മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍ എന്തായാലും അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന തന്റെ നിലപാട് എപ്പോഴും തുറന്നു പറയാറുള്ള എഴുത്തുകാരനായിരുന്നു വിഖ്യാത ഇസ്രായേലി നോവലിസ്റ്റ് ആമോസ് ഓസ്. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ഒറ്റുകാരന്‍ എന്ന വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വരാറുമുണ്ട് എന്നത് ‘യൂദാസ്’ എന്ന നോവലിന്റെ പരിഗണനയില്‍ ഏറെ പ്രധാനമാണ്. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ആദര്‍ശാത്മകതയും സമൂര്‍ത്ത സാഹചര്യങ്ങളും തമ്മിലും നിലപാടുകളും മനസ്സിലാക്കപ്പെടലും തമ്മിലും പ്രത്യക്ഷവും യാഥാര്‍ത്ഥ്യവും എന്ന മട്ടില്‍ കുഴമറിയുമ്പോള്‍ ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യവും പ്രശ്നവല്‍ക്കരിക്കപ്പെടുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം.
സംസാരിക്കുക, ജീവിച്ചിരിക്കുക
“1959 –ലെ ശീതകാല നാളുകളില്‍ നിന്നും 1960 –ന്‍റെ തുടക്കത്തില്‍ നിന്നുമുള്ള ഒരു കഥയാണിത്. ഇത് തെറ്റിപ്പോയ കണക്കുകളുടെയും മോഹത്തിന്റെയും, നഷ്ടപ്രണയത്തിന്റെയും കഥയാണ്, ഒപ്പം ഇന്നും അപരിഹാര്യമായി തുടരുന്ന ഒരു മതപരമായ പ്രശ്നത്തിന്റെയും.” ഏതാണ്ട് പ്രസ്താവനാ വ്യക്തതയോടെത്തന്നെയുള്ള ആദ്യ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവല്‍ നേരിട്ട് ശമുവേല്‍ ആഷ് എന്ന ഇരുപത്തിയഞ്ചുകാരനെ അവതരിപ്പിക്കുന്നു. പ്രണയനഷ്ടത്തിന്റെ വേദന തൊട്ടു പിന്നില്‍ വിട്ട് അച്ഛന്റെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തിസിസ് തയ്യാറാക്കല്‍ വരെയെത്തിയ പഠനം ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുന്ന ശമുവേല്‍ തന്റെ മുഖത്തു നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലാത്ത കുട്ടിത്തം മറച്ചു പിടിക്കാന്‍ വേണ്ടി മുറ്റിവളരുന്ന താടിയുമായി “അടുത്ത വളവില്‍ തന്നെ കാണാതാവുമ്പോള്‍ പിറകിലായിപ്പോവുമോ എന്ന ഭയമുള്ള രീതിയില്‍” പിറകിലോടുന്ന കാലുകളുമായി ധൃതികൂട്ടുന്നുവെന്നു നോവലിസ്റ്റ് കുസൃതി കലര്‍ത്തുന്നത്, വലിയ ചോദ്യങ്ങളെ നിരന്തരം പിതുടരുന്ന ബുദ്ധിജീവിയായ ചെറുപ്പക്കാരനെ ഒരു വിപരീത വെളിച്ചത്തില്‍ (in relief) കൂടുതല്‍ പ്രിയങ്കരനാക്കി നിര്‍ത്തുന്നു. ഒപ്പം, ഉടനീളം അവധാനഭാവത്തിലുള്ള നോവലിന്റെ വേഗതയുമായി അവന്റെ ബാഹ്യപ്രകൃതം ഇവിടെ വൈരുധ്യത്തിലുമാണ്. എന്നാല്‍ വാസ്തവത്തില്‍ ഒട്ടും സക്രിയ ജീവിതം നയിക്കുന്ന വ്യക്തിത്വമല്ല അയാളുടേത്. എപ്പോഴും വിയര്‍ക്കുന്ന, “തടിച്ചു കുറുകി.. ലജ്ജാലുവും വികാരജീവിയും സോഷ്യലിസ്റ്റും ആസ്തമ ബാധിതനുമായ” ശമുവേല്‍ ധൈഷണികവും വൈരുധ്യങ്ങള്‍ കലര്‍ന്നതുമായ പുത്തന്‍ ആശയങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടനാവുകയും മറ്റുള്ളവരുടെ വേദനയില്‍ കരഞ്ഞുപോവുകയും ചെയ്യുന്ന ഹൃദയാലുവാണ്. മറവിയുണ്ടെങ്കിലും വായിച്ച പുസ്തകങ്ങളോ വലിയ ആശയങ്ങളോ മറക്കാത്ത പ്രകൃതം. ഒരു പക്ഷെ ഇതൊക്കെത്തന്നെയാവാം പ്രായോഗിക ബുദ്ധിയായ യാര്‍ദേന, മുമ്പേ തീരുമാനിച്ചുറപ്പിച്ചെന്നോണം ഒരു രാത്രിയുടെ കൊടുങ്കാറ്റു സമാനമായ ബാന്ധവത്തിനു ശേഷം മികച്ച ശമ്പളക്കാരനായ ഹൈഡ്രോളജിസ്റ്റിനെ വിവാഹം കഴിക്കാന്‍ പോകുന്നത്. “നീയൊരു ഇരപിടിയനല്ല.” എന്ന് അതാലിയ അവനോട് പറയുമ്പോള്‍, “തുറന്നിട്ട ആത്മാവുള്ള ഒരു ഗുഹാമാനുഷ്യനെ പോലെയാണ് നീ” എന്നാണു ഗര്‍ഷോം അവനെ വിലയിരുത്തുക. “ഒരു സോഷ്യലിസ്റ്റ്, ആദര്‍ശപരമായി ഒരു അടിസ്ഥാന വര്‍ഗ്ഗക്കാരന്‍, ഒരു തൊഴിലാളി” എന്നാണ് സോഷ്യലിസം എന്നത് മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിനു വിരുദ്ധമാണെന്നും ഇസ്രായേലിന്റെ പ്രശ്നങ്ങളെല്ലാം തുടങ്ങിവെച്ചത് ആ ‘മനുഷ്യന്‍’ (യേശു) ആണെന്നും വിശ്വസിക്കുന്ന അയാളുടെ പിതാവ് ശമുവേലിനെ വിളിക്കുക.
