ഭൂപടങ്ങളെ അതിജീവിക്കൽ: പ്രവാസം, ഭാവന, കഥപറച്ചിൽ ഇലിയാസ് ഖൌറിയുടെ 'ഗേറ്റ് ഓഫ് ദി സൺ' എന്ന നോവലിൽ
പ്രശസ്ത ലബനീസ് എഴുത്തുകാരനായ ഇലിയാസ് ഖൌറി 1998-ൽ പുറത്തിറക്കിയ, അറേബ്യൻ സാഹിത്യത്തിലെ നാഴികക്കല്ലായ ഇതിഹാസ നോവലാണ് 'ഗേറ്റ് ഓഫ് ദി സൺ' (അറബിയിലെ മൂലശീർഷകം: ബാബ് അൽ-ശംസ്). സമകാലിക അറബിക് സാഹിത്യത്തിലെ മികച്ചൊരനുഭവമായും പലസ്തീനിയൻ ജനതയുടെ ജീവിതാനുഭവങ്ങളുടെ ആത്യന്തിക ആഖ്യാനമായും (Defensive saga) അംഗീകാരം നേടിയ ഈ കൃതി, ആട്ടിയോടിക്കപ്പെട്ട ഒരു ജനതയുടെ ചരിത്രത്തെയും ഓർമ്മകളെയും തീവ്രമായ നഷ്ടങ്ങളെയുമാണ് മനോഹരമായി പുനർനിർമ്മിക്കുന്നത്.
ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്തുള്ള ഷാത്തില അഭയാർത്ഥി ക്യാമ്പിലെ ഒരു താൽക്കാലിക ആശുപത്രിയില്‍ കോമയിലായിപ്പോയ യൂനിസ് എന്ന ഐതിഹാസിക പലസ്തീനിയൻ പോരാളിയുടെ കിടക്കയ്ക്കരികെ 'ഖലീൽ' എന്ന യുവഡോക്ടർ കാവലിരിക്കുന്നു. യൂനിസിന്റെ ജീവൻ നിലനിർത്താനും, അയാളെ ഈ ലോകവുമായി ബന്ധിപ്പിച്ചു നിർത്താനുമായി ഖലീൽ കഥകൾ പറഞ്ഞുതുടങ്ങുന്നു. ആയിരത്തൊന്നു രാവുകളുടെ ആഖ്യാനശൈലിയെ ഓർമ്മിപ്പിക്കുംവിധം, ആ കഥകൾ അനേകം ശബ്ദങ്ങളുള്ള വിശാലമായൊരു സങ്കീർണ്ണ വസ്ത്രംപോലെ നെയ്തെടുക്കപ്പെടുന്നു. 1948-ലെ നക്ബ ഘട്ടത്തില്‍ ഗലീലിയിലെ ഗ്രാമീണർ സ്വന്തം മണ്ണിൽ നിന്ന് അതിക്രൂരമായി കുടിയൊഴിപ്പിക്കപ്പെട്ടതും; ദശകങ്ങളോളം ലെബനീസ് അഭയാർത്ഥി ക്യാമ്പുകളിൽ അവർ നയിച്ച അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും മാറിമറിയുന്ന യാഥാർത്ഥ്യങ്ങളുടെയും കഥകളും; അതോടൊപ്പം, 'ബാബ് അൽ-ശംസ്' (സൂര്യന്റെ കവാടം) എന്ന രഹസ്യ ഗുഹയിൽ വെച്ച് കാണാനായി അതിർത്തികൾ കടന്നെത്തിയിരുന്ന തന്റെ പ്രിയപത്നി 'നഹീല'യുമായി യൂനിസിനുണ്ടായിരുന്ന സാഹസികവും നിഗൂഢവുമായ ആത്മബന്ധത്തിന്റെ കഥകളുമെല്ലാം ഖലീൽ അവിടെ ഓർത്തെടുത്ത് ആവിഷ്കരിക്കുന്നു.
