In the Fissures of Time: Anne Carson and the Aesthetics of Absence

കാലത്തിന്റെ ഇടനാഴികൾ: ആന്‍ കാർസന്റെ കൃതികളിലെ അഭാവത്തിന്റെ സൗന്ദര്യശാസ്ത്രം

കാലത്തിന്റെ ഇടനാഴികൾ: ആന്‍ കാർസന്റെ കൃതികളിലെ അഭാവത്തിന്റെ സൗന്ദര്യശാസ്ത്രം

— സാഫോ സ്മൃതികളിൽ നിന്ന് ഉത്തരാധുനിക വിടവുകൾ വരെ

'മനുഷ്യകുലത്തിന് ഏറ്റവും മഹത്തായ സംഭാവനകൾ നൽകിയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ' നൽകപ്പെടുന്ന ഏറ്റവും പ്രശസ്തമായ പുരസ്കാരമാണ് നോബൽ സമ്മാനം. എന്നാൽ പുരസ്കാര നിർണ്ണയത്തിന്റെ രീതി പരിശോധിച്ചാൽ, ഏറ്റവും കൗതുകമുണർത്തുന്ന ഒന്നുകൂടിയാണിത്. സാഹിത്യ വിഭാഗത്തിൽ, ലോകമെമ്പാടുമുള്ള വായനക്കാർക്കിടയിൽ പ്രതീക്ഷിക്കപ്പെടുന്ന ചില മുൻനിരക്കാരുടെ പേരുകൾ എപ്പോഴും ചർച്ചയാകാറുണ്ട്. ചൈനയുടെ കാൻ ഷു, ഓസ്‌ട്രേലിയയുടെ ജെറാൾഡ് മർനേൻ, മെക്സിക്കോയുടെ ക്രിസ്റ്റീന റിവേറ ഗാർസ, കാനഡയുടെ മാർഗരറ്റ് ആറ്റ്‌വുഡ് തുടങ്ങിയവരായിരുന്നു ഈ വർഷത്തെ പ്രധാന സാധ്യതക്കാരായി വായനക്കാരുടെ കണക്കുകൂട്ടലുകളില്‍ ഉണ്ടായിരുന്നത്. വളരെ കുറച്ചുമാത്രം അറിയപ്പെടുന്നവരെയോ അല്ലെങ്കിൽ തീർത്തും അപ്രതീക്ഷിതരായവരെയോ തിരഞ്ഞെടുത്ത് വായനാലോകത്തെ ഞെട്ടിക്കുന്ന ഒരു പതിവും നോബൽ കമ്മിറ്റിക്കുണ്ട്. എന്നാൽ ഈ വർഷം അതുപോലൊരു അപ്രതീക്ഷിത തിരഞ്ഞെടുപ്പായിരുന്നില്ല സംഭവിച്ചത്.

2026-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രശസ്ത കനേഡിയൻ കവിയും പ്രബന്ധകാരിയും വിവർത്തകയും ക്ലാസിസിസ്റ്റും അധ്യാപികയുമായ ആന്‍ കാർസനാണ് ലഭിച്ചത്. "ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സർഗ്ഗാത്മക സംവാദത്തിലൂടെ, സമകാലിക സാഹിത്യത്തിൽ പുതിയ രൂപങ്ങൾ സൃഷ്ടിച്ച അവരുടെ ധീരവും നൂതനവുമായ സാഹിത്യ സംഭാവനകളെ" മുൻനിർത്തി എന്ന് സ്വീഡിഷ് അക്കാദമി 76-കാരിയായ എഴുത്തുകാരിയുടെ പുരസ്കാരലബ്ധിയെ നിര്‍വ്വചിച്ചു. 2013-ൽ ആലീസ് മൺറോയ്ക്കു ശേഷം ഈ അത്യുന്നതപുരസ്കാരം നേടുന്ന രണ്ടാമത്തെ മാത്രം കനേഡിയന്‍ എഴുത്തുകാരിയാണ് അവര്‍. 1976-ൽ പുരസ്‌കാരം നേടിയ സോൾ ബെല്ലോ കാനഡയിലാണ് ജനിച്ചതെങ്കിലും അമേരിക്കന്‍ പൌരത്വത്തിലേക്ക് പത്താം വയസ്സ് മുതല്‍ മാറിയിരുന്നു. മിഷിഗണിലെ ആൻ ആർബറിലും ഐസ്‌ലൻഡിലെ റെയ്ക്യവിക്കിലുമായി ജീവിക്കുന്ന കാര്‍സന് കാനഡ, ഐസ്‌ലൻഡ് എന്നീ രണ്ട് രാജ്യങ്ങളിലെയും പൗരത്വമുണ്ട്. ടൊറന്റോ സർവ്വകലാശാലയിൽ നിന്ന് ക്ലാസിക്സിൽ ബി.എ, എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയ അവര്‍ പ്രിൻസ്റ്റൺ, മക്ഗിൽ, മിഷിഗൺ, ന്യുയോര്‍ക്ക്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രമുഖ സർവ്വകലാശാലകളിൽ ക്ലാസിക്സ്, താരതമ്യ സാഹിത്യം, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയില്‍ അധ്യാപികയായിരുന്നു.

ആന്‍ കാര്‍സന്റെ സാഹിത്യപ്രയാണത്തിന്റെ ആദ്യ ഘട്ടമായ1980-കൾ അക്കാദമിക് തിളക്കത്തിന്റെ കാലഘട്ടം എന്ന് വിളിക്കാവുന്നതാണ്. ദക്കാര്‍ത്തെയുടെ വിഖ്യാതമായ ‘ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്’ എന്ന പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്ന "I Hate and I Love, Therefore I Am" ‘ഞാൻ വെറുക്കുകയും പ്രണയിക്കുകയും ചെയ്യുന്നു, അതുകൊണ്ട് ഞാനുണ്ട്’ എന്നു പേരിട്ട ഡോക്ടറേറ്റ് തീസിസിലൂടെയാണ് ഈ പരിണാമം ആരംഭിച്ചത്. പിന്നീട് 1986-ൽ പുറത്തിറങ്ങിയ 'ഇറോസ് ദി ബിറ്റർസ്വീറ്റ്' എന്ന അവരുടെ മികച്ച ആദ്യപുസ്തകമായി പുനരവതരിപ്പിക്കപ്പെട്ടത് ഈ രചനയായിരുന്നു. ക്ലാസിക്കൽ ഗവേഷണത്തെയും കാവ്യാത്മക ഉപന്യാസങ്ങളെയും കൂട്ടിയിണക്കിയ ഈ പുസ്തകം, കാമനകളുടെ ത്രിത്വം (കാമുകൻ, കാമുകി/പ്രണയിതാവ്, അവർക്കിടയിലെ തടസ്സം) എങ്ങനെയാണ് കലയും ചിന്തയും ജനിക്കുന്ന ഇടം സൃഷ്ടിക്കുന്നത് എന്ന് അന്വേഷിച്ചു. കാർസനെ സംബന്ധിച്ച് വേദനാജനകവും ശൂന്യവുമായ ആ മധ്യഭാഗത്താണ് അത്ഭുതങ്ങൾ സംഭവിക്കുന്നത്. അവരുടെ കവിതകളിൽ പ്രണയം ആശ്വാസദായകമായ ഒന്നല്ല, മറിച്ച് അതൊരു മുറിവാണ്. അതൊരു കടന്നുകയറ്റവും സ്വത്വത്തിന് മേലുള്ള തന്ത്രപരമായ ആക്രമണവും കടുത്ത അസൂയയുടെയും ഭ്രാന്തിന്റെയും ഉറവിടവുമാണ്.

