The General of the Dead Army by Ismail Kadare

കൂടണയാത്ത അസ്ഥികള്‍

സമകാലിക അല്‍ബേനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരാണ് 2024 ജൂലൈ ഒന്നിന് അന്തരിച്ച ഇസ്മായില്‍ കദാരെയുടേത്. പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഉള്‍പ്പടെ അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള കദാരെ നോബല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരായിരുന്നു. പോസ്റ്റ്‌ മോഡേന്‍ സാംസ്കാരിക സങ്കലനങ്ങളുടെ നിയത ദേശീയസ്വത്വമില്ലായ്മയുടെ കാലത്തും അല്‍ബേനിയന്‍ സ്വത്വം തന്റെ പ്രവാസജീവിതകാലത്തും തുടര്‍ന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കദാരെയുടെ രാഷ്ട്രീയ ഉത്കണ്ഠകള്‍ ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശചരിത്രം അടയാളപ്പെടുത്തിയ, നാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഹോസാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയുമായി ചേര്‍ത്തുവെച്ചു തന്നെയാണ് പരിഗണിക്കേണ്ടത്. എന്‍വര്‍ ഹോസ ഭരണത്തില്‍ ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെ, സര്‍വ്വാധിപത്യവും സര്‍ഗ്ഗസൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ്, 1991ല്‍, പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞു ചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ ജന്മനാ ഏകാധിപത്യത്തിന്റെ ശത്രുവാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ബാള്‍ക്കന്‍ ചരിത്രത്തെയും ഇതിഹാസങ്ങളെയും വേണ്ടുവോളം ഉപജീവിക്കുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍, ഒരു സര്‍വ്വാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടവിധം ഗോപ്യമായ ഐറണി പ്രയോഗിക്കുന്നു. കാഫ്കെയസ്ക് കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും സ്വന്തം രീതിയില്‍ രചിക്കപ്പെട്ട മിസ്റ്ററികളുമായി കദാരെ തന്റെ സര്‍ഗ്ഗസൃഷ്ടി തുടര്‍ന്നു. നോബേല്‍ പുരസ്കാര പ്രതീക്ഷ, അല്‍ബേനിയന്‍ ഏകാധിപത്യത്തിന്റെ സ്തുതിപാഠകന്‍, അതിന്റെ ഏറ്റവും നിശിത വിമര്‍ശകന്‍, അല്‍ബേനിയന്‍ സ്വത്വത്തിന്റെ കാവലാള്‍, സ്റ്റാലിനിസത്തിന്റെ കീഴിലെ നിത്യജീവിതത്തെ കുറിച്ചുള്ള ഒടുവിലത്തെ മഹാനായ പുരാവൃത്തകാരന്‍ എന്നൊക്കെ ഖണ്ഡനമായും മണ്ഡനമായും വിലയിരുത്തപ്പെടുമ്പോഴും പ്രാദേശികനിറം അദ്ദേഹത്തിന്‍റെ സ്ഥായീവിഷയമല്ല എന്നും, 2005ല്‍ അദ്ദേഹത്തിനു പ്രഥമ മാന്‍ബുക്കര്‍ പുരസ്കാരം നല്‍കിയപ്പോള്‍ ജോണ്‍ കാസി ചൂണ്ടിക്കാണിച്ച പോലെ, ഹോമറില്‍ ചെന്നുമുട്ടുന്ന ഒരു സാര്‍വ്വലൗകികമായ സാഹിത്യപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനാണ് അദ്ദേഹമെന്നും നിരീക്ഷിക്കപ്പെടുന്നു. “അദ്ദേഹം ഒരേസമയം അല്‍ബേനിയന്‍ ദേശസ്നേഹിയും യൂറോപ്യന്‍ അസ്തിത്വവാദിയുമാണ്, തന്റെ ദേശത്തിന്റെ പുരാണങ്ങളുടെ കലവറയും കമ്യൂണിസ്റ്റ് ആധുനികവല്‍ക്കരണ സഹകാരിയും, ഏകാധിപതിയും വിമതനും, സ്യൂസും പ്രോമിത്യൂസും. ഒരു രാഷ്ട്രീയവിമതന്‍ എന്നതിലേറെ ഇതാണ് അദ്ദേഹത്തെ ഒരു മഹാനായ എഴുത്തുകാരനാക്കുന്നത്. കദാരെ അല്‍ബേനിയയുടെ ആധുനികതയുടെ സ്വരമാണ്, അതിന്റെ ദേശീയസ്വത്വത്തിന്റെ ഗായകനും. അദ്ദേഹം ഏകാധിപതിയുടെ അപരസ്വതവും നിയുക്ത അന്തകനും (alter ego and nemesis) ആണ്, ഈ അവ്യക്തതയിലാണ് അദ്ദേഹത്തിന്‍റെ പദവിയുടെ, കേന്ദ്രബിന്ദു, പ്രശസ്തി, കൃതികളുടെ മൂല്യം എന്നിവ കുടികൊള്ളുന്നത്.” *(1).

ദക്ഷിണ അല്‍ബേനിയന്‍ പട്ടണമായ ജിറോകാസ്റ്ററില്‍ 1936ല്‍ ജനിച്ച കദാരെക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ് രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതും എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതും. ഗ്രീക്ക് അതിര്‍ത്തിയോടടുത്ത ജിറോകാസ്റ്ററിന്റെ അധിനിവേശത്തിനായി ഇറ്റാലിയന്‍, ഗ്രീക്ക്, ജര്‍മ്മന്‍ ശക്തികള്‍ കൊമ്പുകോര്‍ത്ത യുദ്ധങ്ങള്‍ നേരിട്ട കുട്ടിക്കാലം Chronicle in Stone (1970) എന്ന നോവലില്‍ കദാരെ ചിത്രീകരിച്ചിട്ടുണ്ട്. എന്‍വര്‍ ഒജയുടെയും ജന്മസ്ഥലമായ ജിറോകാസ്റ്റര്‍, മുഖ്യമായും മുസ്ലിം, ഓര്‍ത്തോഡോക്സ് ക്രിസ്ത്യന്‍ സങ്കരമായിരുന്നു.

