സ്ലാവെങ്ക ദ്രാക്കുലിച്ച്: ചരിത്രത്തിന്റെ ശരീരശാസ്ത്രം
വലിയ രാഷ്ട്രീയ-ചരിത്ര സംഭവങ്ങൾ സാധാരണ മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതത്തെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് നിര്‍ഭയമായി രേഖപ്പെടുത്തിയതിലൂടെയാണ് ക്രോയേഷ്യൻ എഴുത്തുകാരിയും സോഷ്യോളജിസ്റ്റുമായ സ്ലാവെങ്ക ദ്രാക്കുലിച്ച് ആഗോളതലത്തിൽ ശ്രദ്ധേയയായത്. 1949-ൽ റിയേക്കയിൽ ജനിച്ച അവർ സാഗ്രെബ് സർവകലാശാലയിൽ നിന്നാണ് താരതമ്യ സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദം നേടിയത്. ബാൾക്കൻ ദേശീയതയോടുള്ള കടുത്ത വിമർശനങ്ങൾ, സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം, കമ്മ്യൂണിസ്റ്റ് അനന്തര സമൂഹത്തിന്റെ സങ്കീർണ്ണതകൾ എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ കൃതികളിലൂടെ അവർ മുൻ യുഗോസ്ലാവിയൻ നാടുകളിൽ സ്ത്രീപക്ഷ ചിന്തകൾക്കും സംവാദങ്ങൾക്കും അടിത്തറയിട്ടു.
മാർഷൽ ടിറ്റോയുടെ ഭരണം (1945–1980) യുഗോസ്ലാവിയയെ ഒരു 'ഉദാര കമ്മ്യൂണിസ്റ്റ്' രാജ്യമായാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. സോവിയറ്റ് ചേരിയെ അപേക്ഷിച്ച് സാംസ്കാരിക സ്വാതന്ത്ര്യവും സാമ്പത്തിക അഭിവൃദ്ധിയും അവിടെയുണ്ടായിരുന്നു. എന്നാൽ പുറമെ കണ്ട ഈ തിളക്കത്തിന് പിന്നിൽ സാധാരണക്കാരുടെ ജീവിതം കടുത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു എന്ന് ദ്രാക്കുലിച്ച് തന്റെ കൃതികളിലൂടെ തുറന്നുകാട്ടി. ടിറ്റൊയ്ക്ക് ശേഷം, 1990-കളിൽ യുഗോസ്ലാവിയ വംശീയ യുദ്ധങ്ങളിലൂടെ ദാരുണമായി തകർന്നപ്പോൾ, അതിന് കാരണമായ തീവ്രദേശീയതയ്ക്കും വംശീയ വിദ്വേഷത്തിനുമെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. എന്നാൽ സ്വന്തം നാട്ടിൽ അവർ കടുത്ത മാധ്യമവേട്ടയ്ക്കും ആക്രമണങ്ങൾക്കും ഇരയായി. തുടർന്ന് ജന്മനാട് ഉപേക്ഷിച്ച് സ്വീഡനിലേക്ക് പലായനം ചെയ്യേണ്ടി വന്ന അവർ, അവിടെയിരുന്നുകൊണ്ട് ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ തന്റെ എഴുത്ത് തുടർന്നു.
