"വംശഹത്യ വിഷമയമായ ഒരു അടിക്കാടാണ് ; രണ്ടോ മൂന്നോ വേരുകളില്‍ നിന്നല്ല അത് വളരുക. മറിച്ച്, ആരാലും ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍ ഉരുവം കൊണ്ട സമൂലമായ ഒരു കെട്ടുപിണച്ചിലില്‍ നിന്നാണ്.”
ജീന്‍ ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച റുവാണ്ടന്‍ വംശഹത്യയുടെ അനുഭവവിവരണമായ "ലൈഫ് ലെയ്ഡ് ബെയര്‍ " എന്ന കൃതിയിലെ വംശഹത്യ അതിജീവിച്ച ക്ലോഡൈന്‍ എന്ന സ്ത്രീയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് നവോമി ബെനരോണ്‍ 2010-ല്‍ സാമൂഹികപ്രതിബദ്ധമായ കൃതികള്‍ക്കുള്ള വിഖ്യാത പുരസ്ക്കാരമായ ബെല്‍വെതര്‍ സമാനം നേടിയ തന്റെ 'റണ്ണിംഗ് ദി റിഫ്റ്റ്' എന്ന നോവലിലേക്ക് കടക്കുന്നത്. റുവാണ്ടന്‍ സമൂഹത്തില്‍ അടിയൊഴുക്കായി നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍ കൊളോണിയല്‍ താല്പര്യങ്ങള്‍ മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രൂക്ഷമായിത്തീര്‍ന്ന വിദ്വേഷ രാഷ്ട്രീയവും പൊട്ടിത്തെറിക്കുകയായിരുന്നു 1994-ല്‍ . കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി, പ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോ' ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees") . പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍ , വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. നാസി ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ് നരമേധങ്ങളിലോ കാണാനാവാത്ത വിധം തലേന്ന് വരെ ഒരുമിച്ചു കഴിഞ്ഞ അയല്‍വാസി, യാത്രക്ക് വിളിച്ച ടാക്സിയുടെ ഡ്രൈവര്‍ , അതുമല്ലെങ്കില്‍ ഒരൊറ്റ ബെഞ്ചിലിരുന്നു പഠിച്ച സഹപാഠി- മനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ തന്നെ അപരന്റെ കൊലയാളിയായി ഇത്ര ഭീകരമായ കൂട്ടക്കുരുതി അരങ്ങേറിയ അനുഭവം ചരിത്രത്തില്‍ വേറെയുണ്ടോ എന്ന് സംശയം. കൊന്നു തള്ളേണ്ടവര്‍ ഏറെയാവുമ്പോള്‍ ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കണ്ടെയ്നര്‍ വഴി എത്തിയ പത്തു ഫ്രാങ്കിന് താഴെ വിലക്ക് വരുന്ന ചൈനീസ് നിര്‍മ്മിത വടിവാള്‍ (machette). ഇത്തരം ഒരു പൊള്ളുന്ന ദേശാനുഭവത്തെ ഫിക് ഷന്റെ തുറസ്സുകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അനുവാചകന് പേടിസ്വപ്നങ്ങളുടെ വാഗ്ദാനത്തിനപ്പുറം പാരായണക്ഷമതയുടെ പോലും സാധ്യത നല്‍കുക എഴുത്തുകാരന്/കാരിക്ക് വെല്ലുവിളി തന്നെയാവും. നവോമി ബെനരോണ്‍ എന്ന അമേരിക്കന്‍ ആക്റ്റിവിസ്റ്റ്- എഴുത്തുകാരി തന്റെ പ്രഥമകൃതിയിലൂടെ ഈ വെല്ലുവിളിയാണ് നേരിടുന്നത്.
ദുരന്തത്തിന് ഒരു ദശകം മുമ്പ് തൊട്ട് റുവാണ്ടന്‍ സമൂഹത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിത്തുടങ്ങുന്ന മുന്‍കാലവും ദുരന്തത്തിലേക്ക് നയിക്കുന്ന നിമിത്തങ്ങളും മുന്‍ സൂചനകളും വിഷയമാക്കുന്ന 'ഇന്നലെ' , 'ഒരു പക്ഷി അതിന്റെ കൂടുകെട്ടുന്നു' എന്നീ ആദ്യ രണ്ടു ഭാഗങ്ങളാണ് നോവലില്‍ ഏറ്റവും ദീര്‍ഘമായവ. 'മരണത്തിനു വിശക്കുന്നു' എന്ന മൂന്നാം ഭാഗം ആ ഭ്രാന്തുപിടിച്ച നാളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹ്രസ്വമായ 'ഭൂമിയുടെ അങ്ങേ ഭാഗം' എന്ന നാലാം ഖണ്ഡവും, ഒടുവില്‍ 'നാളെയുടെ കാര്യങ്ങള്‍ ' എന്ന അഞ്ചാം ഖണ്ഡവും പേരുകള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ വംശഹത്യാപൂര്‍വ്വഘട്ടത്തിലെ ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളെ കണ്ണോടിക്കുന്നു. ഓരോ ഭാഗവും ഇതിവൃത്ത വികാസത്തെ കൃത്യമായും സൂചിപ്പിക്കുന്ന ഒരോ റുവാണ്ടന്‍ പഴമൊഴികളോടെ ആരംഭിക്കുന്നു.
