സ്വാതന്ത്ര്യാനന്തര നൈജീരിയയില്‍ വിദ്യാസമ്പന്നവും സാമ്പത്തിക ഭദ്രതയുള്ളതുമായ പശ്ചാത്തലത്തില്‍ ജനിച്ചു പത്തൊമ്പതാം വയസ്സില്‍ ഐക്യനാടുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചിമമാന്‍ഡാ എന്‍ഗോസി അദീച്ചി, പുതുതലമുറ ആഫ്രിക്കന്‍ പ്രവാസാനുഭവ എഴുത്തുകാരില്‍ പ്രമുഖയാണ്. 2004-ല്‍ പുറത്തിറങ്ങിയ പ്രഥമ കൃതി പര്‍പ്പിള്‍ ഹൈബിസ്കസ് വിഖ്യാതമായ ഒറഞ്ച് പ്രൈസ് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 2005-ല്‍ ഏറ്റവും മികച്ച പ്രഥമ കൃതിക്കുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്ക്കാരം നേടുകയും ചെയ്തു. 2007-ല്‍ പുറത്തിറങ്ങിയ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ' അതേ വര്‍ഷം ഒറഞ്ച് പ്രൈസ്, അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. 2014-ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കാനാഹ്' എന്ന നോവലും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലാണ്. കൂടാതെ, ശ്രദ്ധേയമായ കഥാസമാഹാരങ്ങളും പ്രവാസാനുഭവത്തിന്റെയും, സാംസ്കാരിക വൈവിധ്യങ്ങളെയും തനിമയേയും തമസ്ക്കരിക്കുന്ന വാര്‍പ്പുമാതൃകകളുടെ അപകടങ്ങളെ കുറിച്ചും ഫെമിനിസ്റ്റ് നിലപാടുകളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന പ്രഭാഷണങ്ങളും എന്‍ഗോസി അദീചിയുടെതായി ഉണ്ട്.
നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ ചൂടിലൂടെ കടന്നു പോകുന്ന ആധുനിക എഴുത്തുകാര്‍ക്ക് കണ്ടില്ലെന്നു വെക്കാനാവാത്ത അനുഭവകാണ്ഡമാണ് സ്വാതന്ത്ര്യ പ്രാപ്തി (1960)ക്ക് ഏഴു വര്‍ഷത്തിനു ശേഷമുണ്ടായ ബിയാഫ്രന്‍ യുദ്ധമെന്ന് വിളിക്കപ്പെട്ട രക്തരൂക്ഷിതമായ ആഭ്യന്തര സംഘര്‍ഷം. സംഘര്‍ഷത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഇബോ വിഭാഗത്തില്‍പ്പെട്ട അദീചിയുടെ രണ്ടാമത് നോവല്‍ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ', അത് നേരിട്ടനുഭവിച്ച തലമുറയുടെ പിന്മുറക്കാരി മാത്രമെങ്കിലും, ഈ കാലഘട്ടത്തെയാണ് പശ്ചാത്തലമാക്കുന്നത്. 'ചോരച്ചെമ്പരത്തി'യാവട്ടെ, പില്‍ക്കാലം എണ്‍പതുകളുടെ പാതിയില്‍ ആരംഭിച്ച ഇബ്രാഹിം ബബാന്‍ഗിഡയുടെ സൈനിക ഏകാധിപത്യ ഭരണകാലത്ത് അരങ്ങേറിയ അടിച്ചമര്‍ത്തലും കിരാത വാഴ്ചയും പശ്ചാത്തലമാക്കുന്നു. നോവലില്‍ സൂചിപ്പിക്കപ്പെടുന്ന ജനറല്‍, ബാബാന്‍ഗിഡ തന്നെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ആഡേ കോക്കര്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ പട്ടാള ഭരണത്തിനെതിരില്‍ ശബ്ദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തപാല്‍ ബോംബിന്റെ ഇരയായി 1986-ല്‍ കൊല്ലപ്പെടുകയും ചെയ്ത പത്ര പ്രവര്‍ത്തകന്‍ ഡെലി ഗിവായുടെ പുനരാവിഷ്കാരവുമാണ്.
