ബ്രിട്ടീഷ് കോളനിയായിരുന്ന റൊഡേഷ്യ സ്വാതന്ത്ര്യപ്രാപ്തിയോടെ (1980) സിംബാബ്‌വേ ആയിത്തീര്‍ന്നു. കൊളോണിയലിസം തരിപ്പണമാക്കിയിരുന്ന രാജ്യത്ത് വര്‍ണ്ണ വെറിയുടെ ഭാരം അനുഭവിക്കേണ്ടിവന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അനുഭവങ്ങളാണ് സിംബാബ്‌വേയന്‍ എഴുത്തുകാരി പെറ്റിന ഗപ്പാ തന്റെ കൃതികള്‍ക്ക് വിഷയമാക്കുന്നത്. റോബര്‍ട്ട് മുഗാബെയുടെ കീഴിലെ സിംബാബ്‌വേയെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ‘ആന്‍ എലിജി ഫോര്‍ ഈസ്റ്റര്‍ലി’ (2009) എന്ന ശ്രദ്ധേയമായ കഥാസമാഹാരവുമായാണ് സാഹിത്യ ലോകത്തേക്ക് അവര്‍ കടന്നു വന്നത്. സറ്റയറിന്റെ സ്പര്‍ശമുള്ള, ഒപ്പം ആര്‍ദ്രമായ ഭാഷയില്‍ രചിക്കപ്പെട്ട കൃതി “സിംബാബ്‌വേയന്‍ സംസ്കാരത്തിന്റെ എല്ലാ അടരുകളെയും സംബന്ധിച്ചുള്ള കഥാസമാഹാരം” എന്ന് വിശേഷിപ്പിക്കപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച അതേ പ്രമേയത്തെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്ന രചനയാണ് അവരുടെ പ്രഥമ നോവല്‍ ‘ദി ബുക്ക് ഓഫ് മെമ്മറി.’
ഗ്രീക്ക് പുരാണത്തിലെ ഓര്‍മ്മയുടെ അതിദേവതയായ നെമോസിനിയുടെ പേരുള്ള മെമ്മറി എന്ന സിംബാബ്‌വേയന്‍ അല്‍ബിനോ യുവതിയുടെ കഥയാണ് നോവല്‍ പറയുന്നത്.
“താങ്കള്‍ എന്നോട് പറയാന്‍ ആവശ്യപ്പെട്ട കഥ ലോയിഡിന്റെ മരണത്തിന്റെ ദയനീയമായ അശ്ലീലതയോടെയല്ല ആരംഭിക്കുന്നത്. അത് ഏറെ മുമ്പുള്ള ഒരു ആഗസ്റ്റിലെ ഒരു ദിനത്തില്‍ ആരംഭിക്കുന്നു – വെയില് എന്റെ ചൂടുകൊണ്ടു വിഷമിച്ച മുഖത്തെ പൊള്ളിച്ചച്ചപ്പോള്‍ അന്നെനിക്ക് ഒമ്പതു വയസ്സായിരുന്നു. എന്റെ അച്ഛനും അമ്മയും ചേര്‍ന്ന് ഒരപരിചിതന് എന്നെ വിറ്റുകളഞ്ഞ അന്ന്.”
