The Corpse Washer by Sinan Antoon

മൃതിയുടെ ബാഗ്ദാദ് ചിത്രങ്ങള്‍

2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ കൊലപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയില്‍ സൗകര്യം പോലെ ക്ലിപ്തപ്പെടുത്തുന്നവരുണ്ട്. മാനദണ്ഡങ്ങള്‍ പലതാണ് അവര്‍ക്ക്. പുതു തലമുറ സ്ഫോടകായുധങ്ങള്‍ കൊണ്ടും (I ED – Improved Explosive Device), തൂക്കിലേറ്റലും സ്വാഭാവിക സംഘര്‍ഷഫലമായും സംഭവിക്കുന്ന മരണങ്ങള്‍ക്ക് കണക്കുകളുണ്ടാവാം. എന്നാല്‍ കാണാതായവരുടെ കണക്കോ? തൊട്ടരികില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ ഹൃദയം നിലച്ചു മരിച്ചു പോകുന്ന വയോധികരോ? സൈനിക നടപടികളുടെ ബാക്കിപത്രമായ അണുവികിരണത്തെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതരാവുന്ന സിവിലിയന്‍ മരണങ്ങളോ? തകര്‍ന്നുപോയ ആരോഗ്യമേഖലയുടെ ഫലമായി സംഭവിക്കുന്ന നരകിച്ചുള്ള മരണങ്ങളോ? ഈ മരണങ്ങളെല്ലാം യുദ്ധത്തിന്റെ സൃഷ്ടിയായി എണ്ണപ്പെട്ടാലും ഇല്ലെങ്കിലും അവക്കൊക്കെയും അടക്കം ആവശ്യമുണ്ട്. അവരൊക്കെയും ഒടുവിലത്തെ വിശദമായ ശുദ്ധീകരണവും കഫന്‍ ചെയ്യലും കാത്തു മയ്യിത്തു കുളിപ്പിക്കലെന്ന പരമ്പരാഗത തൊഴില്‍ ചെയ്യുന്നയാളുടെ മാര്‍ബിള്‍ ബെഞ്ചില്‍ എത്തുകതന്നെ ചെയ്യും/ ചെയ്യേണ്ടതുണ്ട്. അവരെ കുളിപ്പിക്കുന്നതിന്റെ മൃതിജലം കുടിച്ച് കുളിപ്പുരക്ക് പിന്നില്‍ ചുളുങ്ങി വിരൂപമായി ഒരൊറ്റ മാതള നാരകം വളരുന്നുണ്ട്‌; കൂടെയുണ്ടായിരുന്ന മറ്റെല്ലാവരും കാലാകാലങ്ങളിലായി മരണത്തിലേക്കോ പാലായനത്തിലേക്കോ പ്രവാസത്തിലേക്കോ അജ്ഞാത വിധിയിലേക്കോ പടിയിറങ്ങിപ്പോയിക്കഴിഞ്ഞ ശേഷം ഏകാന്തവും ശൂന്യതയും അസ്തിത്വക്ഷീണവും അനുഭവപ്പെടുന്നതുമായ കഥാനായകന്റെ ജീവിതം പോലെ. സിനാന്‍ അന്തൂനിന്റെ ജവാദ് കാസിമും അയാളുടെ ജീവിതവും ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

തരിപ്പണമായിക്കഴിഞ്ഞ സമകാലിക ഇറാഖില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള പുതുതലമുറ എഴുത്തുകാരില്‍ ഏറെ പ്രഗത്ഭനാണ്‌ 1967-ല്‍ ബാഗ്ദാദില്‍ ജനിച്ച സിനാന്‍ അന്തൂന്‍ . 1991-ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇറാഖ് വിട്ട അന്തൂന്‍ ന്യൂ യോര്‍ക്കില്‍ അധ്യാപകനാണിപ്പോള്‍. കവിയും വിവര്‍ത്തകനും നോവലിസ്റ്റുമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അന്തൂനിന്റെ കൃതികള്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയും വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2010 -ല്‍ 'വഹ്ദ ശജരത് അല്‍ റുമാന്‍ '(ഒരൊറ്റ മാതള നാരകം) എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ രണ്ടാമത് നോവല്‍ നോവലിസ്റ്റ് തന്നെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണ് 'ദി കോര്‍പ്സ് വാഷര്‍ '.

