1941 മേയ് 24-ന് മിനെസോട്ടയില്‍ ജനനം. മാമോദീസ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മന്‍ . എല്‍ വിസ് പ്രിസ് ലിയുടെയും ജെറി ലീ ലുവിസിന്റെയും ലിറ്റില്‍ റിച്ചാര്‍ഡിന്റെയും ആരാധകനായി സംഗീത രംഗത്തെത്തിയ റോബര്‍ട്ട്, ഗോള്‍ഡന്‍ കോര്‍ഡ്സ്, എല്‍സ്റ്റെന്‍ ഗണ്‍ തുടങ്ങിയ ട്രൂപ്പുകള്‍ സ്വന്തമായി രൂപപ്പെടുത്തിയെടുത്താണ് ആദ്യകാല സംഗീത സപര്യ ആരംഭിക്കുന്നത്.
അറുപതുകളുടെയും എഴുപതുകളുടെയും ക്ഷുഭിത യൌവ്വനങ്ങളുടെ സമരോദ്യുക്തതയെയും യുദ്ധ വിരുദ്ധ വികാരങ്ങളെയും പ്രചോദിപ്പിക്കുന്നതിലും ഒരു തലമുറയെ വെറും പോപ് കള്‍ച്ചറിന്റെ പിടിയില്‍ പെടാതെ സംഗീതത്തെ ഒരു പ്രതി സംസ്കാരത്തിന്റെ (counterculture) ആവിഷ്കാരമാക്കുന്നതിലും തികച്ചും മുമ്പില്‍ നടന്നയാള്‍ തന്നെയാണ് ബോബ് ഡിലാന്‍. അമ്പത് വര്‍ഷത്തിലേറെ സജ്ജീവമായിത്തന്നെ നീണ്ടു നിന്ന സംഗീത സപര്യയില്‍ വ്യത്യസ്ത സംഗീത വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നിസ്തുലമായ പങ്ക് അദ്ദേഹം വഹിച്ചിട്ടും ഉണ്ട്. റോക്ക് & റോള്‍ സംഗീതത്തിലെ ഗീതങ്ങളെ കുറിച്ച്, അതും തന്റെ സപര്യയില്‍ സജീവമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, അദ്ദേഹം നടത്തിയ നിരീക്ഷണം സംഗീതത്തോടും അതിന്റെ സാഹിത്യത്തോടും അദ്ദേഹത്തിന്റെ ഗൗരവ പൂര്‍ണ്ണമായ സമീപനത്തിന്റെ നിദര്‍ശനമാണ്. പിടിച്ചിരുത്തുന്ന പ്രയോഗങ്ങളും ചടുല താളങ്ങളും ഒക്കെയുണ്ടെങ്കിലും റോക്ക് & റോള്‍ ഗീതങ്ങള്‍ വേണ്ടത്ര ഗൌരവമുള്ളവയോ ജീവിതത്തെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നവയോ അല്ലെന്നു അദ്ദേഹം കണ്ടെത്തുന്നു. ഫോക് സംഗീതത്തിന് കൂടുതല്‍ ഗൗരവ സ്വഭാവമുണ്ടെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഗീതങ്ങളില്‍ കൂടുതല്‍ നിരാശയും വിഷാദവും, പ്രത്യാശയും അതീന്ത്രിയ ഭാവവും, ആഴമുള്ള വികാരങ്ങളും ഫോക് സംഗീതത്തെ ഉന്നതമാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1959-ല്‍ മിനെസോട്ട യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നതോടെ അദ്ദേഹം റോക്ക് & റോളില്‍ നിന്ന് അമേരിക്കന്‍ ഫോക് മ്യൂസിക്കിലെക്കും തുടര്‍ന്നു ഡിങ്കി ടൌണ്‍ ഫോക് മ്യൂസിക് സംഘത്തിലേക്കും എത്തുന്നത് ഈ തിരിച്ചറിവുകളുടെ ഫലമായാണ്. ആ ദിനങ്ങളിലാണ് അദ്ദേഹം റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്ന പേര് കവി ഡിലാന്‍ തോമസിനോടുള്ള ആരാധനയില്‍ ബോബ് ഡിലാന്‍ എന്നതിലേക്ക് പരിചയപ്പെടുത്തിത്തുടങ്ങുന്നത്. പേരുമാറ്റം തന്നെയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അറുപതുകളുടെ തുടക്കത്തില്‍ 'പ്രതിഷേധ ഗീതങ്ങ' (protest songs) ളുടെ രചയിതാവായ വുഡി ഗത്രിയുമായും ഫോക് ഗായകനും ആക്റ്റിവിസ്റ്റുമായ പീറ്റ് സീഗറുമായും ഉണ്ടായ സഹവാസവും ഡിലാന്‍റെ സംഗീതത്തിലെ പോരാട്ട സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മിസിസിപ്പി യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ജെയ്മ്സ് മെറിഡിത്തിന്റെ അനുഭവങ്ങളെ കുറിച്ചുള്ള 'ഓക്സ്ഫോര്‍ഡ് ടൌണ്‍ ' പോലുള്ള ഗീതങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടാമത് ആല്‍ബമായ 1963-ല്‍ പുറത്തിറങ്ങിയ 'ദി ഫ്രീവീലിംഗ് ബോബ് ഡിലാ'നില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. അടിമകളുടെ പരമ്പരാഗത സംഗീതത്തിന്റെ താളത്തില്‍ രചിക്കപ്പെട്ട 'ബ്ലോവിംഗ് ദി വിന്‍ഡ് ' , 'നൊ മോര്‍ ഓക് ഷന്‍സ് ' തുടങ്ങിയവ അമേരിക്കന്‍ പൌരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധിയുടെ ഘട്ടത്തിലും വിയെറ്റ്നാം യുദ്ധകാലത്തും ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ യുവതയുടെ പോരാട്ടങ്ങളിലും ഐക്യപ്പെട്ടബോബ് ഡിലാന്‍ , ബീറ്റില്‍സ് പോലുള്ള ഗായക സംഘങ്ങള്‍ക്കും അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള നിഷേധികളായ എഴുത്തുകാര്‍ക്കും പ്രിയങ്കരനായി.
പോരാട്ടങ്ങളുടെ ഉള്ളടക്കം ഗീതങ്ങളില്‍ മാത്രമായിരുന്നില്ല ഡിലാന്. തീവ്ര വലതുപക്ഷ സംഘടനയായിരുന്ന ജോണ്‍ ബിര്‍ച്ച് സൊസൈറ്റിക്ക് അഹിതകരമാവും എന്ന ആരോപണത്തില്‍ തന്റെ രചന സെന്‍സറിംഗിന് വിധേയമാക്കുന്നതിന് നിന്നുകൊടുക്കാതെ പ്രസിദ്ധമായ എഡ് സള്ളിവന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. മൂന്നാമത് ആല്‍ബം 'ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് ' കൂടുതല്‍ തീവ്രവും മുനകൂര്‍ത്തതുമായ പ്രതിഷേധ സ്വരമുയര്‍ത്തുന്ന ഗീതങ്ങളാല്‍ സമ്പന്നമാണ്. കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളിലെ രക്തസാക്ഷിത്തമാണ് പല ഗീതങ്ങളുടെയും വിഷയം. എന്നാല്‍ 1963 അവസാനിക്കുമ്പോഴേക്കും പൌരാവകാശ പ്രവര്‍ത്തകരും ഫോക് സംഗീത സംഘങ്ങളും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത അദ്ദേഹത്തില്‍ ബലപ്പെടുകയും കുറെ കൂടി വൈയക്തികവും ലളിത വൈകാരികതയുള്ളതുമായ ഗീതങ്ങളിലേക്കു അദ്ദേഹം തിരിച്ചു പോവുകയും ചെയ്യുന്നുണ്ട്. പരസ്പരം ഏറെ താങ്ങായിരുന്ന ഗായികയും ആക്റ്റിവിസ്റ്റുമായ ജോവാന്‍ ബായെസുമായുണ്ടായിരുന്ന ഹ്രസ്വകാല ബന്ധവും ഉലഞ്ഞുതുടങ്ങിയിരുന്നു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ടോം പെയ്ന്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കമ്മിറ്റി കഷണ്ടികയറിയ വൃദ്ധരുടെതാണെന്നും 'ഇനി മുതല്‍ തനിക്കു കറുത്തവരും വെളുത്തവരുമോ , ഇടതും വലതുമോ ഇല്ലെന്നും' കനത്ത മദ്യലഹരിയില്‍ ബോബ് വിളംബരപ്പെടുത്തി. റോക്ക് & റോളിലേക്കുള്ള ഒരു തിരിച്ചു പോക്കും ഈ ഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു ഫോക് - റോക്ക് പോപ് മ്യൂസിക് താരമായി മാറിയ ബോബ് തന്റെ ജീന്‍സിനും വര്‍ക്ക് ഷര്‍ട്ടിനും പകരം സണ്‍ ഗ്ലാസും ബീറ്റില്‍സ് ബൂട്ടും ധരിച്ചു തുടങ്ങുകയും ചെയ്തു. അറുപതുകളുടെ ബാക്കി വര്‍ഷങ്ങള്‍ ഇരു ക്യാമ്പുകളും തമ്മിലുള്ള വിരോധ പ്രകടനത്തിന്റെതായി. 'മി. ടാംബുരിന്‍ മാന്‍ ', ഇറ്റ്സ് ആള്‍ റൈറ്റ്, മാ' , 'ലൈക് എ റോളിംഗ് സ്റ്റോണ്‍ ' തുടങ്ങിയ വിഖ്യാത ഗീതങ്ങള്‍ ഇക്കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. അമിതാധ്വാനത്തിന്റെയും തളര്‍ച്ചയുടെയും മറുമരുന്നായി കനത്ത തോതിലുള്ള മയക്കു മരുന്നുപയോഗവും ഇക്കാലത്ത് ശീലമാക്കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശീലങ്ങളെ കുറിച്ച് ബോബ് കഥകള്‍ ചമയ്ക്കുക പതിവാണെന്ന് കരുതുന്നവരുണ്ട്. 1965-ല്‍ അക്കോസ്റ്റിക് സംഗീതത്തോടൊപ്പം ഇലക്ട്രിക് ഗിറ്റാര്‍ കൂടി ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെ പരമ്പരാഗത ഫോക്ക് സംഗീതത്തിന്റെ ഉപാസകര്‍ അദ്ദേഹത്തെ തുറന്നെതിര്‍ക്കാന്‍ തുടങ്ങി. 'ബ്രിംഗിംഗ് ഇറ്റ് ഓള്‍ ഹോം', 'ഹൈവെ 61 റിവിസിറ്റഡ് ' തുടങ്ങിയവ ഇക്കാലത്തിറങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളാണ് . തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ബോബ് സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1966-ല്‍ ഉണ്ടായ മാരകമായ ഒരു ബൈക്ക് അപകടം ഏതാണ്ട് ഒരു വര്‍ഷം അദ്ദേഹത്തെ കിടപ്പിലാക്കി. ജോണ്‍ വെസ്‌ലി ഹാര്‍ഡിംഗ് (1968) , നാഷ് വില്ല സ്കൈലൈന്‍ (1970) എന്നീ ആല്‍ബങ്ങളില്‍ തന്റെ മനസ്സിനെ മഥിച്ചിരുന്ന പാരുഷ്യങ്ങള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന് വിമര്‍ശക മതം. സെല്‍ഫ് പോര്‍ട്രെയ്റ്റ് (1970), ടാരാന്റുല (1973) എന്നിവ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ആല്‍ബങ്ങളാണ്. അതേ വര്‍ഷം സാം പെക്കിന്‍പായുടെ വിഖ്യാതമായ പാറ്റ് ഗാരെറ്റ് ആന്‍ഡ് ബില്ലി ദി കിഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ബോബ്, ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു. 'നോക്കിംഗ് ഓണ്‍ ഹെവന്‍സ് ഡോര്‍ എന്ന പ്രശസ്ത ഗാനം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം രചിച്ചത്.
അപകടത്തിനു ശേഷം ബോബ് നടത്തിയ ആദ്യ മുഴുനീള ടൂര്‍ 1974-ല്‍ ആയിരുന്നു. പ്ലാനറ്റ് വേവ്സ് എന്ന ആല്‍ബം മ്യൂസിക് ചാര്‍ട്ടുകളില്‍ ആദ്യമായി അദ്ദേഹത്തെ ഒന്നാമതെത്തിച്ചു. ബ്ലഡ് ഓണ്‍ ദി ട്രാക്ക്സ്, (1975), ഡിസയര്‍ (1976) എന്നിവയും ഏറെ പ്രസിദ്ധമായപ്പോള്‍ 'ഡിസയറി'ന് വേണ്ടി ബോബ് എഴുതിയ 'ഹരിക്കെയ്ന്‍' എന്ന ഗാനം പ്രമാദമായ ഒരു കൊലപാതക്കേസില്‍ പുനര്‍ വിചാരണക്ക് വരെ വഴിവെച്ചത് ചരിത്രം. ഭാര്യ സാറ ലോണ്ടെസുമായി പിണങ്ങേണ്ടി വന്നതും മുറിവുണക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരാജയവുമാണ് 'സാറ' എന്ന വിഷാദ ഗീതത്തിന്റെ പ്രഭവം. തുടര്‍ന്നാണ് ബോബിന്റെ പ്രസിദ്ധമായ വിശ്വാസ വഴികളിലേക്കുള്ള തിരിച്ചു പോക്ക് സംഭവിക്കുന്നത്. 1979-ല്‍ താനൊരു ക്രിസ്തീയനായി പുനര്‍ജ്ജനിച്ചതായി ബോബ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ സ്ലോ ട്രെയ്ന്‍ കമിംഗ് എന്ന ആല്‍ബം അദ്ദേഹത്തിനു ആദ്യ ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്നു ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും 1982-ല്‍ ബോബ് ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമിലും 1989-ല്‍ റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയ്മിലും ചേര്‍ക്കപ്പെട്ടു. “എല്‍ വിസ് ഉടലിനെ സ്വതന്ത്രമാക്കിയ പോലെ ബോബ് മനസ്സിനെ സ്വതന്ത്രമാക്കി " എന്ന് ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ നിരീക്ഷിക്കുന്നു. 1997-ല്‍ കലാമികവിനുള്ള ഏറ്റവും വലിയ ദേശീയ പുരസ്ക്കാരമായ കെന്നഡി സെന്റര്‍ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. 1997-ല്‍ ടൈം ഔട്ട് ഓഫ് മൈന്‍ഡ് എന്ന ആല്‍ബം മൂന്നു ഗ്രാമി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അതേ വര്‍ഷം പോപ് ജോണ്‍ പോള്‍ രണ്ടാമന് വേണ്ടി നോക്കിംഗ് ഓണ്‍ ഹെവന്‍സ് ഡോര്‍ ഉള്‍പ്പടെ ഗാനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുതിയ നൂറ്റാണ്ടിലും തളര്‍ച്ചയില്ലാതെ, നിരൂപക പ്രശംസയും ജനസമ്മതിയും ഒരുപോലെ നേടിയെടുത്ത ചെയ്ത സ്റ്റുഡിയോ ആല്‍ബങ്ങളായ മോഡേണ്‍ ടൈംസ് (2006) ടുഗെതര്‍ ത്രൂ ലൈഫ് (2009) തുടങ്ങിയവയുമായി അദ്ദേഹം വിജയകരമായ പര്യടനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ, 2005-ല്‍ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ നൊ ഡായറക് ഷന്‍ : ബോബ് ഡിലാന്‍ എന്ന ബയോഗ്രഫിക് ഡോകുമെന്ററിക്കു വേണ്ടി ഇരുപതു വര്‍ഷത്തിനിടെ നല്‍കിയ ആദ്യ മുഴുനീള അഭിമുഖത്തിലും ബോബ് സ്വയം ആവിഷ്കരിച്ചു. പുതിയ ദശകത്തിലും ശ്രദ്ധേയമായ സംഗീത സംഭാവനകളുമായി സജീവമായ ബോബിനെ തേടി ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ കൂടാതെ പ്രസിഡന്റിന്റെ മെഡല്‍ ഓഫ് ഫ്രീഡം (2012) പുരസ്കാരവും ഇപ്പോള്‍ , 1993--ല്‍ ടോണി മോറിസന് ശേഷം ആദ്യമായി ഒരു അമേരിക്കക്കാരനെ തേടിയെത്തുന്ന സാഹിത്യ നോബല്‍ സമ്മാനവും ജീവിതം സംഗീതവും സംഗീതം പോരാട്ടവുമാക്കിയ ഗായകനെ തേടിയെത്തുന്നു. “അമേരിക്കന്‍ ഗാന രചനാ പാരമ്പര്യത്തില്‍ പുതിയ കാവ്യാവിഷ്കാരം സൃഷ്ടിച്ചതിന്" (നോബല്‍ സൈറ്റേഷന്‍) നല്‍കപ്പെടുന്ന ഈ പുരസ്കാരം, ഇതൊക്കെയാണെങ്കിലും, ഫിലിപ്പ് റോത്തിനെ പോലുള്ള കിടയറ്റ എഴുത്തുകാര്‍ അവഗണിക്കപ്പെടവേ, വായനാ ലോകത്തെ ഒട്ടൊന്നു അത്ഭുതപ്പെടുത്തുകയും ചെയ്തേക്കാം.
(വാരാദ്യമാധ്യമം-23, ഒക്ടോബര്‍,2016)
(ഗള്‍ഫ് മാധ്യമമ൦ - 23, ഒക്ടോബര്‍,2016)