‘മൃതസൈനികരുടെ ജനറല്‍’

ബാള്‍ക്കന്‍ ദേശങ്ങളിലെ ഒരു കൊച്ചുരാജ്യമായ അല്‍ബേനിയയെ ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് ഇസ്മയില്‍ കദാരെയുടെ പ്രഥമ നോവല്‍ The General of the Dead Army (1963). അതീവ കൗതുകകരമായ ഒരു പരിസരത്തിലാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. രണ്ടാം ലോകയുദ്ധം കഴിഞ്ഞു ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഇറ്റാലിയന്‍ ജനറലും അയാളുടെ കൂട്ടാളിയായി മുന്‍കേണല്‍ കൂടിയായ ഒരു പാതിരിയും അല്‍ബേനിയയിലേക്ക് സവിശേഷമായ ഒരു ദൗത്യവുമായി അയക്കപ്പെടുന്നു: 1938- 1942 കാലത്ത് ആഡ്രിയാറ്റിക് കടലിനക്കരെ, ഗ്രീസ് കീഴടക്കാനുള്ള പടയോട്ടം നടത്തിയ മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌ സൈന്യത്തിന്, സൈനികമുന്നേറ്റത്തില്‍ ഇടത്താവളമാക്കേണ്ടിയിരുന്ന അല്‍ബേനിയയില്‍ അധിനിവേശം നടത്തേണ്ടിവന്നു. ആ കൊച്ചുരാജ്യം അങ്ങനെ ഒരു യുദ്ധഭൂമിയായി മാറുകയുംചെയ്തു. യുദ്ധത്തിനിടെ അവിടങ്ങളില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ സൈനികരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി തിരികെയെത്തിക്കുക എന്ന, പ്രഥമദൃഷ്ട്യാ മാനുഷികപ്രവര്‍ത്തനമായ ദൗത്യമാണ് ജനറലിനും കൂട്ടാളിക്കും നല്‍കപ്പെടുന്നത്. ഇരുവര്‍ക്കും പേരുപറയുന്നില്ല. കമ്യൂണിസ്റ്റ് രാഷ്ട്രമായ അല്‍ബേനിയ തങ്ങളുടെ മണ്ണില്‍ പ്രസ്തുതദൗത്യത്തിനു അനുമതി നല്‍കുന്നത്, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു രഞ്ജിപ്പിനുള്ള വഴിതേടലായുരുന്നിരിക്കാം. ചരിത്രപരമായി, വെറും മൂന്നുദിവസംകൊണ്ട് അല്‍ബേനിയ എന്ന ചെറുരാജ്യത്തെ കീഴടക്കി തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞ ഇറ്റലിയെ സംബന്ധിച്ചു തങ്ങളുടെ ഗ്രീക്ക് അധിനിവേശശ്രമം ഒരു വന്‍പരാജയമായിരുന്നു. അല്‍ബേനിയന്‍ മലനിരകളിലേക്കും പീഡഭൂമികളിലേക്കും ആട്ടിയോടിക്കപ്പെട്ട ഇറ്റാലിയന്‍ സൈന്യം, മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത കൊടുംശൈത്യത്തിലും വിമതഗ്രീക്ക് സൈനികരുടെ ഒളിയാക്രമണങ്ങളിലും അധിനിവേശ സൈനികരോടു പകയുളള നാട്ടുകാരുടെ ശത്രുതാമനോഭാവത്തിലും വന്‍നാശനഷ്ടങ്ങളാണ് നേരിട്ടത്. അതെന്തായാലും, ടിരാനയിലെ ഇറ്റാലിയന്‍ ആധിപത്യം ഏതാണ്ട് നാലുവര്‍ഷക്കാലം നിലനിന്നു. സ്റ്റാമ്പുകളും ബാങ്ക് നോട്ടുകളും ഇറ്റാലിയന്‍ പതിപ്പുകള്‍ ആയിമാറാനും ഇറ്റാലിയന്‍ മാതൃകയില്‍ സ്മാരകങ്ങളും മഹാസൗധങ്ങളും ഉയരാനും നാട്ടുകാരുടെ അകാരണമായ അറസ്റ്റുകള്‍, നിരന്തര വെടിവെപ്പ്, പ്രദേശത്തെ സ്ത്രീത്വത്തിനെതിരെ നിര്‍ബാധം നടന്ന സൈനിക ബലാല്‍ക്കാരം എന്നിവയ്ക്കുമെല്ലാം അതുമതിയായിരുന്നു. സ്വാഭാവികമായും ആക്രമണങ്ങളും കൂട്ടക്കുഴിമാടങ്ങളും നിയാമകമായിത്തീര്‍ന്നു.