'മുതിര്‍ന്നു വരവിന്റെ കഥ'

ബാഗ്ദാദിലെ ഷിയാ കുടുംബാംഗമായ ജവാദിന്റെ കൌമാരം തൊട്ടുള്ള മുതിര്‍ന്നുവരവിന്റെ കഥ ഇറാഖിന്റെ സമകാലിക ദുര്‍വ്വിധികളുടെ പശ്ചാത്തലത്തില്‍ നോവല്‍ ആവിഷ്കരിക്കുന്നു. പരമ്പരാഗതമായി മയ്യിത്ത് കുളിപ്പിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ട കുടുംബത്തില്‍ സദ്ദാമിന്റെ പതനവും അമേരിക്കന്‍ അധിനിവേശം നാട്ടില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ജവാദിന്റെ, ഒപ്പം ദേശത്തിന്റെ തന്നെയും, ജീവിതത്തെ ഉഴുതുമറിക്കുന്നു. സമാധാനത്തിന്റെ ഭൂതകാലം ജവാദ് ഓര്‍മ്മിക്കുന്നുണ്ട്,

അന്നൊക്കെ മരണം ശങ്കാകുലനും ഏറെ അവധാനതയുള്ളവനും ആയിരുന്നു.”

എന്നാല്‍ പുതിയ കാലത്ത് മരണത്തിനു നിയന്ത്രണം നഷ്ടപ്പെടുന്നു. മൃദദേഹങ്ങള്‍ കുമിഞ്ഞു കൂടുന്നു. മുമ്പ് അങ്ങേയറ്റം ശ്രദ്ധയോടെ ആചാര മുറകള്‍ അനുസരിച്ച് അനുഷ്ടിച്ചിരുന്ന മയ്യിത്തു കുളിപ്പിക്കല്‍ കര്‍മ്മം ഇപ്പോള്‍ തിടുക്കത്തില്‍ ചെയ്തു തീര്‍ക്കേണ്ട വിശ്രമരഹിതമായ ഒന്നായി മാറുന്നു. ജവാദും ജ്യേഷ്ഠനും തൊഴിലിലേക്ക് പിതാവിന്റെ ശിക്ഷണത്തില്‍ എത്തിച്ചേരുന്നുണ്ടെങ്കിലും മിടുക്കനായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ജ്യേഷ്ഠന്‍ നിര്‍ബന്ധിത സൈനിക സേവനത്തിനിടെ ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നതോടെ ജവാദ് പിതാവിന് സ്വാഭാവിക പിന്‍ഗാമിയായി തീരേണ്ട സാഹചര്യമാണ്. എന്നാല്‍ കുട്ടിക്കാലത്ത് പിതാവിന്റെ തൊഴിലിനെ കൌതുകപൂര്‍വ്വം പഠിച്ചിരുന്ന ജവാദിനു പിന്നീട് അതില്‍ അപകര്‍ഷം അനുഭവപ്പെടുന്നു. പിതാവിന്റെ തൊഴില്‍ പറയേണ്ടിടത്തോക്കെ 'കടയുടമ' എന്ന് അവന്‍ മാറ്റിപ്പറയുമായിരുന്നു. ചിത്രരചനയിലാണ് തനിക്കു വാസനയുള്ളത് എന്ന് കണ്ടെത്തുന്ന ജവാദ് ഫൈന്‍ ആര്‍ട്സ് പഠനം തെരഞ്ഞെടുക്കുന്നു. ഈ അര്‍ത്ഥത്തില്‍ നോവല്‍ 'കലാകാരനായി വളരുന്നതിന്റെ' ആവിഷ്കാരം കൂടിയാണ് (Künstlerroman or Artist Novel). എന്നാല്‍ പിതാവിന്റെ മരണവും നാടിന്റെ സവിശേഷ സാഹചര്യവും ജവാദിനെ കുലത്തൊഴിലിലേക്ക് തന്നെ അയാളെ എത്തിക്കുന്നു.

അസ്തിത്വ പ്രതിസന്ധിയും പ്രണയനഷ്ടങ്ങളും

ബഹുമാനവും ഭവ്യതയും നേടിത്തരുമായിരുന്ന തൊഴില്‍ എന്നതില്‍ നിന്ന് ബീഭത്സാനുഭവങ്ങളിലൂടെ ഏറെ യാന്ത്രികമായിത്തീര്‍ന്ന ഒന്നായി അത് മാറുന്ന ചിത്രങ്ങള്‍ നോവലിലുണ്ട്. തട്ടിക്കൊണ്ടു പോകപ്പെട്ട മകന്റെ ഉടലില്ലാത്ത തല മാത്രം ആചാര പൂര്‍വ്വം മറവു ചെയ്യാനായി കുളിപ്പുരയില്‍ എത്തിക്കുന്ന പിതാവിന്റെ അവസ്ഥ അതിന്റെ പ്രതീകമാണ് - ഉടല്‍ മതിയായ മോചന ദ്രവ്യം നല്‍കാനാവാത്തതിന്റെ പ്രതികാരമായി ഭീകരര്‍ വിട്ടുകൊടുക്കാതിരുന്നതാണ്. ഏകാധിപതിയുടെ കാലത്ത് മനുഷ്യ ജീവന്റെ വില ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തിയിരുന്നത് കൊണ്ട് ഇനിയങ്ങോട്ട് അത് ഉയരുകയേ ഉള്ളൂ എന്ന് വിശ്വസിച്ചവര്‍ക്ക്‌ അധിനിവേശം ബോധ്യപ്പെടുത്തിയത് മറ്റൊന്നായിരുന്നു. "ഈ വിമോചകര്‍ക്ക് നമ്മെ ഇനിയും അപമാനിക്കണം". ജവാദിന്റെ കമ്യൂണിസ്റ്റുകാരനായ സബറി അമ്മാവന്‍ അമേരിക്കന്‍ സൈനികരെ കാര്യക്ഷമതയില്ലാത്ത വിവരം കേട്ട വര്‍ണ്ണവെറിക്കാരായ കൊലയാളികളായി വിവരിക്കുന്നു. യുദ്ധാനന്തര ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ച് ജവാദ് നിരീക്ഷിക്കുന്നു:

അമേരിക്കന്‍ റഫറി വേണ്ടത്ര കൊന്നു കഴിഞ്ഞിരുന്നു, കൂടുതല്‍ അക്രമകാരികളായ പ്രാദേശിക കളിക്കാരെ അത് തുടരാന്‍ അനുവദിച്ചതുകൊണ്ട് ഇപ്പോള്‍ അങ്ങിങ്ങായി കൊലകള്‍ നടന്നു.”

പേ പിടിച്ച സംഘങ്ങളും കൊലയാളിക്കൂട്ടങ്ങളും അവസാനമില്ലാത്ത അനുസ്യൂതിയായി മരണത്തെ കൊണ്ടാടി.

മരണത്തിന്റെ മാലാഖ ഒരു സ്ഥാനക്കയറ്റം നേടി ഒരുപക്ഷെ ദൈവമാകാന്‍ വേണ്ടി അധിക സമയം പണിയെടുക്കുകയായിരുന്നു.”

ജവാദ് തന്നില്‍ സംഭവിച്ചു വന്ന മാറ്റം വിലയിരുത്തുന്നു:

എല്ലാവരെയും ഒരു പോലെ വെറുക്കുന്ന ഒരു ഘട്ടത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിരുന്നു, ഷിയാകളെയും, സുന്നികളെയും. വാക്കുകളെല്ലാം എന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു - ഷിയാ, സുന്നി, ക്രിസ്ത്യന്‍, ജൂതന്‍, മാന്‍ഡിയന്‍, യസീദി, കാഫിര്‍ . അവയെയെല്ലാം എനിക്ക് മായ്ച്ചു കളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അഥവാ, ഭാഷക്കകത്ത് തന്നെ കുഴിബോംബുകള്‍ സ്ഥാപിച്ച് അവയെ സ്ഫോടനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ !. പക്ഷെ ഇതാ ഞാനും, ബോബിംഗിന്റെയും കുരുതിയുടെയും അതേ ഭാഷയിലേക്ക് വഴുതി വീഴുന്നു.”

സദ്ദാമിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് ബന്ധം കാരണം നാടുവിടേണ്ടി വന്ന അമ്മാവന്‍ തിരിച്ചു വരുമ്പോള്‍ നടത്തുന്ന നിരീക്ഷണവും ഇത് തന്നെയാണ്. നാടിന്റെ അവസ്ഥ, വിശേഷിച്ചും ആഭ്യന്തരമായ വിഘടനം, അയാളില്‍ ഞെട്ടലുണ്ടാക്കുന്നു.

ഇവിടം ഏറ്റവും സുന്ദരമായ അയല്‍പ്പക്കമായിരുന്നില്ലേ? ഇപ്പോള്‍ നോക്കൂ. ചവറു മുഴുവന്‍, പൊടി, മുള്ളുവേലികള്‍, ടാങ്കുകള്‍. തെരുവുകളിലൂടെ ഒരൊറ്റ സ്ത്രീ പോലും നടക്കുന്നില്ല! ഇത് ഞാന്‍ സങ്കല്പീചിരുന്ന ബാഗ്ദാദേയല്ല. ആളുകളുടെ കാര്യത്തില്‍ മാത്രമല്ല. പാവം ഈന്തപ്പനകള്‍ പോലും തളര്‍ന്നു പോയിരിക്കുന്നു, ആരും അവ ശ്രദ്ധിക്കുന്നുമില്ല. എന്നെ വിശ്വസിക്കൂ, അമേരിക്കക്കാര്‍ അവരുടെ അജ്ഞതയും വര്‍ണ്ണ വെറിയും കാരണം ആളുകളെ കൊണ്ട് സദ്ദാം കാലത്തെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും.”

സഹിഷ്ണുതക്കും വിജ്ഞാനത്തിനും കേളികേട്ടിരുന്ന ബാഗ്ദാദ് അസഹിഷ്ണുതയുടെയും വൈര നിര്യാതനത്തിന്റെയും ഇരുണ്ട ലോകമായി മാറിയെന്നതായിരുന്നു 'ഡെസര്‍ട്ട് സ്റ്റോം' ആ മഹാ നഗരത്തോട് ചെയ്തത്.

ജവാദിന്റെ ജീവിതത്തില്‍ രണ്ടു പെണ്‍ കുട്ടികള്‍ സജീവ സാന്നിധ്യം ആകുന്നുണ്ട്. വിദ്യാര്‍ഥി ജീവിതകാലത്ത് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന റീം ആണ് ആദ്യത്തേത്. പ്രണയത്തിന്റെയും സമര്‍പ്പണത്തിന്റെ ഇടവേള കഴിഞ്ഞ്, കലുഷമാകുന്ന ദേശീയ സാഹചര്യത്തില്‍ അവള്‍ കുടുംബത്തോടൊപ്പം അഭയം തേടി യാത്രയാവുന്നു. ഒന്നും മിണ്ടാതെ അവള്‍ വിട്ടുപോകുന്നത് അയാളെ വേദനിപ്പിക്കുന്നുണ്ടെങ്കിലും സ്തനാര്‍ബ്ബുദം കീഴടക്കിയ ദുര്‍വ്വിധിയായിരുന്നു അവളെ അതിനു പ്രേരിപ്പിച്ചതെന്ന് വൈകിയാണ് അയാള്‍ അറിയുക. അയാള്‍ പ്രണയപൂര്‍വ്വം, കവിതാപൂര്‍വ്വം തലോടുമായിരുന്ന മാറിടം മുറിച്ചു നീക്കപ്പെട്ടത്‌ അയാള്‍ കാണരുതെന്ന് അവള്‍ തീരുമാനിക്കുകയായിരുന്നു. നിരന്തരം സാക്ഷിയാവുന്ന ജീവിതാവസ്ഥകളുടെ പ്രതികരണം മരവിപ്പും വൈകാരിക വന്ധ്യതയുമായി ജവാദിനെ പിടിമുറുക്കി തുടങ്ങുന്ന ഘട്ടത്തിലാണ് കസിന്‍ ഗയ് ധ അയാളുടെ വീട്ടില്‍ താമസത്തിനെത്തുന്നതും സ്വാഭാവികമായ പരിണതിയായി അവരുടെ അടുപ്പം സംഭവിക്കുന്നതും. ഉറക്കമില്ലായ്മയുടെയും പേടിസ്വപ്നങ്ങളുടെയും രാവുകളില്‍ പെണ്‍കൊടി അയാളില്‍ അഭയം കണ്ടെത്തുകയായിരുന്നു. ഒരു വാക്കുകൊണ്ട് പോലും അവളുടെ വിട്ടുപോക്ക് തടയാനാവാത്ത, കാമുവിന്റെ മെര്‍സോളിനെ ഓര്‍മ്മിപ്പിക്കുന്ന അയാളുടെ മരവിപ്പ് അവളെയും നിസ്സഹായയാക്കും.

എന്റെ ഹൃദയത്തില്‍ ഒരു ദ്വാരമുണ്ടായിരുന്നു. അതിലൂടെ ആളുകള്‍ക്ക് കടന്നു പോകാം, പക്ഷെ അവിടെ തങ്ങി നില്‍ക്കാനാവില്ല.”

ആ അര്‍ത്ഥത്തില്‍ ജവാദിനു ചുറ്റും സംഭവിക്കുന്ന മരണങ്ങളില്‍ മാത്രമല്ല അയാളുടെ നഷ്ടങ്ങളിലും അധിനിവേശത്തിന്റെ കൈ വ്യക്തമാണ്. ഗയ് ധയുടെ ചോദ്യം മറുപടിയില്ലാതെ അവശേഷിക്കും.

എന്തേ നീയെന്നെ വിട്ടുകളഞ്ഞത്?”.

മൃതി, നിദ്രാഭംഗം, പേക്കിനാക്കള്‍

ഉറക്കമില്ലായ്മയും മനസ്സിന്റെ പിടിവിട്ടുപോകുകയോ മരവിച്ചു പോവുകയോ ചെയ്യുന്ന അവസ്ഥയും നോവലിലെ കേന്ദ്ര പ്രമേയങ്ങള്‍ തന്നെയാണ്. സദ്ദാമിന്റെ കുവൈത്ത് ആക്രമണ കാലത്ത് എണ്ണപ്പാടം തീയിടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന അന്തരീക്ഷം നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്.

ആഴ്ചകള്‍ നീണ്ട ബോംബിംഗിനു ശേഷം ഒരു പ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ ആകാശം കറുത്തിരുണ്ടിരുന്നു. കുവൈത്തിലെ കത്തിയെരിയുന്ന എണ്ണക്കിണറുകളില്‍ നിന്നുള്ള കറുത്ത പുക ആകാശം അന്ധകാരമയമാക്കി. പിന്നീട് കറുത്ത മഴ പെയ്തു. വരാനിരിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് തരും പോലെ എല്ലാത്തിനെയും കരിയില്‍ മുക്കി.”

ഉറക്കത്തെ അകറ്റി നിര്‍ത്തേണ്ട ഒന്നായി കാണുന്ന സാഹചര്യത്തെ കുറിച്ച് "പ്രതിമകള്‍ പോലും ഉണരുമ്പോള്‍ നാശങ്ങള്‍ കാണേണ്ടി വരുമോ എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന" ഇടത്തില്‍ തടവിലായ പോലെ അനുഭവപ്പെടുന്നതായി ജവാദ് പറയുന്നു. തന്റെ തൊഴില്‍ പോലും മരണത്തെ സേവിക്കലാണെന്നും എന്നിട്ടും അതിനു തൃപ്തി വരുന്നില്ലെന്നും അയാള്‍ വേവലാതി കൊള്ളുന്നു.

ഉണര്‍ന്നിരിക്കുന്ന നേരങ്ങളില്‍ എന്നില്‍ നിന്ന് എടുക്കുന്നതുകൊണ്ട് മരണം തൃപ്തനായിരുന്നില്ല; എന്റെ ഉറക്കത്തില്‍ പോലും എന്നെ വേട്ടയാടണം എന്ന വാശിയാണ് അതിന്. പകല്‍ മുഴുവന്‍ ഞാന്‍ അതിന്റെ അവസാനമില്ലാത്ത അതിഥികളെ സല്ക്കരിക്കുന്നതും അതിന്റെ മടിയിലുറങ്ങാന്‍ അവരെ ഒരുക്കുന്നതും പോരേ അതിന്? എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്റെ ചപല ചിന്തകളെ കളിയാക്കിയേനെ! ഇതൊക്കെ കുട്ടിത്തമാണ് എന്നും ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം അവഗണിച്ചേനെ. മരണത്തോട് ഒരിക്കല്‍പോലും പരാതി പറയാതെ ഒരു ജീവിതകാലം മുഴുവന്‍ , നിത്യവും, അതിന്റെ മധ്യത്തില്‍ അദ്ദേഹം ജീവിതം കഴിച്ചില്ലേ? പക്ഷെ അന്നൊക്കെ മരണം ശങ്കാലുവും ഇന്നത്തെക്കാള്‍ അവധാനത ഉള്ളവനും ആയിരുന്നു.”

ഭീകരാനുഭവങ്ങള്‍ ഇത്തരം സ്വപ്ന/ ഭ്രമകല്‍പ്പനാ രൂപങ്ങളില്‍ ഒട്ടേറെയുണ്ട് നോവലില്‍. നോവല്‍ തുടങ്ങുന്നതുതന്നെ കുളിപ്പുരയുടെ മാര്‍ബിള്‍ ബെഞ്ചില്‍ കിടക്കുന്ന പഴയ കാമുകിയുടെ ഉടലിന്‍റെ പ്രത്യക്ഷത്തിലാണ്. “എന്നെ കുളിപ്പിക്കൂ, അപ്പോള്‍ നമുക്ക് ഒന്നാവാം.” മഴപെയ്യാന്‍ തുടങ്ങവേ അയാള്‍ അവളെ തഴുകുന്നു. ശവരതിയുടെ മാനങ്ങളുള്ള ഈ മാദക സങ്കല്പം മുഖം മൂടിയിട്ട കൊലയാളികളുടെ ആക്രമണത്തില്‍ സ്വന്തം ശിരസ്സ്‌ നഷ്ടപ്പെട്ട ആഖ്യാതാവിന്റെ വിഭ്രാന്തിയിലേക്ക് ഞെട്ടിയുണരുന്നു. കാലവും ഇടവും അമൂര്‍ത്തമായ ഈയവസ്ഥ നോവലിന് അനുയോജ്യമായ കാഫ് കെയസ്ക് - ബെക്കറ്റിയന്‍ ദുസ്വപ്നാനുഭവ (nightmarish), ഡിസ്റ്റോപ്പിയന്‍ അന്തരീക്ഷം സൃഷ്ടിക്കുന്നു. മറ്റൊരിക്കല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ സുഹൃത്തിന്റെ തല്‍ സ്വരൂപമായ ഒരു ജഡം അയാളുടെ ബെഞ്ചിലെത്തുന്നു.

പക്ഷെ ഞാന്‍ സ്വയം പറഞ്ഞു, മുമ്പൊരിക്കല്‍ എന്റെ സ്വന്തം കൈകളില്‍ കിടന്നു അയാള്‍ മരിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്.”

ഇനിയുമൊരിക്കല്‍ സ്വപ്നത്തില്‍ നീണ്ട, വെള്ളത്താടിയുള്ള ഒരു സാമീപ്യമായി മരണം അയാളുടെ അരികിലെത്തുന്നു.

ജവാദ്, ഉണരൂ! പേരുകളെല്ലാം എഴുതിവെക്കൂ! അയാള്‍ക്കെന്റെ പേരറിയാം എന്നത് ഏറെ വിചിത്രമായിത്തോന്നി. ഞാന്‍ അയാളുടെ കണ്ണുകളില്‍ നോക്കുന്നു. അവ അസാധാരണമാം വിധം ആകാശ നീലിമയുള്ളതാണ്. കണ്‍തടത്തില്‍ ആഴത്തില്‍ നിലയുറപ്പിച്ചവയും. അയാളുടെ മുഖം ചുളിവുകളും വരകളും വീണതാണ്, അയാള്‍ക്ക് നൂറുകണക്കിന് വയസ്സു പ്രായമുണ്ട് എന്നത് പോലെ. ഞാനയാളോട് വികാര ശൂന്യനായി ചോദിക്കുന്നു: ആരാ നിങ്ങള്‍ ? ഏതു പേരുകള്‍ ? അയാള്‍ പുഞ്ചിരിക്കുന്നു: നിനക്കെന്നെ മനസ്സിലായില്ലേ? ഒരു പേനയും പേപ്പറും എടുത്ത് പേരുകള്‍ എല്ലാമെഴുതൂ! ഒരൊറ്റ പേരും വിട്ടു കളയരുത്. ഇതൊക്കെ ഞാന്‍ നാളെ നുള്ളിയെടുക്കാന്‍ പോകുന്ന ആത്മാക്കളുടെ ഉടമകളുടെ പേരുകളാണ്. അവരുടെയൊക്കെ ഉടലുകള്‍ നാളെ നിനക്ക് ശുദ്ധീകരിക്കാനായി ഞാന്‍ തരും.”

ജവാദിന്റെ ലോകത്ത് സുനിശ്ചിതത്വമുള്ള ഒരേയൊരു കാര്യം മരണമാണ്.

ജീവിച്ചിരിക്കുന്നവര്‍ മരിക്കുകയോ വിട്ടു പോവുകയോ ചെയ്യുന്നു, എന്നാല്‍ മരിച്ചവര്‍ എല്ലായിപ്പോഴും വരുന്നു.”

അയാള്‍ ചിന്തിക്കുന്നു:

ഞാന്‍ കരുതിയിരുന്നു ജീവിതവും മരണവും കൃത്യമായ അതിരുകളുള്ള രണ്ടു വ്യത്യസ്ത ലോകങ്ങളാണെന്ന്. പക്ഷെ ഇപ്പോള്‍ എനിക്കറിയാം അവ പരസ്പര ബന്ധിതമാണ്, ഒന്ന് മറ്റൊന്നിനെ കൊത്തിവെക്കുന്നു.”

മരണം ഒരു പോസ്റ്റ്‌മാന്‍ ആണെങ്കില്‍ താനാണ് ഇപ്പോഴും കത്തുകള്‍ സ്വീകരിക്കുന്നത് എന്ന് നോവലില്‍ ഒരിടത്ത് ജവാദ് നിരീക്ഷിക്കുന്നുണ്ട്.

ഞാനാണ് ശ്രദ്ധയോടെ കീറിയതും രക്തം പുരണ്ടതുമായ കവറുകള്‍ തുറക്കുന്നത്. ഞാനൊരാളാണ് അവയെ കഴുകുന്നതും മരണത്തിന്റെ മുദ്രകള്‍ നീക്കം ചെയ്യുന്നതും അവയെ തോര്‍ത്തിയെടുത്തു സുഗന്ധം പൂശുന്നതും ഞാന്‍ ശരിക്കും വിശ്വസിക്കുന്നില്ലാത്ത മന്ത്രങ്ങള്‍ ഉരുവിടുന്നതും. പിന്നെ ഞാനവയെ ശ്രദ്ധയോടെ തൂവെള്ള പൊതിയുന്നു, അങ്ങനെ അവ അവസാന വായനക്കാരനില്‍ , അഥവാ കുഴിമാടത്തില്‍ , എത്തുന്നു.”

മരണമെന്നത്‌ തന്റെ മുന്നിലെത്തുന്ന കീറിപ്പറിഞ്ഞ ജടങ്ങളുടെ രൂപത്തില്‍ നോവലില്‍ ഏറെയുണ്ടെങ്കിലും അവ സംഭവിക്കുന്ന രംഗങ്ങളുടെ സ്ഥൂല വര്‍ണ്ണനകള്‍ നോവലില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ ഏറ്റവും മിതത്വത്തോടെ മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. പിതാവിന്റെ ജഡം ജവാദും ഹമ്മൂദിയും ചേര്‍ന്ന് കൊണ്ട് പോകുന്ന രംഗം ഈ കയ്യടക്കത്തിനു മികച്ച മാതൃകയാണ്. അത്തരമൊരു കര്‍മ്മത്തിനു ഒട്ടും ചേര്‍ന്നതല്ല സാഹചര്യം.

"ചലിക്കുന്ന എന്തിനെയും വെടിവെച്ചു വീഴ്ത്താന്‍ തയ്യാറായി ബോംബറുകളും ഫൈറ്റര്‍ ജെറ്റുകളും മുകിളില്‍ വട്ടമിടുമ്പോള്‍ ഒരു ഭ്രാന്തന്‍ മാത്രമേഒരു കാറിനകത്തേക്ക് കടക്കൂ.”

ചെക്ക് പോയിന്റിലെ അമേരിക്കന്‍ സൈനികരില്‍ നിന്നുണ്ടാവുന്ന അനുഭവം ഒരു നിമിഷം അവരെ മരണത്തോട് മുഖാമുഖം നിര്‍ത്തുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വയലന്‍സ് നോവലിസ്റ്റ് ബോധപൂര്‍വ്വം മാറ്റിവെക്കുകയാണ്. മറിച്ചു അവലക്ഷണം പിടിച്ച ഒരിത്തിരി ഹാസ്യമാണ് നോവലിസ്റ്റ് പ്രയോഗിക്കുന്നത്:

നന്നായറിയാവുന്ന ഒരു സന്ദര്‍ശകനെ സ്വീകരിച്ചിരുത്തി അയാളുടെ താമസം സുഖകരമാക്കാന്‍ ശ്രമിക്കുന്ന പോലെ ഞങ്ങള്‍ യുദ്ധത്തിനു തയ്യാറായി.”

സമീപനങ്ങള്‍ , സമാനതകള്‍

വിവര്‍ത്തനം ചെയ്തപ്പോള്‍ തലക്കെട്ടില്‍ വരുത്തിയ മാറ്റം പ്രസക്തമാണ്. അറബ് മൂലത്തില്‍ ജവാദിന്റെ ഒറ്റപ്പെടല്‍ കേന്ദ്ര സങ്കല്പ്പമായപ്പോള്‍ ആഗോള വായനക്കാരെ ലക്ഷ്യം വെക്കുന്ന ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ അയാളുടെ തൊഴിലുമായി ബന്ധിപ്പിച്ച് ഊന്നല്‍ നല്‍കിയത് വൈയക്തിക അസ്തിത്വ പ്രതിസന്ധിക്കപ്പുറം സാമൂഹികാവസ്ഥയുടെ അന്താരാഷ്‌ട്ര മാനങ്ങളിലേക്ക് ഊന്നല്‍ നല്‍കാനുള്ള നോവലിസ്റ്റിന്റെ ബോധപൂര്‍വ്വമായ ശ്രമായിക്കാണാം. നോവലില്‍ ഈ രണ്ടു തലങ്ങളും പ്രബലമാണ്. സംഭവ ബഹുലമായ സ്വഭാവമുള്ള (episodic) ഇതിവൃത്തത്തില്‍ ജവാദിന് അധ്യാപകരും കുടുംബാംഗങ്ങളും കാമുകിമാരും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളും അവരൊക്കെ എങ്ങനെയാണ് അയാളെ വിട്ടുപോയതെന്നും ഒടുവില്‍ അയാളെങ്ങനെയാണ് ആകൃതിയില്ലാത്ത ആ റുമാന്‍ മരം പോലെ ഒറ്റപ്പെട്ടു പോയതെന്നും ചിത്രീകരിക്കപ്പെടുന്നുണ്ട്. ചിത്രകാരനാവാന്‍ മോഹിക്കുന്ന ജവാദിനു ഏറെ പ്രിയപ്പെട്ടതായിരുന്ന സ്വിസ് ശില്‍പ്പി ഗിയാക്കൊമെറ്റിയുടെ നീണ്ടുമെലിഞ്ഞ ശില്‍പ്പങ്ങള്‍ ഒരേസമയം അയാളുടെ ഏകാന്തതയും നോവലിസ്റ്റിന്റെ രചനാ തന്ത്രത്തെയും പ്രതിഫലിപ്പിക്കുന്നു: അവ വിഷാദമഗ്നരും നീണ്ട ചുവടുവെപ്പുകളോടെ എങ്ങുനിന്നോ വരുന്നവരുമാണ്. മനുഷ്യരെയല്ല അവര്‍ സൃഷ്ടിക്കുന്ന നിഴലുകലെ കൊത്തിവെക്കാനാണ് തനിക്കു ഏറെ താല്പര്യമെന്ന ശില്‍പ്പിയുടെ വാക്കുകള്‍ നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്. തന്റെ കഥാപാത്രങ്ങളെ ഏറെ സൂക്ഷ്മമായ ഏറ്റവും ചുരുങ്ങിയതും ആര്‍ഭാടരഹിതവുമായ സൂചകങ്ങളില്‍ കോറിയിടുകയാണ് സിനാന്‍ അന്തൂനിന്റെയും ശൈലി. സാര്‍ത്രിന്റെയും കാമുവിന്റെയും അസ്തിത്വ പ്രതിസന്ധികളുടെ നിഴല്‍ വീണു കിടപ്പുണ്ട് അന്തൂന്‍ കഥാപാത്രങ്ങളില്‍ . 'ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും' പോലുള്ള സര്‍റിയലിസ്റ്റ് കഥകള്‍ എഴുതുന്ന ഹസ്സന്‍ ബ്ലാസ്സിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കുമ്പോള്‍ അന്തൂനിനെ ഇറാഖി ബെക്കറ്റ് എന്ന് വിളിക്കാമെന്നു റോയ് സ്ക്രാന്റന്‍ നിരീക്ഷിക്കുന്നു (Kenyen Review, Roy Scranton). ആഴവും പരപ്പുമുള്ള വിഷയമായിരിക്കുമ്പോഴും നോവലിന്റെ ഹ്രസ്വതയുടെ രഹസ്യവും ഈ രീതിയില്‍ അടങ്ങിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാവും. ഇറാഖി അവസ്ഥയോട്‌ സാദൃശ്യമുള്ള ലോകത്തെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള കൃതികളെയും നോവലിലെ പല സന്ദര്‍ഭങ്ങളും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മോചനദ്രവ്യത്തിനായി ബന്ദിയുടെ ഉടല്‍ പിടിച്ചു വെച്ച് അറുത്തെടുത്ത തല മാത്രം ഉറ്റവര്‍ക്ക്‌ വിട്ടു കൊടുക്കുന്ന ഭീകരന്‍ എത്യോപ്യന്‍ നോവലിസ്റ്റ് മാസാ മെന്‍ഗിസ്തെയുടെ 'ബിനീത് ദി ലയന്‍സ് ഗെയ് സി'ലെ സൈനികരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: വെടിയേറ്റ്‌ മരിച്ച കുഞ്ഞിനെ അടക്കാന്‍ ആഗ്രഹിക്കുന്ന കുടുംബം വെടിയുണ്ടയുടെ വിലയൊടുക്കണം എന്നത് പട്ടാള നിയമമാകുകയും ബുള്ളറ്റ് ഫീ നേടിയെടുക്കുന്നതിന് വേണ്ടി മരിച്ചു കഴിഞ്ഞവര്‍ക്ക് മേലും പട്ടാളക്കാര്‍ വെടിവെക്കുകയും ചെയ്യുന്നത് പോലുള്ള ഭ്രാന്തന്‍ സമ്പ്രദായങ്ങള്‍ സത്യമായിരുന്ന അവസ്ഥ മെന്‍ഗിസ്തെ ചിത്രീകരിക്കുന്നുണ്ട്. കാശ്മീരി നോവലിസ്റ്റ് ഷഹനാസ് ബഷീര്‍ എഴുതിയ ദി ഹാഫ് മദര്‍ എന്ന നോവലില്‍ പുതിയ കാലം തന്റെ ദേശത്തോട് ചെയ്യുന്നതിനെ കുറിച്ച് നിരീക്ഷിച്ചുകൊണ്ട് പോസ്റ്റ്‌ മോര്‍ട്ടം ജീവനക്കാരന്‍ നിരീക്ഷിക്കുന്നുണ്ട്:

ആദ്യമൊക്കെ കത്തി കയ്യിലെടുക്കുമ്പോള്‍ എന്റെ കൈ വിറക്കുകയും സ്ഥാനം തെറ്റുകയും ചെയ്യുമായിരുന്നു. മരിച്ചയാളുടെ തൊലിയില്‍ തൊടുമ്പോഴേക്കും ഞാന്‍ വിറച്ചു പോവും. ഇപ്പോള്‍ എനിക്കത് മൃഗത്തോല്‍ പോലെയാണ്. ജഹാംഗീര്‍ ചൌക്കില്‍ നിന്ന് ഞാന്‍ പഴംവാങ്ങി ച്ചെല്ലുമ്പോള്‍ എന്റെ ഇളയ മകള്‍ പറയും എന്നെയും എന്റെ കൈകളെയും മരണം മണക്കുന്നെന്ന്. 1989 വരെ അതൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല. വര്‍ഷം എനിക്കെന്റെ ഉറക്കം നഷ്ടപ്പെട്ടു. കുറഞ്ഞൊന്നു ഉറങ്ങിയപ്പോഴാവട്ടെ, അത് പേടിസ്വപ്നങ്ങളില്‍ മുങ്ങിപ്പോയി. മോര്‍ച്ചറിയില്‍ കിടന്ന പ്രേതങ്ങള്‍ എല്ലായിടത്തും കാണായി. അവ ക്ഷണിക്കാതെ കടന്നുവന്ന് എന്റെ സ്വപ്നങ്ങളെ ആവേശിച്ചു.” (The Half Mother, Shahanaz Bashir, Hatchet india, പേജ് 34)

(സാഹിത്യ വിമര്‍ശം ജനുവരി- ഫെബ്രുവരി 2018)