വംശവെറി ഉരുവപ്പെടുന്നത്
സംഘര്‍ഷഭരിതമായ കാലത്തിലൂടെ ഴാംഗ് പാട്രിക് എന്‍കൂബ എന്ന ടുട്സി ബാലന്‍റെ മുതിര്‍ന്നു വരവിന്റെ കഥ (coming-of-the-age) ആയാണ് ഇതിവൃത്തം വികസിക്കുന്നത്. വംശഹത്യക്കും ഒരു ദശകം മുമ്പ് 1984-ല്‍ ഒരൊമ്പത് വയസ്സുകാരന്‍ തന്റെ സിദ്ധി കണ്ടെത്തുന്നതോടെ അതാരംഭിക്കുന്നു- തന്റെ കാലുകള്‍ . 'ഇന്നലെ' എന്ന് പേരിട്ട ഈ ആദ്യ ഭാഗം ഒരു റുവാണ്ടന്‍ പഴമൊഴിയോടെയാണ് തുടങ്ങുന്നത്: "പേര് എന്നാല്‍ ആ പേര് വഹിക്കുന്ന ആള്‍ തന്നെ.” എന്‍കൂബ എന്നാല്‍ ഇടിമിന്നലിന്റെ ദേവന്‍, വേഗതയേറിയവന്‍. രണ്ടുവയസ്സിനു മൂപ്പുള്ള സഹോദരന്‍ റോജറിനോടൊപ്പം ഓട്ടം പരിശീലിക്കുന്ന ഴാംഗ് പാട്രിക് വൈകാതെ കോച്ച് റുതംബെസായുടെ ശ്രദ്ധയില്‍പ്പെടുന്നു. പയ്യനില്‍ റുവാണ്ടയുടെ ഒളിമ്പിക് സാധ്യത കണ്ടെത്തുന്ന ഹുടു പക്ഷപാതിയായ കോച്ച് അവനെ ഏറ്റെടുക്കാനും അവന്റെ വളര്‍ച്ച ഉറപ്പുവരുത്താനും തയ്യാറാവുന്നു. പപ്പാ ഫ്രാന്‍സ്വാ ഒരു വാഹനാപകടത്തില്‍ മരിക്കുന്നതോടെ വര്‍ദ്ധിച്ചു വരുന്നു ടുട്സി വിരുദ്ധ അന്തരീക്ഷത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കുടുംബം ഇമ്മാനുവേല്‍ അമ്മാവന്റെ വീട്ടിലേക്കു മാറാന്‍ നിര്‍ബന്ധിതമാവുന്നു. വംശീയ വിദ്വേഷത്തിന്റെ കാലമൊക്കെ കഴിയുകയാണെന്നും റുവാണ്ട ഒന്നാണെന്നുമൊക്കെ മക്കളെ പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്ന അധ്യാപകനായിരുന്ന പപ്പയില്‍നിന്നു വ്യത്യസ്തമായി മുക്കുവനായ ഇമ്മാനുവേല്‍ അമ്മാവന്‍ പുകഞ്ഞു തുടങ്ങുന്ന കലാപാന്തരീക്ഷത്തില്‍ ചകിതനാണ്. റുവാണ്ടയിലെ ഹുടു- ടുട്സി സംഘര്‍ഷം പുതിയ കാര്യമല്ലെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. 1973-ല്‍ കയിബാണ്ട (ഗ്രെഗോര്‍ കയിബാണ്ട 1924-1976)യെ സ്ഥാനഭ്രഷ്ടനാക്കി ഹബ്യാരിമാന അധികാരത്തിലേറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട അമ്മാവന്റെ പേരാണ് പാട്രിക്കിന് നല്‍കിയത്. അമിത ശുഭാപ്തി നല്ലതല്ലെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു: "സ്വപ്നാടനം അപകടമാണ്!" നോവലിന്റെ മിക്ക ഭാഗങ്ങളിലും ശുഭാപ്തിയുടെ ഈ പിതൃ സ്വാധീനവും യാഥാര്‍ത്ഥ്യത്തിന്റെ ഇരുണ്ട കാലുഷ്യവും തമ്മിലുള്ള വൈരുധ്യം ഴാംഗ് പാട്രിക്കില്‍ അങ്കലാപ്പുണ്ടാക്കുന്നുണ്ട്. 'ഞാന്‍ കൂറയാണെങ്കില്‍ എനിക്ക് ഓടാന്‍ ആറു കാലുകളുമുണ്ട്!” എന്നൊക്കെ അവന്‍ ടുട്സി സ്വത്വത്തില്‍ അഭിമാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്കൂളില്‍ ആദ്യദിനം തന്നെ ടുട്സി വിരുദ്ധ വികാരം അവനു അനുഭവവേദ്യമാകുന്നു. ജയിക്കാന്‍ ഓടിത്തീര്‍ക്കേണ്ടത് സ്ഥലദൂരം എന്നതിലേറെ വംശവെറിയുടെ വിടവാണെന്ന് അവനു അതിവേഗം ബോധ്യമാകും. പൊതുബോധം ഹുടു പക്ഷനിര്‍മ്മിതിയാണെന്നിരിക്കെ ഒരു ടുട്സിക്കു അസാമാന്യമായ വിജയങ്ങളിലൂടെ മാത്രമേ മുന്നേറാനാവൂ എന്ന് അവന്‍ മനസ്സിലാക്കുന്നു. 'ടുട്സി സര്‍പ്പങ്ങള്‍ ' എന്ന അവമതിയോടെ വീട്ടിനു നേരെ കല്ലേറുണ്ടാവുന്നതും അവനെ യാഥാര്‍ത്ഥ്യത്തിലേക്ക് കൂടുതല്‍ ഉണര്‍ത്തുന്നു. അതേ സമയം, റോജര്‍ ആര്‍ . പി. എഫ്. (റുവാണ്ടന്‍ പാട്രിയോട്ടിക് ഫ്രണ്ട്) പോരാളികളോടൊപ്പം ചേര്‍ന്നത് അവനറിയാമെങ്കിലും ആര്‍ . പി. എഫ്- നെ കുറിച്ച് അവന്റെ നിലപാടുകളില്‍ അവ്യക്തതയുണ്ട് . കോച്ച് പറയുന്നത് പോലെ അവര്‍ കുഴപ്പമുണ്ടാക്കുകയാണ് എന്ന് ചിലപ്പോഴൊക്കെ അവന്‍ ചിന്തിക്കുന്നു. തക്ക സമയത്ത് യു. എന്നും മറ്റു പാശ്ചാത്യ ശക്തികളും ഇടപെടുമെന്നും എല്ലാം പരിഹരിക്കുമെന്നും അവന്‍ കരുതുന്നു. എന്നാല്‍ എണ്ണയോ ധാതുക്കളോ കരുതിവെച്ചിട്ടില്ലാത്ത റുവാണ്ടന്‍ മണ്ണിലോ മനുഷ്യരിലോ ആര്‍ക്കും ഒരു താല്‍പ്പര്യവും ഇല്ലായിരുന്നെന്ന് ചരിത്രം സാക്ഷി പറയും.