കമ്മ്യൂണിസ്റ്റ് വിമർശനവും രാഷ്ട്രീയ ഉപന്യാസങ്ങളും:
മുൻ യുഗോസ്ലാവിയയിൽ പുറത്തിറങ്ങിയ ആദ്യത്തെ സ്ത്രീപക്ഷ ഉപന്യാസ സമാഹാരവും കമ്മ്യൂണിസ്റ്റ് ചേരിയിലെ സ്ത്രീപക്ഷ ചിന്തകളുടെ അടിസ്ഥാന ഗ്രന്ഥവുമാണ് ദ്രാക്കുലിച്ചിനെ ആദ്യമായി ശ്രദ്ധേയയാക്കിയ ദി മോർട്ടൽ സിൻസ് ഓഫ് ഫെമിനിസം (1980s). ഈ പുസ്തകത്തിന്റെ പേര് തന്നെ കടുത്ത പരിഹാസം നിറഞ്ഞതാണ്. ഫെമിനിസം എന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കെതിരായ ഒരു പ്രത്യയശാസ്ത്രപരമായ മതദ്രോഹമാണ്— അഥവാ ഒരു 'മഹാപാപമാണ്' (Mortal Sin) എന്ന ഭരണകൂട അനുകൂല രാഷ്ട്രീയ സംഘടനകളുടെ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഈ കൃതി. സോഷ്യലിസ്റ്റ് പുരുഷാധിപത്യത്തിന്റെ കാപട്യങ്ങളെ ഈ പുസ്തകം പൂർണ്ണമായി തുറന്നുകാട്ടി. സോഷ്യലിസത്തിന് കീഴിൽ സ്ത്രീകൾക്ക് നിയമപരമായി തുല്യത ഉണ്ടായിരുന്നുവെങ്കിലും, പ്രായോഗികമായി അവർക്ക് മുഴുവൻ സമയ ജോലിയും ഒപ്പം വീട്ടുജോലികളുടെ ഭാരവും ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്ന ഒരു 'ഇരട്ട ഭാരം' ഉണ്ടായിരുന്നു. ഭരണകൂടം മൂടിവെക്കാൻ ശ്രമിച്ച ഗാർഹിക പീഡനം, ബലാത്സംഗം, വേശ്യാവൃത്തി, വിദ്യാഭ്യാസരംഗത്തെ ലൈംഗികവിവേചനം, സ്ത്രീള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള സ്വയംഭരണം (bodily autonomy) തുടങ്ങിയ നിഷിദ്ധ പ്രമേയങ്ങളെ (taboo topics) ദ്രാക്കുലിച്ച് നിര്‍ഭയമായി അഭിമുഖീകരിച്ചു. പുരുഷാധിപത്യത്തോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ തുടക്കമായിരുന്നു ഇത്.
കമ്യൂണിസ്റ്റ് കാലത്തെ കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങള്‍ പ്രധാനമായും നാല് കൃതികളിലൂടെ നമുക്ക് മനസ്സിലാക്കാം. ഇതില്‍ ആദ്യത്തേത് ഹൗ വി സർവൈവ്ഡ് കമ്മ്യൂണിസം ആൻഡ് ഈവൻ ലാഫ്ഡ് (1991) എന്ന ലേഖന സമാഹാരമാണ്. ടിറ്റോയുടെ കാലത്തെ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. വലിയ രാഷ്ട്രീയ സിദ്ധാന്തങ്ങൾക്കപ്പുറം നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം, ഭരണകൂടത്തിന്റെ കാപട്യങ്ങൾ, നിശബ്ദമായ അടിച്ചമർത്തലുകൾ എന്നിവ സാധാരണ മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ എങ്ങനെയാണ് ബാധിച്ചത് എന്ന് ഈ ഉപന്യാസങ്ങള്‍ വരച്ചുകാട്ടുന്നു. കമ്മ്യൂണിസത്തെ അതിജീവിച്ചവർ വെറും ഇരകളല്ല, മറിച്ച് അതിനുള്ളിലിരുന്ന് ചിരിക്കാൻ ശീലിച്ചവരാണെന്ന് അവർ സമർത്ഥിക്കുന്നു. ബാൾക്കൻ എക്സ്പ്രസ് (1992) എന്ന കൃതി, 1980-ൽ ടിറ്റോയുടെ മരണശേഷം ഫെഡറൽ സംവിധാനം തകരുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോഴുള്ള ആഘാതത്തെയാണ് അടയാളപ്പെടുത്തുന്നത്. യുഗോസ്ലാവിയയുടെ പെട്ടെന്നുള്ള തകർച്ച, യുദ്ധത്തിന്റെ കയ്പേറിയ ഓർമ്മകൾ എന്നിവ ഇതിലുണ്ട്. ടിറ്റോയുടെ 'ഉദാരത' യഥാർത്ഥത്തിൽ രാജ്യത്തിനകത്തെ വലിയ വംശീയ വിള്ളലുകളെ താൽക്കാലികമായി മൂടിവെക്കുക മാത്രമാണ് ചെയ്തതെന്ന കടുത്ത തിരിച്ചറിവ് ഈ കൃതി പങ്കുവെക്കുന്നു. കഫേ യൂറോപ്പ (1996), 1990-കളിലെ കമ്മ്യൂണിസ്റ്റ് അനന്തര പരിവർത്തന കാലത്തെയാണ് ചർച്ചക്കെടുക്കുന്നത്. ഇവിടെ എഴുത്തുകാരിയുടെ ശൈലിയിൽ കടുത്ത സിനിസിസത്തിനു പകരം ഒരുതരം പരിഹാസവും സഹിഷ്ണുതയും കടന്നുവരുന്നു. കമ്മ്യൂണിസത്തിന് ശേഷമുള്ള ജീവിതത്തിലെ അസംബന്ധങ്ങൾ—അഴിമതി, പശ്ചാത്യ രാജ്യങ്ങളുടെ കുറ്റപ്പെടുത്തലുകൾ, ടിറ്റോയുടെ ഭരണകൂടം അവശേഷിപ്പിച്ചുപോയ നിഴലുകൾ എന്നിവയെ അവർ വിമർശനാത്മകമായി സമീപിക്കുന്നു.
