Island of a Thousand Mirrors by Nayomi Munaweera

മരതക കാന്തിയില്‍ ചോര പടരുമ്പോള്‍

ധമനികള്‍, അരുവികള്‍, പിന്നെ പുഴകള്‍ : തമിഴ്‌ ജനതയുടെ. അവ നഗരത്തില്‍ നിന്ന് പുറത്തേക്കൊഴുകി. അവര്‍ക്ക് പിന്നില്‍ അവര്‍ വിട്ടേച്ചുപോവുന്നത്: കൊള്ളയടിക്കപ്പെട്ട, കരിപിടിച്ചു കറുത്തുപോയ വീടുകള്‍, പ്രിയപ്പെട്ടവരുടെ കത്തിത്തീര്‍ന്നിട്ടില്ലാത്തതോ മറവു ചെയ്യപ്പെട്ടിട്ടില്ലാത്തതോ ആയ ശരീരങ്ങള്‍, പാരമ്പര്യ സ്വത്ത്, കാണാതായ കുഞ്ഞുങ്ങള്‍, നാടെന്ന ബോധം, ദേശീയത. അത് നാക്കില്‍ കയ്പ്പുണ്ടാക്കി നിലനില്‍ക്കുന്ന ഒരു പട്ടികയാണ്. പ്രതികാരത്തിന്റെ, വിഭജനത്തിന്റെ, വിട്ടുപോക്കിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അത് ജന്മം നല്‍കും. ദശകങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോന്ന പൂര്‍വ്വികരുടെ ഗ്രാമങ്ങളിലേക്ക് അവര്‍ പലായനം ചെയ്യുന്നു, ഇവിടെ വടക്കന്‍ ദേശങ്ങളിലാണ് ജൂലായിലെ(1983) സംഭവങ്ങള്‍ അവരെ ഏറ്റവും കടുത്ത പോരാളികളും ദൃഡ നിശ്ചയമുള്ള വിഘടന വാദികളും ആക്കുക.”

-(Island of A Thousand Mirrors- Page-89)

ശ്രീലങ്കന്‍ - അമേരിക്കന്‍ നോവലിസ്റ്റ് നയോമി മുനവീരയുടെ 2013-ലെ കോമണ്‍വെല്‍ത്ത് ബുക്ക്‌ പ്രൈസ്‌ (ഏഷ്യ) നേടിയ നോവലാണ് 'ഒരായിരം കണ്ണാടികളുടെ ദ്വീപ്‌'. 1948-ല്‍ ദ്വീപില്‍ നിന്നുള്ള കൊളോണിയല്‍ കൊള്ളമുതല്‍ നിറച്ച അവസാനത്തെ ഇംഗ്ലീഷ്‌ കപ്പല്‍ യാത്ര തിരിക്കുന്നത് തൊട്ട് വംശീയ കൂട്ടക്കൊലയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ചോരയും ചലവും ഉണങ്ങിയിട്ടില്ലാത്ത വര്‍ത്തമാന കാലം വരെയുള്ള ആറു പതിറ്റാണ്ടുകളുടെ അനുഭവങ്ങളാണ് നോവലിന് വിഷയമാവുന്നത്. നാല് തലമുറയിലൂടെ, മൂന്നു കുടുംബങ്ങളിലൂടെ, കൊളംബോയുടെ ഉപ്പുകാറ്റടിക്കുന്ന മനോഹരമായ തീരദേശ വീഥികളിലൂടെ, വടക്കന്‍ ദേശത്തിന്റെ വംശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചോരപ്പുഴകളിലൂടെ, ലോസ് ഏഞ്ചല്‍സിന്റെ മനുഷ്യപ്പറ്റില്ലാത്ത യാന്ത്രിക ക്രമബദ്ധതയിലൂടെ, വിട്ടു പോകുമ്പോഴും ഹൃദയത്തിലും ഉയിരിലും നിത്യ സാന്നിധ്യമായ മരതക ദ്വീപിന്റെ കൊളോണിയല്‍ അനന്തര ജീവിതാവസ്ഥ നഷ്ടങ്ങളുടെയും ഹൃദയത്തിലും ഉടലിലുമേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളുടെയും കാമനകളുടേയും പ്രണയ ഭംഗങ്ങളുടേയും കടന്നു കയറ്റങ്ങളുടേയും സമര്‍പ്പണങ്ങളുടേയും ബലിദാനങ്ങളുടേയും പാലായനങ്ങളുടേയും കുരുതികളുടേയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നു. നാടും വീടും പ്രവാസവുമെന്ന അനുഭവ ദ്വന്ദ്വത്തിന്റെ സര്‍വ്വ കാല പ്രസക്തമായ പ്രമേയം തുടക്കത്തിലേ സൂചിതമാവുന്നുമുണ്ട്: വര്‍ഷങ്ങളായി ദ്വീപില്‍ കഴിഞ്ഞ കപ്പിത്താന് നാട് എന്നത് പതിറ്റാണ്ടുകള്‍ താന്‍ കണ്ട ദ്വീപും അതിന്റെ വശ്യ പ്രകൃതിയും തന്നെയാവുമ്പോള്‍ പുതുമോടിക്കാരിയായ അയാളുടെ ഭാര്യ 'പൊള്ളുന്ന ചൂടും കൊതുകുകളുമില്ലാത്ത' മാഞ്ചസ്റ്ററിന്റെ വൃത്തിയുള്ള തെരുവുകളിലേക്ക് തിരിച്ചു പോവുന്നതിന്റെ ആവേശത്തിലാണ്. നോവലിന്റെ ഒടുവില്‍ 'പ്രവാസവും മറവിയും രക്ഷപ്പെടലും സാധ്യമെന്നല്ല, സാധാരണം തന്നെയായ' അമേരിക്കന്‍ നഗരങ്ങളില്‍ ഏറ്റവും 'യൂറോപ്യന്‍' ആയ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ മഞ്ഞു മാറിയ സുഖകരമായ കാലാവസ്ഥയിലിരുന്നു, തന്റെ കുഞ്ഞു മകള്‍ സമുദ്രയെ മഹാദുരന്തങ്ങളുടെ ഓര്‍മ്മകളിലേക്കുണര്‍ത്താതിരിക്കാനായി ജന്മ ദേശത്തെക്കുറിച്ച് ഒന്നുമറിയിക്കാതിരിക്കാന്‍ പാട് പെടുന്ന യശോധര കണ്ടെത്തുന്നതും അതാണ്‌: സംഘര്‍ഷങ്ങള്‍ നിലച്ചു സമാധാനത്തിന്റെ ദിനങ്ങള്‍ വരുമ്പോള്‍ "ഞാനവളോടൊപ്പം അവളുടെ പേരിന്റെ ഉറവിടമായ കടല്‍ പങ്കിടും. ഞാനവളെ ദ്വീപ്‌ കാണിച്ചു കൊടുക്കും.”

വേരുകള്‍ വിഷലിപ്തമാവുമ്പോള്‍:

തിരിച്ചു പോവുന്ന ഇംഗ്ലീഷുകാരന്റെ പിറകെ, പുതു ദേശത്തിന്റെ പതാകയില്‍ ശൈലീകരിച്ച ഒരു സിംഹം: അലങ്കരിച്ച പേശികളും നിറയെ നിമ്നോന്നതങ്ങളുമുള്ള വശങ്ങള്‍, അതിന്റെ മുന്നിലെ കാല്‍പ്പത്തികളില്‍ നീണ്ട ക്രൂരമായ ഒരു വാള്‍. നാട് കടത്തപ്പെട്ട ഒരു ഇന്ത്യന്‍ രാജ കുമാരനും ഒരു വലിയ കാട്ടു പൂച്ചയും തമ്മിലുള്ള ഇണ ചേരലിന്റെ പിന്‍ഗാമികളാണ് താങ്കള്‍ എന്ന സിംഹളരുടെ പുരാതന വിശ്വാസത്തിന്റെ പ്രതീകമാണത്. ഒരു പച്ച വര ഏറെ ആട്ടിത്തെളിക്കപ്പെട്ട ചെറിയ മുസ്ലിം ജനസംഖ്യയെ സൂചിപ്പിക്കുന്നു. ഓറഞ്ചു വര്‍ണ്ണ വര കുറേ കൂടി വലിയ തമിഴ് ന്യൂനപക്ഷത്തെയും.

എന്നാല്‍ വരാനിരിക്കുന്ന ദശകങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വിവേചനവും ഓറഞ്ചു വരയെ അപര്യാപ്തമാക്കും.അതിനു പകരം ഒരു പുതിയ പതാക വരും. അതിന്റെ മുഖത്ത് പല്ലിളിക്കുന്ന ഒരു പുലി തേറ്റകള്‍ മുഴുവന്‍ വെളിക്ക് കാട്ടി മീശ രോമങ്ങള്‍ വിറപ്പിച്ചു നില്‍ക്കും. തീവ്രതയുടെ ആശയം അത് കൊണ്ടും വേണ്ടത്ര വ്യക്തമാവില്ലെങ്കില്‍ കഠാരരൂപിയായ നഖങ്ങള്‍ പുറത്തേക്ക് തള്ളും, രണ്ടു ദിശകളിലേക്ക് തിരിച്ച തോക്കുകള്‍ പുലിയുടെ പുറകിലുണ്ടാവും.

തോക്കേന്തിയ പുലി. വാളേന്തിയ സിംഹം. യുദ്ധം ബന്ധുക്കളായ രണ്ടു മൃഗങ്ങള്‍ക്കിടയില്‍ നടക്കാന്‍ പോവുന്നതാണ്.”

ചരിത്ര പശ്ചാത്തലമായി ഇതില്‍ കൂടുതലൊന്നും നോവലില്‍ പറയുന്നില്ല. അതെല്ലാം വായനക്കാരന് അറിയാമെന്ന രചയിതാവിന്റെ അടിസ്ഥാന ധാരണ ഇതിവൃത്ത വികാസത്തെ ഏറെ സാന്ദ്രമാക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ശ്രീലങ്കയില്‍ തുടക്കം മുതലുണ്ടായ, പ്രധാന കഥാപാത്രങ്ങളിലൊരാളായ നിഷാന്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സാക്ഷ്യം വഹിക്കാന്‍ ഇടയാവുന്ന 1958ലെ തമിഴ് വിരുദ്ധ അക്രമങ്ങളും 1981ലെ ജാഫ്ന ലൈബ്രറി തീവെപ്പും1983ല്‍ പതിമൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ട 'ആദ്യ ഈലം യുദ്ധ'ത്തെ തുടര്‍ന്ന് അതേ വര്‍ഷം ജൂലായില്‍ അരങ്ങേറിയ തമിഴ് വിരുദ്ധ കലാപത്തിന്റെ ഭീകരതയും തമിഴ് സ്ത്രീത്വത്തിനു നേരെ ലങ്കന്‍ സൈന്യം നടമാടിയ അത്യാചാരങ്ങളും പോലുള്ള കലാപത്തിന്റെ മൂല കാരണങ്ങളും സംഭവങ്ങളും, മറു വശത്ത് എഴുപതുകളുടെ തുടക്കത്തില്‍ ക്യാമ്പസുകളിലുണ്ടായ ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ വിവേചന വിരുദ്ധ ഉണര്‍വുകളും തീവ്രമായി ആവിഷ്കരിക്കപ്പെടുന്നു ണ്ടെങ്കിലും ഒരു 'യുദ്ധ നോവല്‍' അല്ല കൃതി. യുദ്ധം ജീവിതത്തെ ബാധിച്ച മനുഷ്യാവസ്ഥ കളിലേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്.

വംശീയതയുടെ മുഖാമുഖങ്ങള്‍:

രണ്ടു ആഖ്യാതാക്കളിലൂടെയാണ് ഇതിവൃത്തം ചുരുളഴിയുന്നത്. രണ്ടു യുവതികള്‍. യശോധരയെന്ന സിംഹള യുവതിയും സരസ്വതിയെന്ന തമിഴ്‌ വംശജയും. യശോധരയുടെ ഓര്‍മ്മകളില്‍ സിലോണിന്റെ സ്വാതന്ത്ര്യപ്രാപ്തിമുതലുള്ള കുടുംബത്തിന്റെ പുരാവൃത്തം വികസിക്കുന്നു.

വിട വാങ്ങുന്ന ഇംഗ്ലീഷുകാരനെ കുറിച്ച് അനുഗ്രഹീതമാം വിധം അജ്ഞനായി , അന്ന് ഏഴു വയസ്സ് പ്രായമായിരുന്ന , പില്‍ക്കാലം എന്റെ പിതാവാകുന്ന നിഷാന്‍, താന്‍ തിരിച്ചറിയാത്ത ആദിമവിശുദ്ധിയുടെ കടപ്പുറത്ത് തുള്ളിച്ചാടുകയായിരുന്നു. പില്‍ക്കാലം ഗ്യാസ്‌ കൊണ്ട് ചലിക്കുന്ന ടൂറിസ്റ്റ് ബോട്ടുകള്‍ മൂലം ഉണ്ടാവാന്‍ പോകുന്ന മലിനീകരണം ഇപ്പോള്‍ സംഭവിച്ചിട്ടില്ലാത്ത കടലിലേക്ക്‌ അയാള്‍ ഊളിയിടുന്നു.”

ഈ വിവരണത്തില്‍ അടങ്ങിയിരിക്കുന്ന, ഒരനുഭവം വിവരിക്കുമ്പോള്‍തന്നെ അതിന്റെ ഭാവിയെ കൂടി ചുഴന്നു നില്‍ക്കുന്ന ശൈലി നോവലിലെങ്ങും ദൃശ്യമാണ്. കര്‍ക്കശക്കാരിയും തമിഴ്‌ ജനതയെ കുറിച്ചും ഭര്‍ത്താവായ ഹിക്കാദുവ മുക്കുവ ഗോത്രത്തിന്റെ വൈദ്യന്‍ രാജസിംഗെ കൂട്ടുകൂടുന്ന മുക്കുവരെ കുറിച്ചും തികച്ചും അധമരെന്ന മനോഭാവക്കാരിയുമായ ബിയാട്രിസ് മ്യൂറിയേല്‍ തന്റെ ആംഗലേയ പാരമ്പര്യമുള്ള ദക്ഷിണ ദേശ കുടുംബ മഹിമയില്‍ ഏറെ അഭിമാനിക്കുന്നവളാണ്. തന്റെ ജനപ്രിയ സൗഹൃദങ്ങള്‍ നിലനിര്‍ത്തുമ്പോഴും നിറവും കുടുംബ മഹിമയും രാജസിംഗെക്കും ഒരു വലിയ വിഷയമാണെന്ന് വ്യക്തം. റജിസ്ട്രാര്‍ക്ക് കൈക്കൂലി കൊടുത്ത് തന്റെ യഥാര്‍ത്ഥ പേരായ അപ്പോസിംഗെയെ രാജസിംഗെ എന്നാക്കി മാറ്റിയ പുരാവൃത്തമുണ്ട് അയാള്‍ക്കും. അങ്ങനെയാണയാള്‍, മറ്റു പല കീഴ്ജാതിക്കാരെയും പോലെ, വൈദ്യ പഠന അവസരവും ഒരു ഭാര്യയെ തന്നെയും നേടിയെടുത്തത്. നിഷാന്റെ ഇരട്ട പിറന്ന സഹോദരി മാല കറുത്ത് പോയതിലും ബിയാട്രിസ് അസ്വസ്ഥയാവുന്നുണ്ട്. അത് അച്ഛന്റെ പാരമ്പര്യമാണെന്നും അവള്‍ മനസ്സിലാക്കുന്നു. ഈ അപകര്‍ഷം മറി കടക്കാന്‍ അമ്മ പകലുറക്കമാവുന്ന സമയങ്ങളില്‍ മാല ഒരൊന്നാം തരം 'മരം കേറി'യും മികച്ച ഫാസ്റ്റ്‌ ബൌളറും ആവുന്നുണ്ട്. ശ്രീലങ്കന്‍ സമൂഹത്തില്‍ വര്‍ണ്ണ- വംശീയ ചിന്തകള്‍ പുതിയ കാര്യമല്ലെന്ന് ഇതൊക്കെ സൂചിപ്പിക്കുന്നു.

ഇതേ സമയം പില്‍ക്കാലം നിഷാന്റെ ഭാര്യയും ആഖ്യാതാവ് യശോധരയുടെ അമ്മയുമാവുന്ന വിശാഖ സുജാത രാജസിംഗെ ഓക്സ് ഫോര്‍ഡില്‍ നിന്ന് നിയമം പഠിച്ചെത്തിയ ജഡ്ജിയുടെ മകളായി, അച്ഛന്റെ കാറില്‍ സ്കൂളിലേക്കും തിരിച്ചും യാത്രചെയ്യുന്ന രാജകുമാരിയെ പോലെ കൊളംബോയില്‍ വളരുന്നു. അടക്കി ഭരിക്കുന്ന അമ്മ സില്‍വിയ സുനേത്രയുടെ സാന്നിധ്യമാണ് എങ്ങും. രാജസിംഗെ തന്റെ അവസാന നാളുകളില്‍ പടുകൂറ്റന്‍ വീട് പുതുക്കിപ്പണിയാന്‍ വ്രതമെടുക്കുകയും അത് വഴി സാമ്പത്തികസ്ഥിതി മോശമാവുകയും ചെയ്യുന്നു. അയാളുടെ മരണശേഷം സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്നതോടെ വീടിന്റെ മുകള്‍ നില ശിവലിംഗം കുടുംബത്തിന് വാടകയ്ക്ക് നല്‍കാന്‍ ബിയാട്രിസ് നിര്‍ബന്ധിതയാവുന്നതോടെയാണ് തമിഴ്‌ വംശജരോടോപ്പമുള്ള വിനിമയങ്ങളുടെ ജീവിതാവസ്ഥകളിലേക്ക് വിശാഖ എത്തിപ്പെടുന്നത്: "ഭഗവാന്‍ ശിവന്റെ സ്വകാര്യ ഭാഗം കൊണ്ട് പേരിട്ടവര്‍. ഈ തമിഴര്‍ ലജ്ജയില്ലാത്തവരാണ്" എന്ന് ബിയാട്രിസ് . “ഒറ്റ രാത്രികൊണ്ട് മുകള്‍ നില ഒരു വിദേശ രാജ്യമായി, വേറെ ദൈവങ്ങളും വേറെ ചരിത്രങ്ങളും ഭരിക്കുന്ന ഇടം" എന്ന് വിശാഖക്ക് തോന്നുന്നു. “താഴെ നില- മുകള്‍ നില, ലിംഗ – സിംഗ യുദ്ധം" അങ്ങനെ തുടങ്ങുന്നു. തുച്ഛമായ വഴക്കുകളും അലോസരങ്ങളും പതിവാകുന്ന അന്തരീക്ഷത്തില്‍ പക്ഷെ ഒന്നും ഒന്നും രണ്ടെന്ന സാധാരണത്വത്തോടെ കൗമാരത്തിലെത്തുന്ന വിശാഖയും മുകളിലെ തമിഴ്‌ കുടുംബത്തിലെ റാവണും തമ്മില്‍ സ്വാഭാവിക പ്രണയം ഉടലെടുക്കുന്നു. നോവലിലെങ്ങും കാണാവുന്ന വംശീയ ഉച്ച നീചത്വങ്ങള്‍ക്കപ്പുറമുള്ള പ്രണയ ബന്ധങ്ങളുടെ രണ്ടാമത്തെ ഉദാഹരണമാണ് ഇത്. എന്നാല്‍, ശരിയായ ഘട്ടത്തില്‍ ഉറച്ചൊരു തീരുമാനമെടുക്കുന്നതില്‍ വിശാഖ പരാജയപ്പെടുമ്പോള്‍ റാവണ്‍ തീര്‍ത്തും പിന്‍വാങ്ങുന്നതോടെ പ്രണയ ഭംഗത്തിന്റെ നീറ്റലിലേക്ക് വിശാഖ എത്തിച്ചേരുന്നു. ഈ ഘട്ടത്തിലാണ് നിഷാന്റെ ആലോചന ഉണ്ടാവുന്നതും രാജസിംഗെ എന്ന പേര് സില്‍വിയ സുനേത്രയെ ഭ്രമിപ്പിക്കുന്നതും വിവാഹം നടക്കുന്നതും. പില്‍ക്കാലം പലപ്പോഴും അമ്മ അച്ഛനോട് അനര്‍ഹാമാം വിധം ക്രൂരയാവുന്നതെന്തു കൊണ്ടെന്നു വിസ്മയിക്കുന്ന യശോധര കണ്ടെത്തുന്നുണ്ട് : അന്ന് ഹൃദയം നുറുങ്ങുന്ന കാലത്ത് അമ്മയെ അവരുടെ സ്വപ്നത്തില്‍ നിന്ന് കുടുംബ മഹിമയുടെ പിന്‍ ബലത്തില്‍ അച്ഛന്‍ പറിച്ചെടുക്കുകയായിരുന്നു എന്ന് അമ്മ കരുതിക്കാണണം. റാവണ്‍ വിവാഹം കഴിച്ചെത്തുന്ന പെണ്‍കുട്ടിയോട് വളര്‍ന്നു വരുന്ന ദുസ്സഹമായ വെറുപ്പ്‌ പ്രകൃതിയുടെ മറ്റൊരു തമാശയില്‍ അവസാനിക്കുന്നു- ഒരേ മുഹൂര്‍ത്തത്തില്‍ തൊട്ടടുത്ത കിടക്കകളില്‍ പരസ്പരം കൈകോര്‍ത്തു രണ്ടു കന്നിപ്പേറുകാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം കൊടുക്കുമ്പോള്‍. യശോധരയും ശിവയും അങ്ങനെ ജന്മ മുഹൂര്‍ത്തം കൊണ്ട് ഇരട്ടകളും വിചിത്ര വിധികളില്‍ ബന്ധിതരുമാവുന്നു.

1983 ലെ കലാപം പുകയുന്ന അന്തരീക്ഷവും നോവലിന്റെ ഇതിവൃത്ത വികാസത്തില്‍ നിര്‍ണ്ണായകമാണ്. നഗരത്തിലെങ്ങും നിരോധനാജ്ഞ നില നിന്ന അതേ മൂന്നു ദിനങ്ങളിലാണ് പത്തു വര്‍ഷത്തിലേറെ കാത്തിരുന്നു കിട്ടിയ മാലയുടെ ഗര്‍ഭം കലാപക്കെടുതികളില്‍ പെട്ട് പോവുന്ന ആശുപത്രി യാത്രക്കിടെ ഉണ്ടാവുന്ന ഭീകരാനുഭവത്തെ തുടര്‍ന്ന് ചാപ്പിള്ളയായി ഒടുങ്ങിപ്പോവുന്നതും, ഒരു തമിഴ് ബാലനെ കലാപകാരികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് അനിരുദ്ധയുടെ ജീവന്‍ പൊലിയുന്നതും. സില്‍വിയ സുനേത്രയുടെ ശൗര്യത്തോടെയുള്ള ഇടപെടലാണ് ശിവലിംഗം കുടുംബത്തെ രക്ഷപ്പെടുത്തുന്നത്. അവര്‍ ഒളിച്ചു പോവുന്നതോടെ, കൗമാര പ്രണയ ഭംഗത്തിന്റെ വേദന ഇപ്പോള്‍ മകളും അറിയാന്‍ ഇടയാവുന്നു. ശിവ വടക്കന്‍ മേഖലയില്‍ തമിഴ്‌ പോരാളികളോട് ചേര്‍ന്നിട്ടുണ്ടെന്ന അഭ്യൂഹം യശോധര അറിയുന്നുണ്ട്. കലാപത്തെ തുടര്‍ന്നുണ്ടാവുന്ന ഭീകരാവസ്ഥയിലാണ് അമേരിക്കയിലുള്ള അമ്മാവന്‍ ആനന്ദയുടെ അടുത്തേക്ക്‌ കുടുംബം പറിച്ചു നടുന്നത്. അവിടെയാണ് യശോധരയും അനിയത്തി 'ലാ' എന്ന ലങ്കയും ബാല്യ കൗമാരങ്ങള്‍ പിന്നിടുന്നതും തങ്ങളുടെ അഭിരുചികള്‍ ഇരുവരും തിരിച്ചറിയുന്നതും പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും തീവ്രത അവരെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നതും. യശോധര പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുമ്പോള്‍ ലങ്ക ചിത്ര രചനയില്‍ സ്വയം കണ്ടെത്തുന്നു. തങ്ങളുടെ ഗന്ധം പോലും ഡിയോഡറെന്‍റ് കൊണ്ട് മറച്ചു വെക്കേണ്ടി വരുന്ന അപകര്‍ഷത്തിനിടയിലും പുറത്തിറങ്ങാനോ ഒന്നു കടല്‍ കാണാനോ കഴിയാത്ത കൂട്ടിലടച്ച ബാല്യത്തിലും ഈ സാധ്യതകള്‍ അവരെ ആകര്‍ഷിക്കുന്നു. പുസ്തകങ്ങളുടെ ലഭ്യതയാണ് അമേരിക്കയെ സംബന്ധിച്ച് തനിക്കേറെ ഇഷ്ടമായ കാര്യമെന്ന് യശോധര പറയുന്നുണ്ട്. ലങ്കയുടെ ജ്വലിക്കുന്ന സൗന്ദര്യം തന്റെ ഉള്ളില്‍ കൂടുതല്‍ നിരാശതാ ബോധം വളര്‍ത്തുമ്പോഴും അത് കണ്ടറിഞ്ഞു തന്റെ സൗന്ദര്യത്തെ കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്ന അനിയത്തിയോട് യശോധരക്ക് വാത്സല്യം കൂടുന്നതേയുള്ളൂ. പിന്നെയാണ് ആ 'വലിയ ഭര്‍ത്താവ് വേട്ട'യും സിദ്ധാര്‍ത്ഥയുമായുള്ള വിവാഹവും. പേരുകളുടെ ചേര്‍ച്ച പക്ഷെ ജീവിതത്തില്‍ ഉണ്ടാകാതെ പോകുന്നതിനു പിന്നില്‍ അയാള്‍ക്ക്‌ മറക്കാനാവാത്ത മറ്റൊരു ബന്ധമാണ്. ലങ്കയ്ക്ക് കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രൊഫസറുമായുണ്ടായിരുന്ന ബന്ധവും തകരുന്നതോടെ അമേരിക്ക അവര്‍ക്ക് ഒരു പ്രതീക്ഷയും അല്ലാതാവുന്നു. അമ്മാവന്‍ ആനന്ദ നാടിനു വേണ്ടി പ്രവര്‍ത്തിക്കാതെ സ്വാര്‍ത്ഥം നോക്കിയിരിക്കുന്നതിന് പഴിക്കുമ്പോള്‍ ലങ്ക മറ്റൊരു വഴിക്കാണ് ചിന്തിക്കുന്നത്. ആനന്ദ, സിംഹള പക്ഷപാതിയായി തമിഴ്‌ പോരാട്ടത്തെ നിന്ദിക്കുകയും വംശഹത്യയെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ യശോധരയേയും കുറ്റബോധം വേട്ടയാടുന്നുണ്ട്.

