ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന പുസ്തകമായ 'കഥ പറയാനായ് ജീവിച്ചിരിക്കുക' (Living to Tell the Tale) എന്ന കൃതിയുടെ സ്പാനിഷ് മൂലം 2002-ല്‍ പുറത്തിറങ്ങി. തൊട്ടടുത്ത വര്‍ഷം എഡിത്ത് ഗ്രോസ്മന്‍ പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പ് മറ്റേതൊരു മാര്‍ക്കേസ് കൃതിയും പോലെ സഹൃദയ ലോകം ഉടനടി ഏറ്റെടുക്കുകയായിരുന്നു. 1927-ല്‍ അദ്ദേഹം ജനിച്ച വര്‍ഷം മുതല്‍ 1950-ല്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രണയിനി തന്റെ വിവാഹാഭ്യര്‍ഥന അംഗീകരിക്കുന്നത് വരെയുള്ള കാലമാണ്, നമുക്ക് ലഭ്യമായിട്ടുള്ള ഈ ആത്മകഥാ ഈടുവെപ്പില്‍ കാണാനാവുകയെന്ന് സാമാന്യേന പറയാം.
വടക്കന്‍ കൊളംബിയയിലെ അരക്കാറ്റക്കയിലേക്ക് ഒരു പൊള്ളുന്ന വേനല്‍ക്കാലത്താണ് തന്റെ കുട്ടിക്കാലം ചെലവഴിച്ച അമ്മവീട് വില്‍ക്കാനായിഅമ്മയോടൊപ്പം ഇരുപത്തിമൂന്നുകാരനായ മാര്‍ക്കേസ് യാത്ര തിരിക്കുന്നത്. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുക യായിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സ്ത്രീകളാണെന്ന് എപ്പോഴും ഏറ്റുപറഞ്ഞിട്ടുള്ള മാര്‍ക്കേസ് അതില്‍ രണ്ടുപേരെ പ്രഥമസ്ഥാനീയരായി എടുത്തു പറഞ്ഞിട്ടുണ്ട്. ഒന്ന് , 1927 മാര്‍ച്ച് ആറിന് ഒരു ഞായറാഴ്ച തന്നെ പ്രസവിച്ച അമ്മ, ലൂയിസ് സാന്റിയാഗ മാര്‍ക്കേസ്. മറ്റൊന്ന് മേഴ്സിഡിസ് ബാര്‍ച്ച. അവളുടെ പതിമൂന്നാംവയസ്സ് മുതല്‍ ഗബ്രിയേല്‍ അവളെ പിന്‍ തുടര്‍ന്നു, വിവാഹാഭ്യര്‍ത്ഥനയുമായി. തന്റെ അമ്മയെ കുറിച്ചു പറയുന്നിടത്ത് ഓര്‍മ്മപ്പുസ്തക സഞ്ചയത്തിന് വിഭാവനം ചെയ്ത നിമിഷമേതെന്നു മാര്‍ക്കേസ് വ്യക്തമാക്കുന്നുണ്ട്:
“അവര്‍.... രോഗാതുരയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ എപ്പോഴും പനിബാധിതമായ `ഒരു കുട്ടിക്കാലമായിരുന്നു അവരുടേത്. എന്നാല്‍ ഒടുവില്‍ നടത്തിയ ചികിത്സ അവരെ മുഴുവനായും സുഖപ്പെടുത്തി. പൂര്‍ണ്ണ ആരോഗ്യത്തോടെ തൊണ്ണൂറ്റി ഏഴാം ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്റെ പതിനൊന്നു മക്കളും, ഭര്‍ത്താവിന്റെ വേറെ നാലു മക്കളും 65 പേരമക്കളും 88 മൂന്നാംതലമുറക്കാരും 14 നാലാംതലമുറക്കാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 2003 ജൂണ്‍ ഒമ്പതിന് വൈകുന്നേരം 08.30 ന് സ്വാഭാവികമരണം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു. അന്നേ ദിവസം ഏതാണ്ട് അതേ സമയത്താണ് ഞാന്‍ എന്റെ ഓര്‍മ്മപ്പുസ്തകത്തിനു കുറിച്ച സമയം.”
എന്നാല്‍, പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ സമയം ഇതായിരുന്നില്ല. ഒരര്‍ഥത്തില്‍ അമ്മ, വീട് വില്‍പ്പനയെന്ന നടക്കാത്ത ലക്ഷ്യത്തോടെ മാര്‍ക്കേസിനെ കൂട്ടിക്കൊണ്ടു പോവുന്നതോടെ ആരംഭി ക്കുന്ന ഓര്‍മ്മപ്പുസ്തകം മേഴ്സിഡിസ് ഒടുവില്‍ സമ്മതം മൂളുന്നതില്‍ അവസാനിക്കുന്നു എന്നതില്‍ ത്തന്നെ മാന്ത്രികമായ ഒരു മാര്‍ക്കേസ് പരിണാമ ഗുപ്തിയുണ്ട് എന്നു പറയാം. അതങ്ങനെയാണ്: വീട് വില്‍പ്പനക്കായി പോയി എന്ന് പലതവണ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പുസ്തകത്തിന്റെ ഊന്നല്‍ ഒരിക്കലും വില്പ്പനയെകുറിച്ചോ അതിന്റെ പരാജയമോ അല്ല. ആ യാത്ര ഒരു തൊടുത്തു വിടലാവുക യാണ്. മാര്‍ക്കേസ് എന്ന വലിയ എഴുത്തുകാരനെ രചനയുടെ അനന്ത സാധ്യതകളുടെ ലോകത്തേ ക്ക് തൊടുത്തുവിടല്‍. വീട് വില്പ്പനയെന്ന ലക്‌ഷ്യം ഒരു നിമിത്തം മാത്രം. ഓര്‍മ്മകളില്‍ നിന്ന് ഒരു നിമിഷം ചികഞ്ഞെടുക്കുക, എന്നിട്ട് ആ നിമിഷത്തെ വിട്ടു അതുണ്ടാക്കുന്ന സാന്ദ്രമായ അനുഭവ/ അനുഭൂതി പരിസരത്തിലൂടെ കഥയുടെ മാന്ത്രികച്ചുരുള്‍ നിവര്‍ത്തുക: ഈ രീതി മാര്‍ക്കേസിന്റെ കയ്യില്‍ അതീവസൗന്ദര്യമിയന്ന ഒരു ആവിഷ്ക്കാരതന്ത്രമാവുന്നതിനു 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളുടെ ആദ്യ വാചകം തന്നെ ഏറ്റവും മികച്ച സാക്ഷി. “ഒരു പാട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഫയറിംഗ് സ്ക്വാഡിനെ അഭിമുഖീകരിക്കവേ, പണ്ടൊരിക്കല്‍ ഐസ് കണ്ടുപിടിക്കാനായി അച്ഛന്‍ തന്നെ കൂട്ടിക്കൊണ്ടു പോയ ആ സായാഹ്നം കേണല്‍ ഒറേലിയാനൊ ബുവേണ്ടിയ ഓര്‍ത്തെടുത്തു"
അരക്കാറ്റക്കയിലെക്കുള്ള യാത്രയില്‍ അമ്മയെ സ്വാധീനിച്ചതൊക്കെയും ഗബ്രിയെലിനെയും തേടിയെത്തുന്നുണ്ട്; കുട്ടിക്കാലം , വലിയ കുടുംബത്തിലെ മുത്തച്ഛന്‍ ഉള്‍പ്പടെ അംഗങ്ങള്‍ 'മരിച്ചു പോവാതിരിക്കാന്‍ എഴുതുക' എന്ന അടിയന്തിര പ്രാധാന്യത്തോടെ, അപ്രതിരോധ്യ പ്രലോഭനമായി അയാളില്‍ നിറയുന്നു. നിയമപഠനം പാതിവഴിയിലുപേക്ഷിക്കുന്ന