ഏതെങ്കിലും നിര്‍ദ്ദിഷ്ട സാഹിത്യ വിഭാഗത്തിൽ ഒതുക്കിനിർത്താനാകാത്ത, തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട കുടിയൊഴിപ്പിക്കലിന്റെ സങ്കീര്‍ണ്ണത ഉൾക്കൊള്ളാന്‍ വിഭിന്ന സാഹിത്യ രൂപങ്ങള്‍ ഇവിടെ സമന്വയിപ്പിക്കുന്നു. അതിന്റെ കാതലില്‍ ഇതൊരു ബൃഹത്തായ ചരിത്ര ഇതിഹാസമാണ്. നക്ബ മുതൽ പതിറ്റാണ്ടുകൾ നീണ്ട ലെബനീസ് അഭയാർത്ഥി ക്യാമ്പുകളും 1990-കളുടെ അവസാനം വരെയുള്ള അൻപതിലധികം വർഷത്തെ പലസ്തീനിയൻ ചരിത്രവുമാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. വർഷങ്ങളും തീയതികളും നിരത്തുന്നതിന് പകരം, വലിയ ഭൗമരാഷ്ട്രീയ വ്യതിയാനങ്ങളെ (Geopolitical shifts) സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് ഇറക്കിവെച്ചുകൊണ്ടാണ് ഖൌറി ചരിത്രത്തിന് ജീവൻ നൽകുന്നത്. ആയിരത്തൊന്നു രാവുകളുടെ (Arabian Nights) ആഖ്യാനശൈലിയില്‍ കോമയിലായ തന്റെ ഗുരുവിനെ ജീവനോടെ നിലനിർത്താൻ ഖലീൽ കഥകൾ പറയുന്ന പ്രധാന ചട്ടക്കൂടിനുള്ളിൽ (Frame narrative) ചിതറിപ്പോയ ഓർമ്മകളുടെയും കിംവദന്തികളുടെയും സാക്ഷ്യങ്ങളുടെയും നാട്ടറിവുകളുടെയും വിശാലമായ ശേഖരം ഇടംപിടിക്കുന്നു. ഔദ്യോഗിക ചരിത്രത്തില്‍ വ്യവസ്ഥാപിതമായി മായ്ക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത ഒരു ജനതയുടെ ജീവസ്സുറ്റ കൂട്ടായ്മയുടെ ആർക്കൈവായി (Collective archive) നോവല്‍ വര്‍ത്തിക്കുന്നു.
സത്യത്തെയും കഥപറച്ചിലിനെയും കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യാൻ ഖൌറി ശക്തമായ ഉത്തരാധുനിക സാഹിത്യസാങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഖലീൽ പലപ്പോഴും സ്വന്തം ഓർമ്മകളെത്തന്നെ സംശയിക്കുകയും സ്വയം തിരുത്തുകയും ചെയ്യുന്നു. ഒരേ സംഭവത്തെക്കുറിച്ച് വ്യത്യസ്ത കഥാപാത്രങ്ങൾ പരസ്പരവിരുദ്ധമായ വിവരണങ്ങൾ നൽകുന്നതും കാണാം. ഒരു ഏകീകൃത ചരിത്ര കാലക്രമത്തെ (Neat historical timeline) നിരാകരിച്ചുകൊണ്ട്, ചിതറിപ്പോകുന്ന ആഖ്യാനരൂപത്തെ മനഃപൂർവ്വം സ്വീകരിക്കുന്നനോവല്‍, സമകാലിക അറബിക് പ്രവാസ സാഹിത്യത്തിന്റെ (Exile literature) ആത്യന്തികമായ ആവിഷ്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രാഷ്ട്രമില്ലായ്മയുടെ മാനസികാഘാതത്തെയും, നഷ്ടങ്ങളുടെ നടുക്കത്തെയും, തലമുറകളിലൂടെ ഓർമ്മകൾ മങ്ങിപ്പോകുന്നതിനെയും, ആയുധമേന്തിയ പ്രതിരോധത്തിന്റെ ധാർമ്മിക സങ്കീർണ്ണതകളെയും ഇത് ആഴത്തിൽ പരിശോധിക്കുന്നു. എന്നിരുന്നാലും, ഈ കാവ്യാത്മക പശ്ചാത്തലത്തിലും, അഭയാർത്ഥി ക്യാമ്പുകളിലെ ജീവിതചിത്രീകരണം തികഞ്ഞ യാഥാർത്ഥ്യബോധത്തിൽ (Raw realism) വേരൂന്നിയതാണ്. പ്രതിരോധ പോരാട്ടങ്ങളുടെ അമിത കാൽപ്പനികവൽക്കരണം ഖൌറി ഒഴിവാക്കുന്നു; പകരം ദാരിദ്ര്യം, ആന്തരിക രാഷ്ട്രീയ സംഘർഷങ്ങൾ, യുദ്ധത്തിന്റെ ക്രൂര യാഥാർത്ഥ്യങ്ങൾ, അതിജീവനത്തിന് അനിവാര്യമായ കഠിനമായ ദൈനംദിന സഹനം എന്നിവയെല്ലാം കൃത്യമായി വരച്ചുകാട്ടുകയാണ് അദ്ദേഹം ചെയ്യുന്നത്.
'ബാബ് അൽ-ശംസ്' എന്ന ബൃഹത് കൃതിയുടെ ആന്തരിക ബലം നിലനിൽക്കുന്നത് യൂനിസ്, ഖലീൽ, നഹീല എന്നീ മൂന്ന് കഥാപാത്രങ്ങളുടെ വൈകാരിക ബന്ധങ്ങളിലാണ്. 1936-ലെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ മുതൽ 1948-ന് ശേഷമുള്ള സായുധ പോരാട്ടങ്ങൾ വരെയുള്ള പലസ്തീനിയൻ പ്രതിരോധ ചരിത്രത്തിന് സാക്ഷ്യം വഹിച്ച ഇതിഹാസ സമാനനായ ഫിദായി (Fedayeen) പോരാളിയാണ് യൂനിസ്. ഷാത്തില അഭയാർത്ഥി ക്യാമ്പിലെ യുവതലമുറയ്ക്ക് അയാള്‍ നിതാന്ത പ്രതിരോധത്തിന്റെ പ്രതീകവും ഒരു ഐതിഹ്യവുമാണ്. എന്നാൽ നോവലിന്റെ തുടക്കത്തിൽ ഈ 'നായക പരിവേഷങ്ങൾ' അഴിഞ്ഞുവീഴുന്നു: ആരും കൂട്ടിനില്ലാതെ ഒരു താൽക്കാലിക ആശുപത്രി കിടക്കയിൽ ബോധരഹിതനായി, നിശ്ചലനായി കിടക്കുന്ന യൂനിസിനെ നാം കാണുന്നു. ആ നിശ്ചലമായ ശരീരം, വഴിമുട്ടിനിൽക്കുന്ന പലസ്തീനിയൻ വിപ്ലവത്തിന്റെ തന്നെ നിശ്ശബ്ദ പ്രതീകമായി മാറുന്നു. കഠിനചിത്തനായ ഒരു പോരാളിയായിരിക്കുമ്പോഴും, തന്റെ പ്രിയപത്നിയായ നഹീലയോടുള്ള ആഴമേറിയ പ്രണയമായിരുന്നു അയാളുടെ വൈകാരിക കേന്ദ്രം. പതിറ്റാണ്ടുകളോളം, സൈനികവൽക്കരിക്കപ്പെട്ട അതിർത്തികൾ ഭേദിച്ച് ഗലീലിയിലേക്ക് അയാള്‍ നടത്തിയ ഓരോ രഹസ്യചുവടും, സ്വന്തം മാതൃഭൂമിയിൽ നിന്ന് പുറന്തള്ളപ്പെടാൻ വിസമ്മതിച്ച പ്രവാസിയുടെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു.
സമകാലിക ഷഹറസാദ് (Scheherazade) എന്ന് വിശേഷിപ്പിക്കാവുന്ന ഖലീലാണ് നോവലിന്റെ ആഖ്യാതാവും ധാർമ്മിക കേന്ദ്രവും. അവൻ യഥാർത്ഥത്തിൽ ബിരുദമുള്ള ഒരു ഡോക്ടറല്ല; മറിച്ച് "ഒരു താൽക്കാലിക രാജ്യത്തെ, താൽക്കാലിക ആശുപത്രിയിലെ, താൽക്കാലിക ഡോക്ടർ" എന്ന് സ്വയം വിശേഷിപ്പിക്കുന്നവനാണ്. കർമ്മനിരതനായ യൂനിസിൽ നിന്ന് വ്യത്യസ്തമായി, വാമൊഴിയുടെയും ഓർമ്മകളുടെയും സൂക്ഷിപ്പുകാരനാണ് ഖലീൽ. യൂനിസിന്റെ ജീവനായി കാവലിരിക്കുമ്പോൾ, മരണത്തെ അകറ്റി നിർത്താൻ ഖലീൽ നടത്തുന്ന കഥപറച്ചിൽ, ലെബനീസ് അഭയാർത്ഥി ക്യാമ്പുകളിൽ മാത്രം ജനിച്ചുവളർന്ന യുവതലമുറയുടെ ആത്മഗതങ്ങളാണ്. യൂനിസിനെ ഒരു ആത്മീയ പിതാവായി കാണുന്ന ഖലീൽ, സ്വന്തമായ ചില വൈകാരിക ആഘാതങ്ങളും പേറുന്നുണ്ട്. ഷംസ് എന്ന വിപ്ലവകാരിയായ സ്ത്രീയുമായുണ്ടായ തകർന്ന പ്രണയബന്ധത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് ഒളിച്ചോടാനാണ് അവൻ ആ ആശുപത്രിയെ താവളമാക്കിയത്. അവന്റെ വ്യക്തിപരമായ ദുഃഖങ്ങളും സംശയങ്ങളും യൂനിസിന് പറഞ്ഞു കൊടുക്കുന്ന കഥകളിലേക്ക് പടരുകയും, പലപ്പോഴും സ്വന്തം ഓർമ്മകളുടെ കൃത്യതയെത്തന്നെ അവൻ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
എന്നാൽ ഈ നോവലിലെ ഏറ്റവും ശക്തമായ കഥാപാത്രം, മണ്ണിൽ ഉറച്ചുനിൽക്കലിന്റെ (Sumud/Steadfastness) ആൾരൂപമായ യൂനിസിന്റെ ഭാര്യ നഹീലയാണ്. 1948-ലെ കുടിയൊഴിപ്പിക്കലിൽ യൂനിസ് ലെബനനിലേക്ക് പലായനം ചെയ്തപ്പോഴും അഭയാർത്ഥി ക്യാമ്പുകളിലേക്ക് പോകാൻ വിസമ്മതിച്ചുകൊണ്ട്, ആ മണ്ണിൽത്തന്നെ നിലയുറപ്പിച്ചവള്‍. പുതിയ ഇസ്രായേൽ ഭരണകൂടത്തിന്റെ കടുത്ത അടിച്ചമർത്തലുകൾക്കിടയിലും മക്കള്‍ക്കും മണ്ണിനും കാവലിരുന്നവള്‍. അവരുടെ രഹസ്യ ജീവിതത്തിന്റെ ശില്പി അവളായിരുന്നു. യുദ്ധങ്ങൾക്കും അതിർത്തികൾക്കും അപ്പുറത്ത് 'ബാബ് അൽ-ശംസ്' എന്ന അവര്‍ പേരിട്ട ഗുഹയില്‍ അവർ ഒരു രഹസ്യ കുടുംബത്തെ സൃഷ്ടിച്ചു. യൂനിസിനെ സംബന്ധിച്ചിടത്തോളം നഹീല കേവലം ഭാര്യയല്ല, പലസ്തീൻ എന്ന മാതൃഭൂമിയുടെ പ്രതീകമാണ്; അവളെ പ്രണയിക്കുക എന്നത് ഗലീലിയുടെ മണ്ണുമായി ബന്ധപ്പെട്ടിരിക്കാനുള്ള വഴിയും. പുറത്തുനിന്ന് പലസ്തീൻ എന്ന രാഷ്ട്രീയ ആശയത്തിനായി യൂനിസ് പോരാടിയപ്പോൾ, അകത്തുനിന്ന് ആ മണ്ണിലെ കുടുംബത്തെയും ജീവനെയും നിലനിർത്തുന്നതിന്റെ കഠിന യാഥാർത്ഥ്യങ്ങൾ നേരിട്ടത് നഹീലയായിരുന്നു. ഇതുമായി ചേര്‍ത്തുപറയേണ്ട ഒന്നാണ് നോവല്‍ അമ്മമാര്‍ക്കുള്ള സ്തുതിഗീതം ആയി മാറുന്നു എന്ന വസ്തുത. ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ സഹനത്തിന്റെയും സ്ഥൈര്യത്തിന്റെയും പ്രതീകങ്ങളായി അമ്മമാരെ വാഴ്ത്തുന്നത് കാണാം. ‘ഈ അമ്മമാര്‍ വല്ലാത്ത കൂട്ടരാണിഷ്ടാ...!’
ഈ മൂന്ന് കഥാപാത്രങ്ങൾ നേരിടുന്ന ആന്തരിക അസ്വസ്ഥതകളിലാണ് നോവലിന്റെ യഥാർത്ഥ ദുരന്തം കുടികൊള്ളുന്നത്. യൂനിസ് പലസ്തീൻ എന്ന മാതൃഭൂമിക്കായി ആഗ്രഹിക്കുമ്പോൾ, താൻ ഒരു സ്ത്രീയുടെ പ്രണയത്തിനായാണ് ദാഹിക്കുന്നത് എന്ന് ഖലീൽ തിരിച്ചറിയുന്നുണ്ട്. ബോധരഹിതനായി കിടക്കുന്ന യൂനിസിനോട് നഹീലയെക്കുറിച്ച് സംസാരിക്കുന്നതിലൂടെ, ഭൗമരാഷ്ട്രീയ അതിർത്തികളെപ്പോലും തുളച്ചുകയറാൻ പ്രണയത്തിന് ശേഷിയുണ്ടായിരുന്ന, മാഞ്ഞുപോയൊരു ഭൂതകാലത്തെ പുനർനിർമ്മിക്കുകയാണ് ഖലീൽ ചെയ്യുന്നത്. ഖലീലിന്റെ വൈകാരിക ലോകത്തെ ഉലച്ചു മറിക്കുന്ന ഉൽപ്രേരകമാണ് ഷംസ്. 'സൂര്യൻ' എന്നാണ് ആ വാക്കിന്റെ അർത്ഥം; അത് നോവലിന്റെ ശീർഷകവുമായും കടുത്ത യാഥാർത്ഥ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം മണ്ണിൽ ഉറച്ചുനിന്ന് ദുരിതങ്ങൾ സഹിച്ച നഹീലയുടെ തലമുറയ്ക്ക് വിപരീതമായി, ലെബനീസ് അഭയാർത്ഥി ക്യാമ്പുകളുടെ അക്രമ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന, ആഘാതങ്ങൾ പേറുന്ന വർത്തമാനകാല തലമുറയുടെ പ്രതിരൂപമാണ് ഷംസ്. അങ്ങേയറ്റം സ്വതന്ത്രയും ആധുനികയുമായ അവൾ, തനിക്ക് ചുറ്റുമുള്ള വയലൻസിൽ ആഴത്തിൽ മുറിവേറ്റവളാണ്. കുടുംബത്തിനുള്ളിലെ ക്രൂരമായ പീഡനങ്ങളിലും ടോക്സിക് ബന്ധങ്ങളിലും അവൾ അകപ്പെടുന്നു. ക്യാമ്പിലെ സായുധ വിഭാഗങ്ങളിലെ ശക്തരായ പുരുഷന്മാരാൽ ഉപേക്ഷിക്കപ്പെടുകയും ക്രൂരതകള്‍ ഏറ്റുവാങ്ങുകയും ചെയ്തശേഷം, സ്വയം നീതി നടപ്പാക്കാന്‍ പീഡകനായ ഭർത്താവിനെ അവൾ കൊലപ്പെടുത്തുന്നു. ശിക്ഷയായി, ക്യാമ്പിലെ ഫയറിംഗ് സ്ക്വാഡിന്റെ വെടിയേറ്റു കൊല്ലപ്പെടുന്ന അവള്‍ ഏതോ മണ്ണിൽ അടയാളങ്ങളില്ലാത്ത തള്ളപ്പെടുന്നു. ഒരിക്കലും തിരികെ ലഭിക്കാത്ത, എന്നാൽ തീവ്രമായ പ്രണയത്തോടെയാണ് ഖലീൽ അവളെ സ്നേഹിച്ചിരുന്നത്. ക്യാമ്പിലെ ഘടനാപരമായ അക്രമങ്ങളിൽ (Structural violence) നിന്ന് അവളെ രക്ഷിക്കാൻ അവന് സാധിച്ചില്ല; അവളുടെ ദാരുണമായ മരണം അവന്റെ മാനസികനിലയെത്തന്നെ തകർത്തു കളയുന്നു. അവനെ സംബന്ധിച്ച് യൂനിസിനോട് സംസാരിക്കുക എന്നത് സ്വന്തം കുറ്റബോധത്തിൽ വെന്തുരുകാതെ ഷംസിന്റെ വേർപാടിൽ വിലപിക്കാനുള്ള ഒരേയൊരു വഴിയായി മാറുന്നു.
യൂനിസും നഹീലയും തമ്മിൽ രഹസ്യമായി കണ്ടുമുട്ടിയിരുന്ന, 'ബാബ് അൽ-ശംസ്' (സൂര്യന്റെ കവാടം) എന്ന് അവർ നാമകരണം ചെയ്ത ആ രഹസ്യ ഗുഹയാണ് ഈ നോവലിലെ ഏറ്റവും പ്രൗഢവും ആഴമേറിയതുമായ രൂപകം. സൈനികമോ രാഷ്ട്രീയമോ ആയ അധിനിവേശങ്ങൾക്ക് കീഴടങ്ങാത്ത ഏക ഇടം എന്ന നിലയിലാണ് അത് അപാരമായ രാഷ്ട്രീയശേഷി കൈവരിക്കുന്നത്. ഗലീലിയിലെ കുന്നുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഗുഹ, ഇസ്രയേല്‍ സൃഷ്ടിച്ച ഭൗമരാഷ്ട്രീയ മാപ്പുകൾക്ക് അദൃശ്യമാണ്; എന്നാൽ സാങ്കേതികമായി അത് അധിനിവിഷ്ട പ്രദേശത്തിനുള്ളിൽത്തന്നെയുമാണ്. ഇവിടെ, പ്രണയത്തിലും ഓർമ്മയിലും പരസ്പര അതിജീവനത്തിലും ഊന്നിക്കൊണ്ട് യൂനിസും നഹീലയും ഒരു ബദല്‍ പരമാധികാര റിപ്പബ്ലിക് സ്ഥാപിച്ചെടുക്കുന്നു. ജീവൻ സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്ന യഥാർത്ഥ ഗര്‍ഭപാത്രമായി ഗുഹ മാറുന്നു. ഇവിടെ വെച്ചാണ് നഹീല അവരുടെ കുട്ടികളെ ഗർഭം ധരിക്കുന്നത്; അതിലൂടെ യൂനിസിന്റെ വംശപരമ്പരയെ ആ മണ്ണിൽത്തന്നെ തുടരാൻ അവൾ പ്രാപ്തയാക്കുന്നു. ഗുഹയ്ക്കുള്ളില്‍ യൂനിസിന്റെ പ്രവാസം ഒരര്‍ത്ഥത്തില്‍ താൽക്കാലികമായി റദ്ദാക്കപ്പെടുകയാണ്; ലെബനീസ് അഭയാർത്ഥി ക്യാമ്പുകളുടെ ക്രൂര യാഥാർത്ഥ്യങ്ങളിൽ നിന്ന് മോചിതനായി, ഒരു ഭർത്താവും പിതാവുമായി അവിടെ അയാള്‍ മാറുന്നു. ഫിദായി എന്ന വീരനായകന്റെ പൊതുമിഥ്യകളിൽ നിന്ന് അയാള്‍ സ്വന്തം മനുഷ്യരൂപത്തിലേക്ക് മടങ്ങിയെത്തുന്നത് ഇവിടെവെച്ചാണ്.
ബെയ്റൂട്ടിലെ ഒരു മധ്യവർഗ്ഗ ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഇലിയാസ് ഖൌറി, 1967-ലെ അറബ് പരാജയത്തിന് ശേഷമാണ് തന്റെ ജീവിതവഴി മാറ്റിവരയ്ക്കുന്നത്. പലസ്തീൻ പോരാട്ടത്തെ നെഞ്ചിലേറ്റിയ അദ്ദേഹം പിന്നീട് ഫത്തയിൽ (PLO-യുടെ സൈനിക വിഭാഗം) ചേരുകയും, 1975-ൽ ലെബനീസ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലെബനീസ് ഇടതുപക്ഷ ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് പോരാടുകയും ചെയ്തു. 1982-ൽ ഇസ്രായേൽ നടത്തിയ ലെബനൻ അധിനിവേശവും ഷാത്തില വംശഹത്യയും ഉൾപ്പെടെ, സമകാലിക ലെബനീസ്-പലസ്തീനിയൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൂടെ അദ്ദേഹം ജീവിച്ചു. 1980-കളുടെ മധ്യത്തിൽ ലെബനീസ് ആഭ്യന്തരയുദ്ധം അഭയാർത്ഥി ക്യാമ്പുകൾക്ക് മേലുള്ള മാസങ്ങൾ നീണ്ട ശ്വാസംമുട്ടിക്കുന്ന സൈനിക ഉപരോധങ്ങളായി മാറിയതും അദ്ദേഹം നേരിട്ടു കണ്ടു. അൽ-സഫീർ, അൽ-നഹാർ, പിന്നീട് ജേണൽ ഓഫ് പലസ്തീൻ സ്റ്റഡീസ് എന്നീ പ്രധാന സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്ന നിലയിൽ, പ്രവാസത്തിന്റെ ആഘാതങ്ങളെ സർഗ്ഗാത്മകമായി വിശകലനം ചെയ്യാനാണ് ഖൌറി തന്റെ ജീവിതം മാറ്റിവെച്ചത്. പലസ്തീനിയൻ ദേശീയ കവി മഹ്മൂദ് ദർവീഷ്, ചിന്തകനായ എഡ്വേർഡ് സൈദ് തുടങ്ങിയ ഇതിഹാസ പ്രതിഭകളുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഇവരുമായുള്ള അപൂർവ്വമായ ആത്മബന്ധം, ബൃഹത്തായ രാഷ്ട്രീയ ആശയങ്ങൾക്കും പച്ചയായ മനുഷ്യവേദനകൾക്കും ഇടയിലുള്ള അകലം കുറയ്ക്കാൻ ഖൌറിയെ സഹായിച്ചു.
