In the Shadow of the Banyan

നിണഭൂമികളില്‍ ദലമര്‍മ്മരങ്ങള്‍ 

“അതിജീവിച്ചവരില്‍ തുറന്നുപറയാന്‍ തീരുമാനിക്കുന്നയാള്‍ക്ക് അത് വ്യക്തമാണ്: അയാളുടെ ദൗത്യം മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി സാക്ഷിപറയലാണ്. നമ്മുടെ സഞ്ചിത സ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറക്ക് അപ്രാപ്യമാക്കാന്‍ അയാള്‍ക്ക് അധികാരമില്ല. മറക്കുക എന്നത് അപകടകരം മാത്രമല്ല, മ്ലേച്ചവുമാണ്; മരിച്ചവരെ മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊരിക്കല്‍ കൂടി കൊന്നുകളയലാണ് " -

- (‘Night’, ഏലി വീസല്‍)

1940-കളില്‍ ഫ്രാന്‍സിനെതിരായ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നാണ് കമ്പൂച്ചിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (CPK) അഥവാ ഖമേര്‍ റൂഷ് (Khmer Rouge) രൂപമെടുത്തത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര കമ്പോഡിയയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് നിരന്തരമായ അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നു. 1970 മാര്‍ച്ചില്‍ ഫീല്‍ഡ് മാര്‍ഷല്‍ ലോണ്‍ നോള്‍ അമേരിക്കന്‍ സഹായത്തോടെ രാജഭരണം തൂത്തെറിയുകയും ഖമേര്‍ റൂഷുമായി തുറന്ന സായുധ പോരാട്ടം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ , 1973 ആവുമ്പോഴേക്കും പട്ടാള ഭരണത്തിനുമേല്‍ ഖമേര്‍ റൂഷ് ശക്തമായ മേധാവിത്തം നേടുകയും നാടിന്റെ എണ്‍പത്തിയഞ്ചു ശതമാനം പ്രദേശത്തും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു . 1975 ഏപ്രില്‍ 17-ന് 'ഡെമോക്രാറ്റിക് കമ്പൂച്ചിയ' സ്ഥാപിതമായി. മുതലാളിത്ത മൂലധന വ്യവസ്ഥയില്‍ അധിഷ്ടിതമായ സ്വതന്ത്രകമ്പോളത്തെ പരിപൂര്‍ണ്ണമായി നിരാകരിച്ച് ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെ വര്‍ഗ്ഗരഹിത കമ്യൂണിസ്റ്റ് സമൂഹം സ്ഥാപിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. “ഇത് നേടിയെടുക്കാനായി പണം, സ്വതന്ത്ര കമ്പോളം, സാധാരണ വിദ്യാഭ്യാസം, സ്വകാര്യ സ്വത്ത്, വിദേശ വസ്ത്രധാരണരീതി, മതപരമായ ചടങ്ങുകള്‍, പരമ്പരാഗത കംബോഡിയന്‍ സാംസ്കാരിക ശേഷിപ്പുകള്‍ എന്നിവയൊക്കെ നിരാകരിക്കപ്പെട്ടു. പൊതുസ്കൂളുകള്‍, പഗോഡകള്‍, മുസ്ലിം-ക്രിസ്ത്യന്‍ പള്ളികള്‍, യൂണിവേഴ്സിറ്റികള്‍, കടകള്‍,സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവയെല്ലാം അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ ജയിലുകള്‍, കാലിത്തൊഴുത്തുകള്‍, പുനര്‍വിദ്യാഭ്യാസ ക്യാമ്പുകള്‍, ധാന്യപ്പുരകള്‍ തുടങ്ങിയവയാക്കി മാറ്റുകയോ ചെയ്തു. പൊതു-സ്വകാര്യ ഗതാഗത മാര്‍ഗ്ഗങ്ങള്‍, സ്വകാര്യ സ്വത്ത്, വിപ്ലവേതരമായ ഉല്ലാസമാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കപ്പെട്ടു. ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വന്നു. സി.പി.കെ. നേതാക്കള്‍ ഉള്‍പ്പടെ നാടെങ്ങും ഉള്ള ആളുകള്‍ കറുത്ത വേഷം ധരിക്കേണ്ടതുണ്ടായിരുന്നു, അതായിരുന്നു സാമ്പ്രദായിക വിപ്ലവ വേഷം.' - (കംബോഡിയ ട്രിബ്യൂണല്‍ മോണിറ്റര്‍ ). 1975 ഏപ്രില്‍ 17 മുതല്‍ 1979 ജനുവരി പത്തിന് വിയെറ്റ്നാം സൈന്യത്തിന്‍റെ പിന്തുണയോടെ ഇരമ്പിയെത്തിയ കമ്പൂച്ചിയന്‍ യുനൈറ്റെഡ് ഫ്രണ്ടിനു മുന്നില്‍ അടിയറവെക്കും വരെ കാലയളവില്‍ ഈ കമ്യൂണിസ്റ്റ് ഉടോപ്പിയയുടെ പേരില്‍ ഖമേര്‍ റൂഷ് അരങ്ങേറിയ നരമേധങ്ങളില്‍ രണ്ടു മില്യനോളം ജനങ്ങള്‍ -ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് - ഉന്മൂലനം ചെയ്യപ്പെട്ടു.