1990-കൾ അവരുടെ സപര്യയില്‍ സാഹിത്യ ശാഖകളുടെ അതിർവരമ്പുകൾ മായ്ച്ച കവിതകൾ എഴുതിയ കാലമായിരുന്നു. ഈ കാലത്ത്, തന്റെ അക്കാദമിക് ചിന്തകളെ സമകാലിക ഫിക്ഷനിലേക്ക് പ്രയോഗിച്ചുകൊണ്ട് കാർസൻ വൻ കുതിച്ചുചാട്ടം നടത്തി. കവിതയ്ക്ക് കഥയും, കഥയ്ക്ക് കവിതയുടെ പെട്ടെന്നുള്ള വൈകാരിക വൈവിധ്യങ്ങളും ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിന്റെ പരമോന്നതിയായിരുന്നു അവരുടെ മാസ്റ്റർപീസ് കൃതിയായ 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' (1998). BC ആറാം നൂറ്റാണ്ടിലെ ഗ്രീക്ക് കവിയായിരുന്ന സ്റ്റെസിക്കോറസിന്റെ പുരാണ വരികളുടെ അവശിഷ്ടങ്ങളെ സ്വീകരിച്ച്, അതിനെ തികച്ചും ആധുനികമായ ഒരു ക്വീര്‍ ആത്മകഥയായി പുനരവതരിപ്പിച്ച ഈ കൃതിയില്‍ അവരുടെ സർഗ്ഗശേഷി പൂർണ്ണതയിലെത്തുന്നു.

2010-കൾ മുതൽ അവരുടെ കൃതികളില്‍ തീവ്രവും പെര്‍ഫോമേറ്റിവുമായ (Radical & Performative) ശൈലി വികസിപ്പിക്കപ്പെടുന്നതായി കാണാം. ഈ ഘട്ടത്തില്‍ പരമ്പരാഗത അച്ചടി പുസ്തക ഫോർമാറ്റുകൾക്കും അപ്പുറത്തേക്ക് കാർസൻ വ്യാപരിക്കുന്നു; പുസ്തകത്തെ ഒരു ഭൗതിക ശില്പമായി അവർ കാണാൻ തുടങ്ങി. അന്തരിച്ച സഹോദരന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ 'നോക്സ്' (2010) എന്ന അക്കോർഡിയൻ പുസ്തകത്തിലൂടെ, ഫോട്ടോകളും കത്തുകളും BC ഒന്നാം നൂറ്റാണ്ടിലെ റോമന്‍ കവി കാറ്റുലസിന്റെ വരികളുടെ തർജ്ജമകളും ഉൾപ്പെടുത്തിയ ഒരു ഒറ്റ അക്കോർഡിയൻ കൊളാഷായി അവർ ഒരു വിലാപകാവ്യം നിർമ്മിച്ചു. തുടക്കത്തിൽ ഒരൊറ്റ കൈയ്യെഴുത്തു പുസ്തകമായി (Scrapbook) നിർമ്മിച്ച ഇത്, 2010-ൽ ന്യൂ ഡയറക്ഷൻസ് പബ്ലിഷേഴ്സ് അതിന്റെ അതേ പകർപ്പായി പുറത്തിറക്കിയത് സമകാലിക കവിതകളുടെ ഭൗതിക രൂപത്തിൽ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. സാധാരണ പുസ്തകങ്ങളിലേതുപോലുള്ള തുന്നിച്ചേർത്ത പേജുകളല്ല ഇതിലുള്ളത്. മറിച്ച്, 25 അടിയിലധികം നീളത്തിൽ അക്കോർഡിയൻ ശൈലിയിൽ നിവർത്തിയെടുക്കാവുന്ന തുടർച്ചയായ ഒറ്റ കടലാസാണിത്. കടുപ്പമേറിയ ചാരനിറത്തിലുള്ള ഒരു കാർഡ്ബോർഡ് പെട്ടിക്കുള്ളിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഈ ഘടന പുസ്തകത്തെ ഒരു പുരാവസ്തു ലിപിയോ അല്ലെങ്കിൽ ഒരു കല്ലറയോ ആയി മാറ്റുന്നു; അതിനുള്ളിലെ ഓർമ്മകളെ കണ്ടെടുക്കാൻ വായനക്കാരൻ പെട്ടിയുടെ അടപ്പ് ഭൗതികമായി ഉയർത്തേണ്ടതുണ്ട്.

2016-ൽ പുറത്തിറങ്ങിയ 'ഫ്ലോട്ട്' (Float) എന്ന കൃതി, ഒരു സുതാര്യമായ പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന 22 ലഘുലേഖകൾ (Pamphlets) അടങ്ങിയതാണ്. ഏതൊരു ക്രമത്തിലും അനായാസം വായിക്കാവുന്ന തരത്തിൽ, പരമ്പരാഗതമായ നേർരേഖാ രീതി വിട്ട് തികച്ചും അനിയതമായ (Non-linear) വായനാനുഭവം ഇത് വായനക്കാരന് സമ്മാനിക്കുന്നു. അവരുടെ ഏറ്റവും പുതിയ സമാഹാരമായ 'റോങ് നോർമ' (Wrong Norma - 2024), വിഷ്വൽ ആർട്ട്, സ്റ്റേജ് പെര്‍ഫോമന്‍സ്, ചിതറിയ ഗദ്യങ്ങൾ എന്നിവയിലേക്ക് കടന്നുചെല്ലുന്ന പെർഫോമൻസ് സ്വഭാവമുള്ള ഒന്നാണ്. 'നോക്സ്' എന്ന കൃതിയിലേതുപോലെ തന്നെ, 'റോങ് നോർമ'യും കാർസൻ കൈകൊണ്ട് രൂപകൽപ്പന ചെയ്ത മൂലഗ്രന്ഥത്തിന്റെ അപ്പടിയുള്ള പകർപ്പായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. അവരുടെ സ്വന്തം വരകളും മഷിയും പെയിന്റും വെട്ടി ഒട്ടിച്ച കൊളാഷുകളും ഈ പേജുകളെ സമ്പന്നമാക്കുന്നു.

ജോൺ കേജ്, മേഴ്സ് കണ്ണിങ്ഹാം, റോബര്‍ട്ട്‌ കറി, ലോറി അന്‍റെഴ്സന്‍ തുടങ്ങിയ പെർഫോമൻസ് ആർട്ടിസ്റ്റുകളിൽ നിന്ന് ആഴത്തിൽ പ്രചോദനമുൾക്കൊണ്ട കാർസൻ, ഒരു തത്സമയ നാടകവേദിയെ ഓർമ്മിപ്പിക്കുന്ന ഘടകങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോൾ സെലാനും മാർട്ടിൻ ഹൈഡെഗറും, അല്ലെങ്കിൽ സോക്രട്ടീസും ക്രിറ്റോയും വേഷം കെട്ടിയ കഥാപാത്രങ്ങളായി ഇതിൽ വേദിയിലെത്തുന്നു. എഴുത്തുകാരന്റെ പരമ്പരാഗതമായ "ഒറ്റ തിരിഞ്ഞ ആധികാരിക ശബ്ദത്തെ" (Lone authorial voice) കാർസൻ ബോധപൂർവ്വം ഇല്ലാതാക്കുന്നു. മെർലിൻ മൺറോ, യൂറിപ്പിഡീസ്, ഫ്രോയിഡ് തുടങ്ങിയ ചരിത്ര/ സാംസ്കാരിക പ്രതിനിധാനങ്ങളെ മാറിമാറി ഉപയോഗിച്ചുകൊണ്ട്, നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് കഥാപാത്രങ്ങൾ പരസ്പരം സംവദിക്കുന്ന ബഹുസ്വരമായ ഒരു നാടകവേദിയാക്കി (Polyphonic stage performance) അവർ പുസ്തകത്തെ മാറ്റുന്നു.

ചിതറിയ ഗദ്യശൈലിയും സ്വതന്ത്ര ചിന്തകളും ഉപയോഗിക്കുന്നതിലൂടെ മനുഷ്യന്റെ വിചാരങ്ങളുടെയും ഓർമ്മകളുടെയും ചടുലവും വേർപെട്ടതുമായ സ്വഭാവത്തെ അവർ തത്സമയം പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ജോസഫ് കോൺറാഡിൽ നിന്നും ഗ്വാണ്ടനാമോയിൽ നിന്നും പെട്ടെന്ന് തത്ത്വചിന്തകനായ ഫ്ലോബേറിലേക്കും, റോജെറ്റ്സ് തെസോറസിലേക്കും (Roget's Thesaurus), സ്വന്തം പിതാവിനെക്കുറിച്ചുള്ള കുട്ടിക്കാല ഓർമ്മകളിലേക്കും യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലൂടെ ഈ സമാഹാരം അതിവേഗം സഞ്ചരിക്കുന്നു.