ചരിത്രാധ്യാപകനായിരുന്ന എഴുപതു പിന്നിട്ട ഗെര്‍ഷോം വാല്‍ദിന് പരിചാരകന്‍/ കൂട്ടിരിപ്പുകാരനെ ആവശ്യമുണ്ടെന്ന പരസ്യത്തെ തുടര്‍ന്ന് ജറൂസലേമിന്റെ പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ആ വീട്ടിന്റെ മന്ദതയിലേക്ക് ശമുവേല്‍ കൂടുമാറുന്നു. അകലെ, നഗരാതിര്‍ത്തിക്കപ്പുറത്തു നിന്ന് രാവിന്റെ നിശ്ശബ്ദതയെ ഭേദിച്ചു ഇടയ്ക്കിടെ കടന്നു വരുന്ന ജോര്‍ദാനിയന്‍ പോരാളികളുടെ വെടിയൊച്ചയെ കുറിച്ചുള്ള പരാമര്‍ശം, അലോസരങ്ങളില്ലാത്തതെന്നു തോന്നാവുന്ന ഉപരി/ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ആലസ്യങ്ങള്‍ക്കിടയിലേക്ക് ദേശം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര രാഷ്ട്രീയ സന്ദര്‍ഭം അധിനിവേശിക്കുന്നതിനെ സൂചിപ്പിക്കുന്നു. വീട്ടിലുള്ള മറ്റൊരേയൊരംഗമായ അടഞ്ഞ വ്യക്തിത്വമുള്ള അതാലിയയെന്ന നാല്പ്പത്തിയഞ്ചുകാരിയുടെ വിലോഭനീയ സൗന്ദര്യത്തില്‍ യുവാവ് മുഗ്ധനാവുന്നുണ്ടെങ്കിലും അവര്‍ അകന്നേ പോകുന്ന പ്രകൃതമാണ്. നോവലിന്റെ സ്വതേയുള്ള അവധാനഭാവത്തില്‍ ഏറെക്കഴിഞ്ഞാണ് വയോധികനും അവരുമായുള്ള ബന്ധമെന്തെന്ന് അവനു വ്യക്തമാകുക. അത് ഇസ്രയേല്‍ ദേശത്തിന്റെ ചരിത്രവുമായി ഇഴകോര്‍ക്കുന്നതാണ് – 1948-ലെ ‘സ്വാതന്ത്ര്യ സമര’ക്കാലത്ത് അതീവ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട സൈനികനായിരുന്ന ഗര്‍ഷോമിന്റെ ഏക മകന്‍ മിഷായോടൊപ്പം രണ്ടു വര്‍ഷത്തില്‍ താഴെമാത്രം ദാമ്പത്യത്തിനു ഭാഗ്യമുണ്ടായ യുദ്ധ വിധവയാണ് അതാലിയ. എന്നാല്‍, മൂന്നു തലമുറകളുടെ പ്രതിനിധികളായ ഈ മൂവരെ കൂടാതെ മറ്റൊരാള്‍, ഒരു പക്ഷെ ഏറ്റവും പ്രധാനിയായ ഒരാള്‍ ഒരദൃശ്യ സാന്നിധ്യമായി അവിടെയുണ്ട്. അത് അതാലിയയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം കൂടി സൂചിപ്പിക്കുന്നു. ഡേവിഡ് ബെന്‍ ഗൂറിയന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് പ്രസ്ഥാനം ദേശ നിര്‍മ്മിതിയുടെ ആദ്യ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടം. “1936-ലെ അറബ് കലാപം, ഹിറ്റ്‌ലര്‍, ഒളിപ്പോരു പ്രസ്ഥാനങ്ങള്‍, കൊലകള്‍, ജൂത ഒളിപ്പോരാളികളുടെ തിരിച്ചടികള്‍, ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ തൂക്കിക്കൊലകള്‍, വിശേഷിച്ചും അറബ് സുഹൃത്തുക്കളുമായുള്ള അയാളുടെ സംഭാഷണങ്ങള്‍” – ഇവയെല്ലാം ചേര്‍ന്ന് ഷിയാല്‍തീല്‍ അബ്രാവെനാല്‍ എന്ന സമാധാനപ്രിയനും ക്രാന്ത ദര്‍ശിയുമായ സയണിസ്റ്റ് പ്രസ്ഥാന നായകനെ വേറിട്ട നിലപാടിലെത്തിക്കുന്നു. “സത്യത്തില്‍ ഇരു സമൂഹങ്ങള്‍ക്കും അവിടെ ഇടമുണ്ടായിരുന്നു, അവര്‍ രണ്ടു കൂട്ടരും ഒരേപോലെ നിലനില്‍ക്കുന്നതായിരുന്നു നല്ലത്, അല്ലെങ്കില്‍ ഒരു സ്റ്റേറ്റിന്‍റെ ചട്ടക്കൂടില്ലാതെ ഒന്ന് മറ്റൊന്നിനകത്തെന്ന പോലെ.” ദേശീയത എന്ന മുദ്രാവാക്യത്തെ തന്നെ അവിശ്വസിച്ച കാലത്തിനു മുമ്പേ നടന്ന ഷിയാല്‍തീല്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിഷ്കാസിതനായതും അറബ് പ്രണയി, ‘ഷേഖ് അബ്രാവെനാല്‍’ എന്നൊക്കെ കളിയാക്കപ്പെട്ടതും ഒറ്റുകാരന്‍ എന്ന് മുദ്രകുത്തപ്പെട്ടതും സ്വാഭാവികമായിരുന്നു. നിരാശനും ഏകാകിയുമായി തന്റെ അന്ത്യനാളുകള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞ പിതാവിന്റെ രാഷ്ട്രീയ ദീര്‍ഘ ദര്‍ശിത്തം മകളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഏറെ മുമ്പേ വിഭാര്യനും ഇപ്പോള്‍ ഏക മകനെയും നഷ്ടപ്പെട്ടവനുമായ ഗര്‍ഷോം മരുമകളോടും അവളുടെ പിതാവിനോടും ഒപ്പം താമസിക്കാനെത്തിയത്. ബെന്‍ ഗൂറിയന്‍ പ്രതിനിധാനം ചെയ്യുന്ന അറബ് വിരുദ്ധ തീവ്ര സയണിസ്റ്റ് നിലപാടുകളില്‍ ഉറച്ചു വിശ്വസിക്കുന്ന ഗര്‍ഷോം ബെന്‍ ഗൂറിയനെ ഒരു വലിയ ആദര്‍ശശാലിയായി കാണുന്നു, “അദ്ദേഹം മാത്രമാണ് ചരിത്രത്തില്‍ ഒരു കൊച്ചു വിടവ് കണ്ടെത്തിയത്, എന്നിട്ട് അപ്പോഴും ലഭ്യമായിരുന്ന സമയം കൊണ്ട് ഏറ്റവും ശരിയായ നിമിഷത്തില്‍ നമ്മെ ആ വിടവിലൂടെ പുറത്തെത്തിക്കാന്‍ സാധിച്ചയാള്‍.”
ഗര്‍ഷോമും അബ്രാവെനാലും തമ്മിലുള്ള വാഗ്വാദങ്ങള്‍ പക്ഷെ, അബ്രാവെനാല്‍ മൌനത്തിലേക്ക് പിന്‍ വാങ്ങിയതോടെ നിലച്ചു പോവുകയായിരുന്നു. അയാളുടെ മരണ ശേഷമാവട്ടെ, വാക്കുകളുടെയും ബൗദ്ധിക വിനിമയങ്ങളുടെയും ധാരാളിത്തം ജീവിതവുമായുള്ള ഏക പിടിവള്ളിയായ, കടുത്ത ചലന പരിമിതിയുള്ള വയോധികന് സഹാചാരിയുടെ അനിവാര്യതയുണ്ടാവുന്നതാണ് ശെമുവേല്‍ അവിടെയെത്താനുണ്ടായ സാഹചര്യം. കുട്ടിക്കാലത്ത് കിട്ടേണ്ടിയിരുന്ന വാത്സല്യമോ കൂട്ടോ പകര്‍ന്നു കൊടുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിരുന്നില്ലെങ്കിലും സ്വപ്ന ജീവിയും ആദര്‍ശശാലിയുമായിരുന്ന പിതാവ് അതാലിയയുടെ ആത്മബോധത്തെ ആഴത്തില്‍ നിയന്ത്രിക്കുന്നത് കൊണ്ടാണ് ശമുവേലുമായുണ്ടാകുന്ന അത്യപൂര്‍വ്വ വേഴ്ചകളുടെ സന്ദര്‍ഭങ്ങളില്‍ അവര്‍ അദ്ദേഹത്തിന്റെ ചിത്രം മറച്ചു വെക്കുന്നത്.
ദേശ നിര്‍മ്മിതിയിലെ തമോഗര്‍ത്തങ്ങള്‍
ആശയങ്ങളുടെയും നിലപാടുകളുടെയും നോവല്‍ എന്ന നിലയില്‍ ‘ഒറ്റുകാരന്‍’ എന്ന പ്രയോഗത്തിനു നോവലില്‍ കേന്ദ്ര പ്രാധാന്യമുണ്ട്. ജീവിതം തന്നെ ഒരര്‍ത്ഥത്തില്‍ ഒരു ഒറ്റുകൊടുക്കലാണ് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. മക്കളെ കുറിച്ചുള്ള അച്ഛനമ്മമാരുടെ സ്വപ്നങ്ങളെ, വ്യക്തിക്ക് തങ്ങളുടെ തന്നെ ആദ്യകാല അഭിലാഷങ്ങളെ. ശമുവേല്‍ പഠനം ഉപേക്ഷിക്കുന്നതിലെ നിരാശ അച്ഛനമ്മമാര്‍ മറച്ചു വെക്കുന്നില്ല. ഇസ്രായേല്‍ സംസ്ഥാപനത്തിന്റെ കലുഷമായ ആദ്യകാലങ്ങളുടെ കഥ നോവലിന്റെ ആന്റി ഹീറോയുടെ ആന്തര സംഘര്‍ഷങ്ങളോട് ചേര്‍ത്തുതന്നെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്. ആമോസ് ഓസ് സ്വയം ഒറ്റുകാരന്‍ എന്ന പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതും ഇതോടു ചേര്‍ത്തു കാണാം. എന്നാല്‍ ചിലപ്പോള്‍ അതൊരു ബഹുമതി ചിഹ്നവും (badge of honour) ആവാമെന്ന് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ശമുവേല്‍ ഗവേഷണത്തിനു തെരഞ്ഞെടുത്ത ആദ്യകാല ക്രിസ്തുമതത്തിലെ ജൂഡാസിന്റെ പങ്ക് എന്ന വിഷയവും ഈ വൈരുധ്യത്തെയാണ് പിന്‍ തുടരുക.
ബെന്‍ ഗൂറിയനാണ് അറബ് ജനതയെ ചകിതരാക്കും വിധം സീനായ് കാംപെയ്നില്‍ ഇസ്രയേലിനെ ഗ്ലോബല്‍ സാമ്രാജ്യത്വത്തിന്റെ ഉപകരണമാക്കിയത് എന്ന് ശമുവേല്‍വിമര്‍ശിക്കുന്നു. “അവരെന്തിനു നമ്മെ സ്നേഹിക്കണം? ഒരന്യ ഗൃഹത്തില്‍ നിന്നെന്നോണം പൊടുന്നനെ ഇവിടെ വരികയും അവരുടെ ഭൂമി, വയലുകള്‍, ഗ്രാമങ്ങള്‍, പട്ടണങ്ങള്‍ പൂര്‍വ്വികരുടെ ശ്മശാനങ്ങള്‍, അവരുടെ കുഞ്ഞുങ്ങള്‍ക്കുള്ള ശേഷിപ്പുകള്‍ എന്നിവയെല്ലാം തട്ടിയെടുക്കുകയും ചെയ്ത അപരിചിതരെ പ്രതിരോധിക്കാന്‍ അവര്‍ക്കവകാശമില്ലെന്നു എന്തുകൊണ്ടാണ് നിങ്ങള്‍ കരുതുന്നത്. നമ്മളിവിടെ വന്നത് ‘നിര്‍മ്മിക്കാനും പുനര്‍ നിര്‍മ്മിക്കപ്പെടാനും’, ‘നമ്മുടെ നാളുകള്‍ പണ്ടത്തെ പോലെ പുതുക്കാന്‍’, ‘നമ്മുടെ പൂര്‍വ്വസൂരികളുടെ പൈതൃകം തിരിച്ചു പിടിക്കാന്‍’ മാത്രമാണ് എന്നൊക്കെ നാം നമ്മോടു തന്നെ പറയുന്നു. എന്നാല്‍, ദൂരെയെങ്ങോ നിന്ന് തങ്ങളോടൊപ്പം തന്നെ കൊണ്ടുവന്ന തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഈ നാട് മുഴുവന്‍ അവര്‍ക്ക്, അവര്‍ക്ക് മാത്രമുള്ളതാണ് എന്ന അവകാശ വാദവുമായി എവിടുന്നോ വന്നിറങ്ങുന്ന പതിനായിരക്കണക്കിന്, പിന്നീട് ലക്ഷക്കണക്കിന്, പുറമക്കാരുടെ കടന്നു വരവ് വിടര്‍ത്തിയ കൈകളോടെ സ്വീകരിക്കുന്ന മറ്റേതെങ്കിലും ജനത ഈ ലോകത്തുണ്ടോ എന്ന് നിങ്ങള്‍ പറയൂ.” ഇതേ വാദമുഖങ്ങള്‍ ഉന്നയിച്ചതിനാണ് അതാലിയയുടെ പിതാവ് ഒറ്റുകാരന്‍ എന്ന് മുദ്രകുത്തപ്പെട്ടത് എന്ന് ഗര്‍ഷോം, ശമുവേലിനെ ഓര്‍മ്മിപ്പിക്കുന്നു. “ഒരു പക്ഷെ ഈ ദിനങ്ങളിലൊന്നില്‍ ആ ആത്മാവ് അതാലിയയില്‍ ഇറങ്ങിവന്നേക്കാം, അക്കഥയെല്ലാം അവള്‍ നിന്നോട് പറഞ്ഞേക്കാം. ഒട്ടും നാണക്കേടില്ലാതെ ഞാന്‍ സമ്മതിക്കുന്നു, ഈ സംഘര്‍ഷത്തില്‍ ഞാന്‍ സ്വയം പരിപൂര്‍ണ്ണമായും ബെന്‍ ഗൂറിയന്റെ കണ്ണില്‍ ചോരയില്ലാത്ത യാഥാര്‍ത്ഥ്യബോധാത്തോടൊപ്പം നിന്നു, അല്ലാതെ അബ്രാവേനാലിന്റെ ഉന്നത ധാരണകളോടോപ്പമല്ല.” നാല്‍പത്തിയെട്ടില്‍ ഇസ്രയേല്‍ തന്ത്രങ്ങള്‍ വിജയിച്ചത് കൊണ്ടും അറബികള്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ യുദ്ധം ചെയ്തത് കൊണ്ടും ഉണ്ടാക്കാനായ നേട്ടത്തിന് സോവിയെറ്റ് സഹായത്തോടെ നാസറിന്റെ നേതൃത്വത്തില്‍ സംഘടിതമായി നടത്താനിടയുള്ള പുതിയ മുന്നേറ്റങ്ങളില്‍ അടിപതറിയേക്കും എന്ന് ശമുവേല്‍ ഭയപ്പെടുന്നു. “നാം വിജയത്തില്‍ മത്തുപിടിച്ചിരിക്കുന്നു, അധികാരത്തില്‍ മത്തു പിടിച്ചിരിക്കുന്നു. ബൈബിള്‍ ക്ലീഷേകളില്‍ മത്തു പിടിച്ചിരിക്കുന്നു.” അറബ് ഐക്യം എന്ന സാധ്യത പില്‍ക്കാല ചരിത്രം തമസ്കരിച്ച വൈരുധ്യം നോവലിന്റെ വിഷയമല്ല. നോവലിലെ ഏറ്റവും ദീപ്തമായ ഭാഗങ്ങളില്‍ ചിലത് ഇതേ അധ്യായത്തില്‍ (അധ്യായം - 25) തുടര്‍ന്നു വരുന്നുണ്ട്. അധികാരം ഇസ്രയേലിനെ ഭ്രമിപ്പിച്ചതിന്റെ പശ്ചാത്തലം ശമുവേല്‍ വിവരിക്കുന്നു, “ഗ്രന്ഥങ്ങള്‍, പ്രാര്‍ത്ഥനകള്‍, ദൈവിക കല്‍പ്പനകള്‍, ജ്ഞാനസമ്പാദനം, മതപരമായ സമര്‍പ്പണം, കച്ചവടം, മാധ്യസ്ഥം വഹിക്കല്‍ എന്നതിന്റെയൊക്കെ ശക്തി ആയിരക്കണക്കിന് കൊല്ലങ്ങളായി അറിഞ്ഞവര്‍, എന്നാല്‍ പുറത്തു വീഴുന്ന അടിയുടെ രൂപത്തില്‍ മാത്രം അധികാരത്തിന്റെ ശക്തി അറിഞ്ഞവര്‍, അത്തരം ഒരു ജനതയെ ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധിക്കുന്നത് തന്നെയാണ്. എന്നാലിപ്പോള്‍ അവര്‍ സ്വയം ഒരു കനത്ത ദണ്ട് കയ്യിലുള്ളതായി കണ്ടെത്തുന്നു. ടാങ്കുകള്‍, പീരങ്കികള്‍, ജെറ്റ് വിമാനങ്ങള്‍. അത്തരം ഒരു ജനതയ്ക്ക് അധികാരം കൊണ്ട് മത്തു പിടിക്കുക സ്വാഭാവികമാണ്, അധികാരത്തിന്റെ ശക്തികൊണ്ട് ഇഷ്ടമുള്ളതെന്തും സാധിക്കുമെന്ന് വിശ്വസിച്ചു പോവുന്നതും സ്വാഭാവികം... എന്നാല്‍,.. അവര്‍ക്ക് അധികാരത്തിന്റെ പരിമിതികളെ കുറിച്ച് ധാരണയില്ല. വസ്തുതയെന്തെന്നാല്‍, ലോകത്തുള്ള അധികാരം മുഴുവനും ഉണ്ടെങ്കിലും നിങ്ങളെ വെറുക്കുന്ന ഒരാളെ നിങ്ങളെ സ്നേഹിക്കുന്ന ഒരാളാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. അതിനു ഒരു ശത്രുവിനെ അടിമയാക്കി മാറ്റാനാവും, പക്ഷെ സുഹൃത്താക്കാനാവില്ല. ലോകത്തെ അധികാരം മുഴുവനും കൊണ്ട് ഒരു തീവ്രവാദിയെ ജ്ഞാനോദയമുള്ളവനാക്കാവില്ല. ലോകത്തുള്ള അധികാരം മുഴുവനും കൊണ്ട് പ്രതികാരദാഹിയെ സ്നേഹമുള്ളവനാക്കാനാവില്ല. എന്നാല്‍ കൃത്യമായും ഇതാണ് ഇസ്രയേല്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ വെല്ലുവിളികള്‍: വെറുക്കുന്നവനെ എങ്ങനെ സ്നേഹിതനാക്കാം, തീവ്രവാദിയെ എങ്ങനെ മിതവാദിയാക്കാം, പ്രതികാരത്തിനു വരുന്നവനെ എങ്ങനെ സുഹൃത്താക്കാം. .. സൈനിക ബലത്തിന് നമ്മെ തല്‍ക്കാലം ഉന്‍ മൂലനത്തില്‍ നിന്ന് രക്ഷിക്കാനാവും. ഒരു നിബന്ധനയുള്ളത്, നാമെപ്പോഴും ഓര്‍ത്തിരിക്കണം, നമ്മുടേത് പോലുള്ള സാഹചര്യത്തില്‍ അധികാരത്തിന് തടയാനേ കഴിയൂ. അത് കൊണ്ട് ഒന്നും തീര്‍പ്പാക്കാനോ പരിഹരിക്കാനോ ആവില്ല. അതിനു അത്യാപത്തിനെ കുറഞ്ഞൊരു കാലത്തേക്ക് തട്ടിമാറ്റാനെ കഴിയൂ.” ഈ പ്രഭാഷണം, “അപ്പോള്‍ ഞാനെന്റെ മകനെ അന്തിമാനാശം വൈകിപ്പിക്കാന്‍ വേണ്ടി മാത്രമായി നഷ്ടപ്പെട്ടു എന്നാണോ?” എന്ന ഗര്‍ഷോമിന്റെ ചോദ്യത്തിലാണ് ഉത്തരമില്ലാതെ ചെന്ന് മുട്ടുന്നത്. ആ ഉത്തരമില്ലായ്മ തന്നെയാണ് അതാലിയയുടെ നിരീക്ഷണങ്ങളിലും തെളിയുന്നത്. “ഇവിടെ ജൂതന്മാര്‍ സത്യത്തില്‍ ഒരു വലിയ അഭയാര്‍ഥി ക്യാമ്പാണ്, അറബികളും അതെ. ഇപ്പോള്‍ അറബികള്‍ ഓരോ പകലും അവരുടെ പരാജയത്തിന്റെ നാശബോധവുമായാണ് ജീവിക്കുന്നത്, ജൂതരാവട്ടെ ഓരോ രാവും അവരുടെ പ്രതികാരത്തെ കുറിച്ചുള്ള കൊടും ഭീതിയിലും.” ഒരു യുദ്ധ വിധവയുടെ കൈയ്പ്പുറ്റ മാനസികാവസ്ഥയില്‍ ക്രൂരവും ഹീനവുമായ രീതിയില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി കഴിയുന്നത് പുരുഷ വര്‍ഗ്ഗത്തോട് തന്നെയുള്ള അതാലിയയുടെ സമീപനം തകിടം മറിച്ചിട്ടുണ്ട്. “ഞാനെപ്പോഴും അവനെ കാണുന്നു, ഉടലിന്റെ താഴ് ഭാഗം നഗ്നമായി, കണ്ഠം പിളര്‍ന്ന്, അറുത്തെടുക്കപ്പെട്ട ലിംഗം പല്ലുകള്‍ക്കിടയില്‍ തള്ളിവെക്കപ്പെട്ട്. എല്ലാ ദിനവും ഞാനവനെ കാണുന്നു. എല്ലാ രാവും. എല്ലാ പ്രഭാതത്തിലും. ഞാനെന്റെ കണ്ണുകള്‍ അടക്കുമ്പോള്‍ ഞാനവനെ കാണുന്നു. അവ തുറക്കുമ്പോഴും ഞാനവനെ കാണുന്നു. ഞാനിവിടെത്തന്നെ ജീവിതവും തുടര്‍ന്നു, ഇനിയൊരിക്കലും മുത്തച്ഛന്മാര്‍ ആവാത്ത രണ്ടു മുത്തച്ഛന്‍മാരോടൊപ്പം. ഞാനവരെ രണ്ടുപേരെയും നോക്കി. വേറെന്തു ചെയ്യാനുണ്ടെനിക്ക്? എനിക്ക് പുരുഷന്മാരെ സ്നേഹിക്കാന്‍ വയ്യ. നിങ്ങള്‍ ആയിരക്കണക്കിന് കൊല്ലങ്ങളായി ലോകത്തെ നിങ്ങളുടെ വരുതിയിലാക്കിയിട്ട്, എന്നിട്ട് നിങ്ങളതിനെ ഒരു ഹൊറര്‍ ഷോ ആക്കി. ഒരു കശാപ്പുശാല.” ബെന്‍ ഗൂറിയന്‍ എങ്ങനെയാണ് ദേശീയതയുടെ തീവ്രവാദം ഇരു ജനതയിലും ഉയര്‍ത്തിവിട്ടത് എന്ന് വിശകലനം ചെയ്തു കൊണ്ട് ശിയാല്‍തില്‍ നിരീക്ഷിച്ചിരുന്നത് ഗര്‍ഷോം ഓര്‍ക്കുന്നു, “താല്‍ക്കാലികമായി അയാള്‍ ജൂതന്മാരുടെ രാജാവായിരിക്കാം, ഓരു ഒരുനാള്‍ രാജാവ്, ഒരു പാപ്പരായ രാജാവ്. പപ്പരായവരുടെ മിശിഹാ.... മനുഷ്യ കുലത്തിന്റെ യഥാര്‍ത്ഥ ദുരന്തം പീഡിതരും അടിമയാക്കപ്പെട്ടവരും വിമോചിതരാവാനും തലയുയര്‍ത്തിപ്പിടിക്കാനും ആഗ്രഹിക്കുന്നു എന്നതല്ല. അല്ല. ഏറ്റവും മോശമായ കാര്യം അടിമയാക്കപ്പെട്ടവര്‍ തങ്ങളെ അടിമയാക്കിയവരെ അടിമയാക്കുന്നത് രഹസ്യമായി സ്വപ്നം കാണുന്നതാണ്. പീഡിതര്‍ പീഡകരാവാന്‍ ആഗ്രഹിക്കുന്നത്. എസ്തറിന്റെ പുസ്തകത്തിലേതു പോലെ.”
കുരിശിന്റെ വഴി - ഒറ്റും സമര്‍പ്പണവും
ഇസ്രയേല്‍ രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്നപോലെത്തന്നെ തുല്യ പ്രാധാന്യത്തോടെയും അതുമായി അഭേദ്യമായി ബന്ധപ്പെട്ടും ഉള്ള തരത്തിലാണ് മതപരമായ അര്‍ത്ഥത്തില്‍ ഒറ്റുകാരന്‍ എന്ന പ്രമേയത്തെ, നോവലിന്റെ തലക്കെട്ടിന്റെ ഉറവിടത്തെ നോവലില്‍ പരിശോധിക്കുന്നത്. നോവലില്‍ ഒട്ടേറെ ഭാഗങ്ങളില്‍ ഈ വിഷയം കടന്നുവരുന്നുണ്ട്. ക്രിസ്തു മതത്തില്‍ ജൂഡാസിന്റെ പദവിയെ കുറിച്ചുള്ള ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് ശമുവേല്‍ ഇക്കാര്യത്തില്‍ ഏറെ ചിന്തിക്കുന്നു. ‘പഴയ നിയമത്തെ റദ്ദാക്കാനല്ല ഞാന്‍ വന്നത്’ എന്നതു പോലുള്ള ബൈബിള്‍ വാക്യങ്ങള്‍ ക്രിസ്തു, ജൂതന്‍ തന്നെയായിരുന്നു എന്നതിന്റെ തെളിവായി നോവലില്‍ ഉദ്ധരിക്കുന്നുണ്ട്. ക്രിസ്തുവല്ല അപ്പോസ്തലനായ പോള്‍ ആണ് ക്രിസ്തുമതം സ്ഥാപിച്ചത്. അന്നത്തെ സാഹചര്യത്തില്‍ ശരിയായ അര്‍ത്ഥത്തിലുള്ള - മതമൂല്യങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളിലേക്ക് തിരിച്ചുപോവുക എന്ന അര്‍ത്ഥത്തില്‍ - ഒരു മൌലിക വാദി മാത്രമായിരുന്ന ക്രിസ്തുവിനെ ജൂതന്മാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ ക്രിസ്തുമതം ഉണ്ടാവുമായിരുന്നില്ലെന്നും പകരം ഒരു മയപ്പെട്ട ജൂത മതം യൂറോപ്പില്‍ ആകെ വ്യാപിക്കുമായിരുന്നു എന്നും അയാള്‍ കരുതുന്നു. അങ്ങനെയെങ്കില്‍ “നമുക്ക് പാലായനം ചെയ്യേണ്ടി വരുമായിരുന്നില്ല, പീഠനങ്ങള്‍, അരുംകൊലകള്‍, മത ഭേദ്യ വിചാരണകള്‍ (inquisition), രക്തപങ്കിലമായ അപകീര്‍ത്തിക്കേസുകള്‍ (blood libels), എന്തിന്, ഹോളോകോസ്റ്റ് പോലും ഉണ്ടാവുമായിരുന്നില്ല.” എന്തുകൊണ്ട് അവര്‍ ക്രിസ്തുവിനെ അംഗീകരിച്ചില്ല എന്നത് തികച്ചും ദുരൂഹവും അല്ല. അങ്ങേയറ്റം അഴിമതിക്കാരും ദുഷിച്ചവരുമായിക്കഴിഞ്ഞിരുന്ന പൌരോഹിത്യത്തിന് ക്രിസ്തുവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ സമ്പന്നതകൊണ്ട് മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്ന ജൂഡാസ് ഇസ്കാരിയത്ത് ആദ്യഘട്ടത്തില്‍ സന്ദേഹാലുവായിരുന്നെങ്കിലും പിന്നീട് അചഞ്ചല വിശ്വാസിയായെന്നു ശമുവേല്‍ കരുതുന്നു. മുപ്പതുവെള്ളിയുടെ കഥ വിശ്വസനീയമല്ലെന്ന് അയാള്‍ കരുതുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ആരില്‍ നിന്നും സ്വയം ഒളിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത, എല്ലായിപ്പോഴും ജന മധ്യത്തില്‍ ഉണ്ടായിരുന്ന നിര്‍ഭയനും അനന്യമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കുന്നവനുമായിരുന്ന ഒരാളെ ഒരു അടയാളപ്രവര്‍ത്തിയിലൂടെ ഒറ്റിക്കൊടുക്കേണ്ടി വരിക എന്നതു പോലെത്തന്നെ, അക്കാലത്തെ ഒരടിമയുടെ വില മാത്രമായ മുപ്പതു വെള്ളി സമ്പന്നനായ ജൂഡാസിനെ പ്രലോഭിപ്പിച്ചു എന്നതും അസംബന്ധമാണെന്ന് അയാള്‍ കരുതുന്നു. യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും പില്‍ക്കാല ബൈബിള്‍ പാഠങ്ങളില്‍ അത് താമസ്കരിക്കപ്പെടുകയായിരുന്നു എന്നും അയാള്‍ കരുതുന്നു. ജൂഡാസ്, ക്രിസ്തുവിന്റെ തന്നെ പദ്ധതിയുടെ നടത്തിപ്പുകാരന്‍ മാത്രമായിരുന്നു. കുരിശേറ്റത്തിനൊടുവില്‍ ക്രിസ്തു ഇറങ്ങി വരുമെന്ന് അചഞ്ചല വിശ്വാസം നില നിര്‍ത്താന്‍ കഴിഞ്ഞ ശിഷ്യ ഗണത്തിലെ ഏക അംഗം അയാളായിരുന്നു. കുരിശേറ്റവും ഉയിര്‍പ്പും ഇല്ലാതെ ദൈവഹിതം നടപ്പാവുകയില്ലെന്നും ദൈവ രാജ്യം വരില്ലെന്നും അയാള്‍ മാത്രം പൂര്‍ണ്ണമായും വിശ്വസിച്ചു. ഇഇക്കാര്യങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ കണ്ടെടുക്കപ്പെട്ട “യൂദാസിന്റെ സുവിശേഷ”ത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. നോവലില്‍ യൂദാസ് നേരിട്ട് ആഖ്യാനം ചെയ്യുന്ന ഒരധ്യായത്തില്‍ ഇങ്ങനെ വായിക്കാം: “ഞാനദ്ദേഹത്തെ എന്റെ ആത്മാവ് മുഴുവന്‍ സ്നേഹിച്ചു, പരിപൂര്‍ണ്ണ നിഷ്ഠയോടെ അയാളില്‍ വിശ്വസിച്ചു. അത് തന്നെക്കാള്‍ മികച്ച അനിയനോട് മൂത്ത സഹോദരനുള്ള സ്നേഹമായിരുന്നില്ല, കൂടുതല്‍ അനുഭവ സമ്പത്തുള്ള ഒരു മുതിര്‍ന്നയാള്‍ക്ക് മൃദുഭാവിയായ ചെറുപ്പക്കാരനോടുള്ള സ്നേഹമായിരുന്നില്ല, ഇളയവനെങ്കിലും തന്നെക്കാള്‍ മികച്ചവനായ ഗുരുവിനോട് ശിഷ്യനുള്ള സ്നേഹവും ആയിരുന്നില്ല, അത്ഭുതങ്ങളും മഹാത്ഭുതങ്ങളും (miracles and wonders) സൃഷ്ടിക്കുന്നയാളോട് ഒരു തികഞ്ഞ വിശ്വാസിക്കുണ്ടാവുന്ന സ്നേഹം പോലുമായിരുന്നില്ല. അല്ല. ഞാനദ്ദേഹത്തെ ദൈവത്തെ പോലെ സ്നേഹിച്ചു. ഞാനദ്ദേഹത്തെ ദൈവത്തെക്കാള്‍ സ്നേഹിച്ചു. സത്യത്തില്‍ യുവാവായ ശേഷം ഞാന്‍ ദൈവത്തെ സ്നേഹിച്ചിട്ടെയില്ലായിരുന്നു. ഞാന്‍ അവനില്‍ നിന്ന് പുറം തിരിഞ്ഞു: ഒരു അസൂയാലുവും പ്രതികാര മോഹിയുമായ ദൈവം, പിതാക്കന്മാരുടെ പാപങ്ങളെ പുത്രന്മാരില്‍ കെട്ടിവെക്കുന്നവന്‍, ക്രൂരനും കുപിതനും കഠിനനും, വെറുപ്പുള്ളവനും, അല്‍പ്പനും രക്തം ചിന്തുന്നവനുമായ ദൈവം. എന്നാല്‍ പുത്രന്‍ സ്നേഹവും സഹാനുഭൂതിയും ഉള്ളവനും മാപ്പുകൊടുക്കുന്നവനും മാത്രമല്ല, വേണമെന്ന് തോന്നുമ്പോള്‍ രസികനും കൂര്‍മ്മ ബുദ്ധിയും ഊഷ്മള ഹൃദയനും ചിലപ്പോഴൊക്കെ ഫലിതപ്രിയന്‍ പോലുമായിരുന്നു. അവന്‍ ദൈവമായി.” അവനു മരണമില്ലെന്നും കുരിശേറ്റത്തിന്റെ ഇന്നേ ദിനം ജറൂസലെമില്‍ ഇനിയൊരു അഭുതവും ആവശ്യമില്ലാതാവും വിധമുള്ള വലിയ അത്ഭുതം സംഭവിക്കുമെന്നും അതിനു ശേഷം ദൈവ രാജ്യം വരുമെന്നും താന്‍ വിശസിച്ചു എന്ന് അയാള്‍ പറയുന്നു. “അദ്ദേഹം സ്വയം വിശ്വസിച്ചതിലേറെ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം മോക്ഷവും നിത്യജീവിതവും വാഗ്ദാനം ചെയ്യണമെന്നു ഞാന്‍ പ്രത്യാശിച്ചു. അയാള്‍ക്കോ, ആകെ വേണ്ടിയിരുന്നത് ഈ ഭൂമിയില്‍ നടക്കുക, രോഗികളെ സുഖപ്പെടുത്തുക, വിശക്കുന്നവരെ ഊട്ടുക, മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വിത്തുകള്‍ പാകുക എന്നതൊക്കെ മാത്രമായിരുന്നു. മറ്റൊന്നും വേണ്ടായിരുന്നു.” കുരിശില്‍ നിന്നിറങ്ങിവന്ന് ദൈവഹിതം നടപ്പിലാക്കുന്നതില്‍ ക്രിസ്തുവിനു പരാജയം സംഭവിച്ചോ അതോ, യേശുവെന്ന മനുഷ്യനില്‍ നിന്ന് യേശുവെന്ന ദൈവത്തെ പ്രതീക്ഷിച്ചതിന്റെ വിലയായിരുന്നോ ജൂഡാസിന്റെ ആത്മഹത്യ? യൂദാസാണ് ആദ്യത്തെ ക്രിസ്ത്യന്‍ രക്തസാക്ഷിയെന്ന് ശമുവേല്‍ കരുതുന്നു. ഈ നിലപാടുകള്‍ മുന്നോട്ടു വെച്ച പലരുടേയും പുസ്തകങ്ങളും മുന്‍ മാതൃകകളും അയാള്‍ ഉദ്ധരിക്കുന്നു.