കമ്മ്യൂണിസത്തിന്റെ തകർച്ചയെയും ടിറ്റോയുടെ യുഗോസ്ലാവിയയെയും ഒരു ദൂരത്തുനിന്ന് നോക്കിക്കണ്ട് പരിഹാസത്തിലൂടെയും ഉപമകളിലൂടെയും (allegory and satire) ആവിഷ്കരിക്കുന്ന കൃതിയാണ് എ ഗൈഡഡ് ടൂർ ത്രൂ ദി മ്യൂസിയം ഓഫ് കമ്മ്യൂണിസം (2011). കിഴക്കൻ യൂറോപ്പിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള എട്ട് മൃഗങ്ങളാണ് (എലി, തത്ത, കരടി, പൂച്ച, മൂഷികൻ, പന്നി, പട്ടി, കാക്ക) ഇതിലെ കഥാകാരന്മാർ. ഓരോ മൃഗവും ഓരോ രാജ്യത്തെ പ്രതിനിധീകരിക്കുന്നു (ഉദാഹരണത്തിന് യുഗോസ്ലാവിയയുടെ തത്ത, പോളണ്ടിന്റെ പൂച്ച). ജോർജ്ജ് ഓർവലിന്റെ 'ആനിമൽ ഫാം' പോലെ മൃഗങ്ങളുടെ ശബ്ദത്തിലൂടെയാണ് പ്രത്യയശാസ്ത്രങ്ങളെ വിമർശിക്കുന്നതെങ്കിലും, ദ്രാക്കുലിച്ചിന്റെ കൃതി കൂടുതൽ ചരിത്രപരവും (ഉദാഹരണത്തിന് ബെർലിൻ മതിൽ, റൊമാനിയയിലെ ചൗഷസ്ക്യുവിന്റെ ഭരണം) വൈകാരികവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്. മൃഗങ്ങളുടെ ആഖ്യാനസ്വരം ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങളെ പരിഹാസത്തോടെയും യുക്തിയോടെയും സമീപിക്കാൻ എഴുത്തുകാരിക്ക് സ്വാതന്ത്ര്യം നൽകുന്നു.
ദ്രാക്കുലിച്ചിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും സുപ്രധാനവും ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടതുമായ കൃതിയാണ് 'ദേ വുഡ് നെവർ ഹർട്ട് എ ഫ്ലൈ' (2003). അതുവരെ രാഷ്ട്രീയ മാറ്റങ്ങളെയും സ്ത്രീശരീരത്തെയും കുറിച്ച് എഴുതിയ ദ്രാക്കുലിച്ച്, ഈ കൃതിയിലൂടെ മനുഷ്യരിലെ നന്മതിന്മകളുടെ മനഃശാസ്ത്രത്തിലേക്കും യുദ്ധകാലത്ത് സാധാരണ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും ക്രൊയേഷ്യയിലെ മറ്റ് കോടതികളിലും നടന്ന യുദ്ധക്കുറ്റവാളികളുടെ വിചാരണകൾ മാസങ്ങളോളം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാക്കുലിച്ച് പുസ്തകം രചിക്കുന്നത്. യുദ്ധകാലത്ത് ക്രൂരമായ വംശഹത്യകൾക്കും പീഡനങ്ങൾക്കും നേതൃത്വം നൽകിയ ഒരു ഡസനോളം യുദ്ധക്കുറ്റവാളികളുടെ സൂക്ഷ്മമായ വ്യക്തിചിത്രങ്ങളാണ് ഈ കൃതി വരച്ചുകാട്ടുന്നത്. ഇതിലൂടെ Award for European Understanding അവർക്ക് ലഭിക്കുകയുണ്ടായി.
