Chronicle in Stone by Ismail Kadare

മുതിര്‍ന്നുവരവിന്റെ ശിലാ ലിഖിതങ്ങള്‍

കദാരെയുടെ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ 'മൂന്നു ആര്‍ച്ചുകളുള്ള പാലം (The Three Arched Bridge)', 'സ്വപ്നങ്ങളുടെ കൊട്ടാരം (The Palace of Dreams)' തുടങ്ങിയ അന്യാപദേശ സ്വഭാവം പ്രകടമാക്കിയ രാഷ്ട്രീയ , ദേശീയ സത്യാന്വേഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യഥാതഥമെന്നു പറയാവുന്ന ഒന്നാണ് കൂടുതല്‍ ആത്മാകഥാപരവുമായ 'ശിലയിലെ പുരാവൃത്തം (Chronicle in Stone) .' ഇതര കൃതികളില്‍ നിന്ന് വ്യത്യസ്തമായി , ചരിത്രപ്പഴമയെയും മിത്തുകളെയും പശ്ചാത്തലമായി കൂട്ട് പിടിക്കാത്ത, സ്വന്തം ബാല്യ- കൗമാരാനുഭവങ്ങളുടെ സര്‍ഗ്ഗാത്മക പുന സൃഷ്ടിയാണ് ഈ കൃതി

ദക്ഷിണ അല്‍ബേനിയയിലെ ചെങ്കുത്തായ മലയോരനഗരമായ ജിറോകാസ്റ്റര്‍ എന്ന അടുക്കടുക്കായ ശിലാ നിര്‍മ്മിത ഗൃഹ സമുച്ചയ പ്രദേശം ഏറെ ചരിത്ര പ്രസക്തിയുള്ളതും തന്ത്ര പ്രധാനവുമായ ഇടമായിരുന്നു. യു. എന്നിന്‍റെ ഹെറിറ്റേജ്‌ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുള്ള നഗരത്തിന്‍റെ മതിലുകള്‍ക്ക് എ. ഡി. മൂന്നാം നൂറ്റാണ്ട് മുതല്‍ പഴക്കമുണ്ട്. കദാരെ വളര്‍ന്ന വീട്1677-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയുള്ള നഗരത്തില്‍ ഇത് താരതമ്യേന പുതിയതാണെന്ന് പറയാം. അഞ്ചു നിലകള്‍ വരെ ഉയരമുള്ളവയാണ് മിക്ക ഭവനങ്ങളും. ചെങ്കുത്തായ മലയോരത്തെ ഭവനങ്ങങ്ങളില്‍ ഒരു നിരയുടെ മേല്‍ക്കൂര തൊട്ടു മുകളിലേതിന്റെ അടിവാരത്താവാം. ഒരു വീടിന്റെ മുകളില്‍ നിന്ന് വീണാല്‍ തൊട്ടടുത്തതിന്റെ മേല്‍ക്കൂരയില്‍ പതിക്കാം എന്നു പ്രദേശത്തെ കുടിയന്മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്നു നോവലില്‍ പരാമര്‍ശമുണ്ട്. രണ്ടാം ലോക യുദ്ധ കാലത്ത് വൈദേശികാക്രമണങ്ങളുടെ ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് പഴമയുടെ ഗന്ധം എങ്ങും തളം കെട്ടി നില്‍ക്കുന്ന ഈ നഗരം.

"അതൊരു അസാധാരണ നഗരമായിരുന്നു. ഒരു മഞ്ഞു കാല രാവില്‍ താഴ് വരയില്‍ ഉരുവം കൊണ്ട ഏതോ ചരിത്രാതീതകാല ജീവി പോലെയായിരുന്നു അത്. ഇപ്പോള്‍ അത് മലയോരത്തുകൂടെ അള്ളിപ്പിടിച്ചു മുകളിലേക്ക് കയറുകയായിരുന്നു. നഗരത്തിലുള്ളതെല്ലാം പുരാതനവും ശിലാ നിര്‍മ്മിതവും ആയിരുന്നു, തെരുവുകളും ഉറവകളും മുതല്‍, ഭീമന്‍ ചെതുമ്പലുകള്‍ പുതച്ച പോലെ ചാര വര്‍ണ്ണമായ പൊറ്റകളുമായി എങ്ങും പരന്നു കിടന്ന കാലപ്പഴക്കമേറിയ ഭവനങ്ങള്‍ വരെ. ഈ ശക്തമായ ആമത്തോടിനു ചുവടെ ജീവന്റെ മൃദുല മാംസം നിലനില്‍ക്കുകയും പെരുകുകയും ചെയ്തുവന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ആദ്യമായി അത് കാണുന്ന യാത്രികന് അതിനെ മറ്റെന്തെങ്കിലുമൊന്നിനോട് തുലനം ചെയ്യാന്‍ തോന്നുമായിരുന്നു, പക്ഷെ അത് അസാധ്യമാണെന്ന് ഉടന്‍ അയാള്‍ തിരിച്ചറിഞ്ഞു. കാരണം, ആ നഗരം എല്ലാ വിധ സാത്മ്യങ്ങളെയും നിരാകരിച്ചു. സത്യത്തില്‍, അത് മറ്റൊന്നിനെയും പോലെയായിരുന്നില്ല. മഴയും, ആലിപ്പഴ വീഴ്ചയും മഴവില്ലുകളും , അല്ലെങ്കില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള വിദേശ കൊടിക്കൂറകളും ദീര്‍ഘകാലം പുരപ്പുറങ്ങളില്‍ നില്‍ക്കാന്‍ അനുവദിച്ചു എന്നത് പോലെയല്ലാതെ ഒന്നുമായും തുലനം ചെയ്യാനും അത് അനുവദിച്ചില്ല. കാരണം അവയൊക്കെയും ഒരു പോലെ അയഥാര്‍ത്ഥവും മാഞ്ഞുപോകുന്നതും ആയിരുന്നപ്പോള്‍ നഗരം സ്വയം അനശ്വരവും ഉറച്ച പ്രതലത്തില്‍ നകൂരമിട്ടതും ആയിരുന്നു....”

1939-ല്‍ മുസോളിനി അല്‍ബേനിയ കീഴടക്കി അല്പായുസ്സായിരുന്ന ഇറ്റാലിയന്‍ സാമ്രാജ്യത്തോട് ചേര്‍ത്തു. രണ്ടു കൊല്ലത്തിനകം ബ്രിട്ടന്റെ സഹായത്തോടെ ഇരമ്പിയെത്തിയ ഗ്രീക്ക്‌ സൈന്യം മുസോളിനിയെ തുരത്തിയെങ്കിലും താമസിയാതെ വീണ്ടും ഇറ്റാലിയന്‍ അധീനതയിലായി. 1943-ല്‍ സഖ്യ ശക്തികള്‍ ഇറ്റലിയെ തോല്പിച്ചതോടെ മുന്നേറിയ ജര്‍മ്മനി, ഗ്രീസ്, യുഗോസ്ലാവ്യ എന്നിവയോടൊപ്പം അല്‍ബേനിയ മുഴുവന്‍ കീഴടക്കി. ഈ സ്തോഭ ജനകമായ കാല ഘട്ടത്തിന്റെ അനുഭവങ്ങളാണ് ഭാവനാ സമ്പന്നനും ഇത്തിരി ഹ്രസ്വ ദൃഷ്ടിയുമായ ഒരു കൗമാരക്കാരന്റെ കണ്ണിലൂടെ കദാരെ തന്റെ 'ശിലയിലെ പുരാവൃത്തം' എന്ന കൃതിയില്‍ അടയാളപ്പെടുത്തുന്നത്.

"നൂറ്റാണ്ടുകളോളം റോമക്കാരുടെയും, നോര്‍മന്‍കാരുടെയും ബൈസന്റയ്ന്‍, തുര്‍ക്കികള്‍, ഗ്രീക്കുകാര്‍ ഒടുവില്‍ ഇറ്റലിക്കാര്‍ എന്നിവരുടെയും ഉടമസ്ഥതയില്‍ ആയിരുന്ന നഗരം ഇപ്പോള്‍ ഈ സന്ധ്യക്ക്‌ ജര്‍മന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി ഇരുട്ട് വ്യാപിക്കുന്നത് നോക്കി കിടന്നു. തികച്ചും തളര്‍ന്ന്, യുദ്ധം കൊണ്ട് സ്തബ്ധനായി കിടക്കവേ, അത് ജീവന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല".

കടുത്ത അന്ധ വിശ്വാസങ്ങള്‍ക്കും പരമ്പരാഗത ധാരണകള്‍ക്കും ഇരയായ നിരക്ഷരരായ നാട്ടുകാര്‍ സ്റ്റാലിന്റെ മേല്‍ക്കോയ്മയെ കുറിച്ച് 'ചുവന്ന താടിയുള്ള 'യൂസുഫ് സ്റ്റാലിന്‍' എന്ന 'മുസ്ലിം' എന്ന് ആശ്വാസം കൊള്ളുന്നുണ്ട് . 1913 ല്‍ ഔദ്യോഗികമായി അധികാരമൊഴിയും വരെ ഒട്ടോമന്‍ പാരമ്പര്യത്തില്‍ താരതമ്യേന മികച്ച ജീവിത നിലവാരത്തില്‍ കഴിഞ്ഞു വന്ന കര്‍ഷകരുടെയും ചെറുകിട ഭൂവുടമകളുടെയും ഭാര്യമാരും പെണ്മക്കളും വിധവകളുമൊക്കെയായ അവര്‍ക്ക് അതൊരു സമാശ്വാസമായി തോന്നുന്നു. 'മൂന്നു ആര്‍ച്ചുകളുള്ള പാലം (The Three-Arched Bridge)' എന്ന നോവലില്‍ ഒട്ടോമന്‍ കാലത്തെ കുറിച്ച് ആഖ്യാതാവായ അല്‍ബേനിയന്‍ ഭിക്ഷു ജോണ്‍ ഉക്കാമ പറയുന്നുണ്ട്:

"മഹത്തായ ഒട്ടോമന്‍ ദേശത്തിന്റെ വിശപ്പ്‌ കാറ്റില്‍ അനുഭവ വേദ്യമായിരുന്നു. സ്ലാവുകളുടെ വന്യമായ വിശപ്പ്‌ ഞങ്ങള്‍ക്ക് ശീലമായിരുന്നു. നഗ്നവും ഒരു ചെന്നായുടെത് പോലെ വെളിക്കു കാണാവുന്ന പല്ലുകളുമായി ഈ വിശപ്പ്‌ എപ്പോഴും മറ്റെന്തിനെക്കാളും അപകടകാരിയായിരുന്നു. എന്നാല്‍ അതിനു വിപരീതമായി, ഒട്ടോമന്‍ ബലപ്രയോഗത്തില്‍ ഒരു തരം മനംമയക്കലിന്റെ രൂപമുണ്ടായിരുന്നു. അവര്‍ അവരുടെ ചിഹ്നമായി ചന്ദ്രനെ തെരഞ്ഞെടുത്തതില്‍ എനിക്കു അത്ഭുതം തോന്നിയില്ല. അതിന്റെ വെളിച്ചത്തിനു ചുവടെ, ലോകത്തെ തലോടിക്കിടത്തി ഉറക്കാനാവും.”