ഞാന്‍ കേട്ടതെന്തോ അത് കേട്ടിട്ടില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. പക്ഷെ വാക്കുകള്‍ എന്നോടൊപ്പമുണ്ട്. പ്രായത്തില്‍ പോലും കൂട്ട് പ്രതിയാവുന്നതിന്റെ സൂചന അവഗണിക്കാന്‍ കഴിയാത്തതായിരുന്നു.”

കലാപ ഭൂമിയില്‍ യുദ്ധത്തിന്റെ ഇരകളായ കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്രകലാധ്യാപികയായി സേവനമനുഷ്ടിക്കാന്‍ തീരുമാനിച്ചാണ് ലങ്ക ദ്വീപിലേക്ക് മടങ്ങുന്നത്. ശിവയെ കണ്ടെത്തിയ ആഹ്ലാദത്തില്‍ യശോധരക്ക് എഴുതുന്ന ലങ്ക, നാട്ടിലേക്ക് മടങ്ങാന്‍ ചേച്ചിയെ നിര്‍ബന്ധിക്കുന്നു. ഇതിനോടകം സിദ്ധാര്‍ത്ഥയോട് വല്ലാതെ അകന്നു പോയ യശോധര, അനുജത്തിയുടെ ക്ഷണം സ്വീകരിച്ചു ദ്വീപിലെത്തുന്നു. ശിവയും ലങ്കയും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതോടെ തന്റെ തന്നെ അവസ്ഥ പുനരവലോകനം ചെയ്യാനും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഒരിക്കലും ഹൃദയം തുറന്നു സ്നേഹിക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും തന്റെ സ്ഥാനം സിദ്ധാര്‍ത്ഥയോടോപ്പമാണെന്ന തീരുമാനത്തില്‍ എത്തിച്ചേരാനും അവള്‍ക്കാവുന്നു. എന്നാല്‍ തീരുമാനം നടപ്പിലാക്കും മുമ്പ്, ഇടയ്ക്കിടെ യശോധരയെ മഥിക്കുമായിരുന്ന ഒരു ഭീകര സ്വപ്നം കൂടി യാഥാര്‍ത്ഥ്യം ആവാനുണ്ട്:

കൂടെക്കൂടെ ഞാനൊരു സ്വപ്നം കാണുന്നു- ഒരു ചെറിയ വീട്, തിളങ്ങുന്ന തടാകം, ഒരു മാവ്, ഒരു ഇളം പ്രായക്കാരി. അവളെന്റെ മുന്നില്‍ നില്‍ക്കുന്നു, അവളുടെ വലിയ മുറിവേറ്റ കണ്ണുകള്‍ എന്നെ വിട്ടു പോവുന്നേയില്ല. അവള്‍ തന്റെ സാരിയുടെ മടക്കുകള്‍ ചുമലില്‍ നിന്ന് പിന്‍ വലിച്ചൂരി മാറ്റുമ്പോള്‍, ഞാനവളുടെ പേലവമായ തോളെല്ലില്‍ അസ്തമയ സൂര്യന്റെ നിറമുള്ള മുറിവുകള്‍ കാണുന്നു. അവള്‍ സാരി ബ്ലൗസ്‌ അഴിച്ചു മാറ്റുമ്പോള്‍ അവളുടെ മുലകള്‍ക്ക്ചുവടെ വേറെ മുലകളായി ഗ്രനേഡുകള്‍ തിരുകി വെച്ചത് ഞാന്‍ കാണുന്നു. അത് അവലക്ഷണം പിടിച്ച കാഴ്ചയാണ്. ഞാന്‍ ഞെട്ടിയുണരുന്നു, എന്നിട്ടും മണിക്കൂറുകളോളം അവളുടെ കണ്ണുകള്‍ എന്നോടൊപ്പമുണ്ട്.”

മനുഷ്യ ബോംബുകള്‍ ഉണ്ടാവുന്നത്:

യശോധരയെ മഥിക്കുന്ന പേടിസ്വപ്നം യാഥാര്‍ത്ഥ്യമാവുന്നത് സരസ്വതിയുടെ ആഖ്യാനത്തിലാണ്. ക്രൂരമായ ഒരു മുതിര്‍ന്നു വരവിന്റെ കഥയാണ്‌ (coming-of-the-age story) സരസ്വതിയുടെത്. വടക്കന്‍ മേഖലയിലെ എപ്പോഴും എന്തും സംഭവിക്കാവുന്ന സംഘര്‍ഷ ഭരിതമായ അവസ്ഥയില്‍ മൂന്നു സഹോദരന്മാരെയും തമിഴ് വിമോചനത്തിന് ബലിനല്കിയ നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കൊടി. ടീച്ചര്‍ ട്രെയിനിങ്ങിനു പോകുന്നത് സ്വപ്നം കാണുന്ന അവള്‍ക്കറിയാം യുദ്ധ ഭൂമിയില്‍ അതൊരു 'വലിയ, വലിയ' സ്വപ്നമാണെന്നും നടക്കാനിടയില്ലെന്നും. മൂന്നു ആണ്‍മക്കളെ 'ലക്ഷ്യ'ത്തിനായി നല്‍കിയ അമ്മക്ക് വയസ്സുകാലത്ത് ചെറിയൊരു സൗജന്യം തരും എന്ന അമ്മയുടെ പ്രതീക്ഷ തകിടം മറിച്ച് ഒരു നാള്‍ അവളെ തേടി വരിക തന്നെ ചെയ്യുന്നു തമിഴ് പുലികളുടെ വനിതാ വിഭാഗത്തിലെ അംഗങ്ങള്‍. തടയാനാവില്ല, ആര്‍ക്കും. ഇത്തിരി സമയം നീട്ടിവാങ്ങാം, കുറച്ചു കൂടി കാലം പ്രതീക്ഷ വെച്ച് പുലര്‍ത്താം. അത്ര മാത്രം. അവള്‍ കുഞ്ഞാണെന്ന വാദവും സ്വീകാര്യമല്ല. അവളെക്കാള്‍ ചെറുപ്പത്തിലാണ് തങ്ങള്‍ സേവനം തുടങ്ങിയതെന്ന് അവര്‍ പ്രതിവചിക്കുന്നു. കുട്ടികളെ പരിശീലിപ്പിച്ചെടുക്കുക വളരെ എളുപ്പമാണെന്നത് അത്തരം പ്രസ്ഥാനങ്ങളുടെ കണ്ടെത്തലാണ്. എത്രയും പെട്ടെന്ന് സരസ്വതിയെ ക്യാമ്പിലേക്ക് വിടണമെന്ന് അവര്‍ ആജ്ഞ നല്‍കുന്നു. എന്നാല്‍ പ്രദേശത്തു പെണ്‍കുട്ടികളില്‍ പലര്‍ക്കും, തൊട്ടടുത്ത ദിവസം കിണറ്റില്‍ ചാടി മരിച്ചവള്‍ക്കുള്‍പ്പടെ, സംഭവിച്ചത് സരസ്വതിക്കും സംഭവിക്കുന്നു. ഒരു നാള്‍ സൈനികര്‍ അവളെ പിടിച്ചു കൊണ്ട് പോകുന്നു. 'പുലിക്കൊടിച്ചി' എന്ന അവഹേളനത്തോടെ സംഘം ചേര്‍ന്ന് അവളെ പിചിച്ചീന്തുമ്പോള്‍ 'കെടുത്തിക്കളയുക' എന്നതിന്റെ ഭീകരതയോടൊപ്പം സൈനികരോട് തീര്‍ത്താല്‍ തീരാത്ത പക കൂടി അവളില്‍ നിറയാന്‍ ഇത് കാരണമാവുന്നു. ഇനി കുടുംബത്തിന്റെ മുന്നില്‍ മറ്റു വഴികളില്ല: അഭിമാനം കാക്കാനും, നില നില്‍പ്പ് ഉറപ്പു വരുത്താനും.

പരിശീലന ക്യാമ്പില്‍ നെഞ്ചുറപ്പോടെയും അതീവ പ്രാഗത്ഭ്യത്തോടെയും പോരാട്ടത്തിന്റെ മുറകള്‍ പഠിക്കുന്ന സരസ്വതിയുടെ കാതില്‍ എപ്പോഴും ആ അവഹേളനം മുഴങ്ങിക്കേള്‍ക്കും : "പുലിക്കൊടിച്ചി". ഒരു സിമന്റു ജയില്‍ മുറിയും കടിച്ചു കീറുന്ന കുറെ യൂനിഫോമിട്ട ആണുടലുകളും ശരീരം കീറിമുറിക്കുന്ന പ്രാണന്‍ പിടയുന്ന വേദനയും അവള്‍ക്കു ഊര്‍ജ്ജമാവും. കയ്യൊട്ടും വിറക്കാതെ ആദ്യ കൊല നടത്തുമ്പോഴും തന്റെ കാല്‍ക്കീഴിലെ സൈനികന്റെ മുരള്‍ച്ചകളില്‍ അവളാ കിരാത ശബ്ദങ്ങള്‍ തിരിച്ചറിയും. അച്ഛനമ്മമാരുടെ എതിര്‍പ്പ് മറികടന്നും അവള്‍ തന്റെ കുഞ്ഞനിയത്തിയെ കൂടി എത്രയും വേഗം ക്യാമ്പിലെത്തിക്കുന്നതും ഇതേ മുഴക്കങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇനിയൊരിക്കലും ചൂളി വിറയ്ക്കുന്ന ഒരു ഇരയാവില്ല താന്‍ എന്ന് അവള്‍ക്കറിയാം. ഭാരിച്ച ആയുധം ശരീരത്തില്‍ ബന്ധിച്ചുള്ള പരിശീലനം ആദ്യ ഘട്ടത്തില്‍ പ്രയാസമുണ്ടാക്കുന്നുവെങ്കിലും വേഗം അവള്‍ എല്ലാം മറികടക്കും. ദീര്‍ഘ നടത്തങ്ങളില്‍ ഓക്സിജന്‍ നില നിര്‍ത്താനും, കണ്ണിന്റെ കാഴ്ച ഇരുട്ടിലും വ്യക്തമാവാനും പരിശീലിപ്പിക്കപ്പെടുന്ന സരസ്വതി സാവധാനം ഒരു കാട്ടുപൂച്ച ആയി മാറുന്നു. "മരണ ഭയമാണ് എല്ലാ മാനുഷിക ഭയങ്ങള്‍ക്കും നിദാനം. മരണ ഭയത്തെ മറികടക്കുന്നയാള്‍ തന്നെത്തന്നെ ജയിക്കും. അയാളാണ് തന്റെ സ്വന്തം മനസ്സിന്റെ ജയിലില്‍ നിന്ന് സ്വാതന്ത്ര്യം നേടുക" നേതാവിന്റെ ഈ വാക്കുകള്‍ അവളെ എന്നും വഴി നടത്തും. നേതാവിന്റെ വരണമാല്യം പോലെ ഏഴു നിമിഷങ്ങളുടെ സ്വാതന്ത്ര്യപ്രാപ്തിയായി സയനൈഡ്‌ താലി കഴുത്തിലണിയുന്നതും തന്റെ നാള്‍ വരാനായി ധൃതി കൂട്ടുന്നതും അത് കൊണ്ട് തന്നെ. ഒരു ചങ്കിടിപ്പുമില്ലാതെ മുലകള്‍ക്ക് ചുവടെ വിദഗ്ദമായി ബന്ധിച്ച ബോംബുമായി തെരഞ്ഞെടുക്കപ്പെട്ട ശത്രുവിനെ നശിപ്പിക്കാനായി അവള്‍ ഏറ്റെടുക്കുന്ന ദൗത്യമാണ് ഒടുവില്‍ യശോധരയുടെയും ലങ്കയുടെയും ശിവയുടെയും ജീവിതവുമായി അവളുടെ വിധിയെ ബന്ധിപ്പിക്കുന്നത്. സരസ്വതി കയറിയ ബസ്സില്‍ അപ്രതീക്ഷിതമായ സൈനിക പരിശോധന നടക്കാന്‍ പോവുന്നു എന്നുറപ്പാവുന്ന നിമിഷത്തില്‍ ഒരു തിരിച്ചറിവിന്റെ, സാഹോദര്യത്തിന്റെ നിശ്ശബ്ദ സൗഹൃദവുമായി തന്നെ സമീപിക്കാന്‍ തുടങ്ങുന്ന ഒരു യുവതി അടുത്തെത്തും മുമ്പ് അത് സംഭവിക്കുന്നു. അന്ത്യ നിമിഷത്തിലും സരസ്വതിയുടെ ചെവിയില്‍ മുഴങ്ങുന്നത് അതേ അവഹേളനമാണ്: 'പുലിക്കൊടിച്ചി' . 'ഗര്‍ഭിണിയുടെ വേഷത്തില്‍ മിതവാദി തമിഴ് രാഷ്ട്രീയ നേതാവ് കൃഷ്ണ പൊന്നയ്യയെ വധിക്കാനെത്തി' പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബ്‌ പിറ്റേ ദിവസം വാര്‍ത്തയാവുന്നു, കൂടെ പന്ത്രണ്ടു പേരുടെ മരണവും, ഇരുപത്തിരണ്ടു പേര്‍ക്ക് മാരകമായി മുറിവേറ്റതും. മോര്‍ച്ചറിയില്‍ വെച്ച് ലങ്കയുടെ മൃതദേഹം തിരിച്ചറിയുന്ന യശോധരയോടു ഓഫീസര്‍ പറയുന്നുണ്ട്:

നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. മറ്റു പലര്‍ക്കും ശരീരം കിട്ടാനുണ്ടായിരുന്നില്ല. കത്തിച്ചു കളയാനോ മറവു ചെയ്യാനോ ചില മാംസത്തുണ്ടുകള്‍ മാത്രം.”

താന്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചെറിയമ്മ ലങ്കയുടെ ചിത്രകലാ വാസന പകര്‍ന്നു കിട്ടിയ കുഞ്ഞു മകള്‍ സമുദ്രയോട് തങ്ങളുടെ നാടിനെ കുറിച്ചും ചരിത്രത്തെ കുറിച്ചും പറയാന്‍ കഴിയാതെ പോവുന്നത് യശോധരയെ മഥിക്കുന്നുണ്ട്. പറഞ്ഞു വരുമ്പോള്‍ അതില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടാവണം. എന്നാല്‍ ലങ്കയെ മാറ്റി നിര്‍ത്തി എങ്ങനെയാണ് നാടിനെ കുറിച്ച് പറയുക! ശിവ അതൊന്നും മറക്കില്ലെന്നും അവള്‍ക്കറിയാം. അച്ഛനും മകളും മുക്കുവനും കടലും കളിക്കുമ്പോള്‍ അടുക്കളയില്‍ യശോധര വിറ കൊള്ളുന്നുണ്ട്:

"ഞങ്ങളുടെ കൂടെ അക്കാലത്ത് മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നു അയാള്‍ മറന്നു പോയോ? അവളുടെ ബാലികാ രൂപിയായ ആത്മാവ് അയാളുടെ കഥകളില്‍ നിവസിക്കുന്നു. വെല്ലാവത്തെ (Wellawatte) വീട്ടില്‍ അവളുടെ നിഴല്‍ നുഴഞ്ഞു കയറുന്നത് ഞാന്‍ കാണുന്നു, ഞങ്ങള്‍ക്കിടയിലേക്ക്, വീടിനും ചുമരിനും ഇടയിലൂടെ പിന്നിലെ തോട്ടത്തിലേക്ക്. അവളുടെ പേര് പറയാതെ അക്കാലത്തെ കുറിച്ച് പറയുന്നത് പാപമല്ലേ?”

ഉറക്കത്തിന്റെ ആഴങ്ങളില്‍ നിന്ന് ശിവ ലങ്കയുടെ ഒറ്റക്ഷര വിളിപ്പേര് മന്ത്രിക്കുന്നത് കേള്‍ക്കുമ്പോള്‍ അവള്‍ക്കറിയാം, തങ്ങള്‍ക്കിരുവര്‍ക്കും തൊട്ടടുത്ത് ശിവയോടു ചേര്‍ന്ന് അവളുണ്ട്. മുമ്പൊരിക്കല്‍ നിരീക്ഷിച്ചത് പോലെ അവള്‍ കണ്ടെത്തുന്നു:

"ഒരു ത്രികോണമാണ് ഏറ്റവും സുരക്ഷിതമായ രൂപം. പിരമിഡ്‌ ആണ് ഏറ്റവും ശക്തമായ ഘടന. ഞങ്ങള്‍ മൂവരും വീണ്ടും ഒരുമിച്ചാണ്".

സമുദ്രയുടെ ചോദ്യത്തിന് മറുപടിയായി ചെറിയമ്മ ഹൃദയാഘാതം കൊണ്ട് മരിച്ചു പോയെന്നു നുണ പറയേണ്ടി വരുന്നു യശോധരക്ക്. ആത്മഹത്യാ ബോംബറെ കുറിച്ച് ഒരാറു വയസ്സുകാരിയോട് എന്താണ് പറയുക?

സംഘര്‍ഷങ്ങളുടെ ബാക്കിപത്രത്തില്‍ അമേരിക്കക്കാരിയായ ശ്രീലങ്കക്കാരി എന്നതിലേറെ സിംഹള വംശജയും ഒപ്പം തമിഴ് വംശജയും ആയ തങ്ങളുടെ മകള്‍ക്ക് എന്താണ് കരുതി വെച്ചിരിക്കുക എന്ന് അവള്‍ക്കു ഉത്കണ്ഠയുണ്ട്. ആഫ്രിക്കന്‍ അമേരിക്കക്കാരെ പോലെ ശ്രീലങ്കന്‍ തമിഴ് വംശജര്‍ സ്വാതന്ത്ര്യപ്പോരാളികളല്ലേ എന്ന ചോദ്യത്തിന് അവള്‍ നിരീക്ഷിക്കുന്നു.

ഇവിടെ രക്തസാക്ഷികള്‍ ഇല്ല. ഒരു പോലെ ദുഷിച്ചു പോയ ശക്തികള്‍ തമ്മിലുള്ള യുദ്ധമേ ഉള്ളൂ. ആര്‍ക്കും സങ്കീര്‍ണ്ണ മറുപടികള്‍ ആവശ്യമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. കൌ ബോയ് കള്‍ക്കും (റെഡ്‌)ഇന്ത്യക്കാര്‍ക്കുമിടയില്‍ , അഴിമതിയില്‍ കുളിച്ച ഭരണക്കാര്‍ക്കും സ്വാതന്ത്ര്യപ്പോരാളികള്‍ക്കും ഇടയില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്കും കൊടിയ ഭീകരര്‍ക്കുമിടയില്‍അങ്ങനെയുള്ള കൃത്യമായ അതിര്‍ വരമ്പുകള്‍. മതി.”

സ്നേഹം, പ്രണയം - വംശീയതക്ക് കുറുകെ

സ്കൂള്‍ കാലത്ത് തന്നെക്കാള്‍ രണ്ടിഞ്ചു കിളിരം കൂടിയ രാധിനിയെന്ന തമിഴ് ബാലികയോട് നിഷാന് തോന്നുന്ന ആകര്‍ഷണം അവനെ കളിയാക്കാന്‍ കൂട്ടുകാര്‍ക്ക് കാരണമാവുന്നുണ്ട്. 1958ലെ തമിഴ് വിരുദ്ധ ആക്രമണ കാലത്ത് സ്കൂള്‍ ബസ്സില്‍ സിംഹള ഗുണ്ടകളുടെ കയ്യില്‍ നിന്ന് അവള്‍ കഷ്ടിച്ച് രക്ഷപ്പെടുന്നത് ഒരു അധ്യാപികയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്. അന്ന് പ്രാണ ഭയത്തില്‍ വിസര്‍ജ്ജിച്ചു പോയ അവളും രക്ഷപ്പെടാന്‍ സിംഹള വംശജയാണെന്നു തെളിയിക്കാനായി അവള്‍ ചൊല്ലിയ ബുദ്ധമത മന്ത്രങ്ങളും പില്‍ക്കാലമെന്നും അയാളെ വേട്ടയാടും. നേര്‍ വിപരീതമായ ഒരു വിപര്യം കൂടി നിഷാനില്‍ സംഭവിക്കുന്നത് ഒരു വേള പാത്ര സൃഷ്ടിയിലെ അപാകമാണോ എന്നും സംശയിക്കാം. ശിവയുടെ കൂടെ കൂട്ട് കൂടിയും തമിഴ് പെണ്‍കുട്ടിയെ പ്രണയിച്ചും കഴിഞ്ഞ ബാല്യത്തില്‍ നിന്ന് കടുത്ത സിംഹള പക്ഷപാതിയും തമിഴ് വംശ വിരോധിയുമായി അയാള്‍ പില്‍ക്കാലത്ത് മാറുന്നുണ്ടല്ലോ. രാജസിംഗെ തറവാട്ടില്‍ മുകള്‍ നിലയില്‍ കഴിയുന്ന തമിഴ് കുടുംബം സില്‍വിയ സുനേത്രക്ക് ചതുര്‍ത്ഥിയാണെങ്കിലും വിശാഖയും റാവണും അടുക്കാന്‍ വംശീയത തടസ്സമാവുന്നില്ല. ആ പ്രണയത്തിന്റെ തീവ്രത തന്നെയാണ് പില്‍ക്കാലത്തു നിഷാനുമൊത്തുള്ള ദാമ്പത്യത്തില്‍ പോലും വിശാഖയുടെ മനസ്സില്‍ കരിനിഴലായി വീഴുന്നത്. ശിവയും യശോധരയും തമ്മിലും ഒരു ഘട്ടത്തില്‍ ശിവയും ലങ്കയും തമ്മിലും ഇതേ മുറിച്ചു കടക്കല്‍ സാധ്യമാവുന്നുണ്ട്. പ്രസിദ്ധമായ പെരാദാനിയാ കോളേജില്‍ മാലയുടെ ഏഴഴകുള്ള കറുപ്പിന്റെ മദിപ്പിക്കുന്ന സൗന്ദര്യം പല സഹപാഠികളെയും നിറത്തെ കുറിച്ചുള്ള മുന്‍ ധാരണകള്‍ മറികടന്ന് അവളെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അവരെയൊക്കെ മറികടന്ന് അനിരുദ്ധ അവളെ സ്വന്തമാക്കുന്നത് തന്റേടത്തോടെ മുന്നിട്ടിറങ്ങിയാണ്. നേരിട്ട് വിവാഹാലോചനയുമായി വരുന്നത് ഒരു ഘട്ടത്തില്‍ സില്‍വിയ സുനേത്രക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പ്രായോഗികതക്ക് ഊന്നല്‍ നല്‍കുന്ന പ്രകൃതക്കാരിയായത് കൊണ്ട് പിന്നീട് എല്ലാ നിലക്കും കൊള്ളാവുന്ന ചെറുപ്പക്കാരന്‍ എഞ്ചിനീയറെ സ്വീകരിക്കുമ്പോള്‍ 'കറുത്ത പെണ്ണിന്റെ ഭാരം' ഒഴിവായിക്കിട്ടിയെന്ന ആശ്വാസവുമുണ്ടവര്‍ക്ക്. ബര്‍ഗര്‍ വിഭാഗക്കാരിയായ വധുവിനെ കണ്ടെത്തിയതാണ് സില്‍വിയ സുനേത്രയും സഹോദരന്‍ ആനന്ദയും തമ്മില്‍ പിണങ്ങാനും അയാള്‍ "ബാംഗ് ബാംഗ് ഷൂട്ട്‌ ഷൂട്ട്‌ നാട്ടിലേക്ക്" (സില്‍വിയ സുനേത്ര) പോകേണ്ടി വരുന്നതിനും കാരണമാകുന്നത്. വേറെയും മുറിച്ചു കടക്കലുകള്‍ നോവലില്‍ എമ്പാടും ഉണ്ട്. ലങ്ക ആഫ്രിക്കന്‍-അമേരിക്കന്‍ പ്രൊഫസറുമായി പ്രണയത്തിലാവുന്നു. അങ്ങനെയല്ലാതെ വിവാഹിതരാവുന്നു എന്നത് ബന്ധം ശാശ്വതമാണെന്നു ഉറപ്പു വരുത്തുന്നുമില്ല. യശോധരയും സിദ്ധാര്‍ത്ഥയും വേര്‍പ്പിരിയുന്നത് അങ്ങനെയാണല്ലോ. അതെ തുടര്‍ന്നു യശോധരയും ശിവയും ഒരുമിച്ചുള്ള ജീവിതം തന്നെയാണ് ഇതിവൃത്ത ഘടനയില്‍ ഏറ്റവും പ്രധാനവും നോവലിന്റെ മുന്നോട്ടു നോട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നതും.