1975 ഏപ്രിലില്‍ , നഗരവാസികളെല്ലാം കുടുംബങ്ങള്‍ ഒന്നടങ്കം കുഗ്രാമങ്ങളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടതോടെ ആരംഭിച്ച'വിപ്ലവ'പ്രക്രിയയുടെ ഭാഗമായി നോം പെന്നിലെ പുരാതനമായ സിസോവാത് രാജകുടുംബത്തില്‍ തായ് വേരുകളുള്ള, പാലായനം ചെയ്യേണ്ടിവരുന്ന ഒരു കുടുംബത്തിലെ എഴുവയസ്സുകാരി റാമി എന്ന കംബോഡിയന്‍ 'രാജകുമാരി'യുടെ ആഖ്യാനത്തിലൂടെയാണ് വാദി റാറ്റ്നറുടെ ഏറെ ആത്മകഥാപരമായ 'ആല്‍മരത്തണലില്‍' ഖമേര്‍ റൂഷ് കാലഘട്ടമെന്ന കഠിന കാലത്തെ ഫിക് ഷനല്‍ ചട്ടക്കൂടില്‍ ആവിഷ്കരിക്കുന്നത്. പപ്പയുടെതില്‍ നിന്ന് വ്യത്യസ്തമായി താഴ്ന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള മമ്മക്ക് പക്ഷെ കുടുംബത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ക്യാമ്പില്‍ തങ്ങളുടെ കുടുംബപശ്ചാത്തലം മൂടിവെക്കേണ്ട സാഹചര്യത്തില്‍ മമ്മയുടെ അടിസ്ഥാനവര്‍ഗ്ഗ നൈസര്‍ഗ്ഗിക ഗുണങ്ങളാണ് അവര്‍ക്ക് മാതൃകയാവുക. ഒരേ സമയം മുന്‍വിധികളേതുമില്ലാത്ത കുഞ്ഞിന്റെ നിഷ്കളങ്കതയോടെയും എന്നാല്‍ കവിയും ബുദ്ധിജീവിയുമായ അച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്ന, ഏറെ സംവേദനക്ഷമതയുള്ള, പോളിയോയുടെ ശാരീരിക പരിമിതി മറികടക്കാന്‍ സഹായിക്കുന്ന നിരീക്ഷണ പാടവമുള്ള കുട്ടിയെന്ന നിലയില്‍ വിശദാംശങ്ങള്‍ സ്വാംശീകരിച്ചും ആഖ്യാനം നടത്താന്‍ ഏഴു വയസ്സ് എന്ന പ്രായഗണന സഹായിച്ചിട്ടുണ്ട് എന്ന് നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. ഖമേര്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കേണ്ട ഏപ്രിലില്‍ അക്കൊല്ലം ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്നു പപ്പ തീരുമാനിക്കുന്നത് നഗരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍, പുതുവര്‍ഷം ശുദ്ധീകരണത്തിന്റെ കൂടിയായതുകൊണ്ട്‌ എല്ലാ ദുഷ്ടുകളുടെയും അന്ത്യംകുറിക്കാന്‍ ആഘോഷം വേണമെന്ന് മമ്മ നിലപാടെടുക്കുന്നു. ചാന്ദ്രമാസത്തെ സൂചിപ്പിക്കുന്ന 'കടുവയുടെ അവസാന അലര്‍ച്ചയും മുയലിന്റെ ആദ്യ കുതിപ്പും' പോയവര്‍ഷത്തിന്റെ അന്ത്യവും പുതിയതിന്റെ പിറവിയും ആകയാല്‍ അത് നഷ്ടപ്പെടുത്തരുത് എന്ന് മമ്മ റാമിയോടു ശഠിക്കുന്നു. 'കടുവ' 'ചന്ദ്രന്‍' എന്നീ സംജ്ഞകള്‍ 'കടുവാ രാജകുമാരന്‍ ' എന്നു കുടുംബ വൃത്തങ്ങളില്‍ വിളിപ്പേരുള്ള, ചന്ദ്രനെ സ്നേഹിച്ച കവി കൂടിയായ പപ്പയുമായി ചേര്‍ത്താണ് റാമി എപ്പോഴും ഓര്‍മ്മിക്കുക. നോവലിന്റെ തുടക്കത്തില്‍ത്തന്നെ സമൃദ്ധമായി കടന്നുവരുന്ന ഇത്തരം കാവ്യാത്മക, 'മിത്തോപോയിക്' (Mythopoeic) രീതികള്‍ യഥാര്‍ഥത്തില്‍ നോവലിന്റെ മുഴുവന്‍ പ്രകൃതത്തെയും ഭാവത്തെയും നിര്‍ണ്ണയിക്കുന്നു എന്ന് പറയാം. വംശഹത്യ പോലുള്ള തീക്ഷ്ണ വിഷയങ്ങളുടെ ആഖ്യാനങ്ങള്‍ സ്വാഭാവികമായും ഇടം കൊടുക്കാത്ത ഈ പേലവ സങ്കല്‍പ്പനങ്ങള്‍ ഏറ്റവും രൂക്ഷമായ ജീവിത സന്ധികളിലും ജീവിതോന്മുഖതയുടെ സ്ഫുരണങ്ങള്‍ തേടുക എന്ന നോവലിന്റെ/ നോവലിസ്റ്റിന്റെ സമീപനത്തിന്റെ നിദര്‍ശനമാണ്.

ഏഴു വയസ്സുകാരി താനാദ്യമായിക്കാണുന്ന കറുപ്പണിഞ്ഞ ഖമേര്‍ റൂഷ് സൈനികനെ ഒരു ഇരുണ്ട 'മാലാഖ (tevoda)'യായി തെറ്റിദ്ധരിക്കുന്നു. മുഷിഞ്ഞു നാറിയ വെറും കൌമാരക്കാരനായ ഈ സത്വമാണോ താനേറെ കേട്ടിട്ടുള്ള യോദ്ധാവ് എന്ന് അവള്‍ അത്ഭുതപ്പെടുന്നു. പിന്നീടുണ്ടാവുന്ന അനുഭവങ്ങളില്‍ സ്നേഹിക്കാന്‍ കൊള്ളാവുന്നതായി ഒന്നുമില്ലാത്ത കരാളതകളുടെ പ്രയോക്താക്കള്‍ മാത്രമാണ് അവരെന്ന് അവള്‍ അറിഞ്ഞു തുടങ്ങും.

"നിന്നെ ജീവിച്ചിരിക്കാന്‍ വിടുന്നത് കൊണ്ട് നേട്ടമൊന്നും ഇല്ല; നിന്നെ കൊല്ലുന്നത് കൊണ്ട് നഷ്ടവും" എന്നാണ് ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത പോരാളികള്‍ ആരോടും പറയുക. ഒരിക്കല്‍ ഖമേര്‍ സൈനിക ഒരു വൃദ്ധനെ നിര്‍വ്വികാരമായി വെടി വെച്ച് കൊല്ലുന്നത് റാമി വിവരിക്കുന്നുണ്ട്:

ഒരിക്കല്‍കൂടി ഞാന്‍ കണ്ടു വൃദ്ധന്റെ തലയ്ക്കു നേരെ തോക്ക് ചൂണ്ടിയ ഖമേര്‍ റൂഷ് സൈനികയുടെ മുഖം. എനിക്ക് തോന്നി വയോധികനെ വെടി വെച്ചപ്പോള്‍ , അയാള്‍ മരിച്ചുവീഴുന്നത് വീക്ഷിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവത്തിനു പേരുണ്ടായിരുന്നില്ലെന്ന്. അത് രോഷമോ വെറുപ്പോ ഭയമോ ആയിരുന്നില്ല. .. ഞാന്‍ ചിന്തിച്ചതോര്‍ക്കുന്നു, അവള്‍ കുട്ടിയെപ്പോലെയോ മുതിര്‍ന്നയാളെപ്പോലെയോ ആയിരുന്നില്ല, മറിച്ച് അവള്‍ സമാനതയില്ലാത്ത മറ്റേതോ ജീവി ആയിരുന്നു, തികച്ചും അയഥാര്‍ത്ഥം എന്നല്ല, ഒരു പേക്കിനാവിലെ ഭീകരന്‍ അയഥാര്‍ത്ഥമല്ലാത്ത പോലെ.'

മറ്റൊരിക്കല്‍ അവള്‍ കണ്ടെത്തുന്നുണ്ട്, കുടുംബത്തില്‍ കഴിയുമ്പോള്‍ കലപ്പ ചുമക്കേണ്ടിവരുന്നതിനേക്കാള്‍ ഭാരംകുറവാണ് തോക്കു ചുമക്കുക എന്നതിനാല്‍ ഗ്രാമം വിട്ടു സൈന്യത്തില്‍ ചേര്‍ന്ന ബാലന്മാരാണ് വിപ്ലവ സൈന്യത്തില്‍ എന്ന്. നിരക്ഷരരും അശിക്ഷിതരുമായ ഈ അരാജക കൊലയാളിക്കൂട്ടമാണോ സന്യാസിമഠങ്ങള്‍ ആക്രമിച്ച് സന്യാസിമാരെ വസ്ത്രാക്ഷേപം ചെയ്യുകയും അവരെയും കവികളെയും ബുദ്ധിജീവികളെയും പിടിച്ചുകൊണ്ടുപോയി വിപ്ലവത്തിന്റെ 'പുന:വിദ്യാഭ്യാസം' നടത്തുകയും ചെയ്യുക എന്നവള്‍ അത്ഭുതപ്പെടുന്നു. ലോകയാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ഇക്കൂട്ടര്‍ ഒരു വിവേചനവുമില്ലാതെ വര്‍ഗ്ഗശത്രുക്കളെന്നും സി. ഐ. ഏ. ചാരന്മാര്‍ എന്നും മുദ്ര കുത്തി നിരപരാധികളെ അവരുടെ അന്ത്യത്തിലേക്കയക്കുന്നു. 'ജനായത്ത കമ്പൂച്ചിയായുടെ ശത്രുക്കള്‍' എന്ന പേരില്‍ 'ശത്രുവിനേപ്പോലെ കാണപ്പെടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ' കൊന്നൊടുക്കാന്‍ ആഹ്വാനമുണ്ടാവുന്നു. 'വിയറ്റ്നമീസ് മുഖം, വിയറ്റ്നമീസ് കണ്ണുകള്‍, വിയറ്റ്നമീസ് പേരുകള്‍' എന്നിങ്ങനെ ഒരടിസ്ഥാനവുമില്ലാത്ത ഊഹങ്ങളെ തിരിച്ചറിയല്‍ അടയാളങ്ങളായി വേട്ടയാടലിന് ഉപയോഗിക്കപ്പെടുന്നു. മുമ്പ് നാസി ജര്‍മ്മനിയില്‍ എസ്. എസ്. അംഗങ്ങളായ സ്കൂള്‍ കുട്ടികള്‍ പോലും ജൂതരെയും കമ്യൂണിസ്റ്റുകളെയും ജിപ്സികളെയും വേട്ടയാടിയിരുന്ന രീതിയെയെയും റുവാണ്ടന്‍ വംശഹത്യയുടെ പില്‍ക്കാല ചരിത്രത്തിലെ ടുട്സി വേട്ടയേയും ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ട് . നോവലിന്റെ ഒടുവില്‍, തികച്ചും അപ്രതീക്ഷിതമായി വീണ്ടും വലിയ അമ്മാവനോടും മുത്തശ്ശിയോടും ചേരുമ്പോള്‍ അപരിചിതനായ ഒരാള്‍ ഇത്തരം രീതികളുടെ അസംബന്ധം സാക്ഷ്യപ്പെടുത്തുന്നത് റാമി കേള്‍ക്കുന്നുണ്ട് :

"ഒരു കൂട്ടര്‍ എന്നെ വിചാരണ ചെയ്തുകൊണ്ടിരുന്നു, മറ്റുള്ളവര്‍ എന്റെ കുടുംബത്തെ കൊന്നൊടുക്കി. അവര്‍ക്കിടയില്‍ ഒരു ആശയവിനിമയവും ഉണ്ടായിരുന്നില്ല. അതെല്ലാം ഒരു കളിയായിരുന്നു. എന്റെ അമ്മയെ മാത്രം വെറുതെ വിട്ടു- അവരുടെ ഊര്‍ജ്ജം വ്യയം ചെയ്യേണ്ടതില്ലാത്തത്രയും പ്രായമായിരുന്നതുകൊണ്ട്. ദിവസങ്ങളോളം അവര്‍ ശവ ശരീരങ്ങളോടൊപ്പം കഴിഞ്ഞു, എന്തുകൊണ്ടാണ് അവര്‍ പ്രേതാത്മാക്കളെ മാത്രം കാണുന്നതെന്ന്, അവരോടു മാത്രം ഉരിയാടുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ.”

ഓര്‍വെല്ലിന്റെ 1984 പോലുള്ള കൃതികളില്‍ കാണാവുന്നത്‌ പോലെ ഭൂതകാലത്തെയും ഓര്‍മ്മകളെയും തമസ്കരിക്കുകയോ കപട പുനര്‍നിര്‍മ്മിതിയില്‍ ആവിഷ്കരിക്കുകയോ ചെയ്യുക എന്നത് സര്‍വ്വാധിപത്യ സംവിധാനങ്ങളുടെ പതിവ് രീതിയാണ്. വിപ്ലവ സൈന്യത്തിന് വേണ്ടി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സൈനികര്‍ വലിയ വായില്‍ തങ്ങളുടെ ലക്‌ഷ്യം പ്രഖ്യാപിക്കുന്നു:

യുദ്ധം കഴിഞ്ഞു. നമ്മള്‍ ജയിച്ചു. ശത്രുക്കള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ പോരാട്ടം ഇവിടെ തീരുന്നില്ല. പോരാട്ടം തുടരണം. ആര്‍ക്കും വിപ്ലവത്തില്‍ ഒരു യോദ്ധാവാകാം. സന്യാസിയോ, അധ്യാപകനോ, ഡോക്റ്ററോ, പുരുഷനോ, സ്ത്രീയോ ആകട്ടെ. നിങ്ങള്‍ നിങ്ങളെ സ്വയം വിപ്ലവത്തിന് അര്‍പ്പിച്ചാല്‍ നിങ്ങളൊരു വിപ്ലവയോദ്ധാവാണ്. നിങ്ങള്‍ക്ക് എഴുതാനും വായിക്കാനും അറിയാമെങ്കില്‍ .. രാജ്യത്തെ പുന:സൃഷ്ടിക്കുന്നതിനു സംഘടന നിങ്ങളെ വിളിക്കുന്നു.”

