Season of Martyrdom by Jamal Naji / Paula Hyder

‘രക്തസാക്ഷിത്തത്തിന്റെ കാലം’ – വിശ്വാസബലികളുടെ വിചാരണ

സമകാലിക അറബ്-പലസ്തീനിയൻ സാഹിത്യത്തിൽ, അറബ് വസന്തത്തിന് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക തകർച്ചകളെയും തീവ്രവാദ തരംഗങ്ങളെയും ഏറ്റവും ധീരമായി വിചാരണ ചെയ്ത കൃതിയാണ് ജമാൽ നാജി യുടെ 'രക്തസാക്ഷിത്തത്തിന്റെ കാലം' (Season of Martyrdom/ മൌസുമില്‍ ഹൂരിയാത് -2015). അമ്മാന്റെ വരേണ്യ മുതലാളിത്ത ആഡംബരങ്ങൾക്കും യുദ്ധക്കളങ്ങളിലെ വ്യാജ ആത്മീയ വാഗ്ദാനങ്ങൾക്കും ഇടയിൽപ്പെട്ട് തകരുന്ന ഒരു തലമുറയുടെ കഥയാണ് നോവൽ പറയുന്നത്. ബഹുസ്വരാഖ്യാനം (Polyphony), നമ്പാനാവാത്ത ആഖ്യാതാക്കൾ (Unreliable Narrators) എന്നീ ഉത്തരാധുനിക ആഖ്യാന സാങ്കേതങ്ങളിലൂടെ, പോസ്റ്റ്-ഓസ്ലോ/പോസ്റ്റ്-അറബ് സ്പ്രിംഗ് കാലഘട്ടത്തിൽ പവിത്രമായ സങ്കൽപ്പങ്ങൾ അധികാര-സാമ്പത്തിക താൽപ്പര്യങ്ങൾക്കായി എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഡിസ്റ്റോപ്പിയൻ സാഹചര്യങ്ങൾ എങ്ങനെ ഉരുവപ്പെടുന്നുവെന്നും നോവലിസ്റ്റ് കൃത്യമായി തുറന്നുകാട്ടുന്നു.

അമ്മാന്റെ നഗരപശ്ചാത്തലത്തിൽ നിന്ന് തുടങ്ങി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ പോരാട്ട മേഖലകളിലേക്കും ഇന്ത്യയിലേക്കും വരെ പടരുന്ന തീവ്രവാദ സംസ്കാരത്തെയും ഭൗതിക-ആത്മീയ സംഘർഷങ്ങളെയുമാണ് നോവല്‍ വിചാരണ ചെയ്യുന്നത്. ഭൗതിക സുഖസൗകര്യങ്ങളിലും വരേണ്യാധിപത്യത്തിലും മടുപ്പ് തോന്നി സ്വന്തം ജീവിതത്തിന് അർത്ഥം തിരയുന്ന ഒരു സാധാരണ ചെറുപ്പക്കാരനായ വലീദ് ആണ് നോവലിലെ പ്രധാന കേന്ദ്ര കഥാപാത്രം. വ്യവസ്ഥാപിത തകർച്ചകൾക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്ന അവൻ 'ഭക്തിയുടെയും ത്യാഗത്തിന്റെയും' വ്യാജ വാഗ്ദാനങ്ങളിൽ വീഴുകയും തീവ്രവാദ സംഘടനകളുടെ വലയിൽ റിക്രൂട്ടാവുകയും ചെയ്യുന്നു. ഓസ്ലോഅനന്തര/ പോസ്റ്റ്-അറബ് സ്പ്രിംഗ് കാലഘട്ടത്തിൽ ആദർശപരമായ അന്യവൽക്കരണം കാരണം തീവ്രവാദ ഗ്രൂപ്പുകളുടെ ഇരകളായി മാറുന്ന അറബ് യുവാക്കളുടെ പ്രതീകമാണ് വലീദ്. മറ്റൊരു മുഖ്യകഥാപാത്രം അമ്മാനിലെ വരേണ്യ വ്യവസായികളിൽ പ്രമുഖനും അൽ-വലീദിന്റെ പിതാവുമായ ശതകോടീശ്വരൻ ബാഷയാണ്. ധാർമ്മികതയില്ലാത്ത കോർപ്പറേറ്റ് അധികാരത്തിന്റെ പ്രതീകമായ അയാള്‍, മുൻകാലത്ത് താൻ ചെയ്ത പാപങ്ങളും അധർമ്മങ്ങളും കാരണം സ്വന്തം മകനാൽ തന്നെ താൻ കൊല്ലപ്പെടുമെന്ന ഒരു ജ്യോത്സ്യന്റെ പ്രവചനം കേട്ട് ഭയന്നു ജീവിക്കുന്നു. തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അധികാരങ്ങൾ നിലനിർത്താൻ ഏത് അതിക്രമവും കാണിക്കുകയും, ഒടുവിൽ തങ്ങൾ വളർത്തിയെടുത്ത പുതിയ തലമുറയുടെ തന്നെ അക്രമസ്വഭാവത്തിന് മുന്നിൽ ഭയന്നു വിറയ്ക്കുകയും ചെയ്യുന്ന ഭരണകൂട/വ്യവസായ അധോലോകത്തിന്റെ മുഖമാണിദ്ദേഹം. വലീദിനെ പോലുള്ള ചെറുപ്പക്കാരെ സ്വർഗ്ഗവും രക്തസാക്ഷിത്വവും വില്പനയ്ക്ക് വെച്ച് മരണത്തിലേക്ക് തള്ളിവിടുന്ന മധ്യവർത്തികളായി വരുന്ന റിക്രൂട്ടുകാര്‍ വ്യാജ ആത്മീയതയുടെ വക്താക്കളുമാണ്. തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക അജണ്ടകൾക്കായി മതവിധികളെയും ആശയങ്ങളെയും ദുരുപയോഗം ചെയ്യുന്ന കരുനീക്കക്കാര്‍. ഷെയ്ഖ് ജൻസീറിനെ (ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍) പോലെ, ഇവിടെയും മതം എന്നത് ആത്മാവിനെ ശുദ്ധീകരിക്കാനല്ല, മറിച്ച് മനുഷ്യരെ ആയുധമാക്കാനുള്ള വിപണിയാണ്. നോവലിലെ സ്ത്രീ കഥാപാത്രങ്ങളും കുടുംബങ്ങളും തീവ്രവാദത്തിന്റെയും പുരുഷാധിപത്യ അതിക്രമങ്ങളുടെയും ആഘാതം നേരിട്ട് അനുഭവിക്കേണ്ടി വരുന്ന അതിജീവിതരാണ്. ആണുങ്ങളുടെ വ്യാജ യുദ്ധങ്ങളിലും ആദർശപ്പോരാട്ടങ്ങളിലും സ്വന്തം മക്കളെയും ഭർത്താക്കന്മാരെയും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണ് ഈ സ്ത്രീകള്‍. എങ്കിലും തങ്ങളുടെ കുടുംബങ്ങളെ നിലനിർത്താൻ ഇവർ കാണിക്കുന്ന അതിജീവന ശക്തി നോവൽ ഊന്നിപ്പറയുന്നു.

