നൈജീരിയന്‍ മാതാവിന്റെയും ഘാനക്കാരന്‍ പിതാവിന്റെയും മകളായി ലണ്ടനില്‍ ജനിച്ചു മസാച്ചുസെറ്റ്സില്‍ വളര്‍ന്ന ഉന്നത കുല ആഫ്രിക്കന്‍ വംശജയായ യുവ നോവലിസ്റ്റ് തായേ സെലാസിയുടെ ആദ്യ നോവലാണ് അടുത്ത കാലത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടപ്പെട്ട ഓന്നായ 'ഘാന മസ്റ്റ് ഗോ'. ടോണി മോറിസനും സല്‍മാന്‍ റുഷ്ദിയും മുതല്‍ സാഹിത്യ ലോകത്തെ വമ്പന്മാരും പ്രമുഖ നിരൂപകരും ഒരു പോലെ വാഴ്ത്തിയ പുസ്തകം എഴുത്തുകാരിയെ ഒറ്റയടിക്ക് ലോകശ്രദ്ധയുടെ കേന്ദ്രത്തിലെത്തിച്ചു. ആഫ്രിക്കന്‍ വംശജരായ എഴുത്തുകാരുടെ ഏറ്റവും തീവ്രമായ ഉത്കണ്ഠകള്‍ പങ്കുവെക്കുമ്പോഴും പതിവ് പ്രമേയ പരിസരങ്ങളില്‍ കുരുങ്ങിപ്പോവാതെ മൌലികമായ സര്‍ഗ്ഗവ്യാപാരമായി മാറുന്നു എന്നതാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.
1983- ല്‍ നൈജീരിയയുടെ പ്രസിഡന്‍റ് ആയിരുന്ന അല്‍ഹാജി ഷേഹു ഷഗാരി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനു ഘാനിയന്‍ അഭയാര്‍ഥികള്‍, പ്രധാനമായും ലാഗോസില്‍ തമ്പടിച്ചിരുന്നവര്‍, പലായനം ചെയ്യേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ പ്രയോഗം. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിശിത വിമര്‍ശത്തിനിടവെച്ച ചരിത്രഘട്ടത്തിന്റെ ചിഹ്നമായിത്തീര്‍ന്നു അഭയാര്‍ഥികള്‍ അന്ത്യശാസനമായി നിര്‍ണ്ണയിച്ച ചുരുങ്ങിയ ദിനങ്ങള്‍ക്കകം നാടുവിടാന്‍ തങ്ങളുടെ വസ്തുക്കള്‍ കുത്തിനിറക്കാന്‍ ഉപയോഗിച്ച, പ്രസ്തുത പ്രയോഗം പ്രിന്‍റ് ചെയ്ത പ്ലാസ്റ്റിക് ബാഗ്. എന്നാല്‍ 1983- ല്‍ നൈജീരിയ ഘാനയോട് ചെയ്തതിനൊക്കെയും മുന്‍ മാതൃക 1969-ല്‍ ഘാന നൈജീരിയയോടു ചെയ്തത് തന്നെയാണ് എന്നതും പ്രസക്തമാണ്.
മരണം എന്ന തുടക്കം
ലാഗോസില്‍ നിന്ന് പെനിസില്‍വേനിയായില്‍ എത്തി അവിടെ വെച്ച് സമര്‍ത്ഥനായ സര്‍ജ്ജന്‍ ക്വേകു സായിയില്‍ തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്ന ഫോലാസാദേ എന്ന ഫോലായുടെയും കുടുംബത്തിന്റെയും വിരഹങ്ങളുടെയും പുന:സമാഗമത്തിന്റെയും നഷ്ടങ്ങളുടെയും കണ്ടെത്തലുകളുടെയും കഥയാണ് നോവലിന്റെ പ്രമേയം. ബയാഫ്രന്‍ സംഘര്‍ഷകാലത്ത് ഒരു ബന്ധുവിന്റെ ഔദാര്യത്തില്‍ കുടിയേറ്റം സാധ്യമായതാണ് ഫോലക്ക്. നാലുമക്കളെ പോറ്റാനുള്ള ഉത്തരവാദിത്തം കാരണം നിയമപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബോസ്റ്റണില്‍ ഒരു പൂക്കച്ചവടക്കാരി ആവേണ്ടി വരുന്നതില്‍ ഒട്ടും ഖിന്നയല്ലാത്ത ഫോല പക്ഷെ തളര്‍ന്നു പോവുക മറ്റൊരു സാഹചര്യത്തിലാണ്. വംശീയ മുന്‍ വിധി അടിയൊഴുക്കാവുന്ന ഒരു സംഭവത്തിനു പിറകെ തൊഴില്‍ നഷ്ടപ്പെടുന്നതോടെ ക്വേകുസായി കുടുംബത്തെ ഉപേക്ഷിച്ചു ജന്മസ്ഥലമായ ഘാനയിലേക്ക് തിരിച്ചു പോവുന്നതോടെ അതാരംഭിക്കുന്നു. മസാച്ചുസെറ്റ്സില്‍ ഉല്‍ക്കര്‍ഷേച്ഛയോടെ കഴിഞ്ഞുവന്ന കുടുംബം തകര്‍ന്നു പോവുന്നു. ചിതറിപ്പോവുന്ന കുടുംബം പിന്നീട് ഒരിക്കല്‍ക്കൂടി ഒരുമിക്കാന്‍ ഇടയാവുക നോവലിന്റെ തുടക്കം കൂടിയായ ക്വേകു സായിയുടെ മരണത്തോട് കൂടിയാണ്:
"ഒരു ഞായറാഴ്ച സൂര്യോദയത്തിനു മുമ്പ് ക്വേകു നഗ്നപാദനായി മരിക്കുന്നു, അയാളുടെ ചെരിപ്പുകള്‍ നായ്ക്കളെ പോലെ കിടപ്പുമുറിയുടെ വാതിലിനു വെളിയില്‍ കിടന്നു. ആ നിമിഷം സണ്‍ റൂമിനും പൂന്തോട്ടത്തിനും ഇടയിലെ പ്രവേശന കവാടത്തില്‍ നിന്ന്, തിരിച്ചു പോയി അവ എടുക്കണോ എന്ന് അയാള്‍ ചിന്തിക്കുകയായിരുന്നു. അയാളത് ചെയ്യില്ല. അയാളുടെ രണ്ടാം ഭാര്യ അമാ കിടപ്പുമുറിയില്‍ ഉറക്കത്തിലാണ്, അവളുടെ അധരങ്ങള്‍ അയഞ്ഞുതൂങ്ങി വേര്‍പ്പെട്ടു കിടന്നു. നേര്‍ത്ത വരകളായി പുരികങ്ങള്‍ . അവളുടെ കവിളുകള്‍ ആര്‍ത്തിയോടെ തലയിണയില്‍ ഒരു തണുത്തയിടം തേടുന്നു. അവളെ ഉണര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല.