യൂദാസ് എന്ന ബിംബം
എന്നാല്‍ യൂദാസിനെ സംബന്ധിച്ച ഈ യഥാര്‍ത്ഥ പാഠം തമസ്കരിക്കപ്പെടുകയും അയാള്‍ ഒറ്റുകാരന്‍ ആയി ചിത്രീകരിക്കപ്പെടുകയും ചെയ്തതാണ് ചരിത്രത്തില്‍ രക്തപ്പുഴകള്‍ക്ക് കാരണമായ ക്രിസ്ത്യന്‍ – ജൂത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്ന് ഗര്‍ഷോം നിരീക്ഷിക്കുന്നു. ഇന്ന് കാണുന്ന ഇസ്ലാം – ജൂത വിരോധം ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് തീര്‍ന്നേക്കാം, എന്നാല്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജൂത – ക്രിസ്ത്യന്‍ സംഘര്‍ഷം മറ്റൊരു കഥയാണെന്ന് അയാളുടെ പരാമര്‍ശമുണ്ട്. “ഒരു സുപ്രഭാതത്തില്‍ എണീക്കുക, പല്ല് തേക്കുക, ഒരു കപ്പു കാപ്പി കഴിക്കുക എന്നിട്ട് ഒരു ദൈവത്തെ കൊല്ലുക! എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല അത്. ഒരു മൂര്‍ത്തിയെ വധിക്കാന്‍ നിങ്ങള്‍ ദൈവത്തെക്കാള്‍ ശക്തനാവണം, അതുപോലെ അപാരമായ ദുഷ്ടനും പൈശാചമുള്ളവനും. സ്നേഹം പ്രസരിപ്പിക്കുന്ന ഊഷ്മള ഹൃദയനായ ഒരു മൂര്‍ത്തിയായിരുന്ന ജീസസിനെ കൊന്നവര്‍ ആരായാലും അദ്ദേഹത്തെക്കാള്‍ ശക്തനായിരിക്കണം, ഒപ്പം കൌശലക്കാരനും നിന്ദ്യനും. ആ ശപിക്കപ്പെട്ട ദൈവ വധക്കാര്‍ അവര്‍ക്ക് ഭീകരമായ ബലത്തിന്റെയും ദുഷ്ടതയുടെയും ഉറവിടമുണ്ട് എന്ന ഒറ്റക്കാരണത്താലാണ് ആ കൊലക്ക് പ്രാപ്തരായത്. അതുകൊണ്ട് ജൂത വിദ്വേഷികളുടെ ഭാവനയുടെ ആഴങ്ങളില്‍ അത് തന്നെയാണ് ജൂതനു സ്വന്തമായുള്ളത്. നമ്മളെല്ലാം യുദാസ് ആണ്. എണ്‍പത് തലമുറകിള്‍ക്കിപ്പുറവും നമ്മളിപ്പോഴും യൂദാസ് ആണ്.” നാസികളുടെ ‘അന്തിമ പരിഹാരം’ (‘the final solutions’) ജൂതനെ യുദാസുമായി താദാത്മ്യപ്പെടുത്തുമ്പോഴുള്ള അര്‍ത്ഥശങ്കക്കിടമില്ലാത്ത സ്വാഭാവിക പ്രതിക്രിയയാണെന്ന് വരുന്നുവെന്ന് ജോര്‍ജ്ജ് സ്റ്റെയ്നര്‍ നിരീക്ഷിക്കുന്നു. യൂദാസ്: ഒരു ജീവചരിത്രം എന്ന കൃതിയില്‍ സൂസന്‍ ഗോബര്‍ അയാളെ “ഹോളോകോസ്റ്റിന്റെ അതിദേവന്‍ (muse of the Holocaust)” എന്ന് വിളിക്കുന്നു. (ഇരു സൂചനകളും ബെഞ്ചമിന്‍ ബാലിന്റിന്റെ ‘ഹാരെറ്റ്സ്’ ലേഖനത്തില്‍ നിന്ന്).
യൂദാസ് എന്ന തലക്കെട്ട് നോവലിന്റെ കാതലായ ചോദ്യത്തിലെക്കാണ്, ഏതെങ്കിലും കഥാപാത്രത്തിന്റെ ഐഡന്റിറ്റിയിലേക്ക് സവിശേഷമായല്ല തിരിച്ചു വെക്കപ്പെട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യമാണത്. ജൂതമതത്തിനകത്ത് തന്നെ കാലഘട്ടം ആവശ്യപ്പെട്ട യഥാര്‍ത്ഥ പരിഷ്കര്‍ത്താവായി യേശുവിനെ കാണാന്‍ വിസമ്മതിച്ച് അദ്ദേഹത്തിന്റെ ഇടപെടലിനെ അന്യവല്‍ക്കരിക്കുന്നതിലൂടെ ഒരു പുതിയ മതം സ്ഥാപനവല്‍ക്കരിക്കുന്നതിലേക്കും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ചോരപ്പുഴകളിലേക്കും ഒടുവിലിങ്ങ് ഹോളോകോസ്റ്റിലേക്കും വരെ എത്തിച്ചേര്‍ന്ന പില്‍ക്കാല ക്രിസ്തുമത- ജൂത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ട ആദ്യകാല യഹൂദ മത പൗരോഹിത്യ- രാഷ്ട്രീയ ബാന്ധവം? അംഗീകൃത കാഴ്ചപ്പാടില്‍ ചാപ്പകുത്തിയ പോലെ ഒറ്റുകാരന്‍ എന്ന നിലക്കോ അചഞ്ചല വിശ്വാസം അതിരു കടന്നത് കൊണ്ടോ കുരിശേറ്റം സാധ്യമാക്കിയ യൂദാസ്? ദൈവപുത്രനില്‍ നിന്ന് പ്രതീക്ഷിച്ച അത്ഭുതം പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട് മനുഷ്യപുത്രന്‍ മാത്രമായി ഒടുങ്ങിപ്പോയ യേശു തന്നെയും? ഒരു ഘട്ടത്തില്‍ തീരെ കുറഞ്ഞൊരു കാലത്തേക്കെങ്കിലും പലസ്തീന്‍ വിഭജനം എന്ന ആശയത്തെ അംഗീകരിക്കുകയും പിന്നീട് അത് തീര്‍ത്തും തള്ളിക്കളഞ്ഞു തീവ്ര സയണിസ്റ്റ് മാര്‍ഗ്ഗത്തില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കുക വഴി അശാന്തിയുടെ നിതാന്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ബെന്‍ ഗൂറിയന്‍? അയാളില്‍ ഏക വിമോചകനെ കാണുന്ന ഗര്‍ഷോമിനെ പോലുള്ളവര്‍? ആദര്‍ശാത്മകതയുടെ പ്രലോഭനത്തില്‍ അറബ് ജനതയുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും നൈരാശ്യത്തിന്റെ മുഖാമുഖത്തില്‍ മൌനത്തിലേക്ക് പിന്‍ വാങ്ങുകയും ചെയ്ത അബ്രാവെനാലിനെ പോലുള്ളവര്‍? വൈധവ്യത്തിന്റെ അമാവാസിയില്‍ സുരക്ഷാ യുദ്ധങ്ങളുടെ വലിയ വാക്കുകളില്‍ കൌതുകം നഷ്ടപ്പെട്ട അതാലിയയെ പോലുള്ള യുദ്ധ വിധവകള്‍? ചരിത്രത്തിലെ കുറ്റവാളികളെ തിരയുന്ന അക്കാദമിക താല്‍പ്പര്യത്തിനപ്പുറം ഒന്നിലും ഇടപെടുന്നില്ലാത്ത, നിര്‍ബന്ധിത സൈനിക സേവനത്തിന്റെ അപകട ജീവിതം നയിക്കേണ്ടി വന്നിട്ടില്ലാത്ത, സുരക്ഷിത അകലം ആസ്വദിക്കാന്‍ കഴിഞ്ഞ ബുദ്ധിജീവി വിമര്‍ശകരായ ശമുവേലിനെ പോലുള്ളവര്‍? അഥവാ, തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത നോവലിസ്റ്റ് തന്നെയും? സാധ്യതകളുടെ ഏറെ വിപുലമായ ഒരു തുറസ്സിലാണ് യൂദാസ് എന്ന ബിംബം നോവലില്‍ കേന്ദ്ര സ്ഥാനീയമായി നിലയുറപ്പിക്കുന്നത്.
മഹത്തായ കൃതികളില്‍ ഇതിവൃത്തം പലപ്പോഴും അതിലെ ആശയങ്ങളുടെ ഗരിമ ഉള്‍കൊള്ളാനുള്ള ചട്ടക്കൂട് മാത്രമായിരിക്കും. ‘ജൂഡാസ്’ എന്ന നോവലിനെ സംബന്ധ്ച്ചു ഇത് തീര്‍ത്തും ശരിയാണ്. ദക്ഷിണ ഇസ്രായേലിലെ നഗേവ് മരുഭൂമിയോട് ചേര്‍ന്നുള്ള ബീര്‍ശേബ നഗരത്തില്‍, വിജനമായ തെരുവിലെ ഫ്ലാറ്റുകളില്‍ ഒന്നില്‍ നിന്ന് ഒരു നിമിഷം എത്തിനോക്കുന്ന സുന്ദരിയായ യുവതിയോട് വഴിചോദിക്കാന്‍ തുനിഞ്ഞ് അവള്‍ അപ്രത്യക്ഷയാകുന്നതോടെ ഇനിയെന്ത് എന്ന് അത്ഭുതപ്പെട്ടു നില്‍ക്കുന്ന ശമുവേലിന്റെ ചിത്രത്തിലാണ് നോവല്‍ അവസാനിക്കുന്നത്. അതിനിടയില്‍ എന്തൊക്കെ ‘സംഭവിച്ചു’ എന്നത് തീരെ ചെറിയ ചോദ്യം മാത്രമാണ് കൃതഹസ്തനായ നോവലിസ്റ്റിന്റെ ഈ ഏറ്റവും പുതിയ മാസ്റ്റര്‍പീസില്‍. എന്നിരിക്കിലും, തന്റെ ആശയങ്ങളെ ചുമക്കാനുള്ള വ്യക്തിത്വമില്ലാത്ത വെറും പ്രതീക സൃഷ്ടികള്‍ മാത്രമല്ല നോവലിലെ കഥാപാത്രങ്ങള്‍ എന്നത് പ്രധാനവുമാണ്. വ്യക്തികള്‍/ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അവരുടെ അനുഭവങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ഒട്ടും കൃതൃമത്വമില്ലാത്ത സര്‍ഗ്ഗാത്മകതയുടെ ട്രാജെക്റ്ററിയില്‍ സന്ധിക്കുന്നതാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടാണ് തന്റെ നഷ്ടങ്ങളുടെ ആഘാതത്തില്‍ ഇനിയൊരു സംവാദത്തിലും അതാലിയക്ക് താല്‍പര്യമില്ലാത്തത്. “അവര്‍ അവരുടെ പരിഷ്കരണങ്ങളെല്ലാം അവരില്‍ തന്നെ ഒതുക്കിയിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു, അതെപ്പോഴും കുരുതികളും കുരിശു യുദ്ധവും ജിഹാദും അല്ലെങ്കില്‍ ഗുലാഗും അല്ലെങ്കില്‍ ഗോഗിന്റെയും (സാത്താന്‍) ഡെമഗോഗിന്റെയും യുദ്ധങ്ങളും ഉള്‍കൊള്ളുന്നു എന്നിരിക്കെ” എന്ന് ഗര്‍ഷോം വാല്ദ് നിരുന്മേഷവാനാവുന്നത്.
(ഉള്ളെഴുത്ത് ജൂലൈ 2017)
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 338-347)
