Half Blood Blues by Esi Edugyan

ബാലിയാടുകളുടെ ജാസ് ദിനങ്ങള്‍

(കനേഡിയന്‍ നോവലിസ്റ്റ് എസി എദുഗ് യാന്‍ രചിച്ച Half Blood Blues, സാമൂഹിക ബോധ്യങ്ങളുള്ള സാഹിത്യത്തിനുള്ള അനിസ് ഫീല്‍ഡ് വുള്‍ഫ് ബുക്ക് അവാര്‍ഡ്, കനേഡിയന്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടുകയും 2011-ലെ മാന്‍ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു വിളിക്കപ്പെട്ട ആഫ്രോ ജര്‍മ്മന്‍ വംശജരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് ‘Half Blood Blues.’)

ജൂതരാണോ കറുത്ത വര്‍ഗ്ഗക്കാരാണോ ചരിത്രപരമായി ഏറ്റവും പീഡിതരായ ജനത എന്ന പ്രശ്നം ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഘാനയില്‍ നിന്നുള്ള പ്രവാസി മാതാപിതാക്കളുടെ മകളായി കാനഡയില്‍ ആല്‍ബേര്‍ട്ടാ പ്രവിശ്യയിലെ കല്‍ഗാരി നഗരത്തില്‍ 1978-ല്‍ ജനിച്ച എസി എദുഗ് യാന്‍, നാസി ജര്‍മ്മന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച തന്റെ രണ്ടാമത് നോവല്‍ ഹാഫ്-ബ്ലഡ്‌ ബ്ലൂസ് എന്ന കൃതിയിലൂടെ ഈ ഭൂതാവിഷ്ടമായ ചരിത്ര സമസ്യയെയാണ് നേരിടുന്നത് എന്ന് ഡോണാ ബേലി നേഴ്സ് നിരീക്ഷിക്കുന്നു. (The Globe and Mail Inc.). നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരനുഭവ ലോകമാണ് ആഫ്രോ- ജര്‍മ്മന്‍കാരുടെത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കന്‍ വംശജരുടെ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ജര്‍മ്മനിയില്‍ സങ്കര വംശജരുടെ എണ്ണം രണ്ടു ലോക യുദ്ധങ്ങള്‍ക്കിടെ ആയിരങ്ങളായി വളര്‍ന്നിരുന്നു. ജര്‍മ്മന്‍ ഭാഷയില്‍ മിഷ് ലിങ് (Mischling) എന്ന് അവമതി ചിഹ്നമായി വിളിക്കപ്പെട്ട ഈ ‘അര്‍ദ്ധ വംശജര്‍’ (half-breed) ജൂതരുടെയും ഇതര ‘അപര’ വിഭാഗങ്ങളുടെയും അതേ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് വിധി തന്നെയാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ നിറം അവരെ മറ്റാരേക്കാളും വേഗത്തില്‍ ഒറ്റികൊടുക്കുകയും ചെയ്തു. ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു നിന്ദിക്കപ്പെട്ട ഈ മനുഷ്യരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് 2011-ലെ മാന്‍ ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ‘Half Blood Blues.’

മുറിവുകളും കുമ്പസാരങ്ങളും

മുപ്പതുകളിലെ ജിം ക്രോ നിയമങ്ങളുടെ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷ തേടി 1939-ല്‍ യു. എസ്സില്‍ നിന്ന് ബെര്‍ലിനില്‍ എത്തിയ രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ ജാസ് ഗായകര്‍, അമേരിക്കന്‍ ജാസ് സംഗീതത്തിന് യൂറോപ്പിലുള്ള പ്രചാരത്തെ ഉപയോഗപ്പെടുത്തി നിലനില്‍പ്പും അതിജീവനവും പയറ്റാനായി ‘ദി ഹോട്ട് ടൈം സ്വിങ്ങേഴ്സ്’ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ ജാസ് ബാന്‍ഡ് സ്ഥാപിക്കുന്നു. ബാസ് വാദകന്‍ സിഡ്നി ഗ്രിഫിത്ത് എന്ന സിഡ്, ഡ്രമ്മര്‍ ചാള്‍സ് ജോണ്‍സ് എന്ന ചിപ്, എന്നീ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പോള്‍, ഫ്രിറ്റ്സ്, ഏണസ്റ്റ് എന്നീ മൂന്നു ഒളിച്ചു പാര്‍പ്പുകാരെ കൂടി കൂടെ കൂട്ടുന്നുവെങ്കിലും ആഫ്രോ ജര്‍മ്മന്‍ വംശജനായ ട്രംപെറ്റ് വാദകന്‍ ഹിരോനിമസ് ഫാക്ക് എന്ന ഹിരോ എത്തുന്നതോടെയാണ് ബാന്‍ഡ് ശരിക്കും പൂര്‍ണ്ണമാകുന്നത്. രണ്ടാം ലോക യുദ്ധത്തിനു തൊട്ടു മുമ്പു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകം വരെയുള്ള കാലയളവില്‍ മുന്നോട്ടും പുറകോട്ടുമായി നോവല്‍ സഞ്ചരിക്കുന്നു. ഹീറോ ഉള്‍പ്പടെ ബാന്‍ഡിലെ രണ്ടു ജര്‍മ്മന്‍ അംഗങ്ങള്‍ ഏതു നിമിഷവും ഗസ്റ്റപ്പോയുടെ പിടിയില്‍ അകപ്പെടാം എന്ന ഭീഷണിക്കൊപ്പം ബാന്‍ഡ് റെക്കോര്‍ഡ് ചെയ്യാന്‍ പോകുന്ന സംഗീതം നിരോധിക്കപ്പെട്ടിരിക്കുന്നു എന്നതും സംഘത്തിന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലില്‍ ആക്കുന്നു. ജാസ് സംഗീതത്തെ ജൂതരുടെയും കറുത്തവരുടെയും തരം താഴ്ന്ന സംഗീതമായാണ് നാസികള്‍ കണ്ടത്. അസാമാന്യ പ്രതിഭയുള്ള ഹീരോയുടെ പ്രകടനം വിഖ്യാത ഗായകന്‍ ലൂയി ആംസ്ട്രോങ്ങിനെ ആകര്‍ഷിക്കുന്നതും അദ്ദേഹത്തിന്റെ ദൂതുമായി സുന്ദരിയും അറിയപ്പെടുന്ന ജാസ് വാദകയുമായ ദലീല സംഘത്തെ സമീപിക്കുന്നതുമാണ് നോവലന്ത്യത്തില്‍ മാത്രം പൂര്‍ണ്ണമായി വെളിവാകുന്ന സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുക. ലൂയി ആംസ്ട്രോങ്ങുമായുള്ള ഹീരോയുടെ യുഗ്മ ഗാനം അവാച്യമായ അനുഭൂതി പകരുന്നത് നോവലിസ്റ്റ് വിവരിക്കുന്നുണ്ട്,

അത് ദൈവങ്ങളുടെ ശബ്ദമായിരുന്നു, .. ഹീരോ ഒന്നിന് പിറകെ ഒന്നായി മനം മയക്കുന്ന നോട്ടുകള്‍ സൃഷ്ടിച്ചു, ഒരു തടാകത്തിന്റെ ഉപരിതലത്തില്‍ മുഴുവന്‍ വെയില്‍ തത്തിക്കളിക്കും പോലെ, ആംസ്ട്രോങ്ങ്‌ ആയിരുന്നു ജലം, ആഴവും ചിന്തയും തികഞ്ഞത്, ഒരൊറ്റ അനാവശ്യ നോട്ട് പോലുമില്ലാതെ. ഹീറോ, അവന്‍ മുന്നോട്ടു കുതിച്ചു, തീരം തേടി...”

1940-ല്‍ നാസികളുടെ പാരീസ് അധിനിവേശം ആസന്നമായ ഘട്ടത്തില്‍, ഒരു സ്റ്റുഡിയോയില്‍ ഒളിച്ചു കഴിഞ്ഞു ‘ഹാഫ് ബ്ലഡ്‌ ബ്ലൂസ്’ എന്ന തങ്ങളുടെ സ്വപ്ന ആല്‍ബം തയ്യാറാക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കെ, തന്നോടൊപ്പം എത്താനാവാത്ത കൂട്ടാളികളുടെ പ്രകടനത്തില്‍ നിരാശനായ ഹീരോ ആവര്‍ത്തിച്ചുള്ള ടേക്കില്‍ അസ്വസ്ഥനായി ഒരു ഗ്ലാസ് പാല് കുടിച്ചു വരാം എന്ന ഒഴികഴിവോടെ കൂട്ടാളികളുടെ മുന്നറിയിപ്പ് വകവെക്കാതെ പുറത്തിറങ്ങുന്നത് അറസ്റ്റ് ചെയ്യപ്പെടുകയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നതിനിടയാക്കുന്നത് എന്നെന്നേക്കുമുള്ള ദുരന്തം ആയിത്തീരുന്നു. ബെര്‍ലിനില്‍ നിന്ന് രക്ഷപ്പെട്ടു പാരീസിലേക്ക് കടക്കാന്‍ വേണ്ടി സംഘത്തിലെ മറ്റൊരു അംഗം കൂടിയായ ഏണസ്റ്റിന്റെ പിതാവിന്റെ സഹായത്തോടെ ദലീല സംഘടിപ്പിച്ചിരുന്ന രേഖകള്‍ ഒന്നും പിടിക്കപ്പെടുമ്പോള്‍ ഹീറോയുടെ കൈവശം ഉണ്ടായിരുന്നില്ല. മടിച്ചു മടിച്ചാണെങ്കിലും കൂടെപ്പോയ സിഡ് ബാത്ത് റൂമില്‍ പോയ ഘട്ടത്തിലാണ് ആ അറസ്റ്റ് നടന്നത്. ഹീരോ ക്യാമ്പില്‍ മരിച്ചു പോയെന്നു വിശ്വസിക്കപ്പെട്ടു.

ജിം ക്രോ കാല ബാള്‍ട്ടിമോറിലും നാസി കാല ബെര്‍ലിനിലും നാസി അധിനിവിഷ്ട പാരീസിലുമായി സിംഹ ഭാഗവും ചുരുളഴിയുന്ന ഇതിവൃത്തത്തിന്റെ മറ്റൊരു ധാരയില്‍ അഞ്ചു പതിറ്റാണ്ടിനു ശേഷം നാം ബെര്‍ലിനില്‍ തിരികെയെത്തുന്നു. നോവലിന്റെ വര്‍ത്തമാന കാലമായ 1992-ല്‍, ചിപ്പ് ബെര്‍ലിനില്‍ കഴിയുന്ന എമ്പത്തിമൂന്നുകാരനായ സിഡിനെ കാണാന്‍ വരുന്നത് മൂടി വെക്കപ്പെട്ടതോ മറക്കപ്പെട്ടതോ ആയ രഹസ്യങ്ങളുടെ തുറസ്സുകളിലേക്കുള്ള പ്രയാണത്തിനു തുടക്കം കുറിക്കുന്നു. ഹീറോയുടെ പേരില്‍ നടത്തപ്പെടുന്ന സംഗീതോത്സവത്തിലേക്ക് കൂട്ടുകാരനെ കൂട്ടിക്കൊണ്ടു പോകണം അയാള്‍ക്ക്. ഒപ്പം തങ്ങള്‍ വിശ്വസിച്ചിരുന്നതില്‍ നിന്ന് ഭിന്നമായി ഹീറോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തനിക്കു ഹീറോയുടെ കത്ത് കിട്ടിയിട്ടുണ്ടെന്നും അയാള്‍ സുഹൃത്തിനോട് പറയുന്നു. എന്നാല്‍, സിഡ് തന്നോടൊപ്പം വരാന്‍ ഏറെ ബോധ്യപ്പെടുത്തലുകള്‍ ആവശ്യമായി വരുന്നതിനു പിന്നില്‍ ചിലതുണ്ട്. അത്, ഹീരോയുമായുള്ള നേര്‍ക്കാഴ്ചയില്‍, ഒരു ഭാരമിരക്കുന്നത് പോലെ സിഡ് കുറ്റസമ്മതം നടത്തും; അപ്പോഴേക്കും എല്ലാം ഒരു യോഗീഭാവത്തില്‍ സ്വീകരിക്കാന്‍ വേണ്ട വിധം പാകപ്പെട്ടു കഴിഞ്ഞ ഹീരോക്ക് മുന്നില്‍.

വര്‍ണ്ണ-വംശീയതയുടെയും ദേശീയ സ്വത്വത്തിന്റെയും പ്രശ്നം ഒരു ജീവന്മരണ പ്രശ്നമായിരുന്ന നാസി കാലഘട്ടത്തിലാണ് നോവലിന്റെ ഇതിവൃത്തം ഏതാണ്ട് മുഴുവനായും ചുരുളഴിയുന്നത്. നാസികള്‍ എങ്ങനെയാണ് കറുത്ത വര്‍ഗ്ഗക്കാരെ ദേശീയതയുടെ പേരില്‍ വെട്ടയാടിയതെന്നു എദുഗ് യാന്‍ ചിത്രീകരിക്കുന്നുണ്ട്. ആഫ്രിക്കന്‍ അമേരിക്കക്കാരായ കലാകാരന്മാര്‍ക്കും രാജ്യ തന്ത്രജ്ഞര്‍ക്കും ശരിയായ രേഖകളോടെ പുറത്തിറങ്ങാമായിരുന്നപ്പോള്‍ ‘റെയ്ന്‍ലാന്‍ഡ്‌ ജാരസന്തതി’യായിരുന്ന ജര്‍മ്മന്‍ പൌരന്‍ തന്നെയായ ഹീരോ തീര്‍ത്തും അനഭിമാതനായിരുന്നു. സ്വര്‍ണ്ണത്തലമുടിയൊഴിച്ചു മറ്റെല്ലാ ഘടകങ്ങളും ഒരു സങ്കര അമേരിക്കക്കാരന്‍ എന്ന നിലയില്‍ ഏതാണ്ട് ഒരു വെള്ളക്കാരന്‍ തന്നെയായി ബര്‍ലിന്‍ നാളുകളില്‍ കടന്നു പോകാന്‍ സിഡിനെ തുണച്ചിരുന്നു. റെയ്ന്‍ലാന്‍ഡുകാരിയായ വെള്ളക്കാരിയായിരുന്നു തന്റെ അമ്മയെന്ന് ആര്‍ക്കും തോന്നാനിടയില്ലാത്ത വിധം ഫ്രഞ്ച് ആഫ്രിക്കന്‍ സൈനികനായിരുന്ന പിതാവിന്റെ നിറം അപ്പടി കിട്ടിയ കറുത്തവനായിരുന്ന ഹീരോയുടെ വിധി സിഡിന് ഒരു പ്രച്ഛഹ്നപ്പെടല്‍ പോലും ദുസ്സാധ്യമായിരുന്നു. ‘പയ്യന്‍’ എന്ന് സിഡ് വിളിച്ചിരുന്ന ഹീരോയുമായുള്ള അയാളുടെ രാഗ-ദ്വേഷ ബന്ധമാണ് നോവലിന്റെ കാതല്‍. ദലീലയുടെ കടന്നു വരവ് ദുരന്തകാരിയായ സംശയങ്ങളുടെയും ഹീരോയുടെ സിദ്ധികള്‍ ഏറെ പിറകിലായ സിഡില്‍ ഉണര്‍ത്തിയ അല്‍പ്പത്തപൂര്‍ണ്ണമായ അസൂയ മൂര്‍ച്ഛപ്പിക്കുന്നതിനും നിമിത്തമായിത്തീരുന്നു. ഹീരോയോടു അവള്‍ക്കുണ്ടായിരുന്ന മാതൃഭാവം സിഡ് മനസ്സിലാക്കിയത് മറ്റൊരു തരത്തിലാണ് എന്നത് ഹീറോയുടെ ദുരന്തത്തിലേക്ക് നയിച്ചതെങ്ങനെ എന്നതാണ് ആ ഒടുവിലത്തെ ഏറ്റുപറച്ചിലില്‍ വെളിവാകുന്നത്. ജൂത വംശജനായ ബാന്‍ഡ് അംഗം തെരുവില്‍ വെച്ച് ആക്രമിക്കപ്പെടുന്നതും അതില്‍ ഇടപെടുന്നതിനെ തുടര്‍ന്ന് മറ്റൊരു സംഘാംഗം കൊല്ലപ്പെടുന്നതും ബെര്‍ലിനില്‍ സംഘത്തിന്റെ നിലനില്‍പ്പ്‌ അവതാളത്തിലാക്കുന്ന ഘടകങ്ങളാണ്. ദലീല സംഘടിപ്പിച്ചിരുന്ന രേഖകള്‍ തക്ക സമയത്ത് ഹീരോയുടെ കൈവശത്തിലെത്താതിരുന്നതിനു പിറകിലും അവന്‍ ബാന്‍ഡ് ഉപേക്ഷിച്ചു പോയേക്കുമോ എന്ന സിഡിന്റെ ഭയപ്പാടിനു പങ്കുണ്ട്. ഇത്തരം ഒരേറ്റുപറച്ചില്‍ പക്ഷെ തീര്‍ത്തും ശാന്തനായി കേട്ടിരിക്കുന്ന ഹീരോ, അവ്യക്തമായ ഒരു മാപ്പ് നല്‍കലിലാണ് നോവലന്ത്യത്തെ എത്തിക്കുന്നത്.

ഭാഗികമായി ജാസ് സംഗീത താളത്തെ ഓര്‍മ്മിപ്പിക്കുന്ന കാവ്യാത്മക ഭാഷയിലും ഭാഗികമായി സമകാലിക വാമൊഴി ശൈലീപ്രയോഗങ്ങളോടെയും സിഡ് നടത്തുന്ന ആഖ്യാനമായാണ് നോവല്‍ ആവിഷ്കരിക്കപ്പെടുന്നത്.

ഞങ്ങള്‍ പട്ടികളെ പോലെ സംസാരിച്ചു, കേട്ടോപാതി ജര്‍മ്മന്‍, പാതി ബാള്‍ട്ടിമോറിലെ ബാര്‍ സ്ലാംഗ്”.

ചിലപ്പോള്‍ അത് കവിതയാകുന്നു:

ഞാനോര്‍ക്കുന്നു, ആള്‍ക്കൂട്ടം തികച്ചും ശാന്തമായിരുന്നു. നനഞ്ഞ തെരുവുകളില്‍ മിന്നലൊളി തിളങ്ങിക്കൊണ്ടിരുന്നു, ഹോസിലെ വെള്ളം ഒടകളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. അങ്ങിങ്ങായി കറുത്ത ശിലാപാളികളില്‍ രത്നം പോലെ പല്ലുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.”

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സംസാര ശൈലി പ്രയോഗിക്കുന്ന ആഖ്യാതാവിന്റെ സ്വരത്തിന് നിരക്കാത്ത അച്ചടി ഭാഷയുമായി നോവലിസ്റ്റ് കടന്നു കയറുന്നതായി അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കണിക്കപ്പെട്ടിട്ടുണ്ട്. (Flannery Dean, National Post) ‘ദി ബൂട്സ്’ എന്ന് വിളിക്കപ്പെടുന്ന ഗെസ്റ്റപ്പോ പട്ടാളച്ചിട്ടയില്‍ കടന്നു വരുന്നതും അവരുടെ കൃതൃമ ഔപചാരികതയും വിവരിക്കുമ്പോള്‍ നാം ഇങ്ങനെ വായിക്കുന്നു:

വിനയം, ശാന്തമായ ഭവ്യത, അതെന്നെ തുറന്ന ഹിംസാത്മകതയെക്കാള്‍ ഭയപ്പെടുത്തി. അതൊരു പുതിയ തരം മൃഗീയതായി അനുഭവപ്പെട്ടു.”

ഒരു ജാസ് സിംഫണിയുടെ സൂക്ഷ്മ ആവേഗങ്ങളോടും ഭിന്ന ഭാവങ്ങളോടും, മനുഷ്യരുടെ കോറസിന്റെയും ഉപകരണ ശബ്ദങ്ങളുടെയും സങ്കീര്‍ണ്ണ സ്വരങ്ങളോടും നോവലിനെ ഉപമിക്കാമെന്നു ഡോണാ ബെയ് ലി നേഴ്സ് നിരീക്ഷിക്കുന്നു, “അത് വര്‍ത്തമാനത്തിനും ഭൂത കാലത്തിനുമിടയില്‍, വടക്കിനും തെക്കിനും ഇടയില്‍, കിഴക്കിനും പടിഞ്ഞാരിനും ഇടയില്‍, കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കുമിടയില്‍, കലക്കും ഹിംസാത്മകതക്കും ഇടയില്‍, യുദ്ധത്തിനും സമാധാനത്തിനും ഇടയില്‍ ചലിക്കുന്നു”. കനേഡിയന്‍ സാന്നിധ്യം ദലീലയുടെ പാത്രസൃഷ്ടിയില്‍ മാത്രമേ പ്രകടമാകുന്നുള്ളൂവെങ്കിലും ബ്ലാക്ക് കനേഡിയന്‍ സാഹിത്യത്തിലെ ഉത്കണ്ഠകള്‍ നോവലില്‍ വ്യക്തമായും കണ്ടെത്താനാകും. വംശീയതയുടെ അന്താരാഷ്‌ട്ര മാനങ്ങള്‍, കറുത്തവരോടുള്ള പ്രവചനാതീത പെരുമാറ്റങ്ങള്‍, ദ്വിമുഖ വംശീയതയുടെ സമസ്യകള്‍, ഒന്നു പുറത്തിറങ്ങുക എന്നത് പോലും ഭീഷണാവസ്ഥയാകുന്ന വിപര്യയം എന്നതൊക്കെ നോവലിന്റെ പ്രമേയങ്ങളാണ്. നീലക്കണ്ണുകളുള്ള പിയാനിസ്റ്റിനു ജൂതനാണെങ്കിലും ഒലീവ് നിറമുള്ള സിഡിനേക്കാള്‍ എളുപ്പമാണ് വേഷമാറ്റം. കറുത്തവരായ ചിപ്പും ഹീരോയുമാണ് എപ്പോഴും ഭയപ്പെടെണ്ടവര്‍. തൊലി നിറഭേദങ്ങളുടെ സൂക്ഷ്മ തലങ്ങള്‍ പോലും എങ്ങനെയാണ് നിര്‍ണ്ണായകമാകുന്നത് എന്നതു നോവല്‍ അവധാനതയോടെ പരിശോധിക്കുന്ന പ്രശ്നമാണ്. നോവലിന്റെ കരുത്ത് തന്നെയും കറുത്തവന്റെ അനുഭവങ്ങളെന്ന (black experience) അതി ബൃഹത്തായ പ്രമേയത്തെ ഒരു പുതിയ ദിശയിലേക്കു നയിക്കുന്നതിലാണ് എന്നും വിമര്‍ശക ചൂണ്ടിക്കാണിക്കുന്നു (Ibid). ബെര്‍ലിന്‍ മതില്‍ തകര്‍ന്നു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1992-ലാണ് നോവലിന്റെ വര്‍ത്തമാന കാലമെന്നതിനാലും അര നൂറ്റാണ്ടു മൂടിവെച്ച കുറ്റബോധത്തിന്റെ അനാവരണമാണ് വിഷയം എന്നതിനാലും നൂറ്റാണ്ടോടുവിലിന്റെ മറ്റൊരു കാതലായ സാര്‍വ്വ ലൌകിക പ്രമേയമാണ് നോവലിന്റെതും എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ‘വാസ്തവവും പൊരുത്തപ്പെടലും (Truth and Reconciliation)’ എന്ന ഹോളോകോസ്റ്റ് അനന്തര, കൊളോണിയല്‍ അനന്തര, അപ്പാര്‍ത്തീഡ് അനന്തര സംജ്ഞയാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌. (Walton Muyumba- dallasnews.com)