സർഗ്ഗാത്മക സ്വാധീനങ്ങള്‍:

1950-ൽ ടൊറന്റോയിൽ ജനിച്ച കാർസന്റെ കുട്ടിക്കാലം, ബാങ്ക് ഉദ്യോഗസ്ഥനായ പിതാവിന്റെ ജോലി മാറ്റങ്ങൾ കാരണം ഒന്റാറിയോയിലെ സ്റ്റോണി ക്രീക്ക്, പോർട്ട് ഹോപ്പ്, ടിമ്മിൻസ് തുടങ്ങിയ വിവിധ ചെറുപട്ടണങ്ങളിലേക്ക് നിരന്തരം മാറിത്താമസിക്കേണ്ടി വന്ന ഒന്നായിരുന്നു. ഈ നിരന്തരമായ സ്ഥാനചലനങ്ങൾ ചുറ്റുമുള്ള ലോകത്തെ മാറിനിന്നു നോക്കിക്കാണുന്ന, മൂർച്ചയേറിയ നിരീക്ഷണപാടവമുള്ള ഒരു വ്യക്തിത്വത്തിലേക്ക് അവരെ എത്തിച്ചു. പോർട്ട് ഹോപ്പിലെ ഹൈസ്കൂൾ പഠനകാലത്ത്, അവരുടെ ലാറ്റിൻ അധ്യാപികയായ ആലീസ് കോവാൻ, കാർസന്റെ താത്പര്യം തിരിച്ചറിയുകയും ഉച്ചഭക്ഷണ സമയങ്ങളിൽ അവർക്ക് പുരാതന ഗ്രീക്ക് ഭാഷ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഈ അനൗപചാരിക അധ്യാപനമാണ് തന്റെ "മുഴുവൻ കരിയറിനും സന്തോഷത്തിനും വഴിത്തിരിവായത്" എന്ന് കാർസൻ പലപ്പോഴും കൃതജ്ഞതയോടെ സ്മരിക്കുന്നുണ്ട്. ടൊറന്റോ സർവ്വകലാശാലയിലും സെന്റ് ആൻഡ്രൂസ് സർവ്വകലാശാലയിലുമുള്ള അവരുടെ തീവ്രമായ അക്കാദമിക് പഠനം പുരാതന ഗ്രീക്ക് ഛന്ദഃശാസ്ത്രത്തിലാണ് (Metric structures) ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരാതന കൃതികളെ അകലെനിന്നു വന്ദിക്കേണ്ട കേവല ശില്‍പ്പങ്ങളായി കാണുന്നതിന് പകരം, ജീവസ്സുറ്റ "മൺപാത്രക്കഷണങ്ങളായാണ്" (Pottery shards) കാർസൻ വീക്ഷിച്ചത്. സാഫോയുടെയും (Sappho) സ്റ്റെസിക്കോറസിന്റെയും (Stesichorusജീര്‍ണ്ണിച്ചുപോയ പുരാതന പാപ്പിറസ് ഏടുകളിലെ വിടവുകളും വിട്ടുപോയ വാക്കുകളും അക്ഷരങ്ങളുമാണ് എഴുത്തിലെ മൗനങ്ങളെയും സംശയങ്ങളെയും ആഖ്യാനത്തിനുള്ള സജീവ ആയുധങ്ങളാക്കി മാറ്റാൻ അവരെ പ്രചോദിപ്പിച്ചത്.

പതിനഞ്ചാം വയസ്സിലുണ്ടായ ഒരു സംഭവം കാർസന്റെ ജീവിതത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി മാറി: ഒന്റാറിയോയിലെ ഒരു ഷോപ്പിംഗ് മാൾ ബുക്ക് സ്റ്റാളിൽ യാദൃച്ഛികമായി കാണാനിടയായ സാഫോയുടെ ഒരു ദ്വിഭാഷാ പതിപ്പാണ് ഗ്രീക്ക് ഭാഷയോടുള്ള തന്റെ അനുരാഗത്തിന് തുടക്കമിട്ടതെന്ന് അവർ ഓർത്തെടുക്കുന്നു. ഇടതുവശത്തെ പേജിൽ മൂല ഗ്രീക്ക് രൂപവും വലതുവശത്ത് അതിന്റെ ഇംഗ്ലീഷ് വിവർത്തനവുമുള്ള ഒരു പുസ്തകമായിരുന്നു അത്. അതിലെ ഗ്രീക്ക് അക്ഷരമാലയുടെ ദൃശ്യഭംഗി കാർസനെ വശീകരിച്ചു. അന്ന് ആ ഭാഷ അവൾക്ക് മനസ്സിലായില്ലെങ്കിലും, അത് അപരിചിതവും മനോഹരവും ആകർഷകവുമായി അവൾക്ക് അനുഭവപ്പെട്ടു. ഈ ദൃശ്യപരമായ സ്വാധീനം അവരുടെ ഉള്ളിൽ എന്നും നിലനിന്നു. 'നോക്സ്' പോലെയുള്ള കൃതികളിൽ അറേബ്യൻ ഭാഷ പോലെയുള്ള അപരിചിതമായ ലിപിചിത്രങ്ങൾ (Facsimiles- ഫാക്സിമിലിസ്) കാർസൻ ഉൾപ്പെടുത്തുന്നത് ഇതിന്റെ തുടർച്ചയായാണ്. കൂടാതെ, ഓസ്കർ വൈൽഡിന്റെ ആരാധകയായിരുന്ന കാര്‍സന്‍ അദ്ദേഹത്തിന്റെ തിളക്കമാർന്ന ഹാസ്യബോധവും പരിഹാസശൈലിയും അനുകരിക്കാൻ ശ്രമിച്ചിരുന്നു. ഗ്രീക്ക് അക്ഷരങ്ങൾ കണ്ടപ്പോൾ "ഞാൻ ഗ്രീക്ക് പഠിക്കുകയാണെങ്കിൽ എനിക്ക് ഓസ്കർ വൈൽഡിനെപ്പോലെ കൂടുതൽ വിചിത്രവും തിളക്കമുള്ളവളും ആകാം... അത് അടുത്ത സ്വാഭാവിക ചുവടുവെപ്പായി എനിക്ക് തോന്നി" എന്ന് കാർസൻ തമാശയായി ചിന്തിച്ചു.

