സിയറാലിയോണിന്‍റെ പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയത്തിലെ അഴിമതികള്‍ക്കും എകാധിപത്യത്തിനുമെതിരില്‍ നിലപാടെടുത്തതിനു സ്വജീവന്‍ വില കൊടുക്കേണ്ടിവന്ന പിതാവിന്റെ ഓര്‍മ്മയിലെഴുതിയ ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ (2003) , ആഭ്യന്തര യുദ്ധവും അതിജീവനത്തിന്റെ സമസ്യകളും പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ച ദി മെമ്മറി ഓഫ് ലവ് (2010) എന്നീ കൃതികള്‍ക്ക് ശേഷം അമിനാറ്റ ഫോര്‍ന രചിച്ച നോവലാണ് ദി ഹയേഡ് മാന്‍ (2013). മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണനോവലിസ്റ്റ് പശ്ചാത്തലമാക്കുന്നത് ഗോസ്റ്റ് എന്ന അര്‍ത്ഥ ഗര്‍ഭമായ പേരുള്ള ക്രോയേഷ്യന്‍ പട്ടണമാണ്. തൊണ്ണൂറുകളില്‍ മുന്‍ യുഗോസ്ലാവ്യയുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടാവുന്ന ശൈഥില്യത്തിന്റെയും ആളുകള്‍ ഉടലിലും മനസ്സിലും പേറിയ ഭീകരമായ ഓര്‍മ്മകളുടെയും മുറിവുകള്‍ അമിനാറ്റ ഫോര്‍നായുടെ സവിശേഷമായ, പ്രമേയ പരമായ പതിവ് ഉത്കണ്ഠകളെ പ്രതിഫലിപ്പിക്കുന്നു. ഗോസ്റ്റ് എന്ന പദം ക്രോയേഷ്യന്‍ ഭാഷയില്‍ ഗസ്റ്റ് എന്നര്‍ത്ഥമാക്കുമ്പോള്‍ , നോവല്‍ മുന്നോട്ടു പോകവേ അതിന്റെ അപശകുന സൂചകമായ അര്‍ത്ഥവും തെളിഞ്ഞു വരുന്നു. ഓര്‍മ്മകളിലെ മുറിവുകളുടെ വേദന നേരനുഭവ യാഥാര്‍ത്ഥ്യം പോലെത്തന്നെ വേട്ടയാടുന്നു എന്നത് ഫോര്‍നയുടെ ഒരു പൊതു പ്രമേയമാണ്. ചെറിയ ചെറിയ വഞ്ചനകളും വിദ്വേഷ പ്രവര്‍ത്തികളും വലിയ ഭീകരാനുഭവങ്ങളും രക്തച്ചൊരിച്ചിലുമായി രൂപം മാറുന്നതും, ചെയ്തുപോയതും മൗനത്തിലൂടെയോ നിശ്ശബ്ദ സഹകരണത്തിലൂടെയോ പങ്കാളിയായതുമായ കുടിലതകള്‍ മറച്ചുവെച്ച് മാന്യരും നിഷ്കളങ്കരുമായി പില്‍ക്കാലം ജീവിച്ചു പോവുന്നതിന്റെ വൈരുദ്ധ്യങ്ങളും അവര്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. പ്രമേയ സന്നിഗ്ദ്ധതയില്‍ കസുവോ ഇഷിഗുരോയെ (ദി റിമെയ്ന്‍സ് ഓഫ് ദി ഡേ) ഓര്‍മ്മിപ്പിക്കുന്നുണ്ട് അമിനാറ്റ ഫോര്‍നയുടെ കൃതികള്‍ .
ഗ്രാമസങ്കല്‍പ്പവും വിദ്വേഷങ്ങളുടെ അധിനിവേശവും
മധ്യവയസ്കയായ ഇംഗ്ലീഷുകാരി ലോറ, തന്റെ ടീനേജുകാരായ രണ്ടു മക്കളുമായി മനോഹരമായ ഒരു ഒഴിവുകാല സങ്കല്‍പ്പനത്തോടെ ഗോസ്റ്റ് എന്ന വിദൂരസ്തമായ ക്രോയേഷ്യന്‍ മലയോര നാട്ടുമ്പുറത്തെത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. സാഗ്രെബിനും തീരദേശത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ലീകാ ദേശത്തുള്ള ഗോസ്റ്റ് ഒരുതരം 'ഗതകാല സൗന്ദര്യം' (old-world charm) നിലനിര്‍ത്തുന്ന പ്രദേശമാണ്. ആഖ്യാതാവായ ഡ്യൂറോയുടെ റൈഫിള്‍ കാഴ്ചയിലൂടെയാണ് അവരെ ആദ്യം കാണുന്നത് എന്നത് ശ്രദ്ധേയമാണ്. ഭൂതകാലത്തോട് പ്രണയത്തിലായ ഇംഗ്ലീഷ് സ്വഭാവവും എന്തിനെയും സംശയത്തോടെയും ഹിംസാത്മകമായ ജാഗ്രതയോടെയും കാണുന്ന/ കാണേണ്ടി വരുന്ന ബാള്‍ക്കന്‍ ജീവിത സാഹചര്യങ്ങളും ആദ്യമേ സൂചിതമാവുകയാണ്. വനത്തില്‍ മാനിനേയും മുയലിനെയും വേട്ടയാടി ജീവിക്കുന്ന ഡ്യൂറോ പക്ഷെ "ആളുകള്‍ സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് തോക്കു ചൂണ്ടാന്‍ ശീലിച്ച" ഒരു ദേശത്തിന്റെ പ്രകൃതത്തെയും ഉള്‍ച്ചേര്‍ക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികര്‍ ഉള്‍പ്പടെ ആളുകളെത്തന്നെ അയാള്‍ കൊന്നിട്ടുമുണ്ട്. ഉള്‍പ്രദേശ വാസത്തെ കുറിച്ചൊക്കെയുള്ള കാല്‍പ്പനിക സങ്കല്‍പ്പങ്ങള്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തതില്‍ അസ്വസ്തരാവുന്ന കുട്ടികള്‍ക്കും ഇഷ്ട വിഭവങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പകരം വില കുറഞ്ഞ അനുകരണങ്ങള്‍ മാത്രം ലഭ്യമായ ഒരേയൊരു സ്റ്റോറിലെ തിരക്കില്‍ ലോറക്കും വേഗം തീര്‍ന്നു കിട്ടും.
എങ്കിലും നോവലിന്റെ ആദ്യ അദ്ധ്യായങ്ങള്‍ പൊതുവേ പ്രശാന്തവും പ്രസന്നവുമായ ഒരന്തരീക്ഷമാണ് അവതരിപ്പിക്കുന്നത്. നീന്തല്‍ക്കുളത്തിലേക്കുള്ള ഔട്ടിംഗ് , മലയോരങ്ങളിലേക്കുള്ള ട്രക്കിംഗ് തുടങ്ങി പതിവ് ബൂര്‍ഷ്വാ ഉല്ലാസങ്ങള്‍ ഈ ഭാഗങ്ങള്‍ക്ക് ഒരു പിക് നിക്ക് പരിവേഷം നല്‍കുന്നുണ്ട്. ഡ്യൂറോ അവരുടെ കൂലിവേലക്കരനായി എത്തുന്നതോടെ അമിനാറ്റ ഫോര്‍നയുടെ തനതു ശൈലിയില്‍ അതീവ ന്യൂനോക്തിയില്‍ പതിയെ എല്ലാത്തിന്റെയും ഒരു മറുപുറം വെളിവായിത്തുടങ്ങുന്നു. എന്തുകൊണ്ടാണ് ഫലഭൂയിഷ്ടമായ വയലുകള്‍ കൃഷിയില്ലാതെ കാട്ടുപൂക്കളും കാട്ടുപച്ചയുമായി നില്‍ക്കുന്നത്? ആകെയുള്ള ഒരേയൊരു സ്റ്റോറില്‍ ഇത്രയും തിരക്കുണ്ടായിട്ടും എന്തുകൊണ്ടാണ് തൊട്ടടുത്തുള്ള സ്റ്റോര്‍ അടഞ്ഞു കിടക്കുന്നത്? പ്രദേശത്തുള്ള മൂന്നു പള്ളികളില്‍ ഏറ്റവും മനോഹരമായ പള്ളിയായ സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അടഞ്ഞു കിടക്കുന്നത് എന്തുകൊണ്ട്? പ്രദേശത്തെ ജനസംഖ്യയില്‍ ഇത്രയേറെ കുറവ് എങ്ങനെയാണ് സംഭവിച്ചത്? കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ഇത്രയേറെ ഒഴിഞ്ഞ വീടുകള്‍ എങ്ങനെ ഉണ്ടായി? എന്തുകൊണ്ടാണ് ഡ്യൂറോയും പഴയകാല സുഹൃത്ത് ക്രിസിമീറും പരസ്പരം കടിച്ചു കീറാന്‍ നടക്കുന്നത്? ചോദ്യങ്ങളെയൊക്കെയും നേരിട്ടു തുടങ്ങുന്നതിനു ഒരു താക്കോലായി നോവലിസ്റ്റ് കണ്ടെടുക്കുന്നത് ലോറ വിലക്കെടുക്കുന്ന പഴയ പ്രൌഡമായ വീട്ടിലെ തകര്‍ന്നു പ്ലാസ്റ്ററിന് ചുവടെ കണ്ടെത്തുന്ന ഒരു സചിത്ര മൊസൈക് നിര്‍മ്മിതിയുടെ രൂപകത്തെയാണ്. കൂലി വാങ്ങിച്ചു തനിക്കു ചെയ്യാനുള്ള ജോലികള്‍ ലോറ നേരിട്ട് ചെയ്യുന്നത് ഒഴിവാക്കാന്‍ താന്‍ സ്വയം അവരെ അങ്ങോട്ട് നയിക്കുകയായിരുന്നു എന്ന് ഡ്യൂറോ അടക്കം പറയുന്നുണ്ട്. പതിയെ നാം മനസ്സിലാക്കുന്നു ഒരു സമീപ ഭൂതകാലത്തിന്റെ ഓര്‍മ്മ ശേഷിപ്പാണ് ആ മൊസൈക് എന്ന്. അത് ആങ്ക സൃഷ്ടിച്ചതായിരുന്നു; ഡ്യൂറോയുടെ കളിക്കൂട്ടുകാരി, കാമിനി. അയാളിപ്പോഴും അവിടെയെങ്ങും അവളുടെ സാന്നിധ്യം, "അവളുടെ സന്തോഷം", അവിടെയൊക്കെ തിരിച്ചറിയുന്നുണ്ട്. മൊസൈക് പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ട് വരുന്നതിന്റെ പ്രവര്‍ത്തികള്‍ക്കിടയിലാണ് ഭൂതകാലം ചെറു ഖണ്ഡങ്ങളായി വീണ്ടും സ്വരുക്കൂട്ടപ്പെടുന്നതും ഉരുവമെടുക്കുന്നതും. പതിനാറു കൊല്ലം മുമ്പ്, തൊണ്ണൂറുകളുടെ ആരംഭത്തില്‍ , മുന്‍ യുഗോസ്ലാവ്യന്‍ റിപ്പബ്ലിക്ക് വംശീയ സംഘര്‍ഷങ്ങളിലേക്ക് എടുത്തറിയപ്പെട്ട നാളുകളില്‍ അരങ്ങേറിയ ക്രോയേഷ്യന്‍ - സെര്‍ബ് വംശ ശുദ്ധീകരണ പ്രക്രിയയുടെ തീക്കാലം. ഫോര്‍നയുടെ ആഖ്യാനത്തിന്റെ വൈശിഷ്ട്യം വ്യക്തമാക്കുന്ന രീതിയില്‍ നോവലില്‍ ഒരിടത്തും വംശീയ നാമങ്ങളോ പക്ഷങ്ങളോ പറയപ്പെടുന്നതേയില്ല. ഒരു പ്രഭാതത്തില്‍ , ഉണ്ടാക്കിവെച്ച ബ്രെഡ് , ഷെല്‍ഫിനു മുകളിലിരുന്ന് പാഴാകാന്‍ വിട്ട് അടുത്ത കടക്കാര്‍ നാടുവിട്ടു. “വിശദീകരണങ്ങള്‍ ഒന്നുമുണ്ടായില്ല, അടുത്ത ദിവസത്തേക്കുള്ള ഓര്‍ഡര്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന മങ്ങിയ ഒരു നോട്ടീസ് മാത്രം .. ആരോ hleb എന്ന പദം വെട്ടിക്കളഞ്ഞ് kruh എന്നെഴുതി. രണ്ടു വാക്കുകളുടെയും അര്‍ഥം ബ്രെഡ് എന്നായിരുന്നു, എന്നാല്‍ ചിലയാളുകള്‍ അതില്‍ ഒന്ന് ഉപയോഗിച്ചപ്പോള്‍ വേറെ ചിലര്‍ മറ്റേ വാക്ക് ഉപയോഗിച്ചു. hlebs എന്ന പദം ഉപയോഗിച്ച് വന്നവരാണ് ഇപ്പോള്‍ നാടുവിടാന്‍ തുടങ്ങിയത്". ബോസ്നിയായിലും സെര്‍ബിയയിലും 'വംശീയ ശുദ്ധീകരണ'ത്തില്‍ വേട്ടക്കാരായിരുന്നവരുടെ വംശജര്‍ക്ക് ക്രോയേഷ്യയില്‍ അടിതെറ്റിയതിന്റെ ഫലമായിരുന്നു ഈ ഒഴിച്ചുപോക്ക്.
ഹിംസയുടെ ഗൂഡ രഥ്യകള്‍
വംശീയ ചിന്ത ഭ്രാന്തായി മാറുന്ന സാഹചര്യത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന തരം ഒറ്റിക്കൊടുക്കലും കണക്കു തീര്‍ക്കലുകളുമായി ആഭ്യന്തര സംഘര്‍ഷം മുന്നോട്ടു പോകുന്നതിനെ കുറിച്ച് സിയറാ ലിയോണിലെ തന്റെ കുടുംബാനുഭവം നോവലിസ്റ്റിനെ ബോധ്യപ്പെടുത്തിയിട്ടുള്ളത് ഇവിടെയും അവര്‍ക്ക് കാണാനാവുന്നു: “പകകള്‍ കണക്കു തീര്‍ക്കുന്നു. ആര്‍ത്തി വളരുന്നു. ആളുകള്‍ സ്വന്തം അയല്‍ക്കാരെ അവരുടെ ഫ്രീസറുകളിലും ടെലിവിഷനുകളിലും കണ്ണു വെച്ച് പുതിയ അധികാരികള്‍ക്ക് ഒറ്റികൊടുക്കുന്നു.” ഏറ്റവും കുടിലമായ ഹിംസകള്‍ നടത്തിയവര്‍ പോലും മൗനമായി ഒതുങ്ങിക്കഴിയുന്നതിന്റെയും പഴയതൊന്നും അന്വേഷിക്കാനോ ഓര്‍ക്കാനോ സമയമില്ലാത്ത വിധം സമ്പന്നരും പുതുമോടിക്കാരുമായവരുടെ കടന്നു വരവും യാഥാര്‍ത്ഥ്യത്തെ കുറിച്ച് തീവ്രമായി ഓര്‍ക്കുന്നവരില്‍ മാത്രം സൃഷ്ടിക്കുന്ന വിരോദ്ധോക്തി ഫോര്‍നയുടെ രചനകളില്‍ ദീപ്തമാണ്. സംഘര്‍ഷ കാലത്ത് പാകിയ കുഴിബോംബുകള്‍ ആണ് വയലുകളിലെ കാട്ടുപൂക്കളുടെയും കാട്ടുപച്ചയുടെയും രഹസ്യം എന്നറിയാത്ത ലോറയുടെ അത്ഭുതം ഡ്യൂറോയില്‍ സൃഷ്ടിക്കുന്ന ചിന്ത അതാണ്. 'മെമ്മറീസ് ഓഫ് ലവി'ലെ ആഗ്നസ് വിഹ്വലമായ മാനസികാവസ്ഥയില്‍ പെട്ട് പോകുന്നതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് കലാപനാളുകളില്‍ ഭര്‍ത്താവിനെയും രണ്ടു പെണ്മക്കളെയും കുരുതി നടത്തിയ കേണല്‍ യായായുടെ ഭാര്യയായിരിക്കുന്നു ഇളയ മകള്‍ എന്ന അറിവാണ്. എങ്കിലും അത് ചെയ്തവരും ഇരയായവരും ഒരേ കൂരക്കു താഴെ കഴിയുക എന്നതു മാത്രമാണ് ഭൂതകാലത്തെ അതിജീവിക്കാനുള്ള മാര്‍ഗ്ഗമെന്ന് ആഗ്നസ് കണ്ടെത്തുന്നുമുണ്ട്. ഓരോ ദേശവും അതുരുവപ്പെട്ട ഹിംസയുടെ ഭൂതകാലത്തെ ഒരു സാമൂഹിക മറവിയിലൂടെ തമസക്കരിച്ചു തന്നെയാണല്ലോ ഐക്യത്തിന്റെ ദേശബോധം പണിയുന്നത് .
ഹൃദയ ചിത്രം, ദേശ ചിത്രം
ഡ്യൂറോയുടെ ജീവിത താളം, എല്ലാം മന്ദസ്ഥായിയിലായ സ്ഥലത്ത് തൊഴിലൊന്നും ലഭ്യമല്ലാത്തപ്പോഴും ശാരീരിക ക്ഷമത നില നിര്‍ത്തുന്നതിലെ ജാഗ്രത, വേട്ടനായ്ക്കളോടുള്ള സഹജ ഭാവം എന്നതൊക്കെ നോവലിസ്റ്റ് അവധാനതയോടെ സൂചിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് കുടുംബത്തിന്റെ വരവ് ഇതിലൊക്കെയും ഒരു താളഭംഗം ഉണ്ടാക്കുന്നു. അതേ സമയം വിദേശ കുടുംബത്തിന്റെ വരവും ഡ്യൂറോക്ക് അവരോടുള്ള അടുപ്പവും പഴയ സുഹൃത്തുക്കളിലും പരിചയക്കാരിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇംഗ്ലീഷ് കുടുംബത്തെ പ്രതിരോധിക്കേണ്ട ഘട്ടങ്ങളില്‍ അയാളെത്തുന്നു. ഏതാണ്ട് സമപ്രായക്കാരിയായ ലോറയോട് അയാള്‍ക്കൊരു ആകര്‍ഷണം തോന്നുന്നുണ്ട്. എന്നാല്‍ പ്രകൃത്യാ പതിഞ്ഞ സ്വഭാവക്കാരനായ അയാള്‍ അതിലൊരു മുന്‍കൈ എടുക്കുന്നതേയില്ല. എന്നാല്‍ പതിയെപ്പതിയെ തന്റെ തന്നെ കഥയുടെ ആവേഗം അയാളെ കീഴ്പ്പെടുത്തിത്തുടങ്ങുന്നു. ബാല്യ സ്മൃതികളും ദേശ ചരിത്രവും മുന്‍ വിധികള്‍ ഏതുമില്ലാത്ത ഇംഗ്ലീഷ് കുടുംബത്തിന് മുന്നില്‍ വിവരിക്കുമ്പോള്‍ അത് അയാള്‍ കരുതാത്ത ചടുലത ആര്‍ജ്ജിക്കുന്നു. ലോറ വിലക്ക് വാങ്ങിയ 'നീല വീട്' ഡ്യൂറോയുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ടതാണ് എന്നതും അങ്ങനെയാണ് വെളിവായിത്തുടങ്ങുക.
'നീല വീട്' തന്നെയും ഉപരിതലത്തില്‍ , ഉപരിതലത്തില്‍ മാത്രം, മറവു ചെയ്യപ്പെട്ട ഒരു ഭൂതകാലത്തിന്റെ പ്രതീകമാണെന്ന് പറയാം. ആഭ്യന്തര സംഘര്‍ഷത്തിന്റെ പ്രേത പ്രതിഫലനങ്ങള്‍ കണ്ണുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ എങ്ങും ചിതറിക്കിടക്കുന്ന 'ഗോസ്റ്റ്' ദേശത്തിന്റെ തന്നെ പ്രതീകം. ഉപരിതലത്തിനു ചുവടെ , തകര്‍ന്ന പ്ലാസ്റ്ററിനു ചുവടെ ആ മൊസൈക്, പായല്‍ മൂടിയ തോട്ടത്തില്‍ ഒരു നീന്തല്‍ക്കുളം, പൊടിമൂടിയ ടാര്‍പോളിന് ചുവടെ ഒരു പഴയ കാര്‍ - പ്രദേശത്ത് കുഴിമാടങ്ങളില്‍ പോലും വെടിച്ചീളുകള്‍ തീര്‍ത്ത പാടുകളും തകര്‍ച്ചയും, കുഴിബോംബുകളും. ഈ തകര്‍ച്ചകള്‍ക്ക് ചുവടെ ഓര്‍മ്മകളുടെ ഹരിത രാശികള്‍ . നീല വീടുമായി ബന്ധപ്പെട്ടതാണ് ഡ്യൂറോയുടെ പ്രണയ സ്മൃതികള്‍ . ആങ്കയുമായുള്ള പ്രണയം സഫലമാവാതെ പോയതിലും ഇന്നും തനിയെ കഴിയുന്നതിനും അയാള്‍ക്കുള്ള കാരണമാണ് വ്യത്യസ്തമായ ഒരു പ്രതികാര കഥയുടെ മാനം നോവലിന് നല്‍കുന്നത്. എന്നാല്‍ പ്രതികാരം ചെയ്യുന്നതിലല്ല, ഒടുവില്‍ അതിനുമപ്പുറം ആ പ്രലോഭനത്തെ അവസരമുണ്ടായിട്ടും അതിജീവിക്കുന്നതിലൂടെയാണ് ഡ്യൂറോ വ്യത്യസ്തനാവുക. ഓര്‍മ്മകളിലെ ജീവിതാനുഭവങ്ങള്‍ അതി സാധാരണമായ വര്‍ത്തമാന കാല ജീവിതാനുഭാവങ്ങളെക്കാള്‍ പ്രധാനമാണെന്ന് നോവലിസ്റ്റ് സ്ഥാപിക്കുന്നത് ആഖ്യാനത്തിന്റെ കാല പരിഗണനയിലുള്ള തിരിച്ചിടലിലൂടെയാണ്. ലോറ- മാത്യു കുടുംബത്തോടുള്ള ഡ്യൂറോയുടെ വര്‍ത്തമാന കാല വിനിമയങ്ങള്‍ ഭൂതകാലത്തില്‍ ആഖ്യാനം ചെയ്യുമ്പോള്‍ , ആഖ്യാതാവായ ഡ്യൂറോ തന്റെ ഓര്‍മ്മ ജീവിതം അവതരിപ്പിക്കുക വര്‍ത്തമാന കാലത്തിലാണ്.
സിയറാ ലിയോണില്‍ ആഴത്തില്‍ വേരുകളുള്ള ബ്രിട്ടീഷ് പൗരയായ അമിനാറ്റ ഫോര്‍ന ഇറാന്‍ , തായ് ലാന്‍ഡ്, സാംബിയ തുടങ്ങിയ സംഘര്‍ഷ ഭൂമികളില്‍ ജീവിച്ചിട്ടുണ്ട്. എന്നാല്‍ , താനൊരിക്കലും താമസിച്ചിട്ടില്ലാത്ത ക്രൊയേഷ്യയുടെ പശ്ചാത്തലത്തില്‍ സമീപ കാല ചരിത്രത്തിന്റെ ഭാഗമായ ബാള്‍ക്കന്‍ സംഘര്‍ഷങ്ങളും പരിണതികളും വിഷയമാക്കി എഴുതിയ കൃതി ദീപ്തമായ ഒരു വായനാനുഭവം ആവുന്നത് രചനയുടെ ശക്തി കൊണ്ട് തന്നെയാണ്. അത്രയൊന്നും വാചാലനല്ലാത്ത, ഒട്ടും പരിഷ്കൃതനല്ലാത്ത കുഗ്രാമക്കാരന്‍ നായാട്ടുകാരന്‍ മാത്രമായ ആഖ്യാതാവിലൂടെ പ്രണയവും ചതിയും മുന്‍ വിധികളും അതിരിടുന്ന ഹൃദയങ്ങളുടെയും ഒപ്പം വിവേചനവും ഹിംസയും അടയാളപ്പെടുത്തിയ ദേശത്തിന്റെയും ചരിത്രം ഫിക് ഷനിലേക്ക് പരിവര്‍ത്തിപ്പിക്കുക, അത് ഹൃദയ ദ്രവീകരണ ശക്തിയോടെ ചെയ്യുക - ഡ്യൂറോയുടെ ഒഴികെ പാത്ര സൃഷ്ടിയില്‍ അങ്ങിങ്ങ് കാണാവുന്ന ദ്വിമാന (two-dimensional) പരിമിതിയിരിക്കിലും അതാണ് അമിനാറ്റ ഫോര്‍ന ദി ഹയേഡ് മാനില്‍ സാധിച്ചിരിക്കുന്നത്.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 197-201)