നോവലിലെ കേന്ദ്രബിന്ദുവായ ജ്യോത്സ്യന്റെ പ്രവചനവും അതിലേക്ക് വഴിതുറക്കുന്ന ദുരന്തപൂർണ്ണമായ ക്ലൈമാക്സുമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സാഹിതീയവും ദാര്‍ശനികവുമായ ഉത്തുംഗങ്ങള്‍. ജ്യോത്സ്യൻ പാഷയോട് നടത്തുന്ന "നിന്റെ പാപങ്ങളുടെ ഫലമായി, സ്വന്തം മകനാൽ തന്നെ നീ കൊല്ലപ്പെടും" എന്ന പ്രവചനവും, അതിൽ നിന്ന് രക്ഷപ്പെടാൻ പാഷ നടത്തുന്ന ശ്രമങ്ങളും, ഒടുവിൽ അത് തികച്ചും വിരോധാഭാസപരമായി (tragicomedic irony) യാഥാർത്ഥ്യമാകുന്ന ക്ലൈമാക്സും ഒട്ടേറെ സൂചനകള്‍ നല്‍കുന്നുണ്ട്. പാഷ തന്റെ ജീവനും സാമ്രാജ്യവും സംരക്ഷിക്കാൻ മകനായ വലീദിനെ തന്നിൽനിന്ന് അകറ്റി നിർത്തി ആഡംബരങ്ങളിലും സാമ്പത്തിക സുഖങ്ങളിലും വളർത്തുന്നു. എന്നാൽ, ആ നഗര സംസ്കാരത്തിലെ അർത്ഥശൂന്യതയിലും അച്ഛന്റെ അവിഹിത സാമ്രാജ്യത്തിലും മടുപ്പ് തോന്നിയാണ് വലീദ് ആത്മീയ ഭ്രാന്തിലേക്കും തീവ്രവാദ വലക്കണ്ണികളിലേക്കും ചെന്നെത്തുന്നത്. തങ്ങളുടെ അനീതികളെയും പാപങ്ങളെയും സംരക്ഷിക്കാൻ മുൻതലമുറ (പാഷ) കെട്ടിപ്പടുക്കുന്ന അതേ വിഷമയമായ അന്തരീക്ഷം തന്നെയാണ് പുതിയ തലമുറയെ (അൽ-വലീദ്) നാശത്തിലേക്ക് തള്ളിയിടുന്നത്. അതായത്, വിനാശത്തിൽ നിന്ന് ഓടിയൊളിക്കാൻ പാഷ നടത്തുന്ന തന്ത്രപരമായ ശ്രമങ്ങൾ തന്നെയാണ് ആ വിനാശത്തെ അവന്റെ പടിവാതിൽക്കൽ എത്തിക്കുന്നത്. ക്ലൈമാക്സിൽ വലീദ് തന്റെ പിതാവിനെ വധിക്കുന്നത് ഏതെങ്കിലും കുടുംബ വഴക്കിന്റെ പേരിലല്ല; മറിച്ച് താൻ വിശ്വസിക്കുന്ന സംഘടനയ്ക്ക് വേണ്ടിയുള്ള 'വിശുദ്ധ രക്തസാക്ഷിത്വത്തിന്റെ' ഭാഗമായാണ്. പാഷയെ ഒരു പാപിയായും അവിശ്വാസിയായും ചിത്രീകരിച്ചാണ് സംഘടന വലീദിന്റെ കൈകളിൽ തോക്ക് നൽകുന്നത്. രക്തസാക്ഷിത്വം എന്ന വാക്ക് എത്രത്തോളം അപകടകരമായി ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ ദുരന്തപൂർണ്ണമായ നിദര്‍ശനം. പവിത്രമായ ആശയങ്ങൾ വ്യാജ നേതാക്കളുടെ കൈകളിലെത്തുമ്പോൾ സ്വന്തം പിതാവിനെപ്പോലും കൊല്ലാൻ മടിക്കാത്ത വിധം മനുഷ്യർ ആത്മീയമായി അന്ധരാക്കപ്പെടുന്നു എന്ന് നാജി മുന്നറിയിപ്പ് നൽകുന്നു. നോവലിന്റെ ക്ലൈമാക്സിന് സോഫോക്ളിസിന്റെ ഈഡിപ്പസ് നാടകത്തോടുള്ള സാമ്യവും വ്യക്തമാണ്‌. ഒപ്പം, ഇവിടെ പാഷ പ്രതിനിധീകരിക്കുന്നത് അറബ് ലോകത്തെ അഴിമതിക്കാരായ, കോർപ്പറേറ്റ് അധികാര വർഗ്ഗത്തെയാണ്. രണ്ടും ചേരുമ്പോള്‍ വ്യക്തമാകുന്ന പാഠം