രാഷ്ട്രീയക്കൊലകളുടെ തുടര്‍ക്കഥകള്‍
ഹബ്യാരിമാനാ ഭരണത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഫെലിഷ്യന്‍ ഗാതബാസിയുടെ വധത്തെ തുടര്‍ന്നുണ്ടാവുന്ന കലാപത്തില്‍ ബുതാരെയും കിഗാലിയും എരിയാന്‍ തുടങ്ങുന്നതോടെ വീണ്ടും ദുസ്സഹമാവുന്ന റുവാണ്ടന്‍ ജീവിതം ഒരു ആത്യന്തിക ദുരന്തത്തിനു വീര്‍പ്പുമുട്ടി കാത്തിരിക്കുന്നു. ഈ വധം പക്ഷെ ഒരു തുടര്‍ച്ചയാണെന്നും പറയാം. നോവലിന്റെ കാലത്തിനും മുമ്പേ സംഭവിച്ചതായത്കൊണ്ട് ഇതിവൃത്തത്തില്‍ നേരിട്ട് സൂചിതമാവുന്നില്ലാത്ത കയിബാണ്ടയുടെ വധം തുടങ്ങിവെച്ച ഒരു ദൂഷിതവലയം. വംശത്യക്ക് മുമ്പും അതിന്റെ മൂര്‍ദ്ധന്യ ദിനങ്ങളിലുമായി വേറെയും രാഷ്ട്രീയക്കൊലകള്‍ സംഭവിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യത്തേത് ബുറുണ്ടി പ്രസിഡന്റ് മേല്‍കിയോര്‍ എന്‍ദേദേയെ ടുട്സി വംശജന്റെ കയ്യാല്‍ കൊല്ലപ്പെട്ട സംഭവമാണ്. (ഒക്ടോബര്‍ 21, 1993). ബുരുണ്ടിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ആയിരുന്നു ഹുടു വംശജന്‍ കൂടിയായ എന്‍ദേദേയെ. സ്വാഭാവികമായും ആ സംഭവത്തിന്റെയും പാപഭാരം റുവാണ്ടയിലെയും ടുട്സികളെ ബാധിക്കാതെ വയ്യ. അടുത്തതാണ് ഏറ്റവും വലിയ ആ ദുരന്തം: പ്രസിഡന്റ് ഹബ്യാരിമാനയുടെ വധം. അപ്പോഴാണ് എല്ലാം പൊട്ടിത്തെറിക്കുന്നത്. അടുത്തത്, തൊട്ടടുത്ത ദിവസം സംഭവിക്കുന്ന ഇടക്കാല പ്രധാനമന്ത്രി മാഡം അഗാതെയുടെ വധമാണെങ്കില്‍ , പിന്നീട് വരുന്നത് എണ്‍പത്കാരിയായിരുന്ന ഗികാന്‍ഡാ രാജ്ഞിയെന്ന വയോധികയുടെ ഊഴമാണ്. ഓരോ വധവും കലാപത്തെ കൂടുതല്‍ ഹിംസാത്മകമാക്കുകയും ഒന്നിനും, ഒരു ശക്തിക്കും പിടിച്ചു നിര്‍ത്താനാവില്ല തങ്ങളെ എന്ന കലാപകാരികളുടെ സന്ദേശം ലോകത്തിനു നല്‍കുകയും ചെയ്യും.
മാനവികതയുടെ പരീക്ഷണകാലം .
കോച്ചുമായുള്ള പാട്രിക്കിന്റെ ബന്ധവും അവന്റെ സ്വഭാവത്തിലെ അവ്യക്തത പ്രകടമാക്കുന്നുണ്ട്. ടുട്സി വിരുദ്ധ മുന്‍ ധാരണകളും പരാമര്‍ശങ്ങളും വേണ്ടുവോളം ഉപയോഗിക്കുമ്പോഴും അയാള്‍ പാട്രിക്കിനെ തന്റെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. വംശഹത്യാ കാലത്ത് അയാള്‍ എന്ത് ചെയ്തു എന്നത് നോവലില്‍ ദുരൂഹമായി തുടരുന്നു. ഭീകരതയുടെ തുടക്കം അയാളില്‍ ഒരു അനിശ്ചിതത്വവും സൃഷ്ടിക്കാത്തതില്‍ നിന്നു ആസൂത്രണങ്ങളില്‍ അയാളും പങ്കാളിയായിരുന്നു എന്നത് വ്യക്തവുമാണ്. എങ്കിലും, പാട്രിക്കിന് അയാള്‍ ഒരു ഹുടു തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചു കൊടുക്കുന്നു. അത് ഒരു വേള അവനെ പ്രകോപിപ്പിക്കുന്നുവെങ്കിലും ഒരു അറ്റകൈ കാവലായി അവനതു സൂക്ഷിച്ചു വെക്കുന്നു; അതവനു പ്രത്യേകിച്ച് പ്രയോജനം ഒന്നുമുണ്ടാക്കില്ലെങ്കിലും. എന്നാല്‍ , ഗവര്‍മെന്റ് മറ്റൊരു വഴിക്ക് ചിന്തിക്കുന്നു. ഒരു ടുട്സി ബാലന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ തങ്ങളെ പ്രതിനിധീകരിക്കുന്നത് അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ തങ്ങളുടെ സഹിഷ്ണുതക്ക് തെളിവായി അവതരിപ്പിക്കാം. പ്രസിഡന്‍റ് ഹബ്യാരിമാനക്കൊപ്പം ഒരു പാര്‍ട്ടിയില്‍ അവന്‍ പ്രകടന വസ്തുവാകുക അങ്ങനെയാണ്. ഴാംഗ് പാട്രിക്കിന് "അയാളെ വെറുക്കണോ സ്നേഹിക്കണോ, അയാള്‍ ഒരു എകാധിപതിയാണോ പിതാവാണോ എന്ന് മനസ്സിലായില്ല; ഒരു പക്ഷെ അയാള്‍ രണ്ടുമായിരുന്നു, കടുത്തുപോയ ഒരൊറ്റ ആത്മാവില്‍ എല്ലാ കൂടിക്കലര്‍ന്നത്.” കോച്ചിനും പ്രസിഡന്റിനു തന്നെയും തന്നെ ആവശ്യമാണ് എന്ന് അഭിമാനം കൊള്ളുന്ന പാട്രിക്കിനോട് റോജര്‍ പറയുന്നുണ്ട്: “ആവശ്യം ഒരു തമാശക്കാര്യമാണ്. ചിലപ്പോള്‍ നിനക്ക് ചിലരെ ആവശ്യമാവാം, പക്ഷെ അയാളെ തീര്‍ത്തും ഉപയോഗിച്ച് കഴിഞ്ഞാല്‍ ബാക്കിയാവുന്നത് നീ പൊന്തയിലേക്ക് വലിച്ചെറിയും, ചവറു പോലെ.” അതൊക്കെ കഥയാണെന്ന് കുപിതനാവുന്ന പാട്രിക്കിനോട് അവന്‍ കൂട്ടിച്ചേര്‍ക്കുന്നു: “ഞാന്‍ നിന്നോട് പറയുന്ന കഥ ഞാനെന്റെ രണ്ടു കണ്ണ് കൊണ്ട് കണ്ടതാണ്. ഒരു തവണയല്ല, പല തവണ." പാട്രിക്കിന്റെ രാഷ്ട്രീയ ബോധ്യങ്ങളില്‍ പപ്പയില്‍ നിന്ന് കിട്ടിയ അമിത ശുഭാപ്തി ഉണ്ടാക്കുന്ന പാപ്പരത്തം മറികടക്കേണ്ടതിന്റെ ആവശ്യം റോജര്‍ അവനോട് പറയുന്നു: “റുവാണ്ടയുടെ മിടിപ്പ് മനസ്സിലാക്കാന്‍ നീ പഠിക്കേണ്ടിയിരിക്കുന്നു. ഈ അറൂഷ ചര്‍ച്ചകള്‍ പാശ്ചാത്യരെ സന്തോഷിപ്പിക്കാന്‍ മാത്രമുള്ളതാണ്. ഗവര്‍മെന്റ് സമാധാനം പ്രസംഗിക്കുന്നു, പക്ഷെ യുദ്ധത്തിനു തയ്യാറെടുക്കുകയാണ്. സങ്കല്‍പ്പിക്കാനാവാത്ത എന്തോ ഒന്ന് വരുന്നുണ്ട്. കഴിയുമെങ്കില്‍ നിന്റെയും നമ്മുടെ കുടുംബത്തിന്റെയും അടുത്തെത്താന്‍ ഞാന്‍ ശ്രമിക്കാം, എന്നാല്‍ പൊടുന്നനെ ആ മിടിപ്പ് കൂടുന്നതായി നിനക്ക് അനുഭവപ്പെട്ടാല്‍ , ഞാന്‍ ഇവിടെയില്ലാ എന്നുമാണെങ്കില്‍ നീ ഓടിപ്പോവണം . വേണ്ടിവന്നാല്‍ തനിച്ച്.”
ബിയായോടുള്ള പാട്രിക്കിന്റെ പ്രണയവും കോച്ചിന്റെ എതിര്‍പ്പിനു ഇരയാവുന്നത്തിനു കാരണം അവളും കുടുംബവും ഒറ്റുകാരാണ് എന്നതാണ് . സമാധാനത്തിനു വേണ്ടി വാദിക്കുന്ന ബിയായും അവളുടെ പപ്പയും ഹുടു വിമതരായി കണക്കാക്കപ്പെടുന്നു. ഹുടു പവര്‍ റേഡിയോയുടെ വിദ്വേഷപ്രചാരണത്തില്‍ 'കൂറകളെ സംരക്ഷിക്കുന്നവരും കൂറകളാണ്, അവരെ അങ്ങനെത്തന്നെ കൈകാര്യം ചെയ്യണം.' കലാപ നാളുകളില്‍ അവളുടെ പപ്പയും മമ്മയും ആ വില തന്നെയാണ് ഒടുക്കേണ്ടി വരുന്നതും. എല്ലായിടത്തും അനീതിയാണ് തന്റെ ശത്രുവെന്നും, ഇരയാക്കപ്പെടുന്നവര്‍ ആരോ അവരോടൊപ്പമാണ് താനെന്നും ബിയാ പറയുന്നത് പാട്രിക്കിന് ആദ്യം അത്രവേഗം മനസ്സിലാവുന്നുമില്ല. ബുറുണ്ടിയിലെ സാഹചര്യങ്ങളെ കുറിച്ച് അവള്‍ നിരീക്ഷിക്കുന്നത് അവനു പിടികിട്ടാതെ പോവുന്നതും അവള്‍ പൊട്ടിത്തെറിക്കുന്നതും അതുകൊണ്ടാണ്: “തമാശയെന്തെന്നാല്‍ , ഞാന്‍ ബുരുണ്ടിയില്‍ ആയിരുന്നെങ്കില്‍ ഹുടുക്കള്‍ക്ക് വേണ്ടിയാവും പൊരുതുക"
“അതിലെന്താ വിചിത്രം? എന്തൊക്കെയായാലും നീയും ഹുടു അല്ലെ?”
ബിയയുടെ കണ്ണുകളില്‍ കോപം ജ്വലിച്ചു, പിന്നെ അണഞ്ഞു. “ഒരിക്കലും അതല്ല കാര്യം. ഹുടുവോ ടുട്സിയോ ചന്ദ്രനില്‍ നിന്ന് പച്ച മനുഷ്യരോ ആവട്ടെ, ഞാന്‍ അനീതി എവിടെക്കാണുന്നുവോ അതിനെതിരെ പൊരുതും.”
മെറ്റഫര്‍ കുഴമറിയുമ്പോള്‍
കലാപ പൂര്‍വ്വ ഘട്ടത്തിന്റെ തുടര്‍ച്ചയായാണ് നോവലിന്റെ രണ്ടാം ഭാഗവും വരുന്നത്. 'ഒരു പക്ഷി അതിന്റെ കൂട് കൂട്ടുന്നു' എന്ന് പേരായ ഈ ഭാഗം 'പതിയെ, പതിയെ ഒരു പക്ഷി അതിന്റെ കൂട് കൂട്ടുന്നു' എന്ന പഴമൊഴിയോടെ തുടങ്ങുന്നു. ഒരു ഘട്ടത്തില്‍ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് താന്‍ ആശ്വസിക്കുന്ന തിരിച്ചറിവുകളെ പ്രതീകവല്‍ക്കരിക്കാന്‍ പപ്പാ ഉപയോഗിച്ച് കേട്ട ഈ പഴമൊഴി, പിന്നീട് രക്തമുറയുന്ന ഒരു ഭീഷണാവസ്ഥയുടെ മെറ്റഫര്‍ ആയി കോച്ച് ഉപയോഗിക്കുന്നത് ഴാംഗ് പാട്രിക് തിരിച്ചറിയും. നാടെങ്ങും നിഗൂഡമായ കണക്കെടുപ്പ് നടക്കുന്നു. ടുട്സി പൌരന്മാര്‍ , വീടുകള്‍ , സ്ഥാപനങ്ങള്‍ , ഇടപാടുകള്‍ .. എല്ലാം മാര്‍ക്ക് ചെയ്യപ്പെടുന്നു. എന്തൊക്കെയോ ഉറഞ്ഞു കൂടുന്നുണ്ടെന്നു വ്യക്തം. വിദ്വേഷപ്രചാരണം ഔദ്യോഗിക മാധ്യമങ്ങളുടെ മുഴുവന്‍ സമയവും അപഹരിക്കുന്നു. ഹുടു വംശജന്‍ തന്നെയായ സുഹൃത്ത് ഡാനിയേല്‍ നിരീക്ഷിക്കുന്ന പോലെ : “UNAMIR- United Nations Assistance Mission for Rwanda -യെ എങ്ങും കാണാനില്ല; അതൊരു അദൃശ്യ സൈന്യത്തിന്റെ സ്വപ്നസദൃശമായ പേരാണ്. ഹബ്യാരിമാന യു. എന്‍, സൈന്യത്തെ വാഗ്ദാനം ചെയ്യുന്നു, നമ്മള്‍ കാണുന്നതോ, കൂടുതല്‍ ഗവര്‍മെന്റ് സൈനികരേയും. അയാള്‍ സമാധാനം ഉറപ്പു തരുന്നു, നമുക്ക് കൂടുതല്‍ വധങ്ങള്‍ കിട്ടുന്നു, ഭരണമാറ്റത്തെ മാനിക്കുമെന്ന് വാക്ക് തരുന്നു, എന്നിട്ട് MRND യുടെ പിടി മുറുക്കുന്നു.” ഭരണം ഹുടു ജനതക്കും ഒട്ടും നല്ല കാലമായിരുന്നില്ലെന്നു ബിയയുടെ വാക്കുകളിലുണ്ട്. “ഞങ്ങള്‍ ഹുടുക്കള്‍ പോലും ഹബ്യാരിമാനയുടെ കോപം സഹിക്കുന്നു. എന്റെ അച്ഛന്റെ കണക്കുപ്രകാരം പതിനായിരത്തിലേറെ പേര്‍ - ഹുടുവും ടുട്സിയും - 1990-ലും '91 തുടക്കത്തിലും ജയിലില്‍ ആയിരുന്നു, അവരിലാരോടും പ്രസിഡന്‍റ് നന്നായല്ല പെരുമാറിയത്... എന്റെ പപ്പാ ശബ്ദമുയര്‍ത്തി, കാരണം അദ്ദേഹം റുവാണ്ടക്ക് വേണ്ടി മരിക്കാനുംമാത്രം അതിനെ സ്നേഹിച്ചു. ഹബ്യാരിമാന അദ്ദേഹത്തെ ഏതാണ്ട് അത് തെളിയിക്കുന്ന അവസ്ഥവരെ എത്തിച്ചു.”
ജോനാഥനുമായുള്ള സൗഹൃദം പാട്രിക്കിന് കലാപാനന്തര ശൈഥില്യത്തിന്റെ കാലത്ത് അമേരിക്കയിലേക്ക് പാലായനത്തിനുള്ള വഴി തുറക്കുക മാത്രമല്ല റുവാണ്ടയെ കുറിച്ചുള്ള പാശ്ചാത്യന്‍ കാഴ്ചപ്പാടിലേക്ക് വെളിച്ചം നല്‍കുകയും ചെയ്യും. നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം കൂട്ടുകാരി സുസാനെ അമേരിക്കയില്‍ നിന്ന് എത്തുന്നതിന്റെ ആവേശത്തിലാണ് അയാള്‍ . “സി. ഐ. എ, അല്ലെങ്കില്‍ എംബസ്സി, അല്ലെങ്കില്‍ അവളുടെ എന്‍. ജി. ഓ. ആരെയൊക്കെ സമീപിച്ചോ അവരൊക്കെ ഞങ്ങള്‍ക്കുറപ്പു തന്നു റുവാണ്ടയില്‍ എല്ലാം സുസ്ഥിരമാണെന്ന്.” മറുവശത്ത് പാട്രിക്ക് കണ്ടെത്തുന്നുത് ഇതാണ്: "ഈ നാട്ടില്‍ , പ്രതീക്ഷ എപ്പോഴും നിരാശയുടെ തൊട്ടുപിറകിലാണ്. ഇവിടെ ആളുകളുടെ രക്തത്തില്‍ അലിഞ്ഞതാണ് ശ്രമിക്കുക, വീണ്ടും വീണ്ടും ശ്രമിക്കുക എന്നത്" ബുറുണ്ടി പ്രസിഡന്റിന്റെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെടുന്ന കലാപത്തിനിടയിലും"നമ്മുടെ സാധ്യതകള്‍ ഒക്കെയും അടഞ്ഞു പോയിട്ടില്ല" എന്ന് ശുഭാപ്തി പ്രകടിപ്പിക്കുന്ന പാട്രിക്കിനെ ബിയാ ഓര്‍മ്മിപ്പിക്കുന്നു: “ഈ ഭ്രാന്തു പിടിച്ച നാട്ടില്‍ എന്തിനെങ്കിലും അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ നമുക്ക് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം, ഇനിയെനിക്ക് ഭാവിയില്‍ വിശ്വാസമില്ല. അത് സഹിക്കാവുന്നതിലും കൂടുതല്‍ വേദനാജനകമാണ്.” പ്രണയത്തിനു അച്ഛന്‍ എതിരാണോ എന്നും അതുകൊണ്ടാണോ ബിയാ അസന്തുഷ്ടയായിരിക്കുന്നത് എന്നും ഒരു മന്ദബുദ്ധിയെ പോലെ ചോദിക്കുന്ന പാട്രിക്കിനോട് ഒരു നിമിഷം ബിയാ തുറന്നടിക്കുന്നു: “നീയീ പ്രപഞ്ചത്തിന്റെ കേന്ദ്രമൊന്നുമല്ല.” വാക്കുകളുടെ പാരുഷ്യം മയപ്പെടുത്താനായി, അനാഥാലയത്തിലെ കുഞ്ഞുങ്ങളെ കലാപകാരികള്‍ കൂട്ടക്കുരുതി നടത്തിയ സംഭവമോര്‍ത്ത്, അവള്‍ വിശദീകരിക്കുന്നു: “എന്‍കൂബാ ഴാംഗ് പാട്രിക്ക്, ഇലകളില്‍ ചിതറിത്തെറിച്ച തുണ്ടുകളും ചീളുകളുമല്ലാതെ ഇരുപത്തിയൊന്നു കുട്ടികളുടെ ഒരു അവശിഷ്ടവും ബാക്കിവെക്കാതെ പോയ ഒരു ലോകത്തിരുന്നു നിനക്ക് എങ്ങനെയാണ് ഭാവിയെ കുറിച്ച് ചിന്തിക്കാനാവുക? ഒരമ്മക്കെങ്കിലും മറവു ചെയ്യാന്‍ ഒരു ശരീരമെങ്കിലും ബാക്കിവെക്കാതെ?”
