Come, follw me, I will make you fishers of men – Mathew – 4 : 19
ഒന്നുരണ്ടു പതിറ്റാണ്ടുകളായി ലോക സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശുഭോദര്‍ക്കമായ ഒരു കാര്യം ആഫ്രിക്കന്‍ നോവല്‍ സാഹിത്യ രംഗത്തുണ്ടായിട്ടുള്ള ഉണര്‍വ്വാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിമാന്‍ഡാ എന്‍ഗോസി അദീചി, നോവിയോലെറ്റ് ബുലാവായോ, തേജോ കൂലെ, അലൈന്‍ മബാംങ്കൂ, തായെ സലാസി, ഡീനോ മങ്കേസ് തു തുടങ്ങിയ ആഫ്രിക്കയില്‍ ജനിച്ചു പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്കൃതിയുടെയും നേട്ടങ്ങള്‍ സ്വായത്തമാക്കിയ യുവ എഴുത്തുകാരുടെ ഒരു നിര രംഗം കയ്യടക്കിയത് വായനക്കാരെ മുഗ്ദ്ധരാക്കിയ രചനകളിലൂടെയാണ്. ഈ നിരയില്‍ ഏറ്റവും ശക്തമായ ഒരു പുത്തന്‍ സാന്നിധ്യമാണ് യുവ നൈജീരിയന്‍ എഴുത്തുകാരന്‍ ചിഗോസി ഒബിയാമ. തന്റെ പ്രഥമ നോവലായ 'ദി ഫിഷര്‍മെന്‍' എന്ന കൃതിയിലൂടെത്തന്നെ നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ പിന്‍ഗാമി എന്ന് പോലും നിരൂപക പ്രശംസ നേടിയെടുക്കാന്‍ ഒബിയാമക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ അവസാന ഘട്ടം വരെയെത്തുകയുണ്ടായി 'മുക്കുവര്‍'. അറുപതുകളിലെയും എഴുപതുകളിലെയും ഒരു പരിധിയുമില്ലാത്ത വയലന്‍സിന്റെയും കുടിപ്പകകളുടെയും രാഷ്ട്രീയ കാലുഷ്യങ്ങളുടെയുമായ ജമൈക്കന്‍ തെരുവുകളുടെ പശ്ചാത്തലത്തില്‍ റഗ്ഗെ രാജാവ് ബോബ് മാര്‍ലിയുടെ നേരെ നടന്ന വധശ്രമത്തിന്റെയും പരിണതികളുടെയും കഥ പറയുന്ന, പുരസ്കാരജേതാവായ മാര്‍ലന്‍ ജെയിംസിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവെന്‍ കില്ലിംഗ്സ്'; ബ്രിട്ടനില്‍ നിയമവിരുദ്ധമായി കുടിയേറുന്ന തൊഴിലന്വേഷകരുടെ വലിഞ്ഞു മുറുകുന്ന ജീവിതം ആവിഷ്കരിക്കുന്ന, ശക്തമായ ഇന്ത്യന്‍ പശ്ചാത്തലമുള്ള സഞ്ജീവ് സുഹോത്തയുടെ 'ദി ഇയര്‍ ഓഫ് ദി റണ്‍അവെയ്സ് ' എന്നിവയെ അപേക്ഷിച്ചു ഏറ്റവും ഭാവതീവ്രവും ആര്‍ദ്രവുമായ വായനാനുഭവം ഒബിയാമയുടെ കൃതിയാണെന്നാണ് ലേഖകന്റെ അനുഭവം.
കായേന്‍ - ആബേല്‍ ഇതിഹാസത്തിന്റെ നിഴല്‍.
പശ്ചിമ നൈജീരിയയിലെ ഒരു ചെറു പട്ടണമായ അകുറേയില്‍ മധ്യ വര്‍ഗ്ഗ വിഭാഗമായ അഗ് വു കുടുംബത്തിലെ പതിനാലിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഇകേന, ബോയെ, ഒബേംബെ, ബെന്യാമിന്‍ എന്നീ സഹോദരങ്ങളുടെ കൗമാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു കായേന്‍ - ആബേല്‍ ഇതിഹാസമാതൃകയിലാണ് തൊണ്ണൂറുകളുടെയും പുതിയ നൂറ്റാണ്ടാദ്യത്തിന്റെയും കാല ഗണനയില്‍ മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age) നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. പുതിയ കാലത്തിന്റെ കുടുംബാസൂത്രണ വേദാന്തത്തില്‍ താല്പര്യമില്ലാത്ത, ഗംഭീരനായ പിതൃസ്വരൂപ (patriarchal) ആശയത്തില്‍ വിശ്വസിക്കുന്ന, നൈജീരിയന്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ആയ മി. അഗ് വു, നിറയെ മക്കളുള്ള വലിയ കുടുംബത്തെയാണ് ആഗ്രഹിക്കുന്നത്. നാല്‍വരില്‍ ഇളയവനായ, കഥാരംഭത്തില്‍ ഒമ്പത് വയസ്സുകാരനായ ബെന്യാമിന്‍ അച്ഛനും അമ്മയും കൂടാതെ പൊടിക്കുഞ്ഞുങ്ങളായ ഡേവിഡും അനിയത്തി എന്‍കേമും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം അപ്രതീക്ഷിതമായി തകിടം മറിയുന്നതിന്റെയും തകരുന്നതിന്റെയും കഥ പറയുന്നു. ജനറല്‍ സാനി അബാച്ചയുടെ കിരാതമായ പട്ടാള ഭരണത്തിന്റെ കാലഘട്ടത്തിലും പുരോഗമനവാദിയായ അഗ് വു എന്ന എമേ തന്റെ മക്കളെ കുറിച്ച് വലിയ സ്വപ്നങ്ങളാണ് വെച്ചുപുലര്‍ത്തുന്നത് - വിദ്യാസമ്പന്നരും പരിഷ്കൃതരുമായി വളര്‍ന്ന് അവര്‍ ജീവിത വിജയം നേടും - പൈലറ്റ്, അഭിഭാഷകന്‍, ഡോക്റ്റര്‍, പ്രൊഫസര്‍. വിദ്യാഭ്യാസവും പ്രൊഫഷണല്‍ അഭിവാഞ്ചയും മാത്രമാണ് എങ്ങും അഴിമതി വേരോടിയ നാട്ടിന്റെ അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ മക്കള്‍ക്കുള്ള മാര്‍ഗ്ഗം എന്ന് അയാള്‍ വിശ്വസിക്കുന്നു. അയാളുടെ സാന്നിധ്യത്തില്‍ അടങ്ങിയൊതുങ്ങിക്കഴിയുന്ന കുട്ടികള്‍ പക്ഷെ, അകലെയുള്ള വടക്കന്‍ നഗരം യോലായിലേക്ക് അയാള്‍ക്ക് സ്ഥലം മാറ്റമാവുന്നതോടെ ഇളയുതുങ്ങളെ നോക്കുന്നതോടൊപ്പം ചന്തയിലെ പച്ചക്കറിക്കടയും നോക്കി നടത്തേണ്ട ബാദ്ധപ്പാടുകളുള്ള അമ്മയുടെ കണ്ണുവെട്ടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. രോഗങ്ങളുടെയും അപശകുനങ്ങളുടെയും ദുരൂഹ മരണങ്ങളുടെയും കേന്ദ്രമായ വിലക്കപ്പെട്ട ഓമി ആലാ നദിയിലേക്ക് ഒളിപ്പിച്ചു കടത്തുന്ന ചൂണ്ടകളുമായി അവര്‍ മുക്കുവരാവുന്നു. ഇവിടെ വെച്ചാണ് പട്ടണത്തിന്റെ ഭ്രാന്തന്‍ സിദ്ധനും ദുരന്തങ്ങളുടെ മാത്രം പ്രവചനക്കാരനുമായ ദുര്‍ന്നിമിത്തക്കാരന്‍ അബൂലു അവരുടെ ജീവിതത്തിലേക്ക് എന്നേക്കുമുള്ള കരിനിഴല്‍ വീഴ്ത്തുക: മൂത്തവന്‍ ഇകേന കൊല്ലപ്പെടും, ഒരു സഹോദരന്റെ കൈ കൊണ്ട്, ഒരു മുക്കുവന്റെ കൈ കൊണ്ട്.
മുത്തശ്ശിക്കഥ പോലെയുള്ള ഈ ലളിതമായ തുടക്കം പക്ഷെ സങ്കീര്‍ണ്ണവും ഇരുണ്ടു നിഗൂഡവും ഭീകരസ്വപ്ന സമാനവുമായ അവസ്ഥയിലേക്ക് മാറുന്നത് അബൂലുവിന്റെ പ്രവചനം ഇകേനയില്‍ മതിഭ്രമ സ്വഭാവമുള്ള മാനസിക പിരിമുറുക്കവും വിഭ്രാന്തിയും സൃഷ്ടിച്ചു തുടങ്ങുന്നതോടെയാണ്. അവന്‍ "മോചനമില്ലാത്ത വിധം തടവിലായിപ്പോയ, അതിനപ്പുറം മറ്റൊന്നും നില നില്‍ക്കുന്നില്ലെന്ന മട്ടിലുള്ള ഒരു കൂട്ടിലടക്കപ്പെട്ട ലോകമായി" മാറുന്നു. താനുള്‍പ്പടെ സഹോദരങ്ങള്‍ നിധി പോലെ സൂക്ഷിച്ച രണ്ടു വസ്തുക്കള്‍ അവന്‍ നശിപ്പിക്കുന്നുണ്ട്. നൈജീരിയയുടെ പ്രസിഡന്‍റ് പദവിയിലേക്ക് ഉയര്‍ന്നു വരുമായിരുന്ന MKO അബിയോല (Mashood Kashimawo Olawale Abiola – 1937-1998) യോടൊപ്പം ചേര്‍ന്നുള്ള അവരുടെ ഒരു ഫോട്ടോ, അദ്ദേഹത്തിന്റെ വിജയംതടഞ്ഞുവെക്കുകയും അസാധുവാക്കുകയും ചെയ്ത പട്ടാളനടപടിയെ തുടര്‍ന്നുണ്ടായ കലാപാന്തരീക്ഷത്തില്‍ കലുഷമായ തെരുവിലൂടെ സഹോദരങ്ങളെ സുധീരം സുരക്ഷിതത്വത്തിലേക്ക് കൊണ്ടുപോയ ഇകേനയെ കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗ് ('Young Hero Drives His Brotheres to Safety') എന്നിവ. എല്ലായിപ്പോഴും തൊട്ടു താഴെയുള്ള അനിയന്‍ ബോയേയെ ഭീഷണമായ വൈരാഗ്യത്തോടെ ഇകേന കാണാന്‍ തുടങ്ങുന്നതോടെ വീട്ടിനകത്തും പുറത്തും വിടവുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ കായേന്‍ - ആബേല്‍ സംഘര്‍ഷം ഇരുവരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലും ഇകേനയുടെ കൊലയിലും തുടര്‍ന്ന് ബോയേയുടെ ആത്മഹത്യയിലും ആണൊടുങ്ങുക. മനസ്സിന്റെ സമനില തെറ്റിയ അമ്മ മനോരോഗ ചികിത്സാലയത്തിലും എത്തിച്ചേരുന്നു.
അബൂലു - ശാപങ്ങളുടെ പാഗന്‍ പ്രതീകം
“ഇഗ്ബോ ദേശത്തെയാകെയും ക്രിസ്തുമതം തൂത്തുവാരിക്കഴിഞ്ഞിരുന്നെങ്കിലും ആഫ്രിക്കന്‍ പരമ്പരാഗത മതത്തിന്റെ പൊട്ടും പൊടിയും ആ ചൂലില്‍ നിന്ന് രക്ഷപ്പെട്ടു കിടന്നിരുന്നു"വെന്ന് നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്. നോവലിലെങ്ങും സമൃദ്ധമായി കാണപ്പെടുന്ന രൂപകങ്ങളുടെയും ദൃഷ്ടാന്ത കഥാമാതൃകകളുടെയും സാന്നിധ്യം ഈ സമന്വയത്തെ സൂചിപ്പിക്കുന്നു. മിക്ക അധ്യായങ്ങളുടെയും തുടക്കങ്ങള്‍ അവയുടെ തലക്കെട്ടായി വരുന്ന രൂപകങ്ങളുടെ കാച്ചിക്കുറുക്കിയ പ്രസ്താവനാരൂപങ്ങളിലൂടെ കഥാപാത്ര പഠനത്തില്‍ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന് The Eagle എന്ന അദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: “അച്ഛന്‍ ഒരു പ്രാപ്പിടിയനായിരുന്നു". അത് പോലെ: “ഇകേന ഒരു മലമ്പാമ്പായിരുന്നു (The Python)”, “അമ്മ ഒരു പക്ഷിവേട്ടക്കാരിയായിരുന്നു (The Falconer)”, “ഇകേന ഒരു കുരുവിയായിരുന്നു (The Sparrow)'', ''ബോയ ഒരു ഫംഗസ് ആയിരുന്നു (The Fungus)'', ''ഒബേംബെ ഒരു മണംപിടിക്കും ശ്വാനനായിരുന്നു (The Searchdog), ''എന്നാല്‍ അബുലു ഒരു ലെവിയാതന്‍ ആയിരുന്നു (The Leviathan) എന്നിങ്ങനെ. സര്‍വ്വകാല ദ്യോതകമായി വരുന്ന ഏക വാചകാഖ്യാനം ഒരൊറ്റ അധ്യായത്തിനേ ഉള്ളൂ: ''വെറുപ്പ് ഒരു അട്ടയാണ് (The Leech)''. അതാരെ പിടികൂടുന്നുവോ അയാള്‍ക്ക് കനത്ത വില നല്‍കേണ്ടി വരും. അതൊരു കുടുംബ/വൈയക്തികാനുഭവം എന്നതിലേറെ ഒരു പ്രാപഞ്ചിക സത്യം കൂടിയാണല്ലോ. മഹാപ്രളയാനന്തര ഭൂമിയില്‍ തടിച്ചു കൊഴുത്തുപോയ കടല്‍ ഭീമനെ കുറിച്ചുള്ള ആ ലെവിയാതന്‍ എന്ന രൂപകം പോലെത്തന്നെ ക്രിസ്തീയ പൂര്‍വ്വമായ പാഗന്‍ സങ്കല്‍പ്പനത്തിലൂടെ തന്നെയാണ് മറ്റിടങ്ങളിലും അബൂലുവിനെ അവതരിപ്പിക്കുന്നത്. 'അയാള്‍ ഒരു ഭ്രാന്തന്‍ ആയിരുന്നു' എന്ന് തുടങ്ങുന്ന അദ്ധ്യായം (The Madman) ആരംഭിക്കുന്നത് അയാളുടെ വിനാശകരമായ പ്രഭാവം സൂചിപ്പിക്കുന്ന ഒരു ഇഗ്ബോ പഴമൊഴിയോടെയാണ്. ''വിനാശകാരികളാവാന്‍ ദൈവങ്ങള്‍ തെരഞ്ഞെടുക്കുന്നവരെ അവര്‍ ഭ്രാന്ത് നല്‍കി ശിക്ഷിക്കും.'' തങ്ങളുടെ ജീവിതത്തെ മുച്ചൂടും മൂടിയ ദുരന്തങ്ങള്‍ക്ക് കാരണക്കാരനായ അബൂലുവിനെ വധിക്കാതെ സഹോദരങ്ങളുടെ ആത്മാക്കള്‍ തൃപ്തിപ്പെടില്ലെന്നും അത് സാധിക്കാതെ കാനഡയിലേക്ക് കുടിയേറിയാലും തങ്ങള്‍ക്കു സമാധാനം ലഭിക്കില്ലെന്നും തീരുമാനിച്ചാണ് ഒബേംബെയും ബെന്യാമിനും ആ വേട്ട ആരംഭിക്കുന്നത്. എന്നാല്‍ അത് എളുപ്പമല്ലെന്നും മെല്‍വില്ലിന്റെ ക്യാപ്റ്റന്‍ അഹാബിനെ (Moby Dick- Herman Melville) പോലെ അതവരുടെയും നാശത്തിലേ കലാശിക്കൂ എന്നുമുള്ള സൂചനയാണ് പുരാണ പ്രോക്തമായ ഭീമന്‍ കടല്‍ജീവിയുടെ രൂപകം സൂചിപ്പിക്കുന്നത്. പരസ്യമായി മുഷ്ടിമൈഥുനം നടത്തുകയും ശവരതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന, ഉന്മാദത്തിന്റെ എല്ലാ പടവുകളും താണ്ടിയ ചലിക്കുന്ന മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവാഹിയുമായ അബൂലുവില്‍ വെറുക്കപ്പെട്ട ദുരന്ത പ്രവചന ശേഷി കൂടി കടന്നു കൂടുന്നതോടെ അയാള്‍ സമൂഹത്തിനും സംസ്കാരത്തിന് തന്നെയും ഭീഷണിയായിത്തീരുന്നു. ഗോള്‍ഡിങ്ങിന്റെ 'ഈച്ചകളുടെ തമ്പുരാ'നെ ഓര്‍മ്മിപ്പിക്കുന്ന അത്തരമൊരു മലീമസനായ പ്രവാചകന്‍ കൃസ്തീയമായ ദൈവപ്രഘോഷക സങ്കല്‍പ്പത്തിന്റെ ഏറ്റവും വക്രീകരിച്ച എതിരറ്റത്തു പോലും വരില്ലതന്നെ. ഒബേംബേയുടെ കഥയിലൂടെ അറിഞ്ഞ അബൂലുവിന്റെ ദയനീയമായ കൗമാരാനുഭവങ്ങളോ അയാളുടെ 'തലച്ചോറിനെ ഉടലില്‍ പലയിടങ്ങളിലായി ചിതറിച്ചു മനസിനെ ആകെ താളം തെറ്റിച്ച' അപകടമോ ഒന്നും അയാള്‍ക്ക് കാര്യമായ സഹതാപം നേടിക്കൊടുക്കുന്നില്ല. ഒബേംബേയും ബെന്യാമിനും അയാളെ വധിക്കുന്ന രീതിയിലെ ബീഭത്സത പോലും മുഴച്ചു നില്‍ക്കാത്ത ഒന്നാവുന്നത് നല്ലതൊന്നും പറയാനില്ലാത്ത അയാളുടെ പ്രകൃതം കൊണ്ടാണ്.
ശിഥിലമാകുന്ന ലോകവും പക്ഷിവേട്ടക്കാരിയും
വിനാശകരമായ വികാസത്തിന്റെ പാരമ്യത്തില്‍ സ്വയം ചിതറിത്തെറിച്ച് ശിഥിലമാവുന്ന സംസ്കൃതിയേയും എല്ലാത്തിനെയും ഒരുമിപ്പിച്ചു നിര്‍ത്തുന്ന നിയന്ത്രകകേന്ദ്രത്തിന്റെ/ ശക്തിയുടെ പിടിവിട്ടുപോകുന്ന അവസ്ഥയെയും ഏറ്റവും ആത്യന്തികമായ രണ്ടു രൂപകങ്ങളിലൂടെ ( the widening gyre, the falconer) ആവിഷ്കരിച്ച ഡബ്ല്യു. ബി. യേറ്റ്സിന്റെ ആ കവിത (The Second Coming) പിറന്നിട്ട് ഒരു നൂറ്റാണ്ടാവുന്നു (1917). ഒബിയാമയുടെ ഏറ്റവും വലിയ പ്രചോദനമായ സാക്ഷാല്‍ ചിനുവ അച്ചബെ നൈജീരിയന്‍ സമൂഹത്തിന്റെ ശൈഥില്യങ്ങളെ അവതരിപ്പിച്ച മാസ്റ്റര്‍പീസ് (Things Fall Apart) ഈ കവിതയുടെ പ്രചോദനത്തിലായത് സ്വാഭാവികമായിരുന്നു. ഒബിയാമയുടെ കൃതി ഈ യേറ്റ്സിയന്‍ സ്വാധീനം അച്ചബേയിലൂടെ തന്നെയാണ് സാക്ഷാത്കരിക്കുന്നത്.
നോവലിന്റെ ഘടനയില്‍ ഏറെ മുഖപ്പില്‍ നില്‍ക്കുന്ന കഥാപാത്രം ആദ്യഘട്ടത്തില്‍ പ്രതാപിയും പിന്നീട് സഹനങ്ങളുടെ തോരാമഴയില്‍ ബാക്കിയായ കുടുംബത്തിന്റെ ചിതറിപ്പോയ ഖണ്ഡങ്ങളെ പണിപ്പെട്ടു ഒരുമിച്ചു നിര്‍ത്താന്‍ പാട് പെടുന്നവനുമായ അച്ഛന്‍ ആണെങ്കിലും അതിന്റെ വൈകാരിക ശക്തി കേന്ദ്രം മമ്മയാണ്. അമ്മ ഒരു പക്ഷിവേട്ടക്കാരിയായിരുന്നു എന്ന് തുടങ്ങുന്ന (The Falconer) അധ്യായം ആദ്യം യേറ്റ്സിന്റെ അനശ്വര വരികള്‍ ഉദ്ധരിച്ച ശേഷം ഇങ്ങനെയാണ് തുടങ്ങുന്നത് :
''കുന്നിന്‍ മുകളില്‍ നിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന ഒരാള്‍, തന്റെ മക്കള്‍ക്ക് സംഭാവിക്കാനിടയുള്ളതായി അവള്‍ കണ്ട എല്ലാ വിപത്തുകളെയും തട്ടിമാറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നവള്‍. സ്വന്തം മനസ്സിന്റെ പോക്കറ്റില്‍ ഞങ്ങളുടെ മനസ്സിന്റെ പതിപ്പുകള്‍ അവള്‍ക്ക് സ്വന്തമായിരുന്നു, അതുകൊണ്ട് എന്ത് വിപത്തുകളും അവയുടെ ഉത്ഭവത്തില്‍ തന്നെ അവള്‍ മണത്തറിഞ്ഞു.''
മുതിര്‍ന്നു വരുന്ന നാല് ആണ്‍കുട്ടികള്‍ ഉള്‍പ്പടെ വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവനായും തന്നെയേല്‍പ്പിച്ചു ഉദ്യോഗം നോക്കാന്‍ പോവുന്ന അച്ഛനോട് അവള്‍ക്കു ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് ഇതേ ദീര്‍ഘ വീക്ഷണം കൊണ്ട് തന്നെയാണ്. ''ഞാന്‍ ഏഴു കൈകളോടെ പിറന്നിരുന്നാലും എങ്ങനെയാണ് എനിക്ക് തനിച്ച് ഈ കുട്ടികളെ മുഴുവന്‍ ശ്രദ്ധിക്കാനാവുക!'' എന്ന അമ്മയുടെ നിരാശ ഒടുവില്‍ ശരി തന്നെയായിരുന്നു എന്നും വ്യക്തമാണ്. ഇകേനയില്‍ സംഭവിക്കുന്ന മാറ്റം രക്തം രക്തത്തെ തൊടും പോലെ തുടക്കത്തിലെ തിരിച്ചറിയുന്നതും മമ്മയാണ്. ബോയെയുടെ ആത്മഹത്യ കൂടിയാവുന്നതോടെ കാര്യ ശേഷിയുള്ള കുടുംബിനി എന്നതില്‍ നിന്ന് നിസ്സഹായതയിലേക്കും മനസ്സിന്റെ പിടി വിട്ടു പോകുന്ന അവസ്ഥയിലേക്കുമുള്ള അവരുടെ മുങ്ങിത്താഴല്‍ തന്നെയാണ് നോവലിലെ ഏറ്റവും ഉള്ളുലയ്ക്കുന്ന അനുഭവവും. യേറ്റ്സിന്റെ ഏറ്റവും പ്രസിദ്ധമായ വരികള്‍ അമ്മയെ കുറിച്ചുള്ള അധ്യായത്തില്‍ ഉദ്ധരിക്കപ്പിക്കപ്പെടുന്നത്, അവരുടെ തകര്‍ച്ചയോടെ കുടുംബം പിടിവിട്ടു പോവുന്നു എന്ന വസ്തുത കൂടി സൂചിപ്പിക്കുന്നു.
സ്വപ്നങ്ങളുടെ മുക്കുവര്‍
കായേന്‍ - ആബേല്‍ കഥയുടെ അന്തര്‍ധാര പോലെ നോവലില്‍ ശക്തമായ മറ്റൊരു ബിബ്ലിക്കല്‍ സമാന്തരം മുക്കുവര്‍ എന്ന സംജ്ഞയാണ്. 'എന്നെ പിന്തുടരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്ന മുക്കുവരാക്കും' എന്ന ക്രിസ്തു വചനം നോവലിന്റെ തലക്കെട്ടിന്റെയും ഉറവിടമാണ്. ഒരു കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുകയും സമീപ വാസികള്‍ക്ക് കുടിവെള്ളവും മീന്‍ പിടിത്തത്തിലൂടെ അന്നവും ജീവിതവും നല്‍കുകയും ചെയ്യുമായിരുന്ന നദിയുടെ പതനം നോവലില്‍ ഗൃഹാതുരതയോടെ ഓര്‍മ്മിക്കുന്നുണ്ട്:
"ഓമി ആലാ ഒരു പേടിപ്പെടുത്ത നദിയായിരുന്നു.
മക്കളുപേക്ഷിച്ച അമ്മയെ പോലെ ദീര്‍ഘ കാലമായി അകുറെ പട്ടണത്തിലെ നിവാസികള്‍ ഉപേക്ഷിച്ചു കളഞ്ഞത്. എന്നാല്‍ ഒരിക്കല്‍ അത് ആദ്യകാല കുടിയേറ്റക്കാര്‍ക്ക് നല്ല കുടിവെള്ളവും മത്സ്യവും പ്രദാനം ചെയ്തുവന്ന ഒരു വിശുദ്ധ നദിയായിരുന്നു. അത് അകുറേയുടെ ഊടും പാവുമായി ഒരു സര്‍പ്പത്തെ പോലെ ചുറ്റിക്കിടന്നു. ആഫ്രിക്കയിലെ അതുപോലുള്ള ഒരുപാട് നദികളെ പോലെ, ഒരിക്കല്‍ ഓമി ആലയും ഒരു ദൈവമാണെന്ന് വിശ്വസിച്ചു പോന്നു; ആളുകള്‍ അതിനെ ആരാധിച്ചു. അതിന്റെ പേരില്‍ കോവിലുകള്‍ സ്ഥാപിച്ചു, ജലരാശിയില്‍ വസിച്ച ഇയെമോജ, ഓഷാ, ജല ദേവതമാര്‍, മറ്റു മൂര്‍ത്തികളും ദൈവങ്ങളും എന്നിവയുടെയൊക്കെ ഇടപെടലിനായി അവര്‍ അര്‍ഥിച്ചു. എന്നാല്‍ യൂറോപ്പില്‍ നിന്നുവന്ന കൊളോണിയല്‍ ശക്തികള്‍ ബൈബിള്‍ അവതരിപ്പിക്കുകയും അതുപയോഗിച്ച് ഓമി ആലായുടെ വിശ്വാസികളെ വിലക്കെടുക്കുകയും ചെയ്തതോടെ, ഒട്ടുമുക്കാലും ക്രിസ്ത്യാനികള്‍ ആയിമാറിയ ജനങ്ങള്‍ നദിയെ ഒരു ദുഷ്ട പ്രദേശമായി കാണാന്‍ തുടങ്ങി. അഴുക്ക് പുരണ്ട ഒരു തൊട്ടിലായി അത് മാറി. ''
തത്ഫലമായി ഇപ്പോള്‍ മാലിന്യക്കൂമ്പാരത്തിലേക്കും രോഗ വിതരണ, കേന്ദ്രത്തിലേക്കും അനാഥ ശവങ്ങളുടെതുള്‍പ്പടെ നഗരത്തിന്റെ ഇരുള്‍ നീക്കങ്ങളുടെ ഇടത്തിലേക്കും ഉള്ള അതേ പുഴയുടെ അപചയം വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന്റെ പരിച്ചേദം തന്നെ. സ്വാഭാവികമായും അങ്ങോട്ടുള്ള യാത്ര കുടുംബത്തില്‍ പിറന്ന കുട്ടികള്‍ക്ക് വിലക്കപ്പെട്ടത് തന്നെ. അത് കൊണ്ട് തന്നെ ആറാഴ്ചയോളം തന്റെ കണ്ണ് വെട്ടിച്ചു അത് തുടരുന്നതിനുള്ള ശിക്ഷ മക്കള്‍ക്ക് കിട്ടുന്നുണ്ടെന്ന് അമ്മ ഉറപ്പു വരുത്തുന്നുണ്ട്. എന്നാല്‍, ശിക്ഷാമുറ ഏറ്റുവാങ്ങുന്ന മക്കളോട് ചുരത്തുന്ന വാത്സല്യത്തിന്റെ നിമിഷത്തില്‍ ക്രിസ്തുവിന്റെ ഭാഷയില്‍ അച്ഛന്‍ മക്കളോട് പറയുന്നുണ്ട്: ഞാന്‍ നിങ്ങളെ മുക്കുവരാക്കും, മനുഷ്യരെ വലവീശിപ്പിടിക്കുന്ന മുക്കുവര്‍; സ്വപ്നങ്ങളെ വീശിപ്പിടിച്ചു നായകരാവുന്നവര്‍. അങ്ങനെയാണ് അബൂലുവിന്റെ പ്രവചനത്തില്‍ മുക്കുവര്‍ ചേക്കേറുക. മക്കള്‍ക്ക് കാനഡയിലേക്ക് കുടിയേറാനുള്ള അവസരമാണ് അവരുടെ സ്വപ്നങ്ങളെ വീശിപ്പിടിക്കാനുള്ള പുറപ്പാട് നിമിഷമായി അച്ഛന്‍ കാണുക. അത് സാധ്യമല്ലാതെ വരുന്നത് അയാളെയും തളര്‍ത്തുന്നുണ്ട്, അയാള്‍ ഇന്ന് പഴയ പ്രതാപിയായ പിതൃ സ്വരൂപമേയല്ല. മാനസികമായി തകര്‍ന്നു പോയി കുടുംബ നാഥയുടെ ഉത്തരവാദിത്തങ്ങളൊക്കെയും മറന്നു പോയ അമ്മയുടെ സ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് വെച്ച് വിളമ്പിയും നഷ്ട സ്വപ്നങ്ങളുടെ ചാവേറിടത്തില്‍ മൂകമായി സമരസപ്പെട്ടും സംഭവിക്കാനിടയില്ലാത്ത അത്ഭുതങ്ങള്‍ക്കു കണ്‍പാര്‍ത്ത് തോറ്റുപോയിരിക്കുന്നു അയാള്‍.
ലക്ഷണമൊത്ത ട്രാജഡി
ചെറിയ മനുഷ്യര്‍ വലിയ ലക്ഷ്യങ്ങളിലേക്ക് കണ്ണ് വെക്കുന്നത് ദൈവങ്ങള്‍ക്ക് ഇഷ്ടമാവില്ല എന്നിടത്താണ് ക്ലാസിക്കല്‍ ട്രാജഡി ചുവടുറപ്പിക്കുന്നത്. ക്രിസ്തീയവും അതിനെതിരായ പാഗന്‍ ധാരകളും തമ്മില്‍ നോവലില്‍ സുവ്യക്തമായ അതിര്‍വരമ്പുകള്‍ ഇല്ല എന്നത് കൊണ്ടാവാം, അരിസ്റ്റോട്ടിലിന്റെ ക്ലാസിക്കല്‍ ട്രാജഡി നിര്‍വചനത്തിന്റെ സമവാക്യങ്ങളോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നുണ്ട് 'മുക്കുവര്‍' . താനും തന്റെ കുടുംബവും സാമാന്യവും സാധാരണവുമായ ജീവിതാവസ്ഥകള്‍ക്ക് മുകളിലാണെന്നും അത്കൊണ്ട് തന്നെ വലിയ ലക്ഷ്യങ്ങള്‍ തന്റെ മക്കള്‍ക്ക് അപ്രാപ്യമല്ലെന്നും ഉള്ള എമേയുടെ വിശ്വാസം ട്രാജഡിയുടെ കാരണമാകാവുന്ന ഒരു താന്‍പോരിമയുടെ - hubris- തലത്തിലേക്ക് വളരുന്നുണ്ടെന്ന് പറയാം. ''അച്ഛന്‍ തന്റെ കൂട്ടാളികള്‍ക്കു മേലെ ഉയരത്തില്‍ കൂടുകെട്ടിയ ആ ശക്തനായ പക്ഷി (eagle) ആയിരുന്നു, ഒരു രാജാവ് തന്റെ സിംഹാസനം കാക്കും പോലെ തന്റെ ഗരുഡന്‍ കുഞ്ഞുങ്ങള്‍ക്ക് കാവലിരുന്നവന്‍''. തൊണ്ണൂറുകളുടെ കടുത്ത നൈജീരിയന്‍ സാമ്പത്തിക മാന്ദ്യത്തിലും ഏറെ കുഞ്ഞുങ്ങളുടെ പിതാവാകുന്നതിനു കളിയാക്കപ്പെടുന്നതൊന്നും അയാളെ സ്പര്‍ശിക്കുന്നേയില്ല. മക്കള്‍ മുക്കുവരാവുക എന്ന 'അധമത്വം' അയാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്തതും ഇതേ ഉല്‍ക്കര്‍ഷ ചിന്ത കൊണ്ടും കൂടിയാണ്. മീന്‍ പിടിത്തത്തെ മുന്നേ തന്നെ വെറുത്തു കഴിഞ്ഞിരുന്ന ഇകേന തന്റെ സഹോദരങ്ങളെ ആറ്റിലേക്ക് പോവുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നതറിയാതെ ഏറ്റവും മൂത്തവന്‍ എന്ന പേരില്‍ അച്ഛന്‍ നല്‍കുന്ന അമിത ശിക്ഷ അവനില്‍ കടുത്ത പരിണാമങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനു ശേഷമാണ് അവന്‍ ഒരു പെരുമ്പാമ്പായത് എന്ന് ബെന്യാമിന്‍ ഓര്‍ക്കുന്നു. പ്രധാന കഥാപാത്രങ്ങളിലെല്ലാം ദുരന്തകാരിയായ ഭാവങ്ങള്‍ (fatal flaws) വ്യക്തമാണ്. പ്രവചിതമായ മരണത്തിലേക്ക് ഇകേന തന്റെ തന്നെ സംശയങ്ങളുടെയും സ്വയം നിയന്ത്രിക്കാനാവാത്ത വികാര വിക്ഷോഭങ്ങളുടെയും ഫലമായി കുതിച്ച് ചെല്ലുകയാണ്. തന്റെ കൈകൊണ്ടാവും മൂത്ത സഹോദരന്റെ മരണമെന്ന അപശകുനം അറിയാമായിരുന്നിട്ടും അതൊഴിവാക്കനാവാതെ നൈമിഷിക സമ്മര്‍ദ്ദത്തിനു കീഴ്പ്പെടുകയാണ് ബോയേയും ചെയ്യുന്നത്. സഹോദര വധ (fratricide)ത്തിന്റെ പാപഭാരം പേറി, തകര്‍ന്നു പോയ മമ്മയേയും കുടുംബാംഗങ്ങളേയും അഭിമുഖീകരിക്കാനാവില്ല എന്ന ആത്യന്തിക നിസ്സഹായതയിലാണ് മുക്കുവന്‍ എന്നതില്‍ നിന്ന് മത്സ്യാന്നം എന്നതിലേക്ക് അവന്‍ കിണറാഴങ്ങളില്‍ മറയുന്നത്. അന്നൊരിക്കല്‍ ഓമി-ആലയില്‍ വീര്‍ത്തുപൊന്തിയ പെണ്ണുടലിന് അവന്‍ സ്വയമൊരു വികലാനുകരണമാകുന്നു; അജ്ഞാത യുവതിയുടേത്, സ്ത്രീവിരുദ്ധതയടക്കമുള്ള കുറ്റകൃത്യങ്ങളുടെ സമകാലീന നൈജീരിയന്‍ നഗര ജീവിതത്തിന്റെ നിദര്‍ശനമാണെങ്കില്‍, ബോയേയുടേത് ദുരൂഹമായ അമൂര്‍ത്ത സമസ്യകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരന്ത്യമാണ്. നഗരത്തിന്റെ പാപഭാരങ്ങള്‍ ഏറ്റുവാങ്ങുന്ന പുഴ സമൂഹത്തിനു ഉപയോഗശൂന്യവും വെറുക്കപ്പെട്ടതുമാവുമ്പോള്‍, ബോയേയുടെ ആത്മഹത്യയെ തുടര്‍ന്ന് കിണര്‍ കുടുംബത്തിന് ഉപയോഗശൂന്യമാവുന്നു.
വിധി വേട്ടയാടുകയും മനുഷ്യന്‍ അതിന്റെ കളിപ്പാവയായിപ്പോവുകയും ചെയ്യുന്ന ക്ലാസിക്കല്‍ യവന ദുരന്ത നാടകങ്ങളുടെ രീതി ഏറെ പ്രകടമാണ് ഇവിടെയൊക്കെ. ഇതിനു വിപരീതമായി, ഷേക്സ്പിയറുടെ കാഷ്യസ് പറയും പോലെ സ്വന്തം വിധി കരുപ്പിടിപ്പിക്കാന്‍ തന്റെ മക്കള്‍ക്കാവും എന്ന എമെയുടെ വിശ്വാസത്തിനേല്‍ക്കുന്ന പ്രഹരമാണ് തന്റെ കുടുംബത്തിന് ഭവിക്കുന്ന ദുരന്തങ്ങള്‍. പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുന്ന ഒബേംബേയും കുടുംബാംഗങ്ങളെ പോലും കാണാന്‍ അനുവാദമില്ലാതെ തടവില്‍ കഴിയേണ്ടി വരുന്ന ബെന്യാമിനും നോവലിന്റെ അന്ത്യത്തില്‍ കുടുംബത്തോട് ചേരാനുള്ള സാധ്യത സൂചിതമാവുന്നുണ്ടെങ്കിലും - ശുഭാപ്തിയുടെതായ ഈ വിദൂര സ്വപ്നം ഡേവിഡിനെയും എന്‍കേമിനെയും കുറിച്ചുള്ള 'വെള്ളക്കൊക്കുകള്‍' (Egrets) എന്ന രൂപകത്തിലും വ്യക്തമാണ് - ഇകേനയും ബോയേയും ഉള്‍പ്പടെ നഷ്ടങ്ങളൊന്നും തിരിയെ കിട്ടാന്‍ പോവുന്നില്ല എന്നത് കൊണ്ട് തന്നെ അതൊരു ആത്യന്തിക ദുഃഖ പര്യവസായി തന്നെയാണ്.
ചിനുവ അച്ചബെ, എന്‍ഗൂഗി വാ തിയോംഗോ, ബെന്‍ ഓക്രി തുടങ്ങിയ ലബ്ധപ്രതിഷ്ടരായ ആഫ്രിക്കന്‍ എഴുത്തുകാരിലൂടെ സുപരിചിതമായ ഒരു രീതിയാണ് രൂപപരമായി സാമ്പ്രദായിക ഇംഗ്ലീഷ് നോവലിനെ മാതൃകയാക്കുമ്പോഴും ഗോത്രീയവും പാരമ്പര്യാധിഷ്ഠിതവുമായ വാമൊഴി വഴക്ക കഥാഖ്യാന രീതിയില്‍ ഊന്നുക എന്നത്. ആഖ്യാനത്തിലെ മിത്തിക്കല്‍ - മിസ്റ്റിക് സ്വഭാവത്തെ നിലനിര്‍ത്തുമ്പോഴും ആധുനികതയുടെ സമകാലിക മുദ്രകള്‍ സര്‍ഗ്ഗാത്മകമായി ഉള്‍ച്ചേര്‍ക്കുന്നതിന് ഈ രീതി ആഫ്രിക്കന്‍ സാഹിത്യത്തെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാവും. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷത്തെ അവതരിപ്പിക്കുമ്പോഴും ആഫ്രിക്കന്‍ സാഹിത്യം ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിഭാവുകത്വത്തില്‍ വീണു പോവുന്നില്ല എന്നതും ഇതോടു ചേര്‍ത്തു കാണാം. ചിഗോസി ഒബിയാമയുടെ 'മുക്കുവ'രെ സമീപിക്കുമ്പോള്‍ ഈ നിരീക്ഷണങ്ങളൊക്കെയും സംഗതമാണ്.
