സമകാലീന ബാള്‍ക്കന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് 'ആകസ്മികം (The Accident) ' . വിയെന്നയില്‍ വെച്ച് അല്‍ബേനിയന്‍ പ്രവാസികളായ ഒരു പുരുഷനും സ്ത്രീയും ഒരു കാറപകടത്തില്‍ കൊല്ലപ്പെടുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഒരാഴ്ച കഴിഞ്ഞു ബോധം തെളിയുന്ന ഡ്രൈവര്‍ കാറിന്റെ പിന്‍ സീറ്റില്‍ കണ്ണാടിയിലൂടെ കണ്ട ഒരു അസാധാരണ കാഴ്ച ഓര്‍ത്തെടുക്കുന്നു. സന്ദേഹത്തോടെ അയാള്‍ പറഞ്ഞൊപ്പിക്കുന്നു, “അവര്‍...എന്തെങ്കിലും ചെയ്തെന്നല്ല... അല്ല... അവര്‍ … ഒന്ന് ചുംബിക്കാന്‍.. …. ശ്രമിക്കുക മാത്രമായിരുന്നു...” എന്ത് കൊണ്ടാണ് അത്തരം ഒരു രംഗം അയാളുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയതെന്നു അയാള്‍ക്ക് വിശദീകരിക്കാനാവുന്നില്ല. ഏതാനും വരികളില്‍ നിന്ന് തന്നെ വ്യക്തമാക്കാന്‍ കഴിയാത്ത എന്തോ ഒന്ന് വായനക്കാരനെയും ഗ്രസിച്ചു തുടങ്ങുന്നു. ബെസ്ഫോര്‍ട്ട് വൈ. എന്ന് പേരുള്ള പുരുഷന്‍ യൂറോപ്യന്‍ യൂണിയന്റെ ബാള്‍ക്കന്‍ കാര്യ വിദഗ്ധന്‍ ആയിരുന്നെന്നും റൊവേനയെന്ന യുവതി പുരാവസ്തു ഗവേഷണ സ്ഥാപനത്തിലെ പരിശീലന വിദ്യാര്‍ഥിനിയായിരുന്നെന്നും നമ്മള്‍ മനസ്സിലാക്കുന്നു. അവരുടെ മരണം ഒരപകടമായിരുന്നോ? ഒരു രാഷ്ട്രീയ ഇരട്ടക്കൊലയായിരുന്നോ? തീരുമാനിച്ചുറച്ച ആത്മഹത്യയായിരുന്നോ? അല്ലെങ്കില്‍ ഭാഗികമായെങ്കിലും ആരെയോ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി സ്വയംമെനഞ്ഞ നാടകമായിരുന്നോ? അല്‍ബേനിയന്‍ - സെര്‍ബിയന്‍ അന്വേഷണ വിഭാഗങ്ങള്‍ രണ്ടും ഒരു പോലെ കേസില്‍ തല്‍പ്പരരായത് എന്ത് കൊണ്ട്? ഒരു നിഗമനത്തില്‍, സെര്‍ബിയയില്‍ ബോംബാക്രമണം നടത്തിയ കേസില്‍ ബെസ്ഫോര്‍ട്ട് കുറ്റാരോപിതനായിരുന്നുവെന്നും യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി ഹേഗിലേക്കുള്ള ഒരു രഹസ്യ ദൗത്യത്തിലായിരുന്നു അയാളെന്നും സൂചനയുണ്ട്. റൊവേനയും നിഗൂഡതകളുള്ള വ്യക്തിത്വമാണ്. ബെസ്ഫോര്‍ട്ടുമായി തീവ്ര പ്രണയത്തിലായിരിക്കുമ്പോഴും സ്വവര്‍ഗ്ഗ പ്രണയത്തിന്റേതുള്‍പ്പടെ ചില നിഗൂഡരഹസ്യ ബന്ധങ്ങളുണ്ടോ അവള്‍ക്ക്? അവരുടെ ബന്ധത്തിലെ സംഘര്‍ഷങ്ങള്‍, ബാള്‍ക്കന്‍ രാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളുമായി ഏതൊക്കെയോ രീതിയില്‍ കൂടിക്കുഴഞ്ഞതാണെന്നു സൂചനയുണ്ട്.
