The Gypsy Goddess by Meena Kandasamy

കുപ്പമാടങ്ങളില്‍ ചിതയെരിഞ്ഞപ്പോള്‍

(കവിയും പരിഭാഷകയും ആക്റ്റിവിസ്റ്റും, കൊളമിസ്റ്റുമായ പ്രശസ്ത തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരി മീന കന്ദസാമിയുടെ പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍' എന്ന കൃതിയെ കുറിച്ച്. അടക്കം ചെയ്തിട്ടും എരിയുന്ന ചിതകളിലൂടെ, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ചുവപ്പ് നാടകളിലൂടെ, പോലീസ് റിപ്പോര്‍ട്ടുകളുടെയും കോടതി നടപടികളുടെയും രാവണന്‍ കോട്ടകളിലൂടെ, തെളിവില്ലായ്മയെന്ന നീതിനിരാസത്തിന്റെ അമാവാസിയിലൂടെ, പരസ്പര പൂരകമാല്ലാത്ത കഥ/ സാക്ഷി മൊഴികളുടെ സ്വയം വരിക്കുന്ന പരാജയങ്ങളിലൂടെ ഒരു വ്യവസ്ഥിതി എങ്ങനെയാണ് അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരില്‍ ഏറ്റവും നിസ്സഹായരായ ജന വിഭാഗങ്ങളെ നിരന്തരം ഒറ്റിക്കൊടുക്കുന്നത് ഒരു ദുരന്ത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.)

കവി, പരിഭാഷക, ആക്റ്റിവിസ്റ്റ്, കൊളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരിയായ മീന കന്ദസാമി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് തീക്ഷണമായി പ്രതികരിക്കുന്ന, ഫെമിനിസ്റ്റ് നിലപാടുകളിലും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒരു പോലെ സജീവമായ വ്യക്തിത്വമാണ്.

എന്റെ കവിത നഗ്നമാണ്‌, എന്റെ കവിത കണ്ണീരിലാണ്, എന്റെ കവിത കോപം കൊണ്ട് അലറുന്നു, എന്റെ കവിത വേദന കൊണ്ട് പുളയുന്നു.എന്റെ കവിത രക്തം മണക്കുന്നു, എന്റെ കവിത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു. എന്റെ കവിത എന്റെ ജനതയെ പോലെ സംസാരിക്കുന്നു, എന്റെ കവിത എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന് തുറന്നു പറഞ്ഞിട്ടുള്ള മീനയുടെ വാക്കുകള്‍ അവരുടെ മുഴുവന്‍ രചനകളെ കുറിച്ചുമുള്ള ഒരു സത്യപ്രസ്താവം തന്നെയായി മാറുന്നുണ്ടെന്നതിനു പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍' തന്നെയും സാക്ഷി.

രചനയുടെ ശിഥില വഴികള്‍

'ഒരു യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ചുള്ള നോവല്‍, ഒപ്പം യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ച് ഒരു നോവല്‍ എഴുതുന്നതിന്റെ അസാധ്യതയെ കുറിച്ചുള്ള നോവലും" എന്നാണു പുസ്തകത്തിന്റെ പിന്‍ചട്ട കൃതിയെ പരിചയപ്പെടുത്തുന്നത്. ഫിക് ഷനും നിശിത സാമൂഹിക വിമര്‍ശനത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ അതിവേഗം ആധുനിക വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെയും ഒപ്പം സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ ഒരു വിഭാഗത്തിനു നേരെ അധികൃതരും ഔദ്യോഗിക മണ്ഡലവും ഉള്‍പ്പടെ ഭരണകൂടവും സാമൂഹിക സൌഭാഗ്യങ്ങള്‍ ഉള്ളവരും ചേര്‍ന്നു അരങ്ങേറുന്ന കാപട്യവും നീതി നിഷേധത്തിന്റെയും ലോകമാണ് നോവലിസ്റ്റ് തുറന്നുവേക്കുന്നത്. രേഖീയമായ ഇതിവൃത്ത വികാസമെന്ന പരമ്പരാഗത രീതിയുടെ പരിമിതി മറികടക്കുക, സമകാലിക ഇന്ത്യന്‍ നോവലിന്റെ മുഖമുദ്രയായ വിചിത്ര സൌന്ദര്യാവിഷ്കാര (exoticism) രീതിയെ പുറത്തു നിര്‍ത്തുക, ഔദ്യോഗിക ഇന്ത്യാ ചരിത്രത്തിന്റെ മറുവശം വെളിച്ചത്തു കൊണ്ടു വരിക, ഒരു ദളിത്‌ സമൂഹത്തിന്റെ മുഴുവന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നടുക്കമുണ്ടാക്കുന്ന കഥ ആവിഷ്കരിക്കുക, ഇക്കാലമത്രയും അദൃശ്യരാക്കപ്പടുകയും വിസ്മരിക്കപ്പെടുകയും നിശ്ശബ്ദരാക്കപ്പെദുകയും ചെയ്ത ഒരു ജനതയ്ക്ക് ശബ്ദം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ തികച്ചും പരീക്ഷണാത്മകമായ (പോസ്റ്റ്‌ മോഡേണ്‍ എന്ന് നോവലിസ്റ്റ്) രീതികള്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നു. വ്യത്യസ്തമായ ആഖ്യാന ധാരകളിലൂടെയാണ് കഥ പറയുന്നത്: നെല്ലുല്‍പ്പാദകരുടെ സംഘടനയുടെ മെമ്മോറാണ്ടം, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ലഘുലേഖകള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, ദൃക്സാക്ഷി വിവരണങ്ങള്‍, ദളിത്‌ കര്‍ഷകത്തൊഴിലാളികളുടെ ജീവിത ഖണ്ഡങ്ങള്‍, പിന്നെ എല്ലാത്തിനും പുറമേ, തീക്ഷ്ണ രോഷത്തിനു ഹാസ്യത്തിന്റെയോ, പരിഹാസത്തിന്റെയോ മറയിടുന്ന രചയിതാവും. ഇടക്കൊക്കെ സ്വയം ഭേദ്യം ചെയ്യാനും നോവലിസ്റ്റ് മറക്കുന്നില്ല.

ആഗോള വിപണിക്ക് വേണ്ടി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന .. നോവല്‍ പോലെ ആദിരൂപിയായ ഒരു ബൂര്‍ഷ്വാ സാഹിത്യ രൂപത്തിലൂടെ തങ്ങളുടെ അപദാനങ്ങള്‍ വാഴ്ത്തുന്നത് കമ്യൂണിസ്റ്റുകാരേ ചൊടിപ്പിച്ചെക്കാം.”

അത്തരം സ്വയം ശിഥിലീകരണ/ ജോനര്‍ ശിഥിലീകരണ തുറന്നു പറച്ചില്‍ കുറച്ചേറെ നീളുന്നില്ലേ എന്ന് പോലും വായനക്കാരനെ/കാരിയെ ഒരു വേള തോന്നിച്ചാണ് നോവല്‍ ആഖ്യാനത്തിലേക്ക് കടക്കുന്നത്‌. എന്നാല്‍ സുദീര്‍ഘമായ ഈ ഭാഗം തഞ്ചാവൂരിന്റെ പൌരാണിക ഭൂമികയേയും അറുപതുകളിലെ സാമൂഹികാന്തരീക്ഷത്തെയും സജീവമായി പശ്ചാത്തലത്തിലെത്തിക്കുന്നുണ്ട്. കമ്യൂണിസത്തിന്റെ ഉദയവും അത് ഗോപാല കൃഷ്ണ നായിഡുവിനെ പോലുള്ള ഭൂപ്രഭുക്കളില്‍ നിറക്കുന്ന ആപത്ശങ്കയും 'നമ്മളും' 'അവരും' എന്ന രീതിയില്‍ ഉരുത്തിരിയുന്ന ദ്വന്ദ്വങ്ങള്‍ - മദിരാശി കേന്ദ്രിത സര്‍ക്കാരും മേല്‍ ജാതി ബ്രാഹ്മണരും ഒരു വശത്തും ദൈവരഹിതരായ കമ്യൂനിസ്റ്റുകളും അവരുടെ 'വിധേയ'രായ കൂലികളും മറുവശത്തും- എന്ന രീതിയില്‍ വികസിക്കുന്നതും നമ്മള്‍ കാണുന്നു.

ഗ്രാമീണ ഇന്ത്യയുടെ പശ്ചാത്തലത്തിലുള്ള നോവലാണ്‌ എന്നത് കൊണ്ട് മാത്രം ഓരോ പേജിലും കാലിക്കൂട്ടം കടന്നു പോകുന്നത് പ്രതീക്ഷിക്കരുത്"

എന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തിന്റെ എക്സോട്ടിസിസത്തെ നിരാകരിക്കുമ്പോള്‍,

ചില തലവാചകങ്ങള്‍ കഥ മുഴുവനും പറയുന്നുണ്ട്: 'മദിരാശി ഗ്രാമീണ ഭീകരതയുടെ ഒരു കഠിന വിള കൊയ്യുകയാണ്: നെല്‍ കര്‍ഷകരും കൃഷിത്തൊഴിലാളികളും തമ്മിലുള്ള കുടിപ്പക കടുത്ത ക്ലൈമാക്സിലേക്ക്, തൊഴിലാളികള്‍ പുത്തന്‍ വിള സമ്പ്രദായത്തില്‍ നിന്ന് കൂടുതല്‍ ധാന്യവിഹിതം ആവശ്യപ്പെടുന്നു.' ഒരു രീതിയില്‍ ഇതേയുള്ളൂ കാര്യം. നോവലിന് ആകപ്പാടെ വിട്ട ഭാഗം പൂരിപ്പിക്കുകയെ വേണ്ടൂ.”

എന്ന് തന്റെ കഥയെ അതിസാധാരണം ആക്കുകയും ചെയ്യുന്നു നോവലിസ്റ്റ്. എന്നാല്‍ തുടര്‍ന്ന് വരുന്ന ആഖ്യാനം അത്തരം സാധാരണത്വത്തെ മറികടക്കുന്നത് ധൈഷണിക തലത്തില്‍ സൂക്ഷ്മമായ ആന്തരാര്‍ത്ഥ അനാവരണത്തിലൂടെ, നിന്ദ്യവും നടുക്കമുണ്ടാക്കുന്നതുമായ ഒരു ഭീകരചരിത്ര സ്മൃതിയുടെ നേരെയുള്ള ഉള്ളിലുറഞ്ഞ രോഷത്തിന്റെ നിയന്ത്രിതവും സംസ്കൃതവും അതേസമയം അലക്കിവെളുപ്പിച്ചിട്ടില്ലാത്തതുമായ തുറന്നെഴുത്തായി നോവല്‍ മാറുന്നത് കൊണ്ടാണ്. നോവലിസ്റ്റ് ഒന്നും ഒളിച്ചു വെക്കുന്നില്ല, ഒരിടത്തും സഭ്യതയുടെ അമിത ഭാരം കൊണ്ട് വസ്തുതകളെ വെള്ള പൂശുന്നില്ല.

ചരിത്ര കാണ്ഡം

1968 -ലെ ക്രിസ്തുമസ് ദിനത്തില്‍ തഞ്ചാവൂറിലെ കീഴ് വെണ്മണി ഗ്രാമത്തില്‍ അരങ്ങേറിയ കൂട്ടക്കൊലയില്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പടെ നാല്‍പ്പത്തിനാലു പേര്‍ വെന്തു മരിക്കാനിടയായ സംഭവമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രം. ഒരു വശത്ത്‌ ഭൂവുടമകളും മറുവശത്ത്‌ കമ്യൂണിസ്റ്റ് ആശയ ഗതിയില്‍ പ്രചോദിതരായ കര്‍ഷകത്തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു അന്ന്. കൂട്ടക്കൊല നടന്ന കുടിലുകള്‍ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

നിര്‍ദ്ദയനായ കുപിത നരഭോജി ദൈവമായ അഗ്നിയെ അഭിമുഖീകരിക്കാന്‍ പാകത്തില്‍ മരിച്ചവരെയും, മരിച്ചു കൊണ്ടിരുന്നവരെയും മരിച്ചിട്ടും മരിക്കാത്തവരെയും തകര്‍ന്നടിഞ്ഞ ഇടത്തില്‍ ഉപേക്ഷിച്ച ആള്‍ക്കൂട്ടം രക്ഷപ്പെടാനാവാത്ത വിധം കുടില്‍ പുറത്തു നിന്ന് ബോള്‍ട്ട് ചെയ്തിരുന്നു... എന്നാല്‍ കരച്ചില്‍ നിഷ്ഫലമാണ്, ഏതാനും മിനിറ്റുകള്‍ക്കകം കറുത്ത പുക അവരെ മൂടുകയും സ്വനപേടകങ്ങള്‍ പൊള്ളിപ്പോവുകയും അടഞ്ഞു പോവുകയും ചെയ്തത് കാരണം അവര്‍ക്ക് കരയാനാവാതെ വരികയും ചെയ്യുന്നു, പൊടുന്നനെ ശ്വസിക്കല്‍ തന്നെ വേദനാജനകമായിത്തീരുന്നു.”

ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ കെടുതികളില്‍ കൊടിയ ചൂഷണത്തിന് വിധേയരാവുകയും എല്ല് മുറിയെ പണിയെടുത്താലും ജീവിക്കാന്‍ വേണ്ട കൂലി പോലും കിട്ടാതെ ദുരിതം പേറുകയും ചെയ്യേണ്ടി വന്ന ഭൂരഹിത കര്‍ഷകത്തൊഴിലാളി സമൂഹം കമ്യൂണിസത്തിനു വളരാന്‍ വേണ്ട തക്ക ഭൂമികയായിരുന്നു. പ്രദേശത്തെ ഭൂപ്രഭുക്കള്‍ ഈ അപകട ഭീഷണി മുളയിലേ നുള്ളിക്കളയാന്‍ വേണ്ടി നടത്തിവന്ന ശ്രമങ്ങള്‍ അതിനെ ചോരയില്‍ മുക്കി കൊല്ലുക എന്ന അന്തിമ പരിഹാരത്തിലേക്ക് മുന്നേറിയതിന്റെ ഫലമായിരുന്നു സംഭവം. ദുരൂഹമായി കൊല്ലപ്പെട്ട പാര്‍ട്ടി നേതാക്കാളുടെ രക്ത സാക്ഷിത്തം ഭൂരഹിത കര്‍ഷകത്തൊഴിലാളികളില്‍ ആവേശമായപ്പോള്‍ കൊല്ലപ്പെട്ട ഒരു കങ്കാണിയുടെ പേരില്‍ ഭൂവുടമകള്‍ നിയമം കയ്യിലെടുത്തു. സമരത്തിന്റെ ഭാഗമായി ജോലിയില്‍ നിന്ന് വിട്ടു നിന്നതിനു താങ്ങാനാവാത്ത പിഴ ചുമത്തിയും പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയും ദളിത്‌ സ്ത്രീത്വത്തിനു നേരെ നിരന്തര കയ്യേറ്റങ്ങള്‍ നടത്തിയും പാര്ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ഭൂപ്രഭുക്കള്‍ ദുസ്സഹമാക്കുന്നു. ജാതി സമവാക്യങ്ങള്‍ ദളിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് എതിരെ നിന്നപ്പോള്‍ പോലീസും നിയമവും ജന്മിമാരുടെ പിണിയാളുകള്‍ ആയി. കമ്യൂണിസ്റ്റുകാര്‍ 'കൊമ്പ്രദോര്‍ ബൂര്‍ഷ്വാ' എന്ന് വിളിച്ച ദല്ലാള്‍ ഭരണകൂടം കോടതി മുറിയില്‍ പൊട്ടന്‍ കളിക്കുകയും നിരപരാധികളും ഇരകളുമായിരുന്നവര്‍ വീണ്ടും കുറ്റവാളികളാവുകയും ജയിലഴിക്കുള്ളില്‍ ആവുകയും ചെയ്തപ്പോള്‍ മികച്ച വക്കീലിന്റെയും വഴങ്ങിക്കൊടുക്കുന്ന ജഡീഷ്യറിയുടെയും സഹായത്തോടെ കൊലയാളികള്‍ നിര്‍ബ്ബാധം വെളിയിലിറങ്ങി. സാക്ഷി മൊഴികളിലെ വൈരുധ്യം എന്ന ഒഴികഴിവ് മതിയായിരുന്നു കോടതിക്ക് കുറ്റാരോപിതരെ വെറുതെ വിടാന്‍. 'പല സ്വരങ്ങളില്‍ പറയപ്പെടുന്ന ഒരു കഥ ആശ്രയിക്കനാവാത്തതായി കണക്കാക്കപ്പെട്ടു.' ഒരൊറ്റക്കഥ പറയുക ഇരകള്‍ക്ക് അസാധ്യവുമായിരുന്നു.

ഞങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കാനായി പരക്കം പായുന്ന മനുഷ്യരായിരുന്നു. ഞങ്ങളോരോരുത്തരും തങ്ങളുടെ കണ്ണുകളില്‍ ഓരോ വ്യത്യസ്ത മരണങ്ങള്‍ ചുമന്നു. ഞങ്ങള്‍ കരഞ്ഞു. ഞങ്ങളുടെ ശംഖുകള്‍ ബധിര കര്‍ണ്ണങ്ങളില്‍ മുഴങ്ങി. അവര്‍ക്ക് മനസ്സിലായി കഥകള്‍ പരസ്പരം യോജിക്കുന്നില്ല. അതുകൊണ്ട് കുറ്റം ഉറപ്പുവരുത്താനായില്ല, കോടതി അവരെ അവരുടെ പാട്ടിനു വിടും, വെറുതെ വിടും. അങ്ങനെയാണ് കുറ്റാരോപിതരെ വെറുതെ വിടുക, അങ്ങനെയാണ് കുറ്റവാളികള്‍ നിരപരാധികളാകുക.. ഞങ്ങളുടെ പരാജയം തീര്‍ച്ചയായിരുന്നു. കാരണം ഒരു കഥ പറയേണ്ടതെങ്ങനെ എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങള്‍ റിഹേഴ്സല്‍ നടത്തിയില്ലായിരുന്നു. കാരണം ഞങ്ങളില്‍ ചിലര്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടിരുന്നു. കാരണം ഞങ്ങളെല്ലാം ചകിതരായിരുന്നു, ഹൃദയത്തിലെ ഭയം ഞങ്ങളുടെ ശബ്ദത്തിലെ സത്യത്തെ ദുര്ബ്ബലപ്പെടുത്തിയിരുന്നു"

പരാജയത്തിന്റെ ചാക്രികത

പ്രതീക്ഷിച്ച ഒരിടത്ത് നിന്നും പിന്തുണ കിട്ടാതെ തകര്‍ന്നു പോകുക എന്നതായിരുന്നു ചെറുത്തു നില്‍പ്പിന്റെ വിധി. ഒളിഞ്ഞും തെളിഞ്ഞും ജന്മിമാര്‍ക്ക് പിന്തുണയുമായെത്തിയ രാഷ്ട്രീയക്കാരോ പോലീസ് മേധാവികാളോ ദളിത്‌ വിലാപങ്ങള്‍ കേട്ടതേയില്ല. കാവ്യാത്മക ഭാഷയില്‍ വാചാലനായ ഡി എം കെ നേതാവ് കരുണാനിധി കീഴ് വെണ്മണി വിട്ടു തിരുക്കുവലായില്‍ താമസമാക്കിയാല്‍ തന്റെ ആശ്രിതരായി സംരക്ഷിക്കാം എന്ന ഉറപ്പു നല്‍കി. തൊണ്ണൂറു പിന്നിട്ട വയോധികന്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍ മാത്രം രോഷം കൊണ്ടു: ഇന്ത്യന്‍ ജനാധിപത്യം തകരേണ്ട സമയമായെന്ന് പൊട്ടിത്തെറിച്ച അദ്ദേഹം സംഭവത്തെ ഗാന്ധി വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും കൊടിയ ഭീകരതയായി വിലയിരുത്തി. പട്ടാപ്പകല്‍ നടന്ന ഭീകരതയ്ക്ക് രാഷ്ട്രീയക്കാരാണ് ഉത്തരവാദികള്‍ എന്നുവരെ അദ്ദേഹം പറഞ്ഞു. ജാതീയതയെയും മുതലാളിത്തത്തെയും വിമര്‍ശിച്ച ഇ. വി. ആര്‍. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ തന്റെ മാനസ പുത്രന്‍ ഭരണം കയ്യാളുമ്പോള്‍ അദ്ദേഹത്തിനും പരിമിതികള്‍ ഉണ്ടായിരുന്നു.

"പെരിയാറുടെ സ്വാഭിമാന വാചകങ്ങളിലോ ഡി. എം. കെ. യുടെ തമിഴ് ദേശീയതയിലോ കോണ്‍ഗ്രസ്സിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന വാഗ്ദാനത്തിലോ വിശ്വസനീയമായി ഞങ്ങള്‍ക്കൊന്നും തോന്നിയില്ല.”

ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ കമ്യൂണിസ്റ്റുകാരുടെ കൂടി പ്രിയങ്കരിയായി മാറിയ ഇന്ദിരയേയും കോണ്‍ഗ്രസ്സിനെയും പുകഴ്ത്തി പ്രസംഗിക്കുന്ന നേതാവിന്റെ ശബ്ദമായി മറ്റൊരു നൈരാശ്യം കൂടി കീഴ് വെണ്മണിയിലെ മനുഷ്യരെ തേടിയെത്തുന്നു.

"പാര്‍ട്ടി സ്വയം പാര്‍ലമെന്ററി സിസ്റ്റത്തിന്റെ സൌകര്യങ്ങള്‍ ആസ്വദിക്കുന്നതിലേക്ക് പരുവപ്പെട്ടിരുന്നു, അത് പുതിയ കളിയുടെ നിയങ്ങള്‍ക്കനുസരിച്ചാണ് കളിക്കുന്നതെന്ന് സ്വന്തം കേഡര്‍മാരെ ആശ്വസിപ്പിച്ചു.”

ഇന്തോ-പാക് യുദ്ധത്തിന്റെയും പശ്ചിമ ഘട്ടത്തിലെ നക്സലൈറ്റ് സാന്നിധ്യത്തിന്റെയും ദേശീയ പശ്ചാത്തലങ്ങളും കാലവര്‍ഷം ചതിക്കുന്നതും ചുഴലിക്കൊടുങ്കാറ്റിന്റെ താണ്ഡവവുമെല്ലാം സ്വതേ നിരാലംബമായ ഗ്രാമജീവിതം കൂടുതല്‍ ദുഷ്കരമാകുന്നതില്‍ കലാശിക്കുകയും ചെയ്യുന്നു.

പാത്ര സൃഷ്ടി പോലുള്ള പരമ്പരാഗത നോവല്‍ ഘടകങ്ങളില്‍ ഏറെയൊന്നും ശുഷ്കാന്തി പുലര്‍ത്തുന്നില്ലാത്ത കൃതിയില്‍ ഏറ്റവും സങ്കീര്‍ണ്ണതയുള്ള കഥാപാത്രം 'ഗാന്ധിജിയുടെ നിശ്ചയ ദാര്ദ്യവും സ്വന്തം ശരിയെ കുറിച്ചുള്ള ബോധവും കുറച്ചൊക്കെ മറ്റുള്ളവരുടെ രക്ഷകനാണെന്ന ബോധവും' പ്രകൃതത്തിലുള്ള ഗോപാല കൃഷ്ണ നായിഡുവാണ്. നായിഡുവിനെ കുറിച്ച് വിവരിച്ചു കൊണ്ട് ആരംഭിക്കുന്ന നോവല്‍ അയാളുടെ വധത്തെ കുറിച്ചുള്ള വിവരത്തോടെയാണ് അവസാനിക്കുന്നതും. ഇടയിലയാള്‍ രക്ഷകനാവുകയും നേതൃ ഗുണങ്ങളെല്ലാം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്- ഭൂപ്രഭുക്കളുടെ സംഘടനക്കും ജന്മിമാര്‍ക്കും വേണ്ടി. ദുരന്തകാരണക്കാരില്‍ പ്രഥമ സ്ഥാനീയനായ നായിഡുവിന്റെ ദുരൂഹ വധത്തെ കുറിച്ചുള്ള സൂചന കഥാന്ത്യങ്ങളുടെ 'ശുഭാന്ത്യ' സാധ്യത ഇവിടെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കൃത്യമായും സ്ഥാപിക്കുന്നുണ്ട്. മുമ്പും വേട്ടകള്‍ ആരംഭിച്ചത് 'തിരിച്ചടികള്‍' എന്ന പേരിലായിരുന്നല്ലോ. അടക്കം ചെയ്തിട്ടും എരിയുന്ന ചിതകളിലൂടെ, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ചുവപ്പ് നാടകളിലൂടെ, പോലീസ് റിപ്പോര്‍ട്ടുകളുടെയും കോടതി നടപടികളുടെയും രാവണന്‍ കോട്ടകളിലൂടെ, തെളിവില്ലായ്മയെന്ന നീതിനിരാസങ്ങളുടെ അമാവാസികളിലൂടെ, പരസ്പര പൂരകമാല്ലാത്ത കഥ/ സാക്ഷി മൊഴികളുടെ സ്വയം വരിക്കുന്ന പരാജയങ്ങളിലൂടെ ഒരു വ്യവസ്ഥിതി എങ്ങനെയാണ് അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരില്‍ ഏറ്റവും നിസ്സഹായരായ ജന വിഭാഗങ്ങളെ നിരന്തരം ഒറ്റിക്കൊടുക്കുന്നത് എന്നത് ഹിംസയുടെ ചാക്രികതയുടെ മറ്റൊരു തുടക്കം മാത്രം.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 364-369)