ഏകാധിപത്യത്തിന്റെ പിതൃ സ്വരൂപം
പുറത്തു എല്ലാത്തരം സ്വാതന്ത്ര്യ ബോധത്തെയും മൃത്യുമുനമ്പിലേക്ക് വലിച്ചിഴക്കും വിധം നൈജീരിയയുടെ അധികാര രാഷ്ട്രീയം ഏകാധിപതികളുടെ കയ്യില്‍ കലുഷമാവുന്നു. വീട്ടിനകത്ത് കത്തോലിക്കാ വിശ്വാസത്തിന്റെ മൗലികമത ഭ്രാന്തിന്റെ ആള്‍രൂപമായ പിതാവിന്റെ അന്ധമായ അടിച്ചമര്‍ത്തല്‍ പ്രകൃതം കാരണം കുടുംബാംഗങ്ങള്‍ ജീവിതത്തിന്‍റെ നൈസര്‍ഗ്ഗിക ഭാവങ്ങള്‍ കൈമോശം വന്ന് ഭയം ഭരിക്കുന്ന മൗനജീവികളായി ജീവിതം തള്ളിനീക്കുന്നു. ആഖ്യാതാവിന്റെ ഹൃദയത്തിനകത്ത് പിതൃഭക്തിയും കൗമാരത്തിന്റെ നൈസര്‍ഗ്ഗിക സ്വാതന്ത്ര്യ ബോധവും വിജയിക്കാനിടയില്ലാത്ത പോരാട്ടം തുടരുന്നു. ആഫ്രിക്കന്‍ എഴുത്തുകാരുടെ പുതുതലമുറയെ ഒന്നടങ്കം ആഴത്തില്‍ സ്വാധീനിച്ച നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ 'സര്‍വ്വം ശിഥിലമാകുന്നു' (Things Fall Apart) എന്ന നോവലിന്റെ അനുരണനം നോവലിന്റെ തുടക്കത്തിലേ വ്യക്തമാണ്. അച്ഛനും മകനും തമ്മില്‍ വിശ്വാസ സംബന്ധിയായി ഉണ്ടാവുന്ന വഴക്ക്, മമ്മ ഏറെ കരുതലോടെ സൂക്ഷിക്കുന്ന കൊച്ചു രൂപങ്ങള്‍ തകരാന്‍ ഇടയാക്കുന്നു. ഇതോടെ കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാവുന്ന മാറ്റം ഇനിയൊരിക്കലും പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തില്ല എന്ന നടുക്കത്തോടെയാണ് 'പര്‍പ്പിള്‍ ഹൈബിസ്ക്കസ്' കഥ പറഞ്ഞു തുടങ്ങുക. ഒരര്‍ഥത്തില്‍ ഇത് സംഘര്‍ഷ ഭരിതമായ കുടുംബാന്തരീക്ഷത്തില്‍ കഴിയുന്ന ഏതൊരു ആഫ്രിക്കന്‍ കൗമാരക്കാരന്റെ/ക്കാരിയുടെയും കഥ തന്നെയാണ്. കാംബിലി എന്ന പതിനാലുകാരിയുടെ ആഖ്യാനത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഈ 'സ്വാഭാവിക' കഥ പക്ഷെ, അതിന്റെ അതിസാധാരണത്വം ഭേദിക്കുന്നതും നോവലിസ്റ്റ് തന്റെ കൃതിയുടെ അനന്യത സ്ഥാപിക്കുന്നതും അത് തികച്ചും വ്യത്യസ്തമായ ഒരു ജീവിതാവസ്ഥയുടെയും പ്രണയാനുഭവത്തിന്റെയും കൂടി കഥയാവുന്നതോടെയാണ്.
വിശ്വാസകാര്‍ക്കശ്യങ്ങളുടെആള്‍രൂപമായപപ്പയുടെ നിഴലിലാണ് കാംബിലിയും രണ്ടു വയസ്സിനു മൂത്ത സഹോദരന്‍ യാജയും വീട്ടമ്മയായ മാതാവും. മത ചിട്ടകള്‍ പോലെത്തന്നെ പഠനകാര്യങ്ങളിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാത്ത പപ്പ അതിക്രൂരമായ ശിക്ഷാമുറകളിലൂടെയാണ് കലിബാധിക്കുന്ന നിമിഷങ്ങളില്‍നേരിയ പോരായ്മകളെ പോലും നേരിടുക. രണ്ടാം റാങ്ക് പോലും അയാളെ തൃപ്തിപ്പെടുത്തുന്നില്ല. 'മറ്റൊരു കുട്ടിയെ ഒന്നാം റാങ്ക് നേടാന്‍ അനുവദിക്കാന്‍ വേണ്ടിയല്ല' താന്‍ പുണ്യാളന്മാര്‍ക്കും ദാന ധര്‍മ്മങ്ങള്‍ക്കും ഒക്കെയായി വന്‍തുക ചിലവിടുന്നത് എന്ന അയാളുടെ വാദം, റാങ്ക് നേടല്‍ ഒരു വിശ്വാസ ദൌത്യം തന്നെയായി കാംബിലിയെ ബോധ്യപ്പെടുത്തുന്നു. പാരമ്പര്യ വിശ്വാസിയായ മുത്തച്ഛനെ കാണാന്‍ പോലും കുട്ടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വെക്കുന്നത് ആ സമ്പര്‍ക്കം പാപമാണ് എന്ന