Dreams Of Trespass: Tales Of A Harem Girlhood by Fatima Mernissi

ഫാതിമ മെര്‍നിസി: ഇസ്ലാമിക സ്ത്രീപക്ഷത്തിന്റെ പരിണാമങ്ങള്‍

ഫാതിമ മെര്‍നിസി: ഇസ്ലാമിക സ്ത്രീപക്ഷത്തിന്റെ പരിണാമങ്ങള്‍

വടക്കുകിഴക്കന്‍ മൊറോക്കൊയുടെ സാംസ്‌കാരിക തലസ്ഥനമായിരുന്ന ഫെസ് (Fez) നഗരത്തില്‍, രണ്ടാം ലോകയുദ്ധ കാലഘട്ടത്തില്‍, ഉപരി-മധ്യവര്‍ഗ്ഗ കുടുംബത്തില്‍ വളര്‍ന്നുവന്ന കൌമാര കാല അനുഭവങ്ങളുടെ ഊഷ്മളവും പ്രസന്നവുമായ ഓര്‍ത്തെടുക്കലാണ് ‘മുതിര്‍ന്നു വരവിന്റെ കഥ’യായി അവതരിപ്പിക്കപ്പെടുന്ന ഫാതിമ മെര്‍നിസിയുടെ നോവല്‍ രൂപത്തിലുള്ള ആത്മകഥാവിഷ്കാരമായ (fictionalized autobiography) Dreams of Trespass: Tales of a Harem Girlhood. അറബിക്കഥകളിലോ അവയെ കുറിച്ചുള്ള ഒറിയന്റലിസ്റ്റ് പെയിന്റിങ്ങുകളിലോ കാണുന്ന നപുംസകങ്ങള്‍ കാവല്‍ നില്‍ക്കുന്ന മാദകമായ ഫാന്റസി ലോകവുമായി സ്ത്രീകളുടെ സ്വപ്നങ്ങളെ മുഴുവന്‍ കൂട്ടിലടച്ച ഈ ഹാരം ജീവിതത്തിനു ബന്ധമൊന്നുമില്ല. ദേശീയവാദിയും സ്ത്രീ സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചവളും ആയിരുന്നു മെര്‍നീസിയുഉടെ ഉമ്മ. പാരമ്പര്യത്തില്‍ നിന്ന് ആധുനികതയിലേക്കുള്ള മാറ്റം ത്വരിതമായ 1940കളിലെ മൊറോക്കോയില്‍ ജനിച്ച ഫാത്തിമ മെര്‍നീസി, ഫ്രഞ്ച് അധിനിവേശത്തിനും യുദ്ധത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫെമിനിസം എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത വലയിത സംസ്കാരത്തില്‍ എങ്ങനെയാവും സ്ത്രീയുടെ സ്വത്വാന്വേഷണം പ്രായോഗികമാകുക എന്നതാണ് നോവലിന്റെ കൌതുകം. തലമുറകളെ കോര്‍ത്തിണക്കുന്ന കഥ പറയല്‍ അതിനുള്ള മുഖ്യ ഉപാധിയായി മാറുന്ന ഇടത്തില്‍ ഷഹറെസാദ് പ്രധാന സാഹിതീയ പ്രതീകം ആവുന്നത് ഇതുകൊണ്ടാണ്.