യുവാവിന് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങ'ളിലെ മക്കോണ്ടോയും ബുവേണ്ടിയ കുടുംബവും അവിടെ നമ്മള്‍ കണ്ടെത്തുന്ന വിചിത്ര സൗന്ദര്യമിയന്ന മനുഷ്യരുമെല്ലാം എഴുത്തിന്റെ മായക്കണ്ണാടിയിലൂടെ പുനസൃഷ്ടിക്കപ്പെട്ട അരക്കാറ്റക്കന്‍ വാസികള്‍തന്നെയാണ്; സ്നേഹപൂര്‍ണ്ണമായ സ്മരണാഞ്ജലി. പാരമ്പര്യ പുരാവൃത്തങ്ങ ളുടെ മായികലോകത്ത് നിന്ന് ആന്റിസിന്റെ ഉയരങ്ങളിലുള്ള ബൊഗോട്ടയിലേക്കുള്ള പറിച്ചു നടല്‍ പക്ഷെ ഗൃഹാതുരതയുടെ കേവലാനുഭവമായിരുന്നില്ല മാര്‍ക്കേസിന്. യഥാര്‍ത്ഥത്തില്‍ ബൊഗോട്ട യില്‍ വെച്ചാണ് മതവിശ്വാസനങ്ങളെ പാടേ നിരാകരിക്കുന്ന ആ മാര്‍ക്കേസ് സമീപനത്തോടൊപ്പം എഴുതാനുള്ള കഴിവും ബൊഹീമിയന്‍ ജീവിതരീതികളോടുള്ള ആസക്തിയും അദ്ദേഹം തിരിച്ചറിയുന്ന തുതന്നെ. എന്നാല്‍, ഗൃഹാതുരത ഒരു വാര്‍ദ്ധക്യസഹചഭാവമാണെന്ന കാഴ്ചപ്പാട് അരക്കാറ്റക്കയിലെ ക്കുള്ള യാത്രയില്‍ പൊളിഞ്ഞുപോവുന്നുണ്ട്. ഒരുരാത്രി സിയെനാഗാ ഗ്രാന്റെയിലെ നിശ്ചല ജലത്തിലൂ ടെ ബോട്ടില്‍ യാത്രചെയ്യവേ 'ഗൃഹാതുരതയുടെ ആദ്യസ്പര്‍ശം അപ്രതീക്ഷിതമായി എന്നെ പിടികൂടി' എന്ന് മാര്‍ക്കേസ് സമ്മതിക്കുന്നുണ്ട്. 'ഗൃഹാതുരത എപ്പോഴും ചീത്ത സ്മരണകളെ മായ്ച്ചു കളയുകയും നല്ല ഓര്‍മ്മകളെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യു'മെന്നു അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
“എന്റെ പൂര്‍വ്വപിതാക്കള്‍ കാറ്റക്കായിലെ വസതിയില്‍ ഗൃഹാതുര സ്മൃതികളില്‍ കുരുങ്ങിപ്പോയിരിക്കുക യായിരുന്നു എന്ന് മനസ്സിലാക്കാന്‍ പശ്ചാത്താപങ്ങളില്ലാത്ത ഈ വാര്‍ദ്ധക്യത്തിലേക്കെത്തേണ്ടി വന്നു എനിക്ക് ; അവയെ അവാഹിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴോക്കെയും അവരതില്‍ ആഴ്ന്നു പോവുകയായിരുന്നു” എന്ന് മാര്‍ക്കേസ് കണ്ടെത്തുന്നു. ഒരര്‍ത്ഥത്തില്‍ കേവല ഗൃഹാതുരതകള്‍ക്കും ഓര്‍മ്മകളെ സര്‍ഗ്ഗാത്മകമായി ഖനനം ചെയ്യുന്നതിനും ഇടയിലുള്ള തിരിച്ചറിവിലാണ് മാര്‍ക്കേസ് മാന്ത്രികത സ്ഥിതി ചെയ്യുന്നത് എന്നു പറയാം.
