Freshwater by Akwaeke Emezi

ഭിന്നരുചികളുടെ ആത്മരൂപങ്ങള്‍

“I am terrified by this dark thing

That sleeps in me” – Elm- Sylvia Plath

പുരുഷന്‍/സ്ത്രീ എന്നിങ്ങനെ നിയതമായ ഒരുടല്‍ പ്രത്യക്ഷത്തില്‍ തടവിലായിരിക്കുമ്പോഴും അപര ചോദനകളുടെ ഉള്‍വിളി അപ്രതിരോധ്യമാം വിധം ശക്തമായിരിക്കുന്ന ജന്മങ്ങളുടെത് സ്വയമൊരു നരകം ഉള്ളില്‍ പേറുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌. ട്രാന്‍സ് എന്ന പദം അതുച്ചരിക്കപ്പെടുന്ന നിമിഷത്തില്‍ തുടങ്ങിവെക്കുന്ന സാമൂഹിക ബഹിഷ്കരണം മാത്രമായല്ല; അംഗീകൃത/ നിര്‍മ്മിത ലൈംഗിക സ്വതനിര്‍ണ്ണയങ്ങളിലെങ്ങും സ്വയം സ്ഥിതപ്പെടുത്താനാവാത്ത നിലയില്ലായ്മയും കൂടിയാണ് അത്തരം വ്യക്തികള്‍ക്ക് ജീവിതം ഒരു പ്രഹേളികയാക്കുന്നത്. ആമോസ് ടുടുവോലയെയും ചിനുവ അച്ചബെയെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രിയും ഹെലെന്‍ ഒയെയെമിയും പോലുള്ള സമകാലിക എഴുത്തുകാര്‍ വരെ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള Spirit child/ spirit doubles തുടങ്ങിയ സങ്കല്‍പ്പങ്ങളെ തികച്ചും നൂതനവും ലിംഗസ്വത്വങ്ങളെ സംബന്ധിച്ച പുതിയ ബോധ്യങ്ങളുടെ പശ്ചാതലത്തലത്തിലും ഉപയോഗിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റായ അക് വെകി എമെസി തന്റെ പ്രഥമനോവലായ ‘ഫ്രഷ്‌വാട്ടര്‍’ എന്ന കൃതിയില്‍. സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ എമേസി ഒരു ട്രാന്‍സ് ആയി സ്വയം സ്ഥാപിക്കാന്‍ വേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ തലങ്ങള്‍ കൂടി പ്രഥമ നോവലിലെ നായികക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്.

രക്തപങ്കിലമായ ദൈവപ്പിറവി

കത്തോലിക്കനായ നൈജീരിയന്‍ പിതാവ് സോള്‍ താന്‍ മറന്നു തുടങ്ങിയ ഗോത്ര മൂര്‍ത്തിയായ അലായോട് നിരന്തരം നടത്തിയ പ്രാര്‍ഥനയുടെ ഫലമായാണ് മലേഷ്യന്‍ തമിഴ് ഭാര്യ സാച്ചിയില്‍ രണ്ടാമത് മകളായി ആഡാ ജനിക്കുന്നത്. ഇബോ കൊസ്മോളജിയിലെ ഗൃഹനിലകള്‍ കാലേകൂട്ടി തീരുമാനിച്ച ഒരു പിറവിയില്‍ അവളൊരു ‘ഒബാന്‍യെ’ ആണ്- ‘ഒരു പാദം മറുവശത്തു വെച്ച്’ ആത്മലോകത്ത് നിന്നെത്തി ചെറുപ്പത്തിലെ മരിക്കുകയും വീണ്ടും വീണ്ടും അതേ കുടുംബത്തില്‍ പിറന്നു അച്ഛനമ്മമാരുടെ വേദനയുടെ ആഴമളക്കുകയും ചെയ്യുകയെന്ന നിയോഗമുള്ളവള്‍. “നീയൊരു പെരുമ്പാമ്പിന്റെ കുഞ്ഞാണെങ്കില്‍ നീയും ഒരു പെരുമ്പാമ്പാവണം – ലളിതം. അതൊന്നിച്ച് വരുന്ന ഒരു പതിവു പടംപൊഴിക്കലുണ്ടാവണമായിരുന്നു, പക്ഷെ ഞാന്‍ പതിവിലുള്ളതായിരുന്നില്ല. എനിക്ക് അത്തരം മൃദുവും സാവധാനത്തിലുള്ളതുമായ പടംപൊഴിക്കല്‍ അനുവദനീയമായിരുന്നില്ല. ഇല്ല, എന്റെ (നിയോഗം) ഞാന്‍ പുറത്തുവന്നയുടന്‍ അത് കീറിക്കളയുക എന്നതായിരുന്നു, അതിനെ ചീളുകളായി കീറുക, രക്തം കൊണ്ട് കുതിര്‍ന്നു പുറത്തുവരിക. ഇതാണ് മനുഷ്യന് ദൈവ പദാര്‍ത്ഥത്തെ ഉള്‍കൊള്ളാന്‍ കഴിയുമെന്ന് നിങ്ങള്‍ നടിക്കുമ്പോള്‍ സംഭവിക്കുന്നത്‌.”