ഹിജറ വര്‍ഷവുമായി ചേര്‍ത്തു അറുനൂറു കൊല്ലം പുറകോട്ടു കാലത്തെ തിരിക്കണം എന്നതൊക്കെയായിരുന്നു അവരുടെ ചുരുക്കം ആവശ്യങ്ങളിലൊന്ന് എന്നും ഇത്തിരി തമാശയോടെ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 'ശിലയിലെ പുരാവൃത്ത' ത്തില്‍ എങ്ങും തങ്ങി നില്‍ക്കുന്ന പാരമ്പര്യത്തിന്റെ നീക്കിവെപ്പുകളും മുത്തശ്ശിക്കഥാന്തരീക്ഷവും വലിയൊരളവോളം ഈ ഒട്ടോമന്‍ പഴമയുടെതാണ്; ആഖ്യാതാവിന്റെ പ്രകടമായ സര്‍ഗ്ഗാത്മകത ഉള്‍പ്പെടെ . എന്നാല്‍ 'അപശകുന ചിഹ്ന'മായ കണ്ണട വെച്ച എന്‍വര്‍ ഓജയാണ് സ്റ്റാലിനിസത്തിന്‍റെ അല്‍ബേനിയന്‍ പതിപ്പായി അധികാരം പിടിച്ചടക്കുന്നത്.

നോവലിസ്റ്റിന്റെ അപര സ്വത്വം (alter ego) തന്നെയെങ്കിലും ആഖ്യാതാവിന്റെ കാഴ്ചകളുടെ ഊന്നല്‍ അക്കാലത്ത് ആറോ ഏഴോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കദാരെയെക്കാള്‍ ഇത്തിരിക്കൂടി മുതിര്‍ന്ന ഒരു കൗമാരക്കാരന്റേതാണ്. നോവലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചി ടത്തോളം ഇത് ഏറെ പ്രധാനമാണ്. അതീവ സംവേദനശീലമുള്ള അവന്‍ ഒന്നും കാണാതെ പോവുന്നില്ല; താന്‍ കാണുന്നതിന്റെയെല്ലാം പശ്ചാത്തലമോ അര്‍ത്ഥമോ മുഴുവനായി മനസ്സിലായിട്ടില്ലെങ്കിലും. നോവലിന്റെ തുടക്കത്തില്‍ നിര്‍ത്താതെ പെയ്ത പേമാരിയുടെ ഫലമായി അപകടകരമാം വിധം നിറഞ്ഞു കവിയുന്ന ജല സംഭരണി കാലിയാക്കാന്‍ സഹായിക്കാനെത്തുന്ന അയല്‍ വാസികളുടെയും മുത്തശ്ശിമാരുടെയും ഇടയില്‍ കൗതുകത്തോടെ ഓടി നടക്കുന്ന ആഖ്യാതാവിനെ കാണാം: “ഈ ലോകത്ത് എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയുണ്ട്. മരണത്തിനു മാത്രമേ പരിഹാരമില്ലാതുള്ളൂ എന്റെ പൊന്നുമോനേ !” എന്ന് സമാശ്വസിപ്പിക്കുന്നുണ്ട് മുത്തശ്ശി. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അവന്‍ സ്വയം കണ്ടെത്തുന്നു: “മുതിര്‍ന്നവരില്‍ നിന്ന് പെറുക്കിയെടുത്ത വാക്കുകള്‍, സംഭാഷണ ശകലങ്ങള്‍ എന്റെ മനസ്സില്‍ വന്നു. അവയുടെ അര്‍ഥം ജലം പോലെ വഴുതിപ്പോയെങ്കിലും.”

കൗമാര നൈസര്‍ഗ്ഗികത അനുഭവ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മുഖാമുഖത്തില്‍ നഷ്ടപ്പെടുന്ന പ്രക്രിയ കൂടിയാണല്ലോ 'വളരുക' എന്നത്. ജിറോകാസ്റ്ററിന്റെ ചരിത്രഗതിയിലെ മാറ്റങ്ങള്‍ക്കു സമാന്തരമായി തന്നെയാണ് കേന്ദ്ര കഥാപാത്രം മാറ്റങ്ങളുടെ പരുക്കന്‍ യഥാതഥാവസ്ഥയിലേക്ക് കണ്‍ തുറക്കുന്നതും. കൗമാരക്കാരനായ ആഖ്യാതാവിനെ ഉപയോഗിക്കുന്നതിലൂടെ നഗരം കടന്നു പോകുന്ന മാറ്റങ്ങളുടെ തീവ്രത കൂടുതല്‍ മിഴിവുറ്റതാവുന്നു. “വിമാനത്താവളം പോലെ സുന്ദരമായ ഒന്നിനെ ആളുകള്‍ക്ക് എങ്ങനെയാണ് ഇഷ്ടമാവാതെ പോവുന്നതെന്ന് എനിക്ക് മനസ്സിലാവുമായിരുന്നില്ല. പക്ഷെ പിന്നീട് എനിക്ക് മനസ്സിലായി മനുഷ്യര്‍ പൊതുവേ മഹാ ബോറന്മാരാണെന്ന് !” എന്ന് തുടക്കത്തിലേ അവന്‍ പറയുന്നുണ്ട്. നഗരത്തിലെ കെട്ടിടങ്ങളെയും ജലസംഭരണികളെയും തെരുവുകളെയും പാലങ്ങളെയുമൊക്കെ അവന്‍ ജീവനുള്ള വസ്തുക്കളായി കാണുന്നു. ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റങ്ങള്‍ , അധിനിവേശ സൈനികരുടെ ക്രൂരത, ബോംബു വര്‍ഷത്തിന്റെ ഭീകരത - എല്ലാം കൗമാരക്കാരന്റെ കണ്ണില്‍ വര്‍ദ്ധിത മാനങ്ങള്‍ ആവാഹിക്കുന്നു. അതെ സമയം ചുറ്റുപാടുമുള്ള മറ്റു വീടുകളെ അപേക്ഷിച്ച് തങ്ങളുടെ വീട് ബോംബിങ്ങിനെ അതിജീവിക്കാന്‍ കഴിയുന്നതായത് കൊണ്ട് ബോംബ്‌ ഷെല്‍ട്ടര്‍ ആയി ഉപയോഗിക്കുന്നതില്‍, വിമാനത്താവളം വന്നപ്പോഴെന്ന പോലെ അവനു അഭിമാനമുണ്ട്; അന്ന് പലരും അതിലൂടെ യുദ്ധവും മരണവുമാണ്‌ വരിക എന്ന് അപായ സൂചന നല്‍കിയിരുന്നെ ങ്കിലും. അവനെ സംബന്ധിച്ചിടത്തോളം ബോംബ്‌ വര്‍ഷവും മാറി മാറി വരുന്ന രാഷ്ട്രീയക്കോയ്മ കളും നിത്യ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്. എന്നും അതങ്ങനെ ആയിരുന്നു, ആയിരിക്കയും ചെയ്യും. മുത്തശ്ശി തന്നെയും അവന്റെ കാഴ്ചപ്പാടിനെ ശരിവെക്കുന്നുണ്ട്: “എനിക്കുതോന്നുന്നു ഈ ലോകത്തിനു യുദ്ധം കൂടാതെ ഒരു ദിവസം പോലും തള്ളി നീക്കാനാവില്ലെന്ന്. എന്റെ ഈ പ്രായം വരെയും ശരിയായ സമാധാനത്തിന്റെ ഒരു ദിവസം പോലും ഞാന്‍ കണ്ടിട്ടില്ല.” മുതിര്‍ന്നവരുടെ രോഷമില്ലാതെ അവന് എല്ലാം 'റിപ്പോര്‍ട്ട് ' ചെയ്യാന്‍ കഴിയുന്നത്‌ അത് കൊണ്ടാണ്. ഒരു ദിവസം ശാന്തമായി കാണപ്പെടുന്ന പട്ടണം പിറ്റേന്ന് അശാന്തിയിലേക്കും കുരുതികളലേക്കും പരിവര്‍ത്തനപ്പെടുന്നത് രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ്. 'പ്രോലിറ്റേറിയന്‍' സാഹിത്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് വിരുദ്ധമായി കദാരെ ഗ്രാമത്തെയോ ഗ്രാമീണ കാര്‍ഷിക ജീവിതത്തെയോ ഉദാത്തവല്‍ക്കരിക്കുന്നില്ല എന്നത് അന്നത്തെ അവസ്ഥയില്‍ അത്ര ചെറിയ ഒരു വേറിട്ട വഴിയായിരുന്നില്ല. ഗ്രാമം എന്നാലെന്താണെന്ന് അത്ഭുതപ്പെടും പോലെത്തന്നെ പുതു തലമുറക്കാരനായ ആഖ്യാതാവിന്‌ അധിനിവിഷ്ട നഗരം എന്നാലെന്താണെന്നും മനസ്സിലാവുന്നി ല്ല. വിമത രാഷ്ട്രീയ വിഭാഗക്കാരനായ യാവേര്‍ അതവനോട് ഇങ്ങനെ വ്യക്തമാക്കുന്നു: “ഒരു സ്വതന്ത്ര നഗരമെന്നാല്‍ എന്താണെന്ന് നിനക്ക് മനസ്സിലാവില്ല. കാരണം, നീ അടിമത്ത വ്യവസ്ഥിതിയിലാണ് വളരുന്നത്. ... അതെന്താണെന്ന് വിശദീകരിക്കാന്‍ എനിക്കും പാടാണ്. എന്നാല്‍ ഒരു സ്വതന്ത്ര നഗരത്തില്‍ എല്ലാം വളരെ വ്യത്യസ്ഥമായിരിക്കും. വളരെ സുന്ദരം: ആദ്യ കാഴ്ചയില്‍ നമ്മുടെ കണ്ണഞ്ചിപ്പോവും.” അവിടെ ഭക്ഷണം ഉള്‍പ്പടെ എല്ലാം സുലഭമായിരി ക്കും എന്നും യാവേര്‍ ഉറപ്പു പറയുന്നു. ഈ കമ്യൂണിസ്റ്റ്‌ യുടോപിയയും നില നില്‍ക്കുന്നതും അധീശത്തം സ്ഥാപിക്കാന്‍ പോവുന്നതും തമ്മിലൊക്കെയുള്ള അന്തരം മനസ്സിലാക്കാന്‍ അവന്‍ സമയമെടുക്കും. നോവലിന്റെ ഉള്ളടക്കത്തില്‍ മാക്ബത്ത് നാടകവും കാള്‍ യുങ്ങിന്റെ പുസ്തകവും ആഖ്യാതാവിന്റെ കൗമാരാവസ്ഥയില്‍ നിന്ന് അനുഭവാവസ്ഥ യിലേക്കുള്ള (from innocence to experience) മാറ്റത്തിന്റെ കൂടി സൂചകമാണ്. മാക്ബത്ത് യുദ്ധത്തിന്റെയും ചതിച്ചു കൊല്ലലിന്റെ യും ഒറ്റിക്കൊടുക്കലിന്റെയും കൂടി ഇതിഹാസമാണല്ലോ. കദാരെയുടെ 'ദി കണ്‍സര്‍ട്ട് ', 'ബ്രോക്കണ്‍ ഏപ്രില്‍' എന്നീ കൃതികളിലും മാക്ബത്ത് ശക്തമായ പ്രമേയ സൂചകമായി വരുന്നുണ്ട്. ഷേക്സ്പിയറുടെ മാസ്റ്റര്‍പീസ് ഒരര്‍ഥത്തില്‍ കദാരെയുടെ വലിയൊരു സര്‍ഗ്ഗ പ്രചോദനം തന്നെയാണ് - കശാപ്പ് (slaughter) എന്ന പദം എല്ലായിടത്തും മുഴങ്ങിക്കേള്‍ക്കുന്ന തായി അറവുശാല കാണാന്‍ പോയി നടുങ്ങിത്തെറിച്ചു തിരിച്ചു പായുന്ന ദിവസം ആഖ്യതാവ് ഓര്‍ക്കുന്നു. കാള്‍ യുങ്ങിന്റെ പുസ്തകമാവട്ടെ കാമനകളുടെ ദുരൂഹ വഴികളെയും ഉണര്‍വുകളെയും അടയാളപ്പെടുത്തുന്നു.

ഉത്തമ പുരുഷ ആഖ്യാന (first person narrative) രീതിയിലുള്ള അധ്യായങ്ങള്‍ക്കിടയില്‍ കടന്നു വരുന്ന ചെറിയ ഖണ്ഡങ്ങളില്‍ ഒന്നുകില്‍ ആഖ്യാതാവ് തന്നെയോ അല്ലെങ്കില്‍ നഗര പുരാവൃത്തമെഴുതുന്ന ഉദ്യോഗസ്ഥനോ പത്രങ്ങള്‍ ഉള്‍പ്പടെ ഇതര രേഖകളില്‍ നിന്നുള്ള ചെറു കുറിപ്പുകളോ ആണ് പശ്ചാത്തല വിവരണങ്ങള്‍ക്കു പകരമാവുന്നത്. പുറത്തു നിന്ന് പല തവണ ബോംബു വര്‍ഷത്തിനും സൈനിക ആക്രമണങ്ങള്‍ക്കും വിധേയമായിട്ടുണ്ട് എന്ന് മാത്രമല്ല, ആന്തരാ വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങളുടെ സംഘര്‍ഷങ്ങളും ജിറോകാസ്റ്ററിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഏറ്റുമുട്ടുന്നത്. നാടുകടത്തപ്പെട്ട സോഗ് രാജാവിന്റെ അനുയായികള്‍ ഉള്‍കൊള്ളുന്ന 'Ligaliteti' എന്ന ദുര്‍ബ്ബല വിഭാഗം നോവലില്‍ 'ഇസാ ടോസ്ക്കയുടെ ആള്‍ക്കാര്‍' എന്ന് വിളിക്കപ്പെടുന്നു. ഒരു കൂട്ടം റൌഡികള്‍ എന്നതിനപ്പുറം ഒന്നുമല്ല വടക്കന്‍ അല്‍ബേനിയന്‍ പ്രദേശങ്ങളില്‍ മാത്രം കുറഞ്ഞ സ്വാധീനമുണ്ടായിരുന്ന ഇക്കൂട്ടര്‍. 'Balli Kombetar' അഥവാ 'ദേശീയ മുന്നണി' എന്നറിയപ്പെട്ട കമ്മ്യൂണസ്റ്റിതര വിഭാഗം 'ബാലിസ്റ്റുകള്‍' എന്നപേരില്‍ നോവലില്‍ കടന്നു വരുന്നുണ്ട്. ഒരേ സമയം കടുത്ത ആക്രമണകാരികളും ഇരകളുമാണവര്‍. ഏറ്റവും ശക്തമായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വരുതിയിലുള്ള വിമതരാണ്. ബാലിസ്റ്റുകളും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഏറ്റവും ഭീകരമായ രക്തച്ചൊരിച്ചിലുകളായി ആഭ്യന്തര സംഘര്‍ഷങ്ങളെ മാറ്റിയെടുക്കുന്നത്. ആറുപേരുടെ ജഡം "ഇങ്ങനെയാണ് ഞങ്ങള്‍ ചുവപ്പന്‍ ഭീകരതക്ക് മറുപടി പറയുക" എന്ന ആലേഖനത്തോടെ തെരുവിലെത്തുമ്പോള്‍ തൊട്ടടുത്ത ദിവസം അതിന്റെയിരട്ടി ജഡങ്ങള്‍ "ഇതാണ് വെള്ള ഭീകരതയ്ക്കുള്ള മറുപടി!” എന്ന് തെരുവില്‍ കാണാവുന്നു. ഈ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചത് എന്‍വര്‍ ഓജയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ ഭരണം സ്ഥാപിക്കപ്പെട്ടതോടെയാണ്. യഥാര്‍ത്ഥത്തില്‍ എല്ലാ സ്വാതന്ത്ര്യാന്വേഷണങ്ങളും ശ്രമങ്ങളും ആഭ്യന്തര യുദ്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും രൂപത്തിലായിരുന്നു എന്ന നിലപാട് ഔദ്യോഗിക ഭാഷ്യത്തിനു വിരുദ്ധവും അത് കൊണ്ട് തന്നെ കദാരേയുടെ രാഷ്ട്രീയ നിലപാടിന്റെ സൂചകവുമാണ്. തുര്‍ക്കി മുസ്ലിം സാംസ്ക്കാരിക പാരമ്പര്യമുള്ള അല്‍ബേനിയയില്‍ ഗ്രീക്ക്‌, ക്രിസ്ത്യന്‍ പാരമ്പര്യങ്ങളോട് വിനിമയങ്ങള്‍ സാധ്യമായതും സംഘര്‍ഷ ഭരിതമായ രീതിയിലാണ്. നോവലിന്റെ ഇതിവൃത്ത ഘടനയില്‍ കടന്നു വരുന്ന വിചിത്ര സംഭവ ഗതികള്‍ക്കും കഥാപാത്രങ്ങള്‍ക്കുമുള്ള വിശദീകരണവും സംഘര്‍ഷ ഭരിതമായ ഈ വൈവിധ്യം തന്നെയാണ് .

കൂടെക്കൂടെയുള്ള അധികാരക്കൈമാറ്റങ്ങളെ കദാരെ കണക്കിന് കളിയാക്കുന്നുണ്ട്: അല്‍ബേനിയന്‍ ലേക്ക്, ഗ്രീക്ക് ഡ്രാച്മക്കും പിന്നീടത്‌ തൊട്ടടുത്ത ദിവസം ഇറ്റാലിയന്‍ ലീറക്കും വീണ്ടും പഴയ ലേക്കിലെക്കും മാറ്റം ചെയ്യപ്പെടുന്നു. ജെര്‍ജ് പുലോ എന്നയാള്‍ ഇറ്റലിക്കാരുടെ വരവോടെ ജ്യോര്‍ജിയോ പുലോ എന്നും പിന്നീട് ഗ്രീക്കുകാരുടെ വരവോടെ യോര്‍ഗോസ് പൌലോസ് എന്നും പേര് മാറ്റുന്നു. ജര്‍മ്മന്‍ അധിനിവേശത്തോടെ ജര്‍ഗന്‍ പുലന്‍ എന്ന് പേര് മാറ്റാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് അയാള്‍ ജര്‍മ്മന്‍ സൈനികരുടെ തന്നെ വെടിയേറ്റ്‌ മരിക്കുന്നത്. പട്ടണത്തിലെ കല്യാണ മേയ്ക്കപ്പുകാരി കാക്കോ പിനോ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു: “ഇത് ലോകാവസാനം !”. അത്ഭുതങ്ങളും വിചിത്ര സംഭവങ്ങളും ഒരിക്കലുമൊടുങ്ങാത്ത നഗരമാണ് ജിറോകാസ്റ്റര്‍. മധ്യകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ദുര്‍മന്ത്രവാദിനികളുടെയും നൂറ്റിമുപ്പതും നൂറ്റി നാല്‍പ്പതും വയസ്സുള്ള , പതിറ്റാണ്ടുകളായി പുറത്തിറങ്ങിയിട്ടില്ലാത്ത അപാരമായ ജീവിതാനുഭാവങ്ങളുടെയും പ്രവചന/ ദുരന്ത പ്രവചന സിദ്ധികളുടെയും ഉടമകളായ, പുരാണ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മുത്തശ്ശിമാര്‍ ('old crones'), അവരെക്കാള്‍ ഇത്തിരി പ്രായം കുറഞ്ഞ 'അമ്മായിയമ്മമാര്‍' ('katenxhikas') , തുടങ്ങി ഇതര കദാരെ നോവലുകളെ അപേക്ഷിച്ച് കഥാപാത്ര ബാഹുല്യവും വൈചിത്ര്യവുമുണ്ട് 'ശിലയിലെ പുരാവൃത്ത'ത്തില്‍. നാസോയുടെ മകന്‍ മഖ്സൂദ്‌ ആഭിചാര ഫലമായി ആണത്തം നഷ്ടമായി പുതു മോടിയിലേ പരാജയപ്പെടുന്നു. മാനെ വോക്കൊയുടെ മകന്‍ കണ്ണട വെക്കുന്നത് ഒരപശകുനമായി വ്യാഖ്യാനിക്കപ്പെടുന്നത് പില്‍ക്കാലത്ത് കണ്ണടക്കാരന്‍ എന്‍വര്‍ ഓജ അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ നാടിനെ അടിപ്പെടുത്തുന്നതിന്റെ സൂചകമായി കാണാം. സെസോ കെയ് ലിയുടെ മകള്‍ താടി വളര്‍ത്തുന്നതായി പറയപ്പെടുന്നത്‌ സ്ത്രൈണ സ്വവര്‍ഗ്ഗരതിയുടെ അപഖ്യാതിയായി കരുതപ്പെടുന്നു. ഉപജാപങ്ങളുടെ ഉച്ചഭാഷിണിയായ ജേജോ പറയുന്നു: “എല്ലാം നമ്മുടെ തെറ്റാണ്. ആളുകള്‍ എല്ലാ പരിധിയും കടന്നിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കകം എല്ലാവരും ചേര്‍ന്ന് തെരുവുകളിലൂടെ 'തീട്ടം നീണാള്‍ വാഴട്ടെ!' എന്ന് വിളിച്ചു പറഞ്ഞു കൊടികളും സംഗീതവുമൊക്കെയായി പരേഡ്‌ ചെയ്യും എന്ന് കേള്‍ക്കുന്നു . ഇങ്ങനെയൊന്നു മുന്‍പ്‌ കേട്ടിട്ടുണ്ടോ?!” ഇറ്റാലിയന്‍ സൈന്യം തമ്പടിക്കുന്ന ജോബെക് ജില്ലയില്‍ കാര്‍ഡ്‌ ബോര്‍ഡ്‌ കൊണ്ടുള്ള വീടുകളുണ്ടെന്ന് കേള്‍ക്കാം . ഇറ്റലിക്കാര്‍ കുറെ കന്യാസ്ത്രീകളെയും പിന്നെ അവരുടെ ആവശ്യത്തിന് വേശ്യകളെയും കൂടെ കൊണ്ടുവരും എന്നും സുവിദിതമാണ്. കാര്‍ഡ്‌ ബോര്‍ഡ്‌, കണ്ണട പോലെയും സെസോ കെയ് ലിയുടെ മകളുടെ വളര്‍ന്ന താടി പോലെയും മറ്റൊരു അപശകുന ചിഹ്നമാണ് . "ഇന്നലെ ദൈവം സെസോ കെയ് ലിയുടെ മകള്‍ക്ക് താടി വളര്‍ത്തിച്ചു. നാളെ എല്ലാ ശരീരങ്ങളിലും മുള്ളുകള്‍ കിളിര്‍പ്പിക്കും" എന്ന് ജേജോ ദുരന്ത പ്രവചനം നടത്തുന്നു. ദുര്‍മന്ത്രവാദത്തെ ഭയന്ന് നഖം വെട്ടുമ്പോള്‍ കത്തിച്ചു കളയണമെന്നും പെണ്‍കുട്ടികള്‍ മുടി ചീകുമ്പോള്‍ മുടി നിലത്തുവീഴാതെ സൂക്ഷിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെകുത്താന്‍ മാരണത്തിനു അതൊക്കെയും ഉപയോഗിക്കും. സത്യത്തില്‍ കദാരെയുടെ ജിറോകാസ്റ്റര്‍ വ്യതിരിക്ത രതിയുടെ കേന്ദ്രമാണെന്ന് നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തകന്‍ ആര്‍ഷി പിപ തന്റെ വിവാദ അവതാരികയില്‍ സമര്‍ഥിക്കുന്നുണ്ട്. ലൈംഗികതയുടെ പേരില്‍ വിചിത്രമായ കുറ്റകൃത്യങ്ങള്‍ നടമാടുന്നയിടം. ഒരു ചെറുപ്പക്കാരനെ ചുംബിച്ചതിന്റെ പേരില്‍ ഒരു യുവതിയെ കിണറ്റിലെറിഞ്ഞു കൊല്ലുന്നു; അര്‍ദ്ധ നാരിയായൊരാള്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ പുരുഷ വര്‍ഗ്ഗത്തെ അപമാനിച്ചതിന് കിടപ്പറയില്‍ വെച്ച് കൊല്ലപ്പെടുന്നു; കുടുംബത്തെ ചീത്തപ്പേര് കേള്‍പ്പിച്ചതിന് ഒരു ലൈംഗികത്തൊഴിലാളി അവളുടെ കക്ഷിയുടെ പിതാവിനാല്‍ കൊല്ലപ്പെടുന്നു. എന്‍വര്‍ ഓജയുടെ ഫ്രാന്‍സിലെ പഠന കാലത്തെ സ്വവര്‍ഗ്ഗ ബന്ധങ്ങളെ കദാരെ വ്യംഗ്യമായി പരിഹസിക്കുകയാണെന്ന 'തലപോകുന്ന' സൂചന വെച്ചതിന്റെ പേരില്‍ പില്‍ക്കാലത്ത് ആര്‍ഷി പിപയും കദാരെയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസത്തിനും വിവര്‍ത്തകന്‍ തന്റെ രചനയെ തള്ളിപ്പറയുന്നതിനും ഇടയാവുകയുണ്ടായത് ചരിത്രം.

കദാരെയുടെ കൗമാരക്കാരന്‍ ആഖ്യാതാവ് തന്റെ കാഴ്ചയിലേക്ക് നിഗൂഡ കാമനകളെയും കൊലപാതകങ്ങള്‍ പോലുള്ള പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയുമെല്ലാം ചേര്‍ത്തുവെക്കുന്നുണ്ട് . നാസോയുടെ സ്വപ്നം കാണുന്ന കണ്ണുകളുള്ള പുതുമോടിക്കാരിയായ മരുമകള്‍, മുത്തച്ഛന്റെ വീട്ടിലെത്തുമ്പോള്‍ ആവേശമാവുന്ന മാര്‍ഗരിറ്റ എന്നിവര്‍ പ്രണയത്തിന്റെ പേരറിയാ സുഖമാവുന്നുണ്ട് അവന്. രണ്ടാം ലോക യുദ്ധകാലം നോവലിന് പശ്ചാത്തലമാവുമ്പോഴും യുദ്ധത്തിന്റെ അന്ത്യം നോവലിന്റെ വിഷയമാവുന്നില്ല. 1944 ല്‍ ജര്‍മ്മന്‍ സൈന്യം പരാജയപ്പെട്ടപ്പോള്‍ ഏറെയൊന്നും പ്രയാസപ്പെടാതെത്തന്നെ അല്‍ബേനിയ സ്വതന്ത്രമായി. തുടര്‍ന്ന് അതേ വര്‍ഷം നവമ്പറിലാണ് എന്‍വര്‍ ഓജയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ വിമതര്‍ ടിറാനയില്‍ പ്രവേശിക്കുന്നതും അധികാരം സ്ഥാപിക്കുന്നതും. പിന്നീട് ഗോര്‍ബച്ചേവിന്റെ പതനത്തെ തുടര്‍ന്ന് 1991 ല്‍ സോവിയറ്റ്‌ യൂണിയന്‍ ഇല്ലാതായപ്പോഴാണ് ഓജ സ്ഥാപിച്ച 'അല്‍ബേനിയന്‍ ജനകീയ റിപ്പബ്ലിക്‌' ഇല്ലാതായത്. ഈ കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിന്റെ ആരംഭം വരെയാണ് നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നത്. കമ്യൂണിസ്റ്റ്‌ വിമതരോട് ആഭിമുഖ്യമുണ്ടായിരുന്ന തന്റെ തന്നെ യുദ്ധകാല കൗമാരാനുഭാവങ്ങളെ ഓര്‍മ്മയെഴുത്തില്‍ നിന്ന് ഒഴിവാക്കിയത് കദാരെയുടെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധമായി കാണണമെന്ന് ഡേവിഡ്‌ ബെല്ലോസ്‌ നിരീക്ഷിക്കുന്നു. (Introduction to Chronicle in Stone, Canongate Books edition, Great Brtain)