മരണത്തിന്റെ തീരാവിശപ്പ്:
യുദ്ധങ്ങള്‍ ആശയങ്ങളെ സേവിക്കുന്നു എന്ന് മേനി നടിക്കുമ്പോഴും അവ മരണത്തെ മാത്രമാണ് സേവിക്കുന്നത് എന്ന് മാര്‍ക്കസ് സുസാക്കിന്റെ 'ദി ബുക്ക് തീഫ്' എന്ന നോവലില്‍ ഒരിടത്തു പറയുന്നുണ്ട്. ഏകപക്ഷീയമായ കലാപങ്ങളുടെ കാര്യത്തിലും ഇത് ശരിതന്നെയാണ്. നോവലിന്റെ മൂന്നാം ഭാഗം “മരണം ഭക്ഷിക്കുന്നു, പക്ഷെ ഒരിക്കലും വയറു നിറയില്ല” എന്ന പഴമൊഴിയോടെ തുടങ്ങുന്നു. 1994 ഏപ്രില്‍ ആറ്. റുവാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ ആ ദിനത്തോടെ ലക്ഷക്കണക്കിനു മനുഷ്യരുടെ വിധിയാണ് മാറിപ്പോയത്. പ്രസിഡന്‍റ് ഹബ്യാരിമാനയുടെ വധം സ്ഥിരീകരിച്ച നിമിഷം മുതല്‍ ദീര്‍ഘ കാലമായി ഉരുണ്ടു കൂടിയിരുന്ന ടുട്സി വിരുദ്ധ വിദ്വേഷം പൊട്ടിത്തെറിച്ചു. നോവലില്‍ വലേറിയെന്ന കഥാപാത്രം പുതിയ സാഹചര്യം എങ്ങനെയാണ് അന്ന് വരെ നിഷ്പക്ഷരോ വിപ്ലവകാരികള്‍ തന്നെയോ ആയിരുന്നവരെ ഹുടു തീവ്രവാദികള്‍ ആക്കിത്തീര്‍ത്തത് എന്ന് കാണിക്കുന്നു. “നാട്ടില്‍ നീതി അപ്രത്യക്ഷമാകുമ്പോള്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാതെ"പ്രാക്ടീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പാട്രിക്കിനെ വിമര്‍ശിക്കുമായിരുന്ന, ബിയായോടൊപ്പം 'പാര്‍ട്ടി ലിബരാലെ' മീറ്റിങ്ങുകളില്‍ പങ്കെടുക്കുമായിരുന്ന വലേറി ഇപ്പോള്‍ "ഞങ്ങള്‍ ഹുടുക്കളുടെ പൊതുനന്മക്കു വേണ്ടി സംഘം ചേര്‍ന്നിരിക്കുന്നു!” എന്ന് പ്രഖ്യാപിക്കാന്‍ മടിക്കുന്നില്ല. ഡാനിയേലിന്റെ മരണം 'ഒറ്റുകാരന്‍ അര്‍ഹിച്ചത്' എന്ന് അവള്‍ തമസ്ക്കരിക്കുന്നു. ഐക്യത്തെ കുറിച്ചും നീതിയെ കുറിച്ചുമുള്ള വാക്കുകളൊക്കെ വിഴുങ്ങിയതിനെ അവള്‍ ന്യായീകരിക്കുന്നു: “ഇനിയും ഞങ്ങളെ അടിമകളാക്കാന്‍ ടുട്സികളെ ഞങ്ങള്‍ അനുവദിക്കില്ല. കൊല്ലണമെങ്കില്‍ , ഞങ്ങള്‍ കൊല്ലും. സന്ദര്‍ഭത്തിനു യോജിച്ച രീതിയില്‍ ഞങ്ങള്‍ മാറും.” ഇടക്കാല പ്രധാനമന്ത്രി മാഡം അഗാതെ (അഗാതെ ഉവിലിംഗിയിമാന)യും ഒപ്പം പത്തു ബള്‍ഗേറിയന്‍ സൈനികരും വധിക്കപ്പെട്ടത് (ഏപ്രില്‍ ഏഴ്, 1994) കലാപകാരികളുടെ നയം വ്യക്തമാക്കി: ഒന്നിനും, വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് പോലും. തങ്ങളെ സ്വാധീനിക്കാനാവില്ല. ഭയന്നോടുന്ന വെള്ളക്കാരുടെ പുറകില്‍ തങ്ങള്‍ ടുട്സി വംശഹത്യ പൂര്‍ണ്ണമാക്കും. ഉന്മൂലനം ചെയ്യേണ്ടവരുടെ പേരുവിവരങ്ങള്‍ ഹുടു പവര്‍ റേഡിയോ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുമ്പോള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞു വരുന്നത് പാട്രിക്കും ബിയയും മനസ്സിലാക്കുന്നു. ബിയയുടെ പപ്പാ യൂറോപ്പിലുള്ള സുഹൃത്തുക്കളോട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെങ്കിലും അവര്‍ കൈമലര്‍ത്തുന്നു. "പകല്‍ എവിടെപ്പോയാലും രാത്രി ഉറങ്ങാന്‍ ദൈവം റുവാണ്ടയില്‍ എത്തും" എന്ന പഴമൊഴി പാട്രിക്ക് ഓര്‍ക്കുന്നുണ്ട് "എന്നാല്‍ ഒരു പക്ഷെ ദൈവത്തിന്റെ കാര്യത്തില്‍ -കോച്ചിനെ പോലെ- എന്തോ സംഭവിച്ചിരിക്കാം. ഇപ്പോള്‍ അവന്‍ വീട്ടിലേക്കു തിരിച്ചു വരുന്നേയില്ലേ എന്ന് ഴാംഗ് പാട്രിക്ക് അത്ഭുതപ്പെട്ടു, അതോ, ബാക്കി ലോകമാകെയെന്ന പോലെ റുവാണ്ടയെ മറന്നോ!” എത്രയും വേഗം പാട്രിക്കിനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് ബിയയുടെ മമ്മ പാട്രിക്കിനോട് പറയുന്നു: “എന്‍കൂബാ, നമ്മള്‍ ... ചലിക്കും പ്രേതങ്ങളാണ്!” പപ്പയേയും മമ്മയേയും ഉപേക്ഷിച്ചു പാട്രിക്കിനോടൊപ്പം രക്ഷപ്പെടാന്‍ വിസമ്മതിക്കുന്ന ബിയായോടു അവര്‍ പറയുന്നു: “നമ്മള്‍ മരിച്ചു പോയാല്‍ ഇവിടെ എന്താണ് സംഭവിച്ചതെന്ന് ആരാണ് ലോകത്തോട് പറയുക? ഈ നീതിരഹിതമായ മരണങ്ങള്‍ക്കൊക്കെയും ആരാണ് നീതി കൊണ്ടുവരിക? .. നീയാണ് ഞങ്ങളുടെ ശബ്ദം- ഞങ്ങളുടെ ഭാവി.” എണ്‍പത്കാരിയായിരുന്ന ഗികാന്‍ഡാ രാജ്ഞിയുടെ വധത്തെ (20 ഏപ്രില്‍ 1994) സംബന്ധിച്ച വാര്‍ത്തയെത്തുമ്പോള്‍ നിയോന്‍സിമ തിരക്കുകൂട്ടുന്നു: അത്തരം ഒരു സ്ത്രീയെ കൊല്ലാന്‍ അവര്‍ക്ക് മടിയില്ലെങ്കില്‍ ഇനിയൊരു നിമിഷം ഇവിടെ നില്‍ക്കരുത്. എന്നാല്‍ , അവസാന നിമിഷം ബിയാ തന്റെ ഹൃദയത്തിന്റെ വഴിതന്നെ അനുസരിക്കുകയും മാതാപിതാക്കളുടെ കൊലയുടെ നിമിഷത്തിലേക്ക് തിരിച്ചു ചെല്ലുകയും ചെയ്യും.
നാളെയുടെ പ്രതീക്ഷകള്‍
'ഭൂമിയുടെ അങ്ങേ വശം' എന്ന നാലാം ഭാഗം 'നിന്റെ പിറകെ ഓടുന്നതിനെ നിനക്ക് കൂടുതല്‍ പിന്നിലാക്കാനാവും, പക്ഷെ നിന്റെ ഉള്ളില്‍ ഓടുന്നവനെ മറികടക്കാനാവില്ല ' എന്ന റുവാണ്ടന്‍ പഴമൊഴിയോടെയും 'നാളത്തേക്കുള്ള കാര്യങ്ങള്‍ ' എന്ന അഞ്ചാം ഭാഗം 'നാളത്തേക്കുള്ള കാര്യങ്ങള്‍ നാളെയുടെ ആളുകളാണ് പറയുക" എന്ന നാട്ടുമൊഴിയോടെയും ആരംഭിക്കുന്നു. ആര്‍ . പി. എഫ്- നേടുന്ന വിജയത്തെ തുടര്‍ന്ന് ഒട്ടൊക്കെ ഒതുങ്ങുന്ന വംശഹത്യക്ക് ശേഷം ജോനാഥന്റെ സഹായത്തോടെ അമേരിക്കയിലെത്തുന്ന പാട്രിക്ക് ബിയായ്ക്ക് എന്ത് സംഭവിച്ചു എന്നത് അവസാനത്തെ ഈ രണ്ടു ചെറിയ ഭാഗങ്ങളിലാണ് അറിയുക. ഒപ്പം ഈ ഭാഗങ്ങള്‍ റുവാണ്ടയുടെ പില്‍ക്കാല ജീവിതത്തിലേക്കും സൂചനകള്‍ നല്‍കുന്നു. വംശഹത്യാനന്തര റുവാണ്ട നേരിടുന്ന ഏറ്റവും വലിയ കെടുതികളില്‍ ഒന്നായ എയിഡ്സിനെതിരിലുള്ള ബോധവല്‍ക്കരണം മുഖ്യദൌത്യമായി ഏറ്റെടുത്ത് ഒരു സന്നദ്ധസംഘത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിയാ തന്റെ കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് അത് പാട്രിക്ക് തന്നെയാണെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ്. കലാപകാലത്തിന്റെ അനുഭവത്തില്‍ നേരത്തെ പരിചയമുള്ള പോലീസുകാരന്റെ ബലാല്‍ക്കാരത്തിനു ഇരയായിട്ടുണ്ട് അവള്‍ . കുഞ്ഞിനെ കൊന്നുകളയുന്നതിനെ കുറിച്ചുള്ള നൈമിഷിക ചിന്തകളെ തോല്‍പ്പിക്കാന്‍ അവള്‍ക്കു സഹായകമായത് അത് പാട്രിക്കിന്റെ കുഞ്ഞാവാം എന്ന സ്നേഹമാണ്.