എന്നാല്‍ ആഡാ വളരുന്നു. പ്രശ്ന ഭരിതമായ, മാനസിക പൊരുത്തക്കേടുകള്‍ പ്രകടമായ, അച്ഛനമ്മമാരെ എപ്പോഴും പ്രാര്‍ഥനാ നിരതരാക്കുന്ന ബാല പീഡകള്‍ നിറഞ്ഞ, സ്വയം പീഡയുടെ പ്രകൃതമുള്ള മുതിര്‍ന്നു വരവ്. അവളുടെ കുഞ്ഞിലേ, ജോലി ആവശ്യാര്‍ത്ഥം ആദ്യം സൌദി അറേബ്യയിലേക്കും തുടര്‍ന്ന് യു കെ യിലേക്കും പോകുന്ന അമ്മ പിന്നീട് കൊല്ലത്തില്‍ ഒന്നോ രണ്ടു തവണ മാത്രം സന്ദര്‍ശിക്കുന്ന വിരുന്നുകാരിയായിരുന്നു. പതിനാറാം വയസ്സില്‍ പഠനത്തിനായി വിര്‍ജീനിയയില്‍ എത്തുന്ന ആഡാക്ക് മേല്‍ അദൃശ്യമായ ചില കെട്ടുപാടുകള്‍ ഉണ്ട്- ‘തെറ്റായ രീതിയില്‍ പിറന്ന്, തരികെ പോകാതെ, കടലുകള്‍ താണ്ടി മരണത്തെ അരിച്ചുമാറ്റിയതിന്’. എന്നാല്‍ ഇതൊരു ശാപം എന്നതിലേറെ കാലേകൂട്ടി നിശ്ചയിക്കപ്പെട്ട വിധിയുടെ താല്‍പ്പര്യമായാണ് വര്‍ത്തിക്കുന്നത്. ‘ഞങ്ങള്‍ ഏതോ ഒരിടത്ത് നിന്ന് വന്നു- എല്ലാം അങ്ങനെ വരുന്നു. ആത്മാവില്‍ നിന്ന് മാംസത്തിലേക്കുള്ള മാറ്റം നടത്തപ്പെടുമ്പോള്‍ വാതിലുകള്‍ അടക്കപ്പെടണം.. ചിലപ്പോള്‍ ദൈവങ്ങള്‍ മറന്നു; അവര്‍ക്ക് അത്തരം അശ്രദ്ധ സംഭവിക്കാം.. അവള്‍ .. കൊടുങ്കാറ്റു പിടിച്ച ഒരു ഗ്രാമത്തെക്കാള്‍ ഉച്ചത്തിലും വഴുതിയും പണിപ്പെട്ടു പുറം ലോകത്തെത്തുമ്പോഴും വാതിലുകള്‍ തുറന്നു കിടന്നു. അപ്പോഴേക്കും ഞങ്ങള്‍ അവളില്‍ നങ്കൂരമിടെണ്ടിയിരുന്നു, അവളുടെ ഉള്‍ത്തടങ്ങളില്‍ നിദ്രയിലാണ്ടും മനസ്സില്‍ ഐക്യപ്പെട്ടും .. ഞങ്ങള്‍ അവളായിരുന്നു, എന്നാല്‍ ആയിരുന്നുമില്ല.” ആഡാ വളര്‍ന്നു വരുമ്പോള്‍ കൂടെക്കൂടെ നിയന്ത്രണമില്ലാത്ത അക്രമവാസന കാണിക്കുന്നതും സ്വയം മുറിവേല്‍പ്പിച്ചു രക്തം വീഴ്ത്തുന്നതും അവളുടെ ഉള്ളിലെ കുടിപാര്‍പ്പുകാരുടെ ആവശ്യമാണ്‌. കുട്ടിക്കാലത്ത് അനിയത്തിക്ക് സംഭവിക്കു അപകടം കണ്ടതിനു ശേഷം അതൊരു ആസക്തിയായിത്തീരുന്നു. വളര്‍ന്നു വരുമ്പോള്‍ മൂര്‍ത്തികള്‍ അവളുടെ ആത്മാവിനു വേണ്ടി അവള്‍ക്കുള്ളില്‍ കലമ്പുന്നു. രക്ഷിതാക്കള്‍ അവളെ ഒരു കത്തോലിക്കാ പ്രാര്‍ഥനായോഗത്തില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ക്കുള്ളിലെ ആത്മാക്കള്‍ ക്രിസ്തുവിനെ കുറിച്ച് നിരീക്ഷിക്കുന്നുണ്ട്: “ഞങ്ങള്‍ക്കറിയാം അയാളെ; അയാളുടെ പേര് യേശ്വാ എന്നാണെന്ന് ഞങ്ങള്‍ക്കറിയാം... ഞങ്ങള്‍ക്കിതും അറിയാമായിരുന്നു, അയാള്‍ക്ക് അവളെ കേള്‍ക്കാതിരിക്കാന്‍ കഴിയില്ലായിരുന്നുവെന്ന്. ചറപിറാ നടത്തുന്ന, കരഞ്ഞു പറയുന്ന പാടുന്ന പ്രാര്‍ത്ഥനകളും അയാള്‍ കേള്‍ക്കുമായിരുന്നു.. യേശ്വായും അടക്കാത്ത വാതിലിലാണ് ജനിച്ചത്‌, പ്രവചന സിദ്ധിയുള്ള നാവുമായി, മറുവശത്ത്‌ നിന്ന് കൊണ്ടുവന്ന കൈകളുമായി പിറന്നു.. അയാളവരെ ദൈവം ചെയ്യുന്നത് പോലെ സ്നേഹിച്ചു, എന്നുവെച്ചാല്‍, പീഡാനുഭവത്തിനുള്ള ഒരു താല്‍പ്പര്യത്തോടെ.”