നോവല്‍ തുടങ്ങുന്നത് ഈ പ്രശ്നവല്‍ക്കരണത്തോടെയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ നാട്ടില്‍ ആദ്യത്തെ മരണദണ്ഡണ വിധിക്കപ്പെട്ട കുറ്റവാളിയാണ് മെമ്മറി. എങ്ങനെയാണ് മുഫാകൊസേയിലെ ഗ്രാമീണാന്തരീക്ഷത്തില്‍ നിന്ന് ഒരു ഒമ്പതു വയസ്സുകാരി പെണ്‍കുട്ടി ഹരാരെ പട്ടണത്തിലെ സംസ്കാരസമ്പന്നനായ പ്രൊഫസര്‍ ലോയിഡ് ഹെന്‍റിക്സിന്റെ പുസ്തകങ്ങളും പരിചാരകരും നിറഞ്ഞ ‘സമ്മര്‍ മാഡ്നസ്സ്’ എന്ന സമ്പന്ന ഗൃഹത്തില്‍ എത്തിപ്പെട്ടത്, എങ്ങനെയാണ് അവളുടെ വാക്കുകളില്‍ അച്ഛനമ്മമാര്‍ തന്നെ വിറ്റുകളഞ്ഞ വളര്‍ത്തച്ഛന്‍റെ കൊലക്ക് ഉത്തരവാദിയെന്ന നിലയില്‍ ഹരാരെയിലെ അതീവ സുരക്ഷാ ജയിലായ ചികുറൂബിയില്‍ മരണദണ്ഡന വിധിക്കപ്പെട്ടവര്‍ക്കുള്ള ‘കണ്ടംഡ്’ സെല്ലില്‍ എത്തിയത് എന്ന കഥ മുറിഞ്ഞു മുറിഞ്ഞു പോകുന്ന ആഖ്യാനമായി അവള്‍ അമേരിക്കന്‍ ജേണലിസ്റ്റ് ലിണ്ടക്ക് വേണ്ടി എഴുതുന്നു. തന്റെ ശിക്ഷാവിധിയെ മാറ്റി മറിക്കാനാവുമോ എന്ന പ്രതീക്ഷയില്‍ മൂന്ന് ധാരകള്‍ ഇഴകോര്‍ക്കുന്ന ആഖ്യാനമാണ് മെമ്മറി നടത്തുന്നത്: തടവറയിലെ അവളുടെ വര്‍ത്തമാന ജീവിതവും ഇതില്‍ നിന്ന് തികച്ചും വേറിട്ട, ഓര്‍മ്മകളില്‍ തെളിയുന്ന, മുഫാകോസേയിലെ ദരിദ്ര ബാല്യ ജീവിതവും ലോയിഡിന്റെ വീട്ടിലെ ആഡംബര ജീവിതവും ആണ് അവ. അവളുടെ ഓര്‍മ്മകളില്‍ തീക്ഷണമായി നില്‍ക്കുന്നത് രണ്ടു മാതൃബിംബങ്ങളാണ്. ഒന്ന് മാനസിക ചാഞ്ചാട്ടങ്ങളുള്ള തന്റെ സ്വന്തം അമ്മ. തന്റെ ഏറ്റവും നല്ല ഞായറാഴ്ച വസ്ത്രം ധരിച്ച് മകളെ വില്‍ക്കാന്‍ പോയവള്‍. നോവലിന്റെ നിഗൂഡ മര്‍മ്മങ്ങളില്‍ ഒന്നില്‍ മെമ്മറിയുടെ മൂത്ത സഹോദരങ്ങള്‍ അമ്മയുടെ ചിത്തഭ്രമത്തിന്റെയും ദേശ ഗോത്ര സംസ്കൃതിയുടെ കൂടി ഭാഗമായ അന്ധവിശ്വാസങ്ങളുടെയും ബലിയാടുകള്‍ ആവുകയായിരുന്നു എന്ന സൂചനയുണ്ട്. അത്തരം ഭയപ്പാടു തന്നെയാണോ ലോയിഡിനൊപ്പം മകളെ അയക്കാനുള്ള തീരുമാനത്തില്‍ സ്നേഹധനനായ പിതാവിനെ എത്തിച്ചത് എന്ന് വരാം. ഒരുവേള, മനോനില ശിഥിലമല്ലാത്ത തെളിഞ്ഞ ഏതോ മുഹൂര്‍ത്തത്തില്‍ അമ്മതന്നെയും അങ്ങനെ ചിന്തിച്ചിരുന്നിരിക്കാം. കുടുംബത്തോട് തികഞ്ഞ സംരക്ഷണ ഭാവമുള്ള മരപ്പണിക്കാരനായ അച്ഛന്‍, ദുരാത്മാക്കളുടെയും പിടിയില്‍ നില്‍ക്കാത്ത മാനസിക വിക്ഷോഭങ്ങളുടെയും ഇരയായ അമ്മ, ‘ഗിഫ്റ്റ്’, ‘ജോയ്’, ‘മോഭി’യെന്ന ‘മോര്‍ ബ്ലസ്സിംഗ്സ്’ എന്നിങ്ങനെ മനോഹരമായ പേരുകളുള്ള സഹോദരങ്ങള്‍ എന്നിവരടങ്ങുന്ന കുടുംബത്തെ കുറിച്ചുള്ള നോവലിലെ വര്‍ണ്ണനകള്‍ അതീവ ഹൃദ്യവും ഉള്ളുലക്കുന്നതുമാണ്.