ഉച്ച നീച്ചത്വങ്ങളെ മറികടക്കുന്ന മനുഷ്യ സൗഹൃദങ്ങളും ഇതിന്റെ മറ്റൊരു രൂപമായി കാണാം. ഒരു നാളില്‍ ആലീസ്‌ രാജസിംഗെ കുടുംബത്തില്‍ അഗതിയായെത്തുന്നത് അങ്ങനെയാണ്. ഏതാനും നാള്‍ക്കകം അവളുടെ മൗന വ്രതം അവസാനിപ്പിക്കാനായി അവളുടെ അവിഹിത ബന്ധത്തിലെ കുട്ടിയേയും കൂടെ കൂട്ടാന്‍ സില്‍വിയ സുനേത്ര സമ്മതിക്കുന്നതോടെ പ്രസാദിക്കുന്ന ആലീസ്‌, പിന്നീട് കുടുംബത്തിലെ പ്രിയപ്പെട്ട ക്വാസിമോദോ ആയിത്തീരുകയും അടുക്കള ഭരണം അതീവ സ്തുത്യര്‍ഹമായി ഏറ്റെടുക്കുകയും ചെയ്യുന്നു. ആലീസിന്റെ മകന്‍ കസൂന്‍ കുട്ടികളുടെ പ്രിയങ്കരനായ കൂട്ടുകാരനുമാവുന്നു. ഗാര്‍ഹിക പീഠനത്തിനിരയാവുന്ന തന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ കെല്പില്ലാത്ത തമിഴ് സ്ത്രീ നല്‍കുന്ന പൂര്‍ണ്ണം എന്ന കൊച്ചു കുട്ടി മാലയുടെ സംരക്ഷണയില്‍ നല്ല നിലയില്‍ വളരുന്നു. തമിഴ് ജനതയുടെ ഗന്ധം പോലും ഇഷ്ടമല്ലാത്ത സില്‍വിയ സുനേത്രയാണ് കലാപം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍ ശിവലിംഗം കുടുംബത്തിന്റെ രക്ഷകയാവുന്നതും, പുറത്തിറങ്ങാന്‍ പറ്റാത്ത ദിനങ്ങളില്‍ ഭക്ഷണം നല്‍കുന്നതും. അവരെ സുരക്ഷിതരായി ഒളിച്ചോടാന്‍ സഹായിക്കുന്നതും അവര്‍ തന്നെയാവണം. സീന ബണ്ടയെ പോലുള്ള സിംഹള പക്ഷപാതികള്‍ തമിഴര്‍ക്കെതിരെ വംശീയമായ അധിക്ഷേപങ്ങള്‍ ചൊരിയുകയും അവര്‍ക്ക് ഇന്ത്യയുണ്ടെന്നും സിംഹളര്‍ക്ക് ആകെ ഈ കൊച്ചു ദ്വീപേ ഉള്ളൂ എന്നും അത് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവരെ ഒടുക്കുന്നതില്‍ തെറ്റില്ലെന്നും വാദിക്കുമ്പോള്‍ ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ട്: “ഇതൊരു ബുദ്ധ മത രാജ്യമാണ്. ഇവിടെ അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല.” കൊളംബോയില്‍ നിന്ന് പഠിപ്പ് മുഴുവനാക്കി വന്ന മിസ്സ്‌ രാജസിംഗം സരസ്വതിയുടെ പ്രിയപ്പെട്ട അധ്യാപികയാണ്. അവള്‍ക്കു സംഭവിച്ച ദുരന്തത്തിന് ശേഷം ക്ലാസ്സില്‍ ചെല്ലാത്ത അവളെ തേടി അവര്‍ വീട്ടിലെത്തുന്നുണ്ട്. യാഥാര്‍ത്ഥ്യം മറച്ചു വെച്ച് അമ്മ ഒഴികഴിവ് പറഞ്ഞു തിരിച്ചയക്കുമ്പോള്‍ സരസ്വതിയെ തിരിച്ചു ക്ലാസിലേക്ക് ചെല്ലാന്‍ അവര്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. യുദ്ധം അംഗ ഭംഗം വരുത്തിയ കുട്ടികള്‍ക്കായുള്ള സ്കൂളില്‍ ചിത്രകലാധ്യാപികയായി ചേരാന്‍ ലങ്കയെ പ്രേരിപ്പിക്കുന്നതും ഇതേ മാനുഷിക മൂല്യങ്ങളാണ്. ഏറ്റവും ഉദാത്തമായ ബലി ഇക്കാര്യത്തില്‍ ഒരു പക്ഷെ അനിരുദ്ധയുടെതാണ്. അകാലപ്രസവ വേദന കൊണ്ട് പുളയുന്ന ഭാര്യയേയും കൊണ്ട് കലാപബാധിതമായ തെരുവിലൂടെ വാഹനമോടിക്കുമ്പോഴും നിരപരാധിയായ ഒരു കുരുന്നിനെ ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടം അരിഞ്ഞു തള്ളുന്നത് അയാള്‍ക്ക്‌ കണ്ടു നില്‍ക്കാനാവുന്നില്ല. അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണല്ലോ അയാള്‍ക്ക്‌ ജീവന്‍ പൊലിയുന്നത്.

ജലം, ഗന്ധം, നിറം, പുസ്തകങ്ങള്‍, ഭാഷ

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മരതകകാന്തിയുള്ള കൊളംബോ കടല്‍ത്തീരത്തെ ജലരാശിയാണ് കുട്ടിക്കാലം മുതല്‍ എല്ലാ കഥാപാത്രങ്ങളുടെയും മനസ്സില്‍ നിറയുന്ന പ്രകൃതി ബോധത്തെ നിര്‍ണ്ണയിക്കുന്നത്. നിഷാന്‍ തുള്ളിച്ചാടുന്ന 1948-ലെ മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത തീരക്കടല്‍ തിരകള്‍ മുതല്‍ സമ്പന്നമായ ജലസ്മൃതികള്‍ നിലനിര്‍ത്താനായി കുഞ്ഞു മകള്‍ക്ക് യശോധരയും ശിവയും ചേര്‍ന്ന് കണ്ടെത്തുന്ന പേര് വരെ ജൈവമായ ആ ജലസാന്നിധ്യത്തിന്റെ സ്വാധീനം വ്യക്തം. ലോസ് ഏഞ്ചല്‍സിലെ അണുനശീകരണം നടത്തിയ നീന്തല്‍കുളത്തില്‍ യശോധരക്കും ലങ്കയ്ക്കും അതിന്റെ ജൈവികത വിദൂരമായിപ്പോലും അനുഭവിക്കാനാവുന്നില്ല. സമുദ്രയെ കടല്‍ കാണിച്ചു കൊടുക്കാന്‍ കൂട്ടിക്കൊണ്ടു വരുന്ന ഒരു സമാധാന കാല സ്വപ്നത്തിന്റെ ഉടോപിയയിലാണ് നോവല്‍ അവസാനിക്കുന്നതും. നോവലില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റു സൂചകങ്ങളില്‍ (recurring motifs) പ്രധാനം ഗന്ധവും നിറവും ഭാഷയുമാണ്. ഒരു ജനതയെ അടയാളപ്പെടുത്താന്‍ അവരുടെ ഭാഷ മതിയാവും എന്നതിന്റെ എതിരറ്റമാണ് അവരെ അകറ്റി നിര്‍ത്താനും വിവേചനപൂര്‍വ്വം കടന്നു കയറ്റം നടത്താനും ഭാഷ ഉപകരണമാക്കാം എന്നത്. സില്‍വിയ സുനേത്ര കുഞ്ഞായ ശിവയുടെ മുഖത്ത് ആഞ്ഞടിക്കുന്നത് ഈ ഭാഷാ വിവേചനം വ്യക്തി തലത്തില്‍ എങ്ങനെയാണ് മര്‍ദ്ദനോപാധിയാവുന്നത് എന്ന് കാണിക്കുന്നു. 'നീ അവരെ തമിഴ് പഠിപ്പിക്കുകയാണോ?' എന്ന് അവര്‍ ആക്രോശിക്കുന്നു. ജീവന്‍ നില നിര്‍ത്താന്‍ രാധിനി ബുദ്ധിസ്റ്റ് മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ നിഷാന്‍ അറിയുന്നുണ്ട് വര്‍ഷങ്ങളായി സിംഹള സ്കൂളിലെ പഠനം അവളുടെ തമിഴ് ചുവ ഏതാണ്ട് ഇല്ലാതാക്കിയിരിക്കുന്നെന്ന്. ഒരു ജനതയെ മുഴുവന്‍ കൊന്നൊടുക്കാന്‍ ഭാഷാ വിവേചനം ഉപകരണമാക്കുന്നതിന്റെ ഉദാഹരണം ശ്രീലങ്കന്‍ സംഘര്‍ഷം മാത്രമല്ലല്ലോ. ജാഫ്ന ലൈബ്രറി ചുട്ടെരിച്ച സംഭവത്തെ കുറിച്ച് ശിവ രോഷം കൊള്ളുന്നുണ്ട്:

"അവര്‍ 95,000 കയ്യെഴുത്ത് പ്രതികള്‍ നശിപ്പിച്ചു. നിങ്ങളുടെ ആളുകള്‍ ഞങ്ങളുടെ ചരിത്രത്തെയാണ് ചുട്ടു നശിപ്പിച്ചത്".

ഇതോടു ചേര്‍ത്തു തന്നെയാണ് ഗന്ധം കൊണ്ടും ഒരു വിഭാഗത്തെയോ വ്യക്തികളെയോ അടയാളപ്പെടുത്താം എന്ന ധാരണ. ബിയാട്രിസ് മ്യൂറിയേല്‍ തമിഴ് തൊഴിലാളികളെ തീട്ടം മണക്കുന്നവരായും മുക്കുവരെ മീന്‍ മണം കൊണ്ട് നടക്കുന്നവരായും വെറുക്കുന്നു. മാലയുടെ മദിപ്പിക്കുന്ന സൗന്ദര്യം പോലും കറുത്ത നിറത്തോടുള്ള വിരോധം മൂലം ബിയാട്രിസിന്റെ കണ്ണില്‍ പെടുന്നില്ല. അവളെ മോഹിച്ചവര്‍ എത്രയാണെന്നറിയാതെയാണ് അനിരുദ്ധയുടെ വിവാഹം ഉറപ്പിക്കുമ്പോള്‍ 'ഭാരം ഒഴിഞ്ഞു കിട്ടി'എന്ന് അവര്‍ ആശ്വസിക്കുന്നത്. ശിവയോടു കൂട്ടുകൂടരുതെന്നു വിലക്കുമ്പോള്‍ സില്‍വിയ സുനേത്ര കുഞ്ഞു യശോധരയോടു പറയുന്നതും അതാണ്‌

"നിനക്ക് കാണാന്‍ വയ്യേ, കുട്ടീ? അവര്‍ കൂടുതല്‍ ഇരുണ്ടവരാണ്. അവര്‍ക്ക് വേറെ ഗന്ധമാണ്. അവര്‍ നമ്മളെ പോലെയേ അല്ല.”

ഇതേ അവസ്ഥ ലോസ് ഏഞ്ചല്‍സില്‍ അവരെയും കാത്തിരിക്കുന്നുണ്ടെന്ന് പിന്നീടാണ് അറിയുക. തങ്ങളുടെ സങ്കല്‍പ്പത്തിലെ ഡിസ്നി ലാന്റും 'ആര്‍ക്കും എന്തും ആയിത്തീരാന്‍ കഴിയുന്ന ഇടവും' അമേരിക്കന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള ആദ്യ മുഖാമുഖം തന്നെയും തങ്ങളുടെ ഗന്ധത്തെ കുറിച്ചുള്ള അപകര്‍ഷത്തിലാണ് തുടങ്ങുക. തങ്ങളുടെ ഗന്ധം ഡിഓഡറന്‍റ് കൊണ്ട് മറച്ചും വേഷങ്ങള്‍ വേറെ അണിഞ്ഞും മാത്രമാണ് അവര്‍ക്ക്‌ സ്കൂളിലും തുടര്‍ന്ന് കോളേജിലും പോകാന്‍ കഴിയുക.

പ്രതീക്ഷയുടെ ജലസ്വപ്നങ്ങള്‍:

തമിഴ്‌ പുലികളെ നിശ്ശേഷം ഉന്മൂലനം ചെയ്തു യുദ്ധം അവസാനിച്ചു കഴിഞ്ഞ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ലോസ് ഏഞ്ചല്‍സില്‍നിന്നു വിജയാഹ്ലാദത്തോടെ വിളിച്ചു 'തന്തക്ക് പിറക്കാത്ത പുലിക'ളുടെ അവസാനം ആഘോഷിക്കുന്ന അച്ഛന്റെ പ്രതികരണത്തെ കുറിച്ച് യശോധര നിരീക്ഷിക്കുന്നുണ്ട്:

അദ്ദേഹം പറയുന്നത് ഒരസാധ്യ കാര്യമാണ്. പുലികള്‍ എന്റെ സഹോദരിയെ കൊന്നു. അവരുടെ ക്രോധത്തിന്റെ ഫലം ഞാന്‍ കണ്ടിട്ടുണ്ട്. സൈനികര്‍ എന്ത് ചെയ്യുന്നു എന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ശത്രുക്കളുടെ ഏറ്റവും കടുത്ത ക്രൌര്യം എനിക്കറിയാം. എന്റെ ജീവിതത്തിന്റെ മിക്ക കാലവും അവരീ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. അത് കൂടാതെ ഒരു ലോകം എനിക്ക് സങ്കല്‍പ്പിക്കാനാവില്ല.”

എന്നാല്‍, അത്ര ലളിതവല്‍ക്കരിച്ച ഒന്നല്ലെങ്കിലും പക്ഷം പിടിക്കാത്ത ഒരു ശുഭാപ്തിയിലേക്കാണ് നോവല്‍ ഉറ്റു നോക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌ക്കൊയിലെ വീട്ടിലിരുന്നു യശോധര നിരീക്ഷിക്കുന്നു:

"എണ്‍പതിനായിരം പേര്‍: മനസ്സില്‍ ഉള്‍കൊള്ളാനാവാത്ത ഒരു എണ്ണമാണത്. ഞാന്‍ അവര്‍ക്ക് വേണ്ടി വിലപിക്കണം. കരയുകയും നടുങ്ങി വിറക്കുകയും വേണം. പിന്നീട്, എന്റെ കണ്ണീരൊക്കെയും തോരുമ്പോള്‍, ഇനിയും ദുഃഖിക്കാനില്ലാതാവുമ്പോള്‍ ഞാന്‍ സമാധാനം ആഘോഷിക്കും. യുദ്ധത്തിന്റെതായ നീണ്ട പതിറ്റാണ്ടുകളില്‍ നിന്ന് ഉണര്‍ന്ന് എനിക്ക് കാണണം സമാധാനകാലത്ത് നമുക്കെന്തു ചെയ്യാനാവും എന്ന്, സിംഹത്തിന്റെയും പുലിയുടെയും മുഖം മൂടികള്‍ അടര്‍ന്നു വീണു കഴിഞ്ഞാല്‍ നമ്മള്‍ എന്ത് തരം ജീവികള്‍ ആയിരിക്കും എന്ന്.

" ദിനം വരുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, അവളുടെ പേരിന്റെ ഉറവിടമായ കടല്‍ ഞാന്‍ എന്റെമകള്‍ക്ക് കാണിച്ചുകൊടുക്കുന്ന ദിനം. അന്ന് ഞാനവളെ ദ്വീപ്‌ കാണിച്ചുകൊടുക്കും.”

(മലയാളം വാരിക 2015 മെയ്‌ 19)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 71-83)