യുദ്ധോദ്യുക്തരായ ആദിചോദനകള്‍

മുതിര്‍ന്നുവരവിന്റെ വഴിയില്‍ സ്വയം ഉന്മൂലനത്തിന്റെ മാത്രമല്ല, തന്റെയുള്ളില്‍ തുല്യ ശക്തിയോടെ സന്നിഹിതമായിരിക്കുന്ന വ്യത്യസ്ത ജൈവ/ലിംഗ ചോദനകളുടെ കൂടി വിനാശകതയെ അവള്‍ നേരിടുന്നു. വിര്‍ജീനിയയില്‍ കണ്ടെത്തുന്ന മലീനയെന്ന കൂട്ടുകാരി അവളുടെ ആന്തര സംഘര്‍ഷങ്ങളെ മാനസിക തലങ്ങളുള്ള സ്വത്വ പ്രതിസന്ധി എന്ന് ചുരുട്ടിക്കെട്ടുന്നില്ല എന്നത് വലിയ ആശ്വാസം നല്‍കുന്നുണ്ട്. യു എസ്സിലെ ജീവിതത്തില്‍ കുറെയേറെ താല്‍ക്കാലിക ബന്ധങ്ങളും ഒരു ഹ്രസ്വ വിവാഹ ബന്ധം തന്നെയും സംഭവിക്കുന്നുണ്ടെങ്കിലും ഏറ്റവും സങ്കീര്‍ണ്ണമായാത് തനിക്കുള്ളില്‍ തന്നെയുള്ള ബഹുസാന്നിധ്യങ്ങളും അവയുമായുണ്ടാകുന്ന പൊരുത്ത/ക്കേടുകളും തന്നെയാണ്.