സാഫോയുമായുള്ള ബന്ധം ആന്‍ കാർസന്റെ മുഴുവൻ കൃതികളിലേക്കും വലിയ വെളിച്ചം വീശുന്ന ഒന്നായതിനാൽ അത് വിശദമായ അപഗ്രഥനം അർഹിക്കുന്നുണ്ട്. സ്വന്തം കാലഘട്ടത്തിലെ ഇതിഹാസ മാതൃകകളെ പൊളിച്ചെഴുതുകയും എക്കാലത്തും വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്തതുകൊണ്ടുതന്നെ 'ഏറ്റവും വിവാദനായികയായ ക്ലാസിക്കൽ കവി' എന്നാണ് സാഫോ വിശേഷിപ്പിക്കപ്പെടുന്നത്. പുരാതന ഗ്രീക്ക് സാഹിത്യത്തിൽ ഹോമറിക് യുദ്ധങ്ങളും സൈനിക ധർമ്മങ്ങളും ദേവകോപങ്ങളും നിറഞ്ഞുനിന്നപ്പോൾ, സാഫോ എഴുതിയത് മനുഷ്യവികാരങ്ങളുടെയും വ്യക്തിഗത കാമനകളുടെയും ഈർഷ്യാഭാവങ്ങളുടെയും തീവ്രവും അത്യന്തം വ്യക്തിപരവുമായ ലോകത്തെക്കുറിച്ചു മാത്രമായിരുന്നു. 'സ്ത്രീ കാമനകളുടെയും ക്വീര്‍ പ്രതീകാത്മകതകളുടെയും' (Female Desire and Queer Iconography) കൃത്യമായ വക്താവായിരുന്നു അവർ. മറ്റ് സ്ത്രീകളോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് തികച്ചും കാമുകത്വത്തോടെയും പ്രണയാതുരമായും അവർ എഴുതി. ഇതിനാൽ തന്നെ "സാഫിക്" (Sapphic), "ലെസ്ബിയൻ" (Lesbian) എന്നീ വാക്കുകളുടെ യഥാർത്ഥ ഉറവിടമായി അവർ മാറി. ചരിത്രത്തിലുടനീളം, യാഥാസ്ഥിതിക കാലഘട്ടങ്ങൾ സാഫോയെ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യകാല ക്രിസ്ത്യൻ സഭാധ്യക്ഷന്മാർ അവരുടെ പുസ്തകങ്ങൾ കത്തിച്ചുകളഞ്ഞതായും, വിക്ടോറിയൻ പണ്ഡിതന്മാർ അവരുടെ സർവ്വനാമങ്ങൾ (Pronouns) തിരുത്തിയെഴുതാനും അല്ലെങ്കിൽ അവരെ "വിശുദ്ധീകരിക്കാൻ" സാങ്കൽപ്പിക പുരുഷ കാമുകന്മാരെ സൃഷ്ടിക്കാനും നൂറ്റാണ്ടുകൾ ചെലവഴിച്ചതായും കാണാം. സഹസ്രാബ്ദങ്ങളിലൂടെ വ്യവസ്ഥാപിതമായി ഇല്ലാതാക്കപ്പെടുകയും നശിച്ചുപോവുകയും ചെയ്തതുകൊണ്ട്, സാഫോ എഴുതിയതായി കണക്കാക്കപ്പെടുന്ന 10,000 വരികളിൽ വെറും 650 വരികൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവരുടെ ‘Ode to Aphrodite’ ‘ആഫ്രോഡൈറ്റിക്കൊരു ഗീതം’ എന്ന ഒരൊറ്റ കവിത മാത്രമാണ് ഇന്ന് പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളവയെല്ലാം പുരാതന ഈജിപ്ഷ്യൻ ചപ്പകുപ്പകളിൽ നിന്നോ മമ്മികളെ പൊതിയാൻ ഉപയോഗിച്ച പാപ്പിറസ് കഷണങ്ങളിൽ നിന്നോ വീണ്ടെടുത്ത കീറിപ്പറിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ്.

സാഫോ കാർസനെ ഗ്രീക്ക് ഭാഷ മാത്രമല്ല; സാഹിത്യത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണമെന്നും കൂടിയാണ് പഠിപ്പിച്ചത്. കാർസന്റെ വിഖ്യാതമായ എഴുത്തുരീതികളെല്ലാം സാഫോയുടെ സ്വാധീനത്തിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞവയാണ്. 2002-ൽ സാഫോ കവിതകളുടെ വിവർത്തനമായി കാർസൻ പുറത്തിറക്കിയ 'ഇഫ് നോട്ട്, വിന്റർ: ഫ്രാഗ്മെന്റ്സ് ഓഫ് സാഫോ' (If Not, Winter: Fragments of Sappho) എന്ന കൃതി ഏറെ പ്രശസ്തമാണ്. വിട്ടുപോയ വരികൾ കൂട്ടിച്ചേർത്ത് തകർന്ന കവിതകളെ "നന്നാക്കാൻ" ശ്രമിക്കുന്നതിന് പകരം, പുരാതന പാപ്പിറസ് ഏടുകൾ ദ്രവിച്ചുപോയ ശൂന്യമായ ഇടങ്ങളെ അടയാളപ്പെടുത്താൻ കാർസൻ ടൈപ്പോഗ്രാഫിക് ബ്രാക്കറ്റുകൾ [ ] ഉപയോഗിച്ചു. ഈ മൗനങ്ങളും വിടവുകളും വിട്ടുപോയ വാക്കുകളും കവിതയുടെ അർത്ഥത്തിന്റെ തന്നെ ഭാഗമാണെന്ന് കാർസൻ തിരിച്ചറിഞ്ഞു. ചില കാര്യങ്ങൾ കേവലം അജ്ഞാതമായി തുടരും എന്ന് കാണിക്കാൻ വാക്കുകൾ മായ്ച്ചുകളയുന്ന രീതിയും, ഭൗതികമായ വിടവുകളും അവർ തങ്ങളുടെ പുസ്തകങ്ങളിൽ ബോധപൂർവ്വം ഉപയോഗിക്കുന്നു. ഇത് കാർസന്റെ സ്വന്തം എഴുത്തുശൈലിയെത്തന്നെ പൂർണ്ണമായി മാറ്റിമറിച്ചു. 'നോക്സ്', 'ഫ്ലോട്ട്' തുടങ്ങിയ അവരുടെ സ്വന്തം കവിതാസമാഹാരങ്ങളിൽ, വിട്ടുപോയ വരികളെയും ഖണ്ഡിക്കപ്പെട്ട ആഖ്യാനങ്ങളെയും മനുഷ്യഓർമ്മകളുടെയും ദുഃഖങ്ങളുടെയും നശ്വരത പ്രതിഫലിപ്പിക്കാനുള്ള മാർഗ്ഗമായി ഉപയോഗിച്ചുകൊണ്ട് അവർ പലതും പറയാതെ ബാക്കിവെക്കുന്നു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോൾ, സമയം കവർന്നെടുത്ത അവരുടെ പൂർണ്ണരൂപത്തെ പഴയൊരു കേടുപാടുപറ്റിയ കയ്യെഴുത്തുപ്രതി പോലെ വിവർത്തനം ചെയ്യാൻ ശ്രമിക്കുക മാത്രമാണ് നാം ചെയ്യുന്നത് എന്ന് കാർസൻ കാട്ടിത്തരുന്നു.

പ്രണയമെന്ന വികാരത്തെ വിശേഷിപ്പിക്കാൻ കയ്പ്പും മധുരവും കലർന്നത് അഥവാ "Bittersweet" എന്നര്‍ത്ഥമുള്ള ഒരു ഗ്രീക്ക് വാക്ക് (glukupikron) സാഫോ സൃഷ്ടിക്കുന്നുണ്ട്. ഈ ഒറ്റ ആശയത്തെ വികസിപ്പിച്ചാണ് കാർസൻ തന്റെ പ്രശസ്തമായ 'ഇറോസ് ദി ബിറ്റർസ്വീറ്റ്' (1986) എന്ന കന്നിഗ്രന്ഥം രചിക്കുന്നത്. അഭാവവും തടസ്സങ്ങളുമാണ് കാമനകളെ ഇത്രമേൽ ശക്തമാക്കുന്നത് എന്ന് അവർ വാദിച്ചു. നാം ഒരു വ്യക്തിയെ ആഗ്രഹിക്കുക മാത്രമല്ല ചെയ്യുന്നത്; ആ വ്യക്തിയും നമ്മളും തമ്മിലുള്ള അകലമാണ് നമ്മെ ആ ബന്ധത്തില്‍ കുരുക്കിയിടുന്നത്. ഹൃദയഭംഗത്തിന്റെ ഈ മധുരവും കയ്പ്പും കലർന്ന ജ്യാമിതിയാണ് കാർസന്റെ നോവലുകളുടെയും കവിതകളുടെയും പ്രധാന ചാലകശക്തി. പ്രണയി, പ്രണയിക്കപ്പെടുന്നയാള്‍, ഇരുവരെയും വേര്‍പെടുത്തുന്ന തടസ്സം എന്ന ത്രിത്വം ഒരു ക്ലീഷേയല്ലേ എന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും കാര്‍സന്‍ അതിനു വലിയൊരു മനശാസ്ത്രപരമായ വ്യത്യാസം നല്‍കുന്നുണ്ട്. ഇവിടെ, അത് മറികടക്കേണ്ട ബാഹ്യതടസ്സമല്ല. മറിച്ച് ആന്തരികവും, അനിവാര്യവും, രഹസ്യമായി ആഗ്രഹിക്കപ്പെടുന്നതും തന്നെയാണ്. മാര്‍ഗ്ഗതടസ്സം എന്നല്ല, അതാണ് ഊര്‍ജ്ജം. ആ തടസ്സം ഇല്ലാതായാല്‍ തൃഷ്ണയും ഇല്ലാതാകും. സ്വന്തമാക്കല്‍ എന്നത് മടുപ്പിക്കുന്നതാണ്, നഷ്ടപ്പെടലിനും സ്വന്തമാക്കലിനും ഇടയിലുള്ള ഹൈ വോള്‍ട്ടേജ് വേദനയിലാണ് ഭാവനയെ തീപിടിപ്പിക്കുന്ന ആ മാന്ത്രികത സ്ഥിതി ചെയ്യുന്നത് എന്ന് ‘ബിറ്റര്‍ സ്വീറ്റ്’ പ്രഖ്യാപിക്കുന്നു. കാര്‍സനെ സംബന്ധിച്ച് പ്രണയികള്‍ തങ്ങളുടെ വേദനകളുടെ ശില്‍പ്പികള്‍ കൂടിയാണ്. ശാരീരികമായി ദൂരെയുള്ളവര്‍, വൈകാരികമായി ലഭ്യമല്ലാത്തവര്‍, അടിസ്ഥാനപരമായി ഒത്തുപോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെയുള്ളവരെ മനുഷ്യര്‍ ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നു. ഇങ്ങനെ ചെയ്യുന്നതിന് കാരണമായി അവര്‍ പറയുന്നത് ഈഗോ ഈ അകലത്തിന്റെ സുരക്ഷിതത്വം ഇഷ്ടപ്പെടുന്നു എന്നാണ്. തടസ്സം നിലനില്‍ക്കുവോളം പ്രണയിക്കപ്പെടുന്നയാള്‍ തികച്ചുമൊരു മനോജ്ഞ ഫാന്റസിയായി നിലനില്‍ക്കും. എന്നാല്‍, തടസ്സം നീങ്ങുന്ന നിമിഷംതൊട്ട് നിങ്ങള്‍ക്ക് അവരോടൊപ്പം പാത്രം കഴുകേണ്ടിവരും, അതോടെ ആ ഫാന്റസി തകരുകയും ചെയ്യും.

ഈ ത്രിത്വത്തില്‍ അടങ്ങിയ മറ്റൊരു കാര്‍സോനിയന്‍ ട്വിസ്റ്റ്‌ കൂടിയുണ്ട്: കാര്‍സനെ സംബന്ധിച്ച് തൃഷ്ണ (ഇറോസ്) എന്നത് മറ്റൊരു വ്യക്തിയോട് ബന്ധപ്പെട്ടത് എന്നതിലേറെ സ്വന്തം മനസ്സിനുള്ള ഒരു വിളിച്ചുണര്‍ത്തല്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ഷേക്ക്‌സ്പിയറെ സംബന്ധിച്ച് പ്രണയത്തിന്റെ ലക്ഷ്യം പ്രണയിയോട് ഒന്നിക്കലും ഒന്നാകലുമാണ്. കാര്‍സനെ സംബന്ധിച്ചാകട്ടെ, ‘ഇടയിലെ ശൂന്യത’ കടന്നു പ്രാപിക്കാനാകാത്ത അപരനെ, പ്രണയിയെ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പരിമിതിയെ, അതിര്‍ത്തിയെ കുറിച്ച് അങ്ങേയറ്റം ബോധാവാനാകുന്നു. ഈ വേദനിപ്പിക്കുന്ന മരവിപ്പ് നിങ്ങള്‍ക്ക് നിങ്ങളെ വ്യക്തമായി കാണാന്‍ ഇടയാക്കുന്നു എന്നതിനാലാണ് ഹൃദയം തകരുമ്പോള്‍ ഒരാള്‍ കലാകാരനും/ കലാകാരിയും കവിയും ദാര്‍ശനികനും എല്ലാമായി പൊടുന്നനെ മികവാര്‍ജ്ജിക്കുന്നത്. ചുരുക്കത്തില്‍ ഷേക്ക്‌സ്പിയര്‍ പ്രണയികളെ പാലം കടന്ന് ഒന്നാകാന്‍ പ്രേരിപ്പിക്കുമ്പോള്‍, കാര്‍സന്‍ തകര്‍ന്ന പാലത്തിന്റെ അറ്റത്തുനിന്ന് ആഴത്തിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നു. അതിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന സ്വത്വത്തിന്റെ പുനര്‍ജനിയെ പരമമായി കാണുന്നു.

അതുപോലെ, സാഫോ പരിചയത്തില്‍നിന്ന് കാര്‍സന്‍ പഠിച്ചെടുത്ത സാഹിത്യത്തിൽ 'റീ-മിക്സ്' (Re-mix) നടത്തുന്നതിന്റെ ആനന്ദം സുപ്രധാനമാണ്‌: പുരാതന കൃതികൾ നിശ്ചലമല്ലെന്നും അവ നൂറ്റാണ്ടുകൾക്കിപ്പുറത്തുനിന്നും സംസാരിക്കുന്ന ആത്മബന്ധമുള്ള ശബ്ദങ്ങളാണെന്നും ഈ പരിചയം കാർസന് കാണിച്ചുകൊടുത്തു. നമുക്ക് ലഭ്യമായ രൂപത്തില്‍ സാഫോയുടെ കൃതികള്‍ ഒട്ടേറെ വിടവുകളും അവ്യക്തതകളും കാത്തുവെച്ചതിനാല്‍ ഇതര ക്ലാസിക്കൽ കൃതികളുടെ കാര്യത്തില്‍ എന്നപോലെ അവ കര്‍ക്കശ ചട്ടക്കൂടില്‍ നില്‍ക്കുന്നില്ല. വെറുമൊരു നിശ്ചിത പാഠപുസ്തകമായി മാത്രം കാണാതിരിക്കാനുള്ള ബുദ്ധിപരമായ സ്വാതന്ത്ര്യം അവ കാർസന് നല്‍കി. ഒരു കർക്കശക്കാരിയായ യൂണിവേഴ്സിറ്റി പ്രൊഫസർ എന്ന നിലയിൽ നിന്ന് മാറി, 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' എന്ന പ്രശസ്ത കൃതിയിലെന്നപോലെ പുരാണത്തിലെ രാക്ഷസന്മാരെ ആധുനിക ക്വീര്‍ കൗമാരക്കാരുമായി അവര്‍ കൂട്ടിയിണക്കുന്നു. അങ്ങനെ അതിരുകൾ ഭേദിക്കുന്ന കലാകാരിയായി മാറാൻ സാഫോ കാർസനെ പ്രാപ്തയാക്കി. ഇതിലൂടെ, ചരിത്രം എന്നത് ലളിതമായ ഒരു നേർരേഖയാണെന്ന ആശയത്തെ കാർസൻ പൂർണ്ണമായി നിരസിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, ഒരു പുരാതന ഗ്രീക്ക് യോദ്ധാവും ഒരു ആധുനിക കൗമാരക്കാരനും അനുഭവിക്കുന്നത് ഒരേ മാനസിക സംഘർഷങ്ങളാണ്. മറ്റു വാക്കുകളില്‍, പുരാണങ്ങളും ആധുനികതയും സംഗമിക്കുന്ന ഇവിടെ സമയം തികച്ചും ഇലാസ്തികതയുള്ള ഒന്നാണ്. അവർ കാലഗണനകളെ തമ്മിൽ കൂട്ടിയിടിപ്പിക്കുന്നു. അവരുടെ കൃതികളിൽ, പുരാണ കഥാപാത്രങ്ങൾ തെറാപ്പിക്ക് പോകുന്നു, ഫോട്ടോകളെടുക്കുന്നു, അഭിമുഖങ്ങൾ റെക്കോർഡ് ചെയ്യുന്നു, കാറുകളിൽ സഞ്ചരിക്കുന്നു. നേര്‍രേഖാ സമയം (linear time) എന്ന ആശയത്തെ നിരാകരിച്ച് പുരാണ കഥാപാത്രങ്ങളെയും ആധുനിക കഥാപാത്രങ്ങളെയും ഒരേ മുറിയില്‍ ഒരേ ഹൈവേയില്‍ കാര്‍സന്‍ ഒരുമിപ്പിക്കുന്നു. ഹെർക്കുലീസ്, ഹെലൻ ഓഫ് ട്രോയ്, ലാസറസ് തുടങ്ങിയ കഥാപാത്രങ്ങളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരുന്നതിലൂടെ, മനുഷ്യന്റെ മനോവിഷമങ്ങളും കാമനകളും അസ്തിത്വഭയങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറവും ഒട്ടും മാറിയിട്ടില്ല എന്ന് അവർ തെളിയിക്കുന്നു. എന്നാല്‍, മാനുഷിക ദുരിതങ്ങളെ ഭീതിതവും അനന്തവുമായ ഒരാവര്‍ത്തനം (ലൂപ്പ്) ആയിക്കാണുന്ന നീഷിയന്‍ ‘അനന്താവര്‍ത്തനം (Eternal Recurrence)’ എന്നതില്‍നിന്നു വ്യത്യസ്തമായി, തികച്ചും റാഡിക്കലായ ആശ്വാസത്തിന്റെയും പാരസ്പര്യത്തിന്റെയും ഉറവിടമായാണ് ഈ ആവര്‍ത്തനത്തെ കാര്‍സന്‍ കാണുന്നത് എന്നത് എടുത്തുപറയണം. ഒരര്‍ത്ഥത്തില്‍ മിത്തുകളുടെ ലോകത്തെ വര്‍ത്തമാനകാല കഥാപാത്രങ്ങളിലേക്ക് വിളക്കി ചേര്‍ക്കുമ്പോള്‍ നീഷേയുടെ നിഹിലിസത്തെ മറികടക്കുകയാണ് കാര്‍സന്‍: മനുഷ്യദുരന്തങ്ങളുടെ അനന്തമായ ആവര്‍ത്തനത്തെ ആത്യന്തിക നിരര്‍ത്ഥകതയുടെ നിദര്‍ശനമായി നീഷേ സമീപിച്ചപ്പോള്‍ കാര്‍സന്‍ അതെ സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തി ഇങ്ങനെ ചോദിക്കുന്നു: നോക്കൂ, അഴുകിയ പാപ്പിറസ്സിന്റെയും യുദ്ധങ്ങളുടെയും തകര്‍ന്ന സാമ്രാജ്യങ്ങളുടെയും രണ്ടായിരത്തഞ്ഞൂറു കൊല്ലങ്ങള്‍ക്കിപ്പുറവും മാനുഷിക ഹൃദയവ്യഥകള്‍ അതേ രൂപങ്ങളില്‍ നിലനില്‍ക്കുന്നു എന്നത് മനോഹരമല്ലേ? നീഷെയെ സംബന്ധിച്ച് ഒരു ട്രാപ്പ് ആയി മാറുന്നതെന്തോ അത്, കാര്‍സനെ സംബന്ധിച്ച് ഏറ്റവും ആഴത്തിലുള്ള പാരസ്പര്യത്തിന്റെ, സഹ്രസ്രാബ്ദങ്ങള്‍ക്കിപ്പുറവും മാനവികതയെ വേദനയുടെ കാണാച്ചരടുകളില്‍ ബന്ധിപ്പിക്കുന്ന ശക്തിയായിത്തീരുന്നു.

കാർസന്റെ എഴുത്തിലെ അതിർവരമ്പുകൾ മായ്ച്ചുകളയുന്ന രീതി സമയത്തിന്റെ ഇലാസ്തികതയിൽ അവസാനിക്കുന്നില്ല. അവരുടെ കഥാപാത്രങ്ങൾ പലപ്പോഴും സ്വന്തം ശരീരത്തിന്റെയും സ്വത്വത്തിന്റെയും അതിർവരമ്പുകളോട് പോരാടുന്നവരാണ്. സാമൂഹിക വാർപ്പ് മാതൃകകളിൽ ഒതുങ്ങാത്ത "പുറന്തള്ളപ്പെട്ടവരോട്" (Outsiders) അവരെപ്പോഴും കൗതുകം പുലർത്തി. 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ ഗെറിയോൺ, സാധാരണ ആധുനിക ലോകത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ചിറകുകളുള്ള ഒരു ചുവന്ന രാക്ഷസനാണ്. ക്വീര്‍ സ്വത്വത്തെയും, കലാകാരന്റെ ഏകാന്തതയെയും, അന്യവൽക്കരണത്തെയും (Otherness) ചിത്രീകരിക്കാൻ രാക്ഷസീയതയെ ഒരു വിചിത്ര രൂപകമായി കാർസൻ ഇവിടെ ഉപയോഗിക്കുന്നു. കൂടാതെ, പരമ്പരാഗത ലിംഗപദവികളെ തകിടം മറിച്ചുകൊണ്ട്, ഗ്രീക്ക് നാടകങ്ങൾ വിവർത്തനം ചെയ്യുമ്പോൾ ഇലക്ട്ര, ആന്റിഗണി തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ രോഷത്തെയും പുരുഷന്മാരുടെ നിസ്സഹായാവസ്ഥയെയും അവർ വ്യക്തമായി എടുത്തുകാണിക്കുന്നു.

ഈ 'അതിർവരമ്പുകൾ മായ്ക്കുന്ന ശൈലി' ഭാഷയുടെ വിവർത്തനസാധ്യതകൾക്കപ്പുറമുള്ള പരിമിതികളിലേക്കും നീളുന്നുണ്ട്. ഒരു പ്രൊഫഷണൽ വിവർത്തക എന്ന നിലയിൽ, വാക്കുകൾ മെരുങ്ങാത്തതും അപൂർണ്ണവുമായ ഒന്നാണെന്ന് കാർസന് നന്നായറിയാം. മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയാത്ത വാക്കുകളെക്കുറിച്ച് പഠിക്കാൻ അവർ എപ്പോഴും താല്പര്യം കാണിച്ചു. ചിലയിടങ്ങളിൽ ഒരു ഗ്രീക്ക് ക്രിയാപദത്തെ വിശകലനം ചെയ്യാനായി അവർ എഴുത്ത് നിർത്തിവെക്കുന്നു; മനുഷ്യവികാരങ്ങളുടെ ഭാരം ഉൾക്കൊള്ളാൻ ഭാഷ എങ്ങനെ പരാജയപ്പെടുന്നു എന്ന് കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. 'നോക്സ്', 'ഫ്ലോട്ട്' തുടങ്ങിയ കൃതികളിൽ പുസ്തകത്തെ കേവലം എഴുത്തായി കാണാതെ ഒരു ഭൗതിക വസ്തുവായി പരീക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചതും ഭാഷയുടെ ഈ പരാജയമാണ്. സുതാര്യമായ ബോക്സുകളിലും അക്കോർഡിയൻ മടക്കുകളിലുമായി കവിതകൾ പ്രസിദ്ധീകരിക്കുന്നതിലൂടെ, ഭാഷ എന്നത് കേവലമൊരു അമൂർത്ത ചിന്ത മാത്രമല്ലെന്നും, അത് കയ്യിലെടുക്കാനും അഴിച്ചെടുക്കാനും വായിച്ചെടുക്കാനുമുള്ള ഒരു ഭൗതിക വസ്തുവാണെന്നും അവർ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

പുരാതന ഗ്രീക്ക് പാഠങ്ങൾ കാർസന് ഘടനാപരവും ഭാഷാപരവുമായ അടിത്തറകൾ നൽകിയപ്പോൾ, അവരുടെ വൈകാരികവും തത്ത്വചിന്താപരവുമായ ലോകങ്ങളെ തീവ്രമായി രൂപപ്പെടുത്തിയത്തില്‍ ഇതര യൂറോപ്യൻ എഴുത്തുകാര്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആധുനിക അന്യവൽക്കരണം, ദുഃഖം, മാനുഷിക സ്വത്വത്തിന്റെ അതിരുകൾ എന്നിവ പരിശോധിക്കാനുള്ള കണ്ണാടികളായാണ് അവർ ഈ എഴുത്തുകാരെ ഉപയോഗിക്കുന്നത്. എമിലി ബ്രോണ്ടി, സിമോങ് വെയ്ൽ, പോൾ സെലാൻ, ഫ്രാൻസ് കാഫ്ക തുടങ്ങിയവരുടെ സ്വാധീനങ്ങളെ തന്റെ വിഖ്യാത കൃതികളിലേക്ക് കാർസൻ സമർത്ഥമായി കൂട്ടിയിണക്കുന്നു.

'ഗ്ലാസ്, അയൺ ആൻഡ് ഗോഡ്' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയ അവരുടെ ശ്രദ്ധേയമായ 'ദി ഗ്ലാസ് എസ്സേ' (The Glass Essay) എന്ന ആഖ്യാന കവിതയിൽ, എമിലി ബ്രോണ്ടിയെ ഒരു കേവല സാഹിത്യ പരാമർശമായല്ല; മറിച്ച് വലിയൊരു പ്രണയ തകർച്ചയെ തരണം ചെയ്യാനുള്ള അതിജീവന വഴികാട്ടിയായാണ് കാർസൻ ഉപയോഗിക്കുന്നത്. ദീർഘകാല ബന്ധത്തിന്റെ തകർച്ചയിൽ നിന്ന് മുക്തയാകാതെ, കവിതയിലെ ആഖ്യാതാവ് കാനഡയിലെ വിജനമായ ചതുപ്പുനിലങ്ങളിലുള്ള (Moorland) അമ്മയുടെ വീട്ടിലേക്ക് യാത്ര ചെയ്യുകയും എമിലി ബ്രോണ്ടിയുടെ കൃതികൾ വായിച്ചുകൊണ്ട് ദിവസങ്ങൾ ചെലവഴിക്കുകയും ചെയ്യുന്നു. ചതുപ്പുനിലങ്ങളുടെ ഭൂപ്രകൃതി ആന്തരികമായ ഒരു തണുത്ത ഏകാന്തതയെ പ്രതിഫലിപ്പിക്കുന്നു. ആഖ്യാതാവിന്റെ വേദനാജനകമായ ഹൃദയഭംഗത്തെ ബ്രോണ്ടിയുടെ ഭാവനാ ഊർജ്ജത്തോട് കാർസൻ ചേർത്തുവെക്കുന്നു. ബ്രോണ്ടിയുടെ സ്വന്തം ഏകാന്ത ജീവിതത്തിലൂടെ ഹീത്ത്ക്ലിഫിനെയും കാതറിനെയും നോക്കിക്കാണുന്നതിലൂടെ, പൂർത്തീകരിക്കപ്പെടാത്ത കാമനകളെ ഒരു താൽക്കാലിക വൈകാരികാവസ്ഥ എന്നതിന് പകരം, മാറ്റമില്ലാത്ത അസ്തിത്വപരമായ ഒരു മുറിവയായി കാർസൻ അടയാളപ്പെടുത്തുന്നു.

2005-ൽ പുറത്തിറങ്ങിയ 'ഡീക്രിയേഷൻ: പോയട്രി, എസ്സേയ്സ്, ഓപ്പറ' എന്ന തന്റെ സമാഹാരത്തിന്റെ പേര് തന്നെ ദാര്‍ശനികയും മിസ്റ്റിക്കുമായ സിമോങ് വെയ് ലിന്റെ (Simone Weil) കുറിപ്പുകളിൽ നിന്നാണ് കാർസൻ സ്വീകരിച്ചത്. "നമ്മിലെ ജീവിയെ ഇല്ലാതാക്കുക" (Undoing the creature in us) എന്നാണ് വെയ്ൽ 'ഡീക്രിയേഷനെ' നിർവ്വചിച്ചത് — അഥവാ ആത്മീയമായ പൂർണ്ണത കൈവരിക്കുന്നതിനായി അഹന്തയെയും വ്യക്തിസ്വത്വത്തെയും ബോധപൂർവ്വം അലിയിച്ചുകളയുക. ഈ പുസ്തകത്തിലെ ഒരു സുപ്രധാന ഉപന്യാസത്തില്‍ തികച്ചുംവ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സാഫോ, മാർഗരറ്റ് പോറെറ്റ്, സിമോങ് വെയ്ൽ എന്നീ മൂന്ന് സ്ത്രീകൾ തങ്ങളുടെ അസ്തിത്വത്തെത്തന്നെ എഴുതി മായ്ക്കാൻ എങ്ങനെ ശ്രമിച്ചു എന്ന് കാർസൻ പരിശോധിക്കുന്നു. വെയ്ൽ തൻറെ സ്വന്തം ആത്മനിഷ്ഠതയെ ഇല്ലാതാക്കാൻ ഭാഷയെ എങ്ങനെ ചിട്ടയായി ഉപയോഗിച്ചുവെന്ന് കാർസൻ തെളിയിക്കുന്നു. തന്റെ കവിതകളിൽ നിന്ന് എഴുത്തുകാരിയുടെ ആധികാരിക ശബ്ദത്തെ ഒഴിവാക്കാനുള്ള കാര്‍സന്റെ പരീക്ഷണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതും ഈ ചിന്ത തന്നെയാണ്.

'ഇക്കണോമി ഓഫ് ദി അൺലോസ്റ്റ്: എന്ന കൃതിയിൽ, ബി.സി. ആറാം നൂറ്റാണ്ടിലെ ഗ്രീക്ക് വിലാപഗീത രചയിതാവായ സിമോണിഡീസും, ഹോളോകോസ്റ്റിനെ അതിജീവിച്ച റൊമാനിയൻ ജൂത കവിയായ പോൾ സെലാനും തമ്മിൽ തീർത്തും അപ്രതീക്ഷിതമായ ഒരു സാദൃശ്യം കാർസൻ സൃഷ്ടിക്കുന്നു. തന്റെ മാതാപിതാക്കളെ വധിക്കാൻ ഉപയോഗിച്ച അതേ ജർമ്മൻ ഭാഷയിൽ തന്നെ കവിതകളെഴുതാൻ നിർബന്ധിതനായതില്‍ സെലാൻ അനുഭവിച്ച കടുത്ത ഭാഷാപരമായ അന്യതയും വേദനയും കാർസൻ പരിശോധിക്കുന്നു. ഓരോ വാക്കിനും പണം ഈടാക്കിയ ആദ്യ ഗ്രീക്ക് കവിയായിരുന്ന സിമോണിഡീസിന്റെ സാമ്പത്തിക മിതവ്യയത്തെയും, സെലാന്റെ തികച്ചും "ഭാഷാപരമായ മിതവ്യയത്തെയും" (Economy of language) കാർസൻ താരതമ്യം ചെയ്യുന്നു. ഹോളോകോസ്റ്റിന്റെ വിവരണാതീതമായ ആഘാതങ്ങളെയും വേദനകളെയും വായനക്കാരനിലേക്ക് എത്തിക്കാൻ മൗനങ്ങളെയും തടസ്സപ്പെടുന്ന വാക്കുകളെയും തകർന്ന വ്യാകരണത്തെയും സെലാൻ എങ്ങനെയാണ് ആയുധമാക്കുന്നത് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു; ഒരു എഴുത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വരികൾക്ക്, അതിൽ എഴുതപ്പെട്ട വാക്കുകളേക്കാൾ ഭാരമുണ്ടെന്ന് കാര്‍സെന്‍ സ്ഥാപിക്കുന്നു.

ഫ്രാൻസ് കാഫ്കയുടെ സ്വാധീനമാകട്ടെ, കാർസന്റെ സമാഹാരങ്ങളിലുടനീളം, പ്രത്യേകിച്ച് അവരുടെ ഗദ്യസമാഹാരങ്ങളിലും 'ചെറുഭാഷണങ്ങളിലും' (Short talks) കാണാം. സാധാരണ ലോകം പെട്ടെന്ന് ഒരു അസംബന്ധക്കെണിയായി മാറുന്ന കാഫ്കെയസ്ക് ആഖ്യാന ശൈലി നിശബ്ദമായൊരു അടിയൊഴുക്കായി ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. കാഫ്കയുടെ നിശിതമായ വ്യാവഹാരിക ഗദ്യശൈലിയെയും അസ്തിത്വപരമായ ഭയത്തെയും കാർസൻ ആവാഹിക്കുന്നു. ഡിവോഴ്സ് പേപ്പറുകള്‍ കൈമാറുകയോ അക്കാദമിക് സ്ഥാപനങ്ങളുമായി ഇടപഴകുകയോ ചെയ്യുന്ന പോലെയുള്ള സാധാരണ ആധുനിക സംഭവങ്ങളെക്കുറിച്ച് എഴുതുമ്പോൾ പോലും, മനസ്സിലാക്കാനാവാത്തതും കരുണയില്ലാത്തതുമായ ഒരു ബ്യൂറോക്രാറ്റിക് കെണിയിൽ അകപ്പെട്ടുപോവുന്ന വ്യക്തമായ 'കാഫ്കയെസ്ക്' അനുഭവം അവർ സൃഷ്ടിക്കുന്നു. കാഫ്കയുടെ കഥാപാത്രങ്ങളെപ്പോലെ, കാർസന്റെ ആഖ്യാതാക്കളും സ്വന്തം ശരീരത്തെയും സ്വത്വത്തെയും അന്യവും വാടകയ്‌ക്കെടുത്തതുമായ ഇടങ്ങളായാണ് വീക്ഷിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരിക യാഥാർത്ഥ്യവും പുറമേയുള്ള സാമൂഹിക രൂപവും തമ്മിലുള്ള വേദനാജനകമായ അകലത്തെക്കുറിച്ചും, രൂപമാറ്റങ്ങളെക്കുറിച്ചും, ശാരീരികമായ അസ്വസ്ഥതകളെ കുറിച്ചുമുള്ള കാഫ്കയുടെ ചിന്തകളെ കാർസനും പങ്കുവെക്കുന്നു.

സമാപന നിരീക്ഷണങ്ങള്‍:

അക്കാദമിക് പരിശീലനം സിദ്ധിച്ച, വിജ്ഞാനതൃഷ്ണയുള്ള ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം ആന്‍ കാർസന്റെ കൃതികൾ ചിന്തകളുടെയും ബുദ്ധിയുടെയും വിനോദഭൂമിയാണ് എന്നതിൽ തർക്കമില്ല. എന്നാൽ, ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പാപ്പിറസ് ഏടുകളിലെ വിടവുകളിലോ, മൗനങ്ങളിലോ, അക്ഷരങ്ങളുടെ ഭൗതികമായ അഭാവങ്ങളിലോ എന്നതിലേറെ എഴുതപ്പെട്ട വാക്കുകളിൽ അർത്ഥം തിരയുന്ന സാധാരണ വായനാസമൂഹത്തോട് കാർസൻ സംവദിക്കുന്നുണ്ടോ, അഥവാ അതിലൊരു പ്രശ്നമുണ്ടോ? ഉദാഹരണത്തിന്, വികസ്വര ലോകത്തിന്റെ ബാദ്ധപ്പാടുകളിലും അസന്തുഷ്ടികളിലും അനിശ്ചിതത്വങ്ങളിലും കുരുങ്ങിക്കിടക്കുന്ന ഒരു ഏഷ്യന്‍/ ആഫ്രിക്കന്‍/ ലാറ്റിന്‍ അമേരിക്കന്‍ വായനക്കാരനെ സംബന്ധിച്ചിടത്തോളം, വിട്ടുപോയ/ മാഞ്ഞുപോയ വാക്കുകളെ ഇത്രമേൽ മനോഹരമായി സൗന്ദര്യവൽക്കരിക്കുന്ന പ്രവണത അസ്വസ്ഥജനകമായ ഒരു ചോദ്യമാണ് ഉയർത്തുന്നത്: ടൈപ്പോഗ്രാഫിക്കല്‍ വിടവുകളെ സർഗ്ഗാത്മകവും രസകരവുമായ ഒരു കലാപരമായ തിരഞ്ഞെടുപ്പായി കാണാനുള്ള ആഡംബരം യഥാർത്ഥത്തിൽ ആർക്കാണ് ഉള്ളത്? കുലീനമായ പാശ്ചാത്യ സർവ്വകലാശാലകളുടെ ഭദ്രവും അതീവ സുരക്ഷിതവുമായ ആർക്കൈവുകളിൽ, 2500 വർഷം പഴക്കമുള്ള ഒരു ലിഖിതത്തിലെ വിട്ടുപോയ വാക്ക് എന്നത് പണ്ഡിതോചിതമായ ഒരു ചിന്താക്കുഴപ്പം (Intellectual puzzle) ആയിരിക്കാം; കാർസൻ പറയുന്നതുപോലെ "ഭാവനാത്മക സാഹസികതയ്ക്കുള്ള" (Imaginal adventure) ഒരു ക്ഷണം! എന്നാൽ ഗ്ലോബൽ സൗത്തിൽ, ചരിത്രപരമായ വിടവുകളും സെൻസർ ചെയ്യപ്പെട്ട രേഖകളും വ്യവസ്ഥാപിതമായ തകർച്ചകളും കേവല കാവ്യാത്മക രൂപകങ്ങളല്ല; മറിച്ച് ഇന്നും തുടരുന്ന ഭൗതികമായ മുറിവുകളാണ്. അവിടെ ഇല്ലാതാക്കപ്പെടലുകൾക്ക് കാണപ്പെടുന്ന ഭാവം തികച്ചും വ്യത്യസ്തമാണ്. കാർസന്റെ നോബൽ പുരസ്കാര നേട്ടം, അക്കാദമിക്, അവാങ് ഗാര്‍ഡ് സാഹിത്യപ്രസ്ഥാനത്തിന്റെ അമരക്കാരി എന്ന നിലയിലുള്ള അവരുടെ സ്ഥാനം തീര്‍ച്ചയായും ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ വിലാപങ്ങളെ രേഖപ്പെടുത്താനും, ഓർമ്മകളെ നിലനിർത്താനും, അവയെ വായിക്കാനും നാം എത്രത്തോളം പ്രാപ്തരാണ് എന്നതില്‍ കടുത്ത ഭൗമരാഷ്ട്രീയ വൈരുധ്യങ്ങളുണ്ട്. അതുപോലെ, സഹോദരന്റെ വിയോഗത്തെ കാവ്യചിത്രങ്ങളാക്കി പ്രതീകാത്മക പേടകത്തില്‍ അടക്കുകയും കുഴിമാടം തുറപ്പിക്കുന്ന പോലെ വായനക്കാരെക്കൊണ്ട് തുറപ്പിക്കുകയും ചെയ്യുക എന്നത് വായനക്ക് മുന്നുപാധിയാക്കുമ്പോള്‍, എഴുതപ്പെട്ട വാക്കുകളിലെ ഹൃദയവേദനയോ അതോ, ആ പെര്‍ഫോമേറ്റിവ് മിടുക്കോ വായനക്കാരിലേക്ക് സംവേദനം ചെയ്യപ്പെടുക? അനുഭൂതികളുടെയും അനുഭവങ്ങളുടെയും തലത്തില്‍ വായനയെ സമീപിക്കുന്ന സാധാരണ അനുവാചകന്‍ വായനയില്‍ തേടുന്ന വൈകാരിക അനുതാപം (empathy) ഇപ്രകാരം ഭേദിക്കപ്പെടുമ്പോള്‍ കൃതിയുടെ ടെക്സ്റ്റ് അകന്നുപോകുന്നതായി അനുഭവപ്പെടാം.