ദൗത്യത്തെ കുറിച്ച് വെളിയിലറിയുന്ന നിമിഷംമുതല്‍ ജനറലിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. പലരും വയോധികര്‍. ഏറെ ദൂരെ നിന്നുള്ളവര്‍. അയാള്‍ക്ക് നന്ദി പറയാനും കൈമുത്താനും അവര്‍ തിരക്കുകൂട്ടി. അധികാരത്തിലിരിക്കുന്ന ആരോടും തങ്ങളുടെ വേദനപങ്കിടാന്‍ ഒരവസരവും കിട്ടിയിട്ടില്ലാത്ത സാധാരണക്കാര്‍ പറയുന്ന, അയാള്‍ക്ക്‌ ഒരുതാല്‍പര്യവും പ്രയോജനവുമില്ലാത്ത കഥകള്‍, കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയതെല്ലാം അയാള്‍ കേള്‍ക്കുന്നതായി നടിക്കുന്നത് വെറും മര്യാദയുടെ പേരിലാണ്. അവരെ ആശ്വസിപ്പിക്കാന്‍വേണ്ട വാക്കുകളും ഉറപ്പുകളും നല്‍കി യാത്രതിരിക്കുന്ന ജനറലും മുന്‍കേണലും കൂട്ടാളിയുമായ പാതിരിയും, അല്‍ബേനിയയില്‍ എത്തുമ്പോഴാണ് തങ്ങളുടെ ദൗത്യത്തിന്റെ വ്യാപ്തിയും ദുസ്സാധ്യതയും തിരിച്ചറിയുക. അയാള്‍ അന്വേഷിക്കുന്നത് ഒരു വിദേശരാജ്യത്ത്, യുദ്ധക്കളങ്ങളില്‍ ധൃതിയില്‍ കുഴിക്കപ്പെട്ട കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്യപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങളാണ്. കയ്യിലാകെയുള്ളത് കുറെയേറെ പേരുകളടങ്ങിയ ഒരു ലിസ്റ്റും അവരെ എവിടെ കണ്ടെത്താനാകും എന്നതിനെ കുറിച്ചുള്ള അവ്യക്തമായ ചില ദിശാസൂചനകളും സൈനിക ബാഡ്ജുകളുടെ അഭാവത്തില്‍ തിരിച്ചറിയാന്‍ സഹായകരമായേക്കാവുന്നതെന്ന് കരുതപ്പെട്ട ശാരീരിക അളവുകളുടെ ഒരു കൃത്യതയുമില്ലാത്ത ചുരുക്കം സൈനികരേഖാ വിവരങ്ങളും മാത്രമാണ്. അക്കൂട്ടത്തില്‍, ജനറലിനെ അലട്ടുന്ന ഏറ്റവും വലിയപ്രശ്നം, അപ്രകാരം മറമാടപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായ ആളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തലാണ് ഏറ്റവും ദുഷ്കരം എന്നതാണ്. കേണല്‍ ഇസെഡ്, അല്‍ബേനിയയില്‍ അടക്കപ്പെട്ട/ കാണാതായ ഏറ്റവും ഉന്നതനായ ഓഫീസറും ധീരമായ യുദ്ധത്തിന്റെയും ഒപ്പം സിവിലിയന്മാര്‍ക്കെതിരെ നടമാടിയ കടുത്ത യുദ്ധക്കുറ്റങ്ങളുടെയും പേരില്‍ കുപ്രസിദ്ധമായ ബ്ലൂ ബറ്റാലിയന്റെ തലവനുമായിരുന്നു. കേണലിന്റെ കുടുംബവും ജനറലിനെ കണ്ടിരുന്നു. അവര്‍ തങ്ങളുടെ പൂര്‍വ്വികനുവേണ്ടി മാര്‍ബിള്‍ കുടീരമുണ്ടാക്കി കാത്തിരിക്കുകയാണ്. എന്നാല്‍ അയാള്‍ക്കെന്തു സംഭവിച്ചിരിക്കാമെന്നത് അവ്യക്തമാണ്: അയാള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കാം, അയാളുടെ ആളുകള്‍തന്നെ ഒരുവേള അതു ചെയ്തിരിക്കാം, ഒരു സിവിലിയന്‍ തിരിച്ചടിയില്‍ അത് സംഭവിച്ചിരിക്കാം, അല്ലെങ്കില്‍ അയാള്‍ ഓടിപ്പോയിരിക്കാം, അതുമല്ലെങ്കില്‍ അയാള്‍ ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവാം എന്നിങ്ങനെ ഒട്ടേറെ സാധ്യതകള്‍ നിലവിലുണ്ട്. തന്റെ ദൗത്യത്തിന്റെ കുലീനതയിലുള്ള ആവേശവും അഭിമാന ബോധവുമെല്ലാം ജനറലിനെ സംബന്ധിച്ചു അതിവേഗം ഇല്ലാതാകും. കാരണം, അതിന്റെ വ്യാപ്തിയെയും ആവശ്യമുള്ള ഊര്‍ജ്ജത്തെയും കുറിച്ചുള്ള ചിന്തക്കൊപ്പം അതൊക്കെയും ഫലത്തില്‍ തികച്ചും നിഷ്പ്രയോജകമാണല്ലോ എന്ന ചിന്ത അതിവേഗം അയാളുടെ മനസ്സില്‍ ഉറക്കാന്‍ തുടങ്ങുന്നു. തന്റെ ദൗത്യം, പോയ കാലത്തിന്റെ യുദ്ധഭൂമിയിലൂടെ, മരണത്തിന്റെ നിഴല്‍വീണ താഴ്വരകളിലൂടെ, മരിച്ചവരെ ഉയിര്‍പ്പിച്ചുകൊണ്ട്‌ ഒരിക്കല്‍ക്കൂടി യുദ്ധത്തെ അനുഭവിക്കലാണ്‌ എന്ന് അയാള്‍ക്ക് അനുഭവപ്പെടുന്നു.

“മറമാടപ്പെട്ട പതിനായിരക്കണക്കിനു സൈനികരുടെ ശരീരങ്ങള്‍ ഇത്രയേറെ നീണ്ട വര്‍ഷങ്ങള്‍ അയാളുടെ വരവിനായി കാത്തുകിടന്നു, എന്നിട്ടിപ്പോള്‍ അയാളിവിടെ എത്തിയിരിക്കുന്നു, ഒരു പുതിയ മിശിഹായെ പോലെ.”

മറ്റു പോംവഴികളില്ലാതെ കൂടുതല്‍ക്കൂടുതല്‍ തളര്‍ന്നവനും മ്ലാനനുമായിത്തീരുന്ന ജനറല്‍, നാട്ടുകാരുടെ നിശ്ശബ്ദശത്രുത നേരിടുന്നു. അവരെ സംബന്ധിച്ച് അയാള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇനിയുമൊരിക്കല്‍കൂടി തങ്ങളുടെ നേരെ അധിനിവേശം നടക്കുന്നതായി അവര്‍ക്ക് തോന്നുന്നു. വാസ്തവത്തില്‍, സമീപഭൂതകാലത്തിന്റെ വിദ്വേഷങ്ങള്‍ വിമരിക്കപ്പെട്ടിട്ടില്ല എന്ന ചിന്ത, നോവലില്‍ കദാരെയുടെ അടിസ്ഥാനനിലപാടാണ്. അധികൃതര്‍, ജനറലിന് ഡ്രൈവറെയും വിദഗ്ധരെയും മറ്റും നല്‍കിയിട്ടുണ്ടെങ്കിലും, കടന്നുപോകുന്ന ഗ്രാമങ്ങളില്‍ അവര്‍ക്ക് കുഴിവെട്ടുകാരെ കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും, പ്രാദേശിക കര്‍ഷകരോ സാധാരണക്കാരോ ആ സൗഹൃദം പങ്കുവെക്കുന്നില്ല. തുറന്ന ശത്രുത കാണിക്കുന്നില്ലെങ്കിലും നിശ്ശബ്ദ അമര്‍ഷത്തിന്റെ അസുഖകരമായ അന്തരീക്ഷം തൊട്ടറിയാവുന്ന ഒന്നായി നിലനില്‍ക്കുന്നു. പ്രദേശവാസികളുമായി അകല്‍ച്ച നിലനിര്‍ത്തുക എന്നത് സ്വാഭാവികമായിത്തീരുന്നു. ദീര്‍ഘമായ പര്യവേഷണങ്ങളുടെ അന്ത്യംവരെയും അങ്ങനെയാണ് കഴിഞ്ഞുപോകുന്നത്. ദൗത്യത്തിന്റെ അന്ത്യം ആഘോഷിക്കാനായി അവസാനരാത്രിയില്‍ നാട്ടുകാരുടെ ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാമെന്നു ജനറല്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ആ തീരുമാനം പഴയ വിദ്വേഷങ്ങളുടെ ഉയിര്‍പ്പിലേക്കും ആഥിത്യമര്യാദ സംബന്ധിച്ച പ്രാദേശിക പാരമ്പര്യവുമായുള്ള അതിന്റെ ഏറ്റുമുട്ടലിലേക്കും നയിക്കുകയും ചെയ്യും. ദേശത്തിന്റെ ദുര്‍വ്വിധിയുടെതന്നെ കണ്ണാടിയായിത്തീര്‍ന്ന, പതിനാലുകാരിയായിരുന്ന തന്റെ മകളുടെ ദുരന്തത്തിന്റെ വിട്ടുപോകാത്ത ഓര്‍മ്മകളില്‍ നീറുന്ന ഒരു വയോധികയിലൂടെയാണ് ഇസെഡിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെനേരെ നടമാടിയ കൊടുംക്രൂരതകളുടെ ചിത്രം വ്യക്തമാകുക. വയോധികയുടെ മനോനില തന്നെയാണ് വിചിത്രമായ പ്രതികാരമായി ജനറലിനെയും വേട്ടയാടുക. ഇസഡിന് എന്തുപറ്റി എന്ന ചോദ്യത്തിന്റെ ഉത്തരവും വയോധിക നല്‍കുന്ന മണ്ണില്‍പുതഞ്ഞ അവശിഷ്ടങ്ങളിലൂടെ വ്യക്തമാകും. ഇനിയും അത്തരം അധിനിവേശങ്ങള്‍ ആവര്‍ത്തിക്കാനാണ് ജനറലും കൂട്ടരും എത്തിയിരിക്കുന്നത് എന്ന വയോധികയുടെ ഭയം, ഒരു ഹിസ്റ്റീരിയയായി മറ്റുള്ളവരെയും ബാധിക്കാനുള്ള സാധ്യതയാണ്, വയോധികയുടെ സമ്മാനവും ഇസഡിന്റെ പ്രഭുകുടുംബത്തിനുള്ള ഉത്തരവുമായ ചാക്കുമായി രായ്ക്കുരാമാനം രക്ഷപ്പെടാന്‍ ജനറലിനെ പ്രേരിപ്പിക്കുക. അതിനിടെ ഒന്നൊന്നായി സംഭവിക്കുന്ന വിഘ്നങ്ങള്‍, ദുഃശ്ശകുനനിമിത്തമായി തോന്നിയ ചാക്കുകെട്ട്, ചിന്താശൂന്യമായ ഒരു നിമിഷത്തില്‍ താഴെ പുഴയിലേക്ക് തട്ടിയെറിയുന്നതാണ് പിന്നീടങ്ങോട്ട് ജനറലിനു തീരാത്ത പ്രശ്നമാകുക. വയോധികയോടും കൂട്ടരോടും ഇസഡ് ചെയ്തതുപോലുള്ള യുദ്ധക്കുറ്റങ്ങളെ താനൊരിക്കലും അംഗീകരിക്കുന്നില്ലെന്നും മാനുഷികമായ ഒരു ദൗത്യത്തിനുവേണ്ടി മാത്രമാണ് താന്‍ വന്നതെന്നും പറയാന്‍ ശ്രമിക്കുന്ന ജനറലിനെ പിന്തിരിപ്പിച്ചത് പാതിരിയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഇസഡിനെ വിധിക്കുകയാവും എന്നും അതിനു തങ്ങള്‍ക്ക് അധികാരമില്ല എന്നുമാണ് അയാള്‍ പറയുക. ഇസഡിന്റെ നഷ്ടപ്പെട്ട അവശിഷ്ടങ്ങള്‍ക്കുപകരം അടയാളങ്ങള്‍ യോജിക്കുന്ന മറ്റൊന്നുകൊണ്ടു പകരംവെക്കാം എന്നും മാര്‍ബിള്‍ കുടീരത്തില്‍ അതൊരു വ്യത്യാസവും ഉണ്ടാക്കില്ലെന്നും പദ്ധതിയിടുമ്പോഴും പാതിരി എതിര്‍ക്കുന്നത്, അയാള്‍ ഒരു ചാരനാണോ എന്ന് ശങ്കിക്കാന്‍ ജനറലിന് ഇടവരുത്തുന്നുണ്ട്.

നേര്‍പതിപ്പുകള്‍

‘മൃത സൈന്യത്തിന്റെ ജനറല്‍’ എകാന്തതയെ കുറിച്ചും കയ്ക്കുന്ന ഓര്‍മ്മകളെ കുറിച്ചുമുള്ള പുസ്തകമാണ് എന്നു പറയാം. ഒട്ടും സംസാരപ്രിയനല്ലാത്ത കൂട്ടാളി പാതിരി, കേണലിന് ഒരാശ്വാസമല്ല. അക്ഷോഭ്യനും തങ്ങളുടെ ദൗത്യത്തിനപ്പുറം മറ്റൊരു ചിന്തയുമില്ലാത്തവനുമാണ് പാതിരി. പാതിരിയെ അലട്ടുന്നില്ലാത്ത അസ്തിത്വ പ്രശ്നങ്ങള്‍ ജനറലിനെ വേട്ടയാടുന്നു:

“ഞാന്‍ ആരെയെങ്കിലും കാണുന്ന നിമിഷം, അതാരായാലും, ഞാനറിയാതെ അയാളുടെ തലമുടി നീക്കം ചെയ്യാന്‍ തുടങ്ങുന്നു, പിന്നീട് കവിളുകള്‍, പിന്നീട് കണ്ണുകള്‍, അവയൊക്കെയും എന്തോ അനാവശ്യവസ്തുക്കള്‍, അയാളുടെ സത്തയിലേക്ക് ചുഴിഞ്ഞെത്തുന്നതില്‍ നിന്ന് എന്നെ തടയുക മാത്രം ചെയ്യുന്ന എന്തോ ഒന്ന് ആണെന്ന മട്ടില്‍; അയാളുടെ തല ഒരു തലയോട്ടിയും പല്ലുമല്ലാതെ മറ്റൊന്നുമല്ലെന്നു ഞാന്‍ ഭാവന ചെയ്യുന്നു- നിലനില്‍ക്കുന്ന വിശദാംശങ്ങള്‍ അവ മാത്രമാണ്.”

മദ്യാസക്തിയും ദുസ്വപ്നങ്ങളും അയാളെ വേട്ടയാടിത്തുടങ്ങുന്നു. തന്റെ ചെറുസംഘവുമായി വിവിധ സ്ഥലങ്ങിലേക്ക് പോകുന്ന ജനറല്‍, കണ്ടുമുട്ടുന്ന മറ്റൊരു പ്രധാനകഥാപാത്രം, അയാളുടെ അതേ അവസ്ഥയുടെ മറ്റൊരു പതിപ്പാണ്‌. സ്വന്തം നാടിനുവേണ്ടി സമാനദൗത്യവുമായി വന്ന ജര്‍മ്മന്‍ ജനറല്‍ ആണത്. ഒരു നിലക്ക്, ഇരുവരും ഒന്നുതന്നെ (doppelganger) ആണ് എന്നതുമാത്രമല്ല ഈ പാത്രസൃഷ്ടിയുടെ പ്രസക്തി. പ്രശ്നത്തിന്റെ, ഇരുവരും നേരിടുന്ന സാഹചര്യത്തിന്റെ, സാര്‍വ്വലൗകികത കൂടിയാണ്. തങ്ങള്‍ കിളച്ചുമറിക്കുന്ന കുഴിമാടങ്ങളിലെ സൈനികരുടെ കഥകളും ജേണലുകളും ജനറല്‍ വായിക്കുന്നു. പ്രാദേശികയുവതികളുമായുള്ള പ്രണയങ്ങള്‍, സൈനികരുടെ നേരമ്പോക്കിനായി ഇറ്റലിയില്‍ നിന്നെത്തിയ വേശ്യകള്‍, അവരുടെ വേശ്യാലയങ്ങള്‍ അല്‍ബേനിയന്‍ ഗ്രാമങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും അവയുടെ ദുരന്തങ്ങളും തുടങ്ങിയതൊക്കെ അങ്ങനെയാണ് നോവലില്‍ കടന്നു വരുന്നത്. വിഷാദരോഗത്തിന്റെ ശിഥിലീകരണത്തിലേക്ക് അതിവേഗം കൂപ്പുകുത്തുന്ന ജനറലിന്റെ അവസ്ഥ, കേണല്‍ ഇസഡിന്റെ വിധിയുമായി ഇഴകോര്‍ക്കുന്നത്, നേരത്തെ സൂചിപ്പിച്ചപോലെ, നോവലിലെ അതിതീവ്രമായ ഒരു സന്ദര്‍ഭമാണ്.

