To write poetry after Auschwitz is barbaric - Theodor Adorno (1949)
സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998 -ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം ( literature of engagement ) ആയിരുന്നു. എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ മോനിക് ഇല്‍ബൂദോ (ബുര്‍കിനാ ഫാസോ), ടിയെര്‍നോ മോനെനെംബോ (ഗിനി) വെറോനിക് താദ് യോ (ഐവറി കോസ്റ്റ്) തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതി സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi, The Book of Bones തന്നെയായിരുന്നു. റുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്തസമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്. അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' (മാന്‍തിയ ദിയാവാര, നോവലിന്റെ അവതാരികയില്‍ ഫിയോന മക് ലോലിന്‍ ഉദ്ധരിച്ചത്.) രാഷ്ട്രീയവും സാഹിതീയവുമായി ഈ പരിപ്രേക്ഷ്യത്തിലാണ് ബോറിസ് ഡിയോപ്പിന്റെ നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറു കൃതികളില്‍ ഒന്നായി സിംബാബ്‌വേ അന്താരാഷ്‌ട്ര പുസ്തക മേളയില്‍ ഇടം പിടിച്ചത്. ആഫ്രിക്കയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരില്‍ ഒരാളായ ഡിയോപ്പ് ആക്റ്റിവിസ്റ്റും സെനഗലിലെ ആദ്യത്തെ സ്വതന്ത്ര പത്രത്തിന്റെ പ്രഥമ പത്രാധിപസമിതി അംഗവുമാണ്. അദ്ദേഹത്തിന്റെ കൃതികളെല്ലാം ചരിത്രവും മിത്തും തമ്മിലുള്ള ബന്ധവും സമകാലിക ആഫ്രിക്കന്‍ ജീവിതത്തില്‍ അവ എങ്ങനെ പ്രതിവര്‍ത്തിക്കുന്നു എന്നതും തികച്ചും വിഗ്രഹഭജ്ഞക സ്വഭാവത്തോടെ ആവിഷ്കരിക്കുന്നു എന്ന് മക് ലോലിന്‍ നിരീക്ഷിക്കുന്നു.
1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും പ്രസിഡന്റ് ഉള്‍പ്പടെ എല്ലാവരും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കി 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായ' വംശഹത്യയായിത്തീര്‍ന്നു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായി. വ്യത്യസ്ത ആഖ്യാന സ്വരങ്ങളിലൂടെ ശ്ലഥമായ മിത്തുകളെ ആവിഷ്കരിക്കുകയും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രത്യേക നിലപാടിലേക്ക് ആഖ്യാനത്തെ അടുപ്പിക്കുന്നതിനു പകരം വ്യക്തിഗത അനുഭവങ്ങളുടെയും വ്യതിരിക്ത പ്രതികരണങ്ങളുടെയും ഓര്‍മ്മകളുടെയും അനന്യത സമര്‍ഥിക്കുന്ന രീതിയാണ് തന്റെ പതിവ് ശൈലിയില്‍ നോവലിസ്റ്റ് അവലംബിക്കുന്നത്. അതുകൊണ്ട് ഹുടു എന്നോ ടുട്സി എന്നോ പൊതു സംജ്ഞകളുടെ കള്ളികളിലേക്ക് അനുഭവങ്ങളെ ഒതുക്കുന്നതിന് പകരം വൈയക്തിക അനുഭവാഖ്യാനങ്ങളുടെ തലങ്ങളിലും കൂടി റുവാണ്ടന്‍ ദുരന്തത്തെ സമീപിക്കുന്ന ആദ്യ കൃതിയായി മുറംബി മാറുന്നു എന്ന് മക് ലോലിന്‍ സാക്ഷ്യപ്പെടുത്തുന്നു. "മുറംബി പ്രഥമമായും ഏറ്റവും പ്രധാനമായി വൈയക്തിക ആഖ്യാനങ്ങളുടെ ഒരു നോവലാണ്, അതുപയോഗപ്പെടുത്തുന്ന വിവിധ ആഖ്യാന സ്വരങ്ങളില്‍ ബഹുമുഖാഖ്യായികളായ (polyphonic) ഡിയോപ്പിന്റെ മുന്‍ നോവലുകളെ പോലെ. ആഖ്യാതാക്കള്‍, ഒട്ടേറെ സാക്ഷികള്‍, അക്രമം നടത്തിയവര്‍, ഇരകള്‍, നോക്കിനിന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് അദ്ധ്യായങ്ങള്‍ക്ക്. ഈ വൈയക്തിക കഥകളിലൂടെയാണ് വംശഹത്യയുടെ കൊടും ക്രൂരതകള്‍ വെളിപ്പെടുത്തുന്നത്, ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചിട്ട ദിവസത്തെ ആദ്യത്തെ ഭയവും അവിശ്വസനീയതയും തൊട്ട്, കൂട്ടക്കുരുതികളുടെയും പീഡനങ്ങളുടെയും ഭയാനകവും പലപ്പോഴും വീറില്ലാത്തതുമായ വിവരണങ്ങള്‍ വരെ, അതിജീവിച്ചവരുടെ മനസ്സുകളില്‍ പില്‍ക്കാലം പിന്തുടരുന്ന ഓര്‍മ്മകള്‍ വരെ.”
സംഘര്‍ഷങ്ങളുടെ കൊളോണിയല്‍ വേരുകള്‍
വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക് നോവലിന്റെ നൈതിക ദര്‍ശനങ്ങളുടെ കണ്ണാടിയായ സിമെയോന്‍ ഹബിനേസയെന്ന വയോധികന്‍ ഓര്‍മ്മിക്കുന്നു. കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. അവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടു. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ് 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി, പ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോ' ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). ഹുടു അര്‍ദ്ധസൈനികസംഘം ('Interahamwe') കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം.
നിസ്സംഗതയുടെ പാപം
പ്രസിഡന്റ് കൊല്ലപ്പെട്ട ദിനം ഉരുണ്ടുകൂടുന്ന ഭീഷണാവസ്ഥയോട് അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിസ്സംഗത നോവല്‍ ആരംഭത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. ടുട്സിയായ വീഡിയോ സ്റ്റോര്‍ ഉടമ മൈക്കല്‍ സെരുമുണ്ടോ രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത മകനെ അന്വേഷിച്ചിറങ്ങുമ്പോള്‍ വേവലാതി പൂണ്ട ഭാര്യയെ സമാധാനിപ്പിക്കുന്നു. “വിഷമിക്കണ്ട, സേരാ, ലോകം മുഴുവന്‍ അവരെ നോക്കിയിരിപ്പുണ്ട്, അവര്‍ക്കൊന്നും ചെയ്യാനാവില്ല.” പക്ഷെ അയാള്‍ക്കറിയാം.
“ഉള്ളിന്റെയുള്ളില്‍ എനിക്കറിയാമായിരുന്നു ഞാന്‍ പറഞ്ഞത് തെറ്റാണെന്ന്. യു. എസ്സില്‍ ലോക കപ്പു തുടങ്ങാന്‍ പോവുകയായിരുന്നു. ഭൂഗോളത്തിലാര്‍ക്കും മറ്റൊന്നിലും താല്പര്യം ഉണ്ടായിരുന്നില്ല. എന്ത് തന്നെയായാലും റുവാണ്ടയില്‍ എന്ത് സംഭവിച്ചാലും അതെപ്പോഴും കറുത്തവര്‍ കറുത്തവരെ ആക്രമിക്കുന്ന അതെ പഴയ കഥയായിരിക്കും. ഓരോ കളിയുടെയും ഇടവേളകളില്‍ ആഫ്രിക്കക്കാര്‍ പോലും പറയും, “അവര്‍ നമ്മെ അമ്പരപ്പിക്കുകയാണ്, അവര്‍ ഇത് പോലെ പരസ്പരം കൊല്ലുന്നത് നിര്‍ത്തണം.” പിന്നെ അവര്‍ മറ്റെന്തിലെക്കെങ്കിലും വിഷയം മാറ്റും. “നീ ക്ലൈവര്‍ട്ടിന്റെ ആ ഫ്ലിപ്പ് കണ്ടോ?” ഞാന്‍ പറയുന്നത് ഒരു കുറ്റപ്പെടുത്തല്‍ അല്ല. ഞാന്‍ ടെലിവിഷനില്‍ ഉള്‍കൊള്ളാനാവാത്ത ഒട്ടേറെ രംഗങ്ങള്‍ കണ്ടിട്ടുണ്ട്. സ്ലിപ്പുകളും മാസ്ക്കും ധരിച്ച ആളുകള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ജഡങ്ങള്‍ വലിച്ചു പുറത്തിടുന്നത്. നവജാത ശിശുക്കളെ ചിരിച്ചുകൊണ്ട് ബ്രെഡ് ഒവനിലേക്ക് തട്ടിയിടുന്നത്. യുവതികള്‍ ഉറങ്ങാന്‍ പോകും മുമ്പ് തൊണ്ടയില്‍ എണ്ണ പുരട്ടുന്നത്. അവര്‍ പറയും, 'അങ്ങനെയാവുമ്പോള്‍ കഴുത്തറുക്കുന്നവര്‍ വരുമ്പോള്‍ അവരുടെ കത്തികളുടെ വായ്ത്തല അധികം വേദനിപ്പിക്കില്ല' ഞാനിതൊക്കെ കണ്ടു വേദനിച്ചെങ്കിലും അതിന്റെ ഭാഗമായി തോന്നിയിരുന്നില്ല. ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, ഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു, ഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നു. അതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്, ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ . പക്ഷെ 1994 ഏപ്രിലിലെ ഈ ആദ്യ ദിനങ്ങളില്‍ ലോകത്തിന്റെ മറുവശത്തുള്ള രാജ്യം എന്റേതാണ്.”
മകനെ അന്വേഷിച്ചിറങ്ങുന്ന സെരുമുണ്ടോയെ കുറിച്ച് പിന്നീട് നോവല്‍ മൌനമാണ്.
നിസ്സംഗത എങ്ങനെയാണ് ചരിത്രപഠനത്തിന്റെ തട്ടകത്തില്‍ തമസ്കരണമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത് എന്ന് കോര്‍നെലിയസ് തന്നെ നോവലില്‍ വ്യക്തമാക്കുന്നുണ്ട്:
“ജിബൂട്ടിയിലോ? ഞാന്‍ അവിടെ സ്കൂളില്‍ ചരിത്രാധ്യാപകന്‍ ആയിരുന്നു.”
“എന്നിട്ട് എന്ത് ചരിത്രമാണ് നീ അവിടെ പഠിപ്പിച്ചത്?”
സിമെയോന്‍ എന്താണ് ഉദ്ദേശിച്ചതെന്നു കോര്‍നെലിയസ് ഊഹിച്ചു.
“ഞങ്ങള്‍ റുവാണ്ടയെ കുറിച്ച് അത്രയധികം സംസാരിച്ചില്ല.”
“എന്താ നീ പറയുന്നത്? ദൈവം റുവാണ്ടയെ വളരെ ആകര്‍ഷകമായി കണ്ടുവെന്നും രാത്രി മറ്റെവിടെയും ചെലവഴിക്കില്ല എന്നും ജിബൂട്ടിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് അറിയില്ലെന്നോ?”പരിഹാസത്തോടെ സിമെയോന്‍ ചോദിച്ചു.
കോര്‍നെലിയസ് പ്രകോപിതനാവാന്‍ തയ്യാറാവാതെ മുറംബി മലകളില്‍ വ്യാപിച്ചു കണ്ട വിളക്കുകളെ നോക്കി പറഞ്ഞു, “എന്റെ വിദ്യാര്‍ഥികള്‍ അത് വിശ്വസിക്കുമായിരുന്നില്ല. റുവാണ്ട എന്ന വാക്ക് എല്ലാവരിലും രക്തം ചിന്തലും അവസാനമില്ലാത്ത കൊലയും മാത്രമേ ഓര്‍മ്മപ്പെടുത്തുമായിരുന്നുള്ളൂ.”
ഇര സിദ്ധാന്തവും ഹിംസയുടെ ചാക്രികതയും
ആഫ്രിക്കന്‍ അനുഭവത്തില്‍ കുരുതികളുടെയും നശീകരണത്തിന്റെയും ചരിത്ര ഘട്ടങ്ങള്‍ പലപ്പോഴും കൊളോണിയലിസത്തിന്റെ ഫലമായി സംഭവിച്ചതാണെങ്കിലും അത്തരം ഇരവല്‍ക്കരണ സിദ്ധാന്തത്തെ പൂര്‍ണ്ണമായും 'മുറംബി' സാധൂകരിക്കുന്നില്ല. ഫോസ്റ്റിന്‍ ഗസാനെയുടെ പിതാവിന്റെ കിടപ്പറച്ചുമരിനെ അലങ്കരിക്കുന്ന പഴയ ചിത്രത്തില്‍ ബെല്‍ജിയം രാജാവിനു ഷേക്ക് ഹാന്‍ഡ് ചെയ്യുന്ന പ്രസിഡണ്ട് കയിബാന്റയെ കാണാം. രാജാവിന്റെ മുഖത്തെ മടുപ്പും കയിബാന്റയുടെ ആരാധനാ ഭാവവും കൊളോണിയല്‍ യജമാനനും ആഫ്രിക്കന്‍ സില്‍ബന്തിയും എന്ന വിനിമയത്തിന്റെ സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്നു. കലാപ നാളുകളില്‍ ടുട്സി അനുകൂലമനോഭാവത്തിന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ പത്തു ബെല്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന് ബെല്‍ജിയന്‍ പൗരന്മാര്‍ ഫ്രഞ്ച് പൗരന്മാരെന്ന വ്യാജേന ചെക്ക്പോയിന്റുകള്‍ കടക്കുന്നതും കൊളോണിയലിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നു. ഫ്രഞ്ച് ജനറല്‍മാര്‍ കൂട്ടക്കൊലകളില്‍ ടുട്സി വിരുദ്ധ വികാരം ആളിക്കത്തിക്കും വിധം പ്രവര്‍ത്തിക്കുന്നതും 'മുറംബിയുടെ കശാപ്പുകാരന്‍' എന്നറിയപ്പെട്ട ഉവിമാനയുടെ പിതാവ് ഉള്‍പ്പടെയുള്ള യുദ്ധക്കുറ്റവാളികളുടെ രക്ഷപ്പെടലിനു മറയൊരുക്കുന്നതും നോവല്‍ തുറന്നു കാട്ടുന്നുണ്ട്. സിമെയോന്‍ ഹെബിനേസയെന്ന വയോധികനിലൂടെ ഇരവല്‍ക്കരണ സിദ്ധാന്തം എങ്ങനെയാണ് ഹിംസയുടെ ചാക്രികതക്ക് കാരണമാവുക എന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട്. തങ്ങളുടെ ബന്ധുക്കളുടെ കൊലക്ക് നേതൃത്വം കൊടുത്തയാളുടെ കൊട്ടാര സദൃശമായ വീട് തകര്‍ത്തുകളയാന്‍ വെമ്പുന്ന ഗ്രാമീണരെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. റുവാണ്ടന്‍ ചരിത്രത്തില്‍ പ്രതികാര നടപടികള്‍ തിരിച്ചടികളെ പ്രകോപിപ്പിച്ചതാണ് എല്ലാ കാലത്തും അനന്തമായ വയലെന്സിനു കാരണമായത്. ഇന്നലത്തെ ഇരകള്‍ തങ്ങളുടെ പീഡാനുഭവങ്ങളെ ഹിംസാത്മകതക്കുള്ള ലൈസന്‍സ് ആയിക്കാണുകയും തങ്ങളുടെ ദുഃഖത്തിനു പ്രതികാരക്രിയകളിലൂടെ പരിഹാരം കാണുകയും ചെയ്യുന്നത് ആ ചാക്രികത അനവരതം തുടരാനെ ഇടയാക്കൂ.
“എനിക്ക് നിങ്ങളോട് പറയാനുണ്ട്: നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, എന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ല. അവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്. തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍, സെമിയോന്‍ ഹാബിനെസ, ആവര്‍ത്തിക്കുന്നു, നിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂ: ഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. നിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ല. അത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവും. ഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നു: നിങ്ങളിലാരും തന്നെ, സന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”
ഇരവല്‍ക്കരണവും അത് ഉത്പാദിപ്പിക്കുന്ന പകപോക്കല്‍ 'ഉത്തരവാദിത്ത ബോധവും' തള്ളിക്കളയുന്നതിലൂടെ ഇരയാക്കപ്പെട്ടവര്‍ക്ക് സ്വമേധയാ വന്നു ചേരുന്ന 'നിരപരാധര്‍ ' എന്ന പരിവേഷവും തകര്‍ത്ത് കളയുകയാണ് സിമെയോന്‍.
ഇര, സാക്ഷി, ആക്രമകാരി - വെച്ച് മാറുന്ന സ്വത്വങ്ങള്‍
ഹിംസാത്മകതയുടെ കൊളോണിയല്‍ പങ്ക് എന്ന പരിഗണന കൊണ്ടുമാത്രം റുവാണ്ടയില്‍ നടന്നതെല്ലാം വിശദീകരിക്കാനാവില്ലെന്നു സിമെയോന്‍ കണ്ടെത്തുന്നുണ്ട്. കിബുംഗോയിലെയും മുഗോനെരോയിലെയും മുറംബിയിലെയും ആള്‍ക്കൂട്ടങ്ങള്‍ അരുംകൊലകള്‍ ആഘോഷിച്ച രീതി അയാളെ ചിന്തിപ്പിക്കുന്നു. ഇര സിദ്ധാന്തം ചരിത്രം തങ്ങളില്‍ 'സംഭവിക്കുക'യായിരുന്നു എന്നതോന്നല്‍ ഉറപ്പിക്കുന്നതിലൂടെ അത് ചെയ്തവരെ/ ഉത്തരവാദികളായവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടേ തങ്ങളുടെ കര്‍തൃത്വം സ്ഥാപിക്കാനാവൂ എന്ന കടുത്ത പരിഹാരാന്വേഷണത്തിലേക്ക് നയിക്കുന്നു. കൊളോണിയല്‍ വിരുദ്ധപോരാട്ടത്തില്‍ അക്രമാസക്തമായ കലാപങ്ങളിലൂടെ കോളണീകൃത ജനത സ്വയം സ്ഥാപിക്കുന്നത് മുന്നേറ്റമായിക്കണ്ട ഫ്രാന്‍സ് ഫാനന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 'ഇരകളുടെ സ്വത്വ'മെന്ന ഐക്യപ്പെടല്‍ ഹിംസാത്മകതയുടെ ചാക്രികതയില്‍ ആണ് ചെന്നെത്തുന്നത് എന്ന് സിമെയോന്‍ വിചാരിക്കുന്നു. ഇരയും സാക്ഷിയും അക്രമകാരിയുമെന്ന സ്വത്വങ്ങള്‍ അത്ര ഭിന്നമല്ല എന്നും പരസ്പരം വെച്ച് മാറാവുന്ന ഒന്നാണ് എന്നും ചരിത്രം പലവുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ. സിമെയോന്‍ നടത്തുന്ന നിരീക്ഷണം പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌരിയുടെ ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ നാഹിലയും മുന്നോട്ടു വെക്കുന്നുണ്ട്.
“നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, പക്ഷെ അതുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ല... ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍, ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം.” ('ഗേറ്റ് ഓഫ് ദി സണ്‍ ' എന്ന നോവലില്‍ നിന്ന്.)
'മുറംബി'യില്‍ വംശഹത്യ അവസാനിപ്പിച്ച ആര്‍. പി. എഫ്. 'വിമോചന'ത്തിന്റെ ഭാഗമായി ഹുടു മിലീഷ്യാ അംഗങ്ങളെ അരിഞ്ഞു വീഴ്ത്തുന്നത് നോക്കിനിന്നത് കോര്‍നെലിയസിന്റെ സുഹൃത്തും റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റും ആയിരുന്ന ജെസിക്ക വിവരിക്കുന്നുണ്ട്. 'മുറംബിയുടെ കശാപ്പുകാര'നായ പിതാവിന്റെയും അയാളുടെ കല്‍പ്പനയില്‍ കൊന്നു തള്ളപ്പെട്ട അരലക്ഷത്തോളം ഇരകളില്‍ അയാള്‍ അറിഞ്ഞുകൊണ്ടുതന്നെ ഒടുങ്ങിപ്പോയ അമ്മയുടെയും മകനായ കോര്‍നെലിയസ് ആകട്ടെ "പരിപൂര്‍ണ്ണ റുവാണ്ടന്‍ : ഒരേസമയം കുറ്റവാളിയും ഇരയും" എന്നാണ് സ്വയം കണ്ടെത്തുക.
നിമു എന്‍ജോയ നിരീക്ഷിക്കുന്നത് പോലെ, സെമിയോന്‍ ഹെബിനെസയിലൂടെ 'മുറംബി' മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് ഇതാണ്: ഹിംസയുടെ ചാക്രികത അവസാനിപ്പിക്കാനും വന്‍തോതിലുള്ള അത്യാചാരങ്ങള്‍ക്ക് ശേഷം ഒരു ദേശത്തിന് സ്വയം പുനര്‍ സൃഷ്ടിക്കുന്നതിനും ഇരകള്‍ ബോധപൂര്‍വ്വം നിരപരാധിത്വത്തിന്റെ നിഷ്ക്രിയഭാവം ഉപേക്ഷിക്കണം, പകരം മാപ്പുനല്‍കല്‍ എന്ന സക്രിയമായ തെരഞ്ഞെടുപ്പിലൂടെ സ്വയം സ്ഥാപിക്കണം. പൊറുത്തു കൊടുക്കുക എന്നത് അമൂര്‍ത്തമായ ആത്മീയ പ്രക്രിയയല്ല, മറിച്ച് ഇരകളുടെ ഭാഗത്ത് നിന്നുള്ള അഹിംസാത്മകവും പ്രതികാര ചിന്താമുക്തവുമായ ഒരു സക്രിയ പ്രവര്‍ത്തനമാണ്. മുമ്പ് അവരില്‍ 'സംഭവിക്കുക'യായിരുന്ന ചരിത്രത്തില്‍ അപ്പോഴാണ് അവര്‍ കര്‍തൃത്വം തിരിച്ചു പിടിക്കുക. ഡെസ്മണ്ട് ടുടുവിന്റെ ടി. ആര്‍ . സി. (Truth and Reconciliation Commission) യും , റുവാണ്ടയിലെ ഗചാച്ച സമ്പ്രദായവും (റുവാണ്ടന്‍ കമ്മ്യൂണിറ്റി ജസ്റ്റിസ് സിസ്റ്റം) മുന്നോട്ടു വെച്ചതും ഈ നിലപാടാണ് എന്ന് നിമു എന്‍ജോയ ചൂണ്ടിക്കാട്ടുന്നു.
വംശ ഹത്യയുടെ സാഹിത്യം
നാലുഭാഗങ്ങളിലായി എഴുതപ്പെട്ട നോവലില്‍ ഒന്നും മൂന്നും ഭാഗങ്ങള്‍ വംശഹത്യയില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ട പലരുടെയും ചെറു വിവരണങ്ങളായി ആ കഥകള്‍ ആവിഷ്കരിക്കപ്പെടുന്നു. രണ്ടും നാലും ഭാഗങ്ങള്‍ കോര്‍നെലിയസിന്റെ തിരിച്ചു വരവും കണ്ടെത്തലുകളും ജനിച്ചു വളര്‍ന്ന മുറംബിയിലെ ഇപ്പോഴത്തെ അനുഭവങ്ങളുമാണ്. പന്ത്രണ്ടാം വയസ്സില്‍ ജിബൂട്ടിയിലേക്ക് ചേക്കേറുമ്പോള്‍ അയാളുടെ കുടുംബം മുറംബിയില്‍ ആയിരുന്നു. ഇവിടെയാണ് പിന്നീട് റുവാണ്ടന്‍ ദുരന്തത്തിലെ ഏറ്റവും ഭീകരമായ ഒരു കാണ്ഡം അരങ്ങേറിയത്, അതും അയാളുടെ സ്വന്തം പിതാവിന്റെ കാര്‍മ്മികത്വത്തില്‍. ജിബൂട്ടിയില്‍ യുവ ചരിത്രാധ്യാപകനായി പ്രവാസജീവിതം നയിക്കുന്ന കോര്‍നേലിയസ് ഉവിമാന റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു നാലുകൊല്ലങ്ങള്‍ക്ക് ശേഷം സ്വദേശം സന്ദര്‍ശിക്കുന്നതാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രം. അയാളുടെ കുടുംബം മുഴുവന്‍, സിമെയോന്‍ ഹബിനെസയെന്ന വയോധികനായ അമ്മാവനൊഴികെ, ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. ആ കുരുതികളുമായി പൊരുത്തപ്പെടാനും അതിലേക്കു നയിച്ച സംഭവ ഗതികളെ കുറിച്ച് ഒരു നാടകം രചിക്കാനും വേണ്ടിയാണ് ഇപ്പോള്‍ അയാളുടെ വരവ്. ആഖ്യാനത്തുടര്‍ച്ചയില്ലാത്ത, എന്നാല്‍ ഭാവനാത്മകമായി ഇഴ കോര്‍ക്കുന്ന കുറെ ശ്ലഥ ചിത്രങ്ങളിലൂടെ, കുറെയേറെ കഥാപാത്രങ്ങളുടെ നേരനുഭവ വിവരണങ്ങളിലൂടെ ആ നൂറു ദിനങ്ങളുടെ സംഭവങ്ങള്‍ ദുരന്തനാളുകള്‍ക്ക് മുമ്പ്, അവക്കിടയില്‍, അതിനു ശേഷം എന്ന ക്രമത്തില്‍ നമ്മളറിയുന്നു. ഈ കഥകളിലൂടെ ദുരന്തത്തെ സംബന്ധിച്ച നല്ലൊരു ചരിത്രധാരണ ഉരുത്തിരിയുന്നു - അതിലേക്കു നയിച്ച ആസൂത്രണങ്ങള്‍, പരിശീലനം, പ്രോപഗാണ്ട, എന്നിവ മാത്രമല്ല കുരുതിയിടങ്ങളില്‍ നിന്നുള്ള ദുസ്സഹമായ ഗന്ധവും ഒടുവില്‍ ഉവിമാന കണ്മുന്നില്‍ കാണുന്ന സ്വന്തം അമ്മയും സഹോദരങ്ങളും ഉള്‍പ്പടെയുള്ള തന്റെ സമൂഹത്തിലെ അംഗങ്ങളുടെ സംഭവസ്ഥലത്ത് പ്രത്യേക തരത്തില്‍ കുമ്മായത്തില്‍ മുക്കി സൂക്ഷിച്ച അഴുകിത്തുടങ്ങിയ ശരീരാവശിഷ്ടങ്ങള്‍ വരെ.
ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ല" എന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യം' പറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍. ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്. എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത് എന്ന് നിമു എന്ജോയ നിരീക്ഷിക്കുന്നു. (Nimu Njoya, http://www.logosjournal.com/issue_6.1-2/njoya.htm).
സാഹിത്യത്തിനു വംശഹത്യയുടെ സാക്ഷ്യം അടയാളപ്പെടുത്താന്‍ എത്രകണ്ട് സാധ്യമാണ് എന്നത് നോവലിലെ പ്രധാന പരിഗണനകളില്‍ ഒന്നാണ്. മുറംബി കുരുതിയില്‍ അതിജീവിച്ച ചുരുക്കം ചിലരില്‍ ഒരാളായ ജെറാര്‍ഡ് നയിന്‍സിര തന്റെ രക്ഷപ്പെടലിന്റെ അനുഭവം വിവരിക്കുമ്പോള്‍ പറയുന്നുണ്ട്:
“കവികളുടെ ആ മനോഹരമായ വാക്കുകള്‍ക്കൊന്നും, കോര്‍നെലിയസ്, ഞാന്‍ സത്യം ചെയ്യാം, ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു പട്ടിയെ പോലെ ചാവുന്ന ആ അമ്പതിനായിരം രീതികളെ കുറിച്ച് ഒന്നും പറയാനാവില്ല.”
നോവലന്ത്യത്തില്‍ മുറംബിയില്‍ ബാക്കിയാവുന്ന ചിഹ്നങ്ങള്‍ എല്ലാം കണ്ടും കഥകളെല്ലാം കേട്ടും കഴിയുമ്പോള്‍ കോര്‍നെലിയസ് നാടകം എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചതില്‍ ലജ്ജിക്കുന്നുണ്ട്. ഒരു വംശഹത്യ തുടക്കവും ഒടുക്കവും ഉള്ള ഇടയില്‍ ഏറെക്കുറെ സാധാരണ കാര്യങ്ങള്‍ സംഭവിക്കുന്ന എന്തെങ്കിലും ഒരു കഥയല്ല. തന്റെ ജീവിതത്തില്‍ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത സിമെയോന്‍ ഹെബിനേസ സ്വന്തം നിലയില്‍ ശരിക്കും ഒരു നോവലിസ്റ്റ് ആണ്, അതായത്, അന്തിമ വിശകലനത്തില്‍ എന്നേക്കുമുള്ള കഥാകാരന്‍ " അക്കാര്യത്തില്‍ സിമെയോനോട് മത്സരിക്കാന്‍ ആവില്ലെങ്കിലും 'മൌനത്തിലൂടെ കൊലയാളികളുടെ സുനിശ്ചിത വിജയത്തിന് ഇടം നല്‍കി അയാള്‍ പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. … അയാള്‍ ആ ഭീകരതകള്‍ അക്ഷീണം ആവിഷ്കരിക്കും. കൊടുവാള്‍ വാക്കുകള്‍ കൊണ്ട്, കൂടം പോലുള്ള വാക്കുകള്‍ കൊണ്ട്, ആണി തറച്ച വാക്കുകള്‍ കൊണ്ട്, നഗ്നമായ വാക്കുകള്‍ കൊണ്ട്, .. രക്തവും മലവും പുരണ്ട വാക്കുകള്‍ കൊണ്ട്. അതയാള്‍ക്ക് ചെയ്യാനാവും, റുവാണ്ടന്‍ ടുട്സി വംശഹത്യയില്‍ ഒരു വലിയ പാഠം അതിന്റെ ലാളിത്യത്തില്‍ അയാള്‍ കണ്ടു. ഏറ്റവും ചുരുങ്ങിയത് എല്ലാ ചരിത്രാഖ്യാതാക്കള്‍ക്കും പഠിക്കുകയെങ്കിലും ചെയ്യാനാവും - അയാളുടെ കലക്ക് ഏറ്റവും അനിവാര്യമായ ഒന്ന് - ഒരു ഭീകര സ്വത്വത്തെ അതേ പേരില്‍ തന്നെ വിളിക്കുക.” തന്റെ പിതാവിന്റെ കീഴില്‍ അരങ്ങേറിയ അരും കൊലയുടെ വേദിയായിരുന്ന പോളി ടെക്നിക്കില്‍ കൃത്യമായി തിരിച്ചറിഞ്ഞ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലുള്ള പജ്ഞരങ്ങള്‍ക്കരികെ നിത്യവും സന്ദര്‍ശിക്കുന്ന യുവതിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ശരിക്കും ജീവിച്ചിരിക്കുന്നോ അതോ മരിച്ചവള്‍ ആണോ എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ല. കൊല്ലപ്പെട്ടവരുടെ സംഖ്യ എട്ടു ലക്ഷമോ അതോ പത്തോ എന്ന് തര്‍ക്കിക്കുന്നവരോട് അവളെ ഏതു ഗണത്തില്‍ പെടുത്തും എന്ന് ചോദിക്കണമെന്നുണ്ട് അയാള്‍ക്ക്. അവളോടാകട്ടെ അയാള്‍ക്ക് പറയാനുള്ളത് ഇതാണ്: മുറംബിയില്‍ മരിച്ചവര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു, അവരുടെ ഏറ്റവും തീക്ഷ്ണമായ സ്വപ്നം ജീവിച്ചിരിക്കുന്നവരുടെ ഉയിര്‍പ്പായിരുന്നു.
ആര്‍ . പി. എഫ്. കിഗാലിയിലേക്ക് മുന്നേറാന്‍ തുടങ്ങുന്നതോടെ പാലായനം ചെയ്യുന്ന ഹുടു മിലീഷ്യയുടെയും കിഴക്കന്‍ കോംഗോയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹുടു അഭയാര്‍ഥികളുടെയും എതിരെ അരങ്ങേറിയ തിരിച്ചടിക്കല്‍ നടപടികളെ കുറിച്ചും 1959 -നും എത്രയോ മുമ്പേ വേരോടിയിരുന്ന വംശീയ വിദ്വേഷത്തെ കുറിച്ചും വേണ്ടത്ര ജാഗ്രതയുള്ള നിരീക്ഷണങ്ങള്‍ നോവലില്‍ ഇല്ല എന്ന് നിമു എന്ജോയ നിരീക്ഷിക്കുന്നു. കൃത്യമായും 1959 മുതല്‍ 1994 വരെ എന്ന് മുറിച്ചെടുത്തു നിരീക്ഷിക്കാവുന്ന വിധം ക്ലിപ്തമായ അതിരുകള്‍ സാധ്യമല്ല വംശീയ സംഘര്‍ഷത്തിന്റെ ഭയാനകമായ ഈ ചരിത്രസന്ദര്‍ത്തെ കുറിച്ചുള്ള ചിന്തകളില്‍ എന്നിരിക്കെ അത് നോവലിന്റെ ഒരു പരിമിതിയാണ് എന്നും പില്‍ക്കാല ഹുടു വംശീയാനുഭവത്തെ കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ റുവാണ്ടന്‍ ദുരന്തത്തെ കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളില്‍ തമസ്കരിക്കപ്പെട്ട കഥകളുടെ കാര്യത്തില്‍ മൌനം കൊണ്ട് 'മുറംബി'യും ഒപ്പ് ചാര്‍ത്തുന്നുവെന്നും വിമര്‍ശകന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ "നമ്മളും അവരും" എന്ന ധാരണകളില്‍ ഒളിച്ചിരിക്കുന്ന വംശഹത്യാ മാനങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ സമകാലിക അന്താരാഷ്ട്രീയ വിനിമയങ്ങളിലെ പരിമിതപ്പെടുത്തുന്ന അതിരുകളുടെ അര്‍ത്ഥശൂന്യത തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റിന്റെ സൂക്ഷ്മമായ ഉള്‍ക്കാഴ്ച സുവ്യക്തമാണ്.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)
To purchase, contact ph.no: 8086126024