ന്യായത്തിലാണ്. ഒരു ഘട്ടത്തില്‍ അതിന്റെ പേരില്‍ അയാള്‍ മകളെ ദീര്‍ഘമായ അബോധാവസ്ഥയും ആശുപത്രിവാസവും ഉണ്ടാവും വിധം ജീവച്ഛവമാക്കുന്നുമുണ്ട്. ഈ കാര്‍ക്കശ്യങ്ങളുടെ സ്വാഭാവിക അനന്തര ഫലമാണ് മുതിര്‍ന്ന യുവാവിലേക്ക് വളരുന്ന യാജ ക്രമേണ അച്ഛനെ മറികടക്കുന്ന ധിക്കാരിയും വിശ്വാസങ്ങളിലെ അസംബന്ധങ്ങളെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര ബുദ്ധിയും ആക്കുക:
“അതെയതെ, തീര്‍ച്ചയായും ദൈവത്തിനറിയാം. തന്റെ വിശ്വസ്ത ദാസന്‍ ഇയോബിനോട് അവനെന്തു ചെയ്തെന്നു നോക്ക്, സ്വന്തം മകനോട് പോലും...! അതൊക്കെ എന്തുകൊണ്ടാണെന്ന് നിനക്ക് അത്ഭുതം തോന്നിയിട്ടുണ്ടോ? നമ്മെളെയെല്ലാം രക്ഷിക്കാന്‍ വേണ്ടി അവനു സ്വന്തം മകനെത്തന്നെ കൊന്നുകളയേണ്ടി വന്നതെന്തേ ? എന്തേ നേരെ അങ്ങ് പോയി രക്ഷിക്കാതിരുന്നു?”
കുടുംബത്തില്‍ താരതമ്യേന നിശ്ശബ്ദയും ശാന്തയുമായി കുടുംബിനിയുടെ ഉത്തരവാദിത്തങ്ങളില്‍ ഒതുങ്ങിക്കൂടുന്ന മമ്മ ബിയാട്രീസിനു രണ്ടുതവണ ഗര്ഭാമാലസാന്‍ ഇടയാവുന്നതുപോലും യുജീനിന്‍റെ പീഡനപ്രകൃതം മൂലമാണ്. എന്നിരിക്കിലും ഇതൊന്നുമറിയാതെ, രണ്ടു മക്കള്‍ക്ക് ശേഷം പ്രസവിക്കാത്തവളുടെ സ്ഥാനത്തു മറ്റൊരുത്തിയെ വിവാഹം ചെയ്യാന്‍ പലരും നിര്‍ബന്ധിച്ചിട്ടും അയാള്‍ അത് ചെവിക്കൊള്ളുന്നില്ല എന്നത് കുടുംബത്തോടുള്ള അയാളുടെ അര്‍പ്പണമായിക്കരുതുന്ന ബിയാട്രിസ് സമര്‍പ്പിതയായ ഭാര്യയായിത്തുടരുന്നുണ്ട് - ഒടുവില്‍ അത്യസാധാരണമായ ഒരു തീരുമാനം എടുക്കുന്നത് വരെ. ആ തീരുമാനമാകട്ടെ, മകനെ, രാഷ്ട്രീയമാറ്റങ്ങളുടെ ഔദാര്യത്തില്‍ മോചിതനാകും വരെ സ്വയം ഏറ്റ കൊലക്കുറ്റത്തിന് മൂന്നു വര്‍ഷത്തോളം ജയില്‍വാസത്തില്‍ എത്തിക്കുകയും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയില്‍ ബിയാട്രിസിനെ തള്ളിയിടുകയും ചെയ്യും എന്നാല്‍ കൊടിയ പൈശാചത്തിനിടയിലും പപ്പ യൂജിന്‍ സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി വന്‍തുക ചെലവഴിക്കുകയും ആവശ്യക്കാരെ 'വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്ന നിഷ്കര്‍ഷയോടെത്തന്നെ കയ്യയച്ചു സഹായിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയമായി ധീരവും ശരിയുമായ ഏകാധിപത്യ വിരുദ്ധ നിലപാടുകള്‍ മറച്ചുവെക്കാതെ അതിനായി ഒരു പത്രം നടത്തുകയും ആക്റ്റിവിസ്റ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന അയാള്‍ ഏറെ ദുഃഖിതനാവുന്നതും ആ വെല്ലുവിളിയില്‍ താന്‍ തോറ്റുപോകുമ്പോഴാണ് . പപ്പയിലുണ്ടാവുന്ന മാറ്റം കാംബിലി തിരിച്ചറിയുന്നുണ്ട്. വാതില്‍പ്പടികള്‍ കടക്കാന്‍ നല്ലവണ്ണം തല കുനിക്കേണ്ടി വന്നിരുന്ന, കാലുറ തയ്ക്കാന്‍ തുന്നല്‍ക്കാരന് കൂടുതല്‍ തുണി നല്‍കേണ്ടിയിരുന്നത്ര ഉയരമുണ്ടായിരുന്ന പപ്പാ പെട്ടെന്ന് വളരെ ചെറുതായത് പോലെ അവള്‍ക്കു തോന്നുന്നു. "ഇപ്പോള്‍ പപ്പയെ കണ്ടാല്‍ ചുരുട്ടിക്കൂട്ടിയ ഒരു തുണിക്കഷണം പോലെ തോന്നും.”
പപ്പയുടെ മാറ്റം അവളില്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. ദുസ്വപ്നങ്ങളുടെ പരമ്പര ആരംഭിക്കുന്നു. ഊണ് മേശമേലും മകളുടെ യൂണിഫോമിലും കുഞ്ഞിന്റെ സെറിലാക്ക് പാത്രത്തില്‍ പോലും ആഡേ കോക്കറുടെ ചാരം ചിതറിക്കിടക്കുന്നത് അവള്‍ കണ്ടുതുടങ്ങുന്നു. "ചിലപ്പോള്‍ സ്വപ്നങ്ങളില്‍ മകള്‍ ഞാനും ചാരം അപ്പന്റെതും ആയി" എന്ന് കാംബിലി സാക്ഷ്യപ്പെടുത്തുന്നു.
നൈസര്‍ഗ്ഗികതയുടെ മാതൃ ചിഹ്നങ്ങള്‍
ഇഫിയോമ അമ്മായിയുടെ വീട്ടിലാണ് കാറ്റും വെളിച്ചവുമുള്ള, ശ്വാസം മുട്ടിക്കാത്ത മറ്റൊരു ജീവിതം സാധ്യമാണ് എന്ന് കാംബിലിയും യാജയും ആദ്യമായി അറിയുക. സ്വാതന്ത്ര്യത്തിന്റെ ഗന്ധം പരത്തി നൈസര്‍ഗ്ഗിക ജീവിത വികാസത്തിന്റെ പ്രതീകമായി അമ്മായിയുടെ തോട്ടത്തില്‍ വിടരുന്ന ചോരച്ചെമ്പരത്തി കാംബിലിയുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും അവിടെയാണ്. തങ്ങള്‍ വളര്‍ന്നുവന്ന രീതികളുടെ വിട്ടുപോവാത്ത ബാധ അപ്പോഴും അവരെ, വിശേഷിച്ചും കാംബിലിയെ, പരിമിതപ്പെടുത്തുമെങ്കിലും. അവള്‍ക്ക് എല്ലാവരോടും സംസാരിക്കണമെന്നുണ്ട്. അവരെപ്പോലെ ഒരേ സ്ഥലത്ത് നിന്ന് തുള്ളിച്ചാടണമെന്നുണ്ട്. പക്ഷെ, ചുണ്ടുകള്‍ ശക്തമായി കൂട്ടിയടഞ്ഞു പോയതായി അനുഭവപ്പെടുന്നു . വിക്കാതിരിക്കാനായി അവള്‍ ചുമച്ചു തുടങ്ങുന്നു. പിന്നീട് ടോയിലെറ്റിലേക്ക് ഓടിപ്പോവുന്നു.
അവിടെ എല്ലാവര്‍ക്കും, അമ്മായിക്കും സമപ്രായക്കാരിയായ അമാക്കക്കും യാജയുടെ സമപ്രായക്കാരനായ ഒബിയോറക്കും മാത്രമല്ല, കുഞ്ഞായ ചീമക്ക് പോലും 'പെട്ടെന്ന്, എപ്പോള്‍ വേണമെങ്കിലും' ചിരിക്കാന്‍ കഴിയുമെന്ന് കാംബിലി അത്ഭുതത്തോടെ കണ്ടെത്തുന്നു. ആത്മരതിയുടെ പാപത്തില്‍ വീണുപോകാതിരിക്കാനായി കണ്ണാടി നോക്കാരില്ലാത്ത കാംബിലിക്ക് ഒരുങ്ങിയിറങ്ങുന്ന യുവതി ഒരത്ഭുതമാണ്. തിരിച്ചു വീട്ടിലെത്തുമ്പോള്‍, അമ്മായിയുടെ വീട്ടില്‍ ഒരിക്കലും ഇല്ലാതിരുന്ന സമ്പന്നതയിലും, വേലക്കാരി നിത്യം തുടച്ചു മിനുക്കുന്ന ഫര്‍ണിച്ചറുകളുടെ തിളക്കത്തിലും സോഫകളുടെ തണുപ്പിലും എല്ലാം ജീവന്റെ അസാന്നിധ്യം അവള്‍ക്കനുഭവപ്പെടും, 'ഇങ്ങനെയൊന്നും ഞാന്‍ മമ്മയോട് പറഞ്ഞില്ല' എന്നവള്‍ കൂട്ടിച്ചേര്‍ക്കുന്നുവെങ്കിലും.
