സൗദി അറേബ്യ എന്നാല്‍ എണ്ണക്കിണറുകളുടെയും ഭീകരവാദികളുടെയും അടിമുതല്‍ മുടിവരെ മൂടുന്ന കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീകളുടെയും നാട് എന്ന പൊതുബോധസമവാക്യത്തില്‍ ആദ്യ രണ്ടു ഘടകങ്ങളെ ഏറെ സ്പര്‍ശിക്കാതെ, എന്നാല്‍ അവഗണിക്കാതെയും, അവസാന ഘടകത്തെ ഒന്നിഴപിരിച്ചു പരിശോധിക്കാന്‍ ശ്രമിക്കുന്ന രചനയാണ് യുവ സൗദിനോവലിസ്റ്റ് റജാ അല്‍ സനീഅ രചിച്ച വിവാദനോവല്‍ 'റിയാദിലെ പെണ്‍കുട്ടികള്‍ '(Girls of Riyadh). ലോകത്ത് മറ്റെവിടെയുമെന്നപോലെ ഇവിടെയും പെണ്‍കുട്ടികള്‍ നൃത്തംചെയ്യുകയും സംഗീതവും ഷോപ്പിംഗും ആസ്വദിക്കുകയും ആണ്‍വേഷത്തില്‍ ഡ്രൈവ് ചെയ്യുകയും അപൂര്‍വ്വമായെങ്കിലും അതീവരഹസ്യമായി വിവാഹപൂര്‍വ്വബന്ധങ്ങളില്‍ ഏര്‍പ്പെടുകയും പ്രണയിക്കുകയും അതിന്റെ കയ്പ്പും കരിമ്പും രുചിക്കുകയും ചെയ്യുന്നുവെന്ന് തലസ്ഥാനനഗരിയിലെ അതിസമ്പന്ന വിഭാഗത്തില്‍ പെട്ട (velvet class) ഇരുപതു കഴിഞ്ഞ നാല് കൂട്ടുകാരികളുടെ ജീവിതങ്ങളെ ആവിഷ്കരിച്ചുകൊണ്ട് നോവലിസ്റ്റ് ചിത്രീകരിക്കുന്നു. ഒരു ഇന്റര്‍നെറ്റ് കാല 'എപ്പിസ്റ്റലറി നോവല്‍ '(epistolary - കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനം) എന്ന രൂപത്തില്‍ ആരെന്നു വെളിപ്പെടുത്തുന്നില്ലാത്ത രചയിതാവ് - "ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ ഓരോരുത്തരും ആണ്, എന്റെ കഥ അവരുടെ കഥയാണ്"- തന്റെ ഇ-മെയില്‍ ഗ്രൂപ്പില്‍ എല്ലാ വെള്ളിയാഴ്ചയും പോസ്റ്റ് ചെയ്യുന്ന മെയിലിന്റെ രൂപത്തിലാണ് അമ്പത് അധ്യായങ്ങളിലായി 2004 ഫെബ്രുവരി 13 മുതല്‍ 2005 ഫെബ്രുവരി 18 വരെ ഒരുവര്‍ഷക്കാലം കൊണ്ടെന്ന രീതിയില്‍ ആഖ്യാനം മുഴുവനാക്കുന്നത്. അടഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോഴും പ്രണയവും രതിയും അടക്കമുള്ള വൈകാരിക വിനിമയങ്ങളില്‍ വ്യാപരിക്കുന്ന യുവതികളെ ഫോക്കസ് ചെയ്യുന്നതില്‍ 'സെക്സ് ആന്‍ഡ് സിറ്റി'യുടെ ഒരു സൗദി പതിപ്പ് എന്ന് നോവലിനെ കണക്കാപ്പെടുന്നുണ്ട് (Rachel Aspden). എന്നാല്‍ 'കാപട്യങ്ങളില്‍ നിബിഡമാവുകയും ആന്തര വൈരുധ്യങ്ങളില്‍ ലഹരിപിടിക്കുകയും ചെയ്ത' സമൂഹത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതിലൂടെ നോവല്‍ വെറും നേരം പോക്ക് ആസ്വാദനത്തിന്റെ തലം മുറിച്ചു കടക്കുന്നു. പുസ്തകം ഇറങ്ങിയ ഉടന്‍ നിരോധിക്കപ്പെട്ടെങ്കിലും അത് ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു ചൂടപ്പമായിത്തീരുകയും ഇംഗ്ലീഷ് ഭാഷാന്തരം വന്‍വിജയമാവുകയും ചെയ്തു.
പുരുഷ/ പുരുഷനിര്‍മ്മിത മതിലുകള്‍
സ്ത്രീകളെല്ലാം 'ഒരു പുരുഷന്റെ അഥവാ ഒരു ചുമരിന്റെ, അഥവാ ഒരു ചുമരായ പുരുഷന്റെ നിഴലില്‍ കൂനിക്കൂടി ജീവിക്കുന്ന' സമൂഹത്തിലിരുന്നു 'പതിനെട്ടു കഴിഞ്ഞ എല്ലാവര്‍ക്കും, ചില നാടുകളില്‍ അത് ഇരുപത്തിയൊന്ന്, ഇവിടെ സൌദിയില്‍ ആറു വയസ്സുകഴിഞ്ഞ ആണുങ്ങള്‍, വയസ്സറിയിച്ച പെണ്ണുങ്ങള്‍, എന്നിവര്‍ക്കും വേണ്ടി'യെന്ന മുഖവുരയോടെയാണ് ആഖ്യാനം ആരംഭിക്കുക. ഗോത്ര/ സ്ഥല നാമങ്ങളെ സൂചിപ്പിക്കും വിധം കുടുംബപേരുള്ള ഗംരാഹ് അല്‍ ഖുസ്മന്‍ജി, സദീം അല്‍ ഹൊറൈംലി, ലമീസ് ജദാവി, മിശേലി അല്‍ അബ്ദുറഹിമാന്‍ എന്നീ നാല് കൂട്ടുകാരികളുടെ ജീവിതമാണ് ആഖ്യാനത്തില്‍ വിടരുന്നത്. തന്റെ വാരാന്ത്യ ആഖ്യാനങ്ങളെ കുറിച്ച് ആളുകളുടെ പ്രതികരണങ്ങള്‍ ഒരു കോറസ് നിരീക്ഷണം പോലെ ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍ നോവലിസ്റ്റ്/ ആഖ്യാതാവ് നല്‍കുന്നുണ്ട്. “ചിലര്‍ ഈ പെണ്‍കുട്ടികള്‍ ചെയ്യുന്നത് തികച്ചും സ്വാഭാവിക കാര്യങ്ങളാണ് എന്നും (ഒട്ടും രഹസ്യമല്ലെന്നും) കരുതുമ്പോള്‍, ഈ യാഥാസ്ഥിതിക സമൂഹത്തില്‍ നടമാടുന്ന അത്യാചാരങ്ങള്‍ എന്ന് തങ്ങള്‍ കരുതുന്ന കാര്യങ്ങളെ അവര്‍ പുറത്തുകൊണ്ടുവരുന്ന രീതിയെ കുറിച്ച് മറ്റു ചിലര്‍ ദേഷ്യംകൊണ്ട് തിളക്കുന്നു." പലപ്പോഴായി ആവിഷ്കരിക്കപ്പെടുന്ന ഈ നിരീക്ഷണങ്ങള്‍ ഒരര്‍ഥത്തില്‍ പിന്നീട് നോവല്‍ ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളുടെ തന്നെ കണ്ണാടിയാണ്. നോവലിന്റെ ഉള്ളടക്കം മുഴുവന്‍ ജിദ്ദയിലെ പുരുഷന്മാരെ ആദര്‍ശ വല്‍ക്കരിക്കാനും ബദവികളെയും മധ്യ - കിഴക്കന്‍ ദേശക്കാരെയും താറടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എന്ന് റിയാദില്‍ നിന്നുള്ള ഒരു വായനക്കാരന്‍ പ്രതിഷേധിക്കുന്നു. റിയാദിലെ പെണ്‍കുട്ടികള്‍ അബലകളും ജിദ്ദ യുവതികള്‍ അനുഗ്രഹീതരുമാണ് എന്ന് വരുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ത്തുന്നവരുണ്ട്.