രഹസ്യാന്വേഷണ വിഭാഗം കേസന്വേഷണത്തില്‍ നിന്ന് പിന്മാറുമ്പോള്‍ നോവലിസ്റ്റിന്റെ തന്നെ അപര സ്വത്വമായി ഒരജ്ഞാതനായ അന്വേഷകന്‍ രംഗത്തെത്തുന്നു. ലഭ്യമായ രേഖകളുടെയും -"ഇരുണ്ട നിഗമനങ്ങള്‍, ഗുരുതരമായ സന്ദേഹങ്ങള്‍, അവ്യക്തമായ വാക്പ്രയോഗങ്ങള്‍, ടെലിഫോണ്‍ സംഭാഷണങ്ങളുടെ പാതിയോര്‍മ്മകളില്‍ നിന്ന് ഉരുത്തിരിഞ്ഞ നിഗൂഡമായ സംസാര ശകലങ്ങള്‍" - തന്റെ തന്നെ കണ്ടെത്തലുകളുടെയും സഹായത്തോടെ അയാള്‍ സംഭവങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നു. രേഖീയ കാലത്തെ മുറിച്ചു മുന്നോട്ടും പിറകോട്ടും സഞ്ചരിച്ചും യാഥാര്‍ത്ഥ്യവും ഭാവനയും സ്വപ്നവും കൂടിക്കുഴഞ്ഞു തീര്‍പ്പ് കല്‍പ്പിക്കാനാവാത്ത ഒരായത്തില്‍ ബെസ്ഫോര്‍ട്ടിന്റെയും റൊവേനയുടെയും ജീവിതം ഏതാണ്ട് രൂപമെടുക്കുന്നു. എന്നാല്‍ ഒരിക്കലും നിയതമായ കള്ളികളില്‍ നിഗൂഡതകള്‍ 'പരിഹരിക്കപ്പെടുന്നില്ല' . ടാക്സി ഡ്രൈവറുടെ അങ്കലാപ്പ് നിറഞ്ഞ പ്രസ്താവം , അവര്‍ ചുംബിക്കുകയായിരുന്നു എന്നല്ല, 'ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു' എന്ന ദുരൂഹ പ്രസ്താവം , റൊവേനയുടെ വയലിനിസ്റ്റ് സുഹൃത്ത് നല്‍കുന്ന എങ്ങും തൊടാത്ത പ്രസ്താവങ്ങള്‍ എന്നിവയൊന്നും ബെസ്ഫോര്‍ട്ട്- റൊവേന ബന്ധത്തിന്റെ ദുരൂഹത വ്യക്തമാക്കുന്നില്ല. ഒടുവില്‍ കൊല്ലപ്പെട്ട സ്ത്രീയുടെതെന്നു തോന്നിയ ജഡം സത്യത്തില്‍ ഒരു ആള്‍രൂപം മാത്രമായിരുന്നുവോ എന്ന സന്ദേഹവും മുന്നിലെത്തുന്നു. ലൈംഗിക വേഴ്ച്ചകളുടെയും മുമ്പും ശേഷവും ഇടക്കുമുള്ള അത്രയൊന്നും സ്വാഭാവികമല്ലാത്ത സംഭാഷണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ആവിഷ്കാരങ്ങളിലേക്കും നോവലിസ്റ്റ് ഊന്നുന്നത് വ്യക്തമായ രചനാ രീതിയുടെ നടത്തിയെടുക്കലാണ്: എന്താണോ വായനക്കാരന്‍ പ്രതീക്ഷിക്കുന്ന നിഗൂഡതയുടെ ഹൃദയം അതെപ്പോഴും അകലെ നിര്‍ത്തുക. സത്യത്തില്‍ ആ അകലെ നിര്‍ത്തല്‍ തന്നെയാണ് പ്രമേയത്തിന്റെ കാതലിലേക്കുള്ള താക്കോല്‍ എന്ന് പറയേണ്ടി വരും. ഒരു മൂടല്‍ മഞ്ഞിലെന്നോണം യാഥാര്‍ത്ഥ്യം അവ്യക്തമായിത്തുടരുന്നു. ബെസ്ഫോര്‍ട്ട് വായനാന്ത്യത്തിലും ഒരിക്കലും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാത്ത, അയാള്‍ ബന്ധപ്പെട്ടിരിക്കുന്ന ഹേഗിലെ യുദ്ധക്കുറ്റ വിചാരണക്കോടതിയിലെ ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ പ്രതീകമെന്നപോലെ ഒരു ചോദ്യമായിത്തുടരുന്നു. അയാളേക്കാള്‍ ഏറെ ഇളപ്പമുള്ള റൊവേനയാകട്ടെ ആണ്‍ ലൈംഗിക തൃഷ്ണയുടെ ഒരു മൂര്‍ത്ത രൂപം മാത്രമായി ചുരുങ്ങിപ്പോവുന്നതായി അനുഭവപ്പെടുകയും ചെയ്യും.
റൊവേനയും ബെസ്ഫോര്‍ട്ടും ഒരു പോലെ ഉപയോഗിക്കുന്ന അധികാര ഗര്‍വ്വിന്റെ ഭാഷ പ്രധാനമാണ്: “ഞാന്‍ അധികാരം ഉപേക്ഷിക്കുകയാണ്,” ബെസ്ഫോര്‍ട്ട് പറയുന്നു. “ആര്‍ക്കും എന്നെ സ്ഥാന ഭ്രഷ്ടനാക്കാന്‍ കഴിയില്ല.” റൊവേന പ്രതികരിക്കുന്നു: “തോന്നിയത് ചെയ്യൂ, അധികാരം പിടിച്ചെടുക്കുകയോ അല്ലെങ്കില്‍ തള്ളിക്കയുകയോ ചെയ്യൂ. എനിക്കേതായാലും നിങ്ങളില്‍ നിന്ന് രക്ഷയില്ല.” എന്‍വര്‍ ഓജയുടെ സര്‍വ്വാധിപത്യ ഭരണത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ട അല്‍ബേനിയന്‍ ജനതയുടെയും ഒരു ആലിഗറി, ഡോണ്‍ ക്വിക്സോട്ടിലെ ലൊതാറിയോ/ ആന്‍സെല്‍മോ/ കാമില്ല ത്രയത്തിന്റെ ഒരു സാഡോമാസോക്കിസ്റ്റ് പുനരാവിഷ്ക്കാരം, അല്ലെങ്കില്‍ ഓര്‍ഫിയൂസ് - യൂറിഡീസ് ആഖ്യാനം എന്നിങ്ങനെ പല വായനകള്‍ നോവലിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് . ഓര്‍ഫിയൂസ് - യൂറിഡീസ് പ്രണയം പോലെ ബെസ്ഫോര്‍ട്ട്- റൊവേന ബന്ധവും ഒരര്‍ത്ഥത്തില്‍ മുന്‍ നിശ്ചിതമായ/ നിയന്ത്രണാതീതമായ ഒരതീത ലോകമാണ് ; ആരൊക്കെയോ എവിടെയൊക്കെയോ ചരടുകള്‍ വലിച്ചിട്ടുണ്ടോ എന്ന് തീര്‍ത്ത് പറയാനാവാത്തഒന്ന്. വിശ്വാസ/ രാഷ്ട്രീയ വഞ്ചനകളുടെ, കാപട്യങ്ങളുടെ, ഓര്‍മ്മകളില്ലാതാക്കപ്പെട്ട/ വികലമാക്കപ്പെട്ട സര്‍വാധിപത്യ സമസ്യകള്‍ ആവിഷ്ക്കരിക്കുന്നതിലൂടെ എന്‍വര്‍ ഓജയുടെ ഭരണത്തോടുണ്ടായിരുന്ന തന്റെ സമീപനങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കദാരെ ഒരു കൃത്യമായ മറുപടി നല്‍കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഏറെ തീക്ഷ്ണതയോടെ കദാരെ ആ സമസ്യകള്‍ മറ്റു കൃതികളിലും ആവിഷ്ക്കരിച്ചിട്ടുണ്ട്.
സോള്‍ഷെനിറ്റ്സിന്‍, കാഫ് ക, ഓര്‍വെല്‍ തുടങ്ങിയ സാഹിത്യ കുലപതികളോട് സ്വാഭാ വിക മായും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട് കദാരെ. മാജിക്കല്‍ റിയലിസത്തിന്‍റെ രചനാ വിശേഷങ്ങളും അദ്ദേഹത്തിന്റെ കൃതികളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇത്തരം താരതമ്യങ്ങളിലോ അപരനാമങ്ങളിലോ അദ്ദേഹം താല്പര്യം കാണിച്ചിട്ടില്ല. ഉള്‍ക്കനമുള്ള രചനകളില്‍ തന്നെ നിരന്തരം വ്യാപരിക്കുന്ന ഒരെഴുത്തുകാരന്‍ എന്ന നിലക്ക് തന്റെ ദേശീയ, വംശീയ ചരിത്രത്തില്‍ വേരുകളാഴ്ത്തി നില്‍ക്കുമ്പോഴും വര്‍ത്തമാന കാല സമസ്യകളില്‍ സര്‍ഗ്ഗ സ്വാതന്ത്ര്യത്തിന്റെ മിഴിവോടെയും ഒരു പക്ഷെ മെയ്‌വഴക്കത്തോടെയും കണ്‍ തുറന്നിരിക്കുന്ന ഒരു മികച്ച കലാ നിപുണന്റെ (craftsman) രചനാ വിശേഷങ്ങളെ വിമര്‍ശന കൗശലത്തിന്റെ പറഞ്ഞു പതിഞ്ഞ കള്ളികളില്‍ ഒതുക്കുകയും വേണ്ടതില്ല. 'അവിടെയപ്പോഴും മഞ്ഞു പെയ്യുകയായിരിക്കണം... അവിടെ...' അയാള്‍ പെട്ടെന്ന് എഴുത്ത് നിര്‍ത്തി തന്റെ പേന മാറ്റിപ്പിടിച്ചു, അത് സ്വയം മാന്ത്രികതയാലെന്നോണം പേപ്പറിലേക്ക് ഒട്ടിനില്‍ക്കുമെന്നു ഭയന്നിട്ടെന്നോണം.' (The Palace of Dreams). മാര്‍ക്ക് ആലം എഴുതേണ്ടതില്ലായിരിക്കാം, പക്ഷെ ഇസ്മയില്‍ കദാരെ അങ്ങനെയല്ല. സാഹിത്യ ചര്‍ച്ചകളില്‍ ഊര്‍ജ്ജം പകരുന്ന ഏറ്റവും പുതിയ കൃതിയെ അതിശയിക്കുന്ന മറ്റൊരു മാസ്റ്റര്‍പീസുമായി അദ്ദേഹം വീണ്ടും സഹൃദയ ലോകത്തെ ആഹ്ലാദകരമായി ഞെട്ടിക്കുന്നത് കണ്‍പാര്‍ത്തിരിക്കാം.