സിംബാബ്‌വേയായി മാറുന്ന റൊഡേഷ്യയെന്ന തന്റെ കുട്ടിക്കാലത്തെ മാതൃരാജ്യമാണ് മറ്റൊരു മാതൃബിംബം. അവളുടെ ദുസ്വപ്നങ്ങളില്‍ ഇടയ്ക്കിടെ ആവേശിക്കുന്ന മിത്തിക്കല്‍ ജല സര്‍പ്പത്തെ പോലെ ആഖ്യാനം ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ഇടറി നീങ്ങുന്നു.
“ഞാന്‍.. എന്റെ ജീവിതത്തെ ഒന്നാക്കി നിര്‍ത്തിയ നൂലിഴകള്‍ ഇഴപിരിക്കുകയാണ്, ഈയൊരെണ്ണം എങ്ങനെയാണ് ആ ഒരെണ്ണവുമായി ബന്ധിതമാവുന്നത്, അഥവാ കുറുകെ പോകുന്നത് എന്ന് കാണാന്‍, എങ്ങനെയാണ് അവ ചേര്‍ന്ന് എനിക്കിപ്പോള്‍ കൂടുതല്‍ നല്ല ചിത്രത്തിനായി പിറകോട്ടു മാറിനിന്ന് കാണാവും വിധത്തില്‍ ആ ഊടും പാവും സൃഷ്ടിക്കപ്പെട്ടത് എന്ന് കാണാന്‍.”
ഈ ഇഴതുന്നിയെടുക്കല്‍ ഒട്ടും എളുപ്പമല്ല. മെമ്മറി നടത്തുന്ന സ്വന്തം കഥയുടെ ആവിഷ്കാരം അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും ആധുനികതക്കും പാരമ്പര്യത്തിനുമിടയില്‍ സംഘര്‍ഷത്തിലാവുകയും ചെയ്യുന്ന നാടിന്റെ കഥ കൂടിയായിത്തീരുന്നു. ഓര്‍മ്മയും മറവിയും നഷ്ടങ്ങളും എല്ലാറ്റിലുമുപരി അവയെ തിരിച്ചു പിടിക്കാനുള്ള ഭാഷയുടെ കഴിവും നോവലിന്റെ പ്രമേയങ്ങളാണ്. കത്തിന്റെ രൂപം അവലംബിക്കുന്നത് തന്റെ സമൂഹത്തിന്റെ സംസ്കൃതിയുടെ സൂക്ഷ്മ വശങ്ങള്‍ ലിണ്ടക്ക് വേണ്ടി വിവരിക്കുന്നതിലൂടെ സിംബാബ്‌വേക്കാരല്ലാത്ത വായനക്കാര്‍ക്കും കൂടുതല്‍ അടുപ്പം തോന്നിക്കാന്‍ സഹായിക്കുന്നുണ്ട്. എങ്കിലും ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഷോണ ഭാഷാപ്രയോഗങ്ങള്‍ പോലുള്ള ചില ഘടകങ്ങള്‍ അപ്പോഴും മെരുങ്ങാതെ തോന്നുകയും ചെയ്യാം.
മെമ്മറി യഥാര്‍ഥത്തില്‍ കൊലയാളിയാണോ എന്ന ചോദ്യം ദുരൂഹമായി തുടരുന്നുവെങ്കിലും ദുര്‍മ്മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരുണ്ട കഥകള്‍ നോവലില്‍ എങ്ങും വ്യാപിച്ചുകിടപ്പുണ്ട്. അവയില്‍ പലതും ആഫ്രിക്കന്‍ പാരമ്പര്യങ്ങളില്‍ നിന്നുള്ളവയാണെങ്കില്‍ ‘കിമേറ’ പോലുള്ളവ പാശ്ചാത്യ, ഗ്രീക്ക് പാരമ്പര്യങ്ങളില്‍ നിന്നുള്ളവയാണ്. മെമ്മറിയുടെ സ്വത്വത്തില്‍ തന്നെയുള്ള കറുപ്പും വെളുപ്പുമെന്ന വര്‍ണ്ണ സങ്കരം പോലെ, സിംബാബ്‌വേയന്‍, യൂറോപ്യന്‍സങ്കരം പോലെ, ഷോണ ‘എന്‍ജൂസു’വും ഗ്രീക്ക് കിമേറയും ഇടകലരുന്നത് പോലെ, പെന്റക്കോസ്റ്റല്‍, ഫാരസൈക്ക് തുടങ്ങിയ വ്യത്യസ്ത ക്രിസ്തീയ ക്രമങ്ങളും ജയിലന്തരീക്ഷത്തില്‍ ഇടകലരുന്നുണ്ട്. നോവല്‍ മുന്നോട്ടു പോകവേ അന്ധവിശ്വാസങ്ങളുടെയും വിധിവാദത്തിന്റെയും ദുരൂഹ ലോകങ്ങളിലേക്ക് നാം കൂടുതല്‍ ആഴത്തില്‍ നയിക്കപ്പെടുന്നു. ദുസ്വപ്നങ്ങളില്‍ പ്രതികാര ദാഹിയായ ഒരു ‘എന്‍ജൂസു’ (ആത്മാവ്) മെമ്മറിയെ നിരന്തരം വേട്ടയാടുന്നു. വളര്‍ത്തച്ഛന്‍ ലോയിഡ് പറയുന്നത് പോലെ:
“ജീവിതത്തെ സംബന്ധിച്ച വിധിവിശ്വാസമെന്നാല്‍ നമ്മുടെ വിധിയെന്നത് എല്ലാ മാനുഷിക നിയന്ത്രണത്തിനും അതീതമാണ് എന്നും അതിന്റെ ഫലം എപ്പോഴും നിശ്ചയിക്കുക അമാനുഷിക കര്‍തൃത്വങ്ങളാണ് എന്നും വിശ്വസിക്കലാണ്. ഇത് ഒരേ സമയം ആശ്വാസകാരവും ഭീതി ജനകവുമാണ്.. നമുക്ക് നിയന്ത്രിക്കാനാവാത്ത ഒരു വേലിയേറ്റത്തില്‍ നമ്മെ കൊണ്ടുപോകുയാണ്.”
അസാധാരണമായ ഘടകങ്ങളാണ് നോവലിന്റെ ആരംഭം മുതല്‍ കാണാവുന്നത്. രണ്ടു തരത്തിലുള്ള അപരാനുഭവം മെമ്മറി നേരിടുന്നുണ്ട്. ഒമ്പതു വയസ്സ് വരെ വളര്‍ന്ന, മുഫാകോസെയില്‍ ഒരു അല്‍ബിനോ എന്ന നിലയില്‍ അന്ധവിശ്വാസ ജടിലമായ മുന്‍ വിധികള്‍ക്ക് പാത്രമാണ് അവള്‍. ഒപ്പം, വിളറിയ നിറത്തിന്റെ പ്രത്യേകത കാരണം കറുത്തവരുടെയും വെളുത്തവരുടെയും ഇരു ലോകങ്ങളിലും നീങ്ങുമ്പോഴും ഒരിടത്തും അവള്‍ക്ക് നങ്കൂരമിടാനാവുന്നില്ല.
“ഇരു നിറമുള്ള പാറ്റയുടെ (peppered moth) കഥ എനിക്കിഷ്ടമായിരുന്നു, കാരണം കറുപ്പും വെളുപ്പുമായിരിക്കുന്നതിന്റെ അവസ്ഥ അറിയാവുന്ന ഏക ജീവി അതാണെന്ന് എനിക്ക് തോന്നി. (അതിനെ പോലെ) ഞാനെന്റെ മാറിക്കൊണ്ടിരുന്ന ചുറ്റുപാടുകളിലേക്ക് പാകപ്പെട്ടു.”
ചികുറൂബിയിലാവട്ടെ, അവളുടെ രൂപത്തോടൊപ്പം ആ കാംബ്രിഡ്ജ് വിദ്യാഭ്യാസവും അവളെ ഒറ്റപ്പെടുത്തും. അതീവ സുരക്ഷാ തടവറയെന്ന രൂപകം തൂക്കുകയര്‍ നിഴലില്‍ നിന്നുള്ള കഥപറച്ചിലിനു ഏറ്റവും യോജിച്ച ഇടമാണ്. തടവറയിലെ അന്തേവാസികള്‍ നിത്യേന നേരിടേണ്ടിവരുന്ന ജീവിത പ്രയാസങ്ങളും ക്രൂരമായ ശിക്ഷാമുറകളില്‍ നിന്ന് രക്ഷപ്പെടാനും എകാന്തത്തടവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കാനും നിശ്ശബ്ദം സഹിക്കുന്ന അവമതികളും ഒരു പരിഷ്കൃത സമൂഹത്തിന്റെ നിഴല്‍ വെട്ടമുള്ളതേയല്ല. അഴിമതിക്കാരായ മജിസ്ട്രേറ്റുമാര്‍ “പശുക്കളെ മോഷ്ടിക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളെ ബലാല്‍ക്കാരം ചെയ്യുന്നവരെക്കാള്‍ കടുത്ത ശിക്ഷ വിധിക്കുന്ന” സാഹചര്യം. കാംബ്രിഡ്ജില്‍ നിയമം പഠിച്ച നോവലിസ്റ്റ് തനിക്കു നേരിട്ടറിയാവുന്ന ജീവിത ചിത്രങ്ങള്‍ തന്നെയാണ് ആസ്പദമാക്കുന്നത്. ചികുറൂബിയില്‍ പിടിക്കപ്പെട്ട ലൈംഗികത്തൊഴിലാളികളും ഭ്രൂണഹത്യ ചെയ്തവരും ചതിക്കപ്പെട്ട സ്ത്രീകളും അന്ധവിശ്വാസങ്ങള്‍ കാരണം കൊല നടത്തിയവരും എല്ലാമുണ്ട്. മെമ്മറിയെ സംബന്ധിച്ചേടത്തോളം ഫോറെന്‍സിക്ക് തെളിവുകള്‍ ഒന്നുമില്ലാതെത്തന്നെ തൂക്കുകയര്‍ ഒരുങ്ങിയേക്കാനുള്ള എല്ലാ സാധ്യതയും അവിടെയുണ്ട്. 2014-ല്‍ റോബര്‍ട്ട് മുഗാബെയുടെ കാലത്ത് സംഭവിച്ചത് പോലെ എന്നെങ്കിലും സംഭവിച്ചേക്കാനിടയുള്ള പ്രസിഡണ്ടിന്റെ പൊതുമാപ്പ് പ്രഖ്യാപനം കാത്തിരിക്കുന്ന സ്ത്രീകളും അവിടെയുണ്ട്, വര്‍ഷങ്ങളായി ഒരിക്കല്‍ പോലും കോടതിയിലെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത വിചാരണത്തടവുകാരുണ്ട്. എന്നാല്‍ വിചിത്രമായ ഒരു രീതിയില്‍ മെമ്മറി തടവറ വാസത്തിനു സ്വയം സജ്ജയാണ്. അവള്‍ കറുത്ത വര്‍ഗ്ഗക്കരിയെങ്കിലും അത് തിരിച്ചറിയാനാവാത്ത അല്‍ബിനോയാണ്. സൂര്യപ്രകാശം സഹിക്കാനാവാത്തതിനാല്‍ കൂട്ടുകാര്‍ക്കിടയില്‍ എന്നും പരിഹാസ പാത്രമായവള്‍. ക്ഷിപ്രകോപിയായ അമ്മ ഒരിക്കലും അവളോട് സ്നേഹം കാണിച്ചിട്ടില്ല:
“എന്റേത് ഒരസുഖം ആയിരുന്നില്ല, മറിച്ച് പൂര്‍വ്വികര്‍ അവരെ ശിക്ഷിക്കാനായി അയച്ച ഒരു ശാപമായിരുന്നു.”
മെമ്മറി സൂചിപ്പിക്കുന്ന വ്യത്യസ്ത നൂലിഴകള്‍ ചേര്‍ത്തുള്ള ഊടും പാവുമെന്ന രൂപകം പോലെത്തന്നെ ഒട്ടേറെ ദുരൂഹതകളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്ത വികാസം. എന്തുകൊണ്ടാണ് ബന്ധുക്കളാരും ഒരു ഘട്ടത്തിലും മെമ്മറിയെ തേടി വരാത്തത്, നെമോസിനിയുടെ സ്നേഹമുള്ള പിതാവ് അവളെ ദൂരേക്ക് അയക്കാന്‍ തയ്യാറാവുന്നത് എന്ത് കൊണ്ട്, ലോയിഡ് കൊല്ലപ്പെടുന്നതിന്റെ സാമൂഹിക, രാഷ്ട്രീയ കാരണങ്ങള്‍ എന്തൊക്കെയാവാം, ജയില്‍ ഗാര്‍ഡുകള്‍ സന്ദേഹിക്കും പോലെ മെമ്മറിയും ലോയിഡും തമ്മിലുള്ള ബന്ധം അവിഹിതമാണോ, ദത്തുപുത്രി തന്നെയാണോ അയാളെ കൊന്നത് എന്നിങ്ങനെ ആ ദുരൂഹതകള്‍ നീളുന്നു. മക്കളെ ബലികൊടുക്കുന്ന ചിത്തഭ്രമക്കാരിയുടെ കണ്‍വെട്ടത്തുനിന്ന് മകളെ രക്ഷപ്പെടുത്തുക എന്ന പിതാവിന്റെ നിസ്സഹായതയും കുടിയാന്മാരുമായുള്ള സംഘര്‍ഷത്തില്‍ ഭൂവുടമ കൊല്ലപ്പെടുക എന്ന അത്ര അസാധാരണമല്ലാത്ത വിപര്യയവും സാന്ദര്‍ഭികമായ മണ്ടത്തരം സ്വന്തം കഴുത്തിലെ കുരുക്കായിത്തീരുന്ന വിധിവൈപരീത്യവും ഏറ്റവും ചുരുങ്ങിയ സൂചകങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. നോവലന്ത്യത്തില്‍ ഇഴകള്‍ കൂട്ടിത്തുന്നിയെടുക്കാനുള്ള ശ്രമം അത്ര ഫലപ്രദമായല്ല നടത്തപ്പെട്ടിരിക്കുന്നത് എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വളര്‍ത്തു പിതാവിനോടൊപ്പമുള്ള മെമ്മറിയുടെ ജീവിതത്തെ കുറിച്ചോ റൊഡേഷ്യയിലെ വെളുത്ത വര്‍ഗ്ഗക്കാരുടെ മേധാവിത്തം അടയാളപ്പെടുത്തുന്ന സിംബാബ്‌വേയുടെ ഭൂതകാലത്തെ കുറിച്ചോ ഭാഗ്യാന്വേഷിയായ സെന്‍സോയോടുള്ള അടുപ്പത്തെ കുറിച്ചോ ഉള്ള വിവരണങ്ങള്‍ നോവലില്‍ പ്രമേയഗാത്രത്തില്‍ ലയിച്ചു ചേര്‍ന്നിട്ടില്ല. നെമോസിനിയുടെ കുട്ടിക്കാലവും കുടുംബാനുഭവങ്ങളും ജയിലനുഭവങ്ങളും അവതരിപ്പിക്കുമ്പോഴുള്ള രചനാപരമായ കയ്യടക്കം ഇതര ഭാഗങ്ങളില്‍ പ്രകടമല്ല. മെമ്മറിയുടെ പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തോട് സ്വതേ ഉദാര മനസ്കനായ വളര്‍ത്തു പിതാവ് കൈക്കൊള്ളുന്ന നിലപാടും, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് നോവലിന്റെ അന്ത്യം വരെ മെമ്മറിയുടെ ആഖ്യാനം നിലനിര്‍ത്തുന്ന നിഗൂഡതയും കനം കുറഞ്ഞ കൃതൃമത്വമുള്ളതായി അനുഭവപ്പെടുന്നുണ്ട്. ലോയിഡിന്റെ മരണത്തെ കുറിച്ചും മെമ്മറിയുടെ തന്നെ ‘ഉടമസ്ഥ’ മാറ്റത്തെ കുറിച്ചും നോവലില്‍ തുടരുന്ന ദുരൂഹത ആശ്രയിക്കാനാവാത്ത ആഖ്യാതാവിനെ ഉപയോഗിക്കുക എന്ന പുതിയ രചനാ തന്ത്രത്തിന്റെ ഭാഗമായും കാണാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Hamilton Cain - Star Tribune). “ഓര്‍മ്മയെ സംബന്ധിക്കുന്ന കാര്യം ഇതാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയാന്‍ സ്വാഭാവിക സാധ്യതയില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവാന്‍ ഇടവരുന്നു, അവ സംഗതമാവാന്‍ തുടങ്ങുകയും അതിന്റെ പരസ്പരം ചേര്‍ന്ന് പോകാന്‍ പാകത്തില്‍ നിങ്ങള്‍ ഓര്‍മ്മയെ പുനരാവിഷ്കരിക്കുകയും ചെയ്യുന്നു.” രേഖീയമാല്ലാത്ത ആഖ്യാനം ഓര്‍മ്മയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പതിയെ മെമ്മറിയുടെ ഓര്‍മ്മകളിലൂടെ ചരിത്ര സ്മൃതികളും ബ്രിട്ടീഷ് മേധാവിത്തത്തില്‍ അടിഞ്ഞുപോയ ഗോത്ര, സാംസ്കാരിക, ഭാഷാ വൈവിധ്യങ്ങളും എമ്പതുകളിലെ സംഘര്‍ഷ ബാധിതമായ സിംബാബ് വേയെ പുനര്‍ സൃഷ്ടിച്ചു തുടങ്ങുന്നു. റോഡേഷ്യ എന്ന് മാത്രം നാടിനെ വിളിക്കുന്ന സിംബാബ്‌വേ എന്ന പുതിയ ദേശപ്പേര് കേട്ടിട്ടേയില്ലാത്ത ഏറ്റവും പഴയ അന്തേവാസി മുതല്‍ നാടിന്റെ പ്രഥമ ഭാഷകളായ ഇംഗ്ലീഷോ ഷോണാ ഭാഷയോ അറിയാത്ത ഏറ്റവും പുതിയ അന്തേവാസി വരെയുള്ള ചികുറൂബിയിലെ തടവുകാര്‍ കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ ദേശചരിത്രത്തിന്റെ തന്നെ പ്രതീകങ്ങളാണ്. നോവലില്‍ ബോധപൂര്‍വ്വമായിത്തന്നെ സമ്മിശ്രമായി കടന്നു വരുന്ന ഷോണ പ്രയോഗങ്ങള്‍ ഈ രണ്ടു ചാലകങ്ങളുടെ ബലതന്ത്രത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഒരര്‍ഥത്തില്‍ ഒരു ‘മര്‍ഡര്‍ മിസ്റ്ററി’യുടെ പരിചിത സമവാക്യത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന സിംബാബ്‌വേയെ തന്നെയാണ് ഗപ്പാ അവതരിപ്പിക്കുന്നത്. അച്ഛനമ്മമാര്‍ക്കും ലോയിഡിനും ഇടയില്‍ നടന്നുവെന്ന് മെമ്മറി വിശ്വസിക്കുന്ന വിനിമയം തന്നെയും മറ്റൊരു രേഖയും തെളിവും ഇല്ലാത്തതാണ് എന്നത് നോവലിന്റെ ഹൃദയത്തിലെ നിഗൂഡതയാണ്. ഓര്‍മ്മകളുടെ നിശ്ചിതത്വമില്ലായ്മ മെമ്മറിയെ വേദനിപ്പിക്കുന്ന ഘട്ടങ്ങളും വേറെയുണ്ട്. കുട്ടിക്കാലത്തിന്റെ ഗന്ധങ്ങളും രുചികളും വര്‍ണ്ണങ്ങളുമൊക്കെ ദീപ്തമായും ചിലപ്പോള്‍ മടുപ്പോടെയും ഓര്‍ത്തെടുക്കാനാവുന്ന അവള്‍ക്ക് മരിച്ചു പോയ സഹോദരിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയാത്തത് അതിലൊന്നാണ്.
(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – രണ്ട്
ലോഗോസ് ബുക്സ്, പേജ്: 117-125)