വേണമെങ്കിലും അയാള്‍ക്കത് കഴിയില്ല.
അവള്‍ ഒരു ചേമ്പു വിത്ത് പോലെ കിടന്നുറങ്ങുന്നു. ഐന്ദ്രിയ ബോധമില്ലാത്ത ഒരു വസ്തു. അവള്‍ അയാളുടെ അമ്മയെ പോലെ കിടന്നുറങ്ങുന്നു, ഈ ലോകത്തില്‍ നിന്ന് തീര്‍ത്തും അടര്‍ത്തിമാറ്റപ്പെട്ട്. ”
മൂന്നു അധ്യായങ്ങളായി അവതരിപ്പിക്കപ്പെടുന്ന നോവലിന്റെ ആദ്യ ഭാഗം ഏതാണ്ട് മുഴുവനായും വളരെ ശ്രദ്ധാപൂര്‍വ്വം, സാവധാനം ഇഞ്ചോടിഞ്ച് പരിഗണിക്കപ്പെടുന്ന ഈ മരണത്തിന്റെ പുരാവൃത്തമാണ്. ക്വേകു സായിയെ മഥിക്കുന്നത് തന്റെ നാലു മക്കളുടെ ജനനവും പ്രൊഫഷനില്‍ നീതീകരിക്കാനാവാത്ത വിധം സംഭവിച്ച പതനവും ആദ്യ ഭാര്യ ഫോലാസാദേയെ കുറിച്ചുള്ള സ്നിഗ്ധമായ ഓര്‍മ്മകളുമാണ്. ഫോലായെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ "ആ വഴി കടന്നു പോവാനിടയായ ഏതോ കിന്നരന്മാരുടെ സഞ്ചിയില്‍ നിന്ന് ഉദാരമായി ചിതറപ്പെട്ട പുല്‍ക്കൊടിത്തുമ്പുകളിലെ വൈരക്കല്ലുകള്‍ പോലെ കാണപ്പെട്ട മഞ്ഞുതുള്ളികളെ" അയാളോര്‍ത്തിരുന്നു.
കുടുംബം എന്ന ഗുരുത്വാകര്‍ഷണം
ഒരര്‍ഥത്തില്‍ ഏറെ വിജയിച്ച ഒരു ആഫ്രിക്കന്‍ കുടുംബത്തിന്റെ കഥയാണ് നോവല്‍. കുടുംബത്തില്‍ നാലുമക്കളും ഏറെ കഴിവുള്ളവരാണ്. മൂത്തയാള്‍ ഓലു ലാസ് വേഗാസില്‍ ചൈനീസ് - അമേരിക്കന്‍ വംശജയായ ലിങ്ങിനെ വിവാഹം ചെയ്തു കഴിയുന്ന പ്രണയാര്‍ദ്രമായ ജീവിതം നയിക്കുന്ന, അച്ഛനെപ്പോലെ പേരെടുത്ത സര്‍ജ്ജന്‍. അച്ഛന്റെ നിഴലില്‍ നിന്ന് പുറത്തുകടക്കുക എന്നതും അയാളുടെ സ്വപ്നമാണ്. കുടുംബത്തെ ജീവിതസാഹചര്യങ്ങളുടെ പാരുഷ്യങ്ങളിലേക്ക് വലിച്ചെറിഞ്ഞു ഒളിച്ചോടിയ അച്ഛനെ കുറിച്ചു ദയാരഹിതമായ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതിന് കുടുംബത്തിലെ മൂത്ത മകന് സ്വാഭാവികമായും കാരണങ്ങളുണ്ട്. ഭാര്യാപിതാവിന്റെ വാക്കുകളില്‍ നിഴലിക്കുന്ന വംശീയ മുന്‍ വിധികളില്‍പ്പോലും വസ്തുത കണ്ടെത്താനും അപമാനകരമെങ്കിലും അതിനെ ന്യായീകരിക്കാനും അയാള്‍ക്ക് കഴിയുന്നത് അത് അച്ഛനെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള അയാളുടെ ഉള്‍പ്രേരണയോട് ചേര്‍ന്നുപോവുന്നത് കൊണ്ടാണ്. രണ്ടാമത്തവന്‍ കഹിന്‍ഡെ ബ്രൂക്ക് ലിനില്‍ കഴിയുന്ന ലോക പ്രസിദ്ധനായ ചിത്രകാരന്‍, കുട്ടിക്കാലത്തേറ്റ ഹൃദയ മുറിവ് അയാളെ വിഷാദ രോഗിയും ആത്മഹത്യാ പ്രവണതകള്‍ ഉള്ളവനും ആക്കിയേക്കും. അയാളുടെ സുന്ദരിയായ ഇരട്ട തായ് വോ ക്ലാസിലെന്നും ഒന്നാമതെത്തുന്നവള്‍, പിയാനോവാദനത്തില്‍ അനിതര സാധാരണമായ മിടുക്കുള്ളവള്‍- മികച്ച ഒരെഴുത്തുകാരിയും നിയമ പഠന വിദ്യാര്‍ഥിനിയുമായ തായ് വോ ആളുകളുമായി അത്രക്കങ്ങു ചേര്‍ന്ന് പോവാത്ത പ്രകൃതത്തിനുടമയാണെങ്കിലും കോളേജ് ഡീനുമായി കോളിളക്കമുണ്ടാക്കിയ ഒരു ബന്ധത്തില്‍ പെട്ട് പോകുന്നുണ്ട്. അവളുടെ നിഗൂഡ പ്രകൃതത്തിനു പിന്നിലുമുണ്ട് കഹിന്‍ഡെയുടെ ജീവിതത്തില്‍ വീണ പോലെ വലിയൊരു നിഴല്‍. തായ് വോ എന്നത് തായേ എന്നതിന്റെ വകഭേദം ആണെങ്കിലും ആത്മകഥാപരമായ അംശങ്ങളൊന്നും നോവലില്‍ ഇതിവൃത്ത ഘടകങ്ങളായിട്ടില്ലെന്നു നോവലിസ്റ്റ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഇളയവള്‍ സാദി നൃത്തത്തില്‍ സ്വതസിദ്ധമായ കഴിവുള്ളവള്‍, ഓര്‍മ്മശക്തിയില്‍ അസാധാരണ മിടുക്കുള്ളവള്‍. അച്ഛന്റെ തിരോധാനവും തുടര്‍ന്ന് അമ്മയിലുണ്ടാവുന്ന വൈകാരിക സംഘര്‍ഷങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുക സ്വാഭാവികമായും അതൊക്കെ സംഭവിക്കുമ്പോള്‍ ഇളം പ്രായത്തിലുള്ള സാദിയെയാണ്. അമ്മയുടെ ഓമനയായ സാദി നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും വലുതും അതായിരിക്കും- തിളങ്ങിനില്‍ക്കുന്ന സഹോദരങ്ങള്‍ക്കൊപ്പമെത്താനുള്ള സംഘര്‍ഷവും അമ്മയുടെ വാത്സല്യം തീര്‍ക്കുന്ന കെട്ടുപാടുകളില്‍ നിന്നു മുക്തയായി കുടുംബത്തിലിളയവള്‍ എന്നതിനപ്പുറം സ്വതന്ത്രവ്യക്തിത്വം സ്ഥാപിച്ചെടുക്കേണ്ടതിന്റെ വെല്ലുവിളിയും, ഒപ്പം കടുത്ത ഭക്ഷണ പ്രേമത്തിന്റെ രോഗാതുരതയും. ഇരുപതിലെത്തിയിട്ടും താനൊരു നാലുവയസ്സുകാരിയെപ്പോലെ ആണോ എന്ന് ചിലപ്പോഴൊക്കെ അവളെ അപകര്‍ഷം മഥിക്കുന്നുണ്ട്. അമ്മയെ വലിയൊരളവു വേദനിപ്പിച്ചു കൊണ്ടല്ലാതെ അവള്‍ക്കു സ്വയം സ്ഥാപിക്കാനാവുന്നുമില്ല.
ഘാനയില്‍ ആക്രായിലും നൈജീരിയയില്‍ ലാഗോസിലും ഐക്യ നാടുകളില്‍ വ്യത്യസ്ത ഇടങ്ങളിലുമായി 'ഭാരരഹിതമായി', 'ഗുരുത്വാകര്‍ഷണമില്ലാതെ, കുത്തഴിഞ്ഞു' ചിതറിപ്പോയ കുടുംബം ക്വേകുവിന്റെ മരണത്തെ തുടര്‍ന്ന് പുന:സമാഗമത്തിന് തയ്യാറെടുക്കുമ്പോഴാണ് അയാളുടെ ആദ്യ ഒളിച്ചോട്ടത്തിന്റെ തന്നെ പരിണതികള്‍ വ്യക്തമാവുക. ഒരുമിച്ചു കൂടാന്‍ ശ്രമിക്കുന്നതിനെ കുറിച്ചുള്ള ആഖ്യാനം എങ്ങനെയാണ് ചിതറിപ്പോയത് എന്ന ആത്മ പരിശോധനകളായി മാറുന്നു അതിലിടപെടുന്ന/ ബാധിക്കുന്ന ഓരോരുത്തര്‍ക്കും. ഓരോരുത്തര്‍ക്കും അവനവനെ നിര്‍വ്വചിക്കുക എന്നതിനൊപ്പം കൂടപ്പിറപ്പുകളെ ശാരീരികമായി എന്നതിനപ്പുറം കണ്ടെത്തുക എന്ന വെല്ലുവിളിയും നേരിടേണ്ടി വരും. എല്ലാവരും വേദനകളുടെ, ഹൃദയത്തിലേല്‍ക്കുന്ന മുറിവുകളില്‍ നിന്നുള്ള, ഏറ്റു പറച്ചിലിലൂടെ ലഭിക്കുന്ന വിമലീകരണത്തിന്റെ, മറ്റാരുടെയും നിര്‍ബന്ധം മൂലമല്ലാതെ സ്വയം തീരുമാനിക്കുന്ന, യാനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇനിയൊരു തുരുത്തിലെത്താനെന്നോണം വികാര വിക്ഷോഭങ്ങളും എല്ലാതരം രാഗ-ദ്വേഷ ബന്ധങ്ങളും ഒറ്റിക്കൊടുക്കലുകളും ഇടകലരുന്ന ആഖ്യാനം തലമുറകളും ദേശാതിരുകളും ഭേദിച്ച് പുതിയ വെളിപാടുകളിലേക്കും സാധ്യതകളിലേക്കും കുതിക്കുന്നു. ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ലണ്ടനില്‍ ന്യൂ ഇംഗ്ലണ്ടിലേക്കും അമേരിക്കയില്‍ ന്യൂയോര്‍ക്കിലേക്കും അത് സഞ്ചരിക്കുന്നു; ഒരു കാലത്ത് തങ്ങളെ ചേര്‍ത്തുനിര്‍ത്തിയതെന്തോ അതേ നിരുപാധികമായ സ്നേഹത്തിന്റെ ബാന്ധവത്തിലേക്ക് എത്തിച്ചേരും വരെ.
വാര്‍പ്പുമാതൃകകളും പിന്തുടരുന്ന ചരിത്ര ഭാരങ്ങളും
ആഫ്രിക്കന്‍ വംശജരായ എഴുത്തുകാരുടെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമാണ് ഘാന മസ്റ്റ് ഗോ. ക്വേകുവിന്റെയും ഫോലായുടെയും ഭൂതകാലം പരാമര്‍ശിക്കപ്പെടുമ്പോഴും മറ്റപൂര്‍വ്വ സന്ദര്‍ഭങ്ങളിലും ആഫ്രിക്കന്‍ സംഘര്‍ഷങ്ങള്‍ സൂചിതമാവുന്നുണ്ടെങ്കിലും കുടിയേറ്റത്തിന്റെ രാസത്വരകം എന്നതിനപ്പുറം നോവലിന്റെ ഉത്കണ്ഠകളില്‍ അവയ്ക്ക് സ്ഥാനമില്ല. 'പ്രകടമായ സമ്പന്നതയിലും അനുഭവിക്കുന്ന ശൂന്യതാ ബോധമെന്ന 'ഒന്നാം ലോക സംഘര്‍ഷം' തന്നെയാണ് സായ് സഹോദരങ്ങളെ വേട്ടയാടുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Unstitching the Ties that Bind: Ghana Must Go- Sabo Kpade - Media Diversified , February-12, 2015) വിഖ്യാതമായ യൂനിവേഴ്സിറ്റികളിലെ പഠനവും മികച്ച പ്രൊഫഷനുകള്‍ നേടിക്കൊടുക്കുന്ന ജീവിത വിജയത്തിന്റെ ഉത്കര്‍ഷ ബോധവും സായ് സഹോദരങ്ങളെയും കുടുംബത്തെയും ഒന്നാം ലോക പൌരന്മാരുടെ ജീവിതസാഹചര്യങ്ങളിലേക്ക് തന്നെയാണ് എത്തിക്കുന്നത്. ക്വേകുവിന്റെ ഒളിച്ചോട്ടത്തിനു കാരണമായിത്തീര്‍ന്ന വംശീയാനുഭവമല്ല സഹോദരങ്ങളുടെ ജീവിതാവസ്ഥകളെ ഉരുവപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. മറിച്ചു്, സാഹചര്യങ്ങളെ നേരിടുന്നതിനു പകരം സ്വന്തം കുടുംബത്തോട് പോലും സത്യസന്ധനവാതെ, ഭര്‍ത്താവിന്റെയും പിതാവിന്റെയും കുടുംബനാഥന്റെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന ക്വേകുവിന്റെ ഭീരുത്വമാണ്, ഓലു ശരിയായി നിരീക്ഷിക്കുന്നത് പോലെ എല്ലാത്തിനും കാരണമായിത്തീരുന്നത്. അയഥാര്‍ത്ഥമായ ആരോപണത്തെ തുടര്‍ന്ന് ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്ന് പുറത്താക്കുമ്പോള്‍ തന്റെ കീര്‍ത്തി ഉപയോഗപ്പെടുത്തി മറ്റൊരിടത്ത് ജോലി കണ്ടെത്താന്‍ അയാള്‍ ശ്രമിക്കുന്നതായിപോലും സൂചനയില്ല. പകരം അയാള്‍ ഹോസ്പിറ്റലിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി പാര്‍ക്കിലും മറ്റും കറങ്ങുകയാണ്. പരാജയ ബോധത്തിന് കീഴടങ്ങി നിഷ് ക്രിയനാവുന്ന പ്രകൃതം തന്നെയാവുമോ അയാളുടെ മരണത്തിനും കാരണം? മികച്ച സര്‍ജ്ജന്‍ ആയ അയാള്‍ കൃത്യമായും തിരിച്ചറിഞ്ഞിട്ടുണ്ടാവണം അമായുടെ കിടപ്പറക്ക് വെളിയില്‍ നിര്‍ണ്ണായകമായ ആ അരമണിക്കൂറില്‍ തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരുന്നത് എന്ന്. എന്നാല്‍ എന്തെങ്കിലും പ്രതിവിധി തേടുന്നതിനു പകരം ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ അയാള്‍ സ്വയം നഷ്ടപ്പെടുകയാണ്. ക്വേകുവിന് ജീവിതത്തോടുള്ള ഈ നിരുത്തരവാദ സമീപനത്തിന്റെ എതിരറ്റത്താണ് കുടുംബത്തിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രമായി സ്വയം മാറുന്ന ഫോലയുടെ സമര്‍പ്പണം എന്നതിലാണ് കുടുംബത്തിന്റെ വൈകാരികമായ അതിജീവനം സാധ്യമാകുക.
ഇതിവൃത്ത കേന്ദ്രമായ കുടുംബം സമ്പന്നമായ ജീവിത ചുറ്റുപാടുകളില്‍ ആണെങ്കിലും ദരിദ്രമായ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും ആഭ്യന്തര യുദ്ധങ്ങള്‍ കടിച്ചു കീറിയ ശിഥില ദേശീയാനുഭവങ്ങളുടെയും വര്‍ണ്ണവിവേചനസ്വഭാവമുള്ള മുന്‍ വിധികളുടെയും അനുരണനങ്ങള്‍ നോവലില്‍ ഇല്ലാതില്ല; ആഫ്രിക്കന്‍ വംശജരായ എഴുത്തുകാരില്‍നിന്നു പ്രതീക്ഷിക്കുന്ന പതിവ് രീതിക്ക് വിപരീതമായി, മറ്റെല്ലാത്തിലുമുപരി അതൊരു കുടുംബത്തിന്റെ തകര്‍ച്ചയുടെയും അതില്‍ നിന്ന് സ്വയം പുന:സൃഷിക്കാനുള്ള വ്യഗ്രതയുടെയും സവിശേഷാനുഭവങ്ങളുടെ ആഖ്യാനമായി വായിക്കപ്പെടുമെന്ന നോവലിസ്റ്റിന്റെ ജാഗ്രത കാരണം അവയൊക്കെയും അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്നതേയുള്ളൂവെങ്കിലും. എന്നിരിക്കിലും, ബീറ്റില്‍സ് പോസ്റ്ററുകളുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ബയാഫ്രന്‍ സംഘര്‍ഷങ്ങളുടെ ഭീകരതയെ കുറിച്ചുസൂചിപ്പിക്കുന്ന പോലെത്തന്നെ, ശരിയായ ചികിത്സ കിട്ടിയാല്‍ സുഖപ്പെടുമായിരുന്ന ടി. ബി. ബാധിച്ചു ക്വേകുവിന്റെ കുഞ്ഞു പെങ്ങള്‍ മരിച്ചു പോയതിനെ കുറിച്ചും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. “തന്നെ അപ്രസക്തയായിക്കണ്ട ലോകത്തിനു നേരെ എങ്കില്‍ തനിക്കു ആ ലോകവും അപ്രസക്തമാണെന്ന നോട്ടത്തോടെ" “അപ്പോഴും ചിരിച്ചു കൊണ്ട്" "കൊടിയ ദാരിദ്ര്യത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന, അത് തിരിച്ചറിയുകയും ചെയ്യുന്ന ഒരു കുട്ടിയുടെ കണ്ണുകളോടെ" അവള്‍ മരിക്കുന്നു. ഏറെ ദു:ഖവും കരച്ചിലും ഉള്ളതെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുള്ള നോവലില്‍ പക്ഷെ, വംശീയാനുഭവങ്ങളുടെ കാര്യത്തില്‍ പല കഥാപാത്രങ്ങളും പുലര്‍ത്തുന്ന ഈ നേര്‍ത്ത പരിഹാസം ഒരു കൂസലില്ലായമയോളം എത്തുന്നുണ്ട്. 'യുദ്ധം തകര്‍ത്ത ദേശങ്ങള്‍ (war-torn nations)' എന്ന പ്രയോഗം ഒട്ടൊരു തമാശയോടെ നോവലില്‍ പലവുരു പാരഡി ചെയ്യപ്പെടുന്നുണ്ട്. 'ആഫ്രിക്കന്‍ അനുഭവ'ത്തെ കുറിച്ചുള്ള പാശ്ചാത്യ ധാരണകളുടെ വാര്‍പ്പുമാതൃകയെ (stereo type) സൂക്ഷ്മമായി നിഷേധിക്കുന്ന ഒരു സന്ദര്‍ഭം ഫോലായുടെ പിതാവിന്റെ മരണത്തെ കുറിച്ചാണ്. തന്‍റെ പതിമൂന്നാം വയസ്സില്‍, ഇബോ വിരുദ്ധകലാപത്തില്‍ കൊലപ്പെടുന്ന പിതാവിനെ അടക്കുമ്പോള്‍ അവള്‍ ഓര്‍ത്ത് പോവുന്നുണ്ട്: ചരിത്രപരവും നാടിനു മൊത്തത്തില്‍ ബാധിച്ചതും അതുകൊണ്ടുതന്നെ വ്യക്തി നിരപേക്ഷവുമായ അത്തരം ഒരന്ത്യത്തിന് പകരം, തന്റെ ഡ്യൂ ഷെവോയില്‍ മദ്യലഹരിയിലോ മറ്റോ അദ്ദേഹം മരിച്ചിരുന്നെങ്കിലെന്ന്. നോവലില്‍ ഏറെക്കൂടുതലുള്ള കരച്ചിലിന്റെയും കണ്ണീരിന്റെയും പശ്ചാത്തലത്തില്‍ കുട്ടിക്കാലത്തെ ഫോല പ്രകടിപ്പിക്കുന്ന ഈ അസാധാരണ നിസ്സംഗത (ironical nonchalance) ഒരു ആശ്വാസമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Home and Exile: Ghana Must Go – Nell Freudenbergermarch- 8,2013- The New York Times). വാര്‍പ്പു മാതൃകകളിലേക്കും സ്ഥൂലമായ വംശീയ ചിഹ്നങ്ങളിലേക്കും തങ്ങളുടെ അനുഭവങ്ങള്‍ ചുരുട്ടിക്കൂട്ടപ്പെടുന്നതിനെതിരെ, 'ഒരൊറ്റ ആഫ്രിക്ക'ക്കു പകരം വ്യത്യസ്തമായ അനുഭവങ്ങളുള്ള മനുഷ്യരുടെ ജീവിതങ്ങളിലേക്ക് ഊന്നാനുള്ള സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ തിരിച്ചറിവുകള്‍ കൂടിയാണ് ഇവിടെ അന്തര്‍ധാരയാവുന്നത്.
“അമേരിക്കയില്‍ പെനിസില്‍വേനിയായില്‍ എത്തിയപ്പോള്‍..... അവള്‍ക്ക് മനസ്സിലായി തന്റെ സഹപാഠികളും പ്രൊഫസര്‍മാരും, കറുത്തവരോ വെളുത്തവരോ എന്നത് പ്രധാനമല്ല, എന്തുകൊണ്ടോ വിശ്വസിച്ചു സംഭവിച്ചതൊക്കെയും ദുരന്തപൂര്‍ണ്ണമെങ്കിലുംസ്വാഭാവികമാണെന്ന്. താന്‍ ഇനിമുതല്‍ ഫോലാസാദേ സോമായിനാ സാവെജ് അല്ലെന്നും അതിനു പകരം ആ സാമാന്യമായ 'യുദ്ധം തകര്‍ത്ത (war-torn) ദേശ'ക്കാരി ആയിത്തീര്‍ന്നുവെന്നും. സവിശേഷ സ്വഭാവങ്ങളില്ലാതെ. റമ്മിന്റെ മണമോ, ബീറ്റില്‍സ് പോസ്റ്ററുകളോ, രാജകീയമായ കട്ടിലിലെ കെന്റെ കരിമ്പടങ്ങളോ, ചയാചിത്രങ്ങളോ ഇല്ലാതെ. വെറും ഏതോ യുദ്ധം തകര്‍ത്ത ദേശം മാത്രം, എവിടെയുമുള്ള ഒരു യുദ്ധം തകര്‍ത്ത ദേശം പോലെ പ്രതീക്ഷാരഹിതവും മനുഷ്യത്വ രഹിതവും ചൂടേറിയതും.” തായേ സലാസിയെ പോലെ, ആഫ്രിക്കന്‍ ഡയസ്പോറാ അനുഭവത്തെ ശക്തമായി ആവിഷ്കരിക്കുന്ന നോവലിസ്റ്റ് ചിമാന്‍ഡാ എന്‍ഗോസി അദീചി ഈ സ്ഥൂലീകരണത്തെ 'ഒറ്റക്കഥയുടെ അപകടം' എന്ന് വിളിക്കുന്നു. "ഒറ്റക്കഥ വര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നു, വാര്‍പ്പുമാതൃകകളുടെ പ്രശ്നമാവട്ടെ അവ അവാസ്തവമാണ് എന്നതല്ല, മറിച്ചു അവ അപൂര്‍ണ്ണമാണ് എന്നതാണ്. അവ ഒരു കഥയെ ഒരേയൊരു കഥ ആക്കി മാറ്റുന്നു" (The Danger of a Single Story- Chimanda Ngozi Adichie)
വൈരുധ്യങ്ങളുടെ ആഫ്രിക്ക- മികവിന്റെയും
ആഫ്രിക്കയുടെ 'യുദ്ധം തകര്‍ത്ത' സാമാന്യഭാവത്തിനു നിദാനമായി വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നത് ലിങ്ങിന്റെ പിതാവ് ഡോക്റ്റര്‍ വെയ് ആണ്. “അമേരിക്കക്കാര്‍ ഏഷ്യക്കാരെ 'മാതൃകാ ന്യൂനപക്ഷ'മെന്ന് വിളിക്കുന്നു. ഒരു ഘട്ടത്തില്‍ അത് ശരിയായിരുന്നിരിക്കണം. ഈ അടുത്ത കാലം വരെ. എന്നാല്‍ ഇപ്പോള്‍ അത് ആഫ്രിക്കക്കാര്‍ ആണ്. ഏഷ്യക്കാരുടെ കാലം കഴിഞ്ഞു. ഞങ്ങള്‍ തടിച്ചു പോയി" ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ഒരിക്കലും മടിയന്മാര്‍ അല്ലെന്നും അയാള്‍ കണ്ടെത്തുന്നു. “ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് അക്കാദമിയുടെ ഭാവി. ഇന്ത്യക്കാരും.” എന്നിട്ടുമെന്തേ ആഫ്രിക്കന്‍ ദേശങ്ങളുടെ ചരിത്രം അതെന്താണോ അതാവുന്നു? “ആഫ്രിക്കയുടെ കഴിവുകേട് എനിക്കൊരിക്കലും മനസ്സിലാവില്ല. നേതാക്കന്മാരുടെ ആര്‍ത്തി, രോഗങ്ങള്‍, ആഭ്യന്തര യുദ്ധം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലമ്പനി കൊണ്ടുള്ള മരണം, തല കൊയ്യല്‍, ബലാല്‍ക്കാരം, ലൈംഗികാവയവങ്ങള്‍ അറുത്തെടുക്കല്‍? കൊച്ച് കുട്ടികളും കന്യാസ്ത്രീകളും പോലും കൊടുവാള്‍ കൊണ്ട് കഴുത്തു വെട്ടുന്നു, കോംഗോയിലെ ആ പെണ്‍കുട്ടികള്‍, സുഡാനിലെ ഈ കാര്യങ്ങള്‍? ചൈനയില്‍ ഒരു യുവാവായിരിക്കെ ഞാന്‍ കരുതിയിരുന്നു അത് അജ്ഞതയാണ് എന്ന്. ബൌദ്ധികക്ഷമത ഇല്ലായ്ക, ഒരു പക്ഷെ അപകര്‍ഷത. എന്റെ ധാരണ തെറ്റായിരുന്നു എന്ന് പറയേണ്ടല്ലോ ” ആഫ്രിക്കക്കാര്‍ അത്രയും ബുദ്ധിശക്തി ഉള്ളവരായിട്ടും അവരുടെ പിന്നോക്കാവസ്ഥ തുടരുന്നതിന് അയാള്‍ കണ്ടെത്തുന്ന കാരണം ഇതാണ്: “കുടുംബത്തോട് ബഹുമാനമില്ല. പിതാക്കള്‍ മക്കളെയോ ഭാര്യമാരെയോ മാനിക്കുന്നില്ല. … ഉപമയില്ലാത്ത തലച്ചോറ്, പക്ഷെ അതിനൊത്ത ധാര്‍മ്മിക നട്ടെല്ലില്ല. അതുകൊണ്ടാണ് അവിടെ ബാല യോദ്ധാക്കളും ബലാല്‍ക്കാരങ്ങളും ഉള്ളത്. എങ്ങനെയാണ് നിങ്ങള്‍ക്ക് അന്യരുടെ മകളെയോ മകനെയോ മാനിക്കാനാവുക, നിങ്ങള്‍ നിങ്ങളുടെ തന്നെ മക്കളെ മാനിക്കുന്നില്ലെങ്കില്‍?” തന്‍റെ അച്ഛന്റെ നിലപാടുകള്‍ വിഡ്ഢിത്തമാണ് എന്ന് ഓലുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ലിംഗിനോട് അയാള്‍ പറയുന്നത് അതില്‍ കാര്യമുണ്ട് എന്ന് തന്നെയാണ്: “അയാളെ (അച്ഛന്‍ ക്വേകുവിനെ) ഞാന്‍ വെറുക്കുന്നു, ആ വൃത്തികെട്ട അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞതിന്. ഒരു ആഫ്രിക്കന്‍ പുരുഷന്‍ ആയതിനു ഞാന്‍ അയാളെ വെറുക്കുന്നു. എന്റെ അമ്മയെ വേദനിപ്പിച്ചതിന്, വിട്ടേച്ചു പോയതിന്, മരിച്ചതിന് ഞാന്‍ അയാളെ വെറുക്കുന്നു, തനിയെ മരിച്ചതിന് ഞാന്‍ അയാളെ വെറുക്കുന്നു.”
എന്നാല്‍ വംശീയാനുഭവത്തിന്റെ അലംഘനീയമായ പിടിയില്‍ നിന്ന് തീര്‍ത്തും മുക്തമല്ല വ്യക്തിസത്തയില്‍ ഏറെ വിശ്വസിക്കുന്ന ഫോലായുടെയും ജീവിത പരിസരം എന്നത് കൊണ്ടാണ്, ക്വേകു ഇട്ടേച്ചു പോകുന്ന സാഹചര്യത്തില്‍ നാലു മക്കളെയും ഒരുമിച്ചു തനിക്ക് പോറ്റാനാവില്ല എന്ന് അവള്‍ തീരുമാനിക്കുന്നതും ഇരട്ടകളെ ലാഗോസിലുള്ള അമ്മാവന്‍ ഫെമിയുടെ അടുത്തേക്ക് അയക്കുന്നതും. ദക്ഷിണ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍, കുട്ടികളെ തങ്ങളുടെ ബന്ധുക്കളുടെ അടുത്തേക്ക് താമസിക്കാന്‍ വിടുന്ന കീഴ്വഴക്കം സ്വാഭാവികമാണ്. കുടുംബങ്ങളെ ആകാവുന്നതില്‍കൂടുതല്‍ വിശ്വാസത്തിലെടുക്കുന്ന ഈ രീതി, അതില്‍ അടങ്ങിയിട്ടുള്ള വമ്പിച്ച അപകടസാധ്യതയെ പലപ്പോഴും തിരിച്ചറിയുന്നില്ലെന്നു ഒരഭിമുഖത്തില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. (A