“ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു. വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു.” - 1984, ജോര്‍ജ്ജ് ഓര്‍വെല്‍ .
അങ്കോളന്‍ സാഹിത്യത്തില്‍ ഇന്നേറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ് ഹോസെ എദുവാര്‍ദോ അഗുവാലൂസ. നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോള, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗുവാലൂസ പുരസ്ക്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ്. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഗുവാലൂസയുടെ രചനകള്‍, ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നു, ഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്" പരിശോധിക്കുന്നു. (വികിപീഡിയ പേജ്). ഈ നിലയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാണ് 2007-ലെ ഇന്‍ഡിപ്പെന്റന്റ് ഫോറിന്‍ ഫിക് ഷന്‍ അവാര്‍ഡ് നേടിയ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്'.
സ്വതന്ത്ര അങ്കോളയുടെ കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന്റെ തൊട്ട് പിന്‍ കാലത്ത്, മാര്‍ക്സിസ്റ്റ് ഭരണം അവസാനിച്ച് വൈയക്തിക അഭ്യുന്നതിയുടെ ആവേഗങ്ങളിലേക്ക് സമൂഹം മത്സരയോട്ടം തുടങ്ങുന്ന സന്ദര്‍ഭം. ഭരണകൂടത്തിന്റെ ഒറ്റുകാരോ വേട്ടക്കാരോ വൈതാളികരോ ആയിരുന്ന, മൂടിവെക്കാനുള്ള ഭൂതകാലമുള്ളവര്‍, പറയത്തക്ക പാരമ്പര്യമോ കുടുംബമഹിമയോ അവകാശപ്പെടാനില്ലാത്തവര്‍ തുടങ്ങി പുതുതായി സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ കല്‍പ്പിതമെങ്കിലും മാന്യവും കുലീനവുമായ 'ഭൂതകാലം' എന്ത് വിലകൊടുത്തും ആഗ്രഹിച്ചവര്‍ ഒട്ടനവധിയായിരുന്നു.
"നമുക്കൊരു ഫാന്റസി സര്‍ക്കാരുണ്ട്. ഒരു ഫാന്റസി നീതിവ്യവസ്ഥ. മറ്റുവാക്കുകളില്‍, നമുക്കൊരു ഫാന്റസി രാജ്യമുണ്ട്”
ഈ പുതിയ കൃതൃമ കാലത്തില്‍ അത്തരം ആവശ്യക്കാര്‍ക്ക് പുസ്തകപ്പുഴുവായ അല്‍ബിനോ ഫെലിക്സ് വെഞ്ചൂറാ കാണപ്പെട്ട ദൈവമായി. അയാള്‍
"ഓര്‍മ്മകളില്‍ വ്യവഹരിച്ചു, ഭൂതകാലം വില്‍ക്കുന്ന ഒരാള്‍ , രഹസ്യമായി, മറ്റുള്ളവര്‍ കൊക്കെയ്ന്‍ ഇടപാട് നടത്തിയ പോലെ.”
പുസ്തകത്തിന്റെ പോച്ചുഗീസ് മൂലത്തിന് "ഭൂതകാലങ്ങള്‍ വില്‍ക്കുന്നവന്‍" എന്ന് തന്നെയായിരുന്നു തലക്കെട്ട്. എന്നാല്‍ താന്‍ ചെയ്യുന്നത് വെറും കള്ളരേഖകള്‍ ചമക്കലല്ലെന്നു ഫെലിക്സ് അവകാശപ്പെടുന്നു. താന്‍ ആളുകള്‍ക്ക് വേണ്ടി സ്വപ്‌നങ്ങള്‍ കണ്ടുപിടിക്കുന്നു എന്നാണ് അയാള്‍ വിശദീകരിക്കുക.
“ഞാന്‍ ചെയുന്നത് യഥാര്‍ഥത്തില്‍ ഒരു വികസിത സാഹിത്യ രൂപമാണ്.” അയാളെന്നോട് ഒരു ഗൂഡലോചന പോലെ പറഞ്ഞു.. “ഞാന്‍ ഇതിവൃത്തങ്ങള്‍ സൃഷ്ടിക്കുന്നു, കഥാപാത്രങ്ങളെ കണ്ടുപിടിക്കുന്നു, എന്നാല്‍ അവരെ ഒരു പുസ്തകത്തില്‍ കുരുക്കിക്കളയുന്നതിലേറെ ഞാനവര്‍ക്ക് ജീവിതം നല്‍കുന്നു, അവരെ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് തൊടുത്തുവിടുന്നു.”
ആഖ്യാതാവായ യുലെലിയോ എന്ന പല്ലി തന്നെയും ഫെലിക്സിനെ കണ്ടുമുട്ടിയതിനു ശേഷം ഉണ്ടായ തിരിച്ചറിവിനെ കുറിച്ച് നിരീക്ഷിക്കുന്നുണ്ട്,:
“ഭൂതകാലം എപ്പോഴും ഉറച്ചതാണ്, അതെപ്പോഴും അവിടെയുണ്ട്, സുന്ദരമോ ഭീകരമോ, അതെപ്പോഴും അവിടെ ഉണ്ടായിരിക്കയും ചെയ്യും.
(ചുരുങ്ങിയത്, ഫെലിക്സ് വെഞ്ച്യൂറയെ കണ്ടെത്തും മുമ്പ് ഞാനങ്ങനെയാണ് കരുതിയിരുന്നത്)”
ഫെലിക്സ് വെഞ്ച്യൂറാ ഏറെ ആവശ്യക്കാരുള്ള ഒരാളായി മാറുന്ന സാഹചര്യം നോവലില്‍ വിവരിക്കുന്നുണ്ട്:
“ഒരു മുഴുവന്‍ പുതു വര്‍ഗ്ഗമുണ്ടായിരുന്നു, അയാള്‍ വിശദീകരിച്ചു. ഒരു മുഴുവന്‍ പുത്തന്‍ ബൂര്‍ഷ്വാ സമൂഹം, അയാളെ തേടിപ്പിടിച്ചു. ബിസിനസ്സുകാര്‍, മന്ത്രിമാര്‍, ഭൂപ്രഭുക്കള്‍, ഡയമണ്ട് കള്ളക്കടത്തുകാര്‍, ജനറല്‍മാര്‍ - മറ്റുവാക്കുകളില്‍, ഭാവി ഭദ്രമായ ആളുകള്‍. എന്നാല്‍ ഈ ആളുകള്‍ക്ക് ഇല്ലാതെ പോയത് നല്ലൊരു ഭൂതകാലമാണ്, ശ്രദ്ധേയമായ ഒരു പാരമ്പര്യം, ഡിപ്ലോമകള്‍. ചുരുക്കത്തില്‍, കുലീനതയും സംസ്കാര സമ്പന്നതയുമുള്ള ഒരു പേര്. അയാള്‍ അവര്‍ക്ക് ഒരു പുതുപുത്തന്‍ ഭൂതകാലം വില്‍ക്കുന്നു... അവര്‍ മചാഡോ ദേ അസീസിനെ പോലെ, ക്രൂസേ സൂസയെ പോലെ, അലക്സാണ്ടര്‍ ഡ്യൂമയെ പോലെ അറിയപ്പെടുന്ന പ്രതിച്ഛായയുള്ള ഒരു മുത്തച്ഛന്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു. അയാള്‍ അവര്‍ക്കീ ലളിത സ്വപ്നം വില്‍ക്കുന്നു.”
അപരത്വവും അപരത്വ നിര്‍മ്മിതിയുമെന്ന കേന്ദ്രപ്രമേയം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ തലക്കെട്ടിനെ ഒരു പരിധിവരെ ന്യായീകരിക്കുന്നുണ്ട്. കഥപറയുന്നത് തന്നെ ഫെലിക്സ് വെഞ്ചൂറായുടെ വീട്ടിന്‍ ചുമരില്‍ പാര്‍പ്പുറപ്പിച്ച പല്ലിയാണ്. ഫ്രാന്‍സ് കാഫ്കയുടെ ഗ്രിഗോര്‍ സാംസക്ക് ശേഷം സാഹിത്യം കണ്ട ശക്തനായ ഈ പ്രാണിജന്മ ആഖ്യാതാവിന് മാജിക്കല്‍ റിയലിസത്തിന്റെ ചുറ്റുവട്ടങ്ങളില്‍ അസ്വാഭാവികത ഒട്ടുമില്ലല്ലോ. ഗ്രിഗോര്‍ സാംസ ഒരു സുപ്രഭാതത്തിലാണ് തന്റെ രൂപാന്തരണത്തിനു വിധേയനാവുന്നതെങ്കില്‍, മറ്റുള്ളവരുടെ സ്വപ്നങ്ങളിലേക്ക് പരകായ പ്രവേശം സാധ്യമാകുന്ന അഗുവാലൂസയുടെ ഉരഗ പിതാമഹന് ഒരു ജന്മാന്തരത്തിലൂടെയാണ് പുതിയ അവതാരം സാധ്യമായത്. എന്തുകൊണ്ട് തലക്കെട്ടില്‍ പല്ലിക്ക് പകരം ഓന്ത് എന്ന ചോദ്യത്തിന് ഒരു പക്ഷെ എല്ലാ കഥാപാത്രങ്ങളും ഒരിക്കലെല്ലെങ്കില്‍ മറ്റൊരിക്കല്‍ പരകായപ്രവേശം നടത്തുന്നുണ്ട് എന്നേ വിശദീകരണമുള്ളൂ.
"പ്രകൃതി തന്നെയും തന്നോടുതന്നെ നുണ പറയാറുണ്ട്. ഉദാഹരണത്തിനു കാമുഫ്ലാഷ് എന്നാലെന്താണ്, ഒരു നുണയല്ലാതെ? ഓന്ത് ഒരു പാവം ശലഭത്തെ ചതിക്കാനായി സ്വയം വേഷം മാറുന്നു. അവന്‍ അതിനോട് നുണപറയുന്നു, വിഷമിക്കണ്ട, എന്റെ പൊന്നെ, നിനക്ക് കണ്ടുകൂടെ, ഞാന്‍ ഇളം കാറ്റില്‍ ഇളകുന്ന വെറുമൊരു പച്ചിലയാണെന്ന് , എന്നിട്ടവന്‍ തന്റെ അറുനൂറ്റി ഇരുപത്തിയഞ്ച് സെന്റിമീറ്റര്‍ നീളമുള്ള നാക്ക് കുതിപ്പിച്ച് അതിനെ തിന്നുന്നു.”
മൗനം കൊണ്ട് പരസ്പരം ബന്ധിതരായത് കൊണ്ടും അതിന്റെ മസൃണഭാവം കൊണ്ടും തന്റെ കൂട്ടുകാരന്‍ പല്ലിയെ ഫെലിക്സ്, യുലാലിയോ എന്ന് വിളിക്കും. എന്നാല്‍ അവന്‍ സാധാരണ പല്ലിയല്ല. സാക്ഷാല്‍ ബോര്‍ഹെസിന്റെ പുനരവതാരമാണ്. മുജ്ജന്മത്തിന്റെതായി അവന്‍ പങ്കുവെക്കുന്ന ഓര്‍മ്മകള്‍ ബോര്‍ഹെസിന്റെ ജീവിതത്തില്‍ നിന്നുള്ളവയും. ഏഞ്ചലാ ലൂഷിയായെ കുറിച്ച് ഇങ്ങനെയാണ് നോവല്‍ പരിചയപ്പെടുത്തുക:
“അവള്‍ ഉണരുമ്പോള്‍, പേര് അല്‍ബാ എന്ന്, അല്ലെങ്കില്‍ ഒറോറാ, അല്ലെങ്കില്‍ ലൂഷിയ. വൈകുന്നേരം അവള്‍ ഡാഗ് മാര്‍, രാത്രി എസ്റ്റെല.”
ഹോസെ ബുക്മാനുമുണ്ട് നോവലന്ത്യത്തില്‍ മാത്രം വെളിവാകുന്ന മറ്റൊരു പൂര്‍വ്വാശ്രമം. പ്രസിഡന്റ് ആയി ഇരിക്കുന്നത് തന്നെ ഇപ്പോള്‍ ഒരപരനാണെന്നും വ്യത്യസ്ത ഘട്ടങ്ങളിലായി കിഴവന് വ്യത്യസ്ത അപരന്മാര്‍ ഉണ്ടെന്നും പെട്ടെന്നൊരു നാള്‍ അയാള്‍ ഇടം കയ്യനായതിനെ കുറിച്ചും മുഖത്തു മറുകുകള്‍ പ്രത്യക്ഷമാകുന്നതിനെ കുറിച്ചും നോവലില്‍ പരാമര്‍ശമുണ്ട്. “അപ്പോള്‍ നമുക്കുള്ളത് ഒരു ഫാന്റസി പ്രസിഡണ്ട് ആണ്?” ഹോസെ ബുക്ക്മാന്‍ ചോദിക്കുന്നു. ഫെലിക്സ് ആവട്ടെ, അല്‍ബിനോ ആയതുകൊണ്ട് വെളുത്തവര്‍ഗ്ഗക്കാരനാണെന്നു പലരും കരുതുന്നു. അയാള്‍ ഒട്ടേറെ ആവിഷ്കാരങ്ങളിലൂടെ സ്വയം അനിവാര്യമായ മൌനത്തിലേക്ക് പോകുന്നു, ഒന്നും വെളിവാക്കാവുന്നതല്ലല്ലോ അയാളുടെ വ്യാപാരം. അയാളെ തേടിവരുന്നവര്‍ക്ക് പുരാവൃത്തങ്ങളിലൂടെ പുതിയ ജന്മങ്ങള്‍ ലഭിക്കുന്നു. "മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് ഓര്‍ത്തുവെക്കുന്നു എന്നതിന്മേലാണ് ഒരു വലിയ പരിധിവരെ നമ്മുടെ ഓര്‍മ്മകള്‍ അതിജീവിക്കുന്നത്" എന്നിരിക്കെ, ഭൂതകാലത്തെ മാറ്റിപ്പണിയുന്നത് അവര്‍ക്ക് പുതിയ ഭാവിയും പ്രദാനം ചെയ്യുന്നു.
കലാപങ്ങള്‍ക്കും, കെടുതികള്‍ക്കും, പട്ടിണിക്കും അതിന്റെ പ്രേതങ്ങള്‍ക്കും, പ്രകൃതി ദുരന്തങ്ങള്‍ക്കും "സാക്ഷി" എന്ന് സ്വയം വിളിക്കുന്ന അമ്പത്തിരണ്ടുകാരന്‍ ഫോട്ടോ ജേര്‍ണ്ണലിസ്റ്റ് ''നിങ്ങള്‍ത്തന്നെ എനിക്ക് പേരിട്ടാല്‍ മതി" എന്ന അഭ്യര്‍ത്ഥനയോടെ പുതിയ കക്ഷിയായി എത്തുന്നതോടെയാണ് ഇതിവൃത്തം ചടുലമാവുന്നത്. ഫെലിക്സ് അയാളെ ഹോസെ ബുക്മാന്‍ എന്ന് വിളിക്കും: ഭാവനയുടെ സന്തതിക്കു പറ്റിയ പേര്. അയാള്‍ തന്റെ കക്ഷിക്ക് വിശ്വസനീയമായ ഒരു പുരാവൃത്തം നല്‍കും, പതിവുപോലെ ആവശ്യമായ എല്ലാ പിന്‍ ബലത്തോടെയും- പിന്‍ തലമുറയിലെ അംഗങ്ങളുടെ ഉള്‍പ്പടെ കൃത്യമായ നിറം മാറ്റവും പഴക്കവും വ്യക്തമായ കുടുംബ ഫോട്ടോ, ആവശ്യമായ ഇതര രേഖകള്‍, എല്ലാം. 'ചിബിയയില്‍ പോകരുത് ' എന്ന് നിഷ്കര്‍ഷിക്കുന്നത് രേഖകളുടെ മൂലം അവിടമായതുകൊണ്ടും അനാവശ്യ വെളിപ്പെടലുകള്‍ ഒഴിവാക്കാനുമാണ്. എന്നാല്‍ ഹോസെ ബുക്മാന്‍ ആകാവുന്നതില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നതോടെ കല്‍പ്പിത/ നിര്‍മ്മിത ഐഡന്റിറ്റി ഫിക് ഷന്റെ കള്ളികളില്‍ നിന്ന് വെളിയിലേക്ക് ചാടുന്നു. യാദൃശ്ചികതയുടെയും പൂര്‍വ്വനിശ്ചയങ്ങളുടെയും അതിരുകള്‍ മാഞ്ഞുപോകും വിധമാണ് ഫോട്ടോജേര്‍ണ്ണലിസ്റ്റ് തന്നെയായ ഏഞ്ചലാ ലൂഷിയ ഏതാണ്ടതേ സമയം ഫെലിക്സിന്റെ പ്രണയത്തിലേക്കെത്തുന്നത്. ഹോസെ ബുക്മാന്റെ പൂര്‍വ്വാശ്രമം എന്ത്, അയാളും ലൂഷിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലാണ് നോവലിന്റെ അവസാന ഭാഗങ്ങളില്‍, പുസ്തകത്തിന്റെ പിന്‍ ചട്ടയില്‍ വായിക്കാവുന്ന പോലെ ഇതിവൃത്തം 'മര്‍ഡര്‍ മിസ്റ്ററി'യിലേക്ക് ചുവടു മാറ്റുക, അത് തീര്‍ത്തും വ്യത്യസ്തമായ ഒരര്‍ത്ഥത്തിലാണ് , ഇവിടെ ആരും തങ്ങളാരെന്നു തോന്നിക്കുന്നുവോ അയാള്‍ / അവള്‍ അല്ല.
അങ്കോളയുടെ ഭൂതകാല രാഷ്ട്രീയം അതിന്റെ കിരാത നടപടികളുടെ ചോരയില്‍ കുതിര്‍ന്ന ഭാരങ്ങളുമായി ഇതിവൃത്തത്തില്‍ അധിനിവേശം നടത്തുന്നത് എഡ്മുണ്ടോ ബാരാത ഡോസ് റെയ്സ് എന്ന സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലെ മുന്‍ ഏജെന്റ് ചിത്രത്തില്‍ എത്തുന്നതോടെയാണ്. പ്രശസ്തനായ പ്രൊഫസര്‍ ഗാസ്പ്പറുടെ ശിഷ്യഗണത്തില്‍ പെട്ടവര്‍ എന്ന 'ഗോത്ര' ബന്ധുത്വമുണ്ട് അയാള്‍ക്കും ഫെലിക്സിനുമിടയില്‍. അറുപതുകളുടെ തുടക്കത്തില്‍, ലുവാണ്ടയില്‍ കലാപകാരികള്‍ക്ക് വേണ്ടി ബോംബുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി തുറുങ്കില്‍ അടക്കപ്പെടുകയും ഏഴുവര്‍ഷം ടരാഫെല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടക്കപ്പെടുകയും ചെയ്ത എഡ് മുണ്ടോ സ്വാതന്ത്ര്യം കിട്ടിയയുടന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അകത്തളങ്ങളില്‍ എത്തി.
“രണ്ടു വര്‍ഷം ഹവാനയില്‍, ഒമ്പത് മാസം ബെര്‍ലിനില്‍ (കിഴക്കന്‍ ബെര്‍ലിന്‍), പിന്നെ ആറുമാസം മോസ്ക്കോയില്‍; അയാളിലെ ഉരുക്കിന് പതം വന്നു, അയാള്‍ ആഫ്രിക്കയിലുള്ള സോഷ്യലിസത്തിന്റെ സുദൃഡ കിടങ്ങുകളിലേക്ക് തിരികെ വന്നു.”
“ഭൂമധ്യ രേഖക്ക് തെക്കുള്ള അവസാനത്തെ കമ്മ്യൂണിസ്റ്റ് '' എന്ന് അയാള്‍ സ്വയം വിവരിക്കുന്നു. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തിരിച്ചുവന്ന ശേഷമേ താനിനി അഴിച്ചുവെക്കൂ എന്ന് അയാള്‍ ഉടലില്‍ അണിഞ്ഞ യു. എസ് . എസ് . ആര്‍ . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ടി -ഷര്‍ട്ട് അയാള്‍ക്കിപ്പോള്‍ തൊലിയുടെ ഭാഗമായിരിക്കുന്നു. എന്നാല്‍ ഈ 'ആദര്‍ശ ധീരത'യുടെ മറുവശമാണ് പെഡ്രോ ഗൂവിയയായിരുന്ന ഇപ്പോഴത്തെ ഹോസെ ബുക്മാന് തന്റെ ഭാര്യയെ ഇല്ലാതാക്കിയത്, ചോരപ്പൈതലായ തന്റെ മകളെ തികഞ്ഞ സാഡിസ്റ്റ് ആയ സൈനികന്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുന്നത് കണ്ടു നില്‍ക്കേണ്ട ഗതികേടില്‍ എത്തിച്ചത്. വെളിപ്പെടുത്തലുകളുടെ പിരിമുറുക്ക നിമിഷങ്ങളിലും ''പ്രതികാരം ആണുങ്ങള്‍ക്കേ കഴിയൂ" എന്ന് ഹോസെയേ വെല്ലുവിളിക്കുകയാണ് എഡ് മുണ്ടോ . അപ്പോഴാണ് അത് സംഭവിക്കുക :
“അപ്പോള്‍ -
ഒരു
പതിഞ്ഞ
നൃത്ത
ചലനത്തില്‍
എന്ന
പോലെ
ഏഞ്ചല അടുക്കള കടന്നു വരുന്നു,
മേശക്കരികിലേക്ക് വരുന്നു,
അവളുടെ വലതു കൈ തോക്കു പോക്കിയെടുക്കുന്നു,
അവളുടെ ഇടതു കൈ ഫെലിക്സിനെ തള്ളിമാറ്റുന്നു,
അവള്‍ എഡ് മുണ്ടോയുടെ നെഞ്ചിനു നേരെ ചൂണ്ടുന്നു-
എന്നിട്ട് നിറയൊഴിക്കുന്നു"
അച്ഛനു വേണ്ടി. തന്റെ അനാഥത്വത്തിന് വേണ്ടി മകള്‍ നടത്തുന്ന പ്രതികാരം. ലിംഗ ഭേദങ്ങളല്ല; ലക്ഷ്യത്തിന്റെ തീക്ഷണതയും അത് സാധിക്കാനുള്ള ചങ്കുറപ്പും മാത്രമാണ് പ്രശ്നം.
ഫെലിക്സിന്റെ പരിചാരിക എസ്പെരാന്‍സാ ജോബ് സപാലാലോ എന്ന മുതിര്‍ന്ന സ്ത്രീ മരണത്തില്‍ നിന്ന് തനിക്കു സുരക്ഷിതത്വ(immunity) മുണ്ടെന്നു കരുതുന്നതിനു പിന്നില്‍ അവരുടെ വിചിത്രമായ അനുഭവമുണ്ട്: തൊണ്ണൂറ്റി രണ്ടിലെ കൂട്ടക്കുരുതിയുടെ കാലത്ത് കൊലയാളികളുടെ 'കണക്കുകൂട്ടല്‍ ' പിഴച്ചതുകൊണ്ട് വെടിയുണ്ട തീര്‍ന്നുപോയി എന്ന ഒരൊറ്റ കാരണമാണ് അവരുടെ ജീവന്‍ തിരിച്ചു നല്‍കിയത്. “എന്റെ നോട്ടത്തില്‍ അവരാണ് ഈ വീടിന്റെ നെടുംതൂണ്‍" എന്ന് യുലെലിയോ സാക്ഷ്യപ്പെടുത്തുന്നു. നോവലിലെ പ്രസക്തിയുള്ള മറ്റൊരു സ്ത്രീകഥാപാത്രം 'കന്യകാത്വം ഒരു കാര്യമില്ലാത്ത നൊമ്പരമാണ്. അത് പരിഹരിക്കുക ഞാനാണ്...” എന്ന് ഫെലിക്സിന് ഗൃഹപാഠം നല്‍കി ആരംഭിക്കുന്ന ലൂഷിയയാണ്. "ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും അറിഞ്ഞാല്‍ നീയെന്നെ ഒരൊറ്റ വനിതാ ഫ്രീക്- ഷോ എന്ന് വിളിക്കും" എന്ന് തന്റെ ജീവിതാനുഭാവങ്ങളെയും തിരിച്ചരിവുകളെയും വിവരിക്കുന്ന ലൂഷിയ എല്ലുറപ്പുള്ള കഥാപാത്രമാണ്. അച്ഛന്‍ പെഡ്രോ ഗൂവിയ/ ഹോസെ ബുക്മാന് കൈ വിറക്കുമ്പോള്‍ ഉറച്ച കൈയ്യില്‍ തോക്കെടുത്ത് ചെയ്യാനുള്ളത് ചെയ്തു തീര്‍ക്കുന്ന യുവതി.
"ഫെലിക്സ് വെഞ്ചൂറ ഡയറിഎഴുതാന്‍ തുടങ്ങുന്നു" എന്ന അവസാന അദ്ധ്യായം മാത്രമാണ് യുലേലിയ അല്ലാതെ ഫെലിക്സ് നേരിട്ട് ആഖ്യാനം നടത്തുന്നത്. ഒരു കരിന്തേളുമായുള്ള ഏറ്റുമുട്ടലില്‍ ഇരയും വേട്ടക്കാരനും ഒരുമിച്ചു കൊല്ലപ്പെടുക എന്നതായിരുന്നു പല്ലിക്ക് സംഭവിച്ചത്. ഏറെ ഹൃദയഭാരത്തോടെ അതിനെ അടക്കിയതിനെ കുറിച്ച് ഫെലിക്സ് വിവരിക്കുന്നുണ്ട്. ആമസോണ്‍ വനാന്തരങ്ങളിലേക്ക് ഒരു 'വലിയ, അലസനും മേല്ലെപ്പോക്കുകാരനുമായ ബോട്ടില്‍' പോയ ഏഞ്ചലയേ തേടി പുറപ്പാടവുമ്പോള്‍ അയാള്‍ പ്രത്യാശിക്കുന്നു:
"മേഘങ്ങളുടെ പടമെടുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെ കണ്ടെത്തുമ്പോള്‍ നീ, എന്റെ നല്ലവനായ യുലാലിയോ, ശരിയായ തീരുമാനം എടുക്കാന്‍ എന്നെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാനെപ്പോഴും ഒരു പ്രകൃതിയാരാധകന്‍ (animist) ആണ്. ഈയിടെ മാത്രമേ ഞാനത് മനസ്സിലാക്കിയുള്ളൂ എങ്കിലും ഞാനെപ്പോഴും ഒരു പ്രകൃതിയാരാധകന്‍ ആയിരുന്നു.”
ഫിക് ഷനിലൂടെ / ഭാവനയിലൂടെ കഴിഞ്ഞ കാലത്തെ നിര്‍മ്മിക്കുന്നതിലൂടെ വര്‍ത്തമാനത്തെ മോടിപിടിപ്പിക്കുകയും ഭാവിയെ ഉരുവപ്പെടുത്തുകയും ചെയ്യുക എന്ന സങ്കല്‍പ്പനം രചനയുടെ സവിശേഷതയുമായും ബന്ധപ്പെട്ടതാണ്. സ്വപ്നങ്ങളുടെ സാധ്യതകള്‍ എന്ന പ്രമേയവും ഇതോടു ചേര്‍ത്തു കാണാം. ഏഞ്ചല വിവരിക്കുന്നത് പോലെ,:
"ദൈവം നമുക്ക് സ്വപ്‌നങ്ങള്‍ തന്നത് മറുവശത്തിന്റെ ഒരു ഒറ്റനോട്ടം കിട്ടാനാണ് .. നമ്മുടെ പൂര്‍വ്വികരോട് സംസാരിക്കാന്‍. ദൈവത്തോട് സംസാരിക്കാന്‍. ഇതിപ്പോള്‍ സംഭവിച്ചപോലെ, പല്ലികളോടും".
ആഫ്രിക്കന്‍ എഴുത്തുകാര്‍ നേരിടുന്ന ഒരു പ്രതിസന്ധിയെ കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്. അങ്കോളന്‍ ഡയസ്പോറയിലെ എഴുത്തുകാരനുമായി സംവദിക്കവേ, “ഞങ്ങളുടെ ദേശീയ ഭീകരതകള്‍ യൂറോപ്യന്‍ വായനക്കാര്‍ക്ക് വില്‍ക്കുന്ന" ഏര്‍പ്പാടിനെ കുറിച്ച് അയാള്‍ നിരീക്ഷിക്കുന്നു,:
“സമ്പന്നരാജ്യങ്ങളുടെ കാര്യത്തില്‍ എല്ലായിപ്പോഴും ദുരിതങ്ങള്‍ നന്നായി ചിലവാകും .”
ആഫ്രിക്കന്‍ കൃതികളിലെ ക്ലീഷെകളെ കണക്കിന് കളിയാക്കുന്ന ഭാഗങ്ങള്‍ ഇതോടു ചേര്‍ത്തുവെക്കാം. ലൂഷിയയുടെ പുരാവൃത്തം വിവരിക്കുമ്പോള്‍ നോവലിസ്റ്റ് നിരീക്ഷിക്കുന്നു,:
“അവളുടെ അച്ഛന്‍ മദ്യപനായിരുന്നില്ല, കുടിക്കുകയേ ഇല്ലായിരുന്നു, പിന്നെയോ, ഇല്ലേയില്ല, അയാളൊരിക്കലും അവളെ ലൈംഗികമായി പീഡിപ്പിച്ചില്ല .... ഇക്കാലത്ത് നിങ്ങള്‍ക്ക് ഒരു പ്രധാന സ്ത്രീകഥാപാത്രത്തെ മദ്യപനായ അച്ഛന്‍ ബലാല്‍ക്കാരം ചെയ്യാത്ത രീതിയില്‍ നോവല്‍ പോയിട്ട് ഒരു ചെറുകഥപോലും എഴുതാനാവില്ല."
ഇത്തരം പതിവുകള്‍ ഓര്‍ത്തുകൊണ്ട് നോവലിനുള്ളിലെ നോവലിസ്റ്റിനോട് ഫെലിക്സ് ചോദിക്കുന്നുണ്ട്,:
"നിങ്ങള്‍ നിങ്ങളുടെ നോവലുകളില്‍ ബോധപൂര്‍വ്വം നുണ പറയുകയാണോ അതോ അറിവില്ലായ്മ കൊണ്ടോ?”