"ഭര്‍ത്താവില്ലെങ്കില്‍ പെണ്ണിന്റെ ജീവിതം എങ്ങനെയുണ്ടാകു"മെന്നു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ബിയാട്രിസില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് ചിലര്‍ക്ക് ജീവിതം തുടങ്ങുന്നത് തന്നെ ദാമ്പത്യം അവസാനിക്കുമ്പോഴാനു എന്ന് തുറന്നടിക്കുന്ന ഇഫിയോമ അമ്മായി. നൈജീരിയന്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായ അവര്‍ അച്ഛനില്ലാതെ മക്കളെ വളര്‍ത്തുന്ന ഉത്തരവാദിത്തം അവരുടെ സ്വാഭാവിക വളര്‍ച്ചക്ക് തടസ്സമാവാത്ത രീതിയില്‍ത്തന്നെയാണ് സാധിക്കുന്നത് എന്ന് കാംബിലിയും യാജയും കാണുന്നുണ്ട്. അമാദി അച്ഛന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി സൌമ്യവും ഒരിക്കലും മേലാളന്‍ മനോഭാവം കാണിക്കാതെയും പെരുമാറുമ്പോള്‍ അത് തന്നെയാണ് അമ്മായി തന്റെ മക്കളോടും ചെയ്യുന്നതെന്ന് കാംബിലി നിരീക്ഷിക്കുന്നു:
“അവര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്നു പ്രതീക്ഷിച്ചു അമ്മായി എപ്പോഴും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ കുതിക്കുകതന്നെ ചെയ്യുന്നു. എന്നാല്‍ യാജക്കും എനിക്കും അങ്ങനെയല്ല. ഞങ്ങള്‍ ഉയരത്തിലേക്ക് കുതിക്കുന്നത് ഞങ്ങളിലുള്ള വിശ്വാസം കൊണ്ടല്ല. പകരം ഞങ്ങള്‍ പരാജയപ്പെടുമോ എന്ന ഭയം കൊണ്ടാണ്.”
തങ്ങളുടെ വീട്ടിലെ സമ്പന്നതയുടെ പളപളപ്പില്ലെങ്കിലും അവിടെ ജീവിതവും വികാരങ്ങളും ഉണ്ട്. പപ്പ അകറ്റി നിര്‍ത്തിയിരുന്ന 'അവിശ്വാസി; നുക്വാ അപ്പാപ്പനെ കൂടുതല്‍ അടുത്തറിയാനും അദ്ദേഹം പറയുന്ന കഥകള്‍ കേള്‍ക്കാനും അവര്‍ക്ക് അവസരം കിട്ടുക അമ്മായിയുടെ വീട്ടില്‍ വെച്ചാണ്. നുക്വാ അപ്പാപ്പന്റെ മരണത്തില്‍ പോലും തന്റെ വിശ്വാസപരമായ കടും പിടുത്തങ്ങള്‍ മാറ്റിവെക്കാനാവാത്ത പപ്പ, യാജയുടെ മനസ്സില്‍ വൈരാഗ്യത്തിന്റെ നിശ്ശബ്ദ രോഷം നിറക്കുകയും പ്രകടമായ ധിക്കാരത്തോടെ പള്ളിയില്‍ പോകാനുള്ള പപ്പയുടെ ആജ്ഞ അവന്‍ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. അയാള്‍ നല്‍കുന്ന ശിക്ഷ തണുത്ത ക്രോധത്തോടെ ഏറ്റുവാങ്ങുന്ന യാജ, പിതൃ-പുത്ര സംഘര്‍ഷമെന്ന ദുരന്തം ആവര്‍ത്തിക്കുന്നു. യാജയുടെ തന്റേടം കാംബിലിയെ ഇഫിയോമ അമ്മായിയുടെ ചോരച്ചെമ്പരത്തിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അടക്കിഭരിക്കുന്ന കുടുംബനാഥന്‍ എന്നതില്‍ നിന്ന് തന്റെ പതനം ആരംഭിക്കുന്നതിന്റെ ഭയപ്പാട് ഇപ്പോള്‍ പപ്പയുടെ കണ്ണുകളില്‍ കാംബിലി ദര്‍ശിക്കുന്നു. “പപ്പയുടെ കണ്ണുകളില്‍ മേഘം പോലെ ഒരു നിഴല്‍ വീണുകിടന്നു, മുമ്പ് യാജയുടെ കണ്ണുകളില്‍ ഉണ്ടായിരുന്ന ഒന്ന്. ഭയം. അത് യാജയുടെ കണ്ണുകള്‍ വിട്ടു പപ്പയുടെ കണ്ണുകളില്‍ ചേക്കേറിയിരുന്നു.”
പ്രണയവിഷാദത്തിന്‍റെ കുളിര്‍സ്പര്‍ശം
കാംബിലി കൗമാരജീവിതത്തിന്‍റെ നൈസര്‍ഗ്ഗിക ചോദനകള്‍ക്ക് ആദ്യമായി ചെവി കൊടുത്തു തുടങ്ങുന്നത് അമ്മായിയുടെ വീട്ടില്‍ വെച്ചാണ് എന്നതും അവിടെ വെച്ച് തന്നെയാണ് അവള്‍ പ്രണയത്തിന്റെ ആദ്യതുടിപ്പുകള്‍ അറിയുന്നത് എന്നതും സ്വാഭാവികമാണ്. അമാദി അച്ഛനോട് അവള്‍ക്കു തോന്നുന്ന വിവശമായ അനുരാഗം അവളെ വിശ്വാസത്തിന്റെ തന്നെ കൂടുതല്‍ ആസ്വാദ്യമായ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. പപ്പയുടെ വിട്ടുവീഴ്ചയില്ലാത്ത രീതികളുടെ സ്ഥാനത്തു ഇഫെയോമ അമ്മായിയുടെ അയഞ്ഞ സമീപനങ്ങളില്‍ അവള്‍ കണ്ടെത്തിയ കാറ്റും വെളിച്ചവും അമാദി അച്ഛന്റെ രീതികളിലും പ്രകടമാണ്. നൈജീരിയന്‍ വേരുകളെ ബഹുമാനിക്കുകയും ഇബോ പാട്ടുകളെ തന്റെ സംഭാഷണങ്ങളിലും നേരമ്പോക്കുകളിലും സന്നിവേശിപ്പിക്കുകയും ചെയ്യുന്ന അമാദി അച്ഛന്‍, ചടങ്ങുകളെ ചടങ്ങുകളായി മാത്രം കണ്ടാല്‍ മതിയെന്നും എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. കാംബിലിയോടു തിരിച്ചു അമാദി അച്ഛനുള്ള വികാരവും പ്രണയത്തിന്റെയും ഒരു പാതിരിയെന്ന നിലയില്‍ ആവശ്യം നിലനിര്‍ത്തേണ്ട അകലത്തിന്റെയും ഇടയിലെ ഏറെ ശാദ്വലമായ ഒരു കുളിര്‍ പ്രദേശത്താണ്.
കൊളോണിയല്‍ അനുഭവത്തിന്റെ ശേഷിപ്പുകള്‍
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നിര്‍ണ്ണായകത്വത്തിനു വിധേയമായി രാജ്യം വിടേണ്ടി വരുന്ന ആഫ്രിക്കന്‍ ബുദ്ധിജീവികളുടെയും പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ അതുളവാക്കിയ 'മസ്തിഷ്ക ശോഷണ'ത്തിന്റെയും (brain drain) പ്രതിസന്ധി ആഫ്രിക്കന്‍ പ്രവാസാനുഭവത്തിന്റെ രചനകളില്‍ നിര്‍ണ്ണായകമാണ്. അദീചി ഈ പ്രതിസന്ധിയെ അവരുടെ ഒട്ടുമിക്ക രചനകളിലും തീവ്രമായി ആവിഷ്കരിക്കുന്നുമുണ്ട്. ഇഫിയോമാ അമ്മായി അമേരിക്കയിലേക്ക് പോകാനുള്ള തീരുമാനത്തിലെത്തുന്നത് ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്. കൊളോണിയല്‍ അനുഭവത്തിന്റെ ബാക്കിപത്രം തന്നെയാണ് ഇഫെയോമ അമ്മായി ശരിയായി നിരീക്ഷിക്കുന്നത് പോലെ തികച്ചും അതിന്റെ ഉല്പന്നമായ യൂജിനിന്റെ അന്ധമായ പരമ്പരാഗത വിശ്വാസ വിരോധവും ഇബോ ഭാഷാ വിരോധവും. നോവലിന്റെ ആരംഭത്തില്‍ വെളുത്ത വര്‍ഗ്ഗക്കാരനായ ഫാദര്‍ ബെനഡിക്റ്റ് യൂജിന്‍ അചികേയെ ഉദാരമായി പുകഴ്ത്തുന്നത് പ്രാര്‍ഥനാ ഗീതങ്ങള്‍ ലാറ്റിന്‍ ഭാഷയില്‍ അല്ലാതെ ഇബോ ഭാഷയില്‍ ഉരുവിടരുതെന്ന അയാളുടെ നിഷ്കര്‍ഷ അചികേയും