ഇതാണ്: ഭരണകൂടവും വരേണ്യവർഗ്ഗവും ജനങ്ങളെ ചൂഷണം ചെയ്ത് കെട്ടിപ്പടുക്കുന്ന അനീതിയുടെ കൊട്ടാരങ്ങൾ ഒടുവിൽ അവർ തന്നെ വളർത്തിയെടുത്ത അടിച്ചമർത്തപ്പെട്ട, വഴികാട്ടികളില്ലാത്ത പുതിയ തലമുറയാൽ തകർക്കപ്പെടും. വ്യവസ്ഥാപിത അതിക്രമങ്ങൾ എന്നെന്നും നിലനിൽക്കില്ല; നാശത്തിന്റെ വിത്തുകൾ സ്വന്തം ഉദരത്തിൽത്തന്നെ അത് ചുമക്കുന്നുണ്ട്. ഓസ്ലോയ്ക്ക് മുമ്പും ശേഷവും അറബ് ലോകത്ത് നിലനിന്ന രാഷ്ട്രീയ കാപട്യങ്ങളും, സാമ്പത്തിക ചൂഷണങ്ങളും, മതാന്ധതയും ചേർന്ന് ഒരു തലമുറയെത്തന്നെ തീവ്രവാദത്തിന്റെ ബലിയാടുകളാക്കി മാറ്റി എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. പാഷ എന്ന പിതാവിന്റെ കൊലപാതകം ഒരു വ്യക്തിയുടെ മാത്രം പതനമല്ല, മറിച്ച് വാർദ്ധക്യം ബാധിച്ച, അഴിമതി നിറഞ്ഞ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ തന്നെ ദാരുണമായ വിധിവിഹിതമാണ്.

നോവലിൽ പ്രയോഗിച്ചിരിക്കുന്ന ഉത്തരാധുനിക ബഹുസ്വര ആഖ്യാനരീതി കേവലമൊരു സാഹിത്യ തന്ത്രമല്ല; മറിച്ച് ഓസ്ലോയ്ക്ക് മുമ്പും ശേഷവും അറബ് ആത്മാവിൽ സംഭവിച്ച രാഷ്ട്രീയ-ധാർമ്മിക തകർച്ചകളുടെയും ചിതറലുകളുടെയും ആഖ്യാനപരമായ പ്രതിഫലനം കൂടിയാണ്. പാഷയുടെ അഴിമതിയും ഭയവും, അൽ-വലീദിന്റെ ആത്മീയ ശൂന്യതയും അന്യവൽക്കരണവും, വ്യാജ മധ്യവർത്തികളുടെ കച്ചവട താല്പര്യങ്ങളും വ്യത്യസ്ത അധ്യായങ്ങളിലായി അതാത് കഥാപാത്രങ്ങളുടെ ശബ്ദത്തിൽ ആവിഷ്കരിക്കപ്പെടുന്നത് ഒരൊറ്റ സാർവത്രിക സത്യത്തിന് പകരം കഥാപാത്രങ്ങളുടെ സ്വാർത്ഥങ്ങള്‍ക്കനുസരിച്ച് സത്യം വിഭജിക്കപ്പെടുന്നു (fractured truths) എന്ന് വ്യക്തമാക്കുന്നു. കഥാപാത്രങ്ങളാരും ആദർശധീരരോ പൂർണ്ണ വിശ്വസ്തരോ അല്ല. പിതാവായ പാഷ തന്റെ സ്വകാര്യ പാപങ്ങൾ മറയ്ക്കാൻ കഥ തിരുത്തുമ്പോൾ, മകൻ വലീദ് തന്റെ അക്രമങ്ങളെ 'രക്തസാക്ഷിത്വമായി' ന്യായീകരിക്കുന്നു. ആരുടെയും വിവരണം പൂർണ്ണ സത്യമല്ലെന്ന് തെളിയിക്കുന്നതിലൂടെ (unreliable voices) വായനക്കാരൻ തന്നെ വിധികർത്താവാകേണ്ടി വരുന്നു. നഗരത്തിലെ മുതലാളിത്ത അഴിമതിയും ഭീകരവാദ മേഖലകളിലെ ആത്മീയ കാപട്യവും വെവ്വേറെ ആഖ്യാനങ്ങളിലൂടെ തുറന്നുകാട്ടുന്നു. 