എഴുത്തുകാരന്‍ അതിനെ പ്രതിരോധിക്കുന്നു,:
“ഞാന്‍ തൊഴില്‍കൊണ്ട് ഒരു നുണയനാണ് .. ഞാന്‍ സന്തോഷത്തോടെ നുണ പറയുന്നു! സാഹിത്യം മാത്രമാണ് ഒരു സത്യസന്ധനായ നുണയന് ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക അംഗീകാരം കിട്ടുന്ന ഒരേയൊരു സാധ്യത.”
എന്നാല്‍, 'ജനസംഖ്യയേക്കാള്‍ കുഴിബോംബുകള്‍ ഉള്ള' അങ്കോള പോലുള്ള ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന അവസ്ഥ ഏറെ സങ്കീര്‍ണ്ണമാണ്. തദ്ദേശീയര്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനുള്ള വിദ്യാഭ്യാസമോ, വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷിയോ ഇല്ലാത്തത് കൊണ്ട് വിദേശികളെ മുന്നില്‍ക്കണ്ട് എഴുതേണ്ടി വരുന്ന അവസ്ഥയുണ്ട്. പുസ്തകങ്ങള്‍ ഫെലിക്സിന്റെ ലോകത്തെ മാത്രമല്ല, അയാളുടെ ജീവിതത്തിനുതന്നെ കളിത്തൊട്ടില്‍ ഒരുക്കിയതാണ്. ഫോസ്റ്റോ ബെനിറ്റോ വെഞ്ച്യൂറാ എന്ന അയാളുടെ വളര്‍ത്തച്ഛന്‍ മുലാറ്റോക്ക് തന്റെ സെക്കന്റ് ഹാന്‍ഡ് പുസ്തകക്കടയിലെത്തിയ പുസ്തക്കെട്ടുകള്‍ക്കിടയില്‍ പോര്‍ച്ചുഗീസ് സാഹിത്യ കുലപതി എസദി കിറോസിന്റെ 'ദി റലിക്കി'ന്‍റെ കോപ്പികള്‍ക്കിടയില്‍ നിന്ന് കണ്ടുകിട്ടിയ "എല്ലും തൊലിയുമായ, ലജ്ജയില്ലാത്ത, തിളങ്ങുന്ന ഉച്ചിരോമങ്ങളുള്ള, തെളിഞ്ഞ വിജയഹാസമുള്ള കൊച്ചുനഗ്ന ജീവി"യായിരുന്നുവല്ലോ അയാള്‍ .
ഓര്‍മ്മ എന്നത് സ്വത്വവും കെട്ടുകഥയും ആയിത്തീരുന്ന, ആപേക്ഷികവും അനിയാമകവും ആയിത്തീരുന്ന ഒരു സങ്കീര്‍ണ്ണതയുടെ ഭാഗമാണ് നോവലില്‍. അഗുവാലൂസയുടെ സര്‍ഗ്ഗചേദനയെ പ്രചോദിപ്പിക്കുന്ന പ്രഭവങ്ങള്‍ അനിമിസ്റ്റിക് ആധ്യാത്മികതയുടെയും സ്വപ്നാനുഭാവങ്ങളുടെയും ആഫ്രിക്കന്‍ പാരമ്പര്യത്തിലെ പ്രേതാരാധനാ സമ്പ്രദായങ്ങളില്‍ മരിച്ചവരോട് സംവദിക്കുന്ന രീതികളുടെയും ചുവടു പിടിച്ച് മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ഫിക് ഷന്റെ വ്യത്യസ്ത ജനുസ്സുകളെ (genres) മുറിച്ചു കടന്ന് മര്‍ഡര്‍ മിസ്റ്ററിയുടെയും ആധ്യാത്മിക ചിന്തയുടെയും പണമെന്ന സര്‍വ്വശക്തനെ ഉപയോഗിച്ച് ചരിത്രവും ഭൂതകാലവും വരെ വിലക്കെടുക്കുന്ന പുതിയകാല വേദാന്തങ്ങളെ കുറിച്ചുള്ള നിശിത പരിഹാസവും നോവലിനെ സാന്ദ്രമാക്കുന്നു. അങ്കോള പോലെ വികസിത ജനാധിപത്യം നിലവിലെത്തിയിട്ടില്ലാത്ത ഒരു രാജ്യത്ത് താരതമ്യേന ചിന്താശക്തിയും ആളുകളിലെക്കെത്താനുള്ള സാധ്യതയും കൂടുതലുള്ള തന്നെപ്പോലുള്ള ഒരു എഴുത്തുകാരന് വിമര്‍ശകന്‍ കൂടിയാവാതെ വയ്യെന്ന് അഗുവാലൂസാ തുറന്നു പറയുന്നുണ്ട്.