മഹത്തായ ഏതെങ്കിലും യുദ്ധക്കളത്തിലല്ല, മറിച്ച് ശ്വാസംമുട്ടിക്കുന്ന, നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു താൽക്കാലിക ആശുപത്രി മുറിയിലാണ് ഖൌറി തന്റെ നോവലിന് പശ്ചാത്തലമൊരുക്കിയത്. കാരണം, പ്രവാസത്തിന്റെ യഥാതഥവും നഗ്നവുമായ യാഥാർത്ഥ്യം ദൈനംദിന അതിജീവനത്തിന്റെ നിശ്ശബ്ദവും വേദനാനിർഭരവുമായ സഹനത്തിലാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഷാത്തിലയിലെ അപൂർണ്ണമായ 'ഗലീലി ഹോസ്പിറ്റലിനെ' ചിത്രീകരിക്കുമ്പോൾ, ആഭ്യന്തരയുദ്ധകാലത്ത് താൻ നേരിട്ടുകണ്ട ഭൂഗർഭ ഫീൽഡ് ഹോസ്പിറ്റലുകളാണ് അദ്ദേഹം ഓര്‍മ്മിച്ചത്. നോവലെഴുതാൻ ഔദ്യോഗിക ഭരണകൂട രേഖകളെ (State archives) ഖൌറി ആശ്രയിച്ചില്ല; കാരണം പലസ്തീനിന്റെ ഔദ്യോഗിക രേഖകളെല്ലാം വ്യവസ്ഥാപിതമായി നശിപ്പിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്തിരുന്നു. പകരം, നക്ബയെ അതിജീവിച്ച മനുഷ്യരെ നേരിൽ കാണാൻ ഏഴു വർഷത്തോളം ലെബനനിലെ അഭയാർത്ഥി ക്യാമ്പുകൾ അദ്ദേഹം സന്ദർശിക്കുകയും, ഷാത്തിലയിലെയും ബുർജ് അൽ-ബറാജ്‌നയിലെയും ഇടുങ്ങിയ വീടുകളിൽ ഇരുന്ന് അവരുടെ ഓർമ്മകൾ കേൾക്കുകയുമായിരുന്നു. ആശുപത്രിയിലെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം, ക്യാമ്പുകളുടെ രൂപകൽപ്പനയുടെ തത്സമയ പ്രതിഫലനം തന്നെയാണ്.
അവലംബങ്ങള്‍:
- McCracken, Keenan. "Elias Khoury’s The Gate of the Sun." Music & Literature, 20 Oct. 2014, https://www.musicandliterature.org/reviews/2014/10/20/elias-khourys-the-gate-of-the-sun.
- Kaissi, Rayana. "Temporary Abodes in Gate of the Sun by Elias Khoury." Medium, 26 Nov. 2020, https://rayana-kaissi.medium.com/book-reviews-temporary-abodes-in-gate-of-the-sun-by-elias-khoury-47a0892af635.
- Jacobs, Ron. "‘I Know I’m Not Dreaming, Because I Can’t Sleep Any More’: A Review of Elias Khoury’s Gate of the Sun." MR Online, 22 Apr. 2006, https://mronline.org/2006/04/22/i-know-im-not-dreaming-because-i-cant-sleep-any-more-a-review-of-elias-khourys-gate-of-the-sun/.