'രക്തസാക്ഷിത്വം' സംബന്ധിച്ച മിത്തിന്റെ അട്ടിമറി (deconstruction) കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. പവിത്രമെന്നു കരുതപ്പെടുന്ന സങ്കൽപ്പത്തെ സമൂഹം, മതം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവ തങ്ങളുടെ ഭൗതിക-അധികാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും അതില്‍ യുവാക്കള്‍ക്കുള്ള വിശ്വാസത്തെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. യഥാർത്ഥ ത്യാഗവും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി വ്യാജമായി നിർമ്മിക്കപ്പെടുന്ന രക്തസാക്ഷിത്വ ബിംബങ്ങളും തമ്മിലുള്ള വടംവലിയാണ് കഥയിലുടനീളം നിഴലിക്കുന്നത്. വാർദ്ധക്യം ബാധിച്ച ഭരണകൂടത്തെയും പിതാവിനെയും (പാഷ) ഇല്ലായ്മ ചെയ്യാൻ പുതിയ തലമുറയെ കരുവാക്കുന്ന ഒരു കോർപ്പറേറ്റ് തന്ത്രം മാത്രമാണ് ഒടുവില്‍ അത്. നാജിയുടെ ഏറ്റവും പ്രശസ്തമായ നോവല്‍ ‘ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍’ ഈ നോവലിനോട് ചേര്‍ത്തു വായിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. Season of Martyrdom പലസ്തീനിയൻ-അറബ് ആത്മാവിൽ വിപ്ലവകരമായ പവിത്രതകൾ എങ്ങനെ വഞ്ചിക്കപ്പെട്ടു എന്ന് കാണിച്ചുതരുമ്പോൾ, When the Wolves Grow Old ആ വഞ്ചനകളിൽ നിന്ന് ജനിച്ച കോർപ്പറേറ്റ് കരുനീക്കങ്ങളുടെ ലോകത്തെയാണ് ആവിഷ്കരിക്കുന്നത്. ആദ്യ നോവൽ വീഴ്ചയുടെ തുടക്കമാണെങ്കിൽ രണ്ടാമത്തെ നോവൽ വീഴ്ച പൂർണ്ണമായ ശേഷമുള്ള ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.

അഭയാർത്ഥി ക്യാമ്പ് അനുഭവങ്ങളും പ്രവാസ രൂപകങ്ങളും നിറയുന്ന നോവലില്‍ ജമാൽ നാജിയുടെ സ്വന്തം ജീവിത പശ്ചാത്തലമായ അഖ്ബത് ജാബർ അഭയാർത്ഥി ക്യാമ്പ് അനുഭവങ്ങളുടെയും താൽക്കാലികമായ അതിജീവന തടവറകളുടെയും പ്രതിഫലനമുണ്ട്. സ്വന്തം മണ്ണിൽ നിന്നും വ്യക്തിത്വത്തിൽ നിന്നും പിഴുതെറിയപ്പെട്ട ഒരു ജനതയുടെ ആന്തരിക മുറിവുകളും, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചരിത്രപരമായ ആഘാതങ്ങളും (Transgenerational Trauma) നോവൽ തുറന്നുകാട്ടുന്നു. നാജിയുടെ പതിവുശൈലിയില്‍ ഇവിടെയും ദുരന്തങ്ങൾ ഉണ്ടാകുന്നത് പുറത്തുനിന്നുള്ള ശത്രുക്കളാൽ മാത്രമല്ല; മറിച്ച് കുടുംബങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഉള്ളിലെ ആഭ്യന്തര വഞ്ചനകളിലൂടെയുമാണ്. ദേശീയതയുടെയും സമുദായ നന്മയുടെയും മുഖംമൂടികൾക്കപ്പുറം മനുഷ്യന്റെ അഹങ്കാരം, ഭയം, കാമം എന്നിവ എങ്ങനെ വ്യക്തിബന്ധങ്ങളെ ഉലയ്ക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു.