കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോക സിനിമയില്‍ ഏറ്റവും തിളക്കമുള്ള പേരുകാരില്‍ ഒരാളായി സ്വയം ഇടം നേടിയ നടനാണ് റോജര്‍ മൂര്‍. ഏറ്റവും മികച്ച അഭിനേതാക്കളുടെ ലിസ്റ്റില്‍ അദ്ദേഹം ഉണ്ടാവുമോ എന്ന കാര്യം തര്‍ക്ക വിഷയമാകാം; എന്നാല്‍ ഏറ്റവും വലിയ വിനോദ ദായകരില്‍ ആദ്യപേരുകാരില്‍ അദ്ദേഹത്തിന്റെ ഇടത്തിന് തര്‍ക്കമുണ്ടാവില്ല. ലണ്ടനിലെ ഒരു സാധാരണ പോലീസുകാരനായ ജോര്‍ജ്ജ് ആല്‍ഫ്രഡ് മൂറിന്റെയും ബ്രിട്ടീഷ് ഇന്ത്യയിലെ കല്‍ക്കത്തയില്‍ ഇംഗ്ലീഷ് കുടുംബാംഗമായി ജനിച്ച അമ്മയുടെയും മകനായി 1927 ഒക്റ്റോബര്‍ പതിനാലിന് ദക്ഷിണ ലണ്ടനിലെ സ്റ്റോക്ക് വെല്ലില്‍ പിറന്ന റോജര്‍ 2017 മേയ് ഇരുപത്തിമൂന്നിന് തൊണ്ണൂറാം വയസ്സില്‍ മരിക്കുമ്പോള്‍ ഒരു വലിയ ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ എന്തൊക്കെയുണ്ട് എന്ന് സ്വന്തം വാക്കുകളില്‍ പിന്തലമുറക്കായി കുറിച്ച് വെച്ചതാണ് 'മൈ വേര്‍ഡ് ഈദ് മി ബോണ്ട്'.
“ഒരു വ്യക്തിയെ പറ്റി എനിക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയുകയേ ഇല്ല എന്നതാവും എന്റെ രീതി" എന്ന് തുടക്കത്തിലെ സൂചിപ്പിച്ചു കൊണ്ടാണ് റോജര്‍ മൂര്‍ തന്റെ ആത്മകഥാഖ്യാനത്തിലേക്ക് കടക്കുന്നത്. സ്വതേ പ്രസന്ന പ്രകൃതിയും മാന്യനുമായ, കുലീനതയെന്നത് ഒരു വലിയ മൂല്യമായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്ന ഒരാളുടെ കാര്യത്തില്‍ തികച്ചും നൈസര്‍ഗ്ഗികമായ ഒരു നിലപാട് തന്നെയാണത്. തന്നെ കുറിച്ച് വലിയ മതിപ്പൊന്നും ഇല്ലാത്ത മട്ടില്‍ ഒട്ടും താന്‍പോരിമ കലരാത്ത വ്യക്തിത്വമാണ് റോജറിന്റെതെങ്കിലും രസികത്തവും അനായാസമായ കോമിക് വൈഭവവും അദ്ദേഹത്തിന്റെ സഹജ ഭാവമാണെന്നു കാണാം. ഒന്നാം ലോക യുദ്ധം കഴിഞ്ഞു ഒരു ശതകത്തിനുള്ളില്‍ (1927) ജനിച്ച റോജര്‍, ദക്ഷിണ ലണ്ടനിലെ സ്റ്റോക്ക് വെല്ലിലെ കുട്ടിക്കാലത്തെ കുറിച്ച് സാമാന്യം വിശദമായ സൂചനകള്‍ നല്‍കുന്നുണ്ട്. മൂന്നു തവണയെങ്കിലും ശസ്ത്രക്രിയാ മേശയില്‍ എത്തേണ്ടിവന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നു: ആദ്യം ടോന്‍സിലൈറ്റിസ് സര്‍ജ്ജറിക്ക്, പിന്നീട് മൂത്ര നാളിയില്‍ വിടാതെ പിടികൂടിയ ഫംഗസ് ബാധക്ക് പ്രതിവിധിയായി ചേലാകര്‍മ്മത്തിന്, പിന്നീട് അബദ്ധത്തില്‍ കാല്‍മുട്ടില്‍ തറച്ച എയര്‍ പിസ്റ്റല്‍ പെലെറ്റ് നീക്കം ചെയ്യുന്നതിന്. ഇതൊക്കെ വിവരിക്കുന്നതിനിടയില്‍ തന്നെ കുടുംബം ഒരു കുരങ്ങിനെ ദത്തെടുത്ത കാര്യവും ഒടുവിലതിനെ മേക്കാനാവാതെ ചെസ്സിങ്ങ്ടന്‍ കാഴ്ച്ചബംഗ്ലാവിനു കൈമാറിയതും റോജര്‍ ഓര്‍ക്കുന്നു. ഏകമകന്‍ എന്ന നിലയില്‍ സമ്പന്നമല്ലെങ്കിലും സ്നേഹപൂര്‍ണ്ണമായ കുടുംബാന്തരീക്ഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, ദുരിത ജീവിത സ്മൃതികള്‍ പങ്കുവെക്കുന്ന പതിവ് ഓര്‍മ്മപ്പുസ്തക രീതികളില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പറയാം.
അനിമേഷനിലാണ് റോജറിന്റെ ആദ്യതാല്പര്യം ഉണര്‍ന്നതെങ്കിലും അതൊരു വിജയകരമായ കരിയര്‍ ആയി വളര്‍ത്തിയെടുക്കാന്‍ വേണ്ട അര്‍പ്പണമൊന്നും കാണിക്കാത്ത കൌമാരക്കാരന്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് റാഡാ (റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക്ക് ആര്‍ട്സ്)യില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ വഴിത്തിരിവായത്. പില്‍ക്കാലം മണിപെന്നി എന്ന വിഖ്യാത ബോണ്ട് കഥാപാത്രത്തിലൂടെ തന്റെ സഹപ്രവര്‍ത്തകയായിത്തീര്‍ന്ന ലോയിസ് മാക്സ് വെല്‍ അവിടെ റോജറിന്റെ സഹപാഠിനിയായിരുന്നു. ഇവിടെ വെച്ചാണ് പില്‍ക്കാലം അദ്ദേഹത്തിന്റെ സ്ക്രീന്‍ സാന്നിധ്യത്തിന്റെ മുഖ്യ ആകര്‍ഷണമായിത്തീര്‍ന്ന മിഡ് അറ്റ്ലാന്റിക് ഉച്ഛാരണവും ആ അനായാസ ഭാവവും അദ്ദേഹം സ്വായത്തമാക്കുന്നത്. പ്രാദേശിക നാടക സംഘാംഗമായി ഊര് ചുറ്റിയ സുമുഖനായ നവയുവാവ് സ്റ്റേജ് മാനേജര്‍ ആയിരുന്ന ബിങ്കി ബോമണ്ടിനെ പോലുള്ളവരുടെ അസുഖകരങ്ങളായ ചില താല്‍പര്യങ്ങളില്‍ ശ്രദ്ധാകേന്ദ്രമായതൊക്കെ സ്വത സിദ്ധ ശൈലിയില്‍ റോജര്‍ സൂചനകളില്‍ ഒതുക്കുന്നു. നാല്‍പ്പതുകളില്‍ അപ്രധാന റോളുകളിലൂടെ അത്ര വിജയകരമല്ലാത്ത ചില സിനിമാഭിനയ ശ്രമങ്ങള്‍ നടത്തിനോക്കുന്നുണ്ട് റോജര്‍. അമ്പതുകളില്‍ മോഡലിംഗില്‍ സജീവമാകുന്നതോടൊപ്പം ടെലിവിഷന്‍ രംഗത്തേക്കും അദ്ദേഹം കടന്നു വന്നു. സ്റ്റുഡിയോ സമ്പ്രദായത്തിന്റെ നാളുകളില്‍ ഹോളിവുഡിലെത്തിയ റോജറിന് പക്ഷെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. 1954- 56 കാലഘട്ടത്തില്‍ എം, ജി. എമ്മില്‍ എത്തിയ റോജര്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയം തുടര്‍ന്നു. എലിസബത്ത് ടൈലറോട് ഫ്ലെര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതും അവരുടെ മാറിടങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തിയതും വിവരിക്കുന്ന റോജര്‍, തന്നെ ഒരപ്രധാന നടനായി ടൈലര്‍ അവഗണിച്ചതിനെ കുറിച്ചും ചെറു സൂചന നല്‍കുന്നുണ്ട്. വിമര്‍ശക പ്രശംസയോ പോപ്പുലാരിറ്റിയോ വേണ്ടത്ര നേടിയെടുക്കാന്‍ കഴിയാതെ പോയ യുവ നടനുമായുള്ള കോണ്ട്രാക്റ്റ് എം. ജി. എം. രണ്ടു