The Bad Girl by Mario Vargas Llosa/ Edith Grossman

കല്ലെറിയുക, പ്രണയ പൂര്‍വ്വം.

മരിയോ വാര്‍ഗാസ് യോസയുടെ നോബല്‍ പുരസ്കാരത്തെ കുറിച്ച് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണത്തില്‍ എടുത്തു പറഞ്ഞത് അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ മികവാണ്. ആഴമുള്ള ദാര്‍ശനികതയുള്ള കോണ്‍വര്‍സേഷന്‍സ് ഇന്‍ ദി കതീഡ്രല്‍ മുതല്‍ പ്രസന്നകരമാം വിധം ഹാസ്യാത്മകമായ ഓണ്ട് ജൂലിയ ആന്‍ഡ്‌ ദി സ്ക്രിപ്റ്റ്റൈറ്റര്‍ വരെ, ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപത്യ സ്വരൂപങ്ങളുടെ ഏറ്റവും തീക്ഷ്ണ ആവിഷ്കാരമായ ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളുടെയും കാലഗണനയില്‍ കോംഗോയുടെ പശ്ചാത്തലത്തില്‍ ഇരുട്ടിന്റെ ആത്മാവിലേക്കുള്ള പുതിയ അന്വേഷണമായ ദി ഡ്രീം ഓഫ് ദി കെല്‍റ്റ് , വീണ്ടുമൊരിക്കല്‍ കൂടി പെറൂവിയന്‍ പശ്ചാത്തലത്തില്‍ തങ്ങളുടെ വിധികളോട് മല്‍പ്പിടുത്തത്തിനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങളെ പിന്‍ തുടരുന്ന ദി ഡിസ്ക്രീറ്റ് ഹീറോ എന്നിവ വരെ, ചരിത്രവും രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒന്നര ഡസനോളം വിശിഷ്ട കൃതികളുടെയും അവ കൂടാതെ ധൈഷണിക ഔന്നത്യമുള്ള ഒട്ടനേകം ലേഖനങ്ങളുടെയും ലോകമാണ് വര്‍ഗാസ്‌ യോസയുടെ രചനകളുടെത്.

പിക്കറെസ്ക് സ്വഭാവമുള്ള നോവലാണ്‌ മരിയോ വാര്‍ഗാസ് യോസയുടെ ദി ബാഡ്ഗേള്‍. പെറൂവിയന്‍ ബാലന്‍ റിക്കാര്‍ഡോ സൊമോകൂര്‍ഷ്യോ എന്ന പതിനഞ്ചുകാരനില്‍ പ്രണയത്തിന്റെ ഉന്മാദമായി ആവേശിക്കുന്ന ലില്ലി എന്ന ടീനേജുകാരിയായി , മറ്റെല്ലാ അര്‍ത്ഥത്തിലും തികച്ചും വിരസവും അതിസാധാരണവുമായ അയാളുടെ ജീവിതത്തെ നാല് പതിറ്റാണ്ടിലേറെക്കാലം ഇടവിട്ടിടവിട്ട് , മദിപ്പിച്ചും കൊതിപ്പിച്ചും ആവേശിച്ചും ഉപേക്ഷിച്ചും ഒടുവില്‍ ഏതാണ്ട് മടുപ്പിച്ചും ഏറ്റവുമൊടുവില്‍ നിസ്സഹായമായ ഒരു വ്യര്‍ത്ഥജീവിത ബാക്കിപത്രമാക്കി ഏകാന്തതയുടെ വൃദ്ധസാഹചര്യങ്ങളിലേക്ക് അയാളെ തള്ളിവിട്ടു മരണത്തിന്റെ ഇരുളിലേക്ക് കടന്നു പോവുകയും ചെയ്യുന്ന, ജീവിതത്തില്‍ ഒരിക്കലും താന്‍ എന്താണ്/ ആരാണ് എന്ന് പറയുന്നുവോ അതല്ലാത്ത മിന്നായമയായി നോവലിന്റെ പേരിന്റെ ഉടമയായ 'ചീത്തപ്പെണ്ണ്‍'. ഫ്ലോബേറിന്റെ മാഡം ബോവാറിയെപ്പോലെ ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ ഒരിക്കലും തൃപ്തി വരാതെ, എമിലി സോലയുടെ നാനയെ പോലെ സ്വന്തം ഉടലിന്റെ പ്രലോഭനം സ്വയംനശീകരണവും പരനശീകരണവുമായിത്തീരുന്ന നിലയില്ലാച്ചുഴിയില്‍ പെട്ട് പുതിയ ആവേശങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും പിറകെ പോവുമ്പോഴും ഓരോ സാഹസങ്ങളുടെയും പരാജയങ്ങളുടെ ഇടവേളകളില്‍ തന്റെ ഒരേയൊരു നങ്കൂരമായ 'നല്ല പയ്യ'നും ('ഗുഡ് ബോയ്‌') 'കൊച്ചു യൂസ് ലെസ്സ്'('little pissant') മായ റിക്കാര്‍ഡോയിലേക്ക് മുന്‍നിശ്ചയമേതും കൂടാതെ തിരികെയെത്തുന്നവള്‍.

ലിമായിലെ മിരാഫ്ലോരെസ് പ്രവിശ്യയില്‍ വെച്ച് ഒരു വേനല്‍ക്കാല ദിനത്തിലാണ് ലില്ലിയെന്ന ചിലിയന്‍ പെണ്‍കുട്ടി റിക്കാര്‍ഡോ സോമോകൂര്‍ഷ്യോ എന്ന പതിനഞ്ചുകാരനെ ആവേശിക്കുന്നത്. "ഞാനൊരു ആട്ടിന്‍ കുഞ്ഞിനെപ്പോലെ ലില്ലിയുമായി പ്രണയത്തിലായി, അതാണല്ലോ പ്രണയത്തിലകപ്പെടാനുള്ള ഏറ്റവും റൊമാന്റിക് ആയ രീതി" എന്ന് നോവലിന്റെ ആഖ്യാതാവ് കൂടിയായ റിക്കാര്‍ഡോ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അവളുടെ പേരോ ദേശപ്പേരോ യാഥാര്‍ത്ഥ്യമല്ലെന്ന് അവന്‍ തിരിച്ചറിയുന്ന നിമിഷം പില്‍ക്കാലമെന്നും അവന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന ഒരു അനുഭവ ചക്രം തുടങ്ങി വെക്കുന്നു. പുതിയൊരു അവതാരമായി മറ്റൊരു ഇടത്തില്‍ വെച്ച് വീണ്ടും ആകസ്മികമായി കണ്ടെത്തുന്നത് വരേക്ക് അവള്‍ അപ്രത്യക്ഷയാകുന്നു. ഒരു പതിറ്റാണ്ടിനു ശേഷം പാരീസില്‍ യുനെസ്കോയുടെ ദ്വിഭാഷിയായി ജോലി ചെയ്യവേ കണ്ടുമുട്ടുന്ന, അതുവഴി ക്യൂബയിലേക്ക് സ്കോളര്‍ഷിപ്പോടെ ഗറില്ല പോരാട്ട പരിശീലനത്തിന് പോകുന്ന കോമ്രേഡ് ആര്‍കീറ്റ് മറ്റാരുമല്ലെന്ന് അയാള്‍ തിരിച്ചറിയുന്നു. അതേ "കുസൃതികലര്‍ന്ന ചിരി"യും "തേന്‍ നിറമുള്ള കണ്ണുകളും" അയാളുടെ ഉള്ളിലെ തീവ്രമായ അനുരാഗത്തെ വെളിയിലെത്തിക്കുകയും കുറഞ്ഞൊരു നാള്‍ അവര്‍ ഒരുമിക്കുകയും ചെയ്യുന്നു. റിക്കാര്‍ഡോ തന്റെ പ്രണയം തുറന്നു പറയുമ്പോഴും "ചീത്തപ്പെണ്ണ്‍ " അവളുടെ അടഞ്ഞ പ്രകൃതത്തിന്റെ നിഗൂഡത തുടരുകയും ഫലത്തില്‍ മുഴുവന്‍ നിയന്ത്രണവും കയ്യിലെടുക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിലോ വിപ്ലവത്തിലോ ഒരു താല്‍പര്യവും അവള്‍ക്കില്ലെന്ന് അയാള്‍ ശരിയായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്. നടത്തിക്കൊടുക്കാനാവാത്ത ഒരപേക്ഷയാണ് ഇത്തവണ അവള്‍ അയാള്‍ക്ക് മുന്നില്‍ വെക്കുക. MIR (Movement of the Revolutionary Left)- മായുള്ള കരാര്‍ അവസാനിപ്പിച്ചു പാരീസില്‍ തുടരാന്‍ അയാള്‍ അവളെ സഹായിക്കണം. അത്തരം കാര്യങ്ങളില്‍ അയാള്‍ക്കുള്ള ഏക ബന്ധമായ സുഹൃത്ത് പോള്‍ നടപ്പുള്ള ഏക കാര്യം നിര്‍ദ്ദേശിക്കുന്നു: പരിശീലനം തുടരുക, എന്നിട്ട് ഗറില്ലാ പോരാട്ടങ്ങള്‍ക്ക് താന്‍ ശാരീരികമായി യോജിച്ചവള്‍ അല്ല എന്ന ബോധ്യം സൃഷ്ടിക്കുക. ഒളിച്ചോട്ടം ദുരന്തമേ ആകൂ. എന്നാല്‍, ആ വേര്‍പിരിയല്‍ പ്രണയനഷ്ടത്തിന്റെ മറ്റൊരു ഇടവേളയാണ് ഒരുക്കുക. ഇങ്ങനെയൊക്കെയാണ് നാല് പതിറ്റാണ്ട് നീണ്ടു നില്‍ക്കുന്ന പ്രണയ പീഡനത്തിന്റെയും ഉപേക്ഷയുടെയും ഒട്ടും ആവേശകരമല്ലാത്ത തനിയാവര്‍ത്തനങ്ങളായി റിക്കാര്‍ഡോയുടെ ജീവിതം മാറിത്തീരുക. ക്യൂബയില്‍ വിപ്ലവപ്രസ്ഥാനത്തിലെ ഉന്നതനായ ഒരാളുമായി അവള്‍ക്കൊരു തീവ്ര ബന്ധമുണ്ടെന്ന വാര്‍ത്തയാണ് പിന്നീട് അയാള്‍ അറിയുക. വര്‍ഷങ്ങള്‍ക്ക് ശേഷം പാരീസില്‍ തന്നെ വീണ്ടും പിറവിയെടുക്കുമ്പോള്‍ "ചീത്തപ്പെണ്ണ്‍ " മാഡം റോബര്‍ട്ട്‌ ആര്‍നോയാണ്. 'വലിയ കടകളില്‍ നിന്നുള്ള വസ്ത്രങ്ങളും അറേബ്യന്‍ രാവുകളില്‍ നിന്നുള്ള ആഭരണങ്ങളും' ധരിക്കുന്ന, ഉന്നതനായ ഡിപ്ലോമാറ്റിന്റെ പളപളപ്പുള്ള ജീവിത ശൈലിയുള്ള ഭാര്യ. തന്റെ കൊച്ചു യൂസ് ലെസ്സിന്റെ കൂടെയുള്ള ('little pissant') പ്രണയത്തിന്റെ ഇടവേളയില്‍ ഉടല്‍ സംതൃപ്തിയുടെ പുതിയ തലങ്ങള്‍ കണ്ടെത്തുന്നുണ്ട് ഇരുവരും. ഇത്തവണ അപ്രത്യക്ഷയാകുമ്പോള്‍ അതോടൊപ്പം റോബര്‍ട്ട്‌ ആര്‍നോയുടെ സ്വിസ്സ് ബാങ്ക് സമ്പാദ്യവും അവളോടൊപ്പം അപ്രത്യക്ഷമാകുന്നു.

ഇത്രയുമാകുമ്പോള്‍ ഇനിയങ്ങോട്ടുള്ള ജീവിതത്തിലും 'നല്ല പയ്യ'ന്റെയും ('good boy') 'ചീത്തപ്പെണ്ണി'ന്റെയും ജീവിതങ്ങള്‍ ഇഴകോര്‍ക്കുന്ന ഇടവേളകള്‍ ഇതിവൃത്ത ഘടനയുടെ സ്വാഭാവിക/ പ്രതീക്ഷിത വികാസ രീതിയായി മാറാതെ വയ്യ. അറുപതുകളുടെ മധ്യത്തില്‍, റിക്കാര്‍ഡോ ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ ന്യു മാര്‍ക്കറ്റിലെ അതിസമ്പന്നനായ കുതിരക്കച്ചവടകാരന്‍ മി. റിച്ചാര്‍ഡ്സണ്‍ എന്നയാളുടെ ഭാര്യാ വേഷത്തില്‍ വീണ്ടും അവതരിക്കുന്ന 'ചീത്തപ്പെണ്ണ്‍' അസൂയാലുവായ ഭര്‍ത്താവിന്റെ കണ്ണ് വെട്ടിച്ച് 'നല്ല പയ്യ'നുമായുള്ള വഴക്കം തുടരുന്നു. അടുത്ത ഊഴം ജപ്പാനിലാണ്. ഇത്തവണ ജുഗുപ്സാവഹമായ വൈകൃത താല്പര്യങ്ങളുള്ള സാഡിസ്റ്റ് കൂടിയായ ഗാംഗ്സ്റ്ററുടെ വെപ്പാട്ടി 'കുറികോ'യുടെ വേഷമാണ് അവള്‍ക്ക്. ഇവിടെ വച്ചാണ് മുമ്പെങ്ങുമില്ലാത്ത മുറിവുകള്‍ ഉടലിലും മനസ്സിലും അവള്‍ ഏറ്റുവാങ്ങുക. എന്നാല്‍ അതെ കുറിച്ച് അവള്‍ നല്‍കുക, പതിവ് പോലെ ഒരു കല്‍പ്പിത വിവരണമാണ്. അത് മയക്കുമരുന്ന് കടത്തിന്നിടെ പിടിക്കപ്പെട്ടുണ്ടായ നൈജീരിയന്‍ ജയില്‍ വാസത്തിലെ പോലീസുകാരുടെ അതീവ ക്രൂരമായ കൂട്ട ബാലാല്‍ക്കാരത്തിന്റെയും വൃത്തിഹീനമായ ചികിത്സയുടെയും തുടര്‍ന്നുണ്ടാവുന്ന മാരകമായ പഴുപ്പിന്റെയും കഥയാണ്‌. അവളുടെ വാക്കുകളില്‍ നേരും നുണയും ചികയുന്നത് പണ്ടേ അവസാനിപ്പിച്ച റിക്കാര്‍ഡോ അവളെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തീര്‍ത്തും കടപ്പെട്ടു പോകുന്നുമുണ്ട്. ഇനിയുമൊരു പുതിയ തുടക്കമെന്ന് കരുതിത്തുടങ്ങുമ്പോള്‍ അവള്‍ക്കൊരു ജോലി തരപ്പെടുത്തിക്കൊടുക്കുന്ന സുഹൃത്തിന്റെ ഭര്‍ത്താവുമായി ഒളിച്ചോടി അവള്‍ തന്റെ ജീനുകളിലെ നിയന്ത്രണാതീതമായ ആ ഉള്‍വിളിക്ക് ഒരു വട്ടം കൂടി കീഴടങ്ങുന്നു. "ഇതല്ല എനിക്ക് വേണ്ട ജീവിതം. വെറും സഹാനുഭൂതി കൊണ്ട് ഞാന്‍ നിന്നോടൊപ്പം നിന്നാല്‍ നിന്നെ വെറുത്തു തുടങ്ങിയേക്കും. നിന്നെ എനിക്ക് വെറുക്കണ്ട. കഴിയുമെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ.” അടുത്ത തിരിച്ചു വരവിലാകട്ടെ, ഉടലില്‍ നിന്ന് അറുത്തു മാറ്റിയ ശരീര ഭാഗങ്ങള്‍ അവളെ 'കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ജീവനുള്ള പ്രേതങ്ങളുടെ ചിത്രം പോലെ' ആക്കിയിട്ടുമുണ്ട്. റിക്കാര്‍ഡോയുടെ ജീവിതത്തില്‍ മറ്റൊരു സ്ത്രീയുണ്ട് എന്ന് ആദ്യമായി അസൂയപ്പെടാനുള്ള സാഹചര്യം നല്‍കുന്ന കീഴടങ്ങലില്‍ അവള്‍ തീരുമാനിക്കുന്നു, ഇനിയുള്ള ഏതാനും ദിനങ്ങള്‍ തന്റെ ഒരേയൊരു നങ്കൂരമായ 'നല്ല പയ്യ'ന്റെ കൂടെ കഴിയും. തന്റെ പേരിലുള്ള വീടും സ്ഥലവും മറ്റാര്‍ക്കും നല്‍കാനില്ല. അവളുടെ കഥ എന്നെങ്കിലും എഴുതുന്നെങ്കില്‍ അവളെ വല്ലാതെ ചീത്തയാക്കി ചിത്രീകരിക്കരുതെന്ന് എപ്പോഴും എഴുത്തുകാരന്‍ ആവാന്‍ ആഗ്രഹിച്ചിരുന്ന റിക്കാര്‍ഡോയോട് അപേക്ഷിക്കുന്നതാണ് നോവലന്ത്യം. “ഇനിയിപ്പോള്‍ നീ തനിച്ചാവാന്‍ പോകുന്നത് കൊണ്ട്, നിനക്ക് സമയം നന്നായി ഉപയോഗിക്കാം, ഞാനില്ലാത്തതില്‍ നിനക്കത്ര വിഷമമൊന്നും ഉണ്ടാവുകയുമില്ല. ഏറ്റവും ചുരുങ്ങിയത് ഞാന്‍ നിനക്ക് ഒരു നോവലിനുള്ള വിഷയം തന്നു എന്നെങ്കിലും അംഗീകരിക്ക്. അങ്ങയല്ലേ, നല്ല പയ്യന്‍?”

യോസയുടെ രചനകളുടെ പൊതു സ്വഭാവമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം സജീവമായി നിര്‍ത്തുക എന്നത് ബാഡ് ഗേളിലും നിരീക്ഷിക്കാം. 1950-ലെ വേനല്‍ക്കാലത്ത് ആരംഭിക്കുന്ന ആഖ്യാനത്തില്‍ മീരാഫ്ലോറെസിന്റെ അവികസിത നാളുകളുടെ ചിത്രം ലഭിക്കുന്നുണ്ട്. ഒന്ന് അല്ലെങ്കില്‍ രണ്ട് നിലകള്‍ മാത്രമുള്ള വീടുകളും കെട്ടിടങ്ങളും മാത്രമുണ്ടായിരുന്ന നാളുകള്‍. താന്‍ ചിലിയില്‍ നിന്നാണ് എന്ന് ബാഡ് ഗേള്‍ നുണ പറയുന്നത് തന്നെ ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ പെറു നല്‍കുന്ന അപകര്‍ഷം മൂടി വെക്കാനാണ്. അറുപതുകളുടെ തുടക്കത്തില്‍ ക്യൂബന്‍ വിപ്ലവവും 'ഫിദേല്‍ കാസ്ട്രോയും താടിക്കാരും ' ഉണര്‍ത്തുന്ന ആവേശവും ലാറ്റിന്‍ അമേരിക്കയില്‍ എന്ന പോലെ പാരീസിലും യൂറോപ്പിലെങ്ങും അലകളുയര്‍ത്തുന്നു. ലാറ്റിന്‍ അമേരിക്കയില്‍ വിപ്ലവത്തിന്റെ രണ്ടാമൂഴം പെറു ആയിരിക്കും എന്ന കണക്കു കൂട്ടലില്‍ വിപ്ലവ പ്രവര്‍ത്തങ്ങള്‍ പോഷിപ്പിക്കുന്നതിനുള്ള ക്യൂബന്‍ സഹായമായാണ് കോമ്രേഡ് ആര്‍ലീറ്റ് സ്കോളര്‍ഷിപ്പ് നേടുന്നത്. കുറഞ്ഞൊരു നാളെങ്കിലും ബീജിംഗിനും മോസ്കൊക്കും ഇടയില്‍ അങ്കലാപ്പിലാകുന്ന ക്യൂബയെ കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്.

ഗറില്ലാ പ്രവര്‍ത്തനങ്ങളിലെ രഹസ്യാത്മകതയും ലൈംഗികകാര്യങ്ങളിലെ വിലക്കുകളും ആര്‍ലീറ്റുമായി രഹസ്യ ബന്ധം തുടരുന്ന റിക്കാര്‍ഡോയെ പോള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഖാക്കള്‍ക്കിടയില്‍ ലൈംഗിക ബന്ധം ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്കുള്ള ടിക്കെറ്റ് ആയി കണക്കാക്കിയിരുന്നു. പ്രണയ ശൂന്യതയുടെ ഒരു ഇടവേളയില്‍ റിക്കാര്‍ഡോ സൗഹൃദം സ്ഥാപിക്കുന്ന കാര്‍മന്‍സിറ്റയുടെ സ്പാനിഷ് മാതാപിതാക്കള്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയ ചായ്‌വ് മൂലം ജനറല്‍ ഫ്രാങ്കോയുടെ സ്പെയിനിലേക്ക് തിരിച്ചു പോവാന്‍ കഴിയാത്തവരാണ്. ആല്‍ബെര്‍ട്ടാ അമ്മായിയുടെ മരണ ശേഷം ജന്മ നാട്ടിലെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതും നോവലിലെ ഏറ്റവും കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പലപ്പോഴും ഒരു പ്രവചന സ്വരത്തില്‍ തന്നെ നടത്തുന്നതും ഡോ. അതോല്‍ഫോ ലാമിയേല്‍ എന്ന റിക്കാര്‍ഡോയുടെ പ്രിയപ്പെട്ട അമ്മാവനാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഗറില്ലാ പ്രവര്‍ത്തനം 'എട്ടോ പത്തോ കൊല്ലം നീണ്ടു നിന്നേക്കാവുന്ന സൈനിക ഏകാധിപത്യത്തിനു വഴി തുറക്കുന്ന ഒരു പട്ടാള അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നത് കൃത്യമാവുന്നു. “പെറു അലങ്കോലമാണ്, മരുമകനെ, കാര്‍ട്ടേഷ്യന്‍ സുവ്യക്തയുടെ നാട്ടില്‍ കഴിയാന്‍ തീരുമാനിക്കുന്നതിലൂടെ നീ ഏറ്റവും ശരിയായ കാര്യമാണ് ചെയ്തത്.” അതോല്‍ഫോ അമ്മാവന്റെ പ്രവചനം പോലെ 1968 ഒക്റ്റോബര്‍ 3-ന് ബെലോന്ദേ ടെറിയുടെ കീഴിലുള്ള ജനാധിപത്യ ഭരണം അട്ടിമറിച്ച ജനറല്‍ ഹുവാന്‍ വലെസ്കോ അല്‍വരാദോയുടെ സൈനിക ഭരണം പന്ത്രണ്ടു വര്‍ഷമാണ്‌ നീണ്ടു നിന്നത്. പിന്നീട് ഒരു പ്രായശ്ചിത്തം പോലെ ബെലോന്ദേ ടെറിയെ വീണ്ടും പെറു ജനത തെരഞ്ഞെടുക്കുകയായിരുന്നു. അതും നീണ്ടു നിന്നില്ല എന്നതും ഷൈനിംഗ് പാത്ത് എന്ന മാവോയിസ്റ്റ് സൈനിക മുന്നേറ്റം എണ്‍പതുകള്‍ ഉടനീളം രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയും അറുപതിനായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്ത നാള്‍വഴികള്‍ നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നതും അതോല്‍ഫോ അമ്മാവന്റെ ഭയപ്പാടുകള്‍ ആയിത്തന്നെയാണ്‌. അലന്‍ ഗാര്‍ഷ്യയുടെ പോളിസികള്‍ കാരണം ഉരുത്തിരിഞ്ഞ ദേശ സാല്‍ക്കരണവും പണപ്പെരുപ്പം പോലുള്ള പ്രശ്നങ്ങളും വിപണി തകര്‍ച്ചയും മരണ സമയത്ത് എഴുതിയ കത്തിലും അമ്മാവന്‍ സൂചിപ്പിക്കുന്നുണ്ട്.

അറുപതുകളുടെ രണ്ടാം പകുതിയില്‍ ഹിപ്പി പ്രസ്ഥാനവും സൈക്കെഡലിക് സംഗീതവും കെട്ടുപാടുകള്‍ ഇല്ലാത്ത ജീവിതരീതികളും ചേര്‍ന്ന് അരാജക യൗവ്വനങ്ങളുടെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ലണ്ടന്‍ നഗരത്തെ മാറ്റിയെടുക്കുന്നതോടെ അന്ന് വരെ പാരീസിനുണ്ടായിരുന്ന ലോക ബൗദ്ധിക തലസ്ഥാനമെന്ന സ്ഥാനം ട്രഫാല്‍ഗര്‍ ചത്വരവും ചുറ്റുവട്ടങ്ങളും ആയി മാറിയതിനെ കുറിച്ച് 'Painter of Horses and Swinging London' എന്ന അധ്യായത്തില്‍ വിശദമായി നിരീക്ഷിക്കുന്നുണ്ട്. വനെസ്സാ റെഡ്ഗ്രവിന്റെയും താരിഖ് അലിയുടെയും നേതൃത്വത്തില്‍ നടന്ന വിയെറ്റ്നാം വിരുദ്ധ പ്രകടനങ്ങള്‍, അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള അരാചക കവികളുടെ അവതരണങ്ങള്‍, ബീറ്റില്‍സ്, ക്ലിഫ് റിച്ചാര്‍ഡ്, ദി ഷാഡോസ് , റോളിംഗ് സ്റ്റോണ്‍ തുടങ്ങിയ സംഗീത സാന്നിധ്യങ്ങള്‍, മരിജുവാന മുതല്‍ എല്‍. എസ്. ഡി വരെയും ഹിന്ദു - ബുദ്ധിസ്റ്റ് ആത്മീയതയും, തുറന്ന ലൈംഗികതയും വലിയൊരു ശൂന്യതയെ നേരിടല്‍ കൂടിയായിരുന്നു എന്ന് റിക്കാര്‍ഡോ വിലയിരുത്തുന്നു: (ഫ്രാന്‍സ്വാ) മോറിയാക്ക് , കാമു, സാര്‍ത്ര്, മെര്‍ലോ - പോണ്ടി , മാല്‍റോ തുടങ്ങിയ മഹാമേരുക്കളുടെ ഒരു തലമുറ നാടുനീങ്ങിയതിന്റെ ശൂന്യത. പകരം വന്ന മൈക്കല്‍ ഫുക്കൊയെയും റോലാംഗ് ബാര്‍ത്തിനെയും പോലുള്ള സ്ട്രക്ച്ചറലിസ്റ്റുകളും പിന്നീട് വന്ന ഗൈല്‍സ് ഡലൂസെ, ജാക്ക് ദരിദ തുടങ്ങിയ ഡി കണ്‍സ്ട്രക് ഷനിസ്റ്റുകളും അടങ്ങുന്ന വിമര്‍ശന സൈദ്ധാന്തികരായിരുന്നു എന്നത് സര്‍ഗ്ഗവ്യാപാര മണ്ഡലങ്ങളെ ഒരു ബൗദ്ധിക ന്യൂനപക്ഷത്തിന്റെതാക്കി മാറ്റി. ഇടത്തരം ചുറ്റുപാടുകളില്‍ നിന്നോ ഉന്നത വിഭാഗത്തില്‍ നിന്നോ വന്ന ഹിപ്പികള്‍ തങ്ങളുടെ കുടുംബങ്ങള്‍ പ്രതിനിധാനം ചെയ്ത ഗതാനുഗതിത്വത്തെയും ശരാശരി വഴക്കങ്ങളെയും നിഷേധിച്ചു. "അവരുടെ തത്വശാസ്ത്രം ചിന്തയെയോ യുക്തിവിചാരത്തെയോ അല്ല മറിച്ച് മൃദുല ഭാവങ്ങളെയും വികാരങ്ങളെയും അടിസ്ഥാനമാക്കി.” ഇനോക്ക് പവലിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരില്‍ നവ നാസി മോഡല്‍ വംശീയതയും ഉയര്‍ന്നു വന്നു. ഇത്തരം സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിനിടെ എയിഡ്സ് രോഗത്തിന്റെ ആദ്യകാല ബലിയാടായി മരിക്കുന്ന ഹുവാന്‍ ബെരെറ്റോ എന്ന റിക്കാര്‍ഡോയുടെ സുഹൃത്താണ് നോവലില്‍ ഈ ജീവിത രീതിയുടെയും കാലത്തിന്റെയും സാക്ഷി.

റിക്കാര്‍ഡോയും ബാഡ് ഗേളും തമ്മിലുള്ള ബന്ധം ഒരേ സമയം സങ്കീര്‍ണ്ണവും ലളിതവുമാണ്. ഭിന്ന പ്രകൃതികള്‍ ആയിരിക്കുമ്പോഴും ഒരിക്കലും പരസ്പരം വിട്ടുപോവാന്‍ കഴിയാത്ത വിധം ബന്ധിതര്‍. “നീ വളരെ നല്ലവനാണ്, പക്ഷെ നിനക്കൊരു ഭയങ്കര കുഴപ്പമുണ്ട്: നിനക്ക് ഉല്‍ക്കര്‍ഷെച്ഛയില്ല. നീ ഉള്ളത് കൊണ്ട് തൃപ്തനാണ്, അല്ലേ? പക്ഷെ അത് ഒന്നുമല്ല, നല്ല പയ്യന്‍. അതാണ്‌ എനിക്ക് നിന്റെ ഭാര്യയാവാന്‍ കഴിയാത്തത്. ഞാനൊരിക്കലും ഉള്ളത് കൊണ്ട് തൃപ്തിപ്പെടില്ല. എനിക്കെപ്പോഴും കൂടുതല്‍ വേണ്ടിവരും.” എന്നാല്‍ ഇപ്പോഴും തന്നോട് “വിലകുറഞ്ഞ സെന്റിമെന്റല്‍ കാര്യങ്ങള്‍ പറയുന്ന' കുഞ്ഞു റിക്കാര്‍ഡോ (റിക്കാര്‍ഡിറ്റോ ) ജീവിതത്തില്‍ സംഭവിച്ച 'ഏറ്റവും നല്ല കാര്യ'വും ആണ് അവള്‍ക്കു. റിക്കാര്‍ഡോയെ സംബന്ധിച്ചാവട്ടെ "ഞാന്‍ അറിഞ്ഞത്തില്‍ ഏറ്റവും മനോവൈകൃതമുള്ള സ്ത്രീയാണ് നീ, ബാഡ് ഗേള്‍. താന്‍ പോരിമയുടെയും സഹാനുഭൂതിയില്ലായ്മയുടെയും ഒരു ഭീകര സത്വം. ഇങ്ങേയറ്റം ദയ കാണിച്ചവരെ ഒരു മടിയുമില്ലാതെ കഴുത്തരുക്കാന്‍ കഴിയുന്നവള്‍.” അയാളില്‍ പ്രകടമായുള്ള ആത്മ പീഡന വാഞ്ചക്ക് കൃത്യമായ അവള്‍ തികച്ചും യോജിച്ചവലാണ്.

"നിന്നെ വേദനിപ്പിക്കുന്നത് പോലെ ഞാന്‍ ആസ്വദിക്കുന്ന ഒരു കാര്യവും ഇല്ല.”

"വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാനത് തിരിച്ചറിഞ്ഞു. ഏറ്റവും മോശമായത് എന്തെന്നാല്‍, ഞാനൊരിക്കലും പഠിക്കില്ല. എനിക്കത് ഇഷ്ടമാവുന്നു പോലുമുണ്ട്. നമ്മള്‍ സമ്പൂര്‍ണ്ണ ജോഡി യാണ്: സാഡിസ്റ്റും മാസോക്കിസ്റ്റും..”

എന്നാല്‍ സ്വയം പീഡനത്തില്‍ അഭിരമിക്കുന്ന ഒരു വ്യക്തിത്വം അവളിലും ഉണ്ട്. ഫുകുദയോടുള്ള അവളുടെ വിധേയത്വം അതിന്റെ പ്രകാശനമാണ്. "അത് പ്രണയമല്ല... ഒരു രോഗം, ഒരു ദുഷ്ട്. അതാണ്‌ ഫുകുദ എനിക്ക്... ചിലപ്പോള്‍ എനിക്ക് ഫുകുദ ബാധ കൂടിയ പോലെയാണ്.” ഇതേ അവസ്ഥയാണ് തനിക്കു അവലോടുമുല്ലതെന്നു റിക്കാര്‍ഡോയും കണ്ടെത്തുന്നുണ്ട്. "എന്നെങ്കിലും ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.. ഫുകുദ നിനക്കെന്തായിരുന്നോ അതാണ്‌ എനിക്ക് നീ: ഒരു രോഗം.” അവള്‍ക്കു വേണ്ടി സ്വയം പീടിപ്പിക്കുന്നതിനെ രക്തസാക്ഷിത്വം പോലെ അയാള്‍ എത്റെടുക്കുന്നുമുണ്ട്. മരണ വക്കില്‍ നിന്ന് പതിയെ തിരികെ വരുമ്പോള്‍ ഡോക്റ്ററുടെ വിലക്ക് മാനിച്ചു സെക്സില്‍ ഏര്‍പ്പെടാതെ തൊട്ടരികില്‍ കിടന്നു അയാള്‍ പറയുന്നുണ്ട്, “നിന്നെ ഇത്രക്കും ആഗ്രഹിച്ച്, തൊടാന്‍ പോലുമാകാതെ, വിവസ്ത്രയായ നിന്റെ അരികില്‍ കിടക്കുമ്പോള്‍ അതൊരു രക്തസാക്തിത്വമാണ്.” ഇതേ വിധേയത്വത്തിന്റെ അവകാശത്തോടെയാണ് അയാള്‍ അവളെ ജീവിതത്തിലേക്ക് തിരിയെ കൊണ്ടുവരുന്നത്. "നീ മരിക്കാന്‍ പോവുകയല്ല. കുട്ടികളായിരുന്ന കാലം മുതല്‍ എന്നോട് ലോകത്തെ ഏതു നിന്ദ്യമായ കാര്യവും ചെയ്യാന്‍ ഞാന്‍ നിന്നെ അനുവദിച്ചിട്ടുണ്ട്, പക്ഷെ മരിക്കല്‍ ഇല്ല. അത് ഞാന്‍ വിലക്കുന്നു.” ചിത്തഭ്രമത്തിന്റെ നാളുകളില്‍ അയാളെ പുന്യാളനെ പോലെ കാണുന്ന അവള്‍ തുറന്നു പറയുന്നു, "ഞാനൊരിക്കലും നിന്റെ ഭാര്യയാവില്ല. എനിക്കെന്നും നിന്റെ കാമുകിയാവനം, നിന്റെ വളര്‍ത്തു പട്ടി, നിന്റെ കൊടിച്ചി. ഇന്ന് രാത്രിയിലെ പോലെ. കാരണം അപ്പോള്‍ എനിക്ക് നിന്നെ എന്നില്‍ പരവശാനാക്കി നിര്‍ത്താം.”

കൃതഹസ്തനായ നോവലിസ്റ്റിന്റെ കയ്യൊപ്പ് പതിഞ്ഞ കഥാപാത്രങ്ങള്‍ വേറെയുമുണ്ട് നോവലിലെങ്ങും. തന്റെ പ്രണയ ശാപത്തെ (jinxed love) പിന്‍ തുടര്‍ന്ന് ജപ്പാനിലെത്താന്‍ റിക്കാര്‍ഡോക്ക് വഴിയൊരുക്കുന്ന സലോമോന്‍ തൊലെദാനോ യൗവ്വന കാലത്തെ പ്രണയ നൈരാശ്യത്തിന്റെ ഓര്‍മ്മയില്‍ "പ്രണയത്തില്‍ പെട്ടുപോകുന്നത്‌ ഒരു തെറ്റാണ്.”എന്ന തത്വശാസ്ത്രവുമായി കഴിയുന്ന മധ്യ വയസ്കനാണ്. മിത് സുകൊയുമായുള്ള ബന്ധം ആദ്യം അയാളുടെ മുന്‍ വിധി തകര്‍ത്ത് കളഞ്ഞു ആ പാവം മനുഷ്യനെ ഒരിക്കല്‍ കൂടി ഉന്മാദിയാക്കും, അനിവാര്യമായ ഒരു രണ്ടാം തകര്‍ച്ചയിലേക്ക് ഏറിയും മുമ്പ്. “അയാളൊരു നല്ല വ്യക്തിയായിരുന്നു. രസികന്‍ മാതൃകയും, എന്നാല്‍ അയാളിലുള്ള എന്തോ ഒന്ന് എന്നെ ദുഖിതനും വിവശനുമാക്കി, കാരണം അതെന്റെ സ്വന്തം വിധിയിലേക്കുള്ള ഏതോ ഒരു രഹസ്യ വഴി തുറന്നു.” “അയാളുടെ ഏകാന്തത എന്റേത് പോലെയായിരുന്നു.” എന്ന് റിക്കാര്‍ഡോ നിരീക്ഷിക്കുന്നു. സൈമണ്‍, എലേന ഗ്രവോസ്കി ദമ്പദികളും വളര്‍ത്തു മകന്‍ യിലാലും ഏതാണ്ടൊരു കുടുംബം പോലെ റിക്കാര്‍ഡോക്ക് സ്നേഹ സാന്ത്വനവും കൂട്ടും ആകുന്നുണ്ട്. കുരികൊയുടെ ജീവിതത്തിന്റെ അമ്പരപ്പിക്കുന്ന വിതാനങ്ങളോട് ആരാധനയോടെ സൈമണ്‍ നിരീക്ഷിക്കുന്നു, ““നിങ്ങള്‍ രണ്ടാളും തിരിച്ചറിയുന്നുണ്ടോ, അവളുടെ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എത്ര മടുപ്പിക്കുന്നതാണെന്നു?”അയാള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു, “എനിക്കീ മാതാ ഹരിയെ ഒന്ന് കാണണം.” വിയെറ്റ്നാമിലെ കുട്ടിക്കാലത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ മൂകനായിപ്പോയ യിലാലിനെ കുറികോ മൊഴിയുടെ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരുന്നത് ഒരത്ഭുതമായിത്തന്നെയാണ് എല്ലാവരും കാണുക. ലണ്ടന്‍ വാസക്കാലത്ത് സുഹൃത്താവുന്ന ഹുവാന്‍ ബെരെറ്റൊയും അയാള്‍ക്ക്‌ അഭയും അമ്മയുമാവുന്ന വയോധിക മിസ്സിസ് സ്റ്റുബാഡും അതേ പോലുള്ള സാന്ത്വനമാണ് റിക്കാര്‍ഡോ ക്ക് . എന്നാല്‍ നോവലന്ത്യത്തില്‍ ചീത്തപ്പെണ്ണിനെ സംബന്ധിച്ച ഒരു പാട് ദുരൂഹതകളിലെക്കുള്ള താക്കൊലുമായെത്തുന്ന കിഴവന്‍ കടല്‍ഭിത്തി നിര്‍മ്മാതാവ് ആര്‍ക്കിമിഡീസ് വൈചിത്ര്യമുള്ള കഥാപാത്രമാണ്. അയാളെ കേട്ടുകഴിയുമ്പോള്‍ താനെന്തിനാണ് അത് ചെയ്തത് എന്ന് അങ്കലാപ്പിലാവുമ്പോള്‍ തന്നെ, ദുരൂഹമായ ഒരാകര്ഷണത്തില്‍ ഇപ്പോള്‍ കുഴിമാടത്തിനരികിലെ ശ്വസിക്കുന്ന അസ്ഥിപജ്ഞരം മാത്രമായ ചീത്തപ്പെണ്ണിനോട് ഖേദവും പ്രണയവും കൊണ്ട് അയാള്‍ വിവശനാവുകായും ചെയ്യുന്നു. അവള്‍, പെറൂവിയന്‍ പാചകക്കാരിയുടെയും കടല്‍ഭിത്തി കെട്ടുകാരന്റെയും മകള്‍. "ലില്ലി എന്ന ചിലിയന്‍ പെണ്‍കുട്ടി, കോമ്രേഡ് ആര്‍ലീറ്റ്, മാഡം റോബര്‍ട്ട്‌ ആര്‍നോ, മിസ്സിസ് റിച്ചാര്‍ഡ്സണ്‍, കുറികോ, പിന്നെ മാഡം റിക്കാര്‍ഡോ സൊമോകൂര്‍ഷ്യോയും, ഇതൊക്കെയായിരുന്നവള്‍ സത്യത്തില്‍ ഓട്ടിലിറ്റ എന്ന പേരുള്ളവള്‍ ആയിരുന്നു. ഓട്ടിലിറ്റ. എന്ത് തമാശ.” ഏറെ മക്കളുള്ള കുടുംബത്തില്‍ മൂത്തവളുടെ പാലായനം, ദരിദ്രരും അവശരുമായിരുന്ന മാതാപിതാകളോടുള്ള ക്രൂരമായ, മാപ്പര്‍ഹിക്കാത്ത നിഷേധം, എല്ലാം ഒന്നും കാത്തു വെച്ചിരുന്നില്ലാത്ത ഒരു ദേശ വിധിയുടെ കൂടി നെരിപ്പോടില്‍ നിന്ന് അദമ്യമായ ഉത്ക്കര്‍ഷെച്ഛയും ജീവിതാസക്തിയുമുള്ള ഒരു പെണ്‍കുട്ടിയുടെ കുതറിപ്പിടച്ചില്‍ കൂടിയായിരുന്നു. ബാക്കി പത്രത്തില്‍ നഷ്ടങ്ങള്‍ മാത്രം എഴുതിച്ചേര്‍ക്കാനായ, അപ്പോഴും തനിക്കു സ്വാധീനിക്കാനാവുന്ന ഒരേയൊരു മനുഷ്യ ജീവിയെ കൊന്നു തിന്നാന്‍ പോവുന്ന ഇരയെ കളിപ്പിച്ചു രസിക്കുന്ന പൂച്ചയെ പോലെ കോമാളി കളിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ വിചിത്ര ദുരന്തപഥയാത്രിക. ദാരിദ്ര്യം , വംശീയത, വിവേചനം, അവഗണിക്കപ്പെടല്‍, എന്നിവയെപ്പോലെ, പെറു എന്ന ജന്മ ദേശം പോലെ എല്ലാം സ്വന്തം ഓര്‍മ്മകളില്‍ നിന്ന് അവയെ നാടുകടത്തുന്നതോടെ ഇല്ലാതാവും എന്ന് വെറുതെ മോഹിച്ചവള്‍ .

റിക്കാര്‍ഡോ എന്ന 'നല്ല പയ്യ'ന്റെ കാഴ്ചപ്പാടിലുള്ള ഉത്തമ പുരുഷ ആഖ്യാനരീതി കര്‍തൃത്വം കാര്യമായി ഇല്ലാത്ത ആഖ്യാതാവിനെ അനുഭവങ്ങള്‍ ഏറ്റുവാങ്ങുക മാത്രം ചെയ്യുന്ന കേന്ദ്ര കഥാപാത്രമാക്കി നില നിര്‍ത്തുമ്പോഴും ചീത്തപ്പെണ്ണിനെ സംബന്ധിച്ച് ദുരൂഹതയുടെയും ആകാംക്ഷയുടെയും ഒരു ഭാവം ഉടനീളം സൃഷ്ടിക്കുന്നതിലൂടെ ആവര്‍ത്തന സ്വഭാവമുള്ള ഇതിവൃത്ത ധാരയിലും എപ്പോഴും പുതുതായി വേണ്ടത്ര കരുതിവെക്കാന്‍ സഹായിക്കുന്നു. ഒരു മികച്ച പേജ് ടേണര്‍ എന്ന നിലയിലേക്ക് നോവലിനെ മാറ്റിയെടുക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നതും ഈ ആഖ്യാന തന്ത്രമാണ്. കൂടെക്കൂടെ ഒരു തെളിവും ബാക്കിവെക്കാതെ അപ്രത്യക്ഷയാകുമ്പോഴും ബാഡ് ഗേള്‍ നോവലിലെങ്ങും നിറസാന്നിധ്യമാകുന്നത്‌ അയാളുടെ ജീവിതം കറങ്ങിത്തിരിയുന്ന അച്ചുതണ്ടായി അവള്‍ നില നില്‍ക്കുന്നത് കൊണ്ട് മാത്രമല്ല, ഓരോ മടങ്ങിവരവിലും റിക്കാര്‍ഡോയുടെ പരിമിതവും മടുപ്പിക്കുന്നതുമായ ജീവിത സാധാരണത്വത്തിനു ചിന്തിക്കാന്‍ പോലുമാകാത്ത അനുഭവ ഭൂഖണ്ഡങ്ങളുടെ ചൂടും പരപ്പും അവള്‍ കൊണ്ടുവരുന്നത് കൊണ്ട് കൂടിയാണ്. റിക്കാര്‍ഡോയില്‍ ജീവിതം സംഭവിക്കുകയാണെങ്കില്‍ ഓട്ടിലിറ്റ ജീവിതത്തെ നയാടുകയാണ്, പരാജയം സമ്മതിക്കാതെ, വീണു പോകുമ്പോഴും ചോര പൊടിയുമ്പോഴും മുറിവുകളില്‍ ഊതിയൂതി നേരം കളയാതെ. ഓടുന്നവരൊക്കെയും നേടുന്നവരല്ല എന്നത് പ്രധാനമല്ല, അവളെ സംബന്ധിച്ച് ഓട്ടമാണ് പ്രധാനം എന്നേയുള്ളൂ.

(മലയാളം വാരിക, 17 ജൂലൈ 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 93-100)