Struggle to Fit in and Overcome Stereotypes in 'Ghana Must Go'- npr.org) ബാല ലൈംഗിക പീഡനത്തിന്റെ ആവര്‍ത്തിച്ചുള്ള ആഫ്രിക്കന്‍ അനുഭവങ്ങള്‍ക്ക് ആഭ്യന്തര സംഘര്‍ഷങ്ങള്‍ ജീവിതം വഴിമുട്ടിച്ച നിരാശാപൂര്‍ണ്ണവും തൊഴില്‍ രഹിതമായ അലസ ദിനങ്ങളുടെ മടുപ്പ ബാധിച്ച പുരുഷന്മാരുടെ പ്രാകൃത ചോദനകളിലേക്കുള്ള കൂപ്പുകുത്തലും ഏറ്റവും പ്രധാനമായ കാരണങ്ങളായിട്ടുണ്ട്. ടോണി മോറിസന്റെ പികോല (The Bluest Eye)യെ പോലെ ഇളം പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ വിശേഷിച്ചും ഈ കടന്നുകയറ്റങ്ങള്‍ക്ക് ഇരയായിത്തീരുന്നു. എന്നാല്‍, സമ്പന്നമായ ചുറ്റുപാടുകളില്‍ അലസജീവിതം നയിക്കുന്ന 'അങ്കിള്‍ ഫെമി' ബാലിശമായ കെട്ടുകഥയില്‍ വിശ്വസിച്ച് ഇരട്ടകളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നത് വൈകൃതങ്ങളോടുള്ള ആവേശം കൊണ്ടുതന്നെയായിരിക്കണം. തായ് വോയുടെ നിഗൂഡ പ്രകൃതത്തിനോ കഹിന്‍ ഡെയെ പില്‍ക്കാലം വേട്ടയാടുന്ന ആത്മഹത്യാ ചിന്തകള്‍ക്കോ അങ്കിള്‍ ഫെമിയുടെ ശിക്ഷാമുറ എത്രമാത്രം കാരണമായിട്ടുണ്ടാവാം എന്നത് നോവലില്‍ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഊഹിക്കാവുന്നതാണ് . നോവലിന്റെ അന്ത്യം വരെ 'ഒളിപ്പിച്ചു വെക്കുന്ന', എന്നാല്‍ ഒട്ടും അപ്രതീക്ഷിതമല്ലാത്ത ഈ പീഡന കഥ ഒരു ഇതിവൃത്തഘടകം എന്നതിലപ്പുറം പ്രസക്തവും തീവ്രവുമായ ദുരന്തമായി അനുഭവപ്പെടാത്തത് സാമാന്യാനുഭവങ്ങളെയും വൈയക്തികാനുഭവങ്ങളെയും ഇഴചേര്‍ക്കുന്നതിനെ സംബന്ധിച്ച നോവലിസ്റ്റിന്റെ ധാരണകളുടെ സംഘര്‍ഷം കൊണ്ടുതന്നെയാവാം.
ബഹു ദേശീയത/ ബഹു പ്രാദേശികത
അറുപതുകളിലും എഴുപതുകളിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 'മസ്തിഷ്ക ശോഷണ'ത്തിനു കാരണമാകും വിധം പാശ്ചാത്യരാജ്യങ്ങളിലേക്കുണ്ടായ കുടിയേറ്റവും ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി മെഡിസിനിലും നിയമ പഠനത്തിലും ബാങ്കിങ്ങിലും വിജയിച്ച ആ കുടിയേറ്റക്കാരുടെ സമര്‍ത്ഥരായ മക്കള്‍ ഉരുവപ്പെടുത്തിയ പുതിയ തലമുറയ ('AFROPOLITANS' – എന്ന് തായേ സലാസി) നേരിട്ട അസ്തിത്വ നിര്‍വ്വചന ബാധ്യതയും തായേ സലാസിയുടെ വിഖ്യാതമായ ലേഖനത്തിനു (Bye – Bye Barber- March 3- 2015. The Lip Magazine) വിഷയമായിട്ടുണ്ട്. സ്വയം ഏതെങ്കിലും ദേശീയതയുമായി ചേര്‍ത്തു പറയാന്‍ ഇഷ്ടമില്ലാത്ത തായേ സലാസി തന്നെ വിവിധ പ്രാദേശികതകളില്‍ (multi-local) അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. (Don't ask me where I'm from, ask where I'm local – Taiye Salasi- TED.com/talks). തന്റെ തലമുറ ആഫ്രിക്കന്‍ വംശജര്‍ക്ക് പൊതുവായുള്ള
ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സങ്കരസ്വഭാവമാണ് തായേ സലാസിയെ പോലുള്ള എഴുത്തുകാരില്‍ സ്വയം നിര്‍വ്വചിക്കാനുള്ള നിരന്തര പ്രവണതയുടെ ഉറവിടമായിത്തീരുന്നത്. നോവലില്‍ ഒരിടത്ത് ഈ സംത്രാസം ഉന്നയിക്കപ്പെടുന്നുണ്ട്:
"നീ നിന്റെ ജീവിതകാലം മുഴുവന്‍ ഇവിടെ കഴിയുന്നു, ഈ ലോകങ്ങളില്‍ , അവര്‍ നിന്നെ കുറിച്ച് എന്ത് വിചാരിക്കുന്നു എന്ന് നിനക്കറിയാം, അവരെന്തു കാണുന്നു എന്നും. നീ പറയുന്നു നീ ആഫ്രിക്കക്കാരനാണ്, ഒപ്പം നിനക്കതിനു മാപ്പ് ചോദിക്കയും വേണം, എന്നാലും ഞാന്‍ സ്മാര്‍ട്ട് ആണ്. അതിനൊരു മൂല്യം കണക്കാക്കപ്പെടുന്നില്ല. അത് നീ അറിയുന്നു. 'ഏഷ്യ, പുരാതന ചൈന, പുരാതന ഇന്ത്യ' എന്നൊക്കെ പറയൂ, എല്ലാരും കരുതും: ഊ.. കിഴക്കിന്റെ പൌരാണിക ജ്ഞാനം!. നീ 'പുരാതന ആഫ്രിക്ക' എന്ന് പറഞ്ഞാലോ, എല്ലാരും കരുതും: അപ്രസക്തം. പൊടി മൂടിയത്, വിലയില്ലാത്തത്. നഷ്ടപ്പെട്ടത്. ഇതാര്‍ക്ക് വേണം!.”
ഇടറിയിടറി, ചുവടുറപ്പിച്ച്...
നോവലിന്റെ ഘടനയിലും പ്രമേയ പരിചരണത്തിലും മുഴുനീളത്തില്‍ നോവലിസ്റ്റിനു വേണ്ടത്ര വിജയിക്കാനായിട്ടില്ല എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്നു അധ്യായങ്ങളായി നടത്തുന്ന ആഖ്യാനത്തില്‍ ആദ്യ ഭാഗം ('Gone') ക്വേകു സായിയുടെ മരണത്തിന്റെ പുരാവൃത്തത്തെ ഇത്തിരി മടുപ്പുളവാക്കും വിധം തന്നെ അതീവ അവധാനതയോടെ അവതരിപ്പിക്കുന്നു. ആദ്യത്തെ അമ്പത് പേജുകളെങ്കിലും വായനക്കാരന്റെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള തുടക്കത്തില്‍ നോവലിസ്റ്റ് സ്വയം തന്റെ സങ്കീര്‍ണ്ണമായ പ്രമേയത്തില്‍ പിടിമുറുക്കാനും ചുവടുറപ്പിക്കാനും പാടുപെടുകയാണ് . ആശുപത്രിയിലെത്തുന്ന സമ്പന്നനായ രോഗിയുടെ വിജയ സാധ്യത ഒട്ടുമില്ലാത്ത ശസ്ത്രക്രിയ പരാജയപ്പെടുന്നതിനു ഒരു ബലിയാടിനെ ആവശ്യമായി വരുന്ന ഘട്ടത്തിലാണ് വംശീയ മുന്‍വിധി ക്വേകുസായിയില്‍ ഇരയെ കണ്ടെത്തുന്നത്. മികച്ച സര്‍ജന്‍ എന്ന അയാളുടെ ഖ്യാതിയോ ബോസ്റ്റണിലെ ഏറ്റവും മികച്ച നിയമജ്ഞരുടെ പിന്തുണയോ അയാളെ രക്ഷിക്കുന്നില്ല. കാരണം, ന്യായാധിപന്‍ മരണപ്പെട്ടയാളുടെ ബന്ധുവായിരുന്നു. തന്റെ ദുരന്തം വീട്ടിലറിയിക്കാതെ ദിവസവും ഹോസ്പിറ്റലിലേക്കെന്ന വ്യാജേന പുറത്തു ചുറ്റിത്തിരിയുന്ന ക്വേകു പരാജയ ബോധത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് ജന്മ ദേശമായ ഘാനയിലേക്ക് ഒളിച്ചോടുന്നതും താനറിഞ്ഞ ഒരിക്കലും തൃപ്തരാവത്ത സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി പരിമിതമായ ജൈവ ചോദനകളില്‍ സന്തുഷ്ടയാവുന്ന നാടുംപുറത്തുകാരി പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതും. ചുറ്റുപാടുകളെ അലോസരപ്പെടുത്താതെ, കാടിനെ പിടിച്ചു കുലുക്കാതെ, ആവശ്യമുള്ളത് മാത്രം എടുക്കുന്നതില്‍ പ്രാഗത്ഭ്യമുള്ള മൃഗപ്രകൃതിയായി അയാള്‍ അമായെ കണ്ടെത്തുന്നു. സങ്കീര്‍ണ്ണതകള്‍ക്കൊന്നും ഒരിക്കലും ഇടം പിടിക്കാനാവാത്ത തരം പരിമിതപ്രകൃതമായ അമാ, മക്കളുടെയും കുടുംബത്തിന്റെ മൊത്തം തന്നെയും നൈരാശ്യങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമായി വര്‍ത്തിക്കുമ്പോഴും അതിജീവിക്കുന്ന ഫോലായില്‍ നിന്ന് ഏറെ വ്യത്യസ്തയാണ്; നോവലില്‍ ഈ താരതമ്യത്തിന് വിശേഷാല്‍ പ്രസക്തി ഇല്ലെങ്കിലും. അനുതാപത്തോടെ കുടുംബത്തിലെ വൈകാരിക സംഘര്‍ഷങ്ങളെ നേരിടുമ്പോഴും ആവശ്യമുള്ള അകലം നിലനിര്‍ത്തുന്നതിലൂടെ മക്കളുടെ സ്വതന്ത്ര വ്യക്തിത്വ വികാസത്തിന് അടിത്തറയിടുന്നതില്‍ ഫോലാ പ്രകടിപിക്കുന്ന മിടുക്ക് ബാഹ്യലോകവുമായുള്ള വിനിമയങ്ങളിലേക്ക് അവരെ പാകപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ഫോലാ സാദേയിലേക്ക് ആഖ്യാനം കേന്ദ്രീകരിക്കപ്പെടുന്ന രണ്ടാം അധ്യായത്തില്‍ ('Going') എത്തുന്നതോടെ നോവലിസ്റ്റ് തന്റെ വഴി കൃത്യമായും കണ്ടെത്തിയിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നു. സാദിയുമായി ഉണ്ടാവുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഘാനയിലേക്ക് സ്വയം പറിച്ചു നടുന്ന ഫോല തന്റെ പഴയ തൊഴില്‍ പൂക്കച്ചവടത്തിന്റെ സ്ഥാനത്തു ഇപ്പോള്‍ ഒരു തോട്ടം പരിചരിക്കുന്നു. മൂന്നാം ഭാഗത്ത് ('Go')എത്തുമ്പോഴാകട്ടെ, , സഹോദരങ്ങളുടെ ജീവിതങ്ങളിലെ പറയപ്പെടാതെ പോയതോ ഒളിച്ചുവെക്കപ്പെട്ടതോ ആയ രഹസ്യങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും കടന്നു ചെല്ലുന്നതോടെ ഇനിയാര്‍ക്കും ഒന്നിനും തന്നെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന മട്ടില്‍, നോവലിന് കിട്ടിയ എല്ലാ പിന്തുണക്കും അര്‍ഹമാം വിധം തായേ സലാസി ഒരു പുതിയ, എണ്ണപ്പെടേണ്ട എഴുത്തുകാരിയായി സ്വയം സ്ഥാപിക്കുന്നു. പറയപ്പെടുന്ന സത്യങ്ങള്‍ ഒളിച്ചു വെക്കുന്ന മുറിവുകളെക്കാള്‍ ജീവിതോന്മുഖ (life-affirming) മാണ് എന്ന തിരിച്ചറിവ് ഒരു കഥാര്‍സിസ് പോലെ സായി സഹോദരങ്ങളുടെ ജീവിതത്തിലേക്ക് വെളിപാടാവുന്നത്, ആദ്യഭാഗങ്ങളിലെ അമിതവിവരണ പ്രവണതയൊട്ടും കൂടാതെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു.
ആഫ്രിക്കന്‍ അനുഭവങ്ങളെ കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ നിഷേധിക്കുന്നതില്‍ ആത്മകഥാംശ സാധ്യതയെ കുറിച്ച് ചോദിക്കുന്ന ഒരഭിമുഖത്തിനൊടുവില്‍, അത് നിഷേധിച്ചു കൊണ്ട് നോവലിസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ഒന്നേ ഞാന്‍ എന്നോടുതന്നെ ആവശ്യപ്പെടുന്നുള്ളൂ, ഞാന്‍ സത്യം പറയണം, ഞാനത് മനോഹരമായിപ്പറയണം.
(മലയാളം വാരിക , 26 - ആഗസ്റ്റ് -2016)
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 159-168)