നാടകീയമായ ശാന്തതയോടെ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:

കംബോഡിയന്‍ ചരിത്രം അനീതിയുടെ ചരിത്രമാണ്. ഇപ്പോള്‍ നാം പുതിയ ചരിത്രമെഴുതണം. പഴയതിന്റെ നാശാവശിഷ്ടങ്ങള്‍ക്ക് മേല്‍ നാം പുതിയ ചരിത്രം സൃഷ്ടിക്കണം. .. നാമൊരുമിച്ചു പുതിയ ജനായത്ത കമ്പൂച്ചിയ നിര്‍മ്മിക്കണം.”

സംഘടനക്കു 'ഒരു പൈനാപ്പിളിന് ഉള്ളത്ര കണ്ണുകള്‍ ' ഉണ്ടെന്നും ആരൊക്കെയാണ് വര്‍ഗ്ഗശത്രുക്കള്‍ എന്ന് തിരിച്ചറിയാമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. അങ്ങനെയാണ് 'ശുദ്ധീകരണം' (the purge) ആരംഭിക്കുക. ഏഴാം വയസ്സിന്റെ അറിവില്ലായ്മയിലും സൈനികര്‍ ഉപയോഗിക്കുന്ന 'വേരുകള്‍ ഉള്ളവര്‍, പിഴുതെടുക്കല്‍, പറിച്ചുനടല്‍' എന്നീ പദങ്ങള്‍ അവളെ ചിലത് ബോധ്യപ്പെടുത്തുന്നു:

"അന്ത്യശാസനപ്രയോഗങ്ങളുടെ കാമ്പ് എനിക്ക് മനസ്സിലായി, നിങ്ങള്‍ ഒന്നുകില്‍ വിപ്ലവത്തിന്റെ കൂടെയാണ്, ഇല്ലെങ്കില്‍ അതിനെതിരും.”

പഴയ 'ഫ്യൂഡല്‍ രീതികളും സാമ്രാജ്യത്വ ചായ് വും' പിന്നില്‍ ഉപേക്ഷിക്കണം എന്നും ഭൂതകാലത്തെ മറന്നു കളയണം എന്നും ആഹ്വാനം ചെയ്യപ്പെടുന്നു.

നിങ്ങളെ ദുര്‍ബ്ബലരാക്കുന്ന ഓര്‍മ്മകളെ വിട്ടു കളയുക! കാരണം ഓര്‍മ്മകള്‍ രോഗമാണ്!”

ക്യാമ്പിലെ മേല്‍നോട്ടക്കാരിയായ 'തടിച്ചി' ഓര്‍മ്മിപ്പിക്കുന്നു:

"വിപ്ലവം സ്വകാര്യ ചിന്തകളെ അംഗീകരിക്കുന്നില്ല,"

ഭയപ്പെട്ടിട്ടെന്നോണം മമ്മ ഓര്‍മ്മകളെ മായ്ച്ചു കളയാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അതിന്റെ എല്ലാ വിശദാംശങ്ങളിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചുവെന്ന് റാമി ഏറ്റുപറയുന്നു.

പുതുവത്സര ദിനത്തില്‍ത്തന്നെ നോം പെന്നിലെ തങ്ങളുടെ സുരക്ഷിത ഗേഹത്തില്‍നിന്ന് ആട്ടിത്തെളിക്കപ്പെട്ടു ലേബര്‍ ക്യാമ്പില്‍ കഴിയുന്നതിനിടെ, ഒരു ഘട്ടത്തില്‍ അഴിമതിയില്‍ മുങ്ങിയ മുന്‍ ഭരണത്തിനെതിരില്‍ ഖമേര്‍ റൂഷിന്റെ വരവിനെ സ്വാഗതം ചെയ്ത പപ്പയെ പോലും അവര്‍ പിടിച്ചു കൊണ്ടുപോവുന്നത് അവളുടെ പിഴ മൂലമാണെന്ന കുറ്റബോധം അവളെ എന്നും വേട്ടയാടും, രാജ കുടുംബാംഗം എന്ന നിലയില്‍ 'അനഭിമതന്‍' ആണ് അയാളെന്ന തിരിച്ചറിവിലേക്ക് സൈനികരെ എത്തിക്കുക അവള്‍ അയാളുടെ പേരുവിവരം വെളിപ്പെടുത്തുന്നതിലൂടെയാണ്. കുടുംബത്തിന്റെ പ്രിയങ്കരിയായ പരിചാരിക ഓം ബാവോ ഏട്ടത്തിയുടെ തിരോധാനത്തോടെ നോം പെന്നിലെ സംരക്ഷിത ജീവിതത്തിലേക്ക് അധിനിവേശം നടത്തുന്ന രാഷ്ട്രീയ ഹിംസാത്മകത തുടങ്ങിവെക്കുന്ന നഷ്ടങ്ങളുടെ കഥ, പാലായനത്തിന്റെ ആദ്യ ഘട്ടത്തില്‍ ക്യാമ്പില്‍ നിന്ന് പപ്പയെ സൈനികര്‍ പിടിച്ചു കൊണ്ട് പോവുകയും വലിയ അമ്മാവനും ആന്റിയും അവരുടെ ഇരട്ടക്കുഞ്ഞുങ്ങളും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തില്‍ നിന്ന് താനും മമ്മയും അടര്‍ത്തിമാറ്റപ്പെടുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കടന്നാണ് അവളുടെ അനാഥത്വം പൂര്‍ണ്ണമാക്കുക. പപ്പയുടെ അന്ത്യത്തിനെന്ന പോലെ കുഞ്ഞായ അനിയത്തി റദാന മലമ്പനി ബാധിച്ചു മരിക്കാന്‍ ഇടയാകുന്നത്തിലും അവള്‍ക്ക് പങ്കുണ്ട്. കുഞ്ഞിനെ നോക്കാന്‍ ഏല്‍പിച്ച ഉത്തരവാദിത്തം സ്വപ്നാടനക്കാരി തന്റെ പപ്പയെ ഓര്‍മ്മിപ്പിക്കുന്ന ചന്ദ്രനെക്കാണാന്‍ പോയി മറന്നുകളയുകയായിരുന്നു, അങ്ങനെയാണ് കൊതുകുകളുടെ കൂട്ടമായ ആക്രമണത്തിനു രദാന ഇരയായിപ്പോവുന്നത്. അതേ രാവിലാണ് വിശപ്പ്‌ കാരണം ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് സൈനികര്‍ ഒരാളെ തേജോവധം ചെയ്തു വെടിവെച്ചു കൊല്ലുന്നതിനു അവള്‍ സാക്ഷിയാവുക. 'സംഘടന' (The Angkar) എന്ന് മാത്രം സൈനികര്‍ വിശേഷിപ്പിക്കുന്ന അധികാര സ്വരൂപത്തെ കുറിച്ച് കൌമാരക്കാരിയുടെ മനസ്സില്‍ ഭീഷണമായ ഒരു സങ്കല്പം ഉരുവാകുക ഇത്തരം അനുഭവങ്ങളില്‍ കൂടിയാണ്. നാലുവര്‍ഷങ്ങള്‍ക്കിടെ മുത്തശ്ശിയുടെ പ്രവചനം സത്യമാവുന്ന ദുരന്തങ്ങള്‍ക്ക് അവള്‍ സാക്ഷിയാവും:

ആല്‍മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ കഴിയുന്നത്ര ആളുകളെ നമുക്കിടയില്‍ ബാക്കിയാവൂ!"

മുത്തശ്ശിയുടെ പ്രവചനത്തിന്റെ പൊരുള്‍ പപ്പ വ്യക്തമാക്കിയിരുന്നത് നോവല്‍ അന്ത്യത്തില്‍ റാമി ഓര്‍ത്തെടുക്കുന്നുണ്ട്:

ഏറെ മുമ്പ് അന്ന് ഓം ബാവോയുടെ തിരോധാനത്തിന്റെ ദിവസം പപ്പ (മുത്തശ്ശിയുടെ) പ്രവചനത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു, കംബോഡിയയുടെ മേല്‍ ഒരു അന്ധകാരം വ്യാപിക്കും. ആളൊഴിഞ്ഞ വീടുകളും വിജനമായ പാതകളും എങ്ങും ഉണ്ടാവും, ഒരു ധാര്‍മ്മികതയും ജ്ഞാനവും ഇല്ലാത്തവര്‍ നാട് ഭരിക്കും, ആനയുടെ അടിവയറില്‍ എത്തും വിധം രക്തം നിറഞ്ഞൊഴുകും. ഒടുവില്‍ അന്ധരും ബധിരരും മൂകരും മാത്രം അവശേഷിക്കും.”

നഷ്ടങ്ങള്‍ എന്ന സ്വകാര്യ സ്വത്ത്

വ്യക്തിദുഃഖങ്ങളും കണ്ണീരും പശ്ചാത്താപവുമെല്ലാം ബഹിഷ്കരിക്കപ്പെട്ട യുടോപിയകള്‍ പക്ഷെ അന്തിമ വിശകലനത്തില്‍ ബാക്കി വെക്കുന്നത് തീക്ഷ്ണമായ, ആഴത്തിലേല്‍ക്കുന്ന ഹൃദയ മുറിവുകളും ജീവിത നിരാസത്തോളം എത്തുന്ന നൈരാശ്യങ്ങളും ദൈവമരണ ബോധം സൃഷ്ടിക്കുന്ന മൂല്യനഷ്ടവും തന്നെയാണെന്ന് നോവല്‍ അടിവരയിടുന്നുണ്ട്. പ്രിയപ്പെട്ടവരുടെ, വിശേഷിച്ചും കുഞ്ഞുങ്ങളുടെ അനാഥത്വം മാത്രമല്ല, അനാഥ മരണങ്ങള്‍ കൂടിയാണ് അതിന്റെ ഏറ്റവും വലിയ ചിഹ്നമാകുക. ഓം ബാവോയുടെ തിരോധാനം ഓള്‍ഡ്‌ ബോയ്‌ എന്ന അവരുടെ കൂട്ടുകാരനില്‍ ഉണ്ടാക്കുന്ന വേദന, ചോര മണക്കുന്ന രാഷ്ട്രീയ കാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്ന നിസ്സഹായത വ്യക്തമാക്കുന്നു

നീ ഒരു പൂവിനെ സ്നേഹിക്കുകയും അത് പെട്ടെന്ന് ഇല്ലാതാവുകയും ചെയ്യുമ്പോള്‍ , അവളോടൊപ്പം എല്ലാം അപ്രത്യക്ഷമാകും. അവളുണ്ടായിരുന്നത് കൊണ്ടാണ് ഞാന്‍ ജീവിച്ചിരുന്നത്. ഇപ്പോള്‍ അവള്‍ പോയി. അവളെക്കൂടാതെ ഞാന്‍ ഒന്നുമല്ല. രാജകുമാരീ, ഒന്നുമല്ല.”

.” അപ്പോള്‍ , ഞാനോര്‍ത്തു, വിലപിക്കുക എന്നാല്‍ നിങ്ങളുടെ സ്വന്തം ശൂന്യത അനുഭവിക്കലാണ്‌.”

പപ്പയുടെ തിരോധാനം മുത്തശ്ശിയില്‍ ഉളവാക്കുന്ന വേദനയും സമാനമാണ്:

മാതൃത്വത്തിന്റെ ഏറ്റവും മോശമായ വൈരുധ്യം തന്റെ കുട്ടികള്‍ക്ക് ശേഷവും ജീവിച്ചിരിക്കേണ്ടി വരിക എന്നതാണ്.”

ഇതോടുചേര്‍ത്തു കാണാവുന്നതാണ് ഒരു ഘട്ടത്തില്‍ പപ്പ റാമിയോട് പറയുന്നത്.

"നമ്മള്‍ ഒരു കുഞ്ഞിനെ കൊല്ലുമ്പോള്‍ നമ്മുടെ തന്നെ നിഷ്കളങ്കതയെയാണ് കൊല്ലുന്നത്.”

മി. വിറാക്കിന്റെ കുഞ്ഞ് മരിക്കുമ്പോള്‍ അത് റാമിയെ ബോധ്യപ്പെടുത്തുക ദൈവ സ്നേഹത്തെ കുറിച്ചുള്ള വീണ്‍ വാക്കുകളല്ല.

ആര്‍ക്കും അയാളുടെ ദുഃഖം മനസ്സിലാക്കാനാവുമായിരുന്നില്ല. എനിക്ക് മനസ്സിലായി എന്ന് അയാളോട് പറയണമെന്നുണ്ടായിരുന്നു എനിക്ക്. അയാളുടെ ദുഃഖമല്ല, മറിച്ച് ദൈവങ്ങളുടെ ക്രൂരത. വിട്ടുകൊടുക്കാന്‍ തയാറില്ലാത്ത സമ്മാനം അവരെങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നല്‍കുക?”

ദൈവങ്ങള്‍ പലപ്പോഴും തട്ടിയെടുക്കുന്നത് അവര്‍ക്ക് കണ്ടെത്താനാവുന്ന ഏറ്റവും കുഞ്ഞു ജീവനെയാണെന്നും അവള്‍ ചിന്തിക്കുന്നു. അമ്മാവനും ആ നിലപാട് ആവര്‍ത്തിക്കും.

ദൈവങ്ങള്‍ ഇല്ല. അവരാണ് ജീവന്‍ നല്‍കിയതെങ്കില്‍ അത് സൃഷ്ടിച്ചതെങ്കില്‍, അതിന്റെ മൂല്യം അവര്‍ക്കറിയുമല്ലോ. ദൈവങ്ങള്‍ ഇല്ല. വിവേകശൂന്യത മാത്രമേ ഉള്ളൂ.”

കൊടും വേനലിലേക്ക് പെയ്തിറങ്ങുകയും അപകടമെതും കൂടാതെ പിന്‍ വാങ്ങുകയും ചെയ്യുന്ന 'പുരുഷമഴ'യെ തുടര്‍ന്നെത്തുന്ന വിനാശകാരിയായ 'പുഴ മുഴുവന്‍ കരഞ്ഞടങ്ങുന്ന', 'എല്ലാവരെയും ഒടുക്കിമാത്രം ഒടുങ്ങുന്ന' സ്ത്രൈണ മഴയ്ക്ക് ശേഷം പേമാരിയില്‍ ഒടുങ്ങിയ കുഞ്ഞുങ്ങളുടെ അടക്കം കഴിഞ്ഞ് താനെങ്ങനെയാണ് കുടുംബത്തെ തനിയെ അടക്കിയതെന്ന കഥ വലിയ അമ്മാവന്‍ റാമിക്ക് പറഞ്ഞുകൊടുക്കുന്നു

"അവരെ ഞാന്‍ തനിച്ചാണ് അടക്കിയത്‌. നിന്റെ ഇന്ത്യ അമ്മായി ആണ്‍ കുട്ടികള്‍ക്കിടയില്‍ ഞെരിഞ്ഞ്‌, .. നിന്റെ റ്റാറ്റ മുകളില്‍ , മുഖം താഴോട്ടാക്കി, കാവല്‍ നില്‍ക്കുന്ന തള്ളക്കോഴിയെ പോലെ. ഞാന്‍ തന്നെയാണ് അവരെ അടക്കിയത്‌. കൈകള്‍ കൊണ്ട് ഞാന്‍ കുഴിച്ച ഒരൊറ്റ കുഴിയില്‍ .”

ജീവിക്കാനുള്ള ആശയറ്റു ആണുങ്ങളുടെ കുടിലില്‍ തൂങ്ങിമരിക്കുന്ന വലിയ അമ്മാവന്‍ ആത്മഹത്യ ചെയ്തു എന്ന ഭാഷ്യത്തെ അവള്‍ നിരാകരിക്കുന്നു.

അയാള്‍ സ്വയം കൊന്നു എന്ന് അവര്‍ പറഞ്ഞു. പക്ഷെ എനിക്കറിയാം അവരെന്നേ അദ്ദേഹത്തെ കൊന്നു കഴിഞ്ഞിരുന്നു.”

Also read: Dogs at the Perimeter by Madeleine Thien

https://alittlesomethings.blogspot.com/2018/08/blog-post.html

പേമാരിയിലും മഴവില്ല് സാധ്യമാണ്

ദുരന്തങ്ങള്‍ തീര്‍ക്കുന്ന ജീവിത നിഷേധത്തിന്റെ പ്രലോഭനങ്ങള്‍ വേണ്ടുവോളം ഉണ്ടെങ്കിലും നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് എങ്ങും പടരുന്ന കരാളതക്കിടയിലും അപൂര്‍വ്വമായെങ്കിലും മിന്നായം പോലെ കാണാവുന്ന സൗന്ദര്യത്തിന്റെയും നൈര്‍മല്യത്തിന്റെയും നന്മയുടെയും നിമിഷങ്ങളെ ആഖ്യാതാവ് ഒപ്പിയെടുക്കുന്ന രീതി തന്നെയാണ്. സ്നേഹം, സര്‍ഗ്ഗാത്മകത, കിരാത മുറകളുടെ ഭീകരത, വംശഹത്യയുടെ ചോരപ്പുഴകള്‍ - ഇടകലരുന്നത് അത്യസാധാരണമായ അനുഭവ തലങ്ങളാണ്. പപ്പയെ ദൈവത്തെ പോലെ മനസ്സില്‍ കാണുന്ന ബാലിക ആ വാക്കുകള്‍ എന്നും ഓര്‍മ്മിക്കും: അവളുടെ പേരിനെ കുറിച്ച് പപ്പ പറഞ്ഞിരുന്നു:

"വത്തറാമി എന്നാല്‍ കോവിലിലെ തോട്ടം എന്നര്‍ത്ഥം. നീയാണെന്റെ കോവില്‍ , എന്റെ തോട്ടം, എന്റെ പവിത്ര സ്ഥലം. നിന്നില്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെല്ലാം കാണുന്നു... ചുറ്റും എന്തൊക്കെ നശീകരണങ്ങള്‍ക്കും മലീമസതക്കും നീ സാക്ഷ്യം വഹിച്ചാലും അങ്ങും ഇങ്ങുമായി കാണുന്ന സൗന്ദര്യത്തിന്‍റെ നേരിയ മിന്നലാട്ടങ്ങള്‍ പോലും ദൈവത്തിന്റെ വാസസ്ഥാനത്തിന്റെ പ്രതിഫലനമാണെന്ന് നീ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് സത്യമാണ്, റാമി. അത്തരം ഒരിടം ഉണ്ട്, അത്തരം ഒരു വിശുദ്ധമായ ഇടം. നീയത് ദര്‍ശിക്കണം എന്നേയുള്ളൂ . അത് നിനക്കുള്ളിലാണ്, നമ്മില്‍ ഓരോരുത്തര്‍ക്കും ഉള്ളിലാണ്.”

പപ്പയുടെ കഥകളിലെ ജീവിതോന്മുഖത പോലെത്തന്നെ അവളെ വഴിനടത്തുക അപൂര്‍വ്വമായെങ്കിലും കണ്ടുമുട്ടുന്ന ചില നല്ല മനുഷ്യരില്‍ നിന്നുള്ള അനുഭവങ്ങള്‍ കൂടിയായിരിക്കും. രാജകുടുംബ പാരമ്പര്യമുള്ളവര്‍ എന്ന നിലയില്‍ 'അനഭിമതര്‍ ' എന്ന് നിര്‍ണ്ണയിക്കപ്പെടുകയും അതിന്റെ പേരില്‍ പപ്പയെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തത് കൂടാതെ മമ്മയെയും റാമിയെയും മുട്ടുകുത്തുന്ന പ്രായത്തിലുള്ള റദാനയെയും കൃഷിപ്പണിക്ക് അയക്കുകയും ചെയ്യുമ്പോള്‍ ആതിഥേയരാവുന്ന തനിനാട്ടുമ്പുറത്തുകാരായ വൃദ്ധ ദമ്പതികള്‍ അവരോടു കാണിക്കുന്ന കുടുംബസമാനമായ വാത്സല്യം അതിലേറ്റവും പ്രധാനമാണ്. മക്കളില്ലാത്ത അവര്‍ അവര്‍ക്ക് കിട്ടിയ ദൈവാനുഗ്രഹമായാണ് അവരെ കാണുക. റാമിയാവട്ടെ നഷ്ടപ്പെട്ടു പോയ മുത്തശ്ശിയുടെയും മുത്തച്ചന്റെയും സ്ഥാനത്താണ് അവരെ കാണുക. കുഞ്ഞുറദാനയുടെ മരണം അവരെ ഏറെ പിടിച്ചുലയ്ക്കുകയും ചെയ്യും. 'തടിച്ചി'യുടെ മേല്‍നോട്ടത്തില്‍ 'സമ്പന്നരുടെ ഫ്യൂഡല്‍ ചടങ്ങുകളോ' കപടമായ പ്രാര്‍ത്ഥനകളോ' 'ബൂര്‍ഷ്വാ ആഡംഭരമോ' കൂടാതെ റദാനയെ അടക്കുന്നതില്‍ മുത്തശ്ശി പ്രതിഷേധിക്കുന്നുണ്ട്‌. . തടിച്ചി പ്രഖ്യാപിക്കുന്നു:

പശ്ചാത്താപം വിഷമാണ്. കഴിഞ്ഞുപോയതിനു വേണ്ടി കരയല്‍ വിപ്ലവത്തിന്റെ പാഠങ്ങള്‍ക്ക് എതിരാണ്"

മായി മുത്തശ്ശിയെയും മുത്തച്ചന്‍ എന്ന അര്‍ത്ഥത്തില്‍ പോക് എന്ന് റാമി വിളിക്കുന്ന വയോധികനെയും 'പ്രസ്ഥാന'ത്തെക്കാള്‍ തങ്ങളുടെ കുടുംബമായി കണ്ടു എന്നതും തങ്ങളെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ മറച്ചുവെച്ചു എന്നതും കുറ്റമാരോപിച്ചാണ് ബാറ്റംബാഗ് എന്ന, 'അനഭിമതര്‍ 'ക്ക് ഉള്ള കാഠിന്യത്തിനു പേരുകേട്ട ലേബര്‍ ക്യാമ്പിലേക്കായി വീണ്ടുമൊരു പാലായനത്തിലേക്ക് അവര്‍ പറിച്ചെറിയപ്പെടുക.

റാമിയുടെ പ്രായഗണന ചിലപ്പോഴെങ്കിലും ഇത്തിരി വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുമുണ്ട്: എഴുവയസ്സുകാരിയില്‍ സ്വാഭാവികമല്ലാത്ത ഗഹനചിന്തകളും നിരീക്ഷണങ്ങളും അങ്ങിങ്ങ് അവളുടെതായി നോവലില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ , കുട്ടിക്കാലത്ത് പോളിയോയുടെ വേദനയും ശാരീരിക വൈകല്യവും മകളെ മാനസികമായി തളര്‍ത്താതിരിക്കാനായി പ്രസന്ന ജീവിത വീക്ഷണങ്ങളും ബുദ്ധിസ്റ്റ് പാഠങ്ങളും അവളെ പഠിപ്പിക്കുമായിരുന്ന പിതാവിന്റെ എങ്ങും നിറയുന്ന ആത്മ സാന്നിധ്യം ഒരളവു വരെ ഈ വൈരുധ്യം പരിഹരിക്കുന്നുമുണ്ട്.

ഞാനെന്തിനാണ് നിന്നോട് കഥകള്‍ പറഞ്ഞിരുന്നത് എന്നറിയാമോ, റാമി? .. നിനക്ക് നടക്കാനാവില്ല എന്ന് തോന്നിയപ്പോള്‍ നിനക്ക് പറക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. നിനക്ക് ചിറകുകള്‍ തരാനായി ഞാന്‍ നിന്നോട് കഥകള്‍ പറഞ്ഞു. അപ്പോള്‍ നീ ഒന്നുകൊണ്ടും തടവിലാക്കപ്പെടില്ല- നിന്റെ പേര്, നിന്റെ പദവി, നിന്റെ ശാരീരിക പരിമിതികള്‍ , ലോകത്തിന്റെ പീഡാനുഭവങ്ങള്‍ .. ശരിയാണ് , നീ നോക്കുന്നയിടത്തൊക്കെ ദുരിതങ്ങള്‍ ഉണ്ട്- ഒരു വൃദ്ധന്‍ അപ്രത്യക്ഷനായിരിക്കുന്നു, ഒരു കുഞ്ഞു മരിച്ചു , അവന്റെ ശവമഞ്ചം ഒരു ഡസ്ക് ആണ്, നമ്മള്‍ പ്രേതങ്ങള്‍ ആവേശിച്ച ഒരു ക്ലാസ് റൂമില്‍ ആണ്, വിശുദ്ധ സ്ഥലം കൊല്ലപ്പെട്ട സന്യാസിമാരുടെ രക്തം പുരണ്ടതാണ്‌. എന്റെ ഏറ്റവും വലിയ മോഹം, റാമി, നീ ജീവിക്കുന്നത് കാണുക എന്നതാണ്. നീ ജീവിച്ചിരിക്കാന്‍ വേണ്ടി ഞാന്‍ സഹിക്കണമെങ്കില്‍, എങ്കില്‍ ഞാന്‍ സന്തോഷത്തോടെ ജീവന്‍ വെടിയാം, ഒരിക്കല്‍ നീ നടന്നു കാണാന്‍ വേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിച്ച പോലെ.... ഞാന്‍ ഭൂമിക്കടിയില്‍ മറമാടപ്പെട്ടു കിടക്കുമ്പോള്‍ നീ പറക്കും. എനിക്ക് വേണ്ടി, റാമി. നിന്റെ പപ്പക്ക് വേണ്ടി നീ ഉയര്‍ന്നു പറന്നുയരും.”

തന്റെ വാക്കുകള്‍ കുട്ടിയായ റാമിക്ക് മുഴുവന്‍ മനസ്സിലായേക്കില്ലെന്നു പപ്പക്കറിയാം:

നിനക്ക് മനസ്സിലാവുന്നില്ലെന്നു എനിക്കറിയാം, പക്ഷെ ഒരു നാള്‍ നിനക്കതു മനസ്സിലാവും. അപ്പോള്‍ നീയെന്നോട്‌ ക്ഷമിക്കണം. നീ വളരുന്നത്‌ കാണാന്‍ ഞാന്‍ ഇവിടെ ഉണ്ടാവില്ലെന്നതിനു നീയെനിക്ക് മാപ്പ് തരണം.”

സര്‍ഗ്ഗപ്രക്രിയയുടെ ഉന്മാദത്തില്‍ പലപ്പോഴും പ്രിയങ്കരിയായ ഭാര്യയെ അവഗണിച്ചതിനു ഒരു വിടവാങ്ങലിന്റെ തയ്യാറെടുപ്പ് പോലെ പപ്പ മമ്മയോട് മാപ്പ് ചോദിക്കുന്നത് റാമി കേട്ടിട്ടുണ്ട്:

നീ ആഗ്രഹിച്ചപ്പോഴൊക്കെ നിന്നോടൊപ്പം ഉണ്ടായിട്ടില്ലെന്ന് എനിക്കറിയാം. പലപ്പോഴും ഞാന്‍ എന്റെ ആശയങ്ങളുടെ നക്ഷത്ര രാജികളില്‍ സ്വയം നഷ്ടപ്പെടുന്നു, അനന്തമായി ജ്ഞാനോദയത്തിന്റെ നിമിഷങ്ങള്‍ തേടിക്കൊണ്ട്. എന്നാല്‍ ഞാന്‍ തിരയുന്നത് എവിടെയാണെങ്കിലും ശരി, ഞാന്‍ നിന്നെ കണ്ടെത്തുന്നു, തെളിഞ്ഞു പ്രകാശിച്ച്, ഞാന്‍ തേടുന്നതെന്തും എനിക്ക് നല്‍കിക്കൊണ്ട്. നീയാണെന്റെ ഒരേയൊരു നക്ഷത്രം. എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ വഴികാട്ടി, ദിശ. നീയെന്നോടോപ്പമുള്ളപ്പോള്‍ എനിക്ക് വഴിതെറ്റില്ലെന്നു എനിക്കറിയാം.”

എന്നാല്‍ , മകള്‍ക്ക് ചിറകുകള്‍ നല്‍കിയത് പപ്പയാണെങ്കില്‍ അവളെ പറക്കാന്‍ പഠിപ്പിച്ചത് താനാണെന്ന് മമ്മ ഓര്‍മ്മിപ്പിക്കുന്നു. ഒരസുഖവും ബാധിക്കാതെ ദൈവങ്ങള്‍ റദാനയേ തനിക്കു നല്‍കിയത് റാമിയെ കുറിച്ചുള്ള വേദന മറക്കാന്‍ വേണ്ടിയാണെന്ന് അവര്‍ വിശ്വസിച്ചു. എന്നിട്ടും

"എനിക്ക് നിന്നോട് പറയാന്‍ കഥകള്‍ ഒന്നുമില്ല, റാമി. യാഥാര്‍ത്ഥ്യം മാത്രമേ ഉള്ളൂ - നിന്റെ സഹോദരി മരിച്ചപ്പോള്‍ എനിക്ക് അവളോടൊപ്പം മരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ ജീവിക്കാനായി പൊരുതി. നീയുള്ളതുകൊണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നു - നിനക്ക് വേണ്ടി. ഞാന്‍ റദാനക്കു മേല്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.. നിന്നില്‍ ഞാന്‍ എന്നെ കാണുന്നു, എന്റെ കഠിനവ്യഥയെ കാണുന്നു. നീയും ഞാനും അത്ര വിഭിന്നരല്ല.”

കാര്യങ്ങള്‍ അത്രക്കങ്ങു വിശദീകരിച്ചു ശീലമില്ലാത്ത മമ്മ മഴവില്ല് കാണിച്ചു കൊടുത്തത് റാമി പില്‍ക്കാലം ഓര്‍ക്കുന്നു.

അപ്പോള്‍ മുതല്‍ കാര്യങ്ങളെ അവ എങ്ങനെ കാണപ്പെട്ടോ അങ്ങനെയല്ല, അവ എന്ത് അര്‍ത്ഥമാക്കിയോ അങ്ങനെ കാണാന്‍ ഞാന്‍ പഠിച്ചു - മഴ പെയ്യുമ്പോള്‍ പോലും സൂര്യന്‍ വീണ്ടും പ്രകാശിക്കും, ആകാശത്തിനു അപ്പോഴും നീല വിഹായസ്സിലെ വെള്ളമേഘങ്ങള്‍ കൂടാതെ അനന്തസൗന്ദര്യമുള്ള ചിലത് നല്‍കാനായേക്കും, വര്‍ണ്ണങ്ങള്‍ ഒട്ടും നിനച്ചിരിക്കാത്ത നിമിഷം പൊട്ടിവിടര്‍ന്നേക്കാം.”

റാറ്റ്നറുടെ നോവലിന്റെ അപൂര്‍വ്വതക്ക് നിദാനം ഖമേര്‍ റൂഷ് കാലഘട്ടത്തില്‍ കംബോഡിയയില്‍ ജീവിച്ചതിന്റെ നേരനുഭവങ്ങള്‍ത്തന്നെയാണ് അവര്‍ ആവിഷ്കരിക്കുന്നത് എന്നതാണ്. സ്വന്തം അച്ഛന്റെ വ്യക്തിത്വവും 'കടുവാ രാജകുമാരന്‍' എന്ന വിളിപ്പേരും അവര്‍ അതേപടി റാമിയുടെ അച്ഛന് നല്‍കിയിട്ടുണ്ട്. റാമിയെ പോലെത്തന്നെ കുടുംബത്തിലെയും ബന്ധത്തിലെയും പലരുടെയും തിരോധാനത്തിനും മരണങ്ങള്‍ക്കും നോവലിസ്റ്റ് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. നോവല്‍ അന്ത്യത്തില്‍ ഫ്രഞ്ച് ഭാഷക്കും ഖമേര്‍ ഭാഷക്കുമിടയില്‍ ദ്വിഭാഷിയാവാന്‍ കഴിയുന്നതുകൊണ്ട് മകളോടൊപ്പം യു. എന്‍. സൈനികരുടെ ഹെലികോപ്റ്റരില്‍ രക്ഷപ്പെടുന്ന കഥാപാത്രങ്ങളെ കുറിച്ചു പറയവേ തന്റെ യഥാര്‍ത്ഥ അനുഭവം അതിനെക്കാള്‍ നാടകീയവും ഒപ്പം ദുരിതപൂര്‍വ്വവും ആയിരുന്നുവെന്നു ലേബര്‍ ക്യാമ്പും പട്ടിണിയും തലനാരിഴക്ക് മാറിപ്പോയ വെടിയുണ്ടയും കടന്നെത്തിയ നോവലിസ്റ്റ് ഒരഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. 2013 -ലെ പെന്‍/ ഹെമിംങ് വെ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച 'ഇന്‍ ദി ഷാഡോ ഓഫ് ദി ബന്യന്‍' അവരുടെ ആദ്യ കൃതിയാണ് എന്നത് സാഹിത്യ ലോകത്തിനു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. റൊളാണ്ട് യോഫെയുടെ സംവിധാനത്തില്‍ 1984- ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രം 'ദി കില്ലിംഗ് ഫീല്‍ഡ്സ്' നോവലിനോട് ചേര്‍ത്തു കാണുന്നത് ആ കിരാത കാലത്തിന്റെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ തീവ്രമായി അനുഭവിപ്പിക്കും.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 202-211)

Also read:

The Mountains Sing by Nguyễn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html