(സ്പാനിഷ് നോവലിസ്റ്റ് ഗബ്രിയേല യിബാറയുടെ ‘ദി ഡിന്നര്‍ ഗസ്റ്റ്’ എന്ന നോവലിനെ കുറിച്ച്. രാഷ്ട്രീയക്കൊലയുടെയും രോഗത്തിന്റെയും രൂപത്തില്‍ കുടുംബത്തെ വേട്ടയാടിയ മൃതിയുടെ ചിത്രങ്ങളാണ് മാന്‍ ബുക്കര്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട നോവലില്‍ യുവ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.)
‘വ്യക്തിപരമായത് രാഷ്ട്രീയമാണ്’ (the personal is political) എന്നത് അറുപതുകളിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും സ്ത്രീപക്ഷ ചിന്തയുടെയും പ്രതിബദ്ധ നിലപാടുകളുടെ സാധൂകരണമായി ഉപയോഗിക്കപ്പെട്ട ആശയമാണ്. വൈയക്തിക ജീവിതത്തിലേക്കും രാഷ്ട്രീയം അധിനിവേശിക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ആശയം അക്ഷരാര്‍ത്ഥത്തില്‍ തന്നെയും പ്രസക്തമായേക്കും; അതിന്റെ പൊലിമയിലും ദുരന്തത്തിലും. സ്പെയിനില്‍ ഇടതു വിഘടനവാദ ഗ്രൂപ്പുകള്‍ ശക്തമായിരുന്ന എഴുപതുകളില്‍ ബാസ്ക് പ്രവിശ്യയില്‍ രാഷ്ട്രീയമായി പ്രബലമായിരുന്ന കുടുംബത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെടുകയും തുടര്‍ന്ന് കൊലചെയ്യപ്പെട്ട രീതിയില്‍ കണ്ടെത്തപ്പെടുകയും ചെയ്ത മുത്തച്ഛന്റെയും കാന്‍സര്‍ ബാധിതയായി മരണമടഞ്ഞ അമ്മയുടെയും കഥകളിലൂടെ താന്‍ ജനിക്കും മുമ്പേ സംഭവിച്ച പൊതു സാമൂഹിക പ്രസക്തിയുള്ള ഒരു ദുരന്തത്തെയും തീര്‍ത്തും വ്യക്തിപരമായ മറ്റൊരു ദുരന്തത്തെയും ചേര്‍ത്തുവെക്കുകയും അതിലൂടെ ‘ഓട്ടോഫിക് ഷന്‍’ എന്ന പുതിയ രൂപത്തിന് മികച്ചൊരു സംഭാവന നല്‍കുകയുമാണ് യുവ സ്പാനിഷ് നോവലിസ്റ്റ് ഗബ്രിയേല യിബാറ The Dinner Guest എന്ന തന്റെ പ്രഥമ കൃതിയില്‍.
സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ നാഷനലിസ്റ്റ് സൈന്യത്തോടൊപ്പം നേതൃത്വ പരമായ രീതിയില്‍ പൊരുതിയ വ്യക്തിയായിരുന്നു വിസ്കായ പ്രവിശ്യയിലെ ഉന്നത സ്ഥാനങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ഡസനോളം കുടുംബങ്ങളില്‍ പ്രമുഖമായിരുന്ന യിബാറ കുടുംബാംഗമായ ഡോണ്‍ ഹാവിയര്‍. ഗബ്രിയേല ജനിക്കുന്നതിനും ആറു വര്‍ഷം മുമ്പ്, സ്പെയിനിലെ നാല്‍പ്പതു വര്‍ഷത്തെ ഏകാധിപത്യത്തിനു അന്ത്യം കുറിച്ച ജനാധിപത്യപരമായ തെരഞ്ഞെടുപ്പു കഴിഞ്ഞു നാല് ദിവസം മാത്രം പിന്നിട്ട 1977 മെയ് ഇരുപതിന് രാവിലെ, ഇ.ടി.എ.യുടെ ഒരു ചെറു വിഘടിത വിഭാഗത്തില്‍ പെട്ട ഭീകരര്‍ മുത്തച്ഛന്റെ വീട്ടിലേക്ക് ഇരച്ചു കയറുമ്പോള്‍ അദ്ദേഹം കുളിമുറിയിലായിരുന്നു. കുടുംബാംഗങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തിരിച്ചു പോകുമ്പോള്‍ അവര്‍ അദ്ദേഹത്തെയും കൊണ്ട് പോയി. പിന്നീടൊരിക്കലും ആരും അദ്ദേഹത്തെ കണ്ടില്ല. കുടുംബത്തില്‍ അങ്ങനെയൊരു കഥ പാരമ്പര്യമായി: ‘ഒരോ നേരവും ഒരു അധിക ഡിന്നര്‍ അതിഥി കൂടിയുണ്ടാവും, അദൃശ്യനെങ്കിലും അയാള്‍ ഇപ്പോഴും അവിടെയുണ്ട്. അയാള്‍ക്ക് ഒരു പ്ലേറ്റും ഗ്ലാസും കത്തിയും ഫോര്‍ക്കും കരുതിവെച്ചിരിക്കും. ഇടക്കൊരിക്കല്‍ അയാള്‍ ഗോചരനാകും, മേശക്കു മേല്‍ അയാളുടെ നിഴല്‍ പതിയും, അതോടെ കൂട്ടത്തില്‍ ഒരാള്‍ മായിക്കപ്പെടും.’ മരണത്തെ കുറിച്ച് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന അതിഥി എന്ന സങ്കല്‍പ്പം മനുഷ്യവിധിയെ കുറിച്ചുള്ള സാമാന്യ പ്രസ്താവം എന്ന നിലയില്‍ ഒരു ക്ലീഷേ ആയിരിക്കാം; എന്നാല്‍ യിബാറയുടെ കുടുംബത്തില്‍ അതങ്ങനെയയിരുന്നില്ല. നട്ടെല്ലിലൂടെ ഭീതിയുടെ തണുപ്പ് അരിച്ചിറങ്ങും വിധം അതൊരു യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. Author’s Note എന്ന ആമുഖക്കുറിപ്പില്‍ നോവലിലെ സംഭവങ്ങള്‍ കുടുംബ ചരിത്രത്തിലെ അനുഭവങ്ങള്‍ തന്നെയായി നോവലിസ്റ്റ് സമീകരിക്കുന്നുണ്ട്.
കോളിളക്കമുണ്ടാക്കിയ സംഭവം പത്രങ്ങളിലും ഇതര മീഡിയയിലും നിറഞ്ഞു നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുമകള്‍ ആ തിരോധാനത്തെ ഫിക് ഷനിലേക്ക് ആവാഹിക്കുമ്പോള്‍ ഈ സ്രോതസ്സുകള്‍ എല്ലാം സൂക്ഷ്മമായി ഉപയോഗിക്കപ്പെടും: റിപ്പോര്‍ട്ടുകള്‍, പറഞ്ഞും കേട്ടും അറിഞ്ഞ വസ്തുതകള്‍, ഗൂഗിള്‍ കാലത്തെ സാധ്യതകള്‍, ഇ.ടി.എ. തന്നെ പുറത്തുവിട്ട രേഖകള്‍ എന്നിവയെ കൂടാതെ അവയെ കൂട്ടിയിണക്കാനുള്ള കണ്ണിയായി തന്റെ സര്‍ഗ്ഗ ചേതനയും എഴുത്തുകാരി ഉപയോഗിക്കും. എന്നാല്‍, എട്ടാം വയസ്സുമുതല്‍ കേട്ട് തുടങ്ങിയ കഥ വേറൊരു രീതിയില്‍, കൂടുതല്‍ തീക്ഷ്ണമായി, ഒരു സര്‍ഗ്ഗപരമായ പുനര്‍സൃഷ്ടി ആവശ്യപ്പെടും പ്രകാരം ഗബ്രിയേലയെ മഥിക്കാന്‍ തുടങ്ങുന്നത് 2011ല്‍ സംഭവിക്കുന്ന അമ്മയുടെ മരണത്തോടെയാണ്:
“എന്റെ അമ്മയുടെ മരണം മുത്തച്ഛന്റെ മരണത്തെ തിരികെ കൊണ്ടുവന്നു. അതിനു മുമ്പ് ആ വധം എന്റെ മാതാപിതാക്കള്‍ പെറുവില്‍ നിന്ന് കൊണ്ടുവന്ന പിച്ചള ലാമമാര്‍ക്കരികിലുള്ള ഗ്ലാസ് കൂട്ടിലെ ഒരു ജോഡി കൈവിലങ്ങുകള്‍ മാത്രമായിരുന്നു. രോഗത്തിന്റെ പരിക്ഷീണാവസ്ഥ തട്ടിക്കൊണ്ടു പോകലിനെ തുടര്‍ന്നുണ്ടായ കാത്തിരിപ്പിന്റെ പരിക്ഷീണാവസ്ഥയെ ഓര്‍മ്മിപ്പിച്ചു. എന്റെ പിതാവ് രക്തം പുരണ്ട കൊന്തയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇനിയും മാസങ്ങള്‍ കഴിഞ്ഞാണ് എനിക്ക് അദ്ദേഹത്തിന്റെ വേദന മനസ്സിലാകുക.”
“കല, രാഷ്ട്രീയം, സ്വകാര്യജീവിതം എന്നിവയുടെ കുറ്റമറ്റ മിശ്രണം” എന്ന് വിവരിക്കപ്പെട്ട ശൈലിയില്‍ യിബാറ തന്റെ ഭാവനയെ ഭൂതകാലത്തിന്റെ വാതില്‍ അടിച്ചു തകര്‍ക്കാനുള്ള ഒരു അതിശക്തമായ കൂടം പോലെ ഉപയോഗിക്കുന്നു എന്നു നിരീക്ഷിക്കപ്പെടുന്നു. (1). അമ്മയുടെ മരണത്തെ തുടര്‍ന്ന് എല്ലാം ഒന്നുകൂടി പുനരാവിഷ്കരിക്കുകയെന്ന ചിന്ത പഴയ കാമുകനുമായി വീണ്ടും സന്ധിക്കുന്നതിലേക്കും ഭൂതകാലത്തെ തിരികെ ആനയിക്കുന്നതിലേക്കും ഗബ്രിയെലയെ എത്തിക്കുന്നുണ്ട്. സ്വാഭാവികമായും മുത്തച്ഛന്റെ തിരോധാന സാഹചര്യങ്ങളും ആ പുനരാവിഷ്കാര പദ്ധതിയുടെ ഭാഗമാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഭവത്തെ കുറിച്ച് അറിയാന്‍ ഇടവരുന്ന യിബാറ അവയെ കുറിച്ച് അന്വേഷിക്കുകയും നിര്‍ണ്ണായകവും പലപ്പോഴും വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ വിശദാംശങ്ങള്‍ സുഹൃത്തുക്കള്‍, കുടുംബം, അന്വേഷണാത്മക കണ്ടെത്തലുകള്‍, എന്നിവ ഉപയോഗിച്ചു മൃത്യുവും ദുഖവും ഭയവും അടയാളപ്പെടുത്തുന്ന കുടുംബത്തിന്റെ അനുഭവം പുനസൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്; താന്‍ തന്നെ നേരിട്ട അഭാവങ്ങള്‍, മൌനം, അങ്കലാപ്പ് എന്നിവയെ പകര്‍ത്തുക കൂടിയാണ് (2). ലഭ്യമായ സ്രോതസ്സുകളെ പ്രധാനമായും ആശ്രയിച്ചു ഡോക്കു-ഫിക് ഷന്‍ മാതൃകയിലാണ് മുത്തച്ഛന്റെ രാഷ്ട്രീയ വധത്തിന്റെ പുരാവൃത്തം എഴുതപ്പെടുന്നതെന്നത് കൊണ്ട് കുടുംബവൃത്തങ്ങളില്‍ നിലനിന്ന മിത്തുകള്‍ ചിലത് പൊളിച്ചെഴുതുന്നുണ്ട് നോവലിസ്റ്റ്. “തന്നെ അവിടെവെച്ചു തന്നെ കൊന്നുകളയാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടു എന്നത് ശരിയല്ല. എന്റെ മുത്തച്ഛന്‍ ശരിക്കും പറഞ്ഞത് ഇതായിരുന്നു: ‘നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും മോശപ്പെട്ട കാര്യം എന്നെ വെടിവെച്ചു കൊല്ലലാണ്.’ എന്റെ പിതാവിന്റെ ഏറ്റവും ഇളയ സഹോദരി വാര്‍ഡ്‌റോബിന് പിന്നില്‍ ഒളിച്ചിരുന്ന് തട്ടിക്കൊണ്ടു പോകാന്‍ വന്നവരില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് ശരിയല്ല. അവളെ മറ്റെല്ലാവരെയും പോലെ കട്ടിലിലേക്ക് ബന്ധിച്ചിരിക്കുകയായിരുന്നു. എന്റെ പിതാവും സഹോദരങ്ങളും ആ മെയ് ഇരുപതിന് തന്നെ തട്ടിക്കൊണ്ടു പോയവരുമായി വിനിമയം തുടങ്ങി എന്നതും ശരിയല്ല.”
നോവലിന്റെ ആദ്യഭാഗം എഴുപതുകളില്‍ ETA, the Basque (Euskadi Ta Askatasuna or ETA (Basque for "Basque Homeland and Freedom") എന്നൊക്കെ വിളിക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പ് മുത്തച്ഛനെ തട്ടിക്കൊണ്ടു പോകുന്നതും അദ്ദേഹത്തിന്റെ വധവും പുനരാവിഷ്കരിക്കുന്നു. താരതമ്യേന കൂടുതല്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഭാഗം അമ്മയുടെ അസുഖവും മരണവും ഉള്‍കൊള്ളുന്ന അനുഭവങ്ങളും. ബാസ്ക് പ്രദേശത്തെ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന ഒന്നാം ഭാഗം, നോവലിസ്റ്റ് അവിടം കൊണ്ട് നിര്‍ത്തിയിരുന്നെങ്കില്‍, ഒരു നോണ്‍ ഫിക് ഷന്‍ കൃതിക്ക് ചേരുന്നതാവുമായിരുന്നു എന്നും രണ്ടാം ഭാഗമാണ് അതിനെ ഒരു നോവലിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (3). ഒരു നല്ല ക്രൈം രചനയുടെ വസ്തുനിഷ്ടതയും ഫോറെന്‍സിക് സൂക്ഷ്മതയുമുള്ള നിരീക്ഷണങ്ങളിലൂടെ നോവലിസ്റ്റ് മുത്തച്ചനെ എഴുത്തിലൂടെ വീണ്ടെടുക്കുന്നു എന്നും തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട ഭീമമായ മോചനദ്രവ്യം കണ്ടെത്താന്‍ കഴിയാതെ പോയ മക്കള്‍ക്ക് സാധിക്കാത്തതാണ് സാഹിത്യത്തില്‍ പേരക്കിടാവ് ചെയ്തത് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. മുത്തച്ചനും, വിശേഷിച്ചും, അമ്മയ്ക്കും വേണ്ടിയുള്ള ഒരു തീര്‍ഥാടനമാകുന്നുണ്ട് നോവല്‍ (Ibid). അമ്മയുടെ മരണം കഴിഞ്ഞു ഒരു കൊല്ലത്തിനു ശേഷം അമ്മ കിടന്ന ആശുപത്രിയും അമ്മ കാണാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചതിനെ കുറിച്ച് നോവലിസ്റ്റ് എഴുതുന്നുണ്ട്. അമ്മയുടെ മരണത്തെ കുറിച്ചുള്ള ആഖ്യാനം കൂടുതല്‍ വൈകാരികവും ദീപ്തവുമാണ്. അത് പകര്‍ത്തിവെക്കുക ദുഷ്കരമാണെന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. ‘എന്റെ അമ്മ മൂന്നോ അല്ലെങ്കില്‍ ആറോ പാരഗ്രാഫ് നീളമായിരുന്നില്ല. അവര്‍ ഊഷ്മളതയും സാന്നിധ്യവും ആയിരുന്നു. നന്മയും വെളിച്ചവും ആയിരുന്നു.’ എന്നാല്‍ പിതാവുമായി അത്തരം ഊഷ്മളമായ ബന്ധം തനിക്കുണ്ടായിരുന്നില്ലെന്നു അവള്‍ കണ്ടെത്തുന്നു. എന്നാണു ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പം ഇല്ലാതായത് എന്നെനിക്കുറപ്പില്ല. ചിലപ്പോള്‍ എനിക്ക് തോന്നും അത് ഉറക്കസമയത്തെ കവിത ചൊല്ലിത്തരല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു ഞാന്‍ അദ്ദേഹത്തെ എന്റെ മുറിയില്‍ വരുന്നത് വിലക്കിയ അന്ന് മുതലാണെന്ന്.” കലയിലൂടെയും നോവലുകളിലൂടെയും മാത്രമാണ് അച്ഛനും മകളും ബന്ധപ്പെട്ടിരുന്നത് എന്നതിന്റെ തുടര്‍ച്ച കൂടുതല്‍ പ്രധാനമാകുന്നത് മുത്തച്ഛന്റെ കൊലപാതകവും അത്തരം കഥകളുമായി ഇടകലര്‍ന്നാണ് അവളുടെ മനസ്സില്‍ പതിയുന്നത് എന്നിടത്താണ്.
അമ്മയുടെ അടക്കം ഗബ്രിയേല കാണണമെന്ന് പിതാവ് ആഗ്രഹിക്കുന്നതിനു പിന്നില്‍ സ്വന്തം അനുഭവത്തില്‍ നിന്നുള്ള തിരിച്ചറിവുണ്ടെന്നു അവള്‍ക്ക് മനസ്സിലാകുന്നു. ‘ഇപ്പോള്‍ എനിക്കറിയാം അദ്ദേഹത്തിന്റെ പിതാവ് മരിച്ചത് കാണുക എന്നത് അദ്ദേഹത്തിനു എത്ര പ്രധാനമായിരുന്നു എന്നത്. അതദ്ദേഹത്തെ മനസ്സിന്റെ പിടിവിടാതിരിക്കാന്‍ സഹായിച്ചു. സംഭവിച്ചത് യാഥാര്‍ത്ഥ്യം തന്നെയെന്നു സ്വയം അംഗീകരിക്കാന്‍. ഞാന്‍ എന്റെ അമ്മയെ കാണണമെന്ന് അദ്ധേഹം ആഗ്രഹിച്ചു, അപ്പോള്‍ അവരുടെ മരണം എനിക്ക് കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാനാവും. എനിക്കത് വേണ്ടായിരുന്നു. എനിക്കിപ്പോള്‍ അതില്‍ വിഷമമില്ല, കാരണം ഞാന്‍ ഒടുവില്‍ അവരെ കാണുമ്പോള്‍ അവര്‍ നിലനില്‍ക്കുന്നത് ഇല്ലാതായിക്കഴിഞ്ഞിരുന്നു.’ അമ്മയുടെ രോഗാവസ്ഥയുടെ ഘട്ടം മുതല്‍ അച്ഛനും മകള്‍ക്കുമിടയില്‍ മുമ്പെങ്ങോ ഉറഞ്ഞു കൂടിയിരുന്ന അന്യവല്‍ക്കരണം കുറഞ്ഞു തുടങ്ങിയിരുന്നുവെന്നും നോവലിസ്റ്റ് എഴുതുന്നുണ്ട്: “എന്റെ അമ്മ ഒരു തൂവലായിരുന്നു. അച്ഛന്‍ താനൊരു തൂവല്‍ ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരു കോണ്ക്രീറ്റ് കട്ടയും.”
ഒരു തട്ടിക്കൊണ്ടു പോകലിന്റെ കഥയില്‍ തുടങ്ങുന്ന, ഏതാണ്ടൊരു ഗോഥിക് രൂപക പ്രതിധ്വനിയുള്ള തലക്കെട്ടുള്ള നോവല്‍ പക്ഷെ വികസിക്കുന്നത് പക്ഷെ അത്തരം ത്രില്ലര്‍ സ്വഭാവത്തിലല്ല എന്നത് ശ്രദ്ധേയമാണ്. ഓട്ടോ ഫിക് ഷന്‍ വിഭാഗത്തെ രാഷ്ട്രീയ രചനക്കുള്ള ഉപധിയാക്കുന്നതില്‍ യിബാറയുടേത് ആദ്യ സംരഭം ഒന്നുമല്ല. ഫിലിപ്പ് റോത്ത്, റെയ്നാള്‍ഡോ അറെനാസ് തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാര്‍ ഭംഗിയായി ഉപയോഗിച്ചിട്ടുള്ള ഓട്ടോഫിക് ഷന്‍ (Autofiction/ fictionalized autobiography) ശൈലി, കലയും രാഷ്ട്രീയവും സ്വകാര്യ ജീവിതവും ഫലപ്രദമായി കൂട്ടിയിണക്കുന്ന ആവിഷ്കാരത്തിന് നോവലിസ്റ്റിന്റെ സഹായിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ഓട്ടോ ഫിക് ഷന്‍ എന്ന നിലയില്‍ മാര്‍ത്താ സാന്‍സ് (Marta Sanz), ക്ലാരാ ഉസോന്‍ (Clara Usón) തുടങ്ങിയവരും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ നോവല്‍ എന്ന നിലയില്‍ ഒട്ടേറെ പ്രമേയ ധാരണകളുടെ സൂചനകള്‍ എഴുത്തുകാരി നല്‍കുന്നുണ്ടെങ്കിലും പുസ്തകത്തിന്റെ വലിപ്പക്കുറവ് ആ സൂചകങ്ങളെ വേണ്ട വിധം പിന്തുടരാന്‍ കഴിയാത്ത വിധം ഒതുക്കിക്കളയുന്നുണ്ട് എന്നു തോന്നാം. ബൊലാനോയുടെ ‘2666’, ‘ദി സാവേജ് ഡിറ്റക്റ്റീവ്സ്’, യോസയുടെ ‘ദി വേ റ്റു പാരഡൈസ്’ തുടങ്ങിയ സ്പാനിഷ് സാഹിത്യത്തിലെ മാസ്റ്റര്‍പീസുകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതഹസ്തയായ വിവര്‍ത്തക നടാഷ വിമ്മര്‍ സൂക്ഷ്മവും സംവേദനത്വപൂര്‍ണ്ണവുമായി ഭാഷാന്തരം നടത്തിയിട്ടുണ്ടെന്ന് വിമര്‍ശക മതം.
References:
1. LILY MEYER, ‘Breaking Down The Doors To The Past In 'The Dinner Guest', npr Book Reviews, May 29, 2019
2. T. Patrick Ortez, ‘Review of The Dinner Guest by Gabriela Ybarra’, World Literature Today, WINTER 2020
3. Sarah Gilmartin, ‘The Dinner Guest review – An angel at the table’, Book review, The Irish Times, March 10, 2018
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 266-271)