വര്‍ഷത്തിനു ശേഷം അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും അനിശ്ചിതത്വത്തിലായ റോജറിന് തുണയായത് ഇത്തവണയും ടെലിവിഷന്‍ ആയിരുന്നു. വാള്‍ട്ടര്‍ സ്കോട്ടിന്റെ ക്ലാസ്സിക്കിനെ അധികരിച്ച് അവതരിപ്പിക്കപ്പെട്ട ഐവാന്‍ ഹോയില്‍ സര്‍ വില്‍ഫ്രെഡ് ഓഫ് ഐവാന്‍ ഹോ എന്ന ടൈറ്റില്‍ റോളില്‍ ആദ്യമായി അദ്ദേഹം വിജയം ആസ്വദിച്ചു. അര മണിക്കൂര്‍ വീതമുള്ള മുപ്പത്തിയൊമ്പത് എപ്പിസോഡുകളില്‍ മധ്യകാല വീരനെ അവതരിപ്പിച്ചത് തന്റെ വ്യക്തിത്വത്തെ തന്നെ സ്വാധീനിച്ചുവെന്നു റോജര്‍ ഏറ്റു പറഞ്ഞിട്ടുണ്ട്. ഐവാന്‍ ഹോക്ക് ശേഷം ആല്‍ഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റ്സ് പോലുള്ള സിരീസുകളില്‍ സിംഗിള്‍ ഷോട്ട് വേഷങ്ങള്‍ ചെയ്തു ഏതാനും നാളുകള്‍ക്ക് ശേഷമാണ് റോജര്‍ വാര്‍ണര്‍ ബ്രോസില്‍ എത്തുന്നത്. ദി മിറക്കിള്‍ എന്ന ചിത്രത്തില്‍ ഡിക്ക് ബോഗാര്‍ദെ ഉപേക്ഷിച്ച വേഷത്തിലാണ് അതാരംഭിച്ചത്. ദി അലാസ്കന്‍സ് (1959-60), മാവറിക് (1960-61) എന്നീ സിരീസുകള്‍ക്ക് ശേഷമാണ് കരിയറിലെ മറ്റൊരു നാഴികക്കല്ലായ ദി സെയിന്റില്‍ അദ്ദേഹം എത്തുന്നത്. അമേരിക്കന്‍ പ്രേക്ഷകര്‍ക്കിടയില്‍ റോജറിനെ സ്ഥിരപ്രതിഷ്ടന്‍ ആക്കിയത് ദി സെയിന്റ് ആയിരുന്നു; ഒടുവില്‍ അദ്ദേഹത്ത അന്താരാഷ്ട്ര താരപദവിയില്‍ എത്തിച്ചതും. ഷോണ്‍ കോണറി ഉപേക്ഷിച്ച വേഷമായിരുന്നു അതും എന്ന് റോജര്‍ തമാശ പറയുമായിരുന്നു. 1962 മുതല്‍ ആറു സിരീസുകളിലായി 118 എപ്പിസോഡുകളിലായി പരന്നു പോയ പരമ്പര ഒടുവിലെത്തുമ്പോഴേക്കും റോജറിനെ വല്ലാതെ മടുപ്പിച്ചിരുന്നു. തുടര്‍ന്ന് ടെലിവിഷനില്‍ നിന്ന് വിട്ടുനിന്ന കാലത്താണ് ക്രോസ്പ്ലോട്ട് എന്ന സ്പൈ ത്രില്ലര്‍ ചിത്രവും അദ്ദേഹന്റെ ചലച്ചിത്ര സപര്യയിലെ മാസ്റ്റര്‍പീസ് എന്ന് പലരും കരുതുന്ന ദി മാന്‍ ഹു ഹോണ്ടഡ് ഹിംസെല്‍ഫ് (1970) എന്ന ചിത്രവും ഉണ്ടാവുന്നത്. തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഒന്ന് എന്ന് റോജര്‍ ചിത്രത്തെ സാക്ഷ്യപ്പെടുത്തുന്നു; "പലരും പറയുന്നു എന്റെ ഏറ്റവും നല്ല വേഷമെന്ന്.. ഒരു ശരാശരി നടന്‍ എന്ന നിലയില്‍ ഞാനത് നിഷേധിക്കില്ല" എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഒരിക്കല്‍ കൂടി ടോണി കര്‍ടിസിനോടൊപ്പം ദി പെഴ്സുവേഡെഴ്സ്! (1971-72) സിരീസിനു വേണ്ടി ടെലിവിഷനുമായി ചങ്ങാത്തത്തിലാവുന്നതിനു ശേഷമാണ് ഒരു വിനോദ വ്യവസായം എന്ന നിലയില്‍ ചലച്ചിത്ര മേഖല സൃഷ്ടിച്ച എക്കാലത്തെയും ഏറ്റവും വലിയ കഥാപാത്രങ്ങളിലൊന്നില്‍ അടുത്ത പതിമൂന്നു വര്‍ഷക്കാലം നിറഞ്ഞു നില്‍ക്കാനായി റോജര്‍ മൂര്‍ എത്തിച്ചേരുന്നത്.
ഇയാന്‍ ഫ്ലെമിങ്ങിന്റെ നായകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ ആല്‍ബെര്‍ട്ട് 'ചബ്ബി' ബ്രോക്കോലിയും ഹരി സെല്‍റ്റ്സ്മാനും തങ്ങളുടെ സുഹൃത്തായ റോജര്‍ മൂറിനെ വേഷത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു എന്ന് കരുതുന്നവര്‍ ഉണ്ടെങ്കിലും അദ്ദേഹം അത് നിഷേധിക്കുന്നു. മാത്രവുമല്ല, അക്കാലത്ത് 'ദി സെയിന്റി'ന്റെ കരാറില്‍ തിരക്കിലുമായിരുന്നു മൂര്‍. എന്നാല്‍ യു ഒണ്‍ലി ലിവ് ട്വൈസി'നു ശേഷം ഇനി താന്‍ ബോണ്ട് വേഷത്തിലേക്കില്ല എന്ന് കോണറി പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു നടനെ തെരഞ്ഞെടുക്കേണ്ട സന്ദര്‍ഭമായി. ഓണ്‍ ഹിസ് മെജസ്റ്റീസ് സീക്രറ്റ് സര്‍വീസില്‍ ജോര്‍ജ്ജ് ലാന്‍സ്ബിയെ കാസ്റ്റ് ചെയ്തെങ്കിലും ഡയമണ്ട്സ് ആര്‍ ഫോര്‍ എവറിനു വേണ്ടി നിര്‍മ്മാതാക്കള്‍ വീണ്ടും ഷോണിനെ സമീപിച്ചു. സാധാരണ ഗതിയില്‍ അംഗീകരിക്കാനാവാത്ത വമ്പിച്ച പ്രതിഫലം ഉള്‍പ്പടെ ഏതാണ്ട് അസാധ്യമായ നിബന്ധനകളോടെയാണ് കോണറി സമ്മതം മൂളിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന അഭിനേതാവായിത്തീര്‍ന്നു ആ ചിത്രത്തില്‍ കോണറി. എങ്കിലും കിട്ടിയ പണം മുഴുവന്‍ സ്കോട്ടിഷ് ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം സ്ഥാപിച്ച് ദരിദ്രരായ സ്കോട്ടിഷ് കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യം മെച്ചപ്പെടുത്തുകയാണ് കോണറി ചെയ്തത് എന്ന് റോജര്‍ മൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ഡയമണ്ടി'ന്റെ ചിത്രീകരണം നടക്കുമ്പോള്‍ അതേ പൈന്‍വുഡ് സ്റ്റുഡിയോയില്‍ ദി പെഴ്സ്വേഡെഴ്സില്‍ മൂര്‍ തിരക്കിലായിരുന്നു.