“അവള്‍ ജനിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ ഇരുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിലേറെ തവണ ഞാന്‍ അവളെ കുളിപ്പിക്കുന്ന സിങ്കിന് അടുത്തു നിന്ന് ചിന്തിച്ചു, അവളുടെ ശ്വാസം നിലക്കും വരെ അവളെ വെള്ളത്തിനടിയില്‍ പിടിക്കുക എത്ര എളുപ്പമായിരിക്കും. പക്ഷെ എന്റെ ഉള്ളില്‍ ഞാനെപ്പോഴും വിശ്വസിച്ചു അത് നിന്റെ കുഞ്ഞാണെന്ന്, നിന്റെ ജീവന്റെ അവസാനത്തെ തിരിയെ കെടുത്തിക്കളയാന്‍ എനിക്കാവില്ലായിരുന്നു. ഗാബിയുടെ ചിരി എന്നിലെത്താന്‍ ഞാന്‍ അനുവദിച്ച നിമിഷം അവളെ എന്ത് വിളിക്കണം എന്ന് എനിക്ക് വ്യക്തമായി. പുലരി രാവിനെ മായ്ച്ചു കളയും പോലെ അവള്‍ എന്റെ ജീവിതത്തിലെ രാത്രിയെ മായ്ച്ചു കളഞ്ഞു.”
ഒരിക്കല്‍ കുഞ്ഞിന്റെ ചിരി കാണുന്നതോടെ അവളിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ ബിയാ തീരുമാനിക്കുകയായിരുന്നു.. അത് തന്നെയാവാം അപ്പോഴേക്കും മരിച്ചിരിക്കാന്‍ സകല സാധ്യതയുമുള്ള പോലീസുകാരന് മാപ്പ് കൊടുക്കാനും അവളെ പ്രാപ്തയാക്കുന്നത്. കുഞ്ഞിനു ചേരുന്ന ഒരേയൊരു പേരും അവള്‍ക്കു കിട്ടുന്നു: മിസേകി- മുത്തുപോലെ ചിരിക്കുന്ന പുലരിപ്പെണ്ണ്. പാട്രിക്കിന്, കുട്ടിക്കാലത്ത് അമ്മാവന്റെ വീട്ടിലെത്തിയപ്പോള്‍ അനിയത്തിയായി മാറിയ, അകാലത്തില്‍ മരിച്ചു പോയ മതില്‍ഡെയുടെ ഇഷ്ട കഥാപാത്രമായിരുന്നു മിസെകി. അത് ആ കുഞ്ഞുസ്നേഹത്തോടുള്ള കടംവീട്ടല്‍ കൂടിയാണ് അപ്പോള്‍ അവന്. പിതൃത്വം നിര്‍ണ്ണയിക്കാനുള്ള ഡി. എന്‍. എ . ടെസ്റ്റ് എന്ന സാധ്യത മുറാംബി ജെനോസൈഡ് മേമ്മോറിയലിന്റെ നിഴലില്‍ നിന്ന് കൊണ്ട് പാട്രിക്ക് തള്ളിക്കളയുന്നു: “അങ്ങനെ ഒരു ചോദ്യമേയില്ല . ഗബ്രിയേലാ മിസേകി എന്റെ മകളാണ്.” ജന്മ ഗ്രാമത്തില്‍ ബന്ധുക്കളുടെ അവശിഷ്ടങ്ങള്‍ തേടിയെത്തുമ്പോള്‍ തലയോട്ടികളില്‍ കണ്ടെത്തുന്ന മുടിനാരുകളും വസ്ത്രച്ചീളും വെച്ച് ഒന്നും തീര്‍ച്ചപ്പെടുത്താനാവാത്ത അവസ്ഥ പാട്രിക്ക് നേരിടുന്നു: “ഒന്നും അവനോടു പറഞ്ഞില്ല, ഇതാ ഇത് എന്റെ അമ്മാവന്‍, അമ്മായി, സഹോദരന്‍. അസ്ഥികള്‍ക്ക് അവന്‍ മുറാംബിയില്‍ തിരിച്ചറിഞ്ഞ അതെ നേരിയ കസ്തൂരി ഗന്ധം ഉണ്ടായിരുന്നു. ഏതാനും മിനിറ്റുകള്‍ അവിടെ കുന്തിച്ചിരുന്നു അവന്‍ ആ ഗന്ധം ഉള്ളിലേക്കെടുത്തു, തന്റെ കുടുംബത്തെ തന്റെ രക്തത്തിലേക്ക് ആഗിരണം ചെയ്യും പോലെ.” അവശിഷ്ടങ്ങളില്‍ നിന്ന് അവന്‍ പെറുക്കിയെടുക്കുന്ന ഒരു പല്ല് അവനോടു പറഞ്ഞു: “സ്നേഹമാണ്.. മരണത്തില്‍ നിന്ന് ജീവിതത്തെ ഉയിര്‍പ്പിക്കുന്നത്. ഞങ്ങളെ ഇവിടെ വിട്ടേക്കുക. നിന്റെ ശിരസ്സ് ജീവിച്ചിരിക്കുന്നവര്‍ക്ക് നേരെ തിരിക്കുക.”
സമാനതകളില്ലാത്ത കരാളതകളുടെ ഓര്‍മ്മകള്‍ തൊട്ട് പിന്നില്‍ മാത്രം നില്‍ക്കുന്ന, അതിന്റെ ഉണങ്ങാത്ത മുറിവുകള്‍ ഉടലിലും ഹൃദയത്തിലും ആവോളം ഏറ്റുവാങ്ങിയ കഥാപാത്രങ്ങളെ നേര്‍ക്കുനേരില്‍ നിര്‍ത്തി എന്തെങ്കിലും വിമോചക(redemptive) ദര്‍ശനത്തിലേക്ക് ആഖ്യാനത്തെ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അതി കാല്‍പ്പനികമാകാനുള്ള സാധ്യതയുടെ വലിയ അപകടമുണ്ട്. ഒരാദ്യ നോവല്‍ രചയിതാവിന്റെ പതര്‍ച്ചയൊട്ടുമില്ലാതെ നവോമി ബെനാരോണ്‍ ആ വെല്ലുവിളിയില്‍ വിജയിക്കുന്നത്, നോവലില്‍ വിവരിക്കപ്പെടുന്ന അനുഭവങ്ങളില്‍ പലതും റുവാണ്ടയിലെ സന്നദ്ധ പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ നേരില്‍ക്കണ്ട ജീവിത സാക്ഷ്യങ്ങളുടെ പിന്‍ ബലം ഉള്ളവയാണ് എന്നത് കൊണ്ടുകൂടിയാണ്. വ്യക്തികളുടെ വിധി സാമൂഹിക വിധിക്ക് വഴിമാറുമ്പോള്‍ അതിന്റെ ഭീകരത വലിയൊരളവോളം സഹ്യമായിത്തീരുന്നു എന്ന് വരാം.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 154-162)