മാതാപിതാക്കള്‍ പിരിയുമ്പോഴും അമേരിക്കയിലേക്ക് പഠനത്തിനു പോകുമ്പോഴും തീവ്ര വേദനയുടെ അനുഭവങ്ങളാണ് ആഡായുടെ സ്വത്വങ്ങള്‍ നേരിടുന്നത്. പിന്നീടുള്ള പന്ത്രണ്ടു വര്‍ഷക്കാലം തന്റെയുള്ളിലെ ദാഹാര്‍ത്തരായ മൂര്‍ത്തികള്‍ക്ക് വേണ്ടി നിരന്തര അര്‍പ്പണം നടത്തുന്നുണ്ട് അവള്‍. “ഇരുപതാം വയസ്സില്‍, വെറ്റിനറി സ്കൂളിലായിരുന്നപ്പോള്‍ ജടങ്ങളുടെ പേശികളില്‍ നിന്ന് തൊലി വേര്‍പ്പെടുത്താന്‍ വേണ്ടി മണിക്കൂറുകള്‍ ചെലവഴിക്കുകയും നനുത്ത ടിഷ്യുക്കളുടെ പാടകള്‍ മാറ്റുകയും ചെയ്ത ശേഷം, അവള്‍ മുറിയിലേക്ക് മടങ്ങും, എന്നിട്ട് പുതിയ ശസ്ത്രക്രിയാ കത്തി തന്റെ മുറിവടയാളങ്ങള്‍ ഉള്ള ഇടതു കൈപ്പത്തിയില്‍ ഉപയോഗിക്കും. നിങ്ങള്‍ക്കറിയാമല്ലോ, ആ വിളറിയ രഹസ്യ മാംസത്തെ കൊണ്ട് ആ തിളക്കമുള്ള മാതൃ നിറത്തെ പാടിക്കുന്നതിനു വേണ്ടി എന്തും ചെയ്യും.” കൈകളിലും തുടകളിലും മുറിവേല്‍പ്പിക്കുന്നതു പോരാതെ ഉള്ളിലെ സാന്നിധ്യങ്ങള്‍ ലൈംഗിക വേഴ്ചക്ക് അവളെ പ്രചോദിപ്പിക്കുന്നു. എന്നാല്‍ ‘ഡാനിഷ് പാസ്പോര്‍ട്ടും എറിത്രിയന്‍ രക്തവും’ ഉള്ള, കുഴിഞ്ഞ കണ്ണുകളും കറുപ്പൊഴുകുന്ന മെലിഞ്ഞ പയ്യന്റെ ക്രൂര ബാലാല്‍ക്കാരത്തെ തുടര്‍ന്ന് തന്റെ ശൈഥില്യത്തിലേക്ക് പിന്‍ വാങ്ങുന്ന ആഡാ പരിപൂര്‍ണ്ണമായി തന്റെ ഉള്ളിലെ രതിതീക്ഷ്ണതയുടെ സാന്നിധ്യമായ അസുഗാരക്ക് കീഴടങ്ങുന്നു. ആഡാ തന്റെ അസൂയയുണര്‍ത്തുന്ന മുടി മുഴുവനായി മുറിച്ചു കളയുകയും പുരികങ്ങള്‍ വാക്സ് ചെയ്യുകയും ചെയ്യുമ്പോള്‍ അവള്‍ തന്നെപ്പോലെയായെന്നു അസുഗാര നിരീക്ഷിക്കുന്നുണ്ട്: പരുമ്പാമ്പു ദേവതയായ അലായുടെ സന്തതി. കഠിനമായ എക്സര്‍സൈസിലൂടെയും ഡയറ്റിങ്ങിലൂടെയും എല്ലും തൊലിയുമാകുന്നതിലൂടെ അസുഗാരയെ തോല്‍പ്പിച്ച് അകറ്റാന്‍ ശ്രമിക്കുന്ന ആഡാ ഒരേ സമയം വിധേയത്വത്തെയും വ്യതിരിക്ത അസ്ഥിത്വം സ്ഥാപിക്കാനുള്ള ശ്രമത്തെയും പ്രതിഫലിപ്പിക്കുന്നു.

സ്വയംപീഡ, ആത്മ നശീകരണം.

