"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)
കര്‍ക്കശമായ കത്തോലിക്കാ വിശ്വാസിയായ മതഭ്രാന്തനും സാഡിസ്റ്റ് പ്രവണതകളുള്ള കുടുംബനാധനുമായ പിതാവിന്റെ നിഴലില്‍ നിന്ന് ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക് യാതനാപൂര്‍വ്വം മുതിരാന്‍ തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും ഗാര്‍ഹസ്ഥ്യത്തിന്റെ അച്ചടക്കത്തില്‍ എല്ലാം നിശ്ശബ്ദം സഹിക്കുകയും ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍ പൊട്ടിത്തെറിക്കുകയും അതിനു വിലയായി ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ സ്വയം മുങ്ങിത്താഴുകയും ചെയ്യുന്ന ഒരമ്മയുടെയും, ജീവിതം എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും ജീവിച്ചു വിജയിക്കാനുള്ളതാണ് എന്ന് അവരെ പഠിപ്പിക്കുന്ന അടുത്ത ബന്ധുക്കളായ മറ്റൊരു കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ, നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന പര്‍പ്പിള്‍ ഹൈബിസ്ക്കസ് എന്ന പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്തേക്ക് തന്റെ വരവ് മുഴക്കത്തോടെ അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചി എന്ന യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി 2003-ല്‍ രംഗപ്രവേശനം ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള മൂന്നു നോവലുകള്‍ ഉള്‍പ്പടെ അദീചിയുടെ കൃതികള്‍ ഏറെ ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്. അദീചിയുടെ രണ്ടാമത് നോവലാണ് 2007-ല്‍ പുറത്തിറങ്ങിയ ഹാഫ് ഓഫ് അ യെല്ലോ സണ്‍ . 'ചോരച്ചെമ്പരത്തി'യിലെ പോലെത്തന്നെ, വികാര സാന്ദ്രവും തീക്ഷ്ണവുമായ വൈയക്തിക/കുടുംബ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും ചരിത്രവും നാടും സജീവ സാന്നിധ്യമാണ് 'മഞ്ഞ സൂര്യന്റെ പാതി'യിലും.
ദാരുണ ചരിത്രത്തിന്റെ ശ്രാദ്ധം
നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. 'അറുപതുകളുടെ ആദ്യകാലം', 'അറുപതുകളുടെ അവസാന കാലം' എന്നിങ്ങനെ ഈരണ്ടു തവണ ഇടവിട്ട് നോവലിന്റെ കാലഗണന അവതരിപ്പിക്കുന്നു. അറുപത്തി ഏഴ് ജൂലായില്‍ തുടങ്ങി 1970 ജനുവരി മധ്യം വരെ നീണ്ടു നിന്ന ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര നൈജീരിയ കണ്ട ഏറ്റവും രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ഇബോ ഭൂരിപക്ഷമുണ്ടായിരുന്ന തെക്ക് കിഴക്കന്‍ മേഖല നൈജീരിയയില്‍ നിന്ന് വേറിട്ട് ബിയാഫ്രന്‍ റിപ്പബ്ലിക് പ്രഖ്യാപിച്ചതോടെ സംജാതമായ സംഘര്‍ഷം, നൈജീരിയ പുതു റിപ്പബ്ലിക്കിനെ ശ്വാസം മുട്ടിക്കുന്നതിലും ഉപരോധങ്ങള്‍ സൃഷ്ടിച്ച കൃത്രിമക്ഷാമത്തില്‍ ലക്ഷങ്ങള്‍ മരിക്കുന്നതിലേക്കും നയിച്ചു. പ്രതീക്ഷിച്ചയിടങ്ങളില്‍ നിന്നൊന്നും ഒരു സഹായവും കിട്ടാതെ വെറും രണ്ടാരക്കൊല്ലത്തിന്റെ ആയുസ്സുണ്ടായ പരീക്ഷണം അവസാനിക്കുമ്പോള്‍ ദേശത്തിന്റെ ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവുകള്‍ വ്യത്യസ്ത വംശീയ, മത വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും വിങ്ങിക്കൊണ്ടിരിക്കുന്നു.
ചരിത്രം പറയുക എന്നതല്ല ഒരു നല്ല നോവല്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ചരിത്രത്തെ മാറ്റിനിര്‍ത്തിപ്പറയുന്ന കഥ, ഏട്ടിലെപ്പശു മാത്രമായി, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതായി നില്‍ക്കുകയും ചെയ്യും. മഞ്ഞ സൂര്യന്റെ പാതിയും ഇതിനപവാദമല്ല. തലക്കെട്ടിന്റെ ഉറവിടമായ മഞ്ഞസൂര്യന്റെ പാതി പ്രതിനിധാനം ചെയ്യുന്ന ബിയാഫ്രന്‍ സ്വത്വവും സംഘര്‍ഷവും ഊടും പാവുമായി വര്‍ത്തിക്കുമ്പോഴും അതിന്റെ 'വൈകാരിക സത്യ'ത്തെ ആവിഷ്ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. നോവലില്‍ത്തന്നെ ഒരിടത്ത് പുതിയ പതാകയുടെ പ്രതിനിധാനങ്ങളെ വിശദീകരിക്കുന്നുണ്ട്:
“ചുവപ്പ്, വടക്കന്‍ ദേശത്ത് കൂട്ടക്കൊല ചെയ്യപ്പെട്ട കൂടപ്പിറപ്പുകളുടെ രക്തമായിരുന്നു, കറുപ്പ് അവര്‍ക്ക് വേണ്ടിയുള്ള വിലാപത്തിന്, പച്ച ബിയാഫ്ര നേടാന്‍ പോകുന്ന ക്ഷേമത്തെ സൂചിപ്പിച്ചു, ഒടുവില്‍ , ആ മഞ്ഞ സൂര്യന്റെ പാതി മഹത്തായ ഭാവിക്ക് വേണ്ടി.”
വിസ്മൃതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയോ അല്ലെങ്കില്‍ ആധുനിക ലോകചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു വലിയ കൊടും ക്ഷാമകാലത്തിന്റെ മെറ്റഫര്‍ മാത്രമായി ഒതുങ്ങിപ്പോയ്ക്കൊണ്ടിരിക്കയോ ചെയ്യുന്ന ഒരു കലുഷ കാലത്തെ നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം അത് നേരിട്ടനുഭവിച്ച തലമുറയുടെ പിന്‍ തലമുറക്കാരി മാത്രമായ നോവലിസ്റ്റ്, സംഘര്‍ഷം അതിജീവിക്കാന്‍ ഭാഗ്യമുണ്ടായ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ഓര്‍മ്മകളിലൂടെയും സര്‍ഗ്ഗഭാവനയുടെ സവിശേഷതയിലൂടെയും പുനരാവിഷ്കരിക്കുകയാണ് ഇവിടെ. 1960-ല്‍ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ നൈജീരിയ അയഥാര്‍ത്ഥമായി കോര്‍ത്തിണക്കപ്പെട്ട കുറെയേറെ ശ്ലഥവിഭാഗങ്ങളുടെ കൂട്ടായ്മയായിരുന്നെങ്കില്‍ 1967-ല്‍ ആ ദുര്‍ബ്ബലമായ കണ്ണികള്‍ വന്യമായി ചിതറിപ്പോവുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള വടക്കന്‍ മേഖല ക്രിസ്ത്യന്‍-ഇബോ ഭൂരിപക്ഷമുള്ള തെക്കന്‍ മേഖലക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ സ്ഥിതിഗതികള്‍ യുദ്ധസമാനമായി. പിന്നീട് രണ്ടര വര്‍ഷത്തോളം സംഭവിച്ചതിനൊന്നും യുക്തിഭദ്രമോ മനുഷ്യ സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുന്നതോ ആയ വിശദീകരണങ്ങള്‍ സാധ്യമല്ല. ഈ തീക്കാലത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമായും അഞ്ചു കഥാപാത്രങ്ങളുടെ പരസ്പര വിനിമയങ്ങളിലൂടെ തങ്ങള്‍ ഇടപഴകുന്ന ലോകത്തിന്റെയും തിരിച്ചു ആ ലോകം അവരുടെ ജീവിതങ്ങളെ അധിനിവേശിക്കുന്നതിന്റെയും ചിത്രമാണ് നോവല്‍ തുറന്നു വെക്കുന്നത്.
വ്യക്തിജീവിതങ്ങളും രാഷ്ട്ര ശരീരവും
നോവല്‍ തുടങ്ങുന്നത് (അവസാനിക്കുന്നതും) ഉഗ് വു എന്ന പതിമൂന്നുകാരനിലൂടെയാണ്. (എ)ന്‍സുക്ക യൂനിവേഴ്സിറ്റിയില്‍ ഗണിത ശാസ്ത്ര അധ്യാപകനും അറിയപ്പെടുന്ന ഇബോ ബുദ്ധിജീവിയുമായ ഓഡെനിബോയുടെ പാചകക്കാരനായി എത്തുന്ന ഗ്രാമീണ ബാലന്‍, മൂന്നു മുഖ്യ ആഖ്യാതാക്കളില്‍ ഒരാളാണ്. ബിയാഫ്രന്‍ അനുകൂലമായ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളുള്ള ഓഡെനിബോയെ മറ്റുള്ളവര്‍ 'വിപ്ലവകാരി' എന്ന് വിശേഷിപ്പിക്കുന്നു. ഉഗ് വു രണ്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിയതില്‍ ദേഷ്യപ്പെടുന്ന ഓഡെനിബോ അവനു പഠിത്തം തുടരാനുള്ള സാഹചര്യമൊരുക്കുന്നു. അയാളുടെ കാമിനിയായ ഒലാന്ന അയാളോടൊപ്പം താമസിക്കാനെത്തുന്നതോടെ ഉഗ് വുവിനു പ്രിയപ്പെട്ടവളാവുന്നു. ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഉന്നതപഠനം കഴിഞ്ഞു (എ)ന്‍സുക്ക യൂനിവേഴ്സിറ്റിയില്‍ സോഷ്യോളജി അധ്യാപികയായ 'അന്തംവിട്ട സൗന്ദര്യമുള്ള' ('illogically beautiful') ഒലാന്നയെ ഉള്‍കൊള്ളാനാവാത്ത തനി നാട്ടുമ്പുറത്തുകാരിയായ ഓഡെനിബോയുടെ മമ്മ, അവളില്‍ ഒരു ദുര്‍മന്ത്രവാദിനിയെ കാണുന്നു. മമ്മയുമായുണ്ടാവുന്ന സംഘര്‍ഷം ഒലാന്ന താമസം മാറുന്നതിലേക്കും, നോവലിന്റെ രണ്ടാം പകുതിയില്‍ മാത്രം വെളിപ്പെടുന്ന ചില അവിശുദ്ധ രഹസ്യങ്ങളിലേക്കും നയിക്കുന്നു. ഓഡെനിബോയോടുള്ള പ്രതിഷേധത്തിന്റെ ചൂടില്‍ തന്റെ ഇരട്ട സഹോദരി കൈനേനിയുടെ കൂട്ടുകാരന്‍ റിച്ചാര്‍ഡുമായി വേഴ്ച നടത്തുന്ന ഒലാന്നയുമായി സ്വതേ അടഞ്ഞ പ്രകൃതമുള്ള കൈനേനി കൂടുതല്‍ മൌനത്തിലേക്ക് പിന്‍വാങ്ങുന്നുവെങ്കിലും ഒരു കാലം വരാനുണ്ടതിന്, പൊറുത്തുകൊടുക്കലിന്, രജ്ഞിപ്പിന്. യുദ്ധം ചവച്ചു തുപ്പിയ നാട്ടില്‍ വെറും പട്ടിണികൊണ്ട് അഭയാര്‍ഥി ക്യാമ്പില്‍ കൂട്ടമരണങ്ങള്‍ നിത്യ സംഭവമാകുമ്പോള്‍ അത്തരം വൈയക്തിക ഈര്‍ഷ്യകള്‍ അസംബന്ധമാണ് എന്ന് ശരിയായി തിരിച്ചറിയുക ആദ്യം കൈനേനി തന്നെയാണ്. അതീവ സുന്ദരിയായ ഇരട്ടയുടെ മുന്നില്‍ എന്നും അനുഭവിച്ചിരുന്ന അപകര്‍ഷബോധം ഒരു വേള കൈനേനിയുടെ പ്രകൃതം നിര്‍ണ്ണയിച്ചിരുന്നിരിക്കാം. അച്ഛന്‍ ചീഫ് ഒസോബിയ തന്റെ ബിസിനസ്സ് താല്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനായി ഒലാന്നയെ ഒരു 'ചൂണ്ടയിര' (sex bait) ആയി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് അവള്‍ അറിഞ്ഞിരുന്നു.
ഉഗ് വുവിനെ കൂടാതെ ആഖ്യാനം നിര്‍വ്വഹിക്കപ്പെടുന്നത് ഒലാന്നയുടെയും റിച്ചാര്‍ഡിന്റെയും കാഴ്ചപ്പാടിലാണ്. ഇബോ- ഉക്വു കലാരൂപങ്ങളെ കുറിച്ച് പഠിക്കാനെത്തി ഇബോ സ്വാതന്ത്ര്യത്തിന്റെ വക്താവായി അതെക്കുറിച്ച് എഴുതാന്‍ ആഗ്രഹിക്കുന്ന റിച്ചാര്‍ഡ് ചര്‍ച്ചില്‍ കൈനേനിയുമായുള്ള ബന്ധത്തെ വിവാഹത്തിലേക്ക് പൂരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പാശ്ചാത്യ മാധ്യമങ്ങള്‍ നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തോട് പുലര്‍ത്തുന്ന അലസ നിലപാടുകള്‍ അയാളെ ഏറെ അസ്വസ്ഥനാക്കുന്നു. “ആയിരക്കണക്കിന് ബിയഫ്രക്കാര്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ക്ക് മരിച്ചു പോയ ഒരൊറ്റ വെള്ളക്കാരനെ സംബന്ധിച്ച പുതിയ വിശേഷങ്ങള്‍ അറിയണം. റിച്ചാര്‍ഡ് അതെ കുറിച്ച് എഴുതും , പാശ്ചാത്യ ജേര്‍ണലിസത്തിന്റെ പങ്ക്: കൊല്ലപ്പെട്ട നൂറു കറുത്തവര്‍ എന്നാല്‍ മരിച്ച ഒരു വെള്ളക്കാരന് സമം.” നാട്ടുകാരനായി മാറാനുള്ള അയാളുടെ ശ്രമം വിജയിക്കില്ലെന്നും അവരുടെ കഥ പറയുക താനല്ലെന്നും വൈകാതെ അയാള്‍ക്ക് ബോധ്യമാവും. എന്നാല്‍ , പാശ്ചാത്യ ലോകത്തിനു വേണ്ടി ബിയാഫ്രന്‍ യുദ്ധത്തെ കുറിച്ച് അയാള്‍ എഴുതുന്നത് ഏറെ ഫലപ്രദമാവുന്നു. മേജര്‍ മാദു അതുകൊണ്ടാണ് അയാളോട് ആവശ്യപ്പെടുന്നത്: “നീയൊരു വെള്ളക്കാരന്‍ ആയതുകൊണ്ട് നീയെഴുതുന്നത് അവര്‍ കൂടുതല്‍ ഗൌരവത്തോടെ കാണും. ശരിക്കും നിന്റെതായ സംഭാവന അര്‍പ്പിക്കണം എന്ന് നീ കരുതുന്നുവെങ്കില്‍ ഇതാണ് അതിനുള്ള വഴി. സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ സത്യം ലോകമറിയണം, കാരണം ഞങ്ങള്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്കങ്ങനെ നിശ്ശബ്ദരായി ഇരിക്കാനാവില്ല.” ഫ്രെഡറിക്ക് ഫോര്‍സിത്തിനെ മാതൃകയാക്കിയാണ് റിച്ചാര്‍ഡിനെ സൃഷ്ടിച്ചതെന്ന് നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. നോവല്‍ അന്ത്യത്തില്‍ , സംഘര്‍ഷങ്ങളുടെ തീയും പുകയും ഒട്ടൊന്നടങ്ങുമ്പോള്‍ , താന്‍ നടത്തിവന്ന അഭയാര്‍ഥി ക്യാമ്പിലേക്ക് ഭക്ഷ്യ വിഭവങ്ങളും മരുന്നും തേടി അതിര്‍ത്തി മുറിച്ചു കടന്നു കാണാതാവുന്ന കൈനേനിയെ തേടി പരിമിത ഇന്ധനം മാത്രമുള്ള വാഹനത്തില്‍ റിച്ചാര്‍ഡ് യാത്ര തിരിക്കുന്നു.
ബുദ്ധിജീവിതം/ പ്രായോഗികതയുടെ വിളി
കൈനേനി - റിച്ചാര്‍ഡ് ബന്ധം ചിലകാര്യങ്ങളിലെങ്കിലും നോവലിന്റെ ധാര്‍മ്മിക ദര്‍ശനത്തിന്റെ കണ്ണാടിയാണെന്ന് പറയാം. പാന്‍-ആഫ്രിക്കന്‍ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന യൊറൂബാ വിഭാഗക്കാരിയായ പ്രൊഫസര്‍ മിസ് അദേബായോയുടെ കാഴ്ച്ചപ്പാടിനെ ഭാഗികമായി സ്വീകരിക്കുമ്പോഴും 'കറുത്തവര്‍ഗ്ഗക്കാര്‍ ', 'നൈജീരിയക്കാര്‍ ' എന്ന സംജ്ഞകളെല്ലാം വെളുത്തവന്റെ നിര്‍മ്മിതിയാണെന്നും ആഫ്രിക്കയുടെ യഥാര്‍ത്ഥ സത്യം ഗോത്രമാണെന്നും ഓഡെനിബോ വാദിക്കുന്നു. “വെള്ളക്കാരന്‍ വരും മുമ്പ് ഞാന്‍ ഇബോ ആയിരുന്നു". താത്വികമായ വലിയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും പ്രായോഗികമായി കൈനേനി - റിച്ചാര്‍ഡ്മാരോടൊപ്പം ഔന്നത്യമുള്ളവരല്ല വിപ്ലവകാരിയെന്നു വിളിക്കപ്പെടുന്ന ഓഡെനിബോയോ, അയാളുടെ സായാഹ്ന ചര്‍ച്ചകളിലെ ബുദ്ധിജീവി സുഹൃത്തുക്കളോ. ഒരര്‍ഥത്തില്‍ , നോവലിന്റെ രണ്ടു കാലഗണന പ്രസക്തമാവുന്നതും അക്കാദമിക് ബുദ്ധിജീവിതവും പ്രായോഗിക ജീവിതത്തില്‍ ശ്രദ്ധയൂന്നുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിലാണ് എന്ന് പറയാം. യുദ്ധത്തിനു മുമ്പ് അതിന്റെ താത്വിക ഭൂമികാചര്‍ച്ചകളും രാഷ്ട്രീയ സംവാദങ്ങളും രൂപമെടുക്കുമ്പോള്‍ പ്രബലരായിരിക്കുന്ന അക്കാദമിക് ബുദ്ധിജീവികള്‍ യുദ്ധ/ യുദ്ധാനന്തര കാലത്ത്, പഴയ ധൈഷണിക സംവാദങ്ങളുടെ ഗൃഹാതുരതയില്‍ അഭിരമിച്ച് മദ്യ ചഷകങ്ങളുമായി അടഞ്ഞിരിക്കുന്ന തികച്ചും നിഷ് പ്രഭരും നിഷ് പ്രയോജകരും ആയിത്തീരുന്നു, പകരം 'കച്ചവടത്തിന്റെ പ്രായോഗിക ബുദ്ധി' മാത്രമുള്ള കൈനേനിയെ പോലുള്ളവര്‍ ദുരന്ത ഭൂമിയില്‍ സജീവ സാന്നിധ്യമാകുന്നു.
കൈനേനിയെ അപേക്ഷിച്ച് ഏറെ മൃദു സ്വഭാവിയും ശാന്ത പ്രകൃതിയുമായ റിച്ചാര്‍ഡിന്‍റെ കാഴ്ചയിലൂടെയാണ് ഇബോ വിരുദ്ധകലാപത്തിന്റെ ഭീകരത ആദ്യം അവതരിപ്പിക്കപ്പെടുന്നത്. വിമാനത്താവളത്തില്‍ വെച്ച് നിരപരാധികളായ സിവിലിയന്മാരെ ഭ്രാന്തമായി കൊന്നൊടുക്കുന്നത് കാണേണ്ടി വരുന്ന റിച്ചാര്‍ഡ് തളര്‍ന്നു വീണുപോകുന്നുണ്ട്. എന്നാല്‍ , ഒരു ഘട്ടത്തിലും താത്വിക ചര്‍ച്ചകളില്‍ താല്പര്യം കാണിച്ചിട്ടില്ലാത്ത കൈനേനി, യുദ്ധത്തിന്റെ ഭീകരത നേരില്‍ കണ്ട ശേഷം അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് അഭയാര്‍ഥി ക്യാമ്പ് തുടങ്ങുകയും സുരക്ഷ ഒട്ടും ഉറപ്പില്ലാത്ത പ്രവൃത്തികള്‍ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ അയാള്‍ സര്‍വ്വാത്മനാ കൂടെയുണ്ട്. ബിയാഫ്രന്‍ പ്രഖ്യാപനത്തില്‍ മതിമറന്നു ആഹ്ലാദിക്കുന്ന ഓഡെനിബോയാകട്ടെ, ഉമുവാഹിയായിലേക്ക് പലായനം ചെയ്യുമ്പോള്‍ വീടുവിട്ടുപോരാന്‍ വിസമ്മതിച്ച സ്വന്തം അമ്മയെ പോലും കലാപത്തില്‍ നിന്ന് രക്ഷിക്കാനാവാതെ കരയുക മാത്രം ചെയ്യുന്നു. ധാര്‍മ്മികക്ഷീണം അനുഭവപ്പെടുമ്പോഴൊക്കെ മദ്യത്തില്‍ അഭയം തേടുന്ന അയാള്‍ക്കെതിരില്‍ ഒലാന്ന പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. നിര്‍ബന്ധിത സൈനിക സേവനത്തിനു വലിച്ചിഴക്കപ്പെട്ട ഉഗ് വു കൊല്ലപ്പെട്ടു എന്ന വാര്‍ത്തയെത്തുന്ന സന്ദര്‍ഭം അതിലൊന്നാണ്. അത്തരം ഒരു മദ്യപാനത്തിന്റെ ഒഴികഴിവില്‍ തന്നെയാണ് 'ദുര്‍ മന്ത്രവാദിനി'യില്‍ നിന്ന് മകനെ പിരിക്കാന്‍ മമ്മ ഒരുക്കിയ കെണിയില്‍ അയാള്‍ വീണുപോകുന്നതും അയാളുടെ സ്വന്തം രക്തത്തില്‍ പിറന്ന മകള്‍ക്ക് ഒലാന്ന വളര്‍ത്തമ്മ ആയിത്തീരുന്നതും.
സൂക്ഷ്മമായി വരയ്ക്കുന്ന പെണ്ണിടങ്ങള്‍
അദീചിയുടെ കൃതികളില്‍ സജീവ പ്രമേയമായ സ്ത്രീസ്വത്വത്തിന്റെയും പുരുഷകേന്ദ്രിത നിലപാടുകളുമായുള്ള സംഘര്‍ഷങ്ങളുടെയും പ്രശ്നം ഏറെ പതിഞ്ഞ രീതിയിലേ നോവലില്‍ കടന്നുവരുന്നുള്ളൂ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓഡെനിബോ തങ്ങളുടെ പ്രണയത്തെ വഞ്ചിച്ചു എന്ന ഘട്ടത്തില്‍ ഇഫേകാ ആന്റിയെ അഭയം പ്രാപിച്ച് ഇനി (എ)ന്‍സുക്കയിലേക്ക് തിരിച്ചില്ലെന്ന് പറയുന്ന ഒലാന്നയെ അവര്‍ തടയുന്നു, നീ തിരിച്ചു പോകും, അയാളുടെ വീട്ടിലേക്കല്ല, നിന്റെ ഇടത്തിലേക്ക്, നിന്റെ ജോലിയിലേക്ക്. അമ്മയോടും അച്ഛനോടുമുള്ള അകല്‍ച്ചക്ക് ശേഷം തനിക്കു താങ്ങും തണലുമായിരുന്ന തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ ആന്റി നല്‍കുന്ന പാഠം അവള്‍ക്കു വലിയ തിരിച്ചറിവാകുന്നുണ്ട്: “നിന്റെ ജീവിതം ഒരാണിനു ഉടമപ്പെട്ടതാണെന്ന രീതിയില്‍ ഒരിക്കലും പെരുമാറരുത്. നിന്റെ ജീവിതം നിന്റെതാണ്, നിന്റേതു മാത്രം.” ഓഡെനിബോക്ക് മാപ്പ് കൊടുത്ത ശേഷവും, തന്റെ തെറ്റിന് അമ്മയെ പഴിക്കാനുള്ള അയാളുടെ ശ്രമം ഒലാന്ന അംഗീകരിക്കുന്നില്ല. മറുവശത്ത്, തന്റെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം വിചിത്രമായ ഒന്നായി അവള്‍ക്കു അനുഭവപ്പെടുന്നുണ്ട്. അച്ഛന്റെ പരസ്ത്രീ ബന്ധങ്ങള്‍ തന്റെ കണ്‍ വെട്ടത്താവരുത് എന്നേയുള്ളൂ അമ്മക്ക്. അതേ സമയം ഇഫേകാ ആന്റി 'അയാളുടെ കാലുകള്‍ക്കിടയിലെ ആ പാമ്പിനെ മുറിച്ചെടുത്തു ദൂരെക്കളയും' എന്ന് ഭര്‍ത്താവിനെ വിരട്ടിയിട്ടുണ്ട്. വിവാഹത്തോട് അമിതാവേശമില്ലാത്തവരാണ് ഒലാന്നയും കൈനേനിയും. പ്രണയ ജീവിതത്തെ അത് വല്ലാതെ കാവ്യരഹിതമാക്കിക്കളയും എന്ന് ഒലാന്ന കരുതുന്നു. യുദ്ധത്തിനിടെ, വേര്‍പിരിയേണ്ടി വന്നേക്കാവുന്ന ഒരു സാഹചര്യം ഉരുത്തിരിയുമ്പോഴാണ് വീണ്ടും ഓഡെനിബോ വിവാഹാഭ്യര്‍ഥന നടത്തുന്നതും ഒലാന്ന അത് സ്വീകരിക്കുന്നതും. വിധിവൈപരീത്യം പോലെ ചടങ്ങ് കഴിയുന്ന അതേ നിമിഷം തന്നെയാണ് യുദ്ധം അതിന്റെ ഏറ്റവും ഭീകരമായ നിലയില്‍ അവരുടെ ജീവിതത്തില്‍ അധിനിവേശം നടത്തുക. റിച്ചാര്‍ഡ് തുറന്നു വിവാഹാഭ്യര്‍ഥന നടത്തുന്നില്ലെങ്കിലും പല തവണ കൈനേനിയോടു അതിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ഒലാന്നയില്‍ നിന്നും കൈനേനിയില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാര്‍ക്ക് അത്തരം തെരഞ്ഞെടുപ്പില്ലെന്നു മറ്റൊരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: നിങ്ങളെപ്പോലെ ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചിട്ടുള്ള സ്ത്രീകള്‍ക്കേ അങ്ങനെ പറയാന്‍ കഴിയൂ... പുസ്തകം വായിക്കാത്ത എന്നെപ്പോലുള്ളവര്‍ കാത്തു നിന്നാല്‍ കാലഹരണപ്പെട്ടുപോകും.” വിദ്യാസമ്പന്നരായ മകനെയും കൂടുകാരിയേയും ഒരുപോലെ വിഡ്ഢികളാക്കി താനുദ്ദേശിച്ചയിടത്തേക്ക് മകന്റെ ജീവിതവഞ്ചി വലിച്ചടുപ്പിക്കുന്നതില്‍ വിജയിക്കുകയും അമല പ്രസവിച്ചത് താനാഗ്രഹിച്ചപോലെ ആണ്‍കുട്ടിയല്ല എന്നറിയുന്നതോടെ തനിക്കിതില്‍ ഒരു പങ്കുമില്ലെന്ന മട്ടില്‍ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നിന്ന് കൈ കഴുകുകയും ചെയ്യുന്ന, ഒടുവില്‍ ഒട്ടും നിനച്ചിരിക്കാത്ത വിധം ഒലാന്നയെ ഔദാര്യപൂര്‍ണ്ണമായ സ്നേഹത്തോടെ സ്വീകരിക്കുകയും കലാപനാളില്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെങ്കിലും മനസ്സുറപ്പോടെ, പാലായനം ചെയ്യാന്‍ വിസമ്മതിച്ചു മരണം ഏറ്റുവാങ്ങുകയും ചെയ്യുന്ന മമ്മയും വിചിത്ര ഗാംഭീര്യമുള്ള കഥാപാത്രമാണ്.
ആണിടങ്ങളിലെ ഇരട്ടമുഖങ്ങള്‍
അദീചിയുടെ ആദ്യ കൃതിയായ ചോരച്ചെമ്പരത്തിയും മഞ്ഞ സൂര്യന്റെ പാതിയും പങ്കുവെക്കുന്ന പ്രധാന പ്രമേയങ്ങളില്‍ ഒന്ന് പുരുഷ കഥാപാത്രങ്ങളില്‍ പ്രകടമാവുന്ന ഇരട്ട വ്യക്തിത്വത്തിന്റെതാണ്. സ്വകാര്യ ജീവിതത്തില്‍ ഏറെ സംശയകരമായ ധാര്‍മ്മിക നിലപാടുകള്‍ വെച്ച് പുലര്‍ത്തുകയും അത്രയൊന്നും മികച്ചതല്ലാത്ത സ്വഭാവ/പ്രതികരണങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുമ്പോഴും ഏറെ ബഹുമാന്യമായ ഒരു സാമൂഹിക ചിത്രം തങ്ങളെക്കുറിച്ച് ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. സ്വകാര്യ ജീവിതത്തിലും കുടുംബത്തിലും ഒരു തികഞ്ഞ സാഡിസ്റ്റും മൗലികവാദിയുമായ യൂജീന്‍ സമൂഹജീവിതത്തില്‍ വലിയ ധര്‍മ്മിഷ്ടനും വലിയ ലക്ഷ്യങ്ങള്‍ക്കായി ത്യാഗം സഹിക്കാന്‍ ഒരു മടിയും ഇല്ലാത്തവനും, അപകടകരമായ രീതിയില്‍ പോലും ആക്റ്റിവിസ്റ്റുകളെ സഹായിക്കുന്നവനുമാണ്. ജീവിതത്തില്‍ അയാള്‍ ഏറ്റവും കൂടുതല്‍ തളര്‍ന്നു തകര്‍ന്നു പോകുന്നതും അത്തരമൊരു സംരക്ഷണം നല്‍കലില്‍ താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഒരു സുഹൃത്ത് ഏകാധിപത്യത്തിന്റെ ബലിക്കല്ലില്‍ ഓടുങ്ങുമ്പോഴാണ് . ഓഡെനിബോയുടെ കാര്യത്തില്‍ , ലൈംഗിക സത്യസന്ധത പാലിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നത് മാത്രമല്ല അയാളെ ചെറുതാക്കുന്നത്. ഉഗ് വുവിനോടുള്ള അയാളുടെ സമീപനത്തിലും അയാള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സമഭാവനയുടെ ഇമേജിനുള്ളില്‍ വരേണ്യമായ ഒരുതരം 'മഹാമാനസ്കത' ആണുള്ളത്. വെളുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ കറുത്ത വര്‍ഗ്ഗ അടിമകളില്‍ തങ്ങള്‍ പ്രസാദിക്കുന്നവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന രീതിയില്‍ , ഉഗ് വുവിനെ അയാള്‍ 'മൈ ഗുഡ് മാന്‍' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ തന്നെ ആ വരേണ്യത സൂചിതമാണ്. ഇരു നോവലുകളിലും സ്ത്രീകഥാപാത്രങ്ങള്‍ ഈ വൈരുദ്ധ്യത്തിന്റെ വില ഒടുക്കേണ്ടിയും വരുന്നു. ഉഗ് വു തന്നെയും സൈനികവൃത്തിക്കിടെ കൂട്ട ബാലാല്‍ക്കാരത്തില്‍ പങ്കാളിയായതിന്റെയും നിസ്സഹായയായ ഇരയെ കൊന്നു കളഞ്ഞതിന്റെയും ഇരുണ്ട ഓര്‍മ്മ സൂക്ഷിക്കുന്നുണ്ട്. പര്‍പ്പിള്‍ ഹൈബിസ്ക്കസില്‍ മമ്മയും കാംബിലിയും അച്ഛന്റെ കൊടിയ ശിക്ഷാമുറകള്‍ ഏറ്റുവാങ്ങുകയും മമ്മയുടെ ഗര്‍ഭം അലസുന്നതിനും മാനസികാരോഗ്യം തന്നെ തകര്‍ന്നു പോവുന്നതിനും ഇടയാവുകയും ചെയ്യുമ്പോള്‍ അചികെ ജയിലില്‍ എത്തുകയും ചെയ്യുന്നു. എന്നാല്‍ , കാംബിലിക്ക് ഇഫിയോമ അമ്മായിയെന്ന പോലെ ഒലാന്നയെ നിവര്‍ന്നു നില്‍ക്കുന്ന സ്ത്രീയായി ജീവിതത്തെ നേരിടേണ്ടതിന്റെ പാഠം പകര്‍ന്നു നല്‍കാന്‍ ഇഫേകാ അമ്മായിയുണ്ട്. നോവലില്‍ ഏറ്റവും നിശ്ചയ ദാര്‍ഡ്യവും ധാര്‍മ്മികസ്തൈര്യവും ഉള്ള കഥാപാത്രം കൈനേനിയാണ് എന്നതും ശ്രദ്ധേയയമാണ്. നൈജീരിയന്‍ ഉപരോധത്തിന്റെ കാഠിന്യത്തില്‍ പട്ടിണി മരണങ്ങള്‍ പതിവാകുന്ന ക്യാമ്പില്‍ അഭയാര്‍ഥികള്‍ നട്ടുനനച്ചു വളര്‍ത്തുന്ന തോട്ടത്തില്‍ നിന്ന് മോഷ്ടിക്കുന്ന വിശന്നു വലഞ്ഞ സൈനികനെ ആള്‍ക്കൂട്ടത്തിന്റെ മാരകമായ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതും (“അയാളൊരു കള്ളനല്ല, വിശന്നു വലഞ്ഞ സൈനികന്‍ മാത്രമാണ്”), അഭയാര്‍ഥി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന പാതിരിയെ പരസ്യമായി ഭേദ്യം ചെയ്യുന്നതും അവളാണ്. ഒലാന്ന വിപ്ലവകാരിയെ കണ്ണടച്ച് വിശ്വസിക്കുന്നതിലുള്ള അതൃപ്തി തുടക്കം മുതലേ കൈനേനി പ്രകടിപ്പിക്കുന്നുണ്ട്. ഓഡെനിബോയുടെ വലിയ വാക്കുകളുടെ ആഴമില്ലായ്മ അനായാസമായ പരിഹാസത്തോടെ തുറന്നു കാണിക്കുന്നതും കൈനേനിയാണ്.
“വെളുത്തവനാണ് കീഴ്പ്പെടുത്തലിനുള്ള ഒരടിസ്ഥാനമായി ലോകത്ത് വര്‍ണ്ണവെറി കൊണ്ടുവന്നത്. കൂടുതല്‍ മനുഷ്യത്വമുള്ളവരെ കീഴടക്കുക എപ്പോഴും എളുപ്പമാണ്".
“അപ്പോള്‍ നമ്മള്‍ നൈജീരിയക്കാരെ കീഴ്പ്പെടുത്തുമ്പോള്‍ നമ്മള്‍ മനുഷ്യത്വം കുറഞ്ഞവരാവും?''
ബാക്കിപത്രത്തിലെ അതീതപ്രതീക്ഷകള്‍
ബിയാഫ്രന്‍ സ്വപ്നത്തിന്റെ തകര്‍ച്ചയും അതിനു നൈജീരിയന്‍ സര്‍ക്കാര്‍ ഉപയോഗിച്ച ഉപരോധത്തിലൂടെയുണ്ടാക്കിയ കുപ്രസിദ്ധമായ ആ ക്ഷാമത്തിന്‍റെ തീക്ഷ്ണതയും പ്രധാനമായും ആവിഷ്കരിക്കപ്പെടുന്നത് കൈനേനിയുടെ ദുരിതാശ്വാസക്യാമ്പിന്റെ പശ്ചാത്തലത്തിലും, ഭക്ഷണത്തിനായി ഒട്ടുമിക്ക ഘട്ടങ്ങളിലും വരാത്ത സന്നദ്ധ സഹായവിതരണ ക്യാമ്പിലെ നീണ്ട ക്യൂകളിലൂടെ ഓടുന്ന ഒലാന്ന ഉള്‍പ്പടെ സ്ത്രീകളുടെ നിസ്സഹായതയിലുമാണ്. അപ്പോഴും ബിയാഫ്രന്‍ സ്വാതന്ത്ര്യമെന്ന സങ്കല്പം എന്നെങ്കിലും പുലരുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിന്റെ എതിരറ്റം , സൈന്യത്തില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ഉഗ് വുവില്‍ ആണ് ഏറ്റവും വ്യക്തമാവുക. “അവര്‍ റേഡിയോ ബിയാഫ്ര കേട്ടിരിക്കുമ്പോള്‍ ഉഗ് വു എഴുന്നേറ്റു പോകും. യുദ്ധറിപ്പോര്‍ട്ടുകളിലെ അവിഞ്ഞ നാടകീയത, ആളുകളുടെ ചങ്കിലേക്ക് അയഥാര്‍ത്ഥമായ പ്രതീക്ഷയുടെ കഷണങ്ങള്‍ കുത്തിയിറക്കുന്ന ശബ്ദം, അവനു താല്പര്യമുണ്ടാക്കിയില്ല.” വിമോചന സൈന്യം ചെയ്തുകൊണ്ടിരുന്നതെന്ത് എന്ന് നേരനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണല്ലോ അവന്‍. ഈ വിഗ്രഹനഷ്ടത്തിന്റെ വ്യര്‍ത്ഥ ബോധം ബിയാഫ്രന്‍ സ്വപ്നം അവസാനിച്ചു കഴിഞ്ഞ യുദ്ധാനന്തര ഘട്ടത്തില്‍ റിച്ചാര്‍ഡിനും അനുഭവപ്പെടുന്നുണ്ട്. “ബിയാഫ്രക്കാരില്‍ പലരും ഇപ്പോള്‍ നടത്തിക്കൊണ്ടിരുന്ന ആ സംഭാഷണങ്ങളില്‍ പങ്കു ചേരേണ്ടതുണ്ടോ എന്ന് റിച്ചാര്‍ഡിന് തീര്‍ച്ചയുണ്ടായിരുന്നില്ല. അവര്‍ ഉത്തരവാദിത്തത്തിന്റെ കാതല്‍ മറ്റുള്ളവരില്‍ ആരോപിച്ചു, അവര്‍ക്കൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു ധൈര്യം കൊണ്ട് സ്വന്തം മുഖങ്ങള്‍ തൈലം പൂശി.” യാതനാപൂര്‍ണ്ണമെങ്കിലും പഴയ ജീവിതത്തിലേക്ക് സാവധാനം തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഒലാന്ന ജീവിതകാലം മുഴുവന്‍ തന്റെ സഹോദരിക്കായി തെരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നു തീരുമാനിക്കുമ്പോഴും, നിയന്ത്രണം നഷ്ടപ്പെടുന്ന ഒരു നിമിഷത്തില്‍ മേജര്‍ മാദുവുമായുണ്ടാവുന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റു കണ്ണില്‍ ഇരുട്ടുകേറുന്ന നേരം റിച്ചാര്‍ഡ് തിരിച്ചറിയുന്നുണ്ട് : "താനിനി ഒരിക്കലും കൈനേനിയെ കാണില്ല, തന്റെ ജീവിതം ഇനിയെന്നും ഒരു മെഴുകുതിരിവെട്ടമുള്ള മുറി പോലെയായിരിക്കും; ഇനി കാര്യങ്ങളെ ഒരു നിഴലില്‍ മാത്രമായിരിക്കും താന്‍ കാണുക, പാതി തെളിച്ചത്തില്‍ മാത്രം.” കൈനേനിയുടെ തിരിച്ചു വരവിനു വേണ്ടി വെളിച്ചപ്പാടിനെ കാണുകയും അയാള്‍ക്ക് ആടിനെ നേദിക്കുകയും ചെയ്തു കാത്തിരിക്കുന്ന ഒലാന്നയോടു ഓഡെനിബോ പറയുന്നുണ്ട്: “യുദ്ധം കഴിഞ്ഞെങ്കിലും പട്ടിണി മാറിയിട്ടില്ല, എന്‍ കേം. 'ദിബിയ'ക്ക് ആടുമാംസത്തിനു ആര്‍ത്തിയുണ്ടായിരുന്നു. നീയതൊന്നും വിശ്വസിക്കരുത്"
“ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എല്ലാത്തിലും വിശ്വസിക്കുന്നു. എന്റെ സഹോദരിയെ തിരിയെ കൊണ്ടുവരുന്ന എന്തിലും ഞാന്‍ വിശ്വസിക്കുന്നു.... ഞാന്‍ അടുത്ത ജന്മത്തില്‍ തിരിച്ചു വരുമ്പോള്‍ കൈനേനി എന്റെ സഹോദരിയായിരിക്കും.”
ബിയാഫ്രന്‍ യുദ്ധം നൈജീരിയന്‍ സര്‍ഗ്ഗജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ശ്രദ്ധേയരായ നൈജീരിയന്‍ എഴുത്തുകാര്‍ മിക്കവാറും അതിന്റെ സ്വാധീനത്തില്‍ വന്നിട്ടുള്ളവരാണ്. ചിനുവ അച്ചബെ, വോലെ സോയിങ്ക, ക്രിസ്റ്റഫര്‍ ഒകീബോ, ബുചി എമാചേതാ, കെന്‍ സാരോ വിവാ തുടങ്ങിയ മുതിര്‍ന്ന തലമുറയെപ്പോലെത്തന്നെ ചിമമാന്‍ഡാ അദീചി, ഹെലന്‍ ഹബില, ഉസോദിന്‍മാ ഇവിയെലാ, ഹെലെന്‍ ഒയെയെമി, ക്രിസ് അബാനി തുടങ്ങിയ പുതു തലമുറ എഴുത്തുകാരും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇവരില്‍ പലരുടെയും രചനകളില്‍ പശ്ചാത്തലമായി ശക്തമെങ്കിലും ഭാഗികമായി മാത്രം കടന്നു വരുന്ന ആ പേയ്ക്കാലം അദീചിയുടെ നോവലിന്റെ ഊടും പാവും തന്നെയാണ്; ഒരു പക്ഷെ ഈ പുതുതലമുറ എഴുത്തുകാരുടെയെങ്കിലും കാര്യത്തില്‍ ആ കാലത്തെ സംബന്ധിക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ ഫിക് ഷനല്‍ ആഖ്യാനം (definitive fictional narrative) എന്ന് തന്നെ പറയാവുന്നത്.
(ദേശാഭിമാനി വാരിക 22 മേയ് 2016)