ബോണ്ട് ആകുന്നതിനു വേണ്ടി നടത്തേണ്ടിവന്ന കഠിനമായ തയ്യാറെടുപ്പുകളെ കുറിച്ച് അസ്വസ്ഥനായിരുന്നത് റോജര്‍ വിവരിക്കുന്നുണ്ട്:
"ഹാരി ഒരു ദിവസം എന്നെ വിളിച്ചു
“ചബ്ബി കരുതുന്നു, നീ കുറച്ചു തടി കുറക്കണം"
"ഓക്കേ. ഞാന്‍ കരുതി. അതുകൊണ്ട് ഞാന്‍ കടുത്ത ഭക്ഷണ നിയന്ത്രണം തുടങ്ങി.
പിന്നൊരിക്കല്‍ ഫോണ്‍ ശബ്ദിച്ചു. “ചബ്ബി കരുതുന്നു നീ കുറച്ചു കോലംകെട്ടിരിക്കുന്നു"
ഞാന്‍ കടുത്ത ഫിറ്റ്നസ് പരിശീലനം തുടങ്ങി.
വീണ്ടും ഫോണ്‍ മുഴങ്ങി; ഇത്തവണ അത് ചബ്ബി തന്നെയായിരുന്നു, “ഹാരി പറയുന്നു നിന്റെ മുടി നീളം കൂടുതലാണ്.”
"എന്തേ നിങ്ങള്‍ എന്നെ ഈ നരകത്തില്‍ തള്ളുന്നത് ഒഴിവാക്കി ആദ്യമേ ഒരു മെലിഞ്ഞ, ശാരീരിക ക്ഷമതയുള്ള കഷണ്ടിക്കാരനെ കാസ്റ്റ് ചെയ്തില്ല?”
ബോണ്ട് ഒരു കഥാപാത്രമെന്ന നിലയില്‍ ഒട്ടേറെ ശാരീരിക പരീക്ഷണങ്ങള്‍ക്ക് റോജറിനെ വിധേയനാക്കുകയുണ്ടായിട്ടുണ്ട്. ലിവ് ആന്‍ഡ് ലെറ്റ് ഡൈ ചിത്രീകരണം ന്യു ഓര്‍ലിയന്‍സില്‍ പുരോഗമിക്കുമ്പോള്‍ ജെറ്റ് ബോട്ട് ചെയ്സിനിടയില്‍ സംഭവിച്ച അപകടമായിരുന്നു അതില്‍ ആദ്യത്തേത്. ഒരു പ്രാക്റ്റീസ് ചെയ്സിനിടയില്‍ അവിചാരിതമായി ഇന്ധനം തീര്‍ന്നു പോകുമെന്നറിഞ്ഞ റോജര്‍ തടികൊണ്ടുണ്ടാക്കിയ ബോട്ട് ഹൌസില്‍ ഇടിപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ശ്രമം മുന്‍ വരിയിലെ പല്ല് പൊട്ടുന്നതിലും കാല്‍മുട്ടിന് കടുത്ത മുറിവ് പറ്റുന്നതിലും കലാശിച്ചു. പക്ഷെ 007 ധീരനാകാതെ പറ്റില്ലായിരുന്നു എന്ന് തീരുമാനിച്ച റോജര്‍ ചോദിക്കുന്നു, 'എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് ആരാണ് പറഞ്ഞത്?' ഇതേ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ കിഡ്നി സ്റ്റോണ്‍ പ്രശ്നത്തിനു കഴിച്ച മരുന്ന് കാരണം മൂത്രം നീലയായതും ഉറക്കപ്പിച്ചില്‍ അബദ്ധത്തില്‍ അത് തന്റെ ഒന്നാന്തരം വസ്ത്രങ്ങളെ നീലയില്‍ മുക്കിയതും റോജര്‍ വിവരിക്കുന്നു. കൂടുതല്‍ ഗൌരവമുള്ള ഓര്‍മ്മകളും ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ജമൈക്കന്‍ ഷെഡ്യൂളില്‍ ബോണ്ട് ഗേള്‍ ആയി ഗ്ലോറിയ ഹെണ്ട്രി എന്ന കറുത്ത വര്‍ഗ്ഗക്കാരിയെ അഭിനയിപ്പിച്ചത് ഉണ്ടാക്കിയ വംശീയ പ്രശ്നങ്ങള്‍ അക്കൂട്ടത്തിലുണ്ട്. കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ ബോണ്ട് ഗേള്‍ എന്ന ബഹുമതി അവര്‍ക്കാണ്. മീഡിയ ഉണ്ടാക്കിയ പുകില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതിലും ഗ്ലോരിയക്ക് മികച്ച പിന്തുണ നല്‍കുന്നതിലും ഹാരിയുടെ സഹായം വലുതായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. അന്ധവിശ്വാസിയല്ലെങ്കിലും ടാരറ്റ് കാര്‍ഡ് വായനക്കാരന്‍ നടത്തിയ പ്രവചനം ഭയന്ന് ബ്ലാക്ക് ലിമൂസിന്‍ ഉപയോഗിക്കുന്നത് കുറെ കാലത്തേക്ക് വേണ്ടെന്നു വെച്ചതും, മകന്‍ ജെഫ്രി ഒരു ലോകനായകനാകും എന്ന പ്രവചനത്തില്‍ 'എന്നാല്‍ പിന്നെ നിനക്കൊരു പ്രധാന മന്ത്രി ആകരുതോ?' എന്ന് അവനോടു ചോദിച്ചതും റോജര്‍ തമാശ പറയുന്നു. ജെയ്ന്‍ സെയ്മോറുമായുള്ള കിടപ്പറ രംഗത്തില്‍ ജമൈക്കയില്‍ തുടങ്ങിയ രംഗം ഇംഗ്ലണ്ടിലെ തണുപ്പില്‍ ഷൂട്ടിംഗ് തുടര്‍ന്നപ്പോള്‍ പുതപ്പിനടിയില്‍ ഫുട്ബാള്‍ സോക്സ് ധരിക്കാന്‍ ജയിനിനെ ഉപദേശിച്ചതും റോജര്‍ വെളിപെടുത്തുന്നു. കൂടെ അഭിനയിച്ചവരെ കുറിച്ച് എന്താണഭിപ്രായം, ഷോണ്‍ കോണറിയുടെ ബോണ്ടില്‍ നിന്ന് എന്താണ് വ്യത്യാസം തുടങ്ങിയ പതിവു മീഡിയ പല്ലവികളെ കുറിച്ച് അദ്ദേഹം കളിയാക്കുന്നുണ്ട്: “അതോടൊപ്പം വേറെയും തുല്യ ധൈഷണിക ചോദ്യങ്ങള്‍, ദൂരവ്യാപകം, ചിന്തോദ്ധീപകം". ഏറെ ഭയത്തോടെ ഏഴു മില്ല്യന്‍ ഡോളറില്‍ പുറത്തിറക്കിയ തന്റെ ആദ്യ ബോണ്ട് ചിത്രം 126 മില്ല്യന്‍ കലക്റ്റ് ചെയ്തു വന്‍ വിജയമായത് മൂറിനെ ഒറ്റയടിക്ക് വന്‍ ഡിമാണ്ട് ഉള്ള താരമാക്കി. ദി മാന്‍ വിത്ത് ദി ഗോള്‍ഡന്‍ ഗണ്‍ ചെയ്യുന്നതിന്റെ ഇടവേളയില്‍ അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രത്തിന്‍റെ കാര്യത്തില്‍ ഉണ്ടായ വംശീയ അനുഭവങ്ങളെയും മൂര്‍ വിശദമായി പ്രദിപാദിക്കുന്നുണ്ട്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയില്‍ ചിത്രീകരണം നടത്തിയാല്‍ വിലക്കേര്‍പ്പെടുത്തുമെന്ന ഭീഷണി പോലും നേരിടേണ്ടി വന്നതും വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന തരം ഭീഷണികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാട് സംവിധാകന്‍ പീറ്റര്‍ ഹണ്ടും നിര്‍മ്മാതാക്കളും സ്വീകരിക്കുകയായിരുന്നു. ഷൂട്ടിംഗ് കാലത്ത് നേരില്‍ കാണാനായ വംശീയതയുടെ സാക്ഷ്യങ്ങളും ഖനിത്തൊഴിലിന്റെ പാരുഷ്യവും റോജറിനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.