പുസ്തകത്തില്‍ ദ്രാക്കുലിച്ച് മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ് "കുറ്റബോധത്തിന്റെ വ്യക്തിവൽക്കരണം" (individualization of guilt). യുദ്ധക്കുറ്റങ്ങളെ ഒരു ജനതയുടെയോ വംശത്തിന്റെയോ കൂട്ടായ ഉത്തരവാദിത്തമായി കണ്ട് (Collective guilt) എല്ലാവരെയും കുറ്റക്കാരാക്കുന്ന രീതിയെ അവർ എതിർക്കുന്നു. പകരം, യുദ്ധകാലത്ത് ക്രൂരതകൾ ചെയ്യാൻ തീരുമാനിച്ച ഓരോ വ്യക്തിയും അവരുടെ സ്വന്തം തീരുമാനങ്ങൾക്ക് വ്യക്തിപരമായിത്തന്നെ മറുപടി പറയണം എന്ന് അവർ വാദിക്കുന്നു. 'ഒരു ഈച്ചയെപ്പോലും നോവിക്കാത്ത' സാധാരണക്കാരായ മനുഷ്യർ യുദ്ധസാഹചര്യങ്ങളിൽ എങ്ങനെയാണ് ക്രൂരന്മാരായ കുറ്റവാളികളായി മാറുന്നതെന്നും, പ്രത്യയശാസ്ത്രങ്ങളുടെ മറവിൽ അവർ നടത്തുന്ന കൊടുംക്രൂരതകളെയും മനഃശാസ്ത്രപരമായ ആഴത്തോടെ ദ്രാക്കുലിച്ച് വിശകലനം ചെയ്യുന്നു.
ഉപന്യാസങ്ങളിൽ നിന്ന് ഫിക്ഷനിലേക്ക്:
സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും വിപ്ലവാത്മകമായ ആദ്യ നോവലാണ് 'ഹോളോഗ്രാംസ് ഓഫ് ഫിയർ' (1987). കടുത്ത രോഗാവസ്ഥയെയും മരണഭയത്തെയും അഭിമുഖീകരിക്കുന്ന ഒരു സ്ത്രീയുടെ മനഃശാസ്ത്രപരമായ ആഖ്യാനമാണ് നോവല്‍. ബോസ്റ്റണിലെ ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന നോവൽ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഒരു സ്ത്രീയുടെ മാനസിക ആഘാതങ്ങളെയും സ്വത്വപ്രതിസന്ധിയെയും അതീവ സൂക്ഷ്മമായി പരിശോധിക്കുന്നു. മുഖ്യകഥാപാത്രം ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചുവരുമ്പോൾ, കഥ അമേരിക്കയിലെ വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ നിന്നും അവരുടെ കുട്ടിക്കാലത്തെ യുഗോസ്ലാവിയൻ ഓർമ്മകളിലേക്ക് മാറിമറിയുന്നു. ക്രൂരനായ പിതാവ് ഏൽപ്പിച്ച ആഘാതങ്ങൾ, അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ, മരണത്തോടുള്ള കടുത്ത ഭയം എന്നിവയിലൂടെ അവര്‍ കടന്നുപോകുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഓരോ ചെറിയ ശാരീരിക മാറ്റങ്ങളെയും അതീവ സൂക്ഷ്മതയോടെ, ആത്മീയവും അസ്തിത്വപരവുമായ (existential) തലത്തിൽ ദ്രാക്കുലിച്ച് വരച്ചുകാട്ടുന്നു.