ഹാരം ജീവിതത്തെ അതിന്റെ എകാന്തതക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും ഇടയിലും പരസ്പര സഹകരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഇടമെന്ന പ്രസന്ന മൂല്യങ്ങളിലാണ് മെര്‍നിസി ചിത്രീകരിക്കുന്നത്. ആഖ്യാതാവായ ഒമ്പതു വയസ്സുകാരി ഫാതിമ, പെണ്‍കുട്ടിയായി മുതിരുന്നത് അവിടെയാണെങ്കിലും ആന്‍ ഫ്രാങ്കിന്റെ പ്രതീക്ഷകളില്ലാത്ത ലോകമേയല്ല ഊഷ്മളമായ ശൈശവ സ്മൃതികളാല്‍ സമ്പന്നമായ അവിടം. പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയും ചുറുചുറുക്കുമുള്ള ഒമ്പതുവയസ്സുകാരിയുടെ കണ്ണിലൂടെ പിതൃവഴിയിലെ മുത്തശ്ശി ലല്ല അടക്കിഭരിക്കുന്ന നഗര പശ്ചാത്തലമായ ഫെസ്സിലെ ഹാരം ജീവിതത്തിന്റെ കര്‍ക്കശ സാഹചര്യവും മാതൃ വഴിയിലെ യാസ്മിന മുത്തശ്ശിയുടെ നാട്ടുമ്പുറത്തെ കാര്‍ഷിക സംസ്കാരത്തിലെ അയഞ്ഞ അതിരുകളുള്ള ഹാരം ജീവിതത്തിന്റെ ആപേക്ഷിക സ്വാതന്ത്ര്യവും ഉടനീളം താരതമ്യം ചെയ്യപ്പെടുന്നു. ഫെസ്സില്‍, ഉമ്മയും അമ്മാവിമാരും പുറം ലോകത്തെ കുറിച്ച് കേള്‍ക്കുന്നത് പോലും ആണുങ്ങള്‍ അറിയാതെ രഹസ്യമായി റേഡിയോ കേള്‍ക്കുന്നതിലൂടെ മാത്രമാണ്. അതിവേഗം പരിണമിച്ചു കൊണ്ടിരുന്ന സാമൂഹികാന്തരീക്ഷത്തില്‍ പരമ്പരാഗത മൂല്യങ്ങളുടെ തകര്‍ച്ച അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ ഉമ്മയും ഹബീബ അമ്മായിയും കസിന്‍ ശമായും പോലുള്ളവര്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. “ഉമ്മമാര്‍ സ്വപ്നങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും പറയണം ... അവ അവര്‍ക്ക് ദിശാബോധം നല്‍കും. ഈ അങ്കണം വിട്ടുപോയാല്‍ എല്ലാമായില്ല .. പകരം വെക്കാന്‍ പോകുന്ന സമതലങ്ങളെ കുറിച്ച് നിനക്കൊരു ദര്‍ശനം വേണം.” ഫെസ്സില്‍ ഏകപത്നീ വ്രതക്കാരായ ആണുങ്ങള്‍ ആണെങ്കിലും അവിടത്തെക്കാള്‍ സ്വതന്ത്രരും സന്തുഷ്ടരുമാണ് താമു മുത്തശ്ശിയോടും യായാ മുത്തശ്ശിയോടും സഹഭാര്യാ പദവി പങ്കിടുമ്പോഴും യാസ്മിന മുത്തശ്ശി. കൊച്ചു ഫാതിമ ചോദ്യം ചെയ്യുന്ന ‘ഹുദൂദ്’ ഹാരമിലെ ആണ്‍-പെണ്‍ വിഭജനമെന്നതിനപ്പുറം ഹലാല്‍-ഹറാം, ക്രിസ്ത്യന്‍-മുസ്ലിം, ഫ്രഞ്ച്-മൊറോക്കന്‍ അതിരുകളെ കൂടി ഉള്‍ക്കൊണ്ടു തുടങ്ങുന്നു. ഹാരം എന്ന പദം തന്നെ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടെണ്ടത് എന്ന അര്‍ഥത്തില്‍ ‘ഹറാം’ എന്ന പദത്തില്‍ നിന്നുതന്നെയാണ് ഉത്ഭവിച്ചത്‌. ഫാതിമയുടെ ഭാവനയും കളികളും, മുന്‍കാല അടിമയായിരുന്ന മിന മുത്തശ്ശിയുടെ കഥകള്‍ പോലെ, ഷഹരെസാദിനെ പോലെ, പരിമിതികളെ നേരിടാനുള്ള അവളുടെ മാര്‍ഗ്ഗങ്ങള്‍ കൂടിയാണ്. സ്വാതന്ത്ര്യ ബോധമുള്ള ആധുനിക സ്ത്രീയിലേക്ക് വളരുന്നതോടൊപ്പം കുടുംബ വേരുകളോടും പാരമ്പര്യത്തോടും കൂറു പുലര്‍ത്തുകയും ചെയ്യുന്ന ഇസ്ലാമിക് ഫെമിനിസ്റ്റ് എന്ന നിലയിലേക്കുള്ള പില്‍ക്കാല വളര്‍ച്ചക്ക് അവയാണ് ഊര്‍ജ്ജമാകുക. മിനാ മുത്തശ്ശി പറയുന്നതുപോലെ വിമോചനത്തെ കലാപമായി തെറ്റിദ്ധരിച്ചാല്‍ സ്ത്രീകള്‍ അവരുടെ രോഷത്തിന്റെ ബന്ദികളായിപ്പോകും. “ഏറ്റവും മോശം ജയില്‍ സ്വയം സൃഷ്ടിക്കുന്നതാണ്.”

രണ്ടു ഫെമിനിസ്റ്റ് ധാരകള്‍:

1994ല്‍, മെര്‍നിസിയുടെ കരിയറില്‍ നിര്‍ണ്ണായകമായ ഒരു പരിണാമ ഘട്ടത്തിലാണ് Dreams of Trespass രചിക്കപ്പെടുന്നത്. ഒരു സെക്കുലര്‍ ഫെമിനിസ്റ്റ് വിശകലന രീതിയില്‍ നിന്ന് ഇസ്ലാമിക് ഫെമിനിസത്തിന്റെ നിലപാടുകളിലേക്കുള്ള അവരുടെ പരിവര്‍ത്തനത്തിന്റെ ഘട്ടമായിരുന്നു അത്. സ്വന്തം വ്യക്തിത്വം കണ്ടെത്തുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും പടവുകളില്‍ സുപ്രധാനമായ പ്രമേയങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കുന്ന രീതിയിലാണ് അധ്യായങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഹരീമിനകത്തെ സ്ത്രീകളുടെ പാത്ര സൃഷ്ടികളിലൂടെ വികസിക്കുന്ന ഈ പ്രമേയങ്ങള്‍ വ്യത്യസ്ത രീതികളിലുള്ള കഥപറച്ചില്‍, ഇജിപ്ത്യന്‍ ഫെമിനിസ്റ്റുകളുടെയും പ്രശസ്ത സ്ത്രീകളുടെയും സ്വാധീനം, ഹാരം ജീവിതത്തിന്റെ ഭിന്ന മുഖങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്നു. “നമ്മുടെ വിമോചനമെന്നത് നമ്മുടെ ഭൂതകാലത്തിന്റെ പുനര്‍വായനയിലൂടെയും സംസ്കാരത്തെ രൂപപ്പെടുത്തിയ എല്ലാത്തിനെയും ദിശാബോധത്തോടെ പുനരുപയോഗിക്കുന്നതിലൂടെയും (reappropriation) ആണ് സംഭവിക്കുക” *(1). അറബ് ലോകത്തെ രണ്ടു ഫെമിനിസ്റ്റ് ധാരകള്‍ മെര്‍നിസിയെ പഠിക്കുന്നതില്‍ പ്രധാനമാണ്. ഫോര്‍ദാം യൂണിവേഴ്സിറ്റി സ്കോളര്‍ അബിഗെയ്ല്‍ ഗ്രേസിന്റെ പഠനം ഇക്കാര്യത്തില്‍ ഏറെ സംക്ഷിപ്തവും സമഗ്രവുമാണ് (2).