ലിവ് ആന്‍ഡ് ലെറ്റ് ഡൈ-യെ തുടര്‍ന്ന് ദി മാന്‍ വിത്ത് ദി ഗോള്‍ഡന്‍ ഗണ്‍ (1974), ദി സ്പൈ ഹു ലവ്ഡ് മി (1977), മൂണ്‍ റേക്കര്‍ (1979), ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി (1981), ഒക്ടോപുസ്സി (1983), എ വ്യു ടു എ കില്‍ (1985) എന്നിങ്ങനെ ഏഴു ചിത്രങ്ങളില്‍ അഭിനയിച്ച് ഏറ്റവും നീണ്ട കാലം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ ടൈറ്റില്‍ റോള്‍ ചെയ്ത നടന്‍ എന്ന റെക്കോര്‍ഡിനു അദ്ദേഹം ഉടമയായി. ബോണ്ടിനെ അവതരിപ്പിച്ചതില്‍ ഏറ്റവും പ്രായം കൂടിയ ആളും മുന്‍ഗാമിയായ കോണറിയെക്കാള്‍ മൂന്ന് വയസ്സ് കൂടിയ റോജര്‍ മൂര്‍ ആയിരുന്നു.
പുസ്തകത്തിന്റെ അവസാന മൂന്നിലൊന്നില്‍ യൂനിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന നിലയിലുള്ള ഇരുപതോളം വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളുമാണ് വിഷയമാകുന്നത്. അഭിനേതാവെന്ന നിലയില്‍ ലോകമെമ്പാടും സഞ്ചരിക്കുമായിരുന്ന മൂര്‍ ഇപ്പോള്‍ പുതിയ ദൌത്യവുമായി അതെ കാര്യം ആവേശ പൂര്‍വ്വം ചെയ്തുവന്നു. ഹൃദയാലുവും സാമൂഹ്യ ബോധ്യങ്ങള്‍ ഉള്ളവനുമായ ഒരാള്‍ക്ക് തന്റെ അഭിവന്ദ്യമായ വാര്‍ദ്ധക്യം സര്‍ഗ്ഗാത്മകമായി ചെലവഴിക്കാനുള്ള അവസരം മാത്രമല്ല, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് താരപദവിയില്‍ എത്തുകയും അതുവഴി വലിയ ജനസമ്മതിയും മികച്ച ജീവിത ചുറ്റുപാടുകളും നല്‍കുകയും ചെയ്ത ലോകത്തോടുള്ള കടം വീട്ടാനുള്ള അവസരവും കൂടിയാണ് പുതിയ മേഖല പ്രദാനം ചെയ്തത്. യൂനിസെഫുമായി സഹകരിക്കാന്‍ തന്നെ പ്രചോദിപ്പിച്ച്ചത് ഓഡ്രി ഹെപ്ബേണ്‍ ആയിരുന്നുവെന്നുവെന്നു അദ്ദേഹം സൂചിപ്പിക്കുന്നു. ആ നല്ല സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് അവര്‍ വിട്ടുവെച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം മുന്നോട്ടു വരികയായിരുന്നു. ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ ആവശ്യത്തിനായി പ്രവര്‍ത്തിക്കുക എന്നത് വലുതായപ്പോഴും ഒരു കുട്ടിയുടെ മനസ്സ് സൂക്ഷിച്ച റോജര്‍ മൂറിന് ഒരു നിയോഗം തന്നെയായിരുന്നു എന്നു പറയാം. ഐ. ഡി. ഡി. (അയോഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡര്‍) എന്ന അവസ്ഥ മൂന്നാം ലോക രാജ്യങ്ങളില്‍ പിടി മുറുക്കുന്നതിനെതിരെ ജാഗ്രതയുയര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. അയോഡിന്‍ ചേര്‍ന്ന ഉപ്പിന്റെ ഉപയോഗം എന്ന ലളിത പരിഹാരത്തിലൂടെ മാനസിക പ്രശ്നങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന സന്ദേശം പ്രധാനമായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ നേതാക്കളെ നേരില്‍ കാണാനും ആ ആവശ്യത്തിനായി അതിനായി നിരന്തരം ശ്രമിക്കാനും മൂര്‍ യാത്രകള്‍ തുടര്‍ന്നു. എന്തിനാണ് യൂനിസെഫിന് വേണ്ടി ഫണ്ട് പിരിവു നടത്തുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്: യൂനിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യു. എന്‍. ചില്ലിക്കാശും നല്‍കുന്നില്ല. യൂണിസെഫ് സ്വയം ഫണ്ട് കണ്ടെത്തുകയാണ്. അതില്‍ ഒമ്പത് ശതമാനത്തില്‍ താഴെ പണം മാത്രമാണ് സംഘടനയുടെ നടത്തിപ്പു ചിലവുകള്‍ക്കായി നീക്കിവെക്കുന്നത്. പുസ്തകത്തിലെ യൂണിസെഫ് ഭാഗം ആവശ്യത്തില്‍ കൂടുതല്‍ വിവരണാത്മകമാണ് എന്ന് തോന്നാമെങ്കിലും റോജര്‍ മൂര്‍ ആ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന പരിപൂര്‍ണ്ണ സമര്‍പ്പണവും ഹൃദയപൂര്‍ണ്ണമായ മുഴുകലും വായനക്കാരെ തീര്‍ത്തും ആകര്‍ഷിക്കും.
