കെ ഇസ്ലാമിന്റെ വിശുദ്ധഭാഷയായ അറബി മാതൃഭാഷയായിരിക്കുന്നതിന്റെ വൈരുധ്യം എപ്പോഴും തന്നെ മഥിച്ചിട്ടുണ്ടെന്നു മാലൂഫ് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല സാമൂഹികപഠന കൃതിയായ The Crusades Through Arab Eyes (1983) , പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ, അറബ് ലോകവീക്ഷണത്തെ അവതരിപ്പിക്കുന്ന ഒരു ക്ലാസ്സിക് ആയി കണക്കാക്കപ്പെടുന്നു. അറബ് ലോകവും പാശ്ചാത്യലോകവും തമ്മിലുണ്ടായ ചരിത്രപരമായ ഉള്‍പ്പിരിവുകളെ സംബന്ധിച്ചും ഏതെങ്കിലും പ്രത്യേക മതത്തിലുള്ള ഒരു ജനതയുടെ കൂട്ടായ വിശ്വാസത്തെ 'ഗോത്രസ്വഭാവം' എന്ന് ചുരുട്ടിക്കൂട്ടുന്നത്തിന്‍റെ അബദ്ധത്തെ കുറിച്ചും 'Murderous Identities (1998) പോലുള്ള നോണ്‍ ഫിക് ഷന്‍ കൃതികളില്‍ മാലൂഫ് നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ പ്രവചന പരമായിരുന്നെന്നു '9/11 അനന്തര കാലത്ത് തിരിച്ചറിയപ്പെട്ടു. ഫ്രാന്‍സിലെ പരമോന്നത സാഹിത്യ ബഹുമതിയായ പ്രി ഗോണ്‍കോര്‍ (Prix Goncourt) നേടിയ മാലൂഫിന്റെ ഏഴു നോവലുകള്‍ ഉള്‍പ്പടെ എല്ലാ കൃതികളും ആദ്യം രചിക്കപ്പെട്ടത് ഫ്രഞ്ച് ഭാഷയിലാണ്.
പൂര്‍വ്വിക പാരമ്പര്യത്തിലൂടെ പ്രോട്ടസ്റ്റന്റ് - കാത്തോലിക് പശ്ചാത്തലങ്ങള്‍ രണ്ടും ലഭിച്ചതും ബയ്റൂത്തിലെ ഫ്രഞ്ച് യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജി പഠിച്ച അമ്മ മകനെ ഫ്രഞ്ച് ജെസ്യൂട്ട് സ്കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചതും മുസ്ലിം ഭൂരിപക്ഷ ദേശത്ത് ഏതാണ്ടൊരു പാര്‍ശ്വ വല്‍കൃതനെപ്പോലെ കുട്ടിക്കാലം പിന്നിട്ടതും ഇതൊക്കെയുണ്ടാവുമ്പോഴും ആസ്ട്രേലിയന്‍ നോവലിസ്റ്റ് ഡേവിഡ് മാലൂഫും 'അറബിക് റിംബോ (the Arabic Rimbaud)' എന്നറിയപ്പെട്ട ബ്രസീലിയന്‍ കവി ഫൗസി മാലൂഫും ജനിച്ച കുടുംബത്തിന്റെ സഹൃദയത്വത്തിന്റെ ജീനുകള്‍ പങ്കുവെച്ചതും മാലൂഫിന്റെ വീക്ഷണങ്ങള്‍ ബഹുസ്വരതയുടെയും ബഹുമുഖ പ്രതിഭയുടെതും ആക്കിത്തീര്‍ത്തത് സ്വാഭാവികമായിരുന്നു. പിതാവ് റുഷ് ദി മാലൂഫ് അറിയപ്പെടുന്ന ജേണലിസ്റ്റും കോളമിസ്റ്റും ആയിരുന്നതും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇരുപത്തിരണ്ടാം വയസ്സുമുതല്‍ അല്‍ നഹര്‍ പത്രത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അമീന്‍ അറുപതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഇന്ദിരാ ഗാന്ധിയെ പോലുള്ള ലോക നേതാക്കളെ അഭിമുഖം നടത്തുകയും ചെയ്തു. 1974 ലെ എത്യോപ്യയിലെ മാര്‍ക്സിസ്റ്റ് അട്ടിമറിയും വിയെറ്റ്നാം യുദ്ധത്തിന്റെ അന്ത്യം കുറിച്ച 1975 ലെ സൈഗോണിന്റെ പതനവും അദ്ദേഹം അല്‍ നഹറിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1975 ഏപ്രില്‍ മൂന്നിന് സ്വന്തം വീടിന്റെ ജനാലക്ക് വെളിയില്‍ തോക്കേന്തിയ പലസ്തീനികളും അയല്‍വാസികളായ ക്രിസ്ത്യാനികളും ഏറ്റുമുട്ടുന്നതും ഇരുപതു മൃദ ദേഹങ്ങള്‍ ചിതറിക്കിടക്കുന്നതും കാണാനിടയായതും ഇപ്പോള്‍ ആയുധം കയ്യിലുണ്ടായിരുന്നെങ്കില്‍ സ്വയമൊരു കൊലയാളിയായേനെ എന്ന് ചിന്തിച്ചു പോയതും മാലൂഫ് ഏറ്റുപറഞ്ഞിട്ടുണ്ട്. “വംശീയ സംഘര്‍ഷം ആരെയും ഒരു കൊലയാളിയാക്കാം. ഉത്തരവാദിത്തബോധമുള്ള ഏതൊരു വ്യക്തിയുടെയും കടമ - എല്ലാ വായനക്കാരുടെയും - ആളുകള്‍ കൊലയാളികള്‍ ആയിത്തീരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ്” (On Identity – Amin Maalouf). മതം ഉപയോഗിച്ച് ആളുകള്‍ക്ക് പരസ്പരം പോരാടാനാവും എന്നത് അദ്ദേഹത്തെ ഞെട്ടിച്ചു. "ആളുകള്‍ എപ്പോഴും യുക്തിസഹമായി പെരുമാറും എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ ലോകം എങ്ങനെ വാലാട്ടുന്നുവെന്നു താങ്കള്‍ക്കറിയില്ല എന്ന് കരുതാം. ചരിത്രത്തിന്റെ ക്രിയാത്മക തത്വം യുക്തിരാഹിത്യമാണ്" എന്ന് ബാല്‍ത്തസാറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. എന്നാല്‍ ഇരു മതങ്ങളെയും പാരമ്പര്യങ്ങളെയും അടുത്തറിഞ്ഞിരുന്ന അമീന്‍ തിരിച്ചറിഞ്ഞിരുന്നു, രണ്ടിനുമിടയില്‍ യഥാര്‍ഥത്തില്‍ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു എന്ന്. കുരിശു യുദ്ധങ്ങളുടെ കഥ അറബ് ലോകത്തിന്റെ കാഴ്ചപ്പാടില്‍ ആരും പറഞ്ഞിട്ടേയില്ലായിരുന്നു എന്നതാണ് അദ്ദേഹത്തെ ആ വഴിക്ക് ചിന്തിപ്പിച്ചത്. അറബ് - പാശ്ചാത്യ ലോകങ്ങള്‍ക്കിടയില്‍ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രശ്നത്തിന്റെ വേരുകള്‍ തേടിയാണ് അദ്ദേഹം The Crusades Through Arab Eyes (1983) രചിച്ചത്. അറബ് ജനതയില്‍ പലരും അദ്ദേഹത്തെ പാശ്ചാത്യ ലോകത്തിനുള്ള തങ്ങളുടെ ചരിത്രകാരന്‍ ആയിക്കാണുന്നു.