പാശ്ചാത്യ ധാരണകളില്‍ മുസ്ലിം ശീലമായി കരുതപ്പെട്ട ഹാരം ജീവിതത്തിന് യഥാര്‍ഥത്തില്‍ ഇസ്ലാമിക പൂര്‍വ്വ ഉത്പത്തിയുണ്ട്. എന്നാല്‍ ചരിത്രപരമായ മുസ്ലിം പശ്ചാത്തലത്തില്‍ അതെങ്ങനെയാണെന്ന് ഇങ്ങനെ നിര്‍വ്വചിക്കപ്പെടുന്നു: “പുരുഷന് ഒന്നിലേറെ സ്ത്രീകളിലേക്ക് ലൈംഗിക പ്രവേശനം അനുവദിക്കുന്ന ഒരു വ്യവസ്ഥ എന്ന് ഹാരമിനെ നിര്‍വ്വചിക്കാം... (അല്ലെങ്കില്‍) ഒരു പുരുഷന്റെ സ്ത്രീകളായ ബന്ധുക്കള്‍ - ഭാര്യമാര്‍, സഹോദരിമാര്‍, അമ്മ, അമ്മായിമാര്‍, പെണ്മക്കള്‍- അവരുടെ സമയവും ജിവിത ഇടങ്ങളും അധികവും പങ്കുവെക്കുന്ന ഇടം” (3). മെര്‍നിസിയുടെ കുട്ടിക്കാലം ചെലവഴിച്ച ഫെസ് ഹാരം, അവരുടെ പിതാവിന്റെയും സഹോദരന്റെയും കുടുംബങ്ങളും ബന്ധുക്കളും അടങ്ങുന്നതാണ്. 1956ല്‍ ഫ്രഞ്ച് ‘പ്രോട്ടെക്റ്ററേറ്റ്’ കൊളോണിയലിസത്തില്‍ നിന്ന് സ്വതന്ത്രമാകും വരെ മൊറോക്കന്‍ ഉപരി-മധ്യവര്‍ഗ്ഗത്തില്‍ ഇത്തരം ഹാരമുകള്‍ സാധാരണമായിരുന്നു. ഇജിപ്തില്‍, ബ്രിട്ടീഷ് വിരുദ്ധ ദേശീയതയോടൊപ്പം ശക്തിപ്പെട്ട സ്ത്രീ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ ഹാരം സമ്പ്രദായം അപ്രത്യക്ഷമായിരുന്നു. പാശ്ചാത്യര്‍ അല്ലാത്ത പഠിതാക്കള്‍ ഹാരം സംസകാരത്തിന്റെ സ്ത്രീ ശാക്തീകരണ വശങ്ങളിലേക്ക് വെളിച്ചം വീശിയത് ഇതോടു ചേര്‍ത്തു കാണാം. മൂന്നാംലോക സ്ത്രീയെ കുറിച്ചുള്ള ഏകാശിലാരൂപിയായ പാശ്ചാത്യ ധാരണകളില്‍ മുസ്ലിം സ്ത്രീ ആഭ്യന്തര കൊളോണിയലിസത്തിന്റെ ഇര മാത്രമായിരുന്നു. അവളുടെ മോചനം പാശ്ചാത്യമായ ലിബറല്‍, റാഡിക്കല്‍ ഫെമിനിസ്റ്റ് സമീപനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന നിലപാട് ഫലത്തില്‍ ഇതരലോക സ്ത്രീയെ അവരുടെ സഹാനുഭൂതിയുടെ സ്വീകര്‍ത്താക്കള്‍ മാത്രമായി സാംസ്കാരികമായി അന്യവല്‍ക്കരിച്ചു. ഹാരം സമ്പ്രദായത്തെ കുറിച്ചുള്ള പാശ്ചാത്യ വാര്‍പ്പു മാതൃകാ സങ്കല്പങ്ങള്‍ക്കു കാണാന്‍ കഴിയാതെ പോയ ഇടങ്ങളാണ് മെര്‍നിസി ചിത്രീകരിക്കുന്നത്: “ഇവിടെ സ്ത്രീകള്‍ ജീവിത ഇടവും സമയവും പങ്കുവെക്കുന്നു, അനുഭവങ്ങളും അറിവുകളും കൈമാറുന്നു, പുരുഷ ലോകത്തെ വിശകലനം ചെയ്യുന്നു – പലപ്പോഴും തമാശകള്‍, കഥകള്‍, അല്ലെങ്കില്‍ നാടകങ്ങള്‍ എന്നിവയിലൂടെ” (Leila Ahmed).

ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും അകത്താണ് മൊറോക്കോയിലെ ഫെമിനിസ്റ്റ് ചിന്തകള്‍ വളര്‍ന്നുവന്നത്. കൊളോണിയല്‍ അധീശത്വത്തില്‍ ആയിരുന്ന ഇതര മിഡില്‍ ഈസ്റ്റ്, മാഗ്രെബ് ദേശങ്ങളില്‍ വീശിയടിച്ച അറബ് വല്‍ക്കരണം, ദേശസാല്‍ക്കരണം, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപനം തുടങ്ങിയ വികാസങ്ങള്‍ പതിയെയെങ്കിലും മൊറോക്കൊയിലും ശക്തമായി. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനു കീഴില്‍ ഈജിപ്തില്‍ ശക്തമായ ദേശീയവാദവും ഫെമിനിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പ് മൊറോക്കോക്കും ഇതര അറബ് ദേശങ്ങള്‍ക്കും ഒരാദ്യകാല മാതൃക ആവുകയായിരുന്നു. “ഈജിപ്ത്യന്‍ വനിതകളുടെ ഫെമിനിസവും ദേശീയവാദവും ഈജിപ്ത്യന്‍ പുരുഷന്റെ ലിബറല്‍ ദേശീയവാദവും ചേര്‍ന്ന് സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരു സംയോജിത ദേശീയ മുന്നേറ്റത്തിനു നാന്ദി കുറിച്ചു” (4). മൊറോക്കന്‍ സ്ത്രീത്വം ഹാരം ജീവിതം നേരിട്ട നാല്‍പ്പതുകളില്‍ ഈജിപ്ത്യന്‍ വനിതകള്‍ തെരുവില്‍ പ്രകടനം നടത്തുകയായിരുന്നു എന്നതില്‍ ഈജിപ്ത്യന്‍ ഫെമിനിസം എത്ര കാലം മുന്നിലായിരുന്നു എന്ന് വ്യക്തമാണ്‌.