പത്തൊമ്പതാം വയസ്സില്‍ നടിയും ഐസ് സ്കേറ്ററുമായിരുന്ന ഡൂം വാന്‍ സ്റ്റൈനിനെ വിവാഹം കഴിച്ച റോജര്‍ മൂര്‍ ആ ബന്ധം തകര്‍ന്നതിന് ശേഷം ഗായികയായ ഡോറോത്തി സ്ക്വയറിനെ വിവാഹം ചെയ്തു. റോജറിനെക്കാള്‍ പന്ത്രണ്ടു പയസ്സുണ്ടായിരുന്നു അവര്‍ക്ക്. വികാര വിക്ഷോഭങ്ങള്‍ അടയാളപ്പെടുത്തിയ ആ ദാമ്പത്യവും നീണ്ടുനില്‍ക്കുക അസാധ്യമായിരുന്നു. ഒട്ടേറെ കൊടുങ്കാറ്റുകള്‍ക്ക് ശേഷം ഒടുവില്‍ വിവാഹ മോചനത്തിന് ഡോറോത്തി സമ്മതിക്കുമ്പോഴേക്കും ലുയിസ മാറ്റിയോലിയില്‍ തന്റെ ജീവിത പങ്കാളിയ മൂര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. 1969- ല്‍ ഔപചാരികമായി വിവാഹിതരായ മൂര്‍- ലൂയിസ ദമ്പദികള്‍ക്ക് മൂന്നു മക്കളുണ്ട്. 1993-ല്‍ ക്രിസ്റ്റിനയെ കണ്ടുമുട്ടിയതും മാറ്റിയോലിയുമായി പിരിഞ്ഞതും പ്രോസ്ട്രേറ്റ് കാന്‍സര്‍ കണ്ടുപിടിക്കപ്പെട്ടതും പിന്നിട്ട ജീവിത വഴികളെ വിലയിരുത്തുന്നതിലേക്ക് റോജറിനെ എത്തിച്ചതാണ് ഒരര്‍ത്ഥത്തില്‍ ആത്മകഥയായി പരിണമിച്ചത്. 2017 മേയ് ഇരുപത്തിമൂന്നിന് ജീവിത നാടകത്തില്‍ നിന്ന് തന്നെ റോജര്‍ മൂര്‍ അരങ്ങൊഴിയുമ്പോള്‍ കുസൃതി കലര്‍ന്ന ലാഘവത്വവും ചടുല ചലനങ്ങളുമുള്ള പ്രിയങ്കരനായ ഒരു 'ലേഡി കില്ലര്‍' സ്പൈ ഹീറോയെ മാത്രമല്ല, ഹൃദയ ശുദ്ധിയും നന്മ ചെയ്യാനുള്ള മനസ്സുമുള്ള വലിയൊരു മനുഷ്യനെ കൂടിയാണ് ലോകത്തിനു നഷ്ടമായത്. തന്റെ വിഖ്യാത കഥാപാത്രത്തെ തലക്കെട്ടില്‍ കുടിയിരുത്തുന്ന ആത്മകഥാ പുസ്തകമാകട്ടെ അഹന്തയുടെ നിഴല്‍ പോലുമില്ലാത്ത, സ്വന്തം കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചും തികഞ്ഞ ബോധ്യമുള്ള ഒരാളെയാണ് വായനാക്കര്‍ക്കു മിന്നുല്‍ ആവിഷ്കരിക്കുന്നത്.