എല്ലായിപ്പോഴും ഫിക് ഷന്‍ എഴുതുന്നതിനെ കുറിച്ച് സ്വപ്നം കണ്ടിരുന്നത് മാലൂഫ് ഓര്‍ക്കുന്നുണ്ട്: “അതാണ് ലോകവുമായുള്ള എന്റെ ബന്ധം: എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. ഞാനൊരു പകല്‍ക്കിനാവുകാരനാണ്; എനിക്കെന്റെ കാലഘട്ടവുമായോ ഞാന്‍ ജീവിക്കുന്ന സമൂഹവുമായോ സമരസപ്പെടാനാവുന്നില്ല.” ആദ്യ നോവല്‍ 'ലിയോ ആഫ്രിക്കാനസ് ' (1983) പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ഇന്‍ക്വിസിഷന്‍ പീഡനത്തെ ഭയന്ന് ഒളിച്ചോടുകയും മക്കയില്‍ പോയി ഹജ്ജ് കര്‍മ്മം നടത്തുകയും പിന്നീട് ക്രിസ്തു മതത്തിലേക്കും ഒടുവില്‍ വീണ്ടും ഇസ്ലാമിലെക്കും മതം മാറ്റം നടത്തുകയും ചെയ്ത ഹസന്‍ അല്‍ വസാന്‍ എന്ന മൂറിന്റെ ജീവിത കഥ ആസ്പദമാക്കി രചിക്കപ്പെട്ടതാണ്. ഒരു പുത്തന്‍ പ്രവാസിയുടെ പുസ്തകം എന്ന് മാലൂഫ് വിശേഷിപ്പിച്ച നോവലിലെ നായകന്‍ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത വീക്ഷണം പങ്കു വെക്കുന്നു: “ഞാന്‍ ദേശമില്ലാത്തവനാണ്, നഗരമില്ലാത്തവന്‍ , ഗോത്രമില്ലാത്തവന്‍ . ഞാന്‍ പാതയുടെ സന്തതിയാണ്... എല്ലാ ഭാഷകളും എല്ലാ പ്രാര്‍ഥനകളും എന്റെതാണ്. എന്നാല്‍ ഞാന്‍ അവയുടെയൊന്നിന്റെയും സ്വന്തമല്ല.” "ഞാനൊരു വിദേശിയായാണ് ജനിച്ചത്, വിദേശിയായി ജീവിച്ചു, മരിക്കുമ്പോഴും ഞാന്‍ ഏറിയ കൂറും ഒരു വിദേശിയായിരിക്കും" എന്ന് ബാല്‍ത്തസാര്‍ പറയുന്നതും നോവലിസ്റ്റിന്റെ തന്നെ ശബ്ദമാണ്. ആദ്യപുസ്തകം എഴുതിയതോടെ തന്നില്‍ എന്തോ മാന്ത്രികമായത് സംഭവിച്ചുവെന്നും ഇനി മുതല്‍ ഫിക് ഷന്‍ എഴുത്തിലായിരിക്കും തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞെന്നും മാലൂഫ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലിയോ ആഫ്രിക്കാനസിനോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്ന സമര്‍ക്കന്ദ് (1988) പതിനൊന്നാം നൂറ്റാണ്ടിന്റെ പേര്‍ഷ്യന്‍ പശ്ചാത്തലത്തില്‍ ഒമര്‍ ഖയ്യാമിന്റെ ജീവിത കഥയാണ് ഫിക് ഷനലൈസ് ചെയ്യുന്നത്. എന്നാല്‍ 1979 ലെ ഇറാനിയന്‍ വിപ്ലവം നോവലില്‍ന്റെ ഉള്‍ പാഠം ആയി ഇഴ കോര്‍ക്കപ്പെട്ടിട്ടുണ്ട്. മധ്യകാലത്തിന്റെയും പുതുകാലം 'വിചിത്ര സൌന്ദര്യമിയന്നത് (exotic) എന്ന് വിദൂരവല്‍ക്കരിച്ചതോ ആയ ഗതകാലത്തിന്റെയും പശ്ചാത്തലത്തില്‍ കഥകള്‍ പറയുന്നത് കൊണ്ട് അറേബ്യന്‍ രാവുകളുടെ മോഹിപ്പിക്കുന്ന ലോകം പുതുകാലത്ത് വിപണനം ചെയ്യുന്നയാള്‍ എന്ന മട്ടില്‍ മാലൂഫ് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൂതകാലത്തിന് കരുത്തും ആവേശവും ബൗദ്ധികമായ ഉള്ളടക്കവും നല്‍കി അങ്ങേയറ്റം രസകരവും ഒപ്പം ആഴമുള്ള ദാര്‍ശനികതയുമുള്ള സാഹസിക കഥകള്‍ പറയുകായാണ് മാലൂഫ് ചെയ്യുന്നത് എന്ന് ഈ വീക്ഷണം ഖണ്ഡണ്ടിക്കപ്പെടുന്നു. ദി റോക്ക് ഓഫ് ടാനിയോസ് (1993) എന്ന കൃതിയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ഫ്രഞ്ച്- ബ്രിട്ടീഷ് കടന്നു കയറ്റങ്ങളും നേരിടുന്ന ലബനോന്‍ പശ്ചാത്തലമാക്കുമ്പോള്‍ പോര്‍ട്ട് ഓഫ് കാള്‍ (1996) 1948-ലെ പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ കേന്ദ്രീകരിക്കുന്നതിലൂടെ വര്‍ത്തമാനകാലവും തന്റെ കൃതികള്‍ക്ക് വിഷയമാക്കുകയാണ് മാലൂഫ്. മാലൂഫിന്റെ നോവലുകളില്‍ ഏറെ പ്രസിദ്ധമായ 'ബാല്‍ത്തസാര്‍സ് ഒഡീസ്സി' പതിനേഴാം നൂറ്റാണ്ടിലെ നിര്‍ണ്ണായകമായ ഒരു വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ ഹൃദയ ഭൂമികളിലൂടെയുള്ള ഒരു 'പിക്കറസ്ക് ' യാനമായാണ് ആവിഷ്കരിക്കപ്പെടുന്നത്.
ബാല്‍ത്തസാറുടെ യാനം - പശ്ചാത്തലം
വെളിപാടിന്റെ പുസ്തകത്തിലെ അന്തി ക്രിസ്തുവിന്റെ അടയാളമായ 666 എന്ന അക്കം ശകുനങ്ങളുടെതും അപശകുനങ്ങളുടെതുമായ ഒട്ടേറെ വിശ്വാസ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ക്രിസ്തു വര്‍ഷം 1666 സ്വാഭാവികമായും ഒട്ടേറെ ഉത്കണ്ഠകള്‍ യൂറോപ്പില്‍ ആകമാനം സൃഷ്ടിച്ചു. തൊട്ടു മുമ്പത്തെ വര്‍ഷം ലണ്ടന്‍ നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നിനെ - ഒരു മില്യണ്‍ മനുഷ്യരെ - ഒടുക്കിയ പ്ലേഗ് ബാധ അത്തരം അന്ത്യ ദിന പ്രവചനങ്ങള്‍ക്ക് ആക്കം കൂട്ടി. 1666 സെപ്തംബര്‍ രണ്ടിന് വീണ്ടും മൂന്നു ദിവസത്തിലേറെ നീണ്ടു നിന്ന വന്‍ അഗ്നി ബാധയുടെ രൂപത്തില്‍ , ആള്‍ നഷ്ടം നാമമാത്രമായിരുന്നെങ്കിലും, അതേ നഗരത്തെ അശനിപാതം പിടികൂടി. ഈ ചരിത്ര വസ്തുതകള്‍ പശ്ചാത്തലമാക്കി, നിഗൂഡതകള്‍ നിറഞ്ഞ ഒരു പുസ്തകത്തെയും അതിന്റെ പൊരുളും തേടിയിറങ്ങുന്ന ബാല്‍ത്തസാര്‍ എംബ്രിയാക്കോ എന്ന, പഴയ കൗതുക വസ്തുക്കളും പുസ്തകങ്ങളും കച്ചവടം ചെയ്യുന്ന "കിഴക്കന്‍ ദേശത്ത് കഴിഞ്ഞ ഒരു നൂറു കൊല്ലമായി ഏറ്റവും പ്രശസ്തമായ ഏറ്റവും കൂടുതല്‍ സ്റ്റോക്ക് ഉള്ള"കടയുടെ ഉടമയായ ലവന്റൈന്‍ കച്ചവടക്കാരനാണ് നോവലിന്റെ കേന്ദ്ര കഥാപാത്രം. വിശ്വാസങ്ങളുടെയും മതങ്ങളുടെയും സംഗമ സ്ഥലിയായ മധ്യ പൂര്‍വ്വ ദേശത്ത് വെളിപാടു പുസ്തക സൂചനകളിലെ ഈ ഭയങ്ങള്‍ മറ്റൊരു അഭ്യൂഹവുമായി കൂടിക്കുഴഞ്ഞു: വിശുദ്ധ ഖുറാനില്‍ ദൈവത്തിന്റെ 99 പേരുകള്‍ പറയപ്പെട്ടിട്ടുണ്ടെങ്കിലും നൂറാമത് ഒരു പേരു കൂടിയുണ്ടെന്നും ദുരൂഹ ഗുണങ്ങള്‍ ഉള്ള ആ പേരും അതിന്റെ പൊരുളും കണ്ടെത്തുന്നയാള്‍ അനശ്വരനും അധൃഷ്യനും ആയിത്തീരുമെന്നും ഉള്ള വിശ്വാസത്തിന്റെ തുടര്‍ച്ചയായി അബു മാഹെര്‍ അല്‍ മസന്‍ദരാനി എന്ന മുസ്ലിം പണ്ഡിതന്‍ അത് 'നൂറാമത്തെ പേര് (The Hundredth Name) എന്ന പേരില്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉള്ളതായിരുന്നു ആ അഭ്യൂഹം. നോഹക്ക് ആ നാമം അറിയാമായിരുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിനു സ്വയം രക്ഷപ്പെടുന്നതിനോടൊപ്പം കുടുംബത്തെ രക്ഷപ്പെടുത്താനും കഴിഞ്ഞത് എന്ന് ഒരു മിത്ത് നിലനിന്നു. ഒരു നാള്‍ തെരുവില്‍ യാചകനായിക്കഴിയുന്ന ഒരു വയോധികനില്‍ നിന്ന് ബാല്‍ത്തസാറിനു വിശിഷ്ട ഗ്രന്ഥം കിട്ടുന്നതോടെയാണ് സംഭവഗതികള്‍ ചടുലമാകുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കം തുറന്നു നോക്കുന്നതിനു വയോധികന്റെ മുറിയിലെ ഇരുട്ട് തടസ്സമാകുന്നത് കൊണ്ട് അതുമായി വീട്ടിലെത്തുന്ന ബാല്‍ത്തസാറിനു ഫ്രഞ്ച് ചക്രവര്‍ത്തിയുടെ ദൂതന്‍ പൊടുന്നനെ സന്ദര്‍ശകനായി എത്തുന്നത് വിനയാകുന്നു. ഒളിപ്പിച്ചു വെച്ച അപൂര്‍വ്വ ഗ്രന്ഥം രാജ ദൂതന്‍ കണ്ടെത്തുകയും അയാളെ പിന്‍ തിരിപ്പിക്കാന്‍ വേണ്ടി പറയുന്ന ഭീമമായ സംഖ്യ പേശലൊന്നും കൂടാതെ അയാള്‍ നല്‍കുകയും ചെയ്യുന്നതോടെ ബാല്‍ത്തസാറിന് വേറെ വഴിയില്ലതാവുകയും ചെയ്യുന്നു. എന്നാല്‍ പുസ്തകം അയാള്‍ക്ക് നല്‍കിയ വയോധികന്റെ മരണം പോലെ തുടര്‍ന്നുണ്ടാവുന്ന നിമിത്തങ്ങള്‍ ഒരു ദുരാഗ്രഹിയെപ്പോലെ അത് കൈവിട്ടു കളഞ്ഞത് ശരിയായില്ലെന്ന ബോധ്യം സൃഷ്ടിക്കുകയും രാജ ദൂതനെ പിന്തുടര്‍ന്ന് പുസ്തകം തിരികെ വാങ്ങാനാവുമോ എന്ന ചിന്തയിലേക്ക് അയാളെ നയിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് വിജ്ഞാന കുതുകിയായ ജാബര്‍ , വായ്നോട്ടക്കാരനായ ഹബീബ് എന്നീ രണ്ടു അനന്തിരവ്നമാരെയും വിശ്വസ്ത ഭൃത്യനെയും കൂട്ടി ലവന്റൈന്‍ പട്ടണമായ ജിബലെറ്റില്‍ നിന്ന് അയാള്‍ യാത്രതിരിക്കുക.
ഇടത്താവളങ്ങള്‍ , സഹയാത്രികര്‍
കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുള്ള യാത്രയില്‍ മാര്‍ത്തയെന്ന യുവ വിധവ അവരോടൊപ്പം ചേരാനിടയാവുന്നത് മറ്റൊരു പ്രധാന വഴിത്തിരിവാണ്. തീരെ ചെറുപ്പത്തില്‍ വിവാഹിതയായ മാര്‍ത്തയെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ തേടിയും അയാള്‍ മരിച്ചു പോയിട്ടുണ്ടെങ്കില്‍ അത് രേഖയായിക്കിട്ടുന്നതിനു വേണ്ടിയുമാണ് മാര്‍ത്ത യാത്ര തിരിക്കുന്നത്. അവള്‍ക്ക് ഒരു പുതു ജീവിതം തുടങ്ങാന്‍ അത് കൂടിയേ കഴിയൂ. മാര്‍ത്ത, തന്റെ ചെറുപ്പത്തിലെ രഹസ്യ പ്രണയമായിരുന്നുവെന്നു ബാല്‍ത്തസാര്‍ ഓര്‍ക്കുന്നുണ്ട്. ഇരുവരും നിശ്ചയിച്ചുറപ്പിച്ചത് പ്രകാരമാണ് മാര്‍ത്തയുടെ ഒളിച്ചോട്ടം എന്ന ആരോപണത്തോടെ അവളുടെ ഭര്‍തൃ സഹോദരങ്ങള്‍ ബാല്‍ത്തസാറിനോട് ഏറ്റുമുട്ടുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ അവര്‍ പരസപരം കണ്ടുമുട്ടുക പോലും ചെയ്തിട്ടില്ല. പിന്നീട് കണ്ടു മുട്ടുമ്പോഴാവട്ടെ, മാര്‍ത്തയുടെ യാത്ര അതേ സമയത്തായത് തികച്ചും യാദൃശ്ചികം അല്ലായിരുന്നെന്നും അതിനു പിന്നില്‍ പെണ്‍ സൗഹൃദങ്ങളില്‍ ഇത്തിരി ധാരാളിയായ ബാല്‍ത്തസാറിന്റെ അനന്തിരവന്മാരില്‍ ഇളയവന്‍ ഉണ്ടെന്നും അയാള്‍ മനസ്സിലാക്കും. സത്രങ്ങളില്‍ മാര്‍ത്തയെ ഭാര്യയെന്നു പരിചയപ്പെടുത്താതെ നിവര്‍ത്തിയില്ലാത്തത് കൊണ്ട് അങ്ങനെ ചെയ്യുന്നുവെങ്കിലും അടിമുടി മാന്യനും സത്യസന്ധനുമായ ബാല്‍ത്തസാര്‍ കാമാനകളെ നിയന്ത്രിച്ചാണ് അവളോട് പെരുമാറുക. ഒരെമുറിയില്‍ ഒരേ കട്ടിലില്‍ കിടക്കുമ്പോഴും "ഞങ്ങളുടെ രണ്ടാമത് കൂടിക്കാഴ്ചവരെ ഞാനവളെ കൈകളില്‍ ഒതുക്കിയില്ല, അപ്പോള്‍ പോലും ഇരുട്ടില്‍ ഞാന്‍ വിവശനായി. ഇപ്പോള്‍ ഞങ്ങളുടെ മൂന്നാം കൂടിക്കാഴ്ചയില്‍ ഞാന്‍ എന്റെ കൈകള്‍കൊണ്ട് അവളുടെ തോളില്‍ ചുറ്റി, ഇപ്പോഴും ഞാന്‍ തുടുത്തുപോയി. അവള്‍ മുഖമുയര്‍ത്തി, മുടിയഴിച്ചു, എന്റെ നഗ്നമായ കൈത്തണ്ടയില്‍ കാര്‍കൂന്തല്‍ വിതറിയിട്ടു. എന്നിട്ട് ഒരു വാക്കും മിണ്ടാതെ ഉറങ്ങാന്‍ പോയി.” പ്രണയത്തിന്റെ ഭാഷയില്‍ അവളോട് കുറുകിത്തുടങ്ങുമ്പോള്‍ രണ്ടുമാസം പിന്നിട്ടിരുന്നുവെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ മാര്‍ത്ത വന്ന പോലെ പോകും- നഷ്ടപ്രണയത്തിന്റെ വിഷാദ സ്മൃതി ബാക്കി വെച്ച്. പോകെപ്പോകെ അവരുടെ ബന്ധം തീവ്രമായ പ്രണയമായി വളരുമ്പോഴും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍ മാര്‍ത്തക്ക് ആവശ്യമായ രേഖകള്‍ക്ക് വേണ്ടി സഹായിക്കുന്നതിനു പകരം ആര്‍ത്തി പൂണ്ട കൈക്കൂലി പിടുങ്ങലിനു ഒരിരയെ കണ്ടെത്തിയ ആഹ്ലാദത്തിലാണ്. അതെ സമയം, നിഗൂഡ ഗ്രന്ഥവുമായിപ്പോയ രാജദൂതന്‍ കപ്പല്‍ ചേദം സംഭവിച്ചു മരിച്ചു പോയെന്നും കപ്പലിലെ കണ്ടുകിട്ടിയ കൗതുക വസ്തുക്കള്‍ ആക്രി വില്‍പ്പനക്കാരുടെ കൈകളില്‍ എത്തിയെന്നും ബാല്‍ത്തസാര്‍ അറിയുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങള്‍ ബാല്‍ത്തസാറിനെ തീര്‍ത്തും നിസ്സഹായനാക്കി മാര്‍ത്തയെ ഒരു അധോലോക നായകനായ അവളുടെ ഭര്‍ത്താവിന്റെ കൈകളില്‍ എത്തിക്കും.
സ്മിര്‍നയില്‍ വെച്ചു സ്വയം പ്രഖ്യാപിത ജൂത മിശീഹയായിരംഗത്തെത്തുന്ന ശബത്തായിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കേള്‍ക്കാനിടയാവുന്നത്, കള്ളപ്രവാചകന്മാരുടെ വരവിനെ കുറിച്ചുള്ള വെളിപാടു പുസ്തക ഭയങ്ങളുടെ ചിഹ്നമാണ്. തുടര്‍ന്ന് മെഡിറ്ററെനിയനിലൂടെ തിരികെ ജെനോവയിലെക്കും അങ്ങ് ദൂരെ ലണ്ടനിലേക്കും യാത്രകള്‍ നീളുന്നു. ലണ്ടനിലെ വന്‍ അഗ്നിബാധയുടെ നാളുകളില്‍ വിദേശികളാണ് എല്ലാ ദുര്‍നിമിത്തങ്ങള്‍ക്കും കാരണം എന്ന വിശ്വാസത്തെ തുടര്‍ന്ന് അരങ്ങേറുന്ന വംശീയ സംഘര്‍ഷങ്ങളുടെ ഘട്ടത്തില്‍ അഭയം നല്‍കുന്ന ബെസ്സ് എന്ന മദ്യശാല നടത്തിപ്പുകാരി അമ്മയുടെ പരിചരണവും കാമുകിയുടെ പ്രണയവുമായി ബാല്‍ത്തസാറിന്റെ ജീവിതത്തിലെ ഏറ്റവും മസൃണമായ സ്ത്രീ സാന്നിധ്യമായിത്തീരും; അവളെയും സ്വന്തമാക്കാന്‍ അയാള്‍ക്ക് കഴിയില്ലെങ്കിലും. ഇവിടെവെച്ചാണ് വയോധികനായ വികാരിയച്ചനില്‍ നിന്ന് വിലക്കപ്പെട്ട ഗ്രന്ഥം വീണ്ടും അയാളുടെ കൈകളില്‍ എത്തുക. എന്നാല്‍ ഗ്രന്ഥം അതിന്റെ ദുരൂഹ സിദ്ധികള്‍ തുടരുന്നു; അതിന്റെ രഹസ്യത്തിന്റെ കാതല്‍ അപ്രാപ്യമായി തുടരുന്നു. അത് തുറക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാളെ ആന്ധ്യം ബാധിക്കുന്നു. അഗ്നി ബാധ പോലും ദുരൂഹ നിമിത്തങ്ങളുമായി കണ്ണി ചേരുന്നുവോ എന്ന് തോന്നിക്കുന്ന സൂചനകള്‍ ഉണ്ടാവുകയും ബാല്‍ത്തസാര്‍ ശ്രമം ഉപേക്ഷിക്കുകയും ചെയ്യുന്നു. തന്റെ തായ് വേരുകള്‍ ഉള്ള ജെനോവയില്‍ തിരികെയെത്തുന്ന ബാല്‍ത്തസാറിന്, മുമ്പ് താന്‍ ഉപേക്ഷിച്ചു പോയ ഒരു വിവാഹത്തില്‍ നിന്ന് ഇനി മുഖം തിരിക്കാനാവില്ല. ഏറെ കടപ്പാടുകള്‍ ഉള്ള ഗ്രിഗോറിയോ എന്ന നല്ല മനുഷ്യന്‍ സാമൂഹിക പദവിയില്‍ മുന്നേറാനുള്ള മാര്‍ഗ്ഗമായി പതിമൂന്നുകാരിയായ തന്റെ മൂത്ത മകള്‍ക്ക് കണ്ടെത്തിയ വരനായിരുന്നു നാല്‍പ്പതു വയസ്സുള്ള, എംബ്രിയാക്കോ കുലജാതന്‍ . എങ്കിലും ബാല്‍ത്തസാര്‍ അവളോട് ഉള്ളു തുറക്കാന്‍ വഴി കണ്ടെത്തുന്നുണ്ട്. പതിനെട്ടാം വയസ്സില്‍ നടന്ന തന്റെ ആദ്യ വിവാഹത്തിന്റെ, മറ്റൊരാളെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടി വിഷാദം കൊണ്ട് മരിച്ചതിന്റെ കഥ അയാള്‍ അവളോട് പറയുന്നുണ്ട്. നിനക്കെന്നെ സ്നേഹിക്കനാവില്ലെങ്കില്‍ തുറന്നു പറയുക, ഞാനത് എന്റെ കുറ്റമായി അവതരിപ്പിച്ചോളാമെന്ന അയാളുടെ ഉറപ്പിനു കൌമാരക്കാരി നിറഞ്ഞ മറുപടി നല്‍കുക ഇങ്ങനെയാണ്: അങ്ങയോടൊപ്പം ഞാനൊരിക്കലും ദുഃഖിതയായിരിക്കില്ല.
പുരുഷ ലോകത്തെ സ്ത്രീ പ്രതിനിധാനങ്ങള്‍
നോവലിലെ സ്ത്രീ സാന്നിധ്യങ്ങളെല്ലാം പുരുഷാധിഷ്ടിത സമൂഹത്തിന് കീഴ്പ്പെട്ടു കഴിയുന്നവര്‍ തന്നെയാണ്. മാര്‍ത്ത പ്രണയം മറന്നും സഹിക്കാനാവാത്ത ഭര്‍ത്താവിനോടൊപ്പം സ്വയം ജീവിതം ഹോമിക്കുന്നത് ബാല്‍ത്തസാറില്‍ നിന്ന് ഗര്‍ഭിണിയാണ് എന്ന സംശയത്തിലും വിധവ/പരിത്യക്ത ഗര്‍ഭിണിയാവുന്നതിന്റെ സാമൂഹിക പരിണിതികള്‍ ഭയന്നുമാണ്. ബെസ്സ് ഏറെ കയ്യേറ്റങ്ങള്‍ സഹിക്കേണ്ടി വന്നവളാണ്; നല്‍കിയ സ്നേഹം തിരിച്ചു കിട്ടാതെ പോയവളും. 'തങ്ക ഹൃദയമുള്ള വിനോദദായിനി' എന്ന (courtesan with a heart of gold) എന്ന സാഹിത്യത്തിലെ ഇഷ്ട കഥാപാത്രമായ ബെസ്സ് ഫോക് നറുടെ കോറി (The Reivers), കസാന്‍ദ് സാകീസിന്റെ മാഡം ഹോര്‍ടെന്‍സി (Zorba, the Greek) തുടങ്ങിയ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കും. തനിക്കുള്ളിലെ പ്രവാസിയുടെ മനസ്സിലാണ് ബെസ്സ് ഇടം കണ്ടെത്തുന്നതെന്ന് ബാല്‍ത്തസാര്‍ നിരീക്ഷിക്കുന്നുണ്ട്: ബെസ്സ് തന്നെ ആകര്‍ഷിച്ചത് "ഒരു യാത്രികന്റെ കാമ വിശപ്പ് കൊണ്ടായിരുന്നില്ല: അത് കൂടുതല്‍ സ്വകീയമായ അടിസ്ഥാന ദുഃഖം കൊണ്ടായിരുന്നു. ഞാനൊരു വിദേശിയായാണ് ജനിച്ചത്, വിദേശിയായി ജീവിച്ചു, മരിക്കുമ്പോഴും ഞാന്‍ ഏറിയ കൂറും ഒരു വിദേശിയായിരിക്കും. ശത്രുത, അപമാനം, വെറുപ്പ്, ദുരിതം എന്നിവയെ കുറിച്ചൊക്കെ പറയാന്‍ എന്റെ അഭിമാനം സമ്മതിക്കുന്നില്ല - എന്നാല്‍ നോട്ടങ്ങളെയും ആംഗ്യങ്ങളെയും തിരിച്ചറിയേണ്ടതെങ്ങനെയെന്നു എനിക്കറിയാം. ചില സ്ത്രീകളുടെ കൈകള്‍ പാലായനത്തിന്റെ ഇടങ്ങളാണ്; ചിലത് സ്വദേശവും.” നാസ്മി എന്ന പരിചാരികയുമായി ഹബീബ് രഹസ്യമായി ബന്ധപ്പെടുന്നതിന് അവളെ പുറത്താക്കുകയും ഹബീബിനെ ശാസിക്കുക മാത്രം ചെയ്യുന്നതും ബാല്‍ത്തസാറില്‍ കുറ്റബോധം ഉണ്ടാക്കുന്നുണ്ട്. നോവലില്‍ ഏറെയൊന്നും വിവരിക്കപ്പെടുന്നില്ലെങ്കിലും പ്രണയ നഷ്ടത്തില്‍ മനമുരുകി മരിച്ച ബാല്‍ത്തസാറിന്റെ ആദ്യ ഭാര്യ എല്‍വിറ ഒരു നൊമ്പര സ്മൃതിയാണ്. തനിക്കറിയില്ലായിരുന്നു അവളുടെ ഹൃദയ വ്യഥയുടെ പൊരുള്‍ എന്ന് വേദനിക്കുന്ന ബാല്‍ത്തസാര്‍ കാരുണ്യപൂര്‍വ്വമാണ് അവളെ ഓര്‍ക്കുന്നത് എന്നത് അയാളുടെ മാനവികതയുടെ മറ്റൊരടയാളമാണ്. ഒരു ഘട്ടമെത്തുമ്പോള്‍ മാര്‍ത്തയും അതേ തരം വിഷാദ സ്മൃതിയായാണ് അയാളില്‍ നിറയുക. ഗ്രിഗോറിയോയെ നിഷേധിക്കാന്‍ ആവാതെയും കൌമാരക്കാരിയായ ഗിയാക്കോമിനാറ്റയെ വിവാഹം കഴിക്കാന്‍ താല്പര്യപ്പെടാതെയും ധര്‍മ്മ സങ്കടത്തില്‍ ആവുന്നതും അയാളുടെ വ്യക്തിത്വ വിശുദ്ധി സൂചിപ്പിക്കുന്നു. "ഗിയെക്കോമിനാറ്റയെ കുറിച്ച് ഞാന്‍ ഇഷ്ടപ്പെടാത്ത മൂന്നു കാര്യങ്ങളുണ്ട്: അവളുടെ കുടുംബ പേര്, അവളുടെ അമ്മ, പിന്നെ ഏതൊക്കെയോ വിധത്തില്‍ അവള്‍ എന്റെ ആദ്യ ഭാര്യയും എന്റെ ജീവിതത്തിന്റെ ദുഃഖവുമായ എല്‍വിറയെ പോലെയാണ് എന്നതും" പക്ഷെ ഇതിനൊന്നും ആ പാവം പെണ്‍കുട്ടി ഉത്തരവാദിയും അല്ല. എന്നാല്‍ ഈ വിശുദ്ധിയുടെ മറുവശം ചിലപ്പോഴെങ്കിലും ഒരു ഹാംലെറ്റ് ശങ്കാ സ്വഭാവമായാണ് അയാളെ വേട്ടയാടുക. "ഞാനീ വരികള്‍ എഴുതുമ്പോള്‍ എന്റെ സന്ദേഹങ്ങള്‍ വര്‍ദ്ധിക്കുന്നു, എന്റെ പേന, പേപ്പറില്‍ കോറുന്നത് പോലെ, എന്റെ ആത്മാഭിമാനത്തിന്റെ മുറിവുകളിലുമാണ് കോറി വലിക്കുന്നത്.” ബ്ലാക്ക് മെയില്‍ ചെയ്തും പണം പിടുങ്ങിയും കുരങ്ങു കളിപ്പിക്കുന്ന ഉദ്യോഗസ്ഥനെ ആശ്രയിക്കാതെ മാര്‍ത്തയുടെ ഭര്‍ത്താവ് മരിച്ചു പോയതായി ഒരു സര്‍ട്ടിഫിക്കറ്റ് കൃതൃമമായി സമ്പാദിക്കാന്‍ ഹാതെം ഉപദേശിക്കുമ്പോള്‍ ഈ ശങ്കയാണ് അയാളെ പുറകോട്ടു വലിക്കുക. വെറുമൊരു അധോലോക ഗുണ്ടയില്‍ കൂടുതല്‍ ഒന്നുമല്ലാത്ത മാര്‍ത്തയുടെ ഭര്‍ത്താവ് സയ്യാഫിനെ കൊന്നു കളയേണ്ടതായിരുന്നു എന്ന് സുഹൃത്തും സഹായിയുമായ കപ്പിത്താനും നിര്‍ദ്ദേശിക്കുമ്പോള്‍ അത് താനും ചിന്തിച്ചതാണ് എന്ന് ബാല്‍ത്തസാര്‍ പറയുന്നുണ്ട്. എന്നാല്‍ "ബാല്‍ത്തസാര്‍ ഒരാളെ കൊല്ലുകയോ? " എന്ന് അയാള്‍ സ്വയം ഉദാത്തനാവുകയാണ്. അയാള്‍ മരിച്ചു പോയതായി കള്ളാ രേഖ ഉണ്ടാക്കുന്നതിനെ കുറിച്ചും ബാല്‍ത്തസാര്‍ ശങ്കയിലാണ്: “എനിക്കെങ്ങനെയാണ് ജിബലെറ്റിലേക്ക് തിരികെ പോയി ഒരു കള്ള രേഖയാണെന്ന് എനിക്കറിയാവുന്ന ഒന്നിന്റെ ബലത്തില്‍ പള്ളിയില്‍ വെച്ച് വിവാഹിതനാവാന്‍ കഴിയുക? എങ്ങിനെയാണ് ബാക്കി ജീവിതകാലം മുഴുവന്‍ എന്റെ വാതില്‍ , ഒരാളുടെ ഭാര്യയോടൊപ്പം കഴിയുന്നതിനു വേണ്ടി അകാലത്തില്‍ ഞാന്‍ മറമാടിയ അയാള്‍ വലിച്ചു തുറക്കുന്നത് കാത്തുകൊണ്ട് നാളുകള്‍ കഴിക്കാനാവുക? അതെനിക്ക് അംഗീകരിക്കാനേ കഴിഞ്ഞില്ല!” തന്റെ സന്ദേഹങ്ങളെ കുറിച്ച് അയാള്‍ സ്വയം കണ്ടെത്തുന്നുണ്ട്: “ഞാന്‍ ജന്മനാ ഒരു കച്ചവടക്കാരന്‍ ആണ്, എനിക്കുള്ളത് ഒരു വ്യാപാരിയുടെ മനസ്സും; അല്ലാതെ ഒരു കടല്‍ കൊള്ളക്കാരന്റെയോ യോദ്ധാവിന്റെയോ അല്ല.” ഇതേ ശങ്കാ സ്വഭാവം മറ്റുള്ളവരെ വിലയിരുത്തുമ്പോഴും അയാളില്‍ പെട്ടെന്ന് സംശയം നിറയ്ക്കും. അഭിവന്ദ്യനായ യാചക വയോധികന്‍ ഇദ് രീസിനെ മുതല്‍ ഗ്രിഗോറിയോ, കപ്പിത്താന്‍ തുടങ്ങിയവരെ മാത്രമല്ല മാര്‍ത്തയെ പോലും ചില നിമിഷങ്ങളില്‍ അയാള്‍ സംശയിച്ചു പോകും. അറിഞ്ഞുകൊണ്ട് അവര്‍ തന്നെ അപായപ്പെടുത്തുകയാണോ? താന്‍ മൃദു സ്വഭാവിയായത് കൊണ്ടാണോ മാര്‍ത്ത തന്നെ ഉപേക്ഷിച്ചു പൌരുഷത്തിന്റെ കീഴടക്കല്‍ സ്വഭാവമുള്ള സയ്യാഫിനോടൊപ്പം പോയത്? താന്‍ നിര്‍ബന്ധിചിരുന്നെങ്കില്‍ മറ്റെല്ലാം ഉപേക്ഷ്ച്ചു തന്നോടൊപ്പം പോരുമായിരുന്നു എന്ന് അയാള്‍ കരുതുന്ന ബെസ്സിനെ തണുപ്പന്‍ മട്ടില്‍ കൈവീശി കത്തിയെരിയുന്ന ലണ്ടന്‍ നഗരത്തില്‍ വിട്ടു പോന്നതിനെ കുറിച്ചും അയാള്‍ ഓര്‍ത്ത് വിഷമിക്കും. നിഗൂഡ ഗ്രന്ഥത്തിന്റെ ആധികാരികതയെ കുറിച്ച് തന്നെ സന്ദേഹങ്ങളുമായാണ് ബാല്‍ത്തസാര്‍ തുടങ്ങുന്നത് തന്നെ എന്നതും പ്രധാനമാണ്. അയാള്‍ വിശ്വാസിയോ അവിശ്വാസിയോ അല്ല; നിമിത്തങ്ങളും വെളിപാടുകളും വെറും അഭ്യൂഹങ്ങളും കൂടിക്കലരുന്ന പുരാണങ്ങളെ അയാള്‍ അംഗീകരിക്കുന്നുമില്ല. എന്നാലോ, ശപിക്കപ്പെട്ടതായി കരുതുന്ന വര്‍ഷം കഴിഞ്ഞു കിട്ടാന്‍ അയാള്‍ അസ്വസ്തനുമാണ്.
വിധിനാളിനെ കുറിച്ച് പല വിധം
ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ വ്യത്യസ്ഥ രീതിയിലാണ് ഓരോരുത്തരെയും ബാധിക്കുന്നത്. താന്‍ സ്നേഹിച്ചയാള്‍ തന്നെ ചതിച്ച അന്നേക്കു ശേഷം തനിക്കു വേണ്ടി സൂര്യന്‍ പ്രകാശിച്ചിട്ടില്ലെന്നും അതുകൊണ്ട് തനിക്കിനി അഗ്നിയോ, ഇരുട്ടോ പ്രളയമോ വിഷയമല്ലെന്നും മാര്‍ത്ത പറയുന്നു. “അത് എല്ലാ മനുഷ്യരെയും ഭാഗ്യക്കേടില്‍ തുല്യരാക്കും. അതെത്രയും വേഗം വരട്ടെ - മഹാ പ്രളയമായോ ജലമായോ അഗ്നിയായോ! അപ്പോള്‍ പിന്നെ എന്നെ ജീവിക്കാന്‍ അനുവദിക്കുന്ന ഒരു കടലാസു തുണ്ട് , എനിക്കിനിയും സ്നേഹിക്കാം എന്നും വിവാഹം ചെയ്യാമെന്നും സാക്ഷ്യപ്പെടുത്തുന്ന അധികാരികളുടെ ആ മുടിഞ്ഞ രേഖ, അതും തേടി എനിക്കീ റോഡുകളില്‍ അലയേണ്ടി വരില്ല. .. അപ്പോള്‍ എല്ലാവരും എല്ലാ ദിശയിലും ഓടാന്‍ തുടങ്ങും അതെ, എല്ലാവരും! ജഡ്ജിമാര്‍ ,കാലാളുമാര്‍ , ബിഷപ്പുമാര്‍ , സുല്‍ത്താന്‍ പോലും! എല്ലാവരും തീപിടിച്ച വയലില്‍ കുരുങ്ങിപ്പോയ പൂച്ചയെ പോലെ ഓടാന്‍ തുടങ്ങും! ഓ, ദൈവം സഹായിച്ച്എനിക്കത് കാണാനായിരുന്നെങ്കില്‍ !
സാത്താന്റെ വരവില്‍ ആളുകള്‍ ചകിതരാണ്. പക്ഷെ ഞാന്‍ അല്ല. സാത്താന്‍ ? അതെപ്പോഴും അവിടെയുണ്ടായിരുന്നു. എന്റെ തൊട്ടരികെ. എല്ലാ ദിവസവും ഞാന്‍ അതിന്റെ പുച്ഛം കലര്‍ന്ന നോട്ടം കണ്ടിട്ടുണ്ട് - വീട്ടില്‍ , തെരുവില്‍ , ചര്‍ച്ചില്‍ . എല്ലാ ദിവസവും ഞാന്‍ അതിന്റെ കടിയേറ്റിട്ടുണ്ട് ! എന്റെ ജീവിതത്തെ വിഴുങ്ങുന്നതില്‍ നിന്ന് അതൊരിക്കലും വിട്ടു നിന്നിട്ടില്ല.”
പ്ലേഗ് ബാധിച്ച് മരിക്കുന്നവരെ ഹൃദയാലുവായ ഡച്ച് പാതിരി ആശ്വസിപ്പിക്കുക അതെ കുറിച്ച് പറഞ്ഞാണ്: നിങ്ങള്‍ ഇത്തിരി നേരത്തെ പോവുന്നു എന്നേയുള്ളൂ. എല്ലാവരും വൈകാതെ അവിടെയെത്തും. സ്വീകരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ക്ക് നിങ്ങള്‍ അവിടെയുണ്ടാവുമല്ലോ. സ്വന്തം മരണത്തെ കുറിച്ചു ബാല്‍ത്തസാറും ഇപ്പോള്‍ വേറെ വിധത്തില്‍ ചിന്തിക്കുന്നു, “മരണം. എന്റെ സ്വന്തം മരണം. അതിനെന്തു പ്രത്യേകത, പുസ്തകങ്ങള്‍ക്കെന്തു പ്രസക്തി, അല്ലെങ്കില്‍ പ്രശസ്തിക്ക്, ലണ്ടന്‍ നഗരത്തെ പോലെ എല്ലാം തീനാളങ്ങളില്‍ എരിയാന്‍ പോവുകയാണെങ്കില്‍ ?”
“ലോകം പറുദീസയില്‍ ആരംഭിച്ചു, അത് നരകത്തില്‍ അവസാനിക്കാന്‍ പോകുന്നു.
എന്തേ ഇത്ര വൈകി അതിങ്ങനെയായത്?”
ഒരു നിമിഷം ലോകത്തിലേറ്റം വിലയേറിയത് ആ പുസ്തകമാണ് എന്ന് അയാള്‍ക്ക് തോന്നുന്നു, അടുത്ത നിമിഷം അന്ധവിശ്വാസത്തിന് ഇങ്ങനെ അടിപ്പെട്ടു പോകുന്നതില്‍ നാണക്കേടും. നോവലന്ത്യത്തില്‍ പുസ്തകത്തെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചും അയാള്‍ വെളിപാടു പുസ്തക ഭാഷയില്‍ ചിന്തിക്കുന്നു: “ഗോപ്യ നാമത്തെ സമീപിക്കുന്നവര്‍ ആരായാലും അയാളുടെ കണ്ണുകള്‍ എപ്പോഴും മങ്ങിപ്പോവുകയോ മഞ്ഞളിച്ചു പോവുകയോ ചെയ്യുന്നു - ഒരിക്കലും തെളിയുന്നില്ല. ഇപ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നു:
“ദൈവമേ, ഒരിക്കലും എന്നില്‍ നിന്ന് ഏറെ അകലെ പോവല്ലേ! എന്നാല്‍ എന്നോട് വല്ലാതെ അടുത്തു നില്‍ക്കുകയും ചെയ്യല്ലേ!
നിന്റെ വസ്ത്രത്തിലെ താരകങ്ങളെ ഞാന്‍ ആരാധിക്കട്ടെ! എന്നാല്‍ നിന്റെ മുഖം എന്നെ കാണിക്കല്ലേ!
ഞാന്‍ കേള്‍ക്കട്ടെ നിന്റെ നദികളുടെ കളാരവം , നിന്റെ കാറ്റ് മരങ്ങള്‍ക്കിടയിലൂടെ പോവുന്നതിന്റെ സീല്‍ക്കാരം, നിന്റെ കുഞ്ഞുങ്ങളുടെ ചിരി! എന്നാല്‍ ദൈവമേ, ദൈവമേ! നിന്റെ സ്വരം ഞാന്‍ കേള്‍ക്കാതിരിക്കട്ടെ.”
എന്നാല്‍ പുസ്തകവും അത് പ്രതിനിധാനം ചെയ്യുന്ന വിശ്വാസ/ അന്ധവിശ്വാസ ധാരണകളും ബാല്‍ത്തസാറിന്റെ യുക്തി ബോധത്തെ അലോസരപ്പെടുത്തുമുണ്ട്. നിമിത്തങ്ങളായി കണ്ടവ യാദൃശ്ചികഥകള്‍ മാത്രമാവാം എന്നും സഹജമായ സന്ദേഹഭാവത്തില്‍ അയാള്‍ ചിന്തിക്കുന്നു. “ആദ്യം അത് ഇദ് റീസ് ആയിരുന്നു, പിന്നെ മാര്‍മോണ്ടെല്‍ , പിന്നീട് അഗ്നിബാധ. പുസ്തകം മോക്ഷമല്ല നാശമാണ് കൊണ്ടുവരുന്നത്. മരണം, കപ്പല്‍ചേദം, വന്‍ അഗ്നിബാധ. എനിക്കിനി അത് വേണ്ട"എന്നാല്‍ ജിബലെറ്റില്‍ നിന്ന് പോന്ന ശേഷം കൊന്‍സ്റ്റാന്റിനോപ്പിളില്‍ വരെ ഉണ്ടായ സംഭവങ്ങള്‍ യുക്തിസഹമായി വിശദീകരിക്കാം എന്നും അയാള്‍ ചിന്തിക്കുന്നു. ഇദ് രീസിന്റെ മരണം ഒരു വയോധികന്റെ ജീവിതത്തില്‍ എപ്പോഴും പ്രതീക്ഷിക്കാവുന്നത് സംഭവിച്ചതാണെങ്കില്‍ മാര്‍മോണ്ടെലിന്റെ അന്ത്യവും അതേപോലെ തന്നെ. കപ്പല്‍ ചേദം എന്നത് ഒട്ടും അസാധാരണമല്ല. വലാചിയയില്‍ പുസ്തക സംസമ്പാദകന്റെ കട കത്തി നശിച്ചതും അസാധാരണമല്ല. തടിയില്‍ തീര്‍ത്ത എടുപ്പുകള്‍ക്ക് ഒരു വന്‍ നഗരത്തില്‍ അങ്ങനെ സംഭവിക്കാറുണ്ട്. ഇവിടെയെല്ലാം മസന്‍ദരാനിയുടെ പുസ്തകത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് യാദൃശ്ചികമാവാം. എന്നാല്‍ സ്മിര്‍നയിലേക്കുള്ള കപ്പല്‍ യാത്രക്കിടെ ഉണ്ടാവുന്ന അനുഭവങ്ങള്‍ അയാളുടെ യുക്തിബോധത്തെ ശരിക്കും പിടിച്ചുലക്കുന്നുണ്ട്. കപ്പലിനെ ആവേശിക്കുന്ന ഇരുണ്ട അന്തരീക്ഷം, അസ്വാഭാവിക നിശ്ചലത, പ്രേതബാധയുടെതെന്ന പോലുള്ള കാഴ്ചകള്‍ - കോള്‍റിജിന്റെ 'പുരാതന നാവികനിലെ' പ്രേത ബാധിതമായ കടലിന്റെയും പ്രേത രൂപികളായ നാവികരുടെയും സാന്നിധ്യം പോലെ കപ്പലിന്റെയും അന്തരീക്ഷം -'as idle as a painted ship upon a painted ocean' - അയാളെ മഥിക്കുന്നു. കപ്പിത്തനാവട്ടെ ശരിക്കുമൊരു വട്ടനാണ്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നയാള്‍ . “ഞങ്ങള്‍ ക്യാപ്റ്റന്‍ന്റെയോ അയാളെ പിന്തുടരുന്ന പിശാചുക്കളുടെയോ ബന്ദികള്‍ ആവട്ടെ, അല്ലെങ്കില്‍ വിധിയുടെയോ ഭാവി യുദ്ധ ഇരകളോ ആവട്ടെ, ഞങ്ങളെല്ലാവരും, വ്യാപാരികളും നാവികരും ഒരു പോലെ, ധനികരും ദരിദ്രരും, പ്രഭുക്കളും ഭൃത്യന്മാരും, ഒരു കൂട്ടം നഷ്ടാത്മാക്കളായി അനുഭവപ്പെട്ടു.”
യാഥാര്‍ത്ഥ്യവും പ്രതീതിയും
മാലൂഫിന്‍റെ കൃതികളില്‍ എല്ലാം പരിശോധിക്കപ്പെടുന്ന ഒരു ഉത്കണ്ഠയാണ് യാഥാര്‍ത്ഥ്യവും പ്രതീതിയും (appearance and reality) തമ്മിലുള്ള അന്തരം. അബ്ദുല്ലത്തീഫ് എന്ന ഓട്ടോമന്‍ ഉദ്യോഗസ്ഥന്‍ ഒരു പാഠമാണ്. ഓഫീസില്‍ വെച്ച് ഉറക്കെ കൈക്കൂലി വാങ്ങുകയും പിറകെ വന്നു അത് തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സത്യസന്ധനായ മനുഷ്യന്‍ അതിനെ വിശദീകരിക്കുന്നുണ്ട്. ഒട്ടാകെ അഴിമതിയില്‍ കുളിച്ച വ്യവസ്ഥയില്‍ മാറി ചിന്തിക്കുന്നതിനു ഭീഷണി നേരിടുന്ന അയാള്‍ക്ക് രഹസ്യമാക്കി വെക്കേണ്ടത് താന്‍ തെറ്റ് ചെയ്യുന്നില്ല എന്ന വസ്തുതയാണ്. "എന്തൊരു വിചിത്ര കാലത്താണ് നാം ജീവിക്കുന്നത്, നന്മക്കു തിന്മയുടെ വിലകുറഞ്ഞ കീറന്‍ ഉടുപ്പ് ധരിക്കേണ്ടി വരുന്നു." ബാല്‍ത്തസാര്‍ സ്വയം പെട്ട് പോകുന്ന അവസ്ഥയിലും ഈ വൈരുധ്യം ഉണ്ട്. തെറ്റ് ചെയ്യാത്ത താന്‍ ഒളിച്ചോടെണ്ടി വരുന്നു. സത്യസന്ധനായ വ്യാപാരിയായിട്ടും ഭ്രഷ്ടന്‍ ആവുന്നു. ഹാതെം സൂചിപ്പിച്ച പോലെ സയ്യാഫ് മരിച്ചുപോയെന്ന കള്ള രേഖ ചമയ്ക്കാന്‍ ശ്രമിക്കുന്ന പക്ഷം പിന്നെ തനിക്കു അബ്ദുല്ലതീഫിനെ പോലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ മുന്നില്‍ ചെല്ലാന്‍ പോലുമാവില്ല. മാര്‍ത്ത കുട്ടികള്‍ ഉണ്ടാവാത്തവള്‍ ആണെന്ന വിശ്വാസം തിരിച്ചടിക്കുന്നതാണ് മറ്റൊരനുഭവം. ബാല്‍ത്തസാര്‍ തന്റെ കുഞ്ഞ് പിറന്നു കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പെട്ട് പോകുന്ന സാഹചര്യത്തില്‍ അവള്‍ വന്ധ്യയായിരുന്നെങ്കില്‍ എന്ന് ചിന്തിക്കേണ്ടി വരുന്നു. ഗര്‍ഭിണിയാണ് എന്ന ചിന്തയാണ് ഒടുവില്‍ മാര്‍ത്തയെ അയാള്‍ക്ക് നഷ്ടപ്പെടുത്തുകയും ചെയ്യുക. അതാവട്ടെ സത്യവുമായിരുന്നില്ലെന്നു വൈകിയാണ് അറിയുക. സയ്യാഫിനെ ഉപേക്ഷിച്ചു പോരാന്‍ അവള്‍ക്കു ധൈര്യമില്ലാത്തതാണ് പ്രശ്നം എന്ന് കുറ്റപ്പെടുത്തുന്ന ബാല്‍ത്തസാറിനോട് അവള്‍ പൊട്ടിത്തെറിക്കുന്നുണ്ട്: “ഞാന്‍ നിനക്ക് വേണ്ടത്ര ധീരയല്ല, അല്ലെ? എന്നെ സ്നേഹിക്കുന്നേയില്ലാത്ത ഒരാളുടെ അടുത്തേക്ക് ഞാന്‍ തിരികെ പോകുകയാണ്, എന്നെ പരിഹസിക്കുന്ന, ഇനിയുള്ള കാലം മുഴുവന്‍ എന്നെ അടച്ചിടുന്ന ഒരാളുടെ അടുത്തേക്ക്, എന്റെ കുട്ടികള്‍ തന്തയില്ലാത്തവര്‍ എന്ന് വിളിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി - എന്നിട്ട് നീയെന്നെ ഭീരു എന്ന് വിളിക്കുന്നു?” ആത്മത്യാഗത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് ശരിയല്ലെന്ന് അയാള്‍ ചിന്തിക്കുന്നു. അത് ഭീരുത്വത്തിന്റെയോ ധൈര്യത്തിന്റെയോ പ്രശ്നമല്ല, അത് ഇഞ്ചോടിഞ്ച് പൊരുതി ലോകത്തെ നേരിടലാണ്, രണ്ടുകാലില്‍ മരിക്കലാണ്. ജിബലെറ്റിലെ ഏതോ കുടിയനായ പാതിരി മൂന്നു വാചകങ്ങളിലൂടെ അവളുടെ മേല്‍ കേട്ടിയേല്‍പ്പിച്ച ഒരു തെമ്മാടിയോടൊപ്പം കഴിയാന്‍ തന്റെ പ്രണയിനിയെ വിട്ടു കൊടുക്കണോ? അയാള്‍ക്ക് മനുഷ്യ നിര്‍മ്മിത നിയമങ്ങളോടും ചടങ്ങുകളോടും അടങ്ങാത്ത പുച്ഛം തോന്നുന്നുണ്ട്. “ഞാന്‍ ഒരിക്കലും ഭര്‍ത്താവായിട്ടില്ലാത്ത വിഭാര്യനാണ്. ഒരജ്ഞാത പിതാവ്. വഞ്ചിക്കപ്പെട്ട കാമുകന്‍ .” “ഞാനെന്റെ തെറ്റുകളിലും അബദ്ധങ്ങളിലും പശ്ചാത്തപിക്കുന്നു, പക്ഷെ എന്റെ പാപങ്ങളില്‍ ഇല്ല. മാര്‍ത്തയെ സ്വന്തമാക്കിയതല്ല എന്നെ പീഡിപ്പിക്കുന്നത്; അവളെ നഷ്ടപ്പെട്ടതാണ്.” പ്ലേഗ് ബാധയുടെ കാലത്ത് സ്വജീവന്‍ തൃണവല്‍ ഗണിച്ച് സേവനം ചെയ്ത ഡച്ച് പാതിരി സാത്താനിക സുരക്ഷിതത്വം ഉള്ളവന്‍ എന്ന് പ്രചരിപ്പിക്കപ്പെടുകയും ഭ്രഷ്ട് കല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. "സത്യം പറഞ്ഞാല്‍ , എനിക്കിപ്പോള്‍ ഒന്നിനെ കുറിച്ചും തീര്‍ച്ചയില്ല. ഞാന്‍ ഇതൊക്കെയും സങ്കല്‍പ്പിക്കുന്നു, ചിലതൊക്കെ ഭയപ്പെടുന്നു, പക്ഷെ ഒന്നിലും വിശ്വസിക്കുന്നില്ല” എന്ന് ബാല്‍ത്തസാര്‍ നിരീക്ഷിക്കുന്നുണ്ട്. ജീവിതത്തിന്റെ ആകത്തുകയില്‍ മറ്റാര്‍ക്കും മേലെ ബെസ്സിനോടുള്ള സ്നേഹം ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് തോന്നുന്നു, തന്റെ വധുവാകാന്‍ പോകുന്നവളുടെ പിതാവായ ഗ്രിഗോറിയോയുടെ വീട്ടിലിരുന്ന് അവളെ കുറിച്ച് ചിന്തിക്കുന്നത്തില്‍ അപാകമുണ്ട്. എന്നാല്‍ "സ്വപ്നങ്ങള്‍ക്ക് വീടുകളുമായോ സ്വകാര്യ സ്വത്തുമായോ വാഗ്ദാനങ്ങളുമായോ കൃതജ്ഞതയുമായോ ബന്ധമില്ല"
എഴുത്ത് എന്ന വിനിമയം
എഴുത്ത് എന്ന പ്രക്രിയ തന്നെയും ബഹു രൂപിയായ ഒരു രൂപകമാണ് നോവലില്‍ . ബാല്‍ത്തസാറിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. മാര്‍ത്തയെ നഷ്ടപ്പെട്ട നെഞ്ചു വേദനയോടൊപ്പം മൌഡ്യം ബാധിച്ച നാളുകളില്‍ "വീണ്ടും എഴുതാനുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയതോടെയാണ് ഞാന്‍ ജീവിതത്തിലേക്ക് തിരികെയെത്തിത്തുടങ്ങിയത്. വാക്കുകള്‍ വീണ്ടും വാക്കുകളായി, റോസാ പൂക്കള്‍ റോസാ പൂക്കളും.” “എഴുതാന്‍ എനിക്ക് ഇത്തിരി സന്ദിഗ്ധത അനുഭവപ്പെടനം , ഒപ്പം ഇത്തിരി മനസ്സമാധാനവും. അധികം സമാധാനമുണ്ടായാല്‍ കൈകള്‍ മടിപിടിക്കും; ആകാവുന്നതിലേറെ സന്ദിഗ്ധത ഉണ്ടായാലോ, അത് തളര്‍ന്നും പോകും.” “ആദ്യ നോട്ട് ബുക്ക്, എന്റെ യാത്രയുടെ ആരംഭം വിവരിച്ചത്, ധൃതി പിടിച്ചു കോണ്‍സ്റ്റാന്റിനോപ്പിള്‍ വിടേണ്ടി വന്നപ്പോള്‍ നഷ്ടപ്പെട്ടു. രണ്ടാമത്തേത് എന്നെ ഷിയോസില്‍ നിന്ന് നാട് കടത്തിയപ്പോള്‍ പിറകെ ഉപേക്ഷിക്കപ്പെട്ടു. മൂന്നാമത്തേത് മിക്കവാറും ലണ്ടനിലെ ആ വന്‍ അഗ്നി ബാധയില്‍ എരിഞ്ഞു പോയിരിക്കാം. എന്നിട്ടുമിപ്പോള്‍ ഞാന്‍ നാലമാതൊന്നിന്റെ പേജുകള്‍ നിവര്‍ത്തുകയാണ്, മരണത്തെ കുറിച്ചറിയാത്ത ഒരു അല്പ്പായുസ്സ്, മല മുകളിലേക്ക് കല്ല് ഉരുട്ടിക്കയറ്റുന്ന, ഒടുവില്‍ അത് താഴേക്കു തന്നെ തിരിച്ചു പതിക്കുന്നത് കാണേണ്ടി വരുന്ന ഒരു ദയനീയനായ സിസിഫസ്.” വ്യര്‍ത്ഥ ബോധം വേട്ടയാടുന്ന ഘട്ടത്തില്‍ അയാള്‍ ചിന്തിക്കുന്നു: "ഇന്ന് രാത്രി എഴുത്ത് എനിക്ക് പതിവ് പോലെ സന്തോഷം തരുന്നില്ല. മറ്റു ദിനങ്ങളില്‍ ഞാന്‍ സംഭവങ്ങള്‍ രേഖപ്പെടുത്താനായി, അല്ലെങ്കില്‍ സ്വയം വിശദീകരിക്കാനായി, അല്ലെങ്കില്‍ ഒരാള്‍ സ്വന്തം തൊണ്ട തെളിക്കാന്‍ വേണ്ടി ചെയ്യും പോലെ എന്റെ മനസ്സിനെ തെളിയിക്കാനായി, അല്ലെങ്കില്‍ മറക്കാതിരിക്കാനായി, അതുമല്ലെങ്കില്‍ അങ്ങനെ ചെയ്യുമെന്നു ഞാന്‍ സ്വയം പ്രതിജ്ഞചെയ്തത് കൊണ്ട് പോലും, എഴുതാറുണ്ട്. എന്നാല്‍ ഇന്ന് രാത്രി ഞാന്‍ ഒരു പൊങ്ങുതടി പോലെ ഈ പേജുകളില്‍ തങ്ങിനില്‍ക്കുന്നു. എനിക്ക് അവയോടു ഒന്നും പറയാനില്ല, എങ്കിലും എനിക്കവ എന്റെ അരികില്‍ വേണം.” “ഞാനെന്താണ് ചിന്തിക്കുന്നത്? ഞാനെന്താണ് എഴുതുന്നത്? ദൈവമേ ഈ പാനപാത്രം എന്നില്‍ നിന്ന് കടന്നു പോകണേ!”
വെറുപ്പും സഹിഷ്ണുതയും
ചരിത്രപരമായി, നോവലിസ്റ്റ് നടത്തിയ അന്വേഷണങ്ങള്‍ കാലഘട്ടത്തിന്റെ ആധികാരിക പുനര്‍ സൃഷിടിയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ലണ്ടന്‍ പ്ലേഗും അഗ്നി ബാധയും മാത്രമല്ല, ഇംഗ്ലീഷ് -ഡച്ച് സംഘര്‍ഷങ്ങളും ഓട്ടോമന്‍ സാമ്രാജ്യത്തിനു തലവേദനയായി ഉയര്‍ന്നു വന്ന ജൂത മിശീഹാ അവതാരവും തുടങ്ങി അക്കാലത്തെ രാഷ്ട്രീയ കാലുഷ്യങ്ങള്‍ നോവലില്‍ സമഗ്രതയോടെ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഘടനാപരമായി, നാലു വോല്യങ്ങളിലായി എഴുതപ്പെട്ട ബാല്‍ത്തസാറിന്റെ ഡയറികളില്‍ ആയാണ് കഥ പറയുന്നത്. ഓരോ തവണ യാത്ര തിരിക്കുമ്പോഴും ഒന്നുകില്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ബദ്ധപ്പാടില്‍ എടുക്കാന്‍ വിട്ടുപോവുകയോ ചെയ്യുന്ന പുസ്തകത്തിനു പകരം പുതിയൊരെണ്ണത്തില്‍ തുടരുന്ന രൂപത്തിലാണ് എഴുത്ത്. ഈ ആവിഷ്കാര രീതിയിലൂടെ എല്ലായിപ്പോഴും ഒരൊറ്റ ആഖ്യാന സ്വരം നില നിര്‍ത്താന്‍ നോവലിന് സാധിക്കുന്നുണ്ട്. ഒരേ സമയം പതിനേഴാം നൂറ്റാണ്ടിന്റെ മെഡിറ്ററെനിയന്‍ ലോകവും സമകാലിക വായനക്കാരന്റെ ലോകവും പ്രതിഫലിക്കുന്ന രീതിയില്‍ നോവല്‍ വായിച്ചെടുക്കാവുന്നതാണ്. മതഭ്രാന്ത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ ജനതയെയോ മാത്രമല്ല ആവേശിക്കുന്നത് എന്ന നോവലിന്റെ കാതലായ നിരീക്ഷണവും മിത്തുകളും ചരിത്രവും തമ്മിലുണ്ടാവേണ്ട പാരസ്പര്യത്തിന്റെയും പരസ്പര അകലത്തിന്റെയും ആവശ്യകതയും പതിനേഴാം നൂറ്റാണ്ടിലേറെ ഇന്ന് പ്രസക്തമായ വിഷയങ്ങളാണല്ലോ. ഒരു യാത്രാ വിവരണ ഗ്രന്ഥവും ഒപ്പം ക്രിസ്തീയ, മുസ്ലിം ജൂത വിഭാഗങ്ങളോട് പരസ്പര സഹിഷ്ണുത ആഹ്വാനം ചെയ്യുന്ന ഒരു ആഖ്യാനവുമായാണ് ബാല്‍ത്തസാരുടെ ജേണല്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വെറുപ്പ് എന്ന ആശയത്തെ കുറിച്ച് നോവലില്‍ ചിതറിക്കിടക്കുന്ന നിരീക്ഷണങ്ങള്‍ ഇതോടു ചേര്‍ത്തു വെക്കാം: “ഇംഗ്ലീഷുകാര്‍ സ്പെയിന്‍കാരെ വെറുക്കുന്നു, സ്പെയിന്‍കാര്‍ ഇംഗ്ലീഷുകാരെയും, ഡച്ചുകാര്‍ ഇംഗ്ലീഷുകാരെയും സ്പെയിന്‍കാരെയും, ഫ്രഞ്ചുകാര്‍ സൗമ്യഭാവത്തോടെ ഇവരെ എല്ലാവരെയും വെറുക്കുന്നു.” അന്തിക്രിസ്തുവായി കരുതുന്ന പോപ്പിനോടുള്ള വെറുപ്പ് കാരണം ഇംഗ്ലീഷുര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നില്ല. അന്തിക്രിസ്തുവിന്റെ നാട്ടുകാരന്‍ എന്ന നിലയില്‍ തന്നെ കൊല്ലാന്‍ ആളുകള്‍ വേട്ടയാടുന്നു. വിദേശി എന്നതല്ലാതെ വേറെ തെളിവ് ആവശ്യമില്ല. ആള്‍ക്കൂട്ടത്തിന്റെ കൈകളില്‍ എന്നതിലേറെ അഗ്നിബാധയില്‍ മരിക്കാനാണ് തനിക്കിക്കിഷ്ടമെന്നും ബാല്‍ത്തസാര്‍ കൂട്ടിച്ചേര്‍ക്കുന്നു .
സുഗമ വായന ഉറപ്പുവരുത്തുന്ന നോവലാണ് 'ബാല്‍ത്തസാറുടെ യാന'മെങ്കിലും വേണ്ടത്ര സര്‍ഗ്ഗോര്‍ജ്ജം നിറഞ്ഞതാണ് നോവല്‍ എന്ന് പറയാനാവില്ല. മാര്‍ത്തയുടെ ജീവിത കാണ്ഡമോ, ശബതലായെ സംബന്ധിച്ച ഇതിവൃത്ത ഭാഗമോ ബെസ്സ് പ്രതിനിധാനം ചെയ്യുന്ന ലണ്ടന്‍ കഥാഭാഗമോ വേണ്ടത്ര പരിശോധിക്കപ്പെടുകയോ അവര്‍ ആരെങ്കിലും സ്വതന്ത്ര കഥാപാത്രങ്ങളായി വികസിക്കുകയോ ചെയ്യുന്നില്ല. പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്, ഉംബര്‍ട്ടോ എക്കോയുടെ ദി നെയിം ഓഫ് ദി റോസ് എന്നീ കൃതികളെ പ്രത്യക്ഷത്തില്‍ ഓര്‍മ്മിപ്പിക്കുമ്പോഴും അവയുടെ മെറ്റഫിസിക്കല്‍ പ്രഭാവമോ മനശാസ്ത്രപരമായ ആഴമോ നോവലിനില്ല എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ('Points East' - Ian Sansom, The Guardian) . അന്ത്യനാള്‍ പ്രവചനവും ബന്ധപ്പെട്ട നിഗൂഡതകളുമെല്ലാം മികച്ചൊരു സാഹിത്യ സൃഷ്ടിയില്‍ നിന്ന് എന്നതിലേറെ ഒരു ത്രില്ലറിന്റെ ചേരുവയോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. എന്നിരിക്കിലും, അത്തരം കൃതികളില്‍ നിന്ന് വ്യത്യസ്തമായി, ഇവിടെ യാത്രയുടെ ഫലപ്രാപ്തിയിലല്ല, മറിച്ച് യാത്രയില്‍ തന്നെയാണ്, അഥവാ അതിലൂടെ വെളിവാകുന്ന സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിലും ചിഹ്നങ്ങളിലുമാണ് നോവലിന്റെ അര്‍ഥം തിരയേണ്ടത് എന്നത് കൃതിയെ മികച്ച സാഹിത്യ സൃഷ്ടിയുടെ ഇടത്തില്‍ കുടിയിരുത്തുന്നുമുണ്ട്.