യുഗോസ്ലാവിയയുടെ തകർച്ചയ്ക്ക് തൊട്ടുമുമ്പ് പുറത്തിറങ്ങിയ മാർബിൾ സ്കിൻ (1989) എന്ന നോവല്‍ ശില്പിയായ മകൾ, വൈകാരികമായി അകന്നുനിൽക്കുന്ന അമ്മ, അമ്മയുടെ കാമുകൻ എന്നിവർക്കിടയിലെ ഇരുണ്ട മനോവ്യാപാരങ്ങളെയാണ് പരിശോധിക്കുന്നത്. കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതിക സമൂഹത്തിൽ ഒരു 'അമ്മ'യെ കേവലമൊരു മാതൃരൂപത്തിനപ്പുറം സ്വന്തമായി ലൈംഗിക ചോദനകളുള്ള ഒരു സ്ത്രീയായി (mother as a sexual being) അടയാളപ്പെടുത്താൻ നോവൽ ധീരത കാണിക്കുന്നു. മാതൃത്വവും സ്ത്രീയുടെ ലൈംഗികതയും പരസ്പരം എങ്ങനെയാണ് ഏറ്റുമുട്ടുന്നത് എന്ന് നോവൽ വിശകലനം ചെയ്യുന്നു. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അവഗണനകളും അമ്മയുടെ സ്നേഹത്തിനായി മത്സരിക്കേണ്ടി വരുമ്പോൾ ഒരു പെൺകുട്ടിക്കുണ്ടാകുന്ന മാനസിക ആഘാതങ്ങളും ചർച്ചയാകുന്നു. പ്രതീകാത്മക തലത്തില്‍, നോവലിലെ സങ്കീർണ്ണമായ കുടുംബബന്ധങ്ങൾ യഥാർത്ഥത്തിൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന യുഗോസ്ലാവിയ എന്ന രാജ്യത്തിന്റെ തന്നെ വലിയൊരു രൂപകമാണ് (National Allegory). വിശ്വസിക്കാൻ കൊള്ളാത്ത ഒരു അമ്മയോട് മകൾക്കുള്ള അതേ സങ്കീർണ്ണമായ ബന്ധമാണ്, തകർന്നുകൊണ്ടിരിക്കുന്ന പിതൃ അധികാര യുഗോസ്ലാവിയൻ ഭരണകൂടത്തോട് അവിടുത്തെ പൗരന്മാർക്കുള്ളത് എന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു.
'ദി ടേസ്റ്റ് ഓഫ് എ മാൻ' (1994) സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കൃതിയാണ്. ഭ്രാന്തമായ പ്രണയം, ലൈംഗിക തൃഷ്ണ, നരഭോജനം (cannibalism) എന്നിവയെ പ്രമേയമാക്കിയ അതീവ സ്തോഭജനകമായ കൃതിയില്‍, ന്യൂയോർക്കിൽ പഠിക്കുന്ന ഒരു പോളിഷ് ഗവേഷക തന്റെ വിവാഹിതനായ ബ്രസീലിയൻ കാമുകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി, അയാളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നതാണ് ഇതിവൃത്തം. സ്ത്രീപക്ഷ നിലപാടുകളെ ഏറ്റവും വിലക്കപ്പെട്ട അതിരുകളിലേക്ക് (taboo territory) തള്ളിവിടുന്ന ഈ കൃതി, തീവ്രമായ പ്രണയഭ്രാന്ത്, ശരീരത്തിന്റെ വന്യത, സ്ത്രീ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടൽ എന്നിവയെ 'ശുദ്ധമായ വിശപ്പ്' (pure appetite) എന്ന സങ്കൽപ്പത്തിലൂടെ വിശകലനം ചെയ്യുന്നു. തന്റെ ക്രൂരപ്രവൃത്തിയെ അതീവ യുക്തിഭദ്രവും വിശകലനാത്മകവുമായി ന്യായീകരിക്കുന്ന ഗവേഷകയായ നായികയുടെ ആത്മഗതമായാണ് നോവലിന്റെ ആഖ്യാനം. കേവലമൊരു കുറ്റകൃത്യത്തിനപ്പുറം ആത്യന്തികമായ പ്രണയത്തിന്റെ വിനാശകരമായ അതിരുകൾ, മതപരമായ ഭ്രാന്ത്, അസ്തിത്വപരമായ ഭ്രംശനം (existential displacement) എന്നിവയുടെ ഒരു ബഹുമുഖ രൂപകമായാണ് (Multi-layered Allegory) നോവൽ വായിക്കപ്പെടുന്നത്. യുഗോസ്ലാവിയയെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് അനന്തര കാലത്തെക്കുറിച്ചോ ഉള്ള രാഷ്ട്രീയ പരാമർശങ്ങളെ എഴുത്തുകാരി ഇതിൽ ബോധപൂർവ്വം ഒഴിവാക്കുന്നുണ്ട്. വലിയ ഭൗമ-രാഷ്ട്രീയ (macro-geopolitics) ചർച്ചകളിൽ നിന്നും മാറി, മനുഷ്യന്റെ ഒറ്റപ്പെടലിനെയും 'ശരീരത്തിന്റെ ഭൂമിശാസ്ത്രത്തെയും' (Geography of the Body) സാർവത്രികമായ ഒരു തലത്തിൽ ദൃശ്യവൽക്കരിക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്.