സൈനിക വൃത്തിയെ കുറിച്ചുള്ള കാല്‍പ്പനികവല്ക്കരണങ്ങള്‍ ദേശനിര്‍മ്മിതിയിലെ ഇഷ്ട മിത്തുകളായിത്തീരുക പില്‍ക്കാലം ഓര്‍ത്തെടുക്കുകയും ചരിത്രവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ കദാരെയുടെ ജനറലിന്റെ ആദ്യഘട്ടത്തിലെ വീരപരിവേഷത്തിന് പിന്നീടെന്തു സംഭവിക്കുന്നു എന്നത്, അയാള്‍ തേടിക്കൊണ്ടിരിക്കുന്ന സൈനികരുടെ വിധി പോലെത്തന്നെ, ഈ മിത്തിനെ പൊളിച്ചെഴുതുന്നുണ്ട്. കദാരെ തന്റെ ജനറലിനെ ഉപയോഗിക്കുന്നത് വീരസൈന്യത്തിന്റെ അവശിഷ്ടങ്ങളായി ഒടുവില്‍ ബാക്കിയാകുക മണ്ണും മരണവും അസ്ഥികളും അങ്കലാപ്പുകളും നശിപ്പിക്കപ്പെട്ട സമൂഹങ്ങളും തകര്‍ന്നുപോയ ജീവിതങ്ങളുമാണ് എന്നുകാണിക്കാനാണ്. അല്‍ബേനിയന്‍ ജനജീവിതത്തെ കുറിച്ചുള്ള തങ്ങളുടെ ചിന്തകളും ജനറലും പാതിരിയും പങ്കുവെക്കുന്നു: എത്രയും വന്യവും ഭീഷണവുമായ ഒരു പ്രദേശത്ത്, തങ്ങളുടെ പ്രാകൃത ആയുധിയെക്കാള്‍ സങ്കീര്‍ണ്ണവും ആധുനികവുമായ ആയുധങ്ങളുമായി അധിനിവേശം നടത്തുന്ന വിവിധ വിദേശശക്തികളോട് നിരന്തരം പൊരുതിയും സാഹചര്യങ്ങള്‍ക്കനുസരിച്ചു അതിവേഗം പരുവപ്പെട്ടും വന്ന ഒരു ജനതയായി അല്‍ബേനിയക്കാര്‍ അവതരിപ്പിക്കപ്പെടുന്നു. അത്തരം അനുഭവങ്ങളില്ലാത്ത ഒരു തലമുറയും അവിടെയില്ലെന്നു അവര്‍ കണ്ടെത്തുന്നു.