പിന്തുടരുന്നത് കൊണ്ടും കൂടിയാണ്. കൊളോണിയല്‍ മെഷിനറി പാരമ്പര്യത്തിന്റെ തികഞ്ഞ മാതൃകയാണ് അയാള്‍ . പ്രാദേശിക സ്വത്വങ്ങളെ തങ്ങള്‍ക്ക് ഗുണകരമാവുമ്പോള്‍ മാത്രം ആളിക്കത്തിക്കുകയും അല്ലാത്തപ്പോഴെല്ലാം അടിച്ചമര്‍ത്തുകയും ചെയ്തു കൊണ്ടും ക്രിസ്തുമതവും അധിനിവേശക്കാരന്റെ സ്വന്തം ഭാഷയോടുള്ള ഭക്തിയും ഊട്ടിയുറപ്പിച്ചും കൊണ്ടും തന്നെയാണ് യൂറോപ്യന്‍ ശക്തികള്‍ പൊതുവായും ബ്രിട്ടന്‍ പ്രത്യേകിച്ചും കോളണികളില്‍ അധീശത്തം സ്ഥാപിച്ചതും. നോവലില്‍ എമ്പാടും ഉപയോഗിക്കപ്പെടുന്ന ഇബോ ശൈലികളും പ്രയോഗങ്ങളും ഒരു വിവര്‍ത്തനസൂചിക ആവശ്യമില്ലാത്ത വിധം സ്വയം വ്യക്തമാവുന്ന തരത്തിലും സാന്ദര്‍ഭികമായും ആണ് കടന്നു വരുന്നത്. കത്തോലിക്കാ ചിട്ടകള്‍ മുറിച്ചുകടക്കുക എന്നത് പപ്പയോടുള്ള പ്രതിഷേധം മാത്രമല്ല യാജക്ക്; നുക്വാ അപ്പാപ്പന്‍ പ്രതിനിധാനം ചെയ്യുന്ന സാമ്പ്രദായിക ദര്‍ശനങ്ങളോടുള്ള ഐക്യപ്പെടല്‍ കൂടിയാണ്. മാമോദീസാ ചടങ്ങില്‍പതിവായി ചെയ്യുന്ന രീതിയില്‍ ഇംഗ്ലീഷ് പേര് സ്വീകരിക്കുന്നതിനെ കുറിച്ച് അമാക്കായുടെ പ്രതികരണവും ഈ ബോധ്യം സൂചിപ്പിക്കുന്നുണ്ട്:
“മിഷനറിമാര്‍ ആദ്യം ഇവിടെ വന്നപ്പോള്‍ ഇബോ പേരുകള്‍ ഒന്നും അവര്‍ക്കിഷ്ടമായില്ല. മാമോദീസാ സ്വീകരിക്കാന്‍ ഇംഗ്ലീഷ് പേര് വേണമെന്ന് അവര്‍ ശഠിച്ചു. ഇതൊക്കെ ദൂരെക്കളയേണ്ട കാലം കഴിഞ്ഞില്ലേ അച്ചോ?'
അപ്പോഴും പൂക്കുന്ന ചെമ്പരത്തി
രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി നോവലിനെ ഒരു പൊതു സാമൂഹികാഖ്യാനം ആക്കിമാറ്റാതിരിക്കുമ്പോഴും ഇതിവൃത്ത ഘടനയില്‍ പശ്ചാത്തലമായ നൈജീരിയന്‍ ചരിത്ര ഘട്ടത്തിന്റെ സാന്നിധ്യം ശക്തമാണ്. പട്ടാള ഭരണത്തിന്‍ കീഴില്‍ സമൂഹത്തിലും ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തില്‍ മുച്ചൂടും പിടിമുറുക്കിയ അഴിമതിയും ചെക്ക് പോസ്റ്റുകളിലെയും ജയിലറകളിലേയും കൈക്കൂലിയും തൊഴില്‍ സമരങ്ങളുടെ ഭാഗമായി സാമാന്യ ജനജനജീവിതം നിനച്ചിരിക്കാതെ സ്തംഭിക്കുന്നതും ബുദ്ധിജീവികളുടെ ഉന്മൂലനവും എല്ലാം തീവ്രമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ , അതിനെല്ലാം അപ്പുറം കൗമാരം കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത കാമാനകളിലൂടെയും പ്രതിസന്ധികളിലൂടെയുമുള്ള തീക്ഷ്ണമായ ഒരു മുതിര്‍ന്നു വരവിന്റെ കഥ തന്നെയാണ് 'ചോരച്ചെമ്പരത്തി.' അവള്‍ക്കും കുടുംബത്തിനും നാടിനു തന്നെയും, മഹാദുരന്തങ്ങള്‍ക്കൊടുവിലും പ്രതീക്ഷയുടെ ചില പൊടിപ്പുകള്‍ കാണാനാവുന്നുണ്ട്. ഏകാധിപതിയുടെ മലീമസമായ മരണം ഉരുവാക്കുന്ന ഒരു പുതിയ ജനാധിപത്യത്തിനുള്ള സാധ്യത; രാഷ്ട്രീയ സമവാക്യങ്ങളുടെ മാറിമാറിയലില്‍ അപ്പോഴും വിചാരണത്തടവുകാരനായ യാജക്ക് മൂന്നു കൊല്ലത്തെ ജയില്‍വാസത്തിനു ശേഷം മോചനം. അമേരിക്കയില്‍ നിന്ന് ഇപ്പോഴും ആദര്‍ശവാദിയായ അമാക്ക അവര്‍ക്കെഴുതുന്നുണ്ട് ; പപ്പയുടെ ഏകാധിപത്യത്തില്‍ നിന്ന് തടവറയിലെ എകാധിപത്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു കയ്ച്ചു പോയ മനസ്സുള്ള യാജ ഒന്നിനും മറുപടി അയക്കുന്നില്ലെങ്കിലും. ഇഫെയോമ അമ്മായിയുടെ എഴുത്തുകളില്‍ അമേരിക്കന്‍ ജീവിതത്തില്‍ നൈജീരിയന്‍ പ്രവാസി അനുഭവിക്കുന്ന ദ്വന്ദ്വ ജീവിതത്തിന്‍റെ സംത്രാസങ്ങളുണ്ട്. പ്രാകൃതരായ ആഫ്രിക്കക്കാര്‍ സ്വയം ഭരണത്തിനു പ്രാപ്തരല്ലെന്ന വിമര്‍ശനം അവരെപ്പോഴും നേരിടുന്നു. എത്ര കുറഞ്ഞ കാലമേ അത്തരം പരീക്ഷണത്തിന് അവര്‍ക്ക് ലഭിചിട്ടുള്ളൂ എന്ന വസ്തുത അവഗണിക്കപ്പെടുന്നു. ഇപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ നൈജീരിയയില്‍ എന്‍സുക്കാ ദിനങ്ങളെപോലെ ചിരിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് അമാക്ക വേവലാതിപ്പെടുന്നു. അമാദി അച്ഛന്റെ കത്തുകള്‍ കാംബിലിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, എപ്പോഴും എല്ലാ കാര്യത്തിലും എന്ത് കൊണ്ട് എന്ന് ചോദിച്ചുകൊണ്ടേയിരിക്കരുത് - എല്ലാറ്റിനും എപ്പോഴും അങ്ങനെയൊരു വിശദീകരണം സാധ്യമായേക്കില്ല. അതുകൊണ്ട് അവളിപ്പോഴും അമാദി അച്ഛനെ സ്നേഹിക്കുന്നുണ്ട്, ഒന്നിന് വേണ്ടിയല്ലെങ്കിലും വെറുതെയങ്ങു സ്നേഹിക്കുന്നുണ്ട്. തന്റെ സ്വന്തം അച്ഛന് വേണ്ടി പ്രാര്‍ഥിക്കുന്നുമുണ്ട്. മമ്മയുടെ സ്കാര്‍ഫ് ഊര്‍ന്നു വീഴുന്നതു ശ്രദ്ധയില്‍ പെടുത്തുന്ന യാജയും തിരിച്ചു അതിനു, വര്‍ഷങ്ങള്‍ നീണ്ട മൌനത്തിനൊടുവില്‍ ആരും നിര്‍ബന്ധിക്കാതെ നന്ദിവാക്ക് ഉച്ചരിക്കുന്ന മമ്മയും ഇനിയും ജീവിതം സാധ്യമാണ് എന്ന് തന്നെയാവാം സൂചിപ്പിക്കുന്നത്. ആര്‍ക്കറിയാം അവര്‍ അമേരിക്കയില്‍ പോയി അമ്മായിയെ സന്ദര്‍ശിച്ചേക്കാം, തിരിച്ചു വീണ്ടും അബ്ബായിലേക്ക് പോയേക്കാം, അവിടെ യാജ വീണ്ടുമൊരു ചോരച്ചെമ്പരത്തി നട്ടുപിടിപ്പിച്ചേക്കാം. ഉരുണ്ടു കൂടുന്ന മഴമേഘങ്ങളെ നോക്കി കാംബിലിക്ക് പുഞ്ചിരിക്കാന്‍ ആവുന്നത് അത്തരം ഒരു സ്വപ്നപ്രത്യക്ഷത്തിലാവാം.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 67-73)