ജന്മാന്തര കൂടെപ്പിറപ്പായി ആഡായുടെ കൂടെ എന്നും ഉണ്ടായിരുന്നെങ്കിലും വിര്‍ജീനിയയില്‍ വെച്ച് ആ ബലാല്‍ക്കാരത്തിന്റെ ഹിംസാത്മക മുഹൂര്‍ത്തത്തിലാണ് അസുഗാരയുടെ പിറവി ഫലത്തില്‍ സംഭവിക്കുന്നത്‌. “എനിക്കറിയാമായിരുന്നു ആഡാ എന്റെതാണെന്ന്: ചലിപ്പിക്കാനും എടുക്കാനും രക്ഷിക്കാനുമെല്ലാം എന്റേത്.” ഇപ്പോള്‍ മുതല്‍ ആഡാ പുറകിലേക്ക് തള്ളിമാറ്റപ്പെടുകയും അസുഗാര മേധാവിത്തം സ്ഥാപിക്കുകയും ചെയ്യുന്നു. പെണ്ണെന്ന നിലയിലെ ലൈംഗികദാഹം അതിന്റെ പാരമ്യത്തില്‍, ഭ്രാന്തമായ ആവേശത്തോടെ ഒരു നിയന്ത്രണവുമില്ലാതെ വാരിപ്പിടിക്കാന്‍ ശ്രമിക്കുന്ന അസുഗാരയുടെ നിയന്ത്രണത്തില്‍ പലബന്ധങ്ങളിലും വിധേയത്വങ്ങളില്ലാതെ ചെന്ന് പെടുന്നുണ്ട് ആഡാ. ഒന്നും വൈകാരികമായ അടുപ്പത്തിലേക്കോ കെട്ടുപാടിലേക്കോ വളരാതെ നോക്കേണ്ടത് അസുഗാര സ്വന്തം ഉത്തരവാദിത്തമായി കാണുന്നു. ആത്മലോകത്തെ കൂട്ടിരിപ്പുകാര്‍ക്ക് മുന്‍ഗാമികളില്ലാത്തത് കൊണ്ട് പിന്‍ഗാമികളും ഉണ്ടായിക്കൂടെന്നും വിവാഹവും ഗര്‍ഭധാരണവുമൊന്നും അവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്നും അസുഗാര എപ്പോഴും ഓര്‍മ്മിപ്പിക്കുന്നു. എവാനുമായുള്ള ബന്ധം മുന്‍കരുതല്‍ ഒന്നുമില്ലാത്ത ലൈംഗിക ബന്ധത്തിലേക്കു മുന്നേറുന്നത് അപകട സൂചനയായി അസുഗാര കാണുന്നു. ഒരു ഘട്ടത്തില്‍ അസുഗാരയുടെ നിയന്ത്രണത്തില്‍ മടുത്തുപോകുന്ന ആഡാ വിട്ടുപോകാന്‍ തീരുമാനിക്കുന്നുമുണ്ട്. അപ്പോഴേക്കും ‘മാര്‍ബിള്‍ റൂം ആയ അവളുടെ മനസ്സിന്റെ’ ഉള്ളിലൊരു സൌമ്യമായ പുരുഷചോദനയായി സെയ്ന്റ് വിന്‍സെന്റ് എന്ന് വിളിക്കുന്ന സാന്നിധ്യം ഉണര്‍ന്നു കഴിഞ്ഞിരുന്നു. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്തിലൂടെ ആഡാ കൊലപാതകത്തിനാണ് ശ്രമിക്കുന്നതെന്ന് അസുഗാര കുറ്റപ്പെടുത്തുന്നു. ‘അസുഗാരക്ക് നിന്നോട് പ്രണയമാണ്’ എന്ന് സെയ്ന്റ് വിന്‍സെന്റ് വെളിപ്പെടുത്തുന്നു. ഒട്ടും വിശ്വസിക്കാനാവാത്ത, അക്രമവാസനയുള്ളവര്‍ പോലുമായ പങ്കാളികളോടോപ്പമുള്ള കുത്തഴിഞ്ഞ രതി, നിയന്ത്രണമില്ലാത്ത മദ്യപാനം, ഭക്ഷണത്തിലെ അമിത നിയന്ത്രണം, സ്വയം മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ സ്വയം നശീകരണ പ്രവണതയുടെ പാരമ്യത്തില്‍ അസുഗാരയുടെ പ്രേരണാഫലമായി അമിത മയക്കുമരുന്നു പ്രയോഗത്തിലൂടെ ആഡാ ആത്മഹത്യാശ്രമം നടത്തുന്നുണ്ടെങ്കിലും അത് അസുഗാരയുടെ പ്രതികാരചിന്തയല്ലെന്നതും ആഡായുടെ മാനസിക വേദനക്കുള്ള പരിഹാരമായാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. ഒരു അലൌകിക ലോകവാസി/നിയെന്ന നിലയില്‍ ആഡായുടെ ജന്മകാലം അതിക്രമിച്ചെന്ന് അസുഗാര ശരിക്കും കരുതുന്നുണ്ട്; അതാണ്‌ അവളുടെ ആത്മസംഘര്‍ഷങ്ങളുടെ നിമിത്തമെന്നും. നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അസുഗാരയില്‍ നിന്ന് വ്യത്യസ്തമായി ശുദ്ധ ആത്മാക്കളായ ചാംഗോ, സാന്റ മാരിയ, യേശ്വാ, സെന്റ്‌ വിന്‍സെന്റ് എന്നിവര്‍ അവളുടെ അസ്തിത്വത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. വിവാഹബന്ധം പോലെത്തന്നെ പെണ്‍സൌഹൃദങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും അസുഗാരക്ക് ഇഷ്ടമാകുന്നില്ല. ഒരു സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് അമിതമായ മയക്കുമരുന്നിന്റെ ഉപയോഗത്തിലൂടെ ആത്മഹത്യാ ശ്രമത്തിലേക്ക് അവളെ എത്തിക്കുന്നതും അസുഗാര തന്നെ. മറ്റു ഇബോ ആത്മാക്കള്‍ അവള്‍ക്കുവേണ്ടി ഇടപെടുന്നത് അലാ ആത്മഹത്യയെ ഒരിക്കലും അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ്. അത് തന്നെയാണ് ഒബാന്‍യേയുടെ നിയോഗം മറികടന്നു അതിജീവിക്കുക എന്ന ആശയത്തിലേക്കും ശസ്ത്രക്രിയയുടെ ഫലമായ സ്വത്വ സ്ഥാപനത്തിലേക്കും വഴിതുറക്കുന്നതും. ആ സ്വത്വ സ്ഥാപനമാകട്ടെ, ബഹുരൂപിയായ ചോദനകളുടെ നിഷേധത്തിലൂടെയല്ല അവയെ അംഗീകരിക്കുന്നതിലൂടെയാണ് സാധ്യമാകുന്നതും. അത് ചോദനകളുടെ വിനാശതക്ക് കീഴ്പ്പെടലല്ല, മറിച്ച് അവയോടൊപ്പം, , ലിംഗ സ്വത്വങ്ങള്‍ക്ക്‌, ജീവിതത്തിന്, മരണത്തിന്, ദൈവത്തിന്, മനുഷ്യന്, എല്ലാത്തിനും ഒരിടം നല്‍കും വിധം അവയോട് പൊരുത്തപ്പെടലാണ്. തന്റെ ആ ബഹുസ്വത്വം ‘മുഖങ്ങള്‍ നിറഞ്ഞ ഒരു ഗ്രാമം, ഒരു കോമ്പൌണ്ട് നിറയെ അസ്ഥികള്‍, അര്‍ദ്ധ സുതാര്യമായ ആയിരങ്ങള്‍’ ഉള്ളതാണെന്ന് ആഡാ തിരിച്ചറിയുന്നു. നൈജീരിയയില്‍ തിരികെയത്തുന്ന ആഡാ പുതിയ ബോധ്യങ്ങളുടെ ആത്മവിശ്വാസം പേറുന്നവളാണ്.

മനോവിജ്ഞാനീയ സൂചനകള്‍

ആഡായുടെ കഥയില്‍ ലീനമായ മനോവിജ്ഞാനീയ സൂചകങ്ങള്‍ ഇബോ മിത്തുകളുടെ പശ്ചാത്തലത്തില്‍ എന്ന പോലെ ഫ്രോയ്ഡിയന്‍ വീക്ഷണത്തിലും വിശകലനം ചെയ്യാനാവും. മെരുങ്ങാ പ്രകൃതിയായ ആദിചോദനകളുടെ (id) പ്രാഗ്രൂപങ്ങള്‍ തന്നെയാണ് പിശാച് – മാലാഖാ സങ്കല്‍പ്പങ്ങളും ആത്മ ഇരട്ടകളെ സംബന്ധിച്ച ഇബോ മിത്തുകളും. ഗൃഹനിലകളുടെ ശാപ-ശുഭ സങ്കല്‍പ്പങ്ങളും പിടികിട്ടാത്ത മനോവ്യാപാരങ്ങളുടെ വിശദീകരണം തേടിയുള്ള മനുഷ്യ നിര്‍മ്മിതികള്‍ തന്നെയാണല്ലോ. ആഡായുടെ മനോനില ഡിപ്രഷന്‍, കൊടിയ ഏകാന്തത, സ്വയം പീഡനരതി, തുടങ്ങിയ മാനസിക പ്രശ്നങ്ങളുടെത് കൂടിയാണ്. ‘മുഖ്യ കഥാപാത്രത്തിന്റെ ജനനം മുതല്‍ പ്രായപൂര്‍ത്തിയെത്തും വരെ വേട്ടയാടുന്ന മാനസിക അസുഖത്തിന്റെ കാവ്യാത്മകവും അലട്ടുന്നതുമായ ആവിഷ്കാരം” എന്ന് നോവലിനെ ടാരിരോ എംസെസേവ വിവരിക്കുന്നു: “മാനസിക അസുഖത്തിനു എങ്ങനെയൊക്കെ വളരാം.. പരിണമിക്കാം, ബന്ധങ്ങളെ മാത്രമല്ല, ഒരാളുടെ സ്വത്വ ബോധത്തെ തന്നെ മാറ്റാം. സ്വതവ വിഘടന കുഴപ്പത്തിന്റെ പല തരാം ഫിക് ഷന്‍ ആവിഷ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി എമെസി ഹിസ്റ്റീരിയയുടെയും ഭയം മൂലമുള്ള അതിനാടകീയതയിലേക്കും കടക്കുന്നെയില്ല. ആഡായുടെ മനസ്സിലുള്ള സ്വരങ്ങള്‍ ഉന്മാദത്തെ കുറിച്ചുള്ള ഒരു നിതാന്ത വിശ്വാസത്തില്‍ അധിഷ്ടിതമാണ്: പീഡാനുഭവത്തിന്റെ പാരമ്യത്തില്‍, അനുഭവിക്കുന്നവര്‍ അവര്‍ത്തന്നെയല്ല; അവര്‍ പല ശക്തികളാലും ആവിഷ്ടരായിത്തീരും. സിവിയാ പ്ലാത്ത് 1962-ല്‍ എഴുതിയ പ്രസിദ്ധ വരികള്‍ പോലെ, “എന്നിലുറങ്ങുന്ന ഈ ഇരുണ്ട സ്വത്തത്താല്‍ ഞാന്‍ ചകിതയാണ്.” (https://www.nytimes.com/2018/02/26/books/review/freshwater-akwaeke-emezi.html - Tariro Mzezewa)

കുടുംബത്തില്‍ സ്വയം അന്യവല്‍ക്കരിച്ച അച്ഛന്റെ സംരക്ഷണത്തിനു പറക്കമുറ്റാത്ത മക്കളെ വിട്ടുകൊടുത്ത് നാടുവിട്ട അമ്മയുടെ ഉപേക്ഷ മുതല്‍ ബലാല്‍ക്കാരത്തിന്റെ ആഘാതം വരെ നീളുന്ന അനുഭവങ്ങളില്‍ അസുഗാര പ്രതിനിധാനം ചെയ്യുന്ന ‘ആളുകളുടെ കഴുത്തിന്റെ മിനുപ്പില്‍ നിരന്തരം ഇക്കിളിപ്പെടുത്തുന്ന ബ്ലേഡ്’ അവളെ പ്രലോഭിപ്പിച്ചത് സ്വാഭാവികം. സെയ്ന്റ് വിന്‍സെന്റ് എന്ന സൌമ്യ സാന്നിധ്യം ഒഴികെയുള്ള ആത്മസാന്നിധ്യങ്ങളെല്ലാം മനുഷ്യപ്രകൃതമായ സൌഹൃദങ്ങളെയും അടുപ്പങ്ങളെയും നിരാകരിക്കുന്നു. “അവര്‍ നിങ്ങള്‍ക്കുള്ളില്‍ ഒരു മൂര്‍ത്തിയെ കുടിയിരുത്തിയാല്‍ എങ്ങനെയാണ് നിങ്ങള്‍ അതിജീവിക്കുക?” എന്ന് ആഡാ അത്ഭുതപ്പെടുന്നുണ്ട്. അമിത മദ്യപാന സന്ദര്‍ഭങ്ങളൊഴിച്ചാല്‍ അസുഗാരയുടെ സ്വാധീനത്തില്‍ നിന്ന് കുതറി മാറുന്ന ആഡായെ കാണാം. ഇത് ആദിചോദനകള്‍ക്ക് കീഴ്പ്പെടുമ്പോള്‍ ഇരുവരും തമ്മില്‍ ഐക്യപ്പെടുക എളുപ്പമാകുന്നു എന്ന് കാണിക്കുന്നു. പുരുഷ-സ്ത്രീ സ്വത്വങ്ങള്‍ക്കപ്പുറം ‘മറ്റൊന്ന്’ (‘other’) ആവാന്‍ വേണ്ട സര്‍ജ്ജറിക്കായി ഒരു പ്രയാസവും കൂടാതെ തയ്യാറാകുന്ന ആഡാ “മുഖം മൂടിയ ആളെ കത്തിയെടുത്തു തന്റെ നെഞ്ചിലെ മാംസത്തില്‍ ഉദാരമായി പ്രയോഗിക്കാന്‍, തന്നെ കൂടുതല്‍ നന്നായി, ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍’ അനുവദിച്ചു എന്ന് നോവലിസ്റ്റ് വിവരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ലിംഗ പദവിയിലെ അനിശ്ചിതത്വത്തെയല്ല, മറിച്ച് പെണ്ണുടല്‍ എന്ന നിയതമായ ഒരു ശാരീരിക പ്രത്യക്ഷത്തില്‍ തടവിലയതിലൂടെ തരംതിരിവുകള്‍ മറികടന്ന് ആത്മലോക ജന്മത്തെ (spirit) പോലെ സ്വതന്ത്രമായി കഴിയാനുള്ള അവസരം ഇല്ലാതായതിന്റെ നിരാശതയാണ് ആഡായുടെ പ്രശ്നം.

‘ഞങ്ങള്‍’ എന്ന ഉത്തമപുരുഷ ബഹുവചന രൂപത്തില്‍ തുടങ്ങുന്ന ആഖ്യാനത്തിലെ ബഹുവചനം ആഡായുടെ ആന്തര സാന്നിധ്യഭിന്നങ്ങളായ ആത്മലോകവാസികളെ ഒരു കോറസ് എന്നോണം ഒന്നായാണ് സൂചിപ്പിക്കുന്നത്. ഈ ഭാഗങ്ങളില്‍ നോവല്‍ ഏറെ കാവ്യാത്മകവും മന്ത്രജപ സ്വഭാവമുള്ളതും ആണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (https://www.theguardian.com/books/2018/nov/15/freshwater-akwaeke-emezi-book-review-nigeria- Ayobami Adebayo)

ആഡായുടെ കുടുംബ ശൈഥില്യങ്ങളുടെ കഥ പറയുമ്പോഴും സ്വരം പുരാണ സ്വഭാവമുള്ളതും (mythic) പ്രസന്നവുമായിരിക്കുന്നത് ആത്മശിശുവിന്റെ നിലനില്‍പ്പ്‌ ഇത്തരം ഗാര്‍ഹിക സമ്മര്‍ദ്ദങ്ങളെ വേണ്ടതിലേറെ കണക്കിലെടുക്കേണ്ടതില്ല എന്നത് കൊണ്ടാവാം. അസുഗാര ആഖ്യാനം ഏറ്റെടുക്കുന്നതോടെ അത് നാടന്‍ മൊഴിവഴക്കങ്ങള്‍ നിറഞ്ഞതും നൈജീരിയന്‍ സ്പര്‍ശം തൊട്ടറിയാവുന്നതുമായിത്തീരുന്നു എന്നും അദേബായോ കൂട്ടിച്ചേര്‍ക്കുന്നു. ഭാഷാ പ്രയോഗത്തിലെ വെടിക്കെട്ടിന്റെ തിളക്കത്തിനപ്പുറം ശിഥില സ്വത്വത്തിന്റെ അനുഭവങ്ങളെ ഒരു ഘട്ടത്തിലും അതിവൈകാരികമാകാതെയും ഒട്ടും കാല്‍പ്പനിക മാധുര്യം ചേര്‍ക്കാതെ തന്നെ പ്രതീക്ഷാ പൂര്‍ണ്ണതയിലേക്ക് ഉറ്റുനോക്കിയും അവതരിപ്പിക്കാന്‍ പ്രഥമ കൃതിയില്‍ തന്നെ നോവലിസ്റ്റിനു സാധിച്ചിരിക്കുന്നു എന്ന് കോണ്‍സ്റ്റന്‍സ് ഗ്രാഡിയും കൂട്ടിച്ചേര്‍ക്കുന്നു. (https://www.vox.com/culture/2018/3/13/17087206/freshwater-akwaeke-emezi-review)

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 165-170)