അസാധാരണമായ വായനാക്ഷമതയുള്ള നോവലാണ് പൂർണ്ണ ഉറൂബ് അവാർഡ് നേടിയ ശ്രീ. കെ. ആർ. വിശ്വനാഥന്റെ 'ദേശത്തിന്റെ ജാതകം'. ഘടനയിലും പാത്ര വൈവിധ്യത്തിലും അവരുടെ പുരാവൃത്താഖ്യാനങ്ങളിലും ദേശപുരാണങ്ങളെ പശ്ചാത്തലം എന്നതിലുപരി ജൈവസാന്നിധ്യമാക്കി സചേതനമാക്കുന്ന രചനാപാടവത്തിലും മലയാള സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഈടുവെപ്പുകൾ ആയ ഖസാക്കിന്റെ ഇതിഹാസം, ഒരു ദേശത്തിന്റെ കഥ, വിഷകന്യക, മാവേലി മന്റം തുടങ്ങിയ കൃതികളുമായി സർഗ്ഗ സംവാദത്തിനും താരതമ്യത്തിനും ഒട്ടേറെ ഇടങ്ങൾ കാത്തു വെക്കുന്നുണ്ട് 556 പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇതിഹാസമാനമുള്ള ഈ നോവൽ.
തുടക്കവും ഒടുക്കവും ചേരുന്ന വലയം
ചെമ്പന്‍ വയല്‍ സ്കൂളിലേക്ക് പുതുതായി വരുന്ന വിനയന്‍ മാഷ് മൂപ്പനാട്ടെ ആലിക്കുട്ടിയുടെ ചായക്കടയില്‍ വഴിയന്വേഷിച്ചെത്തുന്ന നിമിഷത്തില്‍ തുടങ്ങി, ഒരനുഭവകാണ്ഡം വൃത്തം പൂര്‍ത്തിയാക്കി എല്ലാം ഒടുങ്ങി അയാള്‍ വേറെയുമൊരു ചെമ്പന്‍ വയലിലേക്ക് സ്ഥലമാറ്റ ഉത്തരവുമായി പടിയിറങ്ങുന്ന മുഹൂര്‍ത്തത്തില്‍ അവസാനിക്കുന്ന, അല്ലെങ്കില്‍ അറ്റമില്ലാച്ചുഴിയായി മറ്റൊരു പെരുമഴയിലേക്ക് മറ്റൊരു വലയം തുടങ്ങുന്ന, മലയാളിക്ക് ഏറെ പരിചിതമായ ആ ഘടനയാണ് സ്ഥൂലാര്‍ത്ഥത്തില്‍ നോവലിനുള്ളത്. എന്നാല്‍ ഇതിഹാസസാമ്യം അതിനപ്പുറത്തെക്ക് തികച്ചും വ്യതിരിക്തമായും തനതു ആഖ്യാനവ്യക്തിത്വത്തിലൂടെയും ആണ് മുന്നോട്ടു പോവുക. ചെമ്പന്‍ വയലിന്റെ ദേശീയ വാഹനമായ ആലിക്കുട്ടിയുടെ പുരാവസ്തുവായ ജീപ്പില്‍ കുന്നിന്‍ പള്ളവരെയെത്തുന്ന വിനയനെ എതിരേല്‍ക്കുക സ്ഥലത്തിന്റെ മുഴുവന്‍ നന്മകളുടെയും നിറവും ദുരന്തങ്ങളുടെ സാക്ഷിയും പരീക്ഷണ ബലിമൃഗവുമായ കുഞ്ഞാലന്‍ കുട്ടിമുസ്ലിയാര്‍ എന്ന ശുഭ്രമായ പുഞ്ചിരിയിയാണ്. ഇനിയങ്ങോട്ട് വിചിത്ര വിശേഷങ്ങളും ഒറ്റക്കും കൂട്ടായുമുള്ള ദുര്‍വ്വിധികളുടെ വേട്ടയാടലും പങ്കിടുന്ന ഒരു ദേശത്തെയും മനുഷ്യരെയുമാണ് അയാള്‍ക്ക് കാണാനുണ്ടാവുക. എല്ലാത്തിനും സാക്ഷിയാവുമ്പോഴും അയാളില്‍ ഒരു നായകസ്വരൂപവും ആരോപിക്കാനാവില്ല എന്നുമാത്രമല്ല, നോവലിന്റെ കേന്ദ്രത്തിലുള്ള അനേക കഥാപാത്രങ്ങളില്‍ താരതമ്യേന പിന്‍ നിരയിലേ അയാള്‍ സ്വയം അടയാളപ്പെടുത്തുന്നുമുള്ളൂ. “ഒന്നൂല് സൊര്‍കം. അല്ലേല് നരകം" എന്ന് ആലിക്ക അവതരിപ്പിച്ച ചെമ്പന്‍ വയല്‍ എന്ന സമസ്യയെ "ചെമ്പന്‍ വല" എന്ന് തിരുത്തുന്ന കൊച്ചുണ്ണി മാഷ് വന്നിറങ്ങുമ്പോഴേ അയാളെ ഉപദേശിക്കുന്നു: ഇവിടെ നിന്നുപോയാല്‍ ഒട്ടിപ്പോവും. ഇത് തന്നെപ്പോലെ ജന്മാന്തര ശാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനുള്ളവര്‍ക്കുള്ളതാണ്. നാളെത്തന്നെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കൊടുക്കണം.
സമസ്യകളാവുന്ന കഥാപാത്രങ്ങള്‍
ഉരുവപ്പെട്ടുകൊണ്ടിരിക്കുന്ന അണക്കെട്ട് മുക്കിക്കളയും മുമ്പുള്ള ചെമ്പന്‍ വയലിന്റെ അവസാനത്തെ ആയുസ്സവധിയില്‍, ഇനിയങ്ങോട്ട് സമസ്യകളുടെ ധാരാളിത്തമാണ് വിനയനെ എതിരേല്‍ക്കുക. കാസരോഗിണിയുടെ എകാന്തക്കൂട്ട് നല്‍കിയ മടുപ്പും മുഷിപ്പും അതു വളര്‍ന്നു രൂപം കൊണ്ട പീഡനത്വരയും മുപ്പതാണ്ടിന്റെ അനപത്യ ദുഖവും ചേര്‍ന്ന് ആസക്തിക്കും സ്വന്തമാക്കല്‍ മനോഭാവത്തിനുമിടയിലെ ദുരൂഹാകര്‍ഷണത്തില്‍ രാധയുടെ ഉടല്‍ സമൃദ്ധിയിലേക്ക് അഗമ്യഗമനം നടത്തുന്നതിലേക്ക് എത്തുമ്പോഴും അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സരസ്വതിടീച്ചര്‍ എന്ന പ്രണയ സ്മൃതിയോടു ആര്‍ദ്രമാവുന്ന, ഒരു നിമിഷം സ്ത്രീ വിദ്വേഷത്തിന്റെ അശ്ലീലതയും ആത്മപുച്ഛം വേട്ടയാടുന്ന അടുത്ത നിമിഷം ദൈവത്തിന്റെ നേരമ്പോക്കായി തന്നെത്തന്നെ തിരിച്ചറിയുന്ന വ്യര്‍ത്ഥ ബോധത്തിന്റെ ആഴമുള്ള നിരീക്ഷണങ്ങളും പങ്കുവെക്കുന്ന കൊച്ചുണ്ണി മാഷ് തന്നെയാണ് അതില്‍ ആദ്യത്തേതും മുന്നിട്ടു നില്‍ക്കുന്നതും. കൊച്ചുണ്ണി മാഷുടെ പ്രകൃതത്തിലെ പിടികൊടുക്കാത്ത വശങ്ങള്‍ നോവലില്‍ പലവുരു, ഒരുപക്ഷെ ഒരതിവിസ്താരത്തിന്റെ വിമര്‍ശകക്കണ്ണിന് ഇടം നല്‍കുംവിധം വരെ, ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ചെമ്പന്‍ വയലില്‍ സരസ്വതി ടീച്ചര്‍ക്ക് അവകാശപ്പെട്ട ആറടി മണ്ണ് കിട്ടിക്കഴിഞ്ഞെന്ന ബോധ്യവുമായി, തന്നെ സ്നേഹിച്ചവരെയൊന്നും താന്‍ കണ്ടില്ലെന്നും താന്‍ സ്നേഹിച്ചവരൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നും സ്വന്തം ജീവിതസാരം ചുരുട്ടിക്കെട്ടി ആരോടും യാത്ര പറയാനില്ലാതെ, ഗ്രാമവേശ്യയുടെ അഭിശപ്തമായ വിധിയില്‍ നിന്ന് മോചനം തേടി കൈതേരിക്കാരനോടൊപ്പം പുതുജീവിതം തുടങ്ങാന്‍ പോയ രാധയുടെ ചുവടുകളെ രഹസ്യ പ്രതീക്ഷകളോടെ പിന്തുടര്‍ന്ന് ചെമ്പന്‍ വയലിറങ്ങുന്ന കൊച്ചുണ്ണി മാഷ് സമാധാനിക്കുന്നുണ്ട്: നൂറ്റാണ്ടു പിന്നിട്ട സ്കൂളിന്റെ ഉദക ക്രിയക്ക് ഒരാള്‍ മതി. പാഴായിപ്പോകാന്‍ വിധിക്കപ്പെട്ട പ്രണയജീവിത മോഹവുമായി മാഷോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ പിറകില്‍ ഉപേക്ഷിച്ച കൂട്ടും കുടുംബവും നിതാന്തമായ ഒരു വിങ്ങലായി മനസ്സില്‍ പേറിയിരുന്ന സരസ്വതി ടീച്ചര്‍, അനിയനായും മകനായും കാണുന്ന വിനയനിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ നല്‍കുന്ന നൈരാശ്യങ്ങള്‍ക്കും രാധയിലൂടെ കണ്‍മുന്നില്‍ ഉയിര്‍ക്കുന്ന അവഗണനയുടെ ദുസ്സഹവേദനക്കും പരിഹാരമായാണ് കൂട്ടിലിട്ട അനന്തന്റെ ഇണര്‍പ്പുപൊട്ടിയ മൃത്യുചുംബനം കൈത്തലത്തില്‍ ആവോളം ഏറ്റുവാങ്ങി മറ്റൊരു സമസ്യയായൊടുങ്ങുക. കുഞ്ഞാലന്‍ കുട്ടി മുസ്ലിയാരെ മാറ്റിനിര്‍ത്തിയാല്‍ നോവലില്‍ ഏറ്റവും നിറവുള്ള നന്മസാന്നിധ്യം, മുന്നിലിരുന്ന കുട്ടികള്‍ക്കെല്ലാം അമ്മയും അന്നവുമായി മാറിയിരുന്ന സരസ്വതി ടീച്ചര്‍ തന്നെ. അതുതന്നെയാണ്, ഒടുവില്‍, ടീച്ചറുടെ ഒരു തുള്ളി കണ്ണുനീരില്‍ ദഹിച്ചുപോവും താനെന്ന ബോധ്യത്തില്‍ രാധയുടെ വിട്ടുപോക്കിനും അതുവഴി കൊച്ചുണ്ണി മാഷുടെ ടീച്ചറോടുള്ള രോഷം ആപത്കരമാംവിധം അണപൊട്ടുന്നതിനും കാരണമാവുന്നതും.
ഏദന്‍ ദ്വന്ദ്വങ്ങള്‍
നോവലിന്റെ നൈതികതയുടെ കണ്ണാടിയായി ഉയര്‍ന്നു നില്‍ക്കുന്നത് മറ്റാരേക്കാളും കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍ എന്ന സാത്വികന്‍ തന്നെയാണ്. അയ്യപ്പന്‍ പറയുന്നതുപോലെ ചെമ്പന്‍ വയലില്‍ ദൈവം നടക്കാനിറങ്ങുന്നത് 'മൊയ്ല്യാരുടെ ബാങ്കിവിളി' കേള്‍ക്കുമ്പോഴാണെന്ന ജാതിമതഭേദമെന്യേയുള്ള അംഗീകാരത്തിന്റെ സ്നേഹത്തില്‍നിന്ന് നിഷ്കാസിതനും നിരാലംബനുമായി ഭ്രാന്താശുപത്രിയില്‍ ഒടുങ്ങുന്ന കുഞ്ഞാലന്‍ കുട്ടി മുസലിയാര്‍ ഒരു ദേശത്തിന്റെ അപചയത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മൂത്തമകള്‍ നബീസ അണക്കെട്ടുനിര്‍മ്മാനം സൃഷ്ടിക്കുന്ന പുത്തന്‍ ബാന്ധവങ്ങളില്‍ ചെമ്പന്‍ വയലിലെ നിലതെറ്റിയ പല യുവതികള്‍ക്കുമെന്ന പോലെ തന്റെയുള്ളില്‍ മുളപൊട്ടുന്ന ജീവന്റെ തുടിപ്പിന് സമാധാനം പറയാനില്ലാതെ ഒരു കയര്‍ കുരുക്കില്‍ സ്വയം അവസാനിപ്പിക്കുന്നതും, ഒരു നാള്‍ തനിക്കു അഭയവും സാന്ത്വനവുമായിരുന്ന ചെട്ടിയാരുടെ മകനോടൊപ്പം ആമിന ഒളിച്ചോടുന്നതും പുതുപണ്ഡിതന്റെ വരവോടെ അവഗണനയുടെ കൈയ്പ്പു നീരുകുടിക്കേണ്ടി വരുന്നതും മുജ്ജന്മ പാപങ്ങള്‍ തീര്‍ക്കാനെന്നോണം പ്രാണനെപ്പോലും പിടയിക്കുംവിധം ഇരുപാദങ്ങളിലും നിറഞ്ഞ ആണിരോഗത്തിന്റെ അവശതയും ഒന്നൊന്നായി ജീവിതത്തെ കടിച്ചു കുടയുമ്പോഴും വീണുകിട്ടുന്ന സന്തോഷത്തിന്റെ ചെറുതരികളില്‍ അല്ലാഹുവിന്റെ മഹാകാരുണ്യം കാണുന്ന, തന്റെ അറിവില്ലായ്മയുടെ വിനയത്തില്‍ ആരോടും ശിഷ്യപ്പെടാന്‍ തയ്യാറുള്ള, എരിവയറുമായി കുഞ്ഞുമകള്‍ പുരക്കകത്ത് കാത്തിരിക്കുമ്പോഴും മറ്റേതോ ഒരു വിശന്ന വയറ് തന്‍റെ പള്ളി മുക്രി വിഹിതത്തിന് പങ്കുപറ്റുന്നുണ്ടെന്നറിഞ്ഞു ആ മോഷണത്തിന് അറിഞ്ഞു കൊണ്ടുതന്നെ സൗകര്യമൊരുക്കിക്കൊടുക്കുന്ന മുസ്ലിയാര്‍ക്കും പക്ഷെ ഒരൊറ്റ ഘട്ടത്തില്‍ അടിപതറുന്നുണ്ട്: ചെട്ടിയാരുടെ വീട്ടില്‍ വിശ്വാസ സ്വാതന്ത്ര്യത്തോടെയും സ്നേഹമനുഭവിച്ചും തന്നെയാണ് ആമിന കഴിയുന്നതെന്നറിയുന്ന നിമിഷം ഒരു ചപലചിന്തയില്‍ അയാള്‍ ചോദിച്ചു പോവുന്നുണ്ട്, എന്നാല്‍പ്പിന്നെ മകളെ, നിനക്കവനെ മാര്‍ക്കം കൂട്ടിക്കൂടെ? അടുത്ത നിമിഷം തന്നോടുതന്നെ പുച്ഛം തോന്നുന്ന അയാളെ അതേറെ പശ്ചാതാപവിവശനാക്കുന്നുമുണ്ട്.
എങ്കിലും, പുതുപണ്ഡിതനും അത്ഭുത പ്രവര്‍ത്തികളുടെ സിദ്ധനുമായി ചെമ്പന്‍ വയലിലെത്തുന്ന തങ്ങള്‍ പ്രതിനിധീകരിക്കുന്ന 'പരിഷ്കരണ' മൗലികതയുടെ എതിരറ്റത്തു തന്റെ അജ്ഞതയിലും 'പടച്ചോന് നിരക്കാത്തതൊന്നും ഞാന്‍ ആരേം പഠിപ്പിച്ചില്ലല്ലോ' എന്ന് ആശ്വസിക്കുന്ന മൊയ്ല്യാര്‍ തന്നെയാണ്. ചെമ്പന്‍ വയല്‍ അനുഗ്രഹങ്ങളറ്റ ഒരു പ്രാകൃത ഏദന്‍ ആണെങ്കില്‍ അവിടെയെത്തുന്ന സാത്താനിക സാന്നിധ്യമായ തങ്ങളില്‍ അടങ്ങിയിരിക്കുന്ന നെറികേടുകളുടെ പ്രഭാവം ആദ്യം തിരിച്ചറിയുന്നത് അയ്യപ്പന്‍റെ മുക്കാലന്‍ പട്ടിയും അതിന്റെ ആദ്യ ഇര മൊയ്ല്യാരുമാണ്. മൊയ്ല്യാര്‍ നിഷ്ടാപൂര്‍വ്വം കത്തിച്ചു വെക്കുമായിരുന്ന അത്തറു വിളക്കും ചെമ്പന്‍ വയലിന്റെ ഹൃദയസ്പന്ദനം പോലെ എപ്പോഴും മിടിച്ചു കൊണ്ടിരുന്ന പള്ളിക്ലോക്കിലെ പെന്‍ഡുലവും നിശ്ചേതനമാക്കി അയാള്‍ തുടങ്ങുന്നു. കാണെക്കാണെ ചെമ്പന്‍ വയലില്‍ അതിരുകള്‍ പിറവിയെടുക്കുന്നു. സ്കൂളില്‍ മുസ്ലിം വേഷവും ബെഞ്ചും ഹിന്ദു ബെഞ്ചും ഉണ്ടാവുന്നു. ചായക്കടയില്‍ മുസ്ലിം ഭക്ഷണവും അല്ലാത്തതും. സ്കൂളിന്റെ അവതാരലക്ഷ്യം ഒരു പക്ഷെ ചെമ്പന്‍ വയലില്‍ ഒരു ലഹളക്ക് തിരികൊളുത്തുക എന്നതായിരിക്കും എന്ന് ഈ ഘട്ടത്തില്‍ കൊച്ചുണ്ണി മാഷ് നിരീക്ഷിക്കുന്നു. ചെമ്പന്‍ വയലിന് കാവല്‍ നില്‍ക്കേണ്ടത് ശിവപാര്‍വ്വതിമാരായ വടവൃക്ഷങ്ങളല്ല, അറബിയുടെ സഹായത്തോടെ പദ്ധതിയിടുന്ന പള്ളിയുടെ മിനാരങ്ങളാവണമെന്നു അയാള്‍ സമുദായ നേതൃത്വത്തെ പ്രലോഭിപ്പിക്കുന്നു. ഓരത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട കുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ വീണ്ടും മുക്രി മാത്രമാവുന്നു. തങ്ങളുടെ പെരുമാറ്റങ്ങളില്‍ പന്തികേടു തോന്നുന്ന കുഞ്ഞാമിന പറയുന്നുണ്ട്,: 'കുഞ്ഞാലന്‍കുട്ടി മുസലിയാരായിരുന്നു നല്ലത്.' ഒരു നാള്‍, സമുദായ നേതാക്കളുടെ ആശീര്‍വാദത്തോടെ ആയിഷയുടെ നിസ്സഹായത മുതലെടുത്ത്, നബിയുടെയും ആയിഷയുടെയും കഥ പറഞ്ഞ്, പതിമൂന്നു തികയാത്ത ആമിനക്കുട്ടിയെ മണവാട്ടിയാക്കി ആദ്യദിനം തന്നെ വന്നപോലെ അയാള്‍ പോകുന്നു, ഒരു വിവരവും ബാക്കിവെക്കാതെ. കുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ അത്തറു വിളക്ക് വീണ്ടും തെളിക്കുകയും ചെമ്പന്‍ വയലിന്റെ ഹൃദ്സ്പന്ദനം വീണ്ടെടുക്കുകയും ചെയ്യുന്നുവെങ്കിലും തങ്ങള്‍ ഇട്ടേച്ചുപോയ വിത്തുകള്‍ കൊച്ചുണ്ണി മാഷ് നിരീക്ഷിക്കും പോലെ വളര്‍ന്നു തിടം വെക്കുന്നു, ഒരു പ്രളയത്തില്‍ ഒടുങ്ങുമെന്നു കണക്കുകൂട്ടിയ ചെമ്പന്‍ വയല്‍ അതിനും മുന്നേ വിശപ്പിലും സാമുദായിക കാലുഷ്യങ്ങളുടെ തീയിലും ഓടുങ്ങിയേക്കാമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു . ആ വിഷബാധയിലാണ് കോളെരി, അബ്ദുല്ലയാവേണ്ടി വരുന്നതും അത്തറു വിളക്കിന്റെ ചുവട്ടില്‍ ഇരുട്ടിന്റെ മറവില്‍ മൊയ്ല്യാര്‍ അടിയേറ്റു വീഴുന്നതും. ആരെയും വെറുക്കാനാവാത്ത മൊയ്ല്യാര്‍ തനിക്കു പറ്റിയത് ഒരു തലചുറ്റലാണെന്നു തീര്‍ത്തുപറയുന്നത് ഒരു നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കല്‍ ഒഴിവാക്കുന്നുണ്ടെങ്കിലും പടുവിത്തുകളുടെ പടര്‍പ്പ് അതുകൊണ്ടൊന്നും ഒഴിഞ്ഞു പോവില്ലെന്നും ഏറ്റവും നിസ്സഹായരും നിഷ്കളങ്കരുമായവരിലാണ് സാമൂഹിക ഭ്രാന്തുകള്‍ ആദ്യ ഇരയെ കണ്ടെത്തുക എന്നതും സാധൂകരിക്കപ്പെടുക തന്നെ ചെയ്യുന്നു.
എല്ലാ വേഷങ്ങളും ആടിത്തിമര്‍ക്കുന്ന ചെമ്പന്‍ വയലില്‍ ഒരു ഭ്രാന്തന്‍ വേഷം മാത്രമാണ് ഇല്ലാത്തതെന്നും അത് അതിന്റെ സമയമാകുമ്പോള്‍, മുന്‍കൂട്ടി തയ്യാറാക്കിയ നാടക സ്ക്രിപ്റ്റില്‍ എന്ന പോലെ, വരികതന്നെ ചെയ്യുമെന്നും വിനയനോട് പറയുമായിരുന്ന മൊയ്ല്യാരുടെ ദുരന്തപ്രവചനം ആ സാധുവില്‍ തന്നെയാണ് ഫലിക്കുന്നത് എന്നത് നിയതിയുടെ വല്ലാത്തൊരു ക്രൂര ഫലിതം തന്നെയാവുന്നുണ്ട്. എന്നാലോ, നോവലന്ത്യത്തില്‍, എല്ലാ ദുരന്തഭൂമികളിലും ജീവിതം ജീവിതാര്‍ഹമായിത്തന്നെ തുടരുമെന്ന് വിളംബരപ്പെടുത്തുംവിധം മുന്നോട്ടുനോക്കുന്ന രണ്ടേരണ്ടു ജോഡി ജീവിതങ്ങള്‍ ആ നന്മനിറവില്‍ നിന്നുതന്നെയാണ് വഴികണ്ടെത്തുക: തങ്ങളെ തേടി വരുന്ന കൊലയാളികളുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുന്ന ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത സുലൈമാനും കുഞ്ഞിബിയുമാണ് ഒരു ജോഡി. ബാലപീഡനത്തിന്റെ സഹനപര്‍വ്വം കടന്ന കൊച്ചുറാണിയുടെ കൈപിടിച്ച കുഞ്ഞാമിനയും അബ്ദുല്ലയായ കൊളെരിയെന്ന ചന്ദിരനും രണ്ടാമത്തേതും. തങ്ങളുടെ ചതിയില്‍പ്പെട്ടു തകര്‍ന്നുപോയി ബുര്‍ഖക്കുള്ളില്‍ സ്വയമടക്കിയ കുഞ്ഞാമിന ജീവിതത്തിലേക്ക് തിരിച്ചുവരികയും അബ്ദുള്ളയുടെ ആലോചനക്കു സമ്മതം മളുകയും ചെയ്യുകയായിരുന്നു. വ്രതനിഷ്ടയായിരുന്ന ശുഭ്രവസ്ത്രങ്ങളില്‍ നിന്ന് ഉന്മാദത്തിന്റെ ചെളിപുരണ്ട ഇരുട്ടിലേക്ക് മറഞ്ഞു തുടങ്ങിയിരുന്ന, നാടുകാണി ചുരം കടന്നെത്തുന്ന കരിമ്പോത്ത് പേക്കിനാവുകളെ വല്ലാതെ ആവേശിച്ചു തുടങ്ങിയിരുന്ന മൊയ്ല്യാരുടെ പിതൃതുല്യമായ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയുമ്പോഴാണ് വിനയന്‍ മാഷ് അത്തറുവിളക്ക് അബ്ദുള്ളക്കു തന്നെ അനാമത്ത് നല്‍കുക.
ഗോത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രം
ആദിവാസിജീവിതത്തിന്റെ ദൈന്യവും നിസ്സഹായതയും, കുറുമരും പണിയരും തമ്മില്‍ പരസ്പരമുള്ള കൊമ്പു കോര്‍ക്കലിലും അന്ത:ഛിദ്രങ്ങളിലും വാറ്റു ചാരായവും വട്ടിപ്പലിശയും അധികൃതരുടെയും അല്ലാത്തവരുടെയും ലൈംഗിക ചൂഷണവും ഉള്‍പ്പടെയുള്ള പുറം ലോകവുമായുള്ള വിനിമയങ്ങളിലെ ചതിക്കുഴികളിലും പെട്ട് വേരറ്റുകൊണ്ടിരിക്കുന്ന ഗോത്രീയമായ പടുതിരികത്തല്‍ ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍, അണക്കെട്ട് നിര്‍മ്മാണവും കുടിയൊഴിക്കലും മൂര്‍ച്ഛിപ്പിക്കുന്ന പ്രതിസന്ധിയാണ് നോവലിന്റെ കേന്ദ്ര ഭൂമിക. കുടിയേറ്റക്കാര്‍ തുടങ്ങിവെച്ച ഭൂമിതട്ടിപ്പിന്റെ ചിത്രങ്ങള്‍ നോവലില്‍ വേണ്ടുവോളമുണ്ട്. ചേക്കുമുത്തനെ ചതിച്ചു ഭൂമി സ്വന്തമാക്കുന്ന ശങ്കരന്‍ നായര്‍, കാള വര്‍ക്കി, അധികൃതര്‍ക്ക് വേണ്ടതൊക്കെയും നല്‍കിയും സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തും അക്വയര്‍ ചെയ്യേണ്ടതില്ലാത്ത സ്ഥലത്തിനു പൊന്നുംവില നേടിയെടുക്കുന്ന കരടി പീറ്റര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ളവരാണ്. അപ്പന്‍ പെരിയ ബേരനോടും തന്നോടും കാളവര്‍ക്കിയും പീറ്ററും ചെയ്ത കൊടുംക്രൂരതകള്‍ക്ക് പകരംവീട്ടാന്‍ കാത്തിരുന്നു പരാജയപ്പെടുന്ന ചിന്ന ബേരന്‍ 'അരിവാളു ചുറ്റികേല് കുത്തി ' പകരം വീട്ടുന്നുണ്ട്. അതേ സമയം, സ്വന്തം മകനെ അടക്കാന്‍ ഇടമില്ലാതെ അലയേണ്ടി വരുന്ന കറപ്പന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്റെ മാനന്തവാടി 'നക്സലൈറ്റ്' ബന്ധങ്ങളുടെ പ്രചോദനത്തില്‍ കലാപം തുടങ്ങാന്‍ പിന്തുണ തേടുന്ന കൊളെരി, കുറുമ-പണിയ സംഘര്‍ഷങ്ങളില്‍ പെട്ട് എല്ലാം പരാജയപ്പെടുന്നത് കാണേണ്ടിയും വരുന്നു. ആദ്യം താജുദ്ധീനും പിന്നീട് അലക്സാണ്ടര്‍ മാഷും വട്ടിപ്പലിശയുടെ ചതിക്കുഴിയില്‍ ആദിവാസി ജീവിതം പന്താടുന്നു. സ്ഥലമെടുപ്പിന്റെ ഭാഗമായി കിട്ടിയ പണം നാനാവിധമാക്കി നശിപ്പിച്ചും വാറ്റുചാരായത്തിലും ഈച്ചക്കളിയിലും നേരം പോക്കുന്ന ആണുങ്ങളും ലൈംഗിക ചൂഷണത്തിന്റെയും അവിഹിത ഗര്‍ഭങ്ങളുടെയും ഇരകളായി ഒടുങ്ങുന്ന ആദിവാസി സ്ത്രീത്വവുമായി ഒരു ജനത സര്‍വ്വനാശത്തിലേക്ക് കൂപ്പു കുത്തുന്നു. അനിവാര്യമായ, എങ്ങോട്ടുമല്ലാത്ത പലായനത്തിലേക്ക് അവര്‍ പറിച്ചെറിയപ്പെടുന്നു.
വേട്ടയാടലിന്റെ ആദിമ മിടുക്കിലുള്ള കുറുമരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ചെമ്പന്‍ വയലിന്റെ ക്യാപ്റ്റന്‍ അഹാബ് എന്നു വിളിക്കാവുന്ന അച്ചുവണ്ണന്‍. "മുള്ളുക്കുറുമന്റെ അമ്പും വില്ലും പ്രയോഗിക്കേണ്ടത് പാവം പറവകളോടല്ല, ഒറ്റപ്പന്നികളോടാണ്" എന്ന് പ്രഖ്യാപിക്കുന്നു അയാള്‍. 'അരക്ക് താഴോട്ടു മൃഗോം മേലോട്ട് മനുഷ്യനും ഒക്കെ ആയിട്ടൊള്ള കതകളി'ലെ അവതാരങ്ങളെ പോലെ തനിക്കും ഒരു അവതാര ലക്ഷ്യം ഉണ്ടാവുമെന്നും തന്റെ ഉടലിനെ ജീവനുള്ള മുകള്‍പാതിയും ജീവനില്ലാത്ത കീഴ്പ്പാതിയും ആക്കിത്തീര്‍ത്ത ഒറ്റപ്പന്നി എന്നെങ്കിലുമൊരിക്കല്‍ തന്റെ അമ്പിന്‍ പാകത്തില്‍ വരുമെന്നും, പ്രാപഞ്ചിക രൗദ്രത്തിന്റെയും സൃഷ്ടിയുടെ നിഗൂഡ വന്യ, ഭീകരതയുടെയും പ്രതീകമായ, തൂവെള്ള ഭീമന്‍ തിമിംഗലം ‘മോബിഡിക്കി’നെ വേട്ടയാടുന്ന ക്യാപ്റ്റന്‍ ആഹാബിനെ പോലെ, ജന്മത്തിന്റെ കടം വീട്ടാന്‍ അയാള്‍ കാത്തിരിക്കുന്നു. അബ്ദുല്ലയെന്ന കോളെരിയെ അവന്‍റെ അമ്മ നല്‍കിയ ചന്ദിരന്‍ എന്ന പേരിന്റെ തന്നെ വ്യക്തിത്വത്തില്‍ വിളിക്കുന്ന അച്ചുവണ്ണന്‍ ചെമ്പന്‍ വയലില്‍ നില്‍ക്കാനാവാതെ നാടുവിടുമ്പോള്‍ തന്റെ ശവമടക്കിനു കരുതിവെച്ച പണം അവനു നല്‍കുന്നുമുണ്ട്. ആ കടമാണ് ഒടുവില്‍ ഒറ്റപ്പന്നിയെ അമ്പെയ്തു അതിന്റെ അന്ത്യനിമിഷം അച്ചുവണ്ണന്റെ കണക്കില്‍ കൊള്ളിച്ച് രഹസ്യമാക്കി വെക്കാന്‍ അവനെ പ്രാപ്തനാക്കുന്നതും. 'എന്നാ ഈ ജന്മം അങ്ങനങ്ങ് പോട്ടെ!' എന്ന് നിസ്സംഗനാവുന്ന അച്ചുവണ്ണനില്‍ ഉറങ്ങിക്കിടക്കുന്ന യോഗീഭാവമാകാം സ്വന്തം അമ്പുകൊണ്ട് സ്വയം വരിച്ച, ഏതാണ്ടൊരു ഹരാകിരിയുടെ മോക്ഷം അയാള്‍ക്ക് നല്‍കുന്നതും. ഒരു നാള്‍ ചന്ദിരന്‍ തന്നെയാണല്ലോ പറഞ്ഞതും:
“അച്ചുവണ്ണാ ഒരു കുറുമനു ജീവിക്കണതിനേക്കാ എളുപ്പാ മരിക്കാന്‍.. കാരണം അവനടുത്ത് എപ്പ്ളും മൂര്‍ച്ചയുള്ള അമ്പൊണ്ട് .. അമ്പ് നെഞ്ചോടു ചേര്‍ത്തൊന്നമര്‍ത്തുക. അത് മതി.”
ചെമ്പന്‍ വയലിന്റെ നന്മകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് അബ്ദുള്ള നിരീക്ഷിക്കുന്നുണ്ട്. പെടുമരണങ്ങള്‍ പതിവാകുന്നു. കുമാരനും കറുത്ത വേലായുധനും ജാനുവും മറ്റുപലരും സ്വയമൊടുങ്ങുന്നു. കറപ്പന്റെ നിസ്സഹായമായ അന്ത്യത്തെ തുടര്‍ന്നാണ് ജീവിച്ചിരിക്കുന്ന, പണിയന്‍ ആര്‍ക്കുമൊരു പ്രശ്നമല്ലെങ്കിലും, പെടു മരണം വരിച്ച പണിയന്‍ ആവേശിക്കാന്‍ തുടങ്ങുന്ന ശിവപാര്‍വ്വതിമാരെ മുറിച്ചു നീക്കാന്‍ ദേശക്കാര്‍ നിവേദനം നല്‍കുന്നതും ചെമ്പന്‍ വയലിന് തണലും കാവലുമായി ചുറ്റിപ്പിണഞ്ഞു നിന്ന കരിവീട്ടിയും ആലും മുറിച്ചു നീക്കുന്നതും.
അപമാനിക്കപ്പെടുന്ന പെണ്ണിടങ്ങള്‍
സ്ത്രീത്വത്തിനു നേരെയുള്ള അവമതിയുടെയും സ്ത്രീവിദ്വേഷത്തിന്റെയും മുറിവുകള്‍ പേറുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ നോവലിലുണ്ട്. ഒരു പക്ഷെ കുഞ്ഞിബിയേയും ആമിനയേയും മാറ്റിനിര്‍ത്തിയാല്‍ ബാക്കി സ്ത്രീകഥാപാത്രങ്ങള്‍ എല്ലാവരും നേരിട്ടുതന്നെ അതിന്റെ ഇരകളാണ് താനും. കൊച്ചുണ്ണി മാഷെപ്പോലെ സ്ത്രീ വിദ്വേഷത്തിന്റെ വായ്ത്താരികള്‍ ഏറെ ഉതിര്‍ക്കുന്നത് ആണ്ടവന്‍ രാമനാണ്. കൊളവയല്‍ കാര്‍ത്ത്യായിനി എന്ന തന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഓടിപ്പോയതിന്റെ കയ്പ്പാണ് അയാളില്‍ സ്ത്രീവിദ്വേഷമായി നിറയുന്നത്. ആദ്യം സീതയേയും അവളെ എക്സൈസ് ഏമാന്‍ കൊണ്ടുപോയ ശേഷം കൊച്ചു റാണിയെയും അയാള്‍ ക്രൂരദണ്ഡനക്കും മുട്ടില്‍ നിര്‍ത്തി പ്രാര്‍ഥനക്കും ഇരയാക്കുന്നു. സ്വന്തം സഹോദരന്‍ കൂട്ടബലാല്‍ക്കാരത്തിനു കൂട്ടിക്കൊടുത്ത മരവിപ്പിലാണ് രാധ തന്റെ വിധി സ്വയം തെരഞ്ഞെടുക്കേണ്ടി വരുന്നത്. എങ്കിലും, കൊച്ചുണ്ണി മാഷോട് വിധേയത്വത്തിന്റെ വക്കോളമെത്തുന്ന മമത പുലര്‍ത്തുമ്പോഴും ഒരമ്മയെ പോലെ തന്നെ സ്നേഹിച്ച സരസ്വതി ടീച്ചറെ വേദനിപ്പിക്കുന്നത് തുടരാന്‍ വയ്യെന്ന നിലപാടെടുക്കുന്ന രാധ, ഒരാണിന്റെ പെണ്ണായി ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല കൊച്ചുണ്ണി മാഷ് നല്‍കിയ ജീവന്റെ തുടിപ്പിനെ അയാള്‍ യാചിച്ചിട്ടും കൂട്ടാക്കാതെ മുമ്പ് പലപ്പോഴും ഗതികേടുകൊണ്ട് ചെയ്തപോലെ നശിപ്പിച്ചു കളയുന്നതും, ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു അജ്ഞാതവിധിയിലേക്ക് കൈതേരിക്കാരനോടൊപ്പം പുറപ്പെട്ടു പോവുന്നതും. അവിവാഹിത ആദിവാസി അമ്മമാര്‍ എന്ന പത്രവാര്‍ത്താ ഇനത്തിനപ്പുറം അധികൃതരില്‍നിന്ന് അത്തരം പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ സാക്ഷ്യമാണ് പാറ്റയുടെ വിധി. അത് അവളെയും കുടുംബത്തെയും അപമാനിക്കുന്നതില്‍ ഒതുങ്ങുന്നില്ല, കൗമാരം കടന്നിട്ടില്ലാത്ത യുവാവിനെയും ലൈംഗിക ചൂഷണത്തിന് വിധേയനാക്കുന്നു പോലീസ് ഏമാന്‍.
ജൈവ സാന്നിധ്യങ്ങള്‍ കഥാപാത്രങ്ങളാവുമ്പോള്‍
ചെമ്പന്‍ വയല്‍ ജീവിതത്തിന്റെ വൈവിധ്യ സാന്നിധ്യങ്ങളില്‍ അവിടത്തെ മനുഷ്യര്‍ മാത്രമല്ല കേന്ദ്രസ്ഥാനീയരായി നോവലില്‍ നിലയുറപ്പിക്കുന്നത്. ഉള്ളില്‍ കടന്നവര്‍ക്കാര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു അവസാന അറ്റമായ ചെമ്പന്‍ വയലിനെ അനന്തന്റെ കൂടിനോട് ഉപമിക്കുന്നുണ്ട് കൊച്ചുണ്ണി മാഷ്. അനന്തനും അവന്റെ രൂക്ഷ ഗന്ധവും അങ്ങനെ ചെമ്പന്‍ വയലിന്റെ തടവും മോക്ഷവുമാകുന്നു; സരസ്വതി ടീച്ചര്‍ക്കെന്ന പോലെ. ആരും കേള്‍ക്കാത്ത കഥക്കുവേണ്ടിയുള്ള പിണക്കത്തില്‍ തിരുമണിക്കുന്നു വിട്ടിറങ്ങിയ ശ്രീ പാര്‍വതിയും തേടിയിറങ്ങിയ ശിവനും ആലിംഗന ബദ്ധരായി കുടിയിരുന്ന കരിവീട്ടിയും അരയാലും ദേശത്തിനും കാവലായി പന്തലിച്ചു നിന്നതാണ്. നല്ലകാലം മുഴുവന്‍ കന്നിമാസക്കണക്കൊന്നും നോക്കാതെ ഇണചേരുകയും ദേശത്തെ കാക്കുകയും അവസാനം പുലിഭീഷണിക്കെതിരെ ചാവേറാവുകയും ചെയ്യാന്‍ തയാറാവുകയും ദുരൂഹ ബാന്ധവത്തിലൂടെ പുലിയെ അടക്കുകയും ചെയ്യുന്ന, പുതുപണ്ഡിതന്‍ തങ്ങളുടെ പൈശാചം മണത്തറിയുന്ന മുക്കാലന്‍, കുറുമരുടെ രക്ഷകനായ ഗുളികന്‍, അറവുകാര്‍ക്കുപോലും വേണ്ടാത്ത പുഴുവരിക്കുന്ന ദൈന്യമായി ചെമ്പന്‍ വയലിനെ എങ്ങിനെയൊക്കെയോ പ്രതിനിധാനം ചെയ്യുന്ന കാമാധേനുവെന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ചാവലിപ്പശു, കുറുമരുടെ കാവലായ ഗുളികനും ഭഗവതിപ്പുരയിലെ തമ്പുരാട്ടിയും, ഒരു മാസത്തേക്കെങ്കിലും സൗജന്യ റേഷന്‍റെ സര്‍ക്കാര്‍ ഔദാര്യം കോളനിയില്‍ എത്തിക്കുന്ന ചെമ്പന്‍ വയലിന്റെ സ്വന്തം പെരുമഴ, ദേശീയ വാഹനമായിരുന്ന ആലിക്കുട്ടിയുടെ ജീപ്പ്, കേറിപ്പോയവരെല്ലാം സുഖപ്പെട്ടു തിരിച്ചെത്തിയ ചെമ്പന്‍ വയലിന്റെ ഐശ്വര്യമുള്ള ആംബുലന്‍സ് ആയ കസേര, മരിക്കുമ്പോഴും കൂടെക്കൊണ്ടു പോകുന്ന കുറുമന്റെ വില്ല്, പണിയര്‍ അവരുടെ ജീവിതത്തിലെ ആദ്യ പ്രതിഷേധത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ഇടയാക്കിയ അവരുടെ ശ്മശാനം, ജലസേചന പദ്ധതിമൂലം അനാഥരായ ഗോത്ര ദൈവങ്ങള്‍ തുടങ്ങി ഒട്ടേറെ മനുഷ്യേതര കഥാപാത്രങ്ങളും ദേശത്തിന്റെ ജാതകത്തില്‍ നിറയുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും, നോവലിലെ ഏറ്റവും മുഴുപ്പുള്ള കഥാപാത്രം ചെമ്പന്‍ വയല്‍ തന്നെയാണ്. ചെമ്പന്‍ വയലില്‍ ഇല്ലാത്തതൊന്നും നോവലില്ല. അവിടെയെത്തും മുമ്പോ അവിടെ നിന്ന് പോയ്ക്കഴിഞ്ഞോ ആര്‍ക്കെങ്കിലും എന്തെങ്കിലും ജീവിതമുണ്ടെങ്കില്‍ അത് നോവലിന്റെ ഉത്കണ്ഠയേ അല്ല. വിനയന്റെ പുരാവൃത്തം നോവലില്‍ കടന്നു വരാത്തതും സരസ്വതി ടീച്ചറുടെ വേരന്വേഷിച്ചുള്ള അയാളുടെ യാത്രയുടെ വിശദാംശങ്ങള്‍ ഒറ്റവാക്കുകളിലെ പ്രതികരണങ്ങളില്‍ ഒതുങ്ങിപ്പോവുന്നതും അവിടം വിട്ടുപോകുന്നവരില്‍ തിരിച്ചു വരാത്തവരെ നമ്മള്‍ പിന്നീട് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തതും അതുകൊണ്ടാണ്.
മനുഷ്യജീവിതത്തിനു ജീവിച്ചിരിക്കുന്ന ഇടവുമായുള്ള ജൈവബന്ധം എന്ന കലാതിവർത്തിയായ പ്രമേയത്തെ ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിരുകളിൽ ഒതുക്കാതെ പറിച്ചെറിയപ്പെടുന്ന ജീവിതാവസ്ഥകളായാണ് നോവൽ വരച്ചിടുന്നത് എന്നു നിരീക്ഷിക്കാം. 'വിഷകന്യക'യില്‍ കുടിയേറ്റക്കാരന്റെ ജീവിതം വിഷം തീണ്ടാന്‍ പ്രാപ്തയായ കന്നിമണ്ണായി ഭീഷണിയുയര്‍ത്തുന്ന ഭൂമി 'ദേശത്തിന്റെ ജാതക'ത്തില്‍ എത്തുമ്പോള്‍ അതിന്റെ അന്തേവാസികളെ പോലെത്തന്നെ ദയനീയമാം വിധം ചടച്ചു പോയിരിക്കുന്നു. തോറ്റുപോവുന്ന ഒരു ജനതയെ അതിന്റെ മുഴുവൻ വൈവിധ്യത്തിലും ആന്തരിക ശൈഥില്യങ്ങളിലും അവതരിപ്പിക്കുമ്പോഴും ഏറ്റവും നിസ്വരായ വ്യക്തികൾ പോലും അവരുടെ തുച്ഛമെന്നു തോന്നാവുന്ന ജീവിതങ്ങളിൽ അനുഭവിച്ചു തീർക്കുന്നത് ഇതിഹാസ ദുഃഖങ്ങൾ തന്നെയാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു. ഒരേസമയം സാമൂഹകഥാഖ്യാനവും (generic experience) ശക്തമായ വൈയക്തിക പാത്രസൃഷ്ടികളുമായി (individual portraits) വ്യത്യസ്തവും ചടുലവുമായ വീക്ഷണവൈവിധ്യങ്ങളിലൂടെ ചെമ്പൻവയലിന്റെ വിധി അവിടെയുള്ള ഓരോ മനുഷ്യരുടെയും വിധിയായി മാറുന്നത് നാം കാണുന്നു. ഉർവ്വരമല്ലാത്തതെങ്കിലും തന്റെ ജനതയെ അകിടുചുരത്തി കാത്ത ഒരു ദേശം, ഇനിയാർക്കും ഒന്നും നൽകാൻ ബാക്കിവെച്ചിട്ടില്ലാത്ത ചടച്ചുപോയ കാമധേനു ... അകലങ്ങളിൽ, തലസ്ഥാന നഗരികളിൽ ഏതൊക്കെയോ ശീതീകൃത മുറികളിൽ ചെമ്പൻ വയലിന്റെ ജീവിതം ഉരുൾപൊട്ടുന്ന ഉപവിഷ്ട ദൈവങ്ങൾ നിശ്ചയിച്ചു കഴിഞ്ഞ അന്തിമ വിധിയിലേക്കു ഉന്മാദത്തിന്റെയും അവമതിയുടെയും നഷ്ടങ്ങളുടെയും ആത്മഹത്യകളുടെയും ദുരൂഹ തിരോധാനങ്ങളുടെയും പാലായനങ്ങളുടെയും നാൾവഴികളിലൂടെ കിതച്ചും വേച്ചും ഇടറിവീഴുന്ന ദുരന്തങ്ങളുടെ ചാവുനിലത്തിന്റെ കൂടി ഇതിഹാസമാണ് 'ദേശത്തിന്റെ ജാതകം.'