കുവൈത്തുകാരിയും ഗവ: സ്കൂള്‍ ഇന്‍സ്പെക്റ്ററും ആയ ഉമ്മു നുവയ്യിര്‍ അമ്മായി കൂട്ടുകാരികള്‍ക്ക് ഒരുമിച്ചിരിക്കാന്‍ ഇടംനല്‍കുന്ന സഹൃദയയാണ്. 15 കൊല്ലത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് അകാരണമായി മൊഴി ചൊല്ലിയവള്‍. മകന്‍ നൂരിയുടെ സ്ത്രൈണസ്വഭാവം കാരണം ഉമ്മു നുവയ്യിര്‍ - നൂര്‍ എന്നതിന്റെ പെണ്‍രൂപം- എന്ന് വിളിക്കപ്പെടുന്നവള്‍. “ദുഃഖങ്ങള്‍ ഏറെയുണ്ടെങ്കിലും, അഥവാ അവ ഉള്ളതുകൊണ്ടാവാം, അവരെപ്പോഴും തമാശകളുടെ നിതാന്ത പ്രഭവമായിരുന്നു." മൂന്നാം വയസ്സില്‍ ഉമ്മ മരിച്ച സദീമിന് ഉമ്മയെ പോലെയാണവര്‍. 'ഏക സാംസ്ക്കാര, ഏകവംശീയ, ഏകമത രാജ്യത്ത്' ഉമ്മു നുവയ്യിറിന്റെ വീട്ടിലിരുന്നു കൂട്ടുകാരികള്‍ പ്രാര്‍ഥിക്കുന്നു, “ദൈവമേ, ഞങ്ങള്‍ റിയാദിലെ പെണ്‍കുട്ടികള്‍ക്ക് പലതും നിഷിദ്ധമാണ്. പ്രണയമെന്ന അനുഗ്രഹം കൂടി ഞങ്ങള്‍ക്ക് നിഷേധിക്കല്ലേ.”
സദീം: വിവാഹമെന്ന ഉരകല്ല് .
പുരോഗമന പ്രതീതിയുയര്‍ത്തുന്ന വലീദുമായുള്ള സദീമിന്റെ വിവാഹം സൗദി സമൂഹത്തില്‍ സ്ത്രീക്ക് കുടുംബത്തിലുള്ള 'രണ്ടാം' സ്ഥാനം വ്യക്തമാക്കുന്നുണ്ട്. കരാറിനും വിവാഹ ആഘോഷത്തിനും ഇടയിലുള്ള ഇടവേളയില്‍ വധൂവരന്മാര്‍, സൗദി സമൂഹത്തില്‍ യുവ മിഥുനങ്ങള്‍ക്ക് ലഭ്യമായ ഏകവിനിമയോപാധിയായ ഫോണ്‍ മുഖാന്തിരം അടുത്തറിയുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗിക്കുന്നതിനു സാമൂഹികാംഗീകാരമുണ്ട്. എന്നാല്‍ അതിനപ്പുറം അടുപ്പത്തിനോ ബന്ധപ്പെടലിനോ അവസരംനല്‍കുന്ന പെണ്‍കുട്ടികള്‍ പ്രതിശ്രുത വരന്റെ കണ്ണില്‍ത്തന്നെ വിലകെട്ടവളായിപ്പോകും എന്ന പാഠം ഇത്തിരി വൈകിയാണ് സദീം മനസ്സിലാക്കുക. വലീദ് കാണിക്കുന്ന ദുസ്സഹമായ അവഗണനയുടെ കാരണം ഒരിക്കലും അവള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാവില്ല. “അയാള്‍ ഏതെങ്കിലും ആശുപത്രിയില്‍ കോമ അവസ്ഥയില്‍ കിടപ്പാവും. അയാള്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്നതായി ചിന്തിക്കുന്നത് ഈ രീതിയില്‍ അയാള്‍ തന്നെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ ആയിരം മടങ്ങ് സഹനീയമായിരുന്നു.” വിവാഹമോചനം അറിയിച്ചു കൊണ്ടുള്ള അയാളുടെ കത്ത് ലഭിക്കുമ്പോള്‍ അവള്‍ തകര്‍ന്നുപോവുന്നു. എല്ലാ വേനലവധിയിലും ചെയ്യാറുള്ളപോലെ കെന്‍സിംഗ്ടണിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ തയാറാവുന്ന പിതാവിനോട് തിനിക്കിത്തിരി തനിച്ചു കഴിയണമെന്നും താന്‍ തനിച്ചു പോയ്ക്കൊള്ളാമെന്നും അവള്‍ അനുവാദം വാങ്ങുന്നു. “ലോകത്തിന്റെ പൊടിയുടെ തലസ്ഥാനത്ത് (Dust Capital) നിന്ന് ലോകത്തിന്റെ മൂടല്‍ മഞ്ഞു തലസ്ഥാനത്തേക്ക് (Fog Capital)” പോകുമ്പോള്‍ “ഇത്തവണ ലണ്ടന്‍ സദീമിന്, വലീദുമായുള്ള അനുഭവങ്ങള്‍ക്കുശേഷം മാനസിക അസുഖങ്ങളില്‍നിന്ന് മുക്തിനേടാന്‍ ഒരു അഭയകേന്ദ്രമായി അവള്‍ തെരഞ്ഞെടുത്ത വലിയൊരു സാനറ്റൊരിയം ആയിരുന്നു.” അവിടെ വെച്ച് അവള്‍ വിഷാദഗീതങ്ങളോട് അഡിക് ഷന്‍ വളര്‍ത്തിയെടുക്കുന്നു. അല്‍ കുസൈബിയുടെയും അല്‍ ഹമാദിന്റെയും നോവലുകള്‍ വായിക്കുന്നു. സമകാലിക രാഷ്ട്രീയവിഷയങ്ങളില്‍ അവഗാഹം നേടുന്നു. പലസ്തീന്‍ ഇന്‍തിഫാദ, അല്‍ അക്സാ കലാപം, അമേരിക്കന്‍, ഇംഗ്ലീഷ് ഉത്പന്ന ബഹിഷ്കരണം - പുതുതലമുറക്ക് വിവാദകാര്യങ്ങളില്‍ ഒഴിച്ച് രാഷ്ട്രീയവിഷയങ്ങളില്‍ താല്പര്യമില്ല എന്ന് അവള്‍ കണ്ടെത്തുന്നു. വലീദിനെ മനസ്സിലാക്കാന്‍ ഫ്രോയ്ഡിയന്‍ മനോവിജ്ഞാനീയം പഠിക്കുന്നതിനെ കുറിച്ച് നോവലിസ്റ്റ് നിരീക്ഷിക്കുന്നു: “സദീം പതിയെ കണ്ടെത്തി, അതായത് ഫ്രോയ്ഡ് തന്റെ ടോട്ടം, ടൊമാറ്റോ, കുകുംബെര്‍, ഗ്രീന്‍ സലാഡ് പച്ചക്കറി ഇതുകൊണ്ടൊന്നും തന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായി സഹായിക്കാന്‍ പോകുന്നില്ലെന്ന്. വലീദ് എന്തുകൊണ്ട് തന്നെ വിട്ടുപോയി എന്നതിന് സിഗ്മണ്ട് ഒരു വിശദീകരണവും നല്‍കാന്‍ പോകുന്നുണ്ടായിരുന്നില്ല.” എന്നാല്‍, ഉമ്മു നുവയ്യിര്‍ അമ്മായിയുടെ വ്യക്തിത്വ വിശകലനം അവള്‍ക്ക് കുറെ കൂടി കൗതുകകരമായിരിക്കും. ലിബറല്‍ സാഹചര്യങ്ങളില്‍ വളരുമ്പോഴും സ്ത്രീകളെ സംബന്ധിച്ച് രൂഡമായ സൗദി മുന്‍വിധികളില്‍ നിന്ന് മുക്തനായിരുന്നില്ലാത്ത വലീദ് അവള്‍ 'ചീത്ത'യാണ് എന്ന് എന്ന് തീരുമാനിച്ചു കഴിഞ്ഞതിനു ശേഷമാണ് അവള്‍ അയാളുടെ പരിമിതി മനസ്സിലാക്കിയത്.
കെന്‍സിംഗ്ട്ടണിലെ പിയാനോ ബാറില്‍ ബദിരിയ്യ അമ്മായിയുടെ വീട്ടിലെ ഓര്‍മ്മയില്‍ സദീം പിയാനോ വായിക്കുന്നതാണ് സഹപ്രവര്‍ത്തകനായ പാകിസ്ഥാനി യുവാവ് താഹിറിലൂടെ പരിചയപ്പെടുന്ന ഫിറാസ് അല്‍ ശര്‍ഖാവിയെ ആകര്‍ഷിക്കുന്നത്. അയാള്‍ സൗദിയാണെത് ആദ്യം അവളെ അമ്പരപ്പിക്കും. പൊതു ഇടങ്ങളില്‍ എത്ര കുലീനമായി പെരുമാറിയാലും സ്ത്രീകളെ കുറിച്ചുള്ള സൗദി പുരുഷന്മാരുടെ മുന്‍ വിധി അവള്‍ക്ക് നേരനുഭവമാണല്ലോ. "തന്റെ ദുഃഖം ലണ്ടന്‍ മണ്ണില്‍ കുഴിച്ചുമൂടി തന്റെ പ്രായത്തിലുള്ള ഒരു യുവതിക്ക് ഉണ്ടാവേണ്ട പ്രസന്നതയോടെ റിയാദിലേക്ക് തിരിച്ചുപോവാന്‍ അവള്‍ തീരുമാനിച്ചിരുന്നു". വിമാനത്തില്‍ ഫിറാസിനെ കാണുന്നതും അയാളുടെ പ്രണയപൂര്‍ണ്ണമായ സമീപനവും അവളുടെ നിശ്ചയദാര്‍ഢ്യത്തെ ബാധിക്കുന്നു. ഫാരിസുമായുണ്ടാവുന്ന പ്രണയം അവളെ കൂടുതല്‍ മതചിട്ടകളിലേക്ക് കൊണ്ട് പോകുന്നതും സൗദിയാണ് ലോകത്തെ ഏക ഇസ്ലാമികരാഷ്ട്രം എന്നൊക്കെയുള്ള നിലപാട് അവള്‍ സ്വീകരിക്കുന്നതും കൂട്ടുകാരികളെ, പ്രത്യേകിച്ചും സ്വതന്ത്രബുദ്ധിയായ മിഷേലിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. വലീദുമായുണ്ടായ ബന്ധത്തെ കുറിച്ച് ഇനിയൊരിക്കലും സംസാരിക്കരുതെന്നും അയാള്‍ക്കൊരു ഭൂതകാലമുണ്ടായിരുന്നോ എന്ന ചോദ്യം മേലില്‍ ആവര്‍ത്തിക്കരുത് എന്നും ഫിറാസ് പറയുന്നതിലെ അപകടസൂചന അവള്‍ക്ക് ആദ്യം ബോധ്യപ്പെടുന്നില്ല. വലീദ് തന്നെ രഹസ്യ നിരീക്ഷണത്തിനു വിധേയയാക്കിയിരുന്നു എന്നറിഞ്ഞപ്പോള്‍ ആ അപമാനം തിരിച്ചറിയുന്നതിനു പകരം ആ പരീക്ഷയിലും ജയിച്ചല്ലോ എന്ന് അഭിമാനിച്ചതിലെ അതേ തെറ്റ് ഇപ്പോഴും അവള്‍ ആവര്‍ത്തിക്കുന്നു. ഉമ്മു നുവയ്യിര്‍ മുന്നറിയിപ്പ് നല്‍കിയുരുന്നതാണ്, വലീദിനു അസൂയയുടെ കുഴപ്പമുണ്ടെന്ന്. ഇപ്പോള്‍ അതേ പോലെ ഫിറാസ്. “അത് അസൂയയാണോ? അതോ, ഞാന്‍ അയാളുടെ ജീവിതത്തിലെ ആദ്യത്തെ പെണ്‍കുട്ടി താന്‍ ആയപോലെ എന്റെ ജീവിതത്തിലെ ആദ്യത്തെയാള്‍ അയാളല്ല എന്നതിലെ ദേഷ്യമോ?.” ഇതൊക്കെയാണെങ്കിലും ഫിറാസിന്റെ വിവാഹവാര്‍ത്ത, നേരത്തെ വലീദ് നടത്തിയ വിവാഹമോചനംപോലെ സദീമിനെ തകര്‍ത്തുകളയുന്നുണ്ട്, അവളതില്‍നിന്ന് പതിയെ മോചിതയാവുമെങ്കിലും. അഞ്ചു വര്‍ഷക്കാലം അയാള്‍ അവളുടെ ജീവവായുവായിരുന്നു. ഈ ഘട്ടത്തിലാണ് ബദ്റിയ്യ അമ്മായി താരിഖിന്റെ കാര്യം എടുത്തിടുന്നത്, കുട്ടിക്കാലം മുതലേ അവളെ നിശ്ശബ്ദം സ്നേഹിച്ചവന്‍. കല്യാണക്കാര്യം വരുമ്പോള്‍ സൗദി യുവാക്കള്‍ വിദ്യാഭ്യാസവും പരിഷ്കാരവുമുള്ള സ്ത്രീകളെക്കാള്‍ ഇതൊന്നുമില്ലാത്ത പെണ്‍കുട്ടികളെയാണ് താല്പര്യപ്പെട്ടതെന്ന് സദീം മനസ്സിലാക്കിയിരുന്നു. ഒരു വനിതാ ഡോക്റ്റര്‍ക്ക് വിവാഹജീവിതം ഏറെ അപ്രാപ്യമായിത്തീരുന്നത് അതുകൊണ്ടാണെന്ന് അവള്‍ക്കറിയാം. സ്ത്രീകള്‍ എപ്പോഴും ഇത്തിരി താഴെയായിരിക്കണം. തുല്യരെങ്കില്‍ പിന്നെ ഒരാണിനെ തന്നെ കെട്ടിക്കൂടെയെന്ന ഒരു വായനക്കാരന്റെ പ്രതികരണം ഇതോടു ചേര്‍ത്ത് വെക്കാം. കരുത്തുള്ള സ്ത്രീകളെ മാനിച്ചവര്‍ പോലും അങ്ങനെ ചിന്തിച്ചു. പ്രണയത്തിന്റെ പാഠം സദീമില്‍ മുഴുവനാകുക ഗംറായുടെ വാക്കുകളിലാണ്, “നിന്നെ സ്നേഹിക്കുന്ന ഒരാളെ തെരഞ്ഞെടുക്കുക, നീ സ്നേഹിക്കുന്നയാളെ അല്ല. നിന്നെ സ്നേഹിക്കുന്നയാളുടെ കണ്ണുകളില്‍ എപ്പോഴും നീയുണ്ടാകും, അയാള്‍ എപ്പോഴും നിന്നെ സന്തോഷിപ്പിക്കും. എന്നാല്‍ നീ സ്നേഹിക്കുന്നവന്‍ നിന്നെ തട്ടിക്കളിക്കും, നിന്നെ പീഡിപ്പിക്കും, എല്ലായിപ്പോഴും അയാളുടെ പിറകില്‍ നിന്നെ ഓടിക്കും.” താരിഖ് പ്രത്യേകതകള്‍ ഒന്നുമില്ലാത്ത സാധാരണക്കാരനായിരിക്കാം, ആവേശകരമായി അയാളില്‍ ഒന്നുമില്ലായിരിക്കാം, “ഓരോ തവണയും നീയെന്നെ നോക്കുമ്പോള്‍ എനിക്ക് അടിവയറ്റില്‍ ചിത്രശലഭങ്ങളെ അനുഭവപ്പെടില്ലായിരിക്കാം. അത് സങ്കടമാണ്. അത് വെറും സാധാരണമാണ്. അത് ഒന്നുമല്ല.” യാഥാര്‍ത്ഥ്യബോധത്തിലേക്കുള്ള സദീമിന്റെ ഈ പരിണാമത്തെ പാശ്ചാത്യമായ സ്ത്രീവിമോചന ആശയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ് വേലയായിരിക്കും. വിവാഹാനന്തരം ഉമ്മു നുവയ്യിറിന്റെ സഹായത്തോടെ വിവാഹ പാര്‍ട്ടി നടത്തിപ്പിന്റെ ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുന്ന സദീം ജീവിതത്തെ സംബന്ധിച്ച ഒരു പ്രസന്നസമീപനം മുന്നോട്ടു വെക്കുന്നുണ്ട്. അവള്‍ കൂട്ടുകാരികളുടെ സഹായവും മനസ്സില്‍ കാണുന്നു. റിയാദ് ഓഫീസ് ഗംറയുടെ സഹായത്തോടെ നടത്താം. സദീം കിഴക്കന്‍ ദേശം നോക്കും. ലമീസിനു കഴിയുമെങ്കില്‍ ജിദ്ദയില്‍ ഓഫീസ് തുറക്കാം. നിസാറുമായുള്ള വിവാഹശേഷം അവള്‍ അങ്ങോട്ട് പോകും. മിഷേല്‍ ദുബായി മേഖല കൈകാര്യം ചെയ്യും.
ഗംരാഹ്: പുരുഷന്‍ എന്ന തടവറ.
ഈണമുള്ള ലബനീസ് അറബിയില്‍ സംസാരിക്കുന്ന ഗംറാഹ്, അനുഭവങ്ങളുടെ വേട്ടയില്‍ കൂട്ടുകാരി സദീമിന്റെ വിധിയുമായി ഏറെ സാമ്യതയുള്ളവളാണ്. പരമ്പരാഗത നജ്ദി വിവാഹത്തില്‍ വിവാഹ കരാര്‍ ഒപ്പുവെക്കുമ്പോള്‍ പുരുഷന് കയ്യൊപ്പും സ്ത്രീക്ക് വിരലടയാളവും എന്ന നിലപാടില്‍ തുടങ്ങുന്ന സാമൂഹികതമസ്കരണം ഒരു വശത്ത്, വിവാഹശേഷം റഷീദ് തന്റെ പഠനത്തില്‍മാത്രം ശ്രദ്ധിക്കുകയും അവളെ അവഗണിക്കുകയും ചെയ്യുന്നത്തിന്റെ വേദന മറുവശത്ത്. കടുത്ത യാഥാസ്ഥിതിക കുടുംബത്തില്‍ “വിവാഹം .. ഒരു കത്തിക്ക് മേല്‍ ഇരിക്കുന്ന തണ്ണിമത്തന്‍ പോലെയാണ്. എന്താണ് കിട്ടാന്‍പോകുന്നതെന്ന് ഒരിക്കലുമറിയില്ല. മൂത്ത സഹോദരി നാഫ് ലയുടെ തണ്ണിമത്തന്‍ ഏറെ മധുരമുള്ളതായി കാണപ്പെട്ടു. അതേസമയം അവളുടെയും സഹോദരി ഹെസ്സായുടെയും കാര്യത്തില്‍ അത് ഉണങ്ങിച്ചുങ്ങിയതായി തീര്‍ന്നു.” റഷീദ് തന്റെ അങ്ങേയറ്റത്തെ തണുപ്പന്‍മട്ടിലൂടെ 'എത്രമാത്രമാണ് ഓരോ ദിനവും അവളെ കത്തികൊണ്ടെന്ന പോലെ കുത്തിയത്!'. ദുര്‍വാശിക്കാരനും, എപ്പോഴും അകന്നു പോകുന്നവനുമായ ചിങ്ങരാശിക്കാരന് മിഥുന രാശിക്കാരിയുമായി യോജിപ്പ് 15% മാത്രമെന്ന് തന്റെ രാശിശാസ്ത്ര പുസ്തകത്തില്‍ ഒരിടത്ത്, ലമീസും മിഷേല്‍പോലും രാശി നോക്കിക്കുമായിരുന്ന വിദഗ്ദയായിരുന്ന ഗംറാഹ് കണ്ടെത്തിയതാണ്. എന്നാല്‍ വടക്കന്‍ ആഫ്രിക്കന്‍ കുക്ക് പച്ചക്കൊടി കാട്ടിയതും കുടുംബത്തിന്റെ തെരഞ്ഞെടുപ്പുമാണ് അവളെ ആ വിവാഹത്തിലേക്ക് എത്തിക്കുന്നത്. ഏറെ പ്രയാസകരമായിരുന്ന ആദ്യനാളുകള്‍ക്കുശേഷം സാധാരണ നജ്ദി ഭര്‍ത്താക്കന്മാരെ പോലെ റഷീദ് പതംവന്നതാണ്. അയാളുടെ ഫിലിപ്പിനോയുവതിയുമായുള്ള ബന്ധം മനസ്സിലാവുമ്പോള്‍ പ്രതിഷേധ മാര്‍ഗ്ഗമായി ഗംരാഹ് ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപേക്ഷിക്കുന്നു. 'വിവാഹയുദ്ധ'ങ്ങളില്‍ കുട്ടികളെ ബന്ധം തകരുന്നതിനെതിരെ പടച്ചട്ടയായി ഉപയോഗിക്കുന്നതിനോട് ആദ്യം അവള്‍ക്ക് താല്പര്യമില്ല. എന്നാല്‍ താന്‍ ഒന്നുമല്ലാതിരുന്നപ്പോഴും താങ്ങായിരുന്ന ഫിലിപ്പിനോ യുവതിയെ റഷീദിന് ഉപേക്ഷിക്കാനാവില്ല. സഹോദരി ഹെസ്സെയുടെ സമാന അനുഭവമുണ്ടെങ്കിലും, നജദിലെ ഖാസിം നഗരത്തില്‍നിന്നുള്ള പുരാതന തറവാടായ അല്‍ ഖുസ്മാന്‍ജി കുടുംബത്തില്‍ വിവാഹമോചനം പാടില്ലെന്ന് മമ്മ വിലക്കുന്നു. 'നജദി ആണുങ്ങള്‍ അങ്ങനെയാവണം' എന്ന, ഹെസ്സെ 'തേള്‍ ' എന്ന് വിളിക്കുമായിരുന്ന ഭര്‍തൃ മാതാവിന്റെ നിലപാട്, സ്ത്രീ വിരുദ്ധത പുരുഷനില്‍ ഒതുങ്ങുന്നതല്ല എന്ന പതിവുസത്യം സൂചിപ്പിക്കുന്നു. ഗംറായാകട്ടെ, റഷീദ് വിട്ടുപോയ ശൂന്യത നികത്താന്‍ കട്ടിലില്‍ കോണോടു കോണ്‍ വിലങ്ങനെ കിടന്നു. കുഞ്ഞുപിറക്കുമ്പോള്‍ അവളുടെ ജീവിതം അത്രയൊന്നും മാറുന്നില്ല, കാരണം കുഞ്ഞിനെ നോക്കുന്ന ഭാരം കാര്യമായും ഫിലിപ്പിനോ ആയയുടെതാണ്. മിഷേലില്‍ നിന്ന് ശക്തിയും സദീമില്‍നിന്ന് വിവേകവും, ലമീസില്‍നിന്ന് ഇത്തിരി ധൈര്യവും ആര്‍ജ്ജിക്കാനായെങ്കില്‍ എന്ന് അവള്‍ മോഹിക്കുന്നു. എന്നാല്‍ മമ്മയും തന്റെ കൂട്ടുകാരും ഉള്‍പ്പടെ എല്ലാവരും തന്നോട് കാര്‍ക്കശ്യം കാട്ടുന്നതായി അവള്‍ക്ക് തോന്നുന്നു. അബു മുസായെദുമായി അമ്മാവന്‍ കൊണ്ടുവരുന്ന വിവാഹാലോചന ബദൂയിന്‍ പുരുഷന്മാരുടെ കടുത്ത പ്രകൃതം അവളെ ബോധ്യപ്പെടുത്തുന്നു. ആലോചന കൊണ്ടുവരുന്ന അമ്മാവനോ, ഗംറയുടെ പിതാവോ, പ്രതിശ്രുതവരനോ ആരുംതന്നെ അവളുടെ സാന്നിധ്യംപോലും കണ്ടതായി നടിക്കുന്നില്ല. വിവാഹമോചിതകളുടെയും വിധവകളുടെയും വിവാഹത്തില്‍ അവരുടേത് തന്നെയാണ് അവസാന വാക്ക് എന്ന നബിവചനത്തിനൊന്നും ഒരു വിലയുമില്ല. എന്നാല്‍ സ്വപ്ന വ്യാഖാതാവായ ഷെയ്ഖ് അവളുടെ രക്ഷക്കെത്തുന്നു; മുമ്പൊരു ഘട്ടത്തില്‍ ശകുനവും നക്ഷത്രങ്ങളും അവളെ ചതിച്ചിരുന്നെങ്കിലും.
ലമീസ്: നയിക്കുന്നവള്‍ , വിജയിക്കുന്നവളും.
പടിഞ്ഞാറന്‍ ദേശമായ ഹിജാസിലെ പരിഷ്കൃതമൊഴിയും 'ഫറോവ' എന്ന് വിളിപ്പേരുള്ള മുത്തശ്ശിയുടെ ശിക്ഷണത്തില്‍ നിന്ന് കിട്ടിയ കര്‍ക്കശ സംസാര രീതിയും നെടുതായ, ജിമ്മില്‍ പരുവപ്പെടുത്തിയെടുത്ത ഉടല്‍ വഴക്കവുമുള്ള 'നൃത്ത വേദിയുടെ റാണി (queen of the dancing floor) കൂടിയായ ലമീസ്, മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഫാര്‍മക്കോളജി വിഭാഗം ഡീന്‍ ആയ ഡോ. അസീം ഹിജാസിയുടെയും അതേ ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി അഡ്മിനിസ്റ്ററായ ഡോ. ഫാതിന്‍ ഖലീലിന്റെയും ഇരട്ടകളില്‍ ഒരുവളാണ്. മുന്നില്‍നിന്നു നയിക്കുന്ന പ്രകൃതക്കാരി. ഹൈസ്ക്കൂള്‍ കാല കുസൃതിങ്ങളില്‍ നാലുകൂട്ടുകാരികളെയും ആവേശകരമായ സാഹസങ്ങളിലൂടെ പരിക്കുപറ്റാതെ കൊണ്ടുപോകുന്നത് എപ്പോഴും അവളാണ്. മൊബൈലുകള്‍ അത്ര ജനകീയമായിട്ടില്ലാത്ത തൊണ്ണൂറുകളുടെ രണ്ടാംപകുതിയാരംഭത്തില്‍ മുന്‍കൂട്ടി പ്ലാന്‍ചെയ്ത വീഡിയോ എക്സ്ചേഞ്ച് പരിപാടിയില്‍ വിദഗ്ദമായി തടി രക്ഷപ്പെടുത്തുമ്പോള്‍ എല്ലാമറിയുന്ന പ്രിന്‍സിപ്പാള്‍ അവളോട് പറയുന്നുണ്ട്, “നിന്റെ പ്രശ്നം, ലമീസ്, നീ കരുതുന്നു നീയാണ് നിന്റെ കൊച്ചുമാഫിയയുടെ ഗോഡ് ഫാദര്‍ എന്ന്.” മെഡിക്കല്‍ കോളേജില്‍ വെച്ച് ഉറ്റസുഹൃത്ത് ഫാത്തിമയുടെ സഹോദരന്‍ അലിയെ കണ്ടുമുട്ടുന്നതും കുലീനമായ സൗഹൃദം ഉടലെടുക്കുന്നതും അത് മതപോലീസുമായി ഉരസലുണ്ടാവുന്നതിനു കാരണമാവുന്നതും പാവം അലി പുറത്താക്കപ്പെടുന്നതും ഫാതിമയുമായുള്ള സൗഹൃദം അവസാനിക്കാന്‍ ഇടയാക്കുന്നു. ട്രെയ്നിംഗ് കാലത്ത് നിസാറിനെ പരിചയപ്പെടുന്ന ലമീസ് ഇത്തവണ കണക്കു കൂട്ടിയാണ്. അമിതാവേശത്തിലൂടെ അയാള്‍ക്ക് തെറ്റായ സന്ദേശംനല്‍കി സ്വയം പരാജയപ്പെടില്ല. അയാളായിരിക്കണം മുന്‍കൈ എടുക്കുന്നത്. മനസ്സില്‍ അവളൊരു കാലാവധി വെക്കുന്നു. മൂന്നു മാസം. അതിനകം അതൊരു ശരിയായ, സാധ്യതയുള്ള ബന്ധമായി വളര്‍ന്നില്ലെങ്കില്‍ അത് മറന്നു കളഞ്ഞേക്കുക. എന്നാല്‍ കണക്കുകൂട്ടല്‍ വിജയിക്കുന്നു. നാല് കൂട്ടുകാരികളില്‍ അങ്ങനെ അവള്‍ ആദ്യപ്രണയംതന്നെ ഫലപ്രാപ്തിയിലെത്തിയ ഏകവ്യക്തിയായിത്തീരുന്നു. ഹിജാസി യുവാക്കള്‍ക്ക് നജദി യുവാക്കളെക്കള്‍ പ്രണയത്തിന്റെ വിലയറിയാമെന്നു ഗംറാഹ് നിരീക്ഷിക്കുന്നു. എന്നാല്‍ സ്ത്രീവിമോചനത്തെക്കുറിച്ച് തുറന്ന നിലപാടുകളുള്ള മിഷേല്‍ മുന്നോട്ടു വെക്കുന്നത് അവര്‍ സ്വാഭാവികമായി ചെയ്യേണ്ടത് ചെയ്യുമ്പോള്‍ പുരുഷന്മാരെ ആ രീതിയില്‍ പുകഴ്ത്തേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത് പെണ്‍കുട്ടികളുടെ വിധേയത്വ മനസ്ഥിതി ആണെന്നുമാണ്.
മിഷേലി: വിമോചിതമായ പെണ്‍മനസ്സ്
ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ള, ആത്മവിശ്വാസമുള്ള പുതുതലമുറ (debonair) യുവതികളുടെ ഏറ്റവും മികച്ച പ്രതീകം കൂട്ടുകാരികള്‍ക്കിടയില്‍ മിഷേല്‍ തന്നെ. കൂട്ടുകാരികളെ കുറിച്ച് ഏറെ പൊസസീവ് ആണ് മിഷേലി. ലമീസ് വേറെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത് അവള്‍ക്കു ഇഷ്ടമാവുന്നില്ല. ഷിയാ വിഭാഗക്കാരിയായ ഫാതിമയുമായുള്ള ലമീസിന്റെ സൌഹൃദത്ത അവള്‍ വെറുക്കുന്നതും മതപരമായ കാരണം കൊണ്ടല്ല എന്ന് ലമീസിനറിയാം. "അവളുടെ സുഹൃത്തുക്കളാരും ഫാത്തിമ, ഷിയാ വിഭാഗക്കാരിയാണോ, സുന്നിയാണോ, സൂഫി മുസ്ലിം മിസ്റ്റിക് ആണോ ക്രിസ്ത്യനോ ജൂതനോ ആണോ എന്നൊന്നും നോക്കുമായിരുന്നില്ല; അവള്‍ അവരുടെ കൂട്ടത്തില്‍ പെട്ടതല്ല എന്നതാണ് അവരുടെ പ്രശ്നം.” മുന്‍ വിധികളുടെ പിടിയില്‍ ഷിയാ വിഭാഗക്കാരികള്‍ നല്‍കുന്ന ഭക്ഷണം പോലും ലമീസ് മുമ്പ് കഴിക്കുമായിരുന്നില്ല. രാജകുമാരിയായിരുന്ന സാറയുമായി ലമീസ് അടുത്തപ്പോഴും മിഷേലിന് ഇഷ്ടമായില്ല. പക്ഷെ രാജകുമാരി പഠനം കഴിഞ്ഞതും ലമീസിനെ മറന്നു. സദീമിനോട് ലമീസ് വിശദീകരിക്കുക, മിഷേലില്‍ ഇല്ലാത്ത പലഗുണങ്ങളും ഫാത്തിമയിലുണ്ട് എന്നാണ്. അപ്പോള്‍ വിവാഹം കഴിക്കുമ്പോള്‍ ഭര്‍ത്താവില്‍ ഇല്ലാത്ത ഗുണങ്ങള്‍ മറ്റൊരാളില്‍ കണ്ടാല്‍ അങ്ങോട്ട് തിരിയുമോ എന്ന് സദീം മറുചോദ്യം ഉന്നയിക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയില്‍ ആണുങ്ങളുടെ നിഴലില്ലാതെ വിമാനമിറങ്ങുന്ന മിഷേലി , കസിന്‍ മാറ്റിയെ കണ്ടുമുട്ടുന്നു. മിഷേലിന്റെ ജീവിതത്തെ ആസ്വാദ്യകരമായ സാഹസമാക്കാന്‍ അയാള്‍ക്ക് കഴിയും. അയാളുടെ സഹായം അവള്‍ക്ക് മികച്ച ഗ്രേഡുകള്‍ കിട്ടുന്നതിനും ഇടയാക്കുന്നു. എന്നാല്‍ ഫെയ്സല്‍ അവള്‍ക്ക് വെളിപ്പെടുത്താനാവാത്ത രഹസ്യമാണ്. “സ്വാതന്ത്ര്യം ശ്വസിച്ച ഒരുനാട്ടില്‍ നിന്നുള്ള ആളായിരുന്ന മാറ്റി, അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഒരസാധാരണ ശക്തി എന്ന നിലയില്‍ പ്രണയത്തില്‍ വിശ്വസിച്ചു. കുട്ടിക്കാലത്തുനിന്നു പുറത്തുകടന്ന ആദ്യനാളുകളില്‍ മിഷേലിയും അതുപോലെ വിശ്വസിച്ചു. പക്ഷെ അത് അവള്‍ അമേരിക്കയില്‍നിന്ന് തന്റെ നാട്ടിലേക്ക് ജീവിക്കാന്‍ പോകുംമുമ്പായിരുന്നു, അവിടെ പ്രണയം ഒരു അരുതാത്ത ഫലിതമായി കണക്കാക്കപ്പെട്ടു. കുറച്ചുകാലം തട്ടിക്കളിക്കാവുന്ന ഒരു കാല്‍പ്പന്ത്, അധികാരമുള്ളവര്‍ തട്ടിത്തെറിപ്പിക്കും വരെ.” മിഷേലിയുടെ സ്ത്രീവിമോചന കാഴ്ചപ്പാടുകള്‍ ഗംറയെ പേടിപ്പിക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ വേണ്ടവിധം ശക്തയാവാന്‍ അവള്‍ ഗംറയെ ഉപദേശിക്കുന്നു. സദീം തന്റെ ഇംഗ്ലണ്ട് വാസത്തിനുശേഷം കുറെകൂടി പക്വതയാര്‍ജ്ജിച്ചതായി മിഷേലി മനസ്സിലാക്കുന്നു. സൗദി യുവാക്കള്‍ പ്രണയത്തിനായി പിന്നാലെ കൂടും. എന്നാല്‍ ഒരിക്കല്‍ കുടുംബാംഗങ്ങളുടെ കണ്ണുവെട്ടിച്ച് അവരോടു അടുപ്പംകാട്ടിയാല്‍ ആ നിമിഷം അവര്‍ക്ക് നിങ്ങളിലുള്ള ബഹുമാനവും വിശ്വാസവും നഷ്ടമാവും. ഈ നിലപാടിനെതിരെ ഫിറാസിനെ പ്രതിരോധിക്കുമ്പോഴും സദീമിന് ഉള്ളിലറിയാം, അത് ശരിയാണെന്ന്.
താരതമ്യേന വിമോചിതമായ കുടുംബ ചുറ്റുപാടുകളാണ് മിഷേലിന്റെ വ്യക്തിത്വത്തിന്റെ പ്രഭാവം. മമ്മക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ ഒരു ആണ്‍കുട്ടിക്കുവേണ്ടി വേറെ വിവാഹം ചെയ്യാന്‍ അവളുടെ അച്ഛനെ അദ്ദേഹത്തിന്റെ സഹോദരിതന്നെ ഉപദേശിച്ചതാണ്, അതും മമ്മയുടെ മുന്നില്‍ വെച്ച്. ഡാഡി ഉറച്ചു നിന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സഹോദരനായി മിഷാലിനെ ദത്തെടുക്കാന്‍ തെരഞ്ഞെടുത്തത് മിഷേലിയായിരുന്നു. എന്നാല്‍ ഈ സ്വതന്ത്ര വ്യക്തിത്വം തന്നെയും സൗദി സമൂഹത്തില്‍ അവള്‍ക്കത്ര ഗുണമല്ല ചെയ്യുന്നത്. “എന്റെ മമ്മ അമേരിക്കക്കാരിയാണ് എന്ന ഏകകാരണം കൊണ്ട് എല്ലാവരും എന്നെ ചീത്തയായി കാണുന്നു.” യൂണിവേഴ്സിറ്റിയില്‍ വെച്ചുണ്ടാവുന്ന ഫെയ്സലുമായുള്ള ബന്ധം എങ്ങുമെത്താതെ പോകുന്നത് അയാള്‍ ആ പതിവ് സൗദി ആണ്‍കോയ്മയുടെ വക്താവുതന്നെ ആയതുകൊണ്ടാണ്. നജ്ദി സൗന്ദര്യവും അമേരിക്കന്‍ വ്യക്തിത്വവുമുള്ള മിഷേലി ഒരിക്കലും ഫെയ്സലിന്റെ സ്വന്തമാവില്ല. അയാള്‍ ഉമ്മയുടെ മകനാണ്. “ഫെയ്സല്‍ നല്‍കിയ മുറിവുണ്ടെങ്കിലും അയാള്‍ തന്നെ ശരിക്കും ശക്തമായും സ്നേഹിച്ചിരുന്നുവെന്നും ഇപ്പോഴും താന്‍ അയാളെ സ്നേഹിക്കുന്ന പോലെ തിരിച്ചും സ്നേഹിക്കുന്നുണ്ടെ'ന്നും മിഷേലിന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ദുര്‍ബ്ബനും കര്‍തൃത്വമില്ലാത്തവനും സമൂഹത്തിലെ അംഗങ്ങളെ തളര്‍ത്തിക്കിടത്തുന്ന ഒരു സാമൂഹ്യമനസ്ഥിതിയുടെ അടിമയും ആയിരുന്നു." കാപട്യ ജടിലവും വൈരുധ്യങ്ങളില്‍ വിവശമായതുമായ ഒരു സമൂഹമായിരുന്നു അത്, ഒന്നുകില്‍ ആ വൈരുധ്യങ്ങളെ അംഗീകരിക്കുക, അവയ്ക്ക് കുമ്പിടുക, അല്ലെങ്കില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ നാടുവിടുക - ഇതേ അവള്‍ക്ക് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.” അമേരിക്കയിലേക്ക് ഉപരിപഠനത്തിനു പോകുന്നതിനു മുമ്പ് കൂട്ടുകാരെ കാണുമ്പോള്‍ മിഷേല്‍ ആ പുരുഷവിദ്യോഷവും സൗദി സമൂഹത്തിനു നേരെയുള്ള വിമര്‍ശനങ്ങളും തുറന്നുപറയുന്നു. അവളുടെ പിതാവില്‍തന്നെ വരുധ്യങ്ങളുടെ പകര്‍ച്ചവ്യാധിയെന്ന ദേശീയരോഗം അവള്‍ കണ്ടെത്തുന്നു. ഒരു ജനതയോടൊപ്പം ജീവിച്ചു തുടങ്ങുമ്പോള്‍ ഒരാള്‍ അവരില്‍ ഒരാളായി മാറുന്നു. മാറ്റിയെ അവര്‍ക്ക് സ്വീകരിക്കാനാവില്ല. ഒരു മുസ്ലിം പുരുഷന് ഒരു ക്രിസ്ത്യന്‍സ്ത്രീയെ വിവാഹം ചെയ്യാം, എന്നാല്‍ മുസ്ലിം സ്ത്രക്ക് അമുസ്ലിം പുരുഷനെ വിവാഹം ചെയ്തുകൂടാ. മാറ്റിയുമായുള്ള അടുപ്പം വളരാതിരിക്കാന്‍ മിഷേലിയെ ദുബായി യൂണിവേഴ്സിറ്റിയിലേക്ക് മാറ്റുന്നതോടെ ജുമാനയുടെ നിര്‍ദേശപ്രകാരം ടി. വി. പരിപാടി അവതരിപ്പിച്ചു തുടങ്ങുന്നതോടെയാണ് ആദ്യമായി അവള്‍ക്കു ശരിക്കും സ്വതന്ത്രയായി എന്ന തോന്നലുണ്ടാവുന്നത്. തന്റെ സുഹൃത്തുക്കളെ പോലെയാവേണ്ടിവന്നാല്‍ അത് മരണമായിരിക്കും എന്ന് അവള്‍ ചിന്തിക്കുന്നു: ഗംറായെ പോലെ വീട്ടുതടങ്കല്‍, സദീമിനെ പോലെ പുരുഷന്റെ തടവില്‍, ലമീസിനെ പോലെ പൊങ്ങച്ചത്തിന്റെ തടവില്‍. ആണുങ്ങളുമായുള്ള കെട്ടുപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് സുരക്ഷിതം എന്ന് അവള്‍ കരുതുന്നു.
സൗദി സമൂഹത്തിലെ യുവതലമുറയില്‍ ഭൂരിപക്ഷത്തെയും പോലെ പെണ്‍കുട്ടികളെല്ലാം വീട്ടുപാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശക്തികള്‍ക്കിടയില്‍ വലിഞ്ഞു മുറുകുന്നവരാണ്. "സൌദിസമൂഹം സാമൂഹികവിഭാഗങ്ങളുടെ ഒരു ഫ്രൂട്ട് കോക്ക്ട്ടെയ്ല്‍ പോലെയായിരുന്നു. അത്രക്കും അത്യാവശ്യമില്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ പരസ്പരം കൂടിക്കലരില്ല. അപ്പോഴും ഒരു ലായിനിയുടെ സഹായം ഉണ്ടാവുകയും ചെയ്യും. റിയാദിലെ 'വെല്‍വെറ്റ് ' ഉപരിവര്‍ഗ്ഗം മാത്രമായിരുന്നു നാല് പെണ്‍കുട്ടികളുടെയും ലോകം. എന്നാല്‍ അത് യൂനിവേഴ്സിറ്റി ചുറ്റുപാടിലെ വൈവിധ്യത്തിന്റെ ഒരു ചെറുഭാഗം മാത്രമായിരുന്നു.” വാലന്റൈന്‍ ദിനംപോലുള്ള പാശ്ചാത്യ സമ്പ്രദായങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന യുവജനങ്ങള്‍ക്ക് അത്തരം കാര്യങ്ങളില്‍ വിലക്കുകളുമായി മതപോലീസ് കര്‍ക്കശമായി ഇടപെട്ടു തുടങ്ങുന്നത് ദുസ്സഹമാവുന്നുണ്ട്. വസ്ത്ര ധാരണ രീതികളില്‍ പരമ്പരാഗതരീതികള്‍ മുറുകെപിടിക്കുമ്പോഴും ഇപ്പോള്‍ 'ഗുച്ചി, ക്രിസ്റ്റ്യന്‍ ഡയര്‍, ഗിവേഞ്ചി, വാലെന്റിനോ തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന 'ഷിമാഘും തോബും' ഒക്കെയാണ് പുതുതലമുറക്ക് പ്രിയം. ഇതൊക്കെയാണെങ്കിലും, നോവല്‍ അതിന്റെ കടുത്ത വിമര്‍ശകന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നപോലെ അത്ര കലാപസ്വഭാവമുള്ളതല്ലെന്നും ഫലത്തില്‍ ഏറെ യാഥാസ്ഥിതികമാണെന്നും റേച്ചല്‍ ആസ്പ്ഡെന്‍ നിരീക്ഷിക്കുന്നു. തന്റെ നായികമാരെ പോലെത്തന്നെ നോവലിസ്റ്റും അവരുടെ പ്രണയ ഭംഗങ്ങളുടെ കൂടുതല്‍ വിശാലമായ അടിസ്ഥാനമാനങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കുന്നതേയില്ല. തന്റെ പ്രേമ നൈരാശ്യത്തിന്റെ വേദന മറക്കാന്‍കഴിയുംവിധം ഇടപെടാന്‍ തനിക്കൊരു മഹത്തായ ലക്ഷ്യമില്ലാത്തതിനെ കുറിച്ച്, 'എന്തുകൊണ്ടാണ് യുവജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തത്?' എന്ന സദീമിന്റെ ചോദ്യം അവിടത്തന്നെ അവസാനിക്കുന്നു. ഒടുവില്‍, ആണ്‍കൊയ്മയുടെ സാമൂഹിക പരിമിതികള്‍ക്കെതിരില്‍ സംഘടിതമായി കൂട്ടുകാരികള്‍ കണ്ടെത്തുന്ന പ്രതിഷേധകര്‍മ്മം ബെല്‍ജിയന്‍ ചോക്കലേറ്റ് ഇറക്കുമതി ചെയ്തു ഒരു വിവാഹ സല്‍ക്കാര നടത്തിപ്പ് ബിസിനസ്സ് തുടങ്ങുക എന്ന 'ശ്വസനസ്ഥലി' (breathing space) തേടലിനപ്പുറം ഒന്നുമാവുന്നില്ല താനും. 'റിയാദിലെ പെണ്‍കുട്ടികള്‍ സൗദി വ്യവസ്ഥിതിക്കെതിരെയുള്ള ഒരു വിഷം വമിക്കുന്ന തൂലിക എന്നതിലേറെ അമേരിക്കക്കുള്ള ഒരു പ്രണയ ലേഖനമാണ്' എന്ന് റേച്ചല്‍ ആസ്പ്ഡെന്‍ അതിശയോക്തി കലര്‍ത്തുന്നു.
അവലംബങ്ങള്‍:
1. Rachel Aspden. ‘Sex and the Saudis’, The Observer Books Review, 22 Jul 2007.
2. Fatema Ahmed. ‘Velvet lives’, The Guardian Book Review, 14 Jul 2007
3. The complete review's Review