'എസ്.: എ നോവൽ എബൗട്ട് ദി ബാൾക്കൻസ്' (S: A Novel About the Balkans - 1999) സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും ശക്തവും പിടിച്ചുലയ്ക്കുന്നതുമായ കൃതിയാണ്. 'ദി ടേസ്റ്റ് ഓഫ് എ മാൻ' എന്ന നോവലിന്റെ പ്രതീകാത്മകമായ തലങ്ങളിൽ നിന്ന് മാറി, നേരിട്ടുള്ള രാഷ്ട്രീയ-ഭൗമസാഹചര്യങ്ങളിലേക്കുള്ള ദ്രാക്കുലിച്ചിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ കൃതി. ബോസ്നിയൻ യുദ്ധകാലത്ത് റാദോവാന്‍ കരാഡിച്ചിന്റെ സെര്‍ബ് സൈന്യം നടത്തിപ്പോന്ന റേപ്പ് ക്യാമ്പുകളുടെ യഥാർത്ഥ ക്രൂരതകളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട നോവൽ, യുദ്ധകാലത്ത് സ്ത്രീകൾക്കെതിരെ ആയുധമായി പ്രയോഗിക്കപ്പെടുന്ന ആസൂത്രിതമായ ലൈംഗിക അതിക്രമങ്ങളുടെ അതീവ ദാരുണമായ ഒരു തുറന്നുകാട്ടലാണ്. ബോസ്നിയൻ ദുരന്തത്തിന്റെ പച്ചയായ സാക്ഷ്യപത്രമായ ഈ കൃതി, ഫിക്ഷനെ 'സാക്ഷ്യ സാഹിത്യമായി' (Witness Literature) മാറ്റിയെടുക്കുന്നു. യുദ്ധത്തിൽ സ്ത്രീശരീരങ്ങള്‍ എങ്ങനെയാണ് യുദ്ധോപകരണമായി മാറുന്നതെന്ന് നോവൽ തുറന്നുകാട്ടുന്നു. വ്യക്തിപരമായ ആന്തരിക സംഘർഷങ്ങളിൽ നിന്നും ശാരീരിക അവസ്ഥകളിൽ നിന്നും മാറി, ഒരു ജനതയുടെ കൂട്ടായ ആഘാതങ്ങളിലേക്കും (collective trauma) രാഷ്ട്രീയ അക്രമങ്ങളിലേക്കും എഴുത്തുകാരി തന്റെ ശ്രദ്ധ തിരിക്കുന്നതിന്റെ പ്രധാന അടയാളമാണ് ഈ നോവൽ. നോവലിനെ ആസ്പദമാക്കി ഐറിഷ് സംവിധായിക ജുവാനിറ്റ വില്‍സണ്‍ സംവിധാനം ചെയ്ത As If I Am Not There (2010) എന്ന ചിത്രം, നോവലിന്റെ ആന്തരാഖ്യാനം (interiority) കുറെയേറെ ബാലികഴിക്കുന്നുണ്ടെങ്കിലും പുസ്തകത്തോട് ഏറെക്കുറെ നീതി പുലര്‍ത്തുന്നുണ്ട്.
