“എനിക്ക് തോന്നുന്നത്, ജീവിച്ചിരിക്കുക എന്നാല്‍ എന്തിലെങ്കിലുമുള്ള വിശ്വാസത്തിന്റെ, മനുഷ്യ പുരോഗതിയിലെ ഒടുക്കിക്കളയാനാവാത്ത ഒരു ഘടകത്തിന്റെ ആവിഷ്കാരമാണ്.. ഞാന്‍ ഇനിയും, എന്റെ ജീവിതത്തിലും എന്റെ രചനകളിലും, മനുഷികാര്‍ത്ഥത്തില്‍ പുരോഗതിയെ ഉള്‍കൊള്ളുന്ന ഒരു അതീത ക്രമത്തിന്റെ തത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കും.. ഏതൊരു തരം വര്‍ണ്ണവെറിയും തെറ്റാണ് എന്ന് എനിക്കറിയാം.”
(നദീന്‍ ഗോര്‍ഡിമര്‍ : സ്റ്റീഫന്‍ ഗ്രേയുമായുള്ള അഭിമുഖത്തില്‍ നിന്ന്)
സൌത്ത് ആഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ അനിവാര്യ വായനയായി കണക്കാക്കപ്പെടുന്ന നോവലാണ് നാദീന്‍ ഗോര്‍ഡിമറുടെ The Burger’s Daughter. 1979-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ അപ്പാര്‍ത്തീഡ് സര്‍ക്കാര്‍ ഉടന്‍ നിരോധിച്ചത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം മൂലമായിരുന്നു; പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് നെല്‍സന്‍ മണ്ടേല ജയിലിലായിയൂന്നു. വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. നോബല്‍ പുരസ്‌കാരം നോവലിസ്റ്റിനെ തേടിയെത്തുക പിന്നെയും പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ്.
1974ല്‍ പ്രസിദ്ധീകരിച്ച The Conservationist എന്ന നോവലില്‍ കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ അദ്ധ്വാനം ഉപയോഗിച്ച് തനിക്കൊരു ധാരണയുമില്ലാത്ത ഫാം നടത്തിപ്പിനു തുനിഞ്ഞിറങ്ങുന്ന മെഹ്റിംഗ് എന്ന പ്രതിനായകനിലൂടെ, വരാനിരിക്കുന്ന മാറ്റങ്ങളോട് ഒരു നിലക്കും പ്രതികരണ ബാധ്യതയില്ലാത്ത വെളുത്ത വര്‍ഗ്ഗക്കാരനെയാണ് നദീന്‍ ഗോര്‍ഡിമര്‍ അവതരിപ്പിച്ചത്. ബോയര്‍ ധനികരുടെ പതിവു പോലെ ഒരു നിലമുടമയാകുക എന്ന അന്തസ്സിനും നികുതിയിളവു ലഭിക്കുന്ന ചിലവിനം കാണിക്കാനും തന്റെ ലീലാവിലാസങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കാനും മാത്രമായിരുന്നു അയാള്‍ക്ക് കൃഷി. ഒരുനാള്‍ ഫാമിന്റെ മൂലയില്‍ കണ്ടെത്തപ്പെടുന്ന കറുത്തവന്റെ മൃദദേഹം പോലീസിനെ കാര്യമായി അലോസരപ്പെടുത്തുന്നില്ലെങ്കിലും പ്രേതബാധ ഭയപ്പെടുന്ന മെഹ്റിങ്ങിന് അതൊരു ബാധ്യതയാകുന്നു. കടുത്ത വംശ വെറിയനായ മെഹ്റിങ്ങുമായി പൊരുത്തപ്പെടാനാകാതെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസ്റ്റ് കൂടിയായ കാമുകി അന്റോണിയ അയാളെ വിട്ടുപോകുന്നതും പിതാവിന്റെ നേര്‍വിപരീത പ്രകൃതിയായ, ലിബറല്‍ ഇടതു ചിന്താഗതിയുള്ള മകന്‍ ടെറി, സൌത്ത് ആഫ്രിക്കന്‍ അപ്പാര്‍ത്തീഡ് സൈനിക വൃത്തി ഒഴിവാക്കാനായി, തിരിച്ചുവരാനുള്ള സാധ്യതകള്‍ അടച്ചുകൊണ്ട് അമേരിക്കയിലുള്ള അമ്മയുടെ അടുത്തേക്ക് പോകുന്നതും അയാളുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുന്നു. 1976ലെ സൊവേറ്റോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദേശത്തിന്റെ പ്രവചിത ഭാവിയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ/ ഉണ്ടാവേണ്ടതുണ്ടോ എന്നും എന്തായിരിക്കും അത്തരം ഇടപെടലുകളുടെ പ്രായോഗിക സങ്കീര്‍ണ്ണതകള്‍ എന്നുമുള്ള, The Conservationist പരിഗണിക്കുന്നില്ലാത്ത ചോദ്യങ്ങളെയാണ്, തുടര്‍ന്നിറങ്ങിയ Burger’s Daughter, July’s People (1981) എന്നീ നോവലുകള്‍ നേരിടുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (The Novels of Nadine Gordimer, History from Inside, Stephen Clingman, Second Edition: Page. 170). ഇരു നോവലുകള്‍ക്കുമിടയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്: ‘ബര്‍ജറുടെ മകള്‍’ റോസാ വളരെ കൃത്യമായ രാഷ്ട്രീയ പശ്ചാലത്തില്‍ നിന്ന് അതിനനുസൃതമായിത്തന്നെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസത്തില്‍ എത്തിപ്പെടുന്നവള്‍ ആണെങ്കില്‍, ‘ജൂലായിയുടെ ജനത’യിലെ മോറീന്‍ സ്മേല്‍സ്, ഗോര്‍ഡിമറുടെ കഥാപാത്രങ്ങളില്‍ ഏറ്റവും സാധാരണക്കാരിയാണ്. എന്നാല്‍ ഇരു നോവലുകളും മുന്നോട്ടു വെക്കുന്ന പ്രമേയങ്ങളും ചരിത്ര ബോധവും നോവലിസ്റ്റിന്റെ മുന്‍ കൃതിയിലെ നിലപാടുകളുടെ തുടര്‍വികാസമായി കാണാം. സാമൂഹിക പരിവര്‍ത്തനങ്ങളെ അവയെങ്ങനെയാണ് വ്യക്തികളെ ബാധിക്കുന്നത് എന്ന നിരീക്ഷണത്തിലൂടെയാണ് ഗോര്‍ഡിമറുടെ ചരിത്ര ബോധം പ്രാഥമികമായും സമീപിക്കുന്നത്.
അപ്പാര്‍ത്തീഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരായ ഒരു സംഘം വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകരുടെ കഥ പറയുന്ന നോവല്‍, സമാന ദൌത്യത്തില്‍ മുഴുകിയിരുന്ന നോവലിസ്റ്റിന്റെ നേരനുഭവ സാക്ഷ്യങ്ങളെയും നേരിട്ടറിയാവുന്ന വ്യക്തികളുടെ ജീവിതങ്ങളെയുമാണ് മാതൃകയാക്കുന്നത്. മുഖ്യ കഥാപാത്രമായ റോസാ, രാഷ്ട്രീയത്തടവുകാരനായ ലയണല്‍ ബര്‍ജെര്‍ എന്ന പ്രസിദ്ധനായ വര്‍ണ്ണവിവേചന വിരുദ്ധ, കമ്യൂണിസ്റ്റ് ആക്റ്റിവിസ്റ്റിന്റെ മകളാണ്. എന്തുകൊണ്ട് കമ്യൂണിസ്റ്റ് എന്ന ചോദ്യത്തിന് ഇരുപതുളിലെ സൌത്ത് ആഫ്രിക്കന്‍ സാഹചര്യത്തില്‍ ഒരേയൊരു മറുപടിയേ ഉള്ളൂ: അക്കാലത്ത് ഇംഗ്ലീഷ് – ആഫ്രിക്കാനര്‍ ഭേദമില്ലാതെ വെള്ളക്കാരെയും ഒപ്പം കറുത്ത വര്‍ഗ്ഗക്കാരെയും അംഗീകരിക്കുന്ന, സമത്വത്തില്‍ നിലയുറപ്പിച്ച ഏക പ്രസ്ഥാനം അതായിരുന്നു. “വെള്ളക്കാര്‍ നീതിയുടെ ദൈവത്തെ ആരാധിക്കുന്നു, ഒപ്പം തൊലിയുടെ നിറം നോക്കി വിവേചനം നടപ്പിലാക്കുകയും ചെയ്യുന്നു; ദൈവ പുത്രന്റെ കാരുണ്യത്തെ കുറിച്ച് പ്രസംഗിക്കുന്നു, തങ്ങളോടൊപ്പം ജീവിക്കുന്ന കറുത്ത മനുഷ്യരുടെ മാനവികതയെ നിഷേധിക്കുകയും ചെയ്യുന്നു.” ഈ വൈരുധ്യമാണ് ലയനലിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ‘വംശീയതാ പ്രയോഗത്തെയും നീതിരാഹിത്യത്തെയും അവസാനിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നത്.
1976ല്‍ റോസയുടെ ഇരുപത്തിയാറാം വയസ്സില്‍ തുടങ്ങുന്ന നോവലിന്റെ പശ്ചാത്തലം ജോഹാനസ്ബര്‍ഗിലാണ്. റോസക്ക് പതിനാലു വയസ്സുള്ളപ്പോഴാണ് പിതാവ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ആജീവനാന്ത ജയില്‍ ശിക്ഷ അനുഭവിക്കുന്ന അച്ഛന്‍, തടവില്‍ മരിച്ചിരിക്കുന്നുവെന്ന വാര്‍ത്ത മകളെ തേടിയെത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്; അതും ശിക്ഷ തുടങ്ങി വെറും മൂന്നു കൊല്ലത്തിനകം. ഭരണകൂട ശത്രുത ക്ഷണിച്ചുവരുത്തുന്ന തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സംഘര്‍ഷപൂര്‍ണ്ണമായ അപകട സാധ്യത നിരന്തരം കണ്ടു മുതിര്‍ന്നു വരുന്ന റോസാ അത്തരം വിനിമയങ്ങളില്‍ നിന്നു തീര്‍ത്തും വിട്ടുനില്‍ക്കുന്ന രീതിയില്‍ യൌവ്വനത്തിലേക്ക് കടക്കുന്നത് സ്വാഭാവികമായിരുന്നു. സര്‍ക്കാര്‍ വിരുദ്ധമായ ഒന്നിലും ഇടപെടാനുള്ള വിമുഖതയുടെ ഭാഗമായിത്തന്നെയാണ് അവള്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആയിത്തീരുന്നത്. എന്നാല്‍, സോവെറ്റൊയില്‍ ഒരിക്കല്‍ കാണാനിടയാകുന്ന ഒരു സംഭവം അവളെ നാട് വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്നു: കറുത്തവര്‍ഗ്ഗക്കാരനായ ഒരാള്‍ മദ്യലഹരിയില്‍ ഒരു കഴുതയെ കണ്ടുനില്‍ക്കാനാവാത്ത വിധം മര്‍ദ്ദിക്കുന്ന രംഗമാണത്.
ചെറുപ്പം മുതലേ വര്‍ണ്ണ ഭേദമെന്യേ വിവേചന വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാനുള്ള ഇടമായിരുന്ന വീട്ടില്‍ വളര്‍ന്ന റോസാ, സഹോദര തുല്യനായി കണക്കാക്കിയ സമപ്രായക്കാരനായ കറുത്ത വര്‍ഗ്ഗക്കാരന്‍ ബാസിയോടോപ്പമാണ് വളര്‍ന്നുവന്നത്. ഒമ്പതാം വയസ്സില്‍ അവളെ അച്ഛന്റെ കുടുംബത്തിലേക്കും ബാസിയെ അവന്റെ കുടുംബക്കാരുടെ ഇടയിലേക്കും അയക്കപ്പെടുന്നതോടെ രണ്ടുപേരും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോവുകയായിരുന്നു. വര്‍ണ്ണ വിവേചന നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും എല്ലാ വിഭാഗക്കാരും ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയും ഒരേ കേസില്‍ ജയിലില്‍ പോവുകയും ചെയ്ത സൌത്ത് ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും അംഗങ്ങളായിരുന്ന മാതാപിതാക്കള്‍ ഇരുവരും തടവിലാക്കപ്പെടുകയും ചെയ്യുന്നതോടെ റോസാ നേരിടുന്ന ചോദ്യങ്ങള്‍ പലതാണ്: മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നു വിപ്ലവ ജ്വാല ഉയര്‍ത്തിപ്പിടിക്കണോ, ഒരുവശത്ത് സ്റ്റാലിന്‍ ഭരണത്തിന്റെ ഭീകരത, ഹംഗേറിയന്‍ വിപ്ലവത്തെ ചതച്ചരച്ച സോവിയറ്റ് ഇടപെടല്‍, ‘ഇരുമ്പു മറ’യും ‘ശുദ്ധീകരണങ്ങളും (Purges), മറുവശത്ത് നാട്ടിലെങ്ങും നടന്നു വന്ന കമ്യൂണിസ്റ്റ് വേട്ട, സംശയിക്കപ്പെടുന്ന ആര്‍ക്കു നേരെയും ഏതു നിമിഷവും പ്രയോഗിക്കപ്പെട്ട ഭരണ കൂട ഭീകരത, വിചാരണ പോലുമില്ലാത്ത തടവ് ശിക്ഷ തുടങ്ങിയതൊക്കെ അവഗണിച്ച് ഒരു ആക്റ്റിവിസ്റ്റ് ആകണോ എന്നതൊക്കെ ആ ചോദ്യങ്ങളില്‍ പെടുന്നു. സമപ്രായക്കാരായ കുട്ടികള്‍ കൂട്ടുകാരുമായി ഉല്ലസിക്കുമ്പോള്‍ മുതിര്‍ന്നവരെ പോലെ, തടവിലാക്കപ്പെടുന്നവരുടെ കാര്യങ്ങള്‍ നോക്കുന്നതിനും മറ്റും ഗറില്ലാ മുറയില്‍ പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തത്തിലേക്കാണ് മാതാപിതാക്കളുടെ അറസ്റ്റ് റോസയെ എത്തിക്കുന്നത്. നോവലിന്റെ തുടക്കത്തിലെ ഫ്ലാഷ് ബാക്ക് ചിത്രം ശ്രദ്ധേയമാണ്: അറസ്റ്റ് ചെയ്യപ്പെട്ട അമ്മക്ക് ഒരു കോസടിയും വെള്ളക്കുപ്പിയും എത്തിക്കുകയെന്ന ദൗത്യവുമായി ജയിലിനു മുന്നില്‍ നില്‍ക്കുന്ന പതിനാലുകാരിയായ റോസയുടെ ചിത്രമാണത്. ഇരുപതുകളിലേക്ക് കടക്കുമ്പോഴും അവള്‍ അപ്പോഴും അത്തരം സംഘര്‍ഷങ്ങളുടെയും അങ്കലാപ്പുകളുടെയും തടവുകാരിയാണ്.
മാതാപിതാക്കളുടെ മരണ ശേഷം, വീട്ടില്‍ തനിച്ചിരിക്കുന്ന റോസാ, പിതാവിന്റെ വിചാരണക്കിടെ പരിചയപ്പെട്ട സുഹൃത്ത് കോണ്‍റാഡിനൊപ്പം താമസമാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അച്ഛനമ്മമാരുടെ നിഴലില്‍ പെട്ടുപോയവള്‍ എന്ന അയാളുടെ വിമര്‍ശനത്തില്‍ അസ്വസ്ഥയായി തനിച്ചൊരു അപ്പാര്‍ട്ട്മെന്റിലേക്കു മാറാനും ഒരു ഫിസിയോതെറാപിസ്റ്റ് ആയി ജോലി കണ്ടെത്താനും തീരുമാനിക്കുന്നു. 1975ല്‍ സൊവേറ്റോയിലെ സൌഹൃദ പാര്‍ട്ടിയില്‍ വെച്ചു കറുത്ത വര്‍ഗ്ഗക്കാരനായ ഒരു വിദ്യാര്‍ഥി വെള്ളക്കാരായ വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അപമാന പ്രസ്താവങ്ങള്‍ കേള്‍ക്കാനിടയാകുന്ന റോസാ തന്റെ ദൗത്യത്തെ കുറിച്ച് തന്നെ സന്ദേഹിച്ചു തുടങ്ങുന്നു. അയാളുടെ അഭിപ്രായത്തില്‍ വെള്ളക്കാരായ വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകരുടെ സഹായം അപ്രസക്തമാണ്; അവര്‍ക്ക് യഥാര്‍ഥത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടതെന്ത് എന്നുപോലുമറിയില്ല; കറുത്ത വര്‍ഗ്ഗക്കാര്‍ക്കു മാത്രമേ അന്തിമമായി അവരെ സ്വന്തം മോചനം സാധ്യമാക്കാനാവൂ. മാതാപിതാക്കളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയെന്നു സംശയിക്കപ്പെടുന്നതിനിടയിലും, ഒട്ടേറെ കടമ്പകള്‍ കടന്നു കൊണ്ടാണെങ്കിലും ഫ്രാന്‍സിലേക്ക് പോകാന്‍ കഴിയും വിധം ഒരു പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ റോസാക്ക് കഴിയുന്നത് മികച്ച രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളുള്ള ഒരു ആഫ്രിക്കാനര്‍ സുഹൃത്തിന്റെ സഹായത്തോടെ, വര്‍ഷങ്ങളുടെ ശ്രമങ്ങള്‍ക്കു ശേഷം മാത്രമാണ്. ഒപ്പം ഒരു നിബന്ധനയുമുണ്ട്: പോകുന്ന സ്ഥലത്ത് പ്രവാസ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടരുത്. ഫ്രാന്‍സിലെ നൈസ് പ്രവിശ്യയില്‍ അച്ഛന്റെ ആദ്യ ഭാര്യ കാത്യയുടെ കൂടെ താമസമാക്കുന്ന റോസാ, മറ്റൊരു ലോകമാണ് കണ്ടെത്തുന്നത്: ലെസ്ബിയന്‍- ജിഗലോ – ബൊഹീമിയന്‍ രീതിക്കാരൊക്കെ ഇടകലരുന്ന അരാഷ്ട്രീയ സുഖാന്വേഷനങ്ങളുടെ ലോകം. അയല്‍വാസികളും സുഹൃത്തുക്കളും വിവേചനങ്ങളോ ഭേദ ചിന്തകളോ ഇല്ലാതെ സഹവര്‍ത്തിക്കുന്ന ലോകം. എന്നാല്‍, പ്രത്യക്ഷത്തിലെ ഈ അപരിമേയ സ്വാതന്ത്ര്യത്തിനും അവസരങ്ങള്‍ക്കും അപ്പുറം ഫ്രാന്‍സ് നല്‍കുന്നത് ഒരു സാങ്കല്‍പ്പിക സ്വര്‍ഗ്ഗത്തിന്റെ പരിവേഷമാണെന്നും ഭാവിയും ഭൂതവുമില്ലാത്ത ഒരു ശൂന്യസ്ഥലിയുടെ മറുപേരാണ് ഈ സ്വാതന്ത്ര്യ പ്രതീതി എന്നുമാണ് റോസാ തിരിച്ചറിയുക. അധ്യാപകനായ ബെര്‍ണാര്‍ഡ് ഷബാലിയറുമായി പ്രണയത്തിലാകുന്ന റോസാ സമൂഹത്തിലെ ഉന്നതരുടെ ആര്‍ത്തിയും സ്വാര്‍ത്ഥതയും ഭരിക്കുന്ന പെരുമാറ്റങ്ങളും ദരിദ്രരായ മനുഷ്യരെ അവര്‍ മുതലെടുക്കുന്ന രീതികളും നേരില്‍ കാണുന്നുമുണ്ട്. തന്നോടൊപ്പം പാരീസിലേക്ക് പോരാന്‍ അദ്ദേഹം അവളെ നിര്‍ബന്ധിക്കുന്നു. പിതാവിന്റെ പാരമ്പര്യത്തില്‍ നിന്ന് വേര്‍പ്പെടാനുള്ള മോഹവുമായി ഫ്രാന്‍സിലെത്തുന്ന റോസാ “ആര്‍ക്കും അങ്ങനെ വിട്ടു പോകാനാകില്ല” എന്ന തിരിച്ചറിവിലേക്കു നീങ്ങുകയാണ്. “ആദര്‍ശങ്ങളുടെ കാര്യം എനിക്കറിയില്ല... അത് ദുരിതങ്ങളുടെ കാര്യമാണ്. ദുരിതങ്ങള്‍ എങ്ങനെ അവസാനിപ്പിക്കണം എന്നതാണ്” (p.332).
പക്ഷെ പാരീസിലേക്ക് മടങ്ങും മുമ്പ് അവള്‍ ഏതാനും ആഴ്ചത്തേക്ക് ഒരു ലണ്ടന്‍ സന്ദര്‍ശനം നടത്തുന്നു. വിസാ ചട്ടപ്രകാരം ഒരു വര്‍ഷത്തിനകം സൗത്ത് ആഫ്രിക്കയിലേക്ക് തിരികെ പോകേണ്ടതുണ്ടെങ്കിലും ഇനിയും നാട്ടിലേക്ക് മടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുന്ന റോസാ താന്‍ ബര്‍ജറുടെ മകളാണെന്ന് അഭിമാനത്തോടെ വിളംബരപ്പെടുത്തുകയും മീഡിയയുടെ ശ്രദ്ധാകേന്ദ്രമായ രാഷ്ട്രീയ വ്യക്തിത്വം ആയിത്തീരുകയും ചെയ്യുന്നു. അവിടെ വെച്ച് ബാസിയെ വീണ്ടും കണ്ടുമുട്ടാന്‍ ഇടയാകുന്നതിന്റെ സന്തോഷം അതിവേഗം മറ്റൊരു ഞെട്ടലിലേക്ക് വഴിമാറുന്നത് അയാളില്‍ സംഭവിച്ച പരിണാമങ്ങള്‍ മൂലമാണ്. താന്‍ ആ പഴയ ബാസി അല്ലെന്നും, സ്വെലിന്‍സിമ വുലിന്‍ഡ് ലേല എന്ന ഗോത്രനാമത്തിലാണ് താനിപ്പോള്‍ അറിയപ്പെടുന്നത് എന്നും പറയുന്ന ബാസി, താനൊരു റാഡിക്കല്‍ ആണിപ്പോള്‍ എന്നും കൂട്ടിച്ചേര്‍ക്കുന്നു. അവളുടെ പിതാവിന്റെ കാര്യം ഒട്ടനേകം കറുത്ത വര്‍ഗ്ഗക്കാരുടെ സഹനത്തെക്കാള്‍ പ്രത്യേകതയുള്ളതല്ല എന്നും, ഒരു വെള്ളക്കാരിയായ അവളുടെ സഹായം അവനു ആവശ്യമില്ല എന്നും അവന്‍ നിലപാടെടുക്കുന്നത് റോസയെ തകര്‍ത്തുകളയുന്നു. ഇനിയും ഫ്രഞ്ച് പ്രാവസത്തിലേക്ക് പോകുകയെന്ന ആശയം തന്നെ അവളെ സംബന്ധിച്ച് അനാകര്‍ഷകമായിത്തീരുന്നു. സൊവേറ്റോയില്‍ തിരിച്ചെത്തുന്ന റോസാ തന്റെ പഴയ ജോലിയില്‍ തിരികെ പ്രവേശിക്കുന്നു. സൌത്ത് ആഫ്രിക്കയില്‍ തിരിച്ചെത്തുമ്പോള്‍ തന്‍ വിട്ടുപോയപ്പോഴത്തെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു തിരിച്ചറിയുന്ന റോസാ, ബാര്‍ജറുടെ മകളായതിന്റെ വില തന്റെ ദൌത്യമായിത്തന്നെ കണ്ടെടുക്കുകയാണ്. ദൈവതുല്യമായ സ്ഥാനത്തെത്തിയ ഒരു പിതാവിന്റെ പാരമ്പര്യം നിലനിര്‍ത്തുക ഒരു മകള്‍ക്ക് ഒരിക്കലും എളുപ്പമാവില്ല. അതാണ് തന്റെ വ്യക്തിത്വ സ്ഥാപനം ആവശ്യപ്പെടുന്നതെന്ന ബോധ്യം അവളുടെ വഴികളെ ഒട്ടും സുരക്ഷിതവും ആക്കുന്നില്ല. 1976ല്‍ സൊവേറ്റോയില്‍ കറുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ഥികളുടെ കലാപം പൊട്ടിപ്പുറപ്പെടുകയും സര്‍ക്കാര്‍ അതിനെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. വെള്ളക്കാരായ ക്ഷേമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറുകണക്കിനു ആളുകള്‍ കൊല്ലപ്പെടുന്ന കലാപത്തിനൊടുവില്‍, 1977ല്‍, വെള്ളക്കാരുടെ സര്‍ക്കാരിനെ വിമര്‍ശിച്ച ഒട്ടേറെ സംഘടനകള്‍ നിരോധിക്കപ്പെടുന്നു. വമ്പിച്ച തോതിലുള്ള രാഷ്ട്രീയ അറസ്റ്റുകള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ റോസയും തടവിലാക്കപ്പെടുന്നു. വിധ്വംസക പ്രവര്‍ത്തനത്തിനും വിദ്യാര്‍ഥി കലാപത്തെ സഹായിച്ചതിനും ചാര്‍ജ്ജ് ചെയ്യപ്പെടുന്ന റോസാ, താനെങ്ങിനെയാണ് മാതാപിതാക്കളുടെ അതേ വിധിയില്‍ എത്തിപ്പെട്ടതെന്നു ഓര്‍ത്തുകൊണ്ടിരിക്കുന്നു.
ഗോര്‍ഡിമറുടെ നോവലുകളില്‍ ‘ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കമുള്ളതും ഹൃദയ ദ്രവീകരണ ക്ഷമവും’ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും (Anthony Samson, nytimes.com) ‘ബര്‍ജറുടെ മകള്‍’ നേരിട്ട് കലാപങ്ങളോ പീഡനങ്ങളോ ആവിഷ്കരിക്കുന്നില്ല. മറിച്ച് നോവലിന്റെ രാഷ്ട്രീയ ഉള്ളടക്കം പാത്ര സൃഷ്ടിയിലും നോവല്‍ വരച്ചു വെക്കുന്ന ജീവിത ചിത്രീകരണത്തിലുമാണ് ആവിഷ്കൃതമാകുന്നത്. റോസയുടെ വീക്ഷണത്തിലൂടെയാണ് കഥപറയുന്നതെങ്കിലും ലയണല്‍ ബര്‍ജറുടെ അദൃശ്യസാന്നിധ്യമാണ് കൂടുതല്‍ ശക്തമായി നോവലില്‍നിറഞ്ഞു നില്‍ക്കുന്നത്. ‘ഒരു കമ്മ്യൂണിസ്റ്റ് ദേശദ്രോഹിയായിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി ആകേണ്ടിയിരുന്നയാള്‍’ എന്ന് വിരോധികള്‍ പോലും വിലയിരുത്തുന്ന ബര്‍ജര്‍, മഹത്തായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സ്വയം സമര്‍പ്പിക്കുന്നതെങ്ങനെ എന്ന പാഠമാണ് മകള്‍ക്കു പകര്‍ന്നു നല്‍കുന്നത്.
ചരിത്രത്തെയും കൃത്യമായി തിരിച്ചറിയാവുന്ന യഥാര്‍ത്ഥ വ്യക്തികളെയും ഫിക് ഷനില്‍ നിബന്ധിക്കുകയെന്ന രീതി നദീന്‍ ഗോര്‍ഡിമര്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയ കൃതിയാണ് ‘ബര്‍ജറുടെ മകള്‍.’ നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തതിനു സ്വന്തം ആളുകള്‍ വര്‍ഗ്ഗ വഞ്ചകനായി കാണുകയും സര്‍ക്കാറിന്റെ കമ്യൂണിസ്റ്റ് വേട്ടയില്‍ ജയിലില്‍ അടക്കപ്പെടുകയും ജയിലില്‍ വെച്ച് മരിക്കുകയും ചെയ്ത ആഫ്രിക്കാനര്‍ ഡോക്റ്റര്‍ അബ്രഹാം ഫിഷറുടെ പതിപ്പാണ്, ഫിക് ഷന്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടെങ്കിലും, നോവലിലെ ലയണല്‍ ബര്‍ജര്‍. ഇതര കഥാപാത്രങ്ങളുടെ കാര്യത്തിലും ഇത് സത്യമാണ്. ബര്‍ജറുടെ പാത്ര സൃഷ്ടിയിലൂടെ ഫിക് ഷനും യാഥാര്‍ത്ഥ്യവും തമ്മിലും ഭൂതകാലവും വര്‍ത്തമാനവും തമ്മിലും ചരിത്രവും നോവലും തമ്മിലും കണ്ണി ചേര്‍ക്കപ്പെടുകയാണെന്ന് സ്റ്റീഫന്‍ ക്ലിംഗ് മന്‍ നിരീക്ഷിക്കുന്നു (Stephen Clingman: p.172). “ഗോര്‍ഡിമര്‍ അസുഖകരമായ ചോദ്യങ്ങളില്‍ ഒന്നില്‍ നിന്നും ഒളിച്ചോടുന്നില്ല – ലയനലിന്റെ കമ്യൂണിസം (“താങ്കളെ കൊണ്ട് സ്റ്റാലിനു വേണ്ടി ഉത്തരവാദിത്തം എടുക്കുകയും താങ്കളുടെ ക്രിസ്തുവിനെ നിഷേധിക്കുകയും ചെയ്യിക്കാന്‍ അവരാരാണ്” റോസാ അത്ഭുതപ്പെടുന്നു.), വെള്ളക്കാരുടെ കുറ്റബോധവും ഉത്തരവാദിത്തവും, അപ്പാര്‍ത്തീഡുമായി ബന്ധപ്പെട്ട എന്തിലും ആരിലും തങ്ങിനില്‍ക്കുന്ന മഹാപാപം – രാഷ്ട്രീയ ആശയങ്ങള്‍ ഏറെയും, ദൌര്‍ഭാഗ്യകരമെന്ന് പറയാം, സംഭാഷണങ്ങളിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു എങ്കിലും” എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (kirkusreviews.com). സോള്‍ഷെനിത് സിനുമായി താരതമ്യം ചെയ്യാവുന്ന ധാര്‍മ്മിക രോഷത്തിന്റെ ആഴവും വ്യാപ്തിയും ഉണ്ടെങ്കിലും ഈയൊരു ഘടകം – ആശയങ്ങള്‍ ഫിക് ഷനല്‍ അവതരണം ആവശ്യപ്പെടും വിധം ആവിഷ്കരിക്കുന്നതിനു പകരം സംഭാഷണപ്രധാനമാണ് എന്നത്- ‘ക്യാന്‍സര്‍ വാര്‍ഡി’ന്റെയോ ‘ഫസ്റ്റ് സര്‍ക്കിളി’ന്റെയോ (Cancer Ward; The First Circle – Solzhenitsyn) ഗരിമയിലേക്ക് നോവല്‍ എത്താതിരിക്കുന്നതിനു കാരണമാകുന്നു എന്നും ഇതേ നിരൂപണം ചൂണ്ടിക്കാണിക്കുന്നു.
(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട്
പേജ് 27 – 34)