ഇതരസ്വരങ്ങളും സുരക്ഷിത അകലവും

ഒട്ടു മിക്കപ്പോഴും ജനറലിന്റെ വീക്ഷണത്തില്‍ തന്നെ എഴുതപ്പെട്ട നോവലില്‍ അതിനു മാറ്റമുണ്ടാകുന്നത്‌, സൈനികരുടെതായി ഉദ്ധരിക്കപ്പെടുന്ന കത്തുകള്‍, കുറിപ്പുകള്‍ എന്നിവയില്‍ മാത്രമാണ്. യുദ്ധത്തിന്റെ നിരര്‍ത്ഥകതയെന്ന പ്രമേയത്തെ അത് കൂടുതല്‍ തീവ്രതരമാക്കുന്നുണ്ട്. അല്‍ബേനിയന്‍ പ്രകൃതിസൗന്ദര്യത്തെ കുറിച്ചൊക്കെ അതിഭാവുകത്വം തൊട്ടുതീണ്ടാത്ത പ്രമേയപരമായ ആവശ്യത്തിനു മാത്രമായാണ് (functional) നോവലിസ്റ്റ് സൂചനകള്‍ നല്‍കുന്നത്. പൊടിപ്പും തൊങ്ങലുമില്ലാത്ത കാര്യമാത്രപ്രസക്തമായ ശൈലി, ജനറലിന്റെ അവസ്ഥാന്തരങ്ങളെ, വീരപരിവേഷത്തില്‍ നിന്നുള്ള പതനത്തിലേക്കും, നാട്ടിലെ ഗതകാലഹിംസക്കു വിലയൊടുക്കുന്ന ദുരന്തത്തിലേക്കുമുള്ള വീഴ്ചയെ, തീവ്രമാക്കുന്നു. ഇറ്റാലിയന്‍ ജനറലിന്റെ വീക്ഷണം എന്നതിലൂടെ പുറത്തുനിന്നുള്ള ഒരാള്‍ അല്‍ബേനിയയെ വീക്ഷിക്കുന്നതിന്റെ അകലം സൃഷ്ടിക്കുന്നത് ഏറെ പ്രസക്തമാണ്‌. ജനറലിന് അല്‍ബേനിയയെയോ അതിന്റെ സംസ്കൃതിയെയോ അറിയില്ല എന്നുമാത്രമല്ല, അയാള്‍ക്ക് അതില്‍ താല്‍പര്യവുമില്ല. താന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം, കുഴിമാടങ്ങള്‍ അകംപുറം മറിക്കുന്നത്, നാട്ടുകാരുടെ ആവശ്യമല്ല എന്നുമാത്രമല്ല, അവിടെയത് നിഷിദ്ധവും (taboo) ആണ്. അക്കൂട്ടത്തില്‍ അല്‍ബേനിയന്‍ സൈനികരുടെ ജടങ്ങളും പുറത്തുവരുന്നതിലൂടെ ഒരുകാര്യവുമില്ലാതെ അവ അശുദ്ധമാക്കപ്പെടുകയാണ് എന്നത് ജനറലിനു പ്രശ്നമേയല്ല. അതിസൂക്ഷ്മമായാണ് കദാരെ ഈ സങ്കീര്‍ണ്ണപ്രമേയത്തെ നേരിടുന്നത്. നാട്ടുകാര്‍ തങ്ങളുടെതന്നെ മാര്‍ഗ്ഗങ്ങളിലൂടെയാണ് സാഹചര്യത്തെ നേരിടുന്നതെങ്കിലും, ഇറ്റാലിയന്‍ സൈനികരുടെ വീണ്ടുവിചാരമില്ലായ്മയുടെ മറപിടിച്ചു നാട്ടുകാരെ പ്രകീര്‍ത്തിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല. എന്നാല്‍ ഒരൊറ്റ പ്രയോഗം കൊണ്ടുപോലും അവരെ ഇകഴ്ത്തുന്നുമില്ല. അവരുടെ ചിന്തകളും പ്രതികരണങ്ങളും അടക്കിപ്പിടിച്ച, സ്ഫോടനാത്മകമെങ്കിലും പിടിച്ചുനിര്‍ത്തപ്പെട്ട പ്രതികരണങ്ങളായാണ് നോവലില്‍ ഇടംപിടിക്കുന്നത്. വാസ്തവത്തില്‍ ഈയൊരു വീര്‍പ്പുമുട്ടല്‍ ഉടനീളം നിലനിര്‍ത്തുന്നതും, എപ്പോഴും മഴപെയ്യുന്ന, ഇരുണ്ട രാത്രികളുടെ സാന്നിധ്യമുള്ള, ‘യൂറോപ്യന്‍ ഉള്‍നാടുകളുടെ ഇരുട്ടിന്റെ ഹൃദയം തന്നെയായ’ അന്തരീക്ഷവും ചേര്‍ന്നു നോവലിന് ഏതാണ്ടൊരു ഭീകരകഥാന്തരീക്ഷം നല്‍കുന്നുണ്ട് *(2). ഒരേസമയം സാഹചര്യങ്ങളുടെ സൃഷ്ടാവായും അതേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ മനസ്സിന്റെപോലും പിടിവിട്ടുപോകുന്ന അവസ്ഥയിലും ജനറലിനെ ചിത്രീകരിക്കുന്നതിലൂടെ ആദ്യകൃതിയില്‍ത്തന്നെ ഒരു ‘മാസ്റ്റര്‍പീസുകളുടെ രചയിതാ’വാണ് പിറവിയെടുക്കുന്നത് എന്ന വാഗ്ദാനം തന്നെയാണ് കദാരെ വായനാലോകത്തിനു നല്‍കിയതും. കാഫ്കയോടും ഓര്‍വെല്ലിനോടും താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യസഞ്ചയത്തിന്റെ ഉടമ എന്നതിലേക്കുള്ള വികാസത്തിന്റെ സമൃദ്ധമായ സൂചനകളാണ് ‘ജനറല്‍’ കരുതിവെച്ചത്.

പുറത്തുനിന്നുള്ള മുഖ്യകഥാപാത്രത്തിന്റെ വീക്ഷണം എന്നത് കദാരെയെ സംബന്ധിച്ച് മറ്റൊരു അര്‍ഥത്തിലും നിര്‍ണ്ണായകമാണ്: എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യക്രമത്തില്‍ സെന്‍സര്‍ഷിപ്പിനെ നേരിടാന്‍വേണ്ട ദേശഭക്തിയുടെ അമിതമാനദണ്ഡങ്ങള്‍ ഉത്തമസാഹിത്യത്തിനു താങ്ങാനാവില്ല എന്നത് വ്യക്തമായിരുന്നു എന്നിരിക്കെ, അദ്ദേഹത്തിനു ആ അകലം ആവശ്യമായിരുന്നു. ഇറ്റാലിയന്‍ചരിത്രം തമസ്കരിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്ത യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പുനസ്ഥാപിക്കപ്പെടുക എന്ന പ്രക്രിയ, വിശാലമായ അര്‍ഥത്തില്‍, അതിന്റെ ഫാഷിസ്റ്റ് ഭൂതകാലത്തിന്റെ കണക്കെടുപ്പായി മാറുന്നു. മുപ്പതുകളിലും നാല്‍പ്പതുകളിലുമായി നടത്തപ്പെട്ട അല്‍ബേനിയന്‍ അധിനിവേശം, പക്ഷെ അല്‍ബേനിയന്‍ ചരിത്രത്തില്‍ ആദ്യത്തേതോ അവസാനത്തേതോ ആയിരുന്നുമില്ല. ആദ്യം ഓട്ടോമന്‍സാമ്രാജ്യം, പിന്നീട് ഫാഷിസ്റ്റ്‌ ഇറ്റലി എന്നതൊക്കെ കടന്നെത്തിയ, നൂറ്റാണ്ടുകള്‍ നീണ്ട ദൗര്‍ഭാഗ്യങ്ങളുടെ ദേശവിധി എന്‍വര്‍ ഓജയുടെ പാരനോയിഡ് അധികാര കേന്ദ്രീകരണത്തില്‍ യൂറോപ്പിലെ ഏറ്റവും ദാരിദ്രവും അടിച്ചമര്‍ത്തപ്പെട്ടതും ഒറ്റപ്പെട്ടതുമായ രാജ്യമായിപ്പോവുക എന്നതായിരുന്നു. അത്തരം ഒരവസ്ഥയെ വ്യംഗ്യമായിപ്പോലും സ്പര്‍ശിക്കാന്‍ നോവലിസ്റ്റിനു അനിവാര്യമായിരുന്ന സംരക്ഷക അകലമായി മാറുകയായിരുന്നു, പ്രകടമായും നമ്പാന്‍ കൊള്ളാത്തവന്‍ (unreliable) ആയ, നായക ഗുണങ്ങള്‍ വറ്റിപ്പോകുന്ന, ജനറല്‍. “കദാരെയുടെ ആദ്യത്തെ വലിയ നോവല്‍ ഭരണവിരുദ്ധ പ്രതിഷേധം എന്നു കൃത്യമായി പറയാന്‍ ആവില്ലെങ്കിലും, അതുപോലെത്തനെ തെറ്റായ നിലപാടാണ് അതിനെ വ്യവസ്ഥിതിയുടെ പ്രോപഗാന്‍ഡാ കൃതി മാത്രമായി, പാര്‍ട്ടി അതിഭാവുകത്വ, അസഭ്യത്തെ (kitsch) ഉദാത്തമാക്കുന്ന, ‘സ്റ്റാലിനിസ്റ്റ് ഴോനറിലെ സോഷ്യലിസ്റ്റ് റിയലിസ’ത്തിന്റെ സമര്‍ത്ഥമായ പ്രയോഗം ആയിക്കാണുന്നതും.” (Weitzman).

സഹാകാരി/ വിമതന്‍, പോരളി/ വിധേയന്‍, പ്രവാസി/ ബഹിഷ്കൃതന്‍, അനഭിമതന്‍/ ദേശനായകന്‍ തുടങ്ങി വൈരുദ്ധ്യങ്ങളുടെ കൊടുങ്കാറ്റുപിടിച്ച ജീവിതകാണ്ഡം കടന്ന് 2024 ജൂലൈ ഒന്നിന് എണ്‍പത്തൊമ്പതാം വയസ്സില്‍ ജന്മദേശത്ത്, അതും പ്രിയപ്പെട്ട ടിറാനയുടെ മണ്ണില്‍ അന്തരിക്കുമ്പോള്‍ എണ്‍പതോളം നോവലുകള്‍, പത്തോളം കാവ്യസമാഹാരങ്ങള്‍, ഏതാണ്ട് അത്രയുംതന്നെ കഥാസാമാഹാരങ്ങള്‍, ഒട്ടേറെ രാഷ്ട്രീയ, സാംസ്കാരിക ലേഖനങ്ങള്‍ എന്നിങ്ങനെ ബൃഹത്തായ ഒരു സാഹിത്യസഞ്ചയത്തിന്റെ സൃഷ്ടാവായിക്കഴിഞ്ഞുരുന്നു ഇസ്മയില്‍ കദാരെ. ‘മൃതസൈനികരുടെ ജനറലിന്റെ’ അതേകാലത്തു തന്നെ രചിക്കപ്പെട്ട ‘പൗരസ്ത്യ ദൈവങ്ങളുടെ സാന്ധ്യവെളിച്ചം’ (Twilight of the Eastern Gods) എന്ന നോവലിന്റെ അതേ പ്രമേയത്തിലേക്ക്- കദാരെയുടെ ഗോര്‍ക്കി ഭവന്‍ സാഹിത്യപരിശീലന കാലത്തേക്ക്- തിരികെ പോകുകയും സ്റ്റാലിന്‍ - എന്‍വര്‍ ഓജ സമാന്തരങ്ങളെയും സര്‍വ്വാധിപത്യസാഹചര്യത്തിലെ എഴുത്തുജീവിതമെന്ന ആത്മാന്വേഷണത്തെയും പൂര്‍ത്തിയാക്കുന്ന A Dictator Calls എന്ന അവസാന കൃതി (2023) രചിക്കുകയും ചെയ്തതിലൂടെ കദാരെ തന്റെ സാഹിത്യസപര്യക്ക് ബോധപൂര്‍വ്വം പരിസമാപ്തി നല്‍കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ കാലഘട്ടം കണ്ട ഏറ്റവുംവലിയ ഒരു മൗലികപ്രതിഭയുടെ രചനാലോകത്തേക്കു കടക്കാന്‍ശ്രമിക്കുന്ന ഏതൊരാള്‍ക്കും അനിവാര്യ വായനയായി ‘ജനറല്‍’ മാറുന്നത്, ലളിതസമവാക്യങ്ങളില്‍ ഒതുങ്ങാത്ത അസ്തിത്വസമസ്യകള്‍ തുടക്കംമുതലേ കദാരെയുടെ സര്‍ഗ്ഗപ്രതിഭയുടെ ഉത്കണ്ഠകളായിരുന്നു എന്ന് സമര്‍ഥിക്കുന്നതിലൂടെയാണ്.

References:

*(1). (Morgan, Peter. “Ismail Kadare: Modern Homer or Albanian Dissident?” World Literature Today, vol. 80, no. 5, 2006, pp. 7–11. JSTOR, https://doi.org/10.2307/40159180. Accessed 2 Dec. 2022.)

(2). (Weitzman, Erica. “Specters of Narrative: Ismail Kadare’s ‘The General of the Dead Army.’” Journal of Narrative Theory, vol. 41, no. 2, 2011, pp. 282–309. JSTOR, http://www.jstor.org/stable/41427546. Accessed 2 Dec. 2022.)