പിൽക്കാല നോവലുകൾ: ജീവചരിത്രവും സ്ത്രീപക്ഷ പുനർവായനയും
സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും ഒടുവിലായി പുറത്തുവന്ന നോവലുകൾ അവരുടെ എഴുത്തുജീവിതത്തിലെ വളരെ സവിശേഷമായ ഒരു ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ സ്ത്രീകളുടെ ജീവിതത്തെ ചരിത്രരേഖകൾക്കപ്പുറം അതീവ ആർദ്രതയോടെയും മനഃശാസ്ത്രപരമായ ആഴത്തോടെയും പുനർവായിക്കുകയാണ് ഈ കൃതികളിലൂടെ അവർ ചെയ്യുന്നത്. Frida’s Bed (2008), Mileva Einstein: A Theory of Grief (2016), Dora and Her Sisters (2019) എന്നിവയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജീവചരിത്രവും സ്ത്രീപക്ഷ പുനർവായനയും (feminist reinterpretation) തമ്മിൽ സമർത്ഥമായി സമന്വയിപ്പിക്കുന്ന ഈ കൃതികള്‍, ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ മൂന്ന് സ്ത്രീകളുടെ ജീവിതങ്ങളില്‍ കേന്ദ്രീകരിക്കുന്നു. കടുത്ത ശാരീരിക ആഘാതങ്ങൾ, അതുല്യമായ കലാ/ശാസ്ത്ര പ്രതിഭ, പ്രശസ്തരായ പുരുഷന്മാരുമായുള്ള വിനാശകരമായ ബന്ധങ്ങൾ എന്നിവയായിരുന്നു ഈ സ്ത്രീകളുടെ ജീവിതത്തെ നിർണ്ണയിച്ചത്. സാധാരണ ജീവചരിത്രങ്ങൾ എഴുതുന്നതിന് പകരം, ദ്രാക്കുലിച്ച് ഫിക്ഷന്റെ സാധ്യതകൾ ഉപയോഗിച്ച് ഈ സ്ത്രീകളുടെ മനഃശാസ്ത്രപരവും ശാരീരികവുമായ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. കടുത്ത വേദനകൾക്കും കഷ്ടപ്പാടുകൾക്കും ഇടയിലും കലയിലൂടെയും സ്വന്തം സർഗ്ഗാത്മകതയിലൂടെയും അവർ തങ്ങളുടെ വ്യക്തിത്വത്തെയും കര്‍തൃത്വത്തെയും എങ്ങനെയാണ് വീണ്ടെടുക്കുന്നത് എന്ന് ഈ നോവലുകൾ അന്വേഷിക്കുന്നു.
പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പതിനാറ് ചെറുകഥകളും ലഘുചിത്രങ്ങളും (vignettes) ഉൾക്കൊള്ളുന്ന ചെറുകൃതിയാണ് ദ്രാക്കുലിച്ചിന്റെതായി അവസാനം ലഭ്യമായ Invisible Woman and Other Stories (2018). സ്ത്രീകളുടെ വാർദ്ധക്യത്തിന്റെ മനഃശാസ്ത്രപരവും ശാരീരികവുമായ യാഥാർത്ഥ്യങ്ങളെ അതീവ ആർദ്രതയോടെയും മറയില്ലാതെയും പരിശോധിക്കുന്ന കൃതിയാണിത്. പ്രായമാകുമ്പോൾ സമൂഹം സ്ത്രീകളെ എപ്രകാരമാണ് 'കാണാതാകുന്നത്'— അഥവാ പൊതു-സ്വകാര്യ ഇടങ്ങളിൽ അവരെ എങ്ങനെയാണ് ഒരു അദൃശ്യവസ്തുവിനെപ്പോലെ (functionally invisible) പരിഗണിക്കുന്നത് എന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയം. പ്രായമാകുന്ന ശരീരം ഏൽപ്പിക്കുന്ന ചതികളെയും, ഓർമ്മശക്തിയും ചിന്താശേഷിയും ക്രമേണയും വേദനാജനകമായും നഷ്ടപ്പെടുന്നതിനെയും ദ്രാക്കുലിച്ച് നിരീക്ഷിക്കുന്നു. കടുത്ത രോഗാവസ്ഥകളുടെയും വാർദ്ധക്യത്തിന്റെയും ഭാരത്തിൽ ദീർഘകാല ദാമ്പത്യബന്ധങ്ങളും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും മാറിമറിയുന്നു. വാർദ്ധക്യത്തെ കാല്‍പ്പനിക വൽക്കരിക്കുന്നതിന് പകരം, പ്രായമാകുമ്പോഴും സ്വന്തം സ്വാതന്ത്ര്യവും (personal autonomy) ആത്മാഭിമാനവും അന്തസ്സും നിലനിർത്താൻ സ്ത്രീ നടത്തുന്ന നിശബ്ദമായ ദൈനംദിന പോരാട്ടങ്ങളെയാണ് പുസ്തകം പകർത്തിവെക്കുന്നത്.
സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ സാഹിത്യസഞ്ചാരത്തെ ഇപ്രകാരം സാമാന്യമായി വിലയിരുത്തുമ്പോള്‍, അത് തികച്ചും കൗതുകകരമായ ഒരു ആഖ്യാന ചക്രം പൂർത്തിയാക്കുന്നതായി കാണാം. പ്രാദേശികമായ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ കടന്ന്സാർവത്രികമായ സ്ത്രീഅനുഭവങ്ങളിൽ അവസാനിക്കുന്ന ആ പരിണാമം ഇങ്ങനെയാണ്: ആദ്യകാല സ്ത്രീപക്ഷ പ്രബന്ധങ്ങൾ, കമ്മ്യൂണിസ്റ്റ് ഭരണകൂട വിമർശനം, ദേശരാഷ്ട്രീയ നിരപേക്ഷമായ സാർവത്രിക ആലിഗറികൾ, ചരിത്രപരവും വംശീയവുമായ യുദ്ധാഘാതങ്ങൾ, ജീവചരിത്രപരമായ സ്ത്രീത്വം, ഒടുവില്‍ സാർവത്രിക സ്ത്രീ അനുഭവങ്ങൾ. സ്വന്തം നാട്ടിലെ സ്ത്രീകളുടെ നിശബ്ദതകൾക്ക് ശബ്ദം നൽകിക്കൊണ്ട് (early feminism) യാത്ര ആരംഭിച്ച എഴുത്തുകാരി, ലോകചരിത്രത്തിന്റെയും യുദ്ധങ്ങളുടെയും വലിയ ക്യാൻവാസുകളിലൂടെ സഞ്ചരിച്ച്, ഒടുവിൽ പ്രായമാകുന്ന ഏതൊരു സ്ത്രീയുടെയും നിശബ്ദ പോരാട്ടങ്ങളെ (universal female experience) അടയാളപ്പെടുത്തിക്കൊണ്ട് തന്റെ സാഹിത്യജീവിതത്തിന്റെ ആഖ്യാന ചക്രം പൂർണ്ണമാക്കുന്നു. ഇവയിലൂടെ യുഗോസ്ലാവിയയുടെ അന്ത്യനാളുകളുടെ ഏറ്റവും മികച്ച ആഖ്യായികാകാരിയായി (quintessential chronicler of Yugoslavian twilight) അവര്‍ ഉയർന്നുവരുന്നു; കമ്മ്യൂണിസത്തിന്റെ തകർച്ചയും, തീവ്രദേശീയതയുടെ വളർച്ചയും, അതിനുശേഷമുള്ള അസ്തിത്വപരമായ അസ്വസ്ഥതകളും തന്റെ അനുഭവങ്ങളിലൂടെ സാഹിത്യമാക്കി മാറ്റുകയും അതിനെ കൃത്യമായി വ്യാഖ്യാനിക്കുകയും ചെയ്ത എഴുത്തുകാരി. അവർ ഒരേസമയം ഒരു ചരിത്രസാക്ഷിയും, വ്യാഖ്യാതാവും, വഴികാട്ടിയുമാണ് — ഒരു രാജ്യത്തിന്റെ ഉദയത്തിലും തകർച്ചയിലും ഓർമ്മകളിലും മനുഷ്യന്റെ ഏറ്റവും വ്യക്തിപരമായ അനുഭവങ്ങളും (the intimate) വലിയ ചരിത്രവും (the historical) എങ്ങനെയാണ് പരസ്പരം തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നത് എന്ന് അവർ വായനാ