ഫെസ് ഹരീമിലെ സ്ത്രീകളില്‍ സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതീകങ്ങളായി വരുന്നത് ഉമ്മയും ഹബീബ അമ്മായിയും കസിന്‍ ശമായും തന്നെയാണ്. കാര്‍ക്കശ്യങ്ങളോടുള്ള എതിര്‍പ്പ് കാണിക്കാന്‍ തന്റെതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതില്‍ സമര്‍ത്ഥയായ ഉമ്മ പക്ഷെ ഹാരം ജീവിതത്തിന്റെ അതിരുകള്‍ ലംഘിക്കുന്നില്ല. സിനിമക്ക് പോകാനുള്ള അവസരം പോലുള്ള സന്ദര്‍ഭങ്ങളില്‍ ശമായും അവരും പ്രകടിപ്പിക്കുന്ന ലാസ്യഭാവവും മണിക്കൂറുകള്‍ നീളുന്ന മെയ്ക്കപ്പും കേശാലങ്കാരവും പുറം ലോകത്തു തങ്ങളുടെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ആവിഷ്കരിക്കാനുള്ള അദമ്യമായ അഭിലാഷത്തിന്റെ വിചിത്രമായ പ്രകടനമാണ്. പുറത്തിറങ്ങും മുമ്പ് അവര്‍ക്കിരുവര്‍ക്കും ഹിജാബ് ധരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യമോഹം കര്‍തൃത്വത്തിനും പുരുഷനോട്ടം കൊതിക്കുന്ന വസ്തുവല്‍ക്കരണത്തിനും ഇടയില്‍ എന്ന മട്ടില്‍ ഋണാത്മകമാവുകയാണ് ഇവിടെ. വിവാഹ മോചിതയായ വിഷാദവതിയും ഏകാകിനിയുമായ ഹബീബ അമ്മായി സഹോദരനോടൊപ്പം കഴിയേണ്ടി വരുന്നത് ഹാരം സമ്പ്രദായത്തില്‍ സ്വാഭാവികമാണ്. അവര്‍ തുന്നിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ ചിറകുകള്‍ ഉള്ള പക്ഷിയുടെ ചിത്രം സ്വാതന്ത്ര്യമോഹത്തിന്റെ എന്നത് പോലെ പ്രതിഷേധത്തിന്റെയും ചിഹ്നമാണ്. “(ഹബീബ അമ്മായി) ഭാവിയെ കുറിച്ച് ശുഭാപ്തി നല്‍കി: ഒരു സ്ത്രീ തീര്‍ത്തും അബലയായിരിക്കാം, എന്നാല്‍ അപ്പോഴും പറന്നുപോകുന്നതിനെ കുറിച്ചു സ്വപ്നം കാണുന്നതിലൂടെ ജീവിതത്തിനു അര്‍ഥം നല്കാന്‍ അവള്‍ക്കാകും.” (പേജ്: 162). ശമായും ഹബീബ അമ്മായിയും സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ് എന്ന് പുസ്തകത്തിന്റെ ചൈനീസ് പതിപ്പിന് എഴുതിയ ആമുഖത്തില്‍ മെര്‍നിസി തുറന്നുപറഞ്ഞത്‌ ഇതോടു ചേര്‍ത്തു കാണാം.

ഫാം ഹരീമിലെ ജീവിതം സഹഭാര്യമാര്‍ക്കിടയിലെ വഴക്കുകളും കുന്നായ്മകളും കൊണ്ട് മുഖരിതമാണ്. സ്വതേ കിറുക്കിയെന്നു കണക്കാക്കപ്പെടുന്ന, മരം കേറിയായ, സുന്ദരിയല്ലാത്ത യാസ്മിന മുത്തശ്ശിയുടെ രക്ഷ അവര്‍ക്ക് ഇപ്പോഴും മുത്തച്ചനെ ചിരിപ്പിക്കാന്‍ കഴിയും എന്നതാണ്. ആ അര്‍ഥത്തില്‍ അവരുടെ പ്രകൃതം ‘അല്ലാഹുവിന്റെ ഭൂമിയുടെ ഒറിജിനല്‍ പതിപ്പായ, അതിരുകളില്ലാത്ത’ ഫാം ഹാരമിലെ ആയാസരഹിതമായ ജീവിതത്തിന്റെ പ്രതീകം തന്നെ; ഒപ്പം ആഹരിക്കുന്നതില്‍ പോലും പട്ടാളച്ചിട്ടയുള്ള ഫെസ് ഹരീമിന്റെ നേര്‍ വിപരീതവും. എന്നാല്‍ ഹാരം അതിരുകള്‍ എന്നത് ഭൌമികം മാത്രമല്ല: എട്ടു സഹഭാര്യമാര്‍ ഉള്ള യാസ്മിന മുത്തശ്ശിക്ക് എട്ടു ദിവസം തനിയെ ഉറങ്ങണം. ഫ്രഞ്ചുകാരുമായി നിരന്തരം ഏറ്റുമുട്ടുന്ന റീഫ് പര്‍വ്വത ദേശത്തുനിന്നുള്ള ഗോത്രവര്‍ഗ്ഗക്കാരിയായ താമു മുത്തശ്ശി, ബെര്‍ബെര്‍ ഗോത്രപ്പോരാളിയുടെ സഹജമായ വാളും റൈഫിളും കൊണ്ടുനടക്കുന്നു. പക്ഷെ അവര്‍ക്കും ഹാരരീമില്‍ അഭയം ലഭിക്കാന്‍ മുത്തച്ഛന്റെ മറ്റൊരു ഭാര്യയായി തീരേണ്ടതുണ്ട്.

1840 നും 1940 നുമിടയില്‍ ജീവിച്ചിരുന്ന പ്രസിദ്ധരായ ഈജിപ്ത്യന്‍ സ്ത്രീകളില്‍ ചിലര്‍ സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകങ്ങളായി ശമായുടെ ടെറസിലെ പ്രകടനങ്ങളില്‍ കടന്നു വരുന്നു. ‘പാടും രാജകുമാരി അസ്മഹാന്‍’, ‘നാടിന്റെ പ്രതീകമായ’ ഉമ്മുകുല്‍സൂം, ആയ്ഷാ തയ്മൂര്‍, സൈനബ് ഫവ്വാസ്, ഹുദ ഷഅറാവി തുടങ്ങിയ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍, ഈജിപ്ത്യന്‍ ചലച്ചിത്ര അഭിനേത്രികള്‍ തുടങ്ങിയവര്‍ ഫെസ് ഹരീമില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അവിടെ കഥ പറച്ചില്‍ പ്രധാനമായും ഹബീബ അമ്മായിയുടെ വകയാണെങ്കില്‍ ഫാമില്‍ അത് യായാ മുത്തശ്ശിയാണ്. ഹബീബ അമ്മായിയുടെ കഥ പറച്ചില്‍ “എനിക്ക് മുതിര്‍ന്നവള്‍ ആകാനും വിദഗ്ദ കഥാകാരി ആകാനുമുള്ള ആഗ്രഹം ജനിപ്പിച്ചു” എന്ന് ആഖ്യാതാവ് പറയുന്നു. ഹബീബ അമ്മായി ഫെസ് ഹരീമിലെ ഏറ്റവും ഭാഗ്യഹീനയായ സ്ത്രീയായിരുന്നെങ്കില്‍, ഫാം ഹരീമിലെ ‘വിദേശിയായ കറുത്ത സഹഭാര്യ’ യായാ മുത്തശ്ശിയും അങ്ങനെത്തന്നെ. സൗത്ത് സുഡാനിലെ തന്റെ കുഗ്രാമ ജീവിതത്തെ കുറിച്ച് ഓരോ ആഴ്ചയിലും ഒരു കഥ പറയാം എന്ന ഉപാധിയോടെയാണ് അവര്‍ ഹരീമില്‍ ഇടം ഉറപ്പിക്കുന്നത്. കഥപറച്ചിലില്‍ അവരുടെ വൈദഗ്ദ്യം അവര്‍ക്കുവേണ്ടി അവരുടെ ദേശത്തു നിന്നുള്ള ഒരു വാഴത്തൈ ഫാമില്‍ കൊണ്ടുവന്നു നടാനും അങ്ങനെ അവരെ തന്റെ ഓര്‍മ്മകളുടെ മധുരത്തില്‍ നിലനിര്‍ത്താനും എല്ലാവരും സഹകരിക്കുന്നതില്‍ എത്തിക്കുന്നു. വാഴ കുലക്കുമ്പോള്‍ ജന്മദേശത്തെ വേഷഭൂഷകള്‍ അണിഞ്ഞു സന്തോഷം കൊണ്ട് മത്തുപിടിച്ച് നൃത്തം ചെയ്യുന്ന യായായുടെ കാല്‍പ്പനിക ചിത്രത്തിനപ്പുറം അവരുടെ മനസ്സില്‍ ഉണ്ടായിരിക്കാവുന്ന കൊടുംകാറ്റുകളൊന്നും കുട്ടിയായ ആഖ്യാതാവ് കാണുന്നതേയില്ല.

മെര്‍നിസിയുടെ കൃതികളെ ‘അറബ് സ്ത്രീത്വത്തിന്റെ പ്രതിരോധവും പുനരുദാത്തവല്‍ക്കരണവും’ ആയി കാണാമെന്നു നിരീക്ഷിക്കപ്പെടുന്നു. മൂന്നാംലോക ഫെമിനിസ്റ്റുകള്‍ക്കെതിരെ പൊതുവേ ഉയര്‍ത്തപ്പെടുന്ന പാശ്ചാത്യ വല്‍ക്കരണത്തിന്റെ ഇരകള്‍ എന്ന വിമര്‍ശനം അവരുടെ കാര്യത്തില്‍ സംഗതമല്ലെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള, അഭ്യസ്ത വിദ്യരും നിരക്ഷരരുമായ, സ്വദേശത്തുക്കാര്‍ തന്നെയായ സ്ത്രീകള്‍ തന്നെ വളര്‍ത്തിയെടുത്ത ‘അറബ് മുസ്ലിം ഫെമിനിസം’ തന്നെയാണ് അവരെ നയിക്കുന്നത് എന്നും കാരിന്‍ ബൂജെറ്റ് കൂട്ടിച്ചേര്‍ക്കുന്നു. അതില്‍ ഹുദാ ശഹറാവി, സൈനബ് ഫവ്വാസ് തുടങ്ങിയ സ്ത്രീപക്ഷ നിരീക്ഷകരുടെ സ്വാധീനം, ശഹരെസാദിന്റെ പാരമ്പര്യത്തോടൊപ്പം പ്രകടമാണ്. (5).

ഹബീബ അമ്മായിയുടെ വാക്കുകളില്‍: “പിന്‍ വാതിലടഞ്ഞ ഒരു ഹാരമിന്റെ ചുവരുകള്‍ക്ക് പിറകില്‍ നിസ്സഹായയായി കെണിയിലകപ്പെടാനിടയായാല്‍ നീ രക്ഷപ്പെടുന്നത് സ്വപ്നം കാണും. നീയാ സ്വപ്നത്തെ വാക്കുകളിലേക്കു കൊണ്ടുവരുകയും അതിരുകളെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നതോടെ മാന്ത്രികമായത് സംഭവിക്കും. സ്വപ്നങ്ങള്‍ക്ക് നിന്റെ ജീവിതം മാറ്റിമറിക്കാനാകും, ഒടുവില്‍ ലോകത്തെയും. വിമോചനം ആരംഭിക്കുക നിന്റെ കൊച്ചു തലയില്‍ ബിംബങ്ങള്‍ നൃത്തം തുടങ്ങുകയും നീയാ ബിംബങ്ങളെ വാക്കുകളിലേക്കു പരാവര്‍ത്തനം ചെയ്തു തുടങ്ങുകയും ചെയ്യുന്നതോടെയാണ്. വക്കുകള്‍ക്കാകട്ടെ നീയൊന്നും വിലയായി നല്‍കേണ്ടതുമില്ല!” സാഹചര്യം എന്തുതന്നെയായാലും സ്വപ്നങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ പ്രചോദക സന്ദേശത്തിലാണ് മര്‍നീസിയുടെ നോവലിന്റെ സൌന്ദര്യം കുടികൊള്ളുന്നത്.

“ആഗോളവല്‍ക്കരണത്തില്‍ ആരാണ് നേടിയത്? നാവികനായ സിന്‍ബാദോ അതോ കൌബോയിയോ?” 2004ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഫാത്തിമ മെര്‍നിസി ചോദിച്ചു. പ്രസ്തുത സൂചനയോടെ മെര്‍നിസിയുടെ ചരമത്തോടനുബന്ധിച്ചു (നവംബര്‍ 30, 2015) ബനിപാല്‍ മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഖാലിദ്‌ ഹരൂബ് ഉദ്ധരിക്കുന്നു. “ഫാതിമ മെര്‍നിസി സിന്‍ബാദ് എന്ന തന്റെ തന്നെ രൂപകത്തിന്റെ സത്യസന്ധമായ ഒരു സമകാലിക മാതൃകയാണ്. കരയിലാകട്ടെ, കടലിലാകട്ടെ, ഒരിക്കലും വിശ്രമിക്കാത്ത നാവികന്‍; അയാള്‍ തന്റെ ആത്മാവിനെ ഫാതിമയുടെ ചേതനയിലേക്കും ജീവിത രീതിയിലേക്കും കടത്തി പ്രകാശിപ്പിച്ചു (‘trans-illuminated his soul in Fatima’s spirit and way of life’). അതിര്‍ത്തി ഭേദകയായ ഒരു നിരന്തര യാത്രിക എന്ന് നിലയില്‍ ഫാതിമയുടെ ചേതന സമ്പൂര്‍ണ്ണ മൃത്യുവെ ധിക്കരിച്ചുകൊണ്ട് നമുക്ക് ചുറ്റും തുഴഞ്ഞുകൊണ്ടേയിരിക്കുന്നു.” വിട്ടുപോകാന്‍ വിസമ്മതിക്കുന്ന ‘സിന്‍ബാദിയന്‍ ചേതന’ എന്ന് മെര്‍നിസിയുടെ സ്വാധീനത്തെ ഹരൂബ് വിലയിരുത്തുന്നു. (6).

References:

(1). (Fatima Mernissi, Islam and Democracy: Fear of the Modern World, (Perseus Publishing, 2002). pp160.qtd by Lee, Abigail Grace)

(2). (Lee, Abigail Grace, "Dreaming of New Realities in Fatima Mernissi's Dreams of Trespass, A Harem Girlhood" (2020). Senior Theses. 37. https://research.library.fordham.edu/international_senior/37. P.6).

(3). (Leila Ahmed, “Western Ethnocentrism and Perceptions of the Harem,” Feminist Studies, 8, no. 3, (1982), 524).

(4). (Margot Badran, Feminists, Islam and Nation: Gender and the Making of Modern Egypt, (Princeton, New Jersey: Princeton University Press, 1995), 74).

(5). (Carine Bourget, Complicity with Orientalism in Third-World Women’s Writing: Fatima Mernissi’s Fictive Memoirs Research in African Literature s, Vol. 44, No. 3 (Fall 2013). © 2013,P. 30, 31)

(6). (Khaled Hroub, ‘Mernissi: The Sinbad of Fes Travels against the Cowboy’, Banipal 55, 2016, No 1, pp212-217).

കുറിപ്പുകള്‍:

സെക്കുലര്‍ ഫെമിനിസം: മുസ്ലിം ലോകത്തെ ഫെമിനിസം ഏകശിലാരൂപിയല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കൊളോണിയല്‍ വിരുദ്ധ ദേശീയ ബോധത്തിന്റെ പ്രതിഫലനമായാണ്, ഭാഗികമായെങ്കിലും, മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും സ്ത്രീപക്ഷ ഉണര്‍വ്വുകള്‍ ഉത്ഭവിക്കുന്നത്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഇജിപ്തിനെ സംബന്ധിച്ച് സ്ത്രീ മുന്നേറ്റം അടയാളപ്പെടുത്തുന്നതില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തോടൊപ്പം തന്നെ വേറെയും രണ്ടു സംഭവങ്ങള്‍ നിര്‍ണ്ണായകമായി. 1907-1912 കാലത്ത് സമൂഹത്തിന്റെ സെക്സിറ്റ് നിലപാടുകളെ മുഴുവന്‍ നേരിട്ട് സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നബവിയ്യ മൂസയുടെ (Nabawiyya Musa) നേട്ടമായിരുന്നു ആദ്യത്തേത്. ലിബറല്‍ സെക്കുലറിസ്റ്റുകള്‍ ആയിരുന്ന ഉമ്മ പാര്‍ട്ടിയുടെ (Umma Party) അല്‍ജരീദ (Al-jarida) പത്രത്തില്‍ സ്ത്രീവിരുദ്ധ അനീതികള്‍ക്കെതിരെ മലാക് ഹിഫ്നി നസ്സെഫ് (Malak Hifni Nassef) ‘ബാഹിതത് അല്‍ ബദിയ്യ’ (Bahithat Al-Badiyya – Seeker in the Desert) എന്ന തൂലികാ നാമത്തില്‍ എഴുതിയ ലേഖനങ്ങള്‍ രണ്ടാമത്തേതും. ഇജിപ്തിലെ സ്ത്രീകളില്‍ വിദ്യാഭ്യാസ രംഗത്തും മീഡിയയിലും എത്തിപ്പെട്ട ആദ്യ വനിതകള്‍ എന്ന നിലയില്‍ അവരുടെ ചെയ്തികള്‍ സെക്കുലര്‍ ഫെമിനിസത്തിന്റെ ലക്ഷ്യങ്ങളെ നിര്‍വ്വചിച്ചു. ഹുമ അഹ്മെദ്‌ ഘോഷിന്റെ (Huma Ahmed-Ghosh) വാക്കുകളില്‍: “സെക്കുലര്‍ ഫെമിനിസ്റ്റുകള്‍ .. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ യുക്തികളെ മനുഷ്യാവകാശ വാദങ്ങളില്‍ അടിസ്ഥാനപ്പെടുത്തുന്നു, അതുവഴി ഒരു സെക്കുലര്‍ ജനാധിപത്യത്തിലെ വ്യക്തികളുടെ ശാക്തീകരണത്തിലൂടെ സിവില്‍ സമൂഹത്തെ സൃഷ്ടിക്കുന്നതും ലക്ഷ്യം വെക്കുന്നു.” (Qtd by Lee, Abigail Grace).

ഇജിപ്ത്യന്‍ ഫെമിനിസ്റ്റുകള്‍ പെണ്‍കൂട്ടായ്മകളും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ശ്രമങ്ങളും ലേഖനങ്ങള്‍ പോലുള്ള മാധ്യമങ്ങളും ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി തങ്ങളുടെ സെക്കുലറിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കിയപ്പോള്‍, ഇതര മുസ്ലിം/ മാഗ്രെബ് ദേശങ്ങളില്‍ അത്തരം മുന്നേറ്റങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടാദ്യം തന്നെ സംഭവിച്ചു തുടങ്ങിയിരുന്നു. ടുണീഷ്യ, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ബഹുഭാര്യത്വവും ഏകപക്ഷീയ പുരുഷാഭീഷ്ട വിവാഹ മോചനവും നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നേരത്തേ ആരാഞ്ഞുതുടങ്ങി. ഇക്കാര്യത്തില്‍ 1927ല്‍ മാത്രമാണ് അത്തരം പരിഷ്കാരശ്രമങ്ങള്‍ ഇജിപ്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് സെക്കുലര്‍ ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ ഒരേ തീവ്രതയോടെയല്ല അറബ്/ മുസ്ലിം ലോകത്തുണ്ടായത് എന്ന് കാണാം.

വിപ്ലവാഭിമുഖ്യമുണ്ടെങ്കിലും സെക്കുലര്‍ ഫെമിനിസത്തിന് ചില പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുയര്‍ത്തിപ്പിടിക്കുന്ന മധ്യവര്‍ഗ്ഗ പ്രവണതകള്‍ പാശ്ചാത്യവല്‍ക്കരണ ത്വരയില്‍ അധിഷ്ടിതമായതു കൊണ്ട് അത്തരം മാതൃകയെയാണ് അത് ആദര്‍ശവല്‍ക്കരിക്കുന്നത്. റജാ റൂണി (Raja Rhouni, ‘Secular and Islamic feminist critiques in the work of Fatima Mernissi’) യുടെ കാഴ്ചപ്പാടില്‍ സെക്കുലര്‍ ഫെമിനിസം പൊതുമണ്ഡലത്തില്‍ ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുമ്പോള്‍ തന്നെ സ്വകാര്യ ഇടങ്ങളില്‍ ലിംഗ പദവിയിലെ അനുപൂരകത്വത്തെ (gender complementarity) പിന്തുണക്കുകയും അതുവഴി കുടുംബ വ്യവസ്ഥയില്‍ രൂഡമായ ആണധികാരത്തെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

ഇസ്ലാമിക ഫെമിനിസം:

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ മുസ്ലിം ഫെമിനിസ്റ്റുകള്‍ക്കിടയിലെ ഭിന്നസ്വരങ്ങള്‍ പ്രകടമായിത്തുടങ്ങുകയും സെക്കുലര്‍ ഫെമിനിസം അംഗീകാരം നേടിയെടുക്കുകയും ചെയ്തുവെങ്കിലും, പോസ്റ്റ്‌കൊളോണിയല്‍ മുസ്ലിം ദേശങ്ങളില്‍ ഉയര്‍ന്നുവന്ന പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന പ്രശ്നത്തെ നേരിടാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് ആവശ്യം വേണ്ടിയിരുന്ന ഇസ്ലാമിക ഭാഷയും ചട്ടക്കൂടും നല്‍കാന്‍ അതിനായില്ല. സ്ത്രീയുടെ കര്‍തൃത്വത്തെയും വ്യക്തിത്വ സ്ഥാപനത്തെയും പ്രാദേശിക മൊഴിയിലുള്ളതും ദേശീയവും ഇസ്ലാമികവുമായ ഒരു മാര്‍ഗ്ഗത്തിലൂടെ, സാമൂഹികവും സാംസ്കാരികവും മതപരവുമായ നവീകരണത്തിന്റെ രീതിയില്‍ ആവിഷ്കരിക്കുക എന്നതാണ് ഇസ്ലാമിക ഫെമിനിസത്തിന്റെ ലക്ഷ്യമെന്ന് ലൈല അഹ്മെദ് (Leila Ahmed, ‘Women and Gender in Islam’) നിരീക്ഷിച്ചപ്പോള്‍, ഇസ്ലാമിക ഫെമിനിസമെന്ന പദം തന്നെ വൈരുധ്യപൂര്‍ണ്ണമാണ് എന്ന് മിരിയാം കുക്ക് കരുതുന്നു. (Miriam Cooke, Women Claim Islam: Creating Islamic Feminism through Literature, (New York: Routledge, 2001), 57-58. Qtd by Abigail Lee Grace). ഖുറാനും ഹദീസും ലിംഗ സമത്വത്തെ പിന്തുണയ്ക്കുന്നില്ല എന്നും ഖുറാന്‍ നീതിക്കുവേണ്ടിയുള്ള അന്വേഷണത്തെ പ്രചോദിപ്പിക്കുമ്പോഴും ഫെമിനിസ്റ്റുകള്‍ക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിയമങ്ങള്‍ സംഭരിച്ച ഒരു ഗ്രന്ഥമല്ല എന്നും റജാ റൂണി വിലയിരുത്തുന്നു. എന്നാല്‍, സമൂഹത്തിലെ പുരുഷാധിപത്യ ഹെജിമണിയുടെ സ്റ്റാറ്റസ്കോയെ നിലനിര്‍ത്തുന്ന സമീപനത്തിനെതിരെ സ്ത്രീപക്ഷത്തെ കൂടി ഉള്‍ക്കൊള്ളുകയും പരിഷ്കരണോന്മുഖം ആയിരിക്കുകയും ചെയ്യുന്നയെന്ന സ്ത്രീപക്ഷ വികാസ ദശയെ പ്രതിനിധാനം ചെയ്യുന്നതിലൂടെ മെര്‍നിസിയുടെ കൃതികള്‍ ഇസ്ലാമിക് ഫെമിനിസത്തിന്റെയും സെക്കുലര്‍ ഫെമിനിസത്തിന്റെയും ധാരകളെ ഒരുമിപ്പിക്കുന്നു. ‘Fatna Aid Sabbah’ എന്ന തൂലികാനാമത്തില്‍ എഴുതിയ Woman in the Muslim Unconscious എന്ന കൃതിയില്‍ മൊറോക്കന്‍ ചരിത്ര രചനയില്‍ തമസ്കരിക്കപ്പെട്ട ‘കീഴാള മൊറോക്കന്‍ സ്ത്രീത്വ’ത്തിന്റെ വീക്ഷണത്തില്‍ ചരിത്രം തിരുത്തിയെഴുതുന്നതോടൊപ്പം കൊളോണിയല്‍- പോസ്റ്റ്‌കൊളോണിയല്‍, ദേശീയവാദ - മാര്‍ക്സിസ്റ്റ് സമീപനങ്ങളെയും കടന്നാക്രമിക്കുന്നതിലൂടെ സെക്കുലര്‍ ഫെമിനിസ്റ്റ് സമീപനത്തിലേക്കാണ് അവര്‍ ചേര്‍ന്നു നിന്നത് (Raja Rhouni). എന്നാല്‍ തുടര്‍ന്നിറങ്ങിയ The Veil and the Male Elite, Islam and Democracy തുടങ്ങിയ കൃതികളില്‍ ഇരു ഫെമിനിസ്റ്റ് സമീപനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു “പുതിയ സൈദ്ധാന്തിക മാര്‍ഗ്ഗം” തുടങ്ങിവെച്ചു. എങ്കിലും, മിക്ക അറബ്/ മാഗ്രെബ്/ മുസ്ലിം നിരീക്ഷകരും അവരെ ആദ്യത്തെയും ഏറ്റവും പ്രധാനിയുമായ ഇസ്ലാമിക് ഫെമിനിസ്റ്റ് ആയി വിലയിരുത്തുന്നു; വിശേഷിച്ചും Beyond the Veil: Male-Female Dynamics in a Muslim Society(1975) എന്ന കൃതിയുടെ പശ്ചാത്തലത്തില്‍. Le Harem Politique (The Veil and the Male Elite: A Feminist Interpretation of Islam -1987) ഇസ്ലാമിക് ഫെമിനിസത്തെ അടയാളപ്പെടുത്തുന്ന ആദ്യ ടെക്സ്റ്റ് ആണെന്ന് അബ്ദുല്ല ലബ്ദൂയി (Abdellah Labdaoui) കരുതുന്നു. മെര്‍നിസിയുടെ രണ്ടാം ഘട്ടം (ഇസ്ലാമിക് ഫെമിനിസം) സെക്കുലര്‍ ഫെമിനിസ്റ്റ് സമീപന ഘട്ടത്തിലെ റാഡിക്കല്‍ രീതിയില്‍ നിന്ന് വ്യതസ്തമായ മിതസമീപനത്തില്‍ അധിഷ്ടിതമാണ് എന്നും ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്ത അവരുടെ വ്യതിരിക്തത Dreams of Trespass -ലും സഹജമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു.