കൊളോണിയല്‍ അനന്തര നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത ഘട്ടമായിരുന്നു ബയാഫ്രന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് സംഘര്‍ഷത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ് വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവാസത്തിലും ഒക്കെയാണ് . കൗമാരത്തിലേ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത അബാനി തന്റെ രചനകളിലൂടെ പട്ടാള ഭരണത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും കൊടിയ പീഡന മുറകളുള്ള ജയിലറകളില്‍ എകാന്തത്തടവിനും മരണ ദണ്ഡനക്കും വിധിക്കപ്പെടുകയും ചെയ്തു. ഭരണ കൂടത്തിനെതിരെ അട്ടിമറി ശ്രമം ഉള്‍പ്പടെ കുറ്റം ചാര്‍ത്തപ്പെട്ടു പതിനെട്ടാം വയസ്സ് മുതല്‍ മൂന്നു തവണയായി ആറു വര്‍ഷക്കാലം കാരാഗൃഹത്തില്‍ കഴിഞ്ഞ, സുഹൃത്തുക്കള്‍ കൈക്കൂലിയായി ജയിലധികൃതര്‍ക്ക് നല്‍കിയ കൈമടക്കിന്റെ ബലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പുരാവൃത്തത്തിനു ഉടമയാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബാനി. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയാണ് കൃത ഹസ്തനായ കവി കൂടിയായ അബാനി തന്റെ രചനകളില്‍ വികാര സാന്ദ്രമെങ്കിലും ഒരു ഘട്ടത്തിലും അതിവൈകാരികമല്ലാത്ത കവിതാത്മക ഭാഷയില്‍ സന്നിവേശിപ്പിക്കുന്നത്. തന്റെ പേരിന്റെ യഥാര്‍ത്ഥ ഉടമയായ വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ ലാഗോസിലെ ചേരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന 'ഗ്രേസ് ലാന്‍ഡ്' , ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വെന്തുരുകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്കളുടെ (child soldiers) ജീവിതാവസ്ഥകള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്ര സൗന്ദര്യമിയന്ന കാവ്യാത്മകവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന 'സോംഗ് ഫോര്‍ നൈറ്റ്' , 9/11-ന്നു ശേഷമുള്ള സമാധാന ത്വരയുടെയും ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍ കിഴക്കന്‍ ലോസ് ഏഞ്ചലസിലെ കടുത്ത സാഹചര്യങ്ങളില്‍ അതിജീവിക്കുന്ന ബ്ലാക്ക് എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ ജീവിതം പകര്‍ത്തുന്ന 'ദി വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്' തുടങ്ങിയ കൃതികളിലൊക്കെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ കഥകളാണ് അബാനി വിഷയമാക്കുന്നത്.
ജനിച്ചപ്പോഴേ അമ്മയുടെ മരണത്തിനു കാരണമായിത്തീര്‍ന്നവള്‍ എന്ന ശാപം പേറുകയും വിരഹാര്‍ത്തനായ, ഉത്തരവാദിത്ത ബോധമില്ലാത്തവനും കുടിയനുമായ പിതാവിന് എപ്പോഴും അമ്മയെ ഓര്‍മ്മിപ്പിക്കും വിധം അവരോടു കടുത്ത രൂപ സാദൃശ്യത്തോടെ വളര്‍ന്നു വരികയും ചെയ്യുന്ന, അമ്മയുടെ അതേ പേരുള്ള അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ ഹ്രസ്വവും നരക തുല്യവുമായ ജീവിതത്തിന്റെയും കീഴടങ്ങാന്‍ തയ്യാറില്ലാത്ത ദുരന്ത വീര്യത്തിന്റെയും അവരില്‍ നിന്നും, ഒരു വേള അവരിലേക്കു തന്നെയുമുള്ള ആത്മ വികാസ / നിരാസത്തിന്റെയും വൈരുധ്യ പൂര്‍ണ്ണമായ ആത്മ സത്താന്വേഷണവും (becoming) സ്വയമെരിഞ്ഞമരലുമാണ് 120 പുറങ്ങള്‍ മാത്രമുള്ള അബാനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ രചിക്കപ്പെട്ട BECOMING ABIGAIL എന്ന നോവെല്ല പറയുന്നത് . അവളുടെ ജീവിതത്തെ തന്നെ ഒരു നിഴല്‍ രൂപമാക്കിയ (ghostly presence) തുടക്കം ഓര്‍മ്മകളുടെ ആദ്യ സ്ഫുരണങ്ങളോടൊപ്പം പില്‍ക്കാലം തുന്നിക്കൂട്ടിയെടുക്കുന്ന അയഥാര്‍ത്ഥമായ ഒരനുഭവമായാണ് അവള്‍ തിരിച്ചറിയുക. നോവെല്ലയുടെ ആരംഭത്തില്‍ നിന്ന്:
"അപ്പോള്‍ ഇതും.
ഇത് പോലും. ഈ ഓര്‍മ്മ മറ്റെല്ലാം പോലെ ഒരു നുണയായിരുന്നു. ആരോ മരം കൊണ്ടുള്ള കോണിപ്പടികള്‍ കയറും പോലെ. അവള്‍ക്കു അതറിയാന്‍ കഴിയുമായിരുന്നില്ല, കാരണം അവള്‍ ഒരിക്കലും അത് കേട്ടിരുന്നില്ല. എങ്കിലും അത് ഇത് പോലെ യഥാര്‍ത്ഥമായിരുന്നു. ഒരു മൃതദേഹം മടിച്ചു മടിച്ചു ഒരു കുഴിമാടത്തിന്റെ തുറന്ന വായിലൂടെ താഴോട്ടു ഊര്‍ന്നിറങ്ങുന്നു, പേനായയുടെ വായില്‍ നിന്ന് നുരയും പതയുമെന്ന പോലെ അതിനു ചുറ്റും കൂനകളായി മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്. സ്ത്രീകളും. കറുപ്പണിഞ്ഞ കൂട്ടങ്ങള്‍ , കുപിതരായ കാക്കകളെ പോലെ. വിലപിച്ചു കൊണ്ട്. ശബ്ദം തന്റെ സ്വപ്നങ്ങളിലും പിന്നെ ഈ ഓര്‍മ്മകളിലെ ഈ നിമിഷങ്ങളിലും മാത്രം അവള്‍ കേട്ടിട്ടുള്ളത് - മരണ വിലാപം, ഉറക്കെ, തുളഞ്ഞിറങ്ങും പോലെ , എന്നാല്‍ ഒരു ഗ്ലാസ് ഉരയുന്ന പോലെയോ അല്ലെങ്കില്‍ ഒരു സ്ത്രീയുടെ കരച്ചിലിന്റെ സാങ്കല്‍പ്പിക ശബ്ദം പോലെയോ തകര്‍ത്ത് കളയുന്ന ഒന്നല്ല. ഇത് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. ഒരു ആഴ്ന്ന ഓരിയിടല്‍, ഒരു സാന്നിധ്യം, ഇരുണ്ടതും തൊട്ടറിയാവുന്നതും, സ്ത്രീയില്‍ നിന്ന് പുറത്തു വരുന്ന നിഴല്‍ പോലെ, ഒരു വസ്തുവായിത്തീര്‍ന്ന് , ഇരപിടിയനെ പോലെ കുഴിമാടത്തെയും വിലപിക്കുന്നവരെയും വലം വെച്ച് അടുത്ത നിമിഷം അതിന്റെ സ്ഥാനത്ത് മറ്റൊന്നിന് വഴിമാറി അത് ആകാശത്തിന്റെയും സൂര്യന്റെയും വെളിച്ചത്തിലേക്കുയരുന്നു.”
പത്താം വയസ്സില്‍ 'പുറത്തു പറഞ്ഞാല്‍ കൊന്നു കളയും' എന്ന ഭീഷണിയോടെ പതിനഞ്ചുകാരനായ ബന്ധു അവള്‍ക്ക് ജീവിതത്തില്‍ നിരന്തരം കിട്ടാന്‍ പോവുന്ന പീഡനപര്‍വ്വം തുടങ്ങിവെക്കുന്നു. അച്ഛന്‍ അവള്‍ക്കു രക്ഷകനായിക്കാണുന്ന പീറ്റര്‍ എന്ന ഇംഗ്ലണ്ടുകാരന്‍ ബന്ധുവും മറ്റൊന്നല്ല അവളോട് ചെയ്യുന്നത്. 'ഓരോ തവണയും ഓരോ പെണ്‍കുട്ടികളെ കൊണ്ടുപോയി അവര്‍ക്ക് വിദ്യാഭ്യാസവും ശോഭനമായ ഭാവിയും നല്‍കുന്ന രക്ഷകന്‍' ഇത്തവണ അബിഗേയ്‌ലിനെ കൊണ്ട് പോകാന്‍ തയ്യാറാകുന്നത് അയാള്‍ക്ക് വലിയ ആശ്വാസമാണ്. ഇത് വരെ കൊണ്ട് പോയവര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ട് ഓടിപ്പോയി എന്ന അയാളുടെ ഏറ്റുപറച്ചില്‍ പോലും അയാള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് അത് കൊണ്ടാണ്. അനുസരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലാത്ത പതിനാലുകാരിക്ക് പീറ്റര്‍ നേരത്തെ നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉള്ളിന്റെയുള്ളില്‍ അറിയാം അവളെ കാത്തിരിക്കുന്ന വിധിയെന്തെന്ന്. സ്വയം പീഡനത്തിലൂടെ അമ്മയെന്ന നിഴലില്‍ നിന്ന് പുറത്തു കടക്കാനും തന്റെ സ്വതന്ത്ര സ്വത്വം അച്ഛനെ - താനറിയുന്ന ഏക മനുഷ്യനെ, അഥവാ മനുഷ്യ സമൂഹത്തിന്റെ പ്രതിനിധിയെ- ബോധ്യപ്പെടുത്താനും അവള്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നുണ്ട്. തന്റെ പാവക്കുട്ടികളുടെ തലയറുത്തും ചടങ്ങനുസരിച്ചുള്ള അടക്കം അനുകരിച്ചും മറ്റുള്ളവരില്‍ നിന്ന് കിട്ടിയ നുറുങ്ങുകളിലൂടെ ഓര്‍മ്മകളില്‍ താന്‍ പുനസൃഷ്ടിച്ചു സാക്ഷ്യം വഹിച്ച ആ അടക്കത്തിന്റെ വിട്ടുപോവാത്ത സാന്നിധ്യത്തെ മറികടക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ട്. അല്ലെങ്കില്‍ അത് പുന സൃഷ്ടിക്കുന്നതിലൂടെ വീണ്ടും വീണ്ടും അതേ വേദനയിലൂടെ സ്വയം പീഡിപ്പിക്കുകയുമാവാം അവളുടെ ദുരൂഹ ലക്‌ഷ്യം. ഉടലാകെ പൊള്ളലുകള്‍ ഏല്‍പ്പിച്ചും സൂചി കൊണ്ട് മുറിവ് പറ്റിച്ചും പാറ്റേണുകള്‍ സൃഷ്ടിക്കുന്നത് ഒരു വേള അമ്മയിലേക്കുള്ള പാതയായും അതേ സമയം ഒരു പ്രേതമാവുക എന്ന അവസ്ഥയില്‍ നിന്നുള്ള ബഹിര്‍ഗമന മാര്‍ഗ്ഗമായും ആണ്.
“ഈ പൊള്ളിക്കല്‍ അഗ്നിബലി ആയിരുന്നില്ല. കത്തിക്കല്‍ ആയിരുന്നില്ല. മറിച്ചു ഒരു ബാധയൊഴിക്കല്‍. പൊള്ളിച്ചുണക്കല്‍, ശാശ്വതീകരിക്കല്‍ പോലും. സ്വയം പൊള്ളിക്കല്‍ തുടങ്ങും മുമ്പ് അവള്‍ അവളുടെ അമ്മയെ കുറിച്ചുള്ള കഥകള്‍ സമാഹരിച്ചു, അവ കടലാസുകഷണങ്ങളില്‍ ചുവപ്പ് മഷികൊണ്ട് എഴുതി തൊലിയില്‍ സ്വന്തം ഒട്ടിച്ചുവെച്ചു, ദിവസം മുഴുവന്‍ വസ്ത്രങ്ങള്‍ക്കിടിയില്‍ അവ ധരിച്ചു.”
മകളില്‍ അമ്മയുടെ പ്രതിരൂപം കണ്ടു തുടങ്ങുന്നത് അച്ഛനില്‍ ദുരൂഹമായ അഭിവാഞ്ച / കുറ്റബോധം സൃഷ്ടിച്ചിരുന്നോ? അതിനെതിരെയുള്ള പ്രതിരോധമായാണോ അയാള്‍ മകളെ പീറ്ററോടൊപ്പം അയക്കുന്നത് ?സ്വയം ദുരൂഹമായ ആകര്‍ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍? ഒരു വേള ആ രക്ഷനേടല്‍ പ്രിയപ്പെട്ടവളുടെ രണ്ടാം മരണം ആയത് കൊണ്ടാണോ അബിഗേയ്ല്‍ പോയ് ക്കഴിഞ്ഞ ഉടന്‍ അയാള്‍ ആത്മഹത്യ ചെയ്യുന്നത്? അഥവാ, അവളെ കാത്തിരിക്കുന്ന വിധിയും അതില്‍ തന്റെ പങ്കും അറിയാതെ അറിഞ്ഞതിനുള്ള സ്വയം കല്‍പ്പിത ശിക്ഷയാണോ അത്? ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുള്ള അയാളുടെ മരണം പക്ഷെ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഒന്ന് രണ്ടു വാചകങ്ങളില്‍ ചുരുട്ടിക്കെട്ടുകയാണ് അബാനി.
സെക്സ് ട്രാഫിക്കിംഗിന്റെ സ്ഥൂലമായ വര്‍ത്തമാന കാല കഥകള്‍ അബാനിയുടെ സൂക്ഷ്മമായ ആഖ്യാനത്തിന്റെ കേന്ദ്രമല്ല. ഒരു ഭോഗയന്ത്രം എന്നതിനപ്പുറം അബിഗേയ്‌ലിനെ കാണാത്ത പീറ്റര്‍ അവളെ മറ്റു ഉപഭോക്താക്കള്‍ക്ക് കാഴ്ച്ചവെക്കാനും ശ്രമിക്കുന്നുണ്ട്. അയാളുടെ ഭാര്യ മേരിയുടെ ദുര്‍ബ്ബലമായ ചെറുത്തു നില്‍പ്പുകള്‍ കൊടിയ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് കാരണമാവുന്നതല്ലാതെ ഒരു നേട്ടവും ഉണ്ടാക്കുന്നില്ല . എന്നാല്‍, വന്യമായ വീറോടെ ചെറുത്തു നില്‍ക്കുന്ന അബിഗേയ്ല്‍ , പട്ടിക്കൂട്ടില്‍, മൃഗരതിക്ക് സമാനമായ രീതിയില്‍ ബന്ധിതയാവുമ്പോഴും പീറ്ററിന് അര്‍ഹിച്ചത് കിട്ടി എന്ന് ഉറപ്പു വരുത്തുന്നുണ്ട്, അവളുടെ ശരീരത്തില്‍ സ്വതന്ത്രമായ ഏക അവയവും കൊണ്ട്: പല്ലുകള്‍. കടിച്ചെടുത്ത ലിംഗത്തില്‍ ചോരവാര്‍ന്നു അയാള്‍ മരിക്കാന്‍ ഇടയാവുന്നതും നോവലില്‍ ഒറ്റവാചകത്തിലെ പരാമര്‍ശമാണ്. തുടര്‍ന്ന് ജുവനൈല്‍ കോര്‍ട്ടില്‍ എത്തുന്ന അബിഗേയ്ല്‍ അവിടെ വെച്ച് തന്റെ സംരക്ഷണ ചുമതല നല്‍കപ്പെടുന്ന ഡെറക്കിനെ കണ്ടുമുട്ടുന്നു. ജീവിതത്തിലെ അവളുടെ ആദ്യ പ്രണയം; ആദ്യത്തെ സ്വയം തീരഞ്ഞെടുപ്പ്. പ്രണയ പൂര്‍ണ്ണമായ ആദ്യ വേഴ്ചയുടെ ആലസ്യത്തില്‍ കൃത്യമായ ആകൃതികളില്‍ ഉടലില്‍ തീര്‍ത്ത മുറിവുകളെയും പാടുകളെയും കുറിച്ച് അവള്‍ ഡെറക്കിനോട് പറയുന്നുണ്ട്: “ഇതെന്റെ അമ്മയാണ്. വാക്കുകള്‍. കൂടുതല്‍ വാക്കുകള്‍. അപ്പോള്‍ പിന്നെയും വാക്കുകള്‍. ഞാനോ? ഈ കുത്തുകള്‍. ഞാന്‍. അബിഗെയ്ല്‍ '' . സ്വത്വ സംസ്ഥാപനത്തിന്റെയും ആനന്ദത്തിന്റെയും അയഥാര്‍ത്ഥമായ ഈ നൈമിഷിക ഇടവേള അബിഗേയ്‌ലിന്റെ ജീവിത സാക്ഷ്യം പോലെ അടുത്ത നിമിഷം ദുരന്തത്തിന് വഴിമാറുന്നു. അടുക്കള മേശയില്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഡെറക്ക് , ഭാര്യയുടെ രോഷത്തിനും തുടര്‍ന്ന് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിനു വിചാരണക്കും വിധേയനാവുന്നതോടെ അവളുടെ ജീവിതപാഠം പൂര്‍ണ്ണമാവുന്നു: ആരും എവിടെയും ഒന്നും തനിക്കായി കരുതി വെച്ചിട്ടില്ല. ഈ തിരിച്ചറിവിലാണ് തെംസ് നദിയുടെ ആഴങ്ങളിലേക്ക് ചൂണ്ടിയെറിഞ്ഞ സിഗരറ്റ് കുറ്റിയുടെ ആയത്തെ അവള്‍ ഉടലോടെ പിന്തുടരുന്നത്.
'അന്ന്', ' ഇപ്പോള്‍ ' ('Then', 'Now') എന്നിങ്ങനെ ഒന്നിടവിട്ട ചെറു അധ്യായങ്ങളിലായി ഇതള്‍ വിടര്‍ത്തുന്ന ആഖ്യാന രീതിയാണ് നോവെല്ലക്കുള്ളത്. ഓര്‍മ്മകളില്‍ പുനര്‍ജ്ജീവിക്കുന്ന നൈജീരിയന്‍ ബാല്യവും പീറ്ററിനോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നത് വരെയുള്ള ഭാഗങ്ങളും ആണ് 'അന്ന് ' എന്ന അധ്യായങ്ങളില്‍. 'ഇപ്പോള്‍' എന്ന ഭാഗത്ത് തെംസ് നദിയുടെ തീരത്തിരുന്നു തുടര്‍ച്ചയായി പുക വലിച്ചു കൊണ്ട് അബിഗേയ്ല്‍ തന്റെ അവസാനത്തെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. എന്നോ കേട്ട് പഠിച്ച പുരാതന ചൈനീസ് ചക്രവര്‍ത്തി (Emporer Wu) യുടെ ഗൃഹാതുര ഗീതങ്ങളും ഒപ്പം ഡിലാന്‍ തോമസിന്റെ മൃത്യുനിഷേധത്തിന്റെ വരികളും (And Death Shall Have No Dominion) അലക്ഷ്യമായി മൂളി പരുക്കന്‍ പുകയില സിഗരെറ്റില്‍ ചുമച്ചും കണ്ണ് നിറഞ്ഞും നദിയോരത്ത് സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെയും ജീവിതത്തിന്റെ അവസാനത്തെയും രാവ്. മറ്റുള്ളവര്‍ നടത്തുന്ന തെറ്റായ തെരഞ്ഞെടുപ്പുകളുടെ നൈരന്തര്യമാണ് അവളുടെ ദുരന്തം സൃഷ്ടിക്കുന്നത്. മകള്‍ ജനിച്ച നിമിഷം അമ്മയുടെ മരണത്തിനു തെരഞ്ഞെടുത്തു കൊണ്ട് നിയതി അത് തുടങ്ങിവെക്കുന്നു. മകളെ സ്വതന്ത്രമായ നിലനില്‍പ്പുള്ള വ്യക്തിയായി കാണാതെ മരിച്ചു പോയ ഭാര്യയുടെ ഏച്ചുകെട്ടല്‍ - extension- മാത്രമായി കാണുകയും ഒരു രക്ഷാകര്‍ത്താവിന്റെ ഉത്തരവാദിത്തങ്ങള്‍ ചപലവൈകാരിക വിലാപത്തില്‍ മുഴുകി മറക്കുകയും അവളെ പ്രകടമായും നീചനായ ഒരാള്‍ക്ക് കാഴ്ച വെക്കുകയും ചെയ്യുന്ന പിതാവ് കൂടുതല്‍ തെറ്റായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. പീറ്റര്‍ തനിക്ക് ശീലമായ ഏക തെരഞ്ഞെടുപ്പിലൂടെ അവളെ മൃഗ തുല്യയാക്കുന്നു. അശരണരുടെ രക്ഷകരെന്നു മേനി നടിക്കുന്ന സാമൂഹ്യ വകുപ്പ് മേലാളന്മാര്‍ അവള്‍ സ്വതന്ത്രമായി നടത്തുന്ന ഒരേയൊരു തെരഞ്ഞെടുപ്പിന് മേല്‍ സദാചാര നിയമങ്ങളുടെ നൃശംസത അരങ്ങേറുന്നു; കുട്ടിക്കാലത്ത് മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയ മനോരോഗ വിദഗ്ദന്‍ അതത്ര കാര്യമല്ലെന്ന് അവളുടെ വിഹ്വലതകളെ ആസ്പിരിന്‍ ഗുളികയില്‍ ഒതുക്കിയ പോലെ. തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവരുടെയും എല്ലാ തരം തെറ്റായ തീരുമാനങ്ങളെയും (Error of Judgement) ശരിയാക്കിയെടുക്കാന്‍ ഒടുവിലൊരു വഴി കണ്ടെത്തുക, അതുതന്നെയും തിരിച്ചു കുത്തുന്നതിലൂടെ സ്വയം നിയതിയുടെ ബലിക്കല്ലില്‍ ഒടുങ്ങുകയും ചെയ്യുക – ഒരു ക്ലാസ്സിക്കല്‍ ട്രാജഡിയുടെ മാനങ്ങള്‍ ഉണ്ട് അബിഗേയ്‌ലിന്റെ ദുരന്തത്തിന് ; ദുരന്ത നായക കഥാപാത്രങ്ങളുടെ ആഭിജാത്യം പുതിയ കാലത്തിന്റെ മാതൃകയല്ലല്ലോ. ഒരു ജനതയുടെ മുഴുവന്‍ വികലമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെയും അതിനിരയായിപ്പോവുന്നവരുടെ ആത്മ നിന്ദയുടെയും ഏറ്റു വാങ്ങുന്ന പീഡനങ്ങളുടെയും ഫലമായി ഉന്മാദത്തിന്റെ ഉച്ചയോളങ്ങളിലകപ്പെട്ട് ഒഹായോയിലെ തെരുവുകളില്‍ സ്വയം നഷ്ടപ്പെടുന്ന ടോണി മോറിസന്റെ പിക്കൊളയെ (Picola Breedlove – The Bluest Eye-ലെ കഥാപാത്രം ) ഓര്‍മ്മിപ്പിക്കുന്നുണ്ട് അബിഗേയ്ല്‍ . ഇവിടെയും കൃത്യമായും വ്യക്ത്യധിഷ്ടിത അനുഭവം ആയിരിക്കുമ്പോള്‍ തന്നെ നീറുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രാതിനിധ്യ സ്വഭാവവും ശക്തമാണല്ലോ.
ഇരുണ്ടതും പ്രത്യാശാഭരിതമായ യാതൊന്നും ഇല്ലാത്തതുമായ അനുഭവങ്ങളുടെ വീറില്ലാത്ത നൈരന്തര്യമാണ് നോവെല്ലയില്‍ ഉടനീളം. ഒരു ഘട്ടത്തിലും പ്രസാദാത്മകമായ ഒന്നും സംഭവിക്കുന്നില്ലാത്ത ഇത്തരമൊരു കൃതി പാരായണക്ഷമം എന്നല്ല, ഹൃദ്യവും മികച്ച വായനാഭിരുചികളെ മുഗ്ദമാക്കുന്നതും ആയിത്തീരുന്നത് അബാനിയുടെ രചനാ വിശേഷം കൊണ്ട് തന്നെയാണ്. ഏറ്റവും ഇരുണ്ട ജീവിതാവസ്ഥകള്‍ പോലും കാവ്യാത്മകവും വിചിത്രവുമായ സൗന്ദര്യം കണ്ടെത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ അബാനിയുടെ പ്രതിഭ അനന്യമാണ്.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 159-164)