മാര്‍ക്കേസിന്റെ ജീവിതത്തിലെ ആദ്യ വര്‍ഷങ്ങളെ കുറിച്ചാണ് പുസ്തകം പറയുന്നതെങ്കിലും അതിലെ പ്രധാനപ്പെട്ട പല നാഴികക്കല്ലുകളും അദ്ദേഹം ജനിക്കുന്നതിനും മുമ്പ് സംഭവിച്ചവയാണ്. ഈ അനുഭവങ്ങളുടെ തീക്ഷ്ണതയും പറഞ്ഞു കേട്ടറിഞ്ഞ വിചിത്ര സൗന്ദര്യവും മാര്‍ക്കേസിന്റെ കഥാപരിസരം രൂപപ്പെടുത്തുകയായിരുന്നു. അച്ഛനമ്മമാരുടെ പ്രണയം പില്‍ക്കാലത്ത് കോളറക്കാലത്തെ പ്രണയത്തിലെ ഫ്ലോറന്റിനോ അരീസോയിലും ഫെര്‍മിന ഡാസായിലും നമ്മള്‍ വീണ്ടും കാണുന്നുണ്ട്. മുത്തച്ഛന്‍ കേണല്‍ നിക്കൊലാസ് റിക്കാര്‍ഡോ മാര്‍ക്കേസ് മേജിയ , ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ കേണല്‍ ഓറീലിയാനോ ബുവേണ്ടിയയുടെ ആദിരൂപമാണ്. മുത്തശ്ശി ട്രാങ്കുലീനിയ ഇഗുവാറാന്‍ കഥപറയുന്ന രീതിയാണ് വലിയൊരളവോളം മാര്‍ക്കേസ് ശൈലി തന്നെ രൂപപ്പെടുത്തിയത്. എത്രമാത്രം പെരുപ്പിച്ചതാണ് താന്‍ പറയുന്ന കഥയെങ്കിലും ഒരേയൊരു സത്യം അതാണ് എന്ന പൂര്‍ണ്ണ വിശ്വാസം ജനിപ്പിക്കും വിധം അവര്‍ കഥ പറയുമായിരുന്നു. 'മാജിക്കല്‍ റിയലിസം' മാര്‍ക്കെസിലെത്തുന്നത് അങ്ങനെയാണ്. താന്‍ കൊച്ചു കുഞ്ഞായിരിക്കെ 1928 ഡിസംബര്‍ ആറിന് സംഭവിച്ച, മൂവായിരം പേര്‍ കൊല്ലപ്പെട്ട ബനാന തൊഴിലാളികളുടെ കൂട്ടക്കുരുതി, 1948-ല്‍ സംഭവിച്ച ലിബറല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹ്യോര്‍ഹി എലിസര്‍ ഗൈറ്റാനിന്റെ വധം , തുടര്‍ന്ന് 2500 പേര്‍ കൊല്ലപ്പെട്ട ബൊഗോട്ട കലാപം, അതില്‍ കത്തിപ്പോയ സ്വന്തം കയ്യെഴുത്തു പ്രതികള്‍, യൂനിവേഴ്സിറ്റി അടച്ചത് കാരണം കാര്‍ത്തെജീനാ യൂനിവേഴ്സിറ്റി യിലേക്ക് പോവേണ്ടി വന്നത് - എല്ലാം മാര്‍ക്കേസിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുന്നുണ്ട്. അതേ സമയം മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും യൂറോപ്യന്‍ എഴുത്തുകാരെ സ്വാധീനിച്ച നാത്സിസത്തിന്റെയും ലോക യുദ്ധങ്ങളുടെയും പരിണിത ഫലങ്ങള്‍ ദാര്‍ശനിക/ധൈഷണിക തലത്തില്‍ മാര്‍ക്കേസിനെ അത്രയൊന്നും സ്പര്‍ശിച്ചിട്ടില്ല എന്ന് കാണാം. രാഷ്ട്രീയ കാലുഷ്യങ്ങള്‍ സ്വാംശീകരിക്കുന്നതില്‍ ഈയൊരവധാനത മാര്‍ക്കേസിന് സഹജമാണ് എന്ന് പറയേണ്ടി വരും. ഓര്‍മ്മപ്പുസ്തകത്തിന്റെയൊടുവില്‍ ഒരിടത്ത് അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: “ കൊളംബിയന്‍ നാടകങ്ങള്‍ വിദൂരമായ ഒരു പ്രതിദ്ധ്വനിയായാണ് ഞാന്‍ അനുഭവിച്ചത് എന്നതാണ് എന്റെ ആത്മസത്യം. അത് ചോരപ്പുഴകള്‍ ഒഴുക്കിയപ്പോള്‍ മാത്രമാണ് എന്നെ സ്പര്‍ശിച്ചത്.” മാര്‍ക്കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സമകാലീനരായ കാര്‍ലോസ് ഫ്യൂയെന്തസിനെയോ വെര്‍ഗാസ് യോസയേയോ അപേക്ഷിച്ച് ഒരു പരിമിതിയായിത്തന്നെ ചില നിരൂപകര്‍/ വായനക്കാര്‍ ഇക്കാര്യം വിലയിരുത്തുന്നുമുണ്ട്. എന്നിരിക്കിലും, കാര്‍ത്തെജീനയില്‍ വെച്ചു ചില ലിബറല്‍ പത്രങ്ങള്‍ക്കു വേണ്ടി വേണ്ടി അദ്ദേഹം ജേര്‍ണലിസ്റ്റ് ആയിത്തീരുന്നുണ്ട്. മാര്‍ക്കേസിന്റെ ഏറ്റവും മികച്ചതെന്നു നിസ്സംശയം വാഴ്ത്തപ്പെട്ടിട്ടുള്ള കഥകളിലൊന്നായ കപ്പല്‍ച്ചേതം സംഭവിച്ച കപ്പിത്താനെയൊക്കെ കണ്ടെടുക്കുന്നത് ഇക്കാലത്താണ്.
ഓര്‍മ്മക്കുറിപ്പ് തുടങ്ങുന്നത് ഏതായാലും മാര്‍ക്കെസിന്റെ യഥാര്‍ത്ഥ ജനനത്തോടെയല്ല, മറിച്ച് ഒരെഴുത്തുകാരന്‍ എന്ന നിലയിലുള്ള ജനനത്തോടെയാണ്. ഒരു ജേണലിസ്റ്റ് ആയി ജോലി ചെയ്യുന്ന ബരാങ്കിലയില്‍ നിന്ന് ഒരു ദിവസം അമ്മ മാര്‍ക്കെസിനെ കൂട്ടിക്കൊണ്ടു പോവുന്നു, തന്റെ കുട്ടിക്കാലം ചെലവഴിച്ച അരക്കാറ്റക്കയിലേക്ക്. ഇപ്പോള്‍ ഒരു പ്രേത നഗരമായ അരക്കാറ്റക്ക ഓര്‍മ്മകള്‍ കൊണ്ട് തന്നെ പൊതിയാന്‍ തുടങ്ങുമ്പോഴാണ് മാര്‍ക്കേസ് തന്റെ വിധി തിരിച്ചറിയുന്നത്. ”അമ്മ എന്നോട് അവരുടെ വീട് വില്‍ക്കാന്‍ കൂട്ട് ചെല്ലാന്‍ പറഞ്ഞു". പിന്നീട് ആ കഥ പറഞ്ഞു തുടങ്ങുകയാണ്.
“ആ രണ്ടു ദിവസത്തെ സാധാരണമായ യാത്ര ഏറ്റവും നീണ്ടതും ശ്രദ്ധാപൂര്‍ണ്ണവുമായ ഒരു ജീവിതകാലം മുഴുവനും ഉപയോഗിച്ചാലും പറഞ്ഞു തീര്‍ക്കാനാവാത്ത വിധം നിര്‍ണ്ണായകമാവുകയായി രുന്നു. ഇപ്പോള്‍ എഴുപത്തിയഞ്ചിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്കറിയാം ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം അതായിരുന്നു എന്ന്. എന്ന് വെച്ചാല്‍: എന്റെ മുഴുവന്‍ ജീവിതത്തി ലെയും".
ആ അനുഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:
“പട്ടണത്തിലെ പൊള്ളുന്ന മണലില്‍ ഞാന്‍ കാലെടുത്തു വെച്ച നിമിഷം അരക്കാറ്റക്ക , മക്കൊണ്ടോ ആയി മാറുകയായി, വിജനതയുടെയും ഗൃഹാതുരതയുടെയുമായ ഭൂമിയിലെ ഒരു സ്വര്‍ഗ്ഗം" .
മാര്‍ക്കേസിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയവും അദ്ദേഹം കണ്ടെത്തുകയായി: തന്റെ കുടുംബം: “ഒരിക്കലും അത് ഒന്നിന്റെയും കര്‍തൃസ്ഥാനീയമായിരുന്നില്ല, എന്നാല്‍ എല്ലാറ്റിനുംസാക്ഷിയും ഇരയും ആയിരുന്നു താനും".
പുസ്തകത്തിന്റെ സമര്‍പ്പണത്തില്‍ മാര്‍ക്കേസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്:
"ജീവിതം എന്നാല്‍ ഒരാള്‍ ജീവിച്ചു തീര്‍ത്തതല്ല, മറിച്ച്അത് പുനരാവര്‍ത്തനം ചെയ്യാനായി ഒരാള്‍ അതില്‍ എന്തൊക്കെ ഓര്‍ത്തുവെക്കുന്നു, എങ്ങിനെയൊക്കെ ഓര്‍ത്ത് വെക്കുന്നു എന്നതാണ്.”
ഓര്‍മ്മപ്പുസ്തകത്തിന്റെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിവരിക്കുന്ന പല സംഭവങ്ങളും മാര്‍ക്കേസ് കഥാപ്രപഞ്ചത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടും. വെനെഫ്രീഡാ അമ്മായിയുടെ ബാധയൊഴി പ്പിക്കലിന്റെ വിശദാംശങ്ങള്‍ പിന്നീട് പല ഘട്ടങ്ങളിലും , 'പ്രണയത്തെയും ഇതരപ്രേതങ്ങളെയും കുറിച്ച്' എന്ന നോവലിലും നമുക്ക് തൊട്ടറിയാം. 'അരക്കാറ്റക്കയിലെ കറുത്ത ദിനം' എന്ന കൂട്ടക്കു രുതിയുടെ ഓര്‍മ്മ, അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുതന്നെയോ എന്ന സ്വയം സംശയമിരിക്കിലും, മാര്‍ക്കേസിന്റെ ബോധത്തെ ആഴത്തില്‍ ചൂഴ്ന്നതാണ്. ബനാനാ തൊഴിലാളികളുടെ കൂട്ടക്കൊല 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളില്‍ പരമ പ്രധാനമായ സംഭവമാണ്. പപ്പയുമായുള്ള രാഗ-ദ്വേഷ ബന്ധം മാര്‍ക്കേസിന്റെ സര്‍ഗ്ഗ ജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ ഒന്നാണ്. നിയമ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത് അദ്ദേഹത്തെ തീര്‍ത്തും അസ്വസ്ഥനാക്കിയിരുന്നല്ലോ. സ്വതേ ദരിദ്രനായിരുന്ന പപ്പ 'തനിക്കൊരിക്കലും അംഗീകരിക്കാനോ തോല്പ്പിക്കാനോ ആവാത്ത വെറുക്ക പ്പെട്ട ശത്രു' ആയാണ് ദാരിദ്ര്യത്തെ കണ്ടത്. 'കുടുംബത്തിന്റെ മുഴുവന്‍ വിധിയും നിന്റെ കയ്യിലാണ് എന്ന് പപ്പ ഒരിക്കല്‍ മകനോട് പറയുന്നുമുണ്ട്.
'മാര്‍ക്കേസ് വളര്‍ന്നുവന്ന ലോകം ഫലത്തില്‍ അദ്ദേഹം കൈവെക്കും മുമ്പേ ഒരു മാര്‍ക്കേസ് നോവല്‍ ആയിരുന്നു ' എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ഓര്‍മ്മപ്പുസ്തകം ഒരു കടം വീട്ടലാണ്. കടലാസിലല്ല കഥാപാത്രങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതെന്നും 'ജീവിതം അവയെ കണ്ടു പിടിക്കുന്നു'വെന്നും മാര്‍ക്കേസ് നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം തന്റെ കഥകള്‍ കണ്ടെടുക്കുകയായി രുന്നു; അവയെ ആഖ്യാനം ചെയ്യുകയും. നോവലുകളിലെ കഥാപാത്രങ്ങളെ ചരിത്ര ഖണ്ഡങ്ങളായി നമ്മള്‍ ഓര്‍മ്മപ്പുസ്തകത്തില്‍ വായിച്ചെടുക്കുന്നു: ആദ്യമായി ഐസ് കാണുന്ന കുട്ടി, മണ്ണ് തിന്നുന്ന പെണ്‍കുട്ടി, സ്വര്‍ണ്ണമത്സ്യങ്ങളെ നിര്‍മ്മിച്ചെടുക്കുന്ന പട്ടാളക്കാരന്‍, ബനാനകമ്പനി, സമരം ചെയ്യുകയും കൂട്ടക്കൊലചെയ്യപ്പെടുകയും ചെയ്യുന്ന തൊഴിലാളികള്‍... ഓര്‍മ്മപ്പുസ്തകം ഉറവിടങ്ങളോടുള്ള കടം വീട്ടുകയാണ്. കഥയില്‍ നിന്ന് ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്ക്.
വര്‍ഷങ്ങളായി കാന്‍സറിനോട് മല്ലിടുകയായിരുന്നത് കാരണം തന്റെ കഥകളുടെ സാങ്കല്‍പ്പിക ലോകങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വന്ന പരിമിതിയാവാം താന്‍ സൃഷ്ടിച്ച കഥാപ്രപഞ്ചങ്ങള്‍ക്ക് പുറകിലെ ജീവിത സ്മൃതികള്‍ തേടിപ്പോവാന്‍ മാര്‍ക്സികേനെ പ്രേരിപ്പിച്ചതും, 'കഥ പറയാനായി ജീവിച്ചിരിക്കുക' എന്നാ ധ്വന്യാത്മക തലക്കെട്ടോടെ ബൃഹത്തായ ഒരമ്മപ്പുസ്തകങ്ങളു ടെ രചനയിലേക്ക് അദ്ദേഹം ഇറങ്ങിത്തിരിച്ചതും. ഓര്‍മ്മകളുടെ വസന്തം കൊണ്ടാടിയ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്മൃതിനാശം അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതം അവസാനിപ്പിച്ചുവെന്നത് ഏറ്റവും ക്രൂരമായ ഒരു വിധി വൈപരീത്യമാവാം. മൂന്നു ഭാഗങ്ങളായി വിഭാവനം ചെയ്യപ്പെട്ട ഓര്‍മ്മപ്പുസ്തക സഞ്ചയത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ നമുക്ക് കിട്ടാതെപോയതും അതുകൊണ്തടുന്നെ. അതു പോലെതന്നെ വേദനിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ തലക്കെട്ടിലെ മറ്റൊരു സൂചനയും. 'ജീവിച്ചിരിക്കാന്‍ കഥ പറയുക' എന്ന സമവാക്യത്തില്‍ നിന്ന് കഥ പറയല്‍ ഇല്ലാതാവുമ്പോള്‍ കഥാകാരനും ഇല്ലാതാവുന്നു എന്ന ഖേദം. എങ്കിലും മെല്‍വില്ലിന്റെ ഇഷ്മയെല്‍ (മോബി ഡിക്ക്) പറയുന്നത് പോലെ എല്ലാ കപ്പല്‍ഛേദത്തിനൊടുവിലും കഥകള്‍ ബാക്കിയാവുമെന്നുണ്ട്: ഒരാള്‍ അത് പറഞ്ഞു കൊണ്ടിരിക്കുക തന്നെ ചെയ്യും. മക്കൊണ്ടോയുടെ ഇതിഹാസകാരന് അങ്ങനെയങ്ങ് പോവാന്‍ കഴിയില്ലല്ലോ.
(ദേശാഭിമാനി